തെറിസംഘങ്ങളെ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയപാർട്ടികൾ

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

1949ൽ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെയുള്ള ബില്ലിന്റെ കാര്യത്തിൽ അമേരിക്കൻ സെനറ്റിൽ മതിയായ ചർച്ചകൾ നടക്കാതിരുന്നപ്പോൾ, ടെക്‌സസിൽ നിന്നുള്ള സെനറ്റർ ലിന്റൺ ബെയിൻസ് ജോൺസൺ ഉജ്ജ്വലമായൊരു പ്രസംഗം നടത്തുകയുണ്ടായി. ഇരുമ്പുമറകൾക്കുള്ളിൽ കഴിയുന്ന സമഗ്രാധിപത്യ- ഏകാധിപത്യ രാജ്യങ്ങൾക്കുവേണ്ടി ഏതെങ്കിലും ഒരൊറ്റ സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനായി ആവശ്യപ്പെട്ടാൽ താൻ തിരഞ്ഞെടുക്കുന്നത് നിയമനിർമാണ സഭയിൽ അപരിമിത ചർച്ചകൾ നടത്താനുള്ള സ്വാതന്ത്ര്യം മാത്രമായിരിക്കും എന്നാണ് ജോൺസൺ പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേർത്തു- ""തിടുക്കം കൊണ്ടോ അസഹിഷ്ണുത കൊണ്ടോ, നാം ഈ സ്വാതന്ത്ര്യം എടുത്തുകളഞ്ഞാൽ നൈമിഷിക ഭൂരിപക്ഷങ്ങളുടെ സ്വേച്ഛാധിപത്യത്തിനെതിരെ ന്യൂനപക്ഷങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട രക്ഷാകവചമായിരിക്കും അറുത്തുമാറ്റപ്പെടുന്നത്.'' പെൻസൽവേനിയ സർവകലാശാലയിലെ റിച്ചാർഡ് ആർ ബീമൻ ജോൺസനെ ഉദ്ധരിച്ചുകൊണ്ടെഴുതിയ പ്രബന്ധം (1968) പാർലമെന്ററി സംവാദങ്ങളുടെ ജനാധിപത്യപരമായ മൂല്യത്തിന് അടിവരയിടുന്നതാണ്.

ജനാധിപത്യമെന്നത് കേവലം വോട്ടവകാശമല്ല. എല്ലാ വ്യവഹാരകേന്ദ്രങ്ങളെയും ബാധിക്കുന്ന സർവവ്യാപിയായ മൂല്യവ്യവസ്ഥയാണത്. സമുദായങ്ങളുടെ സഹവർത്തിത്വമാണ് ജനാധിപത്യജീവിതത്തിന്റെ അടിത്തറ. ഈ സഹവർത്തിത്തമാകട്ടെ ആരോഗ്യപരമായ സംവാദങ്ങളിലൂടെ നേടിയെടുക്കേണ്ടതുമാണ്. ഇതിന്റെ നിയമപരമായ പരിരക്ഷയാണ് ഭരണഘടനയാൽ സ്ഥാപിതമായിരിക്കുന്ന ജനാധിപത്യത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനയിൽ നിന്നും നാം ആദ്യം പഠിക്കേണ്ടത് അതിന്റെ സംവാദാധിഷ്ഠിത മൂല്യമാണ്. നെഹ്രുവിന്റെ മൗലികാവകാശവാദവും അംബേദ്കറുടെ സമുദായ വിവേചനവാദവും കെ.എം. മുൻഷിയുടെ വ്യക്തിസ്വാതന്ത്ര്യ വാദവും രാജഗോപാലാചാരിയുടെ ഗാന്ധിയൻ സ്വരാജ് വാദവും മാത്രമല്ല സർദാർ വല്ലഭായ് പട്ടേലിന്റെ സ്വാതന്ത്ര്യത്തിന് ന്യായയുക്തമായ പരിമിതികൾ വേണമെന്നവാദവും വിഘടനവാദവും എല്ലാം ശരിയായ ദിശയിൽ വഴിതിരിച്ചു വിട്ടതിന്റെ തെളിവാണ് ബൃഹത്തായ ഇന്ത്യൻ ഭരണഘടന. അതിനാൽ തന്നെ സംവാദവിരുദ്ധത ജനാധിപത്യവിരുദ്ധത കൂടിയാണ്. ലിബറൽ ജനാധിപത്യത്തിന്റെ മുഖമുദ്ര, നിയമനിർമാണസഭകൾക്കകത്തും പുറത്തും നടക്കുന്ന ചർച്ചകളാണ്.

യാതൊരു ചർച്ചയ്ക്കും ഇടം നൽകാതെ നോട്ടു നിരോധനം ഏർപ്പെടുത്തിയതും പൗരത്വ നിയമവും കർഷക നിയമവും കൊണ്ടുവന്നതും കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റു മുഖം വെളിപ്പെടുത്തുന്നതായിരുന്നു. കർഷക നിയമം പിൻവലിക്കുമ്പോഴും കാര്യമായ ചർച്ചകൾ സർക്കാർ ഭാഗത്തു നിന്നുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

ആശയങ്ങളും ആവിഷ്‌കാരവും ഭാഷയുടെ മൂശയിലാണ് രൂപപ്പെടുന്നത്. സമൂഹത്തിന്റെ പല അടരുകളിൽ പ്രയോഗഭാഷ വ്യത്യാസപ്പെടുന്നു. ഭാഷകളാൽ വിഭജിതമായ സംസ്ഥാനങ്ങളാണ് നമുക്കുള്ളത്. ഭാഷയ്ക്ക് രാഷ്ട്രീയമുണ്ട്. സംവാദ ഭാഷ സംസ്‌കൃതപദനിബിഢമാകണമെന്ന് ശഠിക്കുന്നത് വരേണ്യതയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ശൈലികളിലുള്ള വ്യത്യാസം പ്രാദേശികമായ വ്യത്യസ്തമാണെങ്കിലും
വരേണ്യത മുഖ്യവഴികളിൽ നിന്ന് കൂക്കിയോടിച്ചിരുന്ന കീഴാളഭാഷയിൽ സംവദിക്കുന്നത് വേറൊരു രാഷ്ട്രീയമാണ്.

അവിടെ സംവാദത്തിനു മാനകഭാഷ വേണമെന്ന നിർബന്ധം കീഴാളതിരസ്‌കരണമാണ്. കവിതയിലും കഥയിലും നോവലിലും കീഴാളഭാഷ സ്വീകരിക്കപ്പെട്ടു കാണുമ്പോഴും ന്യൂസ്‌റൂമുകളും ഔദ്യോഗിക ചർച്ചകളും കീഴാളഭാഷയെ പടിക്കു പുറത്തു തന്നെയാണ് നിർത്തിയിരിക്കുന്നത് എന്നു കാണാം. സംവാദ ഭാഷ മറ്റു പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ട കാര്യമില്ല. പ്രതിപക്ഷബഹുമാനത്തോടെയും ജനാധിപത്യമൂല്യങ്ങളോടെയും ആശയങ്ങൾ കൈമാറപ്പെടുക എന്നത് മാത്രമാവണം സംവാദങ്ങളുടെ കാതൽ.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

civility costs nothing and buys everything (ഇംഗ്ലീഷ് പഴമൊഴി) മാനവസംസ്‌കാരത്തെ ചലനാത്മകമാക്കുന്നത് തുറന്ന ചർച്ചകളാണ്. ചർച്ചകളെ ജനകീയമാക്കുന്നതിൽ സൈബറിടങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ആർക്കും എവിടെയും അഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം അത് നൽകുന്നുണ്ട്.

എന്നാൽ സൈബറിടങ്ങൾ ആൾക്കൂട്ട അശരീരിരികൾക്ക് സാധ്യതകൾ തുറന്നിടുന്ന വലിയ സ്‌പേസ് കൂടിയാണ്. സൈബറിടങ്ങളിൽ മോശമായി ഇടപെടുന്നത് മിക്കവാറും രാഷ്ട്രീയ ന്യായീകരണ സംഘങ്ങളാണ്. അധഃസ്ഥിതരുടെ തെറിക്ക് രാഷ്ട്രീയ മാനങ്ങളുണ്ട്, എന്നാൽ ഇത്തരക്കാരുടെ തെറി അധികാരത്തിന്റെ ഹിംസാത്മക ഭാഷയാണ്. തെറി പറയാൻ അവർക്ക് രാഷ്ട്രീയ പിന്തുണയുണ്ട്. അഥവാ അത്തരം സംഘങ്ങളെ രാഷ്ട്രീയ പാർട്ടികൾ തീറ്റിപ്പോറ്റുന്നു. ആശയപരമായ സംവാദത്തിന് ശേഷിയില്ലാത്തവർ ഇത്തരം സംഘങ്ങളെ ഇറക്കിവിട്ട് കാലുഷ്യം സൃഷ്ടിക്കുന്നു. വിമർശനങ്ങളെ ഉൾക്കൊള്ളാൻ പക്വതയില്ലാത്ത ഈ ആൾക്കൂട്ടം തെറിയിലൂടെ അവയെ റദ്ദു ചെയ്യുന്നു. അത് ഫാസിസത്തിന്റെ സ്വഭാവമാണ്, ജനാധിപത്യത്തിന്റേതല്ല.

ഇപ്പോൾ നടക്കുന്ന പലതരം മാധ്യമ ചർച്ചകളും ആരോഗ്യപരമായ സംവാദത്തെ ലക്ഷ്യം വെച്ചുള്ളതല്ല. ചർച്ച കൊഴുപ്പുള്ളതാക്കാനും കാഴ്ചക്കാരുടെ എണ്ണം കൂട്ടാനും മാധ്യമങ്ങൾ നടത്തുന്ന ഹീനനീക്കങ്ങൾ സംവാദഹിംസയാണ്.ജനാധിപത്യ സംവാദത്തിൽ പല തട്ടുകളുള്ള സമൂഹത്തിൽ നിന്നും ആളുകളെ ക്ഷണിക്കണം. ഏതു ഭാഷാഭേദങ്ങളും അതിന്റെ സന്ദർഭത്തിൽ തിരിച്ചറിയുകയും വേണം. എന്നാൽ, രാഷ്ട്രീയ നിരക്ഷരരെ വെച്ച് രാഷ്ട്രീയ ചർച്ച നടത്തുക, ഫാഷിസ്റ്റുകളെ വിളിച്ച് തീവ്രവാദ ചർച്ചയിൽ അഭിപ്രായം ചോദിക്കുക, സ്ത്രീവിരുദ്ധ പ്രയോഗങ്ങളെ ആഘോഷിക്കുക തുടങ്ങിയ അസംബന്ധലീലകൾ ചാനലുകളും അവസാനിപ്പിക്കണം.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽനിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

സൈബറിടങ്ങളിലെ ആക്രമണം പ്രധാനമായും verbal abuse ആണ്. പ്രത്യേകിച്ച് സ്ത്രീകൾ ദൈനംദിനം നേരിടുന്ന ഈ ആക്രമണങ്ങളുടെ പ്രധാന ഉദ്ദേശ്യം പൊതുവിടങ്ങളിൽ നിന്ന് സ്ത്രീകളെ ഓടിയ്ക്കുക എന്ന ലക്ഷ്യം മാത്രം വെച്ചുള്ളതാണ്. പുരുഷാധിപത്യ സമൂഹത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ഏതൊരു സ്ത്രീയും സൈബരാക്രമണങ്ങളെക്കൂടി നേരിടാൻ തയ്യാറാകണം എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പരാതിക്കാരായി ചെല്ലുന്ന സ്ത്രീകളോട് സൈബറിടങ്ങൾ ഉപയോഗിക്കാതിരിക്കൂ എന്നുപദേശിക്കുന്ന പോലീസുകാരുടെ നാടാണിത്. ആ കലഹം പക്ഷെ, ഫാസിസത്തിനും പുരുഷാധിപത്യത്തിനുമെതിരെയാണെന്ന് തിരിച്ചറിഞ്ഞ് പൊതുവിടങ്ങളിൽ നമുക്ക് മുൻപോട്ട് പോകേണ്ടതുണ്ട്. ഡിജിറ്റൽ സ്‌പേസിൽ പൊരുതുന്നത് സ്വന്തം identity പോലും വെളുപ്പെടുത്താത്ത പൊതുബോധത്തോടാണെന്ന ബോധ്യം അവയെ മറികടക്കാൻ സഹായിക്കും. പൊതുവിടത്തിൽ ബിന്ദു അമ്മിണിയെപ്പോലുള്ളവർ നേരിടുന്ന ശാരീരികമായ അക്രമണങ്ങൾ അതിഭീതിദമാണ്.

എങ്കിലും നിരന്തരമുള്ള സൈബറാക്രമണങ്ങൾ ഒരാളെ മാനസികമായി തളർത്താനും കടുത്ത വിഷാദത്തിലേക്ക് നയിക്കാനും ധാരാളമാണ്. ഇത്തരം പ്രവണതകളെ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയപാർട്ടികൾ ജനാധിപത്യസമൂഹത്തിനു ചേർന്നതല്ല. സംവാദത്തിലൂടെ തുറന്നു കിട്ടേണ്ട വാതിലുകളെ സനിർബന്ധം കൊട്ടിയടയ്ക്കുക മാത്രമാണ് അവ ചെയ്യുന്നത്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

കൂട്ട ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ല. വ്യക്തിപരമായ രീതിയിൽ ഉണ്ടായിട്ടുണ്ട്. സമുദായത്തിലെ ചില വ്യക്തികളിൽ നിന്ന് ഒറ്റപെട്ടുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഫ്രണ്ട്‌ലിസ്റ്റിൽ ഉള്ളവർക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുക, ഹീനമായ വ്യക്ത്യാധിക്ഷേപം നടത്തുക, പല പുരുഷന്മാർക്കും എന്റെ നമ്പർ കൈമാറുക എന്നിങ്ങനെയുള്ള അക്രമങ്ങൾ അതിരു കടന്നപ്പോൾ ഒരിക്കൽ സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടുണ്ട്. ഞാനന്ന് മുഖം മുഴുവൻ മറച്ചു കൊണ്ടാണ് മഫ്തിയിൽ വന്ന പോലീസിനെപ്പോലും കാണാൻ പോയത്. പക്ഷെ, പെൺകുട്ടികൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചുള്ള സാരോപദേശകഥകൾ എനിക്ക് ലഭിച്ചു എന്നത് മാത്രമാണ് ബാക്കി. സൈബറിടങ്ങളിൽ അക്രമികൾക്കെതിരെ കേസെടുക്കുന്നത് വായുവിൽ വാളെറിയുന്നതു പോലെയാണ് എന്നാണ് ആ "നല്ലവനായ' സൈബർ ക്രൈം സ്‌പെഷ്യൽ ഓഫീസർ എന്നെ ധരിപ്പിച്ചത്.

Comments