ആകാശം മേലെ പരന്ന് വിസ്തരിച്ചു കിടക്കുന്നുണ്ടെങ്കിലും 1986- ലെ ഹാലിസ് കോമറ്റ് ആണ് സത്യത്തിൽ ആകാശം ഇത്രയധികം വിശാലവും സുന്ദരവുമാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയത്. അന്ന് കോളേജിൽ നടന്ന രാത്രി ക്യാമ്പിൽ വച്ച് ഹാലീസിന്റെ വാലിനെയും ചുറ്റും കിടക്കുന്ന അനേകായിരം നക്ഷത്രങ്ങളെക്കുറിച്ചും ഒബ്സർവേറ്ററി ടെക്നോളജിയെ പറ്റിയും ഒരാമുഖം നൽകി. പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളായിരുന്നു വഴികാട്ടി.
പഠിത്തവും ജോലിയുമായി ബാംഗ്ലൂരിലേക്ക് വണ്ടി കയറിയപ്പോഴും ഒരു നല്ല ആകാശം, വാനനിരീക്ഷണത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കറുത്ത അത്ഭുതങ്ങളെല്ലാം കണ്ടെത്താൻ കഴിയുന്ന ആകാശം എന്നെ എന്നും നക്ഷത്ര സമൂഹങ്ങളുടെ പേരും അവരുടെ പൊസിഷനുകളും ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.
ചില ഇഷ്ടങ്ങളും ആഗ്രഹങ്ങളും നമ്മൾ വിട്ടുപോയാലും നമ്മളെ അങ്ങനെ വിട്ടുപോകില്ലല്ലോ. കാലങ്ങൾക്കുശേഷം സുഹൃത്തിന്റെ പഴയ ഒരു ടെലിസ്കോപ്പ് കിട്ടിയപ്പോൾ ആകാശ കാഴ്ചകൾ വീണ്ടും വീണ്ടും എന്ന് അത്ഭുതപ്പെടുത്താൻ തുടങ്ങി. മറ്റെല്ലാ ഹോബികളെയും പോലെ ആസ്ട്രോ ഒബ്സർവേറ്ററിലും ധാരാളം പരിമിതികളുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഇരുണ്ട ആകാശം, പ്രതിബന്ധങ്ങളില്ലാത്ത തുറസ്സായ സ്ഥലം, നല്ല ഉപകരണങ്ങൾ, വെളിച്ചം, മേഘം, മൂടൽമഞ്ഞ് ഇവയെല്ലാം നമ്മുടെ ശത്രുക്കളാണ്.
ആ ഇടയ്ക്കാണ് എനിക്ക് ബാംഗ്ലൂർ ആസ്ട്രോണമി സൊസൈറ്റിയുമായി ബന്ധപ്പെടാൻ അവസരം കിട്ടിയത്. അവരിലൂടെയാണ് കൂർഗ്ഗിൽ നടക്കുന്ന സ്റ്റാർ കേസിംഗ് പാർട്ടി പരിപാടിയെ പറ്റി അറിയുന്നത്. സ്റ്റാർ കേസിംഗ് നാല് ദിവസത്തെ പരിപാടിയാണ്. ശനിയും ഞായറുമാണ് തുടക്കക്കാർക്കുള്ളത്.
കൃത്യമായി പറഞ്ഞാൽ നമ്മുടെ സ്ഥലം തലക്കാവേരി ക്ഷേത്രത്തിന് നാല് കിലോമീറ്റർ മുമ്പുള്ളതാണ്. ക്ഷേത്രതീർത്ഥാടനത്തിനുള്ള ഒരു ചെറിയ അഭയകേന്ദ്രമായി അത് പരിഗണിക്കാം. അതുകൊണ്ടുതന്നെ റിസോർട്ടുകളും താമസ സൗകര്യങ്ങളും അതിനുചുറ്റുമുണ്ട്. സ്റ്റാർ കേസിംഗ് പരിപാടി നടക്കുന്നത് ഒരു റിസോർട്ടിലാണ്. പ്രോഗ്രാം അനുസരിച്ച് വിളക്കുകളും ഭക്ഷണവും അവിടെ കൃത്യമായി ക്രമീകരിച്ചിട്ടുണ്ടായിരുന്നു.
ബാംഗ്ലൂരിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് ഏകദേശം ആറു മണിക്കൂർ യാത്രയുണ്ട്. വൈകുന്നേരം നാലുമണിക്കു മുമ്പ് ലക്ഷ്യസ്ഥാനത്തെത്തണം. തലേന്നുതന്നെ ആവശ്യമായ സാധനങ്ങൾ റെഡിയാക്കി, രാവിലെ കൃത്യം 10 മണിക്ക് യാത്ര തുടങ്ങി. പുതിയ എക്സ്പ്രസ് ഹൈവേയിലൂടെ വെറും ഒന്നരമണിക്കൂർ കൊണ്ട് മൈസൂരിലെത്താം. വേഗത പോലെ ഈ റോഡിലെ അപകടങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. അവിടെ നിന്ന് പിരിയപ്പട്ടണ വരെ നിർത്താതെ ഒരൊറ്റ ഡ്രൈവാണ്. ബാംഗ്ലൂർ മുതൽ വീരാജ് പേട്ട വരെയുള്ള റോഡ് സുപരിചിതമാണ്. ജന്മനാടായ വടകരയിലേക്ക് മാസത്തിൽ ഒന്നു വെച്ച് ഞാൻ ഇത്രയും ദൂരം താണ്ടാറുള്ളതാണ്.
ഉച്ചഭക്ഷണത്തിനുശേഷം കുശാൽനഗർ, മടിക്കേരി, പിന്നെ ഭാഗമണ്ഡല എന്നീ സ്ഥലങ്ങൾ പിന്നിട്ടു. മടിക്കേരി കഴിഞ്ഞാൽ മലയോര പാതകളാണ്. കയറ്റങ്ങളും ഇറക്കങ്ങളും വളവുകളും തിരിവുകളുമുള്ള പച്ചപ്പ് വിരിച്ചുകിടക്കുന്ന മനോഹരമായ പാതകൾ. പ്രതീക്ഷിച്ചതുപോലെ മൂന്നരയോടെ ലക്ഷ്യസ്ഥാനത്തെത്തി. ആറുമണിക്കൂർ യാത്രയിൽ ഒട്ടും വിരസത തോന്നാതിരുന്നത്, ഒരു ഗാലക്സിയെങ്കിലും കണ്ണുകൊണ്ട് കാണാമല്ലോ എന്ന സ്വപ്നമാണ്.
ധാരാളം ടെലിസ്കോപ്പുകൾ പല രീതിയിൽ ക്രമീകരിച്ച ഒരു വലിയ ഗ്രൗണ്ടാണ് എന്നെ സ്വാഗതം ചെയ്തത്. അസോസിയേഷൻ പ്രതിനിധികൾ എന്റെ പേര് ചോദിച്ച് ഒരു ഹാൾ കാണിച്ചുതന്നു . 20 കിടക്കകളുള്ള വലിയ മുറി, പൊതു ടോയ്ലറ്റ്, വളരെ കുറച്ച് സൗകര്യങ്ങൾ മാത്രം. പല ദിക്കിൽ നിന്ന് ഗാലക്സികളെയും നക്ഷത്രങ്ങളെയും കാണാൻ വന്ന എന്നെപ്പോലുള്ള ഒരു കൂട്ടം ആളുകൾ.
വൈകുന്നേരം അഞ്ചു മണിയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. അംഗങ്ങൾ, അവരുടെ പ്രവർത്തനങ്ങൾ, ഉദ്ദേശ്യങ്ങൾ, പാലിക്കേണ്ട നിയമവലികൾ ഇതെല്ലാം വിശദീകരിച്ചു. ഈ സമയമത്രയും എന്റെ കണ്ണുകൾ വരിവരിയായി നിരത്തിവെച്ച പരിചയമില്ലാത്ത ഓരോരോ ടെലിസ്കോപ്പുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. കൂട്ടത്തിലെ ഒരു മുതിർന്ന അംഗം കർശനമായി പാലിക്കേണ്ട ചില നിയമങ്ങളും ചിട്ടകളും വിശദീകരിച്ചു. വെളിച്ചം ഒട്ടും അനുവദനീയമല്ല. അടിയന്തരസാഹചര്യങ്ങളിൽ കുറഞ്ഞ തീവ്രതയുള്ള ഒരു ചുവന്ന ലൈറ്റ് ഉപയോഗിക്കാം. മദ്യപാനവും പുകവലിയും പാടില്ല. ഇരുട്ടിൽ പെട്ടെന്നുള്ള വെളിച്ചം കാരണം കണ്ണുകൾക്ക് സംഭവിക്കാവുന്ന പ്രശ്നങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. ആരെങ്കിലും ഒരു ഐറ്റം ഓൺ ആക്കിയാൽ പൊതുവേ ഇരുട്ടിലേക്ക് അഡ്ജസ്റ്റ് ആവാൻ കുറഞ്ഞത് മൂന്നു മിനിറ്റെങ്കിലും എടുക്കുമത്രേ. ഒരു ഗ്രൂപ്പ് ഫോട്ടോക്കൊപ്പം ആ യോഗം അവസാനിച്ചു.
അവിടെയുണ്ടായിരുന്ന പകുതിയിലധികം പേരും പുതുമുഖങ്ങളായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് വിവിധ ആവശ്യങ്ങളുമായി വന്നവർ. തന്റെ സ്കൂളിലേക്ക് ഏറ്റവും അനുയോജ്യമായ ടെലസ്കോപ്പ് ഏതാണെന്ന് കണ്ടുപിടിക്കാൻ വന്നവർ. സ്വന്തം ഗാലക്സിയെക്കുറിച്ച് കൂടുതൽ അറിയാനായി വന്നവർ. സ്പേസ് ഫോട്ടോഗ്രാഫിയെ പറ്റി അറിയേണ്ടവർ. ക്ലസ്റ്ററും നെബിലെയും എന്താണെന്ന് അറിയണ്ടവർ… അങ്ങനെ വൈവിധ്യമാർന്ന ആവശ്യങ്ങൾ.
സഞ്ജയ് ഒരു ഇംഗ്ലീഷ് അധ്യാപകനാണ്. 12 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് എത്തിയത്. രഞ്ജിത്ത്, ജുവൽ, സുധേഷ് , സജിത്, ഗണേഷ്, മഹാദേവൻ… അങ്ങനെ ആ ലിസ്റ്റ് നീണ്ടു പോകുന്നു. സാധാരണ മലയാളിയെ പോലെ തന്നെ ആ കൂട്ടത്തിൽ മലയാളി സാന്നിധ്യത്തിനായി തിരച്ചിൽ, ഒടുവിൽ മൂന്നു പേരെ ഞാൻ കണ്ടെത്തി.
പതുക്കെ ഇരുട്ട് പരന്നു തുടങ്ങി. 20ലധികം ടെലസ്കോപ്പുകളും ക്യാമറകളും സജ്ജീകരിക്കുന്ന തിരക്കിലാണ് ചുറ്റും ആളുകൾ. വ്യത്യസ്ത തരത്തിലുള്ള ടെലിസ്കോപ്പ് ആക്ടിവിറ്റികളുണ്ട്. ചില ആളുകൾ ഇത് ആകാശം കാണുന്നതിന് ഉപയോഗിക്കുന്നു, മറ്റു ചിലർ ആസ്ട്രോ ഫോട്ടോഗ്രാഫി ചെയ്യും. dobsonian telescopes കാണുന്നതിന് നല്ലതാണ്, ഒപ്പം കൈകാര്യം ചെയ്യാനും എളുപ്പമാണ്. എന്നാൽ ഇതിൽ എല്ലാം മാനുവൽ ആണ്. ഓട്ടോമേറ്റഡ് മൗണ്ടോടുകൂടിയ ട്രൈപോഡും ട്രാക്കറുകളും ആസ്ട്രോ ഫോട്ടോഗ്രാഫിക്കായി ഉപയോഗിക്കുന്നു. സാങ്കേതികമായി റിഫ്രാക്ടർ (ലെൻസ്) ടെലസ്കോപ്പും റിഫ്ലക്ടർ (കണ്ണാടി) ടെലസ്കോപ്പും പ്രധാന വകഭേദങ്ങൾ. Dobsonian Telescopes, Maksutov-Cassegrain Telescopes പോലെയുള്ള ഉപവിഭാഗങ്ങൾ. സാങ്കേതികവിദ്യയിലെ മാറ്റവും ഉപയോഗത്തിലെ എളുപ്പവുമാണ് പ്രധാന വ്യത്യാസം.
പൊതുവേ, ടെലസ്കോപ്പ് വടക്ക് ധ്രുവനക്ഷത്രത്തിലേക്ക് (Polaris) അഭിമുഖീകരിക്കണം. പോൾസ്റ്റാർ ദൃശ്യമാകുന്നില്ലെങ്കിൽ, നിങ്ങൾ കോമ്പസ് ഉപയോഗിച്ച് നോർത്ത് പോൾ കണ്ടെത്തണം. നമ്മുടെ ടെലസ്കോപ്പ് ഭൂമിയുടെ ഭ്രമണത്തിനനുസരിച്ച് നീങ്ങുന്നുവെന്ന് ഉറപ്പാക്കാനാണിത്.
DEC, RA എന്നിവയാണ് ആകാശം അളക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ. ഡിക്ലിനേഷൻ (DEC) അക്ഷാംശത്തിന് തുല്യമായ ആകാശമാണ്, Right ascension (RA) രേഖാംശത്തിൻ്റെ തുല്യമായ ആകാശമാണ്. ടെലസ്കോപ്പ് ഉപയോഗിക്കുന്ന വ്യക്തി ഇത് അറിഞ്ഞിരിക്കണം. ഇന്ന് പല ആപ്ലിക്കേഷനുകളും ആകാശത്തിൻ്റെ കൃത്യമായ ചിത്രവും അതിൻ്റെ RA/DEC സ്ഥലവും നൽകുന്നു. ഇതുപയോഗിച്ച് ആകാശത്തിലെ ഒരു പോയിൻ്റ് എളുപ്പം കണ്ടെത്താം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഗാലക്സികൾ, ക്ലസ്റ്ററുകൾ, നെബുലകൾ തുടങ്ങിയവ എളുപ്പം ഫോക്കസ് ചെയ്യാൻ കഴിയില്ല. ഈ കോർഡിനേറ്റുകൾ ജോലി എളുപ്പമാക്കും.
ശനി, ഞായർ ദിവസങ്ങൾ പുതുമുഖങ്ങൾക്കുള്ളതാണ്, ഏത് സംശയത്തിനും ഉത്തരം നൽകാൻ അവർ തയ്യാറായിരുന്നു. ആവർത്തിച്ചുള്ള ചോദ്യങ്ങൾ… എല്ലാ ചോദ്യങ്ങൾക്കും അവർ ഒരു മുഷിപ്പും കാണിക്കാതെ ഉത്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നു.
തെളിച്ചമുള്ള ഒരു ഗ്രഹമായതിനാൽ ജുപ്പീറ്റർ എളുപ്പം കണ്ടെത്താം. കുറച്ചുപേർ അത് വീക്ഷിക്കുന്ന തിരക്കിലാണ്, അതിൻ്റെ നാലു മൂണുകൾ ദൃശ്യമാണ്. മറ്റു ചിലർ അവരവരുടെ ലോകവുമായി തിരക്കിലാണ്, പൊതു ചർച്ചയിൽ പങ്കെടുക്കുന്നില്ല… നമുക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാം. ശനി കാണാൻ വളരെ മനോഹരമാണ്, അതിൻ്റെ റിംഗ്, മൂണുകൾ എല്ലാം ചേർന്നുള്ള ഭംഗി, എനിക്കിഷ്ടമുള്ളതാണ്. പക്ഷേ, ഇപ്പോൾ സൂര്യൻ്റെ പിറകിലാണുള്ളത്.
ഞാൻ പതുക്കെ ഒരു വലിയ 12 ഇഞ്ച് ഡോബ്സോണിയൻ ടെലസ്കോപ്പിൻ്റെ അടുത്തേക്ക് നീങ്ങി, ആൻഡ്രോമിഡ ഗാലക്സി കാണാനാകുമോ എനൂ ചോദിച്ചു. എൻ്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നം. ‘You want to See M 31 ?’ ചോദിച്ച് രണ്ടു മിനിറ്റിനുള്ളിൽ ഫോക്കസ് ചെയ്തു.
ആൻഡ്രോമിഡയുടെ മെസ്സിയർ കാറ്റലോഗ് നമ്പർ M 31 ആണ്. 1774-ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ചാൾസ് മെസ്സിയർ തൻ്റെ കാറ്റലോഗിൽ നക്ഷത്രം, ധൂമകേതു, ഗ്രഹം ഇവയല്ലാത്ത 45 വസ്തുക്കളെ ചേർത്തു, പിന്നീട് അത് 110 ആയി ഉയർത്തി. വളരെ ചെറിയ നാലിഞ്ച് റിഫ്ലക്റ്റർ ടെലിസ്കോപ്പ് ഉപയോഗിച്ചാണ് അദ്ദേഹം അത് ചെയ്തത്. നമുക്കും അത് കാണാനെളുപ്പമാണ്. 1888-ൽ New General Catalog (NGC) പ്രസിദ്ധീകരിച്ചു. ഈ പട്ടികയിൽ 7000-ലധികമുണ്ട്. പലതും സാധാരണ ടെലസ്കോപ്പിൽ കാണാൻ ബുദ്ധിമുട്ടാണ്. റേഡിയോ, ഇൻഫ്രാറെഡ് തുടങ്ങിയ വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ നമുക്ക് കാണാൻ കഴിയാത്ത തരംഗമാണ് ആധുനിക ടെലസ്കോപ്പിലും ഉപയോഗിക്കുന്നത്. NGC ലിസ്റ്റിന് (പൂർണ്ണമായി കാണാൻ) ആ സാങ്കേതികവിദ്യ ആവശ്യമാണ്. ഈ പട്ടികയിലെ ആൻഡ്രോമിഡ ഗാലക്സിയുടെ സൂചികയാണ് NGC 224.
രാത്രി ഒന്നിലധികം ടെലസ്കോപ്പുകളിലൂടെ പല ഗാലക്സികളും ക്ലസ്റ്ററുകളും കാണാൻ തുടങ്ങി. രാത്രി ഒമ്പതു മുതൽ 9.30 വരെ ലൈറ്റ് ഓൺ ചെയ്യും. ഭക്ഷണം കഴിഞ്ഞ് വീണ്ടും ഇരുട്ടിലേക്ക് മടങ്ങി.
12 മണിയോടെ ആകാശം മേഘാവൃതമായി തുടങ്ങി. ലോംഗ് ഡ്രൈവ് കാരണം ഞാനും ക്ഷീണിതനായിരുന്നു. അൽപം വിശ്രമിക്കാൻ തോന്നുന്നു. സമയം പാഴാകാതെ ഒരു ഫിസിക്‌സ് അധ്യാപകനെപ്പോലെ ജൂനിയേഴ്സിന് ടെലസ്കോപ്പിന്റെ അപ്പേർച്ചറും ഫോക്കൽ ലെങ്ത് കണക്കുകൂട്ടലും രഞ്ജിത്ത് വിശദീകരിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു.
അതിരാവിലെ നമ്മുടെ സ്വന്തം ഗാലക്സിയുടെ കാതൽ കാണാം. (Galactic Center of milky way), മനോഹരമായ വൃശ്ചികരാശി (scorpius constellation), പുലർച്ചെ 3.30 ഓടെ എഴുന്നേറ്റു. അവരിൽ പലരും ഉറക്കമില്ലാതെ നോക്കിക്കൊണ്ടിരുന്നു.
ചിങ്ങം (Leo), കന്നി (Virgo), തുലാം (Libra), വൃശ്ചികം (Scorpius) എന്നിവയ്ക്കിടയിൽ നിരവധി ഗാലക്സികളുണ്ട്. വൃശ്ചിക രാശിയിലെ മനോഹരമായ നക്ഷത്രസമൂഹങ്ങളിലൊന്നാണ് ബട്ടർഫ്ലൈ ക്ലസ്റ്റർ. ഇത് എൻ്റെ ടെലസ്കോപ്പുപയോഗിച്ച് കുറച്ചു കാലം മുമ്പ് കണ്ടിരുന്നു. ഇത് ബൈനോക്കുലറിലൂടെ കാണാൻ കഴിയും. ഗാലക്സിയുടെ കാതൽ (centre of our milky way galaxy), ആദ്യ കാഴ്ചയിൽ മേഘമായി തോന്നിയേക്കാം. വളരെയധികം നക്ഷത്രങ്ങൾ, ശോഭയുള്ള പശ്ചാത്തലം- അത് ശരിക്കും വളരെ മനോഹരമാണ്. എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാൻ തോന്നും.
നമ്മുടേത് ഒരു സ്പൈറൽ ഗാലക്സിയാണ്, അതിൻ്റെ മധ്യഭാഗങ്ങൾ ഇതുപോലെ കാണപ്പെടുന്നു. അതിൻ്റെ എതിർവശവും മറ്റ് വശങ്ങളും ക്ലൗഡിയായി കാണാം. നമ്മുടെ ഗാലക്സിയുടെ അരികിലേക്ക് നോക്കുമ്പോൾ, ഓറിയോൺ- സിഗ്നസ് ആം (Orion-Cygnus Arm or Orion spur) കാണുന്നു. ഈ സ്പൈറൽ ആമിന്റെ അകത്തെ അറ്റത്താണ് സൗരയൂഥം. നല്ല ഇരുണ്ട ആകാശത്ത് ഇത് കണ്ണുകൊണ്ട് കാണാം.
നക്ഷത്രസമൂഹങ്ങളെ (star clusters) രണ്ട് തരമായി വേർതിരിക്കാം: ഗ്ലോബുലർ ക്ലസ്റ്റർ, ഓപൺ ക്ലസ്റ്റർ. ഗുരുത്വാകർഷണത്താൽ ബന്ധിക്കപ്പെട്ട പതിനായിരം മുതൽ ദശലക്ഷക്കണക്കിന് പഴയ നക്ഷത്രങ്ങളുടെ ഇറുകിയ ഗ്രൂപ്പുകളാണ് ഗ്ലോബുലർ ക്ലസ്റ്ററുകൾ. നല്ല ഭംഗിയാണ് കാണാൻ. അതേസമയം ഓപൺ ക്ലസ്റ്ററുകൾ കൂടുതൽ അയഞ്ഞ നക്ഷത്രസമൂഹങ്ങളാണ്. പൊതുവെ നൂറിൽ താഴെ അംഗങ്ങളാണുള്ളത്. കാർത്തിക നക്ഷത്രം (Pleiades or M45 or Seven Sisters or al-Turayya) മനോഹരമായ തുറന്ന ക്ലസ്റ്ററുകളിൽ ഒന്നാണ്.
സൂര്യൻ കിഴക്കുദിച്ചു. എല്ലാവരും പരിപാടികൾ നിർത്തിത്തുടങ്ങി. ഒറ്റ രാത്രിയിൽ എനിക്ക് ഏഴിലധികം ഗാലക്സികളും 20 നക്ഷത്രക്കൂട്ടങ്ങളും കാണാൻ കഴിഞ്ഞു. എന്തൊരു സുഖകരമായ അനുഭവം. ഇനി ഇന്ന് വൈകുന്നേരം വരെ വിശ്രമം.
11 മണിക്ക് എഴുന്നേറ്റു കുളിച്ച് പ്രാതൽ കഴിച്ചു. ഹോട്ടൽ ഒരു കിലോമീറ്റർ അകലെയാണ്. നടക്കുന്ന ടീമിനൊപ്പം ചേരാൻ തീരുമാനിച്ചു. തിരിച്ചെത്തിയ ശേഷം ആസ്ട്രോ ഫോട്ടോഗ്രഫി, വിവിധ പ്രദേശങ്ങളിലെ അനുഭവങ്ങൾ എന്നിവയുടെ ചർച്ച.
സമയം കടന്നുപോയതറിഞ്ഞില്ല. ഉച്ചഭക്ഷണത്തിനു ശേഷം നല്ലൊരുറക്കം. അടുത്ത ഹണ്ടിംഗിനായി എല്ലാവരും വൈകുന്നേരം അഞ്ചു മണിക്ക് തയ്യാറാണ്. അടുത്ത ദിവസം തിങ്കളാഴ്ചയായതിനാൽ, മിക്ക ആളുകളും ഉച്ചക്കു ശേഷം പോകാൻ തീരുമാനിച്ചു. വിഷ്വൽസിനായി ഒരു ടെലിസ്കോപ്പും കുറച്ച് ഫോട്ടോഗ്രാഫർമാരും മാത്രമേ ബാക്കിയുള്ളൂ. പിന്നെ കുറച്ച് പുതുമുഖങ്ങൾ… എൻ്റെ ടെലസ്കോപ്പ് പുറത്തെടുക്കാൻ സമയമായി എന്നു തോന്നി. ആസ്ട്രോ ഫോട്ടോഗ്രഫി വിദഗ്ധനായ ഗണേഷ് എൻ്റെ ഉപകരണം നോക്കി കുറച്ചു മാറ്റങ്ങൾ നിർദ്ദേശിച്ചു. അരമണിക്കൂറിനുള്ളിൽ എല്ലാം സജ്ജമാക്കി.
ആസ്ട്രോ ഫോട്ടോഗ്രഫി ചെയ്യുന്ന രീതികൾ വ്യത്യസ്തമാണ്. ട്രൈപോഡിൽ ട്രാക്കർ വെച്ച്, അതിനുമേലെ ടെലിസ്കോപ്പും പിന്നെ ക്യാമറയും സെറ്റ് ചെയ്യും. തുടർച്ചയായി മൂന്നു മുതൽ എട്ടുവരെ മണിക്കൂർ (ചിലപ്പോൾ രണ്ടു ദിവസം ) ഷൂട്ട് ചെയ്യും. ഈ ട്രാക്കർ ക്യാമറയെയോ / ടെലിസ്‌കോപ്പിനെ നിശ്ചിത വസ്തുവിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടിരിക്കും. പിന്നേ സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രോസസ്സ് ചെയ്‌ത് അന്തിമ ചിത്രം എടുക്കും. DSLR-നുള്ള റെഡിമെയ്ഡ് ട്രാക്കറും ലഭ്യമാണ്. ഫോട്ടോഗ്രാഫി സമയത്ത് നമുക്ക് ഒന്നും കാണാൻ കഴിയില്ല.
രാത്രി എട്ടുമണി വരെ ആകാശം നല്ലതായിരുന്നില്ല. ധാരാളം മേഘങ്ങളുണ്ടായിരുന്നു, പക്ഷേ പിന്നീട് തെളിഞ്ഞു. ഓറിയോൺ നെബുല സ്വന്തം ടെലിസ്കോപ്പിൽ കണ്ടപ്പോൾ ഞാനും കാര്യങ്ങൾ പഠിച്ചുതുടങ്ങിയതായി തോന്നി. 12 മണിയായപ്പോൾ പാക്ക് ചെയ്യാൻ തുടങ്ങി. പുലർച്ചെ അഞ്ചിന് പുറപ്പെടണം. ഉറക്കം വന്നില്ല. മറ്റു ടെലിസ്കോപ്പിൻ്റെ കൂടെ ചേർന്നു. തികച്ചും വ്യത്യസ്തമായ അനുഭവം. അഞ്ചു പേർ മാത്രം, ഒരു ടെലസ്കോപ്പും ഒരു ബൈനോക്കുലറും. (ചില നക്ഷത്ര ക്ലസ്റ്ററുകൾ ബൈനോക്കുലറുകളിൽ കാണുന്നതാണ് സുഖം.)
ആകെയുള്ള ടെലസ്കോപ്പുകാരൻ, പാലക്കാട് സ്വദേശി സജിത്ത്, വളരെ സിസ്റ്റമാറ്റികാണ്. മൂപ്പര് ഒരു ലിസ്റ്റ് തയ്യാറാക്കി എന്തെല്ലാം കാണണം എന്ന് മുൻകൂട്ടി നിശ്ചയിച്ചു. കണ്ടതിനുശേഷം തീയതിയും സമയവും രേഖപ്പെടുത്തി. അദ്ദേഹത്തിന് ആ രാത്രി ചിങ്ങം രാശിയിൽ (Leo constellation) ഏതാനും ഗാലക്സികൾ കാണാൻ പ്ലാനുണ്ട്. ലക്ഷ്യം M 95, M 96 , M 105, NGC- 3384, NGC-3389 ഗാലക്സികൾ. കൂടെ നിന്നു നോക്കാം എന്നു വിചാരിച്ചു. ആദ്യം M 95. മാഗ്നിറ്റ്യൂഡ് 9.69 ആയതുകൊണ്ട് കാണാൻ പ്രയാസം. കൂടുതൽ മാഗ്നിറ്റ്യൂഡ് വിസിബിലിറ്റി കുറയ്ക്കുന്നു, സൂര്യൻ -26.74, ചന്ദ്രൻ -12.7, ജുപീറ്റർ −2.94, സിറിയസ്- 1.46… മാഗ്നിറ്റ്യൂഡ് അഞ്ചിന് മുകളിലുള്ളത് കാണാൻ എളുപ്പമല്ല.
M 95 (9.6 mag) ഒരു വെല്ലുവിളിയാണ്. ഒടുവിൽ കിട്ടി. NGC- 3384 (11 mag) കാണാൻ കഷ്ടപ്പെട്ടു. NGC- 3389 എനിക്ക് മനസ്സിലായില്ല. മാഗ്നിറ്റ്യൂഡ് 12.8 കാണാൻ വളരെ ബുദ്ധിമുട്ടാണ്.
നാല് ഗാലക്സികൾ കണ്ടപ്പോൾ എല്ലാം നേടിയതായി തോന്നി. ഇന്നു കണ്ട ഗാലക്സികളെല്ലാം എൻ്റെ ടെലസ്കോപ്പിൽ കാണണം. കാറ്റലോഗ് നമ്പർ ഓർക്കണം. അടുത്ത അമാവാസി ദിനം വീണ്ടും വരണം… പലതും ചിന്തിച്ച് ഒന്നു മയങ്ങി.
ശരിക്കും ലോകത്തിൻ്റെ വലിപ്പവും സമയവും നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. ഇന്നത്തെ ടെക്നോളജി മതിയാകില്ല അതെല്ലാം കാണാൻ. സത്യത്തിൽ നമ്മുടെ ഭൂമിയുടെ വലിപ്പം തന്നെ നമുക്ക് ശരിക്കും അറിയില്ല. ഉദാഹരണത്തിന് വലിയ മൗണ്ട് എവറസ്റ്റ്, ഭൂമിയേ ഒന്ന് പരത്തി ഒരു പേപ്പറു പോലെ വെച്ചാൽ അത് 50 കോടി ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള പേപ്പറാകും. എവറസ്റ്റ് വെറും എട്ടു കിലോമീറ്റർ മാത്രം. ഭൂമി അത്രയും വലുതാണ്.
അതിലും നൂറിരട്ടി വലിപ്പമുള്ള സൂര്യന്റെയും സൗരയൂഥത്തിൻ്റെയും വലിപ്പം പറയാൻ തന്നെ അറിയില്ല. വ്യാസം 200,000 AU ആണ് കണക്കാക്കുന്നത്. (1 AU = സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം). നമ്മുടെ ഗാലക്സിയിൽ സൗരയൂഥം ഒരു ബിന്ദു പോലുമല്ല. നമ്മുടെ അടുത്ത ഗാലക്സി, Andromeda, 2.5 മില്യൻ പ്രകാശവർഷം അകലെയാണ്. 2.5 മില്യൻ വർഷം പ്രകാശം സഞ്ചരിക്കുന്ന ദൂരം (ഒരു പ്രകാശവർഷം = 9.46 ട്രില്യൻ കിലോമീറ്റർ). ഗാലക്‌സികളുടെ എണ്ണത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല. എണ്ണാവുന്നതിലും കൂടുതൽ. ഈ വലിപ്പം നമുക്ക് എപ്പോഴെങ്കിലും മനസ്സിലാക്കാൻ കഴിയുമോ?
അനന്തമഞ്ജാതമവർണനീയം എന്നു പറഞ്ഞ് നിർത്തട്ടെ.