Cigar and Bode’s galaxies by Ganesh Raja  (shot at Coorg)

നക്ഷത്രക്കൂട്ടങ്ങളുടെ
അമ്പരിപ്പിക്കുന്ന നൃത്തം കാണാൻ വരൂ,
ഹാൻലെയിലെ ആകാശത്തിലേക്ക്…

ലോകത്തിലെ തന്നെ ഏറ്റവും അനുയോജ്യമായ ആകാശ നിരീക്ഷണകേന്ദ്രങ്ങളിൽ ഒന്നായ ലഡാക്കിലെ ഹാൻലെയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് സംഘടിപ്പിച്ച ആസ്ട്രോ ഒബ്സർവേറ്ററി പരിപാടിയിൽ പ​​​ങ്കെടുത്തതിന്റെ ആഹ്ലാദകരമായ അനുഭവം എഴുതുന്നു, സജിത് ടി.

തീവ്രതയോടെ തിളങ്ങുന്ന ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളാൽ നിറഞ്ഞ ഭീമാകാരമായ ക്യാൻവാസ്, ഗാലക്സികൾ, നെബുലകൾ, നക്ഷത്രക്കൂട്ടങ്ങൾ - എല്ലാം നിങ്ങളുടെ കണ്ണുകൾക്കുമുന്നിൽ അത്ഭുതകരമായ വ്യക്തതയോടെ നൃത്തം ചെയ്യുന്നു. പ്രപഞ്ചം തന്നെ നിങ്ങൾക്കായി ഒരു മഹത്തായ പ്രകടനം കാഴ്ചവയ്ക്കുന്നതുപോലെ.
അതാണ് ഹാൻലെയിലെ ആകാശം. പ്രപഞ്ചത്തിന്റെ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്കുള്ള എത്തിനോട്ടമായി തോന്നുന്ന അതിശയിപ്പിക്കുന്ന മാസ്റ്റർപീസ്.

നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ, ചില ദിവസങ്ങളിൽ ആകാശത്ത് നക്ഷത്രങ്ങൾ കൂടുതലായി കാണപ്പെടുന്നതും ചില സമയങ്ങളിൽ വളരെ കുറവായിരിക്കുന്നതും? ഇതിന് നിരവധി കാരണങ്ങളുണ്ട്. നമ്മുടെ ഗാലക്സി കേന്ദ്രത്തിലേക്ക് നോക്കുമ്പോൾ (MILKY WAY) കൂടുതൽ നക്ഷത്രങ്ങളെ കാണാൻ കഴിയും. സാധാരണ ജൂലൈ മുതൽ ഒക്ടോബർ വരെ രാത്രി ആകാശത്ത് നേരെ മുകളിൽ ഗാലക്സി കോർ നേരിട്ട് കാണാം, ഈ പ്രദേശത്ത് വളരെയധികം നക്ഷത്രങ്ങൾ കാണാനും കഴിയും. ഇതിൽ ധാരാളം ഇടുങ്ങിയ നക്ഷത്രക്കൂട്ടങ്ങളും കാണാം. ഇതല്ലാതെ കാഴ്ച കുറയ്ക്കുന്ന മൂടൽമഞ്ഞ്, മേഘങ്ങൾ, ചന്ദ്രന്റെ പ്രകാശം, പൊടി, പ്രകാശ മലിനീകരണം (Light Pollution- LP) എന്നിവ ഇല്ലാത്ത ദിവസങ്ങളിലും കൂടുതൽ നക്ഷത്രങ്ങളെ കാണാം. ഇതിൽ ഏറ്റവും വലിയ പ്രശ്നം പ്രകാശ മലിനീകരണമാണ്. ഭൂമിയിൽ നമുക്കു ചുറ്റുമുള്ള പ്രകാശം ആകാശത്തിന്റെ ദൃശ്യത കുറയ്ക്കുന്നു.

ഹാൻലെയിൽ നിന്നുള്ള MILKY WAY- യു​ടെ കാഴ്ച.
ഹാൻലെയിൽ നിന്നുള്ള MILKY WAY- യു​ടെ കാഴ്ച.

ജോൺ ഇ. ബോർട്ടിൽ എന്ന അമേരിക്കൻ അമേച്വർ ജ്യോതിശാസ്ത്രജ്ഞനാണ് രാത്രി ആകാശത്തിന്റെ ഇരുട്ട് അളക്കുന്നതിന് ബോർട്ടിൽ സ്കെയിൽ സൃഷ്ടിച്ചത്. 1 മുതൽ 9 വരെയുള്ള സ്കെയിൽ. Bortle-1 ഏറ്റവും ഇരുണ്ടതും Bortle- 9 ഏറ്റവും മലിനമായതും. ഉദാഹരണത്തിന് ബാംഗ്ലൂർ 9, കൊച്ചി 7.5, കോഴിക്കോട് 5.6, മൂന്നാർ 4.4, ഹാൻലെ 1. ബോർട്ടിൽ സ്കെയിൽ പരിശോധിക്കാൻ ഇന്ന് നിരവധി വെബ്‌സൈറ്റുകൾ ലഭ്യമാണ്. ഏതൊരു ആകാശ നിരീക്ഷകനും Bortle-1 ആകാശം ഒരു സ്വപ്നമാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും അനുയോജ്യമായ ആകാശ നിരീക്ഷണകേന്ദ്രങ്ങളിൽ ഒന്നാണ് ലഡാക്കിലെ ഹാൻലെ. അവിടെ പോകാൻ അവസരം ലഭിച്ചത് എന്റെ ഭാഗ്യം കൊണ്ടാണ്.

വളരെ ഉയർന്ന സ്ഥലം, നേർത്തതും തെളിഞ്ഞതുമായ അന്തരീക്ഷം, അവിശ്വസനീയമാംവിധം ഇരുണ്ട ആകാശം എന്നിവ കാരണം ഹാൻലെ ആകാശ നിരീക്ഷണത്തിന് മികച്ചതാണ്. ഇത് ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ഡാർക്ക് സ്കൈ റിസർവ് ആണ്, HDSR (Hanle Dark Sky Reserve). ഇവിടെ വളരെ മങ്ങിയ ആകാശവസ്തുക്കളുടെ അസാധാരണമായ കാഴ്ചകൾ നമ്മെ ശരിക്കും അതിശയിപ്പിക്കും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA) എല്ലാ വർഷവും സെപ്റ്റംബറിൽ ഹാൻലെയിൽ ആസ്ട്രോ ഒബ്സർവേറ്ററി പരിപാടി സംഘടിപ്പിക്കാറുണ്ട്. അപേക്ഷിച്ചാൽ, നമ്മുടെ അനുഭവപരിചയവും മറ്റ് യോഗ്യതകളും പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ടവരാണോ അല്ലയോ എന്ന് അവർ അറിയിക്കും. ഏകദേശം 50 പേരെയാണ് ഈ പരിപാടിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. Astro Physics ഗവേഷണത്തിലുള്ളവർക്ക് മുൻഗണന ഉണ്ടായിരുന്നു. നിരീക്ഷണ പരിചയമുള്ള ആളുകളെയും പരിഗണിക്കും. ഭാഗ്യം, എന്റെ പേര് രണ്ടാമത്തെ ലിസ്റ്റിൽ ഉണ്ടായിരുന്നു.

ഹാൻലെ ഏകദേശം 4,300 മീറ്റർ (ഏകദേശം 14,100 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്, വായുവിന്റെ അളവ് വളരെ കുറവായതിനാൽ ലഭ്യമായ ഓക്സിജൻ സാധാരണയായി അനുഭവപ്പെടുന്നതിന്റെ 60% ൽ താഴെയായി മാറുന്നു. ഓക്സിജന്റെ ഈ കുറവ്, ഏകദേശം ഉയരവുമായി ചേർന്ന്, അക്യൂട്ട് മൗണ്ടൻ സിക്ക്നെസ് (AMS) ഉണ്ടാക്കും. ചുരുക്കിപ്പറഞ്ഞാൽ പത്തടി നടന്നാൽ നമ്മൾ നിന്ന് കിതയ്ക്കും.

ബാംഗ്ലൂരിൽ നിന്ന് രാത്രി വിമാനത്തിൽ ഡൽഹിയിലേക്കും പിന്നീട് ലെയ്‌ലേക്കുമുള്ള യാത്രക്കുശേഷം രാവിലെ ഏഴു മണിയോടെ ഞങ്ങൾ ഹാൻലെയിലേക്ക് എത്തി. ജഗൻ, മഹാദേവൻ, സ്നേഹിത്, പിന്നെ ഞാനും ഒന്നിച്ചായിരുന്നു. എല്ലാവരെയും BAS (Bangalore Astronomical Society) നടത്താറുള്ള ഗൂർഗ് നക്ഷത്രനീരിക്ഷണ പരിപാടിയിൽ കണ്ടു പരിചയമുണ്ട്. ലേയിൽ രണ്ട് ദിവസത്തെ അക്ലിമറ്റൈസേഷനും (acclimatization) തുടർന്ന് മെഡിക്കൽ പരിശോധനയുമാണ് ഹാൻലെയിലേക്ക് കൊണ്ടുപോകുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം. ലഡാക്കിലെ പ്രധാന പട്ടണം ലേ ആണ്. ഇത് 3,500 മീറ്റർ ഉയരത്തിലാണ്. ഇവിടെ ഭൂരിഭാഗവും ബുദ്ധമതക്കാരാണ്. ധാരാളം ഹോംസ്റ്റേകളുണ്ട്, LEH-ലെയും ഹാൻലെയിലെയും ഹോംസ്റ്റേകളുടെ പട്ടിക IIA നൽകിയിട്ടുണ്ട്. നമുക്ക് അവരെ നേരിട്ട് വിളിക്കാം.

സ്റ്റോക്ക് LEH നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ്. ഞങ്ങൾ അവിടെ ഒരു ഹോം സ്റ്റേ തെരഞ്ഞെടുത്തു. അടിസ്ഥാന കാരണം LEH നഗരത്തിലെ പ്രകാശ മലിനീകരണം ഒഴിവാക്കുക, ഹാൻലെയിൽ എത്തുന്നതിനുമുമ്പ് മൂന്ന് രാത്രി ലേയിൽ തന്നെ ആകാശം കാണാൻ ശ്രമിക്കുക എന്നതാണ്.

ലേ നഗരത്തിൽനിന്ന് 25 കിലോമീറ്റർ മാറി ഞങ്ങൾ താമസിച്ച ഹോം സ്റ്റേ.
ലേ നഗരത്തിൽനിന്ന് 25 കിലോമീറ്റർ മാറി ഞങ്ങൾ താമസിച്ച ഹോം സ്റ്റേ.

ഞങ്ങളുടെ ടീമിലെ സുധാഷ് രണ്ട് വലിയ ടെലിസ്കോപ്പും മറ്റുപകരണങ്ങളും വഹിച്ച് കാറിൽ ബാംഗ്ലൂരിൽ നിന്ന് ഒരാഴ്ച മുമ്പാണ് ലേയിൽ എത്തിയത്. അത് ഞങ്ങളുടെ യാത്ര എളുപ്പമാക്കി. അല്ലാത്തപക്ഷം ലേയിലേക്ക് ഭാരമേറിയ ടെലിസ്കോപ്പ് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണ്. ടീമിലെ മറ്റെല്ലാവരും പലതവണ ഹാൻലെ- സ്റ്റാർ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്, എനിക്ക് ഇത് ആദ്യമായാണ്. പലരും ഉപദേശിക്കുന്നതുപോലെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ആദ്യത്തെ രണ്ട് ദിവസം ശരിയായ വിശ്രമം എടുക്കുക. വലിയ ആക്ടിവിറ്റിയൊന്നും കൂടാതെ ഞാനും അത് ചെയ്തു.

മനോഹരമായ ഹോംസ്റ്റേ ആയിരുന്നു. വളരെ നല്ല ആളുകൾ- അച്ഛൻ, അമ്മ, മുത്തശ്ശി, രണ്ട് കുട്ടികൾ. ഞങ്ങൾ എപ്പോഴും അവരുടെ കുടുംബത്തോടൊപ്പം ഒരുമിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അവർ ഗ്രൗണ്ട് ഫ്ലോറിലാണ് താമസിച്ചിരുന്നത്. ഒന്നാം നിലയിലെ നാല് കിടപ്പുമുറികൾ അതിഥികൾക്കുള്ളതാണ്. ഈ ട്രിപ്പിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് ഇവിടുത്തെ താമസമാണ്. മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പശ്ചാത്തലം. വീടിനു പിന്നിൽ ഇൻഡസ് റിവർലെക് (Indus River) ഒഴുകിച്ചേരുന്ന ചെറിയ അരുവി. ഇവിടെയിരിക്കുമ്പോൾ സിന്ധു നദിയെക്കുറിച്ച് ആലോചിച്ചു. ചൈനയിലെ ടിബറ്റൻ പീഠഭൂമിയിൽ ആരംഭിച്ച്, വടക്കുപടിഞ്ഞാറായി, ഇന്ത്യയുടെ ലഡാക്ക് മേഖലയിലേക്ക് ഒഴുകി, പാകിസ്ഥാനിലെത്തി, തെക്കോട്ട് അറബിക്കടലിലേക്ക് ഒഴുകുന്നു.

ലേയിൽ നിന്ന് ഹാൻലെയിലേക്കുള്ള റോഡുകൾ നദിയോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, യാത്രയിലുടനീളം നദി കാണാം. ബഹുവർണ്ണങ്ങളിലുള്ള കൂറ്റൻ മലനിരകളുടെ പശ്ചാത്തലം. വിശാലമായ താഴ്‌വരകളും ആഴത്തിലുള്ള മലയിടുക്കുകളും. വരണ്ടതും തരിശായതുമായ താഴ്‌വരകളിലൂടെ ഒഴുകുന്ന നദിയുടെ ഭംഗി ഗംഭീര കാഴ്ചയാണ്. എന്റെ ചിന്ത 1300 BCEയും കഴിഞ്ഞ്, ഇൻഡസ് വാലി / ഹാരപ്പൻ സിവിലൈസഷൻ വരെ എത്തി. നമ്മുടെ മഹത്തായ പാരമ്പര്യത്തിന് തുടക്കം കുറിച്ച സംസ്കാരത്തിന് സാക്ഷ്യം വഹിച്ച ആ നദി നമുക്കറിയാത്ത പല സത്യങ്ങളും അടക്കിപ്പിടിച്ച് ശാന്തമായി ഒഴുകുന്നതുപോലെ.

ഹോംസ്റ്റേ ഉടമയ്ക്കൊപ്പം ഞങ്ങളുടെ ഡിന്നർ.
ഹോംസ്റ്റേ ഉടമയ്ക്കൊപ്പം ഞങ്ങളുടെ ഡിന്നർ.
ഹോംസ്റ്റേയിലുണ്ടായിരുന്നത് അച്ഛൻ, അമ്മ, മുത്തശ്ശി, രണ്ട് കുട്ടികൾ എന്നിവരാണ്.  ഞങ്ങൾ എപ്പോഴും ആ കുടുംബത്തോടൊപ്പം ഒരുമിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.
ഹോംസ്റ്റേയിലുണ്ടായിരുന്നത് അച്ഛൻ, അമ്മ, മുത്തശ്ശി, രണ്ട് കുട്ടികൾ എന്നിവരാണ്. ഞങ്ങൾ എപ്പോഴും ആ കുടുംബത്തോടൊപ്പം ഒരുമിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.

വൈകീട്ട് അഞ്ചു മണിയോടെ വീടിനോട് ചേർന്നുകിടക്കുന്ന ഒഴിഞ്ഞ സ്ഥലത്ത് ഞങ്ങളുടെ രണ്ടു ടെലസ്കോപ്പും ബൈനോക്കുലറും സെറ്റു ചെയ്‌തു. സ്നേഹിത്തും മഹാദേവനും നദീതടത്തിലൂടെ 300 മീറ്റർ മുകളിലേക്ക് നടന്ന് ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം കണ്ടെത്തി. 7.30 ആയപ്പോഴേക്കും MILKY WAY, നമ്മുടെ സ്വന്തം ഗാലക്സിയുടെ മധ്യഭാഗം പ്രത്യക്ഷപ്പെടാൻ തുടങ്ങി. ക്ഷീരപഥത്തിന്റെ മനോഹര ചിത്രം കണ്ട് ഞാൻ സ്തബ്ധനായിപ്പോയി. ഇത്രയും നക്ഷത്രങ്ങളുള്ള ആകാശം ഇതുവരെ കണ്ടിട്ടില്ല. ടെലെസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിക്കാതെ ഒരു മണിക്കൂറോളം ആകാശസൗന്ദര്യം നോക്കി നിന്നുപോയി.

മറ്റൊരു അത്ഭുതകരമായ അനുഭവമായിരുന്നു പോൾസ്റ്റാറിന്റെ സ്ഥാനം. ബാംഗ്ലൂരിൽ നിന്ന് ലേയിലേക്ക് നമ്മൾ വടക്കോട്ട് സഞ്ചരിക്കുന്നു. അതിനാൽ ധ്രുവനക്ഷത്രത്തിന്റെ സ്ഥാനവും 37 ഡിഗ്രി മുകളിലേക്ക് മാറി. മൊത്തത്തിൽ ആകാശം മുഴുവൻ വടക്കുനിന്ന് തെക്കോട്ട് നീങ്ങിയതുപോലെ. വൃശ്ചിക, ധനു രാശികൾ നമ്മുടെ ഗാലക്സി കോറിന്റെ ഇടയിലാണ് (തെക്കുഭാഗത്ത്).

നമ്മുടെ ക്ഷീരപഥ (MILKY WAY) കേന്ദ്രത്തിൽ ധാരാളം നക്ഷത്രസമൂഹങ്ങളുണ്ട് (ഏകദേശം 88), എത്ര കണ്ടാലും മടുക്കില്ല. വളരെ സൂക്ഷിച്ചു നോക്കിയാൽ ആൻഡ്രോമിഡ ഗാലക്സി വെറും കണ്ണുകൊണ്ട് കാണാം. ബൈനോക്കുലറിലൂടെ ട്രയാംഗുലം ഗാലക്സിയും. ഒരു ആപ്പും (application) ഉപയോഗിക്കാതെ തന്നെ സുധാഷിനും ജഗനും ആകാശത്തിന്റെ ഓരോ കോണും അറിയാം. അവർ പറയുന്നത് ഓരോന്നായി ഞാൻ ഫോക്കസ് ചെയ്തുകൊണ്ടിരുന്നു.

മൂന്നാം ദിവസത്തെ മെഡിക്കൽ ചെക്കപ്പ് എന്നെ ഭയപ്പെടുത്തിയിരുന്നു (മറ്റുള്ളവർ അനുഭവപരിചയമുള്ളവരാണ് എന്ന കോംപ്ലെക്സും). പരാജയപ്പെട്ടാൽ ഹാൻലെയിലേക്ക് പോകാൻ കഴിയില്ല. അതുകൊണ്ട് പുലർച്ചെ രണ്ടു മണിയോടെ അന്നത്തെ ആകാശനീരിക്ഷണം നിർത്താൻ തീരുമാനിച്ചു.

രണ്ടാം ദിവസം രാത്രി, അയൽപക്കത്തെ എല്ലാ കുട്ടികളെയും മുതിർന്നവരെയും ഒരുമിച്ചുകൂട്ടാൻ വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കൽ എന്ന ഉദ്ദേശ്യത്തോടെ ചെറിയ നക്ഷത്ര നിരീക്ഷണ പാർട്ടി- ഇതായിരുന്നു സുധാഷിന്റെ പ്ലാൻ. 12 കുട്ടികളും കുറച്ച് വീട്ടുകാരും പങ്കെടുത്തു. രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്നവർ. അറിയാത്ത ഹിന്ദിയും കുറച്ച് ഇംഗ്ലീഷും വെച്ചു ഒപ്പിച്ചു. അവർ തമ്മിൽ സംസാരിക്കുന്നത് ലഡാക്കി ഭാഷയാണ്. ‘നിങ്ങൾക്ക് ഹിന്ദി അറിയാത്തത് എന്തുകൊണ്ടാണ്?’ എന്ന ഒരാളുടെ ചോദ്യം കേട്ടില്ലെന്ന് നടിച്ചു.

വീട്ടുടമസ്ഥന്റെ മകൻ എട്ടാം ക്ലാസ്സുകാരൻ ജിഗ്മെറ്റ് ചോസ്നർ എന്റെ ബൈനോക്കുലറും ട്രൈപോഡും ഉപയോഗിക്കാൻ തുടങ്ങി. കുറച്ച് ക്ലസ്റ്ററുകൾ സ്വയം ഫോക്കസ് ചെയ്തു. 9 മണിയോടെ കുട്ടികളെല്ലാം പിരിഞ്ഞു. സുധാഷിന്റെ വാഹനം അപകടത്തിൽപ്പെട്ടതിനാൽ അടുത്ത ദിവസം രാവിലെ IIA ഓഫീസിലേക്ക് പോകാൻ ഇന്നോവ കാർ ഏർപ്പാട് ചെയ്തു.

മൂന്നാം ദിവസം രാവിലെ 7.30 ന് IIA ഓഫീസിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും വീട്ടുടമസ്ഥൻ ബ്രെഡ് ഓംലെറ്റും ചായയും തയ്യാറാക്കി. ആദ്യമായി ലഡാക് ബട്ടർ ടി കുടിക്കുന്നത് ഇവിടുന്നാണ്. ചായ ഇലകൾ, യാക്ക് വെണ്ണ, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് ഉണ്ടാക്കുന്നതാണ്. ശരീരത്തിലെ ചൂട് നിലനിർത്താൻ നല്ലതാണത്രേ.

ജഗൻ, സുധാഷ്, ഹോം സ്റ്റേ ഉടമ PadmaWangyan, മഹാദേവൻ, സ്നേഹിത് എന്നിവർ വൈകുന്നരത്തെ ചായക്കിടെ.
ജഗൻ, സുധാഷ്, ഹോം സ്റ്റേ ഉടമ PadmaWangyan, മഹാദേവൻ, സ്നേഹിത് എന്നിവർ വൈകുന്നരത്തെ ചായക്കിടെ.

IIA ഓഫീസിൽ ഒമ്പതു മുതൽ രണ്ടു വരെ ഹാൻലെയെക്കുറിച്ച് നിരവധി നിർദ്ദേശങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടിക, ക്ലാസുകൾ …. 11.30 ന് മെഡിക്കൽ ടെസ്റ്റ് കഴിഞ്ഞു. ബിപി മരുന്ന് മാറ്റാനും ഡയമോക്സ് ടാബ്‌ലെറ്റ് തുടരാനും ഡോക്ടർ നിർദ്ദേശിച്ചു.

അന്നുരാത്രി ജിഗ്മെറ്റ് റിഗ്സെൻ ലാമോ (Jigmet Rigzen Lamo), വീട്ടിലെ രണ്ടാം ക്ലാസ്സുകാരി ഞങ്ങൾക് സർപ്രൈസ് ഗിഫ്റ്റ് തന്നു. ബുദ്ധന്റെ ചെറിയ പ്രതിമ. പിറ്റേന്ന് രാവിലെ ഞങ്ങൾ പോകുന്നതിനാൽ അവൾ വലിയ സങ്കടത്തിലായിരുന്നു. വെറും മൂന്നു ദിവസം കൊണ്ട് എത്ര പെട്ടെന്നാണ് കുട്ടികളും വീട്ടുകാരും ഞങ്ങളുമായി അടുത്തത്.

രാവിലെ ഹാൻലേയിലേയ്ക്കുള്ള യാത്ര തുടങ്ങി. സിന്ധു നദിയുടെ അരികിലൂടെ ഏകദേശം എട്ടു മണിക്കൂർ നീണ്ട യാത്ര. അവസാന ഒരു മണിക്കൂർ, നദി വിട്ട് കൈവഴിയായ ഹാൻല നദി വഴിയായിരുന്നു യാത്ര. അധികം പച്ചപ്പില്ലാത്ത മരുഭൂമി പോലെയാണ് ഈ ഭാഗം. ചെടികൾ കാണാൻ കഴിയുന്ന കുറച്ചു സ്ഥലങ്ങൾ മാത്രം. ഉടനീളം സൈനിക ക്യാമ്പുകൾ. ചിലയിടങ്ങളിൽ ബുദ്ധമത ആശ്രമങ്ങൾ. നദീതീരത്ത് ധാരാളം കാട്ടുകുതിരകളെയും കഴുതകളെയും വ്യത്യസ്തമായ പക്ഷികളെയും കണ്ടു.

സിന്ധു നദിയുടെ അരികിലൂടെ ഏകദേശം എട്ടു മണിക്കൂർ നീണ്ട യാത്ര. അവസാന ഒരു മണിക്കൂർ, നദി വിട്ട് കൈവഴിയായ ഹാൻല നദി വഴിയായിരുന്നു യാത്ര.
സിന്ധു നദിയുടെ അരികിലൂടെ ഏകദേശം എട്ടു മണിക്കൂർ നീണ്ട യാത്ര. അവസാന ഒരു മണിക്കൂർ, നദി വിട്ട് കൈവഴിയായ ഹാൻല നദി വഴിയായിരുന്നു യാത്ര.
സിന്ധു നദീതീരത്തിലൂടെയുള്ള യാത്രയ്ക്കിടെ നദീതീരത്ത് ധാരാളം കാട്ടുകുതിരകളെയും കഴുതകളെയും വ്യത്യസ്തമായ പക്ഷികളെയും  കണ്ടു.
സിന്ധു നദീതീരത്തിലൂടെയുള്ള യാത്രയ്ക്കിടെ നദീതീരത്ത് ധാരാളം കാട്ടുകുതിരകളെയും കഴുതകളെയും വ്യത്യസ്തമായ പക്ഷികളെയും കണ്ടു.

ലഡാക്കിലൂടെ സഞ്ചരിക്കുമ്പോൾ പർവതങ്ങളിലും പാറക്കെട്ടുകളിലും ടെക്സ്ചറുകൾ ഓവർലാപ്പ് ചെയ്യുമ്പോൾ വ്യത്യസ്ത നിറങ്ങൾ സൃഷ്ടിക്കപ്പെടുന്നു. നദിതടങ്ങളിലെ സെഡിമെന്ററി റോക്ക്സിൽ കാലക്രമേണ സംഭവിക്കുന്ന മടക്കുകൾ ഉണ്ടാക്കുന്ന പ്രത്യേക ഘടനകൾ പലതരം വർണങ്ങളിലുള്ള എണ്ണഛായാചിത്രങ്ങൾ പോലെ കാണപ്പെട്ടു. പലയിടത്തും സൾഫറിന്റെ ഗന്ധമുള്ള ചൂടുനീരുറവകൾ. ഓരോ കുറച്ച് കിലോമീറ്ററിലും ഭൂപ്രകൃതിയിൽ മാറ്റം കാണാം, ഭൂഗർഭശാസ്ത്രജ്ഞർക്ക് ഈ സ്ഥലം തീർച്ചയായും ഇഷ്ടപ്പെടും.

ലഡാക്കിലൂടെ  സഞ്ചരിക്കുമ്പോൾ പർവതങ്ങളിലും പാറക്കെട്ടുകളിലും ടെക്സ്ചറുകൾ ഓവർലാപ്പ് ചെയ്യുമ്പോൾ വ്യത്യസ്ത നിറങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
ലഡാക്കിലൂടെ സഞ്ചരിക്കുമ്പോൾ പർവതങ്ങളിലും പാറക്കെട്ടുകളിലും ടെക്സ്ചറുകൾ ഓവർലാപ്പ് ചെയ്യുമ്പോൾ വ്യത്യസ്ത നിറങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

മറ്റൊരു കാഴ്ച ബൈക്ക് യാത്രക്കാരാണ്. പത്തും ഇരുപതും പേരടങ്ങുന്ന ​ഗ്രൂപ്പുകളായി, ഒരു നിരയായി പോകുന്ന ബൈക്കേഴ്‌സ് സ്ഥിരം കാഴ്ചയാണ്. വാടകയ്ക്ക് ബൈക്ക്, ഹോട്ടൽ താമസം, ഗൈഡുകൾ എന്നിവ ഉൾപ്പെടുത്തി ബൈക്ക് സവാരി പാക്കേജായി ഓൺലൈൻ ബുക്കിംഗ് ചെയ്യുന്ന നിരവധി സംഘടനകളുണ്ട് ശ്രീനഗറിലും ലേയിലും. കോട്ടയത്തുനിന്ന് വന്ന കുറച്ചു ബിക്കേർസ് ഹാൻലെ ഹോംസ്‌റ്റേയിൽ ഒന്നിച്ചായിരുന്ന താമസം.

മറ്റൊരു കാഴ്ച ബൈക്ക് യാത്രക്കാരാണ്. പത്തും ഇരുപതും പേരടങ്ങുന്ന ​ഗ്രൂപ്പുകളായി, ഒരു നിരയായി പോകുന്ന ബൈക്കേഴ്‌സ് സ്ഥിരം കാഴ്ചയാണ്.
മറ്റൊരു കാഴ്ച ബൈക്ക് യാത്രക്കാരാണ്. പത്തും ഇരുപതും പേരടങ്ങുന്ന ​ഗ്രൂപ്പുകളായി, ഒരു നിരയായി പോകുന്ന ബൈക്കേഴ്‌സ് സ്ഥിരം കാഴ്ചയാണ്.

ആദ്യ ദിവസം ക്ലാസ് റൂം ചർച്ചകൾ ഒഴികെ കാര്യമായ പരിപാടികളുണ്ടായിരുന്നില്ല, ഏകദേശം 12.30 ന് ഹോംസ്റ്റേയിലേക്ക് തിരിച്ചു.

ഗാമ റെയ്‌സ് അനലൈസ് ചെയുന്ന കൂറ്റൻ ടെലിസ്കോപ്പിന്റെ പ്രവർത്തനം വിശദീകരിച്ചുതന്നു. MACE - Major Atmospheric Cherenkov Experiment, ലോകത്തിലെ മൂന്നാമത്തെ വലിയ ഗാമാ- റേ ടെലിസ്കോപ്പ്, ബാംഗ്ലൂർ IIA ഓഫീസിൽ നിന്നാണ് അത് നിയന്ത്രിക്കുന്നത്. ദൂരെനിന്ന് വരുന്ന ഗാമാ കിരണങ്ങൾ അന്തരീക്ഷവുമായി പ്രതിപ്രവർത്തിക്കുമ്പോൾ, അവ Cherenkov radiation സൃഷ്ടിക്കുന്നു. ഈ വൈദ്യുതകാന്തിക വികിരണങ്ങളുടെ കേസ്കഡിങ് ഇഫക്ടിനെ അനലൈസ് ചെയ്ത് യഥാർത്ഥ ഗാമാ- റേ ഫോട്ടോണുകളുടെ സവിശേഷതകൾ അനുമാനിക്കാനുതകുന്നതാണ് MACE ടെലെസ്കോപ്പ്.

 MACE - Major Atmospheric Cherenkov Experiment, ലോകത്തിലെ മൂന്നാമത്തെ വലിയ ഗാമാ- റേ ടെലിസ്കോപ്പ്, ബാംഗ്ലൂർ IIA ഓഫീസിൽ നിന്നാണ് അത് നിയന്ത്രിക്കുന്നത്.
MACE - Major Atmospheric Cherenkov Experiment, ലോകത്തിലെ മൂന്നാമത്തെ വലിയ ഗാമാ- റേ ടെലിസ്കോപ്പ്, ബാംഗ്ലൂർ IIA ഓഫീസിൽ നിന്നാണ് അത് നിയന്ത്രിക്കുന്നത്.
MACE. ദൂരെനിന്ന് വരുന്ന ഗാമാ കിരണങ്ങൾ അന്തരീക്ഷവുമായി പ്രതിപ്രവർത്തിക്കുമ്പോൾ, അവ Cherenkov radiation സൃഷ്ടിക്കുന്നു.
MACE. ദൂരെനിന്ന് വരുന്ന ഗാമാ കിരണങ്ങൾ അന്തരീക്ഷവുമായി പ്രതിപ്രവർത്തിക്കുമ്പോൾ, അവ Cherenkov radiation സൃഷ്ടിക്കുന്നു.
ജിഗ്മെറ്റ് റിഗ്സെൻ ലാമോയുമായി ഒരു സെൽഫി.
ജിഗ്മെറ്റ് റിഗ്സെൻ ലാമോയുമായി ഒരു സെൽഫി.

21 മീറ്റർ (827 ഇഞ്ച്) വലുപ്പമുള്ള ഡിഷ് ഒന്ന് സങ്കല്പിച്ചു നോക്കൂ. സാധാരണയായി ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ ടെലിസ്കോപ്പിന് 12 മുതൽ 16 ഇഞ്ച് വരെ മാത്രമാണ് വലിപ്പം. 60 ഇരട്ടിയിലും കൂടുതൽ, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള ഒന്ന്. 180 ടൺ ഭാരം, പത്തു നില കെട്ടിടത്തിന്റെ വലുപ്പമുള്ള പടുകൂറ്റൻ ടെലിസ്കോപ്പ്.

രണ്ടാം ദിവസം മറക്കാനാവാത്ത രാത്രിയായിരുന്നു. 8" ഡോബ് (DOB - Dobsonian telescope) ഉപയോഗിച്ച് മിൽക്കി വേയിലെ എല്ലാ നക്ഷത്രക്കൂട്ടങ്ങളെയും (STAR CLUSTERS) കാണാൻ തുടങ്ങി. ജഗൻ 12 മണിയോടെ വീട്ടിൽ പോയി. സുധാഷ് അഡ്മിൻ പ്രവർത്തനങ്ങളിൽ തിരക്കിലായതിനാൽ ഞാൻ അദ്ദേഹത്തിന്റെ 12 ഇഞ്ച് ടെലിസ്കോപ്പിലേക്ക് മാറി.

സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോൾ, കിഴക്കൻ ചക്രവാളത്തിൽ കാണുന്ന പിങ്ക് ലൈറ്റാണ് ബെൽറ്റ് ഓഫ് വിന്സ് (Belt of venus) എന്ന് വിളിക്കുന്നത്. ഇതിന് ശുക്രനുമായി (VENUS) യാതൊരു ബന്ധവുമില്ല. ഇത് എനിക്ക് പുതിയ അനുഭവമായിരുന്നു. അതുപോലെ അതിരാവിലെ കാണുന്ന Zodiacal light. പുലർച്ചെ മൂന്നിനുശേഷം, കിഴക്കുനിന്ന് ആകാശത്തിന്റെ നടുവിലേക്ക് ത്രികോണാകൃതിയിൽ നീളുന്ന നേർത്ത ലൈറ്റ്. സൂര്യനും ഭൂമിക്കും ഇടയിലുള്ള പൊടിപടലങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങളാണ് ഇതിനു കാരണം. ഇതെല്ലം കണ്ട് രാവിലെയായത് അറിഞ്ഞതേയില്ല. ഇത്തരം പ്രതിഭാസങ്ങൾ, Bortle-1 SKY-യിൽ മാത്രമേ കാണാൻ കഴിയൂ. ആ വലിയ ടെലിസ്കോപ്പിലൂടെ 40- ൽ കൂടുതൽ ക്ലസ്റ്ററുകളും ഗാലക്സിയും ഒരു രാത്രികൊണ്ട് കണ്ടു. SATURN, JUPITER, URANUS എന്നിവയുമുണ്ടായിരുന്നു.

വൃശ്ചിക രാശി (SCORPIO) അസ്തമിക്കുന്നതുമുതൽ , ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം, പിന്നെ ചിങ്ങം രാശി (LEO) ഉദിക്കുന്നതു വരെ (കുറച്ചുഭാഗം), ഒരു രാത്രി കൊണ്ട് കാണാൻ കഴിഞ്ഞു. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു രാത്രി. ഏറ്റവും രസകരമായ കാര്യം, എന്റെ ബൈനോക്കുലർ (12X50) ഉപയോഗിച്ച് അഞ്ച് ഗാലക്സികൾ കാണാൻ കഴിഞ്ഞു എന്നതാണ്. ആകാശം അത്രയ്ക്ക് ക്ലിയർ ആയിരുന്നു.

ഞങ്ങളുടെ രണ്ട് ടെലസ്ക്കോപ്പുകളും മാനുവലാണ്. മാനുവൽ സ്കോപ്പിലൂടെ ഒരു വസ്തുവിനെ ഫോക്കസ് ചെയ്യുക എന്നത് എളുപ്പമല്ല (ചെയ്‌തു ശീലമാവുന്നതുവരെ), പക്ഷേ അതൊരു വ്യത്യസ്ത അനുഭവമാണ്. ആദ്യം എന്തെങ്കിലും ആപ്ലിക്കേഷൻ വഴി, വസ്തുവിന്റെ സ്ഥാനവും അതിനടുത്തുള്ള ബറൈറ് ആയ ഒരു സ്റ്റാറും കണ്ടുപിടിക്കും. ഉദാഹരണത്തിന്, Whirlpool Galaxy (M51) കാണാനാഗ്രഹിക്കുന്നുവെങ്കിൽ, സപ്തഋഷിയുടെ (URSA MAJOR) അവസാനത്തെ നക്ഷത്രമായ അൽകൈഡ്ന്റെ (മാരീചി -ഏഴാമത്തെ ഋഷിയുടെ പേരാണ്) സമീപമാണ് ഇതിന്റെ സ്ഥാനം. STELLARIUM, Night Sky, SkyView, Sky Guide പോലുള്ള ആപ്ലിക്കേഷനുകളിൽ ഇത് എളുപ്പം മനസിലാക്കാം. പിന്നെ ടെലിസ്‌കോപ്പിലെ ഫൈൻഡർ സ്കോപ്പിലൂടെ ആ നക്ഷത്രത്തെ ഫോക്കസ് ചെയ്യും. ടെലിസ്‌കോപ്പിലും ഇത് ദൃശ്യമാണെന്ന് ഉറപ്പാക്കും. പിന്നീട് ടെലിസ്കോപ്പിലൂടെ നോക്കി M51- ന്റെ ദിശയിലേക്ക് ചലിപ്പിക്കും. ഇത് വളരെ കൃത്യതയോടെ ചെയ്യണം. വലിയ നക്ഷത്രവും ഗാലക്സിയും ഒരു ഫ്രെമിൽ വരുന്നില്ലെങ്കിൽ, അതിനിടയിലുള്ള സ്റ്റാറുകളുടെ സ്ഥാനം നോക്കിവേണം ദിശ നിശ്ചയിക്കാൻ. ദിശയിലുള്ള ചെറിയ വ്യതിയാനം നമ്മളെ തെറ്റായ സ്ഥലത്തേക്ക് നയിക്കും. ഓരോ മിനിറ്റിലും, അതായത് ഭൂമിയുടെ ഭ്രമണത്തിനനുസരിച്ച് നമ്മൾ ടെലസ്കോപ്പ് ദിശ മാറ്റിക്കൊണ്ടിരിക്കണം.

Whirlpool Galaxy (M51).
Whirlpool Galaxy (M51).
സ്റ്റെല്ലേറിയം ആപ്പിൽ നിന്നുള്ള സ്ക്രീൻ
സ്റ്റെല്ലേറിയം ആപ്പിൽ നിന്നുള്ള സ്ക്രീൻ
സ്റ്റെല്ലേറിയം ആപ്പിൽ നിന്നുള്ള സ്ക്രീൻ
സ്റ്റെല്ലേറിയം ആപ്പിൽ നിന്നുള്ള സ്ക്രീൻ

ഓട്ടോമാറ്റിക് ടെലിസ്കോപ്പിൽ (GOTO TELESCOPE) ഇത് വളരെ എളുപ്പമാണ്. നിങ്ങൾ കൺട്രോൾ പാഡിലോ, ലാപ്‌ടോപ്പിലോ, മൊബൈൽ ഫോണിലോ M51 തെരഞ്ഞെടുക്കുമ്പോൾ അത് സ്വയമേവ അതിലേക്ക് ഫോക്കസ് ചെയ്തുതരും. ഭൂമിയുടെ ഭ്രമണത്തിനനുസരിച്ച് ടെലസ്കോപ്പ് സ്വയം ചലിക്കും. നിങ്ങൾക്ക് ആകാശത്തെ കുറിച്ച് ഒന്നും അറിയേണ്ട ആവശ്യമില്ല. കൺട്രോൾ പാഡിലോ Eyepieces- ലോ അല്ലാതെ സത്യത്തിൽ നിങ്ങൾ ആകാശത്തേക്ക് നോക്കുന്നതേയില്ല. ഒറ്റയടിക്ക് വളരെയധികം ഗാലക്സികളും ക്ലസ്റ്ററുകളും കാണാൻ ഇത് സഹായിക്കും. ആസ്ട്രോഫോട്ടോഗ്രഫിക്ക് GOTO മൗണ്ട് നിർബന്ധമാണ്. മണിക്കൂറുകളോളം നിരവധി ഫ്രെയിമുകൾ പകർത്തി സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ലയിപ്പിച്ചാണ് ഒരൊറ്റ ചിത്രം സൃഷ്ടിക്കുന്നത്.

മാനുവൽ സിസ്റ്റം ഉപയോഗിച്ച് ആകാശം കൂടുതൽ ആസ്വദിക്കാനാകും. പ്രത്യേകിച്ച് ഹാൻലെ പോലുള്ള സ്ഥലം; കാരണം നക്ഷത്രങ്ങളും ആകാശവും കണ്ട് സ്കോപ്പ് അഡ്ജസ്റ്റ് ചെയ്യുന്നതുകൊണ്ടുതന്നെ മാനുവൽ സിസ്റ്റം ഉപയോഗിക്കുന്ന വ്യക്തിക്ക് ആകാശത്തിന്റെയും നക്ഷത്രത്തിന്റെയും സ്ഥാനം എളുപ്പം ഓർക്കാൻ കഴിയും. പിന്നെ നമ്മൾ സ്വന്തം കണ്ടുപിടിച്ചു എന്ന ഫീലും. പറഞ്ഞുവരുന്നത്, മാന്വൽ സിസ്റ്റമായതുകൊണ്ട് എനിക്ക് ആകാശം കൂടുതൽ ആസ്വദിക്കാൻ പറ്റി എന്നാണ്.

രണ്ടാം ദിവസം മഹാദേവനും സ്നേഹിത്തും DSLR കോൺഫിഗറേഷൻ സെറ്റിംഗും അനുബന്ധ വിഷയ ക്ലാസും എടുക്കുകയായിരുന്നു. മൊബൈൽ ഫോട്ടോഗ്രാഫി അടക്കമുള്ള വിഷയങ്ങളെപ്പറ്റിയും ക്ലാസുണ്ടായിരുന്നു. ദിവസവും രാത്രി എട്ടിന് മെഡിക്കൽ ചെക്കപ്പുണ്ട്. അതിനു ശേഷം ഡിന്നറും. ഓക്സിമീറ്റർ 80 താഴെ റീഡിംഗ് കാണിക്കുന്നുണ്ടെങ്കിൽ ഓക്സിജൻ എടുക്കേണ്ടത് നിർബന്ധമാണ്. പനിച്ചതുകാരണം രണ്ടാം ദിവസം രാത്രി പാരസെറ്റമോളിന്റെ ബലത്തിൽ 12 മണിവരെ നിന്ന് വീട്ടിലേക്ക് തിരിച്ചു.

മിൽക്കി വേയും അതിന്റെ പ്രതിഫലനവും, മഹാദേവൻ പകർത്തിയ ദൃശ്യം.
മിൽക്കി വേയും അതിന്റെ പ്രതിഫലനവും, മഹാദേവൻ പകർത്തിയ ദൃശ്യം.

ബോർട്ടിൽ-1 ആകാശത്തുമാത്രം കാണാൻ പറ്റുന്ന കുറച്ച് നെബുലകളും ഗാലക്സികളുമുണ്ട്. കുറച്ച് ആളുകൾ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഉദാഹരണത്തിന് ധ്രുവനക്ഷത്രത്തിലെ (Polaris) IFN നെബുല. (IFN - Integrated Flux Nebula). വാതകങ്ങളുടെയും പൊടിയുടെയും കൂടിച്ചേർന്ന വളരെ വലുതും പക്ഷെ മങ്ങിയതുമായ മേഘമാണ് IFN. അനേകം നക്ഷത്രങ്ങളുടെ മങ്ങിയ വെളിച്ചം തട്ടി പ്രതിഫലിച്ചാണ് ദൃശ്യമാകുന്നത്. വളരെ ഇരുണ്ട ആകാശത്തുനിന്ന് എടുത്ത ദീർഘനേരം എക്സ്പോഷർ ചെയ്ത ഫോട്ടോഗ്രാഫുകളിൽ മാത്രമേ ഇത് ദൃശ്യമാകൂ.

IFN - Polaris - Gas cloud around the star Polaris- by Snehit
IFN - Polaris - Gas cloud around the star Polaris- by Snehit

“Try Cigar and Bode's Galaxy with your Bino” എന്ന് സുധാഷ് പറഞ്ഞതുകൊണ്ടുമാത്രമാണ് ഞാൻ ബൈനോക്കുലർ എടുത്ത് സംശയത്തോടെ നോക്കിയത്. സിഗാർ ഗാലക്സിയുടെ മാഗ്നിറ്റ്യൂഡ് (Magnitude) 8-ന് മുകളിലാണ്. സാധാരണ Mag-5 നുമുകളിലുള്ളത് എന്റെ ബൈനോക്കുലറിൽ കിട്ടാൻ പ്രയാസമാണ്. Bortle-1 SKY- യുടെ ഗുണം, ഞാൻ ഒന്ന് ഞെട്ടി, ഇത്ര ഭംഗിയിൽ ബൈനോക്കുലർ വഴി… രണ്ടു ഗാലക്സികളും ഒരു Field of view (FOV) ഫ്രെയിമിൽ കാണാം. പിന്നെ അത് 12"ലൂടെയും അതിനടുത്തുള്ള NGC-3077 ഗാലക്സിയും കണ്ടു.

നക്ഷത്രസമൂഹത്തിന്റെ ആകൃതി വെറും സാങ്കൽപ്പികം മാത്രമാണല്ലോ. തലയ്ക്കു നേരെ മുകളിലായിരുന്നു Vega (അഭിജിത്), Altair (തിരുവോണം), ഈ നക്ഷത്രത്തിനിടയിൽ കാണാൻ ഒരു ഹാങ്ങറിനെ (cloth hanger) പോലുള്ള - ബൈനോക്കുലർ കൊണ്ട് കാണാൻ പറ്റുന്ന ക്ലസ്റ്റർ ആണ് Coathanger (Brocchi’s Cluster). വളരെ മനോഹരമായ ദൃശമായിരുന്നു അത്.

Vail Nebula - Supernova - വൈൽനെബുല-സൂപ്പർനോവ: ഏകദേശം 2400 പ്രകാശവർഷം അകലെ അകലെയുള്ള, കുറെ വർഷങ്ങൾക്കുമുമ്പ് പൊട്ടിത്തെറിച്ച സൂര്യനേക്കാൾ വളരെ വലിയ നക്ഷത്രത്തിന്റെ അവശിഷ്ടങ്ങൾ. അതിന്റെ ഭംഗി ആസ്വദിക്കാൻ ഫോട്ടോ തന്നെവേണം, കാണാൻ കുറച്ചു ബുദ്ധിമുട്ടാണ്.

Cygnus - VailNebula by Mahesh Ravi Verma.
Cygnus - VailNebula by Mahesh Ravi Verma.

ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, നക്ഷത്രരൂപീകരണം സജീവമായി നടക്കുന്ന നെബുലകൾ (Orion M42), പൊലിങ്ങുതീർന്ന സൂപ്പർനോവകൾ, മറ്റേതോ ലോകമായ ഗാലക്സികൾ, അങ്ങിനെ പലതും, എത്ര പറഞ്ഞാലും തീരില്ല, വായിച്ചതും കേട്ടതുമായ കാര്യങ്ങൾ തൊട്ടറിയുന്നതുപോലെ.

മറ്റൊരു ദിവസം അവർ ഞങ്ങളെ കുന്നിൻ മുകളിൽ സ്ഥാപിച്ചിരുന്ന രണ്ട് വലിയ ടെലിസ്കോപ്പിനടുത്തു കൊണ്ടുപോയി. HTC -Himalayan Chandra telescope, Optical and near infrared telescope, GIT - Growth India Telescope, അതിന്റെ പ്രവർത്തനം വിശദീകരിച്ചു. IIT മുംബൈയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന GIT, മറ്റു രാജ്യങ്ങളിലെ പല ടെലെസ്കോപ്പുമായി കണക്ട് ചെയ്‌തു പ്രവർത്തിക്കുന്നു (Global network). നമ്മുടെ സൗരയൂഥത്തിലേക്ക് എത്തിച്ചേരുന്ന സംശയാസ്പദമായ വസ്തുക്കൾ നിരീക്ഷിക്കുക എന്ന ഒരു ചമതല കൂടിയുണ്ടിതിന്.

ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി, IIA മുൻകൈയെടുത്തു നടത്തുന്ന സംരംഭമാണ് ആസ്ട്രോ-അംബാസഡർമാർ. ഹാൻലെയിലെ ആസ്ട്രോ- അംബാസഡർമാർ പരിശീലനം ലഭിച്ച പ്രാദേശിക ഗ്രാമീണരാണ്. അവർ ആസ്ട്രോ-ടൂറിസത്തിന് വഴികാട്ടികളായി പ്രവർത്തിക്കുന്നു. അവരെല്ലാവരും അവരുടെ ടെലിസ്കോപ്പുമായി ഈ പരിപാടിയിലുണ്ടായിരുന്നു. മറ്റു ദിവസങ്ങളിൽ ടൂറിസത്തിന്റെ ഭാഗമായി ഹോംസ്റ്റേയിൽ താമസിക്കുന്ന വിനോദസഞ്ചാരികൾക്കായി അവർ സ്റ്റാർഗെസിങ് നടത്തുന്നു. അവർക്കുവേണ്ടി ആധുനിക ടെലെസ്കോപ്പും ട്രെയിനിങ്ങും കൊടുക്കുന്നത് IIA ആണ്.

ഹാനിലെയിലെ ആസ്ട്രോ-അംബാസഡർമാർഉള്ള ഹോംസ്റ്റേകളിൽ അവരുടെ സഹായത്താൽ സ്റ്റാർഗാസിങ്ങും ചെയ്യാം. അവർക്കുവേണ്ടി ആധുനിക ടെലെസ്കോപ്പും ട്രെയിനിങ്ങും കൊടുക്കുന്നത് IIA ആണ്.
ഹാനിലെയിലെ ആസ്ട്രോ-അംബാസഡർമാർഉള്ള ഹോംസ്റ്റേകളിൽ അവരുടെ സഹായത്താൽ സ്റ്റാർഗാസിങ്ങും ചെയ്യാം. അവർക്കുവേണ്ടി ആധുനിക ടെലെസ്കോപ്പും ട്രെയിനിങ്ങും കൊടുക്കുന്നത് IIA ആണ്.
Group photo in front of HTC Telescope
Group photo in front of HTC Telescope

രാത്രിയിലെ തണുപ്പ് കുറച്ച് കഷ്ടമാണ്. പകൽ 7 ഡിഗ്രിയും രാത്രി -2 ഡിഗ്രിയുമാണ് മുന്നിൽ താപനില. രാത്രി 10 മണിവരെയുള്ള കാറ്റ് അസ്സഹനീയമാണ്. ഞാൻ 5 ലയർ ഡ്രസ്സ് കൂടാതെ വാർമീ പാക്കും വെച്ചാണ് അവിടെ നിന്നത്. രാത്രി എട്ടു മുതൽ ഒമ്പതു വരെ മെഡിക്കൽ ചെക്ക് / ഡിന്നർ ടൈം ആണ്. അടുത്ത ബ്രേക്ക് രാത്രി 12 - 1 മണിക്ക്. ഹോംസ്റ്റേയിലേക്കു പോകാനുള്ള വണ്ടികൾ തയ്യാറായി നില്പുണ്ടാകും. വേണമെങ്കിൽ നിർത്തി വീട്ടിൽപോകാം. അടുത്ത വണ്ടികൾ രാവിലെ ആറിനാണ്. ഇടയിൽ വി​​ശ്രമിക്കാൻ കുറച്ചു ടെന്റുകളും ഏർപ്പാട് ചെയ്തിട്ടുണ്ട്. അവസാന ദിവസം പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കുമുള്ള പൊതു പരിപാടിയായിരുന്നു. ഇരുന്നൂറിലധികം പേർ പങ്കെടുത്തു.

സെപ്റ്റംബറിനുശേഷം തണുപ്പുകാലം ആരംഭിക്കും. വിനോദസഞ്ചാരികളും കുറയും. നവംബർ - ഡിസംബർ മാസങ്ങളിൽ സ്നോ ലെപ്പേർഡ്നെ (snow leopard) കാണാൻ കഴിയുമത്രേ. ലേയിൽ നിന്നുള്ള ടൂറിസം വ്യവസായത്തിലെ മിക്ക തൊഴിലാളികളും ഈ സമയം ഗോവ പോലുള്ള സ്ഥലങ്ങളിലേക്ക് താമസം മാറും. മാർച്ചിൽ തിരിച്ചുവരും. നവംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാല മാസങ്ങളിൽ പകൽ ശരാശരി താപനില - 10 നും -20നും ഇടയിലാകുമെന്നും രാത്രി വളരെ കുറയുമെന്നും ചിലപ്പോൾ അത് -40 ഡിഗ്രി വരെ താഴുമെന്നും പറയുന്നു. മുൻകാലങ്ങളിൽ (വിമാനത്താവളം വരുന്നതിന് മുൻപ്) മൂടൽമഞ്ഞും ഐസും കാരണം റോഡുകൾ രണ്ടു മാസത്തേക്ക് അടച്ചിടേണ്ടിവരുമ്പോൾ, പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് വെല്ലുവിളി നിറഞ്ഞതാകുമെന്ന് ഒരു ഹോട്ടലുടമ പറഞ്ഞു.

ഹാൻഡിലിനെ ഏറ്റവും മികച്ച ഡാർക്ക് സ്കൈ റിസർവ് ആക്കുന്നതിൽ IIA- യുടെ സംഭാവന വളരെ വലുതാണ്.

  • സഹകരണ പങ്കാളികളായി പ്രാദേശിക ആളുകൾ -ആസ്ട്രോ-അംബാസഡർമാർ.

  • പ്രദേശത്തിന്റെ സാമൂഹിക സാമ്പത്തിക വികാസത്തിന് IIA യുടെ പങ്ക്.

  • ആസ്ട്രോ ടൂറിസത്തിലൂടെ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്.

  • IAO ടെലെസ്കോപ്പ് ഉപയോഗിച്ച് ജ്യോതിശാസ്ത്ര ഗവേഷണത്തിൽ മുൻപന്തിയിൽ.

  • സ്കൂളുകളിലും കോളേജുകളിലും ആസ്ട്രോ ഫിസിസ്ക് ശാസ്ത്ര വിദ്യാഭ്യാസത്തിന്റെയും പ്രോത്സാഹനം.

  • സർക്കാർ ഭരണകൂടത്തിൽ നിന്നുള്ള ശക്തമായ പിന്തുണ.

ഇങ്ങനെ നീളുന്നു ആ ലിസ്റ്റ് …

IIAയുടെ പ്രോഗ്രാം അല്ലാതെയും നമുക്കവിടെ പോകാം. ഹാനിലെയിലെ ആസ്ട്രോ-അംബാസഡർമാർഉള്ള ഹോംസ്റ്റേകളിൽ അവരുടെ സഹായത്താൽ സ്റ്റാർഗാസിങ്ങും ചെയ്യാം. ഹാൻലെ സന്ദർശിക്കാൻ ഒരു ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. അത് ഓൺലൈനിൽ ലഭിക്കും. ഹോംസ്റ്റേയിൽ പൊതുവെ ഒരാൾക്ക് പ്രതിദിനം 1500 മുതൽ 2000 രൂപ വരെ ഈടാക്കും. ചിലർ മൂന്നു നേരം, മറ്റു ചിലർ രണ്ടു നേരം ഭക്ഷണം ഓഫർ ചെയ്യും. നമുക്ക് അവരുമായി ചർച്ച നടത്തി തീരുമാനിക്കാം. ചിലത് രണ്ട് ബെഡുള്ള മുറികൾ. ചിലത് മൂന്ന് ബെഡുള്ളവ. ലഭ്യതയും നമ്മുടെ ഇഷ്ടവും അനുസരിച്ചു തീരുമാനിക്കാം. മുൻകൂട്ടി ബുക്ക് ചെയ്താൽ വിമാന ടിക്കറ്റ് നിരക്ക് 18,000 മുതൽ 25,000 (up and down) രൂപ വരെയാകാം. മൊത്തം ചെലവ് 35,000 മുതൽ 45,000 രൂപയിൽ ഒതുക്കാം.

ലേ നഗരത്തിൽ മിക്ക മൊബൈൽ കണക്റ്റിവിറ്റികളും (BSNL / AIRTEL / JIO) ലഭ്യമാണ്. എന്നാൽ ഹാൻലെയിൽ നിലവിൽ BSNL- ഉം AIRTEL- ഉം മാത്രമേ ഉള്ളൂ. സുരക്ഷാ കാരണങ്ങളാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രീപെയ്ഡ് സിമ്മുകൾ വർക്ക് ചെയ്യാറില്ല. പോസ്റ്റ്‌പെയ്ഡ് സിമ്മുകൾ ഉപയോഗിക്കാം.

അവസാന ദിവസത്തെ ലേ- മാർക്കറ്റ് സന്ദർശനവും ലേ ടു ഹാൻലെ യാത്രയും ഒഴികെ, മറ്റ് സ്ഥലങ്ങളൊന്നും കാണാൻ സമയം ലഭിച്ചില്ല. രാത്രി ആകാശം, ഉച്ചവരെ ഉറക്കം, മൂന്നു മണി മുതൽ ക്ലാസ്സ്‌റൂം ചർച്ചകൾ, പിന്നെ വീണ്ടും രാത്രി ആകാശം. വാസ്തവത്തിൽ ലേയിൽ കാണാൻ നിരവധി നല്ല സ്ഥലങ്ങളുണ്ട്. അടുത്ത വിസിറ്റിൽ പ്ലാൻ ചെയ്യണം.

എട്ടു ദിവസങ്ങൾക്കുശേഷം മനോഹരമായ ആകാശത്തിന്റെയും നല്ല കുറെ ആളുകളുടെയും ഓർമ്മകളുമായി ബാംഗ്ലൂരിലേക്ക് മടങ്ങുന്നു. പുതിയ ഗാലക്സികൾ, തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതി, Belt of venus, Zodiacal light, അങ്ങനെ ഒരുപാട് പുതിയ അറിവുകയും അനുഭവങ്ങളും… ആകാശത്തെ ഇഷ്ടപ്പെടുന്നവർ ഒരു തവണയെങ്കിലും ഹാൻലെ സന്ദർശിക്കണം.

M33 - Triagulam Galaxy Ayush Gupta
M33 - Triagulam Galaxy Ayush Gupta
M31 - Andromeda Galaxy by Mahesh Ravi Varma
M31 - Andromeda Galaxy by Mahesh Ravi Varma

Summary: Sajith T writes the wonderful experience participating in the Astro Observatory program organized by the Indian Institute of Astrophysics at Hanle, Ladakh.


സജിത് ടി.

Director of CSquare Info Solution Limited, delivering comprehensive solutions tailored to the dynamic needs of the pharmaceutical domain specializing in both B2B and B2C solutions.

Comments