നമ്മുടെ സ്‍ക്രോളിന്റെയും
ലൈക്കിന്റെയും ഷെയറിന്റെയും
വിപണിമൂല്യം

നമ്മുടെ ശ്രദ്ധക്കുറവു മൂലം എന്തെങ്കിലും നഷ്ടപ്പെടും എന്ന ഭീതി ഉപഭോക്താക്കളിൽ വളർത്തിയെടുത്ത്, ഒരു പുതിയ സമ്പദ്‌വ്യവസ്ഥയിലേക്ക് വിപണി ലോകത്തെ മാറ്റിയെടുക്കുകയാണ്. സ്ക്രോൾ ചെയ്യുന്നതിനോ ലൈക്ക് ചെയ്യുന്നതിനോ ഷെയർ ചെയ്യുന്നതിനോ നമ്മൾ ശ്രദ്ധ കൊടുക്കുമ്പോൾ, നമ്മുടെ ശ്രദ്ധയാണ് ഉല്പാദകരുടെ വരുമാന സ്രോതസിലേക്ക് നയിക്കുന്ന കാരണമാകുന്നത്; Attention economy-യുടെ ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് എഴുതുന്നു, ഡോ. ശ്രീജ എസ്.

റിവിന്റെ വലിയൊരു ആസ്തി എന്നത് എപ്പോഴും ശ്രദ്ധയുടെ കുറവിലേക്ക് അഥവാ ശ്രദ്ധയുടെ ദാരിദ്ര്യത്തിലേക്ക് നമ്മെ നയിക്കുന്നു എന്ന് ആദ്യമായി പറഞ്ഞത്, സാമ്പത്തിക ശാസ്ത്രത്തിന് 1971-ൽ നോബൽ സമ്മാനം കിട്ടിയ ഹെർബർട്ട് സൈമൺ ആണ്. ഇത് വെറുമൊരു പ്രസ്താവനയല്ല, മറിച്ച് ഈയൊരു പ്രസ്താവനയിലൂടെ ഒരു പുതിയ സമ്പദ്‌വ്യവസ്ഥയുടെ രൂപരേഖ നിർവചിക്കുകയായിരുന്നു അദ്ദേഹം. ഏതാണ്ട് അരനൂറ്റാണ്ടിനുശേഷം ഹെർബെർട് സൈമണിന്റെ പ്രവചനങ്ങൾ യാഥാർഥ്യമായിരിക്കുന്നു. ഈ നവമാധ്യമയുഗത്തിൽ ജീവിക്കുന്ന നാം അറ്റെൻഷൻ ഇക്കോണമി അഥവാ ശ്രദ്ധകേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയെ (Attention economy) പരിചയപ്പെടേണ്ടതുണ്ട്.

ഈ സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ എന്നതാണ് വിപണിയിലെ ഉത്പന്നം. നമ്മുടെ ശ്രദ്ധക്കുറവു മൂലം എന്തെങ്കിലും നഷ്ടപ്പെടും (fear of missing out) എന്ന ഭീതി വളർത്തിയെടുക്കുക എന്ന തന്ത്രത്തിലൂടെയാണ് വിപണി ഇവിടെ പ്രവർത്തിക്കുന്നത്. ‘fear of missing out’ അഥവാ ‘ഫോമോ’ എന്ന ഈ പ്രത്യേക മാനസികാവസ്ഥ ഉപയോക്താക്കളിൽ സൃഷ്ടിച്ചെടുക്കുന്നതിലൂടെ ഒരു പുതിയ സമ്പദ്‌വ്യവസ്ഥയിലേക്ക് ലോകം നീങ്ങുന്നു.

സ്ക്രോൾ ചെയ്യുന്നതിനോ ലൈക്ക് ചെയ്യുന്നതിനോ ഷെയർ ചെയ്യുന്നതിനോ നമ്മൾ ശ്രദ്ധ കൊടുക്കുമ്പോൾ, നമ്മുടെ ശ്രദ്ധയാണ് ഉല്പാദകരുടെ വരുമാന സ്രോതസിലേക്ക് നയിക്കുന്ന കാരണമാകുന്നത്.

ഡിജിറ്റൽ യുഗത്തിൽ, മനുഷ്യശ്രദ്ധ ഏറ്റവും വിലപ്പെട്ട വിഭവമായി മാറിയിരിക്കുന്നു. മീഡിയ പ്ലാറ്റ്‌ഫോമുകൾ, പരസ്യദാതാക്കൾ, ടെക് കമ്പനികൾ എന്നിങ്ങനെ നിയോ ലിബറൽ കാലത്തെ വിപണിവൈവിധ്യങ്ങൾ മുഴുവൻ നമ്മുടെ ശ്രദ്ധ ആകർഷിക്കാനും ആ ശ്രദ്ധയെ ചൂഷണം ചെയ്ത് വരുമാനമുണ്ടാക്കാൻ മത്സരിക്കുകയും ചെയ്യുന്ന രീതിയെയാണ് അറ്റെൻഷൻ ഇക്കോണമി അഥവാ ശ്രദ്ധ സമ്പദ്‌വ്യവസ്ഥ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.

വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽനിന്ന് (knowledge economy) വ്യത്യസ്തമായി, വിവരങ്ങൾ അഥവാ ഇൻഫോർമേഷൻ എന്ന വിലപ്പെട്ട മൂലധനവസ്തുവിനുപകരം, ശ്രദ്ധ ആണ് അറ്റെൻഷൻ ഇക്കോണമിയിലെ ക്യാപിറ്റലായി പ്രവർത്തിക്കുന്നത്. വിപണികളിലെ സാമൂഹ്യഇടപെടലുകൾ നിയന്ത്രിക്കുന്നത് അൽഗോരിതങ്ങൾ, അറിയിപ്പുകൾ, ക്യൂറേറ്റഡ് ഫീഡുകൾ എന്നിവയാണ്. ഇങ്ങനെ നിർമിക്കപ്പെടുന്ന അൽഗോരിതങ്ങൾ വിപണിയെ മാത്രമല്ല നമ്മുടെയൊക്കെ സാമൂഹിക ഇടപെടൽ, രാഷ്ട്രീയ സംവാദങ്ങൾ, സാംസ്കാരിക മാനദണ്ഡങ്ങൾ എന്നിവയെപ്പോലും നാമറിയാതെ നിശ്ശബ്ദമായി രൂപപ്പെടുത്തുന്നുണ്ട്. നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ആത്യന്തികമായി നമ്മുടെ ജനാധിപത്യ ഇടങ്ങളിൽപ്പോലും അതിന്റെ സ്വാധീനം തിരിച്ചറിയുന്നതിന് അറ്റെൻഷൻ ഇക്കോണമി അഥവാ ശ്രദ്ധ സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകത മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ഹെർബർട്ട് സൈമൺ
ഹെർബർട്ട് സൈമൺ

അറ്റെൻഷൻ ഇക്കോണമി എന്നത് ഒറ്റ രാത്രി കൊണ്ടുണ്ടായ വിപ്ലവമല്ല. ആധുനിക ജീവിതത്തെ രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യകൾക്കൊപ്പം അത് പതുക്കെ, ഏതാണ്ട് അദൃശ്യമായി വളരുകയാണുണ്ടായത്. മനുഷ്യശ്രദ്ധയെ പിടിച്ചു കെട്ടുന്ന ഒരു വസ്തുവാക്കി കമ്പോളത്തിലേക്ക് എത്തിച്ച റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും വ്യാപകമായ 20-ാം നൂറ്റാണ്ടിലെ പരസ്യ വ്യവസായത്തിലാണ് ശ്രദ്ധ സമ്പദ്‌വ്യവസ്ഥയുടെ വേരുകൾ കിടക്കുന്നത്. തുടക്കം 20ാം നൂറ്റാണ്ടിലാണെങ്കിലും ഇന്ന് നാം കാണുന്ന രീതിയിലേക്ക് ഈ സമ്പദ് വ്യവസ്ഥ എത്തിച്ചേർന്നത് ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വികാസപരിണാമങ്ങളിൽ കൂടിയാണ്. 21-ാം നൂറ്റാണ്ടിലെ പ്രബലമായ ആശയമായി അറ്റെൻഷൻ ഇക്കോണമിയെ മുന്നോട്ടുവച്ചതുതന്നെ സോഷ്യൽ മീഡിയയായിരുന്നു. നമ്മുടെ താല്പര്യങ്ങളെയും അഭിരുചികളെയും മനസിലാക്കികൊണ്ട് നിർമ്മിക്കുന്ന അൽഗോരിതങ്ങൾ നമ്മുടെ സാമൂഹ്യഇടപെടലുകളിൽ നിർണായക സ്വാധീനം ചെലുത്തുന്നു. ഇത്തരം അൽഗോരിതങ്ങൾ രൂപകൽപന ചെയ്തുകൊണ്ട് ഫേസ്ബുക്ക്, യു ട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകൾ നമ്മുടെ ധനവിനിയോഗങ്ങളെയും വിപണിയിലെ ഇടപെടലുകളെയും നിയന്ത്രിക്കുന്നു. ഈ വ്യവസ്ഥിതിയിൽ, മനുഷ്യശ്രദ്ധ എന്നത് തന്നെയാണ് പ്രധാനപ്പെട്ട റോൾ ഏറ്റെടുക്കുന്നത്. സ്ക്രോൾ ചെയ്യുന്നതിനോ ലൈക്ക് ചെയ്യുന്നതിനോ ഷെയർ ചെയ്യുന്നതിനോ നമ്മൾ ശ്രദ്ധ കൊടുക്കുമ്പോൾ, നമ്മുടെ ശ്രദ്ധയാണ് ഉല്പാദകരുടെ വരുമാന സ്രോതസിലേക്ക് നയിക്കുന്ന കാരണമാകുന്നത്. സൈമൺ മുൻകൂട്ടി കണ്ടത് നമ്മുടെ ജീവിത യാഥാർത്ഥ്യമായി മാറിയിരിക്കുന്നു: ഇൻഫർമേഷൻ ബാഹുല്യം നിറഞ്ഞ ഈ ലോകത്ത്, കോർപ്പറേറ്റുകൾ മുതൽ രാഷ്ട്രീയക്കാർ വരെ എല്ലാവരും ശ്രമിക്കുന്നത്, പൊതുശ്രദ്ധ അവരിലേക്ക് കേന്ദ്രീകരിക്കുന്നതിനുള്ള ഉപാധികൾ കണ്ടെത്തുന്നതിലാണ്. കൂടുതൽ വിവരങ്ങളോ വസ്തുതകളോ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിലൂടെ അല്ല, മനുഷ്യശ്രദ്ധയെ ആകർഷിക്കുകയും അതിനെ കേന്ദ്രീകരിച്ചു നിർത്തുകയും ചെയ്യുന്ന കാഴ്ചകളെ സൃഷ്ടിക്കുന്നതിലാണ് വിപണിയുടെ വിജയം എന്ന് മനസിലാക്കിക്കൊണ്ടാണ് ഈ അൽഗോരിതങ്ങൾ നിർമ്മിക്കുന്നതിൽ കോടിക്കണക്കിനു രൂപയുടെ മുതൽ മുടക്ക് കോർപറേറ്റുകൾ നടത്തുന്നത് . സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകളിലെ ‘views, likes, shares, time spent എന്നിവയാണ് പുതിയ കറൻസികളായി മാറിക്കൊണ്ടിരിക്കുന്നത്.

എന്നാൽ ശ്രദ്ധാകേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയുടെ തുടക്കത്തെ സാങ്കേതിക നവീകരണവും സാമ്പത്തിക അവസരങ്ങളുമാണ് അടയാളപ്പെടുത്തിയതെങ്കിൽ, അതിന്റെ തുടർച്ച ധാർമ്മികതയെയും അധികാരത്തെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ആരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു, ആരാണ്, എന്തിനാണ് ഇത്? ഈ സമ്പദ്‌വ്യവസ്ഥ പൊതുനന്മയ്ക്ക് വേണ്ടിയാണോ അതോ മനുഷ്യന്റെ ദുർബലതയെ ചൂഷണം ചെയ്യുകയാണോ എന്നൊക്കെ നാം ചിന്തിക്കേണ്ടതുണ്ട്.

നിങ്ങളുടെ ശബ്ദം കേൾക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ ഉള്ളടക്കം വൈറലല്ലെങ്കിൽ, നിങ്ങൾ ഈ മത്സരത്തിൽ പിന്തള്ളപ്പെട്ടിരിക്കുന്നു എന്നാണ് അർഥം. നമ്മുടെ സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകൾ തന്നെ നൂറു ശതമാനം നവലിബറൽ രാഷ്ട്രീയത്തെ ഉൾക്കൊള്ളുന്നവയാണ്.

ശ്രദ്ധാ സമ്പദ്‌വ്യവസ്ഥയും
നവലിബറൽ ലോകവും

നേരത്തെ സൂചിപ്പിച്ചതുപോലെ ശ്രദ്ധ സമ്പദ്‌വ്യവസ്ഥ എന്നത് കേവലം ഒരു സാങ്കേതിക ഉത്പന്നമല്ല, അത് നിയോ ലിബറലിസത്തിന്റെ സാംസ്‌കാരിക ഉല്പന്നമാണ്. വിപണിയുടെ യുക്തികളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ലോകതത് സകലതിനെയും വാണിജ്യവത്കരിക്കുക എന്ന ആശയം തന്നെയാണ് ശ്രദ്ധാ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും നിദാനം. ഇവിടെ ഓരോ വ്യക്തിയും സ്വയം സംരംഭകരാണെന്നും നിരന്തരം ബ്രാൻഡിംഗ്, നെറ്റ് വർക്കിങ് എന്നിവ ചെയ്യുന്നവരാണെന്നും നിയോ ലിബറലിസം വാദിക്കുന്നു. ഈ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എവിടെ നിന്നാണ് ലഭിക്കുന്നത് എന്നാലോചിച്ചാൽ ദൃശ്യപരത ആവശ്യപ്പെടുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ, സ്ഥിരമായ ഉൽ‌പാദനക്ഷമതയ്ക്ക് പ്രതിഫലം നൽകുന്ന ആപ്പുകൾ, ഐഡന്റിറ്റിയെ ഡാറ്റാ പോയിന്റുകളായി ചുരുക്കുന്ന അൽഗോരിതങ്ങൾ എന്നിവയാണെന്ന് കാണാൻ കഴിയും. ഈ സൗകര്യങ്ങളെ ഒപ്ടിമൈസ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെയാണ് അറ്റെൻഷൻ ഇക്കോണമി വളരുന്നത്. ഇവിടെ നിലനിൽക്കണമെങ്കിൽ സാമൂഹ്യ ശ്രദ്ധ പിടിച്ചുപറ്റി ദൃശ്യപരത ആർജിക്കേണ്ടി വരുന്നു, അദൃശ്യമാകുന്നതെന്നതെന്തോ അത് സാമൂഹ്യശ്രദ്ധ ലഭിക്കാത്തതും അവഗണിക്കപ്പെടുന്നതുമാണെന്നു കരുതപ്പെടുന്നു.

നിയോ ലിബറലിസം എന്നത് സാമൂഹ്യ ഉത്തരവാദിത്തങ്ങൾ എന്ന ആശയത്തെ ചുരുക്കി വ്യക്ത്യാധിഷ്ഠിത ഉത്തരവാദിത്വങ്ങളിലേക്കും മത്സരങ്ങളിലേക്കും സ്ഥാപിച്ചെടുക്കുന്ന പോലെ ഈ സമ്പദ്‌വ്യവസ്ഥ ശ്രദ്ധയെ മത്സരവിപണിയിലെ ടൂൾ ആക്കി പരിവർത്തനപ്പെടുത്തുന്നു. അവിടെ എല്ലാവരും ക്ലിക്കുകൾ, ഫോളോവേഴ്‌സ്, ലൈക്കുകൾ എന്നിവയ്ക്കായി മത്സരിക്കണം. ‘നിങ്ങൾ പരാജയപ്പെട്ടാൽ, അത് നിങ്ങളുടെ തെറ്റാണ്’ എന്ന നവലിബറൽ അനിശ്ചിതത്വത്തിന്റെ യുക്തി ഡിജിറ്റൽ രംഗത്ത് പ്രതിധ്വനിക്കുന്നു: നിങ്ങളുടെ ശബ്ദം കേൾക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ ഉള്ളടക്കം വൈറലല്ലെങ്കിൽ, നിങ്ങൾ ഈ മത്സരത്തിൽ പിന്തള്ളപ്പെട്ടിരിക്കുന്നു എന്നാണ് അർഥം. നമ്മുടെ സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകൾ തന്നെ നൂറു ശതമാനം നവലിബറൽ രാഷ്ട്രീയത്തെ ഉൾക്കൊള്ളുന്നവയാണ്. വളരെ കുറച്ച്‌ ചിലപ്പോൾ തീരെ നിയന്ത്രണങ്ങൾ ഇല്ലാതെയാണ് മിക്കവാറും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ നമുക്കായി തുറന്നിട്ടിരിക്കുന്നത്. അത് ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.

സോഷ്യൽ മീഡിയ ടൂളുകൾ ഉപയോഗിച്ച് ശ്രദ്ധയെ കേന്ദ്രീകരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ കോർപറേറ്റുകൾ ഉണ്ടാക്കിവിടുന്ന  അൽഗോരിതങ്ങൾ സത്യമോ പൊതുനന്മയോ അന്വേഷിക്കുന്നില്ല; അവർ ഈ രംഗത്തെ ഇടപെടൽ മാത്രമാണ് ആഗ്രഹിക്കുന്നത്.
സോഷ്യൽ മീഡിയ ടൂളുകൾ ഉപയോഗിച്ച് ശ്രദ്ധയെ കേന്ദ്രീകരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ കോർപറേറ്റുകൾ ഉണ്ടാക്കിവിടുന്ന അൽഗോരിതങ്ങൾ സത്യമോ പൊതുനന്മയോ അന്വേഷിക്കുന്നില്ല; അവർ ഈ രംഗത്തെ ഇടപെടൽ മാത്രമാണ് ആഗ്രഹിക്കുന്നത്.

സോഷ്യൽ മീഡിയ ടൂളുകൾ ഉപയോഗിച്ച് ശ്രദ്ധയെ കേന്ദ്രീകരിക്കുന്ന ഈ സമ്പദ്‌വ്യവസ്ഥയിൽ കോർപറേറ്റുകൾ ഉണ്ടാക്കിവിടുന്ന അൽഗോരിതങ്ങൾ സത്യമോ പൊതുനന്മയോ അന്വേഷിക്കുന്നില്ല; അവർ ഈ രംഗത്തെ ഇടപെടൽ മാത്രമാണ് ആഗ്രഹിക്കുന്നത്. അത് രോഷത്തിൽ നിന്നോ ധ്രുവീകരണത്തിൽ നിന്നോ തെറ്റായ വിവരങ്ങളിൽ നിന്നോ വന്നാലും, സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റുകയും ഇതിൽനിന്ന് പൊതുബോധനിർമിതി സാധ്യമാവുകയും അതിലൂടെ വിപണിയെ കീഴടക്കി ലാഭം കൊയ്യുക അല്ലെങ്കിൽ തങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമായ ഒരു പാവസമൂഹത്തെ സൃഷ്ടിക്കുക എന്നൊക്കെയുള്ള ഉദ്ദേശ്യങ്ങളോടു കൂടിയതാണ്. അവിടെ നടക്കുന്ന ഓരോ ലൈക്കും കമന്റും ഷെയറും യാഥാർഥ്യങ്ങളെക്കാൾ വേഗത്തിൽ വ്യാപിക്കുകയും ഒരു പൊതുബോധ രൂപീകരണത്തിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്ന യാഥാർഥ്യങ്ങൾ ആത്യന്തികമായ സത്യത്തിൽ നിന്ന് വ്യത്യസ്തമാണെങ്കിലും അത്തരം അഭിപ്രായങ്ങൾ ശരികളായി രൂപാന്തരപ്പെടുകയും സമൂഹം അതിലൂന്നി മുന്നോട്ട് പോവുകയും ചെയ്യും. ഇത് പലപ്പോഴും സമൂഹത്തെ അസ്ഥിരപ്പെടുത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനിടയാക്കുകയും ചെയ്യും. അത് അധ്വാനത്തെയും വിപണികളെയും മാത്രമല്ല, ചിന്തയെയും വികാരത്തെയും സമയത്തെയും വരെ കോളനിവൽക്കരിക്കുന്നു.

ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽനിന്ന് മാറിനിൽക്കുന്തോറും എന്തെങ്കിലും പ്രധാനപ്പെട്ട ഒന്ന് നമുക്ക് നഷ്ടപ്പെടും എന്ന ഭയവും ഉൽക്കണ്ഠയും മനസ്സിൽ രൂപപ്പെടുന്നു എന്നുള്ളതാണ് Fear of Missing Out (FOMO).

ജനാധിപത്യം അറ്റെൻഷൻ ഇക്കോണമിയുടെ
കൈയിലകപ്പെടുമ്പോൾ

നവലിബറലിസം വിപണിയെ എല്ലാത്തിന്റെയും അളവുകോലാക്കി കണക്കാക്കുമ്പോൾ അറ്റെൻഷൻ ഇക്കോണമി ജനാധിപത്യത്തെപ്പോലും ‘വിസിബിലിറ്റി’യുടെ ഉപോല്പന്നമായി മാറ്റുന്നു. ജനാധിപത്യത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയവ്യവഹാരങ്ങളുടെ വ്യതിരിക്തത എന്നത് ചർച്ചകളും സാമൂഹ്യ ഇടപെടലുകളും സാധ്യമാവുന്ന ഒരു ഇടം എന്നതായിരുന്നു. എന്നാൽ ഇവിടെ ക്ലിക്കുകളും വൈറലിറ്റിയും ചർച്ചകളുടെ സ്ഥാനം കയ്യടക്കുകയും അങ്ങനെ ലഭിക്കുന്ന ദൃശ്യതയിലൂടെ ജനകീയാഭിപ്രായം രൂപപ്പെടുകയും ചെയ്യുന്നു. ഈ സാധ്യതകളെയാണ് നമ്മുടെ പി ആർ ഏജൻസികളും സൈബർ തൊഴിലാളികളും സൈബറിടത്തിൽ ചൂഷണം ചെയ്യുന്നത്. യുക്തിസഹമായ വാദങ്ങളെയും നയപരമായ ചർച്ചകളെയും പൂർണമായും അദൃശ്യവൽക്കരിച്ച് അൽഗോരിതത്തിലൂടെ വളരെ വേഗം പൊതുജനാഭിപ്രായം രൂപീകരിക്കാനും കോപം, ഭയം, വെറുപ്പ് എന്നിവ ഉത്പാദിപ്പിച്ച് പടർത്താനും സോഷ്യൽ മീഡിയ നിയോ ലിബറൽ അറ്റെൻഷൻ ഇക്കോണമിയിൽ ഉപയോഗിക്കപ്പെടുന്നു.

നിയോ ലിബറൽ വ്യവസ്ഥയിൽ വിപണികൾ തന്നെയാണ് രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്നത്. ഇവിടെ നേതാക്കൾ അവരുടേതായ ബ്രാൻഡുകൾ സൃഷ്ടിക്കുന്നു, വോട്ടർമാർ ഉപഭോക്താക്കളായി മാറുന്നു. അറ്റെൻഷൻ ഇക്കോണമിയുമായി ബന്ധപ്പെടുത്തി നോക്കിയാൽ ഈ പ്രക്രിയയിൽ ബാലറ്റുകളിൽ വീഴുന്ന വോട്ടുകളെ നിർണയിക്കുന്ന ഘടകം ശ്രദ്ധ എന്നതാണെന്ന് മനസിലാക്കാം. ഇവിടെ യാഥാർഥ്യങ്ങളിലൂടെയല്ല മറിച്ച്, സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വസ്തുതകളിലൂടെയാണ് പോപ്പുലിസ്റ്റ് അഭിപ്രായങ്ങൾ രൂപപ്പെടുന്നത്. ഈ രീതിയിൽ യുക്തിസഹമായ ചർച്ച, വിശ്വാസം എന്നിവയെ ഇല്ലാതാക്കികൊണ്ട് അറ്റെൻഷൻ ഇക്കോണമി ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്നു.

മറ്റൊരുതരത്തിൽ പറഞ്ഞാൽ നവ ലിബറലിസവും അറ്റെൻഷൻ ഇക്കോണമിയും പരസ്പരം ഊർജം പകർന്ന് വളർന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. നിയന്ത്രണങ്ങളില്ലാതെ സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് പോളറൈസേഷൻ സൃഷ്ടിക്കാൻ വളരെ എളുപ്പമാണ്. ആ സാധ്യത ഉപയോഗപ്പെടുത്തി സർക്കാരുകളും രാഷ്ട്രീയപാർട്ടികളും അഭിപ്രായ ധ്രുവീകരണം നടത്തുകയും ആ മത്സരത്തിൽ വിജയിക്കുന്നവർ രാഷ്ട്രീയലാഭം കൊയ്യുകയുമാണ് ചെയ്യുന്നത്. പൊതുവിടങ്ങളിൽ നിന്നും കൂട്ടം ചേരലുകളിൽ നിന്നും അകന്നുകൊണ്ട്, നവ ലിബറലിസം മുന്നോട്ട് വച്ച സമാന്തര യാഥാർഥ്യത്തിന്റെ വ്യക്തിഗത ഫീഡുകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ശ്രദ്ധ കൈകാര്യം ചെയ്യാൻ എളുപ്പമാണെന്ന തിരിച്ചറിവിലൂടെ, ജനാധിപത്യത്തിന്റെ തുറന്ന ഇടങ്ങൾ ബോധപൂർവം കൊട്ടിയടയ്ക്കപ്പെടുന്നു. നവലിബറലിസം മുന്നോട്ടുവച്ച വ്യക്തിവാദത്തെ അറ്റെൻഷൻ ഇക്കോണമി നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

ഒരു പുതിയ ട്രെൻഡ്, ഒരു വൈറൽ വീഡിയോ, ഒരു ബ്രേക്കിംഗ് സ്റ്റോറി എന്നിവ സംഭവിച്ചേക്കാമെന്നും അത് നമുക്ക് നഷ്ടപ്പെടും എന്നുള്ള ചിന്ത വരുത്തി, ചൂഷണം ചെയ്യപ്പെടുന്ന രീതിയിലാണ് സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ഒരു പുതിയ ട്രെൻഡ്, ഒരു വൈറൽ വീഡിയോ, ഒരു ബ്രേക്കിംഗ് സ്റ്റോറി എന്നിവ സംഭവിച്ചേക്കാമെന്നും അത് നമുക്ക് നഷ്ടപ്പെടും എന്നുള്ള ചിന്ത വരുത്തി, ചൂഷണം ചെയ്യപ്പെടുന്ന രീതിയിലാണ് സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

‘FOMO’യും അറ്റെൻഷൻ ഇക്കോണമിയും

ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽനിന്ന് മാറിനിൽക്കുന്തോറും എന്തെങ്കിലും പ്രധാനപ്പെട്ട ഒന്ന് നമുക്ക് നഷ്ടപ്പെടും എന്ന ഭയവും ഉൽക്കണ്ഠയും മനസ്സിൽ രൂപപ്പെടുന്നു എന്നുള്ളതാണ് Fear of Missing Out (FOMO). പലപ്പോഴും സോഷ്യൽ മീഡിയയുടെ നിസ്സാര ഉപോൽപ്പന്നമായി ഇത് തള്ളിക്കളയപ്പെടുന്നു. വാസ്തവത്തിൽ, നവ ലിബറൽ ശ്രദ്ധാകേന്ദ്രമായ സമ്പദ്‌വ്യവസ്ഥയെ സുഗമമായി പ്രവർത്തിപ്പിക്കുന്ന മനഃശാസ്ത്രപരമായ ലൂബ്രിക്കന്റാണിത്. നമ്മൾ ഇല്ലാത്ത സമയത്ത് വളരെ പ്രധാനപ്പെട്ട ഒന്ന്, ഒരുപക്ഷെ ഒരു പുതിയ ട്രെൻഡ്, ഒരു വൈറൽ വീഡിയോ, ഒരു ബ്രേക്കിംഗ് സ്റ്റോറി എന്നിവ സംഭവിച്ചേക്കാമെന്നും അത് നമുക്ക് നഷ്ടപ്പെടും എന്നുള്ള ചിന്ത വരുത്തി, ‘ഫോമോ’ ചൂഷണം ചെയ്യപ്പെടുന്ന രീതിയിലാണ് നമ്മുടെ സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ എപ്പോഴും ഡിജിറ്റലി connected ആയിരിക്കാൻ നാം ശ്രദ്ധയും സമയവും ചെലവാക്കുന്നു. അവിടെ നമ്മുടെ ഗൗരവമായ വായന, പഠനം, ചർച്ചകൾ, കുടുംബങ്ങളിൽ ചെലവഴിക്കുന്ന സമയം ഇവയൊക്കെ നഷ്ടപ്പെടുകയും നാം കൂടുതൽ കൂടുതൽ വ്യക്തികേന്ദ്രീകൃതമായ ജീവിതം നയിക്കുകയും ചെയ്യുന്നു. ‘ഫോമോ’ സൃഷ്ടിച്ചെടുക്കുന്ന ഈ ഭീതി എന്നത്, നവ ലിബറലിസത്തിന്റെ യുക്തി ഡിജിറ്റൽ കാലത്തേക്ക് വിവർത്തനം ചെയ്യപ്പെടുന്നു എന്നതാണ്. നമ്മുടെ വിജയങ്ങളും ജീവിതവും നമ്മുടെ മാത്രം ഉത്തരവാദിത്തമാണെന്ന ബോധസൃഷ്ടിയിലൂടെ നവ ലിബറൽ സാംസ്‌കാരിക അധിനിവേശം നമ്മുടെ ജീവിതത്തിൽ നാമറിയാതെ തന്നെ വ്യാപിക്കുന്നു. ഇങ്ങനെ നവ ലിബറലിസവും ‘ഫോമോ’യും അറ്റെൻഷൻ ഇക്കോണമിയും ഒരു ത്രികോണം പോലെ നിലകൊള്ളുന്നു. നവ ലിബറൽ വ്യവസ്ഥ വ്യക്തിഗത ഉത്തരവാദിത്തത്തിന്റെ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുമ്പോൾ അറ്റെൻഷൻ ഇക്കോണമി ശ്രദ്ധ കേന്ദ്രീകരണത്തിലൂടെ ദൃശ്യത നിലനിർത്തുന്ന പ്രാധാന്യത്തെക്കുറിച്ചു പറയുന്നു. ‘ഫോമോ’യാകട്ടെ ഈ വ്യവസ്ഥയിൽ ശ്രദ്ധയെ ഉപയോഗപ്പെടുത്തി നമ്മൾ സ്വമേധയാ സന്തോഷിക്കുന്നു എന്ന ഉറപ്പു വരുത്തുന്നു.

ഇപ്രകാരം ദൃശ്യത്തെ നിലനിർത്തുന്നതിനും ഡിജിറ്റലി connected ആയിരിക്കുന്നതിനും ‘ഫോമോ’ മൂലം ഏതു പാതിരാത്രിയിലും നമ്മൾ ന്യൂസ് ഫീഡുകളിലേക്കും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലേക്കും വാട്സാപ്പ് സ്റ്റാറ്റസുകളിലേക്കും മാറിമാറി ബട്ടണുകൾ അമർത്തുമ്പോൾ നമ്മുടെ ആശങ്കയെയും ഉത്ക്കണ്ഠയെയും ഭീതിയെയും ജിജ്ഞാസയെയും സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകൾ മോണിറ്റൈസ് ചെയ്യുന്നു. ശോഷണ സുബോഫിന്റെ സർവലയൻസ് ക്യാപിറ്റലിസത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ ഈ ട്രാപ്പിന്റെ യഥാർഥ വശങ്ങളെക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കൂ:

“നമ്മുടെ ശ്രദ്ധ എന്നത് ഈ പ്ലാറ്റുഫോമുകളിലൂടെ അസംസ്കൃത ഡാറ്റയായി ശേഖരിക്കപ്പെടുന്നു, എന്നിട്ട് നമ്മുടെ തന്നെ ഭാവിനീക്കങ്ങളെയും ഉപഭോഗരീതികളെയും രൂപപ്പെടുത്തുന്ന പ്രവചന സംവിധാനങ്ങളിലേക്ക് നൽകുന്നു’’.
ഇവിടെ FOMO തന്നെയാണ് ഇതിനുള്ള കാരണവും ഇതിന്റെ പരിണതഫലവും - നമ്മുടെ അസാന്നിധ്യം മൂലം വസ്തുതകൾ നഷ്ടപ്പെടുന്നു എന്ന ഭയം ഡിജിറ്റൽ ലോകത്തെ നമ്മുടെ ഇടപെടലുകൾ സജീവമാക്കി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നു, ആ ഇടപെടലിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന ഡാറ്റ ഈ സിസ്റ്റത്തോട് കൂടുതൽ ആസക്തി ഉളവാക്കുന്നവരായി നമ്മെ പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ അറ്റെൻഷൻ ഇക്കോണമിയിൽ ശ്രദ്ധയെ പിടിച്ചു നിർത്താനാവശ്യമായ ഏറ്റവും വിശ്വസനീയമായ മനഃശാസ്ത്ര സംവിധാനമായി ‘ഫോമോ’ ഉപയോഗിക്കപ്പെടുന്നു.

Comments