ജനനേന്ദ്രിയം
ത്രസിക്കുന്നത്

ശരീരത്തിന്റെ മറ്റ് ഭാഗത്ത് തൊടുമ്പോൾ ഇല്ലാത്ത എന്താണ് ജനനേന്ദ്രീയത്തിൽ? എതുതരം സംവേദനങ്ങളാന് ഈ വ്യത്യാസം സൃഷ്ടിക്കുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായി പുതിയ പഠനങ്ങൾ എത്തിയിരിക്കുന്നു. എതിരൻ കതിരവൻ എഴുതുന്ന ശാസ്ത്രപരമ്പര- എപ്പിസ്റ്റീം- തുടരുന്നു.

EPISTEME- 7

ലൈംഗികത പരിണാമത്തിന്റെ ഭാഗമാണ്.
പുനരുൽപ്പാദനമാണ് ഒരു സ്പീഷീസിനെ നിലനിർത്തുന്നത്. ഇണചേരുക എന്നത് ജീവികളുടെ പ്രാഥമിക ആവശ്യവും. ശരീരം അതിനുവേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും പരിപൂർണമായും പ്രവർത്തനനിരതയോടെയും തയ്യാറാക്കി നിർത്തിയിട്ടുണ്ടാവും, പ്രായപൂർത്തിയാകുമ്പോഴേക്കും. തലച്ചോറിലെ ഹൈപ്പോതലാമസും അനുബന്ധ ഭാഗങ്ങളും ഉചിതമായ അനുഭവത്തിൽ ആഹ്ലാദിക്കാൻ കാത്തിരിക്കുന്നുണ്ടാവും. പരമകാഷ്ഠയിലുള്ള സുഖാനുഭൂതി ഈ പ്രക്രിയയ്ക്ക് നൽകണമെന്നും പരിണാമം വിധിയ്ക്കുന്നു. ലൈംഗികത എന്നത് പരിണാമം ജീവികൾക്ക് നൽകിയ ജന്മാവകാശമാണ്.

സസ്തനികൾക്ക് ഇണചേരൽ ഒരു അനുഷ്ഠാനം പോലെയാണ്. കാഴ്ച, കേൾവി, മണം തുടങ്ങിയവ ഉൾപ്പെടുന്ന പ്രദർശനങ്ങളുണ്ട്. സ്പർശമാണ് പിന്നീട് വരുന്നത്, ഉമ്മ വെയ്ക്കൽ ഉൾപ്പെടെ. ലൈംഗികാവയവങ്ങളുടെ സ്പർശം ഇതിൽ പ്രധാനമാണ്, ചിലപ്പോൾ പ്രകമ്പനങ്ങളും (vibrations). ഈ സ്പർശവും പ്രകമ്പനങ്ങളും ആണുങ്ങളിൽ ലിംഗോദ്ധാരണവും പെണ്ണുങ്ങളിൽ കൃസരി (clitoris) വിജൃംഭിക്കലും സാദ്ധ്യമാക്കുന്നു. ഈ സമയത്തുതന്നെ തലച്ചോറിലേക്ക് സന്ദേശങ്ങൾ പോകുന്നുണ്ട്. അതിന്റെ കോർടെക്സിൽ (ഉപരിതല അടര്) പ്രത്യേക ഇടങ്ങൾ നിജപ്പെടുത്തിയിട്ടുണ്ട്, ഈ സന്ദേശം ഹൈപോതലാമസിനേയും മറ്റും അറിയിക്കാൻ.
പ്രതിഫല കേന്ദ്രങ്ങൾ ഉണരുകയായി, വേഴ്ച തുടരാനുള്ള പ്രേരണ കണിശമായി ശരീരത്തെ അറിയിക്കുകയും ചെയ്യുന്നു. ഈ പ്രാഥമിക ത്രസനം പിന്നീട് സംഭോഗത്തിലേക്ക് നയിക്കുകയാണ്. ലിംഗ-യോനീ സംഗമവും ഉരസലുകളും പ്രകമ്പനങ്ങളും ആ ഇടങ്ങളിലൊക്കെയുള്ള ഞരമ്പ് അഗ്രങ്ങളെയും സ്വീകരിണീകളെയും ത്രസിപ്പിക്കും. ഇത് തലച്ചോറിൽ അത്യാനന്ദമുളവാക്കും.

സസ്തനികൾക്ക് ഇണചേരൽ ഒരു അനുഷ്ഠാനം പോലെയാണ്. ലൈംഗികാവയവങ്ങളുടെ സ്പർശം ഇതിൽ പ്രധാനമാണ്.

ശരീരത്തിന്റെ മറ്റ് ഭാഗത്ത് തൊടുമ്പോൾ ഇല്ലാത്ത എന്താണ് ജനനേന്ദ്രീയത്തിൽ? എതുതരം സംവേദനങ്ങളാന് ഈ വ്യത്യാസം സൃഷ്ടിക്കുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായി പുതിയ പഠനങ്ങൾ എത്തിയിരിക്കുന്നു.

സ്പർശം അറിയുന്നതിന്റെ ഫിസിയോളജി വിദിതമായിട്ട് അധികം നാളായിട്ടില്ല. ത്വക്കിനടിയിലുള്ള ഞരമ്പാഗ്രങ്ങളിലെ ചെറിയ ‘ബൾബുകൾ’ (Nociceptors) ചൂട്, വേദന, സമ്മർദം തുടങ്ങിയ ഇന്ദ്രിയാനുഭൂതികളെ (sensations) തലച്ചോറിലെത്തിക്കുന്നവയാണ്. സ്പർശം അതിലൊന്നുമാത്രം, സമ്മർദ്ദവുമായി ബന്ധപ്പെട്ടത്. Mechano receptors എന്ന വകുപ്പിൽ പെടുന്നതാണിത്. PIEZO 2 എന്നൊരു വകുപ്പ് പ്രോട്ടീനുകളാണ് ഈ സംവേദനങ്ങൾ നിർമ്മിക്കുന്നത്. കോശങ്ങളുടെ ഉപരിതലത്തിൽ വരുന്ന യന്ത്രപ്രവർത്തനപരമായ അനുഭൂതികളെ, ന്യൂറോസംവേദനങ്ങളാക്കി മാറ്റുകയാണ് ഇവയുടെ പ്രധാന പണി. എന്നുവെച്ചാൽ ഈ ചാനലുകൾ യാന്ത്രികമായ ശക്തികളെ ജൈവപരമായ സൂചനകളാക്കി മാറ്റാൻ ഇടനിലക്കാരാകുന്നു.

Four types of sensory neurons and their receptor cells. / Photo: Wikimedia Commons

ലൈംഗികാവയവങ്ങളിന്മേലുള്ള മൃദുസ്പർശം സൂക്ഷ്മായ സമ്മർദ്ദമാണ്. ഇത് PIEZO 2 ചാനലുകൾ തുറക്കുകയും ന്യൂറൽ സിഗ്നൽ ആയി മാറ്റപ്പെടുകയുമാണ്. തലച്ചോറിനെ അറിയാക്കാനുള്ള പ്രാരംഭനടപടിയുടെ സൂത്രധാരനാണ് ഈ PIEZO 2. കഴിഞ്ഞവർഷം നോബെൽ സമ്മാനം നേടിയ പഠനം PIEZO ചാനൽ പ്രോട്ടീനുകളെപ്പറ്റിയായിരുന്നു. ലൈംഗികാവയവങ്ങളിന്മേൽ നിബന്ധിച്ച PIEZO 2 ചാനലുകളാണ് വേഴ്ച ഉഷാറാക്കുന്നതും ലിംഗ-യോനീ ബന്ധത്തിലേക്ക് നയിക്കുന്നതും ഓർഗാസത്തിലെത്തിച്ച് അതിസുഖാനുഭൂതി തലച്ചോറ് കേന്ദ്രങ്ങളിൽ ഉണർവിടുന്നതും. പ്രത്യുൽപ്പാദനത്തിനും അതുവഴി സ്പീഷീസിനെ നിലനിർത്തി പരിണാമം സംഭവിപ്പിക്കാനുമുതകുന്ന പ്രോട്ടീൻ എന്നുതന്നെ വിശേഷിപ്പിക്കാം, PIEZO 2-വിനെ.

ലൈംഗികാവയവങ്ങളിന്മേൽ നിബന്ധിച്ച PIEZO 2 ചാനലുകളാണ് വേഴ്ച ഉഷാറാക്കുന്നതും ലിംഗ-യോനീ ബന്ധത്തിലേക്ക് നയിക്കുന്നതും ഓർഗാസത്തിലെത്തിച്ച് അതിസുഖാനുഭൂതി തലച്ചോറ് കേന്ദ്രങ്ങളിൽ ഉണർവിടുന്നതും.

സസ്തനികളുടെ ഗുഹ്യഭാഗത്ത് ഈ mechano receptors എമ്പാടും വാരിവിതറിയിട്ടുണ്ട്. നിശ്ചിത അളവിലുള്ള ഒരു ഇടം എടുക്കുകയാനെങ്കിൽ ഇവയുടെ സാന്ദ്രത കൂടുതലാണെന്നുകാണാം. ശരീരത്തിൽ മറ്റിടങ്ങളിൽ ഈ വിന്യാസം കാണാറില്ല. തലച്ചോറിലെ ‘പ്രതിഫല കേന്ദ്ര’മാണ് സുഖാനുഭൂതി പ്രദാനം ചെയ്യുന്നത്. ഈ ഇടത്തിലേക്ക് നേരിട്ടെത്തുകയാണ് ലൈംഗികാവയവങ്ങളിൽ നിന്നുള്ള പലമടങ്ങിലുള്ള സംവേദനങ്ങൾ. അതുകൊണ്ട് മറ്റിടങ്ങളിലെ മൃദുസ്പർശം ആഹ്ളാദകരമാകുന്നില്ല. PIEZO 2 ചാനലുകളാവട്ടെ അതിയായ സമ്മർദ്ദവും (High-threshold mechano receptors -HTMRs) മൃദുസ്പർശവും ( Low- threshold mechano receptors- LTMRs) അനുഭവിച്ചറിയാനുള്ള വെവ്വേറേ സ്വീകരിണികളുള്ളവയാണ്.

സസ്തനികളുടെ ഗുഹ്യഭാഗത്ത് ഈ mechano receptors എമ്പാടും വാരിവിതറിയിട്ടുണ്ട്. നിശ്ചിത അളവിലുള്ള ഒരു ഇടം എടുക്കുകയാനെങ്കിൽ ഇവയുടെ സാന്ദ്രത കൂടുതലാണെന്നുകാണാം. / Photo: Michelangelo's David, Wikimedia Commons

HTMRs കഠിനസമ്മർദ്ദം ഏറ്റെടുക്കുന്നവയും വേദന അനുഭവിപ്പിക്കുന്നതുമാണ്. LTMRs-ൽ നിന്ന് മൂന്നുതരം തന്തുക്കൾ ഉദ്ഭവിക്കുന്നു, രണ്ടെണ്ണം പ്രകമ്പനങ്ങളും (vibrations) വസ്തുക്കളുടെ പരുപരുപ്പ് (texture) അറിവും തലച്ചോറിനെ അറിയിക്കുന്നവയാണ്. മൂന്നാമത്തേത് സുഖാനുഭൂതി സ്പർശം അറിയിക്കുന്നതും. ആദ്യം ഈ സംവേദനങ്ങൾ സുഷുമ്നാകാണ്ഡത്തിലാണ് (spinal cord) എത്തുന്നത്, അവിടെ സ്പർശങ്ങളെ തരംതിരിച്ച് അടുക്കിയെടുത്ത് തലച്ചോറിനെ അറിയിക്കും. ഗുഹ്യഭാഗത്ത് കൂടുതലായുള്ളതും മൂന്നാമത്തെ ഇനത്തിൽപ്പെടുന്ന തന്തുക്കളാണ്. അതുകൊണ്ട് സ്പർശങ്ങൾ ആഹ്ലാദപരമാണെന്ന് തലച്ചോർ തീരുമാനിക്കയാണ്. മാത്രമല്ല ഈ mechano receptors സൂക്ഷ്മസംവേദനക്ഷമതയുള്ളവയുമാണ്. ലിംഗ-യോനി ഉരസലുകളും മുന്നോട്ടും പിന്നോട്ടുമുള്ള ആന്ദോളനങ്ങളും ഈ ചാനലിനെ തീവ്രമായി ഉണർത്തിയെടുക്കുകയും തലച്ചോറിലേക്ക് സംവേദനങ്ങൾപായിക്കുകയുമാണ് സംഭോഗത്തിന്റെ ഇലക്ട്രോ ഫിസിയോളജി എന്നുതന്നെ പറയാം.

PIEZO 2 ചാനലുകൾ ചെറിയ സമ്മർദ്ദ വ്യത്യാസത്താൽ തുറക്കുകയാണ്, പ്രധാനമായും കാൽഷ്യം അയണുകളെ കോശങ്ങൾക്കകത്ത് പ്രവേശിപ്പിക്കുകയാണ്. ഇതാണ് ന്യൂറോണുകളിൽ വൈദ്യുത തരംഗങ്ങൾ ഉളവാക്കുന്നത്. ഇതാണ് സുഷുമ്നാകാണ്ഡം വഴി തലച്ചോറിലെത്തുന്നത്. മനുഷ്യനൊഴിച്ച് മറ്റ് സസ്തനികൾ രോമാവൃതമാകയാൽ ഈ സ്വീകരണികൾ അവരുടെ രോമകൂപങ്ങൾക്കടുത്തായാണ് കാണപ്പെടുന്നത്. രോമങ്ങളിൽ തടവിയാൽ മാത്രം അനുഭൂതി പകർന്നുനൽകിയേക്കാം എന്നർത്ഥം. ഗുഹ്യഭാഗത്ത് ധാരാളം രോമങ്ങൾ വിന്യസിക്കാനുള്ള ഒരു കാരണം ഇതായേക്കാം.

സസ്തനികൾ രോമാവൃതമാകയാൽ ഈ സ്വീകരണികൾ അവരുടെ രോമകൂപങ്ങൾക്കടുത്തായാണ് കാണപ്പെടുന്നത്. രോമങ്ങളിൽ തടവിയാൽ മാത്രം അനുഭൂതി പകർന്നുനൽകിയേക്കാം എന്നർത്ഥം. / Painting by Konrad Biro

എലികളിലുമൊക്കെ മലദ്വാരത്തിനും ലിംഗ/യോനീതടത്തിനും ഇടയ്ക്കുള്ള ‘പെരിനിയം’ വളരെ ലൈംഗികസംവേദനക്ഷമതയുള്ള ഇടമാണ്. യു. എസിൽ ബെതെസ്ഡയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഡോ. ലാം, ഡോ. ചെസ്ലെർ എന്നിവരും കൂട്ടരും നയിച്ച പരീക്ഷണങ്ങൾ, എലികളിൽ ഈ പെരിനിയ ഉത്തേജനത്താൽ PIEZO 2 ചാനലുകൾ ലൈംഗികധർമ്മം എങ്ങനെ നിറവേറ്റുന്നു എന്നത് തെളിയിച്ചിരിക്കുകയാണ്. മനുഷ്യരിൽ സമാനമായ പ്രവർത്തികൾ നടപ്പാകുന്നു എന്നും നിരീക്ഷിച്ചിരിക്കുന്നു, ഡോ. ലാമും കൂട്ടരും.

ജീൻ അപഭ്രംശം സംഭവിച്ചവർക്ക് മൃദുസ്പർശം ഉത്തേജനം നൽകുന്നില്ല, ആണുങ്ങളിൽ ലിംഗോദ്ധാരണം സംഭവിക്കുന്നില്ല. ഇതേ അപഭ്രംശം സംഭവിച്ച സ്ത്രീകളിൽ ഓർഗാസം സംഭവിക്കുന്നില്ല എന്നും അറിവായിട്ടുണ്ട്

PIEZO 2 പ്രോട്ടീൻ ജീൻ നോക്കൗട്ട് വിദ്യകളാൽ ഇല്ലാതാക്കിയ എലികളിൽ, പെരിനിയത്തിലെ മൃദുസ്പർശം ലിംഗോദ്ധാരണത്തിനു വഴിവെച്ചില്ല. സാധാരണ എലികളിൽ ഇത് സംഭവിക്കുന്നുണ്ടുതാനും. എന്നാൽ ഒരു സൂചി കൊണ്ടുള്ള കുത്തലിന് പ്രതികരണമുണ്ടാവുകയും ചെയ്തു, മറ്റ് സംവേദനങ്ങൾ കുറ്റമറ്റതായി പ്രവർത്തിക്കുന്നു എന്നതിനു തെളിവായി.
പെൺ എലികളിലും ഈ ജീൻ മാറ്റപ്പെട്ടാൽ ഉത്തേജനം സംഭവിക്കുന്നില്ല, ഇണചേരലിനു തയാറാകുന്നില്ല എന്ന് പിന്നീട് തെളിവായി.

മൃദുസ്പർശ പരിണതികൾ സുഷുമ്നാകാണ്ഡത്തിലേക്ക് എത്തിക്കുന്ന തന്തുക്കളാണ് ലിംഗോദ്ധാരണത്തിനു വഴിതെളിയ്ക്കുന്നതെന്നും നിരീക്ഷിക്കപ്പെട്ടു. PIEZO 2 പ്രൊട്ടീൻ ചാനലുകൾ ലിംഗാഗ്രത്തിലും (glans penis) ലിംഗാഗ്രചർമത്തിലും (prepuce) യോനീമുഖത്തിലും ഉള്ളിലും നിജപ്പെടുത്തിയിട്ടുണ്ട് എന്നും ഈ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ ജീൻ ലോപിക്കപ്പെട്ട എലികൾ ഒരിക്കലും ഇണചേരലിനു തയാറായില്ല എന്നതും ദീർഘകാല നിരീക്ഷണങ്ങൾ സൂചിപ്പിച്ചു. സാധാരണ പ്രദർശിപ്പിക്കാറുള്ള ഇണചേരൽ അനുഷ്ടാനങ്ങളൊന്നും ഈ എലികളിൽ കാണപ്പെട്ടില്ല. മൃദുസ്പർശത്താൽ ഉത്തേജനവും ഉദ്ധാരണവും തദ്വാരാ ലിംഗ- യോനീ സംഗമവും സാധിച്ചെടുക്കാൻ PIEZO 2 ചാനലുകൾ അത്യാവശ്യമാണെന്ന് കൃത്യമായി തെളിയിക്കപ്പെടുകയാണ് ഈ പരീക്ഷണങ്ങളാൽ.

The homotrimeric structure of PIEZO2 / Photo: researchgate.net

മനുഷ്യരിൽ ചിലപ്പോൾ PIEZO 2 ജീൻ നിർവ്വീരീകരിക്കപ്പെട്ട അവസ്ഥകളുണ്ട്, അപൂർവ്വമായിട്ടെങ്കിലും. അവരെ നിരീക്ഷിക്കാനും ഈ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ജീൻ അപഭ്രംശം സംഭവിച്ചവർക്ക് മൃദുസ്പർശം ഉത്തേജനം നൽകുന്നില്ല, ആണുങ്ങളിൽ ലിംഗോദ്ധാരണം സംഭവിക്കുന്നില്ല. ഇതേ അപഭ്രംശം സംഭവിച്ച സ്ത്രീകളിൽ ഓർഗാസം സംഭവിക്കുന്നില്ല (anorgasmia) എന്നും അറിവായിട്ടുണ്ട്, ആണുങ്ങളിലാവട്ടെ ‘അപൂർണ ഓർഗാസം’ (hypo-orgasm) മാത്രം. എങ്കിലും മനുഷ്യരിൽ PIEZO 2 പ്രവർത്തനരഹിതമായാൽ തന്നെയും ചില ലൈംഗികാനുഭൂതികൾ സാധ്യമാണ്. മറ്റ് തരത്തിലുള്ള സംവേദനങ്ങൾ മറ്റ് ജീനുകളുടെ ഇടപെടലുകൾ കൊണ്ട് സാദ്ധ്യമാകുന്നുണ്ടായിരിക്കാം എന്നാണ് അനുമാനം.

ലൈംഗിക ദുഷ്ക്രിയത്വം മനുഷ്യരിൽ അത്ര വിരളമല്ല. പലപ്പോഴും കാരണങ്ങൾ കണ്ടെത്താൻ പ്രയാസവുമാവാറുണ്ട്.

ലൈംഗികബന്ധങ്ങൾ സഫലമാക്കാൻ ഹോർമോണുകളുടെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ചും റ്റെസ്റ്റൊസ്റ്റെറോണിന്റെയും FSH-ന്റെയും (Follicle stimulating hormone), അത്യാവശ്യമാണെന്നുള്ളത് സുവിദിതമാണ്. ചോദനകളുടെ നിയന്ത്രണകേന്ദ്രമായ ഹൈപ്പോതലാമസ്, ഹോർമോൺ നിർമ്മാണ / നിയന്ത്രണകേന്ദ്രമായ പിറ്റുവിറ്ററി, ലൈംഗികാവയവങ്ങൾ എന്നിവ തമ്മിൽ ഒരു അച്ചുതണ്ട് (Hypothalalmus-pituitary-gonads axis) രൂപീകരിക്കപ്പെടുന്നു. ഇതിന്റെ കുറ്റമറ്റ പ്രവർത്തനം ഇണചേരലിനു നിദാനവുമാണ്. എന്നാൽ PIEZO 2 ജീൻ ന്യൂനീകരിച്ച എലികളിൽ ഈ അച്ചുതണ്ട് സുഗമമായി പ്രവർത്തിക്കുന്നുണ്ട്. ജീൻ മാറ്റം അതിനെ സ്വാധീനിക്കുന്നില്ല. ഹോർമോൺ പ്രവർത്തനങ്ങൾ പതിവിൻപടി തീർപ്പാക്കുന്നുമുണ്ട്. പക്ഷേ ഇണചേരൽ സാദ്ധ്യമാകണമെങ്കിൽ PIEZO 2 ചാനലുകൾ അതിന് പശ്ചാത്തലം ഒരുക്കേണ്ടിയിരിക്കുന്നു, നിർബ്ബന്ധിതമായി.

ലൈംഗിക ദുഷ്ക്രിയത്വം (Sexual dysfunction) മനുഷ്യരിൽ അത്ര വിരളമല്ല. പലപ്പോഴും കാരണങ്ങൾ കണ്ടെത്താൻ പ്രയാസവുമാവാറുണ്ട്. PIEZO 2 ജീനിന് മ്യുട്ടേഷൻ സംഭവിച്ച ചിലരുണ്ട്. അവർക്ക് സന്ധിബന്ധങ്ങളെക്കുറിച്ചുള്ള വെളിപാടുകൾ കുറവാണ്. സ്പർശം അറിയാൻ വിഷമമുണ്ട്, ലൈംഗികാവയവങ്ങൾക്ക് പ്രകമ്പനങ്ങളറിയാൻ (vibration sensing) സാധിക്കില്ല, നട്ടെല്ലിന് വളവ് കണ്ടേയ്ക്കാം. എങ്കിലും അവർ ലൈംഗിക പക്വത (puberty) ആർജ്ജിക്കുന്നുണ്ട്, സുഗമമായി. പക്ഷെ മൃദുസ്പർശോത്തേജനമോ കൃസരി / ലിംഗോദ്ധാരണമോ സംഭവിക്കുന്നില്ല. സ്ത്രീകളിൽ വേദനാജനകമായ സംഭോഗം ഒരു പരാതിയായിത്തന്നെയുണ്ട്. PIEZO 2 ജീനിന്റെ അമിതപ്രവർത്തനമാണോ എന്ന് പഠിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം ഈ ജീനിനെക്കുറിച്ചും അത് നിർമ്മിക്കുന്ന ചാനൽ പ്രോട്ടീനെക്കുറിച്ചും കൂടുതൽ അറിയേണ്ടതുണ്ട്. ലൈംഗികതാ അപഭ്രംശങ്ങളെ എങ്ങനെ നേരിടമെന്ന അറിവുകൾ ലഭിക്കാൻ സാധ്യത തെളിയുന്നു. ഈ ജീനിനെ ഉണർത്തിയെടുക്കാനോ നിയന്ത്രണത്തിലാക്കാനോ സാധിക്കുന്നതിലൂടെ, ലൈംഗികതാ അപഭ്രംശങ്ങൾക്ക് ചികിൽസാവിധി സാധ്യമാക്കിയേക്കും.

Reference:
1. Ranade, S. S., Woo, S-H., Dubin A. E. and Patapoutian A.- Piezo 2 is the major transducer of mechanical forces for touch sensation in mice. Nature 516:121-125 2014.
2. Lam, R. M., Buchholtz, L. J., Falgairolle, M. and Chesler, A. T.- PIEZO 2 and perineal mechanosensation are essential for sexual function. Science 381:906-910 2023.
3.-George A. J. and Abraira V. E.- Good vibrations Science 381; 832-833 2023.
4. Garcia-Mesa, Y., Garcia-Piqueras, J. and Vega J. A.- Senosry innervation of the human male prepuce: Meinsser's corpuscles predominate . Journal of Anatomy 239:892-902 2021.
5.-Garcia-Mesa., carcaba, L, Coronado, C. and Vega J. A.- Glans clitoris innervation: PIEZO 2 and sexual mechanosensitivity. Journal of Anatomy 238:446-454 2021.
6.-Calabro R. S., Cacciola, A., Bruschetta, D. and Anastasi G.- Neuroanatomy and function of human sexual behavior: A neglected or unknown issue? Brain and Behavior http://doi. Org/10.1002/brb3.1389 .2019.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments