അമേരിക്കയുടെ ChatGPT ചൈനയുടെ DeepSeek, ഒപ്പം ഗോവിന്ദൻ മാഷുടെ സോഷ്യലിസ്റ്റ് തിയറിയും

“ആധുനിക കാലത്ത് വിപ്ലവത്തിന്റെ മാർക്സിയൻ ദർശനങ്ങൾക്ക് ഒരു പുതിയ അൽഗോരിതം രൂപപ്പെട്ടുവരുന്നുണ്ട്. നിർമ്മിത ബുദ്ധിയും മാർക്സിയൻ കാഴ്ചപ്പാടും തമ്മിൽ ഉൽപ്രേക്ഷിക്കാവുന്നതാണെന്ന് ഗോവിന്ദൻ മാഷ് പറയുന്നു. ഗോവിന്ദൻ മാഷുടെ വാദങ്ങളിലൂടെയല്ലാതെ തന്നെ, നിർമ്മിത ബുദ്ധിയും മൂലധനവും തമ്മിൽ ഒരു സാമ്പത്തിക രാഷ്ട്രീയ യുദ്ധത്തിന് തുടക്കമായിട്ടുണ്ട് എന്നു കാണാൻ കഴിയും,” വി.കെ. ശശിധരൻ എഴുതുന്നു.

AI ഒരേസമയം സാദ്ധ്യതകളുടെയും വെല്ലുവിളികളുടെയും പുതുയുഗത്തിലേക്കാണ് നമ്മെ നയിക്കുന്നത്. മനുഷ്യൻ കണ്ടതും കേട്ടതും മണത്തതും രുചിച്ചതും അനുഭവിച്ചതുമായ എന്തും കമ്പ്യൂട്ടറുകളെ പഠിപ്പിച്ചെടുക്കാവുന്നതേയുള്ളു. പണ്ട് പണ്ട്, എന്നുവെച്ചാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഏത് ചോദ്യവും നാം ഗൂഗിളിനോട് ചോദിച്ചിരുന്നു. നിലവിലുള്ള വിവരശേഖരത്തിൽ മുങ്ങിത്തപ്പി ഗൂഗിൾ നമുക്ക് വിവരങ്ങൾ എത്തിച്ചു തരുമായിരുന്നു. നാം വലിയൊരളവോളം അതിൽ സംതൃപ്തരുമായിരുന്നു. പക്ഷെ, ഞാനും നിങ്ങളുമെല്ലാം ഇപ്പോൾ ഗൂഗിൾ ചെയ്യുന്നതിനു പകരം ചാറ്റ് ജിപിടിയോടാണ് ചോദ്യങ്ങളുന്നയിക്കുന്നത്. Open AI വഴിയാണ് ചാറ്റ് ജിപിടി എന്ന ഘടാഘടിയൻ രംഗപ്രവേശം ചെയ്തത്. തുടക്കത്തിൽ അതൊരു സാമൂഹ്യപ്രതിബദ്ധ സംരംഭമായിരുന്നു താനും. അങ്ങനെയാണ് ജിപിടിയും ജിപിടി-2ഉം മൂന്നും മൂന്നരയുമെല്ലാം പുറത്തുവന്നത്. സാമൂഹ്യ പ്രതിബദ്ധത പ്രാവർത്തികമാക്കാൻ പണം വേണമെന്ന തിരിച്ചറിവുണ്ടാവുകയും കണ്ടവരോടെല്ലാം കൈനീട്ടേണ്ട അവസ്ഥ വരികയും, ആദ്യഘട്ടത്തിൽ സാമ്പത്തിക സഹായം ചെയ്തുപോന്ന ഇലോൺ മസ്കിനെപ്പോലുള്ളവർ പിൻവാങ്ങുകയും ചെയ്തപ്പോൾ രംഗപ്രവേശം ചെയ്ത മൈക്രോസോഫ്റ്റ് അടക്കമുള്ള ബഹുരാഷ്ട്രന്മാരോട് കൈകോർക്കാൻ Open AI നിർബ്ബന്ധിതമായി. പകരം Open AIയുടെ ഗവേഷണ ഫലങ്ങളുടെ ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റിനടക്കം യഥേഷ്ടം ഉപയോഗിക്കാനാവുന്ന അവസ്ഥ വരികയും ചെയ്തു. ചാറ്റ് ജിപിടി 3.5 വരെ പുലർത്തിപ്പോന്ന സൌജന്യം പിന്നീട് ഇല്ലാതായി. പുതിയ ചാറ്റ് ജിപിടി എന്നത് പണം നൽകിയാൽ മാത്രം ലഭ്യമാവുന്ന സേവനമായി മാറി. മൈക്രോസോഫ്റ്റ് ഉചിതമായ ഘട്ടത്തിൽ ചാറ്റ് ജിപിടിയുടെ സാദ്ധ്യതകൾ അവരുടെ സെർച്ച് എഞ്ചിനായ ബിങ്ങിൽ ഉൾപ്പെടുത്തി. ഇക്കാലമത്രയും ഗൂഗിൾ ചെയ്തവർ പുതിയ കാലഘട്ടത്തിൽ ബിങ്ങ് ചെയ്യാൻ തുടങ്ങി.....

 ചാറ്റ് ജിപിടി 3.5 വരെ പുലർത്തിപ്പോന്ന സൌജന്യം പിന്നീട് ഇല്ലാതായി. പുതിയ ചാറ്റ് ജിപിടി എന്നത് പണം നൽകിയാൽ മാത്രം ലഭ്യമാവുന്ന സേവനമായി മാറി.
ചാറ്റ് ജിപിടി 3.5 വരെ പുലർത്തിപ്പോന്ന സൌജന്യം പിന്നീട് ഇല്ലാതായി. പുതിയ ചാറ്റ് ജിപിടി എന്നത് പണം നൽകിയാൽ മാത്രം ലഭ്യമാവുന്ന സേവനമായി മാറി.

അതായത്, പ്രമുഖ കോർപ്പറേറ്റ് ഭീമന്മാരുടെ കച്ചവട താൽപ്പര്യങ്ങൾ Open AI പ്രോജക്റ്റിനെ വിഴുങ്ങി. നിയമാനുസൃതമല്ലാതെയുള്ള AI ട്രെയിനിങ്ങുകളും ഉൽപ്പന്നങ്ങളും കമ്പോളത്തിലെത്തി. ന്യായമായോ, അന്യായമായോ ഡാറ്റകൾ കൈകാര്യം ചെയ്യപ്പെട്ടു തുടങ്ങി. സത്യസന്ധരായ പലരും കലഹമുയർത്തി. ഉന്മൂലനം ചെയ്തും വശീകരിച്ചും എതിർപ്പുകളെ ഇല്ലാതാക്കി....

ആധുനിക കാലത്ത് വിപ്ലവത്തിന്റെ മാർക്സിയൻ ദർശനങ്ങൾക്ക് ഒരു പുതിയ അൽഗോരിതം രൂപപ്പെട്ടുവരുന്നുണ്ട്. നിർമ്മിത ബുദ്ധിയും മാർക്സിയൻ കാഴ്ചപ്പാടും തമ്മിൽ ഉൽപ്രേക്ഷിക്കാവുന്നതാണെന്ന് ഗോവിന്ദൻ മാഷ് പറയുന്നു. ഗോവിന്ദൻ മാഷുടെ വാദങ്ങളിലൂടെയല്ലാതെ തന്നെ, നിർമ്മിത ബുദ്ധിയും മൂലധനവും തമ്മിൽ ഒരു സാമ്പത്തിക രാഷ്ട്രീയ യുദ്ധത്തിന് തുടക്കമായിട്ടുണ്ട് എന്നു കാണാൻ കഴിയും. DeepSeek എന്ന ലാർജ് ലാംഗ്വേജ് മോഡൽ അമേരിക്കൻ കുത്തകകളെ കുത്തി മറിച്ചിട്ടുകൊണ്ടിരിക്കുകയാണ്. നിർമ്മിത ബുദ്ധിയെക്കുറിച്ചല്ല പറയാൻ പോകുന്നത്. ബുദ്ധി ഉപയോഗിച്ചുള്ള സാമ്പത്തിക നിർമ്മിതിയെക്കുറിച്ചാണ്. അതൊരു വല്ലാത്ത കഥയാണ്.

2022-ലാണ് ചാറ്റ് ജിപിടി എന്ന ലാംഗ്വേജ് മോഡൽ കുത്തകവൽക്കരിക്കപ്പെടുന്നത്. അതുവരെ സൗജന്യമായി നമുക്ക് ഉപയോഗിക്കാമായിരുന്ന ചാറ്റ് ജിപിടിയിൽ മുതൽമുടക്കാൻ മൈക്രോസോഫ്റ്റ് തയ്യാറായ ഘട്ടമായിരുന്നു അത്. ഇത്തരം നിർമ്മിത ബുദ്ധി രൂപപ്പെടുത്തിയെടുക്കാൻ രണ്ട് കാര്യങ്ങൾ വേണ്ടിയിരുന്നു. ഒന്ന് അതിഭീമമായ മുതൽമുടക്ക്. രണ്ട്, അതിശക്തമായ പ്രോസസറുകളാണ്. അതായത്, കമ്പ്യൂട്ടേഷനും പണവുമാണ് നിർമ്മിത ബുദ്ധിയുടെ പിന്നിലുള്ളത്. ഇറക്കിയ പണം പല മടങ്ങാക്കി തിരിച്ചെടുക്കുന്നതാണ് കോർപ്പറേറ്റ് ഭീമന്മാരുടെ രീതി. മത്സരമില്ലാത്ത അന്തരീക്ഷമാണെങ്കിൽ ലാഭം കൊള്ളലാഭമായി മാറും. അങ്ങനെയാണ് ചാറ്റ് ജിപിടി പ്രോ ഉപയോഗിക്കാൻ പ്രതിമാസം 200 ഡോളർ സബ്സ്ക്രിപ്ഷൻ വന്നത്.

ആധുനിക കാലത്ത് വിപ്ലവത്തിന്റെ മാർക്സിയൻ ദർശനങ്ങൾക്ക് ഒരു പുതിയ അൽഗോരിതം രൂപപ്പെട്ടുവരുന്നുണ്ട്. നിർമ്മിത ബുദ്ധിയും മാർക്സിയൻ കാഴ്ചപ്പാടും തമ്മിൽ ഉൽപ്രേക്ഷിക്കാവുന്നതാണെന്ന് ഗോവിന്ദൻ മാഷ് പറയുന്നു.
ആധുനിക കാലത്ത് വിപ്ലവത്തിന്റെ മാർക്സിയൻ ദർശനങ്ങൾക്ക് ഒരു പുതിയ അൽഗോരിതം രൂപപ്പെട്ടുവരുന്നുണ്ട്. നിർമ്മിത ബുദ്ധിയും മാർക്സിയൻ കാഴ്ചപ്പാടും തമ്മിൽ ഉൽപ്രേക്ഷിക്കാവുന്നതാണെന്ന് ഗോവിന്ദൻ മാഷ് പറയുന്നു.

അപ്പോൾ മത്സരമില്ലാതാവണം. മത്സരമില്ലാതാവണമെങ്കിൽ ചങ്ങാത്ത മുതലാളിത്തം കൂടിയേ തീരൂ. ഇന്ത്യയിൽ അദാനിയും അമേരിക്കയിൽ ഇലോൺ മസ്കും ഭരണചക്രം തിരിക്കുന്നതുപോലെ. ഉദാഹരണം പറഞ്ഞാൽ മനസ്സിലാവും. ടിക് ടോക്ക് എന്താണെന്ന് നമുക്കറിയാം. ഇതൊരു ചൈനീസ് കമ്പനിയാണ്. നല്ല റീച്ചുമുണ്ട്. ഈ മാസം 19 ന് അമേരിക്ക ഒരു തിട്ടൂരമിറക്കുന്നു. ഒന്നുകിൽ ടിക് ടോക്ക് അമേരിക്കൻ കമ്പനികൾക്ക് വിൽക്കണം. അല്ലെങ്കിൽ നിരോധിക്കപ്പെടണം. കഴിവതും ഇലോൺ മസ്ക് തന്നെ ടേക്കോവർ ചെയ്യണമെന്നും ട്രംപ് പറഞ്ഞുവെച്ചു. ഇതെന്ത് ന്യായം എന്ന് ചോദിക്കരുത്. എല്ലാ അന്യായങ്ങൾക്കും ഒരു പൊതു ന്യായീകരണമുണ്ട്. അതാണ് "നാഷണൽ സെക്യൂരിറ്റി !".

പറഞ്ഞു വന്നത് അമേരിക്കൻ കൺസഷനുകളെക്കുറിച്ചായിരുന്നു. എന്തിനാണീ കൺസെഷനുകൾ? അമേരിക്കൻ കമ്പനികളെ മത്സരത്തിൽ നിന്നും ഒഴിവാക്കണം. സിലിക്കൺവാലിയിലെ ഈ സിംഹവും ട്രംപും തമ്മിലെന്താണ്? ട്രംപിനെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ പണമൊഴുക്കി പിന്തുണച്ചത് മസ്കാണ്. അതുകൊണ്ടോ? അമേരിക്കയിൽ പുതിയൊരു വകുപ്പുണ്ടാക്കി എലോൺ മസ്കിനെ അതിന്റെ തലവനാക്കി അവരോധിച്ചു. അമേരിക്കൻ പ്രസിഡണ്ട് ഡമോക്രാറ്റായാലും റിപ്പബ്ലിക്കനായാലും സിലിക്കൺവാലിയിലെ സഹസ്ര കോടീശ്വരന്മാരുടെ തോളിലായിരിക്കും. അവർ പണമൊഴുക്കും, പ്രസിഡണ്ട് പവറൊരുക്കും. ട്രംപ് 20ന് ഭരണമേറ്റപ്പോൾ സിലിക്കൺ വാലിയിലെ സഹസ്ര കോടീശ്വരരെല്ലാം ക്യാബിനറ്റ് മെമ്പർമാർക്കൊപ്പം തിന്നു, കുടിച്ചു, പെടുത്തു. അന്നാണ് ട്രംപ് സഹസ്ര കോടീശ്വരരുടെ ടാക്സ് വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. 400 കോടീശ്വരർ നൽകുന്ന നികുതിയെക്കാൾ കൂടുതലായിരുന്നു, താഴെക്കിടയിൽ കിടക്കുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നൽകേണ്ട നികുതി. തീർന്നില്ല, സിലിക്കൺവാലിക്കാർക്ക് മത്സരമില്ലാതെ ചൂഷണം ചെയ്യാൻ അമേരിക്ക എന്നും അവസരമൊരുക്കിയിട്ടുണ്ട്. ടെസ്ല പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകളേക്കാൾ മികച്ച ചൈനീസ് വാഹനങ്ങൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തി. സ്പേസ് സ്റ്റേഷനിൽ പങ്കാളിത്തം നിഷേധിച്ചു. സെമി കണ്ടക്റ്റർ ടെക്നോളജി നിഷേധിച്ചു. ഗ്രാഫിക് പ്രോസസിങ്ങ് യൂണിറ്റുകൾ ചൈനയിലേക്ക് കയറ്റി അയക്കുന്നത് വിലക്കി.

ഇലോൺ മസ്ക്
ഇലോൺ മസ്ക്

പക്ഷെ, ഓരോ നിരോധനവും ചൈന മറികടന്നു. അവർ ടെസ്ല കാറുകളേക്കാൾ വില കുറച്ച് മികച്ച കാറുകൾ പുറത്തിറക്കുകയും മാർക്കറ്റ് പിടിക്കുകയും ചെയ്തു. സ്വന്തമായി സ്പേസ് സ്റ്റേഷനുണ്ടാക്കി. സെമി കണ്ടക്റ്റർ മേഖലയിലെ ദാരിദ്ര്യം ഇതാ അവർ മറികടന്നിരിക്കുന്നു. ആ മറികടക്കലിൽ അവർക്ക് പ്രോസസറുകൾ നിഷേധിച്ച എൻവിഡിയയുടെ ഷെയറുകൾ മൂക്കു കുത്തി. മൈക്രോസോഫ്റ്റ് മുതൽ സിലിക്കൺ വാലിയിലെ അവസാനത്തെ കമ്പനിയും ട്രംപ് ഭരണകൂടവും കുലുങ്ങിത്തുടങ്ങിയിരിക്കുന്നു.

നേരത്തെ പറഞ്ഞു തുടങ്ങിയിടത്ത് ഒരിക്കൽക്കൂടി ചെല്ലാം. നിർമ്മിതബുദ്ധി രൂപപ്പെടുത്തിയെടുക്കാൻ രണ്ട് കാര്യങ്ങൾ വേണം എന്ന് പറഞ്ഞിരുന്നു. ഡോളറിന്റെ കൂമ്പാരവും അതിശക്തമായ കമ്പ്യൂട്ടേഷൻ പവറും. ഇത് രണ്ടും കൈവശമുള്ളത് അമേരിക്കയ്ക്ക് മാത്രമാണ്. അതിനാൽ, അമേരിക്കൻ AI കുത്തകയ്ക്ക് മത്സരം നേരിടേണ്ടിവരില്ല. ഇതായിരുന്നു, ഏതാനും ദിവസം മുമ്പു വരെ ഞാനൊക്കെ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ, 2003-ൽ തുടക്കമിട്ട ചൈനയിലെ ഒരു സ്റ്റാർട്ടപ് കമ്പനി പറഞ്ഞു, മൂന്നാമത് ഒരു ഘടകം കൂടിയുണ്ട്. അത് അൽഗോരിതമാണ്. ഈ മൂന്നാമത്തെ ഘടകം എന്നത് ബുദ്ധിയുള്ള മനുഷ്യരുടെ തലയിലാണ്. ഒരു കുത്തകയ്ക്കും അതിൽ വിലക്കേർപ്പെടുത്താനാവില്ല. മിനിമം പണവും കുറഞ്ഞ കമ്പ്യൂട്ടേഷൻ പവറും വെച്ച് കൂടിയ പുത്തിയുണ്ടെങ്കിൽ മികച്ച AI മോഡലുകളുണ്ടാക്കാം. പറയുക മാത്രമല്ല, അവരത് ചെയ്ത് കാണിക്കുകയും ചെയ്തു. ഈ മാസം തുടക്കത്തിൽ ആ കൊച്ചു സ്റ്റാർട്ടപ്പ് കമ്പനി പുറത്തിറക്കിയ Deepseek R1 എന്ന AI മോഡൽ അമേരിക്കൻ സ്റ്റോക് മാർക്കറ്റിനെയും സകലമാന ഭീമൻ ടെക് കമ്പനികളെയും അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. Deepseek R1 പുറത്തിറക്കിയ നിമിഷത്തെ വിശേഷിപ്പിക്കുന്നത് Sputnik moment എന്നാണ്. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള സ്പേസ് വാർ ആരംഭിച്ചത് സ്പുട്നിക്ക് വിക്ഷേപിച്ചതോടെയാണ് എന്നാണ് കരുതപ്പെടുന്നത്. സമാനമായി, പണവും പവറും ഒരു വശത്തും കഴിവും ബുദ്ധിയും മറുവശത്തുമായി ഒരു AI War ന് തുടക്കം കുറിച്ചിരിക്കുന്നു എന്നാണ് വിവക്ഷ.

ഈ മാസം തുടക്കത്തിൽ ആ കൊച്ചു സ്റ്റാർട്ടപ്പ് കമ്പനി പുറത്തിറക്കിയ Deepseek R1 എന്ന AI മോഡൽ അമേരിക്കൻ സ്റ്റോക് മാർക്കറ്റിനെയും സകലമാന ഭീമൻ ടെക് കമ്പനികളെയും അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഈ മാസം തുടക്കത്തിൽ ആ കൊച്ചു സ്റ്റാർട്ടപ്പ് കമ്പനി പുറത്തിറക്കിയ Deepseek R1 എന്ന AI മോഡൽ അമേരിക്കൻ സ്റ്റോക് മാർക്കറ്റിനെയും സകലമാന ഭീമൻ ടെക് കമ്പനികളെയും അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു കുഞ്ഞൻ സ്റ്റാർട്ടപ് കമ്പനി കേവലം ആറ് മില്യൺ ഡോളർ മാത്രം മുടക്കി ബില്യൺ ഡോളർ കമ്പനികളെ മുട്ടുകുത്തിക്കുക എന്നൊക്കെ പറഞ്ഞാൽ ആരും ചോദിക്കും, "അതെങ്ങനെ?" ചൈനയിലെ ഒരു ഹെഡ്ജ് കമ്പനിയാണ് ഹൈ ഫ്ലയർ. സാദ്ധ്യമായ ഗണിത മാതൃകകളുടെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്തേണ്ടതെവിടെ, എങ്ങനെ എന്നൊക്കെ തീരുമാനിച്ച് AIയുടെ കൂടി സഹായത്തോടെ നിക്ഷേപകരെ സപ്പോർട്ട് ചെയ്യുന്ന സ്ഥാപനം. അവരുടെ കൈവശം മികച്ച പ്രോസസറുകളൊന്നുമില്ല. അമേരിക്ക നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പത്തെ പഴയ തലമുറയിൽ പെട്ട എൻവിഡിയാ പ്രോസസറുകൾ മാത്രമേയുള്ളു. അതുതന്നെ പൂർണമായും അവരുടെ സേവനങ്ങൾക്ക് ആവശ്യമില്ല. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ബാക്കി പ്രോസസറുകളുപയോഗിച്ച് ഒരു സൈഡ് ബിസിനസ് എന്ന നിലയിലാണ് ഹൈ ഫ്ലയർ AI മേഖലയിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നത്. 2023ൽ സ്റ്റാർട്ടപ്പ് തുടങ്ങിയപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി. ടെക് ഭീമൻമാർ ചുമ്മാ പറയുന്നതാണ്, AI വേണമെങ്കിൽ അതി ഭീമമായ കമ്പ്യൂട്ടേഷൻ പവറുള്ള പ്രോസസറുകൾ വേണമെന്നൊക്കെയുള്ള കാര്യങ്ങൾ. ചുമ്മാ കിടക്കുന്ന പഴയ പ്രോസസറുകൾ ഉപയോഗിച്ചു തന്നെ ചാറ്റ് ജിപിടിയോട് കിടപിടിക്കുന്ന AI മോഡലുകൾ രൂപപ്പെടുത്താം.

അങ്ങനെ, ഹൈ ഫ്ലയർ എന്ന സ്റ്റാർട്ടപ്പ് DeepSeek റിലീസ് ചെയ്താൽ എന്താണ് ടെക് ഭീമൻമാർക്ക് പ്രശ്നം? പ്രശ്നമുണ്ട്. കുത്തക തകരും. മൂല്യം ഇടിയും. അതെങ്ങനെ? 2025 വരെ മാലോകർ വിചാരിച്ചത് Nvidia, Microsoft, Tesla, Apple, Open AI എന്നിത്യാദികളൊക്കെ, അവർക്ക് മാത്രം കരഗതമായ (മറ്റുള്ളവർക്ക് നിരോധനം ഏർപ്പെടുത്തി സുരക്ഷിതമാക്കിയ) വമ്പൻ പ്രോസസറുകളും ഇൻഫ്രാസ്ട്രെക്ചറും ഉപയോഗിച്ച് ലോകത്ത് മത്സരമില്ലാതെ ടെക്നോളജി മുന്നേറ്റം നടത്തുന്നു എന്നായിരുന്നു. അതിനാൽ ആ കമ്പനികൾക്കു മുന്നിൽ നിക്ഷേപകർ ക്യൂ നിന്നുപോന്നു. നിക്ഷേപകർ വിശ്വസിച്ചു പോന്നു. വിശ്വാസം. അതാണല്ലോ എല്ലാം. ആ വിശ്വാസത്തിലാണ് Nvidia അവരുടെ മികച്ച ഗ്രാഫിക് പ്രോസസറുകൾ വിറ്റത്. ഈ പ്രോസസറുകളില്ലാതെ AI സാദ്ധ്യമല്ല എന്ന വിശ്വാസമായിരുന്നു, അവരുടെ മൂലധനം.

അവിടേക്കാണ് 2023-ൽ ഒരു സ്റ്റാർട്ടപ് കമ്പനി പഴയ പ്രോസസറുകളും കുറഞ്ഞ പണവും ഉണ്ടെങ്കിലും ഇതൊക്കെ സാദ്ധ്യമാണ് എന്ന് പ്രഖ്യാപിച്ച് കാലെടുത്ത് വെച്ചത്. കാലെടുത്ത് വെക്കുക മാത്രമല്ല, സബ് സ്ക്രിപ്ഷനും മണ്ണാങ്കട്ടയുമൊന്നുമില്ലാതെ, സൗജന്യമായും സ്വതന്ത്രമായും നാട്ടുകാർക്കെല്ലാം വിതരണം ചെയ്യാൻ തുടങ്ങുകയും ചെയ്തു. പെരിന്തൽമണ്ണ മസാലി ഹോട്ടലിൽ അൽഫാം പെരിപെരി 250 രൂപയ്ക്ക് വിൽക്കുമ്പോൾ പുറത്ത് DYFIക്കാർ അത് സൗജന്യമായി വിതരണം ചെയ്യാൻ ആരംഭിച്ചാൽ എന്ത് സംഭവിക്കും? അതുതന്നെ ഇവിടെയും സംഭവിച്ചു. മുതലാളിത്ത സംഘത്തിൽ നിക്ഷേപിച്ചാൽ ഭാവി കട്ടപ്പൊഹയാവുമെന്ന തോന്നൽ നിക്ഷേപകർക്കുണ്ടായി. ഈ ആഴ്ച്ചയിൽ പ്രതിസന്ധി രൂക്ഷമായി. ഇനി എന്ത് ചെയ്യും? ട്രംപ് മുതൽ എലോൺ മസ്ക് വരെ ആലോചിച്ചു. ഒറ്റ മാർഗമേയുള്ളു. കോൺസ്പിരസി തിയറി പുറത്തിറക്കുക.

അമേരിക്കൻ ഭരണകൂടം ഓരോ നിരോധനങ്ങൾക്കും വിലക്കുകൾക്കും ആക്രമണങ്ങൾക്കും തിട്ടൂരങ്ങൾക്കും കാരണമായി ചൂണ്ടിക്കാട്ടുന്നത് ഒരേയൊരു കാര്യമാണ്. "നാഷണൽ സെക്യൂരിറ്റി." ഇറാഖിനെ ഇല്ലാതാക്കിയതും വിയറ്റ്നാം കാടുകൾ ചാമ്പലാക്കിയതും നാഷണൽ സെക്യൂരിറ്റിയുടെ പേരിലുള്ള രക്ഷാപ്രവർത്തനങ്ങളായിരുന്നു.

കോൺസ്പിരസി തിയറി

കോൺസ്പിരസി തിയറി എന്നൊക്കെ പറയുന്നത് ഡെക്കറേഷനാണ്. ആടിനെ പട്ടിയാക്കുക എന്നാണ് പണ്ട് മലയാളികൾ പറഞ്ഞു പതിഞ്ഞ പഴഞ്ചൊല്ല്. ഏത് ആടിനെയും പട്ടിയാക്കി തല്ലിക്കൊല്ലുന്നതാണ് മുതലാളിത്ത കേന്ദ്രീകരണത്തിന്റെ സഹജ സ്വഭാവം. തെരഞ്ഞെടുപ്പിൽ തോറ്റത് ഏതോ ട്രോളിയിൽ പണം കടത്തിയതിനാലാണ് എന്നോ, ബ്രൂവറിക്ക് അനുമതി കൊടുത്തതിനെ ചോദ്യം ചെയ്യുന്നത് കർണാടക മദ്യലോബിയുടെ താൽപ്പര്യപ്രകാരമാണെന്നോ പറയുന്നതിനെയാണ് മലയാളികൾ കോൺസ്പിരസി തിയറി എന്ന് വിളിക്കുന്നത്. സലിംകുമാർ സ്റ്റൈലിൽ, ഇതൊക്കെ എന്ത്! എന്ന് ചോദിക്കണം. യഥാർത്ഥത്തിൽ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ജനിക്കുന്നത് കോർപ്പറേറ്റുകൾക്കു വേണ്ടി ഭരണകൂടം കഥയെഴുതുമ്പോഴാണ്. എലോൺ മസ്കിനു വേണ്ടിയായാലും, സുന്ദർ പിച്ചെക്കു വേണ്ടിയായാലും സുക്കർബെർഗിനു വേണ്ടിയായാലും ഒയാസിസ് കൊമേഴ്സിയലിനു വേണ്ടിയായാലും സിഎംആർഎല്ലിനു വേണ്ടിയായാലും കഥയെഴുത്താണ് ഭരണകൂടത്തിന്റെ ചുമതല എന്നു വരുന്നിടത്താണ് മുതലാളിത്ത കേന്ദ്രീകരണം വരുന്നത്.

അമേരിക്കൻ ഭരണകൂടം ഓരോ നിരോധനങ്ങൾക്കും വിലക്കുകൾക്കും ആക്രമണങ്ങൾക്കും തിട്ടൂരങ്ങൾക്കും കാരണമായി ചൂണ്ടിക്കാട്ടുന്നത് ഒരേയൊരു കാര്യമാണ്. "നാഷണൽ സെക്യൂരിറ്റി." ഇറാഖിനെ ഇല്ലാതാക്കിയതും വിയറ്റ്നാം കാടുകൾ ചാമ്പലാക്കിയതും നാഷണൽ സെക്യൂരിറ്റിയുടെ പേരിലുള്ള രക്ഷാപ്രവർത്തനങ്ങളായിരുന്നു. ചൈനീസ് കമ്പനിയുടെ ടിക് ടോക്ക് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് (അത് നടത്തുന്നത് എലോൺ മസ്ക് അല്ലാത്തിടത്തോളം കാലം). അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചൈന കുത്തിത്തിരിപ്പുണ്ടാക്കി അമേരിക്കയുടെ ദേശീയ സുരക്ഷ താറുമാറാക്കും. സിലിക്കൺവാലിയുടെ റസിപ്പി പോയിട്ട് അവിടെ കടുകു വറുക്കുന്ന മണം പോലും ചൈനാ മതിൽ ഭേദിച്ച് പുറത്തെത്തിയാൽ ടെക്കികൾക്ക് തുള്ളൽപ്പനി വരും.

ഇവിടെയും പയറ്റുന്നത് അതേ തന്ത്രമാണ്. ഒരു ചൈനീസ് ഗൂഢാലോചനയുടെ ഫലമാണ് DeepSeek R1 എന്നാണ് പറഞ്ഞുതുടങ്ങിയത്. അമേരിക്കയുടെ ഡാറ്റ കടത്തിക്കൊണ്ടു പോകാനാണ് ചൈനീസ് നിർമ്മിതബുദ്ധി ശ്രമിക്കുന്നത് എന്നായിരുന്നു, ഭാഷ്യം. ഇത് പക്ഷെ, ഏശിയില്ല. കാരണം, DeepSeek എന്നത് ഒരു സ്വതന്ത്ര സോഫ്റ്റ് വേറാണ്. ദുനിയാവിലെ ഏതൊരാൾക്കും അതിന്റെ സോഴ്സ് കോഡ് ഡൗൺലോഡ് ചെയ്തെടുക്കാം. അത് സ്വന്തം കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാം. ഇൻറർനെറ്റ് പോലുമില്ലാതെ അത് പ്രവർത്തിപ്പിക്കാം. പിന്നെങ്ങനെ ഡാറ്റ ചൈനയിലെത്തും?

പ്രതികരണങ്ങളുടെ കുത്തൊഴുക്കാണിപ്പോൾ. ലോകത്തിലെ ഏറ്റവും മികച്ചത് എന്നവകാശപ്പെടുന്ന കസ്റ്റമർ റിലേഷൻ മാനേജ്മെന്റ് കമ്പനിയായ Salesforceന്റെ CEO പരസ്യമായി പറഞ്ഞത് അമേരിക്കൻ ടെക്കികൾ പറയുന്നതുപോലെ പണവും പവറുമല്ല, ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ മിടുക്കാണ് പ്രധാനം എന്നാണ്. ഇന്നലെ എലോൺ മസ്ക് മൗനം ഭഞ്ജിച്ചു. "വളരെ കുറച്ച് പ്രോസസറുകൾ മാത്രമേ ഡീപ്സീക്ക് രൂപപ്പെടുത്താൻ ഉപയോഗിച്ചിട്ടുള്ളു എന്നൊക്കെ ചുമ്മാ പറയുന്നതാണ്, പറഞ്ഞതിലും കൂടുതൽ പ്രോസസറുകൾ അവർ രഹസ്യമായി ഉപയോഗിച്ചിട്ടുണ്ടാവും." അതായത്, മസ്ക് പോലും കോൺസ്പിരസി തിയറിയുമായി നേരിട്ട് രംഗപ്രവേശം ചെയ്യാൻ മടിക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ചത് എന്നവകാശപ്പെടുന്ന കസ്റ്റമർ റിലേഷൻ മാനേജ്മെന്റ് കമ്പനിയായ Salesforceന്റെ CEO പരസ്യമായി പറഞ്ഞത് അമേരിക്കൻ ടെക്കികൾ പറയുന്നതുപോലെ പണവും പവറുമല്ല, ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ മിടുക്കാണ് പ്രധാനം എന്നാണ്.
ലോകത്തിലെ ഏറ്റവും മികച്ചത് എന്നവകാശപ്പെടുന്ന കസ്റ്റമർ റിലേഷൻ മാനേജ്മെന്റ് കമ്പനിയായ Salesforceന്റെ CEO പരസ്യമായി പറഞ്ഞത് അമേരിക്കൻ ടെക്കികൾ പറയുന്നതുപോലെ പണവും പവറുമല്ല, ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ മിടുക്കാണ് പ്രധാനം എന്നാണ്.

പല കമ്പനികളും ഡീപ്സീക്ക് ഉപയോഗം വിലക്കിയിരിക്കുന്നു. എന്നാൽ മൈക്രോസോഫ്റ്റും ഗൂഗിളും ആമസോണും ഉൾപ്പെടെയുള്ള ദുരന്ത ബാധിതർ ഡീപ്സീക്ക് വെച്ച് അവരുടെ സോഫ്റ്റ് വേറുകൾ നവീകരിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു! അതേ സമയം, ദശലക്ഷക്കണക്കിന് ഡോളറാണ് ഡീപ്സീക്കിനെതിരായ മാധ്യമ പ്രചരണങ്ങൾക്കായി ഇവർ ചെലവിടുന്നത്. AI യുദ്ധം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബ പുതിയൊരു AI മോഡൽ (Qwen 2.5-Max) പുറത്തിറക്കിക്കഴിഞ്ഞു! ചാറ്റ് ജിപിടിയെക്കാളും ഡീപ്സീക്കിനെക്കാളും മെച്ചപ്പെട്ടതാണ് Qwen 2.5-Max എന്നാണ് ആലിബാബയുടെ അവകാശവാദം. അതായത് യുദ്ധം അന്താരാഷ്ട്ര തലത്തിൽനിന്നും ആഭ്യന്തര തലത്തിലേക്ക് വികസിച്ചിരിക്കുന്നു. തൽക്കാലം നമുക്കിതെല്ലാം നോക്കിക്കാണാം. മനസ്സിലാക്കാൻ ശ്രമിക്കാം.

ഗോവിന്ദൻ മാഷ് പറഞ്ഞതുപോലെ തലയിൽ വെണ്ണ വെച്ചല്ല കൊക്കിനെ പിടിക്കേണ്ടത് എന്ന് കഴിഞ്ഞ ആഴ്ച്ച ചൈനയിലെ കൊച്ച് ദാവീദിന്റെ ബുദ്ധി തെളിയിച്ചിരിക്കുന്നു. ഗോലിയാത്തുകൾ ജാഗ്രതൈ!


Summary: America's Artificial Intelligence chatbot ChatGPT, China's DeepSeek and Kerala CPIM state secretary MV Govindan's socialist theory, VK Sasidharan writes.


വി.കെ. ശശിധരൻ

അധ്യാപകൻ. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. വി.എസ് പ്രതിപക്ഷ നേതാവായപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

Comments