കാൽ നൂറ്റാണ്ടിലധികമായി ലോകത്തിലെ ആകെ സെർച്ചുകളിൽ ഏറിയ പങ്കും ഗൂഗിളിലൂടെയാണ്. ഗൂഗിൾ സെർച്ച് എൻജിൻ കുത്തക നിലനിറുത്തുന്നതിനായി നിയമവിരുദ്ധമായി കോടികളൊഴുക്കിയെന്നും അതിനായി യു.എസിലെ ആന്റി ട്രസ്റ്റ് നിയമം ലംഘിച്ചെന്നുമുള്ള കോടതിയുടെ കണ്ടെത്തൽ ഗൂഗിളിനും മാതൃകമ്പനിയായ ആൽഫബെറ്റിനും തിരിച്ചടിയാവുകയാണ്. പൊതുവായ സെർച്ച് സേവനങ്ങളിൽ 90 ശതമാനവും മൊബൈൽ ഫോണുകളിൽ 95 ശതമാനം വിപണി വിഹിതവും ഗൂഗിളിനാണെന്ന് കോടതി വിധിയിൽ പറയുന്നു. സെർച്ച് എഞ്ചിൻ ആധിപത്യം നിലനിർത്താൻ 2021 ൽ ഗൂഗിൾ 26.3 ബില്യൺ ഡോളർ ചെലവഴിച്ചെന്ന് യു.എസ് ജില്ലാജഡ്ജി അമിത് മേത്ത പറഞ്ഞു.
സാംസങ്ങ്, ആപ്പിൾ ഫോണുകൾ നിർമിക്കുമ്പോൾ തന്നെ അതിലെ ഡിഫാൾട്ട് സെർച്ച് എഞ്ചിനായി ഗൂഗിളിനെ സെറ്റ് ചെയ്യാൻ ഈ രണ്ട് ഫോൺ നിർമാതാക്കാൾക്കും ഗൂഗിൾ കോടിക്കണക്കിന് ഡോളർ നൽകി. ഇത് കാരണം ജനങ്ങൾ ഗൂഗിൾ അല്ലാതെ മറ്റ് സർച്ച് എഞ്ചിനുകൾ ഉപയോഗിക്കാതായി, മൈക്രോസോഫ്റ്റിന്റെ ബിംഗ് എന്ന സെർച്ച് എഞ്ചിൻ ഉൾപ്പെടെയുള്ളവയുടെ വളർച്ച ഇതോടെ അവതാളത്തിലായി. ഇത് ആന്റി ട്രസ്റ്റ് നിയമത്തിന്റെ ലംഘനമാണെന്ന് കോടതി വിധിച്ചു.
ഗൂഗിളിൻറെ ടെക്സ്റ്റ് ആഡ് സർവീസും ഇത്തരത്തിൽ കുത്തക നിലനിർത്തുന്നെന്ന് കോടതി കണ്ടെത്തി. വിപണി മത്സരം പ്രോത്സാഹിപ്പിക്കാനും കുത്തക വത്കരണം ഇല്ലാതാക്കാനും മറ്റു ബിസിനസുകളെ സംരക്ഷിക്കാനും അമേരിക്കയിലുള്ള നിയമമാണ് ആന്റി ട്രസ്റ്റ് ലോ.
ഉപഭോക്താക്കൾക്ക് ഗൂഗിളിന്റെ ആക്സസ് പോയിന്റിൽ നിന്ന് മാറിയോ, മറ്റ് സെർച്ച് എഞ്ചിനുകളോ ഉപയോഗിച്ചോ വിവരങ്ങൾ അറിയാവുന്നതാണ്. എന്നാൽ അപൂർവ്വമായി മാത്രമേ ഉപഭോക്താക്കൾ അങ്ങനെ ചെയ്യുന്നുള്ളൂ. സ്ഥിരമായി പല ഉപഭോക്താക്കളും ഗൂഗിളിന്റെ ആക്സസ് പോയിന്റിൽ തന്നെ തുടരുന്നതിനാൽ പ്രതിദിനം ഗൂഗിളിന് കോടികണക്കിന് സെർച്ചുകൾ ലഭിക്കുന്നു.
ഈ വിധിയ്ക്കെതിരെ യു.എസ് അപ്പീൽ കോടതി, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സർക്യൂട്ട്, യു.എസ് സുപ്രീം കോടതി തുടങ്ങിയവയിലേക്ക് ഗൂഗിളിന് അപ്പീൽ പോകാം. നിയമപരമായ തർക്കം അടുത്ത വർഷം വരെയോ 2026 വരെയോ നീളുകയും ചെയ്യാം.
എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഉപഭോക്താക്കൾക്കിടയിലുള്ള പ്രശസ്തിയാണ് ഓൺലൈനിൽ കാര്യങ്ങൾ തിരയുന്നതിനുള്ള പര്യായമായി ഗൂഗിളിനെ മാറ്റിയതെന്നുമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബൈറ്റിന്റെ നിലപാട്. വിധിയ്ക്കെതിരെ ആൽഫബെറ്റ് അപ്പീൽ നൽകിയേക്കും.
ഗൂഗിളിനെതിരായ വിധി അമേരിക്കൻ ജനതയുടെ ചരിത്രവിജയമാണിതെന്നും എത്ര വലുതും സ്വാധീനമുള്ളതുമായ കമ്പനിയായാലും നിയമത്തിന് അതീതമല്ലെന്ന് യു.എസ്. അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പറഞ്ഞു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ, ആമസോൺ, ആപ്പിൾ എന്നീ കമ്പനികൾക്കെതിരെയും സമാനമായ കേസുകൾ നിലവിലുണ്ട്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് യു.എസ്. കോടതി ഗൂഗിളിന് എതിരായി പരാതി നൽകിയത്. കോടതി വിധി വന്നതുകൊണ്ട് തന്നെ ഗൂഗിൽ അവരുടെ പ്രവർത്തനരീതിയിൽ അടിയന്തരമായി മാറ്റങ്ങൾ വരുത്തേണ്ടി വരും. ഗൂഗിൾ കുത്തക കയ്യാളുന്ന ഓൺലൈൻ പരസ്യവിപണിയിൽ വലിയ മാറ്റങ്ങളുണ്ടാവും. 2023 ൽ ആൽഫബെറ്റിന്റെ മൊത്തം ബിസിനസിന്റെ 77 ശതമാനവും ഗൂഗിൽ പരസ്യങ്ങൾ വഴിയായിരുന്നു.