പത്താമത്തെ ഞരമ്പ്

വേഗസ് ഞരമ്പിന്റെ ഉത്തേജനം ഒരു ചികിൽസാ പദ്ധതിയായി ഉരുത്തിരിയുകയാണ്, പ്രത്യേകിച്ചും അപസ്മാരം, വിഷാദരോഗം, അമിതവണ്ണം, മൈഗ്രെയ്ൻ അങ്ങനെ ഒരു നിര അസുഖങ്ങളുടെ വരുതിയ്ക്ക്. നമ്മുടെ ശരീരത്തിലെ രഹസ്യമായ സൂപ്പർ ഹൈവേയാണ്, നമ്മുടെ മൂഡ് വരെ മാറ്റിക്കളയുന്ന ഈ പത്താമൻ. എതിരൻ കതിരവൻ എഴുതുന്ന ശാസ്ത്രപരമ്പര- എപ്പിസ്റ്റീം- തുടരുന്നു.

EPISTEME- 6

ലച്ചോറിൽനിന്ന് നേരിട്ട് 12 ഞരമ്പുകൾ പുറപ്പെടുന്നുണ്ട്. പ്രധാന അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും സംവേദനങ്ങൾക്കും വേണ്ടിയാണ് സുഷുമ്നാകാണ്ഡം (Spinal cord) അല്ലാതെ ഈ പ്രമുഖന്മാരെ നിയോഗിച്ചിരിക്കുന്നത്. മണം. കാഴ്ച, കേൾവി, വായയുടെ പ്രവർത്തനങ്ങൾ, ശ്വാസോച്ഛാസം എന്നിങ്ങനെ വളരെ അത്യാവശ്യകാര്യങ്ങൾ കൃത്യമായി നടപ്പാക്കാനാണ് തലച്ചോറ് നേരിട്ട് ഇടപെടുന്ന വണ്ണം ഇവ വിന്യസിച്ചിരിക്കുന്നത്. അതിലേറ്റവും വമ്പനാണ് പത്താമത്തെ ഞരമ്പായ വേഗസ് (Vagus nerve). ഏറ്റവും നീളം കൂടിയ ഞരമ്പും ഇതു തന്നെ. മറ്റ് 11 എണ്ണവും മുഖത്തും കഴുത്തിലും മാത്രം വ്യാപരിക്കുമ്പോൾ ഈ വേഗസ് അങ്ങ് താഴെ ആമാശയം, കുടൽ എന്നിവിടങ്ങളിൽ വരെ എത്തുന്നു.

വേഗസ് ഞരമ്പിന്റെ ഉത്തേജനത്തിനുള്ള ഗാഡ് ജെറ്റുകൾ വിപണിയിലെത്തിക്കഴിഞ്ഞു, ആമസോണിൽ വിൽക്കാനുണ്ട് പലതും എന്നത് ഇതിന്റെ സ്വീകാര്യതയുടെ ഉദാഹരണം തന്നെയാണ്.

നമ്മുടെ ശരീരത്തിലെ രഹസ്യമായ സൂപ്പർ ഹൈവേയാണ്, നമ്മുടെ മൂഡ് വരെ മാറ്റിക്കളയുന്ന ഈ പത്താമൻ. തലച്ചോറിൽ നിന്നുള്ള നിർദ്ദേശങ്ങൾ പോകുന്ന വഴിയിലൊക്കെ വിതറുന്നു, ചിലയിടത്തുനിന്നുള്ള വിവരങ്ങൾ തലച്ചോറിനെ അറിയിക്കുന്നു. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ തലച്ചോറിനെ സഹായിക്കുന്നു ഈ സൂപ്പർ ഹൈവേ. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും കരളിന്റെയും ആമാശയത്തിന്റെയും കുടലിന്റെയുമൊക്കെ പ്രവർത്തനങ്ങളെയും ശരീരത്തിന്റെ പൊതുഅവസ്ഥകളെയും കുറിച്ച് തലച്ചോറിനെ അറിയിക്കുന്നതും വേഗസ് ഞരമ്പ് ആണ്. ഈ ഞരമ്പ് സൃഷ്ടിക്കുന്ന വലയങ്ങൾ ആമാശയത്തേയും കുടലിനേയും ആകെ പൊതിയുന്നുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ന്യൂറോണുകളും ഇവിടെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. ഘടന, ധർമ്മം, രാസസന്ദേശങ്ങൾ എന്നിവ കൊണ്ടൊക്കെ മസ്തിഷ്‌ക്കത്തെപ്പോലെയായതിനാൽ വേഗസ് ഞരമ്പുവലയങ്ങളും ഈ ന്യൂറോണുകളും ചേർന്ന് 'രണ്ടാം തലച്ചോറ്' എന്ന് വിളിക്കപ്പെടുന്ന കേന്ദ്രം നിർമ്മിച്ചെടുക്കുന്നു.

Vagus Nerve / Photo: University of Minnesota Medical School.

ശരീരത്തിന്റെ ഫിസിയോളജിയുമായി ബന്ധപ്പെട്ട അനേകം ധർമ്മങ്ങൾ ഈ പത്താമൻ സാധിച്ചെടുക്കുന്നുണ്ട്. മുഖഭാവങ്ങൾക്ക് ആധാരമാണ്, മാത്രമല്ല, മറ്റൊരാളുടെ മുഖഭാവം മനസ്സിലാക്കിയെടുക്കാനും സഹായിക്കുന്നുണ്ട് ഈ ഞരമ്പ് വലയങ്ങൾ. സ്വാദ് അറിയാൻ, വിഴുങ്ങൽ സ്വച്ചന്ദം നടപ്പാക്കാൻ, ശബ്ദം നിർമ്മിച്ചെടുക്കാനും നിയന്ത്രിക്കാനും, ഹൃദയമിടിപ്പ് കൃത്യമാക്കാൻ… അങ്ങനെ താഴോട്ട് പോകുന്ന വഴികളിലെല്ലാം ശാഖകൾ പിരിയിച്ച് തലച്ചോറിൽ നിന്നുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുകയാണ് ഈ പത്താം ഞരമ്പ്.

മനസ്സ് വിഷമിക്കുമ്പോൾ ആദ്യസൂചന തരുന്നത് ദഹനവ്യവസ്ഥയാണ്. ഒരു സമാന്തര മസ്തിഷ്കം തന്നെ ആമാശയ- കുടൽ സ്ഥലങ്ങളിൽ രൂപപ്പെടുന്നുണ്ട്.

ചുമ, തുമ്മൽ, വിഴുങ്ങൽ, ഛർദ്ദി ഇങ്ങനെ പല റിഫ്ലക്സുകളുടെ ഉറവിടവും വേഗസ് ഞരമ്പ് പ്രവർത്തനം തന്നെ. ഇത് നീർവീക്കത്തെ(inflammation) എങ്ങനെ ദമനം ചെയ്യുന്നു, ഹൃദ് രോഗങ്ങൾ മുതൽ പാർക്കിൻസൺസ് അസുഖം വരെയുള്ളതിൽ ആധാരമായ പ്രതിരോധപ്രവർത്തി (Immune response) നിയന്ത്രിക്കുന്നു എന്നതൊക്കെ ഇപ്പോൾ മനസ്സിലാക്കി വരുന്നതേയുള്ളൂ. വേഗസ് ഞരമ്പിന്റെ ഉത്തേജനം ഒരു ചികിൽസാ പദ്ധതിയായി ഉരുത്തിരിയുകയാണ്, പ്രത്യേകിച്ചും അപസ്മാരം (seizure), വിഷാദരോഗം, അമിതവണ്ണം, മൈഗ്രെയ്ൻ അങ്ങനെ ഒരു നിര അസുഖങ്ങളുടെ വരുതിയ്ക്ക്. ഈ അതിനീള ഞരമ്പിന്റെ ഓരോ ശാഖയുടെയും ധർമ്മങ്ങൾ പഠിച്ചെടുക്കപ്പെടുകയാണ്. തന്തു ( fiber) ക്കളുടെ മേൽ തന്തുക്കൾ കെട്ടുപിണഞ്ഞ ഘടന നിർവ്വചിച്ചെടുക്കുന്നു, പല തരം ന്യൂറോണുകൾ ഏതെല്ലാം, അവയുടെ ധർമ്മങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നു. ഈ ഞരമ്പിന്റെ ഉത്തേജനത്തിനുള്ള ഗാഡ് ജെറ്റുകൾ വിപണിയിലെത്തിക്കഴിഞ്ഞു, ആമസോണിൽ വിൽക്കാനുണ്ട് പലതും എന്നത് ഇതിന്റെ സ്വീകാര്യതയുടെ ഉദാഹരണം തന്നെയാണ്.

Photo: tivichealth.com

തലച്ചോർ- കുടൽ അച്ചുതണ്ട്
(Brain-gut axis)

തലച്ചോറും അന്നപഥത്തിലെ അവയവങ്ങളുമായി ഒരു നേർബന്ധം സ്ഥാപിക്കുകയാണ് വേഗസ് ഞരമ്പ്. ഇതുമാത്രമല്ല, ചെവിയുടെ ഉള്ളിലെ പ്രവർത്തികളും സ്വനപേടകപ്രവർത്തനങ്ങളും രക്തസമ്മർദ്ദ നിയന്ത്രണങ്ങളും ഈ ഞരമ്പിന്റെ ധർമ്മങ്ങളിൽപ്പെടുന്നു. അവയവങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും അവയുടെ പ്രവർത്തനം ഏകോപിക്കുകയും തലച്ചോറുമായി കൊടുക്കൽവാങ്ങൽ ബന്ധങ്ങൾ നിരന്തരം നിലനിർത്തുകയും ചെയ്യുകയാണ് ഈ നീളൻ ഞരമ്പ്. ഇതിലെ തന്തുക്കളിൽ 80% തലച്ചോറിലേക്ക് സംവേദനങ്ങൾ പേറുകയാണ്; 20% തലച്ചോറിൽ നിന്ന് ചില അവയവങ്ങളിലേക്ക് നിർദ്ദേശങ്ങളുമായി വരികയാണ്. വികാരപരമയതും (emotional ) ബോധജ്ഞാനപരമായതും ( consciounsess ) ആയ തലച്ചോറ് കേന്ദ്രങ്ങൾ അന്നപഥത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുകയാണ് പ്രയോഗവിധി.

മലാശയ നീർവീക്കം, വിഷാദരോഗം, വൻ കെടുതികൾക്കോ തീവ്ര ദുരന്ത സംഭവങ്ങൾക്കുശേഷമോ സംഭവിക്കുന്ന സംഘർഷങ്ങൾ എന്നിവയൊക്കെ വേഗസ് ഞരമ്പ് സൃഷ്ടിയ്ക്കുന്ന അക്ഷരേഖയുമായി ബന്ധപ്പെട്ടിരിക്കുന്നു.

തലച്ചോറിലെ സുപ്രധാന കേന്ദ്രങ്ങളായ ഹൈപൊതാലമസ്, പിറ്റുവിറ്ററി എന്നിവിടങ്ങളുമായും അതുവഴി കിഡ്‌നിയ്ക്ക് മേലേയുള്ള അഡ്രീനൽ ഗ്രന്ഥിയുമായും ബന്ധം നിർമ്മിച്ചെടുക്കുണ്ട്, വേഗസ് ഞരമ്പ്. ഈ HPA- Hypothalamus- Pituitary- Adrenal- മറ്റൊരു അച്ചുതണ്ടാണ്. മനസ്സ് വിഷമിക്കുമ്പോൾ ആദ്യസൂചന തരുന്നത് ദഹനവ്യവസ്ഥയാകുന്നത് അതുകൊണ്ടാണ്. ഒരു സമാന്തര മസ്തിഷ്കം തന്നെ ആമാശയ- കുടൽ സ്ഥലങ്ങളിൽ രൂപപ്പെടുന്നുണ്ട്. അതുകൊണ്ട് 'the gut brain ' എന്നൊരു സംജ്ഞ തന്നെ ഉളവായിട്ടുണ്ട്. ഇത് ആധാരമാക്കി മാനസികപ്രശ്‌നങ്ങൾക്ക് ചികിൽസാവിധികൾ തേടുമ്പോൾ ദഹനവ്യവസ്ഥ ഉൾപ്പെടുത്തുന്നു. ആമാശയ / കുടൽ അസുഖങ്ങൾക്കും മാനസികപ്രശ്‌നങ്ങൾക്കും ഇപ്പോൾ ഈ അച്ചുതണ്ടിനെയാണ് ചികിൽസാവിധികൾ ഉന്നം വെയ്ക്കുന്നത്.

Photo: revitalizerehabclub.com

മലാശയ നീർവീക്കം (Irritable bowel syndrome), വിഷാദരോഗം, വൻ കെടുതികൾക്കോ തീവ്ര ദുരന്ത സംഭവങ്ങൾക്കുശേഷമോ സംഭവിക്കുന്ന സംഘർഷങ്ങൾ (Post-traumatic stress diosrder) എന്നിവയൊക്കെ വേഗസ് ഞരമ്പ് സൃഷ്ടിയ്ക്കുന്ന അക്ഷരേഖയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു സന്നിഗ്ധഘട്ടത്തിൽ 'പൊരുതുക അല്ലെങ്കിൽ രക്ഷപ്പെടുക' (fight or flight) എന്നൊരു പ്രതിഭാസം സംജാതമാകും. അതിനുവേണ്ടി പെട്ടെന്ന് ശരീരം തയാറാകും. ഹൃദയമിടിപ്പ് കൂടും. പേശികളിലേക്ക് രക്തം ഇരച്ചു കയറും. ശ്വാസോച്ഛ്വാസം തീവ്രഗതിയിലാകും. ഇതിനുശേഷം ശരീരത്തെ പൂർവ്വനിലയിൽ എത്തിക്കുന്നത് വേഗസ് ഞരമ്പിന്റെ പ്രവർത്തനങ്ങളാണ്. തലച്ചോറിൽ നിന്ന് ലഭിയ്ക്കുന്ന നിർദ്ദേശങ്ങളുമായി ചേർന്നുകൊണ്ട് ഹൃദയമിടിപ്പ് സാധാരണഗതിയിലാക്കുകയും നിർത്തിയ ദഹനക്രമം പൂർവ്വനിലയിലാക്കുയും പേശികൾക്ക് അയവ് വരുത്തുകയും ചെയ്യുന്നു. ശരീരധർമ്മത്തിൽ വേഗസ് ഞരമ്പിന്റെ പ്രധാന സംഭാവനയാണിത്.

വിശപ്പ് നിയന്ത്രിക്കുന്നത് വേഗസ് ഞരമ്പ് ആയതിനാൽ ആഹാരം മിതമാക്കാനും അമിതവണ്ണം നിയന്ത്രിക്കാനും ഈ ഞരമ്പിനോട് അപേക്ഷിച്ചാൽ മതി.

നമ്മൾ ആഹാരം വിഴുമ്പോൾത്തന്നെ ഈ ഞരമ്പ് താഴെ വയറ്റിലുള്ള എല്ലാ ദഹനഅവയവങ്ങൾക്കും ഒപ്പമുള്ള ഹോർമോൺ ഗ്രന്ഥികൾക്കും മുൻകൂർ അറിവ് കൊടുക്കും, തയാറായിരിക്കാൻ. ശാഖോപശാഖകളായി പിരിയുന്ന ഞരമ്പിന്റെ അവസാനാഗ്രങ്ങളിലെ സ്വീകരിണികൾ പല തരത്തിലുള്ളവയാണ്. രാസവസ്തുക്കളെയും ആഹാരപദാർത്ഥങ്ങളുടെ ആകൃതി /പ്രകൃതികളേയും തിരിച്ചറിയാൻ സാധിക്കുന്നവ. ഇവയിൽ ചിലത് ദഹനം നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സ്വീകരിണികളുമാണ്. ഇവ ഉത്തേജിക്കപ്പെടുമ്പോൾ ആമാശയത്തിലേയും കുടലിലേയും പല ഗ്രന്ഥികളും ദഹനത്തിനാവശ്യമായ ഹോർമോണുകളും എൻസൈമുകൾ നിർമ്മിച്ചു തുടങ്ങുകയായി. ഇവയെല്ലാംകൂടി എത്ര ഭക്ഷണം കഴിക്കണം, നിറവ് അനുഭവപ്പെടേണ്ടത് എപ്പോഴാണ്, ഏതൊക്കെ പോഷകപദാർത്ഥങ്ങൾ അത്യാവശ്യമായി ആഗിരണം ചെയ്യപ്പെടണം എന്നൊക്കെ തലച്ചോറിനെ അറിയിക്കും, തീരുമാനമെടുക്കും. പാൻക്രിയാസും കരളും പ്രവർത്തനനിരതമാകുന്നത് വേഗസ് ഞരമ്പ് അപ്പപ്പോൾ നൽകുന്ന സന്ദേശങ്ങളാലാണ്. വിശപ്പ് നിയന്ത്രിക്കുന്നത് വേഗസ് ഞരമ്പ് ആയതിനാൽ ആഹാരം മിതമാക്കാനും അമിതവണ്ണം നിയന്ത്രിക്കാനും ഈ ഞരമ്പിനോട് അപേക്ഷിച്ചാൽ മതി.

മലാശയ നീർവീക്കം (Irritable bowel syndrome), വിഷാദരോഗം, വൻ കെടുതികൾക്കോ തീവ്ര ദുരന്ത സംഭവങ്ങൾക്കുശേഷമോ സംഭവിക്കുന്ന സംഘർഷങ്ങൾ (Post-traumatic stress diosrder) എന്നിവയൊക്കെ വേഗസ് ഞരമ്പ് സൃഷ്ടിയ്ക്കുന്ന അക്ഷരേഖയുമായി ബന്ധപ്പെട്ടിരിക്കുന്നു. / Photo: Udemy

സ്വാദ് അറിയുന്നത് നാക്ക് മാത്രമാണെന്ന് കരുതിയെങ്കിൽ തെറ്റി. ആമാശയത്തിലെയും കുടലിലെയും വേഗസ് ഞരമ്പ് സ്വീകരിണികൾക്ക് സ്വാദ് അറിയാം. ഏതൊക്കെ പദാർത്ഥങ്ങൾ ആഗിരണം ചെയ്യണമെന്ന് കുടൽ കോശങ്ങളെ ധരിപ്പിക്കാനും സാധിക്കും. കയ്പ്പുള്ള പദാർത്ഥങ്ങൾ കൂടുതൽ ചെന്നാൽ ഉടൻ വിശപ്പില്ലാതാക്കാൻ ഈ സ്വീകരിണീകൾക്ക് സാധിക്കും. അവ തലച്ചോറിനെ അറിയിച്ച് ഈ തീരുമാനം എടുക്കപ്പെടുകയാണ്. 'കോളിസിസ്റ്റോകൈനിൻ' എന്നൊരു ഹോർമോൺ കൂടുതൽ സ്രവിക്കുന്നതാണ് വിശപ്പില്ലാതാകാൻ കാരണം. കൂടാതെ 'ഘ്രെലിൻ' (Ghrelin) എന്നൊരു ഹോർമോൺ വേഗസ് ഞരമ്പിനെ നേരിട്ട് ബാധിയ്ക്കുന്നതാണ്, ഈ ഞരമ്പ് വിശപ്പിനുള്ള സന്ദേശങ്ങൾ തലച്ചോറിനെ അറിയിക്കുന്നതിനു തടയിടാൻ ഘ്രെലിൻ വഴിവെയ്ക്കും.

കുടലിൽ വസിക്കുന്ന മില്ല്യൺ കണക്കിന് ബാക്റ്റീരിയകൾ നമ്മുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്. അവ നമുക്ക് ചില വൈറ്റമിനൊക്കെ നിർമ്മിച്ചു തരുന്നുണ്ട്.

വേഗസ് ഞരമ്പ് ഉത്തേജനം എന്ന
ചികിൽസാപദ്ധതി

ആഹാരത്തിലെ ചില പദാർത്ഥങ്ങളോ ബാക്റ്റീരിയയോ കുടലിൽ നീർവീക്കം (inflammation ) സൃഷ്ടിച്ചേക്കാം. പ്രതിരോധവ്യസ്ഥയുമായും തലച്ചോറിലെ പിറ്റുവിറ്ററി ഗ്രന്ഥിയുമായും ചേർന്ന് ഒരു ന്യൂറോ എൻഡോക്രൈൻ (neuroendocrine) അച്ചുതണ്ട് നിർമ്മിച്ചെടുക്കുകയാണ് വേഗസ് ഞരമ്പ്. ഇത് കുടലിലെ പ്രതിരോധത്തെ ഊർജ്ജസ്വലമാക്കാൻ പോന്നതാണ്. ഒരു പ്രധാന ഇമ്യൂൺ അവയവമായ സ്പ്ലീനുമായി നേർബന്ധം സ്ഥാപിക്കുന്നുണ്ട് വേഗസ് ഞരമ്പ്. അങ്ങനെ പ്രതിരോധവ്യവസ്ഥ ത്വരിതപ്രവർത്തനത്തിൽ പ്രവേശിക്കുകയായി. ഈ ഞരമ്പ് മറ്റൊരു പ്രയോഗവിധിയും നടപ്പിലാക്കുന്നുണ്ട്: കുടലിനുള്ളിലെ ന്യൂറോണുകളെ ഉത്തേജിപ്പിച്ച് അവ രക്തത്തിലെ ചില ശ്വേതകോശങ്ങളെ ഉണർത്തിയെടുത്ത് പ്രതിരോധം സൃഷ്ടിക്കുക എന്നതാണിത്. ഇത് താരതമ്യേന വളരെ പെട്ടെന്ന് നടപ്പാകുന്നതാകയാൽ നീർവീക്കം (inflammation ) പ്രതിരോധത്തിലാകുകയാണ്. Crohn's disease, ulcerative colitis ഒക്കെയാണ് പ്രധാന നീർവീക്കരോഗങ്ങൾ. ഇവയ്ക്ക് വേഗസ് ഞരമ്പ് ഉത്തേജനം ചികിൽസാപദ്ധതിയായി ഉരുത്തിരിഞ്ഞ് വരുന്നുണ്ട്.

Vagus Nerve Stimulation / Photo: medindia.net

തലച്ചോറിനെ നിയന്ത്രിക്കുന്ന
കുടൽ ബാക്റ്റീരിയ

കുടലിൽ വസിക്കുന്ന മില്ല്യൺ കണക്കിന് ബാക്റ്റീരിയകൾ നമ്മുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്. അവ നമുക്ക് ചില വൈറ്റമിനൊക്കെ നിർമ്മിച്ചു തരുന്നുണ്ട്. പൊതുവേ ‘മൈക്രോബയോം’ (microbiome) എന്ന് വിളിക്കപ്പെടുന്ന ഈ അന്യകോശസമൂഹങ്ങളുടെ അപചയം ഓട്ടിസം ഉൾപ്പെടെ പല അസുഖങ്ങൾക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ ഒരു ദശകത്തെ ശാസ്ത്രപരീക്ഷണങ്ങൾ ഉറപ്പിച്ചെടുത്തത് ഈ മൈക്രോബയോമിനു തലച്ചോറുമായുള്ള ഗാഢബന്ധമാണ്. കുടൽ ബാക്റ്റീരിയകളിലെ മാറ്റങ്ങൾ പല പെരുമാറ്റദൂഷ്യങ്ങൾക്കും വിഷാദരോഗത്തിനും വഴിതെളിയ്ക്കുന്നു എന്ന് തെളിഞ്ഞതോടെ കൂടുതൽ പരീക്ഷണങ്ങൾ ആ വഴിക്ക് തിരിഞ്ഞു. വേഗസ് ഞരമ്പ് തലച്ചോറിലെ വികാരങ്ങളുടേയും പെരുമാറ്റനിയന്ത്രണങ്ങളുടേയും കേന്ദ്രമായ ഹൈപ്പോതലാമസുമായി ബന്ധം സ്ഥാപിക്കുമെന്ന അറിവിനെ സാക്ഷ്യപ്പെടുത്തി, കുടൽ ബാക്റ്റീരിയ തലച്ചോറിനെ ബാധിക്കുന്നത് ആ ഞരമ്പ് വഴിയാണെന്ന് പഠിച്ചെടുക്കുകയാണുണ്ടായത്. ബാക്റ്റീരിയയുടെ സന്ദേശങ്ങൾ രക്തം വഴി തലച്ചോറിലെത്താനും സാദ്ധ്യതയുണ്ട്. മറക്കേണ്ട, ചില ബാക്റ്റീരിയയുടെ അഭാവം തലച്ചോറിൽ മാറ്റങ്ങളുണ്ടാക്കിയെങ്കിൽ ആ ബാക്റ്റീരിയയെ കുടലിൽ നിക്ഷേപിച്ചാൽ ഇതിന് മറുകൃതി ആയി. പക്ഷേ ഇതിന് വേഗസ് ഞരമ്പ് അത്യാവശ്യമാണ്. ഈ ഞരമ്പ് മുറിച്ചുമാറ്റപ്പെട്ട എലികളിൽ ഈ ബാക്റ്റീരിയക്ക് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. പ്രഗൽഭനായ പത്താം ഞരമ്പ് തലച്ചോറിലെ സന്ദേശ സംവാഹകരായ സിറടോണിൻ, ഡോപമീൻ എന്നിവയുടെ അളവിലാണ് മാറ്റമുണ്ടാകുന്നത്. കുടൽബാക്റ്റീരിയകൾ ഇപ്രകാരം തലച്ചോറിൽ മാറ്റങ്ങളുണ്ടാക്കുന്നത് വേഗസ് ഞരമ്പ് വഴി ഈ സന്ദേശവാഹകരെ നിയന്ത്രിച്ചുകൊണ്ടാണ്.

പ്രമേഹവും അമിതവണ്ണവും ആഹാരരീതിയെയും വിശപ്പിനെയും സംബന്ധിച്ചുള്ളതാണ്. ഈ രണ്ട് അസുഖങ്ങൾക്കും പൊതുവായ ചില ഉറവിടകാരണങ്ങളുമുണ്ട്. ഇക്കാരണങ്ങളാൽ 'diabesity'എന്നൊരു സങ്കരവാക്ക് രൂപീകരിക്കപ്പെട്ടിട്ടുണ്ട്.

ഈ ബാക്റ്റീരിയകൾ എങ്ങനെയാണ് കൃത്യമായി പത്താം ഞരമ്പിനെ സ്വാധീനിക്കുന്നത് എന്നതിനു ചില തെളിവുകൾ ലഭിച്ചുകൊണ്ടിരിക്കയാണ്. ചില പ്രത്യേക കൊഴുപ്പ് കണികകൾ (short chain fatty acids) കുടൽ ബാക്റ്റീരിയകൾ നിർമ്മിച്ചെടുക്കുന്നുണ്ട്, പ്രധാനമായും നാരുകൾ (fiber) അടങ്ങിയ ഭക്ഷണത്തിൽനിന്ന്. ഈ കൊഴുപ്പ് കണികകളാണ് വേഗസ് ഞരമ്പിനെ ഉത്തേജിതമാക്കുന്നതത്രെ. കൂടാതെ സിറടോണിൻ നിർമ്മിച്ചെടുക്കാനുള്ള വസ്തുവായ 'ട്രിപ്‌റ്റോഫാൻ'- ന്റെ അളവ് മാറ്റിയെടുക്കാനും കുടൽ ബാക്റ്റീരിയയ്ക്ക് കഴിവുണ്ട്. ചില ബാക്റ്റീരിയകൾ നേരിട്ട് വേഗസ് ഞരമ്പിനെ സ്വീകരിണികളിൽ പറ്റിപ്പിടിച്ച് സന്ദേശങ്ങൾ ത്വരിതപ്പെടുത്താറുണ്ടത്രെ. പലപ്പോഴും ബാക്റ്റീരിയകൾ സ്രവിക്കുന്ന lipopolysaccharide കണികകളെ കുടൽ കോശങ്ങൾ തിരിച്ചറിയാറുണ്ട്, ഇത് വേഗസ് ഞരമ്പിന് ചില സന്ദേശങ്ങൾ കൈമാറാൻ വഴിവെയ്ക്കുന്നുണ്ടത്രേ. മറ്റ് ചില ബാക്റ്റീരിയകൾ കുടൽ കോശങ്ങളെ ചില ന്യൂറോട്രാൻസ്മിറ്ററുകൾ പുറപ്പെടുവിക്കാൻ പ്രേരിപ്പിക്കുന്നു, ഇത് വേഗസ് ഞരമ്പിനെ ഉത്തേജിപ്പിക്കാൻ പോന്നതാണ്.

വേഗസ് ഞരമ്പ് തലച്ചോറിലെ വികാരങ്ങളുടേയും പെരുമാറ്റനിയന്ത്രണങ്ങളുടേയും കേന്ദ്രമായ ഹൈപ്പോതലാമസുമായി ബന്ധം സ്ഥാപിക്കുമെന്ന അറിവിനെ സാക്ഷ്യപ്പെടുത്തി, കുടൽ ബാക്റ്റീരിയ തലച്ചോറിനെ ബാധിക്കുന്നത് ആ ഞരമ്പ് വഴിയാണെന്ന് പഠിച്ചെടുക്കുകയാണുണ്ടായത്. / Photo: bioactor.com

പ്രമേഹവും അമിതവണ്ണവും?
വേഗസ് ഞരമ്പിനെ സമീപിക്കുക

പ്രമേഹവും അമിതവണ്ണവും ആഹാരരീതിയെയും വിശപ്പിനെയും സംബന്ധിച്ചുള്ളതാണ്. കുടലിലെ ദഹന ഹോർമോണുകളുമായി ബന്ധപ്പെട്ടതാണ്. ഹൈപ്പോതലാമസുമായി ബന്ധപ്പെട്ടതാണ്. ഈ രണ്ട് അസുഖങ്ങൾക്കും പൊതുവായ ചില ഉറവിടകാരണങ്ങളുമുണ്ട്. ഇക്കാരണങ്ങളാൽ 'diabesity'എന്നൊരു സങ്കരവാക്ക് രൂപീകരിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ വിശപ്പ് നിയന്ത്രിക്കുന്നത് വേഗസ് ഞരമ്പും കുടൽ ബാക്റ്റീരിയയും ചേർന്നാണ്. കുടൽ ബാക്റ്റീരിയ ഗ്ലൂക്കോസിന്റെ സന്തുലിതാവസ്ഥയേയും ബാധിയ്ക്കുന്നുണ്ട്. ഒപ്പം വേഗസ് ഞരമ്പും. ആമാശയത്തിൽ നിന്ന് ആഹാരം കുടലിലേക്ക് മാറുന്നതിനെ നിയന്ത്രിക്കുന്ന GLP-1 എന്നൊരു ചെറിയ പ്രോട്ടീൻ വിശപ്പിനേയും ബാധിക്കുന്നുണ്ട്. ഈ തന്മാത്ര വേഗസ് ഞരമ്പിന്മേൽ പറ്റിപ്പിടിയ്ക്കുന്നതാണ്, അതുവഴി തലച്ചോറിലേക്ക് സംവേദനങ്ങൾ എത്തിയ്ക്കാൻ പ്രാപ്തവുമാണ്. ഈ മസ്തിഷ്ക്കകേന്ദ്രത്തിൽ നിന്ന് പാൻക്രിയാസിനും ആമാശയത്തിനും സന്ദേശങ്ങൾ എത്തുകയാണ്. ഇൻസുലിന്റെ അളവ് മാറുന്നു, വിശപ്പും. ഈ സംഭവങ്ങളെ കുടൽ ബാക്റ്റീരിയയും ബാധിയ്ക്കുന്നുണ്ട്. ഈ സർക്യൂട്ടുകൾ പ്രമേഹത്തിന്റേയും അമിതവണ്ണത്തിന്റേയും നിയന്ത്രണത്തിൽ പങ്കുവഹിക്കുന്നു. ഈ അസുഖങ്ങൾക്ക് വേഗസ് ഞരമ്പ് ഉത്തേജിപ്പിക്കൽ ചികിൽസാപദ്ധതിയിൽ ഉൾപ്പെടുത്താമെന്ന അനുമാനം ഇന്ന് ശക്തമാണ്.

Photo: nia.nih.gov

വേഗസ് ഞരമ്പ് ഉത്തേജനം -
വിഷാദ രോഗത്തിന് ചികിൽസ

ഇന്ന് അപസ്മാരത്തിനും മറ്റ് തലച്ചോർ അപഭ്രംശങ്ങൾക്കും വേഗസ് ഞരമ്പിനെ വൈദ്യുതി മൂലം ഉത്തേജിപ്പിക്കുന്നത് സാധാരണയായിക്കൊണ്ടിരിക്കയാണ്. തൊലിക്കുള്ളിൽ നിക്ഷേപിക്കപ്പെട്ട, ചെറിയ അളവിൽ വൈദ്യുതി പൾസ് നിർമ്മിക്കുന്ന pulse generator ഒരു നേരിയ കമ്പി വഴി വേഗസ് ഞരമ്പിനോട് ഘടിപ്പിക്കുകയാണ് ഒരു രീതി. മറ്റൊന്ന് വേഗസ് ഞരമ്പിന്റെ ഒരു ശാഖ ചെവിയുടെ ത്വക്ക് വരെ എത്തുന്നു എന്നതിനെ ആസ്പദ്മാക്കിയാണ്. ഒരു ചെറിയ 'സ്റ്റിമുലേറ്റർ' ചെവിയുമായി ഘടിപ്പിച്ച് ഈ ഞരമ്പ്ശാഖ വഴി വേഗസിനെ ഉത്തേജിപ്പിക്കും.

ചില വിഷാദരോഗങ്ങൾക്ക് (depression) മരുന്ന് ഫലിക്കാതെ വരുമ്പോൾ വേഗസ് ഉത്തേജനം പോംവഴിയാണ്. ഇത് വളരെ കൃത്യമായി തലച്ചോറിന്റെ ചില ഭാഗങ്ങൾ ഉണർത്തിയെടുക്കുന്നു എന്നതുകൊണ്ട് മരുന്നുകളെക്കാൾ ഏറെ ഫലം ചെയ്യുന്നുണ്ടത്രെ. യൂറോപ്പിൽ നടത്തിയ ഒരു വൻ സർവേയിൽ വേഗസ് ഉത്തേജനം കൊണ്ട് 53% വിഷാദരോഗക്കാർക്ക് ശമനം കിട്ടിയതായി തെളിഞ്ഞു. മാത്രമല്ല ദീർഘകാലത്തേയ്ക്ക് ഈ ഉത്തേജനത്തിന്റെ പ്രഭാവം നിലനിന്നുവത്രെ. കൂടാതെ നീർവീക്കം (inflammation) തടയുന്നതായും കണ്ടിട്ടുണ്ട്. മരുന്നുകൾക്ക് സാധിക്കാത്തതാണിത്. പ്രധാന കാര്യം ഇതാണ്: മരുന്നുകൾക്ക് പാർശ്വഫലങ്ങളുണ്ട്, വേഗസ് ഞരമ്പ് ഉത്തേജനം ഇത് ഒഴിവാക്കുന്നു. ഇതോടൊപ്പം, പ്രത്യേകതരം കുടൽ ബാക്റ്റീരിയകൾ അടങ്ങിയ ഗുളികകളായ പ്രോബയോടിക്‌സ് (probiotics) ഉപയോഗിക്കുന്നത് മാനസികരോഗവിമുക്തിയെ ത്വരിതപ്പെടുത്തുന്നു എന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഒരു വൻ ദുരന്താനുഭവത്തിനുശേഷം വരുന്ന മാനസികാഘാതം (PTSD- Post traumatic stress diosrder) ലഘൂകരിക്കാനും വേഗസ് ഞരമ്പ് ഉത്തേജനം ഉപകരിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

പ്രത്യേകതരം കുടൽ ബാക്റ്റീരിയകൾ അടങ്ങിയ ഗുളികകളായ പ്രോബയോടിക്‌സ് (probiotics) ഉപയോഗിക്കുന്നത് മാനസികരോഗവിമുക്തിയെ ത്വരിതപ്പെടുത്തുന്നു എന്ന കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. / Photo: nterogermina.com

എന്നാൽ ഇത്തരം വൈദ്യുതി ഉത്തേജനചികിൽസ എല്ലാവർക്കും യോജിച്ചതായിരിക്കണമെന്നില്ല. വേഗസ് ഞരമ്പിന്റെ പ്രവർത്തനങ്ങൾ വളരെ ബ്രഹത്താണ്. ഏതൊക്കെ ഫിസിയോളജി സംഭവങ്ങളെ ഈ ഉത്തേജനം മാറ്റിമറിക്കും എന്ന ആശങ്ക അസ്ഥാനത്തല്ല. ഹൃദ്രോഗികൾക്ക് അനുയോജ്യവുമല്ല ഈ ചികിൽസ. ഹൃദയമിടിപ്പ് മാറിയേക്കാം. വേഗസ് ഞരമ്പ് ഒരേ ഒരു ചെമ്പ് കമ്പിയ്ക്ക് സമാനമല്ല, 1,60,000 'കമ്പി' (neuronal fibers) കളാണതിൽ. അവ വ്യത്യസ്തങ്ങളുമാണ്. ചിലവ തലച്ചോറിൽ നിന്ന് അവയവങ്ങളിലേക്ക് സന്ദേശങ്ങളുമായി പായുമ്പോൾ മറ്റ് ചിലവ തിരിച്ച് തലച്ചോറിൽ എത്തിക്കാനുള്ള സന്ദേശങ്ങളുമായാണ് യാത്ര. ചില തന്തുക്കൾക്ക് കൊഴുപ്പുകൊണ്ടുള്ള ആവരണമുണ്ട്, ഈ തന്തുക്കളുടെ സന്ദേശങ്ങൾ- വിദ്യുത് തരംഗങ്ങളാണവ- അതിവേഗതയാർജിച്ചവയാണ്. നൂറുകണക്കിനു ധർമ്മങ്ങളാണ് ഈ തന്തുക്കൾക്ക് പേറാനുള്ളത്. അതുകൊണ്ട് ഒറ്റയടിക്ക് വിദ്യുച്ഛക്തികൊണ്ട് ഉത്തേജിക്കപ്പെടുമ്പോൾ ഏതൊക്കെ സങ്കീർണ്ണതകളാണ് മാറിപ്പോകുന്നത് എന്നതിന് ഇപ്പോൾ തെളിച്ചമുള്ള അറിവൊന്നുമില്ല. ഒരേസമയം ഹൃദയമിടിപ്പിനേയും ശ്വാസോച്ഛ്വാസത്തേയും മസ്തിഷ്ക്ക കേന്ദ്രങ്ങളെയും വരുതിയിലാക്കുന്ന ഈ വമ്പൻ പത്താമനെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.

Reference:
1. Breit, S., Kupferberg, A., Rogler, G. and Hasler, G. Vagus nerve as modulator of the brain-gut axis in psychiatric and inflammatory diosrders. Frontiers in Psychiatry 9: 1-13 2018
2. Siopi, E., Galerne, M., Oury F. and Lledo, M. Gut microbiota changes require vagus nerve integrity to promote depressive-like behaviors in mice. Molecular Psychiatry 2023 doi: 10.1038/s41380-023-02071-6.Online ahead of print.
3.Wade, G. Your body's secret superhighway. New Scientist 259:40-43 2023.
4. Longo, S., Rizza, S.. and Federici, M. Microbiota-gut-brain axis: relationships among the vagus nerve, gut microbiota, obesity, and diabetis. Acta Diabetologica 60:1007-1017 2023
5.Han, Y., Wang, B., Gao, H., Xin, S. and Xu, J. Vagus nerve and underlying impact on the gut microbiota-brain axis in behavior and neurodegenerative diseases. Journal of Inflammation Research. 15: 6213-6230 2022


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments