എപ്പിസ്റ്റീം - 1
ഒരാള്‍ ചിരിക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ചിരിക്കുമ്പോള്‍ നമ്മളും അറിയാതെ ചിരിച്ചേക്കാം. കരച്ചില്‍ കാണുമ്പോള്‍ നമ്മളും കരഞ്ഞേക്കാം.
ചില കണ്ണാടി ന്യൂറോണുകളുടെ പ്രതിപ്രവര്‍ത്തനമാണിത്. ജന്തുക്കളില്‍ കുഞ്ഞുങ്ങള്‍ പല വിദ്യകളും; പ്രത്യേകിച്ച് കൈകാല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടത്, പഠിച്ചെടുക്കുന്നതും മെച്ചപ്പെടുത്തുന്നതും ഇങ്ങനെ അനുകരിച്ചു കൊണ്ടാണ്. തലച്ചോറിലെ ബോധജ്ഞാനത്തിന്റെ കേന്ദ്രമായ 'കോര്‍ടെക്‌സി’ലെ ചില ഇടങ്ങളാണ് ഇതിനാധാരം.
എന്നാല്‍, അക്രമം കാണുമ്പോഴോ?
ഇതുപോലെ സംഭവിച്ചേക്കാം എന്നാണ് പുതിയ കണ്ടുപിടിത്തം. അതിന്റെ ചരിത്രവും വേറെയാണ്.
ആക്രമണങ്ങളും അക്രമങ്ങളും വന്യമാണ്, മൃഗങ്ങളുടെ ജീവിതത്തില്‍ സാധാരണമാണ്, മനുഷ്യരിലും. സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമ്മസിംഹമോ അമ്മക്കരടിയോ വീറോടെ പൊരുതും. സ്വന്തം പ്രദേശം സുരക്ഷിതമാക്കാന്‍ ചിമ്പന്‍സികള്‍ കടന്നുകയറ്റക്കാരോട് അക്രമാസക്തമാകും. ഇതൊക്കെ കാണുന്നത് പലപ്പോഴും അക്കൂട്ടത്തിൽ തന്നെയുള്ള മറ്റ് മൃഗങ്ങളായിരിക്കും. സ്വാഭാവികമായി അക്രമം സുരക്ഷക്ക് അത്യാവശ്യമായ പെരുമാറ്റരീതിയാണെന്ന് അവര്‍ മനസ്സിലാക്കിയെടുക്കും.
ഇന്ന് വിഭവങ്ങള്‍ക്കുവേണ്ടി മനുഷ്യന് മല്‍സരിക്കുകയോ പൊരുതുകയോ വേണ്ടതില്ലെങ്കിലും അവർ അക്രമസ്വഭാവം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കണ്ടുനില്‍ക്കുന്നവരിലേക്ക് ഇത് പകരുന്നുണ്ടെങ്കില്‍അതില്‍ അദ്ഭുതമില്ല. അക്രമം കാണുന്നവര്‍ വെറും കാഴ്ച്ചക്കാരല്ല. അക്രമാസക്തത ഉള്‍ക്കൊള്ളുന്ന വീഡിയോ ഗെയ്മുകളും സിനിമകളും മറ്റു ദൃശ്യങ്ങളും നമ്മളെ അതിലേക്ക് നയിക്കുന്നില്ലേ?
ചോദ്യം വളരെ സംഗതമാണ്.
ഈയിടെ ഒരു സിനിമയിലൂടെ പ്രചാരം നേടിയ പ്രസ്താവന ഇങ്ങനെയായിരുന്നു: അക്രമാസക്തത ഒഴിവാക്കാന്‍ ശ്രമിക്കുകയാണെങ്കിലും അത് എന്നിലേക്ക് വരുന്നു എന്ന് പ്രഖ്യാപിക്കുന്നത് നമ്മള്‍ കേട്ടില്ലെന്ന് നടിക്കേണ്ടതില്ല. (KGF -ലെ ഡയലോഗ്: Violence, violence, violence. I don't like it. I avoid. But, violence likes me, I can't avoid.).
ആള്‍ക്കൂട്ടവും
അക്രമാസക്തിയും
അക്രമാസക്തി ചിലപ്പോള്‍ ആപേക്ഷികമാകാറുണ്ട്. ഒരു ആള്‍ക്കൂട്ടത്തില്‍ പെട്ടാല്‍ അതിന്റെ സ്വഭാവത്തോടൊപ്പം ചരിക്കുക എന്നത് മനുഷ്യ മനഃശാസ്ത്രത്തിന്റെ പ്രത്യേകതയാണ്. അക്രമം ആവശ്യമില്ലാത്ത രീതിയില്‍ തുടങ്ങിയ ആള്‍ക്കൂട്ടവും അതിലേക്ക് താനേ പ്രവേശിക്കുന്നത് സ്വാഭാവികമാണ്. റോക് ഗാനമേള കഴിഞ്ഞാലോ ഏതെങ്കിലും സ്‌പോര്‍ട്‌സ് മല്‍സരം കഴിഞ്ഞാലോ ആഹ്ലാദം എന്ന പൊതുവികാരം അക്രമത്തിലേക്ക് മാറാറുണ്ട്. വ്യക്തിയുടെ വികാരനിയന്ത്രണങ്ങള്‍ക്ക് അപ്പുറം പോകുകയാണ് ആള്‍ക്കൂട്ട മനസ്.
ഗോത്രങ്ങളുടെ സംരക്ഷണത്തിനുള്ള പൊരുതല്‍ പഠിപ്പിച്ചുവെച്ച തലച്ചോര്‍ പെരുമാറ്റങ്ങള്‍ പെട്ടെന്ന് മറനീക്കി പുറത്തുവരിക എന്നതായിരിക്കാം ഇതിനു പിന്നില്‍. ആക്രമിക്കുക എന്ന ഉദ്ദേശ്യമില്ലാതെ തന്നെ തുടങ്ങുന്ന ഒരാൾക്കൂട്ടം, എളുപ്പം അതിലേക്ക് വഴുതിപ്പോകുകയാണ്. ചിലപ്പോള്‍ ഒരു ഉദ്ദേശ്യത്തോടെ തുടങ്ങിയ ആള്‍ക്കൂട്ടം നിയമം അനുസരിക്കുന്ന വ്യക്തികളുടെ ഒരുമ എന്നതിലപ്പുറം കടന്ന് ആള്‍ക്കൂട്ടത്തിന്റേതായ മനഃശാസ്ത്ര നിയമങ്ങള്‍ ഏറ്റുപിടിയ്ക്കുന്നതും സംഭവ്യമാണ്. അക്രമം കാണുമ്പോള്‍ അത് ഏറ്റുപിടിക്കാനുള്ള വെമ്പല്‍ തന്നെയാണ് ഇതിന്റെ ഉറവിടം.
മണിപ്പുരില്‍ ഈയിടെ നടന്ന, ഇപ്പോള്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഗോത്രങ്ങള്‍ തമ്മിലുള്ളതാണെങ്കിലും അവയുടെ കാര്യകാരണങ്ങള്‍ വ്യത്യസ്തമാണ്. വിഭവങ്ങള്‍ക്കുവേണ്ടി പണ്ട് മല്‍സരങ്ങളോ പൊരുതലോ വേണ്ടിവന്നിട്ടുണ്ടെങ്കില്‍ മണിപ്പുരിലേത് രാഷ്ട്രീയപ്രേരിതമാണ്. ഒരു നിശ്ചിത സമൂഹത്തെ ഉപദ്രവിക്കാന്‍ ഒരാള്‍ക്കൂട്ടത്തെ അവര്‍ക്കെതിരെ നിയോഗിക്കുക എന്നത് എളുപ്പ തന്ത്രമാണ്; അത് താനേ അക്രമാസക്തമാകും എന്നത് അറിഞ്ഞുകൊണ്ടുതന്നെ.
ഇവിടെയും പതിവുപോലെ എളുപ്പം കിട്ടാവുന്ന ഇര എന്നതിനാല്‍ സ്ത്രീകളാണ് ആക്രമിക്കപ്പെട്ടത്. അവരെ നഗ്‌നരാക്കി തെരുവില്‍ പ്രദര്‍ശിപ്പിക്കുകയും റേപ്പ് ചെയ്യുകയുമായിരുന്നു പ്രയോഗരീതി. തെരുവിലെ ഈ പ്രദര്‍ശനം വിജയപ്രഖ്യാപനം കൂടിയാണ്. അക്രമം ചെറിയ രീതിയില്‍ തുടങ്ങിവെച്ചാല്‍ മതി, അതുകണ്ട് മറ്റുള്ളവര്‍ക്ക് ഉല്‍സാഹം കൂടുകയായി. 'ആള്‍ക്കൂട്ട മനഃശാസ്ത്ര' (Crowd psychology) മായി, വന്‍തോതിലുള്ള ആക്രമണമായി അത് സ്വയം മാറ്റിക്കൊള്ളും.
പട്ടാളക്കാരും പോലീസുകാരും ചിലപ്പോള്‍ ഇതേ സ്വഭാവം പ്രദര്‍ശിപ്പിക്കാറുണ്ട്. ആണുങ്ങളെ മര്‍ദ്ദിക്കുന്നതിലും എളുപ്പം പെണ്ണുങ്ങളെ റേപ്പ് ചെയ്യുകയാണ്. അതിനു പിറകില്‍ പലപ്പോഴും ഒരു ലൈംഗിക ചോദന പ്രവര്‍ത്തിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതില്‍ ഏര്‍പ്പെട്ട പലരും പിന്നീട് ഇത് തുറന്നുപറഞ്ഞിട്ടുമുണ്ട്. വ്യക്തി എന്ന മാനസികഭാവം വിട്ട് ആള്‍ക്കൂട്ടം ഉരുവപ്പെടുത്തുന്ന മാനസികഭാവമാണ് അക്രമാസക്തിയെ ത്വരിതപ്പെടുത്തുന്നത്. ഗുജറാത്ത് കലാപത്തില്‍ ഗര്‍ഭിണിയുടെ വയര്‍ കീറി ഭ്രൂണം പുറത്തെടുത്ത് കുന്തമുനയിലേറ്റിയതു പോലുള്ള പൈശാചിക സ്വഭാവങ്ങള്‍ ഇരയ്‌ക്കെതിരെ ഉപയോഗിക്കാന്‍ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ക്കാണ് എളുപ്പം. അക്രമം തുടങ്ങുമ്പോഴത്തെ ആദ്യ കാഴ്ച്ചയില്‍ നിന്നാണ് അത് പടര്‍ന്നു പിടിയ്ക്കുന്നത് എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കയാണ്.
തലച്ചോര്‍ കേന്ദ്രങ്ങള്‍
വികാരങ്ങളുടെ കേന്ദ്രമാണ് തലച്ചോറിന്റെ ഒത്ത നടുവില്‍, ഉള്ളില്‍, സ്ഥിതിചെയ്യുന്ന ഹൈപോതലാമസ്. അക്രമസ്വഭാവത്തിന്റെ കേന്ദ്രവും ഇവിടെത്തന്നെ- കൃത്യമായിപ്പറഞ്ഞാല്‍ നടുവില്‍, താഴെ ഭാഗത്ത്. (Ventromedial hypothalamus- VMH) ഉഗ്രകോപകേന്ദ്രം (rage center) തന്നെയാണിത്.
എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞത്, ഒരു കൂട്ടില്‍ സ്‌നേഹത്തോടെ കഴിയുന്ന എലികളില്‍ ഈ കേന്ദ്രം ഉത്തേജിപ്പിച്ചാലും അവര്‍ അക്രമത്തിലേക്ക് തിരിയുകയില്ല എന്നാണ്. എന്നുവെച്ചാല്‍ സാമൂഹികസന്ദര്‍ഭങ്ങള്‍ ഈ ന്യൂറോണ്‍ സംഘങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ പോന്നവയാണെന്നാണ്.
വികാരങ്ങളുടെ കേന്ദ്രമാണ് തലച്ചോറിന്റെ ഒത്ത നടുവില്‍, ഉള്ളില്‍, സ്ഥിതിചെയ്യുന്ന ഹൈപോതലാമസ്. അക്രമസ്വഭാവത്തിന്റെ കേന്ദ്രവും ഇവിടെത്തന്നെ
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ നീരവ് ഷായും കൂട്ടരും ഈ ന്യൂറോണ്‍ സംഘങ്ങളുടെ പ്രവൃത്തിവിശേഷങ്ങള്‍ പഠിച്ചെടുത്തിട്ടുണ്ട്; പ്രത്യേകിച്ചും രണ്ട് വ്യത്യസ്ത അവസ്ഥകളില്‍.
ഒന്ന്: എലികള്‍ തമ്മില്‍ പോരാടുമ്പോള്‍.
രണ്ട്: മറ്റൊരു എലി ഈ കാഴ്ച കാണുമ്പോള്‍. ഡോ. ഷായും കൂട്ടരും ഇവർക്കിടയില്‍ ഒരു പോരാട്ടം തുടങ്ങിവച്ചത്, ഒരു ആണെലിയുടെ കൂട്ടിലേക്ക് മറ്റൊന്നിനെ പ്രതിഷ്ഠിച്ചുകൊണ്ടാണ്. അതേ കൂടിന്റെ ഒരു വശത്ത് ഒരു ഗ്ലാസ് ഭിത്തിയ്ക്കപ്പുറത്ത് മറ്റൊരു ആണെലിയെ ഈ കാഴ്ച കാണാനായി ഇരുത്തി. ശണ്ഠ കൂടുന്ന എലികളുടേയും കാഴ്ച്ച കാണുന്ന എലിയുടെയും അക്രമ നിയന്ത്രണ ഇടമായ, Ventromedial hypothalamus ഭാഗത്തെ ന്യൂറോണുകള്‍ ഉത്തേജിതരാകുന്നത് ആലേഖനം ചെയ്‌തെടുത്തു. കാഴ്ച്ച കാണുന്ന എലിയുടെ ഈ കേന്ദ്രത്തിലെ ന്യൂറോണുകള്‍ തല്‍സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതായി നിരീക്ഷിക്കപ്പെട്ടു.
വളരെ നൂതനവും സങ്കീര്‍ണവും പരിഷ്‌കൃതവുമായ പരീക്ഷണവിദ്യകളിലൂടെയാണ് തലച്ചോറിന്റെ ഉള്ളിലുള്ള ഈ ന്യൂറോണ്‍ കേന്ദ്രങ്ങളുടെ ഉത്തേജനം രേഖപ്പെടുത്തിയത്. ജനിതക തന്ത്രങ്ങളും പ്രകാശനിയന്ത്രണങ്ങളും ഇലക്ട്രോഡുകളും സൂക്ഷ്മ കമ്പ്യൂട്ടർ പ്രവര്‍ത്തികളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. നിമിഷനേരത്തേയ്ക്കുമാത്രം ഉത്തേജിതമാകുന്ന ന്യൂറോണുകളെ കൃത്യമായി തിരിച്ചറിഞ്ഞ് അടയാളപ്പെടുത്താനും സന്ദേശങ്ങള്‍ രേഖപ്പെടുത്താനും സാധിച്ചെടുക്കുന്ന ഇത്തരം പരീക്ഷണ /പഠന വിദ്യ, തലച്ചോര്‍ പഠനങ്ങളെ അതിദൂരം മുന്നോട്ട് നയിക്കുന്നു.
അക്രമാസക്തിയുടെ കണ്ണാടിന്യൂറോണുകള്‍ ആ പെരുമാറ്റത്തിനു മാത്രമുള്ളവയാണെന്നും മറ്റ് സാമൂഹിക പെരുമാറ്റങ്ങളെ അവ നിയന്ത്രിക്കുന്നില്ലെന്നും പരീക്ഷണം തെളിയിച്ചു.
പൊരുതുന്ന എലികളുടേയും കണ്ടുനില്‍ക്കുന്ന എലിയുടേയും Ventromedial hypothalamus ഭാഗത്തെ ഒരേതരം ന്യൂറോണുകളാണ് ഉത്തേജിതരായത്. ഒരേ ധര്‍മം പാലിക്കുന്ന ന്യൂറോണുകള്‍ തന്നെ ഇവ എന്നു സാരം. ജനിതകമാറ്റം വരുത്തിയ എലികളില്‍ ഈ ന്യൂറോണുകളെ ഉത്തേജിച്ചപ്പോള്‍ അവ അക്രമാസക്തരായി എന്ന നിരീക്ഷണം ഇത് ശരി വെയ്ക്കുന്നു. ഈ ന്യൂറോണുകളെ നിശ്ശബ്ദമാക്കിയപ്പോള്‍ എലികള്‍ വളരെ ശാന്തശീലരായി മാറി എന്നും പരീക്ഷണത്തില്‍ തെളിഞ്ഞു. എന്നാല്‍, ഇണചേരാനുള്ള ചോദനയെ നിയന്ത്രിക്കുന്ന തൊട്ടടുത്ത ന്യൂറോണ്‍ കേന്ദ്രം സ്വാഭാവികമായി പ്രവര്‍ത്തിച്ചു.
അക്രമാസക്തിയുടെ കണ്ണാടിന്യൂറോണുകള്‍ ആ പെരുമാറ്റത്തിനു മാത്രമുള്ളവയാണെന്നും മറ്റ് സാമൂഹിക പെരുമാറ്റങ്ങളെ അവ നിയന്ത്രിക്കുന്നില്ലെന്നും ഈ പരീക്ഷണം തെളിയിച്ചു. ഈ ന്യൂറോണുകള്‍ കൂടുതല്‍ ഉത്തേജിക്കപ്പെട്ടപ്പോള്‍ മറ്റ് ആണെലികളെ നിര്‍ദ്ദയമായാണ് ഉപദ്രവിച്ചത്. ഇണ ചേരാറുള്ള പെണ്ണെലികളേയും ആക്രമിച്ചു, ഇക്കൂട്ടര്‍. കണ്ണാടിയില്‍ കണ്ട സ്വന്തം പ്രതിരൂപങ്ങളോടുപോലും ചില എലികള്‍ ഏറ്റുമുട്ടാന്‍ ശ്രമിച്ചത്രേ.
അക്രമാസക്തതയുടെ
പ്രസക്തി
സ്വയം രക്ഷിക്കാനുള്ള അക്രമാസക്തി എല്ലാ ജന്തുക്കളുടേയും തലച്ചോറില്‍ പരിണാമം വെച്ചു കൊടുത്തിട്ടുണ്ട്. ഇണയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാനും ഇര തേടുമ്പോള്‍, അവയെ കീഴ്‌പ്പെടുത്താനും അക്രമം ആവശ്യമായിവരികയാണ്. ഇത് ഒരു സുഖാനുഭൂതിയോ രസികത്തമോ നല്‍കുന്നു, തലച്ചോറിന്റെ പ്രതിഫലകേന്ദ്രം (reward center) ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്, ഈ സമയത്ത്. അക്രമാസക്തത സ്ഫുരിപ്പിക്കുന്ന വീഡിയോ ഗെയിമുകള്‍ സര്‍വ്വപ്രിയമാകുന്നത് ഇതുകൊണ്ടാണ്, അക്രമാസക്തതയുടെ നാടകീയ രൂപങ്ങളായ മല്‍സരാധിഷ്ഠിത സ്‌പോര്‍ട്‌സ് ആഹ്‌ളാദം കൊള്ളിക്കുന്നതും.
അക്രമം കാണുക, ആസ്വദിക്കുക എന്നത് തലച്ചോറ് നല്‍കുന്ന പരിശീലനത്തിന്റെ ലക്ഷണമാണെന്ന് കരുതണം.
അഴിച്ചുവിട്ട സിംഹത്തിനേയും മനുഷ്യനേയും ഒരുമിച്ച് കൊളീസിയങ്ങളില്‍ പ്രത്യക്ഷപ്പെടുത്തി ആ സിംഹം മനുഷ്യനെ കടിച്ചുകീറുന്നതുകണ്ട് രസിച്ചവരുടെ ചരിത്രമാണ് നമുക്കുള്ളത്. അക്രമം കണ്ട് രസിക്കുക എന്നതില്‍ മുന്‍ പരിചയമുണ്ടെങ്കില്‍, പരസ്പര പോരാടല്‍ കൂടുതല്‍ വൈദഗ്ദ്ധ്യമിയന്നതായിരിക്കും. യുദ്ധം കണ്ടുനില്‍ക്കുന്നതും ഇതേ പോലെ തന്നെ. മനുഷ്യസമൂഹത്തില്‍ ഈ പെരുമാറ്റം പല രീതിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോക്‌സിങ്ങ് മല്‍സരത്തില്‍ തല പൊട്ടി ചോരയൊലിക്കുന്നത് കാണുന്നത് രസകരമത്രേ. അക്രമം കാണുക, ആസ്വദിക്കുക എന്നത് തലച്ചോറ് നല്‍കുന്ന പരിശീലനത്തിന്റെ ലക്ഷണമാണെന്ന് കരുതണം.
കണ്ണാടിന്യൂറോണുകളുടെ മറ്റൊരു ഉപയോഗവും ധാര്‍മികതയും ഇവിടെ തെളിയുകയാണ്. ഹൈപോതലാമസിലെ മേല്‍ച്ചൊന്ന Ventromedial hypothalamus കേന്ദ്രം ഇതില്‍ എത്രമാത്രം ഭാഗഭാക്കാകുന്നു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കൂടാതെ ആണ്‍-പെണ്‍ വ്യത്യാസങ്ങളുടെ ഉറവിടം ഹൈപോതലാമസിന്റെ ഇതേ ഇടം തന്നെ ആയിരിക്കുമോ എന്നതും അറിയേണ്ടതുണ്ട്. ജന്തുക്കളില്‍ പെണ്ണുങ്ങള്‍ പ്രസവിച്ചു കിടക്കുമ്പോഴോ കുഞ്ഞുങ്ങളെ ഹിംസിക്കാന്‍ മറ്റ് മൃഗങ്ങള്‍ എത്തുമ്പോഴോ ആണ് അവര്‍ കൂടുതല്‍ അക്രമാസക്തമാകുന്നത്. ജന്തുകുലത്തില്‍ ആണുങ്ങളുടെ Ventromedial hypothalamus ഭാഗത്തെ ന്യൂറോണുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവോ? അറിയേണ്ടതുണ്ട്.
അക്രമാസക്തിയുടെ കണ്ണാടിന്യൂറോണുകള്‍
ഇന്നുവരെ കണ്ണാടിന്യൂറോണുകള്‍ നിര്‍വ്വചിക്കപ്പെട്ടിരുന്നത്, പലതരം ചലനശേഷികള്‍ സ്വായത്തമാക്കാനുള്ള ഒരു സംവിധാനമായിട്ടാണ്. കുട്ടിക്കാലത്ത് പഠിച്ചെടുക്കേണ്ടവ. അവ കേന്ദ്രീകൃതമായി നിലകൊള്ളുന്നവയാണ്. തലച്ചോറിലുള്ള കോര്‍ടെക്‌സിലെ ചലനശേഷികേന്ദ്രങ്ങളിലും അവയെ നിയന്ത്രിക്കുന്ന ഇടങ്ങളിലുമാണുള്ളത്. ഈ കോര്‍ടെക്‌സ് ആകട്ടെ വളര്‍ന്നുവികസിച്ചത് സസ്തനികളിലെ ചില ജന്തുക്കളില്‍ മാത്രമാണ്.
പഠിച്ചെടുക്കല്‍ പ്രക്രിയക്കുമുന്‍പ് ഈ കണ്ണാടിന്യൂറോണുകള്‍ കര്‍മോദ്യുക്തരോ ഉത്തേജിക്കപ്പെട്ടവയോ അല്ല. എന്നാല്‍ അക്രമാസക്തതയുടെ കണ്ണാടിന്യൂറോണുകള്‍ കശേരുകികളില്‍ (vertebrate) ആകമാനം തലച്ചോറിനുള്ളിലെ ഹൈപോതലാമസില്‍ നിലകൊള്ളുന്നു. പരിണാമത്തില്‍ പണ്ടേ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതും നിലനിര്‍ത്തിയിട്ടുള്ളതുമാണിത്. അക്രമത്തിനുള്ള ചായ്വ്, സ്വതവേയുള്ളതും സ്വാഭാവികമായതുമായ പെരുമാറ്റ വ്യവസ്ഥയാണ് എന്നതിന്റെ കൃത്യമായ സൂചനയാണിത്. പ്രാചീനമായ ഒരു പരിണാമോത്പത്തി ആധാരമായിട്ടുള്ളതാണെന്നര്‍ത്ഥം.
ബോധജ്ഞാനവുമായി ബന്ധപ്പെട്ട കണ്ണാടി ന്യൂറോണുകള്‍ പരിണാമത്തില്‍ വികാസം പ്രാപിച്ച് കോര്‍ടെക്‌സിലാണുള്ളത്. എന്നാല്‍ അക്രമാസക്തിയുടേത് എല്ലാ ജന്തുക്കളിലുമുള്ള, പ്രാചീനമായ ഹൈപോതലാമസിലാണ്.
സ്വന്തം ഇട സംരക്ഷണം (territorial defense), അതുവഴി ആത്യന്തികമായി പ്രജനന സാഫല്യം കൈവരുത്തല്‍ എന്നത് പരിണാമത്താല്‍ സംരക്ഷിക്കപ്പെട്ടതാകുന്നു. ഹൈപോതലാമസിന്റെ നിര്‍ണ്ണായക ഇടങ്ങളിലാണ് ഈ കണ്ണാടിന്യൂറോണുകള്‍ സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ട് മറ്റ് മൗലികമായ പെരുമാറ്റങ്ങള്‍ക്കും- ഇണയെ കണ്ടുപിടിക്കൽ, ഇണ ചേരൽ, കുഞ്ഞുങ്ങളെ വളര്‍ത്തൽ (parenting)- ഇത്തരം ന്യൂറോണുകള്‍ ഇതേ ഭാഗത്ത് പ്രയുക്തമാക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കുകയുമാകാം. കണ്ണാടിന്യൂറോണുകള്‍ സാധാരണ സാമൂഹ്യപരമായ അവബോധത്തിനാണ് ഉപയുക്തമാകാറ്. സമൂഹകണ്ണാടിവലയങ്ങള്‍ ശാരീരിക സ്വാസ്ഥ്യം (fitness), ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുള്ള സ്ഥിതിവിശേഷം (vulnerability), സാമൂഹ്യവും പുനരുദ്പാദനപരവുമായ അവസ്ഥയും സ്ഥിതിയും തുടങ്ങിയവയൊക്കെ സ്വസമൂഹത്തില്‍ നിന്ന് കണ്ടുപഠിച്ച് വിലയേറിയ ഉൾക്കാഴ്ച സമ്മാനിക്കാന്‍ നിജപ്പെടുത്തിയിട്ടുള്ളവയാണ്. ഗര്‍ഭധാരണത്തിനു മുമ്പുതന്നെ കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള അറിവുകള്‍ഇപ്രകാരം കണ്ണാടിന്യൂറോണുകള്‍ വഴി സാധിച്ചെടുക്കുന്നുണ്ടായിരിക്കണം. അകശേരുകികള്‍ (invertebrates) ക്കിടയ്ക്കും സാമൂഹ്യപെരുമാറ്റങ്ങളുണ്ട്, അക്രമാസക്തിക്കുള്ള കണ്ണാടിന്യൂറോണുകള്‍ അവയ്ക്കിടയിലും പ്രാവര്‍ത്തികമായിരിക്കാം.
ബോധജ്ഞാനവുമായി ബന്ധപ്പെട്ട കണ്ണാടി ന്യൂറോണുകള്‍ പരിണാമത്തില്‍ വികാസം പ്രാപിച്ച് കോര്‍ടെക്‌സിലാണുള്ളത്. എന്നാല്‍ അക്രമാസക്തിയുടേത് എല്ലാ ജന്തുക്കളിലുമുള്ള, പ്രാചീനമായ ഹൈപോതലാമസിലാണ്. ആദ്യത്തേത് ചില പ്രത്യേക കഴിവുകള്‍ പഠിച്ചെടുക്കാന്‍ സഹായിക്കുന്നവയാണെങ്കില്‍ രണ്ടാമത്തേത് സ്വയരക്ഷയ്ക്കും സ്വന്തം ഇടം സംരക്ഷിക്കുന്നതിനുമാണ്. കാഴ്ച്ചയിലൂടെ ഇതിനുള്ള പരിശീലനം ലഭിയ്ക്കുന്നു.
Referance:
1.Yang, T. Y., Bayless D. W., Wei Y., Landayan D., Marcelo I. M., Wang Y., DeNardo L. A., Luo L., Druckman S. and Shah N. M. Hypothalamic neurons that mirror aggression. Cell 186: 1195-1211, 2023.
2.Careaga, M. B. L. Mouse brain cells activate when they witness a fight. The Scientist 37: 42-43, 2023.