ആണുങ്ങളുടെ
അധിക കാൻസർ ഭാരം

സ്ത്രീകളേക്കാൾ കൂടുതലായി കാൻസർ പുരുഷന്മാരെ ആക്രമിക്കുന്നുണ്ടോ, എങ്കിൽ അതിന്റെ കാരണങ്ങൾ എന്താണ്?- എതിരൻ കതിരവൻ എഴുതുന്ന ശാസ്ത്രപരമ്പര- എപ്പിസ്റ്റീം- തുടരുന്നു.

EPISTEME- 4

സ്ത്രീകൾക്കും പുരുഷന്മാർക്കും തീക്ഷ്ണതയുടേയും അതു മൂലമുള്ള മരണത്തിന്റെയും തോത് പല കാൻസറുകൾക്കും വ്യത്യസ്തമാണ്. പ്രത്യുൽപ്പാദനപരമായ (reproductive) അവയവങ്ങൾക്ക്, പ്രത്യേകിച്ചും സ്തനം, ഗർഭാശയം, ഓവറി എന്നിവയുടെ അർബുദത്തിന്റെ തോത് സ്ത്രീകളിലും പ്രൊസ്റ്റേറ്റ്, വൃഷണം എന്നിവയുടേത് പുരുഷന്മാരിലും ഏകദേശം ഒരേപോലെയാണ്.

പല കാൻസറുകളും ആണുങ്ങളിൽ കൂടുതലായി കാണുന്നുണ്ട്. അവർക്ക് മൂത്രാശയ കാൻസറും കുടൽ (colon) കാൻസറുമാണ് കൂടുതലും വരുന്നത്. ശ്വാസകോശാർബുദം (lung cancer) ആണുങ്ങളിൽ കൂടുതലായി കാണപ്പെടുന്നതാണ്, പക്ഷേ അത് പുകവലിച്ചിട്ടാണ് എന്നതിൽ സത്യമുണ്ടെങ്കിലും മറ്റ് കാരണങ്ങളും ഇതിന്റെ പിന്നിലുണ്ടെന്നുള്ളതാണ് പുതിയ അറിവ്. എങ്കിലും ആണുങ്ങൾ സ്ത്രീകളോളം ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കാത്തതു കൊണ്ടും കൂടുതൽ വലിയ കുമ്പ (belly fat) കൊണ്ടു നടക്കുന്നതിനാലും ഒക്കെയാണ് ഈ അധിക ബാധ സംഭവിക്കുന്നതെന്ന വാദം നിലവിലുണ്ട്.

ഇതിനെ വെല്ലുവിളിച്ച്, ജനിതക വ്യത്യാസങ്ങൾ ഇതിനു പിന്നിലുണ്ട് എന്ന് ആധുനിക തന്മാത്രാശാസ്ത്രം തെളിയിച്ചിരിക്കയാണ്. റെഡ് മീറ്റ് കൂടുതൽ കഴിച്ചും മദ്യം കുടിച്ചും ജീവിതശൈലി അവതാളത്തിലാക്കുന്നവരാണ് ആണുങ്ങൾ, അതുകൊണ്ട് അവർക്ക് കാൻസർ ഉൾപ്പടെ പല അസുഖങ്ങളും വരുന്നു എന്നൊരു ചിന്താഗതിയുള്ളത് മാറിമറിഞ്ഞിരികയാണ് ഇപ്പോൾ. ജനിതകപരമായ വ്യത്യാസങ്ങൾ ആണുങ്ങൾക്ക് കൂടുതൽ രോഗാതുരത സമ്മാനിക്കുന്നു എന്ന് തെളിയുന്നത് അർബുദചികിൽസയിൽ പുതുമയാണ്. ജനിതക പഠനങ്ങളും തന്മാത്രാശാസ്ത്രത്തിലെ ആധുനിക തന്ത്രങ്ങൾ വിനിയോഗിച്ചുള്ള പരീക്ഷണങ്ങളും അർബുദത്തിന്റെ ഉദ്ഭവത്തെയും ഉചിത ചികിൽസാപദ്ധതികളേയും പറ്റിയുള്ള അറിവുകളെ വിപ്ലവാത്മകമായി വ്യതിചലിപ്പിക്കുന്നു, പുതിയ ചില തീർപ്പുകൾ വിസ്മയകരങ്ങളുമാണ്.

കാൻസർ ജനിതകം

ഇന്ന് ജെനറ്റിക് പഠനങ്ങളാണ് കാൻസർ ഗവേഷണത്തെ മുന്നോട്ട് നയിക്കുന്നത്. ജീനുകളുടെ പ്രവർത്തനം, അതിന്റെ ഏറ്റക്കുറച്ചിൽ അല്ലെങ്കിൽ അവയുടെ പ്രവർത്തനം പാടേ നിലച്ചുപോകൽ- ഇവയൊക്കെ അർബുദത്തിലേക്ക് നയിക്കുന്നു. ഈ ജീനുകളെ മര്യാദ പഠിപ്പിക്കുന്നത് അർബുദ ചികിൽസയുടെ പ്രധാന ഭാഗമായിത്തീരുന്നുണ്ട്.

പുതിയ പ്രയോഗവിധിയായ ജീൻ എഡിറ്റിങ്ങ് ഒക്കെ ഇതിനു സഹായകമാകുന്നുണ്ട്. ജീൻ എഡിറ്റിങ്ങ് ഇന്ന് വളരെ സാധ്യമായ ടൂൾ ആണ്, ഒരു നിശ്ചിത ജീനിനെ നിർവ്വീര്യമാക്കുകയോ പാടേ കത്രിച്ചു മാറ്റുകയോ ചെയ്യാം. അങ്ങനെ അതിന്റെ സാംഗത്യവും പ്രയോഗവിധികളും പഠിച്ചെടുക്കാം എന്ന നില കൈവന്നിരിക്കുന്നു. ജീൻസന്നിവേശങ്ങളാൽ അർബുദം കൃത്രിമമായി എലികളിലോ ലാബിൽ വളർത്തുന്ന കോശങ്ങളിലോ സൃഷ്ടിച്ചെടുക്കാം, കാൻസർ വളർച്ചാ ഘട്ടങ്ങളിൽ ഏതൊക്കെ ജീനുകൾ എങ്ങനെയൊക്കെ നിയന്ത്രിതമാക്കപ്പെടുന്നു എന്ന് പഠിച്ചെടുക്കാം, ഇതൊക്ക ഇന്ന് എളുപ്പമാണ്. ഓരോ കാൻസറിലും ഏതൊക്കെ ജീനുകൾ നിഷ്പ്രഭമോ പ്രവർത്തനനിരതമോ ആകുന്നു, അവയെ നിയന്ത്രിക്കുന്ന ജീനുകൾ ഏതൊക്കെ എന്ന് സൂക്ഷ്മതയോടെ പഠിച്ചെടുക്കുകയാണ് ആധുനിക മോളിക്യുലാർ ബയോളജി സാങ്കേതിക വിദ്യകളാൽ. ഒരേ അവയവത്തിന്റെ അർബുദ പ്രാരംഭവും ബീജാരോപണവും രണ്ടു പേരിൽ വ്യത്യസ്തമായിരിക്കാം എന്ന സാദ്ധ്യത പ്രബലമായ ആശയമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് കൃത്യമായ ചികിൽസാവിധികൾ നിർദ്ദേശിക്കാൻ സാധിക്കുന്നു. ചികിൽസ കൂടുതൽ വ്യക്ത്യാധിഷ്ഠിതമാകുന്നു.

ഇനിയത്തെ നാളുകൾ 'സൂക്ഷ്മ ചികിൽസാപദ്ധതി'യുടേതായിരിക്കും. രോഗിയുടെ ജനിതക പശ്ചാത്തലം, ജീവിക്കുന്ന ചുറ്റുപാടുകൾ, ജീവിതശൈലികൾ ഇവയൊക്കെ സമഗ്രമായി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചികിൽസാസമീപനം.

വൈ ( Y ) ക്രോമസോം:
ആണത്തത്തിന്റെ നിദാനം, പക്ഷേ...

23 ജോഡി ക്രോമസോമുള്ളതിൽ രണ്ടെണ്ണം ലിംഗനിർണ്ണയത്തിനുള്ളതാണ്. രണ്ട് എക്‌സ് ക്രോമസോമുകൾ (XX) ഭ്രൂണത്തെ സ്ത്രീ ആക്കി മാറ്റുമ്പോൾ ഒരു എക്‌സും ഒരു വൈയും (XY) പുരുഷനെ നിർമ്മിക്കുന്നു. ഈ വൈ ക്രോമസോം വളരെ ചെറുതാണ്, അത്യാവശ്യം ചില ജീനുകൾ മാത്രമേ അതിൽ നിബന്ധിച്ചിട്ടുള്ളൂ. പലതും ബീജനിർമ്മാണത്തേയും വൃഷണവളർച്ചയേയും ബാധിക്കുന്നവയാണ്. ഭ്രൂണത്തിൽ ബീജവാഹിനിക്കുഴലുകളും ബീജനിർമ്മാണകോശങ്ങളും ഉരുത്തിരിപ്പിക്കുന്നത് വൈ ക്രോമസോമിലെ ജീനുകളാാണ്. ഭ്രൂണത്തെ ആണാക്കി മാറ്റുന്ന ക്രോമസോം എന്നുതന്നെ പറയാം. എന്നാൽ ഈ വൈ ക്രോമസോമിന് മറ്റ് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും ചില ഇടപെടലുകൾ ശരീരധർമ്മങ്ങളെ ബാധിക്കുന്നുണ്ടെന്നുമാണ് ആധുനിക നിരീക്ഷണങ്ങൾ. ഈ ക്രോമസോം ഇല്ലെങ്കിൽ എന്തു സംഭവിക്കും എന്ന ചോദ്യമാണ് ഇത്തരം കണ്ടുപിടിത്തങ്ങളിൽ എത്തിച്ചത്.

പ്രായമാകുമ്പോൾ സ്വാഭാവികമായി ഈ വൈ ക്രോമസോം കോശങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതുമൂലം പല ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. രക്തകോശങ്ങളാകാനുള്ള വിത്തുകോശങ്ങളിലെ (Hemopoitic cells) വൈ ക്രോമസോം ഇല്ലാതാകുമ്പോൾ ചില ഹൃദ് രോഗങ്ങൾ- പ്രത്യേകിച്ച്, ഹൃദയ ഫൈബ്റോസിസ്- ഉണ്ടായേക്കാം. മാത്രമല്ല, പല തരം കാൻസറുകൾക്കും ഇത് കാരണമാകുന്നു. മൂത്രാശയ കാൻസറിൽ (bladder cancer) 10-40% ഭാഗത്തെ കോശങ്ങളിലും വൈ ക്രോമസോം അപ്രത്യക്ഷമാകുകയാണ്. ഇതിൽഅദ്ഭുതപ്പെടാനില്ല, കാരണം മൂത്രാശയ കാൻസർ പുകയില ഉപയോഗത്താലും വ്യാവസായിക രാസപദാർത്ഥങ്ങളാലും (industrial pollutants) സംഭവിക്കുന്നതാണ്, ഇവ രണ്ടും ഡി എൻ എയിൽ മാറ്റം വരുത്തുന്നുണ്ട്, വൈ ക്രോമസോം ഇല്ലാതാകാൻ കാരണവും ആകുന്നുണ്ട്. ആണുങ്ങളിൽ മൂത്രാശയ കാൻസറും കുടൽ കാൻസറും (colon cancer) കൂടുതലായി കാണപ്പെടുന്നു, മരണത്തോത് സ്ത്രീകളേക്കാൾ അധികവുമാണ്. കാരണം വൈ ക്രോമസോം തന്നെ. കോശവിഭജനസമയത്താണ് ആകസ്മികമായി ഈ ക്രോമസോം നഷ്ടപ്പെട്ടുപോകുന്നത്. പ്രായമാകുന്ന ആണുങ്ങളിലാണ് ഇത് കൂടുതൽ സംഭവിക്കുന്നത്.

ഒരേ അവയവത്തിന്റെ തന്നെ ഏതു ഭാഗത്താണ് അർബ്ബുദം തുടങ്ങുന്നത് എന്നതും കൃത്യമായി അറിയേണ്ടതാണ്. പല ഭാഗങ്ങളിൽ പല ജീനുകളുടെ പ്രവർത്തനങ്ങൾക്ക് വ്യത്യാസമുണ്ട് എന്ന് ഈയിടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

വൈ ക്രോമസോം-
കാൻസർ ബന്ധം

നൂറുകണക്കിനു മൂത്രാശയ കാൻസർ രോഗികളുടെ കാൻസർ കോശങ്ങളിലെ വൈ ക്രോമസോം സാന്നിദ്ധ്യം പരിശോധിച്ചപ്പോൾ മിക്കവയിലും ഈ ക്രോമസോം അപ്രത്യക്ഷമായി കാണുകയാണുണ്ടായത്. ലാബിൽ വളർത്തുന്ന കാൻസർ കോശങ്ങളിലും ഈ ക്രോമസോമിന്റെ അഭാവം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജീൻ എഡിറ്റിങ്ങ് വഴി വൈ ക്രോമസോം ഇല്ലാതാക്കിയ കോശങ്ങൾ എളുപ്പം കാൻസർ കോശങ്ങളായി മാറുകയാണ്. വൈ ക്രോമസോം നഷ്ടമായ കാൻസർ കോശങ്ങൾ എലികളിൽ ട്രാൻസ്പ്ലാന്റ് ചെയ്തപ്പോൾ അവയിൽ ഗുരുതരമായ കാൻസറാണ് ഉണ്ടായത്. വൈ ക്രോമസോം നഷ്ടപ്പെടാത്ത കോശങ്ങളുടെ പ്രവർത്തനത്തേക്കാൾ വളരെ മടങ്ങ് വ്യത്യാസത്തിലാണ് ഇത് സംഭവിച്ചത്.

വൈ ക്രോമസോമിലെ പലേ ജീനുകളെക്കുറിച്ചും അറിവുകൾ ധാരാളമില്ല, അധികം ജീനുകൾ ഇല്ലെങ്കിലും. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ അവ എങ്ങനെയാണ് കാൻസറിലേക്ക് നയിക്കുന്നതെന്നതിനു തെളിവുകൾ ലഭിച്ചുകൊണ്ടിരിക്കയാണ്. വൈ ക്രോമസോം ഇല്ലാതായ കോശങ്ങളിൽ വന്ന ജനിതക മാറ്റങ്ങൾ, അല്ലെങ്കിൽ ജീൻ എഡിറ്റിങ്ങ് വഴി വൈ ക്രോമസോമിലെ ജീനുകളെ നിർവീര്യമാക്കീയ കോശങ്ങൾ, വൈ ക്രോമസോം പാടേ ഇല്ലാതാക്കിയ കോശങ്ങൾ ഇവയൊക്കെ പഠിക്കപ്പെടുകയായിരുന്നു.

KDM5D

നാല് ജീനുകളുടെ പ്രവർത്തനരാഹിത്യമാണ് കാൻസർ ഗുരുതരമാക്കുന്നതിൽ പങ്ക് വഹിക്കുന്നതെന്നും തെളിഞ്ഞു, ഇത്തരം പഠനങ്ങളാൽ. പരിശോധിക്കപ്പെട്ട 834 മൂത്രാശയ കാൻസർ രോഗികളിലും (ആണുങ്ങൾ) ഈ ജീനുകളുടെ അഭാവം സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ജീനുകളിൽ ഒന്നും ആണത്തമുളവാക്കുന്നതിൽ പങ്കു ചേരുന്നവയല്ല. രണ്ടു ജീനുകൾ- KDM5D, UTY- എന്നിവ ഇതിൽ പ്രാധാന്യമർഹിക്കുന്നു. ഈ ജീനുകൾ ഇല്ലാതാക്കിയാൽ (ജീൻ എഡിറ്റിങ്ങ് വഴി) കോശങ്ങൾ അർബുദ കോശങ്ങളായി മാറും എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. UTY യ്ക്ക് തത്തുല്യമായ ജീൻ UTX സ്ത്രീകളുടെ എക്‌സ് ക്രോമസോമിൽ ഉണ്ട്, പക്ഷേ നിരുപദ്രവിയാണ്.

ശ്വാസകോശാർബുദത്തിലും വൈ ക്രോമസോമിന്റെ ചില ഭാഗങ്ങൾ നഷ്ടപ്പെടുന്നതായി കാണുന്നുണ്ട്. ആ കോശങ്ങളിലും KDM5D ജീനിന്റെ പ്രവർത്തനം തീരെ മന്ദീഭവിക്കപ്പെട്ടതായാണ് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. ജീവിതശൈലി ശ്വാസകോശാർബ്ബുദത്തിന്റെ പല കാരണങ്ങളിൽ ഒന്നാണെങ്കിലും ആണുങ്ങൾക്ക് ഈ അർബുദം കൂടുതൽ മാരകമാകുന്നത് അവരുടെ വൈ ക്രോമസോമിലെ ന്യൂനതകൾ കൊണ്ടുകൂടിയാണ്. എന്തുകൊണ്ട് ആണുങ്ങൾക്ക് വൈ ക്രോമസോം വഴി ഈ ദുർവ്വിധി പരിണാമം നൽകി എന്നതിന്റെ പശ്ചാ ത്തലം കണ്ടുപിടിയ്ക്കേണ്ടിയിരിക്കുന്നു. തീർച്ചയായും ഈ ജീനുകൾ അതിജീവനത്തെ സഹായിച്ചിരിക്കും എന്നത് സുനിശ്ചിതമാണ്, പക്ഷേ ഈ പ്രായോഗികതയുടെ രഹസ്യങ്ങൾ വെളിപ്പെടാൻ കൂടുതൽ ജനിതക പഠനങ്ങൾ ആവശ്യമാണ്.

പ്രതിരോധകോശങ്ങളെ
നിർവ്വീര്യമാക്കുന്നു

കോശങ്ങൾ മര്യാദ വിട്ട് നിയന്ത്രണമില്ലാതെ വിഭജിച്ചു തുടങ്ങുന്നതാണ് അർബുദം. ഇതോടെ നമ്മുടെ പ്രതിരോധകോശങ്ങൾ ഇവയെ വളഞ്ഞ് നശിപ്പിക്കുകയാണ് സാധാരണ സംഭവിക്കുക. കാരണം അർബുദകോശങ്ങളുടെ ഉപരിതലത്ത് 'ഞങ്ങൾ കാൻസർ കോശങ്ങളാണേ' എന്നറിയിക്കുന്ന ചില തന്മാത്രകളുണ്ട്, പ്രതിരോധകോശങ്ങൾ ഇത് തിരിച്ചറിഞ്ഞ് ഉൽസാഹമേറ്റുകയാണ്, അവയെ നേരിടുകയാണ്. അതുകൊണ്ടാണ് അത്രപെട്ടെന്ന് നമുക്ക് കാൻസർ വരാതിരിക്കുന്നത്. എന്നാൽ പെട്ടെന്ന് വിഭജിച്ച് വളർന്ന് ഈ പ്രതിരോധകോശങ്ങളെ വെല്ലുവിളിയ്ക്കുന്നത് അർബുദത്തിന്റെ പിന്നീടുള്ള ഘട്ടമാണ്. പിന്നീട് ഈ റ്റ്യൂമറിനു ചുറ്റും എത്തുന്ന പ്രതിരോധ കോശങ്ങൾ നിർവ്വീരീകരിയ്ക്കപ്പെടുകയാണ്. പലപ്പോഴും പ്രതിരോധകോശങ്ങൾക്ക് അർബുദകോശങ്ങളെ തിരിച്ചറിയാനാകാതെ ഈ മര്യാദ കെട്ടവർ ഒളിച്ചു കളിയിൽ ഏർപ്പെടാറുമുണ്ട്. ഇത് ഒരു സാധാരണ പ്രക്രിയ ആണെങ്കിൽവൈ ക്രോമസോം നഷ്ടപ്പെട്ട കോശങ്ങൾ അതിതീവ്രതയോടെയാണ് ഇത് സാധിച്ചെടുക്കുന്നത്, ആക്രാന്തത്തോടെയാണ് പ്രതിരോധ കോശങ്ങളെ ഒന്നിനും കൊള്ളാത്തതാക്കുന്നത്. റ്റ്യൂമറിനുള്ളിലുള്ള പ്രതിരോധ കോശങ്ങളെയും ദുർബ്ബലമാക്കുന്നുണ്ട്, വൈ ക്രോമസോം നഷ്ടം വന്ന കാൻസർ കോശങ്ങൾ.

ഒരേ ജീനിന്റെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ കൊണ്ട് മൂത്രാശയത്തിലും കുടലിലും അർബുദം സംഭവിക്കുന്നു എങ്കിലും രണ്ടിന്റെയും ചികിൽസയിൽ ഇമ്യൂണോ തെറാപ്പി ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. പക്ഷേ ഇത് ഒരു പൊതുതത്വമായി അംഗീകരിക്കപ്പെടണമെന്നില്ല.

പ്രതിരോധ കോശങ്ങളുടെ ഈ നിർവ്വീരീകരണം വൈ ക്രോമൊസോം ഇല്ലായ്മകൊണ്ട് മാത്രമാണ്, മറ്റ് പ്രശ്നങ്ങൾ കൊണ്ടല്ല എന്ന് കൃത്യമായി തെളിയിക്കാനും സാധിച്ചു. ഈ പ്രതിരോധ കോശങ്ങളെ തിരിച്ച് പ്രവർത്തനനിരതമാക്കുന്ന ഒരു ആന്റിബോഡി (immunotherapy-ക്ക് ഉപയോഗിക്കുന്ന atezolizumab) 'വൈ രഹിത' അർബുദകോശങ്ങളെ അമർച്ചചെയ്യാൻ പ്രാപ്തമാണ് എന്നു മാത്രമല്ല, കൂടുതൽ സൂക്ഷ്മബോധവും സംവേദനക്ഷമതയും പ്രദാനം ചെയ്യുന്നുമുണ്ട്. എലികളിലാണ് ആദ്യം നിരീക്ഷിക്കപ്പെട്ടതെങ്കിലും മനുഷ്യരുടെ മൂത്രാശയ കാൻസറിലും ഇതു തന്നെ സംഭവിക്കുന്നു എന്ന് തീർച്ചയാക്കപ്പെട്ടിട്ടുണ്ട്. ഈ കണ്ടുപിടിത്തം ചികിൽസാരംഗത്ത് സാംഗത്യമിയന്നതാണെന്നുള്ള കൃത്യസൂചന ലഭിച്ചിരിക്കുകയാണ്, ഇപ്രകാരം.

കുടൽ (colon) കാൻസറും
വൈ ക്രോമൊസോമും

ആണുങ്ങളിൽ ഗുരുതരമാകുന്നതും കൂടുതൽ മരണങ്ങൾക്കിട കൊടുക്കുകയും ചെയ്യുന്നതാണ് വൻകുടൽ / മലാശയ ( colorectal cancer ) കാൻസർ. ഈ കാൻസർ കോശങ്ങൾ റ്റ്യൂമറിൽ നിന്ന് എളുപ്പം വിട്ടുപോയി, രക്തത്തിൽക്കൂടി സഞ്ചരിച്ച് മറ്റു ഭാഗങ്ങളിൽ കാൻസർ കോളനികൾ സ്ഥാപിക്കുന്നതിൽ വിരുതരാണ്. മിക്ക കാൻസറുകളിലും ഇത് സംഭവിക്കാറുണ്ട്. കാൻസർ കോശസ്ഥാനാന്തരണം (Metastasis) എന്നാണിതിന് പേര്. മെറ്റാസ്റ്റാസിസ് തുടങ്ങിക്കഴിഞ്ഞാൽ പലപ്പോഴും ചികിൽസ കൈവിട്ടുപോകും. ഈ പ്രതിഭാസത്തിൽ വൈ ക്രോമസോമിലുള്ള ഒരു ജീൻ വലിയ പങ്കു വഹിക്കുന്നു, മൂത്രാശയ കാൻസറിന്റെ കാര്യത്തിലെന്ന പോലെ. മേൽ പരാമർശിച്ച KDM5D എന്ന ജീൻ തന്നെ വില്ലൻ, ആണുങ്ങളിൽ മെറ്റാസ്റ്റാസിസ് കൂടുതൽ സംഭവിക്കുന്നതിനും ഈ ജീൻ തന്നെയാണ് കാരണം.

എലികളുടേയും മനുഷ്യരുടേയും കുടൽ കാൻസറിൽ സംഭവിക്കുന്ന ജീൻമാറ്റങ്ങളെക്കുറിച്ച് വിശദമായി പഠിച്ചപ്പോൾ പ്രധാനമായും കണ്ടെത്തിയത് കോശങ്ങളെ തമ്മിൽ ഒട്ടിപ്പിക്കുന്ന, കോശങ്ങളെ തമ്മിൽത്തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോട്ടീനുകൾ നിർമ്മിക്കുന്ന ജീനുകൾനിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഈ ജീനുകളെ നിയന്ത്രിക്കുന്നതാകടെ KDM5D ജീനിന്റെ അധിക പ്രവർത്തനമാണ്. തദ്ഫലമായി കോശങ്ങളെ ബന്ധിപ്പിക്കുന്ന, ഈ പ്രത്യേക പ്രോട്ടീനുകൾ നിർമ്മിക്കുന്ന ജീനുകൾ പ്രവർത്തനരഹിതമാകുന്നു.

ജനിതകപരമായും (തന്മാത്രാശാസ്ത്രപരമായും ഉള്ള പഠനങ്ങൾ ഓരോ ചികിൽസാ പദ്ധതിയുടെയും പിന്നിലുണ്ടായിരിക്കണമെന്നത് ആവശ്യമായിത്തീർന്നിരിക്കുന്നു.

പ്രധാനമായും പേരു സൂചിപ്പിക്കുന്നതുപോലെ 'tight junctions'എന്നറിയപ്പെടുന്ന, ഒരു സിപ് (zip) പോലെ ചേർത്ത് സന്ധിപ്പിക്കുന്ന അംഗവിധാനം നിർമ്മിച്ചെടുക്കാൻ സാധിക്കാതെ പോകുകയും അതുമൂലം കാൻസർ കോശങ്ങൾ തമ്മിൽ തമ്മിൽ വിട്ടുപോകുകയും കൂടുതൽ മെറ്റാസ്റ്റാസിസ് സംഭവിക്കുകയും ചെയ്യുന്നു. സാധാരണ ഒരു പരിധിയിൽക്കഴിഞ്ഞ് വളരുന്ന റ്റ്യൂമറിൽ നിന്നാണ് കോശങ്ങൾ വിട്ടുപോകുകയും മറ്റിടങ്ങളിൽ കോളനികൾ സ്ഥാപിക്കുകയും ചെയ്യാറ്, പക്ഷേ വൈ ക്രോമസോമിലെ KDM5D എന്ന ജീൻ ഉണർന്ന് പ്രവർത്തിക്കുമ്പോൾ അത് നേരത്തെ സംഭവിക്കുകയാണ്, കാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുകയാണ്, ചികിൽസിച്ചു മാറ്റുക എന്നത് ദുഷ്‌ക്കരമാകുകയാണ്. സ്ത്രീകളിലെ കുടൽ കാൻസറിൽ ഇങ്ങനെ കോശങ്ങൾ തമ്മിലുള്ള സന്ധികൾക്ക് മാറ്റങ്ങൾ കാണുന്നതേ ഇല്ല. ആണുങ്ങളുടെ കഷ്ടപ്പാട് ഇങ്ങനെ വഴിതിരിയുകയാണ്.

മൂത്രാശയ കാൻസറിൽ കണ്ടെത്തിയ പോലെ കാൻസറിനെ സ്വാഭാവികമായി പ്രതിരോധിക്കുന്ന കോശങ്ങളെ നിർവ്വീര്യമാക്കാൻ പോന്നതാണ് ഈ ജീനിന്റെ പ്രവർത്തനപ്രതിഫലനങ്ങൾ. T കോശങ്ങൾ (T cells) എന്ന പ്രത്യേക വകുപ്പ് പ്രതിരോധകോശങ്ങളിൽ ചിലവ കാൻസർ കോശങ്ങളെ തെരഞ്ഞുപിടിച്ച് വക വരുത്തുന്നവയാണ്. മറ്റ് ചിലവ കാൻസർ കോശങ്ങളുടെ 'തുണ്ടുകൾ' ഇവയ്ക്ക് കാണിച്ചു കൊടുത്ത് ആക്രമിക്കാൻ പ്രേരിപ്പിക്കുന്നവയുമാണ്. ഈ വക റ്റി കോശങ്ങളെ എല്ലാം അമർച്ച ചെയ്ത് കാൻസർ കോശങ്ങളെ നിർബ്ബാധം വളരാൻ അനുവദിക്കുകയാണ് KDM5D ജീനിന്റെ അധികഭരണാധികാരം.

കാൻസറിന്റെ മാരകപ്രഭാവം തീരുമാനിക്കുന്നത് കോശങ്ങൾ തമ്മിൽ ഒട്ടിയിരിക്കാനുള്ള കഴിവും (cell-cell adhesiveness) പ്രതിരോധ കോശങ്ങളെക്കൊണ്ട് റ്റ്യൂമറിനെ നശിപ്പിക്കാനുള്ള കഴിവുമാണ്. ഈ കഴിവുകൾ ഒരേ സമയത്ത് ഇല്ലാതാകുകയാണെങ്കിൽ റ്റ്യൂമർ നിയന്ത്രണമില്ലാതെ വളരുകയും കോശങ്ങൾ എളുപ്പം വിട്ടുപോയി മറ്റിടങ്ങളിൽ കോളനി സ്ഥാപിക്കുകയും രോഗി പിന്നീട് മരണത്തിലേക്ക് നീങ്ങുകയുമാണ്. മേൽപ്പറഞ്ഞ ജീൻ ഇത് രണ്ടും ഒരുമിച്ച് സാധിച്ചെടുക്കുകയാണ്.

ഒരു ജീൻ, രണ്ട് ഫലങ്ങൾ

ഇവിടെ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്, ഒരേ ജീൻ രണ്ട് വ്യത്യസ്ത, വിപരീതഫലങ്ങൾ ഉളവാക്കുന്നു എന്നതാണ്. KDM5D എന്ന ജീൻ പ്രവർത്തനരഹിതമാകുമ്പോൾ, അല്ലെങ്കിൽ ഇല്ലാതാകുമ്പോൾ (വൈ ക്രോമസോം അപ്രത്യക്ഷമായ കോശങ്ങളിൽ) മൂത്രാശയ കാൻസറിനു സാദ്ധ്യത ഒരുക്കുകയാണ്. സാധാരണഗതിയിലുള്ള കോശപ്രവർത്തനങ്ങൾക്ക് ഈ ജീൻ അത്യാവശ്യമാണെന്ന് സാരം. എന്നാൽ ഈ ജീൻ കുടലിലോ മലാശയത്തിലോ ഉണർന്ന് പ്രവർത്തിക്കുകയാണെങ്കിൽ അതും കാൻസറിലേക്ക് നയിക്കും. ഒരു അവയവത്തിൽ ജീനിന്റെ അഭാവം അർബ്ബുദ കാരണമാണെങ്കിൽ മറ്റൊരു അവയവത്തിൽ അതിന്റെ പ്രവർത്തനം ഇതേ ഫലം ചെയ്യുകയാണ്. ഒന്നിൽ സംരക്ഷണം ആണെങ്കിൽ മറ്റൊന്നിൽ നാശകാരണവും. അർബ്ബുദത്തിന്റെ ജൈവിക പെരുമാറ്റം (biological behaviour) സാന്ദർഭികമായി മാറുന്നതാണ് എന്നതിന്റെ തെളിവാണിത്. ഒരേ ജീനിന്റെ പ്രഭാവത്താൽ മൂത്രാശയ കാൻസറും കുടൽ കാൻസറും സംഭവിക്കുമ്പോൾത്തന്നെ ചികിൽസാരീതികൾ വ്യത്യസ്തമാകേണ്ടതിന്റെ ആവശ്യകതയും ഈ പുതിയ അറിവുകൾ സൂചിപ്പിക്കുന്നു.

ഒരേ അവയവത്തിന്റെ തന്നെ ഏതു ഭാഗത്താണ് അർബ്ബുദം തുടങ്ങുന്നത് എന്നതും കൃത്യമായി അറിയേണ്ടതാണ്. പല ഭാഗങ്ങളിൽ പല ജീനുകളുടെ പ്രവർത്തനങ്ങൾക്ക് വ്യത്യാസമുണ്ട് എന്ന് ഈയിടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരേ ജീനിന്റെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ കൊണ്ട് മൂത്രാശയത്തിലും കുടലിലും അർബുദം സംഭവിക്കുന്നു എങ്കിലും രണ്ടിന്റെയും ചികിൽസയിൽ ഇമ്യൂണോ തെറാപ്പി ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. പക്ഷേ ഇത് ഒരു പൊതുതത്വമായി അംഗീകരിക്കപ്പെടണമെന്നില്ല.

KMD5D, UTY എന്നീ ജീനുകൾ പ്രതിരോധകോശങ്ങളെ നിയന്ത്രിക്കുന്നു എന്ന അറിവ് പ്രധാനമാണ്. ഈ രണ്ട് ജീനുകളെ ഔഷധശാസ്ത്രപരമായി (pharmacologically) നേരിടുക എന്ന പോം വഴി കാൻസർ ചികിൽസയിൽവൻ വഴിത്തിരിവ് സൃഷ്ടിക്കുകയാണ്. പല വ്യക്തികളിൽ ഒരേ കാൻസറിന്റെ ഉദ്ഭവം വെവ്വേറേ ആയിരിക്കാം എന്നത് വൈയക്തിക പരിപാലനവും ചികിൽസയും (perosnalized medicine ) ആവശ്യമാണെന്ന ആധുനിക ചിന്താപദ്ധതി സംഗതമാക്കുകയാണ്.

ജനിതകപരമായും (genetic) തന്മാത്രാശാസ്ത്രപരമായും (molecular biological) ഉള്ള പഠനങ്ങൾ ഓരോ ചികിൽസാ പദ്ധതിയുടെയും പിന്നിലുണ്ടായിരിക്കണമെന്നത് ആവശ്യമായിത്തീർന്നിരിക്കുന്നു. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ അവയവത്തിന്റെ ചികിൽസ രണ്ടു രീതിയിലാകാമെന്ന സത്യം കൃത്യമായി തെളിയുന്നുണ്ടിവിടെ. ഇനിയത്തെ നാളുകൾ 'സൂക്ഷ്മ ചികിൽസാപദ്ധതി' (precision medicine) യുടേതായിരിക്കും. രോഗിയുടെ ജനിതക പശ്ചാത്തലം, ജീവിക്കുന്ന ചുറ്റുപാടുകൾ, ജീവിതശൈലികൾ ഇവയൊക്കെ സമഗ്രമായി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചികിൽസാസമീപനം.

Reference:
1.Abdel-Hafiz, H. A., Schafer, J. M., Chen, X., Xiao T., Gauntner, T. D., Li, Z . and Theodorescu, D. Y chromosome loss in cancer drives growth by evasion of adaptive immunity. Nature 619: 624-631 2023.
2.Li, J., Liao, Z., Horner, J. W., Wang, Y. A. and DePincho, R. A. Histone demethylase KDM5D upregulation drives sex differences in colon cancer. Nature 619: 632-639 2023.
3.Ledford, H. How the Y chromosome makes some cancers more deadly for men. Nature 618:898 2023.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments