‘ശിവശക്തി പോയിന്റ്’: ശാസ്ത്രലംഘനത്തെക്കുറിച്ച്
ഇന്ത്യൻ ശാസ്ത്രജ്ഞർ മിണ്ടാത്തതെന്ത്?

ചാന്ദ്രയാൻ കാലുകുത്തിയ പ്രദേശത്തിന് 'ശിവശക്തി' എന്ന് പേരു നൽകുമ്പോൾ അത് പ്ലാനറ്ററി സൈറ്റുകൾക്ക് പേരുകൾ നൽകുന്നത് സംബന്ധിച്ച് അന്തർദ്ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട നിബന്ധനകളുടെ ലംഘനമാണെന്ന് വിളിച്ചുപറയാൻ പോലും കഴിയാത്ത കൂട്ടങ്ങളായി ഇന്ത്യൻ ശാസ്ത്രജ്ഞർ മാറിയിരിക്കുന്നു.

ഹിന്ദു ദേശീയതയും
ആധുനികശാസ്ത്രവും - 2

War is Peace, Freedom is Slavery, Ignorance is Strength.
- George Orwell, 1984.

ജോർജ്ജ് ഓർവൈല്ലിന്റെ 1984 എന്ന നോവലിലെ പ്രശസ്തമായ ഈ വാചകം ദൈനംദിന ജീവിതത്തിൽ അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ത്യയിൽ ഓർവെല്ലിയൻ വിരുദ്ധോക്തിയുടെ ഏറ്റവും കടുത്ത ഇരകളായി മാറിയിരിക്കുന്നത് അക്കാദമിക്- ശാസ്ത്ര മേഖലകളാണെന്നത് ഒരുവേള പലരും ശ്രദ്ധിക്കാതെ പോയ സംഗതിയാണ്. തഥാകഥിത സ്വാതന്ത്ര്യം അടിമത്തമാണെന്ന് തിരിച്ചറിഞ്ഞാൽപ്പോലും ഒന്നുറക്കെ പ്രതിഷേധിക്കാൻപോലും പറ്റാത്ത രീതിയിൽ അക്കാദമിക /ശാസ്ത്ര രംഗം മാറിയിരിക്കുന്നു.

ചന്ദ്രയാനുമായി ബന്ധപ്പെട്ട ഉദാഹരണമെടുക്കുക: ചാന്ദ്രയാൻ കാലുകുത്തിയ പ്രദേശത്തിന് 'ശിവശക്തി' എന്ന് പേരു നൽകുമ്പോൾ അത് പ്ലാനറ്ററി സൈറ്റുകൾക്ക് പേരുകൾ നൽകുന്നത് സംബന്ധിച്ച് അന്തർദ്ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട നിബന്ധനകളുടെ ലംഘനമാണെന്ന് വിളിച്ചുപറയാൻ പോലും കഴിയാത്ത കൂട്ടങ്ങളായി ഇന്ത്യൻ ശാസ്ത്രജ്ഞർ മാറിയിരിക്കുന്നുവെന്നു കൂടിയാണ് വെളിപ്പെടുന്നത്. ഇത്തരത്തിൽ അക്കാദമിക്- ശാസ്ത്ര മേഖലകളെ നിർവീര്യമാക്കുന്ന പ്രവർത്തനങ്ങൾ വളരെ നേരത്തെ ആരംഭിച്ചുകഴിഞ്ഞിരുന്നുവെന്നതാണ് വാസ്തവം.

ചന്ദ്രമാതാ ശിവ്ശക്തി പോയിന്റ്

രണ്ടാം വാജ്പേയ് സർക്കാർ അധികാരത്തിലെത്തിയ കാലം തൊട്ടേ അക്കാദമിക് മേഖലകളുടെ കാവിവൽക്കരണ നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. അക്കാലത്ത് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി (1998-99) സാധ്യമായ എല്ലാ വഴികളിലൂടെയും വേദഗ്രന്ഥങ്ങളെ പാഠ്യപദ്ധതികളിലേക്ക് തിരുകിക്കയറ്റാൻ നടപടി സ്വീകരിച്ചു. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ വേദാന്തം പഠന വിഷയമായി മാറുകയും പ്രശസ്തമായ ഐ ഐ ടികളിലൊന്നിൽ ഭൗതികശാസ്ത്രത്തെ വേദാന്തത്തിലെ ഒരധ്യായമായി അവതരിപ്പിക്കുകയും ചെയ്തത് ഇക്കാലയളവിലാണ്. അതോടൊപ്പം, 'ഹിന്ദുധർമ്മം: അധ്യാപകർക്കൊരു വഴികാട്ടി' എന്നൊരു കൈപ്പുസ്തകം അധ്യാപകർക്കിടയിൽ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. സനാതന ഹിന്ദുധർമ്മം ആധുനിക ശാസ്ത്രത്തിലെ പല കണ്ടെത്തലുകളെയും നിഗമനങ്ങളെയും എത്രനേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്ന് അധ്യപകരെ ബോധ്യപ്പെടുത്തുന്നതിനുള്ള കൈപ്പുസ്തകമായിരുന്നു ഇത്.

ആധുനിക ഭൗതികശാസ്ത്രവും ജീവശാസ്ത്രവും പ്രകൃതി, ശക്തി, ബ്രാഹ്മണം, ഗുണം എന്നീ ഹൈന്ദവ സങ്കൽപ്പങ്ങളെ സമന്വയിപ്പിച്ച് വൈരുദ്ധ്യങ്ങളേതുമില്ലാതെ 'വൈദികശാസ്ത്രം' (Vedic Science) എന്ന പരികല്പനകളിലൂടെ വിദ്യാഭ്യാസ പദ്ധതികളിന്മേൽ വിളക്കിച്ചേർക്കാനുള്ള ശ്രമമായിരുന്നു മുരളി മനോഹർ ജോഷി തുടങ്ങിവെച്ചത്. ക്വാണ്ടം മെക്കാനിക്സ് മുതൽ പരിണാമ സിദ്ധാന്തം വരെയുള്ള ആധുനിക ശാസ്ത്രത്തിലെ എല്ലാ സിദ്ധാന്തങ്ങളെയും തങ്ങൾക്കനുയോജ്യമായ രീതിയിൽ പുനർനിർവ്വചിക്കാനുള്ള ശ്രമങ്ങൾ വളരെ കാര്യക്ഷമമായി നടപ്പിലാക്കപ്പെട്ടു. ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയ പലതും സർവ്വകലാശാലാ ഗവേഷണ വിഷയങ്ങളായി മാറി. അത്തരം മേഖലകളിലെ ഗവേഷണങ്ങൾക്ക് കയ്യയഞ്ഞ സാമ്പത്തിക സഹായങ്ങൾ അനുവദിക്കപ്പെട്ടു. ജ്യോതിഷത്തിന് ബിരുദാനന്തര ബിരുദങ്ങൾ നൽകാൻ സംസ്ഥാന-കേന്ദ്ര സർവ്വകലാശാലകൾ നിർബന്ധിതമായി.

മുരളി മനോഹർ ജോഷി

ആധുനിക ശാസ്ത്രത്തിന്റെ പിന്തുണയില്ലാതെ തങ്ങളുടെ വിശ്വാസാധിഷ്ഠിത ‘ശാസ്ത്ര’ത്തിന് നിലനിൽപ്പില്ലെന്ന തിരിച്ചറിവ് തങ്ങളുടെ ഏത് പ്രവൃത്തിയെയും ആധുനിക ശാസ്ത്രത്തിന്റെ കുറ്റിയിൽ കൊണ്ടുചെന്ന് കെട്ടാൻ അവരെ നിർബന്ധിതരാക്കി. ആധുനിക ശാസ്ത്രവുമായുള്ള പൊരുത്തപ്പെടൽ മറ്റേത് മതങ്ങളേക്കാളും കൂടുതൽ സാധ്യമാകുന്നത് തങ്ങൾക്കാണെന്ന് ഹിന്ദുത്വയുടെ വക്താക്കൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ആധുനിക ശാസ്ത്രത്തിന്റെ പിൻബലം നേടിയെടുക്കാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനമെന്താണ്?

ഇവിടെ പ്രൊഫ. മീര നന്ദയെ കൂടുതലായി ഉദ്ധരിക്കുന്നത് കാര്യങ്ങൾ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായിക്കും:
നിഷേധത്തിൽ നിന്ന് ഒഴിഞ്ഞുമാറുക, വ്യക്തമായ വൈരുദ്ധ്യങ്ങളെ നിഷേധിക്കുക, ധാർമ്മിക ക്രമം ഉയർത്തിപ്പിടിക്കുന്ന ടെലിയോളജിക്കൽ വായനയ്ക്കായി ശാസ്ത്രത്തിന്റെ സാംസ്കാരിക അധികാരം ഏറ്റെടുക്കുക എന്നിവയാണ് അടിസ്ഥാനപരമായ ലക്ഷ്യം. (ഹിന്ദുമതത്തെ സംബന്ധിച്ച് അതിദേശീയതയെ മുൻനിർത്തിയുള്ള താൽപര്യങ്ങൾ കൂടി പ്രധാനമാണ്.)

മീര നന്ദ

ആധുനിക ശാസ്ത്രവുമായി ബന്ധപ്പെട്ട സകലതിനെയും എടുത്ത് പ്രയോഗിക്കുവാൻ ഹിന്ദുത്വയുടെ വക്താക്കൾ തയ്യാറാകുന്നത് കാണാം. കൃത്യമായ ഭരണഭൂരിപക്ഷം പോലും ഇല്ലാതെ അധികാരത്തിലെത്തിയ ആദ്യകാലങ്ങളിൽ തന്നെ ഇന്ത്യയുടെ സാമ്പ്രദായിക ആണവ നയങ്ങളെ നിരാകരിച്ച്, രണ്ടാം ആണവ പരീക്ഷണത്തിന് വാജ്പേയ് സർക്കാർ മുൻകൈ എടുത്തതും ഈയവസരത്തിൽ ഓർക്കുക.

ഈ ഹൈപ്പർ- സയന്റിസം ആധുനിക യുഗത്തിലെ ഒരു പ്രതിഭാസമാണെന്ന് പ്രൊഫ. മീര നന്ദ ചൂണ്ടിക്കാട്ടുന്നു. ആധുനികത്തിനുമുമ്പുള്ള കാലഘട്ടത്തിൽ, വിശ്വാസയോഗ്യവും ന്യായയുക്തവുമായി പ്രത്യക്ഷപ്പെടുന്നതിന് ശാസ്ത്രത്തിന് ദൈവശാസ്ത്ര (theology) ത്തിന്റെ പിന്തുണയും സമ്മതവും ആവശ്യമായിരുന്നു. നമ്മുടെ കാലത്ത്, അത് നേരെ മറിച്ചാണ്: വിശ്വാസയോഗ്യവും യുക്തിസഹവുമായി പ്രത്യക്ഷപ്പെടുന്നതിന് ശാസ്ത്രത്തിന്റെ പിന്തുണ ആവശ്യമുള്ളത് ദൈവശാസ്ത്രത്തിനാണെന്ന് വരുന്നു. അതുകൊണ്ടുതന്നെ, എല്ലാ മതമൗലികവാദികളും തങ്ങളുടെ സവിശേഷ ലോകവീക്ഷണത്തെ സ്ഥിരീകരിക്കുന്നതിന് ആധുനികശാസ്ത്രത്തെ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു.

ആധുനികശാസ്ത്രം മുന്നോട്ടുവെക്കുന്ന യുക്തിഭദ്രതയെയും കാര്യകാരണബന്ധങ്ങളെയും അതിന്റെ സാർവ്വലൗകിക സ്വഭാവത്തെയും സമ്പൂർണ്ണമായി നിരാകരിക്കുമ്പോൾത്തന്നെ അവയെ അപ്രോപ്രിയേറ്റ് ചെയ്യാൻ ഹിന്ദുത്വവക്താക്കൾക്ക് സാധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ശാസ്ത്ര കോൺഗ്രസുകളെ അഭിസംബോധന ചെയ്യുമ്പോൾ പൗരാണിക മിത്തുകളെ ശാസ്ത്രസത്യങ്ങളെന്ന രീതിയിൽ അവതരിപ്പിക്കുവാൻ പ്രധാനമന്ത്രി അടക്കമുള്ളവർക്ക് യാതൊരു വൈമനസ്യവും അനുഭവപ്പെടുന്നില്ലെന്നുമാത്രമല്ല, കേട്ടുനിൽക്കുന്ന ശാസ്ത്രജ്ഞർക്ക് അവയിലെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ആർജ്ജവവും ഇല്ലെന്ന് വരുന്നു.
അടിമത്തം സ്വാതന്ത്ര്യമായി ആഘോഷിക്കപ്പെടുന്ന ഓർവെല്ലിയൻ വിരുദ്ധോക്തി പ്രവർത്തിക്കുന്നതിവിടെയാണ്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments