മൃഗങ്ങളിൽ വിജയകരമായി പരീക്ഷിച്ച നിപ വാക്സിൻ
മനുഷ്യരിലെത്താത്തത് എന്തുകൊണ്ട്?

‘‘പല അക്കാദമിക് സ്ഥാപനങ്ങളിലും നിപ വാക്സിൻ നിർമിതി സാദ്ധ്യമാണ്, 30-ലേറെ വാക്സിനുകൾ നിർമ്മിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ ഇവ മനുഷ്യനിൽ ഉപയോഗിക്കാൻ തക്കവണ്ണമുള്ളതാണോ എന്ന് പരീക്ഷിച്ചറിഞ്ഞിട്ടില്ല. ബംഗ്ലാദേശിലോ കോഴിക്കോട്ടോ മാത്രം ആളുകൾ മരിക്കുന്ന ഒരു വൈറസിനുവേണ്ടി ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയും പണവുമായി മുന്നോട്ടിറങ്ങില്ല. നിപ വൈറസിന്റെ ഒരു വാക്സിൻ ഇല്ലാതെ വന്നത് പ്രധാനമായും ഈ കാരണത്താലാണ്.’’- എതിരൻ കതിരവൻ എഴുതുന്ന എപ്പിസ്റ്റീം പരമ്പര തുടരുന്നു.

EPISTEME- 9

നിപ വൈറസ് കേരളത്തിൽ ചിലയിടത്തു മാത്രമാണെങ്കിലും, നിലനിൽക്കാനാണ് സാദ്ധ്യത എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. കാരണങ്ങൾ അത്ര വ്യക്തമല്ലെങ്കിലും ഈ നൂതന പ്രതിസന്ധി നേരിടേണ്ടതുതന്നെയാണ്. വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഭൂദൃശ്യങ്ങൾ, പഴംതീനി വവ്വാലുകളുടെ മാറിമറിയുന്ന ആവാസവ്യവസ്ഥകൾ, അതിനനുസരിച്ച് അവരുടെ എക്കോളജിയിലും പെരുമാറ്റങ്ങളിലും സംഭവിക്കുന്ന പരിണതികൾ, ആഹാരരീതികളിലെ ക്രമാന്തരണങ്ങൾ, ചേക്കേറുന്ന പരിസ്ഥിതിയിലെ മാറ്റങ്ങൾ, ആകപ്പാടെ അവയുടെ ഗമനാഗമനങ്ങളും പെരുമാറ്റങ്ങളും തുടങ്ങിയ കാര്യങ്ങൾ വവ്വാലുകൾ കൊണ്ടുനടക്കുന്ന വൈറസുകൾ പുറത്തുവരുന്നതിനും അവയുടെ തൂകിപ്പരത്തലിനും കാരണമാകുന്ന പാരിസ്ഥിതിക പ്രോൽസാഹനങ്ങളാണ്.

ബംഗ്ലാദേശിലാകട്ടെ തണുപ്പുകാലമടുക്കുമ്പോഴേക്കും നിപ വൈറസ് പരക്കുന്നത് ഏകദേശം പതിവായിക്കഴിഞ്ഞു. വവ്വാൽ വഴിയുള്ള അണുബാധയുടേയും പടരലരിന്റേയും ഗതിവിജ്ഞാനം ആഴത്തിൽ വിപുലീകരിക്കപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യരിൽ ഈ വൈറസ് ബാധ തടയാനുള്ള യുദ്ധകൗശലങ്ങൾആവിഷ്ക്കരിക്കപ്പെടേണ്ടിയിരിക്കുന്നു. കേരളത്തിൽ ഇനി മറ്റു ജില്ലകളിലും സ്ഥലങ്ങളിലും നിപ പൊട്ടിപ്പുറപ്പെടുന്നതു വരെ കാത്തിരിക്കുന്നത് ആത്മഹത്യാപരമാണ്.

പഴംതീനി വവ്വാൽ

കാൽ നൂറ്റാണ്ടിന്റെ
അറിവുമാത്രമുള്ള വൈറസ്

ഏകദേശം 25 വർഷങ്ങൾക്കു മുമ്പുമാത്രം തിരിച്ചറിയപ്പെട്ട പുതിയ വൈറസാണിത്. Paramyxovirus കുടുംബത്തിൽപ്പെട്ടവർ. Henipavirus ജീനസിൽ, ഹെൻഡ്രാ വൈറസ് (Hendra virus), സെഡാർവൈറസ് (Cedar virus) എന്നിവക്കൊപ്പമാണ് നിപ വൈറസ്. കോവിഡ് വൈറസ് പോലെ ആർ എൻ എ (RNA- Ribonucleic acid) ആണ് ജനിതകവസ്തു. ജ്വരജന്യമായ (febrile) മസ്തിഷ്ക്കവീക്കവും (encephalitis) കഠിനമായ ശ്വാസകോശാസുഖവും പലപ്പോഴും മരണത്തിലേക്ക് നയിക്കും എന്നതുകൊണ്ട് ബയോ സേഫ്റ്റി ലെവൽ കണക്കിലെടുത്താൽ, അതിതീവ്രമായ നാലാം ലെവലിലാണ് നിപ വൈറസ്. ‘റ്റിറോപിഡ്’ (Pteropid) വർഗത്തിലെ പഴംതീനി വവ്വാലുകളാണ് ഇവയെ കൊണ്ടുനടന്ന് അധിവസിപ്പിക്കുന്നത്. പന്നികളിലേക്ക് എളുപ്പം പകരും, കുതിരകളിലേക്കും മറ്റ് ചില സസ്തനികളിലേക്കും അതുപോലെ.

എന്തുകൊണ്ട് കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ മാത്രം ഇത്തരം വവ്വാലുകളിൽനിന്ന് നിപ വൈറസുകൾ പുറത്തേക്കു പരക്കുന്നു എന്നത് ഉടൻ അറിയേണ്ടിയിരിക്കുന്നു.

മനുഷ്യരിലേക്ക് ആദ്യത്തെ പൊട്ടിപ്പുറപ്പെടൽ പന്നികളിൽ നിന്നായിരുന്നു, മലേഷ്യയിൽ. ബംഗ്ലാദേശിൽ പനങ്കള്ള് വഴി മനുഷ്യരിൽ പകർന്നതാണ് നിപ. കേരളത്തിൽ കോഴിക്കോട് ഭാഗത്ത് ഈ വക വവ്വാലുകളെ കണ്ടെത്തിയത് നിർണായകമായിരുന്നു. ഇവിടെ, മാമ്പഴം വഴിയാണ് മനുഷ്യരിലെത്തിയത് എന്നൊരു നിഗമനമുണ്ടെങ്കിലും കൃത്യമായ അറിവ് ഇനിയും നേടേണ്ടിയിരിക്കുന്നു. മലേഷ്യൻ നിപ വറസും (NiV-M) കേരളത്തിലും ബംഗ്ലാദേശിലും കണ്ട നിപ വൈറസും (NiV-B) തമ്മിൽ ജനിതകപരമായ വ്യത്യാസങ്ങളുണ്ട്.

1998-ൽ മലേഷ്യയിലെ ‘നിപ’ എന്ന സ്ഥലത്ത് പന്നികളിൽനിന്ന് ഈ അസുഖം പകർന്നുകിട്ടിയ 265 പേരിൽ 105 പേർ മരിച്ചു. അണുബാധ അമർച്ച ചെയ്യാൻ മില്ല്യൺ കണക്കിന് പന്നികളെയാണ് കൊല്ലേണ്ടിവന്നത്. പക്ഷെ, പിന്നീട് മലേഷ്യയിൽ ഈ വൈറസ് പ്രത്യക്ഷപ്പെട്ടില്ല, 2001-ൽ ബംഗ്ലാദേശിലാണ് പിന്നീട് നിപ ആക്രമണം നടന്നത്. 2014-ൽ മലേഷ്യൻ നിപ ഫിലിപ്പൈൻസിൽ പ്രത്യക്ഷപ്പെട്ടു, അസുഖം ബാധിച്ച 11 പേരിൽ 9 പേരും മരിച്ചു. 2018-ൽ ആകസ്മികമായി കോഴിക്കോട് ജില്ലയിലും മലപ്പുറത്തും ഈ വൈറസ് പൊടുന്നനെ കാണപ്പെട്ടു.

മനുഷ്യരിലേക്കുള്ള നിപയുടെ ആദ്യ പൊട്ടിപ്പുറപ്പെടൽ പന്നികളിൽ നിന്നായിരുന്നു, മലേഷ്യയിൽ. / Representational image

ഫിലിപ്പൈൻസിൽ കുതിരകളിൽ നിന്നാണ് മനുഷ്യർക്ക് പകർന്നത്. ബംഗ്ലാദേശിലും കോഴിക്കോട്ടും വവ്വാലിൽ നിന്നും. ഹെനിപാവൈറസ് ജീനസിലെ മറ്റൊരു വൈറസായ ഹെൻഡ്രാ വൈറസ്, 1994-ൽ ആസ്ത്രേലിയയിൽ കുതിരകളിൽനിന്നാണ് മനുഷ്യരിലേക്കു പടർന്നത്.

സൗത്ത് ഏഷ്യയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും അഞ്ച് രാജ്യങ്ങളിലായി ആകെ 650 നിപ ബാധകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഏകദേശം 60% മരണത്തോടെ. ഈ വൈറസ് ഏതു സമയത്ത്, ലോകത്തിന്റെ ഏതു കോണിൽ, എപ്പോൾ പ്രത്യക്ഷപ്പെടും എന്ന അറിവ് മനുഷ്യരെ ബേജാറാക്കിയത് കോവിഡ് ബാധയുടെ തീവ്രത അനുഭവിച്ചറിഞ്ഞശേഷമാണ്. കോഴിക്കോട്ടെ ആയഞ്ചേരിയിലെയും തൊട്ടിൽപ്പാലത്തെയും വവ്വാലുകളിൽ ഇപ്പോൾ എന്ത് സംഘർഷമാണുണ്ടായത് എന്നതിനും വൈറസുകൾ അവയിൽ നിന്ന് എങ്ങനെ പുറത്തെത്തി എന്നതിനും കാരണങ്ങൾ അജ്ഞാതമാണ്. ചില പഴച്ചാറുകളിൽ മൂന്നാലു ദിവസം ജീവിച്ചിരിക്കുമത്രേ ഈ വൈറസ്, പനങ്കള്ളിൽ ഏഴു ദിവസത്തോളവും.

നിപ വൈറസ് മനുഷ്യരിലേക്ക്

കോവിഡ് വൈറസ് നമ്മുടെ കോശങ്ങളിൽ പറ്റിപ്പിടിക്കാനുപയോഗിക്കുന്ന സ്‌പൈക് പ്രോട്ടീനുകൾ (spike proteins) പോലെ നിപ വൈറസിനും ഉപരിതലത്തിൽ എഴുന്നുനിൽക്കുന്ന രണ്ടുതരം പ്രോട്ടീനുകളുണ്ട്. വാസ്തവത്തിൽ ഇവ അന്നജം ചേർന്ന ഗ്ലൈക്കോ പ്രോട്ടീൻ (Glycoprotein) ആണ്. G protein എന്ന് പേര്. മറ്റൊന്ന് എഫ് പ്രോട്ടീൻ (F protein) ആണ്. (ചിത്രം 2) ഇതിൽ ജി പ്രോട്ടീനാണ് നമ്മുടെ കോശങ്ങളിൽ പറ്റിപ്പിടിക്കാൻ വൈറസ് ഉപയോഗിക്കുന്നത്.

നിപ വൈറസിൻ്റെ ഉപരിതലത്തിൽ എഴുന്നുനിൽക്കുന്ന G പ്രോട്ടീനും F പ്രോട്ടീനും.

നമ്മുടെ കോശങ്ങളുടെ ഉപരിതലത്തിൽ വിന്യസിക്കപ്പെട്ടിട്ടുള്ള ‘എഫ്രിൻ’ ( Ephrin) എന്ന സ്വീകരിണികളുമായാണ് ജി പ്രോട്ടീൻ ബന്ധം സ്ഥാപിക്കുന്നത്. കോശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് അടുക്കിക്കെട്ടി ആകൃതി രൂപീകരിക്കാനും ന്യൂറോണുകളെ തമ്മിൽ ബന്ധിപ്പിച്ചുനിർത്താനും രക്തക്കുഴലുകളെ ‘റി മോഡെൽ’ ചെയ്യാനുമൊക്കെ മിടുക്കരാണ് ഈ എഫ്രിൻ തന്മാത്രകൾ. നിപ വൈറസുകൾ ശ്വാസകോശോപരിതലത്തിൽ വിടർന്നു നിൽക്കുന്ന എഫ്രിൻ തന്മാത്രകളിന്മേൽ തങ്ങളുടെ G protein തന്മാത്രകൾ ബലമായി ഉറപ്പിക്കുന്നു. ഉടൻ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന F പ്രോട്ടീൻ രണ്ടായി മാറുന്നു (ഇതിന് നമ്മുടെ കോശങ്ങൾക്കുമേലുള്ള ചില എൻസൈമുകളാണ് ഉപയോഗിക്കുന്നത്). ഈ സമയം ജി പ്രോട്ടീൻ ഈ എഫ് പ്രോട്ടീന്റെ ആകൃതി മാറ്റുന്നു, നമ്മുടെ കോശോപരിതലത്തിൽ ആഴ്ന്നിറങ്ങി വൈറസിന്റെ സ്തരവും (plasma membrane) നമ്മുടെ കോശസ്തരവും ഒന്നിച്ച് ദ്രവിച്ചുചേരുന്നു. അങ്ങനെ വൈറസ് അകത്തുകടക്കുന്നു.

നിപ വൈറസിന്മേലുള്ള ജി പ്രോട്ടീനും എഫ് പ്രോട്ടീനും നമ്മുടെ കോശത്തോട് പറ്റിപ്പിടിച്ച് അതിനെ തുളയ്ക്കുന്നു. A. ജി പ്രോട്ടീനും (മഞ്ഞ വൃത്തങ്ങൾ) എഫ് പ്രോട്ടീനും (പർപിൾ / ഇളം നീല) അടുത്തടുത്താണ്. മുകളിൽ നമ്മുടെ കോശത്തിന്മേലുള്ള എഫ്രിൻ കാണാം. B. ജി പ്രോട്ടീൻ ആകൃതി മാറി എഫ്രിനോട് ചേരുന്നു. C. ഇതോടെ അത് എഫ്. പ്രോട്ടീനുമായി ചേരുന്നു. D. എഫ് പ്രോട്ടീൻ ആകൃതി മാറി നമ്മുടെ കോശസ്തരത്തെ തുളയ്ക്കുന്നു. ജി പ്രോട്ടീൻ ഈ സമയം വൈറസും നമ്മുടെ കോശവുമായി ബന്ധിപ്പിച്ച് നിർത്തുന്നു.

തലച്ചോറിലെ ന്യൂറോണുകളിന്മേലും ധാരാളം എഫ്രിൻ തന്മാത്രകൾ ഉള്ളതിനാലാണ് നിപ വൈറസ് പെട്ടെന്ന് തലച്ചോറിൽ വിഭജിച്ച് പെരുകുന്നത്. എഫ്രിൻ പ്രോട്ടീനുകളിൽ കൃത്യമായി പറ്റിപ്പിടിക്കുന്നതുകൊണ്ട് അവ തെറ്റിദ്ധരിക്കപ്പെടുകയാണ്. കോശത്തിന് എന്തോ ആവശ്യമുള്ള വസ്തുവാണ് ഈ വൈറസുകൾ എന്ന ധാരണയാൽ കോശങ്ങൾ വൈറസുകളെ സ്വീകരിക്കുന്നു. ചിലപ്പോൾ ഒട്ടിയിരിക്കുന്ന കോശങ്ങൾക്കിടക്ക് വിടവുണ്ടാക്കി അവിടെ പറ്റിപ്പിടിയ്ക്കും ഈ ജി, എഫ് പ്രോട്ടീനുകൾ. കോശങ്ങളെ തമ്മിൽത്തമ്മിൽ പിളർത്തുന്നുമുണ്ട് നിപ വൈറസുകൾ. ഇതോടെ കൂടുതൽ വൈറസുകൾക്ക് അകത്തു പ്രവേശിക്കാനുള്ള സൗകര്യം ഉദാരമാക്കപ്പെടുന്നു. രക്തക്കുഴൽ ഭിത്തികളിലെ കോശങ്ങളിലും എഫ്രിൻ തന്മാത്രകൾ കൂടുതലായി കാണപ്പെടുന്നതിനാൽ inflammation-നും നീർവീക്കവും (vasculitis) സംഭവിച്ച് രക്തക്കുഴലുകളുടെ പ്രവർത്തനം താറുമാറാക്കുന്നു. 2018-ൽ കോഴിക്കോട്ടുണ്ടായ വൈറസ് ബാധയിൽ 83% ഉം ശ്വാസകോശസംബന്ധിയായ അസുഖങ്ങളായിരുന്നു.

നിപ വൈറസ് (പിങ്ക് നിറം) കോശത്തിനകത്തുകയറാൻ തയാറെടുക്കുന്നു.

വാക്സിൻ സാദ്ധ്യത

ലോകം മുഴുവൻ പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ളതാണ് നിപ എന്നതിനാൽ, ഈ വൈറസിനെക്കുറിച്ച് എല്ലാ രാജ്യങ്ങൾക്കും ആരോഗ്യ ഏജൻസികൾക്കും വൻ ഉത്ക്കണ്ഠയുണ്ട്. ലോകാരോഗ്യ സംഘടന അവരുടെ ‘ഹിറ്റ് ലിസ്റ്റി’ൽ പെടുത്തിയിരിക്കുകയാണ് നിപ വൈറസിനെ. കോവിഡിനുശേഷം ശ്വാസകോശത്തെ തകരാറിലാക്കുന്ന വൈറസുകളെ പേടിയോടേ നിരീക്ഷിക്കുന്നുമുണ്ട് ലോകം.
ഒരു ആഗോള പാൻഡമിക്കിനുള്ള മറ്റൊരു സാദ്ധ്യത തെളിയുന്നതിന് കാരണങ്ങൾ ഏറെയുണ്ട്:

  • മനുഷ്യരെ തീവ്രമായി ബാധിക്കുന്നു.

  • മരണനിരക്ക് കൂടുതലാണ്.

  • മനുഷ്യർ തമ്മിൽ പകർത്താവുന്ന വൈറസാണ്.

  • പെട്ടെന്ന് വിവിധ തരത്തിലുള്ള മ്യൂട്ടേഷനുകൾ സംഭവിക്കാവുന്ന വൈറസാണ്.

  • കോവിഡ് വൈറസ് പോലെ മനുഷ്യരിലേക്ക് പെട്ടെന്ന് പകർന്ന്, പടർന്ന് വികസിക്കുന്ന സ്വഭാവം കൈവരിച്ചിരിക്കുന്നു.

  • ഇപ്പോൾ സൗത്ത് ഏഷ്യയിൽ മാത്രമാണ് കാണുന്നതെങ്കിലും ഉടൻ ലോകമാസകലം പടരാൻ അധികസമയം വേണ്ടിവരില്ല.

കേരളത്തിൽ 2019, 2020, 2021 വർഷങ്ങളിൽ നിപ അസുഖവും മരണങ്ങളും നടന്നിട്ടുണ്ട്. അധികം കേസുകളുണ്ടായിരുന്നില്ലെങ്കിലും വൈറസ് നമ്മോടൊപ്പമുണ്ടെന്ന് ഈ വർഷവും ഒന്നുകൂടി ഓർമപ്പെടുത്തിയിരിക്കുന്നു, തീർച്ചപ്പെടുത്തിയിരിക്കുന്നു.

2004 മുതൽ നിപ വൈറസിനെതിരെ മൃഗങ്ങളിൽ ഫലപ്രദമായ വാക്സിനുകൾ നിർമ്മിച്ചുതുടങ്ങിയിരുന്നു. ഹാംസ്റ്ററിലും ഫെറെറ്റിലും ആഫ്രിക്കൻ ഗ്രീൻ കുരങ്ങുകളിൽ ഇവ പരീക്ഷിക്കപ്പെട്ടു. 2015 മുതൽ കൂടുതൽ കൃത്യതയുള്ള വാക്സിൻ നിർമിക്കപ്പെട്ടുതുടങ്ങി. വാക്സിൻ സംരംഭങ്ങൾ തുടങ്ങിയിരുന്നെങ്കിലും അമേരിക്കയിലോ യൂറോപ്പിലോ ഉള്ള ലാബുകൾ അത്ര ധൃതി പിടിച്ചിരുന്നില്ല എന്നുവേണം കരുതാൻ. സൗത്ത് ഏഷ്യയിൽ മാത്രം അടങ്ങിനിൽക്കുന്ന ബാധ ആണെന്നതിനാൽ അവർക്ക് വാക്സിൻ അത്യാവശ്യമല്ലായിരുന്നു. പല അക്കാദമിക് സ്ഥാപനങ്ങളിലും വാക്സിൻ നിർമിതി സാദ്ധ്യമാണ്, 30-ലേറെ വാക്സിനുകൾ നിർമ്മിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ ഇവ മനുഷ്യനിൽ ഉപയോഗിക്കാൻ തക്കവണ്ണമുള്ളതാണോ എന്ന് പരീക്ഷിച്ചറിയുന്നത് തികച്ചും മറ്റൊരു ‘കളി’യാണ്. വൻ കമ്പനികൾക്കോ ഗവണ്മെന്റിനോ മാതം സാദ്ധ്യമാവുന്നതാണത്. ബംഗ്ലാദേശിലോ കോഴിക്കോട്ടോ മാത്രം ആളുകൾ മരിക്കുന്ന ഒരു വൈറസിനുവേണ്ടി ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയും പണവുമായി മുന്നോട്ടിറങ്ങില്ല. നിപ വൈറസിന്റെ ഒരു വാക്സിൻ ഇല്ലാതെ വന്നത് പ്രധാനമായും ഈ കാരണത്താലാണ്.

കോവിഡ് പഠിപ്പിച്ച പാഠമാണ് ഇപ്പോൾ നിപ വാക്സിൻ നിർമ്മിക്കാൻ തുണയാകുന്നത്. പല ലാബുകളും വാക്സിൻ നിർമ്മിതിയിൽ പുരോഗമിച്ചിട്ടുണ്ട്.

നൂറുകണക്കിന് മനുഷ്യരെ തെരഞ്ഞെടുത്ത് ആശുപത്രികളിലെത്തിച്ച്, നീണ്ടനാളത്തെ വാക്സിൻ പരീക്ഷണം നടത്തുക എന്നത് ഒരു യൂണിവേഴ്സിറ്റിക്കും താനേ സാദ്ധ്യമാകുന്നതല്ല. കോവിഡ് പഠിപ്പിച്ച പാഠമാണ് ഇപ്പോൾ നിപ വാക്സിൻ നിർമ്മിക്കാൻ തുണയാകുന്നത്. പല ലാബുകളും വാക്സിൻ നിർമ്മിതിയിൽ പുരോഗമിച്ചിട്ടുണ്ട്, കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങൾക്കിടയിൽ. 2022-ൽ തന്നെ പന്ത്രണ്ടോളം പ്രസിദ്ധ ലാബുകളാാണ് -മൊഡേർന ഉൾപ്പെടെ- പുതിയ വാക്സിൻ പരീക്ഷണ ഗവേഷണപ്രബന്ധങ്ങളുമായി എത്തിയത്. ഒരു പാൻഡമിക് പടിവാതിലിലെത്തുമ്പോൾ മാത്രം പ്രതിരോധത്തെക്കുറിച്ച് ആലോചിക്കുന്നത് വിഢ്ഡിത്തമാണെന്ന് ലോകം പഠിച്ചു കഴിഞ്ഞിരിക്കുന്നു.

എങ്ങനെയൊക്കെ വാക്സിൻ നിർമിക്കാം?

സാധാരണ paramyxovirus കുടുംബത്തിലുള്ള അഞ്ചാംപനി (Measles), മുണ്ടിനീര് വൈറസ് (mumps) എന്നിവയ്ക്കും കൊറോണ വൈറസ് കുടുംബത്തിലുള്ള വൈറസുകൾക്കും എഴുന്നുനിൽക്കുന്ന പ്രോട്ടീനുകളുണ്ട്, മറ്റ് കോശങ്ങളിൽ പറ്റിപ്പിടിയ്ക്കാനായി. ഇവയെയാണ് ആന്റിബോഡി നിർമിതിക്ക് ഉപയോഗിക്കാറ്. ഈ പ്രോട്ടീനുകൾക്കെതിരെ വാക്സിൻ നിർമിക്കാം, ഈ പ്രോട്ടീനുകളെ ഡി.എൻ.എ ടെക്നോളജി വിദ്യകൾ കൊണ്ട് മറ്റ് നിരുപദ്രവികളായ വൈറസിന്മേൽ കൊണ്ടുചെന്നാക്കാം. അല്ലെങ്കിൽ, ഈ പ്രോട്ടീനുകൾ നിർമ്മിക്കാനുള്ള കോഡ് ആയ ആർ.എൻ.എ ഒരു ചെറിയ കൊഴുപ്പ് കുമിളയിൽ ഒതുക്കി പ്രതിരോധ കുത്തിവെപ്പിനുപയോഗിക്കാം (ഈയിടെ പുതുതായി പ്രയോഗവിധിയിൽ വന്ന രീതിയാണിത്).

കൊറോണ വൈറസ് കുടുംബത്തിലുള്ള വൈറസുകൾക്കും എഴുന്നുനിൽക്കുന്ന പ്രോട്ടീനുകളുണ്ട്. ഇവയെയാണ് ആന്റിബോഡി നിർമിതിക്ക് ഉപയോഗിക്കാറ്.

ലാബിൽ പ്രതിരോധ തന്മാത്രയായ ആന്റിബോഡി നിർമിച്ചെടുക്കുക എന്നത് മറ്റൊരു തന്ത്രമാണ്. ഇതിന് ശുദ്ധീകരിച്ച പ്രോട്ടീൻ (G or F of Nipah virus) കുത്തിവെച്ച മുയലിൽനിന്ന് ആന്റിബോഡി വേർതിരിച്ചെടുക്കുകയാണ് ഒരു രീതി. അല്ലെങ്കിൽ എലികളിൽ ഈ പ്രോട്ടീൻ കുത്തിവെച്ച് ‘മോണോ ക്ലോണൽ’ ആന്റിബോഡികൾ (ഒരു പ്രോട്ടീന്റെ ഒരു ഭാഗത്തുമാത്രം പറ്റിപ്പിടിക്കുന്ന ആന്റിബോഡി തന്മാത്രകളാണിവ) നിർമിച്ചെടുക്കുക. പക്ഷേ വ്യാപകമായ സമ്പ്രദായം, മേൽച്ചൊന്ന പ്രോട്ടീനുകൾ ശരീരത്തിൽ നിക്ഷേപിക്കാൻ ഒരു വാഹകം അല്ലെങ്കിൽ വെക്റ്റർ (Vector) ഉപയോഗിക്കുക എന്നതാണ്. നിർവീര്യമാക്കപ്പെട്ട വൈറസുകളാണ് വാഹകങ്ങളായി ഉപയോഗിക്കുന്നത്. ഇവയിൽ recombinant DNA technology ഉപയോഗിച്ച് G protein / F protein സന്നിവേശിപ്പിച്ച് അത് കുത്തിവെപ്പിനുപയോഗിക്കുക. നമ്മുടെ ശരീരം ഈ പ്രോട്ടീനെ ഒരു അന്യവസ്തുവായി ഗണിച്ച് പ്രതിരോധ തന്മാത്രകൾ (ആന്റിബോഡികൾ) നിർമിച്ചുകൊള്ളും.

നിപ വൈറസ് വാക്സിൻ ചരിത്രം 2001-ൽ തുടങ്ങിയതാണ്. 1998-ൽ പന്നികൾ കൂട്ടമായി മരിച്ചപ്പോൾ മറ്റ് വളർത്തുമൃഗങ്ങൾക്കും പ്രതിരോധശക്തി കിട്ടാൻ എന്തുമാർഗം എന്ന അന്വേഷണമാണ് വാക്സിൻ നിർമിതിയെ പ്രേരിപ്പിച്ചത്. പക്ഷേ പല പരീക്ഷണങ്ങളും വഴിയിൽ തങ്ങി, പുരോഗമനമുണ്ടായില്ല. മലേഷ്യയിൽ 105 പേർ മരിക്കുകയും പിന്നീട് 2001-2005 കാലത്ത് ബംഗ്ലാദേശിൽ മരണങ്ങളുണ്ടായിട്ടും ഇതൊരു ആഗോളപ്രശ്നമാണെന്ന കാഴ്ചപ്പാട് മറ്റു രാജ്യങ്ങൾക്ക് ഇനിയുമുണ്ടായിട്ടില്ലെന്നുവേണം കരുതാൻ.

നിപ വൈറസ് പകരുന്ന മാർഗ്ഗങ്ങൾ.

പക്ഷേ, പന്നികളെയും കുതിരകളെയും രക്ഷിക്കുക എന്ന പ്രധാന ഉത്തരവാദിത്തം മാത്രം പാശ്ചാത്യ ശാസ്ത്രലോകം ഏറ്റെടുത്തത്, അവർക്ക് പ്രിയങ്കരങ്ങളായ വളർത്തുമൃഗങ്ങൾ എന്ന സ്വാർത്ഥചിന്തകൊണ്ടും ഈ മാരക അണുബാധ ഒരിക്കലും അവരിലെത്തുകയില്ല എന്ന വൻ തെറ്റിദ്ധാരണ കൊണ്ടുമാണ്. മനുഷ്യർക്കുള്ള വാക്സിൻ നിർമ്മാണം സാധിച്ചെടുത്തില്ല എന്നതിന്റെ കാരണങ്ങൾ ഇത്തരം കാര്യങ്ങളിൽ ഉടക്കിനിൽക്കുകയാണ്.

ഏറ്റവുമാദ്യം മൊഡേന കമ്പനിയുടെ വാക്സിനായിരിക്കും പുറത്തുവരിക. കോവിഡിനെതിരെ ഏറ്റവും ഫലപ്രദമായ വാക്സിൻ ഇതേ സാങ്കേതികവിദ്യയിൽ നിർമ്മിച്ചെടുത്തവരാണ്, ഒന്നും പിഴക്കില്ല, 2023-ൽ തന്നെ ലഭ്യമാകും എന്നാണ് കണക്കുകൂട്ടൽ.

F, G പ്രോട്ടീനുകളെ ഉൾച്ചെലുത്താൻ ഉപയോഗിക്കപ്പെട്ട വാഹകങ്ങൾ (vectors) പല തരത്തിലുള്ള വൈറസുകൾ തന്നെയാണ്. 2000 ആദ്യമാണ് നിപ വൈറസിന്റെ ഉപരിതലത്തിലുള്ള ഈ പ്രോട്ടീനുകളെക്കുറിച്ച് വിശദ തന്മാത്രാവിവരങ്ങൾ ലഭിച്ചത്. അതോടെ ഈ പ്രോട്ടീനുകൾ വ്യവഹാര കൗശലങ്ങൾക്ക് വിധേയമാക്കപ്പെട്ടു, നിർവീകരിക്കപ്പെട്ട വൈറസുകൾക്കുമേൽ പ്രതിഷ്ഠിക്കപ്പെടാമെന്നു തീർച്ചയുമായി. ഇത്തരം നിർദ്ദോഷി വൈറസുകൾ ശരീരത്തിൽ പ്രവേശിപ്പിച്ചാൽ പ്രതിരോധമുണ്ടാകും. 2004 -ൽ തന്നെ പോക്‌സ് വൈറസ് (നിർവീര്യമാക്കപ്പെട്ട വസൂരി വൈറസ് തന്നെ) വാഹകമായി ഉപയോഗിച്ച് ഹാംസ്റ്ററുകളിൽ നിപ പ്രതിരോധശക്തിയുണ്ടാക്കിയെടുക്കാമെന്ന് നിരീക്ഷിക്കപ്പെട്ടു. 2006-ൽ പന്നികളിൽ പ്രതിരോധശക്തിയുണ്ടാക്കിയെടുക്കാൻ പ്രാപ്തമായ മറ്റൊരു വാക്സിനും മറ്റൊരു പോക്സ് വൈറസിനെ ഉപയോഗിച്ച് സാദ്ധ്യമാക്കി. ഇതേ തന്ത്രം കൊണ്ട് 2016-ൽ കുതിരകൾക്ക് പ്രതിരോധശക്തിയുണ്ടാക്കിയെടുക്കാനായി. മറ്റു പല വാഹക വൈറസുകളെയും ഉപയോഗിച്ച് ഹാംസ്റ്റെർ, എലി, പന്നി, കുതിര, ആഫ്രിക്കൻ ഗ്രീൻ കുർങ്ങ് എന്നീ മൃഗങ്ങളിൽ നിരവധി തരത്തിലുള്ള, കൃത്യമായ പ്രതിരോധം സാധ്യമായ വാക്സിനുകൾ നിർമിക്കപ്പെട്ടിട്ടുണ്ട്. അവയുടെ പട്ടിക ഇതാ:

ഇതുകൂടാതെ G protein- ന്റെ കഷണങ്ങൾ (subunits) വാക്സിൻ പോലെ കുത്തിവെച്ച് പ്രതിരോധശക്തിയുണ്ടാക്കാം എന്ന് 2005-ൽ തന്നെ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്, പൂച്ചകളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന്. ഹെൻഡ്ര വൈറസിന്റെ ജി, എഫ് പ്രോട്ടീനുകൾ ഉപയോഗിച്ചും ഇത്തരം പരീക്ഷണങ്ങൾ മുന്നേറി. പല ലാബുകളിൽ നിന്നും ഫെറെറ്റ്, ആഫ്രിക്കൻ ഗ്രീൻ കുരങ്ങ്, പന്നികൾ ഇവയിലൊക്കെ ഇത്തരം സബ്യൂണിറ്റുകൾ പ്രതിരോധശക്തിദായകമാണെന്ന് തെളിയിക്കപ്പെട്ടു. 2008, 2011, 2012, 2013, 2014 വർഷങ്ങളിലൊക്കെ ഇതു സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. കുതിരകളിൽ അതിശക്തമായ പ്രതിരോധശക്തി ഈ സാങ്കേതികവിദ്യ കൊണ്ട് സാധിച്ചെടുക്കാമെന്ന് 2012-ലെ ഒരു പഠനം, തെളിയിക്കുകയും 2014 -ൽ ഈ വാക്സീൻ Zoetis എന്ന കമ്പനി വിപണിയിലിറക്കുകയും ചെയ്തു.

നിപ വൈറസ് വാക്സിൻ ചരിത്രം 2001-ൽ തുടങ്ങിയതാണ്. പക്ഷേ പല പരീക്ഷണങ്ങളും വഴിയിൽ തങ്ങി, പുരോഗമനമുണ്ടായില്ല.

നിപ വൈറസിന്റെ ഉപരിതലത്തിലുള്ള ജി, എഫ് എന്നീ പ്രോട്ടീനുകളിൽ പിടിച്ചിരിക്കാൻ പോന്ന ആന്റിബോഡികൾ നിർമിച്ചെടുക്കാനുള്ള യത്നം തുടരുകയാണ്. ആ പ്രൊട്ടീനുകളിൽ എവിടെയാണ് ഏറ്റവും മെച്ചമായ ഇടം എന്നത് പ്രാധാന്യമർഹിക്കുന്നു, കാരണം ഇവ നമ്മുടെ കോശങ്ങളിന്മേൽ ചേരുന്നതിനാണ് തടയിടേണ്ടത്. എഫ് പ്രോട്ടീൻ ആകൃതി മാറുന്നതിനും മുമ്പാണത്രേ പ്രതിരോധ ആന്റിബോഡികൾ കൂടുതൽ പറ്റിപ്പിടിക്കാൻ സാദ്ധ്യത. ജി പ്രോട്ടീൻ എഫ്രിൻ എന്ന പ്രോട്ടീനുമായി ചേരുന്ന ഭാഗത്ത് പറ്റിപ്പിടിക്കുന്ന ആന്റിബോഡി 2011-ൽ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. ഇത് ആഫ്രിക്കൻ ഗ്രീൻ കുരങ്ങുകളിൽ ഫലവത്താണെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഇത് ഓസ്ട്രേലിയയിൽ മനുഷ്യരിലും ഉപയോഗിച്ചിട്ടുണ്ട്, 2020-ൽ, പെട്ടെന്ന് ചികിൽസിക്കേണ്ട വിപൽഘട്ട പ്രയോഗം എന്ന മട്ടിൽ.

വാക്സിൻ നിർമിതിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിപ വൈറസ് പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട് പാൻഡെമിക് സ്വഭാവം കൈവരിച്ചാൽ പലപല ഡോസുകൾ ആവശ്യമായ ഒരു വാക്‌സിൻ പ്രായോഗികമായിരിക്കില്ല. അത് പ്രതിരോധശക്തി പ്രദാനം ചെയ്യാൻ താമസമുണ്ടാക്കുകയും കൂടുതൽ പണച്ചെലവുള്ളതാകുകയും സാമ്പത്തിക ഞെരുക്കമുള്ള കുടുംബങ്ങൾക്ക് അപ്രാപ്യമാകുകയും ചെയ്യും. കുറഞ്ഞ സമയത്തിൽ കുത്തിവെപ്പ് സാധിച്ചെടുക്കേണ്ടതാണ്. അതുകൊണ്ട് മാതൃകാപരമായ ഒരു വാക്സിൻ, ഒറ്റ കുത്തിവെപ്പുമാത്രം മതിയാകുന്നതും പെട്ടെന്ന് ഫലപ്രാപ്തിയിലെത്തുന്നതും ആയിരിക്കണം.

മനുഷ്യർക്ക് പുതിയ വാക്സിൻ തയാറാകുന്നു

മറ്റ് മൃഗങ്ങളിൽ പ്രയോഗിക്കാവുന്ന വാക്സിനുകൾ കഴിഞ്ഞ 20 വർഷങ്ങളായി ധാരാളം നിർമിച്ചതായി നാം കണ്ടുകഴിഞ്ഞു. ഇപ്പോൾ മനുഷ്യരിൽ ഉപയോഗിക്കാവുന്ന വാക്സിനുകൾ ഒരുങ്ങിക്കൊണ്ടിരിക്കയാണ്.
നിപ വൈറസിന്റെ ആർ.എൻ.എ വാക്സിൻ ആയി ഉപയോഗിക്കുന്നതിന്, 2019-ൽ തന്നെ ഹാംസ്റ്റെറുകൾ പരീക്ഷിക്കപ്പെട്ടതാണ്. ഒരേയൊരു ഡോസു കൊണ്ട് പ്രതിരോധശക്തി ആർജ്ജിക്കുന്നതായി നിരീക്ഷിക്കപ്പെടുകയും ചെയ്തു, പക്ഷേ ഭാഗിക ഫലക്ഷമത മാത്രമേയുണ്ടായിരുന്നുള്ളൂ എന്നതിനാൽ തുടർപരീക്ഷണങ്ങളുണ്ടായില്ല.

കോവിഡിനെതിരെ ആർ.എൻ.എ ഉപയോഗിച്ചുള്ള ആദ്യത്തെ വാക്സിൻ നിർമിച്ചവരാണ് ‘മൊഡേന’ (Mode + RNA = Moderna, കമ്പനിയുടെ പേര്). വാക്സിൻ ചരിത്രത്തിലാദ്യമായാണ് ആർ.എൻ.എ ഉപയോഗിക്കുന്നത്. കോവിഡ് വൈറസിന്റെ സ്പൈക് പ്രോട്ടീൻ നിർമ്മിച്ചെടുക്കാനുള്ള കോഡ് അടങ്ങിയ ‘സന്ദേശ ആർ എൻ എ’ (Messenger RNA) കുത്തിവെയ്ക്കുകയാണ് തന്ത്രം. ഈ കോഡ് ഉപയോഗിച്ച് നമ്മുടെ കോശങ്ങൾ സപിക് പ്രോട്ടീൻ നിർമിക്കുന്നു. ഈ അന്യ പ്രോട്ടീനെതിരെ ആന്റിബോഡികൾ പ്രതിരോധവ്യവസ്ഥ നിർമ്മിച്ചെടുക്കുന്നത് പിന്നീട് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇപ്പോൾ നിപ വൈറസിന്റെ ജി പ്രോട്ടീൻ നിർമിക്കാനുള്ള കോഡ് അടങ്ങിയ ‘സന്ദേശ ആർ എൻ എ’യാണ് മൊഡേന ഉപയോഗിക്കുന്നത്.

mRNA-1215 എന്ന് പേരിട്ട ഈ വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ആദ്യ ഘട്ടം കഴിഞ്ഞ് രണ്ടാം ഘട്ടത്തിലെത്തിയിരിക്കുന്നു. അമേരിക്കൻ ഗവൺമെന്റ് സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (National Institute of Health- NIH) വാക്സിൻ റിസർച്ച് സെന്ററിന്റെ സഹായത്തോടെയാണ് ഇത് സാധിച്ചെടുത്തത്. 2021-ൽ ഇതിനുവേണ്ട പ്രാഥമിക സാങ്കേതികവിദ്യകളെല്ലാം കൃത്യതയാർന്നതാണെന്ന് പരീക്ഷിച്ച് തെളിയിച്ചിരുന്നു, മൊഡേന. ഏറ്റവുമാദ്യം ഈ കമ്പനിയുടെ വാക്സിനായിരിക്കും പുറത്തു വരിക. കോവിഡിനെതിരെ ഏറ്റവും ഫലപ്രദമായ വാക്സിൻ ഇതേ സാങ്കേതികവിദ്യയിൽ നിർമ്മിച്ചെടുത്തവരാണ്, ഒന്നും പിഴക്കില്ല, 2023-ൽ തന്നെ ലഭ്യമാകും എന്നാണ് കണക്കുകൂട്ടൽ. Auro Vaccine എന്ന കമ്പനിയും ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് വാക്സിൻ നിർമിച്ചുവരുന്നുണ്ട്. ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം കഴിഞ്ഞിരിക്കുന്നു.

ഇപ്പോൾ, ഒന്നാം ഘട്ടത്തിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. ഈ വർഷം തന്നെ പൊതുജനോപയോഗത്തിന് പ്രാപ്തമാകും എന്നാണ് പ്രതീക്ഷ.

മറ്റൊരു വാക്സിനും തയാറായിവരുന്നുണ്ട്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ നേരിട്ടുള്ള താൽപര്യത്താൽ. മേൽച്ചൊന്ന വെസിക്യുലാർ സ്റ്റൊമറ്റൈറ്റിസ് വൈറസിനെ നിർവ്വീകരിച്ച്, അതിന്മേൽ ഇബോള വൈറസിന്റെ ഒരു പ്രോട്ടീൻ സന്നിവേശിപ്പിച്ച് (ഈ കൃത്രിമ വൈറസ് പെട്ടെന്ന് കോശങ്ങൾക്കകം പൂകാൻ വേണ്ടിയാണിത്) അതിന്മേൽ നിപ വൈറസിന്റെ ജി പ്രോട്ടീനോ എഫ് പ്രോട്ടീനോ പതിപ്പിച്ചാണ് ഈ വാക്സിൻ തയാറാക്കുന്നത്. പ്രാഥമികമായി ആഫ്രിക്കൻ ഗ്രീൻ കുരങ്ങുകളിൽ ഇത് പരീക്ഷിക്കപ്പെട്ടു. ഒരേയൊരു കുത്തിവെയ്പ്പ് മതി, 10 ദിവസങ്ങൾക്കുള്ളിൽ ഫലം കാണാനായി എന്നത് ശുഭോദർക്കമാണ്. ഇപ്പോൾ, ഒന്നാം ഘട്ടത്തിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. ഈ വർഷം തന്നെ പൊതുജനോപയോഗത്തിന് പ്രാപ്തമാകും എന്നാണ് പ്രതീക്ഷ.

തികച്ചും അക്കാദമിക്കായ പഠനങ്ങളും തെളിവുകളും ഫലങ്ങളും സ്വകാര്യസ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച്, പുതുതായുണ്ടാകുന്ന മാരകമായ അണുബാധകളെ നേരിടാനുള്ള വാക്സിനുകൾ നിർമിക്കാൻ ഒരു പൊതുവ്യവസ്ഥ അത്യാവശ്യമെന്ന പൊതുബോധത്തിൽ നിന്നുളവായതാണ് Coalition for Epidemic Preparedness Innnnovations (CEPI) എന്ന സ്ഥാപനം. ഇപ്പോൾ വാക്സിൻ നിർമിതിയിൽ പ്രധാനമായും ധനസഹായവുമായെത്തുന്നത് ബിൽ ഗേറ്റ്സും മെലിൻഡ ഗേറ്റ്സുമാണ്. മറ്റു പല ചാരിറ്റി സംഘടനകളും ഒപ്പമുണ്ട്. നോർവേയും ഇന്ത്യയും കൈകോർത്ത് ഇത് നടപ്പിലാക്കുന്നു. വാക്സിൻആവശ്യമുള്ള രാജ്യങ്ങളിൽ അത് എത്തിക്കാനും CEPI സൗകര്യമൊരുക്കുന്നു. ഈ പിന്തുണയില്ലെങ്കിൽ വാക്സിൻ ഗവേഷണഫലങ്ങൾ സർവകലാശാലകളിലെ പരീക്ഷണശാലകളിൽ ഒതുങ്ങിപ്പോകുമായിരുന്നു എന്നതാണ് സത്യം.

കേരളം ചെയ്യേണ്ടത്

നിപ പരത്തുന്ന വവ്വാലുകളുടെ പെരുമാറ്റ/സ്വഭാവ രീതികളെക്കുറിച്ചാണ് അത്യാവശ്യമായി പ്രാമാണിതക കൈവരുത്തേണ്ടത്. എന്തുകൊണ്ട് കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ മാത്രം ഇത്തരം വവ്വാലുകളിൽനിന്ന് നിപ വൈറസുകൾ പുറത്തേക്കു പരക്കുന്നു എന്നത് ഉടൻ അറിയേണ്ടിയിരിക്കുന്നു. കേരളത്തിൽ മുഴുവനുമുള്ള പഴംതീനി വവ്വാലുകളുടെ സർവേ തുടങ്ങിവച്ച്, അവയിലെ വൈറസുകളുടെ സ്വഭാവരീതികൾ പഠിക്കേണ്ടിയിരിക്കുന്നു. വവ്വാലുകളുടെ ആവാസവ്യവസ്ഥകളിൽ എന്തു മാറ്റമുണ്ടായി, അത് വൈറസ് പോപുലേഷനെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഉടൻ അറിയേണ്ടത്. കേരളത്തിലെ ജന്തുശാസ്ത്രജ്ഞരെ ഏകോപിപ്പിച്ച് ഗവേഷണക്കൂട്ടായ്മയുണ്ടാക്കാം. എല്ലാ വൈറസ് ഗവേഷണകേന്ദ്രങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വിപുലീകരിക്കണം. ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, കോഴിക്കോട്ടെ മൈക്രോബയോളജി സെന്റർ എന്നിവയൊക്കെ ആളും അർത്ഥവും കൊണ്ട് നിറയേണ്ടതാണ്, കൂടുതൽ ഗവേഷകരെ ആകർഷിക്കേണ്ടതുമാണ്.

ലോകത്ത് വേറൊരിടത്തും, കേരളത്തിലേതുപോലെ, ഇത്ര വൈവിദ്ധ്യമുള്ള വാഴപ്പഴങ്ങളില്ല. മാമ്പഴത്തിൽ കൂടി മാത്രമല്ല, ഏത്തപ്പഴമോ ഞാലിപ്പൂവനോ പടറ്റിയോ കണ്ണനോ പൂവനോ ഒക്കെ നിപ വൈറസുകൾ പെരുകിനുരയ്ക്കുന്ന വവ്വാലുകൾ തിന്നുതുടങ്ങിയാൽ എത്ര പെട്ടെന്ന് അവ കേരളം മുഴുവൻ വ്യാപിക്കും എന്നത് എളുപ്പത്തിൽ സങ്കൽപ്പിക്കാവുന്നതേയുള്ളൂ. കോവിഡിനേക്കാൾ മരണത്തോത് കൂടിയതാണ് നിപ വൈറസ് ബാധ എന്നും തലച്ചോറിൽ encephalitis ബാധിച്ച് ദാരുണമായിട്ടാണ് മരണം എന്നും ഓർമയിൽ വേണം.

References:
1. Amaya, M. and Broder C. C.- Vaccines to emerging viruses: Nipah and Hendra. Annual Review of Virology 7: 447-473 2020
2. NIH launches clinical trial of mRNA Nipah virus vaccine. NIH Gov. News Release, July 11 2022
3. Loomis, R. J., DiPiazza, A. T., Falcone, S. and Graham, B. S.- Chimeric fusion (F) and attachment (G) glycoprotein antigen delivery by mRNA as a candidate Nipah vaccine. Frontiers in Immunology 12:772864 2021
4. Wit, E. de., Feldman, F., Cronin, J. and Feldman, H. Distinct VSV-based Nipah virus vaccines expressing either glycoprotein G or fusion protein F provide homologous and heterologous protection in a nonhuman primate model. eBioMedicine Published online 9 December 2022 http://doi.org/10.1016/j. ebiom.2022.104405
5. Byrne, P. O., Fisher, B. E., Ambrozak, D. R. and Loomis R. J. Structural basis for antibody recognition of vulnerable epitopes on Nipah virus F protein. Nature Communications 14: 1494 2023.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments