സമയമാം രഥത്തിൽ
നിങ്ങളുടെ ഡി.എൻ.എ.

‘‘നിങ്ങളുടെ മാതാപിതാക്കളോ മുത്തച്ഛൻ /മുത്തശ്ശിമാരോ കൂടുതൽ കാലം ജീവിച്ചിരുന്നവരാണെങ്കിൽ നിങ്ങൾക്കും ദീർഘായുസ്സ് കിട്ടിയേക്കാം. 25 ശതമാനം ആയുർദൈർഘ്യത്തിന്റെ കാരണം ജനിതകപരം തന്നെ. പ്രായമാകൽ പ്രക്രിയയെ കൃത്യമായി ജീനുകളാണ് നിയന്ത്രിക്കുന്നത്’’- എതിരൻ കതിരവൻ എഴുതുന്ന ശാസ്ത്രപരമ്പര- എപ്പിസ്റ്റീം- തുടരുന്നു.

EPISTEME- 5

സ്വർഗയാത്ര ചെയ്യുന്നത് വാർദ്ധക്യത്തിൽ കൂടിയാണ്. പക്ഷേ ഈ വാർദ്ധക്യം ആർക്കും ഇഷ്ടമല്ലതാനും. യൗവനം നിലനിർത്താൻ പുരാണേതികാലം തൊട്ടേ പരിശ്രമിക്കുന്നു നമ്മൾ. അമരത്വത്തിന്റെ ഔഷധം തേടുന്നതും അമൃത് ദേവാസുര യുദ്ധങ്ങൾക്ക് വഴിവെയ്ക്കുന്നതും ഭാവനയിൽ വിരിയിച്ചെടുത്തത് നിത്യജീവിതതോടുള്ള ആസക്തി അത്ര തീവ്രമായതു കൊണ്ടാണ്. മകൻഅച്ഛന് തന്റെ യൗവനം നൽകിയ കഥ നമുക്കറിയാം. ‘ആയുസി’ന്റെ പേരമകനായ, ശാപം മൂലം ജരാനരകൾ ബാധിച്ച യയാതിക്ക് മകൻ പുരു തന്റെ യൗവനം നൽകി, ആ വൃദ്ധന് മദോന്മത്തനായി വിരാജിക്കാനുള്ള ജീവിതമാണ് കൊടുത്തത്. എങ്ങനെയാണ് ഈ യുവത്വദാനം സാധിച്ചെടുത്തതെന്ന് പുരാണത്തിൽ വ്യക്തമാക്കപ്പെടുന്നില്ല.

ഡി.എൻ.എയിൽ കുറിച്ചിട്ട ഭാഗധേയം ആയുസ്സ് നിശ്ചയിക്കുന്നു, ഓരോ ജനുസ്സിനും നിശ്ചിത കാലഘട്ടം ഉറപ്പിച്ചിരിക്കുന്നു. ചില തിമിംഗലങ്ങളും ആമകളും 200 വർഷം വരെ ജീവിക്കുമ്പോൾ ഏറെ വലിപ്പം വെയ്ക്കുന്ന സുൻഡ ( Sunda) എലികൾക്ക് ആറു മാസമേ ആയുസ്സുള്ളൂ. സമയം എന്നത് ആപേക്ഷികമാണെങ്കിലും ശരീരത്തിന് ഇതിനെപ്പറ്റി ധാരണയുള്ള മട്ടിലാണ് ഡിസൈൻ. ആയുസ്സിന്റെ സമയരേഖകളിൽ ഒരിടത്തു ജനനം, ഒരിടത്തു മരണം എന്ന് കവി പാടിയത് വെറും വേദാന്തമല്ല.

സുൻഡ ( Sunda) എലികൾ
സുൻഡ ( Sunda) എലികൾ

അച്ഛന് യൗവനം നൽകിയ മകന്റെ കഥ പുരാണത്തിൽ നിന്ന് ആധുനിക ശാസ്ത്രത്തിലേക്ക് പറിച്ചുനടപ്പെട്ടിരിക്കയാണ് ഇപ്പോൾ. എലികളിൽ നടത്തിയ പരീക്ഷണങ്ങളാണ്, യൗവനയുക്തരുടെ രക്തം പ്രായമായവരിൽ സന്നിവേശിപ്പിച്ചാൽ ആയുസ്സ് നീട്ടിക്കിട്ടും എന്ന് സ്ഥാപിച്ചെടുത്തത്. വെറുതേ ആയുസ്സ് നീട്ടി എന്നുമാത്രല്ല അവർ 30 ശതമാനത്തോളം പ്രായക്കുറവുള്ളവരായിത്തീർന്നു എന്നും തെളിഞ്ഞു.

രക്തത്തിലെ ഏത് അംശം/അംശങ്ങളാണ് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ തീക്ഷ്ണമായ പരീക്ഷണങ്ങൾ നടന്നുവരികയാണ്.

ഡി.എൻ.എ പഠനങ്ങളിൽ കൂടിയാണ് ഇക്കാര്യം സ്ഥാപിച്ചെടുത്തത്. നേരത്തെ തന്നെ ചെറുപ്രായത്തിലുള്ള എലികളുടെ രക്തക്കുഴൽ വയസ്സായിക്കൊണ്ടിരിക്കുന്ന എലികളുടെ രക്തക്കുഴലുമായി ബന്ധിപ്പിച്ചാൽ പല അവയവങ്ങളും - തലച്ചോർ, കരൾ, മാംസപേശികൾ - ഊർജ്ജസ്വലമാകുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മൂന്നു മാസത്തോളം പ്രായമായ എലികളുടെ രക്തമാണ് 20 മാസം പ്രായമായ ‘വൃദ്ധ’ എലികളിലേക്ക് മൂന്നു മാസത്തോളം സംക്രമിപ്പിച്ചത്. അപ്പോഴാണ് ഈ വൃദ്ധ എലികൾ കൂടുതൽ നാൾ ജീവിച്ചിരിക്കുന്നെന്നും അവർ യൗവനയുക്തരായി മാറി എന്നും തെളിയിക്കപ്പെടുന്നത്. മാത്രമല്ല, യുവ എലികളിൽ കാണപ്പെടുന്നതുപോലെ ചില ജീനുകൾ ഈ നവയൗവന എലികളിൽ കാണപ്പെട്ടു. ചയാപചയത്തെ (metabolism) നിയന്ത്രിക്കുന്ന ജീനുകൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കുന്നു, നീർവീക്കം (inflammation) ഉളവാക്കുന്ന ജീനുകൾ മന്ദീഭവിക്കുന്നു.

എന്നാല്‍ മനുഷ്യരുടെ രക്തത്തിലെ ദ്രാവകമായ പ്ലാസ്മ  ചെറുപ്പക്കാരിൽനിന്ന് പ്രായമായവരിൽ സന്നിവേശിപ്പിച്ചപ്പോൾ അത് ഒരു ഗുണവും ചെയ്തില്ല.
എന്നാല്‍ മനുഷ്യരുടെ രക്തത്തിലെ ദ്രാവകമായ പ്ലാസ്മ ചെറുപ്പക്കാരിൽനിന്ന് പ്രായമായവരിൽ സന്നിവേശിപ്പിച്ചപ്പോൾ അത് ഒരു ഗുണവും ചെയ്തില്ല.

എന്നാൽ മനുഷ്യരിൽ ഈ വിദ്യ നടപ്പാകുന്നില്ല. നമ്മുടെ രക്തത്തിലെ ദ്രാവകമായ പ്ലാസ്മ ചെറുപ്പക്കാരിൽനിന്ന് പ്രായമായവരിൽ സന്നിവേശിപ്പിച്ചപ്പോൾ അത് ഒരു ഗുണവും ചെയ്തില്ല. ഒരു വ്യത്യാസം, എലികളിൽ മുഴുവൻ രക്തവും - കോശങ്ങൾ ഉൾപ്പെടെ- ആണ് സംക്രമിക്കപ്പെട്ടത്. പുതുതായി വന്ന കോശങ്ങൾ യൗവനം തിരിച്ചുപിടിക്കാൻ സഹായകമായിട്ടുണ്ടായിരിക്കണം എന്ന് അനുമാനം. രക്തത്തിലെ ഏത് അംശം/അംശങ്ങളാണ് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ തീക്ഷ്ണമായ പരീക്ഷണങ്ങൾ നടന്നുവരികയാണ്.

വാർദ്ധക്യ ജീനുകൾ

നൂറു വയസ്സോ അതിനപ്പുറമോ ആരോഗ്യത്തോടെ ജീവിക്കുന്നവരുടെ രഹസ്യമെന്താണ്? അവർക്ക് നല്ല ജീനുകളുണ്ട് എന്നതാണ്. നിങ്ങളുടെ മാതാപിതാക്കളോ മുത്തച്ഛൻ/മുത്തശ്ശിമാരോ കൂടുതൽ കാലം ജീവിച്ചിരുന്നവരാണെങ്കിൽ നിങ്ങൾക്കും ദീർഘായുസ്സ് കിട്ടിയേക്കാം.

നമ്മുടെ ശരീരാവയവങ്ങളും വ്യവസ്ഥകളും പല തോതിൽ പലപ്പോഴായാണ് പണിമുടക്കിത്തുടങ്ങുന്നത്. അത് പലർക്കും പല രീതിയിലും വിന്യാസങ്ങളിലും തീക്ഷ്ണതയിലും ആവാം.

25 ശതമാനം ആയുർദൈർഘ്യത്തിന്റെ കാരണം ജനിതകപരം തന്നെ. പ്രായമാകൽ പ്രക്രിയയെ കൃത്യമായി ജീനുകളാണ് നിയന്ത്രിക്കുന്നത്. ഇതെങ്ങനെ എന്നതിന് കൂടുതൽ അറിവുകൾ ലഭിച്ചുവരുന്നതേയുള്ളൂ. ApoE എന്നൊരു ജീൻ രക്തത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്ന ഒന്നാണ്. ഇതിന്റെ അപാകതകൾ ഹൃദയ/രക്തധമനി സംബന്ധമായോ രക്തസമ്മർദ്ദപരമായോ മാറ്റം വരുത്തും. ആൽസൈമെർ അസുഖം വരാനും ഇതിടയാക്കും. FOXO3A എന്നൊരു ജീൻ വിത്തുകോശങ്ങളെ ജീവസ്സുറ്റതാക്കി നിലനിർത്തും. SIRT6 ജീൻ ആകട്ടെ ചയാപചയ വ്യവസ്ഥയെ പരിപാലിക്കുന്നുണ്ട്, വാർദ്ധക്യത്തിലേക്ക് നീങ്ങുന്നതിനെ മെല്ലെയാക്കും. തലച്ചോറിനെ ഊർജ്ജസ്വലമായി നിലർത്തും. ക്രോമസോമുകളുടെ അഗ്രങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന ‘റ്റീലോമിയർ’ (telomere) കോശവിഭജനത്തെ നിയന്ത്രിക്കുന്നു, ഇത് ചെറുതാകുന്നതോടെ കോശങ്ങൾ വിഭജിക്കാതാകും, അവയവങ്ങളിലെ ടിഷ്യൂ പുതുക്കിയെടുക്കാൻ സാധിക്കാതെ അവ വാർദ്ധക്യ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങും. mTOR എന്നൊരു പ്രോട്ടീൻ ആയുസ്സിന്റെ സമയഘടനയിൽ തീവ്രമായ പ്രഭാവം ചെലുത്തുന്നു. ഈ പ്രോട്ടീൻ നിർമ്മിച്ചെടുക്കുന്ന ജീനിന്റെ പ്രവർത്തനം മന്ദഗതിയിലാണെങ്കിൽ ആയുസ്സ് നീട്ടിക്കിട്ടും. യീസ്റ്റ്, പുഴുക്കൾ, കൂവീച്ചകൾ, എലികൾ എന്നിവയിലൊക്കെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. mTOR- നെ നിയന്ത്രിക്കുന്ന Sirolimus എന്ന മരുന്ന് ഇത് സാധിച്ചെടുക്കും, പരീക്ഷണ ജന്തുക്കളിൽ ആയുസ് നീട്ടിയെടുക്കാൻ സഹായിക്കുന്നുണ്ട്. വാർദ്ധക്യത്തിലേക്ക് നടന്നുനീങ്ങുന്നതിനെ സാവധാനമാക്കാൻ മരുന്നുപയോഗിക്കാം എന്ന സാദ്ധ്യത ഇവിടെ തെളിയുകയാണ്.

‘റ്റീലോമിയർ’ (telomere) ഘടന
‘റ്റീലോമിയർ’ (telomere) ഘടന

ചെറിയ കണ്ണികൾ കോർത്ത മാലയാണ് ഡി.എൻ.എ; അതിൽ ഒരു നിശ്ചിതഭാഗമാണ് ഒരു ജീൻ. പ്രോട്ടീൻ നിർമ്മിച്ചെടുക്കാനുള്ള കോഡ് ആണ് ജീൻ. ചില ജീനുകൾ ചെറുതാണ്, നൂറോ ഇരുനൂറോ കണ്ണികളേ കാണൂ. എന്നാൽ ചിലത് നീളമാർന്നവയാണ്. രണ്ട് മില്ല്യൻ കണ്ണികളുണ്ടായിരിക്കും. ഈ നീളത്തിനനുസരിച്ച് അവ നിർമ്മിക്കുന്ന പ്രോട്ടീനുകൾക്കും നീളവ്യത്യാസം കാണും. പല പ്രായത്തിലുള്ള എലികളുടെ പല അവയവങ്ങളിൽ ഈ ജീനുകളുടെ പ്രവർത്തിസാമർത്ഥ്യം പരിശോധിച്ചപ്പോൾ നീളം കുറഞ്ഞ ജീനുകൾ പ്രായം ചെല്ലുന്നതോടെ കൂടുതൽ ഊർജ്ജസ്വലരാകുകയാണ് എന്ന് നിരീക്ഷിക്കപ്പെട്ടു. അതേസമയം നീളം കൂടിയ ജീനുകൾ മന്ദീഭവിക്കപ്പെടുന്നുമുണ്ട്. പ്രായം കൂടുന്തോറും ഡി.എൻ.എക്ക് സംഭവിക്കുന്ന ക്ഷതങ്ങളാണ് ഇതിനു കാരണം. എലികളിൽ മാത്രമല്ല, മനുഷ്യരിലും ഇതാണ് സ്ഥിതി.

ചെറിയ കണ്ണികൾ കോർത്ത മാലയാണ് ഡി.എൻ.എ; അതിൽ ഒരു നിശ്ചിതഭാഗമാണ് ഒരു ജീൻ.
ചെറിയ കണ്ണികൾ കോർത്ത മാലയാണ് ഡി.എൻ.എ; അതിൽ ഒരു നിശ്ചിതഭാഗമാണ് ഒരു ജീൻ.

നീളം കുറഞ്ഞ ജീനുകൾ കോശവിഭജനത്തെയും പ്രതിരോധവ്യവസ്ഥയെയും നിയന്ത്രിക്കുന്നവയാണ്. ഇവയുടെ ഉണർച്ചയാണ് വാർദ്ധക്യത്തിലേക്ക് നയിക്കുന്നത്. വാർധക്യ പ്രതിരോധ ഇടപെടലുകൾ (antiaging interventions) നീളം കൂടിയ ജീനുകളെ പ്രവർത്തനനിരതരായി നിലനിർത്തുന്നതായും നിരീക്ഷിക്കപ്പെട്ടു. പ്രായം കൊണ്ടുള്ള ജീൻ മാറ്റങ്ങൾ തിരിച്ചുപിടിയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇവിടെ തെളിയുന്നു. ശരീരത്തിനേൽക്കുന്ന ആഘാതങ്ങൾ - വൈറസ് ബാധയോ സംഘർഷങ്ങളോ (stress)- ഈ ജീൻ മാറ്റങ്ങൾക്ക് കാരണമായേക്കാം എന്നാണ് അനുമാനം.

നിങ്ങൾ ഏത് Ageotype ആണ്?

പഴയ കാർ പോലെ പല പല ഭാഗങ്ങളാണ് പല സമയങ്ങളിലായി വാർദ്ധക്യം പ്രാപിക്കുന്നത്. ഫോർഡ് കാറിന്റെ ഡ്രൈവിങ്ങ് സിസ്റ്റത്തിലെ 'കിങ്ങ്പിൻ' ആണത്രെ അവസാനമായി കേടാകുന്നത്. പണ്ടത്തെ ടൊയോട്ടയുടെ മഫ്ലർ പെട്ടെന്ന് തുരുമ്പിച്ച് അടർന്നുപോകാറുണ്ട്. അതുപോലെ നമ്മുടെ ശരീരാവയവങ്ങളും വ്യവസ്ഥകളും പല തോതിൽ പലപ്പോഴായാണ് പണിമുടക്കിത്തുടങ്ങുന്നത്. അത് പലർക്കും പല രീതിയിലും വിന്യാസങ്ങളിലും തീക്ഷ്ണതയിലും ആവാം. നിങ്ങളുടെ പ്രതിരോധ വ്യവസ്ഥ ചെറുപ്പമായിരിക്കാം. പക്ഷേ കിഡ്‌നികൾ പ്രായമായവയായിരിക്കാം; ചയാപചയ വ്യവസ്ഥ ജരാക്രാന്തമായി പഴഞ്ചനായിത്തീർന്നതാവാം, പക്ഷെ ലിവർ നവയൗവനത്തിലും.

പുതിയ പഠനങ്ങൾ തെളിയിക്കുന്നത്, വ്യക്തിപരമായി നമ്മളിൽ നാല് ഊടുവഴികളുള്ളതിൽ ഏതെങ്കിലും ഒന്നിൽ കൂടിയാണ് വാർദ്ധക്യം പ്രാപിക്കുന്നത് എന്നാണ്. ഇതാണ് നിങ്ങളുടെ 'ageotype'. ഇതിലെ ചീത്ത കാര്യം ഇതാണ്: കൂടുതൽവയസ്സായ അവയവം മറ്റ് അവയവങ്ങളെക്കൂടി പിടിച്ചുവലിച്ച് താഴത്തിടും.
നല്ല കാര്യവുമുണ്ട്, നിങ്ങളുടെ ageotype അറിഞ്ഞാൽ അതിനെ നേരിടാൻ വഴി തേടാം. ഇന്ന് നടക്കുന്ന പഠനങ്ങൾ- ജീനുകൾ, പ്രോട്ടീനുകൾ, കൊഴുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയവ, ഒരു വ്യക്തിയെക്കുറിച്ച് അറിഞ്ഞ് അവരുടെ കൃത്യമായ പൊതു ശാരീരിക സ്വഭാവം നിർണ്ണയിക്കുകയാണ്. ‘Deep phenotyping’ എന്നാണിതിന്റെ പേര്. Phenotype എന്നത്, എല്ലാ ജീനുകളുടെയും പ്രവർത്തനങ്ങളുടെ പരിണിതഫലം പുറമേ പ്രകടമാകുന്നതിനു കൊടുത്തിരിക്കുന്ന പേരാണ്. നേരത്തെ ഈ വിദ്യ കാൻസർ നിർണ്ണയത്തിനും ഹൃദ്രോഗങ്ങൾക്കും പാർക്കിൻസൺ അസുഖത്തിനും ലഹരി ആസക്തി പഠനങ്ങൾക്കും ഉപയോഗിച്ചുവന്നിട്ടുണ്ട്. ഇപ്പോൾ ഏറ്റവും കഠിനതരവും മാരകവുമായ വാർദ്ധക്യം എന്ന സ്ഥിതിവിശേഷം നേരിടാൻ deep phenotype ഉപയോഗിക്കുന്നു.

ജൈവപരമായ പ്രായം ഓരോ അവയവത്തിനും ഓരോന്നായിരിക്കും. ഗുരുതര കിഡ്നി അസുഖമുള്ളവരുടെ ആ അവയവത്തിന് 8-11 വർഷം കൂടുതൽ പ്രായമുണ്ടെന്ന രീതിയിലുള്ള പഠനങ്ങളുണ്ട്.

വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്നവരുടെ വിശദപഠനങ്ങളിൽ 608 തന്മാത്രകൾ, ജീനുകൾ, ബാക്റ്റീരിയ പോലത്തെ അണുക്കൾ എന്നിവ വൃദ്ധരിൽ മാറുന്നു എന്ന് കണ്ടിട്ടുണ്ട്. ഇവ പ്രധാനമായും നാല് അവയവങ്ങളെയോ വ്യവസ്ഥകളെയോ ബാധിക്കുന്നവയാണ്. കിഡ്നി, കരൾ, പ്രതിരോധ വ്യവസ്ഥ, ചയാപചയ വ്യവസ്ഥ എന്നിവയാണവ. ഇവ നാലിലുമുള്ള മാറ്റങ്ങൾ കൊണ്ടായിരിക്കും മിക്കവാറും വാർധക്യപ്രവേശനം എങ്കിലും, ഏതെങ്കിലും ഒരെണ്ണം പിൽക്കാലത്ത് പ്രാമുഖ്യം നേടുകയാണ്. ഉദാഹരണത്തിന്, ageotype- ൽ പ്രതിരോധവ്യവസ്ഥയാണ് കൂടുതൽ പഴഞ്ചനാകുന്നത്, മറ്റ് മൂന്നുമായി താരതമ്യം ചെയ്യുമ്പോൾ. Metabolic ageotype- കാർ കൂടുതൽ വ്യായാമം ചെയ്യുകയും ആഹാരക്രമീകരണം ശീലിക്കുകയും വേണം. കിഡ്നി ഏജോടൈപ്പുകാർ കൂടുതൽ വെള്ളം കുടിക്കണം.

Phenomapping-Derived Tool to Individualize the Effect of Canagliflozin on Cardiovascular Risk in Type 2 Diabetes / Photo: cards-lab.org
Phenomapping-Derived Tool to Individualize the Effect of Canagliflozin on Cardiovascular Risk in Type 2 Diabetes / Photo: cards-lab.org

ജൈവപരമായ പ്രായം (biological age) ഓരോ അവയവത്തിനും ഓരോന്നായിരിക്കും. ഗുരുതര കിഡ്നി അസുഖമുള്ളവരുടെ ആ അവയവത്തിന് 8-11 വർഷം കൂടുതൽ പ്രായമുണ്ടെന്ന രീതിയിലുള്ള പഠനങ്ങളുണ്ട്. പ്രമേഹക്കാരുടെ ചയാപചയ വ്യവസ്ഥയ്ക്കും കൂടുതൽ പ്രായമുണ്ട്, അവരുടെ കലണ്ടർ പ്രായത്തേക്കാൾ.
മറ്റൊന്ന്, ഒരു ഏജോടൈപ്, അതിനോടനുബന്ധിച്ച് മറ്റ് പ്രശ്‌നങ്ങൾ പ്രാബല്യത്തിൽ വരുത്തിയേക്കാം എന്നതാണ്. ഹൃദ് ധമനീരോഗമുള്ളവർക്ക് (cardio vascular diseases) ശ്വാസകോശ രോഗങ്ങൾ വരാൻ സാദ്ധ്യത കൂടുതലുണ്ട്. ഓർമക്കുറവോ പാർക്കിൻസൺസ് അസുഖമോ ഉള്ളവരുടെ തലച്ചോർ കൂടുതൽ വാർദ്ധക്യം പ്രാപിച്ചതാണ്. ഇവർ ശ്വാസതടസ്സമോ (COPD) പ്രമേഹമോ ഉള്ളവരായിരിക്കാം, ഒരു ഏജോടൈപ് മറ്റൊന്നിനെ സ്വാധീനിക്കുന്ന സാഹചര്യം. പെട്ടെന്ന് വാർദ്ധക്യം പ്രാപിക്കുന്ന ശ്വാസകോശങ്ങൾ ഹൃദ് ധമനീ വ്യവസ്ഥയ്ക്കും പ്രായാധിക്യം ഏറ്റിയേക്കാം; ഇത് പേശികൾ, അസ്ഥികൾ, കിഡ്‌നി എന്നിവയെയും കൂടി പിടിച്ചുവലിച്ച് പടുകിളവരാക്കിയേക്കാം.

പല അവയവങ്ങൾ പല രീതിയിൽ വാർദ്ധക്യം പ്രാപിക്കുന്നതിനുപിന്നിൽ ജനിതകപരമായും ജീവിതശൈലീപരമായും ഉള്ള കാരണങ്ങളുണ്ട്. പുകവലിയും അമിത മദ്യപാനവും അവയവങ്ങൾക്ക് പ്രായാധിക്യം നൽകും. വ്യായാമരാഹിത്യവും ആഹാരരീതികളും വേറെ. നിങ്ങൾ ഏത് ഏജോടൈപ് ആണെന്ന് കണ്ടുപിടിച്ചു കഴിഞ്ഞാൽ കൃത്യമായ ചികിൽസാരീതികൾ തീരുമാനിക്കുക എളുപ്പമാവുകയാണ്.
മനുഷ്യന് 78 അവയവങ്ങളുണ്ട്, പക്ഷെ അത്രയും ഏജൊടൈപ്പുകൾ ഇല്ല. പല അവയവങ്ങളുടെയും വാർദ്ധക്യമാകൽ മറ്റ് അവയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഏകദേശം 20 വിവിധ ageotypes സാദ്ധ്യമാണെന്നാണ് പുതിയ ശാസ്ത്രാഭിമതം.

പ്രായം നമ്മിൽ മോഹം നൽകി…
എട്ട് ജീവിതശൈലീമാറ്റങ്ങൾ

ഏകദേശം 40 വയസാകുമ്പോഴെങ്കിലും ജീവിത ശൈലി മാറ്റിയെടുത്താൽ എക്സ്ട്രാ 18 കൊല്ലം കൂടി ജീവിച്ചിരിക്കുമത്രെ. അഷ്ടമാർഗ്ഗങ്ങളിൽ വിശ്വസിച്ച്, പ്രയോഗിച്ച് ദീർഘായുസ് നേടുക. 40-നും 99-നും ഇടയ്ക്ക് പ്രായമുള്ള 7,00,000- ത്തോളം പേരിൽ എട്ടു കൊല്ലം നടത്തിയ പഠനങ്ങളാണിതിനാധാരം.

ആരോഗ്യപരമായ ആഹാരക്രമം, വ്യായാമം, നല്ല സാമൂഹ്യബന്ധങ്ങൾ, സംഘർഷ (stress) നിയന്ത്രണം, മദ്യപാനം കുറക്കുക, പുകവലി നിർത്തുക, നന്നായി ഉറങ്ങുക, കറുപ്പോ കഞ്ചാവോ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് ആ അഷ്ടാംഗനിബന്ധനകൾ. വ്യായാമം ഇതിൽ ഏറ്റവും പ്രധാനമാണ്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽത്തന്നെ നേരത്തെ മരിക്കാനുള്ള സാദ്ധ്യത 38 ശതമാനം കുറയും. ആഹാരക്രമവും stress management- ഉം നിങ്ങൾക്ക് ഇഹലോകവാസത്തിന് കൂടുതൽ സമയം അനുവദിച്ചുതരും. ഈ അനുഷ്ഠാനങ്ങളൊന്നും മരുന്നുപയോഗിച്ചുള്ള ചികിൽസ ആവശ്യപ്പെടുന്നതല്ല. ഒരു ഡോക്ടറെയും കാണേണ്ട. പക്ഷേ ഇത് സാമൂഹ്യ / സാമ്പത്തിക ചുറ്റുപാടനുസരിച്ച് മാറിപ്പോകും. നല്ല ആഹാരക്രമവും ഉറക്കവും എല്ലാവർക്കും എപ്പോഴും ലഭ്യമാകണമെന്നില്ല.

 ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽത്തന്നെ നേരത്തെ മരിക്കാനുള്ള സാദ്ധ്യത 38 ശതമാനം കുറയും.
ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽത്തന്നെ നേരത്തെ മരിക്കാനുള്ള സാദ്ധ്യത 38 ശതമാനം കുറയും.

ഡി.എൻ.എ നിശ്ചയിക്കുന്ന
ജീവിതകാലം

എല്ലാ ജീവികൾക്കും നിശ്ചിതമായ ജീവിതകാലമുണ്ട്. ഏത് വിദ്യ പ്രയോഗിച്ചാലും അതിനുള്ളിൽ ജീവിതം തീർന്നിരിക്കും. ഒരു നായക്ക് 9-10 വയസ്സ് വാർദ്ധക്യ കാലമാണ്. ഒരു ദിവസം മാത്രം ജീവിക്കുന്ന ശലഭങ്ങളുണ്ട്. മനുഷ്യന് നൂറോ നൂറ്റിപ്പത്തോ വർഷങ്ങൾ അനുവദിച്ചുതന്നിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോൾത്തന്നെ വാർദ്ധക്യം ബാധിക്കുന്ന അസുഖവുമുണ്ട് മനുഷ്യർക്ക്. വാർദ്ധക്യത്തിന്റെ വേഗത നിയന്ത്രിക്കുന്നത്, ഡി.എൻ. യിൽ വരുന്ന മാറ്റങ്ങളാണ്. ഓരോ സ്പീഷീസിന്റേയും ജീനോമിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് അവരുടെ ആയുസ്സ്. ജനിക്കുമ്പോൾത്തന്നെ ഈ ക്ലോക്ക് ടിക്ക് ചെയ്തു തുടങ്ങുകയാണ്. സസ്തനികൾക്കെല്ലാം ഏകദേശം ഒരു പോലത്തെ ജനിതക സംവിധാനമാണ്, പക്ഷേ ആയുസ്സ് പലതാണ്. അതതു ജീവികളുടെ ജീനുകളുടെ പ്രവർത്തനവും ഉണർവ്വുകളുമാണ് ആയുർദൈർഘ്യം നിർണ്ണയിക്കുന്നത്.

ഡി.എൻ.യിൽ സംഭവിക്കുന്ന സൂക്ഷ്മ മാറ്റങ്ങളാണ് കോശങ്ങളുടെ ജീവിതദൈർഘ്യം നിർണയിക്കുന്നത്, വാർധക്യത്തിലേക്ക് നയിക്കുന്നത്.

ഡി.എൻ.യിൽ സംഭവിക്കുന്ന സൂക്ഷ്മ മാറ്റങ്ങളാണ് കോശങ്ങളുടെ ജീവിതദൈർഘ്യം നിർണയിക്കുന്നത്, വാർധക്യത്തിലേക്ക് നയിക്കുന്നത്. ഡി.എൻ.എ തന്മാത്രയുടെ ചില ഭാഗങ്ങളിൽ വരുന്ന രാസമാറ്റം. ഒരു methyl group ചേർന്നു വരുന്നതാണിത്. കൃത്യമായി പറഞ്ഞാൽ CH3 (ഒരു കാർബൺ, മൂന്ന് ഹൈഡ്രജൻ എന്നിവ ചേർന്നത്) എന്ന രാസഗ്രൂപ്പ് ഡി.എൻ.എയുടെ ഒന്നോ രണ്ടോ തന്മാത്രയിൽ ചേർന്നുപോവുന്നത്. ‘മെതിലേഷൻ’ എന്നാണീ രാസമാറ്റപ്രതിഭാസത്തിന്റെ പേര്. ജീനുകളുടെ പ്രഭാവത്തെ നിയന്ത്രിക്കാൻ പോന്നതാണീ രാസമാറ്റം. ജീൻ എങ്ങനെ, എപ്പോൾ എത്രമാത്രം പ്രവർത്തിക്കണം എന്ന തീരുമാനം ഇതോടെ മാറപ്പെടുകയാണ്. ആഫ്രിക്കൻ ആനകളിലും എലികളിലും മെതിലേഷൻ പ്രതിഭാസം വിശദമായി പരിശോധിക്കപ്പെട്ടിട്ടുണ്ട്. കോശവിഭജനം, വിത്തുകോശങ്ങളുടെ നവീകരണം എന്നിവയൊക്കെ ഈ ‘മെതിലേഷ’നാൽ മാറപ്പെടുകയാണ്. ഓരോ ടിഷ്യുവിന്റേയും ആയുർദൈർഘ്യം ഇങ്ങനെ കുറിയ്ക്കപ്പെടുന്നു. ഇതിന്റെ സമയഘട്ടങ്ങളും തോതും മറ്റുമാണ് ഓരോ കോശത്തിന്റേയും ജീവിതകാലം തീരുമാനിക്കുന്നത്. ഇത് പല സ്പീഷീസിലും പല രീതിയിലാണ് ആവിഷ്ക്കരിക്കപ്പെടുന്നതും നിയന്ത്രിതമാകുന്നതും. ഇതിന്റെ ക്രിയാവിധികമായ (mechanistic) തന്ത്രങ്ങൾ ഇനിയും അറിയാനുണ്ട്. ജനിച്ചു കഴിഞ്ഞ് സമയബന്ധിതമായി ഈ മെതിലേഷൻ എങ്ങനെ നടക്കുന്നു എന്നതാണ് രഹസ്യം. നായ്ക്കളിലോ സുണ്ഡാ എലികളിലോ ഇത് എന്തുകൊണ്ട് അനുസ്യൂതം സംഭവിക്കുന്നു?
200 വർഷം ജീവിക്കുന്ന തിമിംഗലത്തിൽ സാവധാനം മാത്രം സംഭവിക്കുന്നു?.

Reference:
1. Mendoza A de.- A mammalian DNA methylation landscape. Science 381: 602-603 2023
2. Wade G. Eight- healthy habits linked to living decades longer. New Scientist 259: 11 2023
3. Stoeger, T., Grant R. A., Amaral N. Aging is associated with a systemic length-associated transcriptome imbalance. Nature Aging 2: 1191-1202 2022
4. Lawton, G. The four ways to age. New Scientist 259:32-35, 2023
5. Klein, A. Young blood extends lives of mice. New Scientist 259:15 2023


Summary: Why we age and what is the role of Our DNA on Aging. Ethiran Kathiravan writes on EPISTEME- 5


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments