യാഥാർഥ്യമാകുമോ, ടെർമിനേറ്റർ സിനിമകളിലെ
കൊലയാളി റോബോട്ടുകൾ? നിർമിത ബുദ്ധിയുടെ ഭാവി

മനുഷ്യബുദ്ധിയ്ക്കൊപ്പമോ, ഒരുപക്ഷെ, അതിനു മുകളിലോ നിർമിത ബുദ്ധിക്കു ചെന്നെത്താൻ പറ്റുമോ എന്നത് ഇന്ന് പലരുടേയും മനസ്സിൽ നിറയുന്ന ഒരു ചോദ്യമാണ്. സിംഗുലാരിറ്റി എന്നാണ് ആ അവസ്ഥയെ പറയുക. അതായത്, മനുഷ്യബുദ്ധി സമം നിർമിത ബുദ്ധി എന്ന നില. അതു കഴിഞ്ഞാൽ എന്തു സംഭവിക്കും? തമോഗർത്തത്തിന്റെ സിംഗുലാരിറ്റി പോലെത്തന്നെ പ്രവചനാതീതമാണത്. നിർമിത ബുദ്ധിയുടെ വർത്തമാനത്തെയും ഭാവിയെയും കുറിച്ച് ഒരാലോചന, ഡോ. ഹരികൃഷ്ണൻ എഴുതുന്നു.

‘‘മനുഷ്യൻ വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനമായ സാങ്കേതികവിദ്യകളിൽ- അഗ്നിയുടെ ഉപയോഗമാവട്ടെ, വൈദ്യുതിയാവട്ടെ, ഇൻറർനെറ്റ് ആവട്ടെ- ഏറ്റവും വിപുലവും ഗാഢവുമായത് നിർമിത ബുദ്ധിയാണ്”- ഇതുപറഞ്ഞത് മറ്റാരുമല്ല, ഗൂഗ്ൾ മേധാവി സുന്ദർ പിച്ചായ് തന്നെ.

ഒരുപക്ഷെ, നമുക്കു തോന്നുന്നുണ്ടാവും നിർമിതബുദ്ധി എന്നൊക്കെ പറയുന്നത്, ഈയിടെ വികസിച്ചുവന്ന ഒരു സംഗതിയാണ് എന്ന്. മനുഷ്യജീവിതത്തിന്റെ മുഖ്യധാരയിലേക്ക് നിർമിതബുദ്ധി കടന്നുകയറിയിട്ട് അധികം വർഷങ്ങളായിട്ടില്ലല്ലോ. പക്ഷെ, ശരിക്കും സൂക്ഷ്മതയോടെ നോക്കിക്കണ്ടാൽ ഈ നൂതനസാങ്കേതികവിദ്യയുടെ അടിത്തറ ഒരു നൂറ്റാണ്ടിനു മുമ്പെങ്കിലും മനുഷ്യൻ ഉറപ്പിച്ചുകഴിഞ്ഞിരുന്നു എന്നു കാണാം. അതിൽനിന്ന് അഭൂതപൂർവ്വമായ വളർച്ച മനുഷ്യൻ കൈവരിച്ചു. ഒരു പക്ഷെ, 1950-കളിലായിരിക്കാം ആദ്യത്തെ കുതിച്ചുചാട്ടങ്ങൾ നടന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇതിനുപിന്നിൽ പ്രവർത്തിച്ച അസംഖ്യം ധിഷണാശാലികളുടെ പ്രവർത്തനങ്ങൾ വിവരിക്കാതെ നിർമിത ബുദ്ധിയുടെ ചരിത്രം നമുക്കു പൂർത്തിയാക്കാനാവില്ല. ആ ചരിത്രം മനസ്സിലായാലേ ഈ വർത്തമാനകാലത്തിൽ അതെന്തു ചെയ്യുന്നു എന്നു മാത്രമല്ല, ഭാവിയിലത് ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചേക്കുമെന്നും നമുക്കു മനസ്സിലാക്കാനാവൂ.

സുന്ദർ പിച്ചൈ
സുന്ദർ പിച്ചൈ

ചരിത്രത്തിലെ
നിർമിത ബുദ്ധി

നിർമിത ബുദ്ധിയെന്ന ആശയം ഒരു പക്ഷെ, ആയിരത്തിലധികം വർഷങ്ങളെങ്കിലും പഴക്കമുള്ളതായിരിക്കും. പുരാതനകാലത്ത് മരണത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചിരുന്ന ചിന്തകർക്ക് മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന യന്ത്രങ്ങളെക്കുറിച്ചുള്ള സങ്കല്പം ഒട്ടും അപ്രാപ്യമായിരുന്നില്ല. സ്വന്തം ഇഷ്ടത്തിനു പ്രവർത്തിക്കുന്നത് എന്ന അർത്ഥത്തിൽ ഓട്ടോമാറ്റോൺ എന്ന പദം പുരാതന ഗ്രീക്കുഭാഷയിൽ വന്നതും, അത്തരം യന്ത്രങ്ങളെക്കുറിച്ച് ചിലരെഴുതിപ്പിടിപ്പിച്ചതുമെല്ലാം ഈ ചിന്തകളുടെ ഫലമായിട്ടുതന്നെ. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ടാലോസ്. ലോഹം കൊണ്ടു നിർമിച്ചതും ഭീമാകാരനുമായ യന്ത്രമനുഷ്യൻ. ഒരുപക്ഷെ, മനുഷ്യചരിത്രത്തിൽ ആദ്യമായിട്ടാവണം അത്തരമൊന്ന് സങ്കല്പിക്കപ്പെട്ടത്.

ഗ്രീക്കു ദൈവങ്ങളിലെ ലോഹപ്പണിക്കാരനായായിരുന്ന ഹെഫെസ്റ്റസ് അഥവാ റോമാക്കാരുടെ വൾക്കൻ ആയിരുന്നു ടാലോസ് എന്ന നരസമാനന്റെ നിർമാതാവ്. വെങ്കലത്തിലായിരുന്നുവത്രെ ആ നിർമിതി. നമ്മുടെ ലങ്കാലക്ഷ്മിയെന്നോണം, ക്രീറ്റ് ദ്വീപിന്റെ കാവൽക്കാരനായി നിയോഗിക്കപ്പെട്ട ആ കൂറ്റൻ യന്ത്രമനുഷ്യൻ ദിവസം മൂന്നു തവണയെങ്കിലും ദ്വീപിനു ചുറ്റും റോന്തുചുറ്റുമായിരുന്നു. ആക്രമിക്കാൻ വരുന്ന കപ്പലുകൾക്കു നേരെ വലിയ പാറക്കഷണങ്ങൾ എടുത്തെറിഞ്ഞ് അവയെ തകർക്കലായിരുന്നു ടാലോസിന്റെ ഇഷ്ടവിനോദം.

ലോഹം കൊണ്ടു നിർമിച്ചതും ഭീമാകാരനുമായ യന്ത്രമനുഷ്യനാണ് ടാലോസ്. ഒരുപക്ഷെ, മനുഷ്യചരിത്രത്തിൽ ആദ്യമായിട്ടാവണം അത്തരമൊന്ന് സങ്കല്പിക്കപ്പെട്ടത്. / Photo: The death of Talos depicted on a 5th century BC, wikimedia Commons
ലോഹം കൊണ്ടു നിർമിച്ചതും ഭീമാകാരനുമായ യന്ത്രമനുഷ്യനാണ് ടാലോസ്. ഒരുപക്ഷെ, മനുഷ്യചരിത്രത്തിൽ ആദ്യമായിട്ടാവണം അത്തരമൊന്ന് സങ്കല്പിക്കപ്പെട്ടത്. / Photo: The death of Talos depicted on a 5th century BC, wikimedia Commons

പ്ലേറ്റോയുടെ സുഹൃത്തും ശാസ്ത്രജ്ഞനുമായിരുന്ന ആർക്കിറ്റാസ് ഒരു യന്ത്രപ്രാവിനെ നിർമിച്ച് പറപ്പിച്ചിരുന്നതായി ബി.സി.ഇ. നാനൂറാമാണ്ടിലെ രേഖകൾ പറയുന്നു. ശ്രീബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ ദ്രോണൻ എന്ന ബ്രാഹ്മണൻ പലർക്കായി വീതിച്ചുകൊടുത്തതിൽ ഒരംശം അജാതശത്രുവിനു ലഭിച്ചതായും, അത് ഒരു സ്തൂപത്തിൽ സൂക്ഷിക്കപ്പെട്ടതായും സൂചനകളുണ്ട്.

ബൗദ്ധകഥകൾ പറയുന്ന ലോകപന്നാതി എന്ന സമാഹാരത്തിൽ ഈ സ്തൂപത്തെ സംരക്ഷിക്കാനായി യന്ത്രമനുഷ്യർ ഉണ്ടായിരുന്നതായി പറയുന്നു. യവനരാണത്രെ ഈ ഭൂതവാഹനയന്ത്രങ്ങൾ നിർമിച്ചുകൊടുത്തത്. മനുഷ്യരാശിക്കു തന്നെ ഭീഷണിയാവും വിധം ഇവർ പെരുമാറിയേക്കാമെന്നുള്ള ആശങ്ക പടർന്നതായും, അതേ തുടർന്നാണോ എന്നറിയില്ല, പിന്നീട് അശോകചക്രവർത്തി ഈ യന്ത്രമനുഷ്യരെ നിർവ്വീര്യമാക്കിയതായും ലോകപന്നാതിയിൽ വായിക്കാം.

ചരിത്രത്തിലെ അടുത്ത ഓട്ടോമാറ്റോൺ ചൈനയിൽ നിന്നാണ്. പത്താം നൂറ്റാണ്ടിൽ യാൻ ഷി എന്ന യന്ത്രവിദഗ്ദ്ധൻ ഉണ്ടാക്കിയതാണത്. ഷൗ വംശത്തിലെ മു എന്ന ചക്രവർത്തിയായിരുന്നു അക്കാലത്ത് രാജ്യം ഭരിച്ചിരുന്നത്. ഷി താനുണ്ടാക്കിയ യന്ത്രമനുഷ്യനെ ചക്രവർത്തിയുടെ മുമ്പാകെ സമർപ്പിച്ചു. തുകൽ, മരത്തടി, കൃത്രിമാവയവങ്ങൾ എന്നിവയൊക്കെ ചേർത്തായിരുന്നു അതിൻറെ നിർമാണം.

ചക്രവർത്തിയുടെ മുന്നിൽ ഷിയുടെ യന്ത്രമനുഷ്യൻ അതിന്റെ പ്രവർത്തനം രസകരമായി കാഴ്ചവെച്ചു. ആദ്യം കണ്ണിറുക്കിക്കാണിച്ചും, ചക്രവർത്തിയുടെ അടുത്തുവന്നുതൊട്ടും ആ പ്രകടനം മുന്നേറി. പക്ഷെ, കാര്യങ്ങൾ തകിടം മറിഞ്ഞത് അവസാനമായിരുന്നു. ഷിയുടെ യന്ത്രമനുഷ്യൻ കൊട്ടാരത്തിലെ സദസ്യരുടെ ആവേശത്തിമിർപ്പിനിടെ, സ്ത്രീജനങ്ങൾക്കു നേരെ ചെന്നു. അതും ചക്രവർത്തിയുടെ പ്രിയപ്പെട്ട അന്തപ്പുരവാസികളുടെയടുത്തേക്ക്. ആ അഭ്യാസം ചക്രവർത്തിയ്ക്ക് തീരെ പിടിച്ചില്ല എന്നു മാത്രമല്ല, അദ്ദേഹം വല്ലാതെ രോഷാകുലനാവുകയും, തനിക്കു മാത്രം അവകാശപ്പെട്ട ഒരു പരിധി ലംഘിച്ചു എന്നതിൽ യാൻ ഷിയെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു.

ഒരേസമയം ജ്യോതിശാസ്ത്രജ്ഞനും, ഗണിതശാസ്ത്രവിദഗ്ദ്ധനും, ഭൂവൈജ്ഞാനികനുമൊക്കെയായിരുന്നു  മുഹമ്മദ് ഇബ്ൻ അൽ-ഖ്വരിസ്മി / Photo: Monument at Ciudad Universitaria of Madrid
ഒരേസമയം ജ്യോതിശാസ്ത്രജ്ഞനും, ഗണിതശാസ്ത്രവിദഗ്ദ്ധനും, ഭൂവൈജ്ഞാനികനുമൊക്കെയായിരുന്നു മുഹമ്മദ് ഇബ്ൻ അൽ-ഖ്വരിസ്മി / Photo: Monument at Ciudad Universitaria of Madrid

ഭയന്നുപോയ ഷി ആ കാലിൽ വീണു മാപ്പപേക്ഷിച്ചു. ഒപ്പം ചക്രവർത്തിയുടെ മുന്നിലിട്ട് തന്റെ പ്രിയപ്പെട്ട യന്ത്രമനുഷ്യനെ വെട്ടിത്തുറന്ന്, അതിനുള്ളിൽ ലോഹഭാഗങ്ങളും തുകലും മാത്രമേയുള്ളൂവെന്ന് കാണിച്ചുകൊടുക്കേണ്ടിയും വന്നു. തന്റെ കഴുത്തിലേക്കു നീണ്ട വാൾമുനയിൽനിന്ന് കഷ്ടിച്ചാണ് ചൈനയുടെ ആദ്യത്തെ യന്ത്രമനുഷ്യനെ സൃഷ്ടിച്ച ഷി സ്വന്തം ജീവൻ രക്ഷപ്പെടുത്തിയത്.

ഏതാണ്ടതേകാലത്ത്, ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ഖ്വരസീം എന്ന സ്ഥലത്ത് മുഹമ്മദ് ഇബ്ൻ അൽ-ഖ്വരിസ്മി എന്നൊരു മഹാബുദ്ധിമാൻ പാർത്തിരുന്നു. അദ്ദേഹം കൈകാര്യം ചെയ്യാത്ത വിഷയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നു പറയാം. ഒരേ സമയം ജ്യോതിശാസ്ത്രജ്ഞനും, ഗണിതശാസ്ത്രവിദഗ്ദ്ധനും, ഭൂവൈജ്ഞാനികനുമൊക്കെയായിരുന്നു ആ മഹാപണ്ഡിതൻ.

ആൽജിബ്ര എന്ന ഗണിതവിഭാഗം തന്നെ ഇദ്ദേഹത്തിന്റെ സംഭാവനയാണെന്നു പറയാം. ഇന്ത്യൻ സംഖ്യകളെക്കുറിച്ചുള്ള ഒരു പുസ്തകവും ഇദ്ദേഹത്തിൻറേതായിട്ടുണ്ട്. അൽ-ഖ്വരിസ്മിയുടെ സിദ്ധാന്തങ്ങളും സൂത്രവഴികളും വളരെപ്പെട്ടെന്നാണ് ലോകമെങ്ങും പ്രചരിച്ചത്. യൂറൊപ്പിലെത്തിയപ്പോൾ അൽ ഖ്വരിസ്മിയുടെ പേരിനു ഒരു ലാറ്റിൻവല്ക്കരണം വന്നുവെന്നു മാത്രം. അതായത്, അദ്ദേഹത്തിൻറെ പേര് അൽഗൊരിത്മി എന്നായി മാറി. ഈ വികലവല്ക്കരണത്തിൽ നിന്നാണ് ഇന്നത്തെ നിർമ്മിതബുദ്ധിയുടെ അടിസ്ഥാനമായ ആൽഗരിതം എന്ന വാക്കു പിറക്കുന്നത്.

ഇസ്‍ലാമിക വിജ്ഞാനത്തിന്റെ സുവർണകാലത്തുതന്നെയുണ്ടായ മറ്റൊരു സംഭാവന കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. അത് പന്ത്രണ്ടാം നൂറ്റാണ്ടിലെ അൽ ജസാരി എന്ന സാങ്കേതികവിദഗ്ദ്ധന്റെയാണ്. ഇലത്താളം പോലൊരു ഉപകരണം കൊട്ടുന്ന യന്ത്രമനുഷ്യനെയാണ് അൽ ജസാരി ഉണ്ടാക്കിയത്.

അൽ ജസാരിയുടെ മ്യൂസിക്കൽ ബോട്ടിന്റെ ചിത്രീകരണം.
അൽ ജസാരിയുടെ മ്യൂസിക്കൽ ബോട്ടിന്റെ ചിത്രീകരണം.

ഒരുപക്ഷെ, മധ്യകാലചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഓട്ടൊമാറ്റോൺ ലിയനാർദോ ദ വിഞ്ചി രൂപകല്പന ചെയ്തതായിരിക്കും. നവോത്ഥാനകാലത്ത് മനുഷ്യശരീരത്തെക്കുറിച്ച് ആഴത്തിൽ പഠനങ്ങൾ നടത്തുകയും, അതൊക്കെ വിശദമായി വരച്ചിടുകയും ചെയ്തയാളാണ് ദ വിഞ്ചി. ആ ശരീരമാതൃകകളിൽ നിന്നാണ് അദ്ദേഹം ഒരു യന്ത്രമനുഷ്യനെ വികസിപ്പിക്കുന്നത്.

1495-ൽ വരച്ചിട്ട ആ കുറിപ്പുകൾ നമ്മൾ വീണ്ടും കാണാനിടയായതാകട്ടെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ മാത്രവും. ലിയനാർദോയുടെ യന്ത്രമനുഷ്യൻ ഇരിക്കുകയും, നില്ക്കുകയും, കൈവീശുകയും, തലയും താടിയുമൊക്കെ അനക്കുകയും ചെയ്യുമായിരുന്നുവത്രെ. കപ്പിയും കയറും ഉപയോഗിച്ചായിരുന്നു ആ അത്ഭുതചലനങ്ങൾ സംഭവ്യമാക്കിയത് എന്ന് ഊഹിക്കപ്പെടുന്നു.

അത്തരമൊരു സംഗതി പിന്നീടു വരുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഫ്രഞ്ചു ശാസ്ത്രജ്ഞനായ ഷാക്ക് ദ് വൊക്കോങ്സോങ് നിർമിച്ച ഓടക്കുഴൽവാദകൻ. അതിന്റെ പ്രവർത്തനം കാഴ്ചക്കാരെ മുഴുവൻ വിസ്മയിപ്പിക്കുകയും ചെയ്തു. പന്ത്രണ്ട് പാട്ടുകൾ വരെ അതു പാടുമായിരുന്നു. പിന്നീട്, 1868-ൽ സാഡൊക്ക് ഡെഡറിക്ക് എന്നയാൾ നിർമ്മിച്ച ഭീമൻ യന്ത്രം ‘നീവാർക്ക് ആവിമനുഷ്യൻ’ എന്ന പേരിൽ പ്രസിദ്ധമായി. ഏഴടി ഒമ്പതിഞ്ച് പൊക്കവും, ഇരുനൂറ്റമ്പതോളം കിലോ തൂക്കവും, ഇരുനൂറിഞ്ച് അരവണ്ണവുമുള്ള ഒരു ഗ്രാമീണന്റെ രൂപമായിരുന്നു ഈ ആവിമനുഷ്യന്. ചുരുക്കം പറഞ്ഞാൽ ഈ യന്ത്രമനുഷ്യരിലൂടെയാണ് ആദ്യകാല നിർമ്മിതബുദ്ധിയുടെ പ്രവേശം എന്നു പറയാം.

ലിയനാഡോ ഡാവി‍ഞ്ചിയുടെ സ്കെച്ച് പ്രകാരമുള്ള യന്ത്രമനുഷ്യൻ, ബെർലിൻ മ്യൂസിയത്തിൽ / Photo: Wikimedia Commons
ലിയനാഡോ ഡാവി‍ഞ്ചിയുടെ സ്കെച്ച് പ്രകാരമുള്ള യന്ത്രമനുഷ്യൻ, ബെർലിൻ മ്യൂസിയത്തിൽ / Photo: Wikimedia Commons

ഈയവസരത്തിൽ ഒരു നാടകത്തെക്കുറിച്ച് പ്രത്യേകിച്ച് പരാമർശിക്കാതെ വയ്യ. പ്രസിദ്ധ എഴുത്തുകാരനായ കാരൽ ഷാപ്പെക്ക് ചെക്കു ഭാഷയിൽ എഴുതിയ ആർ. യു. ആർ എന്ന നാടകം. 1921-ലായിരുന്നു അതിന്റെ ആദ്യ രംഗാവതരണം. ആർ. യു. ആർ. എന്നു വെച്ചാൽ റോസ്സം’സ് യൂനിവേഴ്സൽ റൊബോട്ട്സ് എന്നാണ് പൂർണരൂപം.

റോസ്സം എന്നയാളുടെ പണിശാലയിൽ ജൈവനിർമിത യന്ത്രമനുഷ്യരെ നിർബ്ബന്ധിത ജോലിക്കായി നിയമിക്കുന്നതാണ് കഥ. ചെക്കു ഭാഷയിൽ നിർബ്ബന്ധിതജോലിക്ക് റൊബോട്ട എന്നാണ് പറയുക. ഈ നാടകത്തെത്തുടർന്ന് ആ പദം ഏറെ പ്രശസ്തമായി. അങ്ങനെ ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലേക്കും റൊബോട്ട് എന്ന വാക്കു കടന്നുവന്നു. യന്ത്രമനുഷ്യൻ എന്ന അർത്ഥത്തിൽ.

1923-ൽ ഈ നാടകം ജപ്പാനിൽ അവതരിപ്പിച്ചു. അന്ന് നാടകം കണ്ട മകോട്ടോ നിഷിമുറ എന്നയാൾ ആകെ അസ്വസ്ഥനായത്രെ. വടക്കൻ ജാപ്പനീസ് നഗരമായ സപ്പോറോയിലെ ഹൊക്കൈദോ ഇമ്പീരിയൽ സർവ്വകലാശാലയിൽ മറീൻ ബയോളജി പ്രൊഫസറായ നിഷിമുറയെ സംബന്ധിച്ചിടത്തോളം അതൊരു വല്ലാത്ത അനുഭവമായി. കൃത്രിമ മനുഷ്യർക്കു സേവകരായി മാറുന്ന മാനവരുടെ തലതിരിഞ്ഞലോകത്തിൻറെ ആവിർഭാവത്തെക്കുറിച്ചുള്ള നാടകത്തിലെ സൂചനകൾ അദ്ദേഹത്തിനു ഉൾക്കൊള്ളാനാവുന്നതിലും അപ്പുറത്തായിരുന്നു.

ആർ.യു.ആർ. നാടകത്തിൽ നിന്ന്
ആർ.യു.ആർ. നാടകത്തിൽ നിന്ന്

യന്ത്രമനുഷ്യർ ഉണ്ടാവാതിരിക്കില്ല എന്നു നിഷിമുറയ്ക്കു അറിയാമായിരുന്നെങ്കിലും, പ്രകൃതിയോടു ചേർന്നുനിന്നുവേണം അതൊക്കെ സംഭവിക്കേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മനുഷ്യരും കൃത്രിമമനുഷ്യരും തമ്മിലുള്ള സ്പർദ്ധ പ്രകൃതിവിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. അതിനുവേണ്ടി പ്രകൃതിക്കിണങ്ങിയ, തീർത്തും നൈസർഗ്ഗികരീതികളും ഭാവങ്ങളുമുള്ള ഒരു യന്ത്രമനുഷ്യനെയുണ്ടാക്കുക എന്നതായി നിഷിമുറയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ.

അതുകൊണ്ടുതന്നെ തന്റെ സൃഷ്ടിയെ റൊബോട്ട് എന്നു വിളിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. പകരം പുതിയൊരു പേരു കണ്ടുപിടിച്ചു- ഗാകുട്ടെൻസോകു. പറയാൻ ഇത്തിരി പ്രയാസമുള്ള പേരായിരുന്നെങ്കിലും പ്രകൃതിയോടുള്ള താദാത്മ്യം എന്ന ഉറച്ച വാദഗതിയുടെ പേരിൽ അതു വലിയ പ്രാധാന്യമർഹിക്കുന്നു. പ്രകൃതിയുടെ നിയമങ്ങളിൽ നിന്നു പഠിക്കുന്നത് എന്നായിരുന്നു ഗാകുട്ടെൻസോകു എന്ന ജാപ്പനീസ് പദത്തിന്റെ അർത്ഥം. അമേരിക്കൻ യന്ത്രമനുഷ്യർക്കു വിരുദ്ധമായി നീരാവിയ്ക്കുപകരം വായുമർദ്ദമാണ് തന്റെ യന്ത്രമനുഷ്യന്റെ ചലനങ്ങൾക്കു വേണ്ടി നിഷിമുറ ഉപയോഗിച്ചത്.

ഗാകുട്ടെൻസോകു റോബോട്ടിനൊപ്പം മകോട്ടോ നിഷിമുറ (ഇടത്) / Photo: Wikimedia Commons
ഗാകുട്ടെൻസോകു റോബോട്ടിനൊപ്പം മകോട്ടോ നിഷിമുറ (ഇടത്) / Photo: Wikimedia Commons

എന്തായാലും റൊബോട്ട് എന്ന പദം ലോകപ്രശസ്തമായി. ഒരു പക്ഷെ, അതു സംഭവിച്ചത് ഇസാക്ക് അസിമോവ് എന്ന ശാസ്ത്രസാഹിത്യകാരനിലൂടെയാവണം. കരെൽ ഷാപ്പെകിന്റെ വാക്ക് കടമെടുത്തുകൊണ്ട് റൊബോട്ടുകളെക്കുറിച്ചുള്ള അസംഖ്യം നോവലുകൾ അസിമോവ് എഴുതി.

1940 മുതൽ 95 വരെയുള്ള കാലഘട്ടത്തിനിടെ 37 ചെറുകഥകളും ആറു നോവലുകളും ഉൾപ്പെട്ട ഒരു റൊബോട്ട് സീരീസ് തന്നെ ഇസാക്ക് അസിമോവ് എഴുതിയെന്നത് വിസ്മയകരമെന്നു തോന്നുമെങ്കിലും, അഞ്ഞൂറിലധികം പുസ്തകങ്ങളുടെ എഴുത്തുകാരൻ എന്ന നിലയിൽ ആ അത്ഭുതം മാറ്റിവെയ്ക്കുകയും ചെയ്യാം. എന്തായാലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഏതു കൊച്ചുകുട്ടിയ്ക്കും അറിയാവുന്ന ഒരു വാക്കായി റൊബോട്ട് മാറിയതിനു പിന്നിൽ ഇസാക്ക് അസിമോവിനെ പ്രകീർത്തിച്ചേ മതിയാവൂ.

ഇസാക്ക് അസിമോവ്
ഇസാക്ക് അസിമോവ്

തീർത്തും യന്ത്രവല്ക്കൃതമായ ഒരു ഇലക്ട്രോണിൿ റൊബോട്ട് രംഗത്തുകൊണ്ടുവന്നത്, 1948-ൽ വില്ല്യം ഗ്രേ വാട്ടർ ആയിരുന്നു. അദ്ദേഹം നിർമ്മിച്ച മഷീന സ്പെക്യുലാട്രിക്സ് വലിയ ഖ്യാതി നേടി. മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നു കാണിച്ചുകൊടുക്കലായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഏതാനും ചെറിയ മസ്തിഷ്കകോശങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളാൽ അങ്ങേയറ്റം സങ്കീർണ്ണമായ ക്രിയകൾ വരെ ചെയ്യാനാവുമെന്നതു തെളിയിക്കാൻ ഇതുമൂലം സാധിച്ചു.

മസ്തിഷ്കത്തിന്റെ ചുവടുകൾ എങ്ങനെ പിന്തുടരാം എന്ന ചിന്തയിലൂടെ നിർമിത ബുദ്ധിയിലേക്കുള്ള ആദ്യ ശാസ്ത്രീയ കാൽവെയ്പ്പ് എന്നു പറയാവുന്നത് 1943-ൽ മക്കല്ലോക്കും പിറ്റ്സും ചേർന്നവതരിപ്പിച്ച "A Logical Calculus of the Ideas Immanent in Nervous Activity" എന്ന പ്രബന്ധമായിരുന്നു. അവർ അവതരിപ്പിച്ച പ്രബന്ധം കൃത്രിമമെങ്കിലും യുക്തിസഹമായ നാഡികളേയും നാഡീവ്യൂഹങ്ങളേയും കുറിച്ചായിരുന്നു. അത്തരമൊരു സാധ്യത അക്കാലത്ത് തീർത്തും വിപ്ലവകരമായ ഒരു ചിന്തയായിരുന്നു എന്നു പറയാതെ വയ്യ. നാഡീശൃംഖലകളും പരിമേയയന്ത്രാവസ്ഥയും തമ്മിലുള്ള ബന്ധമാണ് ഈ പ്രബന്ധത്തിൽ കൈകാര്യം ചെയ്ത വിഷയം. ഒപ്പം മനസ്സും ശരീരവും തമ്മിലുള്ള ഇടപെടലുകളെ കമ്പ്യൂട്ടർ ഗണിതരീതികളിലൂടെ വ്യാഖ്യാനിക്കാനും ശ്രമിച്ചു.

മനുഷ്യന്റെ ബൗദ്ധികവ്യവഹാരങ്ങളേയും വിമർശനബുദ്ധിയേയും വിവേചനയുക്തിയേയുമൊക്കെ ഒരു കമ്പ്യൂട്ടറിലൂടെ അനുകരിക്കാൻ ശ്രമിക്കുക എന്ന സങ്കല്പം ഒരു പക്ഷെ, 1950-ൽ അലൻ ട്യൂറിംഗ് ആയിരിക്കും മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ കമ്പ്യൂട്ടറും ബുദ്ധിയും എന്ന പുസ്തകത്തിൽ കമ്പ്യൂട്ടറുകൾ എത്രമാത്രം മാനവബുദ്ധി പ്രകടിപ്പിക്കുന്നു എന്നു വേർതിരിച്ചറിയുന്നതിനായി ഒരു പരീക്ഷണം നിർദ്ദേശിക്കപ്പെടുന്നുണ്ട്. ട്യൂറിംഗ് ടെസ്റ്റ് എന്ന പേരിൽ ഇന്നത് ലോകപ്രശസ്തമാണ്. ഇതിന്റെ രൂപാന്തരങ്ങളായ വ്യത്യസ്തമാർഗ്ഗങ്ങൾ ഇതേ ഉദ്ദേശ്യത്തിനായി ഇന്നും ഉപയോഗിച്ചുവരുന്നു. നാം ഓൺലൈൻ പോർട്ടലുകളിൽ പലപ്പോഴും കാണാറുള്ള കാപ്ച്ചയും (CAPTCHA) ഒരുതരം ട്യൂറിംഗ് ടെസ്റ്റ് തന്നെ.

അലൻ ട്യൂറിംഗ്, വിഖ്യാതമായ ട്യൂറിംഗ് മെഷീനൊപ്പം / Photo: Public Domain
അലൻ ട്യൂറിംഗ്, വിഖ്യാതമായ ട്യൂറിംഗ് മെഷീനൊപ്പം / Photo: Public Domain

നിർമിത ബുദ്ധിയുടെ ആവിർഭാവകാലം എന്നു പറയാവുന്ന 1950-കളിൽ കമ്പ്യൂട്ടറുകളുടെ അവസ്ഥ എന്തായിരുന്നു എന്നു ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ബുദ്ധി എന്നതിനു ഏറ്റവും അവശ്യമായി വേണ്ട സംഗതി അന്നു കമ്പ്യൂട്ടറുകൾക്കില്ലായിരുന്നു; അതായത്, ഒരു വിവരം സൂക്ഷിച്ചുവെയ്ക്കാനുള്ള കഴിവ്! ഒരു കാര്യം വിവിധ ആജ്ഞകളിലൂടെ കമ്പ്യൂട്ടർ ചെയ്തെന്നിരിക്കും. പക്ഷെ, ആ ചെയ്ത കാര്യത്തെക്കുറിച്ചുള്ള അറിവ് ഒരു തലച്ചോറിലെന്നോണം സൂക്ഷിച്ചുവെയ്ക്കാനോ, ഓർമിക്കാനോ അക്കാലത്ത് കമ്പ്യൂട്ടറിനു സാധിക്കുമായിരുന്നില്ല.

രണ്ടാമത്, കമ്പ്യൂട്ടർ അങ്ങേയറ്റം ചിലവേറിയ ഒരുപകരണവുമായിരുന്നു. ഒരു മാസത്തേക്ക്, അത്തരമൊരു കമ്പ്യൂട്ടർ വാടകയ്ക്കെടുക്കാൻ രണ്ടു ലക്ഷം ഡോളറൊക്കെയായിരുന്നത്രെ ചിലവ്. മാത്രമല്ല, ഒരു വലിയ മുറിയോളം വലിപ്പവും അവയ്ക്കുണ്ടായിരുന്നു. അതായത്, ഫലപ്രാപ്തിയിൽ യാതൊരു ഉറപ്പുമില്ലാത്ത ഈ ഭീമന്മാരെ സൂക്ഷിക്കാൻ പോന്ന ധനശേഷിയും സ്ഥലശേഷിയും വൻകിടകമ്പനികൾക്കോ അല്ലെങ്കിൽ വലിയ സർവ്വകലാശാലകൾക്കോ മാത്രമേ സാധിച്ചിരുന്നുള്ളൂ എന്ന്.

ആദ്യകാല കമ്പ്യൂട്ടറായ എനിയാക്ക് / Photo: Britanica
ആദ്യകാല കമ്പ്യൂട്ടറായ എനിയാക്ക് / Photo: Britanica

ഒരുപക്ഷെ, ലോകത്തിലെ ആദ്യത്തെ നിർമിത ബുദ്ധി പ്രോഗ്രാം എന്നു പറയുന്നത് ലോജിക് തിയറിസ്റ്റ് ആയിരിക്കണം. 1955-ൽ അലൻ ന്യൂവെൽ, ക്ലിഫ് ഷൊ, ഹെർബർട്ട് സൈമൻ എന്നിവർ ചേർന്നാണ് അതു തയ്യാറാക്കിയത്. മനുഷ്യന്റെ പ്രശ്നപരിഹാര നൈപുണ്യത്തെ അടിസ്ഥാനമാക്കിയായിരുന്നു ലോജിക്ക് തിയറിസ്റ്റ് വിഭാവനം ചെയ്തതും രൂപപ്പെടുത്തിയതും. തൊട്ടടുത്ത വർഷമായിരുന്നു നിർമിത ബുദ്ധിയുടെ ഗ്രീഷ്മകാലസംരംഭം എന്ന പേരിൽ ഡാർട്ട്മൗത്തിൽ ഒരു സമ്മേളനം നടന്നത്. ചരിത്രത്തിലേറെ നിർണായകമായ ഒരവസരമായി ആ സമ്മേളനം മാറി. ജോൺ മക്കാർത്തിയും മാർവിൻ മിൻസ്കിയും ആയിരുന്നു സംഘാടകർ. സത്യത്തിൽ ആ മഹായോഗത്തിൽ വെച്ചാണ് ലോകത്തിലാദ്യമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന പദം ഉപയോഗിക്കപ്പെടുന്നത്. ആ പദം കൊണ്ടുവന്നതാകട്ടെ ജോൺ മക്കാർത്തിയും. അദ്ദേഹം തന്നെ ആ പദത്തിന്റെ നിർവ്വചനവും അവതരിപ്പിച്ചു. അതായത്, നിർമിത ബുദ്ധി എന്നാൽ ബുദ്ധിയുള്ള യന്ത്രങ്ങളുടെ ശാസ്ത്രവും എഞ്ചിനീറിംഗും ആണ് എന്നായിരുന്നു പൂർണ നിർവ്വചനം. നിർമിത ബുദ്ധിയുടെ പിതാവെന്നു അറിയപ്പെടുന്നതും ജോൺ മക്കാർത്തി തന്നെ.

എന്തായാലും രണ്ടു വർഷത്തിനകം നിർമിത ബുദ്ധിയുടെ ഗവേഷണങ്ങൾക്കായി ആദ്യത്തെ പ്രൊഗ്രാമിംഗ് ഭാഷ മക്കാർത്തി തയ്യാറാക്കി. ‘ലിസ്പ്’ എന്നായിരുന്നു അതിനു പേരിട്ടത്- ലിസ്റ്റ് പ്രോസസ്സിംഗ് എന്നതിന്റെ ചുരുക്കം. കമ്പ്യൂട്ടർ ഭാഷകളും ചിന്തകളും രീതികളുമൊക്കെ അടിക്കടി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും ഏറെ ജനപ്രിയമായ ഭാഷയാണ് ‘ലിസ്പ്’ എന്നത് അതെത്രത്തോളം സ്വീകാര്യവും വിവിധോദ്ദേശ്യയുക്തവുമാണെന്ന് കാണിക്കുന്നു. താമസിയാതെ ലോജിക് തിയറിസ്റ്റിനെ സൃഷ്ടിച്ച അതേ ടീം മറ്റൊരു കണ്ടുപിടുത്തവുമായി വന്നു. 1957-ൽ പുറത്തിറങ്ങിയ പൊതുപ്രശ്നപരിഹാരി അഥവാ ജനറൽ പ്രോബ്ലം സോൾവർ. ഏതു ചോദ്യങ്ങൾക്കും പരിഹാരസൂചനകൾ തരുന്ന യന്ത്രം എന്ന നിലയിലൊരു ഖ്യാതിയും അതു നേടിയെടുക്കുകയുണ്ടായി.

1959-ൽ ഒരു പുതിയ പദം നിർമിത ബുദ്ധിയിലേക്കെത്തി. ഇന്നും അതീവ പ്രാധാന്യമുള്ള ഒന്ന്. ആർതർ സാമുവൽ എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ മനുഷ്യരേക്കാൾ മികച്ച രീതിയിൽ യന്ത്രങ്ങളെ ചെസ് കളിപ്പിക്കാൻ പഠിപ്പിക്കുന്നതിനെക്കുറിച്ചു നടത്തിയ ഒരു പ്രഭാഷണത്തിലാണ് യന്ത്രപഠനം അഥവാ മെഷീൻ ലേണിംഗ് എന്ന ആ പദം ആദ്യമായി ലോകം ശ്രവിക്കുന്നത്. യന്ത്രങ്ങൾ പുതുതായി കാര്യങ്ങൾ പഠിക്കുന്നു എന്ന ചിന്ത തന്നെ നിർമിത ബുദ്ധിയിലേക്കുള്ള മഹത്തായ ഒരു കാൽവെയ്പ്പായി കരുതാം.

1961-ൽ ജനറൽ മോട്ടോഴ്സ് പുറത്തിറക്കിയ യൂണിമേറ്റ്സ് എന്ന യന്ത്രക്കൈ കോഫി ഒഴിച്ചു നൽകുന്നു / Photo: BY CC
1961-ൽ ജനറൽ മോട്ടോഴ്സ് പുറത്തിറക്കിയ യൂണിമേറ്റ്സ് എന്ന യന്ത്രക്കൈ കോഫി ഒഴിച്ചു നൽകുന്നു / Photo: BY CC

തുടർന്നുള്ള വർഷങ്ങളിൽ നിർമിത ബുദ്ധിയിലെ ഗവേഷണങ്ങളെല്ലാം ഈ ചിന്തയെ അടിസ്ഥാനമാക്കിയായിരുന്നു. അത്രയും കാലം മനുഷ്യനു മാത്രം ഇടപെടാനോ തീരുമാനിക്കാനോ കഴിഞ്ഞിരുന്ന കാര്യങ്ങളിൽ യന്ത്രങ്ങൾക്കു ഇടപെടാനാവുക എന്നതിലേക്കായിരുന്നു അതെല്ലാം നയിച്ചത്. 1961-ൽ ജനറൽ മോട്ടോഴ്സ് പുറത്തിറക്കിയ യൂണിമേറ്റ് എന്ന യന്ത്രക്കൈയാകട്ടെ ഇതിന്റെയൊരു ഉദാഹരണവും. കൃത്യവും പിന്നാലെപ്പിന്നാലെയുമായ അസംഖ്യം ആജ്ഞകൾ യൂണിമേറ്റ് ഏറ്റെടുക്കുകയും വിജയകരമായി നിർവ്വഹിക്കുകയും ചെയ്തു എന്നിടത്താണ് അതിന്റെ അപൂർവ്വവിജയം.

മികച്ച നേട്ടങ്ങളുടെ കാലമായിരുന്നു അറുപതുകൾ. യൊസേഫ് വൈറ്റ്സൻബൗം എന്ന ജർമൻ-അമേരിക്കൻ ശാസ്ത്രജ്ഞൻ എലീസ എന്ന പ്രോഗ്രാം സൃഷ്ടിച്ചു. ഒരു മനഃശ്ശാസ്ത്രജ്ഞനെ അനുകരിച്ചുകൊണ്ട്, മനുഷ്യനും യന്ത്രവും തമ്മിൽ സംഭാഷണം സാധ്യമാക്കുന്ന ഒന്നായിരുന്നു അത്. ഒരു കൗൺസിലറിന്റെ വേഷമണിഞ്ഞുകൊണ്ടുള്ള എലീസയുടെ വർത്തമാനങ്ങളാകട്ടെ, വളരെയധികം കൗതുകം പകരുന്നതുമായി. തീർത്തും ഉപരിപ്ലവമായിരുന്നു എലീസയുടെ സംഭാഷണമാർഗ്ഗങ്ങളെങ്കിലും, പലർക്കും നൂതനമായ രീതിയിൽ ആശ്വാസം അതു പകർന്നുകൊടുത്തു എന്നത് നിഷേധിക്കാനാവില്ല. ഈ സംഭാഷണചാതുര്യത്താൽ എലീസയെ ചാറ്റർബോട്ട് എന്നാണ് വിളിച്ചിരുന്നത്. ഇതേ പ്രോഗ്രാമിന്റെ ഘടനയും സ്വഭാവവും തന്നെയാണ് ഇന്നത്തെ ചാറ്റ്ബോട്ടുകൾക്കും. അങ്ങനെ നോക്കുമ്പോൾ എലീസയെ ആദ്യത്തെ ചാറ്റ്ബോട്ട് എന്നും വിശേഷിപ്പിക്കാം.

രണ്ടു വർഷത്തിനകം ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് വ്യക്തിയും രംഗത്തെത്തി. സ്റ്റാൻഫോർഡ് ഗവേഷണസ്ഥാപനം തയ്യാറാക്കിയ ഈ റോബോട്ടിന്റെ പേര് ഷേക്കി എന്നായിരുന്നു. ആജ്ഞകളെ പരിഭാഷപ്പെടുത്താനായ ആദ്യത്തെ ചലിക്കുന്ന യന്ത്രമായും ഷേക്കി മാറി. മാത്രമല്ല, വളരെ സങ്കീർണമായ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുന്നതിലും അതു മികവു പുലർത്തി. റോബോട്ടിക്സിലേയും നിർമിത ബുദ്ധിയിലേയും നാഴികക്കല്ലായിരുന്നു ഷേക്കിയുടെ വരവ്.

എഴുപതുകളില്‍ സ്റ്റാൻഫോർഡ് തയ്യാറായിക്കയ ഷേക്കി എന്ന റോബോട്ട്
എഴുപതുകളില്‍ സ്റ്റാൻഫോർഡ് തയ്യാറായിക്കയ ഷേക്കി എന്ന റോബോട്ട്

അറുപതുകളുടെ തുടക്കത്തിൽത്തന്നെ സ്വയം പ്രവർത്തിക്കുന്ന യന്ത്രവാഹനമായ സ്റ്റാൻഫോർഡ് വണ്ടിയും രംഗത്തെത്തി. ഇതിനു പിന്നാലെ ജപ്പാനും നടത്തി വലിയ മുന്നേറ്റങ്ങൾ. വസേദ സർവ്വകലാശാല 1967-ൽ വാബോട്ട് സംരംഭം ആരംഭിച്ചു. അഞ്ചുവർഷത്തിനു ശേഷം അതിന്റെ പരിസമാപ്തിയിൽ ലോകത്തിലെ ആദ്യത്തെ ബുദ്ധിയുള്ള മനുഷ്യരൂപ റൊബോട്ട് എന്ന പ്രശസ്തിയോടെ വാബോട്ട് പുറത്തിറങ്ങി. കാലുകളുപയോഗിച്ച് നടക്കാനും, വസ്തുക്കൾ മുറുക്കെപിടിക്കാനും വാബോട്ടിനു കഴിഞ്ഞു. യന്ത്രക്കൈകളിലേയും കാലുകളിലേയും സ്പർശനസംവേദിനികളായിരുന്നു വാബോട്ടിന്റെ പ്രത്യേകത. മാത്രവുമല്ല, അതിൽ ഘടിപ്പിച്ചിരുന്ന ദൃശ്യവ്യവസ്ഥ ഉപയോഗിച്ച്, അകലെയുള്ള വസ്തുക്കളിലേക്കുള്ള ദൂരവും ദിശയും കൃത്യമായി കണക്കുകൂട്ടാനും വാബോട്ടിനു സാധിച്ചിരുന്നു. അംഗാഗ്രസംവേദിനികളും കൃത്രിമനേത്രവും ശ്രവണേന്ദ്രിയവും ഇക്കാര്യത്തിൽ വാബോട്ടിനെ ഏറെ സഹായിച്ചു. പോരാത്തതിന്, യന്ത്രവദനം ഉപയോഗിച്ച് ജപ്പാനീസ് ഭാഷയിൽ സംസാരിക്കാനും വാബോട്ട് മിടുക്കനായിരുന്നു.

ഈ കണ്ടുപിടുത്തങ്ങളെല്ലാം നിർമിത ബുദ്ധിയെക്കുറിച്ചുള്ള ചിന്തകളെ വളരേയധികം ഉത്തേജിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ. വലിയ എന്തൊക്കെയോ ഈ രംഗത്തു സംഭവിക്കാൻ പോകുന്നു എന്ന ചിന്തയും ഏറെ ശക്തമായി. പക്ഷെ, ആ ഉത്സാഹങ്ങൾക്കൊപ്പം ഗവേഷണങ്ങൾ മുന്നോട്ടുപോയില്ല എന്നതു വലിയൊരു തിരിച്ചടിയുമായി. പതിയെ ഗവേഷണങ്ങൾക്കുള്ള സാമ്പത്തികസഹായങ്ങളും കുറഞ്ഞു. നിർമിത ബുദ്ധിമേഖലയെ ഇതെല്ലാം ചേർന്നെത്തിച്ചതാകട്ടെ, വലിയൊരു സാമ്പത്തിക ഞെരുക്കത്തിലേക്കും. അതോടെ, ഗവേഷണങ്ങളും പ്രവർത്തനങ്ങളുമെല്ലാം പരിമിതമായിത്തുടങ്ങി. ഗവേഷകരുടെ ശുഭാപ്തിവിശ്വാസവും പൊതുജനങ്ങളുടെ പ്രതീക്ഷകളും ഒരുമിച്ചാണ് തകർന്നടിഞ്ഞത്.

വാബോട്ട് / Photo: waseda.ac.jp
വാബോട്ട് / Photo: waseda.ac.jp

എ.ഐ. വിന്റർ അഥവാ
നി.ബു. ശൈത്യം

അങ്ങനെയായിരുന്നു എഴുപതുകളിലെ എ.ഐ. വിന്റർ അഥവാ നി.ബു. ശൈത്യം എന്ന കുപ്രസിദ്ധമായ ദശാബ്ദത്തിന്റെ പിറവി. അതിന്റെ അവസാനത്തിലായിരുന്നു നിർമിത ബുദ്ധിയെ കൂടുതൽ പുരോഗതിയിലേക്കു കൊണ്ടുപോകുന്നതിനായുള്ള അമേരിക്കൻ സംഘടന സ്ഥാപിതമാവുന്നത്. ഈ രംഗത്ത് കൂടുതൽ സമന്വയത്തോടേയും പരസ്പരപ്രോത്സാഹനങ്ങളോടേയും മുന്നേറേണ്ടതുണ്ടെന്ന ചിന്തയായിരുന്നു അതിനു പിന്നിൽ. ഈ സംഘടനയുടെ പ്രവർത്തനങ്ങൾ വലിയ തോതിൽ ഗവേഷകരെ നി.ബു. ശൈത്യത്തിൽ നിന്നു കരകയറാൻ സഹായിച്ചു. അമേരിക്കൻ അസോസിയേഷൻ ഓഫ് അഡ്വാൻസ്ഡ് എ. ഐ എന്ന ഈ സംഘടനയുടെ യോഗത്തിൽ വെച്ചായിരുന്നു സ്വന്തമായി ചിത്രം വരയ്ക്കുന്ന ആരൊൺ എന്ന പ്രോഗ്രാം അവതരിപ്പിക്കപ്പെടുന്നത്. താമസിയാതെ, മ്യൂനിക്കിലെ ബുണ്ടസ്വേർ സർവ്വകലാശാലയിലെ ഏൺസ്റ്റ് ഡിക്ക്മാനും സംഘവും ചേർന്ന് ആദ്യത്തെ ഡ്രൈവർരഹിത കാറും രംഗത്തിറക്കി.

നിർമിത ബുദ്ധിയെക്കുറിച്ചുള്ള വ്യത്യസ്തകാഴ്ചപ്പാടുകൾ എൺപതുകളുടെ അവസാനകാലത്തു നിറഞ്ഞുനിന്നു. യന്ത്രങ്ങൾ യഥാർത്ഥത്തിൽ ബുദ്ധിശാലികളായി ഈ ലോകത്തിൽ അതിജീവിക്കുകയും ഇടപഴകുകയും ചെയ്യേണ്ടതുണ്ടെങ്കിൽ, അവയ്ക്ക് സംവേദനക്ഷമവും, ചലനാത്മകവുമായ ശരീരം കൂടി ആവശ്യമുണ്ടെന്നു ശാസ്ത്രജ്ഞന്മാർ ചിന്തിച്ചുതുടങ്ങിയതും ഇക്കാലത്തായിരുന്നു.

മനുഷ്യൻ ബൗദ്ധികമായി പരിണമിച്ചെത്തിയതുപോലെ വേണം കമ്പ്യൂട്ടറുകളും യന്ത്രങ്ങളും നിർമ്മിതബുദ്ധിയിലേക്കു കടക്കേണ്ടതെന്ന ആലോചനാഗതിയായിരുന്നു അതിനു പിന്നിൽ. പ്രായോഗികബോധവും ന്യായബോധവും പോലെത്തന്നെ അടിസ്ഥാനമാണ് ബുദ്ധിയുടെ കാര്യത്തിൽ സംവേദനവും ചലനവുമെന്നവർ വാദിച്ചു. മനുഷ്യരെപ്പോലെ ചലിക്കണം റോബോട്ടുകൾ എന്ന വാശി പക്ഷെ, ഫലവത്തായില്ല എന്നു മാത്രമല്ല. അങ്ങേയറ്റം ദുഷ്കരമാണ് അക്കാര്യം എന്നും പെട്ടെന്നു തെളിയുകയും ചെയ്തു.

നിർമിത ബുദ്ധി വീണ്ടുമൊരിക്കൽക്കൂടി സടകുടഞ്ഞെഴുന്നേറ്റത് 1997-ൽ ഡീപ്പ് ബ്ലൂ എന്ന കമ്പ്യൂട്ടർ ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പരോവിനെ തോല്പിച്ചപ്പോഴായിരുന്നു.  / Photo: kasparov.com
നിർമിത ബുദ്ധി വീണ്ടുമൊരിക്കൽക്കൂടി സടകുടഞ്ഞെഴുന്നേറ്റത് 1997-ൽ ഡീപ്പ് ബ്ലൂ എന്ന കമ്പ്യൂട്ടർ ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പരോവിനെ തോല്പിച്ചപ്പോഴായിരുന്നു. / Photo: kasparov.com

മനുഷ്യപാദത്തിലേയും അതിലെ സന്ധികളിലേയും വൈവിധ്യമാർന്ന മർദ്ദ /സ്പർശസംവേദനങ്ങളും, അതിനനുസരിച്ചുള്ള അസംഖ്യം പേശികളുടെ കൃത്യതയാർന്ന പ്രവർത്തനവും, എല്ലാത്തിനും പുറമെ നടക്കുമ്പോഴായാലും ഓടുമ്പോഴായാലും ശരീരം സൂക്ഷിക്കുന്ന സമതുലനാവസ്ഥയുമൊക്കെ മനുഷ്യചലനത്തിനു പുറകിലുണ്ട്. മനുഷ്യശരീരത്തിന്റെ സുഗമമായ ദ്വിപാദചലനം അത്ര എളുപ്പത്തിൽ ഒരു യന്ത്രത്തിൽ സാധിച്ചെടുക്കാനാവില്ലെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കിയതപ്പോഴായിരുന്നു. വെറുതേയല്ല, നൂറ്റാണ്ടുകൾക്കു മുമ്പേ സാക്ഷാൽ ലിയനാർദോ ദ വിഞ്ചി മനുഷ്യപാദത്തിന്റെ രൂപകല്പന ഒരു ലോകവിസ്മയമാണ് എന്നു പറഞ്ഞത്. ഈ തിരിച്ചടി ഒരിക്കൽക്കൂടി നിർമിത ബുദ്ധിയിലെ സമ്പദ്പ്രവാഹത്തെ പിന്നോട്ടടിച്ചു എന്നു മാത്രമല്ല, മറ്റൊരു നി.ബു. ശൈത്യത്തിനും അതു വഴിതെളിച്ചു.

ആ ശൈത്യകാലത്തിനുശേഷം നിർമിത ബുദ്ധി വീണ്ടുമൊരിക്കൽക്കൂടി സടകുടഞ്ഞെഴുന്നേറ്റത് 1997-ൽ ഡീപ്പ് ബ്ലൂ എന്ന കമ്പ്യൂട്ടർ ലോക ചെസ്സ് ചാമ്പ്യൻ ഗാരി കാസ്പരോവിനെ തോല്പിച്ചപ്പോഴായിരുന്നു. സ്വയം തീരുമാനമെടുക്കാനാവുന്ന നിർമിത ബുദ്ധി പ്രോഗ്രാമിലേക്കുള്ള വലിയൊരു കാൽവെയ്പ്പായി അതു മാറി. മാത്രമല്ല, അതിനു ലഭിച്ച അഭൂതപൂർവ്വമായ ലോകശ്രദ്ധയാകട്ടെ, നിർമിത ബുദ്ധിഗവേഷണങ്ങളിലേക്കുള്ള വലിയ ധനപ്രവാഹത്തിനു നിദാനമാവുകയും ചെയ്തു. അതേവർഷം തന്നെ മനുഷ്യസംസാരം തിരിച്ചറിയാനുള്ള സോഫ്റ്റ് വെയർ വിൻഡോസിനുവേണ്ടി തയ്യാറായി. വൈകാതെ മനുഷ്യഭാവങ്ങളേയും വികാരങ്ങളേയും തിരിച്ചറിയാനും പുനഃസൃഷ്ടിക്കാനും ഉതകുന്ന കിസ്മെത് എന്ന റൊബോട്ടു കൂടി എത്തിയതോടെ യന്ത്രങ്ങൾക്ക് എന്തുമാവാം എന്നൊരു തോന്നൽ വീണ്ടുമുണ്ടായ കാലമായി മാറി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം.

കുതിച്ചുചാട്ടത്തിന്റെ
21ാം നൂറ്റാണ്ട്

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നിർമിത ബുദ്ധിയുടെ വമ്പിച്ച കുതിച്ചുകയറ്റമാണ് നടന്നത്. അതു കൂടുതൽ മനസ്സിലാക്കണമെങ്കിൽ ചില അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കിയേ തീരൂ. മെഷീൻ ലേണിംഗ് അഥവാ യന്ത്രപഠനം ആണ് അതിൽ ആദ്യത്തേത്. വിവരങ്ങളും ആൽഗരിതങ്ങളും ഉപയോഗിച്ച് മനുഷ്യന്റെ പഠനരീതികളെ അനുകരിച്ച് കൃത്യത വർദ്ധിപ്പിക്കുക എന്നതാണ് യന്ത്രപഠനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. നിർമിത ബുദ്ധിയുടെ ഒരു അടിസ്ഥാന ശാഖയായി ഇതിനെ കാണാം.

ഈ പഠനവ്യവസ്ഥയെ മൂന്നായി തിരിക്കാം. ആദ്യത്തേത് തീരുമാനപ്രക്രിയയാണ്. ലഭിക്കുന്ന വിവരങ്ങളെ ഒരു പ്രവചനം സാധ്യമാക്കുന്ന രീതിയിൽ തരംതിരിക്കുക എന്നതാണ് ഈ നടപടി. അടുത്തതായി ഈ പ്രവചനം തെറ്റിപ്പോകാനുള്ള സാധ്യത എത്രത്തോളമെന്നു പരിശോധിക്കലാണ്. വ്യതിക്രമപരിശോധന എന്നു പറയാം. ഇതിനുവേണ്ടി നേരത്തെ ഉപയോഗിച്ചിട്ടുള്ള പല മാതൃകകളുമായി താരതമ്യം ചെയ്യേണ്ടിവരും. അങ്ങനെ അപഥപ്രവചനത്തിന്റെ സാധ്യത പരമാവധി ഇല്ലാതാക്കി ഏറ്റവും അനുയോജ്യമായ ഫലം തിരഞ്ഞെടുക്കുക എന്നതാണ് മൂന്നാമത്തേത്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഇത്തരം തുടർതാരതമ്യങ്ങളും തെറ്റുതിരുത്തലുകളുമാണ് യന്ത്രപഠനത്തിന്റെ കാതൽ. ഈ പ്രവർത്തനം സാധ്യമാക്കുന്നതാകട്ടെ മുന്നേ തയ്യാറാക്കുന്ന ആൽഗരിതങ്ങളും.

മനുഷ്യമസ്തിഷ്കത്തിന്റെ മാതൃകയിൽ ഒരുക്കുന്ന കൃത്രിമ നാഡീശൃംഖലയാണ് യന്ത്രപഠനത്തിന്റെ കാതൽ.
മനുഷ്യമസ്തിഷ്കത്തിന്റെ മാതൃകയിൽ ഒരുക്കുന്ന കൃത്രിമ നാഡീശൃംഖലയാണ് യന്ത്രപഠനത്തിന്റെ കാതൽ.

മനുഷ്യമസ്തിഷ്കത്തിന്റെ മാതൃകയിൽ ഒരുക്കുന്ന കൃത്രിമ നാഡീശൃംഖലയാണ് യന്ത്രപഠനത്തിന്റെ കാതൽ. ഓരോ നാഡീപഥവും മറ്റൊന്നുമായി സന്ധിക്കുന്നിടമാണ് സന്ധി അഥവാ നോഡ്. ആജ്ഞകൾ പുറപ്പെടുവിക്കുന്നതു തൊട്ട്, അതു സാധ്യമാക്കുന്നയിടം വരെ ഒരു നാഡീശൃംഖലയിൽ പലതരം നാഡീപഥങ്ങൾ ഇങ്ങനെ ചേർന്നും പിരിഞ്ഞും ഉണ്ടാവും. അവ പരസ്പരം ചേരുന്നിടത്തൊക്കെ ഓരോരോ സന്ധിയും. പ്രവർത്തനം കൂടുതൽ സങ്കീർണ്ണമാകുന്നതിനനുസരിച്ച് നാഡീപഥങ്ങളുടേയും സന്ധികളുടേയും എണ്ണം കൂടിവരും. ഒരു അടിസ്ഥാന യന്ത്രപഠന മാതൃകയിൽ ഇവയുടെ എണ്ണം മൂന്നോ അതിൽ താഴെയോ ആയിരിക്കും. എണ്ണം കൂടുന്നതിനനുസരിച്ച് യന്ത്രപഠനം കൂടുതൽ സാന്ദ്രവും ഗാഢവുമാവുന്നു. ഇതിനെയാണ് ഡീപ്പ് ലേണിംഗ് അഥവാ ഗാഢപഠനം എന്നു പറയുന്നത്. അതിസങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഗാഢപഠനം ഉപയോഗിക്കുക. ഇതിൽ എണ്ണമറ്റ നാഡീശൃംഖലകൾ ഉണ്ടായിരിക്കുകയും ചെയ്യും. എത്രയൊക്കെ വ്യാമിശ്രവും അലളിതവുമാണ് ലഭിക്കുന്ന വിവരങ്ങൾ എങ്കിലും, അതിനെ കൃത്യതയോടെ തരംതിരിച്ച് മികച്ചൊരു പ്രവചനസാധ്യതയിലേക്ക് എത്തിക്കുന്നു എന്നതാണ് ഗാഢപഠനത്തിന്റെ പ്രത്യേകത. മനുഷ്യ ഇടപെടൽ കൂടാതെ തന്നെ ഇതു സാധ്യമാകുന്നു എന്നതാകട്ടെ ഇതിനെ വേറിട്ടുനിർത്തുകയും ചെയ്യുന്നു.

ഒരു ദൃശ്യം, ഭാഷ, സംസാരം ഇതൊക്കെ തിരിച്ചറിയുന്നതിലാണ് ഗാഢപഠനം അഭൂതപൂർവ്വമായ മുന്നേറ്റം നടത്തിയത്. വൈദ്യമേഖലയിൽ ഒരു സ്കാൻ ചിത്രം പരിശോധിച്ച് ഫലനിർണ്ണയം നടത്തുന്നതിൽ ഇതു സഹായിക്കുന്നു. ഇതിനു മുമ്പ് സംഭരിക്കപ്പെട്ട അസംഖ്യം സ്കാനുകളും അനുബന്ധവിവരങ്ങളും പ്രയോജനപ്പെടുത്തി മനുഷ്യസഹായം ഒട്ടുമില്ലാതെ നടത്തുന്ന ഈ പ്രക്രിയ വലിയൊരു വഴിത്തിരിവായി മാറി. ഇതേ കാര്യം പത്തോളജിയിലെ കോശപഠനങ്ങൾക്കും ഉപയോഗിക്കാമെന്നു വന്നു. ദൃശ്യചിത്രങ്ങൾ തിരിച്ചറിയുന്ന ഗൂഗ്ൾ ലെൻസ് പോലുള്ള പരിപാടികളും ഇതേ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അതുപോലെ എഴുതുകയോ, മറ്റൊരാൾ പറയുന്നതോ ആയ ഭാഷയെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള കഴിവുകൂടി സ്വായത്തമായതോടെ ഗാഢപഠനം ഒരർത്ഥത്തിൽ അമാനുഷികമായ ഒരു നിലയിലേക്കെത്തുകയായിരുന്നു. ദൃശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള കഴിവ് തന്നെയാണ് ഡ്രൈവർ ഇല്ലാത്ത കാറുകളുടെ ആവിർഭാവത്തിനും കാരണമായത്. ഇത്തരത്തിലുള്ള കമ്പ്യൂട്ടർ ദൃശ്യപദ്ധതികൾക്കു വേണ്ടി വിവിധോദ്ദേശ്യപരമായ പലതരം നാഡീശൃംഖലകളും തയ്യാറായി.

ഗൂഗിള്‍ ഹോം, ആമസോണ്‍ അലക്സ
ഗൂഗിള്‍ ഹോം, ആമസോണ്‍ അലക്സ

ഏതു ചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടുപിടിക്കാവുന്ന തരത്തിൽ ഗൂഗ്ൾ പോലുള്ള അന്വേഷണയന്ത്രങ്ങളും, കാര്യനിർവ്വഹണം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള സിരി, അലക്സ, കൊർത്താന പോലുള്ള മിഥ്യാസഹായികളും ഇതിൻറെ പരിണിതഫലമായിരുന്നു. വാട്ട്സൻ എന്ന കമ്പ്യൂട്ടർ 2011-ൽ ജെപ്പഡി എന്ന ടെലിവിഷൻ വിജ്ഞാനമത്സരം വിജയിച്ചത് വരാൻ പോകുന്ന നിർമ്മിതബുദ്ധികാലത്തിന്റെ മുന്നറിയിപ്പായിത്തന്നെയാണ് ലോകം വീക്ഷിച്ചത്.

താമസിയാതെ മനുഷ്യനെപ്പോലെ കാണുകയും, സംസാരിക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന സോഫിയ എന്ന മനുഷ്യാകൃത റൊബോട്ട് ലോകത്തിലെ ആദ്യത്തെ റൊബോട്ട് പൗരനുമായി മാറി. ഇതിന്റെയെല്ലാം തുടർച്ചയായാണ് 2020-ൽ വമ്പൻ ഭാഷാമാതൃകയായ ജിപിടി-3 വരുന്നത്. അതു നിർമിച്ചതാകട്ടെ, ഓപ്പൻ എ ഐ എന്ന കമ്പനിയും. സൂത്രവാക്യങ്ങൾ, ഗദ്യം എന്നു തുടങ്ങി, കവിത വരെ ഈ പ്രോഗ്രാം എഴുതിത്തയ്യാറാക്കിയപ്പോൾ അതിന്റെ രചയിതാവ് മനുഷ്യനാണോ യന്ത്രമാണോ എന്ന സന്ദേഹത്തിനു പോലും ഉത്തരമില്ലാതായി. അത്രമാത്രം നൈസർഗ്ഗികതയും സർഗ്ഗാത്മകതയും ജി പി ടി പ്രദർശിപ്പിച്ചു എന്നത് ചെറിയ കാര്യമായിരുന്നില്ല.

സോഫിയ റോബോട്ട്
സോഫിയ റോബോട്ട്

താമസിയാതെ ചിത്രനിർമാണത്തിലും നിർമിത ബുദ്ധി കടന്നെത്തി. നമ്മുടെ ആജ്ഞകൾക്കനുസരിച്ച് ചിത്രം വരയ്ക്കുന്ന ഡാൽ-ഇ എന്ന പ്രോഗ്രാം അത്തരത്തിലൊന്നായിരുന്നു. ഈ വർഷങ്ങളിൽ ഡാൽ- ഈയുടെ കൂടുതൽ പരിഷ്കരിച്ച പുതിയ പതിപ്പുകൾക്കൊപ്പം ജിപിടി-4 കൂടി രംഗത്തെത്തിയതോടെ നിർമിത ബുദ്ധി മനുഷ്യനു വിഭാവനം ചെയ്യാവുന്നതിലപ്പുറത്തേക്കു കുതിക്കുകയാണോ എന്ന നില വന്നിരിക്കുകയാണ്.

വളരെ വിപുലമായ തോതിൽ വിവരശേഖരണത്തിന് പഴയ കാലത്തെപ്പോലെ കമ്പ്യൂട്ടർ ആവശ്യമില്ല എന്നതും, പകരം വിവരമേഘങ്ങൾ (Data Clouds) പ്രയോജനപ്പെടുത്താമെന്നതും വലിയ തോതിൽ ഇതിന്റെ മുന്നേറ്റത്തിനു കാരണമായിട്ടുണ്ട്. ഒരു ദൃശ്യത്തെ തിരിച്ചറിയുന്നു എന്നതു മാത്രമല്ല, ആ ദൃശ്യത്തെ അസംഖ്യം ചെറുദൃശ്യങ്ങളായി വേർതിരിച്ചും, അതിലെ ഏറ്റവും സൂക്ഷ്മമായ ഒരു ഭാഗത്തെപ്പോലും തിരിച്ചറിയാനും താരതമ്യപഠനത്തിനുപയോഗിക്കാമെന്നതും വലിയ വഴിത്തിരിവായി. ഒരുപക്ഷെ, മനുഷ്യന് ഒറ്റയ്ക്ക് ഇതുവരേയ്ക്കും സാധിക്കാത്ത ഒന്നായിരുന്നു അത്. അതായത് ഗാഢപഠനത്തിനിർമിത ബുദ്ധി വരവോടെ നിർമിത ബുദ്ധിയും റൊബോട്ടിക്സും മനുഷ്യനെത്തന്നെ വെല്ലുവിളിക്കുമോ എന്ന ചിന്തകളും ആശങ്കകളും ഉയർന്നുവരാനും തുടങ്ങി.

വളരെ വിപുലമായ തോതിൽ വിവരശേഖരണത്തിന് പഴയ കാലത്തെപ്പോലെ കമ്പ്യൂട്ടർ ആവശ്യമില്ല എന്നതും, പകരം വിവരമേഘങ്ങൾ (Data Clouds) പ്രയോജനപ്പെടുത്താമെന്നതും മുന്നേറ്റത്തിനു കാരണമായിട്ടുണ്ട്.
വളരെ വിപുലമായ തോതിൽ വിവരശേഖരണത്തിന് പഴയ കാലത്തെപ്പോലെ കമ്പ്യൂട്ടർ ആവശ്യമില്ല എന്നതും, പകരം വിവരമേഘങ്ങൾ (Data Clouds) പ്രയോജനപ്പെടുത്താമെന്നതും മുന്നേറ്റത്തിനു കാരണമായിട്ടുണ്ട്.

നിർമിത ബുദ്ധിയെ സങ്കുചിതം എന്നും വ്യാപകമെന്നും തരംതിരിക്കാവുന്നതാണ്. ഏതെങ്കിലും ഒരു പ്രത്യേക പ്രവൃത്തിയെ ഉദ്ദേശിച്ചു തയ്യാറാക്കപ്പെട്ടതും, അത്തരത്തിൽ പ്രവർത്തിക്കുന്നതുമായ നിർമിത ബുദ്ധിയേയാണ് സങ്കുചിതം എന്നു പറയുന്നത്. ഇപ്പോൾ ലഭ്യമായ എല്ലാ നിർമിത ബുദ്ധിപരിപാടികളും സങ്കുചിതത്തിൽ പെടുന്നവയാണെന്നാണ് കണക്കാക്കുന്നത്. എന്നാൽ വ്യാപക നിർമിത ബുദ്ധിയാകട്ടെ പൊതുവായ ഒരു ക്രമത്തിലൂടെ എന്തുകാര്യത്തിനുവേണ്ടിയും ഉപയോഗിക്കാവുന്നവയും. അതിന്റെ ശക്തിയും പ്രവർത്തനസാധ്യതയും ഇന്നു നിലവിലുള്ള നിർമിത ബുദ്ധിരംഗത്തേക്കാൾ എത്രയോ മടങ്ങു കൂടുതലാണ്. അതാണ് മനുഷ്യനെ ഭയപ്പെടുത്തുന്നതും. ഇനി ഇതിലും ബാഹുല്യമാർന്ന സൂപ്പർ നിർമിത ബുദ്ധികൂടി വരികയാണെങ്കിൽ മനുഷ്യൻ ബഹുദൂരം പിന്തള്ളപ്പെടുമെന്ന ചിന്തയും ഈ ഭീതിയെ വർദ്ധിപ്പിക്കുന്നുണ്ട്.

ഭാവിയിലെ നിർമിത ബുദ്ധി

നിർമിത ബുദ്ധിയുടെ ഭാവിയിലേക്കുള്ള പരിണാമത്തെ നാലു ഘട്ടങ്ങളായി തിരിക്കാം.

ആദ്യത്തേത് പ്രതിപ്രവർത്തനയന്ത്രങ്ങളാണ്. ഏറ്റവും ലളിതമായ അവസ്ഥയാണിതെന്നു പറയാം. മനുഷ്യൻ തയ്യാറാക്കുന്ന ആജ്ഞകൾക്കനുസരിച്ച് ഒരു പ്രത്യേകകാര്യം പറയുന്നതു ചെയ്യാൻ വേണ്ടി സജ്ജീകരിച്ച ഒന്ന്. ഓർമശക്തിയുള്ള യന്ത്രങ്ങളാണ് അടുത്തത്. ഇവിടെ ഓർമ്മ എന്നത് വളരെ പതിമിതമാണെങ്കിലും പണ്ടു ശേഖരിച്ച വിവരങ്ങൾക്കനുസരിച്ച് സ്വയം പ്രവർത്തിക്കാൻ കഴിയുന്ന ഒരു സംവിധാനം. അടുത്ത ഘട്ടത്തെ മനസ്സറിയും യന്ത്രങ്ങൾ എന്നു വേണമെങ്കിൽ പറയാം. ഒരു ആജ്ഞയെ, ആലോചിച്ച്, അതിന്റെ വൈകാരികത ഉൾക്കൊണ്ടു മാത്രം പ്രതികരിക്കുന്ന രീതി.

ഉദാഹരണത്തിന്, ചോദ്യകർത്താവിന്റെ സ്വരത്തിലെ ഉദ്വേഗം, നിസ്സഹായത എന്നിവ തിരിച്ചറിയുകയും തുടർന്ന് അടിയന്തിരമായി പ്രതികരിക്കേണ്ടതാണെന്നു മനസ്സിലാക്കുകയും ചെയ്യുക. അത്തരമൊരു സങ്കേതം ഇന്നു നിലവിലില്ലെങ്കിലും താമസിയാതെ അതു സംഭവ്യമായേക്കും.
നാലാമത്തെ ഘട്ടം വിദൂരഭാവിയിലേ സംഭവിക്കാനിടയുള്ളൂ. അതിൽ മനസ്സറിയൽ കൂടുതൽ ഉയർന്ന തലത്തിൽ പ്രവർത്തിക്കും. സ്വയം അറിയാനുള്ള ഒരു സ്വത്വബോധം പോലും നിർമ്മിതബുദ്ധിസങ്കേതത്തിനുണ്ടായേക്കാം.

ഈയ്യിടെ ഓക്സ്ഫോർഡ് സർവ്വകലാശാല ‘മാനവികതയുടെ ഭാവി’ എന്നപേരിൽ നടത്തിയ പഠനത്തിൽ പറയുന്നത്, ഇന്നത്തെ നിലയ്ക്ക് തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണെങ്കിലും, നിർമിത ബുദ്ധിയുടെ പോക്ക് അങ്ങോട്ടു തന്നെയാണ്. ഹൈസ്കൂൾ തലത്തിൽ സ്വയം ഉപന്യാസങ്ങൾ എഴുതാനുള്ള കഴിവ് 2026- ആവുമ്പോഴേക്കും നിർമിത ബുദ്ധി കൈവരിക്കുമത്രെ. താമസിയാതെ ഡ്രൈവർമാർ ഓടിക്കുന്ന വണ്ടികളും അപ്രത്യക്ഷമായേക്കും. 25 കൊല്ലം കൂടി കഴിഞ്ഞാൽ ഒരു ലോകോത്തര ബെസ്റ്റ് സെല്ലർ പുസ്തകം നിർമിത ബുദ്ധി എഴുതിയെന്നും വരും. ഇനി പൂർണമായും നിർമിത ബുദ്ധിയുടെ വക ഒരു ശസ്ത്രക്രിയ ചെയ്യുന്നതിനാകട്ടെ 2053 വരെയേ കാത്തിരിക്കേണ്ടി വരികയുള്ളൂ. 2137-ൽ മനുഷ്യർ ചെയ്യുന്ന എല്ലാത്തരം ജോലികളും റോബോട്ടുകൾ ഏറ്റെടുത്തേക്കും. ഇതെല്ലാം ഒരുപക്ഷെ, ഈ പഠനത്തിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ നേരത്തെതന്നെ സംഭവിക്കാമെന്നതാണ് സത്യം.

24 മണിക്കൂറും പ്രവർത്തിക്കുന്ന സൂപ്പർചാറ്റ്ബോട്ടുകളിലൂടെ എന്തും ക്ഷിപ്രസാധ്യമെന്ന നിലയും വരും. നമ്മുടെ ദൈനംദിനജീവിതം പൂർണമായും നിർമിത ബുദ്ധിയുടെ നിയന്ത്രണത്തിലേക്കാണ് നീങ്ങുന്നത് എന്നതിനും യാതൊരു സംശയവും വേണ്ട. എന്തിനേറെ, സംഗീതം, ചിത്രകല, സാഹിത്യം തുടങ്ങിയ സർഗ്ഗാത്മകമേഖലകൾ പോലും നിർമിത ബുദ്ധി കീഴടക്കിയേക്കും. എങ്കിലും നമ്മുടെ തലമുറയ്ക്ക് ആശ്വാസമായി ഒന്നുണ്ട്. നമ്മളിന്നും ആ സത്യത്തിൽ നിന്നും വളരെ അകലെയാണ് എന്നത്. പക്ഷെ, അടുത്ത തലമുറയുടെ കാര്യം അങ്ങനെയല്ല.

ഇക്കൂട്ടത്തിൽ മനുഷ്യന്റെ ജോലികൾ പൂർണ്ണമായും നിർമിത ബുദ്ധി ഏറ്റെടുത്തേക്കുമെന്നത് തൊഴിലാളി-രാഷ്ട്രീയപ്രസ്ഥാനങ്ങളെ വല്ലാതെ അസ്വസ്ഥമാക്കാതിരിക്കില്ല. പുതുതായി വരാൻ പോകുന്ന നിർമിത ബുദ്ധിങ്കേതങ്ങൾ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുകയും, വേറിട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെങ്കിലും, ആത്യന്തികമായി ഇത്തരം സാങ്കേതികവിദ്യ കൈയ്യാളുന്നവരുടെ കൈയ്യിൽ മാത്രമായിരിക്കും സമ്പത്ത് എന്ന ആശങ്ക കടുത്തതുതന്നെയാണ്.

മനുഷ്യന്റെ ജോലികൾ പൂർണ്ണമായും നിർമിത ബുദ്ധി ഏറ്റെടുത്തേക്കുമെന്നത് തൊഴിലാളി-രാഷ്ട്രീയപ്രസ്ഥാനങ്ങളെ വല്ലാതെ അസ്വസ്ഥമാക്കാതിരിക്കില്ല.  / Photo: pexels
മനുഷ്യന്റെ ജോലികൾ പൂർണ്ണമായും നിർമിത ബുദ്ധി ഏറ്റെടുത്തേക്കുമെന്നത് തൊഴിലാളി-രാഷ്ട്രീയപ്രസ്ഥാനങ്ങളെ വല്ലാതെ അസ്വസ്ഥമാക്കാതിരിക്കില്ല. / Photo: pexels

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ ജോലികളാണ് ആദ്യം അപ്രത്യക്ഷമാകുക. ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും നിർമിത ബുദ്ധി ഉപയോഗിക്കുന്നവർക്കും മാത്രമേ അത്തരമൊരു അവസ്ഥയിൽ വിജയം കണ്ടെത്താനാവൂ. പാവപ്പെട്ടവരും ധനികരും തമ്മിൽ വലിയ വിടവ് അതുണ്ടാക്കുകയും ചെയ്യും. നിർമിത ബുദ്ധിയുണ്ടല്ലോ, നിങ്ങളെന്തിനു ജോലി ചെയ്യണം എന്ന ചോദ്യം ഉയരുമ്പോൾ അവർക്കു ജീവിക്കാൻ പകരമെന്തു കൊടുക്കും എന്ന ചോദ്യവും ശക്തമാകാതെ വയ്യ. ജോലി ചെയ്യുന്നില്ലെങ്കിലും എല്ലാവർക്കും ഒരു നിശ്ചിത അടിസ്ഥാനശമ്പളം കൊടുക്കുക എന്നതിനെക്കുറിച്ച് സർക്കാരുകൾക്ക് ചിന്തിക്കേണ്ടിയും വരും. അതായത് പുതിയൊരു സാമൂഹ്യക്രമം ഭാവിയുടെ അനിവാര്യതയാണ്.

മാത്രമല്ല, നിർമിത ബുദ്ധിയിൽ സംഭവിക്കാവുന്ന പക്ഷപാതം മറ്റൊരു ആശങ്കയാണ്. ഈയ്യിടെ തന്നെ ഗൂഗിളിൽ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കി ജോലിക്കായി തിരഞ്ഞെടുക്കുന്നവരിൽ കറുത്തവരേയും സ്ത്രീകളേയും ഒഴിവാക്കിക്കൊണ്ടൊരു ആൽഗരിതനിർമ്മാണം വന്നത് ഈ ആശങ്കയെ സാധൂകരിക്കുന്നു. മനുഷ്യനെന്ന സ്രഷ്ടാവിന്റെ പക്ഷപാതമാണിവിടെ മറനീക്കി പുറത്തുവന്നത്. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിലെല്ലാം ഈ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടുതാനും. ഇതിനോടൊപ്പം, ഭീതിയുണർത്തുന്ന മറ്റൊന്നാണ് വ്യക്തിസ്വകാര്യതയുടെ അന്ത്യം എന്നത്. അത്തരമൊരു അടിസ്ഥാന പൗരാവകാശത്തിനുവേണ്ടി നമുക്കു വാദിക്കാൻ പോലുമായില്ലെന്നുവരും. സമീപഭാവിയിൽ നിങ്ങൾ സൈബറിടത്തിലോ ഭൗതികയിടത്തിലോ ചെയ്യുന്ന ഓരോ പ്രവൃത്തിയും എവിടെയെങ്കിലും റെക്കോർഡ് ചെയ്യപ്പെടുകയും സൂക്ഷിക്കപ്പെടുകയും ചെയ്യുമെന്നത് സുഖകരമായ സംഗതിയല്ല എന്നു പറയേണ്ടതില്ലല്ലോ.

വൈദ്യശാസ്ത്രമേഖലയിലും ഭാവിയിൽ നിർമിത ബുദ്ധിയുടെ വമ്പിച്ച കടന്നുകയറ്റം പ്രതീക്ഷിക്കാം. റേഡിയോളജി പോലുള്ള വിഭാഗങ്ങൾ ഇപ്പോൾ തന്നെ വൻഭീഷണിയുടെ നടുവിലാണ്. ഒരുപക്ഷെ, ചില ശാസ്ത്രസിനിമകളിൽ കാണുന്നപോലെ തീർത്തും അമാനവികമായ ഒരു വൈദ്യരംഗം തന്നെ സംഭവിച്ചുകൂടെന്നുമില്ല. മനുഷ്യതീരുമാനങ്ങളെ ഇല്ലാതാക്കുന്നതിനു പകരം, അതിനെ നിർമിത ബുദ്ധിയുടെ സഹായത്താൽ ഉയർത്തിപ്പിടിക്കുകയും കൃത്യതയാർന്നതാക്കുകയും ചെയ്യുക എന്ന നിലയിലേക്കു പരിമിതപ്പെടുത്തുക എന്നതാണ് നമുക്കു കാണാവുന്ന ഏറ്റവും നല്ല സ്വപ്നം. വൈദ്യരംഗം ഇന്നത്തേതിനേക്കാൾ എത്രയോ മെച്ചപ്പെട്ടതായിരിക്കും നിർമിത ബുദ്ധിയുടെ സാന്നിദ്ധ്യത്തിൽ എന്നതിനു സംശയമൊന്നുമില്ലെങ്കിലും, അതു സൃഷ്ടിക്കുന്ന പുതിയ നൈതികതാമാനങ്ങൾ കൈകാര്യം ചെയ്യാൻ വേറിട്ട ചിന്തകൾ ആവശ്യമായിവരും.

ഇതിനും പുറമെയാണ് നിർമിത ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധങ്ങൾ, ഭീകരപ്രവർത്തനങ്ങൾ എന്നിവ. മിക്കവാറും എല്ലാ വികസിത രാജ്യങ്ങളും യന്ത്രമനുഷ്യരുടേതായ സൈന്യങ്ങൾ തയ്യാറാക്കുന്നതിനായി ഗവേഷണങ്ങൾ തിരിച്ചുവിട്ടുകഴിഞ്ഞു. ടെർമിനേറ്റർ സിനിമകളിൽ കണ്ട എന്തിനും പോന്ന കൊലയാളി റോബോട്ടുകൾ യാഥാർത്ഥ്യമായേക്കാമെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ഇപ്പോൾ തന്നെ ഡ്രോണുകൾ സർവ്വവ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. ആയുധമേന്തിയ ഡ്രോണുകളുമതെ. ഇത്തരം ആയുധപ്പറവകളെ ഭീകരവാദികൾ കൈക്കലാക്കി ജനസമൂഹത്തിനു നേരെ ഉപയോഗിക്കുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാതിരിക്കാനാവുമോ? ഇക്കാര്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് 2015-ൽ ഇലോൻ മസ്ക്, സ്റ്റീഫൻ ഹോക്കിംഗ്, സ്റ്റീവ് വോസ്നിയാക് തുടങ്ങി മുവ്വായിരത്തോളം പേർ ലോകത്തിലെ എല്ലാ ഭരണകൂടങ്ങൾക്കുമായി ഒരു കത്തെഴുതിയത്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ആയുധനിർമാണങ്ങളും, അതിലേക്കുള്ള ഗവേഷണങ്ങളും നിരോധിക്കണമെന്ന ആവശ്യമായിരുന്നു അവരുടേത്. മാനവരാശിയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒന്ന്. പക്ഷെ, ആരു ചെവി കൊടുക്കാൻ.

മനുഷ്യ ബുദ്ധിയ്ക്കൊപ്പമോ, ഒരുപക്ഷെ, അതിനു മുകളിലോ നിർമിത ബുദ്ധിക്കു ചെന്നെത്താൻ പറ്റുമോ എന്നത് ഇന്ന് പലരുടേയും മനസ്സിൽ നിറയുന്ന ഒരു ചോദ്യമാണ്. സിംഗുലാരിറ്റി എന്നാണ് ആ അവസ്ഥയെ പറയുക. അതായത്, മനുഷ്യബുദ്ധി സമം നിർമിത ബുദ്ധി എന്ന നില. അതു കഴിഞ്ഞാൽ എന്തു സംഭവിക്കും? തമോഗർത്തത്തിന്റെ സിംഗുലാരിറ്റി പോലെത്തന്നെ പ്രവചനാതീതമാണത്.

മരിക്കുന്നതിനു മുമ്പ്, സ്റ്റീഫൻ ഹോക്കിംഗ് പറഞ്ഞ കാര്യം ഉദ്ധരിച്ച് ഈ ലേഖനം അവസാനിപ്പിക്കട്ടെ. “പരിഷ്കൃത മനുഷ്യസമൂഹം ഇത്രയും കാലംകൊണ്ടു നേടിയെടുത്തതെല്ലാം അവരുടെ ബുദ്ധിശക്തികൊണ്ടൊന്നു മാത്രമാണ്. നിർമിത ബുദ്ധിയുടെ ഉപകരണങ്ങൾകൊണ്ട് ആ ബുദ്ധിശക്തിയെ എത്രയോ മടങ്ങായി ഉപയോഗിക്കാനാവുമ്പോൾ എന്തു സംഭവിക്കാമെന്നതു ചിന്തിക്കാൻ പോലുമാവില്ല. മനുഷ്യരാശിയുടെ ഏറ്റവും വലിയ വിജയമാണ് നിർമിത ബുദ്ധി. ഒരു പക്ഷെ, അവസാനത്തേതും’’.

Reference:

1.Artificial intelligence in medicine by Pavel Hamet, Johanne Tremblay; Metabolism.
Volume 69, Supplement, April 2017, Pages S36-S40.
2.Artificial intelligence in medicine by AN Ramesh, C Kambhampati, JRT Monson, PJ Drew; Ann R Coll Surg Engl 2004; 86: 334–338.
3.History of artificial intelligence in medicine by Vivek Paul, Sarah Enslin, Seth A. Gross; Gastrointestinal Endoscopy Volume 92, Issue 4, October 2020, Pages 807-812.
4.Artificial Intelligence in Medicine: Today and Tomorrow by Giovanni Briganti, Olivier Le Moine Front. Med., 05 February 2020.
5.AI in medical diagnosis: AI prediction & human judgment by Dóra Göndöcs, Viktor Dörfler Artificial Intelligence in Medicine, Volume 149, March 2024.
6.The Future of Artificial Intelligence: Predictions And Trends by Mario Mirabella, Forbes Councils.
7.Computing Machinery and Intelligence by A. M. Turing; Mind, New Series, Vol. 59, No. 236 (Oct., 1950), pp. 433-460.
8.A logical calculus of the ideas immanent in nervous activity by Warren S. McCulloch and Walter Pitts; Bulletin of Mathematical Biology vol. 52, no. l/2. pp. 99-115. 1.
9.The Steam-Powered Robot of 1868; The Saturday Night Evening Post.
10.A Very Short History Of Artificial Intelligence by Gil Press; Forbes Magazine.
11.The brief history of artificial intelligence: the world has changed fast — what might be next? By Mark Roser; Out of World in Data.
12.The history of artificial intelligence: Complete AI timeline by Ron Karjian; TechTarget.
13.History of Computing by Chris Smith et al; University of Washington.
14.Can Machine think? By Rockwell Anyoha; Science in the News, Harward University.
15.What Is Super Artificial Intelligence (AI)? Definition, Threats, and Trends by Vijay Kanade; Spice Works.
16.The Short Strange Life of the First Friendly Robot; IEEE Spectrum.
17.Automata: The Long History of Robots in the Ancient, Medieval, and Modern Worlds Matthew A. McIntosh, Public Historian; Brewminate.

Comments