ഫാസിസ്റ്റുകളുടെ ട്രാപ്പിൽ ക്രൈസ്തവ വിശ്വാസികൾ വീഴുന്നുണ്ട്

കേരളത്തിൽ അടുത്ത കാലത്തായി കാണുന്ന സാമുദായിക ധ്രുവീകരണവും വർഗീയവൽക്കരണവുമൊക്കെ ആശങ്കയോടെയാണ് നമ്മൾ കാണേണ്ടത്. ഇതിന്റെ പിറകിൽ ബാഹ്യശക്തികൾ ഉണ്ടെന്ന് വിശ്വസിക്കാനാണ് എന്റെ മനസ് പറയുന്നത്. ഒരു ശത്രുവിനെ മുൻനിർത്തിയുള്ള രാഷ്ട്രീയം എന്ന് പറയുന്നത് സാമ്രാജ്യത്വത്തിന്റെ അടവാണ്. അവർ എല്ലാകാലത്തും കുറേയൊക്കെ പരീക്ഷിച്ച് വിജയപ്പിച്ചിട്ടുള്ളതുമാണ്. അതോടൊപ്പം ഇന്ന് ശക്തമായിക്കൊണ്ടിരിക്കുന്ന ഫാഷിസം, അതിന്റെ പ്രധാനപ്പെട്ട സ്ട്രാറ്റജിയാണ് വിദ്വേഷത്തിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം പയറ്റുക എന്നത് (The Politics of hatred and fear).

നിർഭാഗ്യവശാൽ ഇന്ത്യയും വളരെക്കാലമായി ശക്തമായി പരീക്ഷിച്ചുക്കൊണ്ടിരിക്കന്ന ഒരു സ്ട്രാറ്റർജിയാണ്. അതിന്റെയൊക്കെ ഭാഗമായിട്ടാണ് ഇന്ന് കേരളത്തിന്റെ മതേതര ഫാബ്രിക്കിനെ പൊളിച്ചുകൊണ്ട് അല്ലെങ്കിൽ പൊളിക്കാൻ ശ്രമിച്ചുകൊണ്ട് ഇവിടെയും വർഗീയ വേരുകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഏറ്റവും ഒടുവിലത്തെ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളൊക്കെ അതിന്റെ ഭാഗമായിട്ട് ആരെങ്കിലും കണ്ടാൽ ആരെങ്കിലും അങ്ങനൊരു സംശയം ഉന്നയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. അതിന്റെ ധ്വനികളും പ്രതിധ്വനികളും സൂചിപ്പിക്കുന്നത് ഇതൊരു വലിയ രാഷ്ട്രീയ അജണ്ടയുടെ ഭാഗം ആണെന്നാണ്. നിർഭാഗ്യവശാൽ ക്രൈസ്തവ വിശ്വാസികളും കുറേയൊക്കെ വിശ്വാസികളും ആ ഒരു ട്രാപ്പിൽ വീഴുന്നുണ്ടോ എന്ന് വളരെ ആശങ്കയോടെ കാണേണ്ട ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യരെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിച്ച് നേട്ടമുണ്ടാക്കാനായി ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുമ്പോൾ, ഒന്നിച്ച് നിൽക്കേണ്ട ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് ആ ചതിക്കുഴി വലുതാക്കുമ്പോൾ അതിൽ അറിഞ്ഞോ അറിയാതെയോ ചെന്നുചാടുന്നത് ആത്മഹത്യപരമായിരിക്കും എന്നാണ് എനിക്ക് പറയാനുള്ളത്.

എന്ത്‌കൊണ്ടാണ് ഈ "നാർക്കോട്ടിക്ക് ജിഹാദ്' വിവാദത്തിൽ മൗനം ദീക്ഷിക്കുന്നത് എന്ന് ചോദിച്ചാൽ, ഈ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയം തന്നെയാണ് എന്ന് എനിക്ക് തോന്നുന്നു. പല ആളുകളും ഇന്റർവ്യൂവിനൊക്കെ ക്ഷണിച്ചപ്പോൾ ഞാൻ പിന്മാറാൻ ശ്രമിച്ചിരുന്നു. കാരണം ഇതിൽ പ്രതികരിച്ച് ഇതൊരു വിവാദ വ്യവസായമാക്കുവാൻ താൽപര്യമുള്ളവരാണ് ഈ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് ഇതൊരു വിവാദമായി തുടരുന്നത് ഈ വിവാദം ഉണ്ടാക്കാൻ പ്രേരിപ്പിച്ച ബാഹ്യശക്തികളുടെ വിജയമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അത് പറയുമ്പോൾ തന്നെ വിവാദം ഉണ്ടായ സ്ഥിതിക്ക് നമുക്ക് അഡ്രസ് ചെയ്യാതിരിക്കാനും സാധിക്കുകയില്ല.

ഇവിടത്തെ ഫാഷിസ്റ്റ് ശക്തികൾ അതിന്റെ ആരംഭകാലം മുതൽ പ്രധാനമായും ഉന്നം വെക്കുന്ന സമൂഹങ്ങൾ ആരാണെന്ന് നമുക്ക് അറിയാം. അതിൽ മുസ്‌ലിംകളുണ്ട് ക്രൈസ്തവരുണ്ട് കമ്യൂണിസ്റ്റുകളുണ്ട്. ഈ മൂന്ന് സമൂഹങ്ങളെ ടാർഗറ്റ് ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രം, ഒരു ഫാഷിസ്റ്റ് ആശയ സംഹിത, അതിന് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ ശക്തികൾ ഈ സമൂഹങ്ങൾക്കിടയിൽ ഒരു ഭിന്നതയുണ്ടാക്കി അവരെ തമ്മിൽ ഭിന്നിപ്പിച്ച് കൂടുതൽ നേട്ടമുണ്ടാക്കാനായി ശ്രമിക്കുമ്പോൾ അതിന്റെ ചതിക്കുഴി കാണാൻ ശ്രമിക്കാതിരിക്കുന്നതിന്റെ പൊരുൾ എനിക്ക് ഒട്ടും മനസിലാകുന്നില്ല. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ക്രൈസ്തവ സമൂഹവും ചില നേതാക്കളും ആ അജണ്ടയ്ക്ക് കീഴ്‌പ്പെടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ അത് കാലം തെളിയിക്കേണ്ടതാണ്. ആഭ്യന്തര പ്രശ്‌നങ്ങൾക്ക് മറയിടാൻ വേണ്ടിയാണോ, അതിൽ നിന്ന് മറ്റുള്ളവരുടെ ശ്രദ്ധ പിന്തിരിപ്പിക്കാനുള്ളൊരു ശ്രമത്തിന്റെ ഭാഗമാണോ, അല്ലെങ്കിൽ വേറെന്തെങ്കിലും പ്രശ്‌നത്തിൽ നിന്നും രക്ഷപ്പെടാനുള്ള സുരക്ഷിത കവചമായി ഇങ്ങനെയുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നതാണോ എന്നൊക്കെ കാലം തെളിയിക്കട്ടെ.

ഏതായാലും ക്രൈസ്തവ സമൂഹത്തിനും ന്യൂനപക്ഷങ്ങൾക്ക് പൊതുവേയും കേരളത്തിന്റെ മതേതരത്വത്തിനും ഒന്നും ഒട്ടും ആശവഹമായിട്ടുള്ള വിവാദമല്ല ഇതെന്ന് ഞാൻ അടിവരയിട്ടു പറയുന്നു. അതുകൊണ്ട് ഇങ്ങനെ വിവാദം ഉണ്ടാക്കാതെ പ്രത്യേകിച്ച് മതമേലധ്യക്ഷരും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയൊക്കെ വാക്കുകളിൽ മിതത്വം പാലിച്ച് വർഗീയതയുണ്ടാക്കുന്ന വിഭാഗീയതയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്താതിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു, ആശിക്കുന്നു.

Comments