സപ്തംബർ 15: കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ഓർമദിനം

സപ്തംബർ 15 ന്റെ സാമ്രാജ്യത്വ വിരുദ്ധദിന സ്മരണകൾ കേരളത്തിലെ സ്വാതന്ത്ര്യ സമരചരിത്രത്തിലെയും കമ്യൂണിസ്റ്റ് മുന്നേറ്റ ചരിത്രത്തിലെയും കത്തിജ്വലിച്ച് നിൽക്കുന്ന രക്തസാക്ഷി സ്മരണയാണ്.

ന്ന് സപ്തംബർ 15.
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ഓർമദിനം.
നാം മറന്നു കളയാൻ പാടില്ലാത്ത സമത്വവാദികളായ ദേശാഭിമാനികളുടെ ചോര വീണ സ്വാതന്ത്ര്യസമരചരിത്രത്തിലെ ധീരസ്മരണകളുണർത്തുന്ന ദിനം. മലബാറിന്റെ മണ്ണിൽ, തലശ്ശേരിയിലും മൊറാഴയിലും മട്ടന്നൂരിൽ ദേശാഭിമാനബോധത്താലും ജന്മിത്വ വിരുദ്ധതയാലും കമ്യൂണിസ്റ്റ് വിപ്ലവകാരികൾ ബ്രിട്ടീഷ് മർദ്ദക വാഴ്ചക്കെതിരെ ചോര ചിന്തി പൊരുതി നിന്ന സാമ്രാജ്യത്വ വിരുദ്ധ ദിനത്തിന്റെ ജ്വലിക്കുന്ന സ്മരണകളുണർത്തുന്ന ദിനം.

82 വർഷങ്ങൾക്കുമുമ്പ് ഇന്നാണ് തലശ്ശേരി കടപ്പുറത്തെ ജവഹർഘട്ടിൽ സഖാക്കൾ അബുവും ചാത്തുക്കുട്ടിയും വെടിയേറ്റ് വീണത്. കമ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്ത സാമ്രാജ്യത്വവിരുദ്ധ റാലിക്കുനേ​രെ ബ്രിട്ടീഷ് പൊലീസ് നിറയൊഴിക്കുകയായിരുന്നു. ചെറുജാഥകളായി കടപ്പുറത്തേക്ക് ഒഴുകിയെത്തിയ സ്വാതന്ത്ര്യപോരാളികൾക്കുനേരെ പൊലീസ് മർദ്ദനം അഴിച്ചുവിടുകയായിരുന്നു.എല്ലാ മർദ്ദനമുറകളെയും നേരിട്ടുകൊണ്ടു അപ്രതിരോധ്യമായൊരു ജനശക്തിയായി കമ്യൂണിസ്റ്റ് വിപ്ലവകാരികൾ ജവഹർഘട്ടിലേക്ക് പ്രവഹിക്കുകയായിരുന്നു. പൊലീസ് നരനായാട്ടിനെ അതിജീവിച്ചു നീങ്ങിയ റാലിക്കുനേരെ18 റൗണ്ട്സ് ആണ് വെടിയുതിർത്തത്.

മൊഴാറ സമര സ്മാരകം.

സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം തകരട്ടെ എന്നീ മുദ്രാവാക്യങ്ങൾ അലറി വിളിച്ച്​ റാലിയുടെ മുൻനിരയിലുണ്ടായിരുന്ന അബു മാഷും ബീഡി തൊഴിലാളിയായ ചാത്തുക്കുട്ടിയും സ്വന്തം വിരിമാറിൽ വെടിയുണ്ടകളേറ്റുവാങ്ങി വീരമൃത്യു വരിച്ചു. ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന്റെ വീരേതിഹാസമായവർ ചരിത്രം സൃഷ്ടിച്ചു. അബു മാഷ്​ക്ക്​ 20 വയസ്സും ചാത്തുക്കുട്ടിക്ക് 18 വയസുമായിരുന്നു പ്രായം.

ഇടതുപഷ കെ. പി. സി. സി ആഹ്വാനം ചെയ്ത മർദ്ദന പ്രതിഷേധദിനത്തിന്റെ ഭാഗമായിട്ടാണ് കമ്യുണിസ്റ്റുകാരുടെ മുൻകൈയിൽ സാമ്രാജ്യത്വ ദിനം സമരോത്സുക പ്രതിഷേധമായി വികസിച്ചത്. കമ്യുണിസ്റ്റ് പാർട്ടിയുടെയും കർഷകസംഘത്തിന്റെയും ആഭിമുഖ്യത്തിൽ മലബാറിലെ വിവിധ പ്രദേശങ്ങളിൽ യുദ്ധവിരുദ്ധ പ്രചാരണങ്ങളും വിലക്കയറ്റത്തിനും അതിന് കാരണമായ പൂഴ്ത്തിവെപ്പിനുമെതിരായ സമരങ്ങളും അലയടിച്ചുയർന്നതോടെ ഭീകരമായ അടിച്ചമർത്തലുകൾ ബ്രിട്ടീഷ് സർക്കാർ ആരംഭിച്ചു. ജന്മിമാരിൽ നെല്ല് സംഭരിക്കാനും പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങൾ ന്യായവിലക്ക് നൽകാനും ബ്രിട്ടീഷ് സർക്കാർ തയ്യാറകണമെന്നും ഇല്ലെങ്കിൽ ജന്മിമാരുടെ പത്തായപ്പുരകൾ പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം നടത്തുമെന്നും കമ്യുണിസ്റ്റുകാർ പ്രഖ്യാപിച്ചു.

ഇത് ജന്മിമാരുടെയും ബ്രിട്ടീഷാധികാരികളുടെയും കമ്യൂണിസ്റ്റ് വേട്ടക്ക്​ ആക്കം കൂട്ടി. മർദ്ദകവാഴ്ചക്കെതിരായ വികാരം മലബാറിലാകെ ഉയർന്നു വന്നു. പ്രതിഷേധം അലയടിച്ചു. ഈ സാഹചര്യത്തിലാണ് കെ. പി. സി. സി മർദ്ദന പ്രതിഷേധദിനമാചരിക്കാൻ തീരുമാനിക്കുന്നത്.

കെ.പി.ആർ. ഗോപാലൻ. / Photo : Deshabhimani

1940 സപ്തംബർ എട്ടിന്​ ഉച്ചക്ക്​ രണ്ടിന്​ കെ. പി. സി. സി പ്രവർത്തകയോഗം മഞ്ചുനാഥറാവുവിന്റെ കോഴിക്കോട്ടെ വീട്ടിൽ ചേർന്നു, രാജ്യരക്ഷാ നിയമത്തിന്റെ പേരിൽ നടക്കുന്ന അറസ്റ്റുകളെ ചെറുക്കുവാനും ജനങ്ങളെ അണിനിരത്തി പ്രതിഷേധ പരിപാടികൾ വ്യാപകമായി സംഘടിപ്പിക്കാനും തീരുമാനിച്ചു. കെ. പി. സി. സിയുടെ പ്രതിഷേധ പരിപാടികളിൽ കർഷക സംഘവും കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന മറ്റു വർഗ്ഗ ബഹുജന സംഘടനകളും സജീവമായി പങ്കാളികളാവാനും തീരുമാനമുണ്ടായി.

അങ്ങനെയാണ് മലബാറിന്റെ മണ്ണിൽ സപ്തംബർ 15 സാമ്രാജ്യത്വമർദ്ദക വാഴ്ചക്കെതിരായ പ്രതിഷേധ കൊടുങ്കാറ്റുകൾ പൊട്ടിപ്പുറപ്പെട്ട ദിനമായത്. തലശ്ശേരിയിൽ അബുവും ചാത്തുക്കുട്ടിയും നാടിന്റെ സ്വാതന്ത്ര്യത്തിന്​ ജീവാഹൂതി ചെയ്തത്. മൊറാഴയിൽ മർദ്ദക വാഴ്ചക്കെതിരായ പ്രതിരോധങ്ങൾക്കിടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വധിക്കപ്പെടുന്നതും ആ കേസ്സിൽ കെ. പി. ആറിന് വധശിക്ഷ കിട്ടുന്നതും രാജ്യമാകെ കെ.പി.ആറിന്റെ വധശിക്ഷക്കെതിരെ പ്രതിഷേധമുയർത്തുന്നതും. മട്ടന്നൂർ പൊലീസ് മർദ്ദകവാഴ്ചക്കെതിരെ ചോരചിന്തി പ്രതിരോധങ്ങൾ സൃഷ്ടിച്ചു.

സപ്തംബർ 15 ന്റെ സാമ്രാജ്യത്വ വിരുദ്ധദിന സ്മരണകൾ കേരളത്തിലെ സ്വാതന്ത്ര്യ സമരചരിത്രത്തിലെയും കമ്യൂണിസ്റ്റ് മുന്നേറ്റ ചരിത്രത്തിലെയും കത്തിജ്വലിച്ച് നിൽക്കുന്ന രക്തസാക്ഷി സ്മരണയാണ്. നമുക്ക് വിസ്മൃതിയിലേക്ക് തള്ളാനാവാത്ത ചരിത്രത്തിന്റെ ധീരസ്മരണയാണത്.

Comments