truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 02 February 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 02 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
shafeeq

Discourses and Democracy

ഷഫീഖ് താമരശ്ശേരി

പരിസ്ഥിതി - കുടിയേറ്റക്കാര്‍
എന്ന ദ്വന്ദ്വം സൃഷ്ടിക്കാനാണ്
ചില കൂട്ടര്‍ ശ്രമിക്കുന്നത്

പരിസ്ഥിതി - കുടിയേറ്റക്കാര്‍ എന്ന ദ്വന്ദ്വം സൃഷ്ടിക്കാനാണ് ചില കൂട്ടര്‍ ശ്രമിക്കുന്നത്

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

1 Feb 2022, 01:03 PM

ഷഫീഖ് താമരശ്ശേരി

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

എല്ലാ രാഷ്ട്രീയ സംഹിതകളും ലോകത്ത് വികാസം പ്രാപിച്ചത് സംവാദങ്ങളിലൂടെയാണ്. പ്രതിലോമകരമായ ചുറ്റുപാടുകളിലേക്ക് മനുഷ്യനെ നയിക്കുന്ന ആശയങ്ങളുടെ പൊതുസവിശേഷതകള്‍ തന്നെ അവ സംവാദ സാധ്യതകളെ അവശേഷിപ്പിക്കാത്ത തരത്തില്‍ തീര്‍പ്പുകളടങ്ങിയവയായിരിക്കും എന്നതാണ്. ജനാധിപത്യപരമായ ഒരു സാമൂഹിക ക്രമത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ക്രിയാത്മക സംവാദങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്.  

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

മതം, ഗോത്രം, ഭാഷ, ദേശം, തദ്ദേശീയ സാമൂഹികത തുടങ്ങിയ അനന്ത വൈവിധ്യങ്ങളാല്‍ പടര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ ജനസാമാന്യം ഒരു പൗര സമൂഹമെന്ന നിലയില്‍ ഒരു സ്വതന്ത്ര റിപബ്ലിക്കിന് കീഴില്‍ നിലകൊള്ളുമ്പോള്‍ അവയില്‍പെട്ട ഓരോ സാമൂഹ്യവിഭാഗങ്ങള്‍ക്കും അവരുടേതായ തനത് സവിശേഷതകളോട് കൂടി നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. വിവിധ സാമൂഹ്യ വിഭാഗങ്ങള്‍ തമ്മില്‍ അധീശത്വ-വിധേയത്വ ബന്ധങ്ങള്‍ക്കപ്പുറത്ത് സഹവര്‍ത്തിത്ത തലം രൂപപ്പെടണമെങ്കിലും, വ്യത്യസ്ത രാഷ്ട്രീയ ധാരകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്ലാതാകാനും സംവാദങ്ങള്‍ നിലനില്‍ക്കേണ്ടതുണ്ട്.

ഒരു ചിന്ത, അല്ലെങ്കില്‍ ഒരു ആശയം മറ്റൊരു ആശയത്തോട് യുദ്ധം ചെയ്യുന്നിടത്ത് നീതി പുലരാനിടയില്ല. യുദ്ധവും കലഹവും ഒന്നിന് മേല്‍ മറ്റൊന്ന് ആധിപത്യം സ്ഥാപിക്കുന്നിടത്ത് ചെന്നാണ് അവസാനിക്കുക. ആധിപത്യം അധികാരമായി മാറും. അധികാരത്തിന് വിമതത്വത്തെ അടിച്ചമര്‍ത്താനുള്ള പ്രവണതയുണ്ടാകും. താര്‍ക്കിക യുക്തികളില്‍ നിന്ന് സംവാദ യുക്തികളിലേക്ക് സംഭാഷണങ്ങളെ വികസിപ്പിക്കുന്നതാണ് ജനാധിപത്യത്തിന് എന്തുകൊണ്ടും അഭികാമ്യം. 

സംവാദത്തില്‍ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ടതുണ്ടോ? 

തീര്‍ച്ചയായും ഭാഷയും പ്രയോഗങ്ങളും ജനാധിപത്യവത്കരിക്കപ്പെടേണ്ടതുണ്ട്. നാം വിയോജിക്കുന്ന ഒരു ആശയധാരയോടുള്ള സംവാദത്തില്‍, മുന്നോട്ടു വെക്കുന്ന ഉള്ളടക്കങ്ങളായിരിക്കണം പ്രകടമായി നില്‍ക്കേണ്ടത്. പലപ്പോഴും എതിര്‍ വിഭാഗത്തിന് നേരെ നടത്തുന്ന അപഹാസ്യ പ്രയോഗങ്ങളും അക്രമോത്സുക ഭാഷയുമായിരിക്കും ചര്‍ച്ചകളില്‍ ഉയര്‍ന്നുനില്‍ക്കുക. അവയെ സംവാദമായി കണക്കാക്കാനാവില്ല. സമീപ കാലത്ത് നവമാധ്യങ്ങളില്‍ നടക്കുന്ന പല ചര്‍ച്ചകളും ജനാധിപത്യവരുദ്ധമാകുന്നത് അതുകൊണ്ടാണ്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ നവമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇതിനുദാഹരണമാണ്.

1

കേരളത്തില്‍ എഴുപതുകളില്‍ രൂപം കൊണ്ട പാരിസ്ഥിതിക അവബോധവും പരിസ്ഥിതി പ്രസ്ഥാനങ്ങളും പിന്നീടുള്ള പതിറ്റാണ്ടുകളില്‍ സഞ്ചരിച്ച രീതി, പരിസ്ഥിതി പ്രവര്‍ത്തകരെന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ സ്വീകരിക്കുന്ന അശാസ്ത്രീയ - മൗലികവാദ സമീപനങ്ങള്‍ എന്നിവയെല്ലാം വിമര്‍ശിക്കപ്പെടേണ്ടതാണ്. അവയെ തിരുത്തിക്കൊണ്ടുള്ള പുതിയ മുന്നേറ്റങ്ങള്‍ രൂപം കൊള്ളുകയും വേണം. എന്നാല്‍ വിമര്‍ശനങ്ങളുടെ രീതിയിലല്ല നവമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. തെറിവിളിയും ആള്‍ക്കൂട്ട വിചാരണയും അവഹേളനവുമാണ് നടക്കുന്നത്. പരിസ്ഥിതിയെയും മനുഷ്യനെയും വിരുദ്ധ ധ്രുവങ്ങളില്‍ നിര്‍ത്തിയ ഭൂതകാല പരിസരങ്ങളില്‍ നിന്നും മാറി കുറേക്കൂടി ക്രിയാത്മകമായ തലത്തില്‍ മനുഷ്യപുരോഗതിയും വികസനവും വിഭവ സംരക്ഷണ - വിനിയോഗവും ഒന്നിച്ചു ചേര്‍ന്ന സംവാദങ്ങള്‍ ആഗോള തലത്തില്‍ വികസിക്കുന്നുണ്ട്. അത്തരമൊരു തലത്തിലേക്ക് നാം ഉയരേണ്ടതിന് പകരം പരിസ്ഥിതി - കുടിയേറ്റക്കാര്‍ എന്ന ദ്വന്ദ്വം സൃഷ്ടിക്കാനാണ് ചില കൂട്ടര്‍ ശ്രമിക്കുന്നത്. അത് വിപരീത ഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ. 

ആരെങ്കിലും പരിസ്ഥിതി എന്ന വാക്ക് എവിടെയെങ്കിലും ഉപയോഗിച്ചാല്‍ അവരെ തെറിയഭിഷേകം നടത്തുന്ന രീതിയില്‍ നിന്ന് മാറി, നിലനില്‍ക്കുന്ന പാരിസ്ഥിതിക യുക്തികള്‍ പലപ്പോഴും കാണാതെ പോകുന്ന, മലമുകളില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിത സങ്കീര്‍ണതകള്‍ ചര്‍ച്ചയില്‍ കൊണ്ടുവരേണ്ടതുണ്ട്. കാല്‍പനികവും മൗലികവുമായ പാരിസ്ഥിതിക യുക്തികളെ ശാസ്ത്രീയ യുക്തികളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ സംവാദങ്ങള്‍ക്ക് സാധിക്കേണ്ടതുമുണ്ട്. പക്ഷേ, നിര്‍ഭാഗ്യകരമെന്ന് പറയാം. ഏതാനും പേര്‍ ചേര്‍ന്ന് തുടങ്ങിവെച്ച അക്രമോത്സുകമായ നവമാധ്യമ ചര്‍ച്ചകള്‍ കേരളത്തില്‍ രണ്ട് പക്ഷക്കാരെ സൃഷ്ടിച്ചിരിക്കുകയാണ്. പരിസ്ഥിതിക്കാരും അവരെ എതിര്‍ക്കുന്നവരും. മനുഷ്യന്റെ അതിജീവനത്തിലൂന്നിയുള്ള വൈവിധ്യമാര്‍ന്ന, വിശാല തലങ്ങളുള്ള ചിന്തകള്‍ക്ക് പ്രസക്തിയില്ലാത്ത തരത്തില്‍ സംവാദങ്ങളെ അവര്‍ തെറിവിളികളിലേക്ക് ചുരുക്കിയിരിക്കുകയാണ്. 

സൈബര്‍ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

അങ്ങേയറ്റം പരസ്പര ബഹുമാനത്തോടെ ക്രിയാത്മകമായ സംവാദങ്ങള്‍ നടക്കുന്ന സൈബര്‍ ഇടങ്ങളുണ്ട്. എന്നാല്‍ സംവാദങ്ങളിലെ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് എതിര്‍പ്പുള്ളവര്‍ക്ക് നേരെ ആക്രോശമഴിച്ചുവിടുന്നവരാണ് സൈബര്‍ ഇടങ്ങളെ ഭൂരിഭാഗവും കീഴടക്കിയിരിക്കുന്നത്. ആരെയും നേരില്‍ അഭിമുഖീകരിക്കേണ്ടി വരുന്നില്ല എന്ന സൗകര്യത്തെയും അജ്ഞാതമായി നില്‍ക്കാനുള്ള സാധ്യതയെയും മുതലെടുക്കുന്നവര്‍ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ട് സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാറുണ്ട്. വീട്ടിലും ജോലി സ്ഥലത്തും മറ്റ് പൊതുവിടങ്ങളിലുമൊക്കെ പൊതുമര്യാദകളുടെ ഭാഗമായി മാന്യമായി ഇടപെടുന്നവര്‍ പോലും സൈബര്‍ സ്‌പേസില്‍ അങ്ങേയറ്റം ഹീനമായ ഭാഷ ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. 

വീട്ടില്‍ ഒരിക്കല്‍ പോലും മോശമായി ഇടപെട്ടിട്ടില്ലാത്ത തന്റെ അച്ഛന്‍, യൂ ട്യൂബ് വീഡിയോകള്‍ക്ക് താഴെ എഴുതുന്ന നീചവും അശ്ലീലം നിറഞ്ഞതുമായ കമന്റുകള്‍ കണ്ട് അത്ഭുതപ്പെട്ട സംഭവം ഒരിക്കല്‍ ഒരു സുഹൃത്ത് വിവരിച്ചിരുന്നു. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും മുന്നില്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഭാഷ ഉപയോഗിക്കാനും അതിന്‍മേല്‍ യാതൊരു പ്രയാസവുമില്ലാതെ തുടരാനുമുള്ള സൗകര്യം സൈബര്‍ സ്‌പേസില്‍ ഒരാള്‍ക്ക് ലഭിക്കുന്നു എന്നത് തന്നെയാണ് പ്രശ്‌നം. 

വ്യക്തിഗത പ്രൊഫൈലുകള്‍ മാത്രമല്ല ഇത്തരം സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ഡിജിറ്റല്‍ സ്പേസില്‍ രൂപം കൊണ്ട പല കൂട്ടായ്മകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളുമെല്ലാം സൈബര്‍ സ്പേസിനെ അങ്ങേയറ്റം ഉപദ്രവകരമായ രീതിയിലാണ് വിനിയോഗിക്കുന്നത്. ഫേസ്ബുക്കില്‍ ഒരു പേജും യൂട്യൂബില്‍ ഒരു ചാനലുമുണ്ടാക്കി ഓണ്‍ലൈന്‍ മാധ്യമമാണെന്ന് പറഞ്ഞ് തോന്നിയതെല്ലാം വിളിച്ചുപറയുന്നവരുണ്ട്. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ സാധിക്കുന്ന തരത്തില്‍ കൂടുതല്‍ ജനാധിപത്യപരമാകേണ്ടിയിരുന്ന ഒരു ഇടത്തെ അങ്ങേയറ്റം പ്രതിലോമകരമാക്കി മാറ്റിത്തീര്‍ത്തവരാണ് ഇത്തരം സംഘങ്ങള്‍. കടുത്ത മുസ്ലിം വിരുദ്ധതയും കലാപാഹ്വാനവുമടങ്ങിയ അശ്ലീലങ്ങള്‍ വിളിച്ചുപറഞ്ഞ് ഒടുവില്‍ "ന്യൂസ് ഡസ്‌ക്' എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നവര്‍ ഡിജിറ്റല്‍ സ്പേസിനോടും മുഴുവന്‍ മാധ്യമ ലോകത്തോടും ചെയ്യുന്നത് കടുത്ത അപരാധമാണ്.

ഡിജിറ്റല്‍ സ്‌പേസില്‍ വ്യക്തികള്‍ നേരിടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഡിജിറ്റലല്ലാത്ത സ്‌പേസില്‍ നേരിടുന്ന ആക്രമണങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തമാണോ?

ഡിജിറ്റല്‍ സ്‌പേസില്‍ നടക്കുന്ന അക്രമങ്ങള്‍ ഡോക്യുമെന്റ് ചെയ്യപ്പെടുന്നു, അതേത് സമയത്തും ആര്‍ക്കും കാണാവുന്ന തരത്തില്‍ തരത്തില്‍ ലഭ്യമാകുന്നു, അവ പരിധികളില്ലാതെ വലിയ ഒരു ഡയസ്‌പോറക്ക് മുന്നിലെത്തുന്നു, എന്നതൊക്കെയാണ് ഡിജിറ്റല്‍ സ്‌പേസില്‍ നടക്കുന്ന ആക്രമണങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നത്. ഡിജിറ്റല്‍ സ്‌പേസില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ദൃശ്യത മറ്റ് ആക്രമണങ്ങളേക്കാള്‍ എത്രയോ അധികമാണ്. അവ അക്രമകാരിയായ ഒരു സമൂഹത്തെ നിര്‍മിച്ചെടുക്കുന്നുമുണ്ട്. 

മറ്റൊന്ന് ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ആളുകള്‍ക്ക് സാധാരണ ജീവിതത്തില്‍ അവര്‍ക്ക് ചുറ്റിലുമുള്ള മനുഷ്യര്‍ക്ക് മുന്നില്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഭാഷ ഉപയോഗിക്കാനും അതിന്‍മേല്‍ യാതൊരു പ്രയാസവുമില്ലാതെ തുടരാനുമുള്ള സൗകര്യം സൈബര്‍ സ്‌പേസില്‍ ലഭിക്കുന്നു എന്നതിനാല്‍ ഡിജിറ്റല്‍ ആക്രമണങ്ങളുടെ രീതി എപ്പോഴും കൂടുതല്‍ വഷളായിരിക്കും എന്നതാണ്. ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകയായ ലക്ഷ്മി പദ്മക്ക് നേരെ ഇടത് സൈബര്‍ പ്രൊഫൈലുകള്‍ സംഘടിതമായി നടത്തിയ ആക്രമണം ഇതിനൊരുദാഹരണമാണ്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് നിന്ന് മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് തയ്യാറാക്കിയ ഒരു സ്റ്റോറിയുടെ പേരിലാണ് അവര്‍ ആക്രമിക്കപ്പെട്ടത്. തീര്‍ച്ചയായും ആ സ്റ്റോറിയെയും ആ സ്റ്റോറിയുടെ രീതിയെയും വിമര്‍ശിക്കാനുള്ള അവകാശം ഇടത് പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ ലക്ഷ്മി പദ്മയ്ക്ക് നേരെ വന്ന കമന്റുകളില്‍ നിറയെ ഒരു ആണ്‍കൂട്ട ആക്രോശത്തിന്റെ അലയൊലികളായിരുന്നു. രാഷ്ട്രീയ എതിര്‍പ്പുകള്‍ രേഖപ്പെടുത്തേണ്ടതിന് പകരം ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ കമന്റുകളായിരുന്നു ഭൂരിഭാഗവും. ഇത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന എല്ലാ സൈബര്‍ ആക്രമണങ്ങളിലും പ്രകടമായി കാണാവുന്നതാണ്. നവമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നേരിടേണ്ടി വരുന്നത് സ്ത്രീകളാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. 

വ്യക്തിപരമായി സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

വ്യക്തിപരമായ ആക്രമണങ്ങള്‍ അധികം നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ചെയ്ത സ്റ്റോറികളുടെ പേരില്‍ നിരവധി തവണ കൂട്ടമായ കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. യാതൊരു പരിശോധനകളും നടത്താതെ തോന്നിയത് വിളിച്ചുപറയുന്നവരാണ് സൈബര്‍ സ്പേസില്‍ അധികവുമെന്ന് തോന്നിയത് ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് നേരെ വരാറുള്ള കമന്റുകളിലൂടെയാണ്. ഒരു വാര്‍ത്ത, റിപ്പോര്‍ട്ട്, ലേഖനം, അഭിമുഖം ഇതിലേതെങ്കിലുമൊന്ന് നാം പ്രസിദ്ധീകരിക്കുമ്പോള്‍ ആ പ്രസ്തുത കോപ്പി കൈകാര്യം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് അത് ചിലപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ ധാരയിലുള്ളവര്‍ക്ക് ഗുണം ചെയ്യുന്നതോ ദോഷം ചെയ്യുന്നതോ ആകാം. അത് ആ കോപ്പിയുമായി ബന്ധപ്പെട്ട കാര്യം മാത്രമായിരിക്കും. എന്നാല്‍ അതിന്റെ പേരില്‍ വലിയ ആക്രമണമാണ് നടക്കുക. 

ഓരോ വാര്‍ത്തയെയും ഓരോ സംഭവങ്ങളെയും അതാത് വിഷയങ്ങളുടെ മെറിറ്റില്‍ സമീപിക്കുകയെന്നതാണല്ലോ നാം സ്വീകരിക്കേണ്ട രീതി. എന്നാല്‍ തങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുന്നവരെയെല്ലാം വിരുദ്ധ പക്ഷത്തുള്ളവരായി ചാപ്പയടിക്കുന്നതാണ് ഡിജിറ്റല്‍ ആള്‍ക്കൂട്ടങ്ങളുടെ രീതി. ഈ ചാപ്പയടികള്‍ക്ക് മുമ്പ് പ്രസ്തുത മാധ്യമത്തിന്റെ ഹോം പേജില്‍ പോയി അവര്‍ ഏതെല്ലാം വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് നോക്കാന്‍ പോലുമുള്ള മര്യാദ ഈ ചാപ്പയടിക്കാര്‍ക്കുണ്ടാവില്ല.

ഷഫീഖ് താമരശ്ശേരി  

പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്

  • Tags
  • #Discourses and Democracy
  • #Interview
  • #Social media
  • #Freedom of speech
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
pramod-raman

Freedom of speech

പ്രമോദ് രാമൻ

വരാന്‍ പോകുന്ന നാളുകള്‍ കഠിനം, അഭിപ്രായസ്വാതന്ത്ര്യത്തിനായി എല്ലാവരും ചേര്‍ന്നുനില്‍ക്കുക 

Feb 01, 2023

2 Minutes Read

website-blocking

Censorship

സല്‍വ ഷെറിന്‍

സൈബർ സെൻസർഷിപ്പ്​: പൂട്ട്​ വീണത്​ 55,580 കണ്ടന്റുകള്‍ക്ക്‌

Feb 01, 2023

5 Minutes Read

ck muraleedharan

Interview

സി.കെ. മുരളീധരന്‍

മലയാളത്തില്‍ എന്തുകൊണ്ട് സിനിമ ചെയ്തില്ല?

Jan 27, 2023

29 Minutes Watch

kaali

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

സന്യാസിമാരുടെ ധർമ സെൻസർബോർഡിന്​ ദേവതമാരെ ലഹരിമുക്തരാക്കാനാകുമോ?

Jan 22, 2023

2 Minutes Read

ethiran

Interview

എതിരൻ കതിരവൻ

പാലാ ടു ഷിക്കാഗോ; ശാസ്ത്രം, വിശ്വാസം, കഞ്ചാവ്

Jan 21, 2023

60 Minutes Watch

Kaali-poster

Cinema

പ്രഭാഹരൻ കെ. മൂന്നാർ

ലീന മണിമേകലൈയുടെ കാളി, ചുരുട്ടു വലിക്കുന്ന ഗോത്ര മുത്തശ്ശിമാരുടെ മുത്തമ്മ കൂടിയാണ്​

Jan 21, 2023

5 Minutes Read

C K Muralidharan, Manila C Mohan Interview

Interview

സി.കെ. മുരളീധരന്‍

ഇന്ത്യൻ സിനിമയുടെ ഭയം, മലയാള സിനിമയുടെ മാർക്കറ്റ്

Jan 19, 2023

29 Minute Watch

asokan charuvil

Interview

അശോകന്‍ ചരുവില്‍

പാര്‍ട്ടിയിലെ, നോവലിലെ, സോഷ്യല്‍ മീഡിയയിലെ അശോകന്‍ ചരുവില്‍

Jan 18, 2023

51 Minutes Watch

Next Article

യഥാര്‍ത്ഥ സൈബര്‍ ആക്രമണങ്ങളെയും വസ്തുതാപരമായ സംവാദങ്ങളെയും കൂട്ടിക്കലര്‍ത്തരുത്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster