ഗോഡ്‌സെയുടെ തോക്കിൻ മുന്നിലെ ഷാരൂഖ് ഖാൻ

വഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടിരിക്കുന്നത് ഒരു സ്ത്രീയാണ്, ശാന്തി ശ്രീ ധുലിപതി പണ്ഡിറ്റ്. ജെ.എൻ. യു വിന്റെ ആദ്യ വനിതാ വി.സി.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ കടുത്ത ആരാധിക. 2019 മെയ് 16ന് പ്രൊഫസർ ശാന്തിശ്രീ ധുലിപതി പണ്ഡിറ്റ് ട്വിറ്ററിൽ ഇങ്ങനെ എഴുതി. "ഞാൻ ഗാന്ധിയെയും ഗോഡ്സെയെയും അംഗീകരിക്കുന്നു. രണ്ട് പേരും ഭഗവത് ഗീത വായിക്കുകയും വിശ്വസിക്കുകയും പരസ്പര വിരുദ്ധമായ പാഠങ്ങൾ സ്വാംശീകരിക്കുകയും ചെയ്തു. ഗോഡ്സെ പ്രവർത്തിയാണ് പ്രധാനമെന്ന് ചിന്തിച്ചു. ഇന്ത്യൻ അഖണ്ഡതയ്ക്ക് വേണ്ട ഉത്തരം മഹാത്മാ ഗാന്ധിയുടെ വധമാണ് എന്ന് തിരിച്ചറിഞ്ഞു. Sad "മെയ് 28ന് വീണ്ടുമെഴുതി, "നിങ്ങൾ മുസ്ലിങ്ങൾക്ക് ചോരക്കൊതിയരായ മുസ്ലീം ഭരണധികാരികളെ ആഘോഷിക്കാം. ഞങ്ങൾക്ക് നാഥുറാം ഗോഡ്സേയെക്കുറിച്ച് മിണ്ടാൻ പോലും പറ്റില്ലേ?'

"ഗോഡ്സേ വംശഹത്യയൊന്നും നടത്തിയിട്ടില്ലല്ലോ ആകെ ഒറ്റയൊരാളെ മാത്രമല്ലേ കൊന്നിട്ടുള്ളൂ. ഗാന്ധിയുമായി ഗോഡ്സേയ്ക്ക് ഐഡിയോളജിക്കലായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.' തീർന്നില്ല, ഇനിയുമുണ്ട് ധാരാളം. ഒരു ക്ലിയർ കട്ട് സംഘപരിവാർ പ്രൊഫൈൽ. ഹിന്ദുത്വ വർഗ്ഗീയതയുടെ ബൗദ്ധിക സെപ്റ്റിക് ടാങ്ക്. അവരിനി ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെഏറ്റവും മികച്ച ഉദാഹരണമായ ജെ.എൻ.യു.വിന്റെ ചരിത്രത്തിനു നേർക്ക് ഗോഡ്സേ പ്രത്യയശാസ്ത്രത്തിന്റെ അതേ തോക്ക് കൊണ്ട് വെടിയുതിർത്തുകൊണ്ടേയിരിക്കും.

ഗോഡ്സേ ഗാന്ധിയെ കൊന്നതാണ് ശരിയെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു സ്ത്രീ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ വി.സി.യാവുന്ന ഇന്ത്യയാണ് മോഡി രാജ്യം.

അവിടെ അന്തരിച്ച ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തിനു മുന്നിൽ പ്രാർത്ഥന നടത്തിയ ഷാരൂഖ് ഖാൻ എന്ന ആർടിസ്റ്റ്, മൃതദേഹത്തിൽ തുപ്പിയതാണെന്ന് ഹിന്ദുത്വ വാദികൾ പറയും പ്രചരിപ്പിക്കും. അയ്യോ അത് തുപ്പിയതല്ല പ്രാർത്ഥിച്ചതാണ് എന്ന് ജനാധിപത്യവാദികളെക്കൊണ്ട് പറയിപ്പിച്ച് ചിരിക്കും. ഷാരൂഖ് ഖാന്റെ മുസ്ലീം കുടുംബ ചരിത്രത്തിലെ ദേശസ്നേഹ ഉദാഹരണങ്ങളെക്കുറിച്ച് ലേഖനമെഴുതിച്ചും പ്രഭാഷണം നടത്തിച്ചും ഇന്ത്യൻ മുസ്ലിമിന്റെ ദേശീയ നിസ്സഹായതയുടെ ആഴം കണ്ട് ക്രൂരമായി ആഹ്ലാദിക്കും.

ഇങ്ങ് കേരളത്തിലും സംഘപരിവാറിന്റെ വർഗ്ഗീയ തലച്ചോറുകൾ ആൺ പെൺ ലിംഗഭേദമില്ലാതെ മുസ്ലീമായ ഷാറൂഖ് ഖാന്റെ പ്രാർത്ഥനയ്ക്കു ചുറ്റും ഗോഡ്സേയുടെ തോക്കുമെടുത്ത് ഉന്നം പിടിച്ച് നിൽക്കുന്നുണ്ട്. ഗാന്ധിയുടെ ഹേ റാമിനുനേരെ ഉന്നം പിടിച്ചതു പോലെ. തുപ്പൽ വിവാദം കേരളത്തിൽ ആദ്യമല്ല, ഉള്ളാൾ ദർഗയിലെ നേർച്ചയുമായി ബന്ധപ്പെട്ട് ഭക്ഷണത്തിൽ മന്ത്രിച്ചൂതിയതിനെ തുപ്പലായി വ്യാഖ്യാനിച്ച് വർഗ്ഗീയ വിഷം തുപ്പിയത് കേരളത്തിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു.

ബി.ജെ.പി.യുടെ ഹരിയാന സംസ്ഥാന നേതാവ് അരുൺ യാദവാണ് ഷാറൂഖ് ഖാനെതിരായ വിദ്വേഷ പ്രചരണത്തിന് തുടക്കമിട്ടത്. അത് പടർന്നു. ആദ്യമായല്ല ഷാറൂഖ് ഖാൻ തന്റെ മുസ്ലിം സ്വത്വത്തിന്റെ പേരിൽ സംഘപരിവാർ ആക്രമണത്തിന് വിധേയനാവുന്നത്. വ്യാജവാർത്തകൾ സൃഷ്ടിച്ച്, നുണപ്രചാരണം നടത്തി, സംഘപരിവാർ എപ്പോഴും ഷാറൂഖിനെ ആക്രമിക്കുന്നുണ്ട്. അസഹിഷ്ണുതയെക്കുറിച്ച് പറഞ്ഞപ്പോഴും, സെക്കുലർ ഇന്ത്യയെക്കുറിച്ച് പറഞ്ഞപ്പോഴും അദ്ദേഹം മുസ്ലീമിന്റെ നിസ്സഹായതയുമായി ഗോഡ്സേയുടെ തോക്കിനു മുന്നിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്.

സംഘപരിവാറിന്റെ ഗ്രാന്റ് ആന്റി മുസ്ലിം നരേറ്റീവിലെ പലതരം പാഠങ്ങളുടെ വായനയും പ്രയോഗങ്ങളുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ജെ.എൻ.യുവിൽ ഗോഡ്സേയെ ആരാധിക്കുന്നയൊരാൾ വി.സി.യാവുന്ന ഇന്ത്യ, ഗാന്ധിയുടേയോ നെഹ്റുവിന്റെയോ ഷാറൂഖ് ഖാന്റെയോ ആയിരിക്കില്ല എന്ന സ്വാഭാവിക പരിണാമത്തിലാണ് രാജ്യം. പല നിറങ്ങളിലും ഫാഷനിലുമുള്ള തൊപ്പികളുടേയും കുപ്പായങ്ങളുടേയും ഫോട്ടോ ഷൂട്ടിലെ വൈവിധ്യമാണ് ഇന്ത്യയുടെ വൈവിധ്യം എന്ന് കരുതുന്ന ഒരു പ്രധാനമന്ത്രിയുടെ രാജ്യത്ത് ഹിന്ദു വല്ലാത്തതൊക്കെയും ഗോഡ്സെയുടെ തോക്കിൻ മുനയിൽത്തന്നെയാണ് ജീവിക്കേണ്ടി വരിക എന്ന മുന്നറിയിപ്പാണ് ജെ.എൻ.യു. വി.സിയുടെ നിയമനവും ഷാറൂഖിനെതിരായ ആക്രമണവും.

Comments