truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 08 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 08 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
shylan

Literary Review

ശൈലൻ

ചോദ്യങ്ങളുടെ തൊണ്ടില്‍
തടഞ്ഞു നില്‍ക്കുന്ന
പത്തേമാരികള്‍

ചോദ്യങ്ങളുടെ തൊണ്ടില്‍ തടഞ്ഞു നില്‍ക്കുന്ന പത്തേമാരികള്‍

സാഹിത്യമെന്ന സ്ഥാപനത്തെ ചോദ്യംചെയ്യുന്ന പ്രതിസാഹിത്യവിചാരങ്ങള്‍ ശൈലന്റെ ആദ്യകാലകവിതകള്‍ തൊട്ടുതന്നെ കാണാം. ഒരു ഭൂതകാലവൃത്തി എന്ന നിലയില്‍ നിന്നുള്ള കവിതയുടെ വിമുക്തി ആ കവിതകള്‍ ലക്ഷ്യമാക്കുന്നുണ്ട്.

28 Jun 2022, 02:22 PM

എം.സി. അബ്ദുള്‍നാസര്‍

അന്തിമമായ തീര്‍പ്പുകളോട് വിട പറയുമ്പോഴാണ് കവിത സംഭവിക്കുന്നത്. ഇതാണ്, അതുമാത്രമാണ് എന്ന് അറുത്തുമുറിച്ച ഒറ്റയടിപ്പാതയിലല്ല, അനിശ്ചിതത്വത്തിന്റെ, അനിയതത്വത്തിന്റെ, അപ്രതീക്ഷിതത്വത്തിന്റെ നാല്‍ക്കൂട്ടപ്പെരുവഴിയിലും അതിന്റെ ജൈവ സന്ദേഹങ്ങളിലുംമായിരിക്കും കവിതയ്ക്ക് കൂടുതല്‍ ഇടപെടാനുണ്ടാവുക. ജീവിതത്തോടാണ് അതിന് രൂപകാത്മകമായ ചേര്‍ച്ചയുള്ളത്. പക്ഷെ, കവിതയ്ക്കുമേല്‍ എക്കാലത്തും, ജീവിതത്തിനുപരിയായി നില്‍ക്കുന്ന ഒരു വിശേഷ വ്യവഹാരത്തിന്റെ ദിവ്യ പരിവേഷം (aura) പതിഞ്ഞുകിടപ്പുണ്ടായിരുന്നു. കാവ്യഭാഷ എന്ന സങ്കല്‍പം തന്നെ രൂപപ്പെടുന്നതങ്ങനെയാണ്. ഭാവുകത്വപരിണാമങ്ങള്‍ക്കൊത്ത്, കാവ്യഭാഷയും വലിയ അഴിച്ചുപണികള്‍ക്ക് വിധേയമാവുന്നുണ്ടെങ്കിലും വേറിട്ടുള്ള അതിന്റെ നിലനില്‍പ് ഒരിക്കലും നിഷേധിക്കപ്പെടുകയുണ്ടായില്ല.

സ്വയം ഛേദിക്കപ്പെട്ട സ്വകാര്യബിംബങ്ങളുടെ ഘോഷയാത്രയായി കടന്നുവന്ന മലയാളത്തിലെ ആധുനികത, കവിതയുടെ നിഗൂഢത്വത്തെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ചെയ്തത്. ആത്മരോഷത്തിന്റയും ആത്മോപഹാസത്തിന്റെയും രാഷ്ട്രീയ ധ്വനികളെ ഉള്‍വഹിച്ച ആധുനികതയുടെ രണ്ടാംഘട്ടത്തില്‍ വലിയ പരീക്ഷണങ്ങള്‍ നടന്നെങ്കിലും, കവിതയുടെ ‘അതീതത്വം’ സംരക്ഷിക്കപ്പെട്ടു തന്നെ പോന്നു. ആധുനികയ്ക്കു ശേഷം ‘പുതുമൊഴി വഴികള്‍’ രൂപപ്പെട്ടപ്പോഴും ഭൂതകാലശീലങ്ങളുടെ ഭാരം കുടഞ്ഞുകളയാനാവാത്ത വിധം അവയിലും തങ്ങിനില്പുണ്ടായിരുന്നു. പുതുകവിത - അങ്ങനെയൊരു ഗണത്തിന്റെ അസാധ്യതയെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ - യുടെ വികാസ വഴികളില്‍ ഇത്രയും കാലം അനുഭവിച്ചിട്ടില്ലാത്ത അനുഭവപരവും മാധ്യമപരവുമായ പ്രതിസന്ധികള്‍ കവിതകള്‍ അനുഭവിക്കുന്നുണ്ട് എന്നത് ശരിയാണ്. ആധികാരികത സ്ഥാപിക്കാനാവാത്ത വിധം ക്ഷണികമായ അനുഭവങ്ങളുടെ മാറിമറിയലുകളും, അവയെ ഉള്‍ക്കൊള്ളാനാവാത്ത വാക്കുകളുടെ പഴക്കവും അഭിമുഖീകരിക്കാതെ ഇനി ഒരാള്‍ക്ക് മുന്നോട്ടു പോവാനാവില്ല. അങ്ങനെയായിരിക്കുമ്പോഴും കാവ്യഭാഷയുടെ സാന്ദ്രീകരണത്തില്‍ ഏറ്റവും പുതിയ കവിതകളടക്കം പുലര്‍ത്തുന്ന നിഷ്ഠ, കവിതയെ അതിന്റെ സങ്കല്‍പനപരമായ ചുഴിക്കുറ്റിയില്‍ തന്നെ തളച്ചിടുകയും ചെയ്യുന്നുണ്ട്.

ALSO READ

ബേഡ്സ് - ഹൈപ്പര്‍ ലിങ്കഡ് കുറ്റാന്വേഷണ കവിത

‘പോയട്രിനെസ്’ എന്നുറച്ചുപോയ കവിതയുടെ സാമ്പ്രദായിക ആലഭാരങ്ങളില്‍ നിന്നുള്ള വിഛേദം മലയാളത്തില്‍ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ? മലയാളത്തിലെ ‘അകവിത’യുടെ സാധ്യതയെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ കെ.ആര്‍. ടോണിയുടെ കവിതയെ മുന്‍നിര്‍ത്തി എന്‍. പ്രഭാകരന്‍ ഇത്തരം ചില അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതികവിത എന്നതാണ് കുറേകൂടി സൂക്ഷമമായ പ്രയോഗം. ശീലങ്ങളില്‍ നിന്നും വഴക്കങ്ങളില്‍ നിന്നുമുള്ള കേവലമായ ഒഴിഞ്ഞു നില്‍ക്കലല്ല, അവയോടുള്ള ഏറ്റുമുട്ടലായിക്കൂടി കവിത പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭമാണത്. പാരഡിയുടേയും മിശ്രരചനയുടെയും സൂക്ഷ്മമായ അറ്റാക്കിംഗ് സാധ്യതകളെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടാണ് ഇത് സാധിക്കുന്നത്. മലയാളത്തിലെ പ്രതികവിതയുടെ വഴിയില്‍ വേറിട്ടുനില്‍പുള്ള ഒരു കവി ശൈലനാണ്. 

tony
കെ.ആർ. ടോണി

സാഹിത്യമെന്ന സ്ഥാപനത്തെ ചോദ്യംചെയ്യുന്ന പ്രതിസാഹിത്യവിചാരങ്ങള്‍ ശൈലന്റെ ആദ്യകാലകവിതകള്‍ തൊട്ടുതന്നെ കാണാം. ഒരു ഭൂതകാലവൃത്തി എന്ന നിലയില്‍ നിന്നുള്ള കവിതയുടെ വിമുക്തി ആ കവിതകള്‍ ലക്ഷ്യമാക്കുന്നുണ്ട്. തിരിച്ചു പിടിക്കാനാഗ്രഹിക്കുന്ന ഗൃഹാതുരത്വമായോ, പുതിയ ജീവിതാനുഭവങ്ങളുടെ മാറ്റുരച്ചു നോക്കാനുള്ള ഉരകല്ലായോ ഭൂതകാലത്തെ താലോലിക്കുന്നതുകൊണ്ട് വര്‍ത്തമാനകാലാനുഭവങ്ങളെ അവയുടെ തന്നെ ഗ്രാവിറ്റിയില്‍ കാണാന്‍ കഴിയാത്തതാണ് കവിതയുടെ മലയാള വഴക്കം. ദൈനംദിനത്വത്തെ കവിതാബാഹ്യമായിക്കാണുന്ന ശീലത്തിന് കാലവേഗത്തെ നോക്കി വിസ്മയം കൊള്ളാനേ കഴിയൂ.

‘പാതയോരത്ത് വിരിവച്ച്
ഭാണ്ഡമിറക്കി മലയാളകവിതയും,
പടകളും നഗരത്തിനു പുറത്ത്
രാവുമയങ്ങുന്നതും കാത്തിരുന്നു.
തുരുമ്പിച്ച് നാനാവിധമായതെങ്കിലും
കവാടത്തിലെ നീലത്തകരത്തില്‍
ഇപ്രകാരം കുറിച്ചിരുന്നു.
രാവിലെ 8 മുതല്‍ രാത്രി 8 വരെ
റൗണ്ടിനുള്ളില്‍ കാളവണ്ടിഗതാഗതം
നിയമം മൂലം കര്‍ശനമായി
നിരോധിച്ചിരിക്കുന്നു’
(പ്രതീക്ഷാനിര്‍ഭരം)

എന്ന് ആദ്യകാല കവിതകളിലൊന്നില്‍ തന്നെ ശൈലന്‍ എഴുതുന്നത് ഈ വേഗവ്യത്യാസത്തെ തിരിച്ചറിഞ്ഞു കൊണ്ടാണ്.

‘വായനക്കാരനെന്നു കണ്ണാടി നോക്കി ഞെളിയും
ലേണേഴ്‌സ് ലൈസന്‍സെടുക്കാന്‍ പോയി
ധ്വജഭംഗം വന്ന് പാരമ്പര്യത്തിലേക്ക് പൂകും പാതിവഴി
കവാബാത്തയുടെ ഉറങ്ങിയവളെയെന്നപോല്‍ മനസാല്‍ തഴുകി
ഇടവഴിയിലോടും ലിബറോയെ നോക്കി നില്‍ക്കും.
മൈലേജൊക്കെ ഹെന്തരോ ഹെന്തോ...
പത്രമടക്കിലെ സിദ്ധയുനാനിവൈദ്യരുടെ പരസ്യചാതുരിയില്‍
മേതിലിനും ചാരുനിവേദിതയ്ക്കും ശരണം വിളിച്ചുറങ്ങും.
ഫ്രോ(യ്)ഡേ വിഴുങ്ങ്’
(ഉല്‍പതിഷ്ണു)

READ » ശൈലന്‍ എന്ന കവിത

ഏതുകാലത്തില്‍ ചവിട്ടിനില്‍ക്കണമെന്നറിയാത്ത മധ്യവര്‍ഗസന്ദേഹം, കാപട്യമായി വളര്‍ന്ന് സാഹിത്യസ്ഥാപനത്തേയും ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. ഭൂതകാലക്കണ്ണട മാറ്റിവെച്ച് വര്‍ത്തമാനകാലത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കാനാവുമോ എന്ന ചോദ്യമാണ് ഈ സ്ഥാപനത്തിനു നേര്‍ക്ക് ശൈലന്റെ കവിത ഉയര്‍ത്തുന്നത്. ഭൂതകാലക്കണ്ണട മാറ്റിവെക്കുക എന്നതിനര്‍ത്ഥം ചരിത്രനിഷേധിയാവുക എന്നല്ല, അനുഭൂതികളെ ചരിത്രവല്‍ക്കരിച്ചു കാണലും ഭൂതകാലാഭിരതിയും രണ്ടാണ്. ഈ ഭേദത്തെ തിരിച്ചറിയുന്നതാണ് ഈ കവിതയിലെ രാഷ്ട്രീയം.

വ്യവസ്ഥകളോടെതിര്‍ നില്‍ക്കുന്ന ഒരു കാര്‍ണിവല്‍ ബോധമാണ് ശൈലന്റെ കവിതകളില്‍ പ്രവര്‍ത്തിക്കുന്നത്. കവിത കാര്‍ണിവലസ്‌ക് ആയി മാറുന്നത് അത്ര സാധാരണമല്ല. പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്ന ഒരു ചുഴിക്കുറ്റി കവിതയില്‍ പൊതുവെ അച്ചുതണ്ടായി പ്രവര്‍ത്തിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു കാര്‍ണിവലിന്റെ ബഹുസ്വരത സാധാരണയായി കവിതയുമായി ചേര്‍ത്തു പറയാറില്ല. നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും എതിരായ, അധീശത്വത്തെ ചോദ്യം ചെയ്യുന്ന ഒരു മനോഭാവമാണ് കാര്‍ണിവല്‍. പ്രാചീനസ്വഭാവമുള്ള കാര്‍ണിവലുകള്‍ - ഉത്സവങ്ങള്‍ - ഏറെയുണ്ടായിരുന്നു യൂറോപ്പില്‍. സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്ന സാമ്പ്രദായികതകളേയും ശ്രേണികളേയും അട്ടിമറിക്കുന്ന സ്വതന്ത്രദിനങ്ങളായിരുന്നു അവ. അത്തരം ഉത്സവങ്ങളില്‍ നിന്നാണ് ഈ എതില്‍ ബോധങ്ങള്‍ക്ക് കാര്‍ണിവല്‍ എന്നു പേരു ലഭിക്കുന്നത്. വിരുദ്ധസ്വരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഉയര്‍ന്നുവരുന്ന ഒരു കാര്‍ണിവലസ്‌ക്മിക ശൈലന്റെ മിക്ക കവിതകളിലും കാണാം. ജീവിതത്തെ അതികാല്പനികമായോ ദാര്‍ശനിക നാട്യങ്ങളോടെയോ നോക്കിക്കാണുന്ന സാമ്പ്രദായികവഴക്കങ്ങളുടെ നേര്‍ക്ക്, തെറിച്ചു വരുന്ന ഒരു ഉറച്ച ചിരി, ആ ഭൂമികയില്‍ നിന്ന് ജനിക്കുന്നതാണ്. ഓരോ വാക്കിലും ഉയിര്‍ക്കുന്ന സാമ്പ്രദായികശീലബോധങ്ങള്‍ക്ക് അപ്പുറത്തെങ്ങനെയെത്താം എന്ന അന്വേഷണമാവുന്നു ഇവിടെ കവിത.

deja vu
ശൈലന്‍റെ 'ദേജാ വു' എന്ന പുസ്തകം കവി ചെമ്മനം ചാക്കോ പ്രകാശനം ചെയ്യുന്നു. സമീപം കവി എം.എസ്.ബനേഷ്

അവളുടെ മില്‍മാബൂത്ത്, എന്നാണ്
വാചകത്തിലെഴുതിത്തുടങ്ങിയത്
വേലിക്കപ്പുറത്തെ പാമ്പേ...
(ഇപ്പോള്‍) നിന്റെ കോണിയിലാണ്
അടുത്ത വരിയിലേക്ക് എന്റെ പ്രതീക്ഷ/പ്രലോഭനം.
പ്രലോഭനം/പ്രതീക്ഷ.
നേര്‍ത്ത ഒരു... എന്ന് മൂന്ന് കുത്തിടുമ്പോഴേക്ക് 
നിങ്ങള്‍ തണുത്ത ഒരു യേശുവിനെ
ഓര്‍ക്കാന്‍ തുടങ്ങിയാലും എനിക്കൊരു ചേമ്പുമില്ല.
ചൂടപ്പം എന്നതു തന്നെയാണല്ലോ
ഏവരുടെയും ലക്ഷ്യം.
അഞ്ചപ്പം കൊണ്ടൊന്നും ഒരു രക്ഷയുമില്ലെന്നേയ്
(അങ്ങനെയൊന്നും പറയരുതെന്ന് അറിയില്ലായിരുന്നു.)

ഒരു നൊമാഡിക് കാവ്യാനുഭവവുമായി ബന്ധമുള്ളതാണ് ഈ കാര്‍ണിവല്‍ ബോധം. അലഞ്ഞു തിരിയലിന്റെ അനിശ്ചിതത്വവും സാഹസികതയും ശ്‌ളീലാശ്‌ളീല അതീതത്വവും കവിതയിലും തുടരുന്നുണ്ട് ഈ കവി. സ്വയം വേരുമുളയ്ക്കാനനുവദിക്കാത്ത നൊമാഡിന് എക്കാലവും നിയമങ്ങളെ ചോദ്യം ചെയ്യുന്ന കാര്‍ണിവല്‍ ദിനങ്ങളാണ്. വേരുകള്‍, മനുഷ്യനില്‍ ബാധ്യതയും സാധ്യതയുമായി പ്രവര്‍ത്തിക്കാറുണ്ട്. കേവല വൈകാരികത മാത്രമായി നില്‍ക്കുന്ന ഗൃഹാതുരത്വം കവിതയിലും ബോധ്യതതന്നെയാണ്. എന്നാല്‍ വേരുകളുടെ വികാരത്തോടൊപ്പം അതിന്റെ ചരിത്രപരതയെക്കൂടി പരിഗണിക്കുക എന്നതാണ് അതിന്റെ സാധ്യത. കവിതയുടെ ആഴത്തെ തൊട്ടുനില്‍ക്കുന്ന തത്വമാണത്. ചരിത്രപരത എന്നത് കേവലം ദേശകാലവസ്തുസ്ഥിതിവിവരമല്ല. മറിച്ച് ഒരു ജനതയും കാലവും നേരിട്ട വൈകാരിക പ്രതിസന്ധികളുടെയും എതിര്‍ബലങ്ങളുടെയും കാമനകളുടേയും അതിജീവനശ്രമങ്ങളുടെയും ആകെത്തുകയാണ്. വ്യവസ്ഥയെ അനുസരിച്ചുകൊണ്ട് ഈ ചരിത്രപരതയെ പിന്തുടരുക എളുപ്പമല്ല. വ്യവസ്ഥകളെ അതിലംഘിക്കുന്ന നാടോടിയായ ഒരു ഫ്‌ളെക്‌സിബിലിറ്റി അതിനാവശ്യമാണ്. മുഖ്യധാരാ ആവിഷ്‌ക്കാരങ്ങളെ അപേക്ഷിച്ച് നാടോടിയും മിത്തിക്കലുമായ ആഖ്യാനങ്ങള്‍ തുറന്നുവെയ്ക്കുന്ന അനിയന്ത്രിതമായ ഊര്‍ജ്ജപ്രവാഹം കൃത്യമായ ഉദാഹരണമാണ്.

പുലി പെറ്റുകിടന്നു ലോപിച്ച
പുല്‍പ്പറ്റയെന്ന ഐതിഹ്യച്ചൂര്
നെരൂദയെ വായിക്കാതെയറിഞ്ഞു
(ഓര്‍മ്മക്കാടു മേയല്‍)
എന്നെഴുതുമ്പോള്‍ വേരുകളുടെ ചരിത്രപരതയെ ഒരു നൊമാഡിന്റെ കണ്ണുകളോടെ, തന്റെ കവിതയുടെ വിത്തായി കണ്ടെടുക്കുകയാണ് കവി.

ALSO READ

മാസ്റ്ററി ഇല്ലാത്ത മൈക്കാടുപണിക്കാരാണ് കൂടുതല്‍ കവികളും, മേസ്തിരിമാർ വിരലിലെണ്ണാവുന്നവർ മാത്രം.

ആധുനികാനന്തരകവിത നേരിട്ട പ്രധാന വിമര്‍ശനങ്ങളിലൊന്ന് അതിന്റെ അരാഷ്ട്രീയ സ്വഭാവത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം എന്ന സങ്കല്‍പനത്തില്‍ വന്ന മാറ്റത്തെ മനസ്സിലാക്കുന്നതിലുള്ള പ്രശ്‌നമായിരുന്നു അത്. ജീവിതത്തിന് ഒരു മുഖ്യധാരാ കേന്ദ്രമുണ്ടായിരിക്കുകയും ആ കേന്ദ്രത്തെ മുന്‍നിര്‍ത്തിയുള്ള ഒരു ലോകബോധത്താല്‍ ജീവിതം നിര്‍ണയിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് ആ ബോധത്തോടുള്ള കലഹങ്ങളെയാണ് നാം രാഷ്ട്രീയം എന്നു വിളിക്കുന്നത്. എന്നാല്‍, മുഖ്യധാര അപ്രസക്തമാവുകയും അതിന്റെ അതിരുകള്‍ക്ക് പുറത്തേക്ക് മാറ്റിനിര്‍ത്തിയിരുന്ന ജീവിതങ്ങളെല്ലാം പുതിയ കേന്ദ്രങ്ങളാവുകയും ചെയ്തതാണ് ആധുനികാനന്തരതയുടെ രാഷ്ട്രീയം. അനുദിനം വികസ്വരമാവുന്ന സൗന്ദര്യാത്മകതയുടെ പലമയെയാണ് ഇക്കാലത്തിന്റെ കവിത തുറന്നുവെക്കുന്നത്. തന്മ (identity) കളെ തൊട്ടുനില്‍ക്കുന്ന ഇരുതല മൂര്‍ച്ചയുള്ള രാഷ്ട്രീയമാണത്. മാനവികമായ ആധികളേയോ വര്‍ഗപരമായ സംഘര്‍ഷങ്ങളെയോ കൈകാര്യം ചെയ്യുന്നില്ല എന്ന ആധുനികാനന്തര കവിത നേരിട്ട പ്രധാനകുറ്റപത്രത്തെ മാറിയ ഈ ലോകബോധത്തെ മുന്‍നിര്‍ത്തിയാണ് മനസ്സിലാക്കേണ്ടത്.

poetry

ശൈലന്റെ കവിതകളിലെ രാഷ്ട്രീയം പക്ഷേ തന്‍മകളെ ചൂഴ്ന്നു നില്‍ക്കുന്നതല്ല. മാനവികമായ രാഷ്ട്രീയ ‘ആധികള്‍’, ആദ്യകാലം തൊട്ടുതന്നെ ശൈലനില്‍ വായിക്കാനാവും. പക്ഷെ, അതൊരിക്കലും ഒരു ആധിയുടെ രൂപത്തിലായിരുന്നില്ല. സാമൂഹിക ‘വിമര്‍ശന’ സാധ്യതയുള്ള ലഘുതയാര്‍ന്ന കളിവാക്കു പോലുള്ള ആ കവിതകള്‍ക്ക് പക്ഷേ വായനയില്‍ ക്ഷോഭജനകത്വമുണ്ട്. ‘കവിശിക്ഷ / വംശശുദ്ധി’, ‘നക്‌സ - light', ‘ഞാഞൂല്‍കാലത്തെ ഗ്രഹണം’ തുടങ്ങി ഒട്ടേറെ ആദ്യകാലകവിതകള്‍ ഉദാഹരണമായെടുക്കാനാവും, പക്ഷെ 2010-നു ശേഷമുള്ള കവിതകളിലേക്കു വരുമ്പോള്‍, രാഷ്ട്രീയമായ ധ്വനികള്‍ കൂടുതല്‍ ജാഗ്രത്തും ആഴമേറിയതുമായി മാറുന്ന ഒരു വികാസം സംഭവിക്കുന്നുണ്ട്. വ്യക്തിപരമായ വിഷാദങ്ങളെ മറികടക്കാന്‍ സമകാല ജീവിതം ഒരുക്കിവെച്ച നൂറ്റൊന്നു വഴികളുള്ളപ്പോഴും, രാഷ്ട്രീയമായ വിഷാദത്തെ നിങ്ങളെങ്ങനെ മറികടക്കും എന്നു ചോദിക്കുന്ന ‘ഭാരതവിഷാദയോഗം’ എന്ന കവിത ഈ വികാസത്തിന്റെ കൃത്യമായ സാക്ഷ്യമാണ്.

‘വിഷാദമെന്നാലിപ്പോള്‍ എന്തിന്റെ പേരാണ്?
അതിനുള്ള ചികിത്സയെന്താണ്?’ എന്ന ചോദ്യത്തിലവസാനിക്കുന്ന കവിത രാഷ്ട്രീയത്തെ സംബന്ധിക്കുന്ന രണ്ട് അടരുകള്‍ കാവ്യഭാഷയില്‍ തന്നെ ഉള്‍കൊള്ളുന്നുണ്ട്.

‘രാഷ്ട്രമീമാംസ’ എന്ന സീരിസില്‍ എഴുതപ്പെട്ടിട്ടുള്ള കവിതകളും തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ ലോകത്തെ കാണാന്‍ ശ്രമിക്കുന്നവയാണ്. ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന ശാന്ധിവധത്തോട് പ്രതികരിക്കുന്ന കവിതയ്ക്ക് നല്‍കിയിരിക്കുന്ന ശീര്‍ഷകം ‘രാഷ്ട്രമീ-മാംസ’ എന്നാണ്.
“വെച്ചോളൂ, വെച്ചോളൂ...
വെടി വെച്ചോളൂ...
എന്റെ കറുത്ത കൂളിംഗ് ഗ്ലാസിനുമാത്രം
ഒന്നും പറ്റരുത്.
ആസനത്തിലുള്ള ആല്‍മരത്തിനും...
പരലോകത്തിലും എനിക്ക് തണുപ്പുള്ള
ജീവിതത്തിലേക്ക് പോവാനുള്ളതാ...”
(രാഷ്ട്രമീ-മാംസ)

‘തണുപ്പുള്ള ജീവിതം’ എന്ന പ്രയോഗം ഭൗതികമായും നൈതികമായും പുതുകാലത്തെ തൊട്ടുനില്‍പ്പുണ്ട്. തന്നിലേക്ക് ചുരുങ്ങുന്ന പൗരബോധത്തെ അതീവലളിതമായി പരിഭാഷപ്പെടുത്തുന്നതില്‍ നിന്ന് ജനിക്കുന്നതാണ് ഈ പരിഹാസം. കൊണ്ടാടപ്പെട്ട രാഷ്ട്രീയബോധത്തിന്റെ പരിണാമവഴികളെ വിപരീതധ്വനിയിലേക്ക് ചേര്‍ത്തുവെക്കുന്നത് ‘ദളിതം’ എന്ന കവിതയില്‍ കാണാം.

ALSO READ

സൊറാബ്​ദ്ദീൻ കൊലമാല

‘തീര്‍ത്തുമപ്രതീക്ഷിതമായൊരു നൊടിയില്‍
കാട്ടു പോത്തുകളുടെ പെട്ടെന്നുള്ളൊരു തിരിഞ്ഞാക്രമണമുണ്ട്.
ആയിരത്താണ്ടു ചോരയില്‍ത്തറഞ്ഞ കൂര്‍മ്പന്‍ പല്ലുകളെ
അവ കൂട്ടമായിടിച്ച് ചരിത്രത്തിലേക്കെത്തിക്കും.
ഗതിയെട്ടും കെട്ട് പാഞ്ഞു പോയ് നിന്ന്
ജിറാഫിന്റെയൊരു തൊഴിച്ചു തെറിപ്പിക്കലുണ്ട്.
കാലുകളില്‍ സൂക്ഷിച്ചുനോക്കിയാല്‍ കാണും
ബ്ലാക് സ്‌പെയ്‌സുകളില്‍ നക്ഷത്രം വിതക്കും മാന്ത്രികം’

book

ഇത്രയും വായിക്കുമ്പോള്‍ രാഷ്ട്രീയകവിതകളുടെ അനുശീലനമുള്ള മലയാളിക്ക് ‘ബംഗാളി’ലെ കീഴാളരാഷ്ട്രീയ ശക്തിയെ സംബന്ധിച്ച മുന്നറിയിപ്പുകളെക്കുറിച്ച് ഓര്‍മവരും കവിത ഇവിടെ വെച്ച് വഴിതിരിയും.
‘പെട്ടെന്ന് ചാനല്‍ മാറ്റും
ഇത്തരമൊരു കാഴ്ച പോതും
കുറച്ചുനാള്‍ സ്വസ്ഥമായുറങ്ങാന്‍..’

രാഷ്ട്രീയബോധത്തിന്റെ കേവലമൂര്‍ച്ഛയിലുണ്ടാവുന്ന താല്കാലികസ്വാസ്ഥ്യവുമായി നിസ്സംഗതയുടെ ഉറക്കത്തെ വരിക്കുന്ന പുതിയ ജീവിതാവസ്ഥയുടെ രാഷ്ട്രീയമാനമാണത്.

കവിതയെ തെളിയിക്കുന്ന ഒന്നായി ഉക്തിവൈചിത്ര്യം പലകാലത്തും കൊണ്ടാടപ്പെട്ടിട്ടുണ്ട്. കവിതയുടെ രൂപപരമായ അനന്യതയായാണ് വാക്കിന്റെ സൂക്ഷ്മപരിചരണം പരിഗണിക്കപ്പെട്ടുപോന്നത്. സന്ദര്‍ഭനിഷ്ഠമായി അതിന്റെ പ്രാധാന്യം ഏറിയും കുറഞ്ഞും നിന്നിട്ടുണ്ട്. ആധുനികതയില്‍ തീര്‍ത്തും സ്വകാര്യമായ ബിംബങ്ങളിലൂടെ ഉയിര്‍പ്പിച്ച ദുര്‍ഗ്രഹതയുടെ പരീക്ഷണങ്ങള്‍ക്കു ശേഷം കാവ്യഭാഷ തെളിഞ്ഞു തെളിഞ്ഞ് കേവല പ്രസ്താവനകളിലേക്കു പോലും കവിത ഇറങ്ങി വന്ന അനുഭവം ഓര്‍ക്കാവുന്നതാണ്. പുതുകവിതയാകട്ടെ, അതിന്റെ ആദ്യഘട്ടത്തില്‍, നിലനില്‍പ്പിന്റെ അടിസ്ഥാനമായി ധ്വനിസാധ്യതകളെ സ്വീകരിച്ചാണ് തുടര്‍ന്നത്, വാഗ്‌ലീല എന്നത് പുതുകവിതയെ സംബന്ധിച്ച് ഒരു പരിഹാസം പോലുമാവുന്ന മട്ടില്‍ അത് മുന്നോട്ടു പോയി. ഉപയോഗിച്ചു തേഞ്ഞുപോയ വാക്കുകളിലേക്ക് സൂക്ഷ്മമായ നൂതനാനുഭവങ്ങളെ ചേര്‍ത്തുവെക്കുന്നതിന്റെ വ്യര്‍ത്ഥതയാണ് പുതുകവിതയെ അത്തരമൊരു നിലയില്‍ കൊണ്ടെത്തിയത്.

വാക്ക് ഒരു ഒളിയമ്പായി മാറുന്ന പ്രവര്‍ത്തനം ശൈലന്റെ കവിതയിലുണ്ട്. ഒരനുഭവത്തെ ആവിഷ്‌ക്കരിക്കുന്നതിനിടയ്ക്ക്, കാവ്യാനുശീലനം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാക്കിനെ കടത്തിവിട്ട്, ആ അനുഭവത്തെ പുതുതാക്കുന്ന ഒരു മൊണ്ടാഷ് വിദ്യയാണത്. ആ വാക്ക് എവിടെനിന്നും വരാം. കവിതയ്ക്കകത്ത് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് നാം കരുതുന്നേയില്ലാത്ത ഒരു സിനിമാപാട്ടില്‍ നിന്നോ, സംഭാഷണത്തില്‍ നിന്നോ, ടി.വി. പരസ്യത്തില്‍ നിന്നോ ദാര്‍ശനികസിദ്ധാന്തങ്ങളില്‍ നിന്നോ, ‘സഭ്യ’മല്ലാത്ത ഒരു നാട്ടുമൊഴിയില്‍ നിന്നോ എവിടെ നിന്നുമാവാം അത്. ഇങ്ങനെ ഏതു നിമിഷവും മാറിപ്പോയേക്കാവുന്ന അപ്രവചനീയമായ കോണ്‍ടക്സ്റ്റുകളിലൂടെയാണ് ആ കവിതയുടെ സഞ്ചാരം. ചിലപ്പോഴെങ്കിലും ഒരു റോളര്‍കോസ്റ്റര്‍ - നിക്കനോര്‍ പാറ കവിതയെക്കുറിച്ച് ഉപയോഗിച്ച ഒരു രൂപകമാണിത് - അനുഭവത്തിലേക്ക് വായനക്കാര്‍ എടുത്തെറിയപ്പെടാനും മതി. ഒരു കവിതയെ അപ്പാടെ കോരിയെടുത്ത് മറ്റൊരു ദിക്കിലേക്ക് കൊണ്ടു പോവാന്‍ കഴിവുള്ള വാക്കുകളേയും സൂചനകളേയും അന്വേഷിക്കുന്നുണ്ട് ഈ കവി.

‘പ്രസ്താവനകള്‍ക്കിടയില്‍ നിന്നപ്രതീക്ഷിതമൊരു
കവിത കുറുകെച്ചാടുന്ന വളവുകളുണ്ട് ഭാഷയിലും’
(വഴിപ്പലക)
എന്നത് ആ തിരിച്ചറിവിന്റെ സാക്ഷ്യമാണ്.

‘ഇത് കവിത ആണോ എന്ന തോന്നല്‍ യാഥാസ്ഥിതികവായനക്കാരില്‍ ഉണ്ടാക്കുക എന്നതുതന്നെയാകാം അതിന്റെ ആദ്യലക്ഷണം’ എന്ന് സമകാലിക കവിതയെക്കുറിച്ച് ബിജോയ്ചന്ദ്രന്‍ നിരീക്ഷിക്കുന്നുണ്ട്. ശൈലന്റെ കവിതയ്ക്ക് നല്‍കാവുന്ന അടിക്കുറിപ്പ് കൂടിയാവുന്നുണ്ട് ഈ നിരീക്ഷണം. കവിതയുടെ ഭദ്രത, ഏകാഗ്രത തുടങ്ങിയ വിശേഷണങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ആ കവിതകള്‍ സഞ്ചരിക്കുന്നത്. ജീവിതത്തിന്റേയും അനുഭവങ്ങളുടെയും ചിതറലിനെ കാവ്യഭാഷയിലേക്കുകൂടി സംക്രമിപ്പിക്കുമ്പോള്‍ അതിന്, പാരമ്പര്യവഴികളെ ഉപാസിക്കുന്നവരെ സംഭ്രമിപ്പിക്കാതെയും വയ്യ. അപ്രതീക്ഷിതമായ വളവുകളും തിരിവുകളും ട്വിസ്റ്റുകളും എവിടെ നിന്നെന്നില്ലാതെ വന്നുവീഴുന്ന പാഠാന്തര വസ്തുക്കളും എല്ലാം ചേര്‍ന്ന് സവിശേഷമായ കാവ്യാനുഭവമൊരുക്കുന്നുണ്ടവ.

ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ശൈലന്റെ രാഷ്ട്രമീ-മാംസ എന്ന കവിതാപുസ്തകത്തിലെ പഠനം.

എം.സി. അബ്ദുള്‍നാസര്‍  

ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയിൽ മലയാളവിഭാഗം അധ്യാപകൻ.

  • Tags
  • #Shylan
  • #Poetry
  • #Literature
  • #M.C. Abdulnasar
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
cov

Literature

ദാമോദർ പ്രസാദ്​

എന്റെ അമ്മ മുതൽ മക​ൻ വരെയുള്ള തലമുറകളുടെ ബഷീർ ആനന്ദങ്ങൾ

Jul 05, 2022

8 minutes read

chandala

Bricolage

അജു കെ. നാരായണന്‍

'ചണ്ഡാലഭിക്ഷുകി'യെ വിഗ്രഹിക്കുവതെങ്ങനെ?

Jul 04, 2022

9 Minutes Read

 S-Joseph.jpg

Literature

എസ്. ജോസഫ്

മലയാള കവിത ഇങ്ങനെ മതിയോ? ‘എമേര്‍ജിങ് പോയട്രി’ക്കുണ്ട്​ ഉത്തരം

Jul 03, 2022

9 Minutes Read

Sohrabudhin Kolamala

Poetry

അന്‍വര്‍ അലി

സൊറാബ്​ദ്ദീൻ കൊലമാല

Jun 28, 2022

4 Minutes Listening

cov

Women Life

സുധാ മേനോന്‍

അവ്വയാറിന്റെ മുഖമുള്ള എന്റെ അച്ചി

Jun 19, 2022

4 minutes read

 Arun-Prasad-Hyper-linked-Crime-Investigative-Malayalam-Poem.jpg

Poetry

അരുണ്‍ പ്രസാദ്

ബേഡ്സ് - ഹൈപ്പര്‍ ലിങ്കഡ് കുറ്റാന്വേഷണ കവിത

Jun 09, 2022

5 Minutes Read

 VM-Devadas-story-vellinakshathram.jpg

Podcasts

വി.എം.ദേവദാസ്

വെള്ളിനക്ഷത്രം

Apr 30, 2022

60 Minutes Listening

 Binu-M-Pallipadu.jpg

Reading A Poet

എം.ആര്‍ രേണുകുമാര്‍

മൂശയിലേക്കെന്നപോലെ പ്രാണനെ ഉരുക്കി ഒഴിക്കുന്ന കവി

Apr 22, 2022

23 Minutes Read

Next Article

ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള ഡിജിപബിന്റെ കത്ത്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster