ഒന്ന്: രണ്ട് വരാലുകൾ
ബിജുവിനെയും വിനീതയെയും പിന്നാലെ ഒരു നിശാഗന്ധിപ്പൂവിനെയും മുറിയിലേക്ക് വലിച്ചെറിഞ്ഞ് ദാസനും നളിനിയും ചിറയിലേക്കിറങ്ങി. നിലാവത്ത് നീന്തിയായിരുന്നു നടപ്പ്. കോളനിയിൽ നിന്നും അമ്പത് മീറ്ററിനപ്പുറം വയലിനു കുറുകെ പുതിയതായി പണിത റോഡു വരെ നാലഞ്ച് തെങ്ങിൻ കൂന മാത്രം കര ബാക്കിയുള്ള നിലാവിൽ ഇരുവരും നീന്തി. അർധരാത്രികൾ നളിനി മൂത്രമൊഴിക്കുന്ന മണം വഹിച്ച് നിന്ന മൈലാഞ്ചി മറവ് കടന്ന് വരാൽച്ചാലിലേക്കിറങ്ങി. ചെളിച്ചാലിലെ തെളിവെള്ളത്തിൽ പൂർണ്ണ ചന്ദ്രനൊപ്പം രണ്ട് വരാലുകളും പാർപ്പും നീന്തി.
മുറിയിൽ ബിജു, ചെറ്റ വാതിലിലൂടെ അതേ ചന്ദ്രനെ ആകാശത്ത് കണ്ടു. ചാണകം മെഴുകിയ നിലത്ത് അവന്റെ മടിയിൽ തല വെച്ച് ഇടം കണ്ണ് കോട്ടി വിനീതയും കണ്ടു. മണ്ണെണ്ണ വിളക്ക് കെടുത്തുവാൻ ബിജുവിന് തോന്നിയില്ല. വെളിച്ചത്തിൽ വിനീതയുടെ മുഖം ചെമ്പ് പ്രതിമ പോലെ തിളങ്ങി. തൊട്ട് മുമ്പ് അവസാനിച്ച പാട്ടിലൊന്ന് വിനീത മൂളി.
നാലു പെറ്റ നാത്തൂന്മാരെ മീൻ കളി കാണാൻ പോരുന്നോ-
മീൻ കളിച്ചു മദിച്ചു വരുമ്പോൾ മീന്റെ വാലേൽ പൂമാല.
അടുത്ത ആവർത്തനം ബിജു പാടി: അഞ്ചു പെറ്റ നാത്തൂന്മാരെ മീൻകളി കാണാൻ പോരുന്നോ-
മീൻ കളിച്ചു മദിച്ചു വരുമ്പോൾ മീന്റെ വാലേൽ പൂമാല..
അടുത്ത ആവർത്തനം വിനീത.
അടുത്തത് ബിജു.
അപ്പോൾ നിലാവ് കുടിക്കാൻ തോന്നുന്നുവെന്ന് ബിജു പറഞ്ഞു. വിളക്കു കെടുത്താതെ വിനീതയുടെ രണ്ട് അർധചന്ദ്രന്മാരെ ബിജു പുറത്തെടുത്തു. എന്നിട്ട് നിശാഗന്ധിയുടെ ഗന്ധത്തിൽ നിലാവിനെ കുടിച്ചു തുടങ്ങി.
കൊച്ചി മെട്രോയിൽ ഇന്നത്തെ പണി തീർത്ത് വിയർപ്പും മണ്ണും സിമന്റും ശരീരത്തിൽ നിന്ന് തുടച്ചു മാറ്റിയെന്ന് വരുത്തി ബിജു തോപ്പിൻപടിയിൽ ഓടിയിറങ്ങി. അവിടെ ഓട്ടത്തിനിടയിൽ കിട്ടാവുന്ന തുണികൾ നിറച്ച ബാഗുമായി വിനീത കാത്തുനിന്നു. ആ കാത്ത് നിൽപിനെ അച്ഛൻ പഠിപ്പിച്ച ഒരു രവീന്ദ്രസംഗീതത്താൽ അവൾ മറി കടന്നു. യാത്രയിലുടനീളം അവൾ പാടാതിരുന്നിട്ടും ആ പാട്ട് മനസിൽ കിടന്ന് പാടി. മീന്റെ വാലേൽ പൂമാല കിട്ടിയപ്പോൾ ടാഗോർ അവളിലെ പിടുത്തം വിട്ടു.
നാലാം വയസിൽ വേദനിക്കും എന്ന് പേടിച്ച് നളിനി പറിക്കാതെ വിട്ട അവന്റെ മുൻപല്ല് അപ്പോൾ അർധ ചന്ദ്രനിൽ ഒരു പോറലുണ്ടാക്കി.
"അന്നത്തെ ആ തീരെക്കുഞ്ഞാണ് ഇന്ന് പെണ്ണിനെ കൊണ്ടു വന്നെ!'
റോഡരികിലെ മെറ്റൽ കൂനയ്ക്കരികിൽ ചാരിയിരുന്ന് ആകാശത്തെ അരമുറിച്ചന്ദ്രനെ നോക്കി നളിനി പറഞ്ഞു. ആ പല്ല് കളയാൻ വാഴനാര് കൊണ്ട് കുടുക്കുണ്ടാക്കി ഒരു ദിവസം മുഴുവൻ പല്ലിനെ ആട്ടി നടന്നു അന്ന് ബിജു. വേദനിച്ചു തുടങ്ങിയപ്പോൾ അവൻ കരഞ്ഞു തുടങ്ങി. അത് പറിക്കാതെ വിട്ടോളാൻ നളിനി പറഞ്ഞു. വളർന്നിട്ടും അവൻ ഉപേക്ഷിക്കാത്ത ശൈശവമാണ് ആ പല്ല്.
ദാസൻ റോഡരികിൽ നിന്ന് വയലിലേക്ക് ആഞ്ഞ് പെടുത്തു.
"പെടുത്ത് സമയം കളയാമെന്നല്ലാതെ കള്ള് കുടിച്ചിട്ട് കാര്യമൊന്നുമില്ല' ദാസൻ പറഞ്ഞു.
"ഇന്നലെ വരേ നമുക്ക് നടുവിൽ കിടന്നുറങ്ങിയ ചെറുക്കനാ' നളിനി പിന്നേം പറഞ്ഞു.
ഒറ്റ മുറികളുടെ കോളനിയായിരുന്നു അത്. ഒന്നര സെന്റിൽ മൂന്ന് വീടുകൾ വീതം പണിത ലക്ഷം വീട് കോളനി പൊലെയൊന്ന്. ചാണകം മെഴുകി ചെറ്റ കൊണ്ട് ഭിത്തി പണിത ചെറു മുറികൾ. ഓരോ മുറിയിലും ഓരോ കുടുംബം. അതേ മുറിയുടെ കോണിൽ തന്നെ മൂന്ന് കല്ലിനു മേൽ ചാണകം മെഴുകി അവർ അടുക്കളയുണ്ടാക്കി. കിടക്കുമ്പോൾ ചിലപ്പോഴൊക്കെ അടുപ്പ് തലയണയാക്കി. അതേ മുറിയിൽ ഭക്ഷണം ഉണ്ടാക്കി കഴിച്ച് വസ്ത്രം മാറി കിടന്നുറങ്ങിയുണർന്ന് ലൈംഗിക ബന്ധത്തിലേർപ്പെട്ട് അത്രമേൽ സുഖത്തോടെ അവർ ജീവിച്ചു.
ആ കാലത്ത് ബിജുവിന്റെ കുഞ്ഞു കാലത്ത് അവനെ ഉറക്കി മുറിക്കോണിലേക്ക് മാറ്റി കിടത്തി ദാസനും നളിനിയും സുരതത്തിലേർപ്പെട്ടു. ഒരിക്കൽ കുഞ്ഞ് വിരൽ അറിയാതെ അടുപ്പിലെ വെള്ളമൊഴിച്ച് കെടുത്തിയ ചാരക്കൂനയിൽ അവശേഷിച്ചു കിടന്ന ഒരു കനലിൽ തൊട്ട് പൊള്ളി വേദനിച്ചപ്പോൾ സുരതം പാതിവഴിയിൽ നിന്നു. പിന്നൊരിക്കലും അവസരമുണ്ടായിട്ടും സാധ്യമാകാത്ത ആ രസത്തെ ഓർത്ത് ദാസൻ വയലിലേക്ക് മുള്ളി.
അപ്പോൾ രാത്രി പട്രോളിങ്ങിനിറങ്ങിയ ഒരു പൊലീസ് ജീപ്പ് അവർക്കരികിൽ വന്ന് നിന്നു.
"എന്താടാ പാതിരാത്രിയിൽ ഇവിടെ'
തല പുറത്തേക്കിട്ട് കൂട്ടത്തിൽ കൊള്ളാവുന്ന പൊലീസുകാരൻ ചോദിച്ചു. മൂലയിൽ പുതിയതായി പണിത സിപിഎമ്മിന്റെ കൊടിമരത്തെ മുറുകെപ്പിടിച്ച് നളിനി പറഞ്ഞു :"ഒന്നുമില്ല സാറേ മുള്ളാനിറങ്ങിയതാ'.
"ങാ മുള്ളിക്കഴിഞ്ഞാ സ്ഥലം വിട്ടോണം' എസ്‌ഐ ജനമൈത്രിയായി. ജീപ്പ് സ്ഥലം വിട്ടു.
രണ്ട്: രാവിലത്തെ മരണം
പൊലീസ് വന്നപ്പോൾ ഒരന്ധാളിപ്പ് ദാസന്റെ അടിവയറ്റിൽ ചാട്ടുളി പോലെ പായാൻ കാരണമുണ്ട്.
രാവിലെ കോന്തഞ്ചിറേൽ രണ്ട് താറാവിനെ മേടിക്കാൻ ദാസൻ പോയി. കാഷ്ഠവും പൊഴിഞ്ഞ തൂവലുകളും ചിതറിക്കിടന്ന പ്ലാസ്റ്റിക് വല കൊണ്ട് നിർമിച്ച അതിർത്തിക്കകത്തെ താറാവുകൾ ഉരുമ്മുകയും പരസ്പരം സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്നു. കൂട്ടത്തിൽ മാംസം കൂടിയ രണ്ടെണ്ണത്തെ ചൂണ്ടിക്കാട്ടിക്കൊടുത്ത് ദാസൻ കടവത്ത് പോയിരുന്നു. കൂട്ടിനുള്ളിൽ ചിതറിത്തെറിക്കുന്ന താറാവുകൾക്കിടയിൽ നിന്ന് കൃത്യം ആ രണ്ടെണ്ണത്തിന്റെ കഴുത്തിൽ ഇറച്ചിക്കാരൻ പിടിച്ചു. അടുത്ത നിമിഷത്തിൽ അരയന്നക്കഴുത്തുകൾ ഞെരിഞ്ഞൊടിഞ്ഞു. തൂവലുകൾ തൊലിയോടെ ഉരിയവേ മുന്നിലെ ആറിലേക്ക് മുഖം നോക്കി ദാസൻ കൽപ്പടവിൽ ഇരുന്നു.
അവൻ ഒരു പെങ്കൊച്ചിനേം കൊണ്ട് വരുന്നൂന്ന് പുലർച്ചെ അറിഞ്ഞപ്പോൾ ദാസൻ അക്കരെ മോഹനനോട് ഒരു കന്നാസ് ചാരായം പറഞ്ഞു. കോളനീലെ പിള്ളാർ ആറ്റു മീനിനെയും ആമയെയും മുണ്ടിയെയും പിടിക്കാൻ പോയി. നളിനി വേലി കെട്ടിയ കാന്താരിച്ചെടിയിൽ നിന്ന് കാന്താരിയും മൈസൂർച്ചീരയും പറിച്ചു.
താറാവിനെ മേടിച്ച് വീട്ടിലെത്തുമ്പോൾ വീട് ഉത്സവമായിക്കഴിഞ്ഞു. മുറിവീടിന്റെ തിണ്ണയിലും അകത്തും കോളനിക്കാർ തിക്കിയിരുന്നു.
അപ്പോൾ പുറത്തെ വയൽ വരമ്പിലേക്ക് നോക്കി നളിനി പറഞ്ഞു:" ദാണ്ടെ കൂനിത്തള്ള വരുന്നുണ്ട് കേട്ടോ'
വരമ്പത്ത് വെയിലു കീറി കൂനിത്തള്ള മുത്തിയമ്മ നടന്നു വന്നു.
ദാസന് ദേഷ്യം വന്നു:"എരണം കെട്ട തള്ളയ്ക്ക് വരാൻ കണ്ട നേരം!'
ചിറയിലേക്ക് ഓടിച്ചെന്ന് ദാസൻ പറഞ്ഞു:"തള്ളേ പൊക്കോണം. നിങ്ങള് നൂറായിട്ടും ചത്തില്ലേ!'
തള്ള ചിറയിലേക്ക് കൈയും കാലും കുത്തി കേറാൻ നോക്കി പറഞ്ഞു: "ഇല്ലടാ കഴുവേറി.. ഞാൻ ചത്തിട്ടില്ലെടാ..നിന്റെ പതിനാറടിയന്തിരത്തിന്റെ കോഴിയേം തിന്നിട്ടേ ഞാൻ ഒരുപ്പോക്ക് പോകത്തുള്ളടാ പുലയാടി മോനേ..!'
ദാസൻ ചിറയിലെ പുല്ല് വലിച്ച് മുത്തിയമ്മയ്ക്ക് നേരെയെറിഞ്ഞു.
പിന്നാലെ വന്ന് നളിനി അയാളോട് പറഞ്ഞു:"നല്ലൊരു ദിവസമായിട്ട് നിങ്ങളിങ്ങനെ തുടങ്ങിയാലെങ്ങനാ മനുഷ്യേനെ. മുത്തിയമ്മ വാ. ഇന്നു ബിജു പെണ്ണിനേം കൊണ്ടു വരുവാ'
"ഞാൻ അറിഞ്ഞടീ മോളെ. അവനെ കണ്ട് മുറുക്കാന് കാശും മേടിച്ചേ ഞാൻ രാമങ്കരിക്കൊള്ളൂ'
"ഇനി രാമങ്കരിക്കാണോ.. ഇത്രേം നാള് എവിടെയായിരുന്നു കൂനിത്തള്ള'
"തായങ്കരീൽ രാജപ്പന്റെ വീട്ടിൽ. ഈ എരണം കെട്ടവനെ പോലെയല്ല. പൊന്നു പെലെയാ അവൻ എന്നെ നോക്കുന്നെ'
ദാസൻ പിന്നേം പുല്ല് വലിച്ചെറിഞ്ഞു: "എന്നാ അവിടങ്ങ് നിന്നാപ്പോരാരുന്നോ.. എന്തിനാ നല്ല നേരത്ത് ഇങ്ങോട്ട് കെട്ടിയെടുത്തേ..'
ചിറയിൽ നിന്ന് വലിഞ്ഞ് കേറാൻ നോക്കിയും താഴേക്ക് വീണും മുത്തിയമ്മ ആയാസപ്പെട്ടു. പിന്നെ നളിനിയുടെ കൈയേൽ പിടിച്ച് കരയ്ക്ക് കേറി മാവിൻചോട്ടിൽ ഇരുന്നു. വെയിൽ പുതപ്പു പോലെ ആ മാവിൻചോട്ടിൽ അവരെ ഉറക്കി.
മുണ്ടീം താറാവ് കുഴച്ച കപ്പയും കാരിക്കറീം ചോറും തയ്യാറായിക്കഴിഞ്ഞപ്പോൾ മുറിവാതിലുകളിൽ വാഴക്കീറുമായി എല്ലാവരും ഉണ്ണാനിരുന്നു. മേലെ കാന്താരി ചതച്ചതും ആമക്കറിയും നളിനി കോരി ഇട്ടു.
തള്ളയെവിടെ.. തള്ളേ വിളിയെന്ന് അപ്പോൾ നളിനി പറഞ്ഞു.
"ആ ഏരണം കെട്ടവരെ വിളിക്കാൻ കണ്ട നേരം. ആ കൂനിന് ചായാൻ വേണം രണ്ട് സെന്റ്.' തിന്നും മുമ്പ് വായ കുലുക്കിത്തുപ്പി ദാസൻ പറഞ്ഞു.
എന്നിട്ട് അയാൾ മുത്തിയമ്മയുടെ അടുക്കലെത്തി ഉറക്കെ വിളിച്ചു: "തള്ളേ എഴുന്നേര്.. തിന്നാൻ വാ..'
മിണ്ടാതെ മുഖത്തേക്ക് നോക്കിയിരിക്കുന്ന വൃദ്ധയെ നോക്കി ദാസൻ ദേഷ്യപ്പെട്ടു. എന്നിട്ടും എഴുന്നേൽക്കാൻ സൗകര്യപ്പെടാതിരിക്കുന്ന മുത്തിയമ്മയുടെ തോളിൽ പിടിച്ചു.
നിലാവ് ചാഞ്ഞ് വീഴുന്നതു പോലെ വൃദ്ധ വീഴുന്നത് കണ്ട് ദാസന് തോന്നിയ തോന്നൽ ശരിയായിരുന്നു.
"നളിനിയേ കൂനി പോയെന്നാ തോന്നുന്നെ കേട്ടോ..!'
വെയിലിലെ പാടത്തേക്ക് നോക്കി ദാസൻ അങ്ങ് ഉറക്കെ കരഞ്ഞു.
താമസം വിനാ മുത്തിയമ്മയുടെ ശവം മുറിയിലേക്കെടുത്തു. ഞെരിപിരി കൊള്ളുന്ന മുറിയിൽ കൂനു പിടിച്ച മൃതദേഹം ആൾക്കൂട്ടത്തിനിടയിൽ സ്ഥലം കണ്ടെത്തിക്കിടന്നു. അടുപ്പിന് മുകളിൽ ആരോ ഒരു സാമ്പ്രാണിത്തിരി കത്തിച്ചു വെച്ചു.
കിട്ടാവുന്ന ഇടത്ത് നളിനിയും നാലഞ്ച് പെണ്ണുങ്ങളും നിലത്തിരുന്നു പയ്യാരം പറഞ്ഞു:
"കൂനിത്തള്ള പോയെ..ഓർക്കുന്നുണ്ടോ തള്ളേ.. അന്ന് മിത്രക്കരീന്ന് ദാസനെന്നെ കൊണ്ടു വന്ന ദൂസം പാടത്തൂന്നെന്നെ കൈ പിടിച്ചു കേറ്റിയതാരാ.. ഗൗരിയമ്മയും വിഎസും മങ്കൊമ്പിൽ വന്നപ്പോൾ ചൊമല ജമ്പരിടീപ്പിച്ചെന്നെ കൊണ്ടു പോയതാണേ... ആലപ്പുഴേ പാർട്ടി കാൺഗ്രസിന് പരേഡ് നടത്താൻ എന്നെ കൊണ്ടാക്കിയ തള്ളേ... കൊയ്ത്ത് കഴിഞ്ഞ കാലം ഒരുമിച്ച് നെല്ല് പെറുക്കാൻ പോയേ.. ചക്കുളത്ത് പൊങ്കാലയ്ക്ക് കൂട്ടു വന്ന തള്ള.. മൂലം വള്ളംകളി കാണാൻ നേരം കെട്ടുവള്ളത്തേലിരുന്ന് കാരിച്ചാലേ കാരിച്ചാലേന്ന് ആർപ്പു വിളിച്ചതോർക്കുന്നോന്റെ കൂനീ... പടഹാരത്തെ നാണിയുടെ ചെറ്റ എന്റെ ദാസൻ പൊക്കി നോക്കിയപ്പോൾ കണ്ണിക്ക തിന്ന് ചാകാൻ പോയ എനിക്ക് ആശൂത്രീൽ കൂട്ടിരുന്നു കൂനി.. കൂനിത്തള്ള പോയേ... ഓർക്കുന്നുണ്ടോ തള്ളേ...'
സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി പ്രേം കുമാർ കമ്യൂണിറ്റി സെന്ററിൽ പത്രം വായിച്ച് ഇരിപ്പുണ്ടായിരുന്നു. ബിജു പെങ്കൊച്ചിനെയും കൊണ്ട് എത്തുമ്പോഴേക്കും കോളനിയിലോട്ട് നടക്കാൻ തോളത്ത് വെള്ള ഷർട്ടും കരുതിയാണ് അയാളിരുന്നത്. കൂനിത്തള്ള ചത്തൂന്നറിഞ്ഞപ്പോൾ പ്രേംകുമാർ ഷർട്ടെടുത്തിട്ട് എടുപിടീന്ന് സ്ഥലത്ത് വന്നു. അയാൾ ദാസനെ മാറ്റി നിർത്തി.
" നോക്കണം.. ശവമടക്ക് നേരത്തെ നടത്തണം... ഇന്നല്ലേ ചെറുക്കൻ ഒരു പെങ്കൊച്ചിനേം കൊണ്ട് വരുന്നേ..'
"അതാ നല്ലത്.. അല്ലേൽ അവളെന്റെ കഥ മുഴുവൻ പറയും'
ദാസൻ നളിനിയെ നോക്കി വിമ്മിട്ടപ്പെട്ടു.
ശവമടക്കാൻ സ്ഥലമാണ് പ്രശ്‌നം.
"തിണ്ണയിൽ നിന്ന് മൂത്രമൊഴിച്ചാൽ അപ്പുറത്തെ അടുക്കളയിൽ വീഴും. പിന്നെവിടാ ശവമടക്കാൻ മണ്ണ് '
കൂട്ടത്തിലൊരാൾ ചോദിച്ചു.
സാധാരണ ആ കോളനിക്കാർ ചെയ്യുന്നത് പോലെ മുറിയിൽ കുഴി കുഴിച്ച് ശവം അടക്കാൻ തെല്ലുനേരത്തെ ചർച്ചയ്ക്ക് ശേഷം തീരുമാനമായി.
"ചെറുക്കനും പെണ്ണും ഇന്ന് കെടക്കണ്ട മുറിയാ.. മണം വരരുത് കേട്ടോ' എന്നു മാത്രം നളിനി പറഞ്ഞു.
യുദ്ധകാലാടിസ്ഥാനത്തിൽ മുറിയിലെ അടുപ്പ് പൊളിച്ച് കൂനിത്തള്ളയ്ക്ക് കുഴിയുണ്ടാക്കി. എത്ര കുഴിച്ചിട്ടും അവരുടെ കൂന് പൊങ്ങി നിന്നു. കൂന് നികത്തി മൂടിയപ്പോൾ തറ നിരപ്പിൽ നിന്ന് കുറച്ച് പൊങ്ങി നിന്നു. പ്രേം കുമാറിന് അപ്പോൾ ഒരു ആശയം തോന്നി. അയാൾ ഉയർന്നു വന്നിടം കൂടുതൽ മണ്ണിട്ട് ഒരു ദീർഘ ചതുരമാക്കി.
പിന്നെ തെല്ലു മാറി ആ ദീർഘ ചതുരത്തെ നോക്കി പറഞ്ഞു: "ഇപ്പോൾ ഒരു കട്ടിൽ പോലില്ലേ..!'
"ശരിയാണല്ലോ!' എല്ലാവരും പറഞ്ഞു. "ഒരു കട്ടിൽ പോലെയുണ്ട്'
" അതേന്നെ..പിള്ളാരുടെ മണിയറ!' പ്രേം കുമാർ ചിരിച്ചു.
മണം വരാതിരിക്കാൻ ആ മൺ കട്ടിലിലേക്ക് പാ വിരിച്ച് മൂന്നാല് നിശാഗന്ധിപ്പൂക്കൾ ദാസനും നളിനിയും വിതറി.
രാത്രിയിൽ റോഡിന് കുറുകെ ഇഴഞ്ഞു പോകുന്ന മൂർഖനെ നോക്കി ദാസൻ ചിരിച്ചു പറഞ്ഞു: "ഇപ്പോ കൂനിത്തള്ളേടെ മേലേ കടന്ന് പിള്ളാര് കെട്ടി മറിയുകാരിക്കും..'
" പോ മനുഷ്യേനെ.. ഈ ആമ്പ്രന്നോന്റെ വായിൽ നല്ല വർത്താനമൊന്നും വരത്തില്ലേ!'
നളിനി പരിഭവം കാണിച്ചു. പിന്നെ അയാളോടൊപ്പം കുലുങ്ങിച്ചിരിച്ചു.
മൂന്ന് : ഇരുനാഴിപ്പാല്
സന്ധ്യയിൽ ലോറിയിൽ മാടുകളെ പോലെ ഇതര സംസ്ഥാനത്തൊഴിലാളികൾ കുലുങ്ങിയും ചിലപ്പോഴൊക്കെ പരസ്പരം തട്ടിയും അവിചാരിതമായി പുണർന്നു പോയും നിന്നു. താഴേക്ക് കാലിട്ട് ബിജുവും വിനിതയും തങ്ങൾ പിന്നിടുന്ന വഴികളെ നോക്കി ഇരുന്നു. അന്നേരം അവളുടെ വായിൽ പിന്നെയും രവീന്ദ്രനാഥ ടാഗോർ വന്നു. കഴുത്തിലെ ചുവപ്പുമാലകൾ സായാഹ്ന ഇരുട്ടിൽ തിളങ്ങി. അവൾ പറഞ്ഞു: "രവീന്ദ്രൻ ഞങ്ങളുടെ ചോരയിലുണ്ട്. ഞാൻ ജനിക്കും മുമ്പേ അച്ഛൻ അവിടം വിട്ട് ഇവിടേക്ക് വന്നിട്ടും ഞരമ്പിൽ പാടുന്നത് അയാളാണ്'
തോപ്പിൻപടിയിലെ മേൽപ്പാലനിർമാണത്തിനിടയിൽ ഒരു ബീമിന്റെ അടിയിൽപ്പെട്ട് അവളുടെ ബാപ്പു മരിക്കുമ്പോൾ ബിജു അടുത്തുണ്ടായിരുന്നു. മോർച്ചറി വാതിൽക്കൽ അയാളെ കാത്ത് നിൽക്കുമ്പോൾ ബിജുവിന് അഭിമുഖമായി വിനീത ആദ്യമായി ഇരുന്നു. പിന്നെ തോപ്പിൻപടി ശിവക്ഷേത്രത്തിന് എതിർ വശത്തെ പഴയ കാപ്പിക്കടയിൽ അവർ പിന്നെയും അഭിമുഖം ഇരുന്നു.
സായാഹ്നങ്ങളിൽ ഫോർട്ട് കൊച്ചിയിലേക്ക് എസി ലോഫ്‌ലോർ ബസിൽ യാത്ര പോയി. അതേ ബസിൽ തിരിച്ചു വന്നു. അവിചാരിതമായി ലോഫ്‌ലോർ ടാഗോറിനെ പാടി. ഞാൻ നിന്നെ തൊട്ടോട്ടെയെന്ന് തൃണമൂൽകാരിയോട് ഡിവൈഎഫ്‌ഐക്കാരൻ അനുവാദം ചോദിച്ചു. കണ്ണുകളിലേക്ക് നില തെറ്റാതെ നോക്കി അവൾ സമ്മതമായി.
അവൻ ചുണ്ടുകൾ കൊണ്ട് അവളുടെ നെറ്റിയിൽ തൊട്ടു. ആ ലഹരിയിൽ ഫോർട്ട് കൊച്ചിയിലെ വൈൻ കടകൾ അവളെ നോക്കി ചിരിച്ചു.
ലോറിയിൽ, പുതിയതായി വയലിന് കുറുകേ പണിത റോഡിൽ വന്നിറങ്ങുമ്പോഴേ കോളനിയിലെ അവരുടെ കല്ല്യാണ ആഘോഷം അവരെ തിരക്കി വന്നു. അവരെ അവിടെ ഇറക്കി വണ്ടിയിലെ തങ്ങളുടെ ഇടത്തെ ഒന്നൂടെ സ്വതന്ത്രമാക്കി ശ്വാസം വിട്ട് കന്നുകാലികളെ പോലെ കൂട്ടം കൂടിക്കിടന്ന ബാക്കി തൊഴിലാളികൾ അവരെ നോക്കിച്ചിരിച്ചു. ബംഗാളിയിൽ അവരോട് വിനീത അഭിവാദ്യം ചെയ്തു. ലോറി അകന്നു. ഇരുട്ടിലൂടെ അവർ വീട്ടിലേക്ക് നീന്തി.
ഈ പശുവിനെ പിടിക്കും ഞാൻ.. നാന്നാഴി പാലു കുടിക്കും ഞാൻ
ഈ പശുവിനെ പിടിക്കത്തില്ല, നാന്നാഴി പാലു കുടിക്കത്തില്ല...
അപ്പോൾ ആൾക്കൂട്ടത്തിന് നടുവിൽ കുടമൂതടി കുടമൂതടി കുറത്തിപ്പെണ്ണേ എന്ന് നളിനി ചുവടു വെച്ചു. നിഴലു പോലെ വന്ന ബിജുവിനെയും വിനിതയെയും കണ്ട് അവരുടെ കുടമൂത്ത് ഭ്രാന്തമായി.
കുടമൂതടി കുടമൂതടി കുറത്തിപ്പെണ്ണേ
കുടത്തിന്റെ വെലയെന്തടി കുറത്തിപ്പെണ്ണേ..
ആർത്ത് ചിരിക്കുന്ന ലഹരിയുടെ നടുവിൽ നളിനിയുടെ കൈകളിൽ ചുണ്ടോട് ചേർത്ത് മൺകുടമിരുന്നു. നളിനി സ്റ്റെപ്പ് വെച്ച് തന്റെ മുഴുവൻ ശ്വാസവും കുടത്തിലേക്ക് തന്നെ ഊതിക്കൊണ്ടിരുന്നു. ആ ശ്വാസവേഗത്തിന്റെ ഒരിടത്ത് കൈകൾ പിടിക്കാതെ അവരുടെ ശ്വാസത്തിന്റെ ഘനത്തിൽ കുടം അന്തരീക്ഷത്തിൽ നിന്നു.
അടുത്തത് പശുവും പുലിയും കളിയായിരുന്നു. ബിജു പുലിയായി. വിനീത പശുവും.
പശുവേ പശുവേ പുല്ലിന്നാ
പുലിയേ പുലിയേ കല്ലിന്നാ എന്ന് പാട്ടു തുടങ്ങി.
ആൾക്കൂട്ടം സൃഷ്ടിച്ച വൃത്തത്തിന് നടുവിൽ വിനീത സുരക്ഷിതയായി.
വൃത്തത്തിന് പുറത്ത് പുലി ബിജു വിനീതയെ നോക്കി വൃത്തത്തിനുള്ളിലേക്ക് കയറാൻ കഴിയാതെ നാവ് നക്കി നിന്നു.
ബിജു ഈണത്തിൽ-" ഈ പശുവിനെ പിടിക്കും ഞാൻ.. ഇരുനാഴിപ്പാലു കുടിക്കും ഞാൻ..'
ആൾക്കൂട്ടം ഒരുമിച്ച് ഈണത്തിൽ- ഈ പശുവിനെ പിടിക്കത്തില്ല ഇരുനാഴിപ്പാലു കുടിക്കത്തില്ല...
ചിരിച്ചും മറിഞ്ഞും ആയാസപ്പെട്ടും ബിജുപ്പുലി പാട്ടു പാടി ആൾക്കൂട്ട വൃത്തത്തെ മറികടന്ന് വിനീതപ്പശുവിനെ പിടിക്കാൻ നോക്കി.
ഈ പശുവിനെ പിടിക്കും ഞാൻ.. നാന്നാഴി പാലു കുടിക്കും ഞാൻ
ഈ പശുവിനെ പിടിക്കത്തില്ല, നാന്നാഴി പാലു കുടിക്കത്തില്ല...
ഒടുവിൽ പാതിരാത്രിയായപ്പോൾ ആൾക്കൂട്ടം വിനിതയെ ബിജുവിന് കൊടുത്തു.
മുറിയിലേക്ക് ബിജുവിനെയും വിനിതയെയും പിന്നാലെ ഒരു നിശാഗന്ധിപ്പൂവിനെയും വലിച്ചെറിഞ്ഞ് ദാസനും നളിനിയും ചിറയിലേക്കിറങ്ങി.
മുത്തിയമ്മയുടെ കൂനിൽ കിടന്ന് അർധ ചന്ദ്രനിൽ ചുണ്ട് താഴ്ത്തി ബിജു ഇരുനാഴിപ്പാല് കുടിച്ച് തുടങ്ങി.
നാല് :മുറി
പൊലീസ് ജീപ്പ് പിന്നെയും വന്നു.
പുലർച്ചെ ഒന്നര മണിയോടെയായിരുന്നു അത്. ആ സമയം നളിനി വയലാറിലേക്ക് 19 കിലോമീറ്റർ എന്നെഴുതിയ മൈൽക്കുറ്റിയിൽ ചാരി ഒരു സ്വപ്നം കാണുകയായിരുന്നു. സ്വപ്നത്തിൽ ഒരു കുപ്പിയിൽ നിന്ന് കള്ളു കുടിച്ച് ചിറയിൽവന്ന് പാർട്ടിക്കാരെ ഒരുമിച്ച് തെറി വിളിച്ചു കൊണ്ടിരുന്ന ഒരു ബിജെപിക്കാരനെയും കോൺഗ്രസുകാരനെയും മുണ്ട് മേലേക്ക് കയറ്റി ഉടുത്ത് നളിനി കരണക്കുറ്റിക്കിട്ട് പൊട്ടിക്കാൻ പോകുകയായിരുന്നു. അടി വീഴും മുമ്പ് ദാസൻ വിളിച്ചു: "ദാണ്ടടീ പിന്നേം പൊലീസ്'
നളിനി ചോദിച്ചു: "അടി കൊടുത്തില്ലല്ലോ പിന്നെന്തിനാ പൊലീസ്!'
പിന്നെ ഇരുട്ടിലേക്ക് കണ്ണ് മിഴിക്കും മുമ്പ് അവർ ഇത്ര കൂടി പറഞ്ഞു : "ശെടാ..അവന്മാരുടെ തെറി മുഴുവൻ കേട്ടതു മിച്ചം. അടി പോട്ടെ രണ്ട് മുഴുത്ത തെറി വിളിക്കും മുമ്പ് വിളിച്ചു കളഞ്ഞല്ലോ മനുഷ്യാ നിങ്ങൾ..'
മുന്നിലെ പൊലീസ് ജീപ്പിലെ കൂട്ടത്തിൽ കൊള്ളാവുന്ന പൊലീസുകാരൻ ചോദിച്ചു:"എന്താടാ നേരം വെളുക്കാറായല്ലോ. ഇതു വരെ മുള്ളിത്തീർന്നില്ലേ..!'
പൊലിസ് ജീപ്പിലേക്ക് കയറ്റും വഴി ഒരു ആചാരമെന്ന വണ്ണം വളരെ മൃദുവായി പൊലീസിലൊരാൾ ദാസന്റെ മുതുകത്ത് ഇടിച്ചു. അത്രയ്ക്ക് വേദനിക്കാനൊന്നുമില്ലെങ്കിലും ആത്മാഭിമാനം വ്രണപ്പെട്ടതിനാൽ എന്തിനാ എന്നെ ഇടിക്കുന്നതെന്ന് ദാസൻ ചോദിച്ചു.
അഴികൾക്കപ്പുറം രാത്രിയിലെ ചന്ദ്രനെ കാണാൻ പറ്റുമോയെന്ന് തിടുക്കപ്പെട്ട് നോക്കുന്ന നളിനിയുടെ കണ്ണുകളിലേക്ക് നോക്കി ചുംബിക്കാനുള്ള ആഗ്രഹം പറഞ്ഞ് ദാസൻ കാമുകനായി.
പിന്നെ പൊലീസ് സ്റ്റേഷൻ എത്തും വരെയും ദാസനും നളിനിയും മിണ്ടാതെ മുഖാമുഖം നോക്കി ഇരുന്നു.
സ്റ്റേഷനിൽ ആചാരമെന്നവണ്ണം എസ്‌ഐ മേശയിൽ കാല് വെച്ച് കസേരയിൽ ഇരുന്നു. പിന്നെ ചോദ്യം ചെയ്യൽ തുടങ്ങി. മൃദുവായ ഒന്ന് രണ്ട് താഡനങ്ങൾക്കൊടുവിലും ദാസൻ മിണ്ടാതെയിരുന്നപ്പോൾ നളിനിക്ക് കരച്ചിൽ വന്നു.
രാത്രീലെന്താടാ, കണ്ടത്തിൽ ചാരായ വാറ്റുണ്ടോ. അതോ പേരാവള്ളീടെ തേങ്ങാ മോട്ടിക്കാൻ പോയതോ.
രണ്ടാമത്തെ പൊലീസുകാരൻ ചിരിച്ചു:
അതോ ഇപ്പോ ചെറ്റ പൊക്കാൻ പോകുമ്പോൾ പെണ്ണുമ്പിള്ളയാണോ കൂട്ട്.
പൊലീസ് സ്റ്റേഷന്റെ ഭിത്തി പോലും കളിയാക്കി ചിരിക്കുമ്പോൾ ദാസനെന്താ നിലത്തേക്ക് നോക്കി ഒരക്ഷരം മിണ്ടാതെയിരിക്കുന്നതെന്ന് നളിനിക്ക് ദേഷ്യം വന്നു. അവൾ അയാളോട് കുനുകുനാ പയ്യാരം പറഞ്ഞു. പിന്നെ ഉറക്കെ പൊലീസിനോട് പറഞ്ഞു.
ഒരു ഒറ്റമുറിയുടെ ഉടമസ്ഥർ ആ ഒറ്റ ദിവസം ഒരു മരണത്തെയും മകന്റെ ആദ്യരാത്രിയെയും നേരിട്ട വിധം.
അയാൾ ഒരു നല്ല പൊലീസ് ഓഫീസറായതിനാലും വിശിഷ്ട സേവനത്തിന് സർക്കാരിന്റെ മെഡൽ മേടിച്ചയാളായതിനാലും നളിനി പറഞ്ഞത് മുഴുവൻ ശ്രദ്ധിച്ച് കേട്ടു. പിന്നെ മൃദുവായി പറഞ്ഞു:" തൽക്കാലം രണ്ടിനെയും അകത്തിട്'
ഇത്രയേയുള്ളു. പെട്ടെന്ന് 2 പേർക്കും മുറി റെഡിയായി. സിമന്റിട്ട സ്വപ്ന മുറിയിലെ ഭിത്തിയിൽ ചാരി അഴിക്കപ്പുറത്തെ പൊലീസുകാരെ നോക്കി കിടക്കുമ്പോൾ നളിനിക്ക് ചെറുതായി അഭിമാനം തോന്നിത്തുടങ്ങി . അപ്പോൾ ദാസൻ നളിനിയെ നോക്കിച്ചിരിച്ചു. കാര്യം മനസിലായ നളിനിയും ചിരിച്ചു.
അവർ അയാളോട് പറഞ്ഞു:"ഭാഗ്യമായി.. ഈ രാത്രി ഉറങ്ങാൻ ഒരു മുറിയായല്ലോ!'
"ജീപ്പിൽ കേറുമ്പോഴേ അത് ഞാനോർത്തു'ദാസൻ രഹസ്യമായി പറഞ്ഞു. എന്നിട്ട് ഇരുവരും ആരും കേൾക്കാത്ത വണ്ണം കുലുങ്ങിച്ചിരിച്ചു.
രസമുള്ള ആ മുറിയിൽ വെട്ടമില്ലാരുന്നെങ്കിൽ നളിനിയെ ഒന്നു കെട്ടിപ്പുണരാമായിരുന്നല്ലോയെന്ന് ദാസൻ നിരാശനായി. അഴികൾക്കപ്പുറം രാത്രിയിലെ ചന്ദ്രനെ കാണാൻ പറ്റുമോയെന്ന് തിടുക്കപ്പെട്ട് നോക്കുന്ന നളിനിയുടെ കണ്ണുകളിലേക്ക് നോക്കി ചുംബിക്കാനുള്ള ആഗ്രഹം പറഞ്ഞ് ദാസൻ കാമുകനായി.
അഞ്ച് : ദാസൻ നയിച്ച പ്രകടനം
അപ്പോഴാണ് ട്രാഫിക് പൊലീസ് ലാലസൻ ചുവപ്പും പച്ചയും കൊടിയും, വിളിച്ചു പറയുന്ന മെഗാഫോണുമായി ഡ്യൂട്ടി കഴിഞ്ഞ് വന്ന് കയറിയത്. ആ ദിവസം ഒരു ലോറിച്ചക്രത്തിൽ അരഞ്ഞു പോയ ഒരു യാത്രക്കാരിയുടെ തുറന്നിരുന്ന രക്ത നിറമുള്ള കണ്ണുകൾ അയാളെ വല്ലാതെ പരിക്ഷീണനാക്കിയിരുന്നു.
രണ്ട് കൊടികളും മെഗാഫോണും മേശമേൽ വെച്ച് ലാലസൻ പൊലീസ് കൂജയിൽ നിന്ന് വെള്ളം കുടിച്ച് ആ ദിവസത്തെ റോഡിലെ തെരക്കുകളെ ഉള്ളിൽ നിന്ന് ഒഴുക്കിക്കളഞ്ഞു. അപ്പോഴാണ് അയാൾ ലോക്കപ്പിലെ പ്രതികളെ കണ്ടത്. അയാൾ അത്ഭുതത്തോടെ അവരെ നോക്കി.
കല്യാണ വീട്ടിൽ നിന്ന് സന്ധ്യയോടെ മടങ്ങിയ ഒന്നാങ്കര കോളനിയിലെ ചിലർ ചമ്പക്കുളത്ത് ബസ് കാത്തു നിൽക്കുമ്പോൾ ദാസന്റെ താറാവ് കറിയെപ്പറ്റി പറഞ്ഞത് അയാൾ കേട്ടിരുന്നു. കൂട്ടത്തിൽ മകന്റെ ആദ്യരാത്രിയ്ക്കായി ഒറ്റ മുറി ഒഴിഞ്ഞു കൊടുത്ത് രാത്രി തീർക്കാൻ റോഡിൽ ചെന്ന് നേരം വെളുപ്പിക്കാനിരുന്ന രണ്ടു പേരെപ്പറ്റിയും.
ആ മുറിയിൽ ശവത്തിനു മേലെ പുണരുന്ന പ്രണയത്തിന്റെ ജീവിതനൃത്തത്തെപ്പറ്റി കേട്ടത് അയാളുടെ ആ ദിവസത്തെ ഓരോ നിമിഷത്തെയും അസാധാരണമാം വിധം പ്രകാശമാനമാക്കി .
തൊട്ടു മുന്നിൽ മേശയിൽ കാൽ കയറ്റി വെച്ച എസ്‌ഐയോട് ലാലസൻ പൊലീസ് അക്കാര്യങ്ങൾ പറഞ്ഞു.
തെല്ല് കുശുകുശുപ്പിനും അശ്ലീലച്ചിരിക്കും ശേഷം എസ്‌ഐ മറ്റൊരു പൊലീസിനോട് ആംഗ്യം കാട്ടി.
മുറിക്കുള്ളിൽ ആദ്യമയക്കത്തിന്റെ സ്വപ്നാടനത്തിൽ ദാസനും നളിനിയും രസിച്ചു വരവേ പൊലീസ് വന്നു അഴി തുറന്നു.
"നിങ്ങൾക്ക് പോകാം കേട്ടോ.. '
ഉറക്കത്തിന്റെ ആകാശവായുവിമാനത്തിൽ നിന്ന് പൊട്ടി ഉണർന്ന് ഭൂമിയിലേക്ക് വീണു രണ്ടു പേരും. പെട്ടെന്നാണ് ഒരു ദേഷ്യം നളിനിയിൽ ഇരച്ച് വന്നത്. അവർ ചാടി അഴിക്കരികിൽ വന്നു നിന്നു. നളിനി ഉറക്കെപ്പറഞ്ഞു: "പോകാനോ! ഞങ്ങൾ ഈ രാത്രി എവിടെ പോകാൻ. അയ്യടാ.. നേരം വെളുക്കുന്നത് വരെ ഇവിടെ കിടന്നിട്ട് രാവിലെ പൊയ്‌ക്കോളാം..'
"പോ തള്ളേ സ്ഥലം വിട്..'
പൊലീസ് ചൂടായി. നളിനിയുടെ ദേഷ്യം അനവസരത്തിലാണെന്ന് വിചാരിച്ച് ദാസൻ, അഴികൾക്കപ്പുറെ നിന്നും കൈ കൂപ്പി, ഇപ്പോൾ ഞങ്ങളെ വിടല്ലേ സാറേ, ഈ രാത്രി ഈ മേൽക്കൂരയ്ക്ക് താഴെ ഞങ്ങൾ കിടന്നോട്ടേ എന്നൊക്കെ സങ്കടമായി. പൊലീസ് കൈയിൽ പിടിച്ചപ്പോൾ അഴിക്കമ്പികളെ പിടിച്ച് അകത്തേക്ക് കൈ മുറുക്കി നിന്നു. നളിനി ദാസന്റെ അരക്കെട്ടിൽ കെട്ടിപ്പിടിച്ച് പുറത്തേക്ക് പോകാതിരിക്കാൻ ശക്തിയോടെ നിലത്തിരുന്നു.
പൊക്കോണം.. രണ്ടും ഇപ്പൊ ഇറങ്ങിക്കോണമെന്ന് പൊലീസുകാർ ആഞ്ഞു പുറത്തേക്ക് വലിച്ചു കൊണ്ടിരുന്നു.
രണ്ട് പേരെയും പുറത്തേക്കിറക്കി. പുറത്ത് ജാലകത്തിനപ്പുറം നാലു മണി രാത്രിയുടെ ചന്ദ്രൻ ആകാശത്തുണ്ടായിരുന്നു. അവരെ കൊണ്ടു പോകാൻ പാർട്ടി സെക്രട്ടറി പ്രേം കുമാറും രണ്ട് മൂന്ന് കോളനിക്കാരും വന്നു നിൽപ്പുണ്ടായിരുന്നു.
അവരെ കണ്ടപാടെ പെട്ടെന്നൊരാവേശത്തിൽ ദാസൻ ലാലസൻ പൊലീസിന്റെ മെഗാ ഫോണെടുത്തു. ഒരു പൊതു സമ്മേളനത്തെ അഭിവാദ്യം ചെയ്യാനെന്നവണ്ണം ദാസൻ നിന്നു. എന്നാൽ അയാൾ പൊട്ടിക്കരഞ്ഞു പോയി. ഇടറിയ രണ്ടോ മൂന്നോ വാക്കുകൾ മാത്രമേ മെഗാ ഫോണിലൂടെ പുറത്തുവന്നുള്ളൂ.
"ശ്മശാനങ്ങളാ ഞങ്ങളുടെ ഭൂമി അറിയാമോ! ' അത്ര മാത്രം.
മുന്നിൽ കാലവും ദേശവും അതിർത്തികളുമില്ലാതെ പരിചിതരും അപരിചിതരുമായ ഒരു കൂട്ടം മനുഷ്യർ തന്നെ കേൾക്കാൻ നിൽക്കുന്നതായി ദാസന് തോന്നി. നിയന്ത്രിക്കാനാവാത്ത ആ കരച്ചിലിൽ അയാൾക്ക് ശ്വാസം മുട്ടി. നളിനിയുടെയും പ്രേം കുമാറിന്റെയും പൊലീസുകാരുടെയും മുന്നിൽ മരിക്കാൻ പോകുന്ന ഹൃദയം പൊട്ടലിന്റെ തുഞ്ചത്തെത്തിയ ആ ശ്വാസം മുട്ടലിൽ നിന്ന് ഒരു ചുമ ദാസനെ രക്ഷപ്പെടുത്തി.
ഒന്ന് ശ്വാസം അയാൾ ആഞ്ഞ് വലിച്ചു.
"നമുക്ക് പോകാം'
ഒരു മാത്ര കണ്ണു തുടച്ച് അയാൾ പറഞ്ഞു.