ആണുടൽപ്പോര്

രൺജു

ണ്ടുപണ്ട് കെങ്കേമനായൊരു കോഴ്യൻസാരി ഉണ്ടായിരുന്നു എന്നാണ് നാട്ടിലെ അമ്മാമ്മമാര് കഥ പറഞ്ഞു തുടങ്ങാറ് പതിവ്. അയാളെ പേടിച്ച് ആണുങ്ങൾക്കാർക്കും വഴിനടക്കാൻ വയ്യ. പെണ്ണുങ്ങൾക്ക് പുരയ്ക്ക് വെളിയിലിറങ്ങാൻ പേടി. ആ പേര് ഇപ്പോൾ കേട്ടാലും ചിലരൊക്കെ നിന്നനിൽപ്പിൽ കളസത്തിൽ പെടുക്കും എന്നാണ് നാട്ടിലെ പറച്ചിൽ.

“ദാ ഈ ഉരുള മുഴോൻ കഴിക്ക്, ഇല്ലെങ്കി കോഴ്യൻസാരി വരും’’ എന്ന് അമ്മമാര് പറയുന്നതു കേട്ടാൽ മതി, ഉരുള മുഴുവൻ വായിൽ കുത്തിക്കേറ്റി, ചവയ്ക്കാതെ പേടിച്ചു വിഴുങ്ങി ഒരുവിധം കഴിച്ചെന്നു വരുത്തും പിള്ളേര്. ഇരുട്ടത്ത് മൂത്രമൊഴിക്കാൻ ചെന്നുനിൽക്കുമ്പോൾ ചുറ്റിലും പേടിയോടെ നോക്കും. തിളങ്ങുന്ന മരപ്പട്ടിക്കണ്ണുകളുമായി കോഴ്യൻസാരിയെങ്ങാനും കോഴിക്കൂടിനടുത്ത് പതുങ്ങിനിൽപ്പുണ്ടോ?

എന്നാൽ പൊടി സുകുവിനുമാത്രം കൂസലൊന്നുമില്ലായിരുന്നു. കോഴ്യൻസാരിയായിരുന്നു അവന്റെ ഹീറോ. അയാളെപ്പറ്റി നാട്ടിൽ പ്രചാരത്തിലിരുന്ന വീരസാഹസിക കഥകൾ കേൾക്കാതെ ചെക്കൻ ഉറങ്ങില്ലെന്ന മട്ടായി. “ൻറീശോയേ ഇവനേം കോഴി കൂടോത്രം ചെയ്തു വീഴ്ത്ത്യോ?” എന്ന് തള്ളാര് അടക്കം പറഞ്ഞു.

പൊടിയുടെ താഴെയൊരു പെങ്കൊച്ച് തങ്കത്തിന്റെ വയറ്റിലുള്ള കാലത്താണ് തെങ്ങിൻചുവട്ടിൽ നിന്ന അവന്റപ്പൻ വാസുവേട്ടൻ നിന്നനിൽപ്പിൽ കുഴഞ്ഞുവീണു മരിക്കുന്നത്. കോഴ്യൻസാരി കൂടോത്രം ചെയ്തതാണെന്ന് നാട്ടിൽ സംസാരമുണ്ടായി. അതിനൊരു കാരണമുണ്ട്. പൊടി ജനിച്ചതുമുതൽ കേൾക്കാൻ തുടങ്ങിയ നാട്ടുകഥയാണത്.

മഹാഅഭ്യാസിയായിരുന്നു കോഴ്യൻസാരി.
മെയ്യഭ്യാസത്തിലും അടിതടയിലും അയാളെ വെല്ലാൻ നാട്ടിൽ വേറെയാരുമില്ലായിരുന്നു. അയാളുടെ വീരകൃത്യങ്ങളെ കുറിച്ച് ഉള്ളതിലേറെ ഇല്ലാക്കഥകളും പ്രചരിച്ചു. അതിലൊക്കെ കളരിയഭ്യാസിയും കോഴിക്കള്ളനും പെണ്ണുപിടിയനും കള്ളുകുടിയനും ഗുണ്ടയും ഭീകരവാദിയും അധോലോകനായകനും, എന്തിനേറെ കവലയിലെ നാടൻ മാജിക്കുകാരൻ തൊട്ട് കടൽക്കൊള്ളക്കാരന്റെ മായികവേഷം വരെ കോഴ്യൻസാരി എടുത്തണിഞ്ഞു. പറയുന്ന ആളിന്റെ യുക്തിക്കും മനോധർമത്തിനും അനുസരിച്ച് പല ഭാവത്തിൽ, നിറങ്ങളിൽ അയാൾ നിറഞ്ഞാടി.

ഒരിക്കൽ പൊടി സുകുവിൻറച്ഛൻ വാസുവേട്ടൻ കോഴ്യൻസാരിയുമായൊന്ന് കൊരുത്തു. ഷാപ്പിൽ അന്തിക്കളള് കൊടുത്തശേഷം, നാരായണമംഗലം ചന്തയ്ക്ക് മുന്നിൽ സൈക്കിളിൽ വന്നിറങ്ങിയപ്പോൾ അൻസാരിയുടെ അങ്കക്കോഴി മുദ്ര വെച്ച അംബാസഡർ കാറിൽ വാസുവിന്റെ മുളയൊന്നുരഞ്ഞു. അതു ചോദിക്കാൻ ചെന്ന ഡ്രൈവർ സലാമിനെ വാസുവേട്ടൻ ഇടംവലം വെട്ടി നിലത്തിട്ടു ചവിട്ടി.

അന്നത്തെ സന്ധ്യക്ക് വല്ലാത്തൊരു ആൺചന്തമുണ്ടായിരുന്നു. അതിൽ ചുവന്നു തുടുത്ത് ചന്തയിലൊരു കൂട്ടത്തല്ല് നടന്നു. ചെത്തുകുടത്തിൽ നിന്നും വാക്കത്തിയെടുത്ത് വീശിയ വാസുവേട്ടന്റെ നെഞ്ചിലേക്ക്, തെക്കൻ ശൈലിയിൽ ചുവട്ടടിവെച്ച് നിന്നനിൽപ്പിൽ നാലുവശം വട്ടംകറങ്ങി തിരിഞ്ഞടിച്ചടുത്തു അൻസാരി.

“ഗ്വാ, ഗ്വാ,” വിളിച്ചലറിക്കൊണ്ടൊരു കറക്കം. കരണത്തൊരടി. കഴുത്തിനിട്ടൊരു വെട്ട്. പള്ളയ്ക്കിട്ടൊരു കുത്ത്. ചാടി നെഞ്ചത്തിട്ടൊരു ചവിട്ട്. നെഞ്ചോട് ചേർത്തുപിടിച്ച കൈയ്യിന്റെ ദ്രുതചലനത്തിനൊപ്പം വലംകൈ കൊണ്ട് കണ്ണിലൊരു കുത്ത്. കണ്ണിൽ നിന്നും ചോര തെറിച്ച് വെട്ടിയിട്ട ചെന്തെങ്ങിൻകുല പോലെ വാസുവേട്ടൻ നിലത്തുവീണു. മലമൂത്രം വിസർജ്ജിച്ച്, വായിൽ നിന്നും പത വന്ന്, ചോരതുപ്പി നടുറോഡിലങ്ങനെ ഇരുട്ടുംവരെ കിടന്നു.

മനുഷ്യവിസർജ്ജ്യങ്ങളുടെ മണംമാറാത്ത സർക്കാർ ആശുപത്രി വാർഡിൽ മലവും മൂത്രവും പോകാതെ ആഴ്ചകളോളം മേൽപ്പോട്ട് നോക്കിക്കിടന്ന വാസുവേട്ടന്റെ ചെലവ് മുഴുവൻ നോക്കിയത് അൻസാരിയാണ്. അതിൻറെ നന്ദി തങ്കത്തിനെന്നുമുണ്ട്.

എന്നാൽ അഭിമാനിയായ വാസുവേട്ടനത് ദഹിച്ചില്ല. എഴുന്നേറ്റ് നടക്കാറായപ്പോൾ, ചെത്താൻ കയറുന്ന തെങ്ങിന്റെ ചുവട്ടിൽ മനോദുഃഖത്തിലാണ്ട് മാനം നോക്കിനിൽക്കെ, മുഖംകോടി കുഴഞ്ഞു നിലത്തുവീണ് അയാൾ ഹൃദയംപൊട്ടി മരിച്ചു. അതിനുശേഷമാണ് മലപ്പുറത്തൊരു ഇല്ലം വാങ്ങി കോഴ്യൻസാരി നാടുവിട്ട് പോയതത്രേ.

വാസുവേട്ടൻ മരിയ്ക്കുമ്പോൾ പൊടി സുകു ചെറിയ കുട്ടിയാണ്. ദേശമഹിമയും ആണത്തഹുങ്കും പ്രതികാരദാഹവുമൊക്കെ അവന്റെ മനസ്സിൽ കൂടുകൂട്ടി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വലുതായപ്പോൾ ആരോ എരികേറ്റി പറഞ്ഞുകൊടുത്ത ഇക്കഥയൊക്കെ കേട്ട്, എന്നും രാത്രി കിടക്കയിൽ നിന്നും ചാടിയെണീറ്റ് പൊടി അലറി: “ഈ കയ്യോണ്ട് ഞാനാ കോഴീനെ കൊല്ലുംണ്ട്റാ”.

ഉച്ചയുറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന്, ഉറക്കപ്പിച്ച് മാറാതെ ബൈക്കുമെടുത്ത് കോക്കാച്ചിപ്പറമ്പിനടുത്തായി പാടത്തിന്റെ വക്കത്തുള്ള ഇടി ജോയിയുടെ പുരയിലേക്ക് പാഞ്ഞുപോകുന്ന പോക്കിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ പൊടിയൊരു സന്ദേശമിട്ടു: “ടാ ആ പന്നി ഇന്നും സ്വപ്നത്തിൽ വന്നെടാ...”

വാട്സ്ആപ്പിൽ മറുപടികൾ നിറഞ്ഞു. അതിന്റെ കിലുക്കത്തിൽ പൊടിയുടെ മടിത്തട്ട് കിലുങ്ങി.

കോക്കാച്ചിപ്പറമ്പിലാണ് മനുഷ്യർ മറ്റു മനുഷ്യരെ കൊന്നുതള്ളിയിരുന്നത്. ജീവിച്ചുകൊതിതീരാത്ത മനുഷ്യർ അവിടെ തലയറ്റ ശരീരങ്ങളായി ചീഞ്ഞളിഞ്ഞ് കിടന്നു. മനുഷ്യമാംസത്തിൻറെ രുചിയറിഞ്ഞ കുറുക്കന്മാരും നായ്ക്കളും, ഇടയ്ക്കൊക്കെ വിശന്നലഞ്ഞ് ചില മനുഷ്യരും കോക്കാച്ചിപ്പറമ്പിലേക്ക് പമ്മിപ്പമ്മി ചെന്നു. കാണാതായ മനുഷ്യരെ തേടി പോലീസുവണ്ടികളും അവിടേയ്ക്ക് പാഞ്ഞുവന്നു. അറ്റുവീണ ശരീരഭാഗങ്ങളുമായി അവ തലങ്ങുംവിലങ്ങും ചീറിപ്പാഞ്ഞു. അതിനിടയിൽ കിടന്നാണ് ഇടി ജോയി വളർന്നുവലുതായത്.

അവന്റപ്പൻ ചെകുത്താൻ ജോസ് ഒരു കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നു. അപ്പന് പറഞ്ഞു തെറിവിളിച്ച എസ്.ഐ. മിന്നൽ ബാബുവിനെ വീട്ടിൽ കയറി തലയിലൂടെ മുണ്ടിട്ട് ഇടിച്ചു പതംവരുത്തിയതോടെയാണ് ജോയിക്ക് ഇടിയെന്ന വിളിപ്പേര് വീണത്. ഇടിയില്ലാതെ പിന്നെ ജോയി ഇല്ലെന്നായി.

പൊടി ചെന്നിറങ്ങുമ്പോൾ ഊത്തുളിയുമായി പാടത്തിറങ്ങി മീൻ പിടിയ്ക്കുന്ന ചൊക്ലി കണ്ണനേയും പോർക്ക് ആഷിലിയേയും നോക്കി ഇടി ജോയി തിണ്ണയിലിരിപ്പുണ്ട്. പൊടിയെ കണ്ടതും അവൻ ചാടിയിറങ്ങി.

അവരുടെ സംഘത്തിലെ ഏറ്റവും ഇളയ അംഗമാണ് പൊടി. തല്ലാനും കൊല്ലാനുമൊക്കെ ഒപ്പം കൂടിയിട്ട് അധികം നാളായില്ല. ആവേശമൊക്കെയുണ്ട്. എന്നാലും അതിന്റെയൊരു ചന്തിച്ചുവപ്പ് ഇനിയും മാറിയിട്ടില്ല.

ബൈക്ക് സ്റ്റാൻഡിൽ വച്ച് തിണ്ണയുടെ ഓരം ചാരി പൊടി നിന്നു. മുണ്ട് വളച്ചുകുത്തി ഇടി ചോദിച്ചു: "ടാ പൊട്യേയ് നെനക്ക് എലീനെ കൊല്ലാനറിയോടാ?"

"എലിയോ?"

"ആണ്ട്റാ എലി… കൂത്തിച്ചി പെണ്ണുങ്ങടെ മണം പിടിച്ചെത്തണ കെഴങ്ങന്മാരെപ്പോലെയാണ്ട്റാ എല്യോള്..."

മാറിക്കിടന്ന ലുങ്കി നേരെയാക്കി, രോമം നിറഞ്ഞ തുട മറച്ച്, വലംകൈ കൊണ്ടാ തുടയിലടിച്ചു താളമിട്ട്, അതിന്റെ ആവേശത്തിലൊന്ന് തുട മാന്തിപ്പറിച്ച് ഇടി വിറച്ചുകൊണ്ടിരുന്നു.

"എലിയെ കെണിവച്ചു പിടിക്കണ ഞൊടുക്ക് വേലയല്ലിസ്റ്റാ... തലയ്ക്കാ അടിച്ചു കൊല്ലണം പറ്റ്വോ?"

ഒരു നിമിഷം ശങ്കിച്ചു നിന്നിട്ട്, പറ്റില്ലെന്ന മട്ടിൽ പൊടി തലയാട്ടി. ഇടിയുടെ കണ്ണുകൾ തിളങ്ങി. ഒരു പടനായകന്റെ ശൗര്യത്തോടെ, നിലത്തു കുന്തിച്ചിരുന്ന് കരിങ്കല്ലെടുത്ത് അവൻ മണ്ണിൽ വരയ്ക്കാൻ തുടങ്ങി.

"ദാ ഇതാണ് എലി വർണവഴി. ദിങ്ങനെ ദിങ്ങനെ അത് മണ്ടിമണ്ടി അരികേക്കൂടി പോവും. നമ്മള് ഒന്നും മിണ്ടാണ്ടെ പിന്നാലെ പോണം. അത് അയിന് അറിയണ വഴീക്കൂടൊക്കെ പോയി മുട്ടിത്തിരിഞ്ഞ് വന്നിടത്തേക്കന്നെ മടങ്ങ്യെത്തും. നമുക്കിപ്പൊ അയിന്റെ വഴി മനസ്സിലായി. അയിലൂടെ അല്ലാണ്ടെ അങ്ങട്ടോ ഇങ്ങട്ടോ അത് മാറി ഓടില്ല. അപ്പൊ സ്കെച്ചിട്ടോ. പിന്നൊരു കാര്യംണ്ട്..."

എന്താ എന്ന ഭാവത്തിൽ പൊടി നോക്കി. ഉള്ളിലൊരു വേദനയോ കുറ്റബോധമോ ഉറവ പൊട്ടിയതു പോലെ തലകുനിച്ച് ഇടി എഴുന്നേറ്റു.

"ആദ്യത്തിന് കയ്യാ വെറയ്ക്കും. പക്ഷേങ്കി പിന്മാറരുത്ട്ടാ. തലയ്ക്കങ്ങട്ണ്ടല്ലാ ആഞ്ഞാ അടിക്കണം. നിർത്താണ്ട്, പെരുന്നാളിന് ബാൻറടിക്കണ താളത്തീ ആഞ്ഞാഞ്ഞങ്ങട് പെടയ്ക്കണം. അടി കൊണ്ട എലി ഓടും... പിന്നാലെ ഓടീട്ട് അടിയോടടി... ചാവണ വരെ... ഒരെണ്ണത്ത്യങ്ങ്ട് തട്ട്യാല് പിന്നങ്ങ്ട് ശീലായിക്കോളൂട്രാ..."

ആത്മകഥനത്തിലെന്നോണം വേപഥു പൂണ്ട്, കർത്താവിനെപ്പോലെ കൈകൾ ഇരുവശത്തേക്കും നീട്ടി ആറ്റിനരികിലേക്ക് ഇടി നടന്നു. സൂര്യത്തിളക്കം തലയിൽ ചൂടിക്കൊണ്ട് ഇടി ആറ്റിൽ മുങ്ങിനിവരുന്നതും ഒഴുക്കിലങ്ങനെ പൊങ്ങിക്കിടക്കുന്നതും നോക്കി പൊടി ഇരുന്നു.

പകയുടെ നേർത്ത പടലം പൊടിഞ്ഞ് പൊടിയുടെ സിരകളിലൂടെ കുത്തിയൊലിച്ചുവന്നു. എലിയെ തച്ചുകൊല്ലുന്നതോർത്ത് കൈവിറച്ചു, കരളു പിടഞ്ഞു. മരണത്തിന്റെ കുത്തിത്തുളയ്ക്കുന്ന മണം അവിടെമാകെ പരക്കുന്നതായി ഉള്ളിലൊരു ആന്തലുണ്ടായി.

ആറ്റിലെ നീരൊഴുക്കിനെ കണ്ണിലേക്കാവാഹിച്ച്, ഹിമാലയസാനുക്കളിലെങ്ങെല്ലാമോ കറങ്ങിത്തിരിഞ്ഞ് മടങ്ങിയെത്തിയ തത്വജ്ഞ്യാനിയെന്നോണം സ്വയംവെളിപ്പെട്ട് സ്ഫുടമായ ഭാഷയിൽ ഇടി പറയാൻ തുടങ്ങി: "ഒരാളെ കൊല്ലുന്നതിനു തക്കതായ കാരണം വേണം. വ്യക്തവും തിക്തവുമായ കാരണം കൂടാതെ ഒരാളെ കൊല്ലുന്നത് പാപമാണ്."

ശരിയെന്ന മട്ടിൽ പൊടി തലകുലുക്കി. ആറ്റിലെ നേർത്ത ഒഴുക്കിനെ ഭേദിച്ചുകൊണ്ട് പടിഞ്ഞാറോട്ട് നോക്കി നിൽക്കുകയാണ് ഇടി. കോക്കാച്ചിപ്പറമ്പിന്റെ അരികിലെങ്ങുനിന്നോ അഴുകിയ ഒരു ശവശരീരം പതിയെ ഒഴുകിവന്ന് അവന്റെ പുറകിൽതട്ടി വട്ടംകറങ്ങി നിന്നു.

ശവത്തിന്റെ കണ്ണെല്ലാം മീൻ കൊത്തിപ്പറിച്ച്, ചീഞ്ഞളിഞ്ഞ് ബീഭത്സം. ആണോ പെണ്ണോ എന്നു തിരിച്ചറിയാത്ത വിധം ദുർഗന്ധം വമിപ്പിക്കുന്ന നഗ്നസൗന്ദര്യം. ഇടിഞ്ഞുതാണ അതിന്റെ അരഭാഗം ഇടിയുടെ തുടകളിൽ തട്ടി വട്ടംകറങ്ങി അളിഞ്ഞുപൊടിഞ്ഞ് പരന്നൊഴുകി.

ഞെട്ടിത്തരിച്ച് അലറിവിളിച്ച് കാർക്കിച്ചുതുപ്പിയും മൂക്ക് പൊത്തിയും അവൻ കരയിലേക്ക് ഓടിക്കയറി പട്ടിയെപ്പോലെ കുറേനേരം കിതച്ചു. രാത്രി ഉമ്മറത്തിരുന്ന് റമ്മില് കോളയൊഴിച്ച് നിൽപ്പനടിച്ച്, പോത്തു വരട്ടിയതു ചവച്ചുനക്കി ബോധംപോയി വീണിട്ടും ഇടിയുടെ മനസ്സിൽ ആ ശവം ഓർമ്മയായി അവശേഷിച്ചു. ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞ് അവൻ പൊടിയെ കുത്തിയെഴുന്നേൽപ്പിച്ചു. കോക്കാച്ചിപ്പറമ്പിൽ നിന്നുള്ള ഏതോ പ്രേതം ആവേശിച്ചതു പോലെ, ദൂരെ ശവം ഒഴുകിപ്പോയി തീർത്ത ഓളങ്ങളിലേക്ക് ഭീതിയോടെ കണ്ണെറിഞ്ഞ് ആരോടെന്നില്ലാതെ പ്രാകി: "മ്മ്ക്കാ കോഴ്യൻസാരീനെ തട്ട്യാലോ?”

അതുകേട്ട് പൊടിയുടെ അടിവയറ്റിൽ നിന്നും അതുവരെ അറിയാത്ത ഏതോ പേടിയുടെ കുമിള പൊന്തിവന്ന് നെഞ്ചിലിടിച്ച് പൊട്ടിച്ചിതറി. പകയുടെ പതപടലം പറ്റിപ്പടർന്ന് മനസ്സിനെയാകെ മൂടി.

കോഴ്യൻസാരിയെ വധിക്കാനായി മലയോരനാട്ടിലെ പണച്ചാക്കായ മാത്തച്ചൻ മുതലാളിയാണ് അവർക്ക് ക്വട്ടേഷൻ കൊടുത്തത്. ചന്ത ഗ്യാംഗ് എന്ന അവരുടെ ഗുണ്ടാസംഘത്തിന്റെ ഖ്യാതി തൃശ്ശൂരും കടന്ന് മലകേറിച്ചെന്നെത്തിയിരുന്നു. തേടിയ വള്ളി കാലിൽ ചുറ്റിയ പോലായി പൊടിക്ക്. ഇടിയും അവനെ നോക്കിയൊന്ന് കണ്ണിറുക്കി ആസാക്കുന്ന ചിരി ചിരിച്ചു.

അൻസാരിയെ ലക്ഷ്യമാക്കി മലപ്പുറത്തേക്ക് തിരിക്കുമ്പോൾ, വഴികാണിക്കാനുള്ളയാൾ യാത്രയ്ക്കിടയിൽ ഒപ്പം ചേരുമെന്ന് നിർദ്ദേശമുണ്ടായിരുന്നു. കുന്നംകുളം കഴിഞ്ഞപ്പോൾ മാടനിറങ്ങുന്നൊരു മുടുക്കിൽ ഒടിയനെപ്പോലെ പതുങ്ങിയിരുന്ന അയാൾ ഇടംവലം ചാടി വണ്ടി നിർത്തിച്ച് ഒപ്പം കൂടി. നാരായണൻ എന്നാണ് പേര് പറഞ്ഞത്. ആകപ്പാടെ ഒരു വശപ്പിശക് തോന്നിയെങ്കിലും അവരെ അയാൾ കഥ പറഞ്ഞ് കയ്യിലെടുത്തു.

“ങ്ങക്ക് അൻസാരി ആരാന്നറിയോ?” അയാൾ അവരോട് ചോദിച്ചു.

“ആരായാലെന്തൂട്ടിസ്റ്റാ... മ്മ്ള് പണ്യാ തീർക്കും”

പൊടി അതു പറഞ്ഞപ്പോൾ, ഇടി തടഞ്ഞു.

“അല്ലാ ങ്ങ്ക്ക് അറിയ്വോ നാർണേട്ടാ?”

ഇടിയെ നോക്കി ഉവ്വെന്ന മട്ടിൽ അയാൾ തലകുലുക്കി. മടിയിൽ നിന്നുമൊരു വാറ്റിന്റെ കുപ്പി വലിച്ചെടുത്ത്, അതിന്റെ മൂട്ടില് കൈമുട്ടുകൊണ്ടൊരു മുട്ടുകൊടുത്ത്, വായ്ക്കുള്ളിലേക്കൊരു കവിൾ കമിഴ്ത്തീട്ട് മനസാ ധ്യാനിച്ച്, ഒരങ്കച്ചേകവന്റെ ചേലോടെ നെഞ്ചും വിരിച്ചിരുന്നു. ഏതോ പുരാണകഥ ഉരുക്കഴിക്കുന്ന ഉദ്വേഗത്തോടെ നാരായണേട്ടൻ മെല്ലെ പറഞ്ഞു തുടങ്ങി.

“ശ്രീനാരായണഗുരു സ്വാമികളേം സഹോദരൻ അയ്യപ്പനേം മാനിച്ചിരുന്ന കൃഷ്ണൻ സാറിന്റെ മോനായിട്ട് ലറ്റ്യൻസ് ദില്ലീലെ സിവിൽ സർവീസ് ഓഫീസരോർക്കുള്ള ബംഗ്ലാവിലാന്ന് അൻസാരി ജനിച്ചത്. സ്വാതന്ത്ര്യം കിട്ടീട്ടേള്ളൂ. നാടൊരു റിപ്പബ്ലിക്കായതും ഠിംന്നാ പറഞ്ഞ് അൻസാരി പിറന്നുവീണു...”

“അല്ല നാർണേട്ടാ, ഈ കോഴി ആളപ്പോ മേത്തനല്ലേ?” ചൊക്ലി കണ്ണൻ ഇടയ്ക്കു കയറി ചോദിച്ചു. അവൻറച്ഛൻ കുമാരേട്ടൻ വൈഷ്ണവദേവീ ദർശനത്തിനായി പോയിട്ട് പിന്നെ തിരികെ വന്നിട്ടില്ല.

“ഉത്തരേന്ത്യയിലെ കീഴാള മുസ്ലിമുകൾക്കെടേലെ സമുദായചർച്ചോളിലെ സ്ഥിരം സാന്നിദ്ധ്യായിരുന്ന് കൃഷ്ണൻ സാറ്. അയിന്റെ സ്വാധീനത്തിലാന്ന് അൻസാരി എന്ന പേര് സ്വന്തം മോനിട്ടത്.”

“എന്തൂട്ട് തേങ്ങക്ക്? അത് മേത്തന്മാർടെ പേരല്ലേ?”നാണംകെട്ടൊരു കോട്ടുവായിട്ടു കൊണ്ട് പോർക്ക് ആഷിലി ചോദ്യം ആവർത്തിച്ചു. അങ്കമാലി ചന്തയിലേക്ക് പോർക്ക് കയറ്റി അയക്കലാണ് അവന്റപ്പന് പണി. അപ്പന്റൊപ്പം കൂടി പോർക്ക് കച്ചവടം ചെയ്യാൻ നിൽക്കാതെ സ്വർണ്ണക്കടത്തുമായി നടക്കുന്ന ആഷിലി, ചന്ത ഗ്യാംഗിലെ മുഖ്യ തല്ലുകൊള്ളിയാണ്.

“അതിന്റെ രാഷ്ട്രീയൊക്കെ ഓരുക്ക് അറിയാർന്നു... സുന്ദരനും സുമുഖനും സുഖിയനുമായി വളർന്നുവലുതായ അൻസാരി വിപ്ലവകാരിയായി നാടാകെ അലഞ്ഞുതിരിഞ്ഞു. ഒരിക്കല് ലക്‌നൗവിലെ വാസവും കറക്കവും കഴിഞ്ഞ് തിരിച്ചെത്തിയ അൻസാരീലൊരു പ്രണയം ഒളിഞ്ഞിരുന്ന്. ലക്‌നൗ ഖരാനയിലെ ഗസൽ ശായരിയിൽ ലയിച്ചു വിലസിതനായ അൻസാരീടെ മനംകവർന്നതൊര് നർത്തകിയാ. ഹസീനാബീവി. നവാബുമാർക്ക് ആനന്ദം പകരാനെക്കൊണ്ട് പരമ്പരാഗതമായി പാട്ടും കഥക് നൃത്തവും സ്വന്തം ജീവിതമാക്കി മാറ്റിയ ഓൾടെ സൗന്ദര്യത്തില് മയങ്ങി അൻസാരി ദില്ലീന്ന് ലക്‌നൗവിലേക്കുള്ള യാത്ര സ്ഥിരാക്കി...”

“എൻറീശോയേ കോഴിക്കും പ്രേമോ?” പോർക്കും ചൊക്ലിയും പരസ്പരം ഇക്കിളികൂട്ടി അടക്കിച്ചിരിച്ചു.

ഏതോ കമ്യൂണിസ്റ്റ് നാടോടിക്കഥയിലെന്നോണം പിരാന്ത് പിടിച്ച് വിപ്ലവകാരിയായി അലഞ്ഞുതിരിഞ്ഞുനടന്ന അൻസാരി അവർക്കു മുന്നിൽ ചെറുപ്പക്കാരനും വിരഹാതുരനുമായ കാമുകനായി. കഞ്ചാവ് പുകച്ചുതള്ളി, ഗസൽ മൂളി അയാൾ ലക്നൌവിലേക്കും തിരിച്ച് ദില്ലിയിലേക്കും ഉള്ളുരുകി യാത്ര ചെയ്തു. ബീവിയുടെ ചൂരും ചൂടും ലോക്കൽ കംപാർട്ട്മെൻറിലെ ഉച്ചച്ചൂടായി അയാളിൽ വിയർത്തൊട്ടിക്കിടന്നു.

“അത് അധികനാൾ നീണ്ടില്ല...,” നാരായണേട്ടൻ തുടർന്നു. “അടിയന്തരാവസ്ഥ പ്രഖ്യാപിക്കണേന് മുമ്പൊരു സായാഹ്നത്തില് പഠാണികളെന്നു തോന്നിക്കണ ആജാനുബാഹുക്കളായ മൂന്നുപേര് കൃഷ്ണൻ സാറിനെ അന്വേഷിച്ച് വീട്ടിക്ക് വന്നു. അടച്ചിട്ട മുറീല് അവർ ഉറക്കെ ശബ്ദിക്കേം കലഹിക്കേം ചെയ്തു. അതിനുശേഷം മുറിവിട്ടു പുറത്തുവന്ന കൃഷ്ണൻ സാറില് വല്ലാത്തൊരു മ്ലാനത കണ്ട്...”

“എന്നിട്ട്?”

“അൻസാരിയല്ലേ ആള്, ദില്ലീലെ പഠിത്തെല്ലാം അവസാനിപ്പിച്ച് നാട്ടിൽക്ക് കെട്ടുകെട്ടിക്കാൻ തീരുമാനിച്ചപ്പോ അച്ഛനോട് വഴക്കിട്ട് ലക്‌നൗവിലേക്കുള്ള പാസഞ്ചറിൽ ചാടിക്കയറി ഓന്റെ പെണ്ണിൻറടുത്തേക്ക് ഓടിപ്പോയി. പിന്നെ വഴീക്കെടെന്നാ കിട്ടീത്. പാഞ്ഞുപോയ ഏതോ വാനീന്ന് പുറത്തേക്കെറിയപ്പെട്ട്, ദേഹമാസകലം മുറിവോടെ ചോരവാർന്ന് മരിക്കാറായ നിലയിലായിരുന്ന്... കഥക് കളിക്കണ പെണ്ണുങ്ങള് ധരിക്കണ പോലത്തെ നീണ്ട കമ്മീസ് നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന്. അതില് ചോര പുരണ്ടിരുന്നേന്...”

“മാതാവേ, സിനിമാക്കഥ പോലേണ്ടല്ലാ... എന്നിട്ടാൾക്ക് എന്തൂട്ടാ പറ്റ്യേ?” ഇടിയുടെ ചങ്കിടിച്ചു.

“നാട്ടില് കൊണ്ടോന്ന് കളരീലെ ഉഴിച്ചിലും പിഴിച്ചിലും മെയ്യഭ്യാസവും കൊണ്ടാ ഓൻ ഓജസ്സ് വീണ്ടെടുത്തേ. ദില്ലീല് പയറ്റിത്തോറ്റത് നാട്ടിലും പിന്നെ മലബാറിലിയ്ക്കും പടർത്തി ഓനൊരു പ്രമാണിയായി. ഓന്റെ കാറിന്റെ ബോണറ്റില് ആടിനിൽക്കണ അങ്കക്കോഴീനെ കണ്ടിട്ട്ണ്ടാ? അങ്ങനാ ഓന് കോഴീന്ന് പേരു വീണേ”.

“കോഴീന്റെ മോൻ... എന്നിട്ട്ണ് ആ ശവിയെൻറച്ഛനെ കൊന്നേ?”

പൊടി ചാടിയെണീറ്റു. അവന്റെ വായിൽ നിന്നും ഛർദ്ദിൽ പുറത്തേയ്ക്ക് ചീറ്റി. ഇടിയും ചൊക്ലിയും അവനെ താങ്ങി. അതൊന്നും വകവെക്കാതെ നാരായണൻ തുടർന്നുകൊണ്ടിരുന്നു.

“നിങ്ങക്ക് ക്വട്ടേഷൻ തന്ന മാത്തച്ചനും ഈ അൻസാരീം തമ്മില് കുടിപ്പകേണ്ടാവാൻ കാരണം ഓന്റെ പെണ്ണാ. ഹസീനാബീവി. പഴയ കാമുകീന്റെ പേരാ ഓൻ സ്വന്തം മോൾക്കിട്ടത്. അത്രക്ക് ജീവനായിരുന്ന്. എന്നാല്, ഓന്റെ ശത്രുവായാ ഓള് വളർന്നു വലുതായേ. സ്നേഹം കിട്ടാതെയാ ഓൾടെ അമ്മ മരിച്ചേ. അതിനു മുന്നേ അൻസാരി പിന്നേം കെട്ടിയിരുന്ന്. അതിലൊരു മോനുണ്ട്. ചെറുതിലേ ശരീരം തളർന്ന് കിടപ്പിലാ. അമ്മ മരിയ്ക്കാൻ കാരണം അൻസാര്യാന്നാ ഓള് കരുതണത്. അതാ ഇത്ര പക. അൻസാരീനെ ഇല്ലാണ്ടാക്കാനാ ഓള് മാത്തച്ചൻ വഴി ഇങ്ങളെ കണ്ടെത്തീത്. സൂക്ഷിച്ചോ. തന്ത്രമന്ത്രാദി, ഒടിവിദ്യകളുടെ ആശാനാ അൻസാരി. സാദാ ഗുണ്ടോൾക്ക് പിടിതരൂല്ലാ...,” നാരായണൻ ഓർമ്മിപ്പിച്ചു.

അൻസാരിയുടെ കളരിപ്പുരയിലേക്കുള്ള തിരിവിനടുത്ത് വഴിവക്കിൽ പൂത്തുനിന്ന ഇലഞ്ഞിക്കരികിലിറങ്ങി യാത്രപറഞ്ഞു പോകുംമുമ്പ് നാരായണൻ തന്റെ അവതാരോദ്ദേശ്യം വ്യക്തമാക്കി: “അൻസാരി രാത്രിസേവക്കിറങ്ങുന്ന നേരംനോക്കി രേവമ്മേടടുത്ത് നിന്നോ. കഠാരയിൽ കോർത്ത് കാട്ടുപന്നിയെപ്പൊലെ മുസിരിസിലേക്ക് കൊണ്ടോവാം....”

ഒരു കഷണം ചെറുനാരങ്ങ കൈകൊണ്ട് ഞരടിപ്പൊളിച്ച്, മനസ്സിലെന്തോ മന്ത്രിച്ച് അയാൾ പൊടിയെ മണപ്പിച്ചു. നെറ്റിയിൽ തലോടി. ഒന്നു മയങ്ങിയെണീറ്റ പൊടി പിന്നെയൊട്ടും ഛർദ്ദിച്ചില്ല.

രേവമ്മയുടെ മശപ്പുരയിൽ അവർ ഒളിച്ചുപാർത്തു. വയറു നിറയെ നെയ്ച്ചോറും കോഴി വറുത്തതും പുഴുങ്ങിയ താറാവ് മുട്ടയും കശുമാങ്ങ വാറ്റിയെടുത്ത ചാരായവും നൽകി രേവമ്മ അവരെയൂട്ടി.

രാവിലെ ഒരാൾ വേഷംമാറി അൻസാരിയുടെ പടിപ്പുരയിൽ മുട്ടിവിളിച്ചു. മറ്റൊരാൾ ചുറ്റുപാടെല്ലാം നോക്കിപ്പഠിച്ചു. മൂന്നാമൻ കരുനീക്കം ചിന്തിച്ചുറപ്പിച്ചു. നാലാമൻ അതിനൊരു വഴിരേഖയുണ്ടാക്കി.

കളരിയഭ്യാസികളാണ് പടിപ്പുര തുറന്നത്. എണ്ണ തേച്ചുമിനുക്കിയ മെയ്യഴകിൽ അവരുടെ മേനി വെട്ടിത്തിളങ്ങി.

“തെക്കുന്നാ, കളരി അഭ്യസിക്കാൻ വന്നതാ...”

അതു പറഞ്ഞപ്പോൾ അറിയാത്തൊരു പരിഭ്രമം പൊടിയിൽ നിറഞ്ഞുനിന്നു.

“കുടിയ്ക്കാനിത്തിരി വെള്ളം...”

തൊണ്ട മാത്രമല്ല, അയാളുടെ മനമാകെ വറ്റിവരണ്ടിരുന്നു.

അപ്പോഴേക്കും സംഭാരമെത്തി. നല്ല എരുമപ്പാൽ കടഞ്ഞെടുത്ത പുളി കുറഞ്ഞ മോരിൽ കാന്താരിയും കറിവേപ്പിലയും ചെറുള്ളിയും ചതച്ചിട്ട് കലക്കിയെടുത്തത്. ആർത്തിയോടെ സംഭാരം വലിച്ചുകുടിച്ച്, വേപ്പില ചവച്ചിറക്കി ചിറിതുടച്ചപ്പോൾ കാന്താരി കടിച്ച എരിവിൽ മുഖം ചുവന്നുതുടുത്തു. അതിലൊരു പൊടിമീശത്തുരുത്ത് ആണത്തം പൂണ്ട് നീണ്ടുപുളഞ്ഞു കിടന്നു.

മുസിരിസിൽ നിന്നും കളരിയഭ്യാസിക്കാനെത്തിയ അങ്കച്ചേകവൻ. അയാൾ കുന്തുകാലിലിരുന്ന്, മുട്ടുതൊട്ട്, മുയിപ്പ് തൊട്ട്, ഭൂമി തൊട്ടുവണങ്ങി ദക്ഷിണ വെയ്ക്കാൻ തയ്യാറായി. വെട്ടുകല്ലിൽ തീർത്ത കോലായിലേക്ക് കയറിനിന്നപ്പോൾ ചുമരിൽ കൊളുത്തിയിട്ട ശ്രീനാരായണഗുരു സ്വാമികളുടെ ഫോട്ടോയിൽ കണ്ണുകൾ തറച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന 1984 മോഡൽ അംബാസഡർ കാറിന്റെ ബോണറ്റിൽ ആടിയുലഞ്ഞാർത്തൊരു അങ്കക്കോഴി കച്ചകെട്ടിയ ചേകവനായി വിരിഞ്ഞമർന്നു.

രാത്രി മാനംപിളരും വിധം ഇടിവെട്ടി. പറമ്പിൽ നിന്ന തെങ്ങിന്റെ മണ്ട അതിൽ കത്തിപ്പിടിച്ചു. പെട്ടെന്ന് വെളിച്ചം കെട്ടു. കാവിലേക്കുള്ള കാടുപിടിച്ച പൊന്തയ്ക്കരികിൽ പാമ്പുകൾ ഇണചേർന്നു പിടഞ്ഞു. കൂറ്റാകൂറ്റിരുട്ടിൽ കൂമൻ മൂളി. പാതിരാവിൽ നാട്ടാരെയെല്ലാം ഒടിവെച്ച് ഉറക്കിക്കിടത്തി സേവക്കിറങ്ങുന്ന അൻസാരിക്കായി പത്മവ്യൂഹം തീർത്ത് അവർ കാത്തിരുന്നു.

“പെണ്ണൊരുമ്പിട്ടിറങ്ങിയാ ഏത് കൊമ്പത്തെ കോഴിക്കും തടുക്കാൻ പറ്റൂല്ല...”, വാതിൽത്തുമ്പിൽ പറ്റിപ്പിടിച്ചിരുന്ന രേവമ്മയുടെ ചൂര് മണത്ത് മത്തുപിടിച്ച് പോർക്ക് ആഷിലി മുറുമുറുത്തു.

“ശ്ശ്... ശ്... മിണ്ടല്ല്...,” പൊടി വിലക്കി.

പിന്നാമ്പുറത്തെ പശുത്തൊഴുത്തിൽ നിഴലിളകി. പരിപൂർണ്ണ നഗ്നരായ രണ്ടു രൂപങ്ങൾ. കുനിഞ്ഞു നിൽക്കുന്ന സ്ത്രീയ്ക്ക് പുറകിൽ കാളക്കൂറ്റനായി മദിച്ച് കുതിക്കുന്നൊരു ആജാനുബാഹു. ഒട്ടും ശങ്കിക്കാതെ വായുവിലൂടെ നീന്തിപ്പറന്ന്, നഗ്നരൂപിയായ പുരുഷന്റെ തുടകൾക്ക് മേലെ കഠാര വീശി പൊടി ആഞ്ഞുകുത്തി. രതിമൂർച്ഛയിലെന്നോണം ആനന്ദിച്ചാർത്ത് ശുക്ലം സ്ഖലിച്ച് എണ്ണക്കറുപ്പാർന്ന നിതംബത്തിലേക്ക് നഗ്നപുരുഷൻ തളർന്നുവീണു. അയാളിൽ നിന്നുമൊരു നിലവിളി ഉയർന്നപ്പോൾ കാറ്റിനേക്കാൾ വേഗത്തിലൊരു കാട്ടാളരൂപം എങ്ങുനിന്നോ പറന്നുവന്ന് നഗ്നരൂപിയെ പൊക്കിക്കൊണ്ട് ഇരുളിൽ മറഞ്ഞു. തൊഴുത്തിൽ കമിഴ്ന്നുവീണ പെണ്ണിനു ചുറ്റും പശുക്കൾ കൂട്ടംകൂടിയൊരു മറ തീർത്തു.
അത് രേവമ്മയായിരുന്നു.

“കോഴി ഒടി വെച്ചതാടാ പൂച്ചാണ്ട്യോളേ…”

ആ വീഴ്ചയിൽ നിന്നും രേവമ്മ പിന്നെ എണീറ്റില്ല.

“ആരാണ്ടപ്പാ രേവമ്മയെ പണ്ണിയ ആ കാളക്കൂറ്റൻ?”

“ആ...”

“അപ്പോ ആ ശൂന്ന് പറന്ന് വന്നതോ?”

“ആ...”

“ഹെൻറീശോയേ... എന്തൂട്ട്ണ്ത്?”

ഓർത്തിട്ട് ഇടിക്ക് വിറയൽ വന്നു. പൊടിയെ കെട്ടിപ്പിടിച്ച് ചാഞ്ഞുനിന്ന് ഇടി കിതച്ചു. അയാളുടെ ദേഹത്ത് ചൊക്ലിയുടെ ശ്വാസം വീണുകത്തി. അതിനുമേലെ ഉൽക്ക പോലെ പോർക്ക് ആഷിലിയുടെ ബോധം നിലംപതിച്ചു.

രേവമ്മയെ ഭോഗിച്ചുകൊണ്ടിരിക്കെ മാത്തച്ചന്റെ ചന്തിക്ക് പശു കുത്തിയതും വലംകൈയ്യായ കോരച്ചേട്ടയുടെ തോളേറി തിരിച്ച് മല കയറിയതും ബീവിയുടെ കൊട്ടാരത്തിൽ ആജന്മം ബന്ധിതനായതുമൊക്കെ ഒരു നാട്ടുകഥയായി ദേശത്ത് പ്രചരിച്ചു.

അൻസാരിയെ വീട്ടിൽ കയറിത്തന്നെ തീർക്കാനുറച്ചാണ് സംഘം അടുത്ത അടവിറക്കിയത്. തെക്കേപ്രത്തെ മതിലിലെ വെട്ടുകല്ല് മാറിക്കിടന്ന വിടവിലൂടെ കണ്ണുവെട്ടിച്ച് ചാടിക്കടന്ന് പൊടി അവരെ നയിച്ചു. അയാളത് മുന്നേ കണ്ടുവെച്ചിരുന്നു.

രാത്രി ഇരുട്ടിന് കട്ടികൂടിയതു പോലെ തോന്നിച്ചു. അരയിലെ കഠാരത്തിളക്കത്തിൽ കണ്ണുതെളിച്ച് പൊടി മുന്നോട്ടുനീങ്ങി. മച്ച് പൊളിച്ച് അവർ അകത്തു കയറിയപ്പോൾ കാലൻ കോഴി കൂവി.

മച്ചിൽ നിന്നും ഊർന്നിറങ്ങവെ മുറിയിലേക്കൊന്ന് പാളിനോക്കിയ അവരുടെ കണ്ണ് മഞ്ഞളിച്ചു. അകത്ത്, മഞ്ഞനിറമാർന്ന നീണ്ട കമ്മീസണിഞ്ഞ് കഥക് നർത്തകിയായി വട്ടംകറങ്ങുന്ന ഒരു സുന്ദരിപ്പെണ്ണ്. മുറി മാറിപ്പോയോ എന്നാദ്യം സംശയം തോന്നി. പറഞ്ഞുകേട്ട കഥകളിലൊക്കെ ചികഞ്ഞുനോക്കി. ഇനിയിതും ഒടി വെച്ചതാണോ?

മുറിയിൽ പൂക്കൾ ചിതറിക്കിടക്കുന്നുണ്ട്. കത്തിച്ചു വച്ച ചെരാതുകളിൽ നിന്ന് സുഗന്ധപ്പുക ഉയരുന്നുണ്ട്. പൂജ കഴിഞ്ഞതിന്റെ അടയാളങ്ങളാണ് ചുറ്റിലും.

ഇഹലോകമെല്ലാം മറന്ന് തൻറേതായൊരു അജ്ഞാതലോകത്തിലൊരു പെണ്ണായി, ലക്നൌവിലെ പുരാതന ഹവേലികളിൽ നിന്നെപ്പോഴോ മനസ്സിൽ കയറിക്കൂടി മനംകവർന്ന സൗന്ദര്യധാമമായി മാറി, കോഴ്യൻസാരി നൃത്തം ചവിട്ടിക്കൊണ്ടിരുന്നു.

സിൽക്ക് എംബ്രോയ്ഡറിയുടെ ചിത്രപ്പണികൾ നിറഞ്ഞ ദുപ്പട്ട കൊണ്ട് തല മറച്ചിട്ടുണ്ട്. വെള്ളിവെളിച്ചത്തിൽ തെന്നിമാറി, ലാസ്യഭാവത്തിൽ കൈവീശി വെട്ടിത്തിരിയുമ്പോൾ അതിൽ കടുകുപൂക്കൾ തിളങ്ങുന്നുണ്ട്. മസ്‌കാരയിട്ട് കണ്ണെഴുതി, ചുണ്ടിൽ ചെന്തൊണ്ടിപ്പഴത്തിൻറെ ചുവപ്പുതേച്ച്, മുഖമാകെ പുട്ടിയിട്ട് കവിളിൽ റൂഷും പുരട്ടി, കണ്ണിമകളിൽ വെള്ളിയലുകുകൾ വാരിവിതറിയൊരു അറബിക്കഥയിലെ ഹൂറിയായി, മ്യൂസിക് സിസ്റ്റത്തിൽ നിന്നും പ്രണയപരവശം ഒഴുകിപ്പരക്കുന്ന ഗസലിൻറെ താളത്തിനൊപ്പം കോഴ്യൻസാരി ചുവട് വയ്ക്കുന്നു. ഇടയ്ക്ക് ചടുലതാളത്തിൽ വട്ടംകറങ്ങുന്നു.

തിരിച്ചു പോയാലോയെന്ന് ഒരു നിമിഷത്തേക്ക് പൊടി ചിന്തിച്ചു. പഴയൊരു പ്രതികാരത്തിന്റെ ഓർമ്മ വന്നു ഹൃദയത്തിൽ മുട്ടിയപ്പോൾ മച്ചിൽനിന്ന് തഞ്ചത്തിൽ ചാടിമറിഞ്ഞ് തളത്തിൽ ഞെരിഞ്ഞമർന്ന് പൊടി നിന്നു.

അന്തംവിട്ടുനിന്ന ഇടിയെ ‘ടാ’ എന്നൊന്നു ശബ്ദം താഴ്ത്തി വിളിച്ച് ശ്രദ്ധതിരിക്കാൻ നോക്കിയപ്പോഴേയ്ക്കും അൻസാരിയുടെ ചൂണ്ടുവിരൽ കണ്ഠനാളത്തിലമർന്നു കഴിഞ്ഞിരുന്നു. അത്തർ മണക്കുന്നൊരു കൈ വന്ന് പൊടിയുടെ വാരിയെല്ലിലും തൊട്ടു. ഇടംകൈ കൊണ്ട് ഇടുപ്പിലെ മർമ്മത്തിലിട്ട് ഒരു തിരി. പൊടിയുടെ പ്രാണൻ പോയി. മൂത്ത എല്ലിന്റെ മൂർച്ച പൊടിയുടെ നട്ടെല്ലിലൂടെ മിന്നൽപ്പിണരായി പാഞ്ഞു. നിന്നനിൽപ്പിലൊന്ന് തിരിയാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഇടുപ്പിൽ നിന്നും കഠാര എടുക്കാൻ നോക്കിയപ്പോൾ കൈ അനങ്ങുന്നേയില്ല.

“നിങ്ങളെ കാത്തിരിക്ക്യാർന്ന് ഞാന്...”

ആ ശബ്ദം പരിചിതമാണല്ലോയെന്ന് പൊടിയ്ക്ക് തോന്നി. തലയൊന്ന് വെട്ടിച്ച് ഞെട്ടിത്തിരിഞ്ഞ്, സ്വപ്നത്തിൽ മാത്രം കണ്ടിട്ടുള്ള, ആണത്തമോഹത്തിൻറെ, മനസ്സിലടക്കി വെച്ച പകയുടെ ആൾരൂപമായ കോഴ്യൻസാരിയെ പ്രതീക്ഷിച്ച് ഉറ്റുനോക്കി. നാരായണേട്ടനെയാണ് കണ്ടത്. വഴി കാണിക്കാനായി കൂടെക്കൂടിയയാൾ. “മന്ത്രതന്ത്രവിദ്യകളിൽ അഗ്രഗണ്യനാണ് അൻസാരി,” എന്ന് അയാൾ പറഞ്ഞുതന്നത് പൊടി ഓർത്തു.

ഒരങ്കക്കോഴിയുടെ ശൌര്യത്തോടെ മുരടനക്കിക്കൊണ്ട് അയാൾ പുറകിൽ നിന്നും പൊടിയ്ക്ക് മുന്നിലേക്ക് വന്നു. അത്തറിന്റെ കുത്തിത്തുളയ്ക്കുന്ന ഗന്ധം.

“വഴിതെറ്റാതെ വന്നെത്തിയല്ലോ എലിക്കുഞ്ഞുങ്ങൾ”, അയാൾ പരിഹസിച്ചു ചിരിച്ചു.

അതിൻറെ ചൊരുക്കിൽ ചിരിച്ചപ്പോൾ മർമ്മത്തിൽ നിന്നും വിരലൽപ്പം അകന്നു. പ്രാണൻ തിരിച്ചുകിട്ടിയതു പോലൊന്ന് പൊടി നിശ്വസിച്ചു. ഇടംകാലിൽ നിന്നനിൽപ്പിൽ വെട്ടിത്തിരിഞ്ഞ്, തിരിച്ചിലിനിടെ ഇടുപ്പിൽ നിന്നും കഠാര വലിച്ചൂരിയെടുത്ത് അത് കോഴിയുടെ പള്ളയ്ക്ക് കയറ്റാൻ അയാൾ മോഹിച്ചു.

തടയിട്ട തള്ളവിരൽ ഛേദിച്ചുകൊണ്ട് അടിവയറ്റിൽ കഠാരമുന തുളഞ്ഞു കയറണം. മാംസം തുളച്ച്, മനസ്സ് തുളച്ച്, സ്വപ്നം തുളച്ച് അത് ശരീരത്തിൽ തറഞ്ഞുകയറുമ്പോൾ മെല്ലെ ഒരു തിരിതിരിക്കണം. അതിൽ പിടഞ്ഞ് പ്രാണൻ പോയി മരിച്ചു വീഴണം കോഴ്യൻസാരി.

പക്ഷെ അതിനു മുമ്പെ, അൻസാരിയുടെ ചിറി കോടാൻ തുടങ്ങി. മൂക്കിൽ നിന്നും രക്തമിറ്റിറ്റു വീണു. ഒരു മുരൾച്ചയോടെ പൊടിയുടെ ശരീരത്തിലേക്ക് ചായും മുമ്പ് അയാൾ തിരിഞ്ഞ് അപ്പുറത്തെ മുറിയിലേക്ക് അവസാനമായൊന്ന് നോക്കി. അതിനുള്ളിൽ നിന്നും ഒരു കുഞ്ഞിൻറെ നേർത്ത കരച്ചിലുയരുന്നതു പോലെ തോന്നിച്ചു.

മെല്ലെ ഊർന്ന് നിലത്ത് കുഴഞ്ഞിരുന്ന ശേഷം പതിയെ ഒരു വശത്തേക്ക് അൻസാരി ചെരിഞ്ഞുവീണു. നിശ്ചലം! പണ്ടെങ്ങോ ആറ്റിലൂടെ ഒഴുകി വന്ന് ഇടിയുടെ ദേഹത്തടിഞ്ഞ ശവം പോലെ, ആണോ പെണ്ണോയെന്ന് വിസ്മയം ജനിപ്പിക്കുന്ന ശരീരമായി അയാൾ നിലത്ത് പറ്റിച്ചേർന്നു കിടന്നു.

എല്ലാ പ്രതികാരമോഹവും ഉള്ളിൽനിന്ന് ആവിയായി പോകുന്നതായി പൊടിയ്ക്കു തോന്നി. നിമിഷങ്ങളോളം തരിച്ചിരുന്ന ശേഷം മെല്ലെ എഴുന്നേറ്റ് അൻസാരിയുടെ വൃദ്ധശരീരത്തിൽ നിന്നും അയാളെ പെണ്ണാക്കി മാറ്റുന്ന ഉടയാടകളെല്ലാം പൊടി അഴിച്ചുമാറ്റി. കണ്ണുകളിലെ മയ്യെഴുതിയ മസ്ക്കാരയും ചുണ്ടുകളിൽ മയങ്ങിക്കിടന്ന ലിപ്സ്റ്റിക്കും മുഖം മിനുക്കിയ മെയ്ക്കപ്പും കഷ്ടപ്പെട്ട് തുടച്ചുകളഞ്ഞു. അലമാരയിൽ നിന്ന് കാവിമുണ്ടും മഞ്ഞ ടീഷർട്ടും തപ്പിയെടുത്ത് ധൃതിയിൽ ധരിപ്പിച്ചു. നരച്ചമീശ പിരിച്ച് കൊമ്പനാക്കി വച്ചു. നെറ്റിയിൽ ചുവന്നകുറി ചാർത്തി. രുദ്രാക്ഷമാല കഴുത്തിലും കയ്യിലും അണിയിച്ചു. അലമാരയുടെ ഏറ്റവും അടിയിലത്തെ അറയിലേക്ക് രക്തക്കറ പുരണ്ട ദുപ്പട്ടയും കമ്മീസും ബ്രായുമെല്ലാം ആരും ഒരിക്കലും കാണാത്തവിധം ഒളിപ്പിച്ചു.

ഇടിയും ചൊക്ലിയും പോർക്കും സമനില വീണ്ടെടുത്ത് പൊടിയുടെ ഒപ്പംകൂടി. അവരുടെ മുഖത്തെ അമ്പരപ്പ് അപ്പോഴും മാറിയിട്ടില്ലായിരുന്നു.

മുറിയിലൂടെ അവരൊന്ന് കണ്ണോടിച്ചു. ചുമർ നിറയെ ചിത്രങ്ങളാണ്. ചുമരിന് മധ്യത്തിലായി ഗജവടിവിൽ അമർന്നു നിൽക്കുന്ന കോഴി അൻസാരി. വെളുപ്പിലും കറുപ്പിലുമുള്ള ചിത്രം. അതിനടുത്തുള്ള ഫ്രെയിമിൽ കമിഴ്ന്നു കിടക്കുന്നൊരു പെൺകുഞ്ഞ്. പിന്നൊരു കുടുംബചിത്രം. ഇരിക്കുന്ന അൻസാരിക്കരികിലായി, സാരി കൊണ്ട് തല മറച്ച് നിൽക്കുന്ന ആഢ്യത്തം തോന്നിക്കുന്ന രണ്ട് സ്ത്രീരത്നങ്ങൾ. ഒരാളുടെ ഒക്കത്തൊരു കൈക്കുഞ്ഞ്. ഇടതുവശം ചേർന്ന് നിൽക്കുന്ന സ്ത്രീയോട് ഒട്ടിച്ചേർന്നൊരു പെൺകുട്ടി ഭയന്നു വിറച്ചു നിൽപ്പുണ്ട്. അവൾ കഥക് നർത്തകികളെപ്പോലെ ഉടുപ്പണിഞ്ഞിരിക്കുന്നു.

ഫോട്ടോകളുടെ നീണ്ട നിര കഴിഞ്ഞാൽ, ഒരു കഥക് നർത്തകിയുടെ പല പോസിലുള്ള ചിത്രങ്ങൾ നിരനിരയായി വരച്ച് ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നു. അവസാനം ചുമരിനറ്റത്തായി, താണ്ഡവനൃത്തം ചവിട്ടുന്ന അർദ്ധനാരീശ്വരരൂപം. ചുറ്റിലും ശാക്തേയ തന്ത്രമന്ത്രങ്ങൾ ഉരുക്കഴിക്കുന്ന ചക്രസമന്വയം.

മരിച്ചിട്ടും ജീവൻ പോകാതെ ഉടലോടെ പുനർജ്ജനിക്കുമോയെന്ന ഭീതിയിൽ, തണുത്തുറഞ്ഞുകിടന്ന കോഴ്യൻസാരിയുടെ ശരീരത്തിൽ പൊടി വീണ്ടുംവീണ്ടും തൊട്ടുനോക്കി. ശ്വാസം നിലച്ചുവോയെന്ന് പലതവണ കൈവെച്ചു നോക്കി ഉറപ്പിച്ചു.

ചുണ്ടുരണ്ടും കൂട്ടിപ്പിടിച്ചാരോ വിരൽ കൊണ്ട് ‘ശൂ’ എന്ന് അടക്കം പറഞ്ഞതു പോലൊരു നിശ്ശബ്ദത പുറത്ത് കറുത്തുപഴുത്ത് കിടന്ന ആകാശത്തിനു കീഴെ പരന്നിരുന്നു. ദേശത്ത് പ്രചരിക്കാനിരിക്കുന്ന അനേകായിരം പഴമ്പുരാണങ്ങളെ കുറിച്ചോർത്ത് അവർ പരസ്പരം അർത്ഥം വെച്ചൊന്ന് നോക്കി. അതിനുശേഷം ആണുങ്ങളെപ്പോലെ മീശപിരിച്ച് കൊമ്പനാക്കി നിർത്തി.

നെഞ്ചുവിരിച്ച് തിടുക്കംകൂട്ടിയിറങ്ങും മുമ്പ് അവർ അകത്തെ മുറിയിലേക്കൊന്ന് കയറിച്ചെന്നു. അവിടെയൊരു ആട്ടുതൊട്ടിലിൽ ഒരു കുഞ്ഞിൻറെ അസ്ഥികൂടത്തെ തിളങ്ങുന്ന ഉടുപ്പണിയിച്ച് സെൻറ് പൂശി കിടത്തിയിരുന്നു. ഞെട്ടിത്തിരിഞ്ഞ് കോഴ്യൻസാരിയുടെ ശവം കിടക്കുന്ന മുറിയിലേക്ക് അവരൊന്ന് പാളിനോക്കി. അവിടം ശൂന്യമായിരുന്നു. നാട്ടുകഥയിലെന്നോണം കുറച്ച് ചുവന്ന പൂക്കൾ മാത്രം അവശേഷിച്ചു.

“ടാ പൊട്യേയ്...,” വിറയലോടെ ഇടി വിളിച്ചു.

കൂട്ടത്തിൽ പൊടിയില്ലെന്ന് അവർ തിരിച്ചറിഞ്ഞു. ബൌദ്ധരെ കൊന്നുതള്ളിയ കോമരം കണക്കെ തുള്ളിക്കൊണ്ട് അൻസാരിയുടെ മുറിക്കുള്ളിൽ നിന്നുമൊരു മിന്നൽപ്പിണറായി പൊടി ഇറങ്ങിവന്നു. കാലിൽ കിലുങ്ങുന്ന ചിലങ്ക. കണ്ണിൽ മസ്ക്കാരക്കറുപ്പ്. കവിളിൽ ചോരച്ചുവപ്പ്. അലമാരയിൽ നിന്നും തിക്കിത്തിരക്കിയെടുത്ത പോലൊരു ചുവന്നസാരി വലിച്ചുവാരി ചുറ്റിയിരിക്കുന്നു.

ഭൂതാവേശിതനായി കോഴ്യൻസാരിയെപ്പോലെ ചുവടുവെച്ചൊന്ന് വട്ടംകറങ്ങി, നെഞ്ചിൽ കൈവെച്ച് പ്രാർത്ഥനാനിരതനായി, പതിഞ്ഞ ശബ്ദത്തിൽ പൊടി അവരോട് പറഞ്ഞു: “പോവാം.”


Summary: Aanudalpporu Malayalam Short Story written by Ranju and published in Truecopy webzine packet 299.


രൺജു

കഥാകൃത്ത്. 2018-ൽ ചാൾസ് വാലസ് ഫെല്ലോഷിപ്പോടെ ലണ്ടനിൽ ആർക്കൈവൽ ഗവേഷണം ചെയ്തു. Politics of Media ( ലേഖന സമാഹാരം) എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments