അഭിജിത് എ.എൻ.

‘‘ടാ എൻ്റെ അപ്പനെ അറിയാടാ നെനക്ക്?"

“പത്തമ്പത് വർഷം മുൻപ് മൂപ്പിലാൻ എന്നെയും തോളേൽ ചുമന്ന് കയറിയ മലയാണിത്.”
“എന്നെയും തന്നിട്ട് ജ്വരം വന്ന് മരിച്ച പെമ്പിറന്നോളെയും ഓർത്ത് അതിന്റെറെ ദണ്ണത്തിൽ കയ്യിൽ ഒരു കൈക്കോട്ടും കൂന്താലിയുമായി കാണായ കാടും പടർപ്പുമെല്ലാം വെട്ടി നിരപ്പാക്കി ഒരു കുടിലു പണിത് കേറിക്കൂടീതാ ഞങ്ങളിവിടെ, ദാ ആ കാണുന്നതെല്ലാം എന്റപ്പൻ നല്ലകാലത്ത് വെട്ടിപ്പിടിച്ചതാ.”

“എസ്തപ്പോ താൻ എന്നാ കോത്താഴത്തിനാ ഇതെല്ലാം എന്നോട് പറഞ്ഞോണ്ടിരിക്കുന്നേ, നിൻ്റപ്പൻ വലിയ മറ്റേതായിരുന്നെന്ന് നാട്ടുകാർക്കെല്ലാം അറിവുള്ളതാണല്ലോ’’, രാഘവൻ ഉരുളയ്ക്ക് ഉപ്പേരി പോലെ തിരിച്ചടിച്ചു.

ആറാം ക്ലാസിൽ പഠിക്കുന്ന ഒറ്റ മകളായ ത്രേസ്യ സ്കൂൾ സമയം കഴിഞ്ഞു കയറിവരാറുള്ള ബസ്സ് തോപ്പിൽ ജംഗ്ഷൻ വരെ മാത്രമേയുള്ളൂ അത് കഴിഞ്ഞ് വീണ്ടും ഒരു കിലോ മീറ്റർ ചെങ്കുത്തായ കയറ്റം കഴിഞ്ഞാലാണ് എസ്തപ്പാന്റെ വീടെത്തുക.തോട്ടത്തിലെ പണികൾ ഉച്ചയ്ക്ക് തീർത്ത് ഭാര്യ അന്നാമ്മയുടെ കയ്യിൽ നിന്ന് തലേന്ന് വെള്ളത്തിൽ ഇട്ടുവെച്ച കഷണങ്ങളാക്കി പുഴുങ്ങിയെടുത്ത കപ്പയും ഉപ്പിട്ടു ഞരടിയ ഒടങ്കൊല്ലി മുളകും വെച്ച് കഴിച്ച് ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റ എസ്തപ്പാൻ എന്തിനോ വേണ്ടി കാതോർത്തു.
പ്രതീക്ഷിച്ച പോലെ അന്നാമ്മയുടെ വിളി വന്നു.

“നിങ്ങളവിടെ എന്തു തേങ്ങായെക്കുവാ മനുഷ്യനേ ത്രേസ്യ മോളെ വിളിക്കാൻ പോകുന്നില്ലേ?"

“ഇതാ ഇറങ്ങുന്നു അന്നമ്മോ’’.

കോലായിൽ ഹാംഗറിൽ കിടന്ന വാഴക്കറ പുരണ്ട ഉടുപ്പ് എടുത്ത് മേലത്തോട്ട് ഇട്ട് അയാൾ ഇറങ്ങി ആഞ്ഞു നടന്നു.

തോപ്പിൽ ജംഗ്ഷനിൽ എന്നത്തേതുപോലെ വീരവാദം അടിച്ചു ചെവി തിന്നാൻ സ്ഥിരം കാണാറുള്ള രാഘവനെത്തന്നെ കിട്ടിയതിൽ എസ്തപ്പാൻ

സന്തോഷിച്ചു. കടത്തിണ്ണയിൽ കയറിയിരുന്ന് ഇവൻ ഇനി പുതിയ മലമറിച്ച കഥകൾ എഴുന്നള്ളിച്ചാൽ എഴുന്നേറ്റോടാൻ കണക്കിന് രാഘവൻ ഇരുന്നു.

“ഇതേതു മീനാണ് ടീച്ചർ? പാമ്പ് മാതിരി ഇരിപ്പുണ്ടല്ലോ.”

അന്ന് അവസാനത്തെ പീരിയടിനു കണക്ക് പഠിപ്പിക്കാൻ വന്ന ലക്ഷ്മി ടീച്ചറിനോട് മേശമേൽ ഇരുന്ന നോട്ട് ബുക്കിൻ്റെ പുറംചട്ടയിലുണ്ടായിരുന്ന പല ജലജീവികളുടെ ചിത്രങ്ങളിൽ ഒന്നിനെ ചൂണ്ടിക്കാട്ടി ത്രേസ്യ ചോദിച്ചു.

ഇതേ ഇരുണ്ട നിറത്തിലുള്ള പലമാതിരി മീനുകൾ അപ്പൻ പുഴേൽ പോയിട്ടു വരുമ്പോൾ ഈർക്കിലയിൽ കോർത്ത് കൊണ്ടു വരുമായിരുന്നു എന്നതവൾ ഓർത്തു.

വീടിന് തൊട്ടപ്പുറത്തുകൂടി ഒഴുകുന്ന തോട്ടിൽ കാണാറുള്ള മഞ്ഞ നിറമുള്ള മീനിനെ വയമ്പ് എന്നാണ് വിളിക്കുന്നത് എന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്.

കഞ്ഞിയും കറിയും കളിക്കുന്നതിനിടയ്ക്ക് ത്രേസ്യ കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുന്നതു കാണുമ്പോൾ തൊട്ടപ്പുറത്തെ വാഴത്തോട്ടത്തിൽ വെള്ളമൊഴിക്കാൻ വരുന്ന ചെറുക്കൻ്റെ കണ്ണിൽ യമണ്ടൻ സ്രാവാണെന്ന കാര്യം മാത്രം ത്രേസ്യക്കൊച്ച് അറിഞ്ഞിരുന്നില്ല.

ഡസ്കിൽ ഒരു തട്ട് കേട്ടപ്പോൾ അവൾ ചിന്താലോകത്തുനിന്ന് പിൻവാങ്ങി.

“കൊച്ചേ അതിൻ്റെ പേര് "ഈൽ" എന്നാ മലയാളത്തിൽ ആരൽ എന്നു പറയും.” “തൊലിക്ക് നല്ല വഴുവഴുപ്പാണ് പിടിച്ചാൽ കയ്യിൽ ഇരിക്കുകേല." “പാമ്പിനെപ്പോലെ ഇരിക്കും എന്നു വെച്ച് വിഷം തുപ്പുകയൊന്നും ഇല്ല കയ്യിൽ എടുത്താൽ കറൻ്റ് അടിപ്പിക്കും എന്നാ കേട്ടിട്ടുള്ളത്."

ത്രേസ്യയ്ക്ക് വീണ്ടും ഒരു സംശയം തികട്ടി വന്നു അത് തൊണ്ടയിൽ കുടുങ്ങി പരവശയായി അവൾ ഉൾവലിഞ്ഞു.

ക്ലാസ് സമയം കഴിഞ്ഞ് ബസ്സിൽ കയറിയപ്പോഴും അത് തന്നെയായിരുന്നു അവളുടെ മനസ്സിൽ. ആരലുകൾ അങ്ങനെയാണ് ആർക്കും പിടി കൊടുക്കില്ല മിന്നൽ വേഗത്തിൽ വളഞ്ഞു പുളഞ്ഞൊരു പോക്കായിരിക്കും. ടീച്ചർ കള്ളം പറയുകയാണ് അവയ്ക്ക് നല്ല വിഷമുണ്ട് തീ തുപ്പുന്നവ തന്നെയാ അല്ലെങ്കിൽ എവിടുന്നാ ഇത്ര പൊള്ളുന്ന ചൂട്.

തോപ്പിൽ വന്നിറങ്ങിയപ്പോൾ അവൾ ആദ്യം പരതിയത് അപ്പനെവിടെ എന്നായിരുന്നു.

എന്നത്തേതുപോലെ ആ തയ്യൽക്കടയുടെ തിണ്ണയിൽ തന്നെ അപ്പനുണ്ടായിരുന്നു പക്ഷേ തൂണ് ചാരി ഉറക്കത്തിൽ ആയിരുന്നു എന്നു മാത്രം. അന്നാദ്യമായിട്ടായിരുന്നു അവൾ ആരുമായും തർക്കിക്കാതെ അവിടെ ഇരുന്നുറങ്ങുന്ന അപ്പനെ കാണുന്നത്.

ഒറ്റ വിളിയിൽ ഞെട്ടിയുണർന്ന അയാൾ ഓടി വന്ന് ബാഗും ലഞ്ച് ബോക്സും വാട്ടർ ബോട്ടിലും വെച്ചിട്ടുള്ള സഞ്ചിയും അവളിൽ നിന്ന് വാങ്ങി വീട്ടിലേക്ക് ഒത്തു നടന്നു.

“അപ്പാ ആ കഥ ഉള്ളത് തന്നെയായിരുന്നോ?"
“ഏത് കഥയാ മോളേ?"
"അപ്പാപ്പൻ്റെ വീരകൃത്യങ്ങൾ."
"ഒള്ളതാ മോളേ എന്താ ചോദിച്ചത്?”
“എങ്കിൽ അപ്പാപ്പൻ്റെ ധൈര്യം നമുക്ക് എല്ലാവർക്കും ഉണ്ടാകേണ്ടതല്ലേ?"
“അതിനിപ്പോൾ ആർക്കാ ധൈര്യക്കുറവ്?”
“വെറുതേ ചോദിച്ചതാ." അവൾ മറുപടി പറഞ്ഞു.

താൻ ഏറ്റവും കൂടുതൽ മാർക്ക് മേടിക്കുന്ന മലയാളം പഠിപ്പിക്കുന്ന സാർ തൻ്റെ ശരീരത്തിൽ ഇന്ന് നടത്തിയ കടന്നു കയറ്റം അടക്കത്തിനും ഒതുക്കത്തിനും അയൽ വീട്ടുകാർക്ക് ക്ലാസ് എടുത്ത് കൊടുക്കുന്ന അമ്മച്ചിയ്ക്ക മുന്നിലോ ആണുങ്ങളെ വഴി തെറ്റിക്കുന്ന കൂത്തിച്ചികളാണ് സ്ത്രീകൾ എന്ന് രായ്ക്കുരാമാനം പുലമ്പുന്ന അപ്പനു മുന്നിലോ അവതരിപ്പിക്കാൻ എന്തോ അവൾക്ക് മനസ്സു വന്നില്ല.

അവളുടെ നടത്തത്തിൽ പന്തികേടു തോന്നിയ എസ്തപ്പാൻ വീട്ടിൽ വന്നു കയറിയ ഉടനെ അന്നമ്മയെ തെറി വിളിക്കാൻ തുടങ്ങി.

“എടീ എരണം കെട്ടവളേ കഴിഞ്ഞ ആഴ്ച്ച മോൾക്ക് വയറ് വയ്യാണ്ടായപ്പോൾ യശോധരൻ്റെ മെഡിക്കൽ ഷാപ്പിൽ നിന്ന് വാങ്ങിയ വിരയ്കുള്ള ഗുളിക അവൾക്ക് കൊടുത്തായിരുന്നോ അതോ നീ തന്നെ അതെടുത്ത് വിഴുങ്ങിയോ?”

അന്നമ്മ ഇതെന്താപ്പാത് എന്ന് അത്ഭുതപ്പെട്ടുകൊണ്ട് പുറത്തിറങ്ങി.

“എന്റെ പൊന്ന് മനുഷ്യാ, ഞാൻ അന്നു തന്നെ അവൾക്ക് അത് കൊടുത്തതാണല്ലൊ?”
“എനിക്കറിയില്ല അന്നാമ്മോ അവൾക്ക് എന്തോ ഒരു ക്ഷീണമുള്ള പോലെ തോന്നുന്നു വരുന്ന വഴിയിൽ ഇടയ്ക്ക് അവൾ വയറു തടവുന്നതു കണ്ടായിരുന്നു.”
“എന്താ രണ്ടാളും കൂടി”
“വന്നു കേറിയില്ല അതിനു മുന്നേ തുടങ്ങിയോ വഴക്ക്?”

വേലിയിൽ നിന്ന ചെടിയിൽ നിന്ന് പറിച്ചെടുത്ത ഇലയുടെ തണ്ട് പൊട്ടിച്ച് ചെറുതായിട്ട് താഴോട്ട് നീക്കുമ്പോൾ ഉണ്ടാകുന്ന മിനുസ പ്രതലത്തിൽ അധികം ശക്തി കാട്ടാതെ ഊതി കുമിളകൾ വരുത്തി അലസമായി നടന്നു വന്നവൾ ചോദിച്ചു.

“നിനക്ക് വയറ്റിനു വല്ല ഏനക്കേടും ഉണ്ടോ മോളേ?!”

ആ നിമിഷം അവളുടെ ഉള്ളിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞു. കുടുംബത്തിന്റെ മാനം കെടുത്തിയവൾ എന്ന് ഇപ്പോൾ വാത്സല്യത്തോടെ പെരുമാറുന്ന അപ്പയുടെയും അമ്മയുടെയും വായിൽ നിന്ന് കേൾക്കേണ്ടിവരുന്നതിനെക്കുറിച്ചവൾ ആലോചിച്ചു.

“നല്ല വയറുവേദനയുണ്ട് അപ്പാ.”

“ഇന്നത്തെ ഉച്ചഭക്ഷണം കൊള്ളില്ലായിരുന്നു അതാ.”

“അന്നമ്മോ പറമ്പിൽ നട്ടിരിക്കുന്ന ഇഞ്ചിയോക്കെ പാകമായെന്നു തോന്നുന്നു.”

“നീ രണ്ട് മൂട് ഇളക്കിയെടുത്തേച്ച് വാ.”

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഏത് വയറുവേദനയും പൊയ്ക്കേ്ക്കോളും.” “എനിക്ക് വാഴയ്ക്ക് വെള്ളം ഒഴിക്കാനുണ്ട് ഞാൻ പോകുന്നു.”

ഒരു നിമിഷം അപ്പൻ്റെ പോക്ക് നോക്കി നിന്ന ത്രേസ്യ കോലായിയിൽ നിന്ന് മുറിയിലേയ്ക്ക് കയറി വാതിലടച്ചു കട്ടിലിൽ വീണു തേങ്ങി.

കണ്ണട വെച്ച വിഷമുള്ള തീ തുപ്പുന്ന വഴുതി മാറുന്ന “ഈൽ" മത്സ്യത്തെക്കുറിച്ചായിരിക്കില്ല ടീച്ചർ പറഞ്ഞത് അങ്ങനെയൊരെണ്ണം സ്കൂളിന്റെ മൂത്രപ്പുരയിൽ വന്ന് പോകാറുണ്ടെന്നും അത് തനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള തന്റെ മലയാളം സാറാണെന്നും ടീച്ചറോടു പറയേണ്ടതായിരുന്നു.

കുളിമുറിയിൽ കയറി വാതിലടച്ച അവൾ തൻ്റെ ശരീരത്തിലെ പഴയ രാജാക്കന്മാർ കൂരമ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന പടച്ചട്ട മാതിരി ഒന്നിനു മീതെ ഒന്നായി ലോഹക്കഷണങ്ങൾ ചേർത്ത് ഉരുക്കി ഒന്നാക്കിയ കണക്കുള്ള വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി. വളർച്ചയുടെ ആരംഭം പോലും എത്തിയിട്ടില്ലാത്ത രണ്ട് മുലക്കണ്ണുകൾക്കു ചുറ്റിലും ചുവന്ന നിറത്തിൽ അടയാളങ്ങൾ ഉണ്ടായിരുന്നു.അരയ്ക്കു താഴോട്ട് അവൾ മുഖം കൊണ്ടു പോകുന്നതിനു തന്നെ വിമുഖത കാട്ടി. ശരീരത്ത് വെള്ളം വീഴുമ്പോഴുള്ള നീറ്റൽ അവളുടെ മുഖത്ത് പ്രകടമായിരുന്നു.  

നേരം ഇരുട്ടിത്തുടങ്ങിയെങ്കിലും വയലിനോട് ചേർന്നുള്ള വൈദ്യുതപോസ്റ്റിൽ ഇടയ്ക്ക് സ്ഥാപിക്കപ്പെട്ട തെരുവു വിളക്കിൻ്റെ സാന്നിധ്യത്തിൽ അവശേഷിക്കുന്ന വാഴകൾക്കു കൂടി വെള്ളം തേവിക്കൊണ്ടിരുന്നപ്പോൾ എസ്തപ്പാൻ ദൂരെ നിന്നും ഒരു നിഴൽ അനക്കം കണ്ടു.

"ആരാ അവിടെ.?", ഇത്തിരി ഉച്ചത്തിൽ തന്നെ അയാൾ വിളിച്ചു.
“അന്നമ്മയാ."
തെരുവുവിളക്കിൻ്റെ വെളിച്ചം അവളിൽ പതിച്ചപ്പോഴാണ് ആളെ അയാൾക്കു മനസ്സിലായത്.
“എന്താടീ ഈ നേരത്ത് പാത്തും പതുങ്ങിയും ഇവിടെ?”
“മോൾക്ക് നല്ല പനിയാണ് മൂടിപ്പുതച്ച് കിടക്കുവാ."
"ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കൊടുത്തോ?"
“വയറുവേദന മാറിയോ?"
“അതൊക്കെ കൊടുത്തു ഇപ്പോൾ അതല്ല പ്രശ്നം ഇച്ഛായാ."

“പെണ്ണിനു കിടക്കയിൽ നിയന്ത്രണമില്ലാതെ മൂത്രം പോകുന്നു."
"ആദ്യം നാറ്റമടിച്ചപ്പോൾ അപ്പുറത്തെ വീട്ടിലെ ആ ഭ്രാന്തൻ കൊച്ചൻ സ്ഥിരമായി നമ്മുടെ വേലിക്കൽ വന്നു മൂത്രമൊഴിക്കാറില്ലേ അതിന്റെ ആയിരിക്കുമെന്നാ കരുതിയത്.” “അവളുടെ കിടക്ക വിരിയുടെ വശങ്ങളിലേയ്ക്ക് നനവ് പടരുന്നത് കണ്ടപ്പോഴാ കാര്യം മനസ്സിലായത്.” “എനിക്ക് സഹിക്കാൻ പറ്റുന്നില്ല നമ്മുടെ മോൾക്ക് എന്തോ പറ്റിയിട്ടുണ്ട്."

അവൾ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു.
എസ്തപ്പാൻ ഷോക്കേറ്റ പോലെ നിന്നു.
അയാൾ പെട്ടെന്നുതന്നെ ശരീരത്തിൻ്റെ നിയന്ത്രണം വീണ്ടെടുത്ത് കരയ്ക്കു കയറി വീട്ടിലേയ്ക്ക് ഓടി.കിണറ്റു കരയിൽ കോരി വെച്ചിരിക്കുന്ന വെള്ളത്തിൽ കയ്യും കാലും കഴുകി വന്ന് കോലായിൽ തൂക്കിയിട്ടിരുന്ന ഉടുപ്പിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ കയ്യിലെടുത്തു.

“ദിനേശാ നീയിപ്പോൾ വല്ല ഓട്ടത്തിലുമാണോ?”
“അത്യാവശ്യമായി ഒന്ന് താലൂക്കാസ്പത്രി വരെ പോണല്ലോ.”
“എന്റെ മോള് ത്രേസ്യക്കാണേ."
“ഇപ്പോ ഇങ്ങോട്ട് ഒന്നിറങ്ങാൻ പറ്റുമോ."
മറു തലയ്ക്കൽ നിന്നുള്ള മറുപടി കേട്ട് അയാൾ തല കുലുക്കി.
“ആ ശരി വൈകിക്കല്ലേ…"
എന്നാലും ഇത്ര പെട്ടെന്ന് വയ്യാതാകാൻ അവൾക്കെന്താ പറ്റിയത്.

അവർ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.

ഓട്ടോറിക്ഷ വീട്ടിലെത്തിയ ഉടൻ രണ്ടു പേരും കൂടി താങ്ങി അവളെ വാഹനത്തിനുള്ളിൽ ഇരുത്തി. അന്നമ്മ വീടു പൂട്ടി താക്കോൽ എസ്തപ്പാനെ ഏൽപ്പിച്ചു. ഓട്ടോയ്ക്കുള്ളിൽ രണ്ടു പേരും അവളുടെ രണ്ടു വശത്തായി ഇരുന്നു. ഓട്ടോയുടെ പോക്ക് വേഗത്തിലായിരുന്നു ഇടയ്ക്ക് പനിയുടെ ക്ഷീണത്തിൽ നിന്ന് ഒന്നു കണ്ണു തുറന്ന അവൾ ഒന്നു ഞെട്ടി. മുന്നിലെ ഡ്രൈവറിനെ കാണുന്നില്ല.

തന്റെ രണ്ടു വശത്തേയ്ക്കും കയ്യ് എത്തിച്ചപ്പോൾ ശൂന്യത അനുഭവപ്പെട്ടു. തന്നെ ചേർന്നിരുന്ന അപ്പനെയും അമ്മച്ചിയെയും കാണുന്നില്ല. താൻ പറക്കുകയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയത് ചിത്രങ്ങളിൽ കാണുന്ന മാലാഖമാരുടെ പോലെ രണ്ടു വമ്പൻ തൂവെള്ള നിറമുള്ള ചിറകുകൾ കണ്ടപ്പോഴാണ്. ഓട്ടോയ്ക്ക് ചിറകു മുളച്ചിരിക്കുന്നു. ചുറ്റിലും മേഘങ്ങൾ നിറഞ്ഞിരിക്കുന്നു. താഴോട്ട് ഒന്നു കണ്ണോടിച്ചപ്പോൾ പെട്ടെന്ന് അവിടം മൊത്തം കരിമ്പു വളർന്നു നിൽക്കുന്നതു പോലെ തോന്നി. വീണ്ടും ഒന്നു ശ്രദ്ധിച്ചുനോക്കിയപ്പോൾ അവയ്ക്ക് മൂത്രപ്പുരയ്ക്ക് അകത്തുവെച്ച് സാറ് പുറത്തിട്ട വിശുദ്ധ ലിംഗത്തിൻ്റെ ആകൃതിയാണെന്നു കണ്ടു. ഒരു ജലാശയത്തിലാണ് അവ വേലി പോലെ വളർന്നു നിൽക്കുന്നത്. ഇടയ്ക്ക് മുകളിലേയ്ക്ക് ഉയർന്നു പൊങ്ങി താഴുന്ന കുഞ്ഞ് “ആരൽ” മത്സ്യങ്ങളും കാണാനുണ്ടായിരുന്നു. ഒഴുക്കില്ലാത്ത കെട്ടിനിർത്തിയിരിക്കുന്ന വെള്ളത്തിൽ അവയുടെ ദൂരേയ്ക്ക് പോകാനുള്ള സാധ്യതകളെ വിദൂരമാക്കിക്കൊണ്ട് ഒരു വേലിയായി ആ ലിംഗത്തിൻ്റെ ആകൃതിയിലുള്ള കരിമ്പുകൾ നിന്നു.

നേരേ കണ്ണു പായിച്ചപ്പോൾ തൊട്ടുമുന്നിൽ നേർത്ത ചരടിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ കോർത്തിട്ടിരിക്കുന്നു. രക്തവും വെളുത്ത നിറത്തിലുള്ള ഏതോ ദ്രാവകവും കൂടിക്കുഴഞ്ഞ് അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു. അത് നനവിൽ കുതിർന്ന് താഴോട്ട് വീഴുന്നുണ്ട്. ഒന്നു കൂടെ താഴോട്ട് കണ്ണോടിച്ച അവൾ ആ ദ്രാവകം വന്നു വീഴുന്ന കരിമ്പുകൾ പൊള്ളലേറ്റ പോലെ അലറുന്നതു കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ അവയിൽ രണ്ടെണ്ണത്തിന് രൂപമാറ്റം വരുന്നു. ഒന്ന് തന്റെ അപ്പനായും ഒന്ന് വെള്ളക്കോട്ട് ധരിച്ച ഭിക്ഷഗ്വരനായും രൂപം മാറിയിരിക്കുന്നത് കണ്ടു.

അവിടമാകെ ഒരു ആശുപത്രിയുടെ അന്തരീക്ഷമായി. ഡോക്ടറുടെ മുറിയിൽ മേശയുടെ ഒരു വശത്ത് ഞാൻ ഇരിക്കുന്നു. മറുവശത്ത് ഡോക്ടറും. പുറത്തെ സന്ദർശകർക്കുള്ള കസേരയിൽ അപ്പനും അമ്മച്ചിയും.

ഞാൻ കരഞ്ഞു കൊണ്ട് എന്തൊക്കെയോ ഡോക്ടറോട് പറയുന്നുണ്ട് എന്താണെന്നു വ്യക്തമാകുന്നില്ല. കുറച്ചു കഴിഞ്ഞ് ഡോക്ടർ പുറത്തിറങ്ങി അപ്പനുമായി ആശുപത്രിയുടെ ഒരു മൂലയ്ക്ക് മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അപ്പൻ ഇടയ്ക്ക് ഞെട്ടുന്നുമുണ്ട്.

ഓട്ടോറിക്ഷ താലൂക്ക് ആസ്പത്രിയുടെ മുന്നിൽ വന്നു ബ്രേക്കിട്ടു. അന്നമ്മ തട്ടി വിളിച്ചപ്പോൾ ത്രേസ്യ പെട്ടെന്നു ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് കണ്ണു തുറന്ന് നാലുപാടും നോക്കി.

അച്ഛനും അമ്മയും അവളെ താങ്ങി ആശുപത്രിയ്ക്കുള്ളിലേയ്ക്ക് ആനയിച്ചു. അകത്ത് ചുമർ ചേർത്ത് ഘടിപ്പിച്ചിരുന്ന നെടുനീളൻ സ്റ്റീൽ പൈപ്പുകളിൽ പണിത കസേരയിൽ ഭാര്യയെയും മകളെയും ഇരുത്തിയിട്ട് എസ്തപ്പാൻ ഒ പി ടിക്കറ്റ് എടുക്കാൻ പോയി.

ത്രേസ്യക്ക് ഇനിയവിടെ നടക്കാൻ പോകുന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടായി. കുടുബമഹിമയുടെയുടെ പേരു പറഞ്ഞ് നാഴികയ്ക്ക് നാൽപ്പതുവട്ടം പൊങ്ങച്ചം പറയുന്ന അപ്പനോ നാട്ടിലുള്ള എല്ലാ അമ്മ പെങ്ങമ്മാർക്കും സദാചാരക്ലാസ് എടുക്കുന്ന അമ്മച്ചിയോ തൻ്റെ മകൾ ലൈംഗീകമായി പീഢിപ്പിക്കപ്പെട്ടു എന്നറിയുമ്പോൾ നാട്ടുകാർക്കും വീട്ടുകാർക്കും മാനഹാനിയുണ്ടാക്കിയവൾ എന്നതിൽ കവിഞ്ഞുള്ള ഒരു ലേബലും തനിക്ക് ചാർത്തി തരാൻ സാധ്യതയില്ലെന്ന കാര്യം അവൾക്ക് ഉറപ്പായിരുന്നു.

കണ്ണടച്ച് കസേരയിലേയ്ക്ക് ചാഞ്ഞിരുന്ന അവൾ ഇനിയൊരിക്കലും സ്വന്തം നാട്ടിലോ വീട്ടിലോ അരക്ഷിതബോധത്തോടെയല്ലാതെ നടക്കാൻ കഴിയില്ലെന്ന കാര്യം ഓർത്തു. സ്വന്തം ശരീരത്തെ പാടെ വെറുത്ത് കൊണ്ട് ജീവിച്ചു തീർക്കേണ്ടുന്ന വലിയൊരു കാലയളവിനെക്കുറിച്ചോർത്തു. ഇനിയും തീ തുപ്പുന്ന വിഷമുള്ള വഴുതി മാറുന്ന ഒരുപാട് ‘ഈൽ’ മത്സ്യങ്ങളെ വളർത്തുന്ന സമൂഹത്തിൽ നീതിരഹിതയായി വർഷങ്ങൾ കേസുപറഞ്ഞ് തീർക്കാൻ തനിക്കു പുറകേ പാഴ് ജന്മങ്ങളായി പിറന്നു വീഴാൻ പോകുന്ന പെണ്ണുങ്ങളെക്കുറിച്ചോർത്തു. താൻ നേരിട്ട അനുഭവങ്ങളെ സാമൂഹ്യപാഠം പുസ്തകത്തിലെ രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ടൈം ലൈൻ ചാർട്ട് പോലെ ഹൃദ്ധിസ്ഥമാക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. ഡോക്ടറോട് പറയേണ്ടുന്ന കാര്യങ്ങൾ അവൾ അക്കമിട്ടു നിരത്തി.

നാട്ടിലുള്ള ആൺവർഗ്ഗങ്ങളുടെ മാനം രക്ഷിക്കാൻ സദാ സന്നദ്ധമായി ഇറങ്ങിത്തിരിക്കാറുള്ള ചില പ്രത്യേക വനിതകൾ ആ അധ്യാപകന്റെയും പിന്നിൽ അണിനിരക്കുമെന്നത് അവൾ ഓർത്തിരിക്കുമോ.

മുലയിൽ അമർന്ന ഭർത്താവിൻ്റെ കൈത്തലത്തിന് എന്നോ കണ്ടു മറന്ന ആ മാതൃകാധ്യാപകൻ്റെ പരുക്കൻ കൈപ്പത്തിയുമായുള്ള സാമ്യം തോന്നി.

ഞെട്ടിയെഴുന്നേറ്റ ത്രേസ്യ വീണ്ടും ഓർമ്മകളിലെയ്ക്ക് ഊളിയിടാൻ തുടങ്ങി. മുറിക്കു ചുറ്റും അപ്പോൾ മുളച്ചുപൊന്തിയ അനേകായിതം പുരുഷകരങ്ങൾ അവളുടെ കഴുത്ത് ലക്ഷ്യമാക്കി കുതിച്ചു. തറയിൽ താമരവള്ളി പോൽ ഞാന്നു കിടന്ന അവയവങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന വെളുത്ത നിറത്തിലുള്ള ദ്രാവകം അവിടമാകെ ഒഴുകിപ്പരന്നു.

Comments