ചിത്രീകരണം: ദേവപ്രകാശ്

ആട്ടക്കഥ

There's beauty in the chaos of life. Embrace it
- Lilly Wachowski

അർജുനേന ഏതദ്ധനം പ്രാപ്തം യദ്യപി ത്വം
പ്രതിഗൃഹ്ണീഷ്വ വരം വൈവസ്വതമ്‌
തഥൈവ തത്സർവം ഭവദ്ഭിരുപേയം
(മഹാഭാരതം)

“എടേ മോളേ കൃഷ്ണാ, നിന്റെ പാർത്ഥിയണ്ണനെ പോലീസ് പിടിച്ചാ?” മെറ്റലുടക്കുന്ന താളത്തിൽ നിന്നും കൈകളൂരി പാർത്ഥിയണ്ണനെന്ന വാക്കിലേക്ക് കാതു കൂർപ്പിച്ച് കൃഷ്ണ രാധേച്ചിയെ നോക്കി.

“സദേട്ടൻ കണ്ടെന്നാണ് പറയണ്” 

“എടേ ഒന്നിങ്ങ് വാടേ പോയി നോക്കാ” 

ലക്ഷ്മി അക്ക തലക്കെട്ടഴിച്ച് പണിഷർട്ടൂരി, കോറലുകൾ വീണ പച്ച പ്ലാസ്റ്റിക്ക് കുപ്പിയിൽ കൊണ്ടു വന്ന വെള്ളത്തിൽ കയ്യും മുഖവും ചുറ്റിച്ച് മൊത്തത്തിലൊന്ന് നനച്ചെന്ന് വരുത്തി. കൃഷ്ണ വെയിലിന് മറ വച്ച, മെടഞ്ഞ ഓല കുത്തി നിർത്തിയ കമ്പ് തട്ടി താഴെയിട്ട്, ചുറ്റികയും പണിഷർട്ടും ഉച്ചക്കത്തേക്കുള്ള ചോറ്റുമ്പാത്രവും മൂടി. വെയിലിൽ തിളങ്ങുന്നുണ്ടായിരുന്ന, കുപ്പായത്തിൽ പറ്റിയ മെറ്റലിന്റെ ചെറിയ തരികൾ പോകുന്ന പോക്കിൽ അവൾ തട്ടിക്കുടഞ്ഞു. ചുറ്റും മെറ്റലുടക്കുന്ന താളം. ചീള് തെറിക്കാതെ ശബ്ദവും ശക്തിയും കുറച്ച് പാറക്കഷ്ണത്തിന്റെ പ്രത്യേകയിടങ്ങളിൽ മാത്രം തട്ടുന്ന കരവിരുത്. ശ്രീകൃഷ്ണന്റെ ഉപാസകരായ ശ്രീധരനും അംബികക്കും പിറന്ന പെൺകുഞ്ഞിന് കൃഷ്ണ എന്ന് പേരിടാൻ കാരണമായത് ലക്ഷിയക്കയാണ്. ആണുങ്ങടെ പേര് ഒരു പെണ്ണിനാ എന്ന് കേട്ടവരൊക്കെ മൂക്കത്ത് വിരലു വച്ചെങ്കിലും ശ്രീധരനും ഭാര്യയും ലക്ഷ്മിയക്ക നിർദ്ദേശിച്ച ഭഗവാന്റെ പേരിൽ തന്നെ ഉറച്ചു നിന്നു. അതുകൊണ്ട് എന്തുണ്ടായി? പാറമട ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിക്കും വരെ കൃഷ്ണനാമം ജപിക്കാൻ ആ ദമ്പതികൾക്കായില്ലേയെന്ന് ലക്ഷ്മിയക്ക കൂട്ടുപണിക്കാരോട് ചോദിച്ച്, അതിന്റെ ഒര് പുണ്യം അവർക്ക് കിട്ടിക്കാണുവല്ല് എന്ന് സ്വയമേ പറഞ്ഞ് ആശ്വസിച്ചു. പ്രേമിച്ചു ഒളിച്ചോടി വന്ന ശ്രീധരന്റേയും ഭാര്യ അംബികയുടെയും ബന്ധുക്കളാരും തന്നെ അവരുടെ മകളെ ഏറ്റെടുക്കാൻ വരാതായപ്പോൾ അനാഥയായ കൃഷ്ണക്ക് സ്വന്തം അമ്മ തന്നെയായി ലക്ഷ്മിയക്ക പിന്നീടങ്ങോട്ട്. പാറമടയിൽ പണിക്ക് വന്ന പാർത്ഥിക്ക് കൃഷ്ണയെ കെട്ടിച്ചു കൊടുക്കാൻ തീരുമാനിച്ചതും അതിനായി മുൻകയ്യെടുത്തതും ലക്ഷ്മിയക്കയാണ്. പാർത്ഥിപനും ആരുമില്ല. ഒറ്റാം തടി. നല്ല പണിക്കാരൻ. കൂട്ടുകെട്ടില്ല. വലിയില്ല കുടിയില്ല. വലിയ സംസാരമില്ല. കിട്ടുന്ന പൈസ അധികം ചിലവാക്കലുമില്ല. ഒതുങ്ങിയ പ്രകൃതം. പക്ഷെ ലക്ഷ്മിയക്കയെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് മറ്റൊരു കാരണമാണ്. കല്യാണം കഴിഞ്ഞാലും മകൾ കണ്ണെത്തും ദൂരത്ത് തന്നെ കാണും. പാർത്ഥിക്ക് വീടും വീട്ടുകാരും ബന്ധുക്കളുമില്ല. ഈ മല വിട്ട് അയാളെങ്ങോട്ടും പോകാനും പോകുന്നില്ല. തന്റെ കണ്ണടയുവോളം മകളും മരുമകനും അവരുടെ കുട്ടികളും അരികിൽ കാണും. ഒരു അമ്മയെന്ന നിലയിൽ ഇതിൽപ്പരം ചാരിതാർത്ഥ്യമെന്തുണ്ട്?  

“ലച്ചൂ ഇങ്ങോട്ട് വന്നേ”

പുറത്തെ കരച്ചിലു കേട്ട് വന്ന ഗോപി സർ ലക്ഷ്മി അക്കയെ മാത്രം പോലീസ് സ്റ്റേഷനു മുന്നിൽ ചാഞ്ഞു കിടക്കുന്ന ആത്തച്ചക്കയുടെ കടക്കലേക്ക് കൂട്ടിക്കൊണ്ട് പോയി. ഗോപി സാറ് പണ്ട് ലക്ഷ്മിയക്കയെ വിവാഹം കഴിക്കാനാശിച്ച് പിറകേ നടന്ന സമയം തൊട്ട് ലക്ഷ്മിയെ ലച്ചു എന്നല്ലാതെ വിളിച്ചിട്ടില്ല. അയാളുടെ വിവാഹശേഷം കുറച്ചു കാലത്തേക്ക് വിളി ലക്ഷ്മിയെന്ന് മാറിയെങ്കിലും ഭാര്യ സുധ ന്യൂമോണിയ വന്നു മരിച്ചതിൽ പിന്നെ ഈ വിളിക്ക് പ്രത്യേക ലക്ഷ്യമുള്ളത് അക്ക അവഗണിക്കാറാണ് പതിവ്.

“ലച്ചൂ ഇതിത്തിരി വല്യ കേസാ. ഞാൻ വിചാരിച്ചാ ഒന്നും നടക്കത്തില്ല”  

“എന്റെ പൊന്നു ഗോപി സാറേ, ആ മിണ്ടാപ്രാണി എന്തര് ചെയ്തേനെക്കൊണ്ട് അയിനെ പിടിച്ച് വച്ചീക്കണ്” 

“കേസ് കൊലപാതകാ. പ്രഭാകരൻ വീണ് കെടപ്പിലായിരുന്നല്ലോ”

“അതിന് പാർത്ഥി യെന്തര് പെഴച്ചു സാറെ?”

“ശബ്ദം കുറക്ക്” 

ഗോപി സാറു താക്കീത് ചെയ്തപ്പോ ലക്ഷ്മിയക്ക ശാന്തത നടിച്ചു. 

“ഇതെല്ലാം ആ പാലമറ്റത്തിന്റെ പണിയാ. നീയിവിടെ കെടന്ന് ബഹളം വക്കാണ്ട് അവിടെ പോയി ആരുടെയാച്ചാ കാല് പിടിക്ക്, ചെല്ല്” 

പറഞ്ഞത് കേട്ട് ആദ്യം കലി വന്നെങ്കിലും മറ്റൊരു വഴിയും കാണാത്തതിനാൽ ലക്ഷ്മിയക്ക അടങ്ങി. കാര്യം ഗുരുതരമാണെന്ന് അമ്മയുടെ മുഖത്തെ നിസ്സഹായത കണ്ടു മനസിലാക്കിയ കൃഷ്ണ കരച്ചിലായി. അടുത്ത മാസമാണ് പാർത്ഥിയുടേയും കൃഷ്ണയുടേയും കല്യാണം നിശ്ചയിച്ചിരുന്നത്. പാർത്ഥിയണ്ണന്റെ മുഖമോർത്തപ്പോൾ അവൾക്ക് സങ്കടം ഇരട്ടിച്ചു. 

അടിവാരത്ത് നിന്നും പത്തൊൻപത് കിലോമീറ്റർ അകലെയുള്ള മലയോരമാണ് വെള്ളാങ്കല്ല്. രണ്ടു മണിക്കൂറു കൂടുമ്പോൾ ഒന്ന് എന്ന കണക്കിൽ അടിവാരത്തു നിന്നും ബസ് സർവ്വീസ് ഉണ്ടെങ്കിലും വെള്ളാങ്കല്ലിലെ പാറമടയിലേക്ക് ലോറികൾ ഇടക്കിടെ ചുരം കയറുമെന്നതിനാൽ ഗതാഗത സംവിധാനത്തിൽ നാട്ടുകാർക്ക് വലിയ ആശങ്കകൾ ഉണ്ടായിരുന്നില്ല. അതിനു മാത്രം കുടുംബങ്ങളും അവിടെ താമസമില്ല. പാറമടയിൽ പണിക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് എണ്ണത്തിൽ കൂടുതലും. പാറമട നടത്തിക്കൊണ്ടിരിക്കുന്ന പാലമറ്റം വീട്ടുകാരാണ് വെള്ളാങ്കല്ലിലെ പ്രമാണിമാർ. അപ്പനും വല്യപ്പനും സഹോദരങ്ങളും മക്കളും ഒക്കെയായി പത്ത് പതിനാറ് കുടുംബങ്ങൾ പാലമറ്റത്തിന്റേതായിട്ടുണ്ട്. പാറമട തുടങ്ങിയ ശേഷമാണ് പാലമറ്റം തറവാട് പൂത്തകാശുകാരായത്. ഇപ്പം പാറമട മാത്രമല്ല സിറ്റിയിലും അപ്പുറമിപ്പുറമായി സ്ഥലകച്ചവടമടക്കം പല ബിസിനസുകൾ പാലമറ്റം വീട്ടുകാർക്കുണ്ട്. 

പാറമടയിൽ പണിക്ക് പോവുന്ന പെണ്ണുങ്ങൾക്ക് പൂച്ചക്കണ്ണുള്ള കുഞ്ഞുങ്ങൾ ഉണ്ടായാലത് പാലമറ്റത്തിലേതാണെന്നൊരു പറച്ചിലുണ്ടായിരുന്നു പണ്ട്. ആ പാലമറ്റത്തിലെ ആണുങ്ങളുടെ കണ്ണുതട്ടാതെയാണ് ലക്ഷ്മിയക്ക കൃഷ്ണയെ വളർത്തിക്കൊണ്ട് വന്നത്. പാലമറ്റം തറവാടിന്റെ ഈയൊരു സ്വഭാവത്തിന്  അപവാദം എലിസബത്ത് ടീച്ചറിന്റെ രണ്ടാൺമ്മക്കൾ മാത്രമാണ്. അവർക്കിടയിൽ വിദ്യാഭ്യാസമുള്ള ഏക കുടുംബം. എലിസബത്ത് ടീച്ചറുടെ കൈകാരനായ ഗോപാലനാണ് പാറമടയുടെ കണക്കും കാര്യങ്ങളും നോക്കുന്നത്. പാറമടയിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ എത്തിക്കുക എന്ന അധിക ചുമതലയും ഗോപാലേട്ടനിലാണ് നിക്ഷിപ്തം. അങ്ങനെ കൊണ്ടു വന്ന ഒരു കൂട്ടത്തിനൊപ്പമാണ് പാർത്ഥിപൻ വെള്ളാങ്കല്ലിൽ എത്തിപ്പെട്ടത്. ഇതാദ്യമായല്ല ക്വാറിയിൽ മരണം സംഭവിക്കുന്നത്. ക്വാറി തൊഴിലാളി പ്രഭാകരൻ വീണ് മരിച്ചത് അപകട മരണമാണെന്ന് പുറംലോകമറിഞ്ഞാൽ അന്വേഷണം വരും. അതോടെ പാറമടയുടെ അനധികൃത ഖനനം പുറത്തു വരാൻ സാധ്യതയുണ്ട്. അത് പിന്നീട് മറ്റ് അന്വേഷണങ്ങളിലേക്ക് വഴി വച്ചേക്കാമെന്ന ദീർഘവീക്ഷണമാണ് പ്രഭാകരന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ മുളയിലേ നുള്ളാൻ പാലമറ്റത്തിനെ പ്രേരിപ്പിച്ചത്. പ്രഭാകരന്റെ മരണം വ്യക്തിവൈരാഗ്യമെന്ന് തെളിയിച്ചാൽ കേസ് ആ വഴിയെ പോയിക്കോളും. അതിനായി ഊരും പേരും പേപ്പറും സ്വന്തക്കാരുമില്ലാത്ത പാർത്ഥിപനെയാണ് നേർച്ചക്കോഴിയായി പാലമറ്റം തീരുമാനിച്ചത്. പക്ഷെ അയാൾക്കായി വക്കാലത്തു പറയാൻ ആരും വരുകില്ല എന്ന നിഗമനത്തിൽ അവർക്ക് തെറ്റു പറ്റി. 

കരഞ്ഞുകൊണ്ട് ശ്വാസം മുട്ടുന്ന കൃഷ്ണയേയും കൊണ്ട് ലക്ഷ്മിയക്ക എലിസബത്ത് ടീച്ചറുടെ വീട്ടിലേക്കാണ് ഓടിയത്. അവരുടെ ആണി രോഗം ബാധിച്ച കാൽപ്പാദം, ഓട്ടത്തിനിടെ വേദനിച്ചു. ലക്ഷ്മിയക്കയുടെ പേരു പറഞ്ഞപ്പോൾ പാലമറ്റത്തിന്റെ ഗേറ്റ് തുറക്കപ്പെട്ടു. എലിസബത്ത് ടീച്ചറെ കണ്ടതും കൃഷ്ണ സാഷ്ടാംഗം വീണു. രണ്ടുപേരേയും കൊണ്ട് വീടിനുള്ളിൽ കയറി എലിസബത്ത് ടീച്ചർ വാതിലടച്ചു.  

പിറ്റേന്ന് വെള്ളാങ്കല്ലുണർന്നത് മൂന്ന് വാർത്തകൾ കേട്ടാണ്. 

ഒന്ന്: വെള്ളാങ്കല്ല് പോലീസ് സ്റ്റേഷനിൽ തീപിടുത്തം. നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ പരിക്കേറ്റു ആശുപത്രിയിൽ. 

രണ്ട്: പാലമറ്റത്തിലെ എലിസബത്ത് ടീച്ചർ കൊല്ലപ്പെട്ടു.

മൂന്ന്: ലക്ഷ്മിയക്ക, കൃഷ്ണ, പാർത്ഥിപൻ എന്നിവരെ കാണ്മാനില്ല.

പല അഭ്യൂഹങ്ങൾ നാട്ടുകാർക്കിടയിൽ പരന്നെങ്കിലും ടീച്ചറുടെ ശവമടക്കിനു കാത്തു നിൽക്കാതെ പാലമറ്റം കുടുംബം അന്നു രാവിലെ തന്നെ കുടുംബയോഗം വിളിച്ചു. എലിസബത്തിന്റെ മക്കളായ ബേബിക്കും കുഞ്ഞുമോനും അതിൽ വലിയ താത്പര്യമില്ലായിരുന്നെങ്കിലും പേരിനു അവരും കൂടി. വല്ല്യപ്പനായ പൈലനാണ് കാര്യങ്ങൾ തീരുമാനിച്ചത്. മക്കളും മരുമക്കളും അനുസരിക്കാൻ തയ്യാറായി നിന്നു. 

“മൂന്നു വഴിയാണ് അവർക്കിവടേന്ന് രക്ഷപ്പെടാൻ. ഒന്ന് വെള്ളച്ചാട്ടം റോഡ് വഴി മറ്റൊന്ന്  പ്ലാത്തോട്ടം റോഡ് വഴി പിന്നൊന്ന് കാട്”

“രാത്രി തൊട്ടേ റോഡ് രണ്ടും ബ്ലോക്ക് ചെയ്തിട്ടുണ്ട്” 

മരുമകൻ ആന്റോ പൈലനു ഉറപ്പ് നൽകി.

“സൈമണും ആളുകളും അടിവാരത്തുണ്ട്. പ്ലാത്തോട്ടത്തിലേക്ക് യാക്കോബാ പോയേക്കുന്നേ”

“അവിടിട്ട് കൊല്ലരുതെന്ന് പറയണം. ഇങ്ങോട്ടേക്ക് കൊണ്ട് വരണം”

“എനിക്ക് യാക്കോബിനേയാ പേടി. ഭ്രാന്ത് കേറിയാ പോയേക്കുന്നേ”

“തോക്കെടുത്തായിരുന്നോ?”

“ഒവ്വ്”

“ആരുവാടാ അവനു പിന്നേം തോക്ക് കൊടുത്തു വിട്ടത്? ഉണ്ടായ പുകിലൊന്നും പോരാഞ്ഞാണോ?”

ആരുമൊന്നും മിണ്ടിയില്ല. 

“എന്നാലും ഏതവനാടാ ഇത്രേം ധൈര്യം ഇവിടെ വന്ന് ഇത് ചെയ്യാൻ?”

“ഏതവനായാലും അവന്റെ അന്ത്യം ഇവിടെത്തന്നാ”

“എന്നാ ഉണ്ടായേന്ന് വല്ല പിടുത്തവും കിട്ടിയോടെ?”

“ഇല്ല വല്ല്യപ്പാ”

“അതെങ്ങനാടാ ഒരു പോലീസ് സ്റ്റേഷൻ മൊത്തം കത്തിച്ചു, പാലമറ്റം കുടുംബത്തീക്കേറി പണിതു. എന്നിട്ടും ആരാ എന്നാന്ന് ഒന്നും അറിഞ്ഞില്ലാ അല്ലെടേ?”

“പോലീസുകാരന്മാർക്കൊന്നും വായ തുറക്കാനായില്ല. തുറന്നവനൊന്നും അറിയത്തുമില്ല. എല്ലാവനും നല്ല അടി കിട്ടിയിട്ടുണ്ട്. ഗോപിയേട്ടനും ആശുപത്രിയിലാണല്ലോ. ഒന്നും പറയാനായില്ല”

“നീയാ ചെറുക്കനെപ്പറ്റി അന്വേഷിച്ചാരുന്നോ?”

“ബംഗാളികളുടെ കൂടെയാ വന്നതും നിന്നതും. ഈയടുത്തെങ്ങാണ്ടാ മലയാളിയാന്ന് മനസിലായേ. പാറപ്പണിക്കെടേലാണ് ആ പെണ്ണുമായി അടുപ്പത്തിലായത്. അവടെ അമ്മയും അവളുമാ ഇന്നലെ ഏല്യാമേച്ചീനെ കാണാൻ വന്നതേ. അമ്മച്ചി അവരെയും കൊണ്ട് പൊറത്ത് ഇറങ്ങുവേം ചെയ്തു. പിന്നെ കേക്കണത്”

“ഇതിനു പെറകീ അവരാവാൻ സാധ്യത ഇല്ലെടാ”

“ആ ചെറുക്കനേം കാണാനില്ലല്ലോ?”

“ഇതിനു പെറകിലാരോ കളിക്കണൊണ്ട്  നീയാ വണ്ടിയെടുത്ത് തോമാസ് മാപ്ലേടെ വീട്ടിലൊന്ന് നോക്കിയേരെ. പിന്നെ പണിക്കാരേം വിളിച്ച് കാടൊന്ന് അരിക്കണം”

“കാട് വഴി അവരിറങ്ങുവോ?”

“ഏതു വഴി ഇറങ്ങിയാലും രക്ഷപ്പെടണേല് അവർക്ക് താഴെ വന്നല്ലേ പറ്റത്തൊള്ളൂ ”

“സംശയമുള്ള എല്ലാ വീടും കയറി നോക്കണം. എല്ലാവിടേം തെരയാൻ ആളെ വിടണം”

“കുടുംബത്തിലെ എല്ലാ ആണുങ്ങളും കേൾക്കാനായിട്ട് പറയുവാ. ഈ കുടുംബം കൊളംകുത്താതിരിക്കാൻ ഏല്യാമ എടുത്ത പണി എനിക്കുമറിയാം നിങ്ങക്കുമറിയാം. അതിന്റെ നന്ദി കാട്ടാൻ നമുക്കു കിട്ടുന്ന ആവസാന അവസരവാ. എല്ലാവനും ഇതിൽ കൂടെ നിക്കണം”

“ഗോപിയേട്ടന് ബോധം വന്നിട്ടുണ്ട്” ആന്റോ ഫോൺ നോക്കിപ്പറഞ്ഞു. 

“നിങ്ങള് പറഞ്ഞ പണി ചെയ്യ്. ഞാനും ആന്റോയും ഗോപിയെക്കണ്ടിട്ട് വരാം”

“പിന്നെ തോക്കും കുന്തോം കൊടച്ചക്ക്രോം കയ്യിലുണ്ടെന്ന് കരുതി എന്ത് കൊള്ളരുതായ്മയും കാണിക്കാമെന്ന് കരുതരുത്. എല്ലാത്തിനും ഒരു നയം വേണം” 

നാടൻ തോക്കുകളുടേയും മറ്റായുധങ്ങളുടേയും വിതരണം കഴിഞ്ഞപ്പോൾ വാഹനങ്ങൾ പലയിടങ്ങളിലേക്കായി പിരിഞ്ഞു. 

ടുത്ത വേദന കാരണം ലക്ഷ്മിയക്ക ഞരങ്ങി. കൃഷ്ണ പേടി കാരണം ശബ്ദമുണ്ടാക്കാതെ ലക്ഷ്മിയക്കക്കായി ചുണ്ടനക്കി. ബോധം പതിയെ തിരിച്ചു വരുന്നുണ്ട്. കാടിനുള്ളിൽ പതിഞ്ഞ് നടക്കുന്നുണ്ടായിരുന്ന ഏഴു പേരുടെ സംഘം നിശ്ചലമായി. രണ്ടു പേർ ചേർന്ന് ചുമക്കുന്നുണ്ടായിരുന്ന അക്കയെ താഴെയിറക്കാനായി, അവർ ഒരു മരത്തിന്റെ ചുവടിൽ ചാരി നിർത്തി. 

“മോളേ” ലക്ഷ്മിയക്ക വേദനിച്ചു വിളിച്ചു.

കൃഷ്ണ അക്കയുടെ കൈകളിൽ പിടിച്ചു ചൂടാക്കി കൊടുത്തു. 

“ഇവരൊക്കെ ആരാ?” അപ്പോഴാണ് ലക്ഷ്മിയക്ക പാർത്ഥിയെ കണ്ടത്.

“മോനേ”

പാർത്ഥി അടുത്തു വന്നു. അക്ക കൃഷ്ണയുടെ കൈ പിടിച്ച് പാർത്ഥിയെ ഏൽപ്പിച്ചു. 

“ഇനി എവക്ക് നീയും നെനക്ക് അവളും. എന്റെ സമയം കഴിയാനായി”

“അക്ക പേടിക്കേണ്ട ഈ മല കഴിഞ്ഞാ നമ്മളെത്തും” 

അക്ക വേദനയെടുത്ത് ഞരങ്ങി. പിന്നെ ചുറ്റുപാടും നോക്കി പരിസരം നിരീക്ഷിച്ചു   

“നമ്മളീ മല കടക്കത്തുവില്ല   ,കരിമലയാരും ഒട്ടു കടന്നിട്ടുവില്ല” 

അത് കേട്ട് എല്ലാവരും ചെയ്തു കൊണ്ടിരുന്ന പ്രവർത്തികൾ നിറുത്തി വച്ചു. കൃഷ്ണ ശബ്ദമില്ലാതെ കരഞ്ഞു. ലക്ഷ്മിയക്ക അത് നിസ്സഹയായി നോക്കി കിടന്നു. നിലാവിൽ കണ്ണുനീർ വെട്ടിത്തിളങ്ങി. 

“ഒരു വഴിയൊണ്ട്” 

ലക്ഷ്മി അക്ക ആലോചിച്ചു കൊണ്ട് തുടർന്നു.

“വടക്ക് ന്ന് രണ്ട് കിലോമീറ്ററ് കഴിഞ്ഞ് തിരിഞ്ഞാ പണ്ട് കല്ല് കടത്താനെക്കൊണ്ട് ഒണ്ടാക്കിയ തുരങ്കത്തിന്റെ മൊഖമൊണ്ട്. അത് പൊട്ടിപ്പൊളിഞ്ഞ് കെടപ്പാണ്. നൂരെ ചെന്ന് എറങ്ങണത് അടിവാരത്തിന് അട്ത്ത്. കഴിഞ്ഞ ഉരുൾ പൊട്ടലിൽ അതും പെയ്യതാണ് . ചെല ഭാഗം ഇടിഞ്ഞ് കെടപ്പായതോണ്ട് നമ്മക്ക് തൊരന്ന് പ്വോവേണ്ടി വരും. ആ മോനേ നിനക്ക് കൊറച്ചെല്ലാമറിയാല്ല്”

പാർത്ഥി ഒന്നും പറയാതെ കാലിൽ പറ്റിയ ചോര ഇലകൾ വച്ച് തൂത്തു കൊണ്ടിരുന്നു.

“നീയിവറ്റകളെ കൊണ്ടു പോണം. നിനക്ക് വേണ്ടി രായ്ക്ക് രാമാനം ചുരം കേറി വന്നവരാ. ഞാനിനി അധികമില്ല” പാർത്ഥിയുടെ കൂട്ടുകാരെപ്പറ്റിയാണ്.

ലക്ഷിയക്ക വയറിൽ പൊത്തിപ്പിടിച്ചു കൊണ്ട് വേദനയെ തടയാനൊരു വിഫല ശ്രമം നടത്തി. അത് കണ്ട് കൃഷ്ണ ദയനീയമായി അടുത്തേക്കു വന്നു. 

“എന്തിനടീ പെണ്ണേ തൊള്ള തൊറക്കണത്. നിനക്കായിട്ട് ഇപ്പ ഒരുത്തനൊണ്ടല്ലോ.”

“ഒന്ന് മിണ്ടാതിരിക്കമ്മാ”

“എവൻമാർക്ക് വഴികളൊന്നും അറിയാംവയ്യ  . നീ വ്യാണം  പറഞ്ഞു ക്വൊടുക്കായ്. അട്ട കാണും. ഉപ്പു കയ്യീപ്പിടിക്കണം. തുണി വടിയിൽ ചുറ്റി മരക്കറയിൽ മുക്കി കത്തിച്ചാ പന്തമായി”

എല്ലാവരും വീണ്ടും യാത്രക്കായി ഒരുങ്ങി.

“യെടേ പാർത്ഥി പറയണത് കേളടാ. നെനക്കൊക്കെ രക്ഷപ്പെടണേല് പോടാ. യെന്റെ കൊച്ചിനേലും രക്ഷിക്കെടാ” 

അവരുടെ വാക്കുകളെ അവഗണിച്ച് നല്ല വണ്ണവും ഉയരവുമുള്ള  ഒരുത്തൻ വന്ന് ലക്ഷ്മി അക്കയെ പൊക്കി.

“നെലത്ത് വക്കടാ ഉദ്ദണ്ടാ” അക്ക ആക്രോശിച്ചു.

ലക്ഷ്മിയക്ക വാശിപിടിച്ചപ്പോൾ അയാൾ അവരെ നിലത്ത് പതിയെ ഇറക്കി. 

“രണ്ട് വടി. കുറച്ച് മരവള്ളി. എന്നെ അതീ കെടത്തിയാ മതി. എളുപ്പം അനങ്ങാം. അത് മതി”

ലക്ഷ്മിയക്ക പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നിയപ്പോൾ മൂന്ന് പേർ മഞ്ചലുണ്ടാക്കാനുള്ള പണിക്കായി പോയി. ലക്ഷ്മിയക്ക പാർത്ഥിയെ അടുത്തു വിളിച്ചു. കൃഷ്ണ വെള്ളം കുടിക്കാൻ മാറിയ സമയമായിരുന്നു.

“നമ്മളെവിടെപ്പോയൊളിച്ചാലും അവരു വരും. നമ്മള് വെളിയെത്തിയാ അവരക്കല്ലേ പ്രശനം. കയ്യീ കിട്ടിയാ അപ്പോ കൊല്ലും ഒറപ്പ്”

പെട്ടെന്ന് വേദനയെടുത്ത പോലെ പാർത്ഥി കണ്ണുകളടച്ചു. 

“ഹൂശ്”

മുള വെട്ടിക്കൊണ്ടിരുന്ന കൂട്ടുകാരിലൊരുത്തന്റെ കാലു കീറിയതാണ്. 

“നോക്കി വീശടാ” വേറൊരുത്തൻ വിളിച്ചു പറഞ്ഞു. മറ്റാരോ ചെന്ന് മുറിവിൽ തുണി ചുറ്റിക്കെട്ടി. മുളയും കാട്ടുവള്ളികളും ചേർന്ന് മഞ്ചലൊരുക്കുന്നതിനിടെ ലക്ഷ്മിയക്ക ചോദിച്ചു

“മക്കടെ പേരൊക്കെ യെന്തുവാ?”

“ഞാൻ ധർമ്മൻ” വേറാരും ഒന്നും മിണ്ടിയില്ല. 

“ഓ നിങ്ങള് വന്നില്ലായിരുന്നെങ്കിൽ ഞങ്ങളിന്നില്ല”

ഇടക്ക് പാർത്ഥിയെ ഒറ്റക്ക് കിട്ടിയപ്പോൾ കൃഷ്ണ സ്വകാര്യം ചോദിച്ചു.

“ഇതൊക്കെ ആര് പാർത്ഥിയണ്ണാ”

“കൂട്ടുകാരാ”

“കൂട്ടുകാരെന്നും വച്ചാ 

“എവിടെ വച്ചാ നിങ്ങളറിയുന്നേ? ഞാൻ കേട്ടിട്ടേയില്ലല്ലോ”

അയാളൊന്നും മിണ്ടിയില്ല. 

“പെട്രോൾ പമ്പിൽ വച്ചാണോ അണ്ണാ?”

“അല്ല കുട്ടിക്കാലത്തെ കൂട്ടുകാരാ. നിനക്കറിയില്ല”

പാർത്ഥി ഇഷ്ടപ്പെടാതെ അവളെ നോക്കി. തന്റെ കാര്യങ്ങളൊന്നും അവളോട് പറയേണ്ടിയിരുന്നില്ലയെന്ന് അയാൾക്ക് തോന്നി. നീരസപ്പെട്ടുള്ള അയാളുടെ മട്ടും ഭാവവും കണ്ട് കൃഷ്ണ പിന്നൊന്നും ചോദിക്കാൻ നിന്നില്ല. മഞ്ചൽ തയ്യാറായപ്പോൾ ലക്ഷ്മിയക്കയെ അവർ മാറ്റിക്കിടത്തി. മഞ്ചലിൽ കിടന്ന് ലക്ഷ്മിയക്ക മരങ്ങളെ നോക്കി. അവക്കിടയിലൂടെ ആകാശത്തെ നോക്കി. മഞ്ചലിന്റെ ഒരു കയ്യിൽ പിടിച്ചിരുന്ന കൃഷ്ണയുടെ കൈകളിൽ രക്ഷിക്കാനെന്ന വണ്ണം തൊട്ടു. ഈ രാത്രി താൻ താണ്ടില്ലെന്ന് അവർക്ക് തോന്നി.

ലിസബത്ത് ടീച്ചറുടെ കാലിൽ കൃഷ്ണ വീണപ്പോഴേ അവർ അകന്നു മാറി. 

“എന്താ ഇതൊക്കെ ലച്ചൂ, ഉള്ളിലോട്ട് വാ” 

ലക്ഷ്മിയക്കയും എലിസബത്തു ടീച്ചറും ഒരുമിച്ചാണ് മലയോര ഗ്രാമത്തിൽ കളിച്ചു വളർന്നത്. അക്കയും ടീച്ചറും ലക്ഷ്മിയും എലിസബത്തും ആയിരുന്ന കാലത്ത് ഇരുവരും അയൽ വീട്ടുകാരായിരുന്നു. രണ്ട് പേരുടേയും വീട്ടുകാർ തമ്മിൽ ശത്രുതയുണ്ടായിരുന്നെങ്കിലും കുട്ടികൾ തമ്മിൽ വലിയ കൂട്ടായിരുന്നു. എലിസബത്തിന്റെ അപ്പൻ കുടിച്ച് വീട്ടിൽ വരുമ്പോഴൊക്കെ കുട്ടികൾ രണ്ടും തങ്ങളുടെ രഹസ്യ സങ്കേതത്തിലേക്ക് ഓടും. എലിസബത്തിന്റെ അപ്പൻ തെറി വിളി തുടങ്ങിയാൽ അതിനെ ചുക്കാൻ പിടിക്കാൻ ലക്ഷ്മിയുടെ അച്ഛനും തുടങ്ങും. ഇതൊന്നും കേൾക്കാതെ കുട്ടികൾ ഇരുവരും തങ്ങൾ തട്ടിക്കൂട്ടിയ കൂടാരത്തിൽ കഥ പറഞ്ഞിരിക്കുന്നതിൽ വീടുകളിലെ സ്ത്രീകൾക്ക് ആശ്വാസമേ ഉണ്ടായിരുന്നുള്ളൂ. ഇടക്ക് ഗതി കെട്ട് അവരുടെ അമ്മമാരും ഒറ്റക്കും തെറ്റക്കും അവിടെ വന്നിരിക്കാറുമുണ്ട്. ആ കാലഘട്ടത്തിലെ സന്തോഷത്തിന്റെ ചെറിയൊരു ഓർമ്മ എലിസബത്തിൽ ഇപ്പോഴും ഉണ്ട്. അതാണവർ അക്കയേയും മകളേയും കാര്യം അറിയുന്നതിനു മുൻപേ വീട്ടിലേക്ക് ക്ഷണിച്ചത്. കാര്യം പറഞ്ഞപ്പോൾ തന്നെ ടീച്ചർ ഗോപാലേട്ടനെ വിളിച്ചു

“ഗോപാലേട്ടാ, ഇതേതാ കേസ്? ആരാ ഇത് കൈകാര്യം ചെയ്തേ”

“മക്കളാ”

“രണ്ടിനേം വിളിക്ക്. നിങ്ങള് സമാധാനപ്പെട്. വഴിയുണ്ടാക്കാം” 

മക്കൾ വന്നപ്പോൾ ടീച്ചർ അവരേയും കൊണ്ട് മറ്റൊരു മുറിയിലോട്ട് മാറി. പതിയെ തുടങ്ങിയ സംഭാഷണം മുറുകിയത് പതിഞ്ഞാണെങ്കിലും പുറത്തേക്ക് തെറിച്ചു. മക്കളെ രണ്ടിനേയും ടീച്ചർ കണക്കിന് ചീത്ത വിളിക്കുന്നത് ലക്ഷ്മിയക്കക്ക് അവിടെ നിന്നും കേൾക്കാമായിരുന്നു.  

“അമ്മച്ചി എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടുന്നത്” 

ഒരടി ശബ്ദം കേട്ടു പിന്നാലെ ടീച്ചറുടെ ഗർജ്ജനം. 

“മിണ്ടരുത്”

കുറച്ച് കഴിഞ്ഞ് ടീച്ചർ മുറിക്ക് പുറത്തു വന്നു പറഞ്ഞിട്ട് പോയി 

“ലച്ചൂ നീ ചെല്ല്. മോൻ രാവിലെ തിരിച്ച് വീട്ടിൽ എത്തിക്കോളും”

നാലടി നടന്നു കാണും ടീച്ചറുടെ കരച്ചിൽ കേട്ട് ലക്ഷ്മിയക്ക തിരികെ മുറിയിലേക്ക് ഓടിച്ചെന്നു. മക്കളിൽ ഒരുത്തൻ കത്തി വച്ച് ടീച്ചറുടെ കഴുത്തിൽ രണ്ട് വര വരച്ചത് ചുവന്ന നിറത്തിൽ തെളിയുന്നത് ലക്ഷ്മിയക്ക കണ്ടു. ടീച്ചർ ഒന്നാടി പിന്നെ കൈ നീട്ടി വീണു. ആരും അനങ്ങിയില്ല. മക്കൾ രണ്ട് പേരും വലിയ കൂസലില്ലാതെ നിൽപ്പുണ്ട്. ഗോപാലേട്ടൻ അന്തിച്ച് അനങ്ങാപ്പാറയായി. രക്തം വാർന്നു കൊണ്ട് ടീച്ചറുടെ ചലനം നിലക്കും വരെ അവരാ നിൽപ്പ് തുടർന്നു. സ്ഥലകാല ബോധം തിരികെ ലഭിച്ചപ്പോൾ ലക്ഷ്മിയക്കയും കൃഷ്ണയും ഓടി ചെന്ന് ടീച്ചറുടെ കവിളിൽ തട്ടി നോക്കി. അനക്കമില്ലെന്ന് കണ്ട് ഭയന്നു നീങ്ങി. 

ഒടുവിൽ മക്കളിലൊരുത്തൻ ഗോപാലേട്ടനെ വിളിച്ചു നിർദേശങ്ങൾ നൽകി. 

“ഇവരെ എന്ത് ചെയ്യണം?”

ഗോപാലേട്ടൻ അക്കയേയും കൃഷ്ണയേയും നോക്കി ചോദിച്ചു

“ചതുപ്പീ കൊണ്ട് താഴ്ത്ത്” 

ഗോപാലേട്ടനു വേറെ വഴിയില്ല. പാലമറ്റം വീടിനോടുള്ള കൂറ് കാണിക്കേണ്ട സമയമാണിതെന്ന് അയാൾക്ക് തോന്നി.

ഗോപാലേട്ടനും പണിക്കാരായ മറ്റ് രണ്ടുപേരും കൂടെയാണ് കൃഷ്ണയേയും ലക്ഷ്മിയക്കയേയും ചതുപ്പു നിലത്തിലേക്ക് കൊണ്ട് പോയത്. കൊന്ന് ചതുപ്പിലെറിയുക എന്നത് മനസിൽ ഉണ്ടായിരുന്നെങ്കിലും അതേത് വിധേനയാകണമെന്ന ആശയക്കുഴപ്പം ഗോപാലേട്ടന് അവസാന നിമിഷം വരെയുണ്ടായിരുന്നു. ചതുപ്പിലെത്തിയപ്പോൾ ഗോപാലേട്ടൻ വണ്ടിയിൽ നിന്നും, പണ്ട് ഇറച്ചി കടയിൽ നിന്നപ്പോൾ, പുലർച്ചകളിൽ പന്നികളുടെ തലയടിച്ചു പൊട്ടിച്ചിരുന്ന ഇരുമ്പ് കൂടമെടുത്തു. വളരെ നാളുകളായി അകലം പാലിച്ചിരുന്ന ഹിംസയിലേക്കയാൾ ആർത്തി പൂണ്ട് കാൽപ്പാദം വച്ചു. എല്ലാം അവസാനിച്ചെന്ന് കരുതി ലക്ഷ്മിയക്ക കൃഷ്ണയെ പൂണ്ടടക്കം അണച്ചു പിടിച്ചു കൃഷ്ണനാമം ചൊല്ലി. അപ്പോഴാണാദ്യത്തെ അടി പൊട്ടിയത്. ആരാണെന്ന് ഇരുട്ടിൽ അക്കക്ക് മനസ്സിലായില്ല. ആകെയുണ്ടായിരുന്ന ടോർച്ച് ആദ്യത്തെ അടിയിലേ തെറിച്ചു പോയി. അതിന്റെ വെളിച്ചം ഇരുട്ടിലലിഞ്ഞു ചേർന്നു. ഗോപാലേട്ടന്റെ അലർച്ച മാത്രം ഇരുട്ടിലും അക്കക്ക് തിരിഞ്ഞു. അതയാളുടെ കരച്ചിലാണോ ആഹ്ളാദമാണോ എന്ന് മനസിലാകാതെ അവർ കൃഷ്ണയെ പൊതിഞ്ഞു. പിന്നെയങ്ങോട്ട് ഒരഞ്ചു പത്തു മിനിറ്റിൽ അടിയും കരച്ചിലും കിതപ്പും മാത്രമാണ് ചതുപ്പിൽ മുഴങ്ങിയത്. ഗോപാലേട്ടനു കൂട്ടു വന്ന പാലമറ്റത്തിലെ കൂട്ടാളികൾ രണ്ടുപേർ അടി കിട്ടി ചതുപ്പിൽ തന്നെ വീണു. ഗോപാലേട്ടൻ കിട്ടിയ അടിയിൽ കറങ്ങിക്കറങ്ങി ചതുപ്പിൽ നിന്നും ഓടിമാറാനുള്ള ശ്രമത്തിനിടെ ഒരു മരത്തിലിടിച്ച് ബോധം കെട്ടു വീണു. എല്ലാമോന്നടങ്ങിയപ്പോൾ രാത്രി വീണ്ടും തണുത്തു. 

“അക്കാ” 

പാർത്ഥിയുടെ സ്വരം തിരിഞ്ഞതോടെ കൃഷ്ണക്കും സമാധാനമായി. അയാൾ ഒറ്റക്കല്ലെന്ന് അക്ക മനസ്സിലാക്കിയിരുന്നു. അടിപിടിയിൽ ലക്ഷ്മിയക്കയുടെ വയറ് കീറിയത് ആരുമറിഞ്ഞില്ല, അവർക്കത് അപ്പോൾ വേദനിച്ചതുമില്ല. അവിടെ നിന്ന് അക്കയുടെ വീട്ടിൽ പോയി അത്യാവശ്യം സാധനങ്ങൾ കരുതി കാട്ടിലേക്കാണവർ കടന്നത്. എന്നാൽ കാട്ടുവഴിയിൽ അധികം ചുവടുകൾ വക്കുന്നതിനു മുൻപേ അക്ക തളർന്നു വീണു. 

ഞ്ചലിൽ കിടന്ന് ഇടക്കിടക്ക് ലക്ഷ്മിയക്ക ഞെട്ടിയുണർന്നു കൊണ്ടിരുന്നു.  അവരുടെ യാത്ര തുരങ്കത്തിലേക്ക് കയറിയിരുന്നു. കാട്ടിലെ ചീവീടുകളുടെ ശബ്ദം അവ്യക്തമായി. അവസാനത്തെ ഉണർച്ചയിൽ ഇടിഞ്ഞു വീണ തുരങ്കത്തിന്റെ കല്ലുകൾ മാറ്റിക്കൊണ്ടിരിക്കുന്ന പാർത്ഥിയേയും കൂട്ടുകാരേയും അക്ക കണ്ടു. സംസാരിക്കാമെന്നായപ്പോൾ അവർ എല്ലാവരോടുമായി പറഞ്ഞു. 

“മക്കളേ. അവര കൂടെ ഒരുത്തനുണ്ട്. രാധൻ. രാധേയൻ. മോളെടെ പെറകേ കൊറേ നടന്നതാ. അവസാനം ഞാൻ നമ്മള കൂട്ടരല്ലെന്നും പറഞ്ഞ് ആട്ടി വിട്ടു. അന്ന് തൊടങ്ങിയ ചൊരുക്കാ അവന്. ആരു വന്നില്ലേലും അവൻ വരും മക്കളേ. ഇവളെ കൊണ്ടുവാനായിട്ട്. അവന്റെ കയ്യിൽപ്പെടാതെ നിങ്ങള് വ്യാണം രക്ഷിക്കാൻ”

ലക്ഷ്മിയക്ക പിന്നേയും കണ്ണു നിറച്ചു. ഈ വട്ടം ആരും ആശ്വസിപ്പിക്കുവാൻ വരുന്നില്ലെന്ന് കണ്ട് അവർ കരച്ചിലമർത്തി. ഒരടിക്കല്ല് ഇളക്കി മാറ്റിയപ്പോൾ അതിനു മുകളിൽ അമർന്നിരുന്ന ഏതാനും കല്ലുകൾ കൂടെ ഇടിഞ്ഞു വീണു. തെറിച്ച ഒന്നിൽ നിന്നും രക്ഷപ്പെടാൻ ഉദ്ദണ്ടൻ ഉയർന്നു ചാടി. കാടിന്റെ തണുപ്പ്, ഇടിഞ്ഞുണ്ടായ ദ്വാരത്തിലൂടെ നുഴഞ്ഞു കയറി. പന്തം കെടുത്താൻ സമയമായെന്ന് ധർമ്മൻ കൃഷ്ണക്ക് നിർദേശം നൽകി. തുരങ്കത്തിനു വെളിയിലെത്തി താഴേക്ക് ഇറങ്ങുന്നതെങ്ങനെയെന്ന് തിരയുന്നതിനിടെയാണ് അപരിചിതമായ ഒരു സാന്നിധ്യം പാർത്ഥിക്ക് അനുഭവപ്പെട്ടത്. എത്തി നോക്കിയപ്പോൾ പുറത്ത് ആളുകളുടെ നിഴലുകൾ അവർക്കായി കാത്തു നിൽക്കുന്നു. ലക്ഷ്മിയക്കയെ കൃഷ്ണയുടെ കൈകളിൽ ഏൽപ്പിച്ച് പാർത്ഥിയും കൂട്ടരും തയ്യാറായി. ഒരു പത്തിരുപതു പേരെങ്കിലും കാണും. പലരും തനിക്കൊപ്പം ജോലി ചെയ്യുന്ന പണിക്കാരാണല്ലോയെന്ന് അവരുടെ ടോർച്ച് വെളിച്ചത്തിൽ പാർത്ഥി ഓർത്തു. ലക്ഷ്മിയക്കയേയും കൃഷ്ണയേയും കാണുമ്പോൾ തന്നെ തീർത്തേക്കണമെന്ന് എലിസബത്ത് ടീച്ചറുടെ മക്കളുടെ രഹസ്യ നിർദ്ദേശമുണ്ടായിരുന്നതിനാൽ രാധൻ മറ്റൊന്നും നോക്കാതെ കയ്യിലിരുന്ന നാടൻ തോക്കെടുത്തു ചൂണ്ടി. വീട്ടുകാരേയും കൂട്ടി കൃഷ്ണയെ കല്യാണമാലോചിച്ച് ചെന്നത് അയാളോർത്തു. കൃഷ്ണയെപ്പോലെ അനാഥനായ രാധനേയും വെള്ളാങ്കല്ലിലെ ഒരു വീട്ടുകാർ എടുത്തു വളർത്തിയതാണ്. തുല്യ ദു:ഖിതരായ രണ്ടു പേർക്ക് പരസ്പരം മനസിലാക്കുന്നതിനു എളുപ്പമായിരിക്കുമെന്ന് അയാൾ കണക്കു കൂട്ടി. അതു കൊണ്ടാണ് വീട്ടുകാരേയും കൊണ്ട് പെണ്ണു ചോദിച്ച് ചെന്നത്. അത്തരത്തിൽ ഒരു നോട്ടവും താത്പര്യവും കൃഷ്ണയുടെ ഭാഗത്തു നിന്നും ഉണ്ടെന്ന് അയാൾ കണക്കു കൂട്ടി. എന്നാൽ അക്ക അയാളേയും വീട്ടുകാരേയും ജാതി പറഞ്ഞ് ആട്ടി വിട്ടു. തലച്ചോറിൽ ആ ഓർമ്മ വന്നു നിന്നതും മറ്റൊന്നും നോക്കാതെ അയാൾ കാഞ്ചി വലിച്ചു. എനിക്കില്ലെങ്കിൽ ഇനി ആർക്കും വേണ്ടടായെന്ന് മനസിൽ ഒരുവിട്ടത്  വാക്കുകളായി പുറത്ത് ചാടിയെങ്കിലും വെടിശബ്ദത്തിലത് അലിഞ്ഞു പോയി. അപ്പോഴവിടെ അഭൂതപൂർവമായ ഒരു സംഗതി നടന്നു. ഉന്നം വച്ചത് കൃഷ്ണക്ക് നേരെയാണെങ്കിലും വെടി കൊണ്ടത് അരികിൽ നിന്ന ഉദ്ദണ്ടനായിരുന്നു. വെടികിട്ടിയ ഊക്കിലയാൾ ഓളിയിട്ട് മുട്ടുകുത്തി വീണു. പിന്നെ വലിയ വായിൽ കരഞ്ഞു. അതേ സമയം തന്നെ അയാളെ അനുകരിച്ച് പാർത്ഥിപനടക്കം മറ്റ് നാലു പേരും ഓളിയിട്ട് കരഞ്ഞു. പിന്നെ പതിയെ മുട്ടുകുത്തി. അപ്പോൾ ഉദ്ദണ്ടൻ വെടിയേറ്റ കയ്യും പൊത്തിക്കൊണ്ട് എതിരാളികൾക്ക് നേരെ നോക്കി അലറി. മറ്റു നാലു പേരും ഒരേ ശബ്ദത്തിൽ അതാവർത്തിച്ചു. അതിൽ അതിശയപ്പെട്ട് രാധനും കൂട്ടരും ഒരടി പിറകിലേക്ക് വലിഞ്ഞു. ആ സമയം നോക്കി പെട്ടന്ന് അവരഞ്ചു പേരും ഒരുമിച്ച് കൂടി. കൂട്ടിയിണക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന ഒരു യന്ത്രമെന്ന് അവരെ കണ്ടു രാധന് തോന്നി. അയാൾ അതിശയത്തെ മാറ്റി വച്ചു ഏത് നിമിഷവും കാഞ്ചി വലിക്കാൻ തയ്യാറായി. അതിനുള്ളിൽ തന്നെ കെടുത്തിയ പന്തത്തിന്റെ ബാക്കിയായ ഒരു കരിം കുറ്റി പാർത്ഥി രാധനെ ലക്ഷ്യമാക്കി എറിഞ്ഞു. രാധൻ വീണതോടെ പാർത്ഥിയും കൂട്ടരും ഒരേ ചുവടുകൾ വച്ചു മുൻപോട്ട് നടന്നു. അവരുടെ മുൻപിൽ വന്ന് പെട്ടവരൊക്കെ ആ നടപ്പിൽ തട്ടി തെറിച്ചു. പാതി താഴ്ന്നു നിന്ന്, ഒരുമിച്ചുള്ള അവരുടെ ചുവട് വയ്പ്പ് കണ്ടപ്പോൾ അക്കക്ക് ആട്ടക്കാരിയായ സ്വന്തം അമ്മയെ ഓർമ്മ വന്നു. തമിഴ്നാട്ടിലെ ഒരു അമ്പലത്തിൽ വച്ച് നൃത്തപരിപാടിക്കിടെ പരിചയപ്പെട്ട് പിന്നെ സ്നേഹത്തിലായി വെള്ളാങ്കല്ലിലേക്ക് ഒളിച്ചോടി വന്നതാണ് അക്കയുടെ അച്ഛനും അമ്മയും. അമ്മയുടെ നിർബന്ധം മൂലം എലിസബത്തിനൊപ്പം പഠിച്ച ഭരതനാട്യം അക്ക ഓർത്തു. ഇടുപ്പിൽ ഉടൽ അമർത്തി, കാൽമുട്ടുകൾ ഇരുഭാഗങ്ങളിലേക്ക് മടക്കി, പാദങ്ങൾ ഉപ്പുറ്റി ചേർത്ത് രണ്ടുഭാഗത്തേക്കും വിടർത്തി, അരമണ്ഡലത്തിൽ നിന്ന് മുട്ട് മടക്കി, പാദം അമർത്തി തറയിൽ തട്ടി. പെട്ടെന്ന് അമ്മ തട്ടുവടി വച്ച് കാൽമുട്ടിലൊരു ഏറ്. വേദനിച്ചെങ്കിലും അവർ മനസ്സിൽ മൂളി

"തെയ്യാ തെയ്യ്

തെയ്യും തത്ത തെയ്യും താഹ”

“കണ്ണേട്ടാ വണ്ടിയെട്”

ലക്ഷ്മിയക്കയേയും കൃഷ്ണയേയും മാത്രമേ ധർമ്മൻ നോക്കിയുള്ളൂ. അല്ലേലും ധർമ്മനാണ് കൂട്ടത്തിൽ നിർദേശങ്ങളും തീരുമാനങ്ങളുമെടുക്കുന്നതെന്ന് അക്ക മനസിലാക്കിയിരുന്നു. രാധനെ മാത്രം രണ്ടു തല്ലും കൊടുത്ത് ഓടാൻ വിടാനുള്ള തീരുമാനവും ധർമ്മനെടുത്തതായിരുന്നു. അതിനോട് തെല്ലും യോജിപ്പ് അക്കക്കില്ലായിരുന്നു. എന്തൊക്കെ ക്രൂരതകളാ രാധൻ തങ്ങളോട് കാണിച്ചിട്ടുള്ളത്. അതിനായി രണ്ടടി കൂടുതൽ കൊടുക്കണമെന്നായിരുന്നു അക്കയുടെ അഭിപ്രായം. പോകുന്നതിനു മുൻപ് ധർമ്മൻ രാധനോട് പറഞ്ഞു കൊടുത്തു. 

“പെറകേ വന്നേക്കരുത്. പോയിപ്പറ നിന്നെ വിട്ടവന്മാരോട്”

ബാക്കിയെല്ലാവൻമാരും അടികിട്ടി കാട്ടിൽ കിടന്ന് ഞരങ്ങി, ചിലരുടെ ബോധം മറഞ്ഞിരുന്നു. അതിൽ എത്ര പേർ ജീവനോടെ എഴുന്നേൽക്കുമെന്ന്  വലിയ പിടിയില്ല. അടി മുഴുവനായിട്ട് കാണാൻ കഴിഞ്ഞത് അക്കക്ക് മാത്രമാണ്. കൃഷ്ണ പേടി കാരണം അക്കയെ കെട്ടിപ്പിടിച്ച് കണ്ണുകളടച്ചിരുന്നു. വെടി കൊണ്ട ഉദ്ദണ്ടന്റെ ശരീരത്തിൽ നിന്നും രക്തം വാർന്നു കൊണ്ടിരുന്നു. വണ്ടിയിൽ കയറിയപാടെ ഫസ്റ്റ് എയ്ഡ് ബോക്സ് തുറന്ന് കത്രിക വച്ച് ഒരുവൻ വെടുയുണ്ടയിരിക്കുന്ന ഭാഗം കീറി. വേദന കാരണം ഉദ്ദണ്ടന്റെ കണ്ണു തുറിക്കുന്നത് ലക്ഷ്മിയക്ക പേടിയോടെ നോക്കി നിന്നു. അയാളുടെ വേദനയിൽ ഏവരും അസ്വസ്ഥരായി. ആ ബഹളത്തിനിടയിലും പാർത്ഥി,ധർമ്മൻ, ഉദ്ദണ്ടൻ ബാക്കി രണ്ടവന്മാരുടെ പേരെന്താകുമെന്ന് അക്ക ആകാംക്ഷപൂർവ്വം ആലോചിച്ചു. ആ രണ്ടു പേരിൽ ഒരാളാണ് വെടിയുണ്ട കീറിയെടുക്കുന്നത്

“ബീയെസി നഴ്സാ. കാനഡേ പോകാൻ നിൽക്കുവായിരുന്നു”

“കഷ്ടമായിപ്പോയി. മോന്റെ പേരെന്താ?”

“അവനെ ദേവനെന്നു വിളിച്ചാ മതി” 

ഉത്തരം പറഞ്ഞത് ധർമ്മനാണ്. 

മനുഷ്യൻ ഇവിടെ മരിക്കാൻ കിടക്കുമ്പോൾ അവരുടെ ഒരു പരിചയപ്പെടലെന്ന് ഉദ്ദണ്ടൻ മുഖം വച്ച് കാണിച്ചു. മുറിവ് തുറക്കുമ്പോൾ ശബ്ദമുണ്ടാക്കാതിരിക്കുവാൻ ഒരു തുണിക്കഷ്ണം ദേവൻ അവന്റെ വായിൽ കുത്തിത്തിരുകിയതോടെ ആ ഭാവം മാറി മറഞ്ഞു. വെടിയുണ്ട എടുത്ത് മുറിവിൽ തുന്നലിട്ടപ്പോൾ ഉദ്ദണ്ടൻ നല്ല വണ്ണം കരഞ്ഞു. വായിൽ പഞ്ഞിക്കെട്ടായതിനാൽ ശബ്ദം ഒരു ഞീളൽ മാത്രമായി പുറത്തു വന്നു. അതു കേട്ട് അക്കക്ക് ചിരി വന്നു. അക്ക ചിരിച്ചത് അയാൾക്കത്ര ദഹിച്ചില്ല.

“അക്കയുടെ വയറും കീറിയിട്ടുണ്ട്. തുന്നലിട്ടേക്ക്”

അത് ശരിയാണല്ലോയെന്ന് അക്ക ഭീതിയോടെ ഓർത്തു. ദേവൻ മുറിവ് പരിശോധിച്ചു. 

“ഇത് പോകുന്ന വഴി ഏതെങ്കിലും ഡോക്ടറെ കാണിക്കാം. ഇൻഫെക്ഷനായോ എന്നൊരു സംശയമുണ്ട്. പക്ഷെ പേടിക്കാനൊന്നുമില്ല” 

അക്കയെ സമാധാനിപ്പിക്കാനായി പറഞ്ഞതാണോ അതെന്ന് കണ്ണേട്ടന് സംശയം തോന്നാതിരുന്നില്ല. ദേവൻ പഞ്ഞിയും തുണിയും വച്ച് മുറിവ് ചുറ്റിക്കെട്ടി. അതിനിടയിൽ തന്നെ വണ്ടി സ്റ്റാർട്ടായി, അവർ യാത്രക്ക് തയ്യാറായി.

ഡ്രൈവർ കണ്ണൻ, തനിക്ക് ലഭിച്ച നിർദേശപ്രകാരം വാനും കൊണ്ട് ആരുടേയും കണ്ണിൽപ്പെടാതെ അവരേയും കാത്ത് അടിവാരത്ത് നിൽപ്പുണ്ടായിരുന്നു. തുരങ്കത്തിന്റെ താഴെ  ആയതിനാൽ പാലമറ്റം കുടുംബത്തിന്റെ നിരീക്ഷകർക്ക് അപ്രാപ്യമായിരുന്നു ആ ഇടം. അടിവാരത്തിന്റെ മുഖത്തിനു എതിർ ദിക്കിലാണ് ടണലിന്റെ ഭാഗം സ്ഥിതി ചെയ്തിരുന്നത്. എല്ലാവരും കേറിയപാടെ കണ്ണൻ വണ്ടി പറപ്പിച്ചു. അടിവാരവും കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷമാണ് ആരെങ്കിലും ഒന്ന് മിണ്ടിയത്. പാലമറ്റത്തിന്റെ റേഞ്ചിൽ നിന്നും തങ്ങൾ സുരക്ഷിതരായെന്ന് തോന്നിയപ്പോൾ ക്ഷീണം മറന്ന് അക്കയൊന്ന് ചിരിച്ചു.

“മോളേ കൃഷ്ണാ ആ വെള്ളക്കുപ്പിയിങ്ങെടുത്താണ്”  

കൃഷ്ണ കയ്യെത്തിച്ച് കുപ്പിയെടുത്തു കൊടുത്തു. അവർ ഒരു കവിൾ കുടിച്ചു.

“മക്കളേ ഏതേലും ആശുപത്രീ കേറണ്ടേടാ?” 

കണ്ണൻ കണ്ണാടിയിലൂടെ ധർമ്മനെ നോക്കി. ആരും ഒന്നും പറഞ്ഞില്ലാ. രണ്ടു പേർ ക്ഷീണം കാരണം മയക്കത്തിലാണ്. പാർത്ഥി കൃഷ്ണയുടെ കയ്യും പിടിച്ച് കണ്ണടച്ച് ഇരിക്കുന്നത് കണ്ടപ്പോൾ അക്കക്ക് ചെറിയ സന്തോഷം തോന്നി.

“മോനേ പാർത്ഥി”

“എന്നാ അക്കാ?”

“പോലീസ് പിന്നാലെ ഉണ്ടാ മക്കളേ?”

“ഇല്ല അക്ക ഭയപ്പെട വേണ”

“എന്നാ വണ്ടിയെവിടേലും സൈഡാക്ക്. ഈ വയറൊന്ന് വലിച്ച് കെട്ടണം വണ്ടി ചാടുമ്പം വലിക്കിത്” കൃഷ്ണ വേഗം അവളുടെ കയ്യ് പാർത്ഥിപനിൽ നിന്നും വിടുവിച്ച് അക്കയുടെ വയറിൽ വച്ചു തഴുകി. ധർമ്മനും കണ്ണനും കണ്ണാടിയിലൂടെ നോട്ടം കൈമാറി. അവർ വണ്ടിയൊതുക്കിയപ്പോൾ ഫസ്റ്റ് ഐഡ് ബോക്സിൽ നിന്നും പഞ്ഞിയും തുണിയും ഡെറ്റോളും കത്രികയും എടുത്ത് പാർത്ഥി ദേവനു കൊടുത്തു. അഞ്ചു പേരിൽ സഹോദരന്മാർ എന്നു തോന്നിപ്പിക്കുന്ന, സദൃശ്യമായ മുഖമുള്ള രണ്ടു പേരിൽ ഒരാൾ മൂത്രമൊഴിക്കാൻ കുറ്റിക്കാട്ടിലോട്ട് കയറി. അത് കണ്ട് ഒരാൾക്ക് കൂടെ മൂത്രമൊഴിക്കാൻ മുട്ടി.

“അധികം നിക്കാൻ സമയം ഇല്ല. എങ്ങനേലും ഇവിടുന്ന് കടക്കണം” കണ്ണൻ വിളിച്ചു പറഞ്ഞു. 

“മക്കളേ ഞങ്ങക്ക് ഏതേലും വീട്ടി നിർത്തി തന്നാ മതി” 

വയറ്റിലെ മുറിവ് ക്ലീൻ ചെയ്ത് പഞ്ഞി വച്ച് കെട്ടിയപ്പോൾ അക്കക്ക് ആശ്വാസം തോന്നി. വെള്ളം കുടിയും കൂടെ കഴിഞ്ഞതോടെ കണ്ണൻ വണ്ടിയെടുത്തു. കൃഷ്ണ വേഗം തന്നെ കൈകളെടുത്ത് പാർത്ഥിയെ ചുറ്റി. 

“ടണലീ വച്ച് നിങ്ങള് അഞ്ചും കൂടിയൊരു നിപ്പ് നന്നല്ല്. ശിവതാണ്ഡവം പോലെ. എന്തൊരു അഭ്യാസമായിരുന്നു മക്കളേ എന്ത ആട്ടം ഇത്?”

ആരുമൊന്നും മിണ്ടാതായപ്പോൾ അക്ക ചോദ്യം മാറ്റി.

“കളരിയാ?”

“കളരിയല്ലമ്മച്ചീ കുംഫൂ കുംഫൂ” 

കണ്ണേട്ടൻ ചിരിയോട് ചിരി

“കുംഫൂ വാ. എന്തുവാണെങ്കിലും കൊള്ളാമായിരുന്നെടാ പിള്ളാരെ. നല്ല പൊളപ്പൻ അടി. പഠിച്ചത് മൊതലായി. അല്ലാ നിങ്ങടെ വീടൊക്കെ യെവിടാ?”

“എല്ലാവരും അടുത്തുപറത്തൊള്ളവർ തന്നെ അമ്മച്ചീ”

“അമ്മച്ചിയല്ല കണ്ണേട്ടാ, അക്ക. ലക്ഷ്മിയക്കാ”

“യെന്തിരാണെങ്കിലും ഇവന് ഒരാവശ്യം വന്നപ്പം ഒറ്റ രാത്രി കൊണ്ട് ചൊരം കേറി വന്നല്ല്”

ൻസ്പെക്ടർ ചിദംബരമാണ് ഫോണിൽ വിളിച്ചത്. പൈലൻ ഹലോ പറയുന്നതിനു പകരം ഒന്ന് മൂളി

“ഞാൻ അന്നേ പറഞ്ഞാരുന്നു തീർക്കുവാണേൽ ഇവിടെയിട്ട്. എന്നിട്ട് ഇപ്പോ എന്നാ ഉണ്ടായേ അവന്മാർ ചൊരോം കടന്നു, അടിവാരോം കടന്നു അതിന്റപ്പുറോം കടന്നു”

“നെനക്കെങ്ങനെ അറിയാം?”

“പോലീസുകാരേയും തല്ലി സ്റ്റേഷനും കത്തിച്ചിട്ട് അങ്ങനെയങ്ങ് പോകാമെന്ന് അവരു കരുതിയോ? വിളി അങ്ങ് ഹെഡ് ആപ്പീസീന്നാ വന്നേക്കുന്നത്. ഇനി ഇതീ നിങ്ങക്ക് ഒരു കാര്യോമില്ല. ഇനി കളി പോലീസും അവരും തമ്മിലാ”

“അങ്ങനെ പറഞ്ഞാലെങ്ങനാ ഇൻസ്പെക്ടറേ. പാലമറ്റത്തിലെ ഒന്നിനെ തൊട്ടിട്ട് അവരെവടെപ്പോയിട്ടെന്നാ. നിങ്ങള് കാര്യം പറ”

“ദേ പറഞ്ഞില്ലാന്ന് വേണ്ട. ഹെഡ് ആപ്പീസീന്ന് എല്ലാ മറ്റവന്മാരും ഇങ്ങോട്ട് കെട്ടിയെടുത്തിട്ടുണ്ട്. എന്റെ വിഹിതം എത്തിച്ചാ വിവരം അപ്പാപ്പോ ഞാൻ തരാം”

“കണക്ക് പറയാതെ ഒള്ള കാര്യം പറയെടാ മൈരേ”

പൈലന്റെ ഗൗരവ ശബ്ദത്തിൽ ചിദംബരം ഭയന്നു 

“അവരു മൊത്തം എട്ട് പേരുണ്ട്. രണ്ട് പെണ്ണുങ്ങളും, ഡ്രൈവർ അടക്കം ആറ് ആണുങ്ങളും. ഇപ്പോ ഈ ജില്ലാന്നല്ല സംസ്ഥാനം തന്നെ വിട്ടു കാണും. വഴി ഏതാണെന്ന് ഞാൻ പറയണ്ടല്ലോ”

“ആ മതി. നീ വച്ചോ” ഇൻസ്പെക്ടർ ഫോൺ വച്ചപ്പോൾത്തന്നെ പൈലൻ ആന്റോയെ വിളിച്ചു.

“എടാ ആ സെൽവനെ ഒന്നു വിളിച്ച് അറിയിച്ചേക്ക്. അതിർത്തി കടന്നാലും വിടരുത് അവരെ”

കോഴിമുട്ട ബിസിനസ് നടത്തുന്ന ബാദുഷായും ചെൽവനുമാണ് അതിർത്തിക്കപ്പുറം വാൻ പരിശോധിക്കുവാനും അവരെ തടഞ്ഞു നിർത്തുവാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുത്തത്. മുട്ട ബിസിനസ് എന്നത് ആൾക്കാരുടെ കണ്ണിൽ പൊടിയിടാനുള്ളതാണെന്ന് ആ നാട്ടുകാർക്കെല്ലാമറിയാം. എന്നിരുന്നാലും ചെറുപ്പക്കാർക്കിടയില് അവർ ഒഴുക്കുന്ന ലഹരിയും പണവും തൊഴിലും അവർക്ക് നാട്ടിൽ വലിയ പിന്തുണ നൽകി വന്നു. തങ്ങളുടെ നാട്ടിലൂടെയുള്ള റോഡിലൂടെയാണ് വാൻ കടന്നു പോകാൻ സാധ്യത എന്നറിഞ്ഞ് അവർ പിള്ളേരേയും വിളിച്ച് പ്രധാന ഹൈവേ തടഞ്ഞു. രണ്ടു മൂന്ന് ഫോൺ കോളേ വേണ്ടി വന്നുള്ളൂ, ജീപ്പിൽ നാലഞ്ച് പോലീസുകാർ അവരുടെ സഹായത്തിനായി എത്തിച്ചേർന്നു. രണ്ട് സ്ത്രീകൾ, അതിലൊന്ന് പ്രായമുള്ളയാൾ, കൂടെ ആറ് പുരുഷന്മാർ. ഇത്രയും ആളുകൾ സഞ്ചരിക്കുന്ന വാൻ ആണ് അവർ അന്വേഷിച്ചു കൊണ്ടിരുന്നത്. മൂന്ന് മണിക്കൂർ കഴിഞ്ഞാണ് കണ്ണന്റെ വാൻ ആ വഴി വന്നത്. അപ്പോഴേക്കും ചെൽവന്റെ പിള്ളേർ തളർന്നിരുന്നു, പലരും ഹൈവേയുടെ സമീപമുള്ള കലുങ്കിൽ ഇരിപ്പായി. ഡ്യൂട്ടിക്ക് വന്ന നാല് പോലീസുകാരിൽ മൂന്ന് പേർ ഒരു അതിർത്തിത്തർക്കം പരിഹരിക്കുവാനായി പോയതിനാൽ ഒരു പോലീസുകാരൻ മാത്രമാണ് വാഹന പരിശോധനക്കായി ഉണ്ടായിരുന്നത്. അകലെ ഹൈവേ തടയാൻ ആളു നിൽക്കുന്നത് കണ്ണേട്ടൻ കണ്ടതോടെ അവൻ എല്ലാവരേയും വിളിച്ചുണർത്തി. ധർമ്മൻ വണ്ടി നേരെയെടുക്കുന്നതിനായി സൂചന നൽകി. കൈകാണിച്ചിട്ടും വണ്ടിയുടെ വേഗം കുറയാഞ്ഞതിനാൽ ചെൽവന്റെ പിള്ളാരിൽ ഒരുവൻ റോഡിനു കുറുകേ കൈകൾ നിവർത്തി ധൈര്യപൂർവ്വം നിന്നു. ചെൽവന് അവനിൽ മതിപ്പ് തോന്നിക്കുന്നതിനുള്ള ചെറിയൊരു സൂത്രപ്പണി. അവനെ ഇടിച്ച് തെറിപ്പിച്ചാണ് കണ്ണന്റെ വാഹനം ചെൽവനേയും പോലീസുകാരനേയും കടന്നു പോയത്. ഉടൻ തന്നെ അയാൾ കൈകൾ കൊണ്ട് കുറച്ചകലെ നിൽക്കുന്ന ബാദുഷാക്കും ടീമിനും സിഗ്നൽ നൽകി. ഹൈവേയ്ക്ക് കുറുകേ ബാരിക്കേഡുകൾ നിലയുറപ്പിച്ചു. വന്നു കൊണ്ടിരുന്ന ചില വണ്ടികൾ കാര്യം പന്തിയല്ലെന്ന് മനസിലാക്കി കൈ വഴിയിലേക്ക് കയറി.

ആണികൾ കുത്തി നിറുത്തിയ വല വണ്ടിക്കടിയിലേക്ക് എറിഞ്ഞതും ടയർ പൊട്ടി വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. കണ്ണൻ വണ്ടി വളച്ച് ഹൈവേക്കരികിലെ മൊട്ടയായി കിടക്കുന്ന കുന്നിനരികിലെ മുൾക്കാട്ടിലേക്ക് കയറ്റി ബ്രേക്ക് ചവിട്ടി. ജാക്കി ലിവറുമായി കണ്ണനിറങ്ങാൻ നിന്ന സമയം അരികിലിരുന്ന ധർമ്മൻ അയാളുടെ തോളിൽ കൈ വച്ചു. അതോടെ കണ്ണേട്ടൻ അവിടെ തന്നെ ഇരുന്ന് വണ്ടി നശിപ്പിച്ചവന്മാരെ പ്രാകി. പാർത്ഥി ഡോറു തുറന്ന് ഇറങ്ങിയതോടെ കൃഷ്ണ കരച്ചിലായി. പക്ഷെ അക്കക്ക് അവരിൽ വലിയ വിശ്വാസമായിരുന്നു. അവർ കൃഷ്ണയെ മുറുക്കെപ്പിടിച്ച്  ആശ്വസിപ്പിച്ചു.

“ഒന്നുമേ ആകാത് കണ്ണേ”

ഇതാദ്യമായാണ് കൃഷ്ണ നാടൻ തല്ല് വെളിച്ചത്തിൽ കാണുന്നത്. അടി തുടങ്ങി വച്ചത് പാർത്ഥി തന്നെയായിരുന്നു. എന്നാൽ ആയുധങ്ങൾ എടുത്ത് ആളുകൾ വരുന്നതനുസരിച്ച് അഞ്ചു പേരും പതിയെ ഒരുമിച്ചു ചേർന്നു. പത്ത് കൈകളും പത്ത് കാലുകളും അഞ്ച് തലകളുമുള്ള ഒരു നടരാജ വിഗ്രഹം. അഞ്ച് പേർ വ്യത്യസ്തമായ അഞ്ച് പേരെ നേരിടുന്നതിനു പകരം അഞ്ചു പേർ ഓരോരുത്തരെയായാണ് അടിച്ചൊതുക്കിയത്. നിമിഷ നേരം കൊണ്ട് ഈ പറയുന്ന അടിയും പിടിച്ചെറിയലും കഴിയും. എതിരാളിയെ അടിച്ചിട്ടാൽ ഉപേക്ഷിക്കപ്പെടുന്ന ആയുധങ്ങൾ ആവശ്യത്തിനു അഞ്ചംഗം ശേഖരിക്കുന്നുമുണ്ട്.

ഇതിനിടയിൽ ഓടി വരുന്ന പിള്ളേരിൽ ചിലർ അവരെ പിറകിൽ നിന്നടിച്ച് ശ്രദ്ധ തിരിക്കുവാനുള്ള ശ്രമങ്ങൾ നടത്തി നോക്കി. അതിന്റെ ഫലമായി ഒന്നു രണ്ട് കനത്ത അടികൾ ഉദ്ദണ്ടനും ദേവനും കിട്ടി. എന്നാൽ അതിലൊന്നും അടിപതറാതെ അവർ ഒന്നൊന്നായി തീർത്ത് മുൻപോട്ട് പോയി. അവരുടെ ചലനം ലളിതമായിരുന്നു. ഒരു സംഘനൃത്തം പോലെ അവർ ആടി. അതിനുള്ളിൽ പെട്ടു പോയവരെ നൃത്തമെടുത്തെറിഞ്ഞു. ബാദുഷ ഇത്തരത്തിലൊരു ആട്ടം ആദ്യമായിട്ടാണ് കാണുന്നത്. അയാൾ തെറിച്ചു പോകുന്ന പിള്ളേരെ ഓരോരുത്തരെയായി നോക്കി അത്ഭുതം കൂറി. അകലെ നിന്നും ചെൽവനും ആളുകളും ഓടി വരുന്നത് അയാൾക്ക് കാണാം. എന്നിട്ടും അടിയാട്ടത്തിന്റെ സൗന്ദര്യത്തിൽ ബാദുഷാ തല കുനിക്കുകയാണ് ചെയ്തത്. നൃത്തത്തിനൊരു ദാക്ഷീണ്യവുമില്ലാതിരുന്നതിനാൽ മാത്രം ബാദുഷാ അതിൽ പെട്ട് എടുത്തെറിയപ്പെട്ടു. പത്ത് കാലുകൾ കൊണ്ടും പത്തു കൈകൾ കൊണ്ടും ഒരേ ചുവടുകളുമായി ആ സംഘം, നൃത്തം ആടിക്കൊണ്ടിരുന്നു. ഒരു വേദിയിൽ നിന്നും മറ്റൊന്നിലേക്ക് പോകും തോറും എതിരാളികൾ വീണുകൊണ്ടിരുന്നു. ചെൽവന്റെ സംഘത്തിനേയും ബാദുഷായുടെ അതേ വിധി തന്നെയാണ് കാത്തിരുന്നത്. ചെറിയൊരു വ്യത്യാസം ചെൽവൻ തോക്കെടുത്തതാണ്. പക്ഷെ അത് പ്രയോഗിക്കുന്നതിനു മുൻപ് തന്നെ നൃത്തം അവനെയെടുത്തെറിഞ്ഞു. എറിയുന്നതിനു മുപ്പത് നിമിഷം മുൻപ് അഞ്ചു പേരിൽ നിന്നും ഒരേ സമയം അയാൾക്ക് അടി വാങ്ങേണ്ടി വന്നിരുന്നു. അതിൽ അയാളുടെ വാരിയെല്ലുകൾക്ക് പരിക്കു പറ്റി. നൃത്തം കണ്ടു അക്ക പ്രകടമായിത്തന്നെ കൈകളാൽ തുടയിൽ താളമിട്ടു.

തത്തായ് താഹ
ദിതൈ  താഹ
തെയ്യം തത്തൈ
തെയ്യം താഹാ

“കുംഫു”

നൃത്തത്തിന്റെ ഭംഗി കണ്ട് അക്ക കൃഷ്ണക്ക് സൂചന നൽകി. പണ്ട് ജീവനായിരുന്ന നൃത്തം അക്ക വേണ്ടന്ന് വക്കുന്നത് ഭർത്താവിന്റെ അകാലമരണ ശേഷമാണ്. അതിർത്തി തർക്കം കത്തിക്കുത്തിൽ അവസാനിക്കുകയായിരുന്നു. അമ്മയുടെ പിടിവാശി കാരണം മാത്രമാണ് തനിക്ക് നൃത്തം പഠിക്കാൻ സാധിക്കാതിരുന്നതെന്ന് കൃഷ്ണ ഇടക്കിടക്ക് അക്കയെ കുത്തി വേദനിപ്പിക്കും. എന്നാലതൊന്നും ഈ വട്ടം നൃത്തം ആസ്വദിക്കുന്നതിൽ നിന്നും അക്കയെ പിന്തിരിപ്പിച്ചില്ല.

ടയർ കീറിയതിനാൽ ഇനിയീ വാനിൽ യാത്ര തുടരാൻ കഴിയില്ലെന്ന് കണ്ട് ഡ്രൈവർ കണ്ണൻ ഡോറു തുറന്ന് ഞരങ്ങുന്നവരുടേയും മയങ്ങുന്നവരുടേയും ഇടയിലൂടെ എതിരാളികളുടെ കണ്ണു വെട്ടിച്ച് ഒഴിഞ്ഞ് കിടന്ന ഒരു ജീപ്പ് സ്റ്റാർട്ട് ചെയ്ത് പതിയെ ഓടിച്ചു കൊണ്ടു വന്നു. ജീപ്പ് വന്നു നിന്നതും കൃഷ്ണയും അക്കയും വേഗം തന്നെ വാനിൽ നിന്നും മാറി. അടിക്കിടെ തെറിച്ചു പോയ ഒരു വെട്ടുകത്തിയുടെ പിടി കൃഷ്ണക്ക് നേരെ വന്നത് കണ്ണേട്ടൻ തട്ടി താഴെയിട്ടു. അതിൽ പിന്നെ കൃഷ്ണക്ക് അയാളിൽ മതിപ്പ് വർദ്ധിച്ചു. വണ്ടിയിൽ കയറി റിവേഴ്സ് എടുത്തശേഷം മൂവരും തല്ല് കഴിയാൻ കാത്തിരുന്നു. അടി തെല്ലൊന്നൊതുങ്ങിയെന്ന് മനസ്സിലായപ്പോൾ കണ്ണൻ വണ്ടി മുന്നോട്ടു കൊണ്ടു വന്ന് അഞ്ചംഗ സംഘത്തിനു സമീപം നിർത്തി. അവർ തങ്ങളുടെ ദേഹങ്ങളെ ജീപ്പിനുള്ളിലേക്ക് വലിച്ചെറിഞ്ഞു. സംഘടനത്തിൽ വലിയ പരിക്ക് ഏൽക്കാതിരുന്ന ബാദുഷാ മാത്രം അവരുടെ പോക്ക് ആരാധനയോടെ നോക്കി കിടന്നു. 

“യാരപ്പാ അവങ്ക”
“തെരിയാത് സെൽവാ”
“അപ്പടിയൊരു അടി” 
അയാൾ വാരിയെല്ലിൽ അറിയാതെ തടവി.
“അറിയില്ല”
“സാധാരണമാ ആള്ങ്കാ നെനച്ച്ട്ടാങ്ക അതാ പുടിക്ക മുടിയല്ല”
“ഞങ്ങടെ എലിസബത്തിനെ കൊന്നിട്ട അവരീ കെടന്ന് ഓടണത്”
“അപ്പടിയാ. സരി. നീങ്ക വരരെ വരേക്കും നാൻ ഒന്നുമേ പണ്ണമാട്ടേൻ. ആന അന്ത നാട്ടുക്കുള്ളൈ താ നമ്മ ഇറുക്കും. വേഗമാ വാങ്ക”
“വരും. മൊത്തം തീർത്തിട്ടേ ഇനിയുള്ളൂ”

രണ്ടു ലോറി നിറയെ പണിക്കാരേയും തങ്ങളുടെ ആളുകളേയും കുത്തി നിറക്കുവാൻ അന്റോയോട് കൽപ്പിച്ച് പൈലൻ ഹാളിലേക്ക് ചെന്നു.

“അവരെ കണ്ടു പിടിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണ് ഒളിച്ചിരിക്കുന്നത്. അവർക്കവിടെ നിന്ന് ലോക്കൽ സപ്പോർട്ട് കിട്ടിയാലും ഇല്ലെങ്കിലും ആരെയൊക്കെ തീർത്തിട്ടാണെങ്കിലും അവരു നമ്മടെ കാൽച്ചുവട്ടിൽ കിടന്ന് പിടയണം”   

“ഒരു പത്തഞ്ഞൂറു പേരു കാണും കൂടിപ്പോയാ ആ നാട്ടിൽ. അതിനും കൂടി കണക്കു വച്ചിട്ട് വേണം നമ്മൾക്ക് അവിടെ ചെന്ന് കേറാൻ. ഒരു പത്തു നൂറ്റമ്പതു പേരെയെങ്കിലും കരുതിക്കോ. എത്ര പൈസ ഇറക്കിയാലും വേണ്ടില്ലെന്ന് ചെൽവനോട് പറ. അവനാവശ്യമുള്ളത് എന്താണെന്ന് വച്ചാ കൊടുക്ക്. പൈസയായിട്ടാണേ അങ്ങനെ അതല്ലാ മരുന്നാണേൽ അങ്ങനെ”

“എന്നാത്തിനാ വല്ല്യപ്പാ ഇതിനും മാത്രം”

മുഴുമിപ്പിക്കാൻ കൂട്ടാക്കിയില്ല, അപ്പോഴേക്കും ചോദിച്ചവന്റെ കൊങ്ങക്ക് കേറി പൈലൻ പിടിച്ചു.    

“ഏലീടെ മകനാണെന്ന് നോക്കത്തില്ല നായിന്റെ മോനെ” പൈലന്റെ പിടി ഒന്നു കൂടെ മുറുക്കിപ്പറഞ്ഞു.

"പണ്ടത്തെ പൈലനെ നിനക്കൊന്നും അറിയില്ല"

പുറത്തു നിന്നും ഓടി വന്ന ആന്റോ ഇടപെട്ടതിൽ പിന്നാണ് ആ പിടുത്തം അയക്കാൻ പൈലൻ സമ്മതിച്ചത്

“പാറമൊകളീക്കെടന്ന് തേളു കടീം കൊണ്ട ഇവനേം എടുത്ത് അവള് ഓടുമ്പോ ഞങ്ങളൊക്കെ കരുതിയേ ഇവനെ ഡോക്ടറെക്കാണിക്കാനാന്നാ. അല്ല പാറ മൊകളീന്ന് ചാടാനായിരുന്ന് ആ ഓട്ടം. അമ്മാതിരി പട്ടിണീം പരിവട്ടോമായിരുന്നന്ന്. പണിയില്ല പൈസേം ഇല്ല. ഒണ്ടായിരുന്ന അവടെ കെട്ടിയോൻ വേറെ ഒരുത്തിയേം കൊണ്ട് പോയി. അവടേന്ന് ദേ ഇന്നീ ഇവിടം വരെയുള്ളത് ഉണ്ടാക്കീട്ടുണ്ടേ അവടെ ചോര നീരാക്കിയിട്ടാ. അന്ന് അവൾ ഈ പാറക്കെട്ട് പൊട്ടിക്കാനുള്ള തീരുമാനം എടുത്തില്ലായിരുന്നേൽ ഇന്നത്തെ നീയില്ല ഞാനില്ല ഇവടെ നിക്കണ ആരുമില്ല. കേട്ടോടാ. നന്ദിയില്ലാത്ത നായ്ക്കളേ” 

വണ്ടികൾ തയ്യാറായി. ഇറങ്ങുന്നേരം പൈലൻ ഉറക്കെ വിളിച്ചു. 

“യാക്കോബേ” 

ക്കയുടെ മുറിവ് ഡോക്ടർ വന്നു നോക്കി തുന്നലിട്ട് മരുന്നു കൊടുത്തു. പതുക്കെയാണെങ്കിലും അവരുടെ ഉഷാർ തിരികെ വന്നു തുടങ്ങി. 

“അത് ഡോക്ടർ മാനുവൽ. ഇംഗ്ലണ്ടിൽ നിന്നും രണ്ട് വർഷം മുന്നേയാ ഇവിടെത്തിയത്”

തിരിച്ചു പോകും വഴിയിൽ അത് ശരിയെന്ന പോലെ ഡോക്ടർ തല കുലുക്കി കാണിച്ചു.

“പത്തു നൂറു വീടുകളിവിടുണ്ട്. ഇതിൽ ഏതി വേണമെങ്കിലും നിങ്ങക്ക് നിക്കാം. മൊത്തത്തിൽ ഒരു നാന്നൂറ്റിയമ്പതോളം പേരു കാണും. ഇവിടെ ഗൃഹനാഥനില്ല ഗൃഹനാഥയുമില്ല. ഭാര്യയില്ല ഭർത്താവില്ല. ഇഷ്ടമുള്ള വീട്ടിൽ ഇഷ്ടമുള്ളവർ നിൽക്കും. ഇഷ്ടമുള്ള ജോലികൾ ചെയ്യും. നിങ്ങൾ ചെല്ല്. അവർക്കൊപ്പം കൂട്” 

അപ്പോൾ അതിലൂടെ ഒരു സ്ത്രീ അർദ്ധ നഗ്നയായി കടന്നു പോകുന്നത് കണ്ട് അക്ക വായ പൊളിച്ചു.

“നാണോമില്ല മാനോമില്ല”

“ഇവിടുത്തെ പതിവ് ഇതാ”

ഗ്രാമം വിചിത്രമായി അക്കക്ക് തോന്നി. ഡ്രൈവർ കണ്ണന്റെ ഏർപ്പാടാണ്. ഈ വരണ്ട നാടുകൾക്കിടയിൽ അരുവിക്കടുത്തതു പോലെയൊരു തണുപ്പ്. ഒരു ചെറിയ ഗ്രാമം. യാത്രയിൽ ഉടനീളം കണ്ട ഭൂമിയല്ല ഇവിടെ. സംസ്ക്കാരവും തൊട്ടടുത്ത നാടുകളുമായി യാതൊരു ബന്ധവും കാണുന്നില്ല. പല നാട്ടുകാരുണ്ട് കൂട്ടത്തിൽ. ഏതെങ്കിലും ആത്മീയാചാര്യന്റെ കൂട്ടരാവുമെന്ന് അക്ക കണക്കുകൂട്ടി. 

അക്കയും ലക്ഷ്മിയും കൂടി ഒരു വീട് തിരഞ്ഞെടുത്തു. പാർത്ഥി തൽക്കാലം അവർക്കൊപ്പം നിൽക്കാമെന്ന് തീരുമാനിച്ചു. മറ്റ് നാലു പേരും വേറെ വേറെ രണ്ടു വീടുകളിലായി കൂടി. ഗ്രാമം അവർക്ക് വിചിത്രമായി തോന്നി. പല കൂട്ടങ്ങളായി ആളുകൾ പല പണികളിൽ ഏർപ്പെടുന്നുണ്ട്. വീട്ടിലേക്ക് കയറും മുൻപ് മഞ്ഞൾ കെട്ടിയ താലിക്കായി ലക്ഷ്മിയക്ക വാശി പിടിച്ചു. അവസാനം അക്ക തന്നെ ജയിച്ചു. നാട്ടുകാരിൽ ആരോ കൊണ്ടു വന്ന മഞ്ഞൾത്താലി കൊണ്ട് പാർത്ഥി കൃഷ്ണയുടെ കഴുത്തിൽ താലി കെട്ടി. 

“ഇനി എല്ലാവന്മാരും ഒന്ന് ഒഴിഞ്ഞ് കൊടുത്തേ”

ഉദ്ദണ്ടനെ നോക്കിയാണ് അക്ക ഇത് പറഞ്ഞത്. അയാൾ വച്ചു കെട്ടിയ കയ്യും തൂക്കി മുറിയിലേക്ക് പോകും വരെ അക്ക കാത്തു നിന്നു

“യെവന്റെയൊരു മട്ടും ഭാവോം. യെനിക്ക് പിടിക്കണില്ല ക്യാട്ടാ”  

“എന്താ അക്കാ പ്രശ്നം”

“ഒന്നൂല മോനെ. ഈ ഉദ്ദണ്ടന്റെ ശരിക്കുള്ള പേരെന്തുവാ?”

“ബല്ലവൻ. എന്തേ?”

“ഓ ബല്ലവൻ. ബല്ലവനു പുല്ലും ആയുധം. നിങ്ങള് ഉള്ളിലേക്ക് ചെല്ല്. ഞാനുമൊന്ന് നടു നിവർത്തട്ടെ”

മുറിക്കുള്ളിൽ കയറി കുറ്റിയിട്ടതും കൃഷ്ണ പാർത്ഥിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അയാൾ അവളുടെ പുറത്ത് തഴുകി ആശ്വസിപ്പിച്ചു. കരച്ചിലൊതുങ്ങിയപ്പോൾ അവൾ അയാളിൽ നിന്നും അടർന്നു മാറി. 

“അണ്ണാ”

“ഓ”

“നിങ്ങള് കൂട്ടുകാര് എന്താന്ന് തമ്മീത്തമ്മീ മിണ്ടാത്തത്?”

“ഹലോ പൈലാപ്പാ”

“എന്താ ഇൻസ്പെക്ടറേ”

“നിങ്ങള് അങ്ങോട്ട് പോവരുത്”

“വേറെ വല്ലോം പറയാനൊണ്ടോ . ഇല്ലെങ്കി വച്ചിട്ട് പോടാ?”

“പറയണത് കേൾക്ക്. നിങ്ങള് കരുതണ പോലെയല്ല കാര്യങ്ങടെ കെടപ്പ്. ആ നാട്-” പറഞ്ഞവസാനിപ്പിക്കാൻ കഴിയുന്നതിനു മുൻപേ മറ്റൊരു ശബ്ദം ഫോണിൽ പൈലനു കേൾക്കാൻ സാധിച്ചു.

“അപ്പോ നിങ്ങളാന്ന് ഇവിടുത്തെ സ്പൈ എസ് ഐ ചിദംബരം ”

“സാറേ”

ഫോൺ കട്ടായി. അത് കേട്ട് പൈലൻ ചിരിച്ചു. അയാൾ ആന്റോനോടായി പറഞ്ഞു. 

“ചിദംബരത്തിനുള്ള അടുത്ത ഗഡു കൊടുക്കാൻ വരട്ടെ”

ചിതറിപ്പോയ ചായക്കോപ്പയുടെ ഒരു കഷ്ണം പാർത്ഥി എടുത്തു കൊണ്ട് വന്ന് മുറിയുടെ മൂലക്ക് ഇരിക്കുന്ന കൃഷ്ണയുടെ കൈകളിൽ വച്ചു കൊടുത്തു. പാർത്ഥിയെ തള്ളിമാറ്റിയപ്പോൾ കൃഷ്ണയുടെ കൈ തട്ടി വീണതാണ്. 

“ഈയൊരു കഷ്ണം ഞാനാണ്”

കരച്ചിലൊതുങ്ങിയപ്പോൾ അപരിചിതനായ ഒരാളെ കാണുന്നതു പോലെ കൃഷ്ണ അയാളെ നോക്കി.

“ഞങ്ങൾ അഞ്ചു പേരായി ജനിച്ചു. ഈ ചായക്കപ്പിന്റെ കഷ്ണങ്ങൾ കണ്ടില്ലേ അതു പോലെ പലയിടത്തേക്കായി ചിതറിപ്പോയി. ഞങ്ങൾക്കഞ്ച് കാഴ്ച്ചകൾ, അഞ്ച് കേൾവികൾ തലച്ചോറിനുള്ളിൽ. എന്നാലൊരൊറ്റ ജീവൻ” 

കൃഷ്ണ ഭയം കാരണം അയാളിൽ നിന്നും അകലാൻ ശരീരം ചുമരിലേക്ക് പറ്റും വിധത്തിൽ ചേർത്തു വച്ചു. അയാളാണെങ്കിൽ സ്നേഹത്തിനായി അവളിലേക്ക് ചായാനൊരു ശ്രമം നടത്തി. പിന്നെ അവളുടെ മുഖം കണ്ട് അകന്നു നിന്നു. 

“കുട്ടിക്കാലത്തേ അറിയാമായിരുന്നു എന്തോ ശരിയല്ലെന്ന്. ഓർമ്മ വച്ച കാലം മുതൽ ഇവരുടെ ശബ്ദങ്ങളും കേൾവികളും കാഴ്ച്ചകളും കൂടെയുണ്ടായിരുന്നു. അതിലേതാണ് ഞാനെന്നറിയാതെ എന്റേതെന്നറിയാതെ കുട്ടിക്കാലം കടന്നു പോയി. അന്ന് ഇന്നത്തെ പോലെ ഇത്ര തീവ്രമല്ലായിരുന്നു ഞങ്ങളുടെ ബന്ധം. ഇടക്കിടക്ക് ആരുടെയെങ്കിലും കാഴ്ച്ചയോ ശബ്ദങ്ങളോ സ്പർശനമോ ഒക്കെ വന്നു പോകും. ആ സമയത്ത് എന്റെ തല ചുട്ടു പൊള്ളും. എന്തോ അസുഖം ആണെന്നാണ് എല്ലാവരും കരുതിയത്. ഏതോ ആളുകളെ കാണുന്നു കേൾക്കുന്നു എന്നു പറയുമ്പോൾ മാനസികം ആണെന്നോ പ്രേതബാധയാണെന്നോ വീട്ടുകാർ കരുതി. എന്നാലും മിക്കപ്പോഴും നോർമൽ ആയ കുട്ടി ആയിരുന്നു ഞാൻ. പക്ഷെ കാലം കടന്ന് പോകും തോറും ഇവർ എന്നിൽ കൂടുതൽ തെളിഞ്ഞുവന്നു. 

എനിക്കോർമ്മയുണ്ട്. ഞാൻ സൈക്കിൾ ചവിട്ട് പഠിക്കാൻ നോക്കുന്നതിനിടെ റോഡിൽ മിന്നി മിന്നി തെളിഞ്ഞ ഒരു കുട്ടിയുടെ കരച്ചിൽ. കുട്ടിയെ നോക്കി ഞാൻ സൈക്കിളും തള്ളി കുറേ ദൂരം പോയി. അന്ന് ദൂരേക്ക് പോയതിന് അച്ഛന്റെ അടി കിട്ടി. നകുലിനെയായിരുന്നു കണ്ടത്. പിന്നെയും ഇടക്കിടക്ക് ചില കാഴ്ച്ചകൾ വന്നു പോയി. സ്വപ്നമാണോ മതിഭ്രമമാണോ എന്നൊന്നും മനസിലാകുന്ന പ്രായവുമല്ലല്ലോ. തല്ലുകൂടി കയ്യൊടിഞ്ഞ ബല്ലവന്റെ വേദന ഞാനും പങ്കിടേണ്ടി വന്നിട്ടുണ്ട്. ധർമ്മന്റെ അച്ഛൻ വലിയ ദേഷ്യക്കാരനായിരുന്നു. അവനു കിട്ടുന്ന അടികളും ഞങ്ങൾ പങ്കിട്ടു. നകുലിനു ശ്വാസം മുട്ടു വരും. ഞാനും കൂടെ ഇരുന്ന് കഷ്ടപ്പെട്ട് ശ്വാസം വലിക്കും. ദേവനായിരുന്നു കൂട്ടത്തിൽ ബുദ്ധിമാൻ. സദാ സമയം പുസ്തകങ്ങളുമായി നടക്കുന്ന ഒരുത്തൻ. മകനെ ഡോക്ടറാക്കണമെന്ന് അവന്റെ അപ്പയുടെ വലിയ ആഗ്രഹമായിരുന്നു. നടന്നില്ല.

ആദ്യമൊക്കെ അഞ്ചു പേരുടേയും എല്ലാ മാനസിക വിക്ഷോഭങ്ങളും തള്ളിക്കയറി വരുമായിരുന്നു. ദേഷ്യവും സങ്കടവും ഭയവും നാണവും അസൂയയും അങ്ങനെ എല്ലാമെല്ലാം. ഇതിൽ ഏതാണ് എന്റേതെന്ന് അറിയാതെ ഒന്നൊഴിയാതെ അനുഭവിക്കും. അല്ലാതെന്തു ചെയ്യാൻ? ആ സമയം വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ചുറ്റും ബഹളം. ഞാൻ ഉറങ്ങാൻ ശ്രമിക്കുമ്പോൾ ഒരുത്തൻ അട്ടഹസിക്കും ഒരുത്തൻ കളിക്കും മറ്റൊരുത്തൻ കരയു, മറ്റൊരുത്തൻ തല്ലുകൂടി താഴെ വീഴും. ഒരു വീട് ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരാളുടെ പോലെയായി ഞാൻ. ഉള്ളിൽ പല തരം ആളുകൾ അവരുടെ വിചാരങ്ങൾ. ഇതെങ്ങനെ നിയന്ത്രിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു”

പെട്ടെന്ന് കരയുന്ന പ്രകൃതക്കാരിയാണ് കൃഷ്ണ. പക്ഷെ ആ കരച്ചിലോടെ അവളുടെ ഭയം തീരും. സമ്മർദ്ദത്തെ നേരിടാനുള്ള അവളുടെ ഒരു തരം രീതി. കൂടെയുള്ളവർ ആരെങ്കിലും വിഷമിക്കുമ്പോഴും അവൾക്ക് കരച്ചിൽ വരില്ല. അയാളെ ആശ്വസിപ്പിക്കുന്നതിനായി അവൾ കൈകളിൽ പിടിച്ചു. 

“ഏറ്റവും കൂടുതൽ അനുഭവിച്ചത് എന്റെ വീട്ടുകാരാണ്. ഞാൻ പറഞ്ഞത് മനസിലാകാതെ പൈസ തീരും വരെ അവരെന്നെ ചികിത്സിച്ചു. എന്നെക്കൊണ്ടു പോകാത്ത ആശുപത്രികളില്ല. അമ്പലങ്ങളില്ല. സാധാരണ ഒരു കർഷക കുടുംബത്തിന് പക്ഷെ എത്ര നാൾ പിടിച്ചു നിൽക്കാനാകും. അവസാനം നിവർത്തിയില്ലാതെ വന്നപ്പോൾ മാതാപിതാക്കൾ എന്നെ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ ഏൽപ്പിച്ചു. അതാണെല്ലാം മാറ്റി മറച്ചത്. അവിടെ വച്ചാണ് ഞാൻ കണ്ണേട്ടനെ കണ്ടുമുട്ടുന്നത്.”

“ഡ്രൈവർ കണ്ണേട്ടനോ?” കൗതുകം കൊണ്ട് വിടർന്ന കണ്ണുകൾ.

“അതെ അദ്ദേഹം എന്നോട് കൂടെക്കൂടെ സംസാരിച്ചു. സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞ ഒരു കാര്യമാണ് വഴിത്തിരിവായത്.’’

‘ഈ പ്രപഞ്ചത്തിൽ സൃഷ്ടാവും സൃഷ്ടിയും മാത്രമേ ഉള്ളൂ. ഞാനും നീയും ഈ ലോകത്തിലെ ഓരോ മനുഷ്യനും സമയത്തിന്റെ പല അടരുകളിൽ ജീവിക്കുന്ന ഒരേ മനുഷ്യനാണ്. ഈ കാണുന്ന മനുഷ്യരെല്ലാം ഒരൊറ്റയാളാണ്. ഒരൊറ്റ ജീവനാണ്’

ഞാനെന്റെ അവസ്ഥ തുറന്നു പറഞ്ഞപ്പോൾ അദ്ദേഹം എന്നെ സഹായിക്കുവാൻ മുൻപോട്ടു വന്നു. അന്നൊക്കെ എനിക്ക് മറ്റു നാലു പേരേയും കാണുകയും കേൾക്കുകയും ചെയ്യാമായിരുന്നു. പക്ഷെ അവരുമായി ആശയവിനിമയം നടത്താനോ കാഴ്ച്ചകളെയോ കേൾവികളേയോ തിരഞ്ഞെടുക്കാനോ കഴിയുമായിരുന്നില്ല.

കണ്ണേട്ടന്റെ സഹായത്തോടെ നാലു പേരേയും കണ്ടെത്തുവാൻ ശ്രമങ്ങൾ ആരംഭിച്ചു. കാഴ്ച്ചയിലെ സ്ഥലങ്ങൾ തിരിച്ചറിയുവാൻ ശ്രമിച്ചു. അത്ര എളുപ്പമായിരുന്നില്ല. കാരണം ഇടക്കിടക്ക് മാത്രമേ മറ്റുള്ളവരുടെ കാഴ്ച്ചകൾ തെളിഞ്ഞിരുന്നുള്ളൂ.  

ഓരോരുത്തരും പല പ്രശ്നങ്ങളിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. ധർമ്മന്റെ സ്ഥലം, ഒരു കടയുടെ ഫ്ലക്സ് ബോർഡിൽ നിന്നും കണ്ടുപിടിച്ചതോടെ കണ്ണേട്ടനും ഞാനും മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നുമിറങ്ങി. കണ്ണേട്ടനെന്തിനാ അവിടെ വന്നതെന്ന് അന്നെനിക്ക് അറിയില്ല. എന്തോ കേസിൽ നിന്നും ഊരിപ്പോരാൻ വേണ്ടി കുറച്ചു നാൾ അവിടെ കിടക്കാൻ വന്നതാണെന്നാണ് പറഞ്ഞത്. ഞങ്ങൾ രണ്ടു പേരും കൂടിയാണ് ധർമ്മനെ കാണാൻ പോയത്. എന്നെക്കണ്ടതും അയാൾ ഓടി. ഓടിച്ചിട്ട് പിടിച്ചപ്പോഴാണ് ഞങ്ങളെ കേൾക്കാൻ അയാൾ തയ്യാറായത്. അയാൾക്ക് സാധാരണമായ ഒരു ജീവിതം മതിയെന്ന് പറഞ്ഞ് ആദ്യമൊക്കെ ഒഴിയാൻ ശ്രമിച്ചു. പക്ഷെ ഞങ്ങൾ സാധാരണക്കാരല്ലല്ലോ.  അയാൾക്ക് മറ്റുള്ളവരേയും അവരുടെ സ്ഥലങ്ങളും അറിയാമായിരുന്നതു കൊണ്ട് ബാക്കി മൂന്നു പേരേയും കണ്ടുപിടിക്കുന്നതിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. ദേവനാണ് സംസാരിക്കാതെ തന്നെ അഞ്ചു പേർക്കും ആശയവിനിമയം ചെയ്യാമെന്ന മാർഗ്ഗം വിവരിച്ചു തന്നത്. ഞങ്ങൾ കൈകൾ കോർത്തതോടെ അഞ്ചു പേരുടേയും ലോകങ്ങൾ ഇടതടവില്ലാതെ ഞങ്ങളിൽ പ്രവർത്തിച്ചു തുടങ്ങി. ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാൻ പഠിച്ചു. എല്ലാത്തിനും കൂടെ കണ്ണേട്ടനുണ്ടായിരുന്നു.

എന്നാൽ കണ്ണേട്ടൻ തന്റെ ദൗത്യം തുറന്നു പറഞ്ഞത് വലിയ ഷോക്കായി. ഞങ്ങളെ പഠിക്കാനും ഉപയോഗിക്കാനും വളർത്തിയെടുക്കുവാനും താത്പര്യമുള്ള ഒരു ഗവണ്മെന്റ് ഏജൻസിയുടെ ഇടനിലക്കാരനായാണ് പുള്ളി പിന്നീട് പരിചയപ്പെടുത്തിയത്. സഹകരിക്കുവാൻ താത്പര്യമില്ലെന്നറിഞ്ഞതോടെ ഗവണ്മെന്റ് ഞങ്ങളെ വേട്ടയാടാൻ തുടങ്ങി. വീട്ടുകാരെ അടക്കം അവർ പിടിച്ചു വച്ചു. ഞങ്ങൾക്ക് ഓടിയൊളിക്കേണ്ടി വന്നു. സൗഹൃദം മൂലം ഒറ്റു കൊടുക്കാൻ കണ്ണേട്ടൻ തയ്യാറല്ലായിരുന്നു. ഞങ്ങൾക്കൊപ്പം കൂടിയെന്ന പേരിൽ കണ്ണേട്ടനും അവരുടെ ശത്രുവായി. 

സ്വകാര്യതയെ മാനിച്ച് ഞങ്ങൾക്കിടയിൽ ചില അലിഖിത നിയമങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു. വിവരങ്ങൾ മുഴുവൻ മുൻപിലുണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ മാത്രമേ ഞങ്ങൾ നോക്കിയിരുന്നുള്ളൂ. അങ്ങനെയേ പാടുള്ളൂവെന്ന് കണ്ണേട്ടന്റെ ചട്ടമുണ്ടായിരുന്നു. എന്നാലൊരിക്കെ തന്റെ പ്രേമത്തിൽ ഒളിഞ്ഞു നോക്കിയെന്നും പറഞ്ഞ് ബല്ലവനും ധർമ്മനും തമ്മിൽ ഉരസി. രണ്ടുപേരും ഒരു സ്ത്രീയെത്തന്നെ പ്രണയിച്ചതിന്റെ പരിണതഫലം. അത് വലിയ പ്രശ്നത്തിലേക്ക് വഴി വച്ചു. ഒത്തൊരുമ ഇല്ലാതായി. ബല്ലവൻ എല്ലാവരേയും വിട്ട് സ്വന്തം ജീവിതം നോക്കിപ്പോയി. അതോടെ ഇനിയൊരിക്കലും മറ്റൊരുവന്റെ ജീവിതത്തിലേക്ക് കടന്നു കയറില്ലെന്ന് തീരുമാനിച്ച് ഞങ്ങൾ പിരിഞ്ഞു.

ഒറ്റയ്ക്ക് കഴിയുന്നതാണ് സുരക്ഷിതമെന്ന് തോന്നിയപ്പോൾ എല്ലാവരും പലയിടങ്ങളിലേക്ക് ചിതറി. പലരും പല ജീവിതങ്ങൾ ജീവിച്ചു. ചിലർ വിവാഹം കഴിച്ചു. ചിലർ അലഞ്ഞു. ചിലർ ഒളിച്ചു. ആ ഓട്ടത്തിൽ പലയിടങ്ങളിലലഞ്ഞ് ഒടുവിൽ വെള്ളാങ്കല്ലിലെത്തുകയായിരുന്നു ഞാൻ. അവിടെ വച്ച് നിന്നെക്കണ്ടു. അറിയാതെയെങ്കിലും സ്നേഹിച്ചു പോയി.

കൃഷ്ണക്ക് അയാളോട് സ്നേഹം തോന്നിക്കാണണം. അവൾ അയാളെ കാരുണ്യത്തോടെ തൊട്ടുഴുഞ്ഞു. കവിളിൽ ഒരുമ്മ കൊടുത്തു. 

“ചിതറിപ്പോയെങ്കിലും ഞങ്ങൾ ഒരാളായിരുന്നു. കൂടിച്ചേരുമ്പോൾ മാത്രം ഉദ്ദേശലക്ഷ്യമുള്ളൊരു ജീവൻ. പലരിലൂടെ ഞങ്ങൾ ശ്വസിച്ചു. ഒരാളുടെ വേദന ഞങ്ങൾ അഞ്ചായി പകുത്തു. ഒരാളുടെ സന്തോഷത്തിന്റെ ചെറിയ കണികകളിൽ എല്ലാവരും ആനന്ദിച്ചു. ഒരാളുടെ വിശപ്പിനു മറ്റൊരാൾ അധിക ഭക്ഷണം കഴിച്ചു. ഒരാളുടെ രോഗത്തിനു വേറൊരാൾ മരുന്നു കഴിച്ചു. ശരീരങ്ങളുടെ ഓരോ വേദനയും ഞങ്ങളേറ്റു വാങ്ങി. ഓരോ രോഗവും പങ്കിട്ട് അനുഭവിച്ചു. അതായിരുന്നു ഞങ്ങളുടെ ആത്മ സമർപ്പണം”

കൃഷ്ണയുടെ മുഖത്തു നിന്ന് ഭയം മായുന്നത് ഇത്രയും സമയം കൊണ്ട് പാർത്ഥി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.   

“നമ്മളിപ്പോൾ സംസാരിക്കുന്നതെല്ലാം, അവരിതെല്ലാം കേൾക്കുന്നുണ്ടോ?”

“ഉം”പാർത്ഥി മൂളി.

“അപ്പോൾ നിങ്ങളെന്നെ തൊടുമ്പോൾ അവരുമെന്നെ തൊടുന്നുണ്ടോ?”

അയാൾ ഒന്നും പറഞ്ഞില്ല.

“ഞാൻ അണ്ണനെ ഉമ്മ വക്കുമ്പോൾ അവരേയും വക്കുന്നുണ്ടോ?”

“ഉവ്വ്” പാർത്ഥി അതിനു ശേഷം മൂകനായി

കൃഷ്ണക്ക് ഓക്കാനം വന്നു. 

പാർത്ഥി അവളുടെ അറപ്പു ഭാവം നോക്കി നിസംഗനായി.  

പെട്ടെന്നയാളുടെ ഭാവം മാറി. പുറത്തെന്തോ ബഹളം നടക്കുന്നത് കൃഷ്ണക്ക് കേൾക്കാമായിരുന്നു. അവൾ കണ്ണുകൾ തുടച്ച് മുറിക്ക് പുറത്തിറങ്ങാനായി ഒരുങ്ങി. അമ്മ തന്റെ സങ്കടമറിയരുതെന്ന് അവൾക്ക് നിർബന്ധം തോന്നി. 

പാർത്ഥി മുറി തുറന്ന് പുറത്തിറങ്ങിപ്പോൾ അക്ക ഉറക്കം തെളിഞ്ഞു വരുന്നുണ്ടായിരുന്നു. 

“അവരെത്തി” പാർത്ഥി അക്കയോടായി പറഞ്ഞു.

“ആര്?”

പാർത്ഥി മറുപടി പറഞ്ഞില്ല. പോകാനുള്ള ധൃതിക്കിടെ അക്ക അയാളെ പിടിച്ചു നിർത്തി ചെവിയിൽ പറഞ്ഞു. 

“പൈലൻ, എന്റെ ആളെ തീർത്തത് അങ്ങേരാണ്” 

പാർത്ഥി അക്കയെ നോക്കി. കാലങ്ങളുടെ പക അവരുടെ മുഖത്ത് കിടന്ന് വെട്ടിത്തിളക്കുന്നു. കൂടുതലൊന്നും ചോദിക്കാതെ പാർത്ഥി വേഗം താഴേക്കിറങ്ങി.

ഗ്രാമത്തിന്റെ കവാടമായി നിലകൊള്ളുന്ന മരത്തിന്റെ വലിയ ഗേറ്റിനപ്പുറം പൈലനും യാക്കോബും ആയുധങ്ങളുമായി നിൽപ്പുണ്ടായിരുന്നു. പാറ പൊട്ടിക്കുന്ന തൊഴിലാളികളോട് വെടിമരുന്ന് വച്ച് ഗേറ്റ് തകർക്കാനാണ് പൈലന്റെ നിർദ്ദേശം. അതനുസരിച്ച് യാക്കോബും ആളുകളും ഓടിനടന്ന് പണിയെടുക്കുന്നുണ്ട്. ഒരാൾ മൂന്നു പേരെ വച്ച് വെട്ടി തള്ളണം എന്ന കണക്ക് ചെൽവൻ തന്റെ കൂട്ടാളികൾക്ക് വിശദീകരിച്ച് കൊടുക്കുകയായിരുന്നു. അരയിലിരുന്ന തോക്കെടുക്കാൻ പൈലൻ ആഞ്ഞപ്പോൾ ചെൽവൻ തടഞ്ഞു. പള പളാ തിളങ്ങുന്ന ഒരു വാള് അയാൾ പൈലന്റെ കൈകളിൽ പിടിപ്പിച്ചു.  

“ഇങ്കേ ഇതു പോതും അണ്ണേ”

പാർത്ഥി വീടിനു പുറത്തിറങ്ങുമ്പോഴേ ഗ്രാമത്തിലെ ആളുകൾ എല്ലാം മൈതാനത്ത് കൂട്ടം കൂടി നിൽപ്പുണ്ടായിരുന്നു. പിന്നെ പതിയെ വരിവരിയായി അത് വിരിഞ്ഞു കൊണ്ട് നീളം വച്ചു.  അവരോരോരുത്തരായി പരസ്പരം കൈകൾ കോർത്തു കൊണ്ട് അകന്നു. വീടുകൾക്കിടയിലൂടെ ആ വരി വികസിച്ച് നീണ്ടു പോകുന്നതായി പാർത്ഥിക്ക് കാണാനായി. വരിയല്ല, വൃത്തം. പാർത്ഥിക്കടുത്ത് നിന്നയാൾ തന്റെ ഇടത് കൈ മറ്റൊരുത്തന്റെ കയ്യിൽ കോർത്ത് വലത് കൈ പാർത്ഥിക്കായി നീട്ടി. പാർത്ഥി ആ കൈകൾ തന്റെ ഇടതു കയ്യിൽ കോർത്തു. പാർത്ഥിയുടെ വലതു കയ്യിൽ ധർമ്മൻ കൈ കോർത്തു. ധർമ്മൻ മറു കൈ നീട്ടി. ഉദ്ദണ്ടൻ പിടിച്ചു. അവസാനത്തെ കൈ ദേവൻ പിടിച്ചു. ദേവൻ നീട്ടിയ അവസാന കൈ ഗ്രാമത്തിലൊരാൾ പിടിച്ചു. അതു പിന്നെ മറ്റൊരാൾ എന്ന കണക്കിൽ ആ വൃത്തം പൂർത്തിയായി. ഗ്രാമത്തിലെ അവസാന ആളും ആ ശൃംഖലയിൽ ഭാഗമായി. നാന്നൂറ്റിയൻപതു പേർ പരസ്പരം കൈകൾ കോർത്ത് ഒരു വൃത്തമായി. ആ വൃത്തം പതിയെ ചലിച്ചു. അതിലെ ഓരോരുത്തരും അരമണ്ഡലത്തിൽ ചുവടു വച്ചു.  അത് കറങ്ങി. ആ വൃത്തം മൈതാനത്തെ വലം വച്ചു കൊണ്ട് ചലിച്ചു. അതിൽ ഭാഗമാകാതെ നിന്നിരുന്ന കണ്ണേട്ടൻ മാത്രം കൃഷ്ണയേയും അക്കയേയും കൊണ്ട് ഒരു മൂലക്കു മാറി ഒതുങ്ങി നിന്നു.  

വൃത്തത്തിന്റെ വേഗത പതിയെ കൂടാനാരംഭിച്ചു. 

കൃഷ്ണ പെട്ടെന്ന് ഓർത്തു

ഗ്രാമത്തിലെ ആരും പരസ്പരം സംസാരിച്ചിരുന്നില്ലേ?

“ഇല്ല” 

കണ്ണേട്ടനാണതിനു മറുപടി നൽകിയത്. അറിയാതെ തന്റെ ശബ്ദം പുറത്ത് വന്നതാകുമെന്ന് അവൾ സംശയിച്ചു. കണ്ണേട്ടൻ ദൂരേയ്ക്ക് വിരൽ ചൂണ്ടി.

നൃത്തത്തിനിടയിൽ വേഗത്തിൽ ചലിക്കുന്ന ആ അഞ്ചു പേരെ കൃഷ്ണ കണ്ടു. ചലനത്തിന്റെ വേഗത കൂടിക്കൂടി ആളുകൾ അവ്യക്തരായി. കൃത്യതയാർന്നൊരു വൃത്തം. പെട്ടെന്നൊരു നിമിഷം അവരുടെ ചലനം നിലച്ചു. ഏതാനും നിമിഷങ്ങൾ ആ വൃത്തത്തിനുള്ളിൽ അവർ വിശ്രമിച്ചു. പിന്നെ കൂട്ടിപ്പിടിച്ച കൈകളോടെ ഒരേ സ്വരത്തിൽ അലറിക്കൊണ്ട് ആ വലിയ നൃത്ത സംഘം പുതിയൊരു ആട്ടത്തിനായി ഗേറ്റിലേക്ക് ചുവടു വച്ചു. വളരെ നാളുകൾക്കു ശേഷം, തന്റെ ആണി വേദനയെ അവഗണിച്ചു കൊണ്ട് അക്കയുടെ കാലുകൾ ചുവടുകൾക്ക് അനുസരിച്ചു താളം പിടിച്ചു. 

തൈ ദിതിതൈ
തൈ ത്തൈ ദിതിതൈ
തൈ തൈ തൈ ദിതിതൈ
ദിത്തൈ ദിതിതൈ ത്തൈ
തളാങ്കുതൊം ദിതിതൈ.

(കഥയുടെ ഓഡിയോ: സേതുലക്ഷ്​മി സി.)

Comments