ഞായറാഴ്‌ച ഉച്ചയ്ക്ക് സർവ്വകലാശാലാ ലൈബ്രറിക്കുമുന്നിലെ റോഡിലിരുന്ന് പുകച്ചുരുളുകൾ ആകാശത്തേക്ക് പറത്തുന്നതിനിടെ തെല്ലൊരു വിഷാദത്തോടെ സാദ്ദിഖ് ചോദിച്ചു, ചത്തുകളഞ്ഞാലോ?
രണ്ടു ദിവസത്തെ പട്ടിണിയാണ് അവനെക്കൊണ്ട് അത് പറയിച്ചത്. കഴിഞ്ഞമാസം തിന്നതിൻ്റെ പണമടക്കാത്തതിനാൽ ഹോസ്റ്റൽ മെസ്സിൽ നിന്നും പുറത്തായവരാണ് ഞങ്ങൾ മൂന്നുപേർ.
സാദിഖ്, സുദീപ്, അജേഷ്- മെസ്‌ഔട്ട് എന്ന വലിയ പോസ്റ്ററാണ് അടുക്കളയിൽ ഞങ്ങളെ സ്വാഗതം ചെയ്‌തത്. കൈയ്യിലാണെങ്കിൽ ഒരു രൂപ പോലുമില്ല. അധ്യാപകരിൽ നിന്ന് കടം വാങ്ങി മടുത്തു. കാമുകിമാരാണെങ്കിൽ ഞങ്ങളെ പേടിച്ച് വളയോ, കമ്മലോ ഇടാറേയില്ല. മാത്രമല്ല സുദീപിൻ്റെ പ്രേമഭാജനമായ സുജയുടെ വള ഇപ്പോഴും ബാങ്കിലാണ്. ഹോസ്റ്റൽ റെന്റ്റ് അടക്കാൻ ഞങ്ങൾ പണയം വെച്ചതുതന്നെ.
വീട്ടിലാണെങ്കിൽ പോവാനാവില്ല. ബസ്സിന് ടിക്കറ്റെടുക്കാൻ പോലും പൈസയില്ലാതെ എങ്ങിനെപോകാൻ. രണ്ടുദിവസമായി ക്യാമ്പസിലെ തേങ്ങ, ഇളനീർ തുടങ്ങിയ ജൈവപോഷകങ്ങളാണ് ആഹാരം. ഇളനീർ കുടിക്കുന്നത്കൊണ്ട് വലിയ ക്ഷീണമില്ല. സെക്യൂരിറ്റിക്കാർ കണ്ടാൽ അതും മുടങ്ങും. ക്യാമ്പസിലെ അരാജകജന്മം സുനിലിന്റെ മുറിയിൽ നിന്ന് മോഷ്ടിച്ചെടുത്ത ഒരു കെട്ട് ബീഡിയുമായാണ് ഞങ്ങളുടെ ഇപ്പോഴത്തെ ഇരിപ്പ്.
അങ്ങനെപുകയൂതി പുകയൂതി വിശപ്പടക്കാൻ ശ്രമിക്കുമ്പോഴാണ് ആറാം കാമുക- കാമുകീ വാർഷികമാഘോഷിക്കുന്ന സജിത്തും നസീറയും ആടിക്കുഴഞ്ഞുവരുന്നത്. കറുത്ത പാമ്പുപോലെ നീണ്ടുകിടക്കുന്ന റോഡിനറ്റത്തുനിന്നും ഞങ്ങളുടെ അടുത്തേക്ക് തന്നെയാണ് അവരുടെ കാൽവെപ്പുകൾ.
ചെറ്റകൾ... പുറത്തുനിന്ന് വയറുനിറച്ച് തിന്ന് വരുവാ- സുദീപ് പതുക്കെ പറഞ്ഞു.
ഹോ... ഇതുപോലത്തൊരു കാമുകി ഉണ്ടായിരുന്നെങ്കിൽ മൂന്ന് നേരോം തീറ്റ നടന്നേനെ - സാദിഖ് ആകാശം നോക്കി സൂചിപ്പിച്ചു.

അവർ അടുത്തെത്താറായപ്പോൾ കലോത്സവനഗരിയിലെ അനൗൺസറെപ്പോലെ മുഷ്‌ടി ചുരുട്ടി മൈക്കാക്കി സാദിഖ് പ്രഖ്യാപിച്ചു; ഇതാ.. ഇതാ.. നമ്മുടെ ക്യാമ്പസിൻ്റെ ലൈബ്രറിക്കടുത്തേക്ക്... പ്രശസ്‌ത, പ്രക്ഷുബ്‌ധ, പ്രഭാവ, പരിശോഭയാർന്ന കമിതാക്കൾ നടന്നു വരികയാണ്.... വരികയാണ്... ബഹുമാനപുരസ്സരം, സ്തുത്യനുകൂലം, പൂജിതഹൃദയാകാരം സർവ്വരും എഴുന്നേറ്റ് നിൽക്കേണ്ടതാണ്.
അപ്പുറത്തു നിന്നും പ്രതികരണമൊന്നുമില്ലാത്തത് എന്താണെന്നു ചിന്തിക്കെ തന്നെ അവർ അടുത്തെത്തുകയും ചെയ്തു.
സജിത്തിൻ്റെ മുഖം വല്ലാതിരിക്കുന്നു. ആകെ ഒരു മ്ലാനത.
എടാ എന്തുപറ്റി?, ഞങ്ങൾ അതിശയത്തോടെ ചോദിച്ചു.
ആകെ പ്രശ്‌നത്തിൽപ്പെട്ടിരിക്കയാ, സജിത്ത് ഇതു പറയുമ്പോൾ നസീറയുടെ മുഖം ചുവക്കുകയും അത്യധികമായി ലജ്ജയിൽ മുങ്ങുകയും ചെയ്തു. കാര്യം പറയ്, ഞങ്ങൾ നിർബന്ധിച്ചു.
ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞു, രജിസ്റ്റർ മാര്യേജ്, സജിത്ത് ഒറ്റ ശ്വസത്തിൽ പറഞ്ഞുനിർത്തി.
കേട്ടുനിന്ന ഞങ്ങൾ അന്ധാളിച്ചുപോയി. അല്ലെങ്കിലേ മുഴുപട്ടി ണി... ദാ... കൂടെ ഒരാളെക്കൂടി പട്ടിണിക്ക് ക്ഷണിച്ചിരിക്കുന്നു. രജിസ്ട്രേഷൻ കഴിഞ്ഞുള്ള വരവാണ്. ആരെയൊക്കെയോ സാക്ഷികളാക്കി... നസീറയുടെ മുഖം കണ്ടപ്പോഴേ എന്തോ പന്തികേടുണ്ടെന്ന് തോന്നിയിരുന്നു.
സജിത്ത് എന്നെ സ്വകാര്യമായി കൂട്ടിക്കൊണ്ടുപോയി ചെവിയിൽ പറഞ്ഞു, എടാ, ഇന്ന് ഞങ്ങളുടെ ആദ്യ രാത്രിയാണ്.
എനിക്ക് ചിരി വന്നു. കൈയ്യിൽ ഒരു രൂപ പോലുമില്ല. വിശപ്പടക്കിയിട്ടില്ല, എന്നിട്ട് ആദ്യരാത്രി...
നസീറയെ മാറ്റിനിർത്തി ഞങ്ങൾ റോഡിൽ വട്ടത്തിലിരുന്ന് ചർച്ചയാരംഭിച്ചു. ആദ്യരാത്രി പ്രധാനപ്പെട്ടതു തന്നെയാണ്. പുറത്ത് ഏതെങ്കിലുമൊരു നല്ല ഹോട്ടലിൽ കനത്തുയർന്ന് പഞ്ഞിപോലുള്ള കിടക്കയിൽ, വെള്ള തൂവലുപോലുള്ള പുതപ്പുവിരിച്ച് ഒരു പ്ലേറ്റിൽ നിറയെ മുന്തിരി... ആപ്പിൾ... നിറച്ച്... ചില്ലു ഗ്ലാസിൽ ഇളം ചൂടുപാൽ പകർന്ന്... അങ്ങനെ ആഘോഷിക്കേണ്ട ഒന്നാണ് ആദ്യരാത്രി.
സാദിഖിൻ്റെ വിവരണം കേട്ടപ്പോൾ സജിത്ത് അൽപം പൊട്ടിത്തെറിച്ചു, ഇതിനൊക്കെ നിൻ്റെ ബാപ്പ തരോടാ പൈസ.
ചർച്ച പുരോഗമിക്കേ എൻ്റെ തലയിലൊരു ബുദ്ധിയുദിച്ചു. വൈകീട്ട് നമുക്ക് പുറത്ത് ചെറിയൊരു മുറിയെടുക്കാം.
എൻ്റെ പറച്ചിലുകേട്ട് സാദിഖ് തിരിച്ചടിച്ചു, നമുക്കോ?അതൊരു ചിരിയിൽ കലാശിച്ചു. ഒടുവിൽ പുറത്ത് തുച്ഛമായ വാടകയിൽ മുറിയെടുക്കാമെന്ന് തീരുമാനിച്ചു.
അപ്പോൾ വീണ്ടുമൊരു പ്രശ്‌നം, പണം?പിരിവെടുക്കും...
എവിടുന്ന്?
കുട്ടികളിൽ നിന്ന്.
എന്തുപറഞ്ഞ്?
ഭക്ഷണം കഴിക്കാനാണെന്ന്.
അങ്ങനെആ തീരുമാനത്തിലെത്തി. ഞങ്ങൾ പലവഴിക്ക് പല റോഡുകളിൽ സ്ഥാനമുറപ്പിച്ചു. അതിലേ പോകുന്ന മുഴുവൻ കുട്ടികളോടും ഇരന്നു; ചോറു തിന്നണം, ഒരഞ്ചു രൂപ... രണ്ടുരൂപ... ഒരു രൂപ...
ഒന്നര മണിക്കൂറിന് ശേഷം വീണ്ടും ലൈബ്രറിക്കു മുന്നിൽ ഞങ്ങളൊത്തു ചേർന്നു. എല്ലാവരും പണം തിട്ടപ്പെടുത്തി- മൊത്തം 590 രൂപ. പുറത്തെ വി.വി ലോഡ്‌ജിൽ 400 രൂപയ്ക്ക് സിംഗിൾ റൂം കിട്ടും. കാര്യങ്ങൾ അയാളോട് തുറന്നുപറഞ്ഞ് രണ്ടുപേർക്ക് താമസിക്കാം.

അപ്പോൾ വീണ്ടും സംശയം; പുറത്തു മുറിയെടുത്താൽ നാട്ടുകാരറിയും, അധ്യാപകരറിയും, കുട്ടികളെല്ലാമറിയും. മാത്രമല്ല പുറത്ത് നസീറയുടെ ബന്ധുക്കളും ഏറെയുണ്ട്.
അതിനെന്താ കല്ല്യാണം കഴിഞ്ഞതല്ലേ...? നിഷ്‌കളങ്കനായ ഒരു കുട്ടിയെപ്പോലെ സാദിഖ് ചോദിച്ചു. അതല്ല പ്രശ്നം. ഇവർ രജിസ്റ്റർ ചെയ്‌തല്ലേയുള്ളൂ. ഇപ്പോ തന്നെ എല്ലാവരും അറിഞ്ഞാ... ആകെ പ്രശ്‌നമാകും.
സുദീപിൻ്റെ വാക്കു കേട്ടപ്പോഴാണ് എല്ലാവർക്കും ഒന്നുകൂടി ബോധമുണർന്നത്. അങ്ങനെ ഒരു മാർഗ്ഗമാലോചിച്ചിരിക്കെ സുദീപിൻ്റെ വായിൽ നിന്നും ഒരു ചെറുശബ്ദം പുറത്തുവന്നു; യുറേക്കാ... യുറേക്കാ...
ഞങ്ങൾ അത്ഭുതപ്പെട്ടിരിക്കേ അവൻ വിവരിച്ചു. ആദ്യരാത്രി ഒരു ക്ലീഷേയാണ്. ലോകത്തുള്ള എല്ലാവരും ആദ്യരാത്രി ആഘോഷിക്കുന്നു. പറഞ്ഞു പറഞ്ഞ്, ചെയ്‌ത് ചെയ്‌ത്, തേഞ്ഞുതേഞ്ഞു തീർന്ന ഒന്നാണ് ആദ്യരാത്രി... അതുകൊണ്ട് നമ്മൾ ട്രാക്കൊന്ന് മാറ്റുന്നു.
എങ്ങനെ?
ആദ്യപകൽ...
ആദ്യപകൽ???
ആതെ...ആദ്യത്തെ പകൽ, ഞങ്ങളുടെ സംശയാവഹമായ നോട്ടങ്ങൾ കണ്ടപ്പോൾ സുദീപ് ചിരിച്ചുകൊണ്ട് കീശയിൽ നിന്ന് കിലുങ്ങുന്ന ഒന്ന് പുറത്തെടുത്തു.
താക്കോൽ, അവൻ ചിരിച്ചുകൊണ്ട് തന്നെ അത് കാണിച്ചു.
ഇത് ഏത് താക്കോൽ?
ഇതെങ്ങനെ സംഘടിപ്പിച്ചു?
ചോദ്യം കേട്ടപ്പോൾ തോളുയർത്തി ഞെളിഞ്ഞ് നാടകത്തിലെന്ന പോലെ അവൻ പറഞ്ഞു, അയാം സുദീപ്… റിസർച്ച് സ്കോളർ... ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററി... എൻ്റെ കൈവശമാണ് ഇതിന്റെ താക്കോൽ...ഹ...ഹ… ഒരു ഗവേഷകന് രാവും പകലുമില്ലാത്ത ഗവേഷണ ത്വര.
ഈ താക്കോൽ കൊണ്ടെന്ത് കാര്യം? ചോദ്യം തുടർന്നപ്പോൾ അവൻ ഉച്ചത്തിൽ തെറി പറഞ്ഞു.
എടാ... മണ്ട... മരമരമണ്ടന്മാരെ... ചരിത്രവിഭാഗമാണ് ഇന്ന് ഇവരുടെ മണിയറ. വൈകുന്നേരം വരെ മുറിക്കുള്ളിൽ ഇവർ ദമ്പതിമാരായി കഴിയട്ടെ. നമുക്ക് പുറത്ത് കാവൽ നിൽക്കാം. വൈകീട്ട് രണ്ടു പേരും അവരവരുടെ ഹോസ്റ്റലിലേക്ക് മടങ്ങുന്നു. എങ്ങിനെഐഡിയ?

ഞങ്ങളുടെ കണ്ണുകളിലെല്ലാം ചിരി വിടർന്നു.
സജിത്തിന് വീണ്ടും രണ്ടു സംശയങ്ങൾ: പ്രശ്‌നമാവുമോ? അഥവാ സെക്യൂരിറ്റി വന്നാൽ...?
എന്തു പ്രശ്നം. നിങ്ങളിതിൽ കയറിയ ഉടനെഞങ്ങൾ മുറി പുറത്തുനിന്ന് താക്കോലിട്ട് പൂട്ടും. പിന്നെ സെക്യൂരിറ്റിയല്ല. അവൻ്റപ്പൻ വന്നാൽ പോലും ഒന്നും മനസ്സിലാവില്ല. പോരാത്തതിന് ഞായറാഴ്ചയും. പുറമെ നിന്ന് പൂട്ടിയ മുറിയിൽ ആർക്കും കടക്കാൻ പറ്റില്ലല്ലോ. അങ്ങനെയല്ലേ യുക്തി.
ഇതു കൂടി കേട്ടപ്പോൾ ഞങ്ങളെല്ലാം ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. അപ്പോൾ ഈ രൂപ? പിരിച്ചു കിട്ടിയ പണം സാദിഖ് കീശയിലിടാൻ ശ്രമിച്ചപ്പോൾ ഞാൻ തടുത്തു. അതങ്ങനെ ആ കീശയിലേക്ക് പോകണ്ട. ആവശ്യമുണ്ട്. ഇവർക്ക് ഭക്ഷണം വാങ്ങണം. ആപ്പിൾ, മുന്തിരി, ചുടുപാൽ... ഇതെല്ലാം സംഘടിപ്പിക്കണം. ശരിക്കുള്ള ആദ്യരാത്രി തന്നെ. ക്ഷമിക്കണം, ആദ്യ പകൽ തന്നെ ആക്കാം. അങ്ങനെ സജിത്ത്- നസീറ ദമ്പതികളെ ചരിത്രവിഭാഗത്തിനു മുന്നിലുള്ള പുൽത്തകിടിയിലിരുത്തി ഞങ്ങൾ പുറത്തേക്ക് കടന്നു.
മൂന്ന് ആപ്പിൾ, കാൽക്കിലോ മുന്തിരി, അഞ്ച് ചെറുപഴം, ഒരു ഡിസ്പോസിബിൾ പ്ലേറ്റ്, ഒരു ഗ്ലാസ് എന്നിവ ടൗണിൽ നിന്നും വാങ്ങി. ഐശ്വര്യ ഹോട്ടലിൽ കയറി ഒരു കുപ്പിയിൽ ചൂടുപാൽ പകർത്തി. 220 രൂപ കൊടുത്ത് രണ്ടു സദ്യ പാർസൽ സംഘടിപ്പിച്ചു. എല്ലാം കഴിഞ്ഞപ്പോൾ ബാക്കി മുപ്പതു രൂപയേ ഉണ്ടായുള്ളൂ.
അപ്പോ നമ്മുടെ ഭക്ഷണം? ഞാൻ വയറുഴിഞ്ഞു കൊണ്ടു ചോദിച്ചു. അങ്ങനെമുപ്പതു രൂപയ്ക്ക് അഞ്ച് പൊറോട്ട വാങ്ങിച്ചു.
കറി?
ഫ്രീ സാമ്പാർ...
തിരിച്ചു ക്യാമ്പസിലെത്തിയയുടനെ ഞങ്ങൾ ദമ്പതികൾക്ക് സദ്യ വിളമ്പി. അതുവഴി വന്ന സെക്യൂരിറ്റിക്കാരൻ രാജേട്ടൻ ഒരു പപ്പടം പൊട്ടിച്ചു തിന്ന് കുശലം പറഞ്ഞ് കടന്നുപോയി.
ഇനി മണിയറയൊരുക്കണം.
ഞങ്ങൾ രണ്ടുപേർ ചരിത്രക്ലാസ് മുറി തുറന്നു. ബെഞ്ചുകൾ ഒരുമിച്ച് കൂട്ടി കട്ടിൽ പോലെയാക്കി. ജനലുകളെല്ലാം ഭദ്രമായി അടച്ചു. അന്നത്തെ പത്രം ബഞ്ചുകളിൽ വിരിച്ചു.
കിടക്ക പത്രമാവട്ടെ, സുദീപ് ചിരിച്ചു.
തലയിണ?
ഞാനോടിച്ചെന്ന് ബാഗിൽ നിന്നും രണ്ട് തടിച്ച പുസ്‌തകങ്ങളെടുത്തു -ഇന്ത്യയെ കണ്ടെത്തൽ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ... അതു തലയണയാക്കി വെച്ചു.
സാദിഖ് ഡിസ്പോസിബിൾ പ്ലേറ്റും ഗ്ലാസുമായി വന്നു. അതിൽ പഴങ്ങൾ നിറച്ച് ഗ്ലാസിലേക്ക് പാൽ പകർന്നു. ഡസ്‌കിന് മുകളിൽ അവ യെല്ലാം ഭദ്രമായി വെച്ചു.
റെഡി?
റെഡി.
നസീറ- സജിത്ത് ദമ്പതികളെ ഞങ്ങൾ ക്ലാസ് മുറിയിലേക്കാനയിച്ചു. നിങ്ങൾ ചരിത്രം സൃഷ്‌ടിക്കുകയാണല്ലോ, അതുകൊണ്ട് ചരിത്രമുറി തന്നെയാവട്ടെ ആദ്യത്തെ മണിയറ, സുദീപ് ഒരു ചരിത്രകാരനെപ്പോലെ സംസാരിച്ചു.
അധികം അഭ്യാസങ്ങളൊന്നും കാട്ടരുത്. ബഞ്ചിൻ്റെ കാലുകൾ ശരിയല്ല, സാദിഖ് പൊട്ടിച്ചിരിച്ചു.
വാതിൽ പുറമെനിന്ന് പൂട്ടുന്നതിന് മുമ്പ് ഞാനുറക്കെ വിളിച്ചു പറഞ്ഞു, ഒരാപ്പിളെങ്കിലും ബാക്കി വെക്കണേ...
ഞങ്ങൾ ഭദ്രമായി വാതിൽ താക്കോലിട്ട് പൂട്ടി പുറത്തെ പുൽത്തകിടിയിൽ വന്നിരുന്നു. സഞ്ചിയിൽ കെട്ടിവെച്ച പൊറോട്ടയും സാമ്പാറും പുറത്തെടുത്തു. പൊറോട്ടയ്ക്ക് മുകളിൽ സാമ്പാർ മുഴുവനൊഴിച്ച് ഞങ്ങൾ ഒരുമിച്ച് കുഴച്ചു. സാമ്പാർ പുളിച്ചു പോയതിൻ്റെ മണം. നമുക്കീ പുളിച്ച സാമ്പാറൊക്കയേ പറഞ്ഞിട്ടുള്ളൂ. സുദീപിൻ്റെ നിഷ്കളങ്കമായ വാക്കുകേട്ട് ഞങ്ങളാകെ കുലുങ്ങിച്ചിരിച്ചു.
പൊറോട്ട മതിയായില്ല. പക്ഷേ വാങ്ങാൻ പണമില്ല. കുട്ടികൾ കനിഞ്ഞതുകൊണ്ട് പൊറോട്ടയെങ്കിലും കിട്ടിയതിൽ ഞങ്ങൾ ആശ്വസിച്ചു.
▮
രണ്ട്
തിളയ്ക്കുന്ന ഹൃദയമിടിപ്പോടെ, സ്വല്പം പേടി കലർന്ന അമ്പരപ്പോടെ സജിത്തും നസീറയും മുറിക്കുള്ളിൽ ദീർഘശ്വാസമെടുത്തു. ആത്യന്തികമായി സകല ജീവിതത്തിൻ്റെയും ലക്ഷ്യം ഒരു തലമുറയെ സൃഷ്ടിച്ച് മരിക്കുക എന്നതാണല്ലോ. ആ ലക്ഷ്യത്തിൻ്റെ ഉപാധിയും ഉപാസനയുമാണ് കാമം. സജിത്ത് ഉൾവിറയാൽ നസീറയുടെ കണ്ണിലേക്ക് ലജ്ജയോടെ നോക്കിക്കൊണ്ടുനിൽക്കെ, പെട്ടെന്ന് ഒരു തവള അവർക്കിടയിലൂടെ ചാടി പുസ്തകത്തലയിണയിൽ ഒളിക്കാൻ ശ്രമിച്ചു.

ആദ്യ ദിവസം തന്നെ നശിപ്പിക്കുന്നോ നശിച്ച തവളേ എന്നു പറഞ്ഞുകൊണ്ട് ബെഞ്ചുകൾ കൂട്ടിയിട്ടു നിർമ്മിച്ച കട്ടിലിലേക്ക് ചാടിക്കയറി അതിനെ ഓടിക്കാൻ തുനിഞ്ഞപ്പോൾ, ബെഞ്ചിനു താഴെ ഒരു വാലിളക്കം സജിത്ത് കണ്ടു. പതിയെപ്പതിയെ അതിൻ്റെ സ്വരൂപം പുറത്തുവന്നപ്പോൾ വാക്കുകൾ കിട്ടാതെ അവൻ വിറങ്ങലിച്ചു. ഇഴഞ്ഞു വരുന്ന അതിൻ്റെ തല കണ്ടതും നസീറ ഉച്ചത്തിൽ നിലവിളിച്ചു.
ആ നിലവിളി ചുമരിൽ തട്ടി പ്രതിധ്വനിക്കുകയും പൈപ്പിൽ കൈ കഴുകാനെത്തിയ സുദീപിൻ്റെയും സാദിഖിൻ്റെയും ചെവിയിൽ സ്പർശിക്കുകയും ചെയ്തു.
സുദീപ് വായ പൊത്തിക്കൊണ്ട് മെല്ലെ പറഞ്ഞു, ഇത്ര ആക്രാന്തമോടാ...
അതു പറഞ്ഞു തീരലും നസീറയുടെ ഉച്ചത്തിലുള്ള ശബ്ദം വീണ്ടും മുഴങ്ങി, പാമ്പ്.... പാമ്പ്....
അത് കേട്ടതും സുദീപ് തല കുലുക്കി ചിരിച്ചു, ഇത്ര പെട്ടെന്ന് പാമ്പും പുറത്തു വന്നോ...?
അവൻ വീണ്ടുമെന്തോ പറയാൻ തുനിഞ്ഞതും സാദിഖ് അത് നിരുത്സാഹപ്പെടുത്തി. ഒരു ദീർഘശ്വാസമെടുത്ത ശേഷം ഞങ്ങൾ കുറച്ചപ്പുറമുള്ള പുൽത്തകിടിയിൽ മലർന്ന് കിടന്ന് ബാക്കിയുള്ള ബീഡി പുകച്ച് ആകാശം കണ്ടു. ഏതോ പകൽ കിനാവിലെന്ന പോലെ മേഘച്ചുരുളുകൾ കൂട്ടം വിട്ട് പലവഴി ചിതറിപ്പിരിയുന്നു. പുൽത്തകിടിയിലെ അർധ മയക്കത്തിൽ നിന്ന് നേരം മയക്കത്തിലേക്ക് ഊളിയിട്ടു.
നസീറ വീണ്ടുമൊരു നിലവിളിക്കൊരുങ്ങവേ ചുണ്ടിൽ വിരൽ വെച്ച് സജിത്ത് ഓർമ്മപ്പെടുത്തി -- ശ്ശ്.... സെക്യൂരിറ്റിക്കാർ വരും.. മിണ്ടാതിരി..
അപ്പോഴാണ് അവൾക്കും ബോധമുണർന്നത്.
ഇരുവരുടെയും സംസാരം ശ്രദ്ധിച്ച പാമ്പ് ഒളിച്ചു കഴിയുന്ന തൻ്റെ ഇരയെത്തേടി ബെഞ്ചിനു മുകളിലേക്ക് പതിയെ ഇഴഞ്ഞുകയറി. നാവു നീട്ടി നീട്ടി ഇന്ത്യയെ കണ്ടെത്തലും സ്വാതന്ത്ര്യം അർധരാത്രിയിലും നുണഞ്ഞുനുണഞ്ഞ് ഇരയുടെ മണം തേടി അത് അലഞ്ഞു. ശ്വാസം പിടിച്ച് സജിത്തും നസീറയും മുറിയുടെ ഓരോ മൂലയിലേക്കും മാറി മാറി സഞ്ചരിച്ചു. ജനൽ തുറക്കാനായി സജിത്ത് ചെറിയൊരു ശ്രമം നടത്തിയെങ്കിലും ആ നേരം തന്നെ തവള അങ്ങോട്ടേക്ക് ചാടി.. ആ ചാട്ടമാകട്ടെ പാമ്പിൻ്റെ കണ്ണിലും തടഞ്ഞു.അപകടം തിരിച്ചറിഞ്ഞ തവളയുടെ ചാട്ടം പാൽനിറഞ്ഞ ഗ്ലാസിനു മുകളിലേക്കായി. ബാലൻസുകിട്ടാതെ ഇളകിയാടുന്നതിനിടെ ഗ്ലാസ് നിലംപതിച്ചു.. നസീറ ഒച്ചവെച്ചു. സജിത്ത് വീണ്ടും ഓർമ്മിപ്പിച്ചു, ശ്ശ്... ശ്ശ്... ശ്ശ്...
വേട്ടക്കാരൻ്റെ കനത്ത ഫണമുയർത്തി അത് വാലിൽ ഉയർന്നു പൊങ്ങി ഇരുവരേയും നോക്കി നിന്നു. ആ നോട്ടത്തിൽ നിന്നും കണ്ണുകൾ പിൻവലിക്കാൻ അവർക്കു തോന്നിയില്ല. സമയത്തെ വിഴുങ്ങിക്കൊണ്ടിരുന്ന ആകാശത്ത് നിറം മാറിക്കൊണ്ടിരുന്നു. പെട്ടെന്ന് സുദീപ് ഉണർന്നു.
എടാ... ആറുമണികഴിഞ്ഞു. അവന്മാരെന്താ വിളിക്കാത്തത്?
സാദിഖ് മൊബൈൽ നോക്കി, ആറേ പതിനഞ്ച്. അഞ്ച് മണിക്കൂറായിട്ടും മതിയായില്ലേ, അവൻ അശ്ലീലചുവയോടെ ചോദിച്ചു.
സാദിഖ് സജിത്തിൻ്റെ മൊബൈലിലേക്ക് വിളിച്ചു, സ്വിച്ച്ഡ് ഓഫ്. നസീറയെ വിളിച്ചു, സ്വിച്ച്ഡ് ഓഫ്.

ഏഴുമണിയായാൽ സെക്യൂരിറ്റിക്കാരത്തും. മുഴുവൻ ലൈറ്റുകളും തെളിയും. ക്യാമ്പസ് എല്ലാവരുടെയും ചുറ്റിക്കറങ്ങലിന് വേദിയാകും. ഏഴുമണി കഴിഞ്ഞാൽ വാതിൽ തുറക്കാനാവില്ല. ആരേലും കണ്ടാൽ നാറിപ്പോകും. പിന്നെ ഇറങ്ങി നടക്കാനാവില്ല, സുദീപ് അസ്വസ്ഥനായി.
നമുക്ക് കൂട്ടിക്കൊടുപ്പാ പണീന്ന് കരുതും. സാദിഖ് ഭ്രാന്തമായി പറഞ്ഞു. ഞങ്ങളൊരുമിച്ച് ചരിത്രവിഭാഗത്തിലേക്ക് നടന്നു. ആ ഭാഗത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തി വാതിലിന് മുട്ടി വിളിച്ചു, സജിത്ത്...
സജിത്ത്...
ആരും വിളികേട്ടില്ല.
പൂട്ട് തുറക്ക്, സാദിഖ് വേവലാതിയോടെ വിറച്ചു. സുദീപ് കീശയിൽ നിന്ന് താക്കോലെടുത്ത് പൂട്ട് തുറന്നു. പക്ഷേ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. അകത്തു നിന്ന് അവന്മാര് കുറ്റിയിട്ടിരിക്കുവാ, സുദീപ് നിരാശനായി.
ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് വാതിലിന് ആഞ്ഞുമുട്ടി, ചവിട്ടി, ഇടിച്ചു. ഉള്ളിൽ ഒരനക്കവുമില്ല.
സുദീപ് ജനൽ ഭാഗത്തേക്ക് ഓടി. മരപ്പാളിയിൽ ആഞ്ഞടിച്ചു വിളിച്ചു നസീറാ... സജിത്ത്... തുറക്ക്... തുറക്ക്.. തുറ...ക്ക്....സമയം ഏഴുമണിയായി. ദൂരെ നിന്നും സെക്യൂരിറ്റിക്കാരുടെ സംസാരം അടുത്തടുത്തു വന്നു.
അവസാനശ്രമമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് വാതിലിനിടിച്ചു വിളിച്ചു. ആ കനത്ത ഇടിയിൽ വാതിലിൻ്റെ വിടവിനുള്ളിലൂടെ ഒരു തവള പുറത്തേക്കു ചാടി. ഒട്ടും ഭയമില്ലാതെ അത് ഞങ്ങളെ തന്നെ നോക്കിനിന്നു.
