ബിജു

അടിയന്തരാവസ്​ഥ

ബിജു

നാലു മണി കഴിഞ്ഞെങ്കിലും വെയിലിനൊരു ശമനവുമുണ്ടായില്ല. ശാഠ്യക്കാരിയായ പെൺകുട്ടിയെ പോലെ വിട്ടുമാറാതെ അതവിടെ നിന്നു.

ബസ്സിറങ്ങി പ്രതാപൻ സെൻ്ററിലേക്ക് നടന്നു. വെറുതെ വാച്ചിലേക്ക് നോക്കി. ഏതൊരു പരിപാടി യായാലും അരമണിക്കൂർ മുൻപേയെത്തുന്നത് പണ്ടേയുള്ള ശീലമാണ്. ഇന്നും അതിനൊരു മാറ്റവുമില്ല. വാച്ചിലെ ചില്ലിൽ തട്ടി വെയില് കണ്ണിൽ ഇരുളുപരത്തിയപ്പോൾ ‘‘ഹൊ..’’എന്നയാൾ പിറുപിറുത്തു.

സിനഗോഗിനു മുന്നിൽ മൂന്നു മുറികളിലായി വസ്​ത്രവ്യാപാരം നടത്തിയിരുന്ന സ്​ഥാപനത്തിലാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. ജൂതൻമാരുടെ പഴയ ആരാധനാലയമാണ് സിനഗോഗ്. അവരുടെ ബംഗ്ലാവും സെമിത്തേരിയും കുറച്ചകലെയുണ്ട്. പണ്ട് പല രാജ്യങ്ങളിലും അഭയാർത്ഥികളായി അലഞ്ഞു നടന്നവർ ഇന്ന് കുട്ടികളേയും മുതിർന്നവരേയും അഭയാർത്ഥികളാക്കുകയാണ്.

സിനഗോഗിനു മുന്നിലെ സ്​ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വടമയിലുള്ള തോമാസ് ഗൾഫിലായിരുന്നപ്പോൾ അയാളുടെ ഭാര്യ ത്രേസ്യ തുടങ്ങിയതാണ് തുണിക്കട. ടൗണിലായതുകൊണ്ട് ആദ്യമൊക്കെ കച്ചവടം തകൃതിയായി നടന്നു. ‘തുണിക്കടയായാൽ സ്റ്റോക്ക് നന്നായി വേണം. മലവെള്ളപാച്ചിലുപോലെ മൊഞ്ചുള്ള പെണ്ണുങ്ങള് വന്നാൽ കളർചേയ്ഞ്ച് വേണമെന്ന് പറഞ്ഞ് ഓരോന്നോരോന്നായി പുറത്തിട്ട് നിവർത്താവാൻ തുടങ്ങും. അതിന് മാത്രമുള്ള സ്റ്റോക്ക് വേണം. അതില്ലെങ്കിൽ ഒന്നും പിടിച്ചില്ലെന്നും പറഞ്ഞ് അവർ അടുത്ത കടയിലേക്കു പോകും’, ത്രേസ്യയോട് അയൽക്കാരി പാത്തുമ്മ എപ്പോഴും പറയും.

പാത്തുമ്മാടെ വാക്ക് ത്രേസ്യയുടെ നെഞ്ചിലെപ്പോഴും അങ്ങാടിപ്പുറത്തെ പുത്തൻകുളത്തിൽ ബ്രാല് വെട്ടുംപോലെ വല്ലാത്ത പിടച്ചില് തീർത്തിരുന്നു. ഒടുവിൽ അത് സംഭവിക്കുകയും ചെയ്തു. മൊഞ്ചുള്ള പെണ്ണുങ്ങള് കടയിൽ പതിയെ വരാതായി. മാത്രവുമല്ല, വയറിന് അസുഖം ബാധിച്ച് തോമാസ് നാട്ടിലെത്തുകയും ചെയ്തതോടെ കട അടച്ചുപൂട്ടലിെൻ്റ വക്കിലെത്തി. പ്രതാപന് തോമാസിനെ നല്ലപോലെ അറിയാം. തോമസിന്റെ അനിയൻ സെബാസ്റ്റ്യൻ പ്രതാപന്റെ സഹപാഠിയാണ്.

പരിപാടി നടക്കുന്ന സ്​ഥലത്ത് താനാണ് ആദ്യമെത്തിച്ചേർന്നതെന്ന് പ്രതാപൻ ഉറപ്പിച്ചു. അത് വാസ്​തവവുമായിരുന്നു. ഇതുവരെ മൈക്കുകാരൻപോലും എത്തിച്ചേർന്നിട്ടില്ല. എന്തായാലും ഒരു ബീഡി വലിക്കാമെന്ന് കരുതി പോക്കറ്റീ കയ്യിട്ട് ഇലക്ട്രിക് പോസ്റ്റിൽ ചാരിവെച്ചിരുന്ന ഫ്ളക്സ് ബോർഡ് മറയാക്കി കുനിഞ്ഞിരുന്നു. മൂത്രശങ്ക വന്നപ്പോൾ ഇരുന്നതാണന്നേ ആരും കരുതൂ. നിന്ന് വലിച്ചാൽ പോലീസുകാരുടെ കണ്ണിൽപ്പെടും.

ഗാന്ധിയുടെ വക്കൻ കണ്ടിട്ട് നാളൊരുപാടായി. നാടകക്കാരനാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. പിടിച്ചാൽ ഒരു വക്കനങ്ങ് പോകും. പിന്നിൽ കടകടാ ശബ്ദത്തോടെ എൻഫീൽഡ് വന്നുനിന്നു. തലചെരിച്ച് നോക്കി. സംഘടനയുടെ പ്രസിഡണ്ട് കബീറാണ്.

കഴിഞ്ഞ ഒരു മാസമായി കബീറ് പാലായിലായിരുന്നു. രാജീവിന്റെ പടത്തിന്റെ ലൊക്കേഷനിൽ. അവൻ സിനിമയൊക്കെ ചെയ്യുന്ന ആളാണ്. ചെറിയ ചെറിയ വേഷങ്ങൾ. എവിടെ കാസ്റ്റിംഗ് കണ്ടാലും ചെല്ലും. എന്നാലും തന്നെപോലെ നടന ഭ്രാന്തൊന്നും അവനില്ല. തനിക്ക് തൊഴിലെന്ന് പറഞ്ഞാൽ അത് അഭിനയമാണ്. അതും അമേച്ച്വർ നാടകത്തിൽ. അവൻ സർക്കാരാപീസില് ഇറിഗേഷനിലായിരുന്നു. രണ്ടുമാസം മുൻപാണ് റിട്ടയേഡ് ആയത്. എന്നാലും കണ്ടാലങ്ങനെ പറയില്ല. ഹിന്ദി സിനിമാക്കാരന്റെ ലുക്കുണ്ടെന്നത് നേരാണ്. പണ്ടവൻ മിഥുൻ ചക്രവർത്തിയാണെന്നു പറഞ്ഞാനടന്നിരുന്നത്.

‘‘ആരും വന്നില്ലേ..?’’പുറകിൽ കബീറിന്റെ ചോദ്യം.

‘‘തിയ്യതി മാറീട്ടൊന്നുമില്ലല്ലോ..?’’ എന്നായി എഴുന്നേറ്റുനിന്ന് പ്രതാപൻ. ബീഡിക്കുറ്റി താഴെയിട്ട് ഞെരിച്ചു.

‘‘ഏയ്ദേ.. ത്യാഗരാജൻ മാഷ് വരണുണ്ടല്ലോ..’’, ജുബ്ബാധാരി വരുന്നത് അകലേന്ന് കബീറ് കണ്ടു. നാട്ടിലെ ആസ്​ഥാന കവിയെന്നും നാട്ടുകാര് വിളിക്കും.

‘‘എന്നാപിന്നെ നീയാ സനോജിനെ വിളിച്ചേ. അവൻ ഖജാൻജിയല്ലേ?’’, പ്രതാപൻ പറഞ്ഞു.

‘‘ഞാൻ വിളിച്ചിരുന്നു. അവനിപ്പൊ എത്തും’’, കബീറപ്പോഴേക്കും മൊബൈലെടുത്തു. പുതിയ കാലത്തിൽ ആളുകൾ ഇങ്ങനെയാണ്. ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം മൊബൈലിലൂടെയാണ്.

‘‘ടീച്ചറോ..?’’

ഓരോന്ന് ചോദിച്ചു നിൽക്കാൻ വഴിപാട് നേർന്നതുപോലെയായി പ്രതാപൻ. പഴയകാലത്തിന്റെ പ്രതിനിധിയെപ്പോലെ.

‘‘അവര് പുറപ്പെട്ടുന്നാണ് പറഞ്ഞത്’’, കണ്ണെടുക്കാതെ കബീറ് പറഞ്ഞു.

‘‘ആര്..?’’
‘‘സനോജ്.’’

‘‘അവനവിടെയിരുന്നിട്ട് ഓരോന്ന് പറഞ്ഞാ മത്യോ. വിളിക്കിങ്ങോട്ട്. കസേരക്കരെന്റെ നമ്പറ്ണ്ടാ… ന്നാ അവനേം വിളി…’’, പ്രതാപന് കലികേറി.

‘‘തുറന്നില്ലേ?’’, ത്യാഗരാജൻ മാഷ് അടുത്തെത്തി. മാഷിനല്പം പ്രായമുണ്ടെങ്കിലും നടന്നേ എവിടേക്കും പോകൂ.

‘‘അതു ശരിയാണല്ലോ. ഇതിന്റെ താക്കോലെവിടെയാ. ഇതൊന്ന് തുറക്കണമല്ലോ.’’

പ്രതാപൻ താഴ് തുറക്കാനാകുമോ എന്ന് നോക്കി. ലോക്കാണ്. എന്തു ചെയ്യുമെന്നറിയാതെ എണീറ്റു. ‘‘ആളുകളിപ്പോ എത്തിച്ചേരും’’ എന്നുപറഞ്ഞ് കബീറും താഴ് തുറക്കാനാകുമോയെന്ന് നോക്കി.
രണ്ടുപേരും പരാജയപ്പെട്ടതോടെ ത്യാഗരാജൻ മാഷ് ഒരു വഴി പറഞ്ഞു.
‘‘തല്ലിപ്പൊളിക്ക്. ആളുകളിപ്പൊ എത്തും. ഒട്ടും വൈകണ്ട’’, പ്രായമുള്ളവെൻ്റ അനുഭവപരിജ്ഞാനം.

അതുകേട്ട് കബീറ് റോഡിലേക്കിറങ്ങി ഒരു കരിങ്കല്ലുകഷ്ണവുമായി വന്നു. പ്രതാപൻ കബീറിനെ തടഞ്ഞു.
‘‘വേണ്ട. തോമസറിഞ്ഞാൽ പ്രശ്നമാവും. മാത്രമല്ല, തൊട്ടപ്പുറത്ത് ജ്വല്ലറിയുണ്ട്.’’

‘‘അതൊന്നും സാരമില്ല. ആളുകള് വരുന്നതിനുമുൻപ് നമുക്ക് തുറന്നു വക്കാം. ടീച്ചറ് വരുന്നതും നോക്കി നിന്നാൽ പരിപാടി ഇന്ന് നടക്കില്ല’’,
കബീർ മുന്നോട്ടാഞ്ഞ് പറഞ്ഞുതീർന്നതും താഴിനുമുകളിൽ കരിങ്കല്ല് വീണതിന്റെ ക്ടിം.. എന്ന ശബ്ദം കേട്ടു. തൊട്ടുപിന്നാലെ വലിയ ഇടർച്ചയോടെ ഷട്ടർ ഉയരുന്ന ശബ്ദവും. ഭാർഗ്ഗവീനിലയം സിനിമയിൽ വിശ്വവിഖ്യാത എഴുത്തുകാരൻ ബഷീർ പ്രേതബാധയുള്ള വാടകവീട് ആദ്യമായി തുറന്നുകാണും പോലെയായിരുന്നു ഷട്ടറിനുള്ളിലെ കാഴ്ച. വർഷങ്ങളോളം അടഞ്ഞുകിടന്നതിന്റെ തിരുശേഷിപ്പു മുഴുവൻ അനുഭവിച്ച മൂന്നുമുറികളുടെ അവസ്​ഥ വളരെ ശോചനീയമാണ്. വെളിച്ചം കണ്ടപ്പോൾ അത് ചാവുസംഗീതം പാടുംപോലെ മുരണ്ടു. മുരൾച്ച നിൽക്കുന്നില്ലെന്നു കണ്ടപ്പോൾ പ്രതാപൻ ധൂമപാളികളെ വകഞ്ഞ് പുറത്തുകടന്നു.

കടയുടെ മുന്നിൽ പോലീസിെൻ്റ മയിൽവാഹനം ഗിർ.. ഗിർ.. എന്ന സിംഹമുരൾച്ചയോടെ നിൽക്കുന്നു. മയിൽപീലിപോലെ തൊപ്പിവെച്ച കാക്കിധാരി പ്രതാപനു നേരെ നടന്നുവന്നു. വന്നപാടെ അയാൾ ഉള്ളിലേക്ക് നോക്കി. പ്രേതാത്മാക്കളെപോലെ രണ്ടുപേർ മാറാലകൾക്കിടയിൽ.

‘‘അവിടെയെന്താ പരിപാടി, വാ..വാ.. പൂട്ടിക്കിടന്ന കട കുത്തിതൊറന്ന് ബോംബ് വെക്കാനാണോ പരിപാടി..?’’- അയാൾ പ്രതാപനു നേരെ തിരിഞ്ഞു.

‘‘താനാണോ ഇവരുടെ നേതാവ്? സത്യം പറ, നിങ്ങൾ കാലാപകാരികളല്ലേ?’’

‘‘അല്ല സാർ. ഞങ്ങൾ കലാകാരൻമാരാണ്.’’

‘‘കലാകാരൻമാരാണ് കലാപമുണ്ടാക്കുന്നത്. അതറിയില്ലേ?’’ പോലീസുകാരുടെ കാർക്കശ്യ ശബ്ദം.

‘‘സാറ് ഉദ്ദേശിക്കുന്ന പോലുള്ള കള്ളൻമാരല്ല ഞങ്ങൾ. ഞങ്ങളിവിടെ പരിപാടി നടത്താൻ വന്നവരാ.’’

‘‘ആണോ. എന്നാ അതൊക്കെ അങ്ങ് സ്റ്റേഷനീവെച്ച് സംസാരിക്കാ. തൊട്ടപ്പുറത്തുഉള കടക്കാരന്റെ പരാതീണ്ട്. അതുകൊണ്ടാ ഞങ്ങള് വന്നത്. നമുക്കതൊന്ന് തീർക്കണം. ന്താ.. ന്നാ പോവാലോ..?’’

ജീപ്പിൽ മൂവരും കയറി. ജീപ്പ് പതിയെ നീങ്ങി. മൂവരും മുഖത്തോടു മുഖം നോക്കിയിരിക്കെ റോഡിന്റെ ഇടതുഭാഗത്തു നിന്നും മൈക്ക് അനൗൺസ്​മെൻ്റ് കേട്ടു:

‘‘പ്രിയമുള്ളവരെ, നമ്മുടെ പ്രോഗ്രാം ഇന്നൽപം വൈകിയാണ് തുടങ്ങുന്നത്. പ്രധാനപ്പെട്ട ഭാരവാഹികൾ ഇതുവരെ എത്തിച്ചേർന്നിട്ടില്ല. എന്നിരുന്നാലും, ഇനിയും വൈകാതെ പരിപാടി തുടങ്ങുക എന്നുള്ള...’’

പ്രതാപൻ മുൻസീറ്റിലിരുന്ന പോലീസുകാരനെ തോണ്ടി വിളിച്ചു;
‘‘സാറെ അവിടെയാണ് ഞങ്ങൾക്കിറങ്ങേണ്ടത്. ആ പരിപാടിയുടെ നടത്തിപ്പുകാരാ ഞങ്ങള്. അല്ലാതെ കടകുത്തി തുറക്കാൻ വന്നവരല്ല.’’

ജീപ്പിന്റെ വേഗം കൂടിയതല്ലാതെ പോലീസുകാരനിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. കബീറിന്റെ മുഖത്ത് വിയർപ്പ് പൊടിഞ്ഞു. പരിപാടിയുടെ അധ്യക്ഷത വഹിക്കേണ്ട ആളാണ് കള്ളനെ പോലെ പോലീസ് ജീപ്പിലിരിക്കുന്നത്. സ്വതവേ മ്ലാനതയുള്ള ത്യാഗരാജൻ മാഷുടെ മുഖവും ഇരുണ്ടു. പ്രതാപനും എന്തുചെയ്യണമെന്നറിയാതെ നിശ്ശബ്ദനായി.

തലതിരിഞ്ഞ ആരുടെയോ തലക്കുറിപോലെ ജീപ്പ് പട്ടണത്തിലെ ചെറുതും വലുതുമായ വഴികളിലൂടെ വളഞ്ഞും തിരിഞ്ഞും നീങ്ങി. ഒടുവിലത് പട്ടണത്തിലെ പോലീസ് സ്റ്റേഷന്റെ തുറന്ന വായിലേക്ക് ഓടിക്കയറി. റൈറ്ററിനു മുന്നിലുള്ള രണ്ടുപേരൊഴികെ, സ്റ്റേഷനിൽ ആളുകളൊന്നുമില്ലാത്തത് പ്രതാപനിൽ ആശ്ചര്യമുണർത്തി. അയാളത് പറയുകയും ചെയ്തു.

‘‘ഇതെന്താ ആളുകളൊക്കെ നല്ലവരായോ? തിരക്കൊന്നുമില്ലാതെ..’’

പ്രതാപന്റെ നർമ്മത്തിന് മുഖം കൊടുക്കാതെ കബീറും ത്യാഗരാജൻ മാഷും പോലീസുകാരനു പുറകിലായി നടന്നു. എസ്​.ഐയുടെ മുറിയിലേക്ക് കയറിയ പോലീസുകാരൻ തിരിഞ്ഞുനിന്ന് മൂന്നുപേരോടുമായി പറഞ്ഞു; ‘‘ചുമരിനോട് ചേർന്നുനിൽക്ക്.’’, അതും പറഞ്ഞയാൾ തൊപ്പിയൂരി മേശപ്പുറത്ത് വെച്ച് താഴേന്ന് ബാഗിൽനിന്നും കരിങ്കാലിവെള്ളം നിറച്ച കുപ്പിയെടുത്തു. മൂന്നുപേരുടേയും സ്വകാര്യം പറച്ചില് കേട്ട അയാൾ പെട്ടന്ന് തിരിഞ്ഞു.
‘‘എന്താടാ ഒരു സ്വകാര്യം പറച്ചില്?’’
കബീറ് ഭവ്യതയോടെ പറഞ്ഞു,
‘‘ഷർട്ട് ഊരേണ്ടിവരോന്നാ മാഷുടെ സംശയം..’’ മാഷിനു മാത്രമല്ല തനിക്കും അതുണ്ടെന്ന് കാണിക്കാ നായി നനഞ്ഞൊന്നു ചിരിച്ചു.

ചിരി രസിക്കാതെ അമർത്തിയൊന്ന് മൂളി പോലീസുകാരൻ ചോദിച്ചു,
‘‘നിന്റെ പേരെന്തുവാ?’’
‘‘കബീറ്..’’
‘‘അത് തെളിയിക്കാൻ എന്തെങ്കിലും രേഖകളുണ്ടോ?’’
‘‘ആധാറുണ്ട് സർ, മൊബൈലിലാണ്.’’
‘‘ആധാറ് കണ്ടിട്ടെന്തിനാ.. ‘‘നിന്റെയുപ്പാന്റെയുപ്പാന്റെയുപ്പ ഏത് വർഷത്തിലാ ഇവിടെ ജീവിച്ചിരുന്നതെന്ന് അറിയോ..?’’
‘‘അതൊക്കെ എന്തിനാ സർ..?’’
‘‘നിന്റെ ആധാർകാർഡിന്റെ ബലം അറിയാനാ’’
‘‘ന്റെ മൂത്താപ്പ പട്ടാളത്തിലാർന്നു.’’
‘‘കുശ്ശിനി പണിക്ക് പോയതാണോ..?’’
‘‘ജവാനാർന്നു. വെടിയേറ്റാ മരിച്ചെ..’’
‘‘ദേ മോളിലിരിക്കണ മഹാനും വെടിയേറ്റാ മരിച്ചേ, വെടിയേറ്റ് മരിക്കണത് പുതുമയുള്ള കാര്യമൊ ന്നുമല്ല’’.

ചുമരിൽ പൈതൽചിരിയോടെ മന്ദഹാസം ചൊരിഞ്ഞുനിന്ന മഹാനെ മൂവരും നോക്കി.
എസ്​.ഐ പിന്നീട് ത്യാഗരാജൻമാഷിനു നേരെ തിരിഞ്ഞു.

‘‘ഇയാള് ഭക്ഷണമൊന്നും കഴിക്കാറില്ലേ? എല്ലും തോലുമാണല്ലോടേ?’’, മറ്റാരേയോ കുറിച്ചുള്ള ഫലിതം കേട്ടപോലെ മാഷ് ചിരിച്ചു. പ്രതാപൻ പറഞ്ഞു,
‘‘കവിയാണ് സാറെ’’.
ഒട്ടും വിശ്വാസം വരാത്തതുപോലെ എസ്​.ഐ മാഷെ നോക്കി.
‘‘ഒരു കവിയുടെ പേര് ഞാൻ പറയാം. അറിയുമോന്ന് പറ.. വെയ്റ്റ്..’’

അതും പറഞ്ഞ് എസ്​.ഐ ഫോണെടുത്ത് ആരെയോ വിളിച്ചു. അങ്ങേതലക്കൽ എൻഗേജ്ഡ് ആണെന്ന് മനസിലായതോടെ ആളുടെ മുഖഭാവം മാറി. അയാളുടെ കാലുകൾ മാത്രമല്ല, ശരീരം മുഴുവൻ വിറക്കുന്നത് മൂവരും കണ്ടു.

പള്ളിമുക്ക് കവലയിൽ രണ്ടാഴ്ച മുൻപാണ് വൈകുന്നേരം പല്ലൻസാബുവിനെ പോലീസ് കൈ കാണിച്ചത്. വലിയ ബുദ്ധിമാൻമാരാണ് പോലീസുകാർ. വളവിലെ അത്തിച്ചോട്ടിലേക്ക് ജീപ്പ് ഒതുക്കിയിട്ടാണ് അവർ പതുങ്ങിനിന്നത്. സാബു ആരാ മോൻ. കൈകാണിച്ച പോലീസുകാരന്റെ അടുത്തേക്ക് പതുക്കെ വന്നിട്ട് ഒറ്റക്കുതിപ്പിന് അവരെ വെട്ടിച്ച് ഓടിച്ച് പോവുകയും ചെയ്തു. ഇത് വിവരിച്ച് സാബു പറഞ്ഞത് പ്രതാപനോർത്തു.

‘‘പൊന്നുമോനെ, കടുവ നളിനാക്ഷനാണ് എസ്​.ഐ. കയ്യിൽ കിട്ടിയാലുണ്ടല്ലോ ചൂണ്ടുവിരലൊടിക്കും.’’

പ്രതാപൻ വിയർത്തു. മേശപ്പുറത്തിരുന്ന നീല നെയിംബോർഡിൽ എസ്​.എ. നളിനാക്ഷന്റെ പേര് കണ്ടു. ‘‘കടുവ’’- കബീറിന്റെ ചെവിയിൽ പ്രതാപൻ ശബ്ദം താഴ്ത്തി പറഞ്ഞു. കേട്ടുകേൾവി മാേത്ര ഉള്ളൂ. മുന്നിൽ പെടുന്നത് ആദ്യമാണല്ലോ എന്നോർത്ത് കബീർ നടുങ്ങി.

എസ്​.ഐ. മേശപ്പുറത്തിരുന്ന ബെല്ലിൽ രണ്ടാവർത്തി അമർത്തി. ഒരു പോലീസുകാരൻ വന്നു.

‘‘ഡോ.. ഇവർക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിക്കൊടുക്ക്’’, നളിനാക്ഷനിൽ വന്ന ഭാവപ്പകർച്ച മൂവരേയും അമ്പരപ്പിച്ചു. അയാൾ പറഞ്ഞു.

‘‘നിങ്ങൾ പ്രതികളെ പോലെ മാറിനിൽക്കേണ്ട. ഇവിടെ വന്നിരുന്നോളൂ.’’

എന്നിട്ട് പോലീസുകാരനോട് ഇത്രയുംകൂടി പറഞ്ഞവസാനിപ്പിച്ചു, ഋ
‘‘ഇനി ആരേയും ഇങ്ങോട്ട് വിടേണ്ട..’’

ഒട്ടും വിശ്വാസം വരാത്തതുപോലെ മൂവരും പരസ്​പരം നോക്കി.

‘‘ഇരിക്കെടോ’’, എസ്​.ഐ ഒരു സിഗററ്റ് കത്തിച്ചു. ആസ്വദിച്ച് പുകയൂതിപ്പറപ്പിച്ചശേഷം പറഞ്ഞു.

‘‘നിങ്ങളെപ്പോലെ ഞാനും കലയെ സ്​നേഹിക്കുന്നയാളാണ്. സിനിമാമോഹം മൂത്ത് കുറേനാൾ മദിരാശിയിലൊക്കെ അലഞ്ഞു നടന്നിട്ടുണ്ട്. പഠിക്കുന്ന കാലത്ത് നാടകത്തിൽ പലപ്പോഴും ബെസ്റ്റ് ആക്ടർ ഞാനാണാകാറ്. നിങ്ങളെ കണ്ടപ്പോൾ എനിക്കൊരു മോഹം തോന്നുന്നു. നമുക്കൊരു റീല് ഷൂട്ട് ചെയ്താലോന്ന്.’’

‘‘അതേതായാലും നന്നായി സാറെ. സാറൊരു കലാകാരനാണെന്നറിഞ്ഞതിൽ സന്തോഷമുണ്ട്.’’ പ്രതാപന് നളിനാക്ഷനെക്കുറിച്ചുള്ള ധാരണയൊക്കെ പെട്ടെന്ന് മഞ്ഞുരുകുംപോലെ അലിഞ്ഞു.

നളിനാക്ഷൻ പറഞ്ഞു,
‘‘കേട്ടോ സുഹൃത്തുക്കളേ, എന്നെക്കുറിച്ച് ആളുകള് പറഞ്ഞുനടക്കുന്നത് മറ്റൊന്നാണ്.’’

‘‘അറിയാം സാറെ. അല്ലെങ്കിലും ഈ ആളുകളെന്ന് പറയുന്നവര് നേരെ ചൊവേ ഒരു പണിക്കും പോകാത്തവരാ. മാന്യന്മാരെക്കുറിച്ച് പരദൂഷണം പറഞ്ഞു നടക്കലാ അവര്ടെ പ്രധാന പണി.’’

‘‘ഉം, എന്റെ പേരെന്താണെന്നറിയോ..?’’
അറിയാമെങ്കിലും ആരും പറഞ്ഞില്ല.
‘‘കടുവ’’
അതും പറഞ്ഞ് നളിനാക്ഷൻ ഉറക്കെ ചിരിച്ചു. ചിരി അടുത്തൊന്നും നിറുത്താൻ ഉദ്ദേശ്യമില്ലെന്നു മനസിലായതോടെ പ്രതാപനും പിന്നീട് കബീറും അയാളോടൊപ്പം കൂടി. ചിരി വന്നില്ലെങ്കിലും ചിരിച്ചില്ലെങ്കിൽ അയാളുടെ സ്വഭാവം മാറിയാലോ എന്നോർത്ത് ത്യാഗരാജൻ മാഷും ചേർന്നപ്പോൾ ആ മുറിയിൽ ഒരു സൈബീരിയൻ കടുവയുണ്ടെന്ന തോന്നലുണർത്തി. ചിരി നിന്നപ്പോൾ നാലുപേരും എണീറ്റ് മൂരി നിവർത്തി.

‘‘കേട്ടോ കബീറേ, സിനിമാക്കാരെ എനിക്ക് വലിയ ബഹുമാനമാണ്.’’ നളിനാക്ഷൻ സൗമ്യതയോടെ പറഞ്ഞു.
‘‘സാറ് അഭിനയിക്കുമോ?’’, കബീറ് ചോദിച്ചു.
‘‘ഇല്ല, നിരീക്ഷിക്കും.’’
‘‘സെൻസറിംഗ്.’’
‘‘അതെ. ദൈവനിന്ദയുണ്ടോന്ന് നോക്കും. ഉണ്ടെങ്കിലുടനെ കട്ട് ചെയ്യും. ഈയടുത്ത് ദേവിയുടെ പേര് ദുരുപയോഗം ചെയ്തൊരു പടം ഞങ്ങൾ വെട്ടിനിരത്തി.’’

കടുവ ചിരിച്ചു. ഒപ്പം ചിരിക്കാനായി വാ തുറന്നെങ്കിലും മൂവർക്കും അതിന് കഴിഞ്ഞില്ല. കലാകാരൻമാരുടെ വേദന മൂവരുടേയും തൊണ്ടയിൽ വന്ന് തികട്ടി.

‘‘പ്രതാപാ, താങ്കളുടെ നാടകവും എനിക്കേറെ പ്രിയപ്പട്ടതാണ്. കാലത്തെ മറികടക്കാൻ നാടകത്തോളം പോന്ന മറ്റൊരു മീഡിയയുമില്ലെന്നാണ് എന്റെ പക്ഷം. ശരിയല്ലേ?’’

നളിനാക്ഷന്റെ ചോദ്യം പ്രതാപനിഷ്ടപ്പെട്ടു.

‘‘അതെയതെ പൂർണ്ണമായും ശരിയാണ് സർ’’, പ്രതാപനെല്ലാം അപ്പോൾ ശരിയെന്നുതോന്നി.

‘‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമല്ലേ കേരളത്തിൽ കമ്മ്യൂണിസത്തെ വേരുറപ്പിച്ചത്?’’ നളിനാക്ഷൻ അർത്ഥഗർഭമായി ചോദിച്ചു.

‘‘അതെയതെ, അങ്ങനെ തന്നെയാണ് കാര്യങ്ങളാക്കെ നടന്നത്’’ പ്രതാപൻ നല്ലപോലെ അഡ്ജസ്റ്റബിളായി. എന്നാൽ നിശ്ശബ്ദനായി എല്ലാം കേട്ടുകൊണ്ടിരുന്ന ത്യാഗരാജൻ മാഷ് അതിനെ ഖണ്ഡിച്ചു.

‘‘കേവലം ഒരു നാടകം മാത്രമല്ല കമ്മ്യൂണിസം വളർത്തിയത്. അമ്പത്താറിലെ ഇ.എം.എസിന്റെ ഭരണമാണ് എല്ലാത്തിേൻ്റയും വളർച്ചക്ക് വിത്തുപാകിയത്’’.

‘‘ഓഹോ, ഇതാണ് കവിയുടെ ശക്തി. കോംപ്രമൈസ് ചെയ്യാൻ എഴുത്തുകാരൻ തയ്യാറാവില്ല. എഴുത്തിന് പണമല്ലല്ലോ മുടക്കേണ്ടത്. അതുകൊണ്ടാണ് ശാരുവിന് കവിയായ ഹരിശങ്കറെ അത്രമേലിഷ്ടപ്പെ ടാൻ കാരണം. മാഷെ നിങ്ങളെന്റെ ചങ്കാണ്’’.

നളിനാക്ഷൻ മാഷിന് ഷെയ്ക്ഹാൻ്റ് കൊടുത്തു. പരുപരുത്ത കൈത്തലത്തിനുള്ളിൽ മാഷിെൻ്റ നനുത്ത കൈ നന്നായി വിറച്ചു. നളിനാക്ഷൻ എണീറ്റു.

‘‘മൂന്നുപേരും ചേർന്ന നിലക്ക് നമുക്കിന്നൊരു പ്രോഗ്രാം ചെയ്യാം.’’

‘‘എന്ത് പ്രോഗ്രാമാണ് സർ..?’’ ഒന്നിച്ചാണ് മൂവരും ചോദിച്ചത്.

‘‘ചുമ്മാ ഒരു റീൽ..’’

‘‘ഇത്രേയുള്ളൂ, അതിപ്പോൾ തന്നെയാവാലോ’’ എന്നായി പ്രതാപൻ.

‘‘നോ..നോ.. ഇതത്ര സിംപിളല്ല. ന്റെ മനസിലൊരു തീമുണ്ട്.’’

‘‘ഓഹോ.. എന്നാൽ സാറ് സ്റ്റോറി പറയൂ’’, പ്രതാപനിലെ സംവിധായകൻ ഉണർന്നു.
‘‘ഡിസൈൻ ഞാനുണ്ടാക്കാം.’’

‘‘അതുവേണ്ട. ഡിസൈൻ ഞാൻ തന്നെയുണ്ടാക്കാം. നിങ്ങളൊക്കെ അഭിനയിച്ചാൽ മാത്രം മതി. നമ്മുടെ സാങ്കേതികരെ വിളിക്കട്ടെ..’’

മേശപ്പുറത്തെ ബെല്ലിൽ നളിനാക്ഷന്റെ വിരൽ വീണ്ടുമർന്നു. അകത്തേക്കു വന്ന പോലീസുകാരനോട് അയാൾ ചോദിച്ചു,
‘‘ആരൊക്കെയുണ്ടവിടെ?’’
‘‘രാമനും കൃഷ്ണനും രാജനും തോമസുമൊക്കെയുണ്ട്’’.
‘‘എല്ലാവരോടും വരാൻ പറ’’.
‘‘സാറെ, നമ്മൾ റീലെടുക്കാനല്ലേ പോണത്. പ്രതിയെ പിടിക്കാനല്ലല്ലോ?’’ കബീർ ചോദിച്ചു.
‘‘അവരെല്ലാം നിർഭാഗ്യവശാൽ പോലീസുകാരായി പോയതാ. എല്ലാവരും എന്നെപ്പോലെ കലാകാരന്മാരാ’’.

കടുവയുടെ വർത്തമാനംകേട്ട് മൂന്നുപേരും നടുങ്ങി. പോലീസുകാര് കലാകാരൻമാരാണെന്നറിഞ്ഞ് കവി ത്യാഗരാജൻ മാഷ് ചിരിച്ചു. ഇതിനിടയിൽ പോലീസുകാരെല്ലാം എത്തി. നളിനാക്ഷൻ പോലീസു കാരുടെ മുന്നിൽ ഗമയിൽ ഉലാത്തിക്കൊണ്ട് പറഞ്ഞു;
‘‘നമ്മുടെ സമ്മേളനം അടുത്ത മാസല്ലേ. അന്ന് കളിക്കാവുന്ന ഒരു ഷോർട്ട് ഫിലിം ചെയ്യാം. താവളത്തിന്റെ താക്കോലെടുത്തോ, ക്യാമറേം. വേഗം പുറപ്പെടാം.’’

പിന്നീടെല്ലാം ദ്രുതഗതിയിലാണ് നടന്നത്. ഇത്ര സിംപിളാണോ ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കാ നെന്നോർത്തപ്പോൾ തന്റെ കൂട്ടുകാർ കാട്ടിക്കൂട്ടുന്ന വേവലാതികളോർത്ത് കബീറ് അതിശയിച്ചു. നളിനാക്ഷന്റെ നോട്ടത്തിലും സംസാരത്തിലും ഒരു അസ്സൽ കലാകാരൻ ഒളിഞ്ഞിരിക്കുന്നത് കബീർ തന്റെ സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടുപിടിച്ചു. എന്തായാലും നല്ലൊരു റോൾ ചോദിച്ചു വാങ്ങണമെന്നും കബീർ തീരുമാനിച്ചു. എന്നാൽ പ്രതാപനിൽ എന്തെല്ലാമോ ദുരൂഹതകൾ മുളപൊട്ടുകയാണ് ചെയ്തത്. റിയലിസ്റ്റിക് നാടകങ്ങൾ പലപ്പോഴും അരങ്ങിൽ അവതരിപ്പിച്ച് ശീലമുള്ളതിനാൽ പച്ചമനുഷ്യന്റെ ചിന്തകളേ ആദ്യം കടന്നു വരൂ. അതെപ്പോഴും അപകടങ്ങളെക്കുറിച്ചുള്ള ആധികളുമാവും.

ഏത് നിമിഷവും നിർവ്വികാരിത നിറഞ്ഞ മുഖമാണ് ത്യാഗരാജൻ മാഷിന്റേത്. ആന കുത്താൻ വന്നാൽ പോലും ക്ഷമയോടെ നേരിടുന്ന പ്രകൃതം. മുഖത്തെപ്പോഴും ജന്മനാ ചെറുമന്ദഹാസമുണ്ട്. ജീപ്പിന്റെ വാരിയിൽ ചാഞ്ഞുകിടക്കുകയാണ് മാഷ്. രണ്ട് ജീപ്പുകളിലായാണ് പുറപ്പെട്ടത്. പട്ടണത്തിലെ പ്രാന്തപ്രദേശങ്ങൾ ചുറ്റി ജീപ്പുകൾ ഹൈറേഞ്ച് കയറുവാൻ തുടങ്ങി. യാത്ര തുടങ്ങുമ്പോൾ രൂപപ്പെട്ട നിശ്ശബ്ദത വളർന്ന് വളർന്ന് രാക്ഷസരൂപം പൂണ്ടിരിക്കുന്നു എന്നുതോന്നിപ്പോയി. സംസാരിക്കാൻ ആരും ധൈര്യപ്പെടാത്തതുപോലെ. നളിനാക്ഷൻ പറഞ്ഞ താവളം മലയുടെ മുകളിലെവിടേയോ ആണ്. രണ്ട് വണ്ടുകൾ ചീറി പറക്കുംപോലെ ഇരുട്ടിലൂടെ വണ്ടികൾ നീങ്ങി. എവിടെയോവെച്ച് നളിനാക്ഷന്റെ ഒച്ചകേട്ടു.

‘‘ജാന്വേച്ചിടെ കടേടെ മുമ്പില് നിർത്തണം.’’
‘‘ഉം’’, ഡ്രൈവറുടെ മൂളിച്ച മാത്രം.

അധികമാരും പോകാത്ത ഇടമാണ് കുറവൻമലയുടെ ഈ താഴ്ന്ന പ്രദേശം. ആണ്ടിലൊരിക്കൽ ഉത്സവം നടക്കുന്ന അയ്യപ്പക്ഷേത്രം ഉണ്ടെന്നു മാത്രമല്ല വർഷങ്ങൾക്കുമുൻപ് കുടിയേറിപാർത്ത കുറച്ചു ക്രിസ്ത്യൻ കുടുംബങ്ങളും അവരുടെ ചെറുദേവാലയവുമുണ്ട്. ജാന്വേച്ചിയുടെ ഉപ്പുതൊട്ട് കർപ്പൂരംവരെ കിട്ടുന്ന കടക്കു പുറമെ വർക്കിച്ചന്റെ ചായക്കടയുമുണ്ട്. വണ്ടി മുരൾച്ചയോടെ ജാന്വേച്ചിയുടെ കടയുടെ മുന്നിൽ നിന്നു. പടവുകൾ കയറി വേണം കടയിലെത്താൻ.

‘‘വാടോ..’’

നളിനാക്ഷൻ ഇറങ്ങുമ്പോൾ ഡ്രൈവറെ വിളിച്ചു. വണ്ടിയുടെ ലൈറ്റ് ഓഫ് ചെയ്ത് ഡ്രൈവറും ഇറങ്ങി. അല്പമകലെ വിളക്കുകാലിലെ അരണ്ടവെളിച്ചം കാണാം. കടയിലും ചെറുനാളമുണ്ട്. രണ്ടുപേർ കുന്ന് കയറി പോകുന്നത് പ്രതാപൻ നോക്കിയിരുന്നു. ചെറുകോട്ടുവായോടെ ആത്മഗതം പോലെ ത്യാഗരാജൻ മാഷ് പറഞ്ഞു.

‘‘അവളൊറ്റക്കേയുള്ളൂ. പത്തുമണിക്ക് മുൻപെങ്കിലും എത്തണം.’’

ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും അവരവരുടെ വീടിനെക്കുറിച്ച് അപ്പോഴാകും ഓർത്തിട്ടുണ്ടാവുക. എന്നാൽ ആ മൗനം അധികനേരം നീണ്ടില്ല. കുന്നിറങ്ങി നളിനാക്ഷനും പോലീസുകാരനും വരുന്നത് കണ്ടു. നളിനാക്ഷന്റെ കയ്യിൽ വലിയ സഞ്ചിയുണ്ട്. പോലീസുകാരന്റെ കൈയ്യിൽ ഒലക്കയും. പ്രതാപൻ കബീറിനെ തട്ടിവിളിച്ചു.

‘‘നോക്ക്. ഒലക്കയുമായിട്ടാണല്ലോ വരവ്. രാജന്റെ റീല് ചെയ്യാനാണോ പരിപാടി. അങ്ങനെയെങ്കിൽ ഞാൻ രാജനായിക്കോളാം.’’
‘‘ഈച്ചരവാര്യര് ഞാൻ’’, കബീറ്.

അനിശ്ചിതത്വത്തിൽ വിങ്ങിയ മുഖവുമായിരുന്ന ത്യാഗരാജൻ മാഷ് അതൊന്നുമറിഞ്ഞില്ല. ജീപ്പ് വീണ്ടും കണ്ണുകളിൽ പ്രകാശംപരത്തി കയറ്റം കയറി. ചീവീടുകളുടെ മുരൾച്ച കാടിന്റെ ഭയാനകത വെളിവാക്കി. ഒരു ചെരുവിലേക്കിറങ്ങിയ ജീപ്പ് പഴയൊരു കെട്ടിടത്തിനുമുന്നിൽ നിന്നു. പോലീസുകാർക്ക് ആ വീട് നന്നേ പരിചയമുള്ളതുപോലെ തോന്നി. വാതിൽതുറന്ന് അകത്ത് കയറുകയും, ലൈറ്റുകളിടുകയും, കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ അടുക്കളയിലെ ഫ്രിഡ്ജിൽ വെക്കുന്നതുമൊക്കെ കാണുമ്പോൾ അങ്ങനെയേ തോന്നൂ.

ഇതിനിടയിൽ നളിനാക്ഷൻ ആർക്കോ ഫോൺ ചെയ്യുന്നത് കണ്ടു. എന്നാൽ സ്വീകർത്താവ് തിരക്കിലാണെന്ന മെസേജാണ് വന്നുകൊണ്ടിരുന്നത്. അയാളുടെ മുഖത്ത് സ്റ്റേഷനിൽവെച്ചു കണ്ട ഭാവമാറ്റങ്ങൾ വീണ്ടും മിന്നിമാറുന്നത് കണ്ടു. അയാൾ ഫോൺ മേശയിലേക്കെറിഞ്ഞ് അകത്തേക്ക് പോയി. അകത്തു നിന്നും ഒരു പോലീസുകാരനൊപ്പം മരക്കട്ടില് പൊക്കി കൊണ്ടുവന്ന് ഹാളിലിട്ടു. നളിനാക്ഷൻ എല്ലാവരേയും വിളിച്ചു.

‘‘പ്രിയപ്പെട്ടവരേ, ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. രാജ്യത്ത് അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അൻപത് വർഷം പൂർത്തിയാവുകയാണ്.’’

നളിനാക്ഷൻ ഒന്ന് രണ്ട് ചുവട് ആലോചനമഗ്നനായി നടന്നു. എന്നിട്ട് തിരിഞ്ഞുനിന്ന്, നിങ്ങൾ അടിയന്തരാവസ്​ഥയുടെ പരിപാടിക്ക് വന്നവരല്ലേ? നിങ്ങൾ തന്നെ ഇതിൽ അഭിനയിച്ചോളൂ, നമുക്ക് രാജന്റെ കഥ തന്നെ പ്രമേയമാക്കി ഷോർട്ട് ഫിലിം ചെയ്യാം.’’

കബീർ തിരക്കുകൂട്ടി.

‘‘രാജനായി പ്രതാപനെ തീരുമാനിക്കാം. ഞാൻ വാര്യരാവാം.’’

‘‘പ്രതാപനെ രാജനാക്കേണ്ട’’, നാളിനാക്ഷൻ പറഞ്ഞു.

‘‘അവന്റെ മുഖത്ത് ഇന്നലെ കുടിച്ച ബ്രാണ്ടിയുടെ കെട്ടുപോലും പോയിട്ടില്ല.’’

പ്രതാപൻ ചൂളി. ജാള്യത മറക്കാനായി പ്രതാപൻ പറഞ്ഞു.

‘‘അമേച്ച്വർ നാടകരംഗത്ത് എന്നെ വെല്ലാൻ ജില്ലയിൽപോലും ആരുമില്ല സാറേ’’

അതുകേട്ട് കബീർ ചിരിച്ചു. നളിനാക്ഷൻ വേദാന്തം പറയുംപോലെ പറഞ്ഞു.

‘‘രാജന്റെ മുഖത്തുണ്ടാവേണ്ട ഭാവം ദൈന്യതയുടേതാണ്. അതിനുപറ്റിയ മുഖം കവിയായ മാഷിന്റേതാണ്. എന്റെ ഭാര്യ ജീവനുതുല്യം സ്​നേഹിക്കുന്ന ഒരു കവിയുണ്ട്. അതുകൊണ്ടുതന്നെ എനിക്കും കവികളെ ഇഷ്ടമാണ്.’’

രാജൻ ആരാണെന്ന് തീരുമാനമായതോടെ പോലീസുകാർ മാഷിനുനേരെ തിരിഞ്ഞു. വിയർപ്പിൽ നനഞ്ഞ വെള്ള ഖദർജുബ്ബ അവർ അഴിച്ചുമാറ്റി. മാഷെ കട്ടിലിൽ കിടത്തി. മാഷിനും പോലീസുകാർക്കും നിർദ്ദേശം നൽകാനായി നളിനാക്ഷൻ കട്ടിലിനരികിലേക്ക് വന്നു.

‘‘മൂന്നു ഷോട്ടുകളിലായി ഈ സീൻ തീർക്കണം. ഒന്ന് മാഷുടെ കാൽചോട്ടിൽ നിന്നാകാം. മറ്റൊന്ന് ഓപ്പോസിറ്റും, പിന്നെ സൈഡിൽ നിന്നും. ജനീഷേ ശ്രദ്ധിക്കണം, പൊസിഷനൊക്കെ നിനക്ക് തീരു മാനിക്കാം. മറ്റൊന്ന് മാഷോടാണ്, ഇവർ ഒലക്ക ഉഴിയുന്നതുപോലെ ചെയ്യുകയേയുള്ളു. അതിനനുസരിച്ച് മാഷ് വേദനകൊണ്ട് പുളയണം. ഓകെ?’’

‘‘ഇനി നിങ്ങളോടാണ് (പോലീസുകാരോട്), ഒലക്ക മാഷുടെ മേലിൽ ഉരസാൻ മാത്രമേ പാടുള്ളൂ. കണ്ടില്ലേ ശരീരം? ഒന്ന് ബലം കൊടുത്താൽ കാറ്റുപോകും. അപ്പോഴെല്ലാം ഓകെയല്ലേ? ജനീഷേ ക്യാമറ ഓണല്ലേ? ചാർജ്ജൊക്കെ ഉണ്ടല്ലോ’’

‘‘ഉവ്വ് സാർ..’’
ജനീഷ് ഇതിനകം ക്യാമറയുടെ പൊസിഷൻ കണ്ടെത്തിക്കഴിഞ്ഞു.
‘‘നിങ്ങൾ ഷർട്ടൂരിക്കോളൂ..’’, പ്രതാപനോടും കബീറിനോടുമാണ്.
‘‘ഓകെ എന്നാൽ തുടങ്ങാം’’
നളിനാക്ഷൻ ക്യാമറയുടെ പിന്നിലേക്ക് വന്നു.

‘സ്റ്റാർട്ട്, ആക്ഷൻ’ നളിനാക്ഷന്റെ ശബ്ദമുയർന്നു. ഒലക്കയുടെ രണ്ടു തലയ്ക്കലും മുമൂന്നുപേർ. ഒലക്ക മാഷുടെ കാലിന്റെ നഖാരി മുതൽ പയ്യെ ഉരസികൊണ്ട് ഇഴയാൻ തുടങ്ങി. മാഷും അഭിനേതാവിന്റെ കർമ്മം ഭംഗിയായി നിർവ്വഹിച്ചു. നെഞ്ചുവരെ ഒലക്കയെത്തിയപ്പോൾ നളിനാക്ഷൻ കട്ട് പറഞ്ഞു.

‘‘ഓകെ, ബാക്ക് ഷോട്ടായതുകൊണ്ട് മാഷൊഴികെ എല്ലാവരും ഫെയ്ഡാകും. ഇത് ഇത്രയും മതി, മാഷെ പൊളിച്ചു.’’

മാഷ് പറഞ്ഞു, ‘‘എല്ലാം വേഗം തീർക്കണം. അവളവിടെ ഒറ്റക്കാണ്’’

‘‘ആരാണ് മാഷേ ഒറ്റയ്ക്ക്..?’’ നളിനാക്ഷൻ ചോദിച്ചു.
‘‘ഭാര്യയാണ്.’’
‘‘നിങ്ങൾക്കെത്ര പ്രായമുണ്ട്?’’
‘‘എനിക്ക് അറുപത്തിയഞ്ചും അവൾക്ക് അമ്പത്തിയെട്ടും.’’
‘‘ഈ പ്രായത്തിലും എന്തു കരുതലാ നിങ്ങൾക്ക്. മാഷുടെ മനസ്സിപ്പോഴും അവിടെയാണല്ലേ. മാഷുടെ മനസ്സിലിപ്പോഴും പ്രേമം ഒളിഞ്ഞുകിടപ്പുണ്ടല്ലേ, ഭാഗ്യവാൻ’’, കളിപറയുംമട്ടിൽ നളിനാക്ഷൻ നിർത്തി.

‘‘ഓകെ, എന്നാൽ നമുക്ക് തുടങ്ങാം’’, നളിനാക്ഷൻ എല്ലാവരോടുമായി പറഞ്ഞു.
‘‘മാഷെ ടെൻഷനടിക്കല്ലേ’’, പോലീസുകാർ മാഷെ സമാധാനിപ്പിച്ചു.

‘‘ഓകെ നമുക്ക് തുടങ്ങാം. മാഷെ വേഗം വിടണം. ഇവിടെ നിങ്ങളുടെ ക്ലോസ്​അപ്പ് വരും. പ്രതാപാ, നിന്റെ അഭിനയമൊക്കെ ഇവിടെ കാണണം. ദെൻ, സ്റ്റാർട്ട്… ആക്ഷൻ.’’

എല്ലാവരും മുഖത്തെ ഭാവം ശ്രദ്ധിച്ചിരുന്നതിനാൽഅല്പം ബലത്തോടെ തന്നെ ഒലക്ക മാഷുടെ ശരീരത്തിലൂടെ ഉരസാൻ തുടങ്ങി. മാഷൊന്നു പിടഞ്ഞപ്പോൾ മാഷുടെ കൈകളിൽ പോലീസുകാർ പിടുത്തമിട്ടു. മാഷുടെ ഞരക്കത്തിൽ അസ്വാഭാവികത മണത്ത കബീർ പ്രതാപനോട് പറഞ്ഞു,
‘‘താഴ്ത്തല്ലേ പ്രതാപാ, മാഷിന് വേദനിക്കും.’’

മൂന്നാംവട്ടം ഒലക്ക മാഷിന്റെ നാഭിയിലെത്തിയപ്പോൾ തടിച്ച ഒരു പോലീസുകാരൻ ശക്തിയോടെ വന്നമർത്തി. മാഷിന്റെ നിലവിളികേട്ട പ്രതാപൻ പിടിവിട്ടു. അവർക്ക് അപകടം മനസിലായി. പോലീസുകാരെ തള്ളിമാറ്റാനായി രണ്ടുപേരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നളിനാക്ഷന്റെ ശബ്ദമുയർന്നു.

‘‘അമർത്തിയുഴിയെടാ’’.

പ്രാണൻ പോകുന്ന മാഷിന്റെ അലർച്ചകേട്ടതോടെ രണ്ടുപേരും ഹാളിന്റെ പുറത്തേക്കോടി. നളിനാക്ഷന്റെ ശബ്ദം വീണ്ടുമുയർന്നു.

‘‘വിടരുതവരെ.. ഷൂട്ട് ദം... ഷൂട്ട് ദം…’’

ഇരുളിൽ തിങ്ങിനിറഞ്ഞ കുറവൻമലയിലെ കശുമാവിൻ കാടുകളിലേക്ക് വർദ്ധിച്ച കിതപ്പോടെ അവർ ഓടിമറഞ്ഞു കാണണം…

Comments