‘‘ആ ചായക്കടേലെ ആള് മരിച്ചുപോയത് സാർ അറിഞ്ഞിരുന്നോ...?"
ലൈബ്രറിയിലെ പെൺകുട്ടി അങ്ങനെ ചോദിക്കുമ്പോൾ മാർക്കസ് സുസാക്കിന്റെ ‘ദ ബുക്ക് തീഫ്’ എന്ന പുസ്തകത്തിന്റെ മൂന്നാമത്തെ പേജിലായിരുന്നു അയാളുടെ വിരലുകൾ. അക്ഷരങ്ങളിലൂടെ കൃത്യമായി ഇഴഞ്ഞുനടക്കുന്ന വിരലുകൾക്ക് ദിശ തെറ്റി. അമ്പരപ്പോടെ അയാൾ പെൺകുട്ടിയെ നോക്കി.
‘ആര്, റഹീമോ’, അയാൾ വിശ്വാസം വരാതെ ചോദിച്ചു.
‘ആ... ആള് ഇന്നലെ മരിച്ചു’, പെൺകുട്ടി അലമാരയിൽ പുസ്‌തകങ്ങൾ അടുക്കി വയ്ക്കുന്നതിനിടെ പറഞ്ഞു. ഇങ്ങോട്ട് വരുമ്പോൾ താൻ ചായക്കടയിലേക്ക് നോക്കിയതേയില്ലല്ലോ എന്ന് അയാൾ ഓർത്തു. അല്ലെങ്കിലും അത് പതിവില്ല, പുസ്തകം എടുത്ത് ഇറങ്ങുമ്പോഴാണല്ലോ ചായ പതിവ്.
‘എങ്ങനെ...?’, പുസ്തകത്തിൽ നിന്ന് വിരലുകൾ എടുക്കാതെ ചോദിച്ചു.
‘ആൾടെ വീട്ടിലെ കിണറ്റില് കാല് വഴുതി വീണതാണെന്ന്. മിനിഞ്ഞാന്ന് രാത്രി. തല ഇടിച്ചുപോയെന്നാ അറിഞ്ഞത്. ആശുപത്രീലോട്ടൊക്കെ കൊണ്ടോയതാ. പക്ഷേ, ഇന്നലെ രാവിലെ കഴിഞ്ഞു...’, പെൺകുട്ടി അലമാരയുടെ വാതിൽ അടക്കാൻ മറന്ന് തിരികെ കസേരയിൽ വന്ന് ഇരുന്നു. അത് ശ്രദ്ധയിൽ പെട്ടിട്ടും അയാളൊന്നും മിണ്ടിയില്ല. തന്റെ മുടന്തുള്ള ഇടത്തേ കാൽപ്പാദത്തിൽ ഒരു പുഴു ഇഴഞ്ഞുകയറുന്നത് പോലെ തോന്നി. അസ്വസ്ഥതയോടെ കാൽ പിന്നിലേക്ക് മടക്കിവച്ച് പേജുകൾ മറിച്ചു. മുൻപ് ആരോ ചുവന്ന മഷിയിൽ അടിവരയിട്ട വരികളിലേക്ക് ശ്രദ്ധ പതിഞ്ഞു. ആ വാചകം രണ്ട് മൂന്ന് തവണ ആവർത്തിച്ചു. പിന്നെ പുസ്തകവുമായി എഴുന്നേറ്റു.
‘ഈ പുസ്തകം ചേർത്തോളൂ...’, അയാളുടെ ഒച്ചയ്ക്ക് ചെറിയ വിറയൽ ഉണ്ടായിരുന്നു.
‘സാറ് അവിടുന്ന് സ്ഥിരം ചായ കുടിക്കാറുള്ളതല്ലേ...?’, പുസ്തകത്തിന്റെ കോഡ് രജിസ്റ്ററിലേക്ക് പകർത്തുമ്പോൾ പെൺകുട്ടി ചോദിച്ചു. അയാൾ മറ്റെന്തോ ഓർക്കുകയായിരുന്നു. മറുപടിയില്ലെന്ന് കണ്ടപ്പോൾ ചോദ്യം ആവർത്തിക്കാൻ അവൾ തുനിഞ്ഞില്ല. രജിസ്റ്ററിൽ ഒപ്പിടുമ്പോൾ അയാളുടെ കൈ വിറക്കുന്നത് അവൾ കണ്ടു.
ലൈബ്രറിയുടെ പിന്നിലെ ഇടുക്കിലുള്ള ചായക്കടയിലേക്ക്, കഷ്ടിച്ചു രണ്ടാൾക്ക് മാത്രം പോകാൻ കഴിയുന്ന വഴിയിലൂടെ നടക്കുമ്പോൾ ഇടത്തേ കാലിന് വല്ലാത്ത ഭാരമുള്ളത് പോലെ അയാൾക്ക് തോന്നി.
മധുരമില്ലാത്ത കട്ടൻ റഹീം ഗ്ലാസിലേക്കൊഴിക്കുന്നുണ്ടെന്നും ആ ഗ്ലാസ് ഇപ്പോൾ തന്റെ നേരെ നീട്ടുമെന്നും എന്നിട്ട് തന്റെ ബാഗിനുള്ളിലേക്ക് അവൻ ആർത്തിയോടെ നോക്കുമെന്നും അയാൾക്ക് തോന്നി. പാലിന്റെയും ചായപ്പൊടിയുടെയും മണം തങ്ങി നിൽക്കുന്ന സ്റ്റൂളുകളിലൊന്നിൽ ഇരുന്ന് അയാൾ ബാഗ് തുറന്നു. കറുപ്പ് ചട്ടയുള്ള ഡയറിയുടെ ആദ്യത്തെ പേജിൽ സ്വന്തം ഫോൺ നമ്പർ എഴുതിവച്ചതിലേക്ക് നോക്കി. അതിന് താഴെ ആശാ ഗുപ്തൻ എന്ന പേരിനോട് ചേർന്ന് ഭാര്യയുടെ നമ്പറും കണ്ടപ്പോൾ അയാൾക്ക് റഹീമിന്റെ കുടുംബത്തെ ഓർമ വന്നു. ഡയറി ബാഗിലേക്ക് തിരുകി ചുറ്റിനും നോക്കി. ആ നേരത്ത് പതിവായി വരാറുള്ളവരാരും ഇല്ല. എല്ലാവരും മരണവാർത്ത അറിഞ്ഞുകാണും. ഷേവ് ചെയ്യാത്ത, നര കയറിയ താടി ഉഴിഞ്ഞുകൊണ്ട് അയാൾ ലൈബ്രറിയുടെ നേർക്ക് നോക്കി. പിന്നെ തിടുക്കത്തിൽ അങ്ങോട്ടേക്ക് നടന്നു.
അകത്തേക്ക് കയറുമ്പോൾ ആ പെൺകുട്ടി മൊബൈലിൽ ആരോടോ ഉറക്കെ ചിരിച്ചു സംസാരിക്കുകയായിരുന്നു.
‘സാറെന്തേ പിന്നെയും...?’, ഫോൺ പെട്ടെന്ന് കട്ട് ചെയ്ത് അവൾ ചോദിച്ചു.
‘റഹീമിന്റെ നമ്പറോ മറ്റോ ഉണ്ടോന്ന് അറിയാൻ വേണ്ടിയാ..കുടുംബം എവിടെയാണെന്നെങ്കിലും...?’, അയാൾ ഒറ്റശ്വാസത്തിൽ ചോദിച്ചു. ആ തിടുക്കം അയാളുടെ സംസാരത്തിലെ സ്ഥിരം ശൈലിയായത് കൊണ്ട് പെൺകുട്ടിക്ക് അമ്പരപ്പ് തോന്നിയില്ല.
‘പത്രത്തിലൊന്നും വാർത്ത വന്നിട്ടില്ല. ഇവിടത്തെ സെക്രട്ടറി പറഞ്ഞിട്ടാ ഞാൻ അറിഞ്ഞത്. സാറ് ഇരിക്ക്.. സെക്രട്ടറി പത്ത് മിനുട്ടിനുള്ളിൽ എത്തും. ആൾക്ക് ചിലപ്പോ അറിയാരിക്കും...’
അയാൾ ഇരുന്നു. പിന്നെ മേശപ്പുറത്തെ മാസിക എടുത്ത് വെറുതേ മറിച്ചുനോക്കി.
‘സാറിന് എന്തായിരുന്നു ജോലി....?’, പെൺകുട്ടി ഫോണിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
സസ്റ്റെനോഗ്രാഫർ ആയിരുന്നു. കോടതിയില്..’, അതീവരഹസ്യം പോലെ പതിഞ്ഞ ഒച്ചയിൽ അയാൾ പറഞ്ഞു. പിന്നെ ഇനിയും വരാൻ സാധ്യതയുള്ള ചോദ്യങ്ങളെ നേരിടാൻ വയ്യെന്ന മട്ടിൽ എഴുന്നേറ്റു.
‘ആള് വരാൻ ഇനിയും സമയം എടുക്കുമല്ലേ..?’
‘ഞാൻ വിളിച്ചുനോക്കാം’.
‘വേണ്ടാ. ഞാൻ പിന്നെ വരാം’, പെൺകുട്ടിയുടെ മുഖം അപ്പോഴും മൊബൈലിലാണെന്നത് ഗൗനിക്കാതെ അയാൾ പുറത്തേക്കിറങ്ങി. ചായക്കടയിലേക്ക് തിരികെ ചെല്ലാൻ തോന്നിയില്ല. ആ ഭാഗത്തേക്ക് നോക്കി അൽപ്പനേരം നിന്നു. പിന്നെ തിരിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടന്നു.
അന്ന് സന്ധ്യയ്ക്ക്, നിങ്ങളെന്താ ഇങ്ങനെ കുളിക്കാതെ ഇരിക്കുന്നതെന്ന് ഭാര്യ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, ‘ഇന്ന് ഒരു മരണവാർത്ത കേട്ടു’.
‘അതാണോ ഇത്ര വല്ല്യ സംഭവം... ദിവസേന എത്രയോ മരണവാർത്ത കേൾക്കുന്നു’, ആ സ്ത്രീ തമാശമട്ടിൽ പറഞ്ഞു. അയാൾ കണ്ണുകൾ മിഴിച്ച് അവരെ നോക്കി.
‘നീ ദിവസവും മരണവാർത്തകൾ കേൾക്കാറുണ്ടോ...?’
‘അതിന് ചരമക്കോളം നോക്കിയാ പോരെ’, അവർ ചിരിച്ചു. അയാൾക്ക് ചിരിക്കാൻ തോന്നിയില്ല.
അന്ന് മുഴുവൻ പതിവിലുമധികം അലസതയോടെയാണ് അയാൾ പെരുമാറിയത്. ഇടയ്ക്കൊക്കെ അസ്വസ്ഥതയോടെ ഡയറി എടുത്ത് വെറുതെ പേജുകൾ മറിച്ചുകൊണ്ടേയിരുന്നു.
രാത്രി അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കുകയായിരുന്ന ഭാര്യയുടെ അടുത്തേക്ക് അന്നെടുത്ത പുസ്തകവും കയ്യിൽ പിടിച്ച് അയാൾ ചെന്നു, ‘നിനക്ക് ഞാനീ പുസ്തകത്തെ കുറിച്ച് പറഞ്ഞുതരട്ടെ...?" അയാൾ മടിച്ച് മടിച്ച് ചോദിച്ചു.
‘ഇതൊക്കെ നിങ്ങളെപ്പോലെ ആൾക്കാരോട് മിണ്ടാൻ മടിയുള്ളവർക്കേ പറ്റൂ...ഞാൻ വല്ല സീരിയലും കണ്ടോളാം’, അവർ ചപ്പാത്തിക്ക് പുറത്ത് തവി കൊണ്ട് മൃദുവായി അമർത്തി.
അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അയാൾക്ക് പിടി കിട്ടിയില്ല. വേണമെങ്കിൽ ഒറ്റയിരുപ്പിന് പുസ്തകം വായിച്ചു തീർക്കാം. ഇംഗ്ലീഷ് നോവലാണ്. മുപ്പതിലധികം കൊല്ലങ്ങൾ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തയാൾക്ക് മലയാളത്തിനേക്കാളും വഴങ്ങുന്നത് ഇംഗ്ലീഷ് അക്ഷരങ്ങളാണ്. എഴുതാനായാലും, വായിക്കാനായാലും, ടൈപ്പ് ചെയ്യാനായാലും. വായിച്ച കാര്യങ്ങൾ പങ്കുവയ്ക്കാൻ ഒരാളില്ലാതാവുന്നതാണ് പ്രയാസം. റഹീമിന്റെ അപ്രതീക്ഷിതമരണം അയാളെ അലട്ടിയത് അതുകൊണ്ടാണ്. അയാളുടെ വായനാക്കുറിപ്പുകളുടെ കാത്തിരിപ്പുകാരനാണല്ലോ പെട്ടെന്നൊന്നും പറയാതെ പോയത്...
ഭക്ഷണം കഴിക്കാതെയാണ് അയാൾ അന്ന് ഉറങ്ങാൻ കിടന്നത്. പുസ്തകവും ഡയറിയും തലയിണയ്ക്ക് അടുത്ത് വച്ചു. തന്റെ ജീവിതത്തെ കുറിച്ച് ഓർക്കുകയായിരുന്നു അയാൾ. തീരെച്ചെറുതെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജീവിതം. ജന്മനായുള്ള ഇടതുകാലിലെ മുടന്ത്...
എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞുള്ള ബാല്യ കൗമാരം, ഇരുപത്തിമൂന്നാം വയസ്സിൽ ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫർ ജോലി, നഗരത്തിലേക്കുള്ള താമസമാറ്റം, കല്യാണം, കുട്ടികളില്ലാത്ത ദാമ്പത്യം, കൂട്ടുകാരില്ല, മദ്യപാനമോ പുകവലിയോ സിനിമ കാണലോ ഇല്ല. ഒരാളോടും പരിധിയിൽ കവിഞ്ഞ അടുപ്പമില്ല, ഭാര്യയോട് പോലും. പോകാൻ വേറൊരു ഇടമില്ലാത്തത് കൊണ്ട് മാത്രം അവരിപ്പോഴും കൂടെ പൊറുക്കുന്നു. ഇങ്ങനെയൊക്കെയാണ് അയാൾ സ്വയം ജീവിതത്തെ പകർത്തി എഴുതാറുള്ളത്.
വേഗത്തിലുള്ള ഡിക്റ്റേഷൻ കൃത്യമായി കേൾക്കുക, പകർത്തുക, ടൈപ്പ് ചെയ്യുക, ജോലി കഴിഞ്ഞ് വരുമ്പോൾ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കൃത്യമായി എത്തിച്ചു കൊടുക്കുക, മാസംതോറുംമുള്ള ബില്ലുകൾ അടയ്ക്കുക. ആരുടെയെങ്കിലും കല്യാണത്തിനോ പേരുവിളിക്കോ ക്ഷണം കിട്ടിയാൽ ഭാര്യയുടെ കയ്യിൽ പണം ഏൽപ്പിച്ച് അവരെ പറഞ്ഞയക്കുക. ഈ കാര്യങ്ങൾക്കപ്പുറം തനിക്കെന്തെങ്കിലും ചെയ്യാനുണ്ടെന്ന് ജോലിയിൽ നിന്ന് പിരിഞ്ഞതിന്റെ പിറ്റേദിവസം വരെ അയാൾക്ക് തോന്നിയിരുന്നില്ല. റിട്ടയർമെന്റിന്റെ പിറ്റേന്ന് മുതലാണ് കടുത്ത മടുപ്പ് തോന്നി തുടങ്ങിയത്. അടുക്കളയിലും ടി.വി യുടെ മുന്നിലും ഭാര്യയോടൊപ്പം ഇരിക്കാൻ തോന്നിയില്ല. വിരലുകൾക്കായിരുന്നു ഏറ്റവുമധികം അസ്വസ്ഥത. ആ വിഷമവും മടുപ്പുമാണ് നഗരത്തിലെ അധികം ശ്രദ്ധ കിട്ടാത്ത കോണിലുള്ള ലൈബ്രറിയിലേക്ക് അയാളെ എത്തിച്ചത്.
അതുവരെ മറ്റുള്ളവരുടെ ജീവിതം അറിയാൻ അയാൾക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. ആരെങ്കിലും മരിക്കുന്നതോ ജനിക്കുന്നതോ ഒന്നും അയാളെ ബാധിച്ചിരുന്നില്ല. അതുകൊണ്ടാണ് നോവലുകളും കഥകളും സിനിമകളും അയാളെ ഭ്രമിപ്പിക്കാഞ്ഞത്. വായനശാലയിൽ മെമ്പർഷിപ്പ് എടുക്കാനുള്ള തീരുമാനം വല്ലാത്തൊരു മടുപ്പിൽ നിന്ന് ജനിച്ചതാണ്. വായന മനുഷ്യനെ പുതുക്കുമെന്ന് പണ്ടെങ്ങോ കേട്ട പ്രസംഗത്തിലെ വരികളിൽ എന്തെങ്കിലും സത്യമുണ്ടോന്ന് അറിയാനുള്ള കൗതുകം. ആദ്യം തിരഞ്ഞത് ഇംഗ്ലീഷ് പുസ്തകങ്ങളാണ്. അക്ഷരങ്ങളിലൂടെ വെറുതെ വിരലുകൾ കൊണ്ടുപോയി. എഴുത്തുകാർ പറയാൻ ശ്രമിച്ചതിന്റെ ബാഹ്യർത്ഥം മാത്രം പിടികിട്ടി. എങ്കിലും വായിച്ച് പൂർത്തിയാക്കിയിട്ടേ പുസ്തകം മടക്കിക്കൊടുക്കാറുള്ളൂ.
അയാൾ തലയിണയ്ക്ക് പിന്നിൽ വച്ച ‘ദ ബുക്ക് തീഫ്’ എടുത്ത് മുഖത്തിന് നേരെ പിടിച്ചു. ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ മുഖചിത്രം വ്യക്തമായി കാണാം. പ്രേതമെന്ന് തോന്നിക്കുന്ന ഒരു രൂപം, അതിന്റെ കൈ പിടിച്ച് നൃത്തം ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടി. കറുത്ത തലമൂടുന്ന വസ്ത്രം ധരിച്ച ആ രൂപത്തിനെ നോക്കിയിരുന്നപ്പോൾ അയാൾക്ക് റഹീമിനെ ഓർമ്മ വന്നു. അവന്റെ മുൻവശം പൊട്ടിയ പല്ലുകളും, ഇടതൂർന്ന കറുത്ത മുടിയും, പരന്ന ശരീരവും. പുസ്തകം ധൃതിയിൽ തലയിണയ്ക്ക് പിന്നിലേക്ക് വച്ച് അയാൾ എഴുന്നേറ്റു. കട്ടിലിൽ ചാരിയിരിക്കുമ്പോൾ ടി. വി യിൽ നിന്ന് അലോസരപ്പെടുത്തുന്ന പശ്ചാത്തല സംഗീതം കേട്ടു. അയാളുടെ കൈ വീണ്ടും തലയിണയ്ക്ക് പിന്നിലേക്ക് പോയി. ഡയറി എടുത്ത് തുറന്നു. അന്നത്തെ തീയ്യതിക്ക് താഴെ എഴുതിയ വാക്യം വായിച്ചു, ‘ഇറ്റ് കിൽസ് മി ഹൗ പീപ്പിൾ ഡൈ...- ദ ബുക്ക് തീഫ്’.
അത് വായിച്ചപ്പോൾ രണ്ട് മാസം മുൻപ് റഹീമുമായി അടുപ്പമുണ്ടാകാൻ കാരണമായ മറ്റൊരു വാചകം അയാൾ ഓർത്തെടുത്തു, ‘പൂർണവളർച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ’.
അന്ന് ലൈബ്രറിയിൽ നിന്ന് മനുഷ്യന് ഒരു ആമുഖവും എടുത്ത് ചായക്കടയിലേക്ക് ചെന്നതാണ്. പുസ്തകം മറിച്ചുകൊണ്ടാണ് ചായ വാങ്ങിയത്. ചൂടോടെ ഒരു കവിൾ ഇറക്കിയപ്പോൾ ആ വാചകം കണ്ണിൽപ്പെട്ടു. അറിയാതെ ഉറക്കെ വായിച്ചുപോയി.
‘പൂർണവളർച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ’.
‘എന്താ സാറേ...?’ അവൻ തിരിഞ്ഞുനോക്കി ആകാംക്ഷയോടെ ചോദിച്ചു. അപ്പോഴാണ് അബദ്ധം മനസ്സിലായത്. ഏയ് ഒന്നുമില്ലെന്ന് ചിരിക്കാൻ ശ്രമിച്ചു.
‘ഈ പുസ്തകത്തിലാണോ ഇങ്ങനെ പറഞ്ഞിരിക്കുന്നേ...?’
അതേയെന്ന് മൂളി. പുസ്തകം അടച്ചുവച്ചു. അപ്പോഴാണ് ശ്രദ്ധിച്ചത്, അവന്റെ മുഖം വാടിയിരുന്നു.
‘ഇത് കേട്ടപ്പോ എനിക്കെന്റെ കുഞ്ഞ് മരിച്ചത് ഓർമ്മ വന്നു’.
അത് കേട്ടപ്പോൾ പകച്ചു പോയെങ്കിലും തിരിച്ചൊന്നും ചോദിച്ചില്ല. കടയിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ചോദിക്കാതെ തന്നെ അവൻ പറഞ്ഞു തുടങ്ങി.
‘‘ഞങ്ങടെ ആദ്യത്തേത് ആയിരുന്നു. അതന്നെ കൊല്ലം ഏഴു കഴിഞ്ഞപ്പഴാ പടച്ചോൻ തന്നത്. എട്ടാം മാസം ഓൾക്ക് പ്രഷറ് വല്ലാണ്ട് കൂടിയതാ. മെഡിക്കൽ കോളേജില് അഡ്മിറ്റ് ആക്കി. പേടിക്കാനൊന്നൂലാന്നാ അവര് പറഞ്ഞേ. ഒരാഴ്ച്ച കെടക്കട്ടെന്ന് പറഞ്ഞു. മൂന്നാമത്തെ ദിവസം ഓളോരു സംശയം പറഞ്ഞു, കുഞ്ഞീന്റെ അനക്കൊന്നും ഇല്ലല്ലോന്ന്. ഡോക്ടറെ വിളിച്ചോണ്ട് വന്നപ്പോ ഓളെ ഐ സി യു ലോട്ട് കൊണ്ടോയി. കൊറച്ച് കഴിഞ്ഞ് നേഴ്‌സ് വന്നു പറഞ്ഞു. പെൺകുഞ്ഞായിരുന്നു, മരിച്ചു പോയീന്ന്...’’
അത്രയും പറഞ്ഞപ്പോൾ തിരിച്ചൊരു ആശ്വാസവാക്ക് അവൻ പ്രതീക്ഷിച്ചു കാണും. ഒന്നും പറഞ്ഞില്ല. ഗ്ലാസ് അവിടെ വച്ച് പേഴ്സിൽ നിന്ന് പത്തുരൂപ കൊടുത്തു. അത് വാങ്ങുമ്പോ അവൻ ചോദിച്ചു, ‘ഈ പുസ്തകത്തിലെ കഥയും അങ്ങനെ എന്തെങ്കിലുമാണോ...?’
‘അറിയില്ല. വായിച്ചിട്ടില്ല’.
‘എനിക്ക് അക്ഷരം കൂട്ടിവായിക്കാൻ പെട്ടെന്നൊന്നും കിട്ടൂലാ. ഇനി വരുമ്പോ ഈ പുസ്തകത്തിന്റെ കഥ സാറെനിക്ക് പറഞ്ഞുതരണേ...’
അപ്പോൾ അവനെ നോക്കി ഒന്ന് ചിരിക്കാൻ തോന്നി. ഭാര്യയോട് മാത്രമേ അക്കാലം വരെ ആത്മാർത്ഥതയോടെ ചിരിച്ചിട്ടുള്ളൂ. അതും അവര് പറയുന്നത് പോലെ കൊല്ലത്തോട് കൊല്ലം കൂടുമ്പോ മാത്രം.
ആ പുസ്തകം രണ്ട് ദിവസം കൊണ്ട് വായിച്ചു. അവൻ സംശയിച്ചതൊന്നുമല്ല അതിലെ കഥയെന്ന് മനസ്സിലായി. പുസ്തകത്തെ കുറിച്ച് ഡയറിയിൽ ഒരു ചെറിയ കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോൾ ഒരു കൗതുകം തോന്നി. കുറിപ്പ് മനഃപാഠമാക്കി, അടുത്ത പേജിൽ അത് ഷോർട്ഹാൻഡിലേക്ക് മാറ്റിയെഴുതി.
പിറ്റേന്ന് പുതിയ പുസ്തകവുമെടുത്ത് ചെന്നപ്പോൾ കടയിൽ തിരക്കുണ്ടായിരുന്നില്ല. ഒരു നായ മാത്രം അവനെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു.
‘അക്ഷരം കൂട്ടിവായിക്കാൻ അറിയാമെന്നല്ലേ പറഞ്ഞത്..?’, ചായ നീട്ടുമ്പോൾ അവനോട് തിടുക്കപ്പെട്ട് ചോദിച്ചു.
‘അറിയാം’.
‘ഇതാ ആ പുസ്തകത്തെ കുറിച്ചുള്ള ചെറിയൊരു കുറിപ്പാ...’, ആ പേജ് തുറന്ന് ഡയറി നീട്ടി. സന്തോഷത്തോടെ അത് വാങ്ങിയ അവന്റെ മുഖം അമ്പരപ്പിലേക്ക് മാറുന്നത് കണ്ട് കുറേ കാലത്തിന് ശേഷം ഒച്ചവച്ചു ചിരിച്ചു.
‘വായിക്കെടോ’, ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു.
‘ഇത് കൊറേ കുത്തിവരകളാ. സാറിന്റെ കൊച്ചുമക്കളാരോ വരച്ചിട്ടത്’, അവൻ നിരാശയോടെ പറഞ്ഞു.
‘എനിക്ക് മക്കളും കൊച്ചുമക്കളും ഒന്നുമില്ല...ഈ എഴുതിയത് തന്നെയാ വായിക്കാൻ പറഞ്ഞേ’.
‘അയ്യോ. ഇത് കൊറേ കുത്തിവരയല്ലേ...?’
വീണ്ടും ചിരിച്ചു. ഡയറി തിരിച്ചുവാങ്ങി.
‘അല്ലെടോ. ഇതൊരു സൂത്രപ്പണിയാ. അങ്ങനെ എല്ലാർക്കും വായിക്കാൻ പാടില്ലാത്ത രഹസ്യങ്ങളൊക്കെ എഴുതുന്ന ഒരു ഭാഷ. ഷോർട്ഹാൻഡ് എന്ന് പറയും, മലയാളത്തില് ചുരുക്കെഴുത്തെന്നും’.
ഇങ്ങനെയൊക്കെയുണ്ടോ എന്ന ഭാവത്തിൽ അവൻ കണ്ണുകൾ വിടർത്തി.
‘തന്റെ പേരെന്തായിരുന്നു...?’
‘റഹീം’
‘റഹീമിന് ഞാൻ ഇത് വായിച്ച് തരാം’, വേഗത്തിൽ ആ കുറിപ്പ് വായിച്ചു കൊടുത്തു. പുസ്തകത്തിലെ കാര്യങ്ങളും, കുത്തിവരകളും അവന് ഒരുപോലെ കൗതുകമുണ്ടാക്കി.
‘നിങ്ങളൊക്കെ ഭീകരരാ...’, അവന്റെ മറുപടി കേട്ടപ്പോൾ പിന്നേം ചിരിച്ചു.
‘ഇതേതാ പുസ്തകം’, അയാൾ കയ്യിലെ പുസ്തകത്തിലേക്ക് നോക്കി ചോദിച്ചു.
‘രണ്ടാമൂഴം’.
‘സാറ് കൊറേ പുസ്തകം വായിച്ചിട്ടുണ്ടോ..?’
‘ഇല്ല. ഞാൻ തുടക്കക്കാരനാ...’, ചായ കുടിച്ചു തീർത്തുകൊണ്ട് പറഞ്ഞു.
‘ഈ പുസ്തകത്തിന്റെ കഥയും എനിക്കെഴുതി കൊണ്ട് തരോ..?’, ഗ്ലാസ് വാങ്ങുമ്പോൾ റഹീം മടിയൊന്നുമില്ലാതെ ചോദിച്ചു.
‘ഇതേപോലെ എഴുതിയാ മതിയോ..?’
‘മതി. പക്ഷെ സാറ് വായിച്ചും തരണം’, പിന്നേം ചിരിയായിരുന്നു.
ടി വി യുടെ ഒച്ച അവസാനിച്ചിട്ടുണ്ട്. ഭാര്യ ഇപ്പോൾ കിടക്കാൻ വരും. റഹീം മരിച്ച കാര്യം പറഞ്ഞാലോ എന്ന് അയാൾ ചിന്തിച്ചു. റഹീമിനെ അവർക്ക് അറിയാം. ഒരു ദിവസം, വായിച്ച പുസ്തകത്തെ കുറിച്ച് ഡയറിയിലേക്ക് എഴുതുമ്പോഴാണ് ഇതാരെ കാണിക്കാനാ എഴുതുന്നതെന്ന് ചോദിച്ചത്. അന്നാണ് റഹീമിനെ കുറിച്ച് പറഞ്ഞത്. ഇപ്പോൾ അവൻ മരിച്ചു പോയെന്ന് അവരോട് പറയാമെന്ന് അയാൾക്ക് തോന്നി. അവരപ്പോഴേക്കും മുറിയിലേക്ക് വന്നിരുന്നു. അയാൾക്ക് പക്ഷേ ഒന്നും പറയാൻ തോന്നിയില്ല. പറഞ്ഞാലും അവർക്ക് റഹീമിനെ നേരിട്ട് അറിയില്ലല്ലോ. അപരിചിതനായ ഒരാളുടെ മരണത്തിൽ ആരാണ് ആത്മാർത്ഥമായി വിലപിക്കുന്നത്...?
അല്ലെങ്കിലും അവർക്ക് മരണവാർത്തയൊന്നും പുതിയതല്ലല്ലോ എന്ന് അയാൾ ഓർത്തു. ബന്ധുക്കളുടെയും നാട്ടുകാരുടേയുമൊക്കെ മരണമറിഞ്ഞാൽ പോകാറുള്ളത് അവർ മാത്രമാണ്. പോകണമെന്ന് തോന്നിക്കുന്നത്ര അടുപ്പമുള്ള ആരുടെയും മരണം അടുത്തൊന്നും ഉണ്ടായിട്ടില്ല. അവസാനമായിട്ട് താനൊരു മരണത്തിൽ പങ്കെടുത്തതെപ്പോഴാണെന്ന് ആരെങ്കിലും ചോദിച്ചാൽ കൂടുതലായി ആലോചിക്കാതെ ഉത്തരം കൊടുക്കാൻ അയാൾക്ക് കഴിയും. പതിനൊന്ന് കൊല്ലം മുമ്പ്, അമ്മ മരിച്ചപ്പോൾ. അതാണ് അയാൾ അവസാനം കണ്ട മരണവീട്.
കിണറ്റിൽ വീണപ്പോൾ റഹീം എങ്ങനെയാകും മരിച്ചിട്ടുണ്ടാവുക എന്ന സംശയം അയാളെ വല്ലാതെ അലട്ടി. വീഴ്ച്ചയില് തല ഇടിച്ചു എന്നാണ് ആ കുട്ടി പറഞ്ഞത്. ചിലപ്പോൾ അത് തെറ്റാണെങ്കിലോ? വെള്ളത്തിൽ ശ്വാസം മുട്ടിയിട്ടാണ് മരിച്ചതെങ്കിലോ..? സംശയങ്ങള് പിന്നെയും കൂടുമെന്ന് തോന്നിയപ്പോൾ അയാൾ ഭാര്യയ്ക്ക് നേരെ തിരിഞ്ഞു കിടന്നു. അവര് തല ചൊറിയുകയായിരുന്നു.
‘നിറയെ താരനാ... മാന്തിയെടുക്കാൻ നോക്കുവാരുന്നു. ഈ താരൻ ഉള്ളതോണ്ടാന്ന് തോന്നുന്നു ഇടയ്ക്കിടയ്ക്ക് സഹിക്കാൻ പറ്റാത്ത തലവേദന വരും’, അവർ പിറുപിറുത്തു.
‘ഉം...’
‘നിങ്ങളെന്താ ഇന്നൊന്നും കഴിക്കാണ്ട് കിടന്നത്...?’
‘വിശന്നില്ല’.
‘ആ...’
‘നിന്റെ അറിവില് ആരെങ്കിലും കിണറ്റില് വീണ് മരിച്ചിട്ടുണ്ടോ...?’
പെട്ടെന്നുള്ള ആ ചോദ്യത്തിൽ അവർ അമ്പരന്നു പോയി.
‘അറിവില് ന്നു വച്ചാ.. പേപ്പറിലൊക്കെ കൊറേ കണ്ടിട്ടുണ്ട്’.
‘അതല്ല. നേരിട്ട് അറിയുന്ന ആരെങ്കിലും?’
‘കുഞ്ഞീല്, വീടിനടുത്തുള്ള ഒരാള് മരിച്ചിട്ടുണ്ട്. രാത്രി നടക്കുമ്പോ കാല് വഴുതി വീണു. ഞാനൊന്നും കാണാൻ പോയില്ല. അമ്മയൊക്കെ പോയിരുന്നു എനിക്കോർമ്മയുണ്ട്. പിന്നെ കൊറേ കാലം എന്റെ നാട്ടില് അയാള് പ്രേതമായി വന്നൂന്നും പറഞ്ഞിട്ട് ആരും രാത്രീല് പൊറത്തിറങ്ങാറുണ്ടായിരുന്നില്ല’.
‘പിന്നെ എങ്ങനൊക്കെയാ നിനക്കറിയുന്ന ആൾക്കാര് മരിച്ചിട്ടുള്ളത്..?’, അയാൾ ചോദിച്ചു.
‘നിങ്ങളിത് എന്തൊക്കെയാ ചോദിക്കുന്നേ..?’, അവർ ഒരൽപ്പം പേടിയോടെ തിരിച്ചു ചോദിച്ചു. അതിന് ഉത്തരം പറയാതെ അയാൾ ചരിഞ്ഞു കിടന്നപ്പോൾ തന്റെ ഭർത്താവിന് മരണഭയം തുടങ്ങിയോ എന്ന് അവർ സംശയിച്ചു. താലിമാലയിൽ മുറുക്കെ പിടിച്ച് കൊണ്ട് അവർ കണ്ണടച്ച് പ്രാർത്ഥിച്ചു. അയാളപ്പോഴും എന്തൊക്കെയോ ഓർക്കുകയായിരുന്നു.
പിറ്റേന്ന് ലൈബ്രറി തുറക്കുന്നതിനു മുൻപ് തന്നെ അയാൾ അവിടെയെത്തി. മുന്നിലെ കസേരയിൽ ഇരുന്ന് ഡയറിയിലെ പേജുകൾ മറിച്ചു കൊണ്ടേയിരുന്നു. റഹീമിന് വേണ്ടിയുള്ള കുറിപ്പുകളൊക്കെ അതിലാണ് എഴുതാറുള്ളത്. ആ പുസ്തകത്തില് പറയുന്ന കഥ, കഥാപാത്രങ്ങളുടെ പേര്, ഇഷ്ട്ടപ്പെട്ട ഭാഗങ്ങൾ.. ഒക്കെയും വിശദമായി എഴുതും. ഷോർട്ഹാൻഡിൽ എഴുതിയ കുറിപ്പ് തിരിച്ചുവായിക്കുമ്പോൾ വേഗത കൂടും. ഇടയ്ക്ക് കുറച്ച് മെല്ലെ വായിക്ക് സാറേ എന്ന് അവൻ പറയുമ്പോഴാണ് വേഗത കുറക്കുന്നത്. ഓരോ പുസ്തകങ്ങളെ കുറിച്ചും അത്രയധികം താല്പര്യത്തോടെ അവൻ കേൾക്കും. ഇതുവരേയ്ക്കും പതിമൂന്നോളം പുസ്തകങ്ങളെ കുറിച്ച് അവന് കേൾപ്പിച്ചു കൊടുത്തിട്ടുണ്ട്. റഹീം കേൾക്കാൻ തുടങ്ങിയതിൽ പിന്നെയാണ് തന്റെ വായനയ്ക്ക് അൽപ്പം കൂടി ആഴം വേണമെന്ന് അയാൾക്ക് തോന്നിയത്. വായിച്ച പുസ്തകത്തെ കുറിച്ച് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്നതിൽ ഗൂഢമായ ആനന്ദവും അയാൾ കണ്ടെത്തിയിരുന്നു. ആ ആനന്ദമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
ഡയറിയിലെ ഷോർട്ഹാൻഡ് ചിഹ്നങ്ങൾ തന്റെ നേരെ സഹതാപത്തോടെ നോക്കുന്നത് പോലെ അയാൾക്ക് തോന്നി. ഡയറി അടച്ചു വച്ച് വാച്ചിലേക്ക് നോക്കിയപ്പോഴാണ് താനിവിടെ എത്തിയിട്ട് ഒരുമണിക്കൂർ കഴിഞ്ഞെന്ന് ബോധ്യമായത്. ലൈബ്രറി തുറക്കില്ലേ എന്ന് സംശയം തോന്നിയപ്പോൾ അയാൾ സെക്രട്ടറിയുടെ നമ്പറിലേക്ക് വിളിച്ചു. ഫോൺ എടുക്കാൻ താമസം ഉണ്ടായില്ല.
‘ലൈബ്രറി തുറക്കില്ലേ എന്നറിയാൻ വിളിച്ചതാ. ബുക്ക് എടുക്കാൻ വരാറുള്ളതാ’, അയാൾ തിടുക്കത്തിൽ പറഞ്ഞൊപ്പിച്ചു.
‘ഇന്ന് തുറക്കില്ല. ചെറിയൊരു പ്രശ്‌നം വന്നുപോയി’.
കൂടുതലൊന്നും ചോദിക്കാതെ അയാൾ ഫോൺ കട്ട് ചെയ്യാൻ തുടങ്ങി. അപ്പോഴാണ് മറുവശത്ത് നിന്ന് എന്തോ പറയുന്നുണ്ടെന്ന് തോന്നിയത്.
‘അവിടുണ്ടാരുന്ന പെൺകുട്ടി മരിച്ചുപോയി. നിങ്ങള് നാളെ വന്നോളൂ’.
അയാൾക്ക് പെട്ടെന്ന് വിശ്വസിക്കാനായില്ല. തലേദിവസം ആ പെൺകുട്ടി സംസാരിച്ചതും പുസ്തകം എടുത്ത് തന്നതുമൊക്കെ ഓർത്തപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി. ഏറെ നേരം കസേരയിൽ തന്നെ ചാഞ്ഞിരുന്നു.
‘നിങ്ങള് പോകുന്ന ആ ലൈബ്രറിയിലെ കുട്ടിയാണോ ആത്മഹത്യ ചെയ്തത്?’, വീട്ടിലേക്ക് കയറുമ്പോൾ ഭാര്യ ചോദിച്ചത് കേട്ട് അയാൾ നടുക്കത്തോടെ നോക്കി.
‘നീ എങ്ങനെ അറിഞ്ഞു?’
‘ആ.. ഞാൻ നിങ്ങളെ പോലെയല്ലല്ലോ, പത്രത്തില് ഇന്നൊരു പെൺകുട്ടി തീ കൊളുത്തി മരിച്ച വാർത്ത കണ്ടു. വായിച്ച് നോക്കിയപ്പോൾ നിങ്ങള് പോകുന്ന ലൈബ്രറിയിലാണ് അവൾക്ക് ജോലിയെന്ന് മനസ്സിലായി’.
‘ആ’, അകത്തേക്ക് കയറുമ്പോൾ അത്രയും ചെറിയൊരു പെൺകുട്ടി മേലാകെ പൊള്ളിയപ്പോഴുണ്ടായ വേദന എങ്ങനെയാണ് സഹിച്ചതെന്ന് അയാൾ അതിശയിച്ചു.
അന്ന് വൈകീട്ട് ഡയറി തുറന്ന് അന്നത്തെ തീയ്യതിക്ക് താഴെ അയാൾ എഴുതി ചേർത്തു;
ലൈബ്രറിയിലെ പെൺകുട്ടി - തീ കൊളുത്തി മരിച്ചു.
അതിനുശേഷം രണ്ട് ദിവസത്തേക്ക് അയാൾ ലൈബ്രറിയിലേക്ക് പോയില്ല. അടുക്കളയിൽ കയറി ദോശ ചുടുകയും, പച്ചക്കറികൾക്ക് വെള്ളമൊഴിക്കുകയും, വീട് വൃത്തിയാക്കുകയുമൊക്കെ ചെയ്ത് സദാസമയവും ഭാര്യയോടൊപ്പം തന്നെ ചെലവഴിച്ചു. അസാധാരണമായ ആ പ്രവൃത്തിയിൽ സംശയം തോന്നിയെങ്കിലും, റിട്ടയർമെന്റിനു ശേഷം ആൾക്കാര് ഇങ്ങനെയൊക്കെയായിരിക്കും എന്ന് ആശ്വസിക്കാൻ ആ സ്ത്രീ ശ്രമിച്ചു.
ലൈബ്രറി തുറന്നിട്ടുണ്ടെന്നും പറഞ്ഞ് നാലഞ്ച് ദിവസത്തിന് ശേഷം സെക്രട്ടറി വിളിച്ചപ്പോഴാണ് അയാൾ പുസ്തകം മടക്കിക്കൊടുക്കാൻ പോയത്.
‘തല്ക്കാലം ഞാൻ തന്നെ മുഴുവൻ സമയവും ഇരിക്കാന്ന് കരുതി’, പുസ്തകങ്ങൾക്കിടയിൽ നിന്ന് തലപൊക്കി സെക്രട്ടറി പറഞ്ഞു. അയാൾ സൗമ്യമായി ചിരിച്ചു.
‘സാറ് കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളാ എടുക്കാറുള്ളത് അല്ലേ..?’, രജിസ്റ്റർ നോക്കിക്കൊണ്ട് സെക്രട്ടറി ചോദിച്ചു.
‘ഞാൻ കോടതിയിലായിരുന്നു ജോലി ചെയ്തത്. സ്റ്റെനോഗ്രാഫർ ആയിട്ട്. ഇംഗ്ലീഷ് അക്ഷരങ്ങളാ പെട്ടെന്ന് വഴങ്ങുന്നേ’, പതിവ് പോലെ തിടുക്കപ്പെട്ട് പറഞ്ഞുകൊണ്ട് അയാൾ ചുറ്റിലും നോക്കി. താനിപ്പോൾ ഏർപ്പെട്ടിരിക്കുന്ന കൗതുകകരമായ അന്വേഷണത്തിലേക്കുള്ള വഴികളാണ് ഈ അലമാരകൾക്കുള്ളിൽ അട്ടിയട്ടിയായി വച്ചിരിക്കുന്നതെന്ന ബോധത്തിൽ അയാൾ വന്യമായി ആനന്ദിച്ചു.
സെക്രട്ടറി പുസ്തകങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയ വലിയ ചട്ടയുള്ള പുസ്തകം അയാൾക്ക് നേരെ നീക്കി. ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും ക്രമനമ്പർ, വിഭാഗം, പേര്, രചയിതാവിന്റെ പേര്, ഭാഷ എന്ന ക്രമത്തിൽ അതിൽ രേഖപ്പെടുത്തിയിരുന്നു. നാലോ അഞ്ചോ പേജുകൾക്കപ്പുറം അയാളുടെ വിരലുകൾ ഖസാക്കിന്റെ ഇതിഹാസത്തിനെ തൊട്ടു.
‘ഇത് മതി, എം എൻ 6675’, അയാൾ പറഞ്ഞു.
‘ഇതിഹാസമല്ലേ... ആ നമ്പർ മനഃപാഠമാണ്’. സെക്രട്ടറി ചിരിച്ചു കൊണ്ട് എഴുന്നേറ്റ് അലമാരകൾക്കിടയിലേക്ക് നടന്നു. അയാളപ്പോൾ ശൂന്യമായ ആ കസേരയിലേക്ക് നോക്കി. ചുരുണ്ട മുടികളുള്ള ആ പെൺകുട്ടി ഇപ്പോൾ അവിടെ വന്നിരിക്കുമെന്ന് ഒരു നിമിഷം അയാൾ ചിന്തിച്ചു. അപ്പോഴേക്കും സെക്രട്ടറി പുസ്തകവുമായി തിരികെ വന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം അയാൾ പുസ്തകം വാങ്ങി. പിന്നെ സെക്രട്ടറിയെ നോക്കി ചോദിച്ചു.
‘ഇവിടുണ്ടാരുന്ന കുട്ടി ആത്മഹത്യ ചെയ്തതാണോ?’, ചോദിച്ച് കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് അയാൾക്ക് തോന്നി.
‘അതെ. എന്തോ ലവ് ഇഷ്യൂ. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊക്കെയല്ലേ കാരണം വേണ്ടൂ’, സെക്രട്ടറി ലാഘവത്തോടെ പറഞ്ഞു. ഒന്ന് ചിരിച്ചെന്ന് വരുത്തി പുറത്തേക്കിറങ്ങി. ദൂരെ അനാഥമായ ചായക്കടയ്ക്ക് നേരെ നോക്കി. റഹീമിന് കുറിപ്പുകൾ വായിച്ചുകൊടുക്കുന്ന ഓർമ്മ അയാളുടെ മനസ്സിൽ നിറഞ്ഞു.
പിന്നീടുള്ള ആഴ്ച്ചകളൊക്കെ അയാൾ പതിവിലുമധികം ഉത്സാഹവാനായിരുന്നു. ലൈബ്രറിയിലേക്ക് പോകാനും, ഡയറിയിൽ കുറിപ്പുകൾ എഴുതാനുമൊക്കെ ഭ്രാന്തമായ ആവേശം കാണിച്ചു.
‘നിങ്ങൾക്കിപ്പോൾ എല്ലാത്തിനും നല്ല ഉഷാറാണല്ലോ’, ഒരു ദിവസം പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോൾ ഭാര്യ പറഞ്ഞു.
‘ഞാനൊരു ഗവേഷണത്തിലാണ്’, അയാൾ ചിരിച്ചു.
ലൈബ്രറിയിലെ രജിസ്റ്ററിൽ അയാൾ എടുക്കുന്ന പുസ്തകങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. നാലുകെട്ട് തിരിച്ചുകൊടുക്കാൻ ചെന്നയന്ന് ‘സാറെത്ര പെട്ടെന്നാണ് പുസ്തകങ്ങൾ വായിച്ചു തീർക്കുന്നതെന്ന്’ സെക്രട്ടറി അതിശയിച്ചു. അതിന് കൃത്യമായ മറുപടി പക്കലുണ്ടായിട്ടും അയാൾ വെറുതെ ചിരിച്ചു തള്ളി.
അന്ന്, വീട്ടിലെത്തിയപ്പോൾ തനിക്ക് തലവേദന തീരെ സഹിക്കാൻ കഴിയുന്നില്ലെന്ന് ഭാര്യ പറഞ്ഞു.
‘തലവേദന വന്നിട്ട് എന്റെ അറിവില് ആരും മരിച്ചിട്ടില്ല’, അയാൾ പറഞ്ഞു. ആ സ്ത്രീ അത്ഭുതത്തോടെ അയാളെ നോക്കി.
‘അതിന് നിങ്ങളുടെ അറിവില് ഈ ലോകത്ത് ആരാ മരിച്ചിട്ടുള്ളത്’, അവർ ചോദിച്ചു.
അയാൾ ഡയറി തുറന്ന് മേശപ്പുറത്തുവച്ച് ഉറക്കെ ചിരിച്ചു. അവർ ഭയന്നുകൊണ്ട് പിന്നിലേക്ക് മാറി നിന്നു. അപ്പോൾ ഡയറിയിലെ പേജുകളിൽ നിന്ന് ഒട്ടേറെ പേർ തങ്ങളുടെ മരണകാരണം വെളിപ്പെടുത്തിക്കൊണ്ട് അവർക്കുമുന്നിൽ നിരന്നു നിന്നു. അയാളവരെ ഓരോരുത്തരെയായി വായിച്ചെടുത്തു.
1) ജെറിമെഡി ഡി സെന്റ് അമോർ - അഭയാർത്ഥി യുദ്ധവീരനായ ഇയാൾ സ്വർണസയനൈഡിന്റെ തീക്ഷ്ണഗന്ധമുള്ള പുക ശ്വസിച്ചു മരിച്ചു.
2) കോന്തുണ്ണി - പാഷാണം കലക്കിയ ആട്ടിറച്ചി വയറ്റിലെത്തി മരിച്ചു.
3) പിയാട്രോ ക്രെസ്പി - മണികണ്ഠം കത്തി കൊണ്ട് മുറിച്ച് മരിച്ചു.
4) പേരില്ലാത്ത ഒരുവൻ - ശരീരത്തിലെ വാല് പോലുള്ള വളർച്ച കൂട്ടുകാരന്റെ സഹായത്തോടെ ഇറച്ചിക്കത്തി കൊണ്ട് അരിഞ്ഞപ്പോൾ രക്തം വാർന്നു മറിച്ചു.
5) ഹെക്റ്റർ - ശരീരത്തിൽ കുന്തം കുത്തിയിറക്കി അക്കിലസ് കൊന്നു.
6) രവി - പാമ്പ് കൊത്തി മരിച്ചു.
7) കുട്ടാപ്പുനരി - പെരുമ്പനി പിടിച്ച് മരിച്ചു.
8) കുട്ടാടൻ പൂശാരി - വസൂരി പിടിച്ച് മരിച്ചു.
9) അമരാന്റ - പ്രായാധിക്യം വന്നു മരിച്ചു. വേദനയും ഭയവും വെറുപ്പും ഒന്നും കൂടാതെയുള്ള മരണം.
10) ഡോക്ടർ അർബിനോ - പറന്നുപോയ വളർത്തു തത്തയെ പിടികൂടുന്നതിനിടയിൽ ഏണിയിൽ നിന്നും കാൽ വഴുതി വീണ് മരിച്ചു.
ഓരോരുത്തരും വിഷാദം മുറ്റിയ മുഖത്തോടെ അയാളെ നോക്കി. അയാളുടെ മുഖത്ത് ദുഃഖം നിറഞ്ഞു. പൊടുന്നനെ അത് തിളക്കമായി രൂപാന്തരപ്പെട്ടു.