1970-80 കളിൽ നമ്മുടെ നാട്ടിൽ എഴുതപ്പെട്ട ജനപ്രിയ കുറ്റാന്വേഷണ നോവലുകളാണ് ഞാൻ പത്താം ക്ലാസ് വരെ വായിച്ചത്. അതല്ലാതെ കാര്യമായി ഒന്നും അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ കിട്ടാനില്ലായിരുന്നു. ഇംഗ്ലീഷിലുള്ള ആർതർ കോനൻ ഡോയൽ, അഗതാക്രിസ്റ്റി തുടങ്ങിയവരെ ഞാൻ കോളജിൽ ചെന്നശേഷമാണ് വായിക്കുന്നത്.
അക്കാലത്ത് എപ്പോഴും അഗതാക്രിസ്റ്റിയുടെ ഏതെങ്കിലും നോവലുമായി നടക്കുന്ന പെൺകുട്ടി കോളജിൽ ഉണ്ടായിരുന്നു. അത്രേം മെലിഞ്ഞുനേർത്ത ഒരാളെ ഞാൻ പിന്നീടൊരിക്കലും കണ്ടിട്ടില്ല. ഒരു ദിവസം ഞാൻ രാവിലെ കോളജിലേക്കുള്ള കുന്ന് കയറുമ്പോൾ കുറച്ച് അകലെ അവൾ തനിച്ചുപോകുന്നതു കാണുകയും അവൾക്കൊപ്പമെത്താൻ ഓടുകയും ചെയ്തു.
എന്റെ കിതപ്പ് കണ്ട് അവൾ അമ്പരന്നത് എനിക്ക് ഓർമയുണ്ട്. എന്തിനാണ് ഓടിയത്, എന്താ പ്രശ്‌നം എന്ന് അവൾ ചോദിക്കുകയും ചെയ്തു. ഇപ്പോൾ ഓർക്കുമ്പോൾ ലജ്ജാകരമായിരുന്നു ആ സന്ദർഭം.
എനിക്ക് അവളുടെ പേര് അറിയണമായിരുന്നു. പേരു ചോദിക്കാനായി ഒരാൾ എന്തിനാണ് ഓടിക്കിതയ്ക്കുന്നത് എന്ന് അവൾ ചോദിച്ചു.
പിന്നീട് ഞങ്ങൾ ലൈബ്രറിയിലും വഴിയിലും ഇടയ്ക്കു കാണുകയും സംസാരിക്കുകയും ചെയ്തുപോന്നു. അവളെ ആകർഷിക്കുന്ന എന്താണ് ആ നോവലുകളിലുള്ളത് എന്നറിയാനായിരുന്നു ഞാൻ ആദ്യമായി അഗതാക്രിസ്റ്റി വായിച്ചത്.
ആ പെൺകുട്ടി പോയശേഷം എനിക്ക് അഗതാക്രിസ്റ്റിയെ വായിക്കേണ്ടിവന്നിട്ടില്ല. ആൻഡ് ദെൻ ദെയർ വെയർ നൺ എന്ന അഗതാക്രിസ്റ്റിയുടെ അപാരമായ നോവൽ ഞാൻ അങ്ങനെയാണ് വായിച്ചത്. കടലിൽ വലയിൽ കുടുങ്ങുന്ന ഒരു കുപ്പിക്കുള്ളിലാണ് ആ നോവലിലെ കൊലപാതക രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ചിരുന്നത്.
ദുരൂഹമായ ഒരു കൃതി
ബോർഗെസിന്റെ മനോഹരമായ ഒരു ലേഖനത്തിൽ, ഡിറ്റക്ടീവ് ഫിക്ഷൻ ധിഷണയുടെ കലയാണെന്ന് പറയുന്നുണ്ട്. എഡ്ജർ അലൻ പോയെക്കുറിച്ചുള്ളതാണ് ലേഖനം. ഒരു ക്രൈം സംഭവിക്കുന്നു, അതിനു പിന്നിൽ ആരാണെന്ന് കുറ്റാന്വേഷകൻ തെരഞ്ഞുപോകുന്നു. ഒടുവിൽ കുറ്റവാളിയെ പിടിക്കുന്നു ഇതാണല്ലോ അതിന്റെ ഒരു രീതി.
കുറ്റവാളിയെ പിടിക്കുന്നതിനേക്കാൾ, കുറ്റകൃത്യത്തെ ആവിഷ്‌കരിക്കുകയാണ് ഡിറ്റക്ടീവ് ഫിക്ഷനിലെ ഇന്റലിജൻസ് എന്ന് ബോർഗെസ് വാദിക്കുന്നുണ്ട്. എന്നെ ഏറ്റവും ആകർഷിച്ച ഒരു പരാമർശം, ഒരു സുന്ദരിയുടെ കൊലപാതകം അല്ലെങ്കിൽ ദുരൂഹ മരണം, അത്രത്തോളം ജിജ്ഞാസയുണർത്തുന്ന ഒരു ഘടകം കഥയിൽ മറ്റൊന്നുമില്ല എന്നതാണ്.
ഓരോ കാലത്തും ഡിറ്റക്ടീവ് ഫിക്ഷനിലെ പ്രധാന മോട്ടിഫ് അതായിരിക്കും.
നാട്ടിലെ ഒരു ലൈബ്രറിയെക്കുറിച്ച് പറഞ്ഞല്ലോ. അവിടെനിന്ന് ഹൈസ്‌ക്കൂളിലായിരിക്കെ വേനലവധിക്ക് ഒരു പുസ്തകം കിട്ടി. ബൈൻഡ് ചെയ്ത ഒരു നോട്ടുപുസ്തകത്തിൽ കാലിഗ്രാഫിയിലെന്നപോലെ എഴുതിയ ഒരു കഥയായിരുന്നു അത്.
ബൈൻഡിങ്ങിനുള്ളിൽ ആദ്യ താളിൽ സുന്ദരിയായ യുവതി കണ്ണാടി നോക്കുന്ന ഒരു ചിത്രമായിരുന്നു. ഇന്ത്യൻ ഇങ്ക് കൊണ്ട് വരച്ചത്. പക്ഷേ, അതിൽ ഗ്രന്ഥകർത്താവിന്റെയോ പുസ്തകത്തിന്റെയോ പേരുണ്ടായിരുന്നില്ല.
ലൈബ്രറിയിൽ അത് എവിടെനിന്നു വന്നുവെന്ന് ആർക്കുമറിയില്ലായിരുന്നു. പുസ്തകലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, കുറ്റാന്വേഷണ കഥകളുടെ റാക്കിൽ പല പുസ്തകങ്ങൾക്കിടയിൽ അതു വായനക്കാരെ കാത്തിരുന്നു.
ആരായിരിക്കും ഇതെഴുതിയത് എന്ന ചോദ്യത്തോടെയാണ് ആ വായന തുടങ്ങിയത്. അക്കാലത്ത് വായിച്ച ഡിറ്റക്ടീവ് കഥകളുടെ മാതൃകയിൽ നോട്ടുപുസ്തകങ്ങളിൽ കഥയെഴുതുന്ന പതിവ് ഞാനും ശീലമാക്കിയിരുന്നതിനാൽ ഈ കണ്ടെത്തൽ എന്നെ ആഹ്ലാദിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്തു.
രണ്ടു ദിവസം കൊണ്ട് ഞാൻ ആ നോവൽ വായിച്ചുതീർത്തു. അതൊരു നോവലായിരുന്നുവോ എന്നു ചോദിച്ചാൽ, നൂറോളം താളുകളിൽ മിഴിവാർന്ന കൈപ്പടയിലെഴുതിയ ക്രൈം സ്റ്റോറിയായിരുന്നു അത്.
വളരെ വിദൂരമായ ഒരിടത്ത് ആഫ്രിക്ക പോലെ ഒരു ഭൂഖണ്ഡത്തിലെ ജനവാസം കുറഞ്ഞ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കഥ പറയുന്നത് ഒരു യുവതിയാണ്. അവർ വിവാഹിതയായി ഭർത്താവിനൊടൊപ്പം അപരിചിതമായ ആ സ്ഥലത്ത് എത്തുകയാണ്.
അവിടെയുള്ള കൽക്കരി ഖനിയിലാണ് ഭർത്താവിനു ജോലി. ഗ്രാമവാസികൾ ഖനിയിലെ ജോലിക്കാരും. ആ ഖനിയോടു ചേർന്ന് ഒരു വനം, വനത്തിലൂടെയാണ് ഖനിയിലേക്ക് വഴി. ഇടയ്ക്കിടെ വനപാതയിൽ പെൺകുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ പ്രത്യക്ഷപ്പെടും. മൃഗങ്ങളോ മറ്റോ തിന്നിട്ട് ഉപേക്ഷിക്കുന്നതുപോലെയായിരുന്നു അത്.
നോവലിലെ ഓരോ ചാപ്റ്റർ കഴിയുമ്പോഴും കവറിൽ കണ്ട സ്ത്രീ രൂപത്തിന്റെ മറ്റൊരു പോസിലുള്ള പടം വരച്ചു ചേർത്തിരുന്നു. സായാഹ്നപ്രഭയിൽ ഭയങ്കര ഭാവത്തോടെ ആടിയുലയുന്ന മരങ്ങളുടെ ഒരു ദൃശ്യം നോവലിൽ ഇടയ്ക്കിടെ വരും.
ഒരു ട്രക്കിൽ ഖനിയിലേക്ക് യുവതിയുടെ ഭർത്താവ് പോകുന്ന വനപാതയുടെ ഇരുഭാഗത്തുമുളള പ്രത്യേകതരം മരങ്ങളായിരുന്നു അവ. പകൽസമയം ഉറങ്ങിയപോലെ നിൽക്കുന്ന ആ മരങ്ങൾ രാത്രിയാകുന്നതോടെ മാസംഭോജികളായി ഉണരും. ആ വഴി വരുന്ന എല്ലാ ജീവികളെയും, മനുഷ്യരെ അടക്കം തിന്നും.
ആഖ്യാതാവായ യുവതിക്ക് ഈ വിവരം എവിടെനിന്ന് കിട്ടിയെന്നു വ്യക്തമല്ല, വീട്ടിൽനിന്ന് പുറത്തിറങ്ങാതെ ജനാലയിലൂടെ പുറംലോക കാഴ്ചകൾ മാത്രം കാണുന്ന ആ യുവതി എപ്പോഴും ഒരു അതിഥിയെ പ്രതീക്ഷിച്ചെന്നപോലെ ഉടുത്തൊരുങ്ങിയിരുന്നു. ആ മരങ്ങളുടെ മാംസഭോജനം സംബന്ധിച്ച വിവരണം എന്നെ ഭയപ്പെടുത്തി.
എന്റെ തറവാട്ടിലേക്കുപോകുന്ന വഴിയിൽ ദേഹമെല്ലാം മുഴ വന്നതുപോലെ വിചിത്രമായ തായ്ത്തടികളുള്ള മരങ്ങളുണ്ടായിരുന്നു. അവയുടെ വൈരൂപ്യം എന്നും എന്നെ ഭയപ്പെടുത്തി. നോവലിൽ വിവരിക്കുന്ന മരങ്ങൾ അതാണോ എന്നു സംശയം ശക്തമായപ്പോൾ അതൊരു പേടിസ്വപ്നം പോലെ പിന്തുടർന്നു.
യുവതിയുടെ ഭർത്താവ് ഗ്രാമീണ സ്ത്രീകളെ കൊന്നുതള്ളുന്നതാണ് ആ കഥയുടെ ക്‌ളൈമാക്‌സ് എന്നാണ് എന്റെ ഓർമ. ഭർത്താവാണ് കുറ്റവാളി എന്ന് യുവതി കണ്ടെത്തുന്നു. അവളെയും കൊലപ്പെടുത്തുന്നതിനു മുൻപ് അയാൾ താൻ ചെയ്തതെല്ലാം ഏറ്റുപറയുകയാണ്. എന്റെ അന്ത്യത്തോടെ ഈ കഥയും അവസാനിക്കുന്നു എന്നു വായനക്കാരോടു പറയുകയാണ് അവസാന താളിൽ.
എന്താണു കുറ്റകൃത്യത്തിനു പിന്നിൽ, കുറ്റവാളി പിടിക്കപ്പെടുമോ എന്നുള്ള സംശയങ്ങൾക്കൊന്നും മറുപടി തരാതെയാണത് അവസാനിച്ചത്.
പിന്നീടൊരിക്കൽ ഈ കഥ തെരഞ്ഞ് ലൈബ്രറിയിൽ വീണ്ടും പോയി. അപ്പോഴേക്കും ലൈബ്രറിയുടെ പ്രവർത്തനം അവസാനിച്ചുപോയിരുന്നു. പുസ്തകങ്ങളെല്ലാം ഒരു മുറിയിൽ തള്ളി പൂട്ടിവച്ചിരിക്കുകയായിരുന്നു.
വളരെ ശ്രമിച്ചശേഷം ആ മുറിയുടെ താക്കോൽ സംഘടിപ്പിച്ച് കുറേ തെരഞ്ഞെങ്കിലും പഴയ നോട്ടുപുസ്തകത്തിലെ കഥ കണ്ടുകിട്ടിയില്ല. അതെവിടെ പോയെന്നോർത്ത് കുറേദിവസം ഞാൻ വല്ലാതെ വിഷമിച്ചു. ഒരു കാലത്ത് ഞങ്ങളുടെ നാട്ടിലെ പവർഹൗസിൽ ഉദ്യോഗസ്ഥരായി പുറമേ നിന്നുള്ള ഒരുപാടുപേർ നാട്ടിൽവന്നു താമസിച്ചിരുന്നു. ജോലിസമയം കഴിഞ്ഞാൽ നേരംപോക്കിന് ഒന്നുമില്ലാതിരുന്ന ഒരു മനുഷ്യൻ താൻ വായിച്ച അഗതാക്രിസ്റ്റിയും ആർതർ കോനൻ ഡോയലും ഒക്കെ വച്ച് ഉണ്ടാക്കിയെടുത്ത ഒരു കഥയാകും അത് എന്നു ഞാൻ സമാധാനിച്ചു.
പക്ഷേ, എന്തുകൊണ്ടാണ് ആ നോവലിന് ഒരു പേരിടാതിരുന്നത്. ഗ്രന്ഥകാരൻ തന്റെ പേര് മറച്ചുവച്ചത് എന്തിനാണ്. അത് മറ്റെവിടെനിന്നെങ്കിലും അയാൾ പകർത്തിയെഴുതിയതു കൊണ്ടാകുമോ... ചിലപ്പോൾ പവർഹൗസിലെ ഉദ്യോഗസ്ഥരുടെ ഭാര്യമാരിൽ ആരെങ്കിലും നേരംമ്പോക്കിന് എഴുതി ലൈബ്രറിയിൽ കൊണ്ടുവന്ന് ഒളിപ്പിച്ചുവെച്ചു പോയതാകാനും വഴിയുണ്ട്.
സാത്താന്റെ ലൈസൻസ്
ഡിറ്റക്ടീവ് ഫിക്ഷൻ പ്രത്യേക ഇനം വായനക്കാരനെ സൃഷ്ടിച്ചുവെന്നാണ് ബോർഗെസ് എഴുതിയത്. ആ വായനക്കാരനാകട്ടെ പോയുടെ കണ്ടുപിടിത്തവും. ഭാവനയുടെ സ്രോതസ്സ് അവർക്ക് ബുദ്ധിയാണ്, ദൈവികമായ പ്രചോദനമൊന്നുമല്ല. എഴുത്തും സാഹിത്യവും ബുദ്ധിയുടെ, മനസ്സിന്റെ ഉൽപന്നമാണെന്ന് ഡിറ്റക്ടീവ് കഥകൾ തെളിയിച്ചു. അഭിജാതമായ സാഹിത്യത്തിന്റെ പുറമ്പോക്കിൽനിന്നാണത്രേ ഡിറ്റക്ടീവ് ഫിക്ഷൻ ഉയിർക്കൊണ്ടത്.
എഡ്ജർ അലൻ പോയുടെ ബ്‌ളാക് ക്യാറ്റ് എന്ന കഥയാണ് ചെറുപ്പത്തിൽ വായിച്ച ആ ഡിറ്റക്ടീവ് കഥയ്ക്കുശേഷം ശക്തമായ ആന്തരികഭയം എന്നിലുണ്ടാക്കിയത്.
കുറ്റകൃത്യം ചെയ്യാൻ ലൈസൻസ് ഉള്ളത് സാത്താനുമാത്രമാണ്. നിങ്ങൾ ഇയ്യോബിന്റെ പുസ്തകം വായിച്ചുനോക്കൂ- അതിൽ ഇയ്യോബിനെയും കുടുംബത്തെയും ഉപദ്രവിക്കാൻ, ഒരു പാവം മനുഷ്യനെതിരെ കുറ്റം ചെയ്യാൻ സാത്താന് ദൈവം അനുമതി കൊടുക്കുകയാണ്. സാത്താൻ കുറ്റകൃത്യത്തിലൂടെയാണ് ആവിഷ്‌കൃതമാകുന്നത്.
ഇയ്യോബിന്റെ പുസ്തകം വായിച്ചുകഴിയുമ്പോഴും ജോബ് നേരിട്ട അനീതികൾക്ക് ഉത്തരമില്ലെന്നു കാണാം. സാത്താൻ ശിക്ഷിക്കപ്പെടുകയില്ല, എന്നാൽ തിന്മയുടെ വാസനകളെ പിന്തുടരുന്നവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.
തിന്മയുടെ അഗാധതയിൽനിന്നുള്ള ഒരു കരച്ചിലിന്റെ കഥയാണ് ബ്ലാക് ക്യാറ്റ്. ആഖ്യാതാവിന് ഒരു കറുത്ത പൂച്ചയുണ്ടായിരുന്നു. പ്ലൂട്ടോ എന്നായിരുന്നു പേര്. എത്ര നല്ല സൗഹൃദമായിരുന്നു അവർ തമ്മിൽ. ഒരു ദിവസം മദ്യലഹരിയിൽ വീട്ടിൽ തിരിച്ചെത്തുമ്പോൾ പൂച്ച തന്നെ മൈൻഡ് ചെയ്യുന്നില്ലെന്ന് അയാൾക്കു തോന്നി. പൂച്ച തന്നെ ശ്രദ്ധിക്കാതിരുന്നത് അയാളിൽ രോഷമുയർത്തി. അയാൾ ആ ജീവിയെ പിടികൂടി അതിന്റെ ഒരു കണ്ണ് കത്തികൊണ്ട് ചൂഴ്‌ന്നെടുത്തു.
പിറ്റേന്ന് അയാൾക്ക് തന്റെ പ്രവൃത്തിയിൽ വിഷമം തോന്നിയെങ്കിലും പൂച്ചയോടുളള പഴയ അടുപ്പം നഷ്ടമായിരുന്നു. താമസിയാതെ പൂച്ചയുടെ കണ്ണിലെ മുറിവുണങ്ങി അത് ഒറ്റക്കണ്ണനായി വീട്ടിൽ ഓടിനടക്കാൻ തുടങ്ങി.
മറ്റൊരു ദിവസം അയാൾ ആ പൂച്ചയുടെ കഴുത്തിൽ ഒരു കയറുകെട്ടി അതിനെ തോട്ടത്തിലെ മരക്കൊമ്പിൽ കെട്ടിത്തൂക്കിക്കൊന്നു. ദിവസങ്ങൾക്കുശേഷം ഒരു രാത്രി മറ്റൊരു കറുത്ത പൂച്ച അയാളെ തേടിവരികയാണ്. അത് അയാളുടെ ഓമനയായി മാറി. അതിനും ഒരു കണ്ണില്ലായിരുന്നുവെന്നത് അയാളെ അത്ഭുതപ്പെടുത്തിയെങ്കിലും അയാളും ഭാര്യയും പോകുന്നിടത്തെല്ലാം അതും കൂടെ നടന്നു.
ഇടിഞ്ഞുപൊളിഞ്ഞ പഴയ വീട്ടിലായിരുന്നു അവരുടെ താമസം. ഒരു ദിവസം അയാളും ഭാര്യയും വീടിന്റെ നിലവറയിലേക്കുപോകവേ ആ പൂച്ചയും ഒപ്പം കൂടി. നിലവറയിൽ ചെന്നപ്പോൾ അയാൾ അവിടെയിരുന്ന കോടാലിയെടുത്ത് ആ ജീവിയുടെ നേർക്ക് ഓങ്ങി. അപ്പോഴേക്കും ഭാര്യ അയാളുടെ കൈയിൽ പിടിച്ചു തടഞ്ഞു. ഇത് അയാളെ ക്ഷുഭിതനാക്കി.
അയാൾ കോടാലി കൊണ്ട് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. മൃതദേഹം നിലവറയുടെ മതിൽ പൊളിച്ച് അതിനകത്ത് അടക്കം ചെയ്തു. മതിൽ പഴയപടി ആക്കി വയ്ക്കുകയും ചെയ്തു. ആ പാവം സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയശേഷം നോക്കുമ്പോൾ പൂച്ചയെ കാണാനില്ല. പുറത്തിറങ്ങി നോക്കിയെങ്കിലും അതിനെ കണ്ടില്ല. രാത്രിയും അത് വരാതായതോടെ അയാൾ സമാധാനത്തോടെ കിടന്നുറങ്ങി.
തണുത്ത രക്തപ്രവാഹമുള്ള അലൻ പോയുടെ കഥയുടെ അന്ത്യമാണ് ഏറ്റവും ഭയങ്കരം. നാലഞ്ചുദിവസം കഴിഞ്ഞ് ഒരു സംഘം പൊലീസുകാർ അയാളുടെ വീട്ടിലെത്തി. അവർ വീടു മുഴുവൻ പരിശോധിച്ചു. ഒടുവിൽ നിലവറയിലെത്തി.
പൊലീസ് അവിടെയെല്ലാം പരിശോധിച്ച് ഒന്നും കാണാതെ മടങ്ങുമ്പോൾ അയാൾ അവരോട് വിളിച്ചുപറയുകയാണ്, അല്ല, നിങ്ങൾ പോകുകയാണോ നോക്കൂ, ഈ മതിലെല്ലാം നല്ല ഭംഗിയായി പണിതതാണ്... എന്നിട്ട് ഒരു കമ്പ് കൊണ്ടു മതിലിൽ കുത്തുകയാണ്- ഭാര്യയുടെ മൃതദേഹം അടക്കം ചെയ്ത അതേസ്ഥലത്ത്. അപ്പോഴാണ് അതിനുള്ളിൽനിന്ന് ഒരു കരച്ചിൽ, അമർത്തിയ സ്വരത്തിൽ. ഒരു കുഞ്ഞിന്റെ തേങ്ങൽ പോലെ. ഒരു വിലാപം. നരകത്തിൽനിന്നെന്ന പോലെ, ശപിക്കപ്പെട്ടവരുടെ തൊണ്ടയിൽനിന്നെന്നപോലെ.
പൊലീസ് മതിൽ പൊളിച്ചതോടെ അതിൽനിന്ന് അഴുകിത്തുടങ്ങിയ ആ സ്ത്രീയുടെ മൃതദേഹം പുറത്തേക്കു ചാടി. ആ മൃതദേഹത്തിന്റെ തലയിൽ ഒറ്റക്കണ്ണിൽ തീയും ചുവന്ന വായുമായി അത് ഇരിപ്പുണ്ടായിരുന്നു- ആ കറുത്ത പൂച്ച.
ഭാര്യയുടെ മൃതദേഹം മതിലിനകത്തുവെച്ച് മൂടിയപ്പോൾ കൂട്ടത്തിൽ അയാൾ ആ പൂച്ചയെയും അറിയാതെ അടക്കം ചെയ്തുപോയിരുന്നു.
Violence is like poetry, it doesn't correct itself
സ്‌കൂൾ വിദ്യാർഥിയായിരിക്കെ വായിച്ച, ഓതറുടെ പേരില്ലാത്ത ആ നോട്ടുപുസ്തകത്തിലെ കഥയ്ക്കു സമാനമായ പല സംഭവങ്ങളും പിന്നീടു വായിച്ചിട്ടുണ്ട്. സുന്ദരികളുടെ മരണങ്ങളും അതിനു പിന്നിലെ രഹസ്യങ്ങളും എത്രയോ കഥകളായി വായിക്കുന്നു.
ഹാവിയർ മരിയാസിന്റെ മിക്കവാറും നോവലുകളിൽ ഒരു കുറ്റകൃത്യം പിന്തുടർന്നാണ് കഥയും കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. എ ഹാർട്ട് സോ വൈറ്റിലെ നായിക, തീൻമേശയിൽനിന്ന് എഴുന്നേറ്റു പോയി കണ്ണാടി നോക്കിയാണു സ്വയം നിറയൊഴിക്കുന്നത്.
ടുമാറോ ഇൻ ദ് ബാറ്റിൽ തിങ്ക് ഓൺ മീ എന്ന നോവലിൽ അയാൾ തൊട്ടടുത്ത ദിവസം പരിചയപ്പെട്ട ഒരുയുവതിയുടെ ഫ്‌ളാറ്റിലേക്ക് രാത്രി ചെല്ലുകയാണ്. അവളുടെ പേരു പോലുമറിയില്ല. പക്ഷേ, അവൾ വിളിച്ചിട്ടാണ് പോകുന്നത്. അവിടെ ആ ഫ്‌ളാറ്റിൽ അന്നുരാത്രി ആ യുവതി അയാളുടെ കൈകളിൽ കുഴഞ്ഞുവീണു മരിക്കുകയാണ്.
അവളുടെ കുഞ്ഞ് അടുത്തമുറിയിൽ ഉറങ്ങുന്നുണ്ട്. നിങ്ങൾ എന്തു ചെയ്യും, ഇറങ്ങിയോടുമോ. അതോ ആ കുഞ്ഞ് ഇടയ്ക്കുണർന്നാൽ എന്തു ചെയ്യുമെന്നോർത്ത് അവിടെത്തന്നെ നില്ക്കുമോ...
ബൊലാനോയുടെ 2666 എന്ന നോവലിന്റെ ആദ്യഭാഗം മുഴുവനും മെക്‌സിക്കോ അതിർത്തിയിലെ ഒരു പട്ടണത്തിൽ പെൺകുട്ടികൾ തുടർച്ചയായി കൊല്ലപ്പെടുന്നതാണ്.
മൃതദേഹങ്ങളുടെ വിശദമായ വിവരണങ്ങൾ വായിച്ചാൽ പുസ്തകം താഴെ വച്ച് നിങ്ങൾ എഴുന്നേറ്റു പോകും. ബൊലാനോയുടെ കവിതകളിലാകട്ടെ അസാധാരണമായ ഒരു സായാഹ്നം കണ്ടുനില്ക്കുന്ന നിരാശനും ഏകാകിയുമായ ഡിറ്റക്ടീവിനെ കാണാം.
Violence is like poetry, it doens't correct itself. നല്ല കഥ വായിക്കുന്നയാൾ നല്ല ഡിറ്റക്ടീവ് ഫിക്ഷൻ തന്നെയാവും വായിക്കുക. അതുകൊണ്ടാണു പറയുന്നത്, നിങ്ങൾ കാരമസോവ് ബ്രദേഴ്‌സ് വായിക്കൂ, അല്ലെങ്കിൽ ക്രൈം ആൻഡ് പണിഷ്‌മെന്റ്. രണ്ടിടത്തും മനുഷ്യജീവിതത്തിൽ കുറ്റകൃത്യങ്ങളുടെ അഗാധമായ സാന്നിധ്യമാണ് ബന്ധങ്ങളെ സങ്കീർണമാക്കുന്നത്. ഇപ്രകാരം, വലിയ നോവലുകൾ വലിയ ഭയാനകതകളുടെ, വലിയ ആത്മീയവേദനകളുടെ ആവിഷ്‌കാരമാകുന്നു.
അജയ് മാങ്ങാട്ടിന്റെ കഥ-തീയും വെള്ളവും