അജിജേഷ് പച്ചാട്ട്

മുറിപ്പാടോരം

​ഒരിക്കൽ പോണം, ടീച്ചറെ കാണണം. മുൻധാരണയുടെ പേരിൽ ഞാനെഴുതിയതിന് മനസ്സറിഞ്ഞ് ക്ഷമ ചോദിക്കണം, ആ കൈയ്യിൽ അത്യധികം സ്നേഹത്തോടെ ഒന്ന് തൊടണം...

ല്ലാവരേയും പോലെ എനിക്കും ചില ദിവസങ്ങളിൽ കിളി പാറിയതുപോലുള്ള അവസ്ഥയുണ്ടാകാറുണ്ട്...

എഴുത്തും വായനയും ഒന്നും നടക്കാതെ അന്തംവിട്ടുള്ള അലച്ചിലാണ് അന്നേരം. ചിലപ്പോൾ വീട്ടിൽ നിന്നിറങ്ങി പുറത്തെവിടെയെങ്കിലും പോയി ഒറ്റയ്ക്കിരിക്കും. അതല്ലെങ്കിൽ നല്ല തിരക്കുള്ള പെട്ടിപ്പീടികയിൽ പോയി ഒരു ചായ കുടിക്കും. അതുമല്ലെങ്കിൽ തൊടിയിലേക്കിറങ്ങി തേരാപാരാ നടക്കും.

ലാൻറ്​ ചെയ്യാൻ കഴിയാത്ത വിമാനം പോലെ അലയുന്ന അവസ്ഥയിലേക്ക് അമ്മ പതുക്കെ തലയിട്ടുനോക്കും, ""എന്തേ മോനേ, എറങ്ങാൻള്ള സിഗ്നലൊന്നും കിട്ടീലേ? രാവ്‌ലെ തൊടങ്ങീതാണല്ലോ..''

""നല്ല മഴക്കാറാ, ഞാൻ എറങ്ങിക്കോണ്ട് ട്ടാ.'' കൗണ്ടർ നമ്മുടെ അടുത്തും കുറവല്ലല്ലോ, അല്ല പിന്നെ.

അതുമാത്രമല്ല, ആത്മവിശ്വാസത്തിലും ഒട്ടും പിറകിലല്ല.
അങ്ങനെയൊക്കെ പറയും, എന്നാൽ വല്ലതും നടക്ക്വോ? എവടെ! പിന്നെ ചില ഉഡായിപ്പുകളാണ്.

ഉച്ചയിലാണ് എനിക്കൊരു കോള് വരുന്നത്. നോക്കിയപ്പോൾ അറിയാത്ത നമ്പരാണ്. എടുത്തപ്പോൾ ഒരു സ്ത്രീശബ്ദം.

ഒന്നുകിൽ എഴുതിക്കൊണ്ടിരിക്കുന്ന നോവൽ നിവർത്തും, അതല്ലെങ്കിൽ പാതി വെച്ച് നിർത്തിയ കഥയെടുക്കും. അതും ശരിയായില്ലെങ്കിൽ പുതിയതായി തുന്നിക്കൂട്ടിയ സമാഹാരത്തിന്റെ പ്രൂഫെടുത്ത് നോക്കും. എങ്ങനെയെങ്കിലും വൈകുന്നേരവും രാത്രിയുമൊക്കെയാവും. അന്നത്തെ ദിവസം സ്വാഹ.. പിറ്റേന്നാണ് രസം.

"ഞാനെന്ത് മണ്ടനാണ്, ജീവിതത്തിലെ ഒരു ദിവസം വെറുതേ പോക്കിയില്ലേ ഇന്നലെ?' എന്നെല്ലാം സ്വയം ചോദിച്ച്​ മാരത്തോൺ ഇരുത്തമാണ്. ആര് ഫോൺ വിളിച്ചാലും എടുക്കില്ല, മര്യാദക്ക് ചായക്കോ ചോറിനോ എഴുന്നേൽക്കുകയും ചെയ്യില്ല.
ഏറെക്കുറെ അങ്ങനെയുള്ള ഒരു ദിവസത്തിന്റെ ഉച്ചയിലാണ് എനിക്കൊരു കോള് വരുന്നത്. നോക്കിയപ്പോൾ അറിയാത്ത നമ്പരാണ്. എടുത്തപ്പോൾ ഒരു സ്ത്രീശബ്ദം.
""അജിജേഷല്ലേ..''
""അതെ.''
""എന്നെ മനസ്സിലായോ?''

ചിലപ്പോൾ വീട്ടിൽ നിന്നിറങ്ങി പുറത്തെവിടെയെങ്കിലും പോയി ഒറ്റയ്ക്കിരിക്കും. അതല്ലെങ്കിൽ നല്ല തിരക്കുള്ള പെട്ടിപ്പീടികയിൽ പോയി ഒരു ചായ കുടിക്കും. / Photo: Shafeeq Thamarassery

സത്യത്തിൽ ഞാൻ തിരയുകയായിരുന്നു. അത്രയ്ക്ക് പരിചയമില്ലാത്ത ശബ്ദമാണ്. അൽപ്പം മുതിർന്നയാളാണെന്ന് മാത്രം മനസ്സിലായി. ""ഞാൻ മൃദുലട്ടീച്ചറാണ്.'' എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായി. യു.പി സ്കൂളിലെ ഏറ്റവും ഇഷ്ടമുള്ള ടീച്ചറായിരുന്നു. ഉള്ളിൽ നിന്ന്​ പടച്ചോനേ എന്നുള്ള ഒരു വിളി ഉയർന്നതാണ്. അതിന് കാരണമുണ്ട്, അത് വഴിയെ പറയാം.

""ടീച്ചറേ സുഖാണോ?'' ഞാൻ വേഗം ചോദിച്ചു.
""സുഖം. പിന്നേ, ഞാൻ അറിയുന്നുണ്ട് നിന്നെക്കുറിച്ച് ട്ടോ..''
സാധാരണ അങ്ങനെ കേൾക്കുമ്പോൾ നമുക്കൊരു സന്തോഷമൊക്കെ തോന്നേണ്ടതാണ്. പക്ഷേ എന്റെ ഉള്ള് പിടയാൻ തുടങ്ങി. കാരണം ടീച്ചറിൽ നിന്നും ഒരു ചോദ്യം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഏറെ വൈകിയില്ല, ഒന്നുരണ്ട് കുശലാന്വേഷണങ്ങൾക്കൊടുവിൽ ആ ചോദ്യം വരിക തന്നെ ചെയ്തു.
""അതേയ്.. നീ ഓർമക്കുറിപ്പ് എഴുതിയിരുന്നില്ലേ കുറച്ചുമുമ്പ്? ഒരു ടീച്ചറെ കുറിച്ച്..?''
""അതെ.''
""ശരിക്കും അത് എന്നെക്കുറിച്ചായിരുന്നില്ലേ?''

ആദ്യത്തെ പ്രാവശ്യം ടീച്ചറിന്റെ ചുണ്ടിനെന്തുപറ്റി എന്ന് ചോദിച്ചപ്പോൾ ബാത്‌റൂമിൽ വീണതാണെന്നായിരുന്നു ടീച്ചറിന്റെ ഉത്തരം. പിന്നെയുമൊരിക്കൽ മുറിവ് കണ്ടപ്പോൾ ആ യു.പിക്കാരൻ "ടീച്ചർ ഇന്നും ബാത്‌റൂമിൽ വീണല്ലേ?' എന്ന് അത്യധികം സ്നേഹത്തോടെ ചോദിച്ചു.

എന്റെ അന്നനാളം വഴി ഒരു മുള്ളൻപന്നി പാഞ്ഞു. പായുക മാത്രമല്ല വയറ്റിലേക്ക് ചാടിയ അത് മുള്ളുവിടർത്തി ഒന്ന് കരണം മറിയുകയും ചെയ്തു. തൊണ്ടയിലെ വെള്ളം വറ്റി.

""നമ്പര് കിട്ടാൻ വൈകിയതുകൊണ്ടാ ഇത്രയും കാലമായി വിളിക്കാതിരുന്നത്.''
ശരിയാണ്. വർഷങ്ങൾക്ക് മുമ്പാണ് അത്തരമൊരു കുറിപ്പ് മനോരമ ഓൺലൈനിൽ എഴുതിയത്, "ചുണ്ടോരങ്ങൾ' എന്ന പേരിൽ. ഒരു യു.പി സ്കൂൾ കുട്ടിയുടെ നിഷ്‌ക്കളങ്കമായ ചോദ്യങ്ങളെ പിൻപറ്റിയുള്ള കുറിപ്പായിരുന്നു അത്. ടീച്ചറുടെ ചുണ്ടിൽ മുറിവ് കാണുന്നതും എന്ത് പറ്റിയതാണെന്ന് ചോദിക്കുന്നതും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ആദ്യത്തെ പ്രാവശ്യം ടീച്ചറിന്റെ ചുണ്ടിനെന്തുപറ്റി എന്ന് ചോദിച്ചപ്പോൾ ബാത്‌റൂമിൽ വീണതാണെന്നായിരുന്നു ടീച്ചറിന്റെ ഉത്തരം. പിന്നെയുമൊരിക്കൽ മുറിവ് കണ്ടപ്പോൾ ആ യു.പിക്കാരൻ, "ടീച്ചർ ഇന്നും ബാത്‌റൂമിൽ വീണല്ലേ?' എന്ന് അത്യധികം സ്നേഹത്തോടെ ചോദിച്ചു. അന്ന് പക്ഷേ ടീച്ചർ ക്ലാസ്​ കഴിഞ്ഞ് പുറത്തേക്ക് വിളിപ്പിച്ച്, ഇനി ആവശ്യമില്ലാത്ത ചോദ്യങ്ങൾ ക്ലാസ്സിൽ ചോദിക്കരുതെന്നും പറഞ്ഞ് ശകാരിക്കുകയും ചെയ്തു. അതോടുകൂടി ആ ആറാം ക്ലാസുകാരൻ പിന്നെ ടീച്ചറുടെ ചുണ്ടിലേക്ക് നോക്കിയതേയില്ല.

ടീച്ചർ ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്ക് വിളിപ്പിച്ച് ഇനി ആവശ്യമില്ലാത്ത ചോദ്യങ്ങൾ ക്ലാസ്സിൽ ചോദിക്കരുതെന്നും പറഞ്ഞ് ശകാരിക്കുകയും ചെയ്തു. / Photo: Pexel

പക്ഷേ കാലങ്ങൾക്കുശേഷം ആ കുട്ടി വലുതായി ഒരു കുറിപ്പെഴുതിയപ്പോൾ അതവസാനിച്ചത് നിർഭാഗ്യവശാൽ താഴെ കൊടുത്ത വിധമായിപ്പോയി.
"ഇപ്പോൾ തെല്ല് അപകർഷത്തോടെയും ജാള്യത്തോടെയുമാണ് ഈ കാര്യങ്ങൾ ഓർക്കുന്നത്, കാരണം ചുണ്ടുകളിൽ മാത്രം മുറിവുണ്ടാക്കുന്ന ഒരു വീഴ്ചയും ലോകത്തിൽ സംഭവിക്കുന്നില്ല എന്ന് പരാഗണസജ്ജമായിക്കഴിഞ്ഞ മനുഷ്യജീവി എന്ന നിലയിൽ ഞാൻ മനസ്സിലാക്കുന്നു. അപ്പോൾ പിന്നെ അന്ന് ടീച്ചറുടെ ചുണ്ടോരങ്ങളിൽ കനം വെച്ചിരുന്ന മുറിപ്പാടുകൾക്ക് എന്ത് ചരിത്രമായിരിക്കും പറയാനുണ്ടാകുക?'

കുറച്ചു നേരത്തേക്ക് നിശബ്ദതയായിരുന്നു. പിന്നെ ടീച്ചർ തുടർന്നു. ""എനിക്കറിയാം അത് ഞാനാണെന്ന്. പക്ഷേ ഞാൻ പാടുമായിരുന്നില്ലല്ലോ.. അതിൽ അങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.

ആ വാക്യങ്ങൾ ടീച്ചർ എങ്ങനെയായിരിക്കും വായിച്ചിട്ടുണ്ടാവുക?
എന്തായിരിക്കും കരുതിയിട്ടുണ്ടാവുക? ഏത് വിധത്തിലായിരിക്കും അതിനെ കുറിച്ച് പറയുക? ഒരു മോശം വ്യക്തി എന്ന നിലയിലായിരിക്കുമോ കണ്ടിരിക്കുക?

ചോദ്യങ്ങൾ മനസ്സിൽ കോമ്പലപ്പടക്കം പോലെ പുളഞ്ഞുകയറി.
""അജിജേഷ് ഒന്നും പറഞ്ഞില്ല.'' ടീച്ചറുടെ സംഭാഷണത്തിൽ ചിരി പടർന്നിട്ടുണ്ടെന്ന് എനിക്ക് തോന്നി.
""ടീച്ചറേ.., അതൊരു രഹസ്യമായിട്ടവടെ നിക്കട്ടെ. അതല്ലേ നല്ലത്?''ഞാൻ സൂത്രത്തിൽ പതുക്കെ ഒഴിഞ്ഞുമാറി.

കുറച്ചു നേരത്തേക്ക് നിശബ്ദതയായിരുന്നു. പിന്നെ ടീച്ചർ തുടർന്നു, ""എനിക്കറിയാം അത് ഞാനാണെന്ന്. പക്ഷേ ഞാൻ പാടുമായിരുന്നില്ലല്ലോ.. അതിൽ അങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു. പാടാറുള്ളത് രശ്മി ടീച്ചറല്ലേ..?''
എനിക്കെന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. ആകെ മരവിച്ചുപോയ അവസ്ഥ.

ഒരിക്കൽ പോണം, ടീച്ചറെ കാണണം. മുൻധാരണയുടെ പേരിൽ ഞാനെഴുതിയതിന് മനസ്സറിഞ്ഞ് ക്ഷമ ചോദിക്കണം, ആ കൈയ്യിൽ അത്യധികം സ്നേഹത്തോടെ ഒന്ന് തൊടണം. / Photo: Pexel

""എന്തായാലും കുറിപ്പ് എനിക്ക് ഒരുപാടിഷ്ടമായി. ഒരു തെറ്റിദ്ധാരണ തീർക്കാനും കൂടിയാണ് ഞാനിപ്പോൾ വിളിച്ചത്. അതേയ്, അന്ന് ചുണ്ടിലുണ്ടായിരുന്നത് ഒരു തടിപ്പായിരുന്നു കേട്ടോ. വീണതായിരുന്നില്ല. കുറേക്കാലം സ്ഥിരമായി വരാൻ തുടങ്ങിയപ്പോൾ ഞങ്ങളും ആകെ ഭയന്നു. പിന്നെ ഹോസ്പിറ്റലിൽ കാണിച്ച് ടെസ്റ്റിനെല്ലാം അയച്ചിരുന്നു. ഭാഗ്യത്തിന് മറ്റ് അസുഖങ്ങളൊന്നുമല്ലായിരുന്നു.''
ഒരു വലിയ ഹാമർ കൊണ്ട് തലയുടെ പിന്നാമ്പുറത്ത് അടി കിട്ടിയതുപോലെ ഞാൻ തരിച്ചുപോയി. എനിക്ക് തല കറങ്ങുന്നതുപോലെ തോന്നി.

ഒരു ഭാഗത്ത് ശരിക്കുള്ള ജീവിതം, മറുഭാഗത്ത് നമ്മൾ ധരിച്ചുവെക്കുന്ന ജീവിതം..
എത്രത്തോളം മാറ്റമാണ് രണ്ടും തമ്മിൽ!

എനിക്ക് കരച്ചിൽ വന്നു. ടീച്ചർ പക്ഷേ വളരെ കൂളായിരുന്നു. എന്റെ വിശേഷങ്ങളും പുസ്തകങ്ങളുടെ വിവരങ്ങളും തിരക്കി. വേറെയാരെങ്കിലും ആയിരുന്നേൽ എന്നെ ഏറ്റവും ചുരുങ്ങിയത് നാല് ചീത്തയെങ്കിലും പറയുമായിരുന്നു.

എനിക്ക് കരച്ചിൽ വന്നു. ടീച്ചർ പക്ഷേ വളരെ കൂളായിരുന്നു. എന്റെ വിശേഷങ്ങളും പുസ്തകങ്ങളുടെ വിവരങ്ങളും തിരക്കി. വേറെയാരെങ്കിലും ആയിരുന്നേൽ എന്നെ ഏറ്റവും ചുരുങ്ങിയത് നാല് ചീത്തയെങ്കിലും പറയുമായിരുന്നു. നീയെന്ത് അടുപ്പ്‌ലെ എഴുത്തുകാരനാണെന്ന് ചോദിക്കുമായിരുന്നു. ടീച്ചർ അതിനുപകരം എന്റെ പുസ്തകങ്ങൾ വായിക്കണമെന്ന് പറഞ്ഞു. റിട്ടയർമെന്റിനെ കുറിച്ച് വിശദീകരിച്ചു. ഒരിക്കൽ വീട്ടിൽ വരണമെന്ന് പറഞ്ഞ് ക്ഷണിച്ചു. ഓൺലൈൻ വഴി അപ്പോൾ തന്നെ എല്ലാ പുസ്തകങ്ങളും ഓർഡർ ചെയ്യുകയും ചെയ്തു.

ഒരിക്കൽ പോണം, ടീച്ചറെ കാണണം. മുൻധാരണയുടെ പേരിൽ ഞാനെഴുതിയതിന് മനസ്സറിഞ്ഞ് ക്ഷമ ചോദിക്കണം, ആ കൈയ്യിൽ അത്യധികം സ്നേഹത്തോടെ ഒന്ന് തൊടണം. അങ്ങനെ ഒരു കടം കൂടി ജീവിതത്തിൽ ബാക്കിയാവുന്നു.... ▮


അജിജേഷ് പച്ചാട്ട്

കഥാകൃത്ത്, നോവലിസ്​റ്റ്​. അതിരഴിസൂത്രം, ഏഴാംപതിപ്പിന്റെ ആദ്യപ്രതി എന്നിവ നോവലുകൾ. കിസേബി, ദൈവക്കളി തുടങ്ങിയവ പ്രധാന കഥാസമാഹാരങ്ങൾ.

Comments