മനു തോമസ്

അജ്ഞാതരുടെ രഹസ്യങ്ങൾ

അയാൾ വേഗത്തിൽ ഒരു മൃഗമായി പരിണമിച്ചു. കട്ടിലേൽ  ഉയർന്നുനിന്നിരുന്ന ലൈലമ്മയുടെ മുലക്കണ്ണുകളും തകർത്ത് അതിൻമേലെ മുഖം അമർത്തിയവന്റെ നെറ്റിത്തടം തുളഞ്ഞ് ഉണ്ട ഉള്ളിലേക്ക് പാഞ്ഞുപോയി. ഒരലർച്ചയോടെ ലൈലമ്മ തിരിഞ്ഞുനോക്കി.

ഒന്ന്

ലൈലമ്മയ്ക്കോപ്പം ഭോഗിച്ചുകൊണ്ടിരുന്നപ്പോൾ പങ്കൻ മുക്രയിട്ടത് വെടികൊണ്ട പന്നിയെ പോലായിരുന്നു. തളർന്നുവീഴും മുമ്പ് അവൾ പറയുകയും ചെയ്തു, “പങ്കാ നീയൊരു കാട്ടു പന്നിയെപോലെയാണല്ലോ…”
പങ്കൻ കേട്ടതായി ഭാവിച്ചില്ല.
പക്ഷെ തൃഷ്ണയുടെ അവയവങ്ങൾ താഴ്ന്ന അതേ വേഗതയിൽ അയാളിൽ ആ ചിന്ത പൊന്തിവന്നു. ‘‘താനൊരു മൃഗമാണെന്നും മനുഷ്യനെക്കാൾ തനിക്ക് മൃഗതൃഷ്ണകളാണ് കൂടുതലുതെന്നുമുള്ള അനാവശ്യമായ ചിന്ത ഉള്ളിൽ കയറിക്കൂടിയിട്ട് കുറച്ചുകാലമായി’’,
വെടികൊണ്ടാൽ കണ്ണ് മറിയും വരെ ലക്ഷ്യമില്ലാതെ പാഞ്ഞോടുന്ന കാട്ടു പന്നിയെയോ മ്ലാവിനെയോ ഒക്കെ അവയുടെ പിന്നാലെ ഓടി അതിന്റെ മുതുകത്തേക്ക്  ചാടിക്കേറി ചുറ്റിപ്പിടിച്ചു കിടക്കുമ്പോൾ അയാളിൽ പുതിയ ദംഷ്ടകൾ മുളച്ചുവരും.
പച്ചമാംസമങ്ങനെ കടിച്ചീമ്പണമെന്നൊക്കെയുള്ള  തോന്നലുണ്ടാകും… പലപ്പോഴും പ്രാപിക്കാൻ  കിട്ടുന്നവളെ മലർത്തിയിടുമ്പോൾ ഉള്ളിൻ്റെയുള്ളിൽ നിന്ന് ഉറവപൊട്ടുന്ന തരംഗങ്ങൾക്ക് വന്യമായ മൃഗത്തിന്റെയോ മറ്റോ ശബ്ദമായണയാൾക്ക്  കാതുകളിൽ കേൾക്കാൻ കഴിയുന്നത്.  

മനുഷ്യൻമാർക്ക് ചേരാത്ത എന്തോ ഒന്നു പോലെ. ഇത്തരം ചിന്തകൾ പലപ്പോഴും കഠിനമായ മാനസികാവസ്ഥകളെ അയാളിൽ സൃഷ്ടിക്കുകയും  അലോസരപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.  

ഇഞ്ച നാരായണൻ പറയുന്നപോലെ, “അഭിനയിക്കാൻ അറിവൊണ്ടെന്നേ ഒള്ള്, വിശപ്പ് സഹികെടുന്ന നേരോം പെണ്ണിന്റെപ്പോം കിടക്കാൻ നേരത്ത് ഉടുത്തത് അഴിക്കുമ്പോഴും ഒക്കെ നമ്മളെല്ലാം മൃഗമാണെടാ.., നാരായണന് ഇഞ്ചയെന്ന പേരു കിട്ടിയത് പോലീസ്കാരിൽ നിന്നാണ്. എത്ര ഇടിച്ച് പിഴിഞ്ഞാലും നാരായണന്റെ നാവിൽനിന്ന് തുപ്പൽചാറൊഴികെ വേറൊന്നും ആർ.ഡി. ആചാരിയുടെ നേതൃത്വത്തിലുള്ള അന്നത്തെ വയനാട്  സ്പെഷ്യൽ പോലീസ് ടീമിന് കിട്ടിയില്ല - കാട്ടിനുള്ളിലെ  ക്യാമ്പുകൾ സംരക്ഷിക്കപ്പെടാൻ  അയാളുടെ വാരിയെല്ല് ഇഞ്ച പോലെ  ചതയ്ക്കപ്പെട്ടു.
അന്നത്തെ രാഷ്ട്രീയ പാശ്ചാത്തലത്തെക്കുറിച്ചല്ല… എങ്കിലും, ആ കാര്യം വഴിയെ പറയാം’’,
പങ്കന്റെ ഓർമകൾ വന്യമായൊരു സഞ്ചാരത്തിനൊരുങ്ങിയിറങ്ങിയെങ്കിലും ലൈലമ്മയുടെ സീൽക്കാരങ്ങളിൽ അവയെല്ലാം ഉടക്കിനിന്നു.  

കട്ടിലിന്റെ ക്രാസിയിൽ കിടന്ന മുണ്ടെടുത്ത് പങ്കൻ കുടഞ്ഞ് ഉടുത്തു.
‘പോകുവാണോ…?’
‘ഉം…’
ലൈലമ്മ  ഉന്മാദമടങ്ങാതെ  മറിഞ്ഞുകിടന്നു.
പങ്കൻ ഇറങ്ങി നിലാവ് പറ്റി നടന്നു…
നിരവധി രാത്രികൾ ഈ വഴി നടന്നെങ്കിലും ഇന്നത്തെ ദിവസം ഇടവഴികളിൽ അപരിചത്വം കൂടി വന്നു. ഇരുട്ട് വീണയിടങ്ങളിൽ വലിയ കുഴികളുണ്ടെന്ന സംശയം ഇടയ്ക്കിടെ കേറിവന്നു. രണ്ടുവട്ടം  വഴി തെറ്റി പ്ലാറ്റ്ഫോമിൻ്റെ ഇടയടിലൂടെ കയറി റബ്ബർമരത്തിൽ ഇടിച്ചുനിന്നു.
മരമൊന്ന് ചെറുതായി കുലുങ്ങിയപ്പോൾ കടവാവലിനെപോലെ എന്തോ ഒന്ന്  ചിറകടിച്ച്  ശബ്ദമുണ്ടാക്കി പറന്നുപോയി.

മരത്തിൻ്റെ മൊരിപ്പറ്റ് നെറ്റിത്തടത്തിൽ നിന്ന് തുടച്ചെടുത്ത് പങ്കൻ ഇരുട്ടിനുനേരേ നിവർന്നുനിന്നു. കാലുകൊണ്ട് തപ്പിനോക്കി അങ്ങനെ വഴിയുടെ ചാല് കണ്ടെത്തി നിലാവിന്റെ ഊഴവെട്ടത്തിൽ ധൃതിയിൽ നടന്നുതുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസിലായത്, കാലിൽ ചെരിപ്പില്ല.
അയാൾക്ക് തെല്ലൊരു ജാള്യത തോന്നി. ലൈലാമ്മയുടെ വീടിൻ്റെ പിന്നാമ്പുറത്ത് അഴിച്ചിട്ടതാണ്. ഭൂതാവേശനായി ഇറങ്ങി നടന്നപ്പോൾ മറന്നിരിക്കുന്നു.
ഒരു വള്ളിച്ചെരുപ്പാണ്. ഇരുപതു രൂപക്ക് രണ്ടു മാസം മുമ്പ് വാങ്ങിയത്. തേഞ്ഞുതീരാൻ  കുറെകൂടി കാലം ചവിട്ടണം. പുറകോട്ടുപോയി എടുക്കണോ? ഈ ഇരുട്ടത്ത് ഒരു കിലോമീറ്റർ അധികമുണ്ട്. അതോ, ലൈലമ്മയുടെ പിന്നാമ്പുറത്ത് ഊരിവെച്ച ചെരിപ്പ് അവിടെ ഉപേക്ഷിച്ച് മുമ്പോട്ടു പോകണോ..? 

ചെരിപ്പ് ഉപേക്ഷിക്കുന്നതിലല്ല.
നാളെയോ അടുത്ത തവണത്തെ വരവിനോ എടുക്കാവുന്നതേയുള്ളൂ. പക്ഷെ അതവിടെ കിടക്കുന്നു എന്നതിലാണ് പ്രശ്നങ്ങൾ തുടങ്ങുക.

കുറങ്ങൻ പാറേല്  രാത്രി വെടിക്കുപോയി തിരിച്ചുവരുന്ന പീറ്റർ പിന്നാമ്പുറത്ത് തോക്കൊളിപ്പിക്കാൻ കയറും. അപ്പോളവിടെ എന്റെ ചെരിപ്പ് തുണിയുരിഞ്ഞ് കിടപ്പുണ്ടാകും. അവനത്  കാലുകൊണ്ട് തൊഴിച്ചെറിയും.
ഏതവന്റെയാടീ പൊലയാടിമോളേ ഇത് എന്നലറിയടുക്കും. ലൈലമ്മയെ മുടിക്കുത്തിന് പിടിച്ച് അടിക്കും, ചിലപ്പോൾ നാഭിക്ക് തൊഴിക്കും. തേവിടിശ്ശി, നിയിന്നും അവന് ഊക്കാൻ കിടന്നു കൊടുത്തല്ലെടീ എന്നലറും.

അവൾ ഒരു മണിക്കൂർ മുമ്പ് എന്നിൽനിന്ന് നേടിയ എല്ലാ രസമൂർച്ചകളും കണ്ണിരുപോലെ ഒലിച്ചിറങ്ങും.  

പങ്കൻ തിരിച്ചുനടന്നു.
അപ്പോഴേക്കും സമയം ഏതാണ്ട് ഒന്ന് രണ്ട് മണിയായിരിക്കണം. പറയാൻ കാരണം, റബ്ബറ് സ്ലോട്ടർ വെട്ടുകാരുടെ മെഴുതിരി വെളിച്ചങ്ങൾ ദൂരങ്ങളിൽ മിന്നിത്തുടങ്ങിയിരുന്നു. മരംവെട്ടുകാർക്കിടയിൽ കറൻറ് ചാർജ് ചെയ്യുന്നതരം തലയിൽ ഫിറ്റു ചെയ്യുന്ന ടോർച്ച് അത്ര പ്രചാരം ഉണ്ടായിവരുന്നതേയുള്ളൂ..  കരൻറുള്ള വീടുകൾ ഈ കാലത്ത് വിരളമാണ്. ടാപ്പിങ്ങ്കത്തിയുടെ പിടിയേൽ മെഴുക്കുതിരി ഒട്ടിച്ച് അതുകൊണ്ടാണ് ടാപ്പിംങ്ങ് ചെയ്യുക. അതൊരു ബാലൻസിങ്ങാണ്. ചിലരൊക്കെ മണ്ണെണ്ണ വിളക്കു പിടിച്ചും റബ്ബർ വെട്ടുമായിരുന്നു. സ്ലോട്ടറുകാരു മാത്രമെ  ഇത്ര നേരത്തെ ടാപ്പിംങ്ങ് തുടങ്ങൂ. പുത്തൻ മരത്തേല് രാത്രി പണി നടക്കില്ല, അങ്ങനെയാണ് പൊതുവെ റബ്ബർവെട്ടുകാർ പറയാറ്. അങ്ങനെ രാത്രിയുടെ നാഴികകളിലൂടെ അവർ തലങ്ങും വിലങ്ങും വെട്ടുവെളിച്ചങ്ങളുമായി സഞ്ചരിച്ചു.  

പള്ളി എസ്റ്റേറ്റാണ് കടവനാട്ടെ ഉള്ളതിൽ ഏറ്റവും വലിയ തോട്ടം. എതാണ്ട് മുപ്പതേക്കറ് ചെങ്കുത്തനെയുള്ളതും ഇടക്ക് പരന്നതുമൊക്കെയായ സ്ഥലങ്ങളിൽ വ്യാപിച്ച് കിടക്കുന്ന തോട്ടമാണത്. അമ്പതോളം വെട്ടുകാരും പാല് വടിക്കാൻ അത്രേം തന്നെ പെണ്ണുങ്ങളും ഉണ്ടവിടെ. ഉള്ളതിൽ കൂടുതലും പുലയമാരായിരുന്നു. പലപ്പോഴായി പലയിടത്തുനിന്ന് എത്തിച്ചേർന്ന് പള്ളിപറമ്പിൽ പണിയെടുത്തെടുത്ത് അവരങ്ങനെ കാലാന്തരത്തിൽ പുതുകൃസ്ത്യാനികളായി മാറി.
“ലൈലമ്മയും പുതുകൃസ്ത്യനിയാണ്, പക്ഷെ വല്ല്യപ്പന്റെ കാലത്തവർ പുലയരായിരുന്നു.”
പങ്കന്റെ അപ്പൻ അതേ കുടിയിൽ തന്നെയുള്ളവനാണെങ്കിലും പള്ളിപ്പറമ്പിലെ ജോലിയാകുംമുമ്പെ ചെറുപ്പത്തിലെ പുറമ്പണിക്ക് പോയിതുടങ്ങിയതിനാൽ മാർഗ്ഗം കൂടാൻ പോയില്ല.

ആരാ അത് …?
പുറകിൽനിന്ന് ഒരു ചോദ്യം പൊടുന്നനെ കേട്ടപ്പോൾ പങ്കൻ തിരിഞ്ഞുനിന്നു.  
ഉയർത്തിപ്പിടിച്ച മെഴുകുതിരിയും  കാറ്റ് പിടിക്കാതിരിക്കാനുള്ള ചെരട്ടമറയുമായി ഒരാൾ അഭിമുഖമായി നില്ക്കുന്നു. ഇരുട്ടിൽ പെട്ടെന്നൊരു രൂപം മുന്നിൽക്കണ്ടതിന്റെ അന്ധാളിപ്പ് അയാളുടെ കണ്ണുകളിലുണ്ടായിരുന്നു എസ്റ്റേറ്റിലേക്കുള്ള തൊഴിലാളികളാരോ ആയിരിക്കണം. മുഖം മങ്കിത്തൊപ്പിയിട്ടതിനാൽ വ്യക്തമല്ല. പങ്കൻ ഒന്നും മറുപടി പറയാതെ  വഴിയിലൊതുങ്ങിനിന്നുകൊടുത്തു. അയാൾ  മറികടന്നുപോയി. 

“ഈ നാറിക്കൊക്കെ എന്തെലും വെളിച്ചം കൊണ്ട് നടന്നുകൂടേ, മനുഷ്യനെ പേടിപ്പിക്കാൻ’’, അയാൾ നടക്കുന്നതിടെ പിറുപിറുത്തു.
പങ്കനൊന്ന് മുരടനക്കുകമാത്രം ചെയ്തു. 

ലൈലമ്മയുടെ വീട്ടുപടിക്കലേക്ക് കേറുമ്പോൾ അയാൾ കുറച്ചുകൂടി ജാഗരൂഗനായി. അടുക്കളപ്പുറത്തുകൂടി ഒരു പൂച്ചനടക്കും പോലെ പമ്മിനടന്ന് പുറകിലെ വാതിക്കലെത്തി നിന്നു. അഴിച്ചിട്ട ചെരുപ്പവിടെ തന്നെയുണ്ട്. പക്ഷെ നേരത്തെയില്ലാത്ത ഒരു ജോഡി ചെരുപ്പു കൂടി അവിടെ കുറച്ച് മാറിക്കിടന്നിരുന്നു.  

പീറ്റർ  തിരിച്ചെത്തിയിട്ടില്ലെന്നുറപ്പാണ്, പിന്നെയിതാരാണ്?.
പങ്കന്റെ ചിറി ഒരു വശത്തേക്ക് കോടി വന്നു. അവന്റെ  കടവായിൽനിന്ന്  ഒരു പന്നിയുടെതുപോലെ  തേറ്റകൾ നീണ്ടു വന്നു, അവകൾ തമ്മിൽ ഉരസിയ ഒരു തരം ശബ്ദവും…
‘കഴുവേറി മോളേ’, പങ്കൻ ശബ്ദം പുറത്തുവരാതെ  മോങ്ങി. അയാൾ പടിഞ്ഞാറെ വശത്തുകൂടി  കിടപ്പുമുറിയുടെ ജനലരികിൽ കുനിഞ്ഞിരുന്ന് നിരങ്ങിനീങ്ങി.  ജനലിന് പാളികളില്ലാത്തതിനാൽ,   പോളിസ്റ്റർ സാരി കൊണ്ടുണ്ടാക്കിയ കർട്ടനിട്ട് മറച്ചിരുന്നതിനാൽ നേരിട്ട് ഉള്ളിലേക്ക് കാണാൻ കഴിയുമായിരുന്നില്ല. അയാൾ ശബ്ദമുണ്ടാക്കാതെ കുനിഞ്ഞിരുന്ന്  ഒരു കൈകൊണ്ട് സാരിത്തുണി കുറച്ച് വകച്ചുമാറ്റി. 

മണ്ണെണ്ണ വിളക്ക് കരിന്തിരി കത്തുന്നതിന്റെ  ഊഴവെട്ടത്തിൽ പങ്കനത് വ്യക്തമായി കണ്ടു.
തോളിൽ കിടന്ന തുപ്പാക്കിയെടുത്ത് ജനൽമരക്കമ്പിക്കിടയിലൂടെ പതിയെ ഉള്ളിലേക്ക് നീട്ടി, ശ്വസനത്തെ പോലും ചുണ്ട് അമർത്തിക്കടിച്ച് നിയന്ത്രിച്ചുനിർത്തി.
അപ്പോൾ മനുഷ്യന് നിയന്ത്രിക്കാനാവാത്ത അവനവന്റെതന്നെ ചില അവസ്ഥകൾക്കിടെ അയാൾ വേഗത്തിൽ ഒരു മൃഗമായി പരിണമിച്ചു.  

കട്ടിലേൽ  ഉയർന്നുനിന്നിരുന്ന ലൈലമ്മയുടെ മുലക്കണ്ണുകളും തകർത്ത് അതിൻമേലെ മുഖം അമർത്തിയവന്റെ നെറ്റിത്തടം തുളഞ്ഞ് ഉണ്ട ഉള്ളിലേക്ക് പാഞ്ഞുപോയി. ഒരലർച്ചയോടെ ലൈലമ്മ തിരിഞ്ഞുനോക്കി. വെടിപ്പൊകയിൽ ജനൽത്തുണി ഇളകുന്നതുമാത്രമാണ് കണ്ടത്. പങ്കൻ  അപ്പോഴേക്ക് ‘ചെരുപ്പെടുത്തി’ട്ട് ഇരുട്ടിനിടയിലൂടെ താഴെക്കുനടന്നിരുന്നു.

പുലർച്ചയാകുമ്പോഴെക്ക് കടവനാട് കടന്ന്,   പുറംപ്രദേശങ്ങളിൽ വരെ വിവരം പടർന്നു. എന്താണ് സംഭവിച്ചതെന്ന് വേഗത്തിൽ പോലീസ് സംഘം തിരിച്ചറിഞ്ഞു. വേട്ടക്ക് കൊണ്ടുപോകാറുള്ള  തോക്കുൾപ്പെടെ പീറ്ററിനെ പോലീസ് പുലർച്ചെ തന്നെ കസ്റ്റഡിയി​ലെടുത്തുകൊണ്ടുപോയി. ലൈലാമ്മയുടെ ജാരനെ നായാട്ട് കഴിഞ്ഞെത്തിയ  കെട്ടിയോൻ വകവരുത്തിയെന്നും ലൈലമ്മയുടെ വലത് മുലക്കണ്ണ് തകർക്കപ്പെട്ടു എന്നും പോലീസുകാരെക്കാൾ മുന്നെ നാട്ടുകാർ എഫ്.ഐ. ആറുണ്ടാക്കി.  

കൊന്നതാരെന്ന വ്യക്തത വന്നെങ്കിലും ചത്തവനെകുറിച്ച് നാട്ടിലാർക്കും അറിയില്ലായിരുന്നു.  ഒരു വരത്തനാണെങ്കിലും എങ്ങനെ ലൈലമ്മയ്ക്കൊപ്പം അവൻ കിടന്നു എന്നതിന് നാട്ടുകാർക്കിടയിൽ ഉത്തരം പലതായിരുന്നു. ആദ്യം അവരെല്ലാം, പങ്കനായിരിക്കും വെടി കൊണ്ടെതെന്നാണ് വിശ്വസിച്ചത്. പക്ഷെ ആ കണക്കുകൂട്ടൽ വേഗത്തിൽ തെറ്റിപ്പോയി.  

കടവനാട് കപ്പപ്പണിക്ക് വന്ന ഏതോ ഒരുത്തൻ ലൈലമ്മയ്ക്ക് സ്ഥിരം കൊടുപ്പുണ്ട് എന്ന് മനസിലാക്കി രാത്രിയിലെത്തിയാണെന്നും, അതല്ല  വെടിക്കുപോകുന്ന പുറംനാട്ടുകാരായ   കൂട്ടുകാരൻമാരിലാരോ ഒരാൾ പീറ്ററിന്    നാടൻ കൊടുത്ത് മയക്കിട്ട് ചെന്നതാണെന്നും പറച്ചിലുണ്ടായി. പങ്കനല്ലാതെ മറ്റൊരു പറ്റുപടിക്കാരൻ കൂടി ലൈലമക്കുണ്ടായിരുന്നു എന്നത് വിശ്വസിക്കാൻ അപ്പോഴും ആർക്കും മനസുവന്നില്ല.

പങ്കൻ ഇരുട്ടിനിടയിലൂടെ വഴിയുണ്ടാക്കി വേഗം നടന്നുചെന്നെത്തിയത് എസ്‌റ്റേറ്റിലേക്കുള്ള ജീപ്പ്റോഡിലാണ്. അതോടെ നടത്തത്തിന് വേഗതയായി. അതിനിടെ ഒരു കാല് അൽപം പൊക്കിപ്പിടിച്ച്  കാലിലെ ചെരിപ്പ് ഒന്ന് സൂക്ഷ്മമായി നോക്കി, തന്റേതുതന്നെയല്ലേ എന്ന് നിലാവെളിച്ചത്തിൽ ഉറപ്പുവരുത്തി. കാരണം വെപ്രാളത്തിനിടയിൽ വീണ്ടും ചെരുപ്പ് മാറിപ്പോയിട്ടുണ്ടെങ്കിൽ അതൊരു വലിയ തെളിവായിരിക്കും. അയാൾ തന്റെ നാശം പിടിച്ച നേരത്തുണ്ടായ മറവിയെ പഴിച്ചു.   

രണ്ട് 

ന്തിവലിഞ്ഞ് കൊട്ടച്ചിമലയ്ക്ക് എത്തിയപ്പോഴേക്ക് നേരം പരപരാവെളുത്തിരുന്നു. പങ്കൻ വാതിലിൽ തള്ളിനോക്കി. ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുന്നു. അയാൾക്ക് സമാധാനമായി - വായ കൊണ്ട് പ്രത്യേക രീതിയിൽ അയാൾ ഒരു ശബ്ദമുണ്ടാക്കി. ഇത്ര ദൂരം നടന്നുവന്നതിന്റെയും രാത്രിയിലെ സംഭവങ്ങളുടെയും ഭാരം കൊണ്ട് പങ്കൻ ഒടിഞ്ഞുതൂങ്ങി വാതിൽപ്പടിയിൽ കൂനിയിരുന്നു. ശബ്ദം കേട്ട് എതാനും സമയത്തിനകം  വാതിൽ തുറക്കപ്പെട്ടു.  
‘ഓ, നീയാണോ വല്ലതും കിട്ടിയോടാ രാത്രി ഒറക്കളെച്ചേനും മാത്രം?’
മറുപടി ഒന്നും പറയാതെ പങ്കൻ എഴുന്നേറ്റ്  ശിരസു താഴ്ത്തിപ്പിടിച്ച് ഉള്ളിലേക്ക് കയറി.  
ഇഞ്ച നാരായണൻ കതക് പൂട്ടുന്നതിടെ പങ്കനെ സൂക്ഷ്മമായി നോക്കി.
“എന്താടാ ഒരു കിതപ്പുണ്ടല്ലോ നിനക്ക്, ആരേലും ഒറ്റിയോ..”
‘‘ഇല്ല.. ഇല്ല.. ഒരബദ്ധം പറ്റി’’, അത് പറയുമ്പോ പങ്കനൊന്ന് ഉലഞ്ഞതുപോലെ നാരായണന് തോന്നി. ‘‘എന്തബദ്ധം, നീ പറയെടോ, എന്ത് തെണ്ടിത്തരമാണേലും  പരിഹാരമുണ്ടാവുമല്ലോ ഈ നാറിയ ലോകത്ത്’’, ഇഞ്ച നാരായണൻ അവജ്ഞയോടെ ചിരിച്ചു.  

രാത്രിയിലെ സംഭവം ചുരുക്കി വേഗത്തിൽ  പങ്കൻ പറഞ്ഞവസാനിപ്പിച്ചതും നാരായണൻ തലയണ പൊക്കി കട്ടിലിന്റെ തലയ്ക്കലേക്ക് ചാരിയിരുന്നു.  

“നീയേ, ഇവിടെ നിക്കണ്ട. വൈകും മുമ്പേ ചുരം കേറി പേട്ടയ്ക്ക് പിടിച്ചോ. അവിടുന്ന് ഏതെങ്കിലും മാർഗ്ഗം-  ബസോ ജീപ്പോ ഏതായാലും- എത്രയും വേഗം പോകണം, മസങ്കിടിയിലേക്ക്. അത് മതി.   അവിടെ നമ്മടെ പഴേ ഒരാളുണ്ട്. ഞാൻ എഴുത്ത് തരാം, കുറച്ച് കാലമങ്ങനെ പോട്ടെ. എന്തായാലും ചത്തവന്ന് അഡ്രസില്ലെങ്കിലും കൊന്നവൻ അവളുടെ കെട്ടിയോനാണെന്നതാണ് ഇപ്പഴത്തെ സത്യം. അതങ്ങനെ നിലനിന്നോളും. അതുവരെ നിയ്യ് അവിടെ എന്തേലും പണിയൊക്കെയായി കൂട്",  നാരായണൻ പറഞ്ഞുനിർത്തിയിട്ട്  ഒരു ബീഡിയെടുത്ത് പങ്കനുനേരേ എറിഞ്ഞുകൊടുത്തു. “നിയിതാ വരുന്നവഴി പുഴേലെറിഞ്ഞ് കളഞ്ഞേക്കാൻ മേലാരുന്നോ, ഹാ… നല്ല സ്ട്രോങ്ങ് ഒരെണ്ണമാരുന്നു…",   ചാരിവച്ചിരുന്ന തോക്കെടുത്ത് നാരായണൺ എരിഞ്ഞുകൊണ്ടിരുന്ന വിറകടുപ്പിലേക്കിട്ടുകൊണ്ട് പറഞ്ഞു. വെടിമരുന്നിന്റെ മണം കിട്ടിയതുകൊണ്ടാവണം തീയൊന്ന് ഇളകിക്കത്തി. 

‘‘പറഞ്ഞപ്രകാരമാണേൽ ഇത് മാത്രമാണ് നിനക്ക് തെളിവ്, അതിവിടെ ഒടുങ്ങട്ടെ’’, ഇഞ്ച നാരായണന്റെ കണ്ണുകളിൽ തീ നാളങ്ങൾ പ്രതിഫലിക്കുന്നത് പങ്കൻ നോക്കിയിരുന്നു.  89- ൽ ബീജാപൂരെ സ്റ്റേഷനിൽ നിന്ന് കടത്തികൊണ്ടുവന്നവയിൽ രൂപമാറ്റം വരുത്തി പങ്കന് കൊടുത്തതാണ്. അതുകാരണം   വർഷങ്ങൾക്കുമുമ്പേ  പങ്കൻ നക്സലുകളുടെ വിശ്വസ്തനായിരുന്നു.

ആ കഥ ഇങ്ങനെയാണ്.
കുഞ്ഞുനാളിലേ, എസ്റ്റേറ്റു പണിക്ക് വന്ന കാലം മുതൽ  പങ്കൻ്റെ വീടുമായി  നാരായണന് അടുപ്പമുണ്ട്. ഒറ്റത്തടിയായി വന്നു കയറിയ ഒരു ചെറുപ്പക്കാരൻ.  പങ്കന്റെ അപ്പനാണ് വീട്ടിന്റെ ചായ്പലിൽ അഭയം കൊടുത്ത് കിടത്തിയത്. പങ്കനന്ന് പതിനാല് വയസ്. പന്നിപടക്കം പൊട്ടി അപ്പൻ ചത്തുമലച്ച് കിടക്കുന്നയിടത്തുനിന്ന് പങ്കന്റെയപ്പനായി  അയാൾ മാറുകയായിരുന്നു.  അമ്മയ്ക്ക് അയാൾ എന്തായിരുന്നു എന്ന് പങ്കൻ ആലോചിച്ചിട്ടില്ല, അപ്പന്റെ മരണത്തിൽ നാട്ടിൽ ചില പറച്ചിലുകൾ ഒക്കെ പങ്കനും കേട്ടിരുന്നു. അപ്പൻ മരിച്ചതിനുശേഷം ചായ്പലിൽ നിന്ന് അയാൾ വീട്ടിനുള്ളിലേക്ക് കയറിക്കിടന്നു.
വയസിന് കുറച്ച് മൂത്തതാണെങ്കിലും അപ്പൻ വിളിച്ചതുപോലെ പങ്കനും നാരാണേൻ എന്നുതന്നെ വിളിച്ചു. അയാൾക്കുമതായിരുന്നു ഇഷ്ടം. ഒരാള്ടെ പേര് ഒരു ആദരവും നൽകേണ്ട ഒരു കുന്തവുമല്ല എന്നയാൾ ആധികാരികമായി പറയും.

ഒരു ദിവസം പെട്ടെന്നയാൾ അപ്രത്യക്ഷമായി. പിന്നീട് എട്ട് വർഷങ്ങൾ  ജയിലിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്തു. പിടിക്കപ്പെട്ട നാരായണനെ പോലീസ് ഭീകരമായ മർദ്ദനത്തിനിരയാക്കിരുന്നു. ഒറ്റുകൊടുക്കാത്തതിന്റെ കലി പോലീസിനടങ്ങിയിരുന്നില്ല.

ഈ സംഭവങ്ങളെ തുടർന്നാണ് നാരായൺ നക്സലായിരുന്നു എന്നും അതിന്റെ ഭാഗമായിട്ടാണ് എസ്റ്റേറ്റിൽ പണിക്കാരനായി എത്തിയെതെന്നും  നാട്ടുകാരറിഞ്ഞത്. ഇഞ്ച നാരായണൻ ജയിലിലാവുന്ന കാലത്താണ് പങ്കനുമായി നക്സൽ സഖാക്കൾ ബന്ധം തുടങ്ങിയത്. അരിയും തുണിയും ശേഖരിച്ച് കാട്ടിലെത്തിച്ചു കൊടുക്കാനും പോലീസിന്റെ നീക്കങ്ങളെത്തിച്ചുനൽകാനും പങ്കന് പ്രത്യേക സാമർത്ഥ്യമായിരുന്നു.  

നേരം വെള്ള കീറിതുടങ്ങിയിരുന്നു. വീടിനടുത്ത ഓലിയിൽ പോയി കുളിച്ചു തുണി മാറ്റിയുടുത്ത് നാരായണൻ കൊടുത്ത കുറച്ച് രൂപയും അരക്കെട്ട് ബിഡിയും  ചുരുട്ടി പോക്കറ്റിലിട്ടു. ആൾപെരുമാറ്റം തുടങ്ങും മുമ്പേ അതിർത്തി കടക്കാൻ പറ്റണം.
പുഴ മുറിച്ചുകടന്ന് കാട്ടിലൂടെ അപ്പുറമെത്തിയാൽ അവിടുന്ന് ബസ് കയറുന്നതാണ് നല്ലത്, നാരായണൻ ഓർമിപ്പിച്ചു.

പങ്കൻ ഇറങ്ങിനടന്നു.

ക്ഷീണമുള്ളതുകൊണ്ട് ബസിൽ കയറി പുറകിലെ സീറ്റിൽ ഒതുങ്ങിയിരുന്നപ്പോഴേക്കും  മയക്കം വന്നു. എങ്കിലും  ഉറങ്ങാൻ കഴിയാത്തവിധം രാത്രിയിലെ സംഭവങ്ങൾ അയാളിൽ കുഴഞ്ഞുമറിഞ്ഞു കിടന്നു. സമയം പത്തു മണി കഴിഞ്ഞിരിക്കണം. കിഴക്കൻ വെയിലിന്റെ  ചൂടുകാരണം  ബസിന്റെ സൈഡ് ഗ്ലാസ് പൊള്ളാൻ തുടങ്ങിയിരിക്കുന്നു.
സത്യത്തിൽ താനെന്തിനാണ് ലൈലമ്മയുടെ ജാരനെ കൊന്നത്, അയാൾ ആരാണ്?
തനിക്കറിയില്ല.
പിന്നെയെന്തിന് …?
ലൈലമ്മ തന്റെയാരാണ്…?
നാട്ടുകാർ പറയുംപോലെ പറ്റുപടിക്കാരി, അല്ല, പ്രണയിച്ചവൾ. അതുമല്ല, താനൊരിക്കലുമത് അവളോട് പറഞ്ഞതായി ഓർക്കുന്നില്ല.
ശരീരത്തിന്റെ ആവശ്യകതയ്ക്കപ്പുറം അവൾ തന്നിലെവിടെയാണ് ഉണ്ടായത്?
അയാളിൽ പലതരം ചിന്തകൾ  വട്ടം കറങ്ങി. 

‘‘പങ്കാ, നീയിങ്ങനെ ഒറ്റാംതടിയായി എത്ര കാലമിങ്ങനെ ജീവിക്കുന്നേ, നിനക്ക് ഒരു പെണ്ണ് കെട്ടിക്കൂടേ, പങ്കാ…?’’ ഒരു ദിവസമങ്ങനെ തളർന്ന് വിയർപ്പ് പറ്റിക്കിടക്കുമ്പോൾ  അവൾ ചോദിച്ചു.

‘എന്തിന്, നിനക്കെന്നെ മടുത്തോ..?’, പങ്കൻ ലൈലമ്മയുടെ മുഖത്തേക്ക് പാളി നോക്കി.

ലൈലമ്മ ജനൽപ്പാളിയിലൂടെ  പുറത്തേക്കുനോക്കി എന്തോ ഒരു ഭാവത്തിൽ ചിരിക്കുന്നുണ്ടായിരുന്നു.

പങ്കന്റെ ഉള്ളിലൊരു കാന്തലനുഭവപ്പെട്ടു.
“നീയെന്നാ സന്യസിയാകാൻ പോയ്ക്കോ, നിനക്കാവുമ്പോ അത്  ചേരും’’, അവൾ കളിയാക്കി.

പങ്കൻ വലം കൈകൊണ്ട് ലൈലമ്മയെ ചേർത്തുകിടത്തി കാലുകൾകൊണ്ട് തടിച്ചുരുണ്ട  അവളുടെ കാലുകൾ വിർടത്തിവച്ചു, “അതെടീ, ഞാൻ സന്യസിക്കാൻ പോവ്വാ, നീയാകട്ടെ എന്റെ  ഗുരു.”

അതിനുശേഷമുള്ള അമർച്ചയോടെയുള്ള അയാളുടെ ഓരോ താഴ്ചകളിലും ലൈലമ്മയ്ക്ക് ശ്വാസം മുട്ടി.
“വേണ്ട പങ്കാ, നീയ് കെട്ടെണ്ട…നിന്നെ താങ്ങാൻ എന്റെ ഈ തടിക്കേ പാങ്ങുണ്ടാകു",  ശ്വാസം വലിച്ചെടുത്ത് ലൈലമ്മ ചിണുങ്ങി. 

മൂന്ന്

ബസ് ചുരം കയറി മുകളിലെത്തിയപ്പോഴേക്കും അയാളിലും നിരവധി ഓർമകൾ  ചുരം കയറിയിറങ്ങിപ്പോയി.
വെടിപൊട്ടിയശേഷം തന്നെയവൾ കണ്ടിട്ടില്ല  അതുറപ്പാണ്… പക്ഷെ അവൾക്കെന്തോ സംഭവിച്ചതായി മനസിൽ തോന്നി.

തളിപ്പറമ്പ് താലൂക്കാശുപത്രിയിലെ മോർച്ചറിയിൽ ചത്തവന്റെ ജഡം ഇൻക്വസ്റ്റ് ടേബിളിൽ അന്ന് രാത്രി മുതൽ മലർന്നുകിടന്നു. അവിടെ തന്നെയാണ് ലൈലമ്മയെയും നാട്ടുകാർ എത്തിച്ചത്. അതിനു കാരണം ഒറ്റ ഒരു ജീപ്പാണ്. അപ്പോൾ ആ നാട്ടിൽ ലഭ്യമായിരുന്നത്, അത് നാട്ടുകാർക്ക് ലാഭകരമായി തോന്നിയിരിക്കാം. രാവിലെ തന്നെ ലൈലമ്മയുടെ മുറിഞ്ഞ മുലക്കണ്ണ്  തുന്നിച്ചേർത്തതിനുശേഷം വാർഡിലേക്ക് മാറ്റിയിരുന്നു. മരിച്ചയാളെ തിരിച്ചറിയാത്തതിനാൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം അജ്ഞാത ജഡം എന്ന പോലീസ് റിപ്പോർട്ട് പ്രകാരം താത്കാലം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.

പേട്ടക്കെത്തി ബസിറങ്ങിയപ്പോൾ രാവിലെ മുതൽ തുടങ്ങിയ  വിശപ്പ്  മുമ്പോട്ട് കൊണ്ടുപോകാനാവാത്തവിധം അസഹ്യമായിരിരുന്നു. നേരത്തോട് നേരമായിരിക്കുന്നു എന്തെങ്കിലും കഴിച്ചിട്ട്. ആദ്യം കണ്ണിലുടക്കിയ ചെറിയൊരു ഹോട്ടലിന്റെ ബോർഡ് നോക്കി, തികച്ചും യാന്ത്രികമായി അങ്ങോട്ടു നടന്നു. ‘ഹോട്ടൽ റഹ്മാനിയ' എന്ന  ബോർഡിലെ ഹോട്ടലിന്റെ പേര് വ്യക്തമായി  കാണാൻ കഴിയുന്ന ദൂരത്തെത്തിയിരുന്നു. പക്ഷെ ഹോട്ടലിന് മുമ്പിലെത്തും മുമ്പേ ഒരു സന്ദേഹം ഉയർന്നുവന്നു. പേട്ട ധാരാളം മാപ്പിളമാരായ നാട്ടുകാര് കച്ചവടക്കാരുള്ള സ്ഥലമാണ്. ചിലപ്പോൾ അനാവശ്യമായ ഒരു തെളിവ് കൊണ്ടെകൊടുക്കുന്നതുപോലെയാകുമത്.
നാരായണൻ പറഞ്ഞതുപോലെ രാത്രിക്ക് മുന്നെ മസങ്കടിയിലേക്ക്  വണ്ടി കയറാം, അതൊർത്തയാൾ അവിടുന്ന് തിരിച്ചുനടന്നു.

കുറച്ചുമാറി അവിടെയുണ്ടായിരുന്ന നരച്ചു പഴകിയ ഒരു  കുഴൽക്കിണറിൽനിന്ന് വെള്ളമെടുത്ത് കുടിച്ചു. നല്ല തുരുമ്പ് ചുവയുണ്ടായിരിരുന്നെങ്കിലും അപ്പോഴത്തെ അവസ്ഥയ്ക്ക് അതയാൾക്ക് രുചികരമായി തോന്നി. ബസ് സ്റ്റാന്റിനോടുചേർന്ന് ചെറിയൊരു ആഴ്ചച്ചന്ത പ്രവർത്തിച്ചിരുന്നു. അത്രയധികം ആളുകളില്ലെങ്കിലും ആളുകളുടെ അച്ചടക്കമില്ലാത്ത ശബ്ദങ്ങളും തിക്കും തിരക്കും നന്നായി ദൃശ്യമാണ്, അതിനിടയിൽ കുറച്ചുനേരം തന്നെയാരും ശ്രദ്ധിക്കാത്ത വിധത്തിൽ  നടക്കാൻ തുടങ്ങി.

“അതങ്ങനെയാണ്, നിങ്ങൾ ഒരങ്ങാടിയിൽ ചെന്നുപെട്ടാൽ ഒരു സ്ഥലത്ത് കുറച്ചുനേരം നിന്നാൽ നിങ്ങളെ ആളുകൾ സൂക്ഷിച്ചു നോക്കാൻ തുടങ്ങും. എന്നാൽ ആളുകൾക്കിടയിൽ നടന്നു കൊണ്ടിരുന്നാൽ എത്ര സമയം കഴിഞ്ഞാലും ആരാലും  തിരിച്ചറിയപ്പെടില്ല. ആൾക്കൂട്ടത്തിന്റെ കാഴ്ചയങ്ങനെയൊക്കെയാണ്’’,  നാരായണൻ ഒരിക്കൽ പറഞ്ഞു കേട്ടിട്ടുള്ളതയാൾ ഓർത്തു. 

മസങ്കടിയിലെക്കുള്ള ബസ് രണ്ട് ട്രിപ്പു മാത്രമേയുള്ളൂ എന്ന് ആ നാട്ടുകാരനൊരാളാട് ചോദിച്ച്  മനസ്സിലാക്കി. അവിടെ  ജീപ്പ് സർവീസുണ്ടെന്ന് അയാൾ കൈ ചൂണ്ടി ബസ് സ്റ്റാന്റിന്റെ വടക്കുവശത്തേക്ക് കാണിച്ചു കൊടുത്തു.
പങ്കൻ ആ ദിശയിലേക്ക് വേഗത്തിൽ നടന്നു.
ഒരു ജീപ്പ് ആളുകൾക്കായി കാത്തുകിടപ്പുണ്ട്. നാലഞ്ച് പേർ അതിൽ കയറി സ്ഥാനം പിടിച്ചു. പങ്കൻ ഡ്രൈവർ എന്നുതോന്നിച്ച ഒരു മധ്യവയസ്കനോട് മസങ്കിടിയിലേക്കാണോ ഈ ട്രിപ്പ്  എന്ന് തിരക്കി.
‘ആമാ സർ.. എങ്കെ പോകണം?’
‘മസങ്കടി’
‘കോറുങ്കോ.’
തമിഴ് കലർന്ന മലയാളത്തിലാണയാൾ  സംസാരിച്ചത്. ഒരുപക്ഷെ താൻ തമിഴനാണെന്നയാൾക്ക് തോന്നിയിരിക്കാം. പേട്ടയിൽ തമിഴ് എങ്ങനെ എന്നത് സ്വാഭാവികമായ സംശയമായിരുന്നു.
ആറ് മണിക്ക് പുറപ്പെടും എന്നയാൾ പറഞ്ഞു.
‘ഇപ്പോ എത്ര സമയമായി?’,  പങ്കൻ തിരിച്ചുചോദിച്ചു.
‘5. 40’, അയാൾ മറുപടി പറഞ്ഞു.
ഇരുപത് മിനിറ്റുകൂടി സമയമുണ്ട്.  ഉള്ളിലിരുന്നവരെയാരെയും മുഖം കൊടുക്കാതെ പങ്കൻ കയറി സീറ്റിലൊതുങ്ങി ഇരുന്നു. 

ഇടവിട്ട ഭാഗങ്ങളിൽ മൺറോഡും ബാക്കിയിടങ്ങളിൽ പൊളിഞ്ഞ ടാറിംങ്ങ് റോഡുമായതിനാൽ വളരെ സാവധാനമാണ് ജിപ്പ് മുന്നോട്ട് നീങ്ങിയത്. യാത്രക്കാരിൽ മിക്കവരും വഴിയിൽ പലയിടങ്ങളിൽ ഇറങ്ങേണ്ടവരായിരുന്നു. മസങ്കടിയിൽ വണ്ടിയെത്തുമ്പോൾ ഏതാണ്ട് ഏഴര സമയമായി. പങ്കനെ കൂടാതെ ഒരാൾ മാത്രമാണ് ജീപ്പിൽ ശേഷിച്ചത്. അവർ രണ്ടുപേരും അവിടെയിറങ്ങി. മൂപ്പര് ഒരു ചണച്ചാക്കുകെട്ട് സീറ്റിനടിയിൽനിന്ന് വലിച്ചെടുത്ത്  തലയിലേറ്റി നടന്നുനീങ്ങി. ഡ്രൈവർ കാശ് വാങ്ങിയ  കൈകൊണ്ടുതന്നെയത് എണ്ണിനോക്കിയിട്ട്  ജീപ്പ് മുന്നോട്ടെടുത്തുപോയി.

മസങ്കടി മൂന്നും കൂടിയ ഒരു ജംഗ്ഷനായിരുന്നു. ഒന്നു രണ്ട് ചെറിയ കടമുറികൾ. പ്രത്യേകിച്ച് വഴിവിളക്കുകളോ മറ്റ് വെളിച്ചമോ എവിടെയും കാണാനില്ല. നിറയെ ഇരുട്ട് മൂടിയതിനാൽ അവിടെ ആരെങ്കിലും നില്പുള്ളത് വ്യക്തമല്ല. ഉൾപ്രദേശമായതിനാലും വാഹനസൗകര്യം കുറവായതിനാലുമാവണം, ആരും തന്നെ അവിടെയുള്ളതിന്റെ ലക്ഷണമില്ല. അല്ലെങ്കിലും ആരോടും പോകേണ്ട വീട് ചോദിക്കാനും പാടില്ല, അതൊരു തെളിവാകും.  വീട് കണ്ടു പിടിക്കാൻ നാരായണൻ പറഞ്ഞ അടയാളം വലതുവശത്തേക്കുള്ള റോഡിലൂടെ പോകണം എന്നാണ്. അതുവഴി നടന്നു. എതാണ്ട് രണ്ട് മൈൽ, അതാണ് പറഞ്ഞ കണക്ക്. അതിനുശേഷം ഒരു ചെറുപാലം കടന്ന്  പോകണം. പാലത്തിന് നടുവിലായി നിന്ന് നോക്കുമ്പോൾ  സാമാന്യം ഒഴുക്കുള്ള ചെറിയൊരു പുഴയാണ്. താഴെ കാട്ടിൽ നിന്നൊഴുകിവരുന്ന  ചടുലതയോടെത്തന്നെയത് ഒഴുകിക്കൊണ്ടിരുന്നു.   പങ്കൻ കാലിൽ നിന്ന് ചെരുപ്പ് കുടഞ്ഞുരിയിട്ടതിനുശേഷം അതിലേക്ക് തറച്ച് ഒന്ന് നോക്കി. പ്രത്യേകിച്ചൊരു ഭാവവ്യത്യാസവുമില്ലാതെ  കുനിഞ്ഞുനിന്ന് അതെടുത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ ചെയ്തപ്പോൾ തന്നിലെ എന്തോ കുറെ ഭാരം കുറഞ്ഞതുപോലെ പങ്കനനുഭവപ്പെട്ടു. എന്നിട്ടയാൾ കാടിൻ്റെ കട്ടി കൂടിയ ഇരുട്ടിലേക്ക് നടന്നുമറഞ്ഞു.

നാരായണൻ പറഞ്ഞ വീടെത്താൻ കുറച്ചുകൂടി കുന്ന് കയറേണ്ടിയിരുന്നു. ഒരു ഓടുമേഞ്ഞ ചെറുവീടായിരുന്നത് ഒരു ഭാഗം ഓടുകൊണ്ട് മെടഞ്ഞെടുത്തതരം ചെറ്റ കൊണ്ട് മറച്ചിരുന്നു. മുമ്പിൽ ഇരുപാളികളോടെയുള്ള മരത്തിന്റെ ചെറിയ വാതിൽ. ഉള്ളിൽ ആരോ ഉള്ളതിന്റെ ലക്ഷണമായി  ചെറിയൊരു വെളിച്ചം വാതിൽ ചുവട്ടിലൂടെ പുറത്തേക്ക് തെറിച്ചുകിടന്നു. വാതിലിൽ തട്ടി നോക്കി. അല്പം താമസിക്കാതെ മണ്ണെണ്ണ വിളക്ക് ഉയർത്തിപ്പിടിച്ച് ഒരു സ്ത്രീ വാതിലിന്റെ ഒരു പാളി തുറന്നു. തല പുറത്തേക്കുനീട്ടി. വിളക്കിൻ്റെ പ്രകാശത്തിനപ്പുറവും ഇപ്പുറവുംനിന്ന് ഇരുവരുടെയും നോട്ടം കൂട്ടിമുട്ടി.
പങ്കനൊന്നും പറയാതെ പോക്കറ്റിൽ നിന്ന് നാരായണൻ കൊടുത്ത കുറിപ്പെടുത്ത്  ആ സ്ത്രീക്കുനേരേ നീട്ടി. അവരത് വാങ്ങി വിളക്കിനടുപ്പിച്ചുപിടിച്ച് വായിച്ചു. അവളിൽ ഒരു സംഭ്രമം ഉയർന്നുതാഴുന്നത് അയാൾ കണ്ടു.
കതകിൻ്റെ മറുപാതി കൂടി തുടന്നു കൊടുത്തുകൊണ്ട് പറഞ്ഞു, ‘‘അയ്യോ അവര് മൂന്ന് ദിവസം മുമ്പേ പോയല്ലോ നാരായണൻ സഖാവിനെ  കാണാനായിട്ട്, അവിടെ എത്തിയില്ലേ അപ്പോഴ് ..?’’

അപ്പോൾ ആ കടലാസുതുണ്ട് അവളുടെ കൈയിലിരുന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. പങ്കന്റെ കാലിലൂടെ തണുപ്പ് ഇരച്ചുകയറി. അവിടെ കിടന്ന  ഒരു ബഞ്ചിലേക്ക് ഊർന്നിരിക്കാൻ അയാൾ ശ്രമിച്ചെങ്കിലും  മുട്ടുകുത്തി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ. അപ്പോൾ അവന്റെ കൈകൾ കൂമ്പിയിരുന്നു.  കണ്ണുകളുയർത്തിനോക്കിയപ്പോൾ വീട്ടുകാരത്തിയുടെ വലത്തെ മുലക്കണ്ണ് ശൂന്യമായിരുന്നതായി തോന്നി.
അയാൾ മനുഷ്യനായി പരിണമിച്ചതിനുശേഷം  കുനിഞ്ഞ് അവളുടെ പാദങ്ങളിൽ തുരുതുരാ ചുംബിച്ചു.   

മൂന്നു ദിവസം മുമ്പെ കടവനാട്  എസ്റ്റേറ്റ് സ്റ്റോപ്പിൽ ബസിറങ്ങിയ ഒരാൾ  കടയിൽ  കയറി  നാരായണന്റെ  വീട് അന്വേഷിച്ചിരുന്നു. അയാൾക്കാണ് വെടിയേറ്റ് മരിച്ചതെന്ന് കുറച്ച് ദിവസങ്ങൾക്കുശേഷം ആളുകൾക്കിടെ ഒരു പറച്ചിലുണ്ടായി. പക്ഷെ അത് നക്സലൈറ്റുകളാകാം എന്ന നിഗമനത്തിൽ ആരും പോലീസിൽ  മൊഴി കൊടുക്കാൻ തയ്യാറായില്ല.  

ആ രാത്രി മസങ്കടി പുഴയുടെ ഓളങ്ങളിൽ  ദേശത്തിനും കാലങ്ങൾക്കും അജ്ഞാതമായ മനുഷ്യരുടെ  രഹസ്യങ്ങളുമായി രണ്ട്  ചെരുപ്പുകൾ പരസ്പരം  കൂട്ടിമുട്ടാതെ ഒഴുകിനീങ്ങി…

Comments