ഇടങ്കഴുത്തിൽ കരിവാളിച്ചിട്ടുണ്ടത്.
തൊലിപ്പുറത്തെ അമർത്തിക്കടിയുടെ പാട്. അങ്ങോട്ടു തന്നെ നോക്കി ആ മനുഷ്യന്റെ മരണകാരണം ഊഹിച്ചു നിന്ന രണ്ടാമത്തെയാൾ ഞാനായി. പരേതന്റെ മനസിലും അഭിരാമിക്കായിരുന്നു ഒന്നാം സ്ഥാനം.
കുറച്ചുമുന്നെയാണ് ചുവരുകളായ ചുവരിടങ്ങളിലൊക്കെ ലില്ലിപ്പൂ ഡിസൈനോടുകൂടിയ കറുത്ത പോസ്റ്റർ ഒട്ടിച്ചുതീർന്നത്. പോസ്റ്ററിൽ വളരെ ചുരുങ്ങിയ വിവരങ്ങൾ മാത്രം.
നിര്യാതനായി എന്ന് ശീർഷകം.
പേര്: പ്രൊഫസർ ശിവറാം കൈലാസ്.
മരണം: ഗുരുപൂർണ്ണിമ സന്ധ്യയ്ക്ക് 5:59 ന്.
സംസ്ക്കാരം: അനിശ്ചിതത്തത്തിൽ.
അദ്ദേഹത്തിന് എന്നുമെന്നോട് വാത്സല്യമായിരുന്നു. ജേണലിസം പഠിക്കുവാൻ കേരള മീഡിയ അക്കാദമിയിൽ ചേർന്ന് ആദ്യത്തെ ക്ലാസിലിരുന്നപ്പോൾ മുതൽക്കുള്ള അടുപ്പം. ഹാജർ ബുക്ക് നോക്കി എന്റെ പേര് വിളിച്ചു:
‘‘എം. നന്ദികേശ്’’
‘‘പ്രസൻ്റ് സർ’’
എഴുന്നേറ്റുനിന്ന് സാന്നിദ്ധ്യമറിയിക്കൽ ചടങ്ങ്. കസേരയിൽ തിരിച്ചിരിക്കും മുന്നേ സാറിന്റെ കുറുകിയ ഹാസ്യം പുറത്തുവന്നു: ‘‘എവിടെടോ തന്റെ കൊമ്പ്?’’
‘‘എന്താ സർ... കൊമ്പോ?’’
‘‘ഹാ... കാളക്കൊമ്പേ...’’
കാര്യം പിടികിട്ടിയ ഒന്നോ രണ്ടോ പേർമാത്രം ചിരിച്ചു. കൊമ്പില്ലാത്ത നന്ദിയുടെ മുതുകത്ത് കയറിയാൽ ശിവൻ താഴെ ചാടിപ്പോയേക്കുമല്ലോ എന്ന മുൻവിധി ആ ചിരികൾക്കു പിന്നിൽ നല്ലപോലെ തെളിഞ്ഞ് നിൽപ്പുണ്ടായിരുന്നു.
അര സുമുഖനും മുക്കാൽ സുന്ദരനുമായിട്ടുള്ള എന്നേപ്പോലൊരു മല്ലൂ പയ്യന് ഇടാൻ പറ്റിയ പേരാണോ ഇത്.
‘ഹൈ... ഇവനാരെടാ ഈ നന്ദികേശൻ എന്നാവും കേൾക്കുന്നോരുടെ മുഖത്തെ ആദ്യ ഭാവം. (ഏതു പള്ളോതി വിളിക്കേണ്ടൂ ശിവഭകതാനാമെൻ താതനെ ഞാൻ.)
ഹും... എം. നന്ദികേശൻ അഥവാ മാധവൻ മകൻ നന്ദികേശൻ. അച്ഛന്റെ അച്ഛൻ വൈഷ്ണവനായിരുന്നു. തടിച്ചുകൊഴുത്ത കാലം ഉരുണ്ടുരുണ്ടോടുകയായിരുന്നു. അച്ഛൻ ശൈവമതം സ്വീകരിച്ചു. ഞാൻ ശാക്തേയവും. സിന്ധിന്റെ എത്രയെത്ര നൂറ്റാണ്ടുകളും യുദ്ധങ്ങളും തത്വദീഷകളും ബോധധാരകളും ഞങ്ങളുടെ പൊക്കിൾക്കൊടികളിലൂടെ തിരിഞ്ഞും മറിഞ്ഞും പിണഞ്ഞ് പ്രവഹിച്ചു.
ദേവതമാരോടായിരുന്നു എന്റെ ഭക്തി.
അതിഭയങ്കര അകലത്തിൽനിന്ന് സ്നേഹിക്കുന്ന തീവ്രഭക്തി തന്നെ. എന്നെങ്കിലുമെനിക്ക് ഏതെങ്കിലുമൊരു സ്ത്രീയെ തൊട്ടു സ്
+നേഹിക്കുവാനാകുമോ? എനിക്ക് വിഗ്രഹങ്ങൾ വെറും കല്ലുകളല്ല. കല്ലായി കാണാനാവാത്തിടത്തോളം എങ്ങനെ ഞാനവയെ തൊട്ടശുദ്ധമാക്കും. അമിതഭക്തിയിൽ നിന്നാണ് അയിത്തമുണ്ടായതെന്ന ക്രിസിന്റെ സാമൂഹ്യശാസ്ത്രപഠനം ഒട്ടൊക്കെ ശരിതന്നെ. അവനിപ്പോൾ പൂനെയിൽ എവിടെയോ ഗവേഷണം ചെയ്യുകയാണ്. കണ്ടിട്ട് കുറേക്കാലമായി.
ഇല്ലെനിക്കാവില്ല. ഒരു സ്ത്രീയേയും തൊട്ട് സ്നേഹിക്കുവാൻ ഒട്ടുമേയാവില്ല. മനസിൽ ദേവിമാർ എന്നെന്നും അഗ്നിസ്വരൂപിണികളാണ്. ഒന്നു സ്പർശിക്കുകയേ വേണ്ടൂ, ഞാനെന്നവൻ ഭസ്മീകരിക്കപ്പെടും. പെണ്ണിനെ തൊട്ട് ഈയുള്ളവൻ ചാമ്പലായാൽ ആ ചാരം നെറ്റിയിലണിയുവാൻ ഒരു താപസ്സനും മനസുവരില്ല.
കണ്ണുതുറക്കാതിരുന്നപ്പോൾ എന്നെ കാത്ത അമ്മ ഞാൻ കണ്ണുതുറന്നാദ്യമായി കരഞ്ഞതും കാണാമറയത്തായിക്കഴിഞ്ഞിരുന്നു. പിന്നെ അച്ഛന്റെ മുറിയിലെ പരമേശ്വര ചിത്രങ്ങളിലൊന്നിൽ കാളിയമ്മന്റെ മുലകൾ കണ്ടിരുന്നു. കാഴ്ച കൊണ്ടത് നുകർന്ന് അമ്മിഞ്ഞയറിഞ്ഞിരുന്നു. ജീവിതത്തിൽ ഒരു സ്ത്രീയോട് മാത്രമേ എനിക്ക് അസൂയ കലർന്ന ദേഷ്യം തോന്നിയിട്ടുള്ളു. അത് ഈ അഭിരാമിയോടാണ്.
മരണത്തിന്റെ അന്ന് രാവിലെ ഞാൻ സാറിനെ കാണാൻ കൂരിമല കയറി ഈ വീട്ടിലെത്തിയിരുന്നു. ഇന്നെർ ബെനിയനും കളങ്കളം വിരിഞ്ഞ കൈലിയുമായിരുന്നു സാറിന്റെ അപ്പോഴത്തെ വേഷം. ചക്രക്കസേരയിൽ തനിച്ചിരുന്നാടുകയായിരുന്നു എന്റെ മാത്രം ശിവപ്പെരുമാൾ. എത്ര മരം കോച്ചുന്ന തണുപ്പായാലും വേഷം ഇത്രതന്നെ ധാരാളമാണ് മൂപ്പർക്ക്. അന്ന് ആ കിടത്തത്തിലും സാറിന്റെ കഴുത്തിൽ പാടുണ്ടായിരുന്നു. ഇപ്പോഴുള്ളതിനേക്കാൾ പുതുമ അന്നേരമീ പാടിനുണ്ടായിരുന്നു. ഇപ്പോളത് വാടിയിരിക്കുന്ന പോലെ. ഇതെന്തുപറ്റിയെന്ന് ഞാനിന്നലെ ചോദിച്ചതാണ്.
‘‘രാത്രീലൊരു മൂട്ട കടിച്ചതാ’’, സാറിന്റെ ഇന്നലത്തെ മറുപടി. വീടിനുള്ളിൽ നിന്നപ്പോൾ ഇറയത്തേക്ക് ഇറങ്ങിവന്ന അഭിരാമിയുടെ ചുണ്ടുകൾക്കുള്ളിൽ, അല്പം പോലും വിടവില്ലാതിരുന്ന പല്ലുകൾക്കിടയിൽ ഞാൻ തിരഞ്ഞത് മൂട്ടകളെ തന്നെയായിരുന്നു. സൂചിപോലെ കൂർത്ത അവളുടെ രണ്ടെക്ഷിപ്പല്ലുകൾ. മാലിയിലെ പെണ്ണുങ്ങൾ ചീകിമിനുക്കിയെടുക്കുന്ന മാതിരിയുള്ള പല്ലുകൾ. ഞാനിന്ന് ഒന്നും ചോദിക്കുന്നില്ല. എന്തുതന്നെ ചോദിച്ചാലും സാറ് ഒന്നും പറയില്ലെന്ന് എനിക്കറിയാം.
ഈ മലമുകൾ നിറച്ചും കുരിശടികളും പാരമ്പര്യവാദികളായ ക്രിസ്ത്യാനികളുമാണ്. ഇവിടെ നിന്നു നോക്കിയാൽ പരന്നും ഞെളിഞ്ഞും പുളയ്ക്കുന്ന കൊച്ചിയെ കാണാം. ചിലപ്പോളെല്ലാം വെള്ളൂർ കടലാസ്കമ്പനിയിൽ നിന്നുള്ള മുളയുരുകും മണം കൂരിമലയുടെ തുമ്പറ്റത്തുവന്ന് തൊടാറുണ്ട്. ക്രിസ്തുവിൻ ഉടൽപ്പിറപ്പുകളേ തങ്ങളെന്നു വിശ്വസിപ്പവർക്ക് ആ മണം അലർജിയാണ്. പ്രൊഫസർക്കാ മണമില്ലാതെ പറ്റില്ലായിരുന്നു. മരച്ചാറുരുകിയുറച്ച് കടലാസാവുന്ന മണം ശ്വസിക്കാനാണ് ശിവറാം സാറ് ഇവിടെ തന്നെ വീടുവെച്ചതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഇതിനേക്കാൾ വലിയ ഭ്രാന്തുകൾ അദ്ദേഹം കാട്ടിക്കൂട്ടിയത് അറിയാമായിരുന്നതുകൊണ്ട് ഞാൻ അങ്ങനെ തന്നെ വിശ്വസിച്ചു. മാധ്യമപ്രവർത്തനത്തിനാവശ്യമായ ഗുണഗണങ്ങൾക്കുപുറമേ അല്പം നൊസ്സു കൂടി ഉണ്ടെങ്കിലേ ഏതൊരു പത്രക്കാരനും ചിമിട്ടൻ പത്രക്കാരനാവൂ എന്ന് എന്തൂരം തവണ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നോ.
അഭിരാമിയും ഞാനും, ഞങ്ങളൊന്നിച്ചാണ് കാക്കനാട്ടെ മീഡിയ അക്കാദമിയിൽ ചേർന്നത്. അക്കൊല്ലം ഞങ്ങളുടെ ബാച്ചിൽ പുതുതായി പഠിപ്പിക്കാൻ വന്ന ഭാഷാധ്യാപകനായിരുന്നു ശിവറാം കൈലാസ്. അക്കാദമിയിൽ ഞങ്ങളുടെ സ്ഥിരം ഗെയിഡായിരുന്ന ഹൈമ ടീച്ചർക്ക് സാറിനെ ഒട്ടും തന്നെ പിടിച്ചില്ല. വല്ലാതെയങ്ങ് അപ്രിയമായ പെരുമാറ്റമായിരുന്നു ടീച്ചർക്കെപ്പോഴും പ്രൊഫസറോട്. ഇംഗ്ലീഷും മലയാളവും തറവായിരുന്ന പ്രൊഫസർ ശിവറാം കൈലാസ് അക്കാദമിക്ക് പുതിയൊരാളായിരുന്നെങ്കിലും ആ ശരീരത്തിന് നല്ല പഴക്കമുണ്ടായിരുന്നു. മനസിനെ ബാധിക്കാത്ത പഴക്കം ഒരു പഴക്കമാകുന്നില്ലെന്നല്ലെ. അതെ സാറിന്റെ കാര്യത്തിൽ അങ്ങനെ തന്നെ. മുൻ കോളേജ് അധ്യാപകൻ, മുതിർന്ന മാധ്യമപ്രവർത്തകൻ, ഭാഷാപണ്ഡിതൻ എന്നൊക്കെ കേട്ടപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചത് ചെല്ലപ്പെട്ട കനത്തിലൊരു സൈദ്ധാന്തിക–ജാഡക്കാരനായ ബുജ്ജുവിനെയായിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതീക്ഷകളെയെല്ലാം പൊടിപാറ്റി തകിടംമറിച്ചുകളഞ്ഞു. മെല്ലെ ചിരിക്കുന്നൊരു മനുഷ്യൻ, അതിലും മെല്ലെ മാത്രമേ ദേഷ്യപ്പെട്ടിരുന്നോള്ളു. മധ്യവയസ്കൻ എന്ന ലേബലിൽ നിന്ന് വാർദ്ധക്യത്തിലേക്ക് കുമ്പിടാൻ നിന്നൊരാൾ. പ്രായത്താൽ പാകപ്പെട്ടവരോട് എന്നും എനിക്ക് പ്രിയം തോന്നിയിട്ടുണ്ട്. ചെറുപ്പത്തിൽ, അതായത് നല്ലോണം ചെറുപ്പത്തിൽ അങ്ങനെയൊരു പുരുഷവേഷം പേറുവാൻ ഞാൻ എന്നിൽ മാത്രം നോക്കി പോരാടിയിട്ടുണ്ട്. പപ്പടം നനച്ച് മേത്തൊട്ടിച്ച് തൊലിയിൽ ചുളിവുകൾ വിരിയിച്ചിട്ടുണ്ട്. തലനാരുകളെ പൗഡറിൽ പൊതിഞ്ഞ് നരചൂടിയിട്ടുണ്ട്. ഒരു കുളികൊണ്ട് എല്ലാമെല്ലാം ഒലിച്ചുപോയി. ഞാനെന്നിൽ കെട്ടിയ കിഴവന്മാരെല്ലാം അലിഞ്ഞലിഞ്ഞ് കുളിപ്പുരയുടെ തറയിൽ കൊഴുപ്പിളകി കിടന്നുപോയി.
അന്ന് അക്കാദമിയിലെ പഞ്ഞിയകമുള്ള കസേരയിൽ ആ മനുഷ്യനെ കേട്ടും കണ്ടുമിരുന്നപ്പോൾ എന്നിലുണ്ടായ വികാരമെന്തായിരുന്നു? അത് ബഹുമാനത്തിൽ നിന്ന് ഒട്ടും കൂടുതലല്ലായിരുന്നു. പ്രണയാദരത്തിൽ നിന്ന് ഒട്ടും കുറവുമല്ലായിരുന്നു. പ്രായമേറും തോറും പുരുഷന്മാർ കൂടുതൽ സുന്ദരന്മാരാകുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എത്ര തറപ്പിച്ചു പറഞ്ഞാലും ചില തോന്നലുകൾ സത്യത്തിനും നുണയ്ക്കുമിടയിൽ തൊങ്ങലുകളായി കിടക്കും. ഇതങ്ങനല്ലെന്ന് കരുതാനാണിഷ്ടം. അദ്ദേഹത്തിന്റെ മനസിൽ എന്തായിരുന്നു ഞാൻ. ക്ലാസുകളിൽ അത്രക്കൊന്നും അസ്വസ്ഥതയില്ലാതെ ഇരിക്കുന്നൊരാൾ. ഭേദപ്പെട്ട കേൾവിക്കാരൻ. കേൾവിക്കാരെ ആർക്കാണ് വിട്ടുകളയാനാവുക. ശിവന്റെ മനസിലെ എന്റെ രൂപത്തേക്കുറിച്ച് ചിന്തിച്ച് കടലലകണക്ക് ഞാൻ കാടുകയറിയ നാളുകളായിരുന്നുവത്. വെറും കാടല്ല, ഒക്കെയും പൂങ്കാവനങ്ങളായിരുന്നു.
ആ നല്ല രാവിലകളിൽ
ഭദ്രകാള്യാഷ്ടകത്തിന്റെ ഇഷ്ടാക്ഷരങ്ങളിൽ നാവുമുടലുമുയിരുമൊതുക്കിയപ്പോൾ കാളിയമ്മയുടെ മുഖദാവിലോ മുലകളിലോ എന്റെ കൺമുന ലവലേശം തങ്ങിനിന്നില്ല. ഞാൻ കണ്ടതത്രയും ഭദ്രയുടെ താണ്ഡവത്തിനു കീഴിൽ സ്വസ്ഥനായ് മലർന്നുകിടന്ന ശിവനെയായിരുന്നു.
ഒരു കൊല്ലം തീരാൻ നാലു മാസങ്ങൾ ബാക്കി നിൽക്കെ, ഡിപ്ലോമാ കോഴ്സിന്റെ ഒരു ബാച്ചവസാനിക്കുവാൻ നാലു മാസങ്ങൾ ബാക്കിയെന്നിരിക്കെ അക്കാദമിയിലേക്ക് ആ വാർത്ത വന്നു. വാർത്താവിനിമയം പഠിപ്പിക്കുന്ന കെട്ടിടത്തിനുള്ളിൽ കൗതുകവും രസവും ആശ്ചര്യവുമെല്ലാം കൂടിക്കലർന്ന വാർത്ത പലപല തോരണങ്ങൾ ചുറ്റി ഒച്ചവെച്ചോടിനടന്നു. അമ്പത്തൊമ്പതുകാരൻ പ്രൊഫസർക്ക് പത്തൊമ്പതുകാരി വധു, അതും സ്വന്തം വിദ്യാർത്ഥിനി. അധ്യാപകനും വിദ്യാർത്ഥിനിയും തമ്മിൽ അവിഹിതം, പിടിക്കപ്പെട്ടപ്പോൾ വിവാഹം. രണ്ട് മനുഷ്യർ തമ്മിൽ കല്യാണം കഴിച്ചു; സദാചാരവാദികളുടെ വേട്ടയാടൽ തുടരുന്നു. പലേ തരം തലക്കെട്ടുകൾ. അവ വാർത്തകളുടേയും, കെട്ടുകഥകളുടേയും കിംവദന്തികളുടേയും ചുറ്റുകൾ തീർത്തുകൊണ്ടിരുന്നു. അങ്ങനെയായിരുന്നു അഭിരാമിയുടേയും ശിവറാം സാറിന്റെയും ഒന്നിച്ചു ജീവിക്കുവാനുള്ള തീരുമാനത്തേക്കുറിച്ച് എനിക്ക് അറിവു കിട്ടിയത്.
ഭൂചലനങ്ങളിൽ മലർന്നുകിടന്ന ശിവനുമേൽ ഭദ്ര കയറിയിറങ്ങിയെന്നു പറഞ്ഞാൽ മതിയല്ലോ. സാറുമായി അഭിരാമി നേരിട്ടാദ്യം മിണ്ടുന്നത് ഞാൻ മുഖാന്തരമാണ്. എന്നിട്ടും അവരുടെ വിവാഹക്കാര്യം അവസാനമറിഞ്ഞവരുടെ കൂട്ടത്തിൽപ്പെട്ടതോർത്തപ്പോൾ എനിക്കു നൊന്തു. കൂത്താട്ടുകുളം രജിസ്റ്ററ ഓഫീസിൽ വെച്ചാണ് നവദമ്പതികൾ പുതുവാഴ് വിലേക്ക് കെട്ടിയിറങ്ങിയത്. പു ക എ പ്രവർത്തകനായ ജോസ് കരിമ്പനയും അറുപതാം പിറന്നാളിെൻ്റ ആവേശനിറവിൽ മ്ലാനതകൈവിടാത്ത എം.കെ ഹരികുമാറും ചേർന്ന് സാക്ഷികൾക്കുള്ള കോളങ്ങൾ പൂരിപ്പിച്ചു. കള്ളികൾ, അക്കങ്ങളക്ഷരങ്ങൾ, തെന്നിത്തെറിച്ചു വീഴുന്നയൊപ്പുകൾ. സാധാരണ കല്യാണക്കടലാസുകൾ ശരിയാക്കുമ്പോൾ രജിസ്ട്രാറുടെ മുഖത്ത് ഉണ്ടാവാറുള്ള ഉത്സാഹമൊട്ടും അന്നേരം കൂത്താട്ടുകുളം രജിസ്റ്റർ ഓഫീസിലെ ആ മുതിർന്ന ഉദ്യോഗസ്ഥയുടെ മുഖത്തുണ്ടായിരുന്നില്ല. ഒപ്പുകൾ കൃത്യമായി വീഴേണ്ടിടത്ത് വീണപ്പോൾ ആ സ്ത്രീയുടെ കണ്ണിൽ നനവു പൊടിഞ്ഞത് അഭിരാമി ശ്രദ്ധിച്ചു. നവദമ്പതികൾക്ക് മംഗളം നേരാതെ ബലംപിടിച്ചുറച്ചിരുന്ന ആ വനിതാ രജിസ്ട്രാറായിരുന്നു പ്രൊഫസറുടെ ആദ്യത്ത ഭാര്യ. പി.ഡി. സതീദേവി. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നപോലൊരു സ്ത്രീ.
ഈ ലോകത്തിന്ന് ശിവറാം സാറിന് മരണശേഷമുള്ള ആദ്യദിനമാണ്. വാർത്തയറിഞ്ഞ് പലരും ഇങ്ങോട്ടേക്ക് എത്തുന്നതേയുള്ളൂ. മുട്ടുവേദനയുള്ളവർ കൂരിമലയുടെ കീഴേ വരെ വന്നിട്ട് തിരിച്ചുപോയി. മുട്ടുവേദനക്കാരെ തന്റെ ശവം കാണിക്കരുതെന്ന തീരുമാനത്തോടെയായിരുന്നിരിക്കാം പ്രൊഫസർ ഈ മലമുകളിൽ വീടുവെച്ച് താമസമാക്കിയത്. എങ്കിലും അത്ര മോശമല്ലാത്തൊരു അനുശോചനക്കൂട്ടം വീടിനുള്ളിലും മുറ്റത്തുമായി കൂടി നിൽക്കുന്നു. പ്രായമേറുകയെന്നാൽ മരണത്തിെൻ്റ സാധ്യതയേറുകയെന്നാണല്ലോ. അങ്ങനെ നോക്കിയാൽ, അത്യധികം സ്വാഭാവികമാണ് പ്രൊഫസറുടെ മടക്കം. എന്നാൽ അത്രക്ക് സ്വാഭാവികമല്ലാത്ത ഒന്നുണ്ടായിരുന്നു. അഭിരാമിയുടെ കാതിൽ, ഉടലിൽ, മനസിൽ, അവളിലൊന്നാകെ അന്ത്യശ്വാസത്തിനൊപ്പം അയാളതു കൊത്തിവെയ്ക്കുകയായിരുന്നു. അതിനാടകീയവും ആശ്ചര്യജനകവുമായ അന്ത്യാഭിലാഷങ്ങൾ.
‘‘ഞാൻ ചാവുന്നു. എന്റെ ശവം ആകാശത്തിന് നൽകണം. ഈ പ്രപഞ്ചത്തിൽ എനിക്ക് അങ്ങനെ അലിഞ്ഞാൽ മതി. അതിന് മുൻപ് നാല് പെണ്ണുങ്ങൾ ചേർന്നുവേണം എന്റെ മൃതത്തെ കുളിപ്പിച്ചൊരുക്കുവാൻ. ആദ്യമായി തൊട്ട പേറ്റച്ചി, ആദ്യത്തെ കാമുകി, ആദ്യത്തെ ഭാര്യ, പിന്നെ അഭിരാമീ നിന്നെയും ചേർത്ത് നാലേ നാലുപേർ മാത്രം മതി ഞാനാവുന്ന പുരുഷ ശവത്തെ കുളിപ്പിച്ച് വെടിപ്പാക്കുവാൻ. എനിക്കുവേണ്ടി നീയിത് ചെയ്യില്ലെ...’’
ശവത്തെ ആകാശത്തിന് കൊടുക്കുവാനോ? മരിക്കാൻ നേരം അങ്ങേര് പിച്ചുംപേയും പറഞ്ഞതാണോ? ഇനി വിമാനത്തിൽ കയറ്റി മോളിലെത്തിച്ചിട്ട് പുറത്തേക്ക് എറിയാൻ വല്ലതുമാണോ? അഭിരാമി എന്റെ അടുത്താണ് ആദ്യമീ കാര്യമറിയിക്കുന്നത്. സന്ദർഭമോർക്കാതെ ചില അറുകുഴമ്പൻ സംശയങ്ങളാണ് മനസിലേക്ക് വന്നത്. ആ നാല് ഭവതികളെ എങ്ങനെയെങ്കിലും സംഘടിപ്പാക്കാമെന്നു തന്നെ വെച്ചാലും ശവത്തിനെ ആകാശത്തിനുകൊടുക്കുക എന്നൊക്കെ പറഞ്ഞാലെന്താ?
‘‘എടോ... താൻ ടിബറ്റൻ സ്കൈ ബ്യൂരിയലെന്ന് കേട്ടിട്ടില്ലെ.’’ അഭിരാമി തിരിച്ചുചോദിച്ചു.
ഒരു മാത്ര, ഞാനൊന്ന് നിലച്ചു. കൊടുമുടികളുടെ സമ്പ്രദായം കുന്നുകളിലെങ്ങനെ.
പ്രാണനിലിറുകിപ്പിടിച്ച് സ്വന്തം അനുയായികൾക്കൊപ്പം ടിബറ്റൻ ഗിരിനിരകളിൽ നിന്ന് പാലായനം ചെയ്ത ബുദ്ധ ലാമയ്ക്ക് ഇന്ത്യ ധർമശാലയിൽ കൂടാരമൊരുക്കിയതിനെ പല വിദേശകാര്യ വിദഗ്ദരും വ്യത്യസ്ത സ്വരത്തിൽ ഒരേപോലെയാണ് വിമർശിച്ചത്. അന്ന് ഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടറായിരുന്ന ശിവറാം കൈലാസ് എന്ന പത്രപ്രവർത്തകൻ, അനന്തരഫലങ്ങളെ ഭയക്കാതെ ഇന്ത്യ ദലൈലാമയേയും സംഘത്തേയും വരവേറ്റതിനെ അനുകൂലിച്ച് ലേഖനമെഴുതി. ഏറെ സ്വകാര്യമായി എഴുതിയ ലേഖനം. അധികമാരും അത് വായിച്ചിട്ടുണ്ടെന്ന് കരുതാനാവില്ല.
കൊച്ചിയിലെ പത്രപ്പണികൾക്ക് ശഠേന്ന് അവധി പ്രഖ്യാപിച്ച് മലയാളരമയിലെ ആൻ്റണി ജോൺ മരണവീട്ടിലെത്തി. കാക്കനാട്ടെ അക്കാദമിയിൽ ഞങ്ങൾക്ക് ജനറൽ റിപ്പോർട്ടിംഗിെൻ്റ ക്ലാസെടുത്തിരുന്നത് ആൻ്റണി സാറായിരുന്നു. പ്രൊഫഷണലിസം തൊട്ടുതീണ്ടാതെ, മാധ്യമപ്രവർത്തനത്തിെൻ്റ ഒരച്ചടക്കത്തെയും കൂസാതെ അങ്ങേയറ്റം ബാലിശമായാണ് ഞാൻ പ്രൊഫസറുടെ അന്ത്യാഭിലാഷം സാറിനോട് റിപ്പോർട്ട് ചെയ്തത്. തപ്പിത്തടഞ്ഞുള്ള, അലവലാതിയായിപോകുന്ന ശിഷ്യന്റെ കാര്യകാരണാവതരണത്തിൽ മലയാളരമേടെ കൊച്ചിൻ ബ്യൂറോ ചീഫിന് മുഖം ചുളിഞ്ഞു: ‘‘നിനക്കും വട്ടാ, അവൾക്കും വട്ടാ, ആ മരിച്ചുകിടക്കുന്നവന് അതിനേക്കാളും വട്ടാ’’.
ശവത്തെ അടക്കം ചെയ്യുവാൻ പല വഴികളുണ്ട്. ശേഷിക്കുന്ന ചലനമറ്റ ഉടലിനെ അിയിൽ വെയ്ക്കുകയാണ് ഇന്ത്യയിൽ കൂടുതൽ പേരും ചെയ്യുന്നത്. മാവോ കണ്ടുകണ്ട് പുളകിതനായി വെട്ടിപ്പിടിച്ച വിശാല ചൈനയുടെ കൈപ്പത്തിയിൽ ചിലർ ‘ആകാശ സംസ്ക്കാര’ത്തിലൂടെ മൃതത്തെ നിശേഷമാക്കാറുണ്ട്. പക്ഷിക്കൂട്ടത്തിന് മരണപ്പെട്ടവരെ ഇട്ടുകൊടുക്കുന്ന പ്രാകൃത രീതിയെന്ന് അതിനെ പുച്ഛത്തോടെ ലഘൂകരിക്കാം. എന്നാൽ ആ മൃതസംസ്ക്കാര ബോധത്തിനുള്ളിലെ തത്വത്തിന്റെ കാമ്പ് അത്രക്കൊന്നും ലളിതമല്ല. ആൻ്റണി സാറ് പറഞ്ഞപോലെ ഒരുതരത്തിൽ ഇതു വട്ടായിരിക്കാം. എന്നാൽ, ശിവനടനമാടിയൊരു ബുദ്ധസമാധിയെന്ന പ്രൊഫസറുടെ ആഗ്രഹത്തെ എങ്ങനെ കണ്ടില്ലെന്ന് നടിക്കും. ആ ജീവിതാവസാനത്തിെൻ്റ ഇച്ഛയ്ക്കു മുന്നിൽ മറ്റാർക്കുവേണമെങ്കിലും കണ്ണു പൂട്ടി നിൽക്കുവാനാകും. എനിക്കോ അഭിരാമിക്കോ അതിനാവുകയില്ല. മരണംപൂകിയവനേ, ഞങ്ങളുടെ ഹൃദയത്തിെൻ്റ ഭാഗമേ താൻ.
ഈ ഏഷ്യൻ ശവസംസ്ക്കാര രീതിയെ ശിവറാം സാറ് വിളിച്ചത് ആകാശക്കുളിയെന്നായിരുന്നു. ചിറകടികളുടെ കാറ്റിനാൽ, ഗന്ധങ്ങളുടെ പുകയിനാൽ, കൊത്തുവാൻ വരുന്ന ചുണ്ടുകളാൽ ശരിക്കിനും ഒരാകാശക്കുളി. അഭിരാമിയിൽ നിന്നിതെല്ലാം കേട്ടപ്പോൾ എന്റെ മനസിലേക്ക് വന്നത് ‘‘ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ...’’ എന്ന പള്ളിപ്പാട്ടാണ്. കൂത്താട്ടുകുളത്തെ നല്ലൊരു ക്രിസ്ത്യാനി കമ്മ്യൂണിസ്റ്റായ സണ്ണി കുര്യാക്കോസ് ദിവസവും ചുരുങ്ങിയത് നാല് തവണയെങ്കിലും ഈ ഭകതിപ്പാട്ട് കേട്ടിരുന്നു. സഖാവിന്റെ നമ്പർ എന്റെ ഫോണിൽ നിന്ന് മാഞ്ഞുപോയിരുന്നില്ല. ഞാൻ വിളിച്ചു. ഒന്നു കാണണമെന്ന് പറഞ്ഞു. എന്നോടുള്ള രാഷ്ട്രീയപ്പിണക്കങ്ങൾക്ക് അത്ര ബലം കൊടുക്കാതെ സഖാവ് കൂരിമലയുടെ താഴത്തുള്ള തിരുവള്ളുവർ ക്ഷേത്രത്തിനടുത്തുവന്ന് കാത്തുനിന്നു. ഞാൻ കുന്നിറങ്ങിവരുന്നത് കണ്ട് മുൻനിരപ്പല്ലുകൾ കാട്ടി മൃതുവായി ചിരിക്കുന്നുണ്ടായിരുന്നു.
പ്രൊഫസറുടെ ശവം കുളിപ്പിക്കുവാനുള്ള ആ നാല് പെണ്ണുങ്ങളുടെ കാര്യത്തിൽ പരിഹാരം കണ്ടെത്തുകയായിരുന്നു എന്റെ ലക്ഷ്യം. ഇത്തരമൊരു കാര്യം സാധിച്ചുകിട്ടാൻ നയത്തിൽ ചരടുവലിക്കാനറിയാവുന്ന ഒരാളുടെ സാന്നിദ്ധ്യം എന്തുകൊണ്ടും നല്ലതാണ്. ഈ തിരിച്ചറിവ് ഞാനാളാകെ മാറിയെന്നതിെൻ്റ തെളിവാണ്. പണ്ടൊന്നും ഇങ്ങനായിരുന്നില്ല. അത് ഒരു ‘വെട്ടൊന്ന് മുറിരണ്ട് കാലം.’
കാക്കനാട് അക്കാദമീന്ന് കുമാരേട്ടനും സംഘവുമെത്തിയിട്ടുണ്ട്. കുമാരേട്ടനെന്ന് ഞങ്ങൾ അടുപ്പമുള്ളവർ വിളിക്കുന്നതാണ്. പി.കെ. ശ്രീകുമാർ. ആള് നല്ലൊന്നാന്താരമൊരു ഫോട്ടോഗ്രാഫറാണ്. കാടന്മരങ്ങളിൽ നിന്ന് പെണ്ണത്തം വായിച്ചെടുത്ത അവന്റെ ഫോട്ടോപരമ്പര ശിവറാം സാറിന് ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടിരുന്നു. കുമാരേട്ടന്റെ എന്തെങ്കിലുമൊരു കാര്യം കേട്ടാൽ പ്രൊഫസറപ്പൊ അതെടുത്തിടും. ‘‘കുമാരന്റെ മരപ്പടങ്ങളില്ലേ... ഗംഭീരമാണത്.’’
ഇപ്പോൾ ഈ അസന്തുലിതമായ സന്ദർഭത്തിൽ അവന്റെ സാന്നിദ്ധ്യം ശരിക്കിനും ഞങ്ങൾക്ക് ഒരു താങ്ങ് തന്നെയാണ്. പരിഹരിക്കേണ്ടത് ഒരു കനപ്പെട്ട പ്രശ്നം തന്നെ. പരിഹരിച്ചേ മതിയാവൂ. ഉപേക്ഷിക്കാനാവില്ല. ടിബറ്റിൽ ആകാശ സംസ്ക്കാരം നടത്തുന്നത് കഴുകന്മാരെ വെച്ചാണ്. കഴുകനോളം അഹിംസ നിറഞ്ഞ ജീവി മറ്റൊന്നുമില്ലെന്ന് ബുദ്ധമുനികൾ ചിന്തിച്ചു. ആം അതും നേര്. ആ ശവന്തീനിപ്പറവ ഒന്നിനേയും കൊന്നു തിന്നുന്നില്ലല്ലൊ. പ്രാണൻ പടിയിറങ്ങിയ മാംസപിണ്ഡത്തെ ഭുജിക്കുന്നു. അത്രമാത്രം. ദിഗംബരനാമൊരു നാഗസന്ന്യാസിയോളം ശുദ്ധവും ആത്മീയവുമാണ് കഴുകുകൾ.
അഘോരിയാം കഴുകനേ സ്വസ്തി. ജേണലിസ്റ്റുകൾ ഞങ്ങൾ കഴുകനെക്കുറിച്ചുള്ള ഏതു നേർത്ത സൂചനയിലും ആദ്യമോർക്കുക കെവിൻ കാർട്ടറേയും അയാൾ പകർത്തി ലോകത്തിന്റെ സകലമാന വിചാരണകൾക്കും മുന്നിലേക്ക് വെച്ചുകൊടുത്ത ആ ഫോട്ടോഗ്രാഫിനെയുമായിരിക്കും. സുഡാനിലൊരു കുഞ്ഞ് പട്ടിണിമൂത്ത് മരണത്തിലേക്ക് അടുക്കുമ്പോൾ അരികത്ത് തനിക്കുള്ള ആഹാരം പാകമായി വരുന്നതും നോക്കികാത്തിരുന്ന ക്ഷമാശീലനായ കഴുകന്റെ ചിത്രം. കഴുകനവിടെ വികാരധീനനാകുന്നില്ല. കുഞ്ഞിനെ മരിക്കാൻ അനുവദിക്കുകയാണ്. എന്നെ ഇപ്പോൾ അലട്ടുന്നത് ഇത്തരത്തിൽ ആഗോളമോ ബൗദ്ധികമോ ആയ വിഷയമേതുമല്ല. പ്രൊഫസറുടെ ശവം തിന്നാനുള്ള കഴുകുകളെ ഞാൻ എവിടെ നിന്ന് ഒപ്പിക്കും. കേരളത്തിൽ എത്ര കഴുകന്മാരുണ്ട്?
സണ്ണി സഖാവിന്റെ ഫോൺകോൾ. രജിസ്ട്രാറെ മൂപ്പര് കണ്ടു. കാര്യം കേട്ടപാതി കേൾക്കാത്ത പാതി അവര് കതകടച്ചുകളഞ്ഞേത്ര. ആ സ്ത്രീയെ ഒരു തരത്തിലും കുറ്റം പറയാനാവില്ല. അത്രയ്ക്കുണ്ട് അവരീ വാഴ് വിനാൽ സഹിച്ചതൊക്കെയും. പ്രൊഫസർ ശിവറാമിന്റെ ആദ്യ ഭാര്യ രജിസ്ട്രാർ പി.ഡി. സതീദേവി അയാളുടെ അന്ത്യാഭിലാഷം പൂർത്തീകരിക്കുവാൻ ഒരുക്കമാണോ എന്നറിയില്ല. ‘‘സഖാവേ ഞാൻ കൂടി വരാം. ഒന്നു കൂടി സംസാരിച്ചുനോക്കാം. ഇടയാറ്റീന്ന് ഒരു മൊബൈൽ മോർച്ചറി വാടകയ്ക്കെടുത്തിട്ടുണ്ട്. അതിവിടെ എത്തേണ്ട താമസം. ഉടൻ ഇറങ്ങാം’’. എങ്ങനേയും അവരെ പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് മനസിലുറപ്പിച്ച് ഞാൻ ഫോൺ കട്ട് ചെയ്തു.
കടമ്പകൾ പലത്. ഒന്നു കടന്നു കിട്ടണം. കാര്യങ്ങളൊക്കെ കാതലോടെ കഴിച്ചുകൂട്ടണം.
ആരായിരുന്നു ശിവറാം പ്രൊഫസറുടെ ആദ്യ കാമുകി? ഞങ്ങൾക്കാർക്കും അതേക്കുറിച്ച് ഒരറിവുമില്ല. അഭിരാമിയ്ക്ക് പോലും. പക്ഷെ അതറിയാവുന്ന ഒരാളെ എനിക്കറിയാം. മലയാളരമയിലെ ആൻ്റണി സർ. പുള്ളിക്കാരന് അറിയാതിരിക്കുവാനുള്ള ഒരു തരവുമില്ല. ആളുകളുടെ മനസുകടഞ്ഞ് അമൃതും കാളകൂടവും പുറത്തെടുക്കാൻ ആ കളിക്കള റിപ്പോർട്ടറെ കഴിഞ്ഞിട്ടേ മറ്റാരെങ്കിലുമുണ്ടെങ്കിലുള്ളൂ. മരണവീട്ടിൽ നിന്നിറങ്ങാൻ നിന്ന ആൻ്റണി സാറിനെ ഞാൻ വട്ടമിട്ട് പിടിച്ചു. ‘‘പറ സാറെ, ആരായിരുന്നു പ്രൊഫസറുടെ ആദ്യത്തെ കുറ്റി.’’ കൂറ്റനൊരു രഹസ്യത്തിന്റെ കെട്ടുപൊട്ടിക്കുമ്പോഴുണ്ടാവേണ്ട ചടപ്പ് ഒട്ടും കൂടാതെ ആൻ്റണി സർ പറഞ്ഞു: ‘‘വേറാര്... അക്കാദമിയിലെ നിങ്ങടെ ഹൈമ ടീച്ചറ് തന്നെ...’’
എനിക്കെന്നല്ല, ടീച്ചറെ നേരിട്ടറിയാവുന്ന ആർക്കും ഇതു കേട്ടാൽ ഞെട്ടലുണ്ടാവും. ആ മഞ്ഞുപെട്ടി കൂരിമല കയറി മുകളിലേക്ക് വരുന്നു. പ്രൊഫസറുടെ മൃതത്തെ ഇനി അല്പനാൾകൂടി ചീഞ്ഞുപോകാതെ ഇട്ടുവെയ്ക്കാം. അവിടെ ഊർജ്ജമറ്റൊരാ ഉടലിനെ നിവർത്തിവെച്ചിരിക്കുന്നിടത്തുനിന്ന് അനങ്ങുവാൻ പോലും കൂട്ടാക്കാതിരിക്കുകയാണ് അഭിരാമി. ‘അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ...’ എന്ന പാട്ടിനെ ‘മൃതരാഗിണി ഇതാ നിൻ കനവിൽ കരിഞ്ഞ പൂക്കൾ’ എന്ന് മാറ്റിപ്പാടണമെന്ന് എന്തോ എനിക്ക് തോന്നി.
ഞാൻ ആൻ്റണി സാറിനോട് ചോദിച്ചു: ‘‘ടീച്ചറോട് ആരാ ഇതിപ്പൊ പറയുക... സാറൊന്ന്...’’
‘‘ശിവൻ മരിച്ചെന്ന് പുള്ളിക്കാരത്തി അറിഞ്ഞിട്ടുണ്ട്. അവന് ഇങ്ങനെ ഒരാഗ്രഹമുണ്ടെന്നൊക്കെ എങ്ങനെ പറയാനാ...’’
‘‘മറ്റുള്ളവരുടെ കാര്യത്തിൽ എന്തെങ്കിലും നീക്കുപോക്ക് നോക്കാമെങ്കിലും ടീച്ചറോട് ഇതേപ്പറ്റി എനിക്കെതായാലും പറയാനാവില്ല. സാറ് ചെറുതായൊന്ന് സൂചിപ്പിക്ക്...’’
എന്തുപറഞ്ഞും ടീച്ചറെക്കൊണ്ട് സമ്മതിപ്പിക്കുവാൻ സാറിനാവുമെന്ന് എനിക്ക് തോന്നി.
കൂത്താട്ടുകുളത്ത് സണ്ണി സഖാവ് കാത്തു നിൽക്കുന്നുണ്ട്. ഞാനും ആൻ്റണി സാറിനൊപ്പം കൂരിമലയിറങ്ങി ആ കാറിൽ തന്നെ ടൗണിൽ ചെന്നു. പഞ്ചായത്താപ്പീസീന്ന് സണ്ണിച്ചേട്ടൻ ഇറങ്ങിവന്നു. രജിസ്ട്രാർ കൊണ്ടുപിടിച്ച എന്തോ പണിയിലായിരുന്നു. സഖാവിനെ കണ്ടപ്പോഴേ അവർക്ക് കാര്യം മനസിലായി. ‘‘പറ്റില്ലെന്ന് ഞാനൊന്ന് പറഞ്ഞതല്ലെ’’, രജിസ്ട്രാർ ഇങ്ങോട്ട് ചാടിക്കയർത്തു.
‘‘നമുക്കിടയിൽ ഇനിയില്ലാത്ത ഒരാളുടെ അവസാനത്തെ ആഗ്രഹമാണ്...’’ നീട്ടിവലിയ്ക്കാതെ ഞാൻ പറഞ്ഞു. അത്രമാത്രമേ പറഞ്ഞോള്ളു. അവിടന്ന് പിൻവലിഞ്ഞു നടക്കുമ്പോൾ എനിക്ക് ഊഹിക്കാമായിരുന്നു, സതീദേവിയുടെ തണുത്തുറയുന്ന മുഖത്തെ.
ഇരുമ്പുപണിക്കാർ ഒന്നിച്ചു താമസിക്കുന്ന ഒരിടമുണ്ട്. ഈ സ്കൂട്ടറിൽ സണ്ണിച്ചേട്ടൻ എന്നെയും പിന്നിൽവെച്ച് അങ്ങോട്ടേക്കാണ്... ‘‘ഒന്നാലോചിച്ചാൽ ഞാനീ ചെയ്യുന്നത് ഒരു പാർട്ടിവിരുദ്ധ പ്രവർത്തനമാണ്. നിങ്ങളുടെ ഈ അന്ധവിശ്വാസങ്ങൾക്ക് ഒരു ലോക്കൽ കമ്മറ്റിയംഗം കൂട്ടുനിൽക്കുവാണെന്ന് അറിഞ്ഞാൽ സഖാവ് ഫിലിപ്പ് ജോർജിന്റെ ആത്മാവുപോലും പൊറുക്കില്ല’’.
സണ്ണിച്ചേട്ടൻ ഗദ്ഗദകണ്ഠനായി.
‘‘അല്ല സഖാവേ, അപ്പൊ കമ്മൂണിസ്റ്റുകാർക്ക് ആത്മാവൊക്കെയുണ്ടല്ലെ’’, എന്റെ ആ ചോദ്യം സുഖിക്കാതെ സണ്ണി സഖാവ് ആക്സിലേറ്റർ ഞെരിച്ചു. ഞങ്ങൾ വേഗന്ന് നീങ്ങി. ഇരുമ്പു പുകയുന്ന തൊണ്ടിലൂടെ നേരേ നടന്നു. ചെങ്കല്ല് ചെത്തിയുണ്ടാക്കിയ ഇടവഴിയിലൂടെ പാറൂമ്മാമ്മയുടെ കുടിലിലേക്ക്. നൂറ്റൊമ്പതാം വയസിലും ജീവിതം നീളവേ, ഇടയാറ്റിലെ മൂത്തപേറ്റച്ചിയാണ് പാറൂമ്മാമ്മ.
‘‘പൂയ്... പാറൂമ്മേയ്... ഇവിടാരൂല്ലേ...’’
സണ്ണിച്ചേട്ടൻ വിളിച്ചോണ്ടേയിരുന്നു.
തേയ്ക്കാത്ത വീടിെൻ്റ ഭിത്തിയോട് പറ്റി ഞാൻ പിന്നാമ്പുറത്തേക്ക് നടന്നു. തുളസിച്ചെടികൾ കൂടി നിന്ന അരികുമുറ്റത്തിന്റെ മൂലയ്ക്ക്, എല്ലും തോലുമായ ഒരു വൃദ്ധരൂപം കവച്ചുനിൽക്കുന്നു. ആ കാലുകൾക്കിടയിലൂടെ തുമ്പിക്കൈപോലെ ഞാന്നുതൂങ്ങിയ മുതുമാംസത്തിന്റെ നീളം ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. അതിലൂടെ ഇറ്റിറ്റ് മൂത്രം മണ്ണിലേക്കഴിയുന്നു. ഒത്തിരിയങ്ങ് പ്രായമാവുമ്പോൾ പെണ്ണുടലിന്റെ സകലപിടിവള്ളികളും വിട്ടൊരു കൊമ്പ് യോനിയിലൂടെ താഴേക്കൂർന്നിറങ്ങുമെന്ന് കേട്ടിട്ടുണ്ട്. നാണം തൊടാതെ പാറൂമ്മാമ്മ ഞങ്ങളെ അഭിമുഖീകരിച്ചു. അല്ലെങ്കിൽ തന്നെ എന്തിനാണ് നാണിക്കുന്നത്. മുതുക്കിയാവുന്നതും മൂത്രമൊഴിക്കുന്നതും നാണംതോന്നേണ്ട കാര്യങ്ങളല്ല. മൂപ്പത്തിയാർക്ക് ഓർമ തീരെയില്ല. പലരും പറഞ്ഞതുവെച്ച് ശിവറാം സാറിന്റെ പേറ്റച്ചി ഇവരായിരിക്കുവാനേ തരമൊള്ളൂ.
പാറൂമ്മാമ്മയുടെ മൂത്തമകൻ മാരുവിനോട് ഒക്കെയും മുൻകൂട്ടി പറഞ്ഞിരുന്നു. ഇല്ലോളം ചക്രം കറക്കേണ്ടിവന്നു. എങ്കിലും കാര്യം ശരിയായി. ഉമ്മാമ്മേനെ കസേരയിലിരുത്തി കൂരിമല കയറ്റിക്കൊണ്ടുവരാൻ വിലങ്ങപ്പാറയിലെ പാറമടയിൽ നിന്ന് ചുമട്ടുകാരെ കൂലിക്കെടുത്തിട്ടുണ്ട്. എല്ലാമെല്ലാം ഒത്തിണങ്ങിവരുമെന്ന പ്രതീക്ഷ ചൂടി ഞങ്ങളുടെ അങ്കലാപ്പുകൾ സ്കൂട്ടറിൽ കയറി. കടമ്പകൾ ഇനിയുമുണ്ട്. ഹൈമ ടീച്ചറും രജിസ്ട്രാറും ശിവന്റെ ശവത്തിനരികിലേക്ക് വരുമോ എന്നതിനിയും ഉറപ്പായിട്ടില്ല. കടലിറങ്ങിപ്പോയ തീരത്തിന്റെ അവസ്ഥയിൽ അഭിരാമി കൂരിമലയ്ക്ക് മുകളിലെ വീട്ടിൽ പ്രൊഫസറുടെ ജഡത്തിന് കാവലിരിക്കുന്നു. മഞ്ഞുപെട്ടിക്കുള്ളിലുറയുന്നതൊന്നും മഞ്ഞാകുന്നില്ലെന്ന ഓർമ്മപ്പെടുത്തലോടെ ശിവറാം കൈലാസിന്റെ ശേഷിപ്പ്.
മലകയറ്റം തുടങ്ങുന്നിടത്ത്, മേൽക്കൂരയില്ലാത്ത തിരുവള്ളുവർ ക്ഷേത്രത്തിന്റെ മുന്നിൽ നിർത്തിയ സ്കൂട്ടറിൽ നിന്നിറങ്ങാതെ ഞാനും സഖാവുമിരുന്നു. കഴുകന്മാരെ എവിടെ നിന്ന് ഒപ്പിക്കുമെന്നതാണ് ഇപ്പോൾ മുന്നിലുള്ള ചോദ്യം. ഒരു കാലത്ത് മലയാളനാട്ടിൽ മാനംമുട്ടെ കഴുകുകളുണ്ടായിരുന്നു. എന്നാലവ നാടുവിട്ടെങ്ങോട്ടോ പോയി. വയസായ കഴുകുകൾ ഇവിടെ തന്നെ കൂഞ്ഞിക്കൂടി ഒടുങ്ങുകയായിരുന്നു. ചുറുചുറുക്കുണ്ടായിരുന്ന യുവകഴുകുകൾ ഈരുവിട്ട് അന്ന്യദേശങ്ങളിലേക്ക് പാലായനപ്പറക്കം പറന്നു. നല്ലയന്നം, നല്ല ശമ്പളം, നിറമേറിയ ചുറ്റുവട്ടങ്ങൾ. അവർ കൊതിച്ചുപോയി. അവർ പറന്നുപോയി. എന്തുചെയ്താലാണ് പോയവ മടങ്ങിവരിക? എനിക്കറിഞ്ഞുകൂടാ. ഉലകം ചുറ്റുന്ന സർക്കസു കമ്പനികളിൽ ചിലതിലെ പരിചയക്കാരെ വിളിക്കുന്ന തിരക്കിലാണ് സണ്ണിസഖാവ്. അവർ വഴി ഒരു കഴുകിനെയെങ്കിലും ഒപ്പിക്കുവാനാകുമോ എന്ന ശ്രമമാണ്. ഒന്നൊഴിയാതെ എല്ലാ ഫോൺകോളുകളും വിഫലമായി. ഞാൻ കൂരിമല കയറുന്നു. ഇത് എത്രാമത്തേത് എന്നറിയാതുള്ള കയറ്റം.
ആളുകൾ പലരും വന്നുംപോയുമിരിക്കുന്നു. അഭിരാമി ഇരുന്നിടത്തുനിന്നും അനങ്ങിയിട്ടില്ല. ഞാൻ പതിയെ അവളുടെ അടുത്തുചെന്നിരുന്നു. എന്നിട്ട് ആ കാതിലേക്ക് തഞ്ചത്തിൽ വാക്കുകളെ അടുപ്പിച്ചു.
‘‘കഴുകു തന്നെ വേണമെന്ന് നിർബന്ധമാണോ? പ്രൊഫസറെ കാക്കക്കോ കോഴിക്കോ കൊടുത്താൽ പോരെ...’’
പറഞ്ഞുതീരാൻ കാത്തില്ല, അതിനുമുന്നേ അടി കരണത്തു വീണുകഴിഞ്ഞിരുന്നു. ഒരു ഫുൾസ്റ്റോപ്പ്–അടി. അവളാണ് അടിച്ചത്. അടികൊണ്ടത് എനിക്കാണ്. മൃതദേഹം കണ്ട്കണ്ട് സ്വന്തം മരണഭയത്തെ നേരിടാം എന്ന പരോക്ഷ ഉദ്ദേശവുമായി വന്നവർ എന്നെ തന്നെ നോക്കി. നല്ല ഒച്ചയുള്ള അടിയായിരുന്നു. ആരുടേയും ശ്രദ്ധപിടിച്ചുപറ്റുന്ന ഒച്ച. പ്രൊഫസറുടെ ഒടുക്കത്തെ കിടപ്പിനും ആ കിടപ്പിനു കൂട്ടിരിക്കുന്ന അഭിരാമിക്കും അരികിൽ നിന്ന് ഞാൻ എഴുന്നേറ്റു. ഹാളിൽ നിന്ന് തിണ്ണയിലേക്ക്, തിണ്ണയിൽ നിന്ന് മുറ്റത്തേക്ക്, മുറ്റത്തെ കോവൽപ്പന്തലിെൻ്റ കീഴിലേക്ക് ഇറങ്ങി നിന്നു. തല്ലിൽ കവിളു നൊന്തു. മനം നൊന്തില്ല. ഈ ചെറിയ സമയത്തിനുള്ളിൽ ഞാനെവിടെ പോയി കഴുകുകളെ കൊണ്ടുവരാനാണ്. എത്തുംപിടിയുമില്ലാതെ നിൽക്കുന്നതിനിടെ പിന്നിൽ നിന്നുവന്ന ആ തോണ്ടൽ രണ്ടാമതോ മൂന്നാമതോ ഉണ്ടായി കഴിഞ്ഞാണ് ഞാനറിഞ്ഞത്. റാഞ്ചിരായപ്പൻ. ഒറ്റക്കണ്ണൻ രായപ്പെനെന്ന് ചില നാട്ടുകാര് വിളിക്കും.
‘‘മോനെ, സാറ് എന്നെ ഒരു കൂട്ടം പറഞ്ഞേൽപ്പിച്ചിട്ടുണ്ടേ...’’
–കൺഗോളമില്ലാത്ത വലത്തേ കൺകുഴിയിൽ വായു വീർപ്പിച്ചുപിടിച്ചെന്ന പോലെ അയാൾ പറഞ്ഞു. മുൻപ് ഇവിടെ വരുമ്പോൾ വല്ലപ്പോഴൊക്കെ റാഞ്ചിയെ കാണുമായിരുന്നു. അധികവും ശിവറാം സാറിന്റെ ഒപ്പമായിരുന്നു. റാഞ്ചിരായപ്പന് നാട്ടിൽ വിശേഷണങ്ങൾക്ക് ഒട്ടും കുറവില്ല. ‘ആനറാഞ്ചിപ്പക്ഷീടെ കുഞ്ഞിനെ റാഞ്ചുന്നോനാ രായപ്പൻ’ ഇങ്ങനെ പറഞ്ഞ് ചായത്തിണ്ണകളിൽ എല്ലാ ദിവസവും ആരെങ്കിലുമൊക്കെ ഒരു കവിൾ ചായയിറക്കും. പരുന്തിൻ തൂവൽ ചൂടിയ റാഞ്ചിയണ്ണനെ കാക്കക്കൂട്ടമൊരിക്കൽ ആഞ്ഞുപൊതിഞ്ഞു. നടുറോട്ടിൽ വെച്ച് അന്നൂരിപ്പോയതാണ് വലങ്കണ്ണിെൻ്റ കാഴ്ച.
തോണ്ടിത്തോണ്ടി റാഞ്ചി പറയുന്നു: ‘‘കഴുകെല്ലാം എന്റെ അടുത്താ.’’ ഞങ്ങൾ അയാളുടെ വാക്കുകൾ തന്ന ആശ്വാസത്തിലേക്ക് ചാഞ്ഞു. കരകണ്ട നൗക തിരയിലെന്ന പോലെ. റാഞ്ചിരായപ്പന്റെ ഓടുപെരേടെ മച്ചിലെല്ലാം കൂടുകളാണെന്ന്. പക്ഷിക്കൂടുകൾ. അക്കൂട്ടിലൊക്കെയും കഴുകുകളുണ്ടെന്ന്. മാസങ്ങൾക്കുമുന്നേ അവറ്റയെ പ്രൊഫസർ നോക്കാൻ എൽപ്പിച്ചതാണെന്ന് കൂടി റാഞ്ചിയറിയിച്ചപ്പോൾ സഖാവിനു തോന്നിയ അതിശയം എനിക്ക് തോന്നിയില്ല. അഭിലാഷം പൂവണിയേണ്ടത് മറ്റാരേക്കാളും ആശിച്ചവന്റെ ആവശ്യമാണല്ലോ.
കഴുകുകളെ നോക്കുന്നതിനും ഓടിളക്കി ദിവസോം അവയെ വെയിലുകൊള്ളിക്കുന്നതിനും കൂലി തരുവായിരുന്നുവെന്നും പറഞ്ഞുകേട്ടു. പറയുവാൻ ബാക്കിയുള്ളതൊക്കെ ഞാനൂഹിച്ചു. ‘മുക്കണ്ണന്റെ മുൻകൂട്ടിക്കാണൽ, ഒരു ചെറിയ മുന്നൊരുക്കം.’ അങ്ങനെ പ്രധാന പ്രശ്നത്തിന് പരിഹാരമായിരിക്കുന്നു. ശവം തിന്നുവാനുള്ള ചിറകരാം ബുദ്ധമിത്രങ്ങൾ ഇതാ ഈ നിൽക്കുന്ന ഒറ്റക്കണ്ണന്റെ മച്ചിലെ കൂട്ടിൽ സുരക്ഷിതർ. ഉലകിതിലെമ്പാടും സുരക്ഷയും ബന്ധനവും ചേർന്നു നിൽക്കുന്നു. അതിനെതിരെ ചിലയിടത്ത് സ്വാതന്ത്ര്യവും അസുരക്ഷിതത്തവും കെട്ടിപ്പിടിയ്ക്കുന്നു. പര്യായങ്ങൾ പൂരകങ്ങൾ ആയാസങ്ങൾ.
ഉച്ചനേരം കഴിയാറാവുന്നു. ചിലയിടങ്ങളിൽ വെയിലാറുന്നു. ചിലയിടത്ത് വെയില് കത്തുന്നു. കസേരയിൽ വെച്ചുകെട്ടി നാലഞ്ചാളുകൾ കൂടിച്ചുമന്ന് പാറുമൂത്തത്തിയെ കൂരിമല കയറ്റുന്നു. പേറ്റച്ചിയുടെ ഭാരം. ഉണങ്ങിയുണങ്ങി ചുള്ളിക്കമ്പുകണക്കായ ആ വൃദ്ധയുടെ കനം ജീവിതത്തിലേക്ക് വലിച്ചെടുത്ത് കരയിച്ച എല്ലാ പാപ–പുണ്യജന്മങ്ങളുടേതു കൂടിയാണ്. കിഴവിയുടെ ഭാരം താങ്ങാനാവാതെ ചുമട്ടുകാർ ഇടയ്ക്ക് കൂരിമലയുടെ കുരിശ്ശടികളിൽ പിടിച്ചുനിൽക്കുന്നുണ്ട്. കസേരയിൽ ഉമ്മാമ്മ അന്തിച്ചങ്ങനെയിരിക്കുകയാണ്. ഇമവെട്ടാതെ, അനക്കമില്ലാതെ, ശ്വാസമില്ലെന്ന പോലെ. മരിച്ചൂന്നേ തോന്നൂ. എന്നാലത് മരിക്കുന്നതല്ല, മരവിക്കുന്നതാണ്.
മലയുടെ താഴം മുതൽക്ക് മേലം വരേക്കും കുരിശ്ശടികളുണ്ട്. അതാ കൂരിമലയിലെ വെള്ളക്കുരിശുകളുടെ വഴിയേ ഒരു ബുദ്ധജിജ്ഞാസു കയറിവരുന്നു. ക്ഷുഭിത യൗവ്വനമടങ്ങാത്ത അയാളുടെ മുഖപേശികളിലേക്ക് സൂര്യൻ വെയിലേറു നടത്തുന്നു. പെരുങ്കാടുകൾക്കും മുന്നേ കാട്ടുതീയാളുക ചുള്ളിക്കാടിലാണല്ലോ. കവിത കയ്യൊഴിയാത്തതിനാൽ മരണകടാക്ഷം കിട്ടാത്ത കവി മരിച്ച കൂട്ടുകാരെൻ്റ മലർന്നുകിടത്തം കണ്ട് കൊതിവിടാൻ വന്നതാവാം. ഞങ്ങൾക്കാർക്കും മുഖം തരാതെ ആ കേരളാ ബുദ്ധിസ്റ്റ് വന്ന വേഗത്തിൽ തന്നെ ഹാളിലേക്ക് കയറി. ഫോട്ടം പിടിയ്ക്കാനാഞ്ഞ കുമാരേട്ടന്റെ ക്യാമറയെ അയാൾ ഒറ്റനോട്ടം കൊണ്ടുതന്നെ അണച്ചുകളഞ്ഞു.
സന്ധ്യയാവുമ്പോൾ ശവമെടുക്കാറായെന്ന് അറിയിപ്പു പറയുവാൻ ഇവിടെ ആരുമില്ല. ദൂരേക്ക് നോട്ടമിട്ടിരുന്ന ഞങ്ങളുടെ കാത്തിരിപ്പുകൾക്ക് അധികം വിഷമിക്കേണ്ടി വന്നില്ല. രജിസ്ട്രാർ പി.ഡി. സതീദേവി മലകയറിവരുന്നു. കയറ്റത്തിന്റെ കിതപ്പ് ആ മുഖത്തില്ല. തൊട്ടു പിന്നാലെ തന്നെ ഹൈമ ടീച്ചറുമുണ്ടായിരുന്നു. അവരെ പ്രായത്തിന്റെ പ്രയാസങ്ങളലട്ടുന്നുണ്ട്. ഈ മല കഠിനമാണ്. മകന്റെ കൈ പിടിച്ചാണ് ടീച്ചർ വന്നിരിക്കുന്നത്. പാറൂമ്മാമ്മയെ എന്ന പോലെ രജിസ്ട്രാർ സതീദേവിയേയും ഹൈമ ടീച്ചറേയും അഭിരാമി പ്രത്യേകം സ്വീകരിച്ചു.
കുടപ്പനയുടെ ഓല മെടഞ്ഞുകെട്ടിയ മറപ്പുരയിൽ നീളൻ മേശയിട്ടു. അതിൽ മുഴുവനായി വെട്ടിയ വാഴയില കീറാതെ വിരിച്ചു. ഒരുക്കങ്ങൾക്കുമേൽ അനുസരണയോടെ പ്രൊഫസർ ശിവറാം കൈലാസിന്റെ മൃതദേഹം കിടന്നു തന്നു. ജപിക്കേണ്ട മന്ത്രമറിയാതെ ഓട്ടുപാത്രത്തിലെ പച്ചവെള്ളത്തിൽ കൈമുക്കി മൃതത്തിനു മേൽ ആദ്യം തളിച്ചത് പാറൂമ്മാമ്മയാണ്. ഒരു കീറ് വാഴയിലകൊണ്ട് പ്രൊഫസറുടെ ഉയിരില്ലാത്ത ആൺകൊളുത്തിനെ ആരോ മറച്ചുവെച്ചിരുന്നു. മറപ്പുരയ്ക്കുള്ളിൽ, നാലു പ്രായത്തിലുള്ള നാല് പെണ്ണുങ്ങൾ മാേത്ര ഉണ്ടായിരുന്നോള്ളു. സതി ഒരു മൊന്ത വെള്ളമെടുത്ത് ശിവന്റെ നാഭിയിലേക്കൊഴിച്ചു. ആ ഇല ഒലിച്ചുപോയി. പാറൂമ്മാമ്മ അധികമൊന്നും ചെയ്യാനാവാതെ കസേരയിലിരുന്ന് വാക്കുകളുടെ ഭംഗിപൊട്ടിക്കുന്ന സ്വരത്തിൽ നിർദ്ദേശങ്ങൾ കൊടുത്തു: ‘കക്ഷം തേച്ച് കഴുകെടീ, ഉള്ളങ്കാലിൽ ചെളിയുണ്ട്, തലയൊടുക്കം നനച്ചാൽ മതി...’ ഹൈമ ടീച്ചർ തന്റെ ജീവിതത്തിലെ ആദ്യത്തെ കാമുകന്റെ ശവത്തെ സോപ്പു തേപ്പിച്ചു കഴുകി. അഭിരാമി തന്റെ ഭർത്താവിന്റെ ചലനമൊഴിഞ്ഞ ശരീരത്തിൽനിന്ന് നനവൊപ്പിമാറ്റി. സതി തന്റെ മുൻ ഭർത്താവിന്റെ മൃതത്തെ വെള്ളത്തുണിയിൽ പൊതിഞ്ഞു. കുളിച്ചു കുട്ടപ്പനായ ശിവറാം സാറിന്റെ കവിളിൽ ഞാനും അഭിരാമിയുമൊഴിച്ച് മറ്റാരും മുത്തിയില്ല. വലത്തേ കവിൾ അവളുടേതും ഇടത്തേ കവിൾ എന്റേതുമായിരുന്നു.
പുകയ്ക്കുവാൻ ഈദും കുന്തിരിക്കവും അഷ്ടഗന്ധക്കൂട്ടും കരുതിയിരുന്നു. നഗരങ്ങളാലും നദികളാലും നാനാദേശികളാലും ചുറ്റപ്പെട്ട കൂരിമലയുടെ ഉച്ചിയിലെ സിമെൻ്റ് ബെഞ്ചിൽ പ്രൊഫസർ ശിവറാം കൈലാസ് എന്ന മാധ്യമപ്രവർത്തകന്റെ മൃതശരീരം നഗ്നമായി കിടന്നു. ഒരു പകലിന്റെ മുഴുവൻ വെയിലേറ്റു പഴുത്തതാണ് ആ ബെഞ്ച്. ഇരുമ്പുപണിക്കാരുടെ ആലയിൽ നിന്ന് പാറൂമ്മാമ്മയുടെ അടയ്ക്കാക്കത്തി ചാണയ്ക്കു പിടിച്ചെടുത്തിരുന്നു. അതുകൊണ്ട് ഞാൻ വരഞ്ഞുവെച്ചു എനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്റെ ശവത്തിലൂടെ പറ്റാവുന്നത്രയും കീറലുകൾ. ചോര ചുരന്നില്ല. ഞരമ്പെല്ലാം വറ്റിപ്പോയിരുന്നു. ആകാശസംസ്ക്കാരത്തിന്, അല്ല ആകാശക്കുളിയ്ക്ക് ഒരുക്കപ്പെട്ട മൃതശരീരത്തിന്റെ തലയ്ക്കൽ വെച്ച പാത്രത്തിൽ നിന്ന് പുകയുയർന്നു. അപ്പുറത്തെ വീടിന്റെ മച്ചിലെ തുറന്നിരുന്ന കൂടുകളിൽ നിന്ന് വീണുപോയ ഓടുകളുടെ വിടവിലൂടെ ബുദ്ധമിത്രരാം കഴുകുകൾ പുറത്തിറങ്ങി. നാളുകൾക്ക് ശേഷം പുറംലോകത്തെ കണ്ട് അവ കുറച്ചുനേരം ചിറകുകൾ വിരിച്ച് പുരപ്പുറത്തിരുന്നു. രോമങ്ങളുയർന്നു നിന്ന കഴുകിൻകൊക്കുകൾ പുകയുയർന്നിടത്തേക്ക് ചുണ്ടുകളനക്കി. താഴെ നിന്ന് റാഞ്ചിരായപ്പൻ ഒരൊച്ചയുണ്ടാക്കി. ഞങ്ങൾ ശവത്തിനടുത്തുനിന്നും അല്പമൊന്ന് മാറി നിന്നു. കഴുകുകൾ ഓരോന്നോരോന്നായി പറന്നു വരുന്നു. തീറ്റയ്ക്കടുത്ത് അവ പതുങ്ങി നിന്നു. പതിയെ ഒരു കഴുകൻ മുന്നോട്ട് വന്ന് ശവലിംഗത്തിൽ കൊത്തി. ആദ്യത്തെ കൊത്ത് സംഭവിച്ചതും കഴുകുകൂട്ടം ഒന്നായി ശിവറാം സാറിന്റെ ശവത്തെ പൊതിഞ്ഞു. ക്യാമറ വെറുതേ കഴുത്തിൽ തൂക്കിയിട്ട് നിന്ന ശ്രീകുമാറിനൊപ്പം ഞങ്ങളും ആ കാഴ്ചയിലേക്ക് മാത്രം നോക്കി. കഴുകുകൾക്ക് മാംസമേ വേണ്ടൂ, എല്ലുകൾ ശേഷിക്കും. അധ്യാപകന്റെ അസ്ഥികൾ ഞങ്ങളപ്പോൾ അടിച്ചുടച്ച് തരികളാക്കി കാറ്റിൽ പറത്തും.
ശിവനിൽ നിന്ന് ശവം,
ശവത്തിൽ നിന്ന് ബുദ്ധൻ.
ശിവ കിരണം.
ശവ ചരണം.
ബുദ്ധൻ ശരണം.