അഭിലാഷ് പീതാംബരൻ

ആലപ്പുഴ ബസ്

തിരാവിലെയാണ്.
കായംകുളത്ത് അതിരാവിലെയെന്നത് ഒരാവശ്യവുമില്ലാത്ത ഒരു സംഭവമാണ്. അതുകൊണ്ട് ആറു മണിക്ക് ആലപ്പുഴയ്‌ക്ക് പുറപ്പെടേണ്ട ബസ് അഞ്ച് മണി അമ്പത്തഞ്ചായിട്ടും അനക്കമില്ലാതെ കിടക്കുന്നു.

നേരെ ചൊവ്വേ ആലപ്പുഴയല്ല. മുതുകുളം വഴിയോ അഴീക്കൽ വഴിയോ പോകാം. കാറ്റ് കൂടുതലുള്ള വഴിക്ക് പോകും. അഴീക്കൽ വഴി പണ്ട് വണ്ടിയില്ലായിരുന്നു. അഴീക്കൽ ചെന്നാൽ കടലിന്റെ ചിത്രംവര കാണാം. കഴിഞ്ഞ വർഷം വരുമ്പോൾ കണ്ട ഒരു വീടും പിന്നിൽ ഒരു തെങ്ങും മാറ്റി വരച്ച് കടലും അരമതിലോളം ബാക്കിയുള്ള ഒരു വീടുമായി അത്ഭുതപ്പെടുത്തിക്കളയും. നാളെ ചിലപ്പോൾ നിലത്തു പുതയാൻ പോകുന്ന കല്ലിന്റെ മുകളിലെ ഇത്തിരി പച്ചപ്പോ അല്ലെങ്കിൽ കണ്ണിനെ കബളിപ്പിക്കുന്ന കടലോ ആയി മാറിയേക്കാം.

‘നീ ബൈ റൂട്ട് അല്ലേ, നിനക്കില്ലാത്ത വേവലാതി എനിക്കുവില്ല’.

തൊട്ടടുത്തു പാർക്ക് ചെയ്‌ത നേരിട്ടുള്ള ആലപ്പുഴ വണ്ടി കണ്ണ് തുറന്നിട്ട് വീണ്ടും ഉറങ്ങി. രാമപുരം, ഹരിപ്പാട്, കരുവാറ്റ, തോട്ടപ്പള്ളി വഴി വർഷങ്ങളായി ഓടി റോഡ് തേഞ്ഞു പോയി.എന്നിട്ടും ദിവസവും സർവ്വീസുണ്ട്.

ആലപ്പുഴ വണ്ടിക്കടുത്തു താമരക്കുളം ലോക്കൽ വന്നു നിന്നു.

‘പോരുന്നോ.. നമുക്ക് ചൂനാട് ഭരണിക്കാവ് വഴി ഒന്ന് കറങ്ങിവരാം.’

ഒരു നോട്ടം നോക്കി.
കൊണ്ടു.
വണ്ടി സ്റ്റാൻഡ് വിട്ടു.

പിറകേ വന്നത് ‘പാവുമ്പ’യാണ്.
യാതൊരു ധൃതിയുമില്ലാതെ തറയിൽതഴപ്പായ വിരിച്ചിട്ടു കാര്യം പറഞ്ഞു പോകാം. അതുപോലാണ് പോക്ക്.
‘വരുന്നോ… ഓച്ചിറേലോട്ട് ഇറക്കിയേക്കാം’.

പൊടിക്ക് മഞ്ഞുണ്ട്. അത്രയ്ക്കൊന്നുവില്ല. ഒരു ബീഡിപ്പൊകയ്ക്ക് കഷ്ടി.
എന്നാലും കൊച്ചു വെളുപ്പാൻകാലത്തു അതിയത്തം കേക്കുമ്പോ കേട്ടോണ്ടിരിക്കാമ്പറ്റത്തില്ല.

‘അതിനിപ്പം ഇയ്യാടെ ഓശാരം വേണോ, ആങ്ങിത്തൂങ്ങി ഇങ്ങനെ പോന്നേനെക്കാളും നടന്നു പോകത്തില്ലിയോ?’, ഉത്തരം നിറഞ്ഞൊരു ചോദ്യം വിഴുങ്ങി ചിരിച്ചു നേരിട്ട് മൂന്നാം ഗിയറിലേക്ക് കേറി ‘പാവുമ്പ’ വണ്ടി പോയി.

അഞ്ച് അമ്പത്തെട്ടായപ്പോ ഡ്രൈവർ വന്നു. വണ്ടിയുടെ കിടപ്പ് കണ്ടിട്ട് പാപ്പാന് ആനയോടുള്ള ഒരു നോട്ടത്തോടെ ദൂരെ നോക്കിക്കൊണ്ട് എഞ്ചിൻ സ്റ്റാർട്ട് ചെയ്തു.

ഒരു ബീഡി കത്തിച്ചു. കത്രിച്ചു മിനുക്കിയ മീശയ്ക്ക് താഴെ കടിച്ചു പിടിച്ചു ഒരു പുകയെടുത്തു നാവിനറ്റം ഒന്നു പൊള്ളിച്ചു. ഒരു നുള്ള് പുകയിലയുടെ ഒരു തരി കറ നാക്കിലേക്ക് ഇറങ്ങി. ഉമിനീരിന്റെ തോട് കവച്ചു വെച്ച് താഴത്തെ നിരപ്പല്ലിന്റെ പിന്നിൽ ഒട്ടിപ്പിടിച്ചു സ്വസ്ഥമായി. പകലിന്റെ ചൂട് നെറുകയിൽ നിറച്ചു.

ആറു മണിയായി. താഴെ കല്ലും കുഴിയും തറയുമായി പുതിയ കെട്ടിടത്തിന് വാ പൊളിച്ചു നിൽക്കുന്ന ബസ് സ്റ്റേഷൻ. ടൗണിലെ ജീവനുകൾ തലേന്ന് രാത്രി അണച്ചു വെച്ച വാദ്യങ്ങൾ അഴിച്ചെടുക്കുന്നു.

ആലപ്പുഴ വണ്ടി പതിയെ പുറത്തിറങ്ങി.

ഹൈവേയിൽ കേറി. ആദ്യം തെക്കോട്ടും പിന്നെ ഒരു യു ടേൺ അടിച്ചു വടക്കോട്ടും. ആക്സിലിന്റെ പതംപറച്ചിൽ കേട്ടില്ലെന്ന് വെച്ചു. പാലം കയറുമ്പോൾ പലതും ഓർത്തു. കായലിന്റെ മുകളിൽ തണൽ വിരിച്ച് വേലിപ്പരത്തിയുടെ മഞ്ഞപ്പൂവുകൾ. ഇനിയും ചേക്കവിടാത്ത കൊക്കുകൾ. കമ്പോളത്തിൽ നിന്ന് ഒഴുകി വരുന്ന മാട്ടു നെയ്യിന്റെ ചെറിയ കെട്ടുകൾ കൊത്തിപ്പറിക്കുന്ന ശവംതീനി മീനുകളുടെ പട.

‘കടലിൽനിന്നൊരുകുമ്പിൾ വെള്ളവുമായി കരിമുകിൽ മാനത്തുവന്നൂ…’

കല്ലുമ്മൂട്ടിലെ നാടകപ്പുരയിൽ കെ. എസ്. ജോർജ്ജിന്റെ പാട്ട് റിഹേഴ്സൽ നടക്കുന്ന ഓർമ്മയാണ് പാലത്തിൽ കയറുമ്പോൾ. റോഡിനപ്പുറം ലോഡ്ജിൽ അടുത്തടുത്ത് ഇരിക്കുന്നവരിൽ ഒ.എൻ.വി കാണും. ഒ. മാധവൻ കാണും. പരവൂർ ദേവരാജൻ ഹാർമോണിയം വായിക്കുന്നുണ്ടാകും.

സർവ്വീസ് തുടങ്ങിയ കാലത്താണെങ്കിൽ എട്ടു മണിക്ക് ലോഡ്ജിന്റെ ലോഞ്ചിൽ മുണ്ടും മടക്കിക്കുത്തി പി. കെ. സി നിൽക്കുന്നുണ്ടാകും. വടക്കോട്ട് വി. എസ് പോകുന്നുണ്ടെങ്കിൽ കാറിൽ കൂടെക്കേറും. ഇല്ലേൽ നേരിട്ടുള്ള ആലപ്പുഴ ബസ്സിൽ കേറും. അതും കിട്ടിയില്ലേൽ ഇതിനകത്ത് കേറും. പുല്ലുകുളങ്ങര പിള്ളേര് ആരെങ്കിലും കാണും. കമ്മിറ്റിക്കാരുടെ കുറിപ്പും കൊണ്ട്. വാങ്ങി ബസ്സിലിരുന്നു വായിക്കും. ചിരീം കളീം ഒന്നുമില്ല. മുതുകുളം വരെ.

പടിഞ്ഞാറു പിരിക്കളത്തിലെ എടാകൂടം എന്തേലും ആയിരിക്കും. അല്ലെങ്കിൽ കാറ്റിൽ മുപ്പത് കരിക്കിന്റെ ഒറ്റക്കുല ഒടിഞ്ഞു പോയതിന് വെട്ടുകാരന്റെ നെഞ്ചത്തുകേറിയ ഉടയോന്റെ കാര്യം എന്തേലും. അല്ലെങ്കിൽ ഒരു കളത്തിൽ രണ്ടു കൂലി. ചിങ്ങോലി കാർത്തികപ്പള്ളി വരെ പുള്ളിക്ക് വായിക്കാനുണ്ടാകും.

പി കെ സി ക്കാണ് ആലപ്പുഴയുടെ ചാർജ്ജ്. ചാർജ്ജെന്ന് വെച്ചാൽ കുറച്ചു കനമുള്ള വാക്കാണ്. വരവില്ലാത്തവരുടെ എല്ലാം ആദ്യം വരുന്നത് സെക്രട്ടറിയുടെ അടുത്താണ്. ഒരു ഇടിയും മഴയുമുള്ള പകൽ ബസ്സിൽ സെക്രട്ടറിക്ക് വന്ന കുറിപ്പിൽ ഒറ്റ വരി.

‘ആലുമ്മൂട്ടിലെ സുഗതന്റെ മകൾ ശാരദയ്‌ക്ക് മുഖത്ത് ഭർത്താവ് വക പരിക്ക്’, ബസ്സ് വേലഞ്ചിറ കഴിഞ്ഞപ്പോൾ സെക്രട്ടറി പറഞ്ഞു.
‘ഒന്ന് നിർത്ത്’.
ആടംമൂടം മഴ കുത്തിയൊലിക്കുന്നു. പേരാത്ത് ഇറങ്ങി. കടത്തിണ്ണയിൽ കസേരയൊരുങ്ങി. കായലിനടുത്ത് കാറ്റാടി പൈപ്പിന്റെ താഴെ ബീഡിയും വലിച്ചിരുന്ന ആളെ സെക്രട്ടറി ആളെ വിട്ടു പൊക്കി.
‘എന്തിനാടോ ശാരദയെ..?’
അയാൾ നിന്ന് പരുങ്ങി. പെണ്ണിന്റെ അച്ചൻ പോലും ഇതുവരെ ചോദിച്ചു വന്നില്ല. പെരിയത്തു രാജൻ മൂപ്പീന്ന് മാത്രം ഇന്നലെ ഷാപ്പിലിട്ടു തല്ലാൻ നോക്കി. അയാൾ ആലോചിക്കുകയായിരുന്നു.
‘ഇവിടെ വന്ന് ആരാ പറഞ്ഞത്?’
സെക്രട്ടറി മുനകൂർത്ത ഒരു നോട്ടം നോക്കി.
‘തല്ലിയോ, ഇയാൾ? അതു പറഞ്ഞാ മതി.’

സുഗതനെ അറിയാം. തൊണ്ടു മൂടലാണ് പണി. ശാരദയെ ആറുമാസം പ്രായമുള്ളപ്പോൾ കണ്ടിട്ടുണ്ട്. പെരിയത്തു രാജന്റെ കായലുവാരത്തെ കളത്തിട്ടിൽ അന്ന് ചീട്ടുകളിയുണ്ട്. ശാരദയ്ക്കു അന്ന് ആറുമാസം കാണും. കമിഴ്ന്നു വീണ പരുവം. രാജൻ അവളെ നെഞ്ചിൽ കിടത്തിക്കൊണ്ടാണ് ചീട്ട് കളി.

ശാരദ പെടുക്കും. തൂറും. എല്ലാം രാജന്റെ നെഞ്ചത്ത്. രാജൻ അവളെ എടുത്തു കുളത്തിൽ പോയി കഴുകും. വീണ്ടും നെഞ്ചിലിട്ടുകൊണ്ട് തെങ്ങിൻതോപ്പിലെ തണലിൽ ഓലമേഞ്ഞ ആരുമൂത്ത മിനുത്ത തെങ്ങിന്തടിയിൽ പണിഞ്ഞ കളത്തട്ടിൽ ചീട്ട് കളിക്കും. സുഗതൻ വെള്ളത്തിൽ നിന്ന് കയറി കരയ്ക്ക് വരും വരെ.
അവളെയാണ് ഇപ്പോൾ ഭർത്താവ്…
‘അവൾ പറഞ്ഞാ കേക്കാത്തേന് ചെറിയൊരു കൊട്ട് കൊടുത്തു, അത്രേയുള്ളൂ’, അയാൾ താഴെ നോക്കികൊണ്ട് പറഞ്ഞു. നിരപ്പലകഅട്ടിവെച്ചിരിക്കുന്നിടയ്ക്ക് ഒരു നായ മഴത്തണുപ്പിൽ രസിച്ചുറങ്ങുന്നു.
‘ഏതായാലും ഈ കരേലെ പെൺപിള്ളേരെ കൈവെക്കാൻ പറ്റത്തില്ല...’
‘നോക്കട്ടെ’.
‘നോക്കാനൊന്നുവില്ല, ഇനി തൊട്ടാ ചോദ്യോം പറച്ചിലും ഒന്നും കാണത്തില്ല. ലോക്കപ്പ് കാണും. ഇല്ലെങ്കി കുംഭഭരണിക്ക് കുതിരച്ചോട്ടീ ആമ്പുള്ളാര് കാണും, പറഞ്ഞേക്കാം’, അഞ്ചു മണിക്കൂർ പെയ്തൊഴിഞ്ഞ ഒരു ന്യൂനമർദ്ദം പോലെ സെക്രട്ടറി പറഞ്ഞുനിർത്തി.

ഒരു തരി ദേഷ്യം ഇല്ലാതെ അങ്ങ് പറഞ്ഞുകളയും.

ചെത്തി കൂർമ്പിച്ച മൂത്ത കവുങ്ങിൻ വാരിയുമായി നിക്കർ പോലീസിനെ വിറപ്പിച്ച ആറടി പൊക്കക്കാരന്റെ തനി നിറം കണ്ട ഒരുവിധപ്പെട്ടവനൊന്നും പിന്നെ പെട്ടെന്ന് കൈ പൊങ്ങില്ല. മഴ തീരാൻ കാത്തു നിൽക്കാതെ രണ്ടുപേരും പിരിഞ്ഞു.

വണ്ടി പോയ്ക്കൊണ്ടിരിക്കുമ്പോ ഇടുക്കീന്ന് കെ. കെ. സി വന്നിട്ടുണ്ടെങ്കിൽ പുള്ളീം കാണും ഹൈസ്കൂൾ മുക്കിന്. ചിലപ്പോൾ അവിടെയും കാണും കുറിപ്പ് എന്തേലും. ചെവിയിൽ ചെവിയിൽ അങ്ങോട്ടും ഇങ്ങോട്ടും പറയാനുള്ളത് മുതുകുളത്തെ ഒറ്റ മിനിറ്റ് സ്റ്റോപ്പിൽ.

മണിവേലിക്കടവ്, കീരിക്കാട്ജെട്ടി, പട്ടോളിചന്തയൊന്നും വണ്ടിയില്ലായിരുന്നു. ആലപ്പുഴ വണ്ടിയിൽ വന്നു പുല്ലുകുളങ്ങര അല്ലെങ്കിൽ വേലഞ്ചിറ ഇറങ്ങി നടക്കണം. കായംകുളത്ത് ജാഥ വെച്ചു. കെ പി എ സി യുടെ പാട്ടുവെച്ചു. നാട്ടുകാർ കൈകൊട്ടി താളം പിടിച്ചു. ആൻറോയും ജോർജ്ജും സുലോചനയും പാടി.
... തലയ്ക്കുമീതേ ശൂന്യാകാശം, താഴെ മരുഭൂമി…
അത് നാട്ടുകാർക്ക്. സെക്രട്ടറിമാർക്ക് യോഗം റോഡിനപ്പുറം ലോഡ്ജിൽ. അവിടെ പാട്ടില്ല. ചർച്ച നടക്കുമ്പോൾ ബീഡിയുമില്ല.
‘ഇങ്ങനെ പറ്റത്തില്ല. സർക്കാരിന് ബസ്സ് ഓടിക്കാൻ പറ്റത്തില്ലേ പാർട്ടി ഓടിക്കണം’.
‘എന്തോ ചെലവ് ആകും’.
‘എന്തോ ആയാലും ഓടിക്കണം’.
‘നാട്ടുകാര് കാശ് തരും.’
‘സർക്കാരിന് പോലും നഷ്ടക്കച്ചവടമാണ്’.
‘സേവനങ്ങളുടെ ലാഭം കൂട്ടിനോക്കുന്നത് മണ്ടത്തരമാണ്, ബാങ്ക് തൊടങ്ങിയില്ലേ, ബസ്സും തൊടങ്ങണം’.
കട്ടൻ ചായ വന്നു.
രണ്ടു മാസം കഴിഞ്ഞ് കെ. സി. ടി വന്നു, കേരള കോപ്പറേറ്റീവ് ട്രാൻസ്‌പോർട്ട്.
പച്ചയും ചുവപ്പും ആകാശ നീലയും ക്രീം നിറവും ചേർന്ന് കായംകുളം പിന്നങ്ങു നിറഞ്ഞു.
കവല കെ സി ടി
കാമ്പിശേരി -കനകക്കുന്ന്.
ചങ്ങനാശ്ശേരി കെ സി ടി.

സെക്രട്ടറി തോപ്പിലാന്റെയും കാമ്പിശേരിയുടെയും കൂടെ രണ്ടാം കുറ്റിയിൽ ചായ കുടിച്ചു നിൽക്കുമ്പോൾ ഭരണിക്കാവ് ശാസ്താംകോട്ട വണ്ടി കടന്നുപോയി.
‘കൊള്ളാവല്ലോ?’
‘കടം അല്ല. വകുപ്പ് രൊക്കം എണ്ണിക്കൊടുത്തതാ. അതിന്റെ പച്ച കാണാതിരിക്കുവോ’
ആലപ്പുഴയ്‌ക്ക് പെർമിറ്റ് എടുത്തില്ല. ചോദിച്ചപ്പോൾ സെക്രട്ടറി മറുപടി കൊടുത്തു, ‘കൊല്ലത്തിനും ഇല്ല, വണ്ടിയൊള്ള സ്ഥലത്തു ഓടിക്കാനല്ല, നാട്ടുകാർക്ക് വീട്ടീപ്പോകാനാ.’

ഓർമ്മകളിലൂടെ സഞ്ചരിച്ച ആലപ്പുഴബസ് പുളിമുക്കിൽ എത്തി. ദൂരദർശനും ആകാശവാണിയുടെ ഭൂതല സംപ്രേഷണവും അവിടുത്തെ ഒരു വീട്ടിൽനിന്നു ഗ്രാമത്തിനെ നിയന്ത്രിച്ചിരുന്നു. കുറച്ചു കഴിഞ്ഞു പുല്ലുകുളങ്ങരയും വേലഞ്ചിറയും വരും. 2166 സംഘവും വരും. ഒരുപാട് സംഘങ്ങൾ വന്നതിൽപ്പിന്നെ നാട്ടുകാർ നമ്പർ മാത്രമാണ് പറയുക.

‘ഇരുപത്തൊന്ന് അറുപത്താറു സംഘം’ കാണുമ്പോൾ വഴിയരികിലെ പഴയ ഓലമേഞ്ഞ തറ ചാണകം മെഴുകിയ വീടുകൾ പാട്ടിൽ നിന്നിറങ്ങി വരും. പതിയെ അവയെല്ലാം ഓടു മേഞ്ഞതും കോൺക്രീറ്റ് വീടുകളുടെ സുരക്ഷയിലേക്ക് നീങ്ങിയതും തെങ്ങിന്റെയും തേങ്ങയുടെയും നല്ലകാലം കാലം ഫ്രെയിം ചെയ്തു വെച്ചത് പോലെ തോന്നും. ചൂളത്തെരുവ് ചന്തയിലെത്തുമ്പോൾ ഏഴു മണിക്ക് അഞ്ചു മിനിറ്റ് ബാക്കി.

മൂപ്പന്റെ വള്ളം കെട്ടിയിട്ട കടവിൽ വള്ളപ്പടിയിൽ ചാരിക്കിടന്ന് തകര ഉച്ചത്തിൽ കൂക്കിവിളിക്കും. പത്മരാജൻ എഴുതി സിനിമയിൽ കയറ്റിയ കാര്യമൊന്നും അവനറിയില്ല. കല്ല്യാണവും അടിയന്തിരവും ഒക്കെയുള്ള പന്തലുകളിൽ ആളില്ലാത്ത വീട്ടിലെ പത്രവും നെഞ്ചിൽ അടുക്കിപ്പിടിച്ചു തീർത്താൽ തീരാത്ത വിശപ്പുമായി തകരയുണ്ട്. ചൂളത്തെരുവ് കെ സി ടി നിർത്തിയിടുമ്പോൾ കേറി ചെല്ലും.

‘രവിയന്നാ ബീദി ഒന്തോ?’
‘തകരേ നീ ബീഡി വലി തൊടങ്ങിയോ?’
‘ബീദി പിന്നെ വലിക്കാനല്ലിയോ..?’
താത്വികമായൊരു സമസ്യ അവശേഷിപ്പിച്ച് തകര ഒരു ബീഡിപ്പുകയ്‌ക്ക് പിന്നിൽ ഓടി ഓടിമറയുന്നു.

കായംകുളം കായൽ കർക്കിടകം പോലെ പതയുന്നു. അറബിക്കടൽ കലി പിടിച്ചലറുന്നു…

പുഴുക്കത്തോട്ടിൽ പടിഞ്ഞാറ് കാണാൻ ഒളിച്ചും പാത്തും പോകുന്ന വരാലുകൾ ഒന്നൊഴിയാതെ ഒറ്റാലിൽ വീഴുന്നു.

കാർത്തികപ്പള്ളി കഴിഞ്ഞു ഹരിപ്പാട് തോടിന്റെ കരയിലൂടെ പോകുമ്പോൾ ‘ഹൃദയസരസിലെ പ്രണയപുഷ്പമേ’ യെന്ന് തലക്കെട്ടെഴുതിയ ഒരു കഷ്ണം പേപ്പർ മതില് ചാടി റോഡിലേക്ക് വീഴുന്നു. അക്ഷരവ്യഥയിൽ താടി വളർത്തിയൊരു ആൽമരം കുമാരപുരം പാലത്തിന്റെ അപ്പുറം ധ്യാനത്തിൽ മുഴുകുന്നതിന്റെ പുക. നാരകത്തറ വെച്ച് ഹൈവേയിൽ കയറി കന്നാലിപ്പാലം എത്തുമ്പോൾ കാണാം മുന്നിൽ നേരിട്ടുള്ള ആലപ്പുഴ വണ്ടി മടി പിടിച്ചോടുന്നു. ടി ബി ഇല്ലാതായതോടെ അടച്ചുപൂട്ടിയ ബ്ലോക്കുമായി പഴയ ആശുപത്രി വയസ്സുകാലത്തിന്റെ വരാന്തയിൽ. പുന്നപ്രയെത്തുമ്പോൾ വല കുടയുന്നവർക്ക് വേണ്ടി നീട്ടി ഹോണടിക്കുന്നു. സമയം ഇപ്പോഴും വലിയ ചുടുകാട്ടിൽ നിശ്ചലമായി നിൽക്കുന്നു.

കായംകുളം ഒരുപാട് ദൂരെയാകുന്നു. പഴയ പോലെ ചൂടില്ലെന്ന് വടക്കന്മാർ അടക്കം പറയുന്നു. മുണ്ട് മാടിക്കുത്തി വട്ടം നിൽക്കാൻ സെക്രട്ടറി ഇല്ലെന്ന് ആലപ്പുഴ ബസ്സിൽ അടക്കം പറച്ചിൽ കേട്ട് തുടങ്ങുന്നു.

പുന്നപ്രയും പുറക്കാടും കടൽ അലറുന്ന ഒച്ച മാത്രം…

രാവിലെയാണ്.

രാവിലെയെന്നത് ആലപ്പുഴയിൽ വലിയ ആവശ്യമില്ലാത്ത സംഭവമാണ്…


Summary: Alappuzha bus malayalam short story by Abhilash Peethambaran Published in Truecopy Webzine packet 266


അഭിലാഷ് പീതാംബരൻ

കഥാകൃത്ത്. ക്ഷീരവികസന വകുപ്പിൽ ഉദ്യോഗസ്ഥൻ. പന്തയം എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments