ചിത്രീകരണം : ദേവപ്രകാശ്

സീതാറാം

എന്ന കാൽനോട്ടക്കാരൻ

""പേര്..?''""സീതാറാം.''""ജോലി..?''""ഞാൻ..'' ""ഓ വേണ്ട. അത് ഇതിൽ പറഞ്ഞിട്ടുണ്ട്. ചെരിപ്പുകുത്തി ആണല്ലേ? ആട്ടെ, എന്താണ് ചെയ്ത കുറ്റം?''""സാബ്, ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ല.''
എഴുത്തുനിർത്തിയ പാറാവുകാരൻ മുഖമുയർത്തി സീതാറാമിനെ നോക്കി. കുനിഞ്ഞ ശിരസ്സുമായി നിൽക്കുകയാണയാൾ. സീതാറാമിന്റെ പരിഭ്രാന്തമായ കണ്ണുകൾ കണ്ടിട്ടാവണം പാറാവുകാരൻ പേന താഴെ വച്ചുകൊണ്ട് പറഞ്ഞു.""ശരിയായിരിക്കാം. നിങ്ങൾ കുറ്റമൊന്നും ചെയ്തിട്ടുണ്ടാവില്ല. പക്ഷേ, ഇതിൽ പറഞ്ഞിരിക്കുന്നത് നിങ്ങളൊരു മോഷ്ടാവാണെന്നാണ്. ആട്ടെ, എന്താണ് മോഷ്ടിച്ചത്?''
സീതാറാം വാക്കുകൾ നഷ്ടപ്പെട്ടവനെപ്പോലെ നിന്നു. എന്തുപറയണമെന്ന് അയാൾക്ക് നിശ്ചയമില്ലായിരുന്നു. മർദ്ദനമേറ്റ് വീങ്ങിയ അയാളുടെ കൺപോളകൾക്കു കീഴെ ഭയം തളർന്നു കിടന്നു. ബംഗ്ലാവിലെ മേം സാബിന്റെ വിലപിടിപ്പുള്ള ചെരിപ്പ് മോഷ്ടിച്ചു, അതാണ് തന്റെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. അത് ഇവിടെ പറഞ്ഞാൽ ഒരുപക്ഷേ, താൻ കുറ്റം സമ്മതിച്ചതുപോലായേക്കാം. ഇനി പറയാതിരുന്നാൽ ഇൻസ്‌പെക്ടർക്ക് ദേഷ്യം വരാനും മതി. അങ്ങനെ വന്നാൽ വീണ്ടും മർദ്ദനമേൽക്കേണ്ടി വരും. ആ ഓർമയിൽത്തന്നെ അയാൾക്ക് ശ്വാസം മുട്ടി. മുഖത്തെ ചതഞ്ഞുതിണർത്ത പാടുകൾക്കടിയിൽനിന്ന് വേദന ഇടയ്ക്കിടെ പിടഞ്ഞെണീക്കുന്നുണ്ട്. ഇളകിയ പല്ലിന്റെ വിടവിൽനിന്ന് ചുണ്ടോളമെത്തിയ രക്തത്തിന്റെ ചുവന്ന പാടുകൾ മങ്ങിയിട്ടില്ല.
അയാളുടെ കൂപ്പിയ കൈകൾ വിറയ്ക്കാൻ തുടങ്ങി. വീർത്ത കൺപോളകൾ ഉയർത്തിയ മതിൽക്കെട്ടു തകർത്ത് കണ്ണുനീർത്തുള്ളികൾ താഴേക്കുരുണ്ടു. ""ഉം, പൊയ്‌ക്കോ...''

സീതാറാമിന്റെ ദീനമായ കണ്ണുകളിൽനിന്ന് നോട്ടം പറിക്കാതെ, കമ്പിയഴികൾ അതിരിട്ട നീണ്ട ഇടനാഴിയുടെ അറ്റത്തേക്ക് മുഖം തിരിച്ചുകൊണ്ട് പാറാവുകാരൻ തന്റെ കട്ടിച്ചില്ലുള്ള കണ്ണട മുഖത്തുനിന്നെടുത്തു.


സീതാറാം മുഖമുയർത്തിയിരുന്നില്ല. ആ ഉദ്യോഗസ്ഥന്റെ കാലുകളെ പൊതിഞ്ഞുപിടിച്ചിരുന്ന മുഷിഞ്ഞ ബൂട്ടുകളിലേക്കായിരുന്നു അയാളുടെ നോട്ടമത്രയും. പൊടിപിടിച്ച്, അരികുകൾ ദ്രവിച്ച ബൂട്ടുകൾക്കുള്ളിൽ ഞെരിഞ്ഞിരിക്കുന്ന കാൽപാദങ്ങൾ. അവയ്ക്ക് മുകളിലായി നിവർന്നുനിൽക്കുന്ന ഉറച്ച പേശികൾ. അനുഭവങ്ങളുടെ തീച്ചൂടിൽ വാടാതെ നിൽക്കുന്ന അവയിൽനിന്ന് അസാധാരണമായ അനുകമ്പയുടെയും മനുഷ്യത്വത്തിന്റെയും കാലൊച്ച കേട്ട അയാൾ ഒന്ന് നിശ്വസിച്ചു. ഇനി തനിക്ക് കുഴപ്പമുണ്ടാകില്ല എന്നൊരു തോന്നൽ. ആ ആശ്വാസത്തിൽ അയാൾ പതുക്കെ ഇടനാഴിയിലേക്ക് ചുവടുകൾ വച്ചു.
അറുപത് വയസുള്ള ആ ഇൻസ്‌പെക്ടർ സത്യസന്ധനായ ഒരു ഉദ്യേഗസ്ഥനായിരുന്നു. കുറ്റവാളികളായി പിടിക്കപ്പെടുന്നവരെ വിചാരണയ്ക്ക് മുൻപ് പാർപ്പിക്കുന്ന ആ താൽക്കാലിക തടവറയുടെ പാറാവുജോലിയിലാണ് അയാൾ തന്റെ ജീവിതമത്രയും ചിലവഴിച്ചത്. തെളിച്ചം വറ്റിയ കണ്ണടയുടെ പഴകിയ ചില്ലുകൾ യൂണിഫോമിന്റെ അറ്റം കൊണ്ട് തുടയ്ക്കുമ്പോൾ ആ ഇൻസ്‌പെക്ടർ സീതാറാമിന്റെ വേച്ചുപോകുന്ന ചുവടുവയ്പുകളെ പിൻതുടർന്നു.

മാറാലകൾ ഞാന്നുകിടന്ന ചുവരുകളുള്ള ഒരു പഴഞ്ചൻ മുറിയിലേക്കാണ് സീതാറാമിന്റെ കാലുകൾ അയാളെ കൊണ്ടെത്തിച്ചത്. വെളിച്ചം കയറാൻ മടിച്ചുനിൽക്കുന്ന, ഒച്ചയോ അനക്കങ്ങളോ ഒന്നുമില്ലാത്ത ഒരിടം. ഒരു നിമിഷം, എന്തെന്നില്ലാത്ത സമാധാനം അയാൾക്കനുഭവപ്പെട്ടു. ഒന്ന് കിടക്കണം. അയാൾ തറയിലേക്കിരുന്നു. ഓടാമ്പൽ വീണ് പൂട്ട് മുറുകുന്ന ശബ്ദം. ഒരു ഞെട്ടലോടെ സീതാറാം തിരിഞ്ഞുനോക്കി. പുറത്തെ കാഴ്ചകളുടെ തുടർച്ചയെ തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്ന ഇരുമ്പഴികൾ. താനിപ്പോൾ ഒരു തടവറയിലാണ്! എവിടെയാണെന്നുപോലും തീർച്ചയില്ല. അനുവാദം ചോദിക്കാതെ ഇരുമ്പഴിൾക്കിടയിലൂടെ ഉള്ളിലേക്ക് കടന്നെത്തിയ ഭയം സീതാറാമിന്റെ ചുമലിൽ പതുക്കെ കൈവച്ചു. അയാൾ ശരീരം പതുക്കെ ചുമരിനോട് ചാരി.
ആ ഇരിപ്പിൽ കഴിഞ്ഞ കുറേ മണിക്കൂറുകളെക്കുറിച്ചാണ് സീതാറാം ഓർമിച്ചത്. അലകളില്ലാത്ത സമുദ്രത്തിൽ എങ്ങോട്ടെന്നറിയാതെ ഒഴുകി നീങ്ങിയിരുന്ന ഒറ്റച്ചെരിപ്പ് പോലെയുള്ള തന്റെ ജീവിതം എന്തു പെട്ടെന്നാണ് കൊടുങ്കാറ്റിൽ പെട്ടതുപോലെ ആടിയുലഞ്ഞത്? അയാൾ അത്ഭുതപ്പെട്ടു. തിരകൾ വലിച്ചെറിഞ്ഞ താനിപ്പോൾ ഇരുട്ട് മാത്രം കൂടുകെട്ടിയ ഒരു തീരത്താണെന്ന് അയാൾക്ക് തോന്നി. ഭയത്തിന്റെയും നൈരാശ്യത്തിന്റെയും ഇടയിലും പെട്ടന്നുണ്ടായ ആ മാറ്റം സീതാറാമിനെ തെല്ല് അമ്പരപ്പിക്കാതിരുന്നില്ല.

ഇന്നലെ ഈ സമയത്ത് നഗരത്തിന്റെ ബഹളങ്ങൾക്കൊപ്പമായിരുന്നു അയാൾ. കിരൺലാലിന്റെ പുത്രന്റെ പിളർന്ന ചെരിപ്പിന്റെ അറ്റം തുന്നിച്ചേർക്കുന്നതിനിടയിലാണ് തിടുക്കപ്പെട്ട് ചവിട്ടിയെത്തുന്ന പൊലീസ് ബൂട്ടുകളുടെ ശബ്ദം ദൂരെനിന്ന് കേട്ടത്. താൻ ഇരിക്കുന്ന മരച്ചുവടിന് പിന്നിൽ ഇടത്തോട്ട് തിരിയുന്ന ഇടവഴിയിലേക്കോ തൊട്ടടുത്ത കോളനി നിരത്തിലേക്കോ അവ തിരിയുമെന്ന് അറിയാമായിരുന്നെങ്കിലും എന്തുകൊണ്ടോ അയാൾ ജാഗ്രത്തായി. പക്ഷേ, സീതാറാമിന്റെ മുന്നിലാണ് അവ അവസാനിച്ചത്. ഒന്ന് പാളിനോക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ. അവയിലൊന്ന് ഒരു ആക്രോശത്തോടെ അയാളുടെ ചുമലിൽ പതിച്ചു. അടുക്കിവച്ച മൃതപ്രായരായ ചെരിപ്പുകൾ വലിച്ചുവാരിയിട്ട് മറ്റുള്ളവർ എന്തോ തിരയുകയാണ്. ഒന്നിനുമീതെ ഒന്നായി ഊഴംകാത്ത് വിശ്രമിച്ചിരുന്ന പിഞ്ഞിയ ബാഗുകളെയും അവർ വെറുതെ വിട്ടില്ല. അവ നിരത്തിലേക്ക് തെറിച്ചുവീണു. ഉറക്കം നഷ്ടപ്പെട്ട ബാഗുകൾ വാ പിളർന്ന് കിടക്കുന്നത് കണ്ടിട്ടാകണം കിരൺലാലിന്റെ മകൻ പേടിച്ച് നിലവിളിച്ചു. കട തുറക്കാനുള്ള തിടുക്കത്തിൽ മകനെ സീതാറാമിന്റെ പക്കൽ വിട്ടിട്ട് പോയിരുന്ന കിരൺലാൽ തിരിച്ചെത്തുമ്പോഴേക്കും ആ ബാഗുകൾക്കിടയിൽനിന്ന് അവർക്ക് വേണ്ടത് കിട്ടിയിരുന്നു. ബംഗ്ലാവിലെ മേംസാബിന്റെ ചെരിപ്പുകളിലൊന്ന്!
സ്വർണവർണത്തിലുള്ള മുത്തുകൾ പതിപ്പിച്ച വിലകൂടിയ ആ ചെരിപ്പ് എങ്ങനെ തന്റെ ബാഗുകൾക്കിടയിൽ എത്തിയെന്ന് ആശ്ചര്യപ്പെടും മുൻപേ അസഭ്യവർഷംകൊണ്ട് തിരമാല തീർത്ത ഒരു പൊലീസുകാരൻ സീതാറാമിനെ കോളറിൽ പിടിച്ചുയർത്തി. പിടികൂടപ്പെട്ട കള്ളനെപ്പോലെ, അല്ലെങ്കിൽ കയ്യിലകപ്പെട്ട കൊലപാതകിയെപ്പോലെയാണ് പൊലീസുകാർ അയാളെ തെരുവിലൂടെ വലിച്ചിഴച്ചത്. അയാളുടെ വസ്ത്രം കീറിയതോ മുട്ടുകൾ പൊട്ടിയതോ അവർ കാര്യമാക്കിയില്ല. എത്രയും പെട്ടന്ന് ജോലി തീർക്കാനുള്ള ഒരു വ്യഗ്രത അയാൾ അവരുടെ കാൽചലനങ്ങളിൽ കണ്ടു.

തെരുവിലൂടെ മുഖം കുനിച്ച് മാത്രം നടന്നിരുന്ന സീതാറാം മലർന്നുള്ള യാത്രയിൽ ഏറെ നാളുകൾക്ക് ശേഷം ആദ്യമായി ആകാശം കണ്ടു. ഉയർത്തിനാട്ടിയിരിക്കുന്ന വിളക്കുകാലുകൾ കണ്ടു. അവയിൽ താങ്ങിപ്പിടിച്ച് കൂടുകൂട്ടിയിരിക്കുന്ന പക്ഷിക്കൂട് കണ്ടു. പല വർണങ്ങൾ ചേർത്തെഴുതിയ കടകളുടെ പേരുകൾ കണ്ടു. അവയ്ക്ക് മുന്നിൽ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങളും പാത്രങ്ങളും കണ്ടു. കാൽപരിചയം മാത്രമുള്ള ആളുകളുടെ മുഖങ്ങൾ കണ്ടു. ചങ്ങലയിൽ തളക്കപ്പെട്ട, ഇരുകൈകളും കാലുകളുമുള്ള ഒരു വിചിത്രജീവിയെപ്പോലെ ആളുകൾ അയാളെ നോക്കിക്കാണുകയാണ്. ഓടയുടെ അരികിലൂടെ, കന്നുകാലികളുടെ വിസർജ്യങ്ങൾക്കിടയിലൂടെ, മുറുക്കി ഛർദ്ദിച്ച ചുവന്ന തുപ്പൽകുഴമ്പിലൂടെ ഭൂമിതൊട്ട് സഞ്ചരിച്ച സീതാറാം ഒടുക്കം ഒരു ഇരുണ്ട ഒറ്റമുറിയിലേക്ക് എടുത്തെറിയപ്പെട്ടു. ആയാസപ്പെട്ട് കമിഴ്ന്ന് മുട്ടിൻമേൽ നിന്ന അയാൾക്ക് മനസ്സിലായി. തന്റെ വീട്ടിലാണ് താനിപ്പോൾ എത്തിയിരിക്കുന്നത്. ചളുങ്ങിയ പാത്രങ്ങളും പഞ്ചസാരയുടെയും പരിപ്പിന്റെയും പാതി തുറന്ന ഡബ്ബകളും ചതഞ്ഞരഞ്ഞ പച്ചക്കറികളും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു!
പൊലീസുകാരിലൊരാൾ സീതാറാമിന്റെ കുനിഞ്ഞ ശിരസ്സ് മുടിയിൽപ്പിടിച്ച് വലിച്ചുയർത്തിക്കൊണ്ട് അലറി.""എവിടെടാ മേം സാബിന്റെ ചെരിപ്പ്?'' ""അറിയില്ല സാബ്.. ഞാൻ.''
സീതാറാം മുഴുമിക്കും മുൻപ് രണ്ടാമൻ അത് കണ്ടെത്തി. ചോർച്ച മറയ്ക്കാനായി മേൽക്കൂരയിൽ വച്ച തകരപ്പാളികൾക്കിടയിൽ ഒളിച്ചിരിക്കുന്ന മേം സാബിന്റെ അടുത്ത ചെരിപ്പ്! സീതാറാമിന് എന്തെങ്കിലും പറയാൻ കഴിയുംമുൻപേ പൊലീസുകാരിൽ ഒരുവന്റെ മുഷ്ടി അയാളുടെ മൂക്കിൽ പതിഞ്ഞു. ചുവടുപറിഞ്ഞ ഒരു പർവതം അപ്പാടെ മുഖത്തേക്ക് മറിഞ്ഞതായാണ് സീതാറാമിന് തോന്നിയത്. അയാളുടെ കണ്ണുകളിലേക്ക് ഇരുട്ട് ഇരച്ചുകയറി. നാലുപാടുനിന്നും ആക്രമിക്കപ്പെട്ട സീതാറാം താഴെ വീണു. തകർക്കപ്പെട്ട നീതിഗോപുരങ്ങൾക്കിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞ അയാൾക്ക് ശ്വാസം മുട്ടി. അസ്ത്രങ്ങൾ പോലെ തുരുതുരെ പാഞ്ഞുചെന്ന ചോദ്യങ്ങൾക്കൊന്നിനും സീതാറാമിന് ഉത്തരമുണ്ടായിരുന്നില്ല. അയാൾ പറയാൻ ശ്രമിച്ചതൊന്നും കേൾക്കാൻ മിനക്കെടാതെ മർദ്ദനങ്ങൾ തുടർന്ന അവർ ഒടുവിൽ അയാളെ പാറാവുകാരന്റെ പക്കലെത്തിച്ചു.

എന്തുകൊണ്ടോ സീതാറാമിനപ്പോൾ അമ്മയെ ഓർമ വന്നു. പതിവില്ലാതെ ആ മുഖം മനസ്സിൽ തെളിഞ്ഞതിൽ അയാൾക്ക് അത്ഭുതമാണ് തോന്നിയത്. വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രി. അമ്മയുടെ മടിയിൽ തലവച്ച് കിടക്കുകയാണ് കൊച്ചുസീതാറാം. അവന്റെ എട്ടാം പിറന്നാളാണന്ന്. അമ്മ അവന്റെ മുടിയിഴകളിലൂടെ വിരലോടിക്കുന്നുണ്ട്. ആകാശത്തിലെ നക്ഷത്രങ്ങൾക്ക് നേരെ ഉയർത്തിപ്പിടിച്ച തന്റെ കാലുകളിൽ അണിഞ്ഞിരിക്കുന്ന തുകൽ ചെരിപ്പുകളിലേക്ക് നോക്കി, ഒരിക്കലും കണ്ടിട്ടില്ലാത്ത അതിന്റെ യഥാർഥ ഉടമയെക്കുറിച്ച് വർണിക്കുകയാണ് അവൻ. മകന്റെ മിടുക്ക് പക്ഷേ, അമ്മയിൽ ഭീതിയുണർത്തുകയാണ് ചെയ്തത്.""മോനേ, നമ്മൾ കാണുന്നതൊക്കെയും സത്യമാകണമെന്നില്ല. ഇനി അങ്ങനെയാണെങ്കിൽ തന്നെ അതൊക്കെയും വിളിച്ചുപറയരുത്. അവ നിനക്ക് ദോഷം വരുത്തി വച്ചേക്കാം.''

അമ്മയുടെ പിറന്നാൾ സമ്മാനമായിരുന്നു ആ ചെരിപ്പുകൾ. ബംഗ്ലാവിലെ മാതാജി മകന്റെ പഴയ ജോഡി ചെരിപ്പ് സീതാറാമിന് കൊടുക്കാനായി അവരെ ഏൽപിച്ചിരുന്നു. വിളിക്കുമ്പോഴൊക്കെ താമസംവിനാ ബംഗ്ലാവിലെത്തി തന്റെ ചെരിപ്പുകൾ വൃത്തിയാക്കുന്ന സീതാറാമിന്റെ അമ്മ ബന്ദനയെ മാതാജിക്ക് വലിയ കാര്യമായിരുന്നു.

സമയമെടുത്ത് വൃത്തിയാക്കി, പഴമയുടെ മണവും നിറവും മാറ്റിയ ശേഷമാണ് ബന്ദന ആ ചെരിപ്പുകൾ മകന് കൊടുത്തത്. വിട്ടുപോയ തുന്നലുകൾ ചേർത്ത്, ദ്രവിച്ച അരികുകൾ തമ്മിലൊട്ടിച്ച് ആവശ്യത്തിന് തുകൽച്ചായം തേച്ച് അതവർ മിനുക്കിയെടുത്തിരുന്നു. സീതാറാമിനവ നന്നേ ഇഷ്ടപ്പെട്ടു എന്ന് ബന്ദനയ്ക്ക് മനസ്സിലായി.

പെട്ടന്നാണ് ബൂട്ടുകളുടെ ശബ്ദമുയർന്നത്. അമ്മ ഒരു ഞെട്ടലോടെ അണിഞ്ഞിരിക്കുന്ന വസ്ത്രത്തുമ്പ് തിടുക്കത്തിൽ തലയിലേക്ക് വലിച്ചിടുന്നത് ചെരിപ്പുകൾക്കും നക്ഷത്രങ്ങൾക്കുമിടയിലൂടെ അവൻ കണ്ടു. പൊലീസുകാരാണ്. ആരെയോ തിരക്കിയെത്തിയതാവണം. സീതാറാം കിടന്ന കിടപ്പിൽ മുകളിലേക്ക് നോക്കി. ചുവന്നുതുടുത്ത് പുറത്തേക്ക് തെറിച്ച കണ്ണുകളും അറ്റം വളഞ്ഞ് കൂർത്ത മീശയും ക്രൂരമായ നോട്ടവുമുള്ള തടിയൻ പൊലീസുകാരൻ. പിന്നിൽ നിഴലുകളായി മറ്റു ചിലരും. പിടഞ്ഞെണീറ്റ അവൻ കണ്ണുകൾ പറിച്ച് അവരുടെ കാലുകളിലേക്ക് നട്ടു.

ആരുടെയും മുഖത്തേക്ക് നോക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അവർക്ക് ദേഷ്യം പിടിക്കുന്നതുകൊണ്ടല്ല. മുഖങ്ങൾ സത്യം മറച്ചുവയ്ക്കുമത്രേ. ചെളിയിലും മണ്ണിലും ചവിട്ടിനടക്കുന്ന കാലുകളേ യാഥാർഥ്യമറിയുന്നുള്ളൂ. അവയ്‌ക്കേ സത്യം പറയാനുള്ള ശേഷിയുള്ളൂ. പെട്ടന്നൊരാൾ സീതാറാമിനെ കടന്നുപിടിച്ചു. കുതറാൻ ശ്രമിച്ച അവന്റെ കാലുകളിൽ നിന്ന് അയാൾ ചെരിപ്പുകൾ വലിച്ചൂരി. ""അവനെ വിടൂ, അവന്റെ പിറന്നാളാണിന്ന്. മാതാജി തന്നതാണവ. അതവന് കൊടുത്തേക്കൂ. ഞാൻ നിങ്ങൾ പറയുന്നിടത്ത് വരാം.'' കൊമ്പൻമീശക്കാരന്റെ കാലുകളിൽ വീഴുകയാണ് അമ്മ. വെറ്റിലക്കറയുള്ള പല്ലുകൾ പുറത്തുകാട്ടി അയാൾ വികൃതമായി ചിരിച്ചു.""വിളിച്ചാൽ നീ വരില്ലെന്നറിയാം. എന്റെ മകന്റെ ഈ ചെരിപ്പുകൾ, അവ നീ മോഷ്ടിച്ചതാണെന്ന് ഞാൻ പറയുന്നു.'' അയാൾ തന്റെ ശിങ്കിടികളെ നോക്കി. ""പിടിച്ചുകേറ്റിവളെ. ചോര പൊടിയരുത്.''
അയാളുടെ വഴുവഴുത്ത നോട്ടം ബന്ദനയുടെ ശരീരത്തിലൂടെ ഒച്ചിനെപ്പോലെ ഇഴഞ്ഞു. സീതാറാമിന് ഒന്നും മനസ്സിലായില്ല. അവൻ ആ കൊമ്പൻമീശക്കാരന്റെ കാലുകളിലേക്ക് നോക്കി. വാറുകൾ വിചിത്രമായ രീതിയിൽ പിണച്ചുകെട്ടിയ ബൂട്ടുകൾ. മുൻവശത്തെ തുന്നലുകൾ ഇളകിയ അവയ്ക്ക് പല്ലിളിച്ച തവിട്ടുചെന്നായയുടെ മുഖമാണ്. ക്രൂരത മുറ്റിയ വിരിഞ്ഞ പാദങ്ങൾ. ഇറുകിയ കാലുടുപ്പിനടിയിലെ പേശികളിൽ ഞരമ്പുകൾ ചുരുണ്ടുറങ്ങുന്നു. ഇരയെ കടിച്ചുകുടയാൻ വെമ്പുന്ന വ്യാഘ്രത്തെപ്പോലെ വിറയ്ക്കുന്ന ആ കാലുകളിലൊന്നിൽ ആഴത്തിലുള്ള മുറിവിന്റെ ഉണങ്ങിയ വടുക്കൾ. എന്തിനും മടിക്കാത്ത ഇരുമ്പുതൂണുകൾ പോലാണ് ആ കാലുകളെന്ന് സീതാറാമിന് തോന്നി. പേടിച്ചരണ്ട അവൻ കണ്ണുകൾ ഇറുക്കിയടച്ചു.

പിറ്റേന്ന് ഉച്ചയ്ക്ക് ബന്ദനയുടെ നഗ്നമായ ശരീരം കോളനിയുടെ പിന്നിൽ പെരുച്ചാഴികൾ നീന്തുന്ന ഓടയിൽ പ്രത്യക്ഷപ്പെട്ടു. ആകാശത്തെ മറച്ചുകൊണ്ട് കറുത്ത കുടകണക്കെ കാക്കക്കൂട്ടം വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. ഓടയുടെ ഇരുകരകളിലും ആളുകൾ തിങ്ങിക്കൂടിയിരുന്നു. അവർക്കിടയിൽനിന്ന് സീതാറാം കണ്ടു. മേലാസകലം മുറിവുകളുമായി മലർന്നുകിടക്കുകയാണ് അമ്മ. വാറുകൾ വിചിത്രമായ രീതിയിൽ പിണഞ്ഞുകിടക്കുന്ന, ചെന്നായ് മുഖമുള്ള ബൂട്ടുകളുടെ പാടുകൾ ആ മുഖത്തുണ്ട്. ചുണ്ടുകൾ പൊട്ടിയിരിക്കുന്നു. നീരു തിങ്ങിയ കാലിടുക്കിൽനിന്ന് പുറത്തേക്ക് നാവിട്ട ചുവന്ന രേഖ എവിടേക്കൊഴുകണമെന്നറിയാതെ ഓടയിലെ കറുത്ത ജലത്തിൽ വട്ടം ചുറ്റുന്നുണ്ട്. നീണ്ട കമ്പുകൊണ്ട് അമ്മയുടെ ശരീരം വലിച്ചടുപ്പിക്കുന്ന പൊലീസുകാരുടെ കാലുകളിലേക്ക് അവൻ കണ്ണയച്ചു. ഞരമ്പുകൾ ചുരുണ്ടുറങ്ങുന്ന പേശികൾ ഉള്ള കാലുകൾ മാത്രം അവയിൽ ഉണ്ടായിരുന്നില്ല.

കുറച്ചുനാളുകൾക്ക് ശേഷം സീതാറാം തെരുവിലേക്ക് വിണ്ടുമെത്തി. ആരോടും മിണ്ടാതെ, അമ്മ ഇരുന്നിടത്ത് ഒരു മൈൽക്കുറ്റി കണക്കെ അവൻ നിശ്ശബ്ദനായി ഇരുന്നു. മുന്നിലൂടെ തിരക്കിട്ട് ചലിക്കുന്ന കാലുകളിലായിരുന്നു അവന്റെ കണ്ണുകളെപ്പോഴും. പേരുകേട്ട ചെരിപ്പുകാരിയുടെ മകൻ ആയതിനാലാവണം അവനെത്തേടിയും കാലുകൾ ധാരാളമായി വന്നുകൊണ്ടിരുന്നു.

അമ്മ പഠിപ്പിച്ച മുറകൾ തെറ്റാതെ പാലിച്ച സീതാറാം ചെരിപ്പുകളെ നെഞ്ചോട് ചേർത്തുപിടിച്ച് തുടച്ച് വൃത്തിയാക്കി. തുന്നുകൾ വിട്ട് മരണം മുന്നിൽ കണ്ട് വാ പിളർന്ന ചെരിപ്പുകളെ പുത്തൻ നൂൽബന്ധങ്ങളാൽ ചേർത്ത് വലിച്ചുകെട്ടി ശ്വാസം നൽകി. അവയോട് സംസാരിച്ചു. അവരെ മക്കളെപ്പോലെ സ്‌നേഹിച്ചു. അവയണിയുന്ന പാദങ്ങളോട് പുഞ്ചിരിച്ചു. പതിയെപ്പതിയെ കാലുകളും ചെരിപ്പുകളും സീതാറാമിനോട് സംസാരിക്കാൻ തുടങ്ങി. മുന്നിലെ നിരത്തിലൂടെ ഏന്തിയും കിതച്ചും തിടുക്കപ്പെട്ടും വടി കുത്തിയും ഓടിയും നടന്നുമായി തിരമാലകൾ പോലെ ഒന്നിനുപിറകേ ഒന്നായി കുതിച്ചെത്തുന്ന കാൽക്കൂട്ടങ്ങൾ അയാളുടെ മുന്നിലൂടെ വന്നുപോയിക്കൊണ്ടിരുന്നു. തിരകൾ തീരത്തെത്തിക്കുന്ന മുത്തുകൾ കടലാഴങ്ങളിലെ കഥകൾ വിവരിക്കുംപോലെ അയാൾക്കുമുന്നിലെത്തുന്ന ചെരിപ്പുകൾ അവയ്ക്ക് മുകളിൽ ചവിട്ടി നിവർന്നു നടക്കുന്ന ലോകത്തെക്കുറിച്ചുള്ള വിശേഷങ്ങൾ അയാളോട് വിവരിച്ചു. നിരത്തിൽ നടക്കുമ്പോഴൊക്കെ ചെരിപ്പുകളെത്തേടി വളഞ്ഞുകുനിഞ്ഞ ശിരസ് ഒടുക്കം അയാളുടെ ശരീരത്തെ ഒരു ചോദ്യച്ചിഹ്നം പോലാക്കി മാറ്റി.

മഴവീണ രാത്രിക്കു ശേഷം വെയിൽ പെയ്ത് പൂത്തുലഞ്ഞ ഒരു പകലിന്റെ അവസാന മണിക്കൂറുകളിലൊന്നിലാണ് സീതാറാമിന്റെ ജീവിതം മാറിമറിഞ്ഞത്. രാത്രിയിൽ വെള്ളമൊഴുകി കുതിർന്ന ചാലുകളിൽ പലതരം ചെരിപ്പുകൾ ചവിട്ടിവരച്ചിട്ട മണൽച്ചിത്രങ്ങൾ നോക്കി ഇരിക്കുകയായിരുന്നു അയാൾ. അപ്പോഴാണ് പരിചയക്കാരനായ ചാരുചന്ദ്ര ഒരുജോഡി ചെരിപ്പുകളുമായി സീതാറാമിന്റെ മുന്നിലെത്തിയത്. രാത്രിയിൽ മഴയുടെ മറപിടിച്ച് ഒരു പെരുങ്കള്ളൻ അയാളുടെ വീട്ടിൽ കയറാൻ ശ്രമിച്ചത്രേ. ഇളയ കുഞ്ഞ് പേടിച്ച് നിലവിളിച്ചതിനാൽ വിലപിടിച്ചതൊന്നും നഷ്ടപ്പെട്ടില്ല. പിറ്റേന്ന് രാവിലെ മതിലിനരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടുകിട്ടിയതായിരുന്നു ആ ചെരിപ്പുകൾ. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നുകരുതി സീതാറാമിന്റെ അടുത്തെത്തിക്കുകയായിരുന്നു അയാൾ.

മഴനനഞ്ഞ് വിറച്ച കണ്ണുകൾ കൂമ്പിയ ആ തുകൽച്ചെരിപ്പുകളെ സീതാറാം അടിമുടി നോക്കി. കുതിർന്നുവീർത്ത അവയുടെ അരികുകളിൽ ചെളി കട്ടപിടിച്ചിരുന്നു. സീതാറാം അവയെ കൈകളിലെടുത്ത് ചേർത്തുപിടിച്ച് ചൂടേറ്റി. അൽപം കഴിഞ്ഞ് അയാൾ ചാരുചന്ദ്രയുടെ കാലുകളിൽ മിഴിയൂന്നി പറഞ്ഞു.""സാബ്, ഇയാൾ ഒരു സ്ഥിരം കള്ളനല്ല. നിങ്ങളുടെ സമീപത്തുകാരൻ തന്നെയായിരിക്കാനാണ് സാധ്യത. 15-നും 20-നും ഇടയിൽ പ്രായം. മിക്കവാറും പയ്യനായിരിക്കാമെന്ന് തോന്നുന്നു. ഫുട്‌ബോൾ ഭ്രാന്തനായ ഒരു ഇടംകാലനാണയാൾ. വലംകാലിലെ ചെറുവിരലിന് അൽപം നീളക്കൂടുതലുണ്ട്. അതേകാലിലെ പെരുവിരലിൽ നഖം നീട്ടിയിട്ടുമുണ്ട്.''
ചാരുചന്ദ്ര സീതാറാമിനെ അവിശ്വസനീയതയോടെ തുറിച്ചുനോക്കി. അയാളുടെ ശ്വാസഗതി വർധിച്ചു. പെട്ടന്ന് ചെരിപ്പുകൾ തട്ടിപ്പറിച്ച അയാൾ ഒന്നും മിണ്ടാതെ തിരിഞ്ഞൊരു നടത്തം. പിറ്റേന്ന് വൈകിട്ട് ആളൊഴിഞ്ഞ നേരം നോക്കി ചാരുചന്ദ്ര തിരിച്ചെത്തി. നിരത്തിൽ മുട്ടുകുത്തി നിന്ന അയാൾ ചെരിപ്പുകൾ മിനുക്കുകയായിരുന്ന സീതാറാമിനെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്തു.""സീതാറാം, കള്ളനെ കിട്ടി. നീ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്. ഒരു ഫുട്‌ബോൾ ഭ്രാന്തൻതന്നെ. നിലത്തുകിടന്നുറങ്ങുന്ന അച്ഛന്റെ തല കണ്ടാൽപോലും പന്താണെന്നുകരുതി തൊഴിച്ചുതെറിപ്പിക്കാൻ ഇവൻ മടിക്കില്ല.. എന്റെ സുഹൃത്തിന്റെ മകൻ. പക്ഷേ, എങ്ങനെയാണ് നീ..''
പാതിയിൽ നിർത്തിയ ചാരുചന്ദ്രയുടെ അത്ഭുതത്തെ നിലാവുപോലൊരു പുഞ്ചിരികൊണ്ട് സീതാറാം പൂരിപ്പിച്ചു. ചെരിപ്പുകൾ തന്നെ ചതിച്ചില്ലല്ലോ എന്നോർത്ത് അയാൾക്ക് സന്തോഷം തോന്നി.

തന്റെ ഒറ്റമുറിപ്പീടികയിൽ സാധനം വാങ്ങാനെത്തിയവരോടൊക്കെ ചാരുചന്ദ്ര സീതാറാമിന്റെ അത്ഭുതസിദ്ധികളെക്കുറിച്ചുള്ള കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പി. കാറ്റുപോലെയാണ് അത് നാട്ടിൽ പരന്നത്. ആളുകൾ സീതാറാമിന്റെ അടുത്തേക്ക് ഇടതടവില്ലാതെ എത്തിത്തുടങ്ങി. കുറ്റവാളികളെ കണ്ടെത്താനും, ചെരിപ്പിലെഴുതിയിരിക്കുന്ന ഭാഗ്യരേഖകൾ തിരിച്ചറിയാനും, പെട്ടന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരുടെ പൂർത്തിയാക്കാത്ത ആഗ്രഹങ്ങൾ വായിച്ചെടുക്കാനുമൊക്കെ കാലുകളും ചെരിപ്പുകളും അയാൾക്കുമുന്നിൽ ക്യൂ നിന്നു. കൈനോട്ടക്കാരുടെയും ഭാഗ്യം കൊത്തിയെടുക്കുന്ന കിളികളുടെയും മുന്നിൽനിന്ന് ആളുകൾ പൊടിയും തട്ടിയെണീറ്റ് സീതാറാമിനെ തേടിപ്പോയി.

നാളുകൾക്ക് ശേഷമുള്ള ഒരു വൈകുന്നേരം. ചെരിപ്പുകളുമായി സംസാരിച്ചിരിക്കുമ്പോഴാണ് അയാൾ ആ കാഴ്ച കണ്ടത്. തമ്മിൽ ചേർന്നും വിട്ടകന്നും ഒന്നിനുപിറകെ ഒന്നായി പാഞ്ഞും മുന്നിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന നിഴലുകൾക്കിടയിൽ നിശ്ചലം നിൽക്കുന്ന ഒരു മനുഷ്യരൂപം. ചെരിപ്പുകൾ തൂത്തുവൃത്തിയാക്കുന്നതിനിടെ സീതാറാം ഒളികണ്ണിട്ട് നോക്കി. തന്നെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് നിരത്തിനപ്പുറത്ത് നിൽക്കുകയാണ് ഒരാൾ.
തിടുക്കത്തിൽ ജോലികൾ തീർത്ത് എഴുന്നേൽക്കാൻ തുടങ്ങിയ സീതാറാമിന്റെ മുന്നിൽ നിഴലുകളെ ഒട്ടിച്ചുചേർത്ത കാൽവയ്പുകളുമായി അയാൾ വന്നുനിന്നു. ""സീതാറാം അല്ലേ? ഞാൻ ധാരാളം കേട്ടിട്ടുണ്ട്..'' പരുക്കൻ ശബ്ദത്തെ പരമാവധി സൗമ്യമാക്കിക്കൊണ്ടുള്ള സംസാരം. സീതാറാം ഒന്നും മിണ്ടിയില്ല. വന്നയാൾ ചെരിപ്പുകൾ മിനുക്കാനുള്ള പലകയിലേക്ക് കാലുകളിലൊന്ന് ഉയർത്തിവച്ചു. അൽപനേരം മൗനിയായി ഇരുന്ന സീതാറാം പതുക്കെ ആ കാലിലെ ബൂട്ടിൽ തൊട്ടു.""സാബ്... അങ്ങൊരു പൊലീസുകാരനാണ്. ബൂട്ടുകൾ വൃത്തിയാക്കുന്നതിലുപരി അങ്ങേയ്‌ക്കെന്നോട് എന്തോ ചോദിക്കാനുണ്ട്.''
ഒന്നു പുഞ്ചിരിച്ച അയാൾ പതുക്കെ കാൽ വലിച്ചു.""സീതാറാം, നിങ്ങളൊരു അത്ഭുതം തന്നെ. പറഞ്ഞത് ശരിയാണ്. ബൻസിലാൽ. അതാണെന്റെ പേര്. തെളിയിക്കപ്പെടാത്ത ഒരു കൊലപാതകത്തിന്റെ പിന്നാലെയാണ് ഞാൻ. സീതാറാമിന് ഒരുപക്ഷേ, എന്നെ സഹായിക്കാൻ കഴിഞ്ഞേക്കും.''
ഇടംവലം നോക്കിയശേഷം കുനിഞ്ഞ് മുട്ടുകളൂന്നി നിലത്തിരുന്ന ബൻസിലാൽ സീൽ ചെയ്ത ഒരു പ്ലാസ്റ്റിക് കവറിൽനിന്ന് രണ്ട് തുകൽ ചെരിപ്പുകൾ ശ്രദ്ധാപൂർവമെടുത്ത് സീതാറാമിന്റെ മുന്നിൽ വച്ചു. സീതാറാം അവയിലേക്ക് ഒന്നേ നോക്കിയുള്ളൂ. മരണത്തിന്റെ രൂക്ഷഗന്ധം അയാളുടെ മൂക്കിലേക്കടിച്ചുകയറി. വാറുകൾ വിചിത്രമായ രീതിയിൽ കെട്ടുപിണഞ്ഞ് കിടക്കുന്ന, പല്ലിളിച്ച ചെന്നായയുടെ മുഖമുള്ള ബൂട്ടുകൾ. അവയ്ക്കിടയിൽ ശ്വാസം കിട്ടാതെ പിടയുകയാണ് അയാളുടെ അമ്മ. ഒരു വിറയലോടെ മുഖമുയർത്തി ബൻസിലാലിന്റെ കണ്ണുകളിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് സീതാറാം അലറി.""സാബ്, വിരിഞ്ഞ പാദങ്ങൾ, ചുരുണ്ടുറങ്ങുന്ന ഞരമ്പുകളുള്ള പേശികൾ, ഒന്നിൽ ആഴത്തിലുള്ള മുറിവിന്റെ പാട്. എനിക്കറിയാം, ഇയാൾ..'' ശ്വാസം കിട്ടാതെ സീതാറാമിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി എന്നുകണ്ട ബൻസിലാൽ ചെരിപ്പുകളുമായി തിടുക്കത്തിൽ പിടഞ്ഞെണീറ്റു. ""സീതാറാം, ഞാൻ പിന്നീട് വരാം.'' അയാൾ വേഗത്തിൽ മുന്നോട്ട് നടന്നു.
കിതപ്പാറ്റിയ സീതാറാം അവിടെ തളർന്നിരുന്നു. ഇരുട്ടിൽ മുഖം കുനിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ അയാളുടെ മുന്നിൽ അമ്മയുടെ മുഖം തെളിഞ്ഞു. ചൂണ്ടുവിരൽ ചുണ്ടുകൾക്ക് കുറുകെ വച്ച് ഒരു ശാസനയുടെ ഭാവത്തിൽ അവനെ നോക്കുകയാണ് അമ്മ. സീതാറാമിന് ചെറുതായി പേടി തോന്നി.

ചതഞ്ഞ മുറിവുകളിലൂടെ ഒരു മരവിപ്പ് ശരീരത്തിലേക്ക് പിടിച്ചുകയറാൻ തുടങ്ങിയതോടെ ഇരുന്ന ഇരിപ്പിൽനിന്ന് സീതാറാം ഒന്നനങ്ങി. തടവറയുടെ ചുമരുകൾ തണുത്ത് തുടങ്ങിയിരിക്കുന്നു. ആയാസപ്പെട്ട് എഴുന്നേറ്റ് കുത്തിയിരുന്ന അയാൾ കൈകൾ രണ്ടും കാൽമുട്ടുകളിൽ താങ്ങി മുന്നോട്ടു നീട്ടി. തളർന്നുതൂങ്ങിയ വിരൽത്തുമ്പിലൂടെ രാത്രിയുടെ തുള്ളികൾ കറുത്ത നക്ഷത്രങ്ങളായി താഴേക്ക് ഇറ്റിറ്റ് വീണു. തളർന്നുള്ള ആ ഇരിപ്പിൽ സീതാറാം ആദ്യമായി തന്റെ കാൽപാദങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി. ക്രമം തെറ്റി വളർന്ന നഖത്തലപ്പുകൾ. അവയുടെ അടിയിൽ ചെളിയൂറി കട്ടപിടിച്ചിരിക്കുന്നു. ചവിട്ടിച്ചവിട്ടി പാറപോലായിത്തീർന്ന നരച്ച ഉപ്പൂറ്റികൾ. വരാൻ പോകുന്ന ദുരിതത്തിന്റെ സൂചനകൾ കിട്ടിയിട്ടെന്നവണ്ണം ആ പാദങ്ങൾ വിറയ്ക്കുന്നുണ്ട്.

പെട്ടന്നാണ് ചില ബൾബുകൾ തെളിഞ്ഞത്. സീതാറാം പതുക്കെ ശിരസ്സുയർത്തി. കമ്പിയഴികൾക്കിടയിലൂടെ ഒരു പൂച്ച പുറത്തേക്കു കുതിച്ചു. കഴിക്കാനാകാതെ സീതാറാം മാറ്റിവച്ച ആഹാരം തേടി ഒളിച്ചെത്തിയതാണത്. മരണം ഒരു പൂച്ചയെപ്പോലെ തന്റെ പിന്നാലെ പതുങ്ങിയെത്തുന്നുണ്ടെന്ന് അയാൾക്ക് തോന്നി. ചില കാലടിശബ്ദങ്ങൾ ഇടനാഴിയുടെ അറ്റത്ത് കേൾക്കുന്നുണ്ട്. സീതാറാം ചുവരിൽ പിടിച്ചെഴുന്നേറ്റ് ആ ശബ്ദങ്ങൾക്ക് ചെവിയോർത്തു. ""സീതാറാം, എന്താണിതൊക്കെ?''
ബൻസിലാലാണ്. ഒപ്പം പാറാവുകാരനുമുണ്ട്. ബൻസിലാലിനോട് ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് സീതാറാമിന് തോന്നി. അതിനു ശേഷമാണ് ഇതൊക്കെ സംഭവിച്ചത്. പക്ഷേ, പെട്ടന്നുതന്നെ അയാൾ തന്റെ ചിന്തയെ തിരുത്തി. ഒരുപക്ഷേ, തന്നെ ഇനിയും കുറച്ചെങ്കിലും ആവശ്യമുള്ള ലോകത്തിലെ ഒരേയൊരാൾ ഇദ്ദേഹം മാത്രമായിരിക്കും. തനിക്ക് രക്ഷയ്ക്കായുള്ള ഏകവഴി.
സീതാറാം ബൻസിലാലിന്റെ അസ്വസ്ഥമായ കാലുകളിലേക്ക് നോക്കി. ഒന്നോ രണ്ടോ ചുവടുകൾക്കപ്പുറം ഒളിഞ്ഞിരിക്കുന്ന കുറ്റവാളിയിലേക്ക് നടന്നെത്താൻ അവ തിടുക്കപ്പെടുകയാണ്. ""സാബ്, ഞാൻ മോഷ്ടിച്ചിട്ടില്ല. സത്യമാണ്. മേം സാബിനോട് ഒന്ന് ചേദിക്കാമോ? അവർ പറയും..''
ബൻസിലാൽ ഒരു ദീർഘനിശ്വാസത്തോടെ അയാളെ ഒന്ന് നോക്കി. അഴികൾക്കിടയിലൂടെ കൈ നീട്ടിയ അദ്ദേഹം സീതാറാമിന്റെ ചുമലിൽ തൊട്ടു. ""സീതാറാം, സത്യം, അത് ഏറ്റവും മനോഹരമായി ചമയ്ക്കപ്പെട്ട ഒരു കെട്ടുകഥ മാത്രമാണ്.''
ബൻസിലാൽ ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു. സീതാറാമിന്റെ മനസ്സുകണക്കേ അതയാളുടെ ചുണ്ടിൽ ഇരുന്ന് എരിഞ്ഞു പുകയാൻ തുടങ്ങി.""സീതാറാം, നിങ്ങൾ പറഞ്ഞ മേം സാബുണ്ടല്ലോ? അവർ കഴിഞ്ഞ ദിവസം രാത്രി മൃഗീയമായി കൊല്ലപ്പെട്ടു. ആ കുറ്റവും ഇപ്പോൾ നിങ്ങളുടെ ചുമലിലാണ്. ചെരിപ്പുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ നിങ്ങൾ വകവരുത്തിയതാണത്രേ!''
സീതാറാം ഒന്നു ഞെട്ടി. മേം സാബ് മരിച്ചു! അയാൾക്കത് വിശ്വസിക്കാനായില്ല. കെട്ടുകഥയുടെ എട്ടുകാലിവലയ്ക്കുള്ളിൽ വലിഞ്ഞുമുറുകിയ അയാൾക്ക് ശ്വാസം മുട്ടി.""സീതാറാം, ഞാൻ അന്വേഷിക്കുന്ന കേസുകൾക്കും മേം സാബിന്റെ മരണത്തിനുമൊക്കെ നിങ്ങളുമായി എന്തോ ബന്ധമുള്ളതുപോലെ. നിങ്ങളെ പുറത്തിറക്കൽ അത്ര എളുപ്പമല്ല. തെളിവുകൾ എല്ലാം എതിരാണ്. എങ്കിലും ഞാനൊന്ന് ശ്രമിക്കാം. ജഡ്ജിയദ്ദേഹത്തെ കാര്യങ്ങൾ ബോധിപ്പിക്കാനായാൽ നാളെ രാവിലെ ഞാനെത്തും. നമുക്ക് ഒരിടം വരെ പോകണം.''

സംശയങ്ങൾ മാറാത്ത കാലുകൾ നീട്ടിച്ചവിട്ടി ബൻസിലാൽ നടന്നകന്നു. സീതാറാം മുഖം തിരിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള അകലം വർധിച്ചുകൊണ്ടിരിക്കുകയാണ്.
പുറത്തെ ഭിത്തികളിലൊന്നിൽ വാലുകൾ ചലിപ്പിച്ച് ഒരു പല്ലി ഇരിപ്പുണ്ട്. അതിന്റെ വാൽചലനത്തിൽ മതിമറന്ന് ഒട്ടേറെ പ്രാണികൾ ആ ഭിത്തിയിൽ തൊട്ടും തൊടാതെയും നൃത്തം വയ്ക്കുന്നു. തന്റെ കാൽപ്രവചനങ്ങൾ അതിശയത്തോടെ കേട്ടുനിൽക്കുന്ന ആൾക്കൂട്ടത്തിന് നടുവിലാണ് താനെന്ന് അയാൾക്ക് തോന്നി. സീതാറാം ഒന്ന് നിശ്വസിച്ചു. ഇവിടെനിന്ന് പുറത്തിറങ്ങിയേ തീരൂ. ചാരുചന്ദ്രയും കിഷൻലാലുമൊക്കെ കാത്തിരിക്കുന്നുണ്ടാകും. അവർ തന്നെ മാലയിട്ട് സ്വീകരിക്കും. ആ ഓർമയിൽ സീതാറാം പുളകം കൊണ്ടു.

സീതാറാമിനെ ഞെട്ടിച്ചുകൊണ്ട് ഒരു ആക്രോശം അന്തരീക്ഷത്തിൽ മുഴങ്ങി. പല്ലിയെ വിട്ട് അഴികൾക്കരികിലേക്ക് ഓടിയ അയാൾ അവയുടെ വിടവിലേക്ക് കവിൾ ചേർത്ത് ചെരിഞ്ഞ് നോക്കി. ദൂരെ ഇടനാഴിയുടെ അറ്റത്ത്, ബൻസിലാൽ തിരികെപ്പോയ വഴിയിൽ പാറാവുകാരൻ തലകുനിച്ച് നിൽക്കുകയാണ്. കൽഭിത്തിയുടെ പിന്നിൽ മറഞ്ഞുനിൽക്കുന്ന ഒരാൾ അലറുന്നുണ്ട്. പാറാവുകാരന്റെ കയ്യിലിരുന്ന, സീതാറാമിന്റെ വാക്കുകൾ രേഖപ്പെടുത്തിയ കടലാസുതുണ്ടുകൾ തട്ടിയെടുത്ത അയാൾ അവ ഊക്കോടെ നിലത്തേക്കെറിഞ്ഞു. പാറാവുകാരന്റെ കാലുകൾ വിറയ്ക്കുന്നത് സീതാറാം കണ്ടു. പെട്ടന്നൊരു കാറ്റുവീശി. ആടിയുലഞ്ഞ തൂക്കുവിളക്ക് കൽഭിത്തിയുടെ മറവിൽനിന്നയാളുടെ നിഴലിനെ വരാന്തയിലേക്ക് തള്ളിനീക്കി. സീതാറാം ആ കാൽനിഴലുകളിലേക്ക് ഒന്നേ നോക്കിയുള്ളൂ. വിരിഞ്ഞ ക്രൂരമായ പാദങ്ങൾ, ഞരമ്പുകൾ ചുരുണ്ടുറങ്ങുന്ന, മുറിവിന്റെ ആഴത്തിലുള്ള വടുക്കൾ അവശേഷിക്കുന്ന ബലിഷ്ഠമായ പേശികൾ, ഇരുമ്പുതൂണുകൾ പോലുള്ള കാലുകൾ. സീതാറാം തളർന്ന് താഴേക്കിരുന്നു.
പെട്ടെന്ന് ഇരുട്ടിൽനിന്ന് പൂച്ച പല്ലിയുടെ നേർക്ക് കുതിച്ചുചാടി. വാൽ മുറിച്ചിട്ട ആ കുഞ്ഞുപല്ലി ചിതറിപ്പറക്കുന്ന പ്രാണികൾക്കിടയിലൂടെ പ്രാണനുംകൊണ്ട് പാഞ്ഞു. ഇരയെ കിട്ടിയ സംതൃപ്തിയോടെ പൂച്ച ആ വാൽക്കഷ്ണം തട്ടിയും കടിച്ചും കുടഞ്ഞും കളിക്കാൻ തുടങ്ങി. ഇലകൾക്കിടയിൽ പേടിച്ചരണ്ട് കൂമ്പിയ കണ്ണുകളുമായി മറഞ്ഞിരുന്ന പല്ലി തളർന്ന നാവുകൊണ്ട് ചുണ്ടുകൾ നക്കിത്തോർത്തി. സുന്ദരമായ വാൽ പോയിട്ടും ജീവൻ തിരിച്ചുകിട്ടിയതിൽ അത് അതിയായി സന്തോഷിക്കുന്നുണ്ട്. പ്രിയപ്പെട്ടത് എന്തൊക്കെ നഷ്ടപ്പെട്ടാലും ജീവിച്ചിരിക്കുന്നതാണ് നല്ലതെന്ന് സീതാറാമിന് തോന്നി. സ്വാതന്ത്ര്യത്തേക്കാൾ പലമടങ്ങ് പ്രധാനമാണ് ജീവൻ.

സീതാറാം ആദ്യമായി തന്റെ കണ്ണുകളെ വെറുത്തു. കാഴ്ചയിൽ ഇരുട്ടുനിറയ്ക്കാനായി അയാൾ അവ കൂട്ടിയടച്ചു. വാൽ തിന്ന സംതൃപ്തിയിൽ പൂച്ച നടന്നകലുകയാണ്. ഭയം അയാളെ ഒരു കമ്പിളിപ്പുതപ്പുപോലെ വന്നു കനത്തിൽ മൂടി. ഇരുട്ടിൽ തനിക്കുനേരെ പൂച്ചയെപ്പോലെ കുതിക്കാൻ വെമ്പുന്ന ഉരുക്കുകാലുകൾ. തടവറയുടെ അഴികളിൽ പിടിച്ചുലച്ചുകൊണ്ട് സീതാറാം അലറി. അവയിൽനിന്ന് ഇളകിത്തുടങ്ങിയ രണ്ട് ആണികൾ താഴേക്ക് പതിച്ചു. കൂടുതൽ കരുത്തുറ്റ അഴികളും ഇരുട്ടുമുള്ള ഒരിടത്തേക്ക് പോകാനായി അയാളുടെ മനസ് കൊതിച്ചു.

""സീതാറാം..''
അലർച്ച കേട്ട് ഓടിയെത്തിയ പാറാവുകാരൻ അയാളെ വടികൊണ്ട് തട്ടി വിളിച്ചു. ഇളകിവീണ ആണിമുനകളുടെ തിളക്കത്തിൽ കണ്ണുകൂർപ്പിച്ചിരുന്ന സീതാറാം മുഖമുയർത്തിയില്ല.
പിറ്റേന്ന് രാവിലെ സന്ദർശകമുറിയിലെ മണിയടികേട്ട് ഉറക്കം മാറാത്ത കണ്ണുകളുമായി പാറാവുകാരൻ എത്തി. ബൻസിലാൽ അക്ഷമനായി കാത്തുനിൽപുണ്ടായിരുന്നു. തുറന്ന കവറിൽനിന്ന് പുറത്തെടുത്ത കടലാസ് അയാൾ പാറാവുകാരനു നേരെ നീട്ടി.""എവിടെ സീതാറാം? വിളിക്കൂ, അയാളെ എനിക്കൊപ്പം വിടാനുള്ള അറിയിപ്പാണിത്.'' ബൻസിലാൽ തിടുക്കം കൂട്ടി.
പാറാവുകാരൻ ബൻസിലാലിനെ ഒന്ന് സൂക്ഷിച്ചു നോക്കി. അസ്വസ്ഥതയോടെ മുഖം തിരിച്ച അയാൾ കണ്ണുകൾ പറിച്ച് ദൂരേക്കെറിഞ്ഞുകൊണ്ട് പറഞ്ഞു""സാബ്.. സീതാറാം ഇവിടെയില്ല, ആശുപത്രിയിലാണ്. ഇരുകണ്ണുകളിലും ആണികൾ തറച്ചുകയറിയിട്ടുണ്ട്. പിന്നെ, അവിടേക്ക് പോയിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. അയാൾ കുറ്റം സമ്മതിച്ചു കഴിഞ്ഞു. മോഷണത്തിന്റെയും കൊലപാതകത്തിന്റെയും.''""എന്ത്?'' ബൻസിലാലിന് ഒന്നും മനസ്സിലായില്ല.
തിരിഞ്ഞുനടക്കുന്നതിനിടയിൽ പാറാവുകാരൻ ഒന്നു നിന്നിട്ട് പറഞ്ഞു.""സാബ്, മരണവെപ്രാളത്തിൽ ആശുപത്രിയിലേക്ക് പോകും വഴി അയാൾ അങ്ങയോട് പറയാൻ ഒരു കാര്യം പറഞ്ഞേൽപിച്ചിട്ടുണ്ട്. അങ്ങ് തിരക്കുന്ന ആളെ അയാൾക്കറിയില്ല എന്ന്. അയാളുടെ കാഴ്ചകൾ അവസാനിച്ചുവെന്ന്.''▮​

(ബ്രിട്ടണിൽ നടന്ന എച്ച്.ജി. വെൽസ് ചെറുകഥാ മത്സരത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 12 കഥകളിൽ ഒന്ന്. ഇന്ത്യയിൽ നിന്ന് ഈ കഥ മാത്രമാണ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഈ വർഷത്തെ ആന്തോളജിയിൽ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്​തിട്ടുണ്ട്​.​​​​​​​)


ആൽവിൻ ജോർജ്ജ്

കഥാകൃത്ത്​. മലയാള മനോരമ പബ്ലിക്കേഷൻസിൽ കുട്ടികളുടെ വിഭാഗത്തിൽ സബ്​ എഡിറ്റർ.

Comments