വി. പ്രവീണ

അമര ഹൃദയം

അടക്കിന്റന്ന് രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ ഒരു കാറ്റും വീശാതെ ശവത്തിന്റെ കടയുടെ വാതിലുകൾ അടഞ്ഞു. മരത്തടികൾക്കും ശവപ്പെട്ടികൾക്കും ഇടയിൽ ശവം തരിച്ചുനിന്നു.

വപ്പെട്ടിയോടെ ശവത്തെ പോലീസ് പൊക്കിയത് സെമിത്തേരിക്കടുത്തുവച്ചായിരുന്നു.
പാതിരാ പരതലിനിറങ്ങിയ പോലീസ് വണ്ടി. ആറടിവലിപ്പമുള്ള ശവപ്പെട്ടിയും ചുമന്ന് സെമിത്തേരിയുടെ ആൾപ്പൊക്കമുള്ള മതിലിനരികിൽനിന്ന് കിതയ്ക്കുകയായിരുന്നു ശവം. രണ്ട് കോൺസ്റ്റബിൾമാരും ഒരു എസ്. ഐയും അടങ്ങുന്ന പോലീസ് സംഘം ശവത്തെ കണ്ടപാടേ വണ്ടി നിർത്തി. പോലീസ് വണ്ടിയുടെ ബീക്കൺലൈറ്റ് വാരിക്കോരി ചൊരിഞ്ഞ വെളിച്ചം ശവത്തെ പൊതിഞ്ഞു.

‘നട്ടപ്പാതിരായ്ക്ക് എന്താ ഇവിടെ?’
‘തനിക്കെന്താ കിറുക്കാണോ?’
‘തുറക്കെടോ പെട്ടി...’
തുടങ്ങിയ ഊഴമിട്ടുള്ള ചോദ്യങ്ങൾക്കും ആജ്ഞകൾക്കും മൗനം മാത്രമായിരുന്നു ശവത്തിന്റെ മറുപടി.

‘തന്റെ പേരെന്താ?’ കൂട്ടത്തിൽ മീശയ്ക്ക് കട്ടിക്കൂടുതലുള്ള കോൺസ്റ്റബിൾ സാഹചര്യത്തിന്റെ അസ്വാഭാവികതയ്ക്ക് നിരക്കാത്ത മട്ടിൽ ഔപചാരികത തന്ത്രപരമായി പുറത്തിട്ടു. ചുമലിൽ താങ്ങിയ പെട്ടി മതിലിൽ ചാരി നിസംഗമായി ശവം മറുപടി പറഞ്ഞു, ‘ശവം.’

മറുവാക്ക് വെറുമൊരു നാമമായിരുന്നിട്ടും പോലീസിന് ചൊടിച്ചു. സഭ്യതയുടെ നിഘണ്ടുവിൽ ഇല്ലാത്തൊരു വാക്ക് കണ്ണുതുറിച്ച് അലറി കട്ടിമീശക്കാരൻ കോൺസ്റ്റബിൾ ശവത്തിനെ കുത്തിനു പിടിച്ച് ജീപ്പിലിട്ടു. രണ്ട് കോൺസ്റ്റബിൾമാരും എസ്.ഐയും കൂടി പെട്ടി പൊക്കി ശവത്തിനു പിന്നാലെ അകത്തേക്കിട്ടു.
‘ഈ മുടിഞ്ഞ ഭാരം ഇവനിതെങ്ങനെ താങ്ങിയാവോ...’ കോൺസ്റ്റബിൾ രണ്ടാമൻ ഊര തടവി.

പിറ്റേന്നുകാലത്ത് ശവത്തിന്റെ രണ്ട് ആൺമക്കളും പോലീസ് സ്‌റ്റേഷനിലെത്തി. പിതാവിന്റെ അസ്വാഭിക രാത്രിസഞ്ചാരത്തിന്റെ പോലീസ് ഭാഷ്യം മറുത്തൊന്നും പറയാതെ അവരിരുവരും കേട്ടിരുന്നു. അച്ഛനായ ശവത്തിന്റേതിനു സമാനമായ നിർമമ മുഖഭാവത്തിന് ഉടമകളായിരുന്നു അവരിരുവരും. അവർ ഞെട്ടിയില്ല, നടുങ്ങിയതുമില്ല.

പോലീസ് സ്റ്റേഷനിൽ അവർക്ക് ഏറെ നേരം ചെലവഴിക്കേണ്ടിവന്നില്ല. ശവപ്പെട്ടി ചുമന്നുള്ള പോക്കിൽ ദുരുദ്ദേശ്യമൊന്നും കണ്ടെത്താനാവാത്തതിനാൽ മാനസികാസ്വാസ്ഥ്യത്തിന്റെ ആനുകൂല്യവും ചെറിയൊരു താക്കീതും നൽകി കേസെടുക്കാതെ ശവത്തിനെ മക്കൾക്കൊപ്പം വിട്ടു.

ഓട്ടോ ഡ്രൈവറായ മൂത്തമകനും ഫ്ലെക്‌സ് കമ്പനിയിലെ ജീവനക്കാരനായ ഇളയവനും കൂടി പെട്ടി താങ്ങി ഓട്ടോയിൽ വച്ചു. പെട്ടിയിൽ കാൽ തട്ടാതെ ശ്രദ്ധാപൂർവം ശവം ഓട്ടോയിൽ കയറി. ‘ചവിട്ടരുത്...’ പെട്ടി ചൂണ്ടി കൃത്യമായ താക്കീത് നൽകി ശവം ഇളയ മകന് ഇരിക്കാൻ ഇടതു വശത്ത് ഇടം കൊടുത്തു. മകൻ ശവത്തെ അനുസരിച്ചു.

ഓട്ടോ സ്റ്റാർട്ടാകും മുമ്പ് പകൽ ഡ്യൂട്ടിക്കാരനായൊരു പോലീസുകാരൻ നരച്ച നിറമുള്ള കടലാസുമായി പാഞ്ഞുവന്നു. ഇങ്ങേരുടെ പേരൊന്ന് തിരുത്തി എഴുതിയേക്കെന്നും പറഞ്ഞ് പിൻസീറ്റിലിരുന്ന മകനുനേരെ അയാൾ പേന സഹിതം കടലാസ് നീട്ടി. ശവം എന്ന പേര് വെട്ടി മകനതിൽ അയാളുടെ ജീവനുള്ള പേരെഴുതി ചേർത്തു.

മനുഷ്യൻ

ഇലവന്നൂരിലെ കൃപ കൺവെൻഷൻ സെന്ററിലേക്ക് ഒട്ടും ചരിവില്ലാതെ എഴുതിയ ഒന്ന് എന്ന അക്കം പോലൊരു കയറ്റമാണ്. ആ കയറ്റം കയറിയാണ് കല്യാണക്കാരും പാർട്ടിക്കാരും നർത്തകരും നാടകക്കാരും ഉൾപ്പെടെയുള്ളവർ പരിപാടികൾക്കും ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും ഒക്കെയായി അവിടെ എത്തിയിരുന്നത്. കയറ്റത്തിന്റെ തുടക്കഭാഗത്ത് ഒരു ബേക്കറിയോട് ചേർന്നാണ് ശവപ്പെട്ടിക്കട. ഇലവന്നൂരിലെ ഒരേയൊരു ശവപ്പെട്ടിക്കട.

സഭാ ഭേദമില്ലാതെ ഓർത്തഡോക്‌സുകാരും കത്തോലിക്കരും ചില വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കളും ഇക്കൂട്ടത്തിൽ പെട്ടതും പെടാത്തതുമായ വിശ്വാസികളും അവിശ്വാസികളും മണ്ണിനടിയിലെ ഉറക്കത്തിനായി അവിടുത്തെ തടിപ്പെട്ടികളെ ആശ്രയിച്ചു തുടങ്ങിയിട്ട് കാലം കുറെയായി.

പേരെടുത്തൊരു തച്ചൻ തുടങ്ങിവച്ച സംരംഭമാണ്. തുടക്കക്കാരന്റെ മുഖത്തിന് ജീവിച്ചിരുന്ന കാലത്തു തന്നെ മരണഭാവമായിരുന്നു. അയാളുടെ മുഴുക്കുടിയനായ മകൻ കട പൂട്ടിക്കെട്ടിയില്ല. കുടിച്ചും അപൂർവമായി മാത്രം കുടിക്കാതെയും അയാളും പെട്ടി പണിതു. ശവം മൂന്നാം തലമുറയിൽപെട്ട ആളാണ്. അപ്പനും അപ്പൂപ്പനും ആരും ചാർത്തിക്കൊടുക്കാത്ത പേര് എങ്ങനെയോ ശവത്തിന്റെ തലയിൽ ചെന്നു വീഴുകയായിരുന്നു.

നാട്ടുകാരും അയാളുടെ പേര് മറന്നു. ശവം എന്നു പറഞ്ഞാലോ എല്ലാവരും അറിയും. ശവത്തിന് തന്റെ പേരിനെ ചൊല്ലി ആശങ്ക തീരെയുണ്ടായിരുന്നില്ല. ജീവിതം മരണമാണെന്നും മരണമാണ് ജീവിതമെന്നും ഉള്ള തത്വചിന്ത പേറുന്നവനായിരുന്നു ശവം. ആയതിനാൽ ശവം എന്ന പേര് ജീവന്റെ സത്തയാണെന്ന് അയാളറിഞ്ഞു.

ഒരേ സമയം അന്ധനും മൂകനും ബധിരനുമായ ഒരാളെപ്പോലെ പുറംലോകവുമായി ശവം എപ്പോഴും അകലം പാലിച്ചു. ഇടതടവില്ലാതെ പെട്ടിപണിതു.

മരണാനന്തരം പെട്ടി ആവശ്യമുള്ള വിഭാഗങ്ങളിൽ പെട്ടവർ മാത്രം ശവത്തോട് സംസാരിച്ചു. ശവം മറുപടികളിൽ മിതത്വം പാലിച്ചു. ശവപ്പെട്ടി വെറുമൊരു കച്ചവടവസ്തു മാത്രമാണെന്ന ബോധ്യം മാത്രമേ മനുഷ്യനെന്ന നിലയിൽ അയാൾക്കുള്ളൂവെന്ന തിരിച്ചറിവോടെയാണ് പെട്ടി വാങ്ങിയവർ കടവിട്ടിറങ്ങിയത്.

ശവത്തിന്റെ പെട്ടിക്ക് നല്ല മാർക്കറ്റാണ്. ലക്ഷണമൊത്ത ശവപ്പെട്ടിയാശാരിയാണ് ശവമെന്ന് ഏത് ദോഷൈകദൃക്കും പറയും. ശവത്തിന്റെ പെട്ടിപ്പെരുമ ഇലവന്നൂരിനപ്പുറം മഹാനഗരങ്ങളിൽ പോലും എത്തപ്പെട്ടു. കീർത്തികേട്ട സിനിമാക്കാരും മന്ത്രിമാരും വിജയിച്ച കലാകാരന്മാരും വമ്പൻ വ്യവസായികളും ഉൾപ്പെടെ ശവത്തിന്റെ പകിട്ടുള്ള പെട്ടിയിൽ മരിച്ചുറങ്ങിയ വി.ഐ.പികൾ കുറേപ്പേരുണ്ട്. തികവുള്ള പെട്ടികളായിരുന്നു ശവത്തിന്റേത്. സൂക്ഷ്മതയിൽ പോലും സൗന്ദര്യം ഉള്ളത്. മരണത്തെ വഹിക്കാനുള്ളതായിട്ടുകൂടിയും ജീവിച്ചിരിക്കുന്നവരുടെ ശ്രദ്ധയെ മരണപ്പെട്ടവരിൽ നിന്ന് വലിച്ചാവാഹിക്കാൻ ശവസൃഷ്ടിയായ മരണപേടകങ്ങൾക്ക് അനായാസം കഴിഞ്ഞു. ആ തച്ചുശാസ്ത്ര വൈദഗ്ധ്യത്തിന് മരണം അലങ്കാരമായി. ശവത്തിന്റെ പെട്ടിയിൽ തന്നെ മരിച്ചൊടുങ്ങണം എന്ന ആഗ്രഹത്തോടെ പത്രാസുള്ളവരും ഇല്ലാത്തവരുമായ ഒരുപാടാളുകൾ ജീവിച്ചു.

ശവത്തിന്റെ ജീവിതത്തിൽ ഇക്കണ്ട മാറ്റമെല്ലാം ഉണ്ടാക്കിയ ആ സംഭവം നടന്നത് ഒരു വ്യാഴാഴ്ച ദിവസമാണ്. അന്ന് വെയിൽ താണ നേരത്ത് ശവപ്പെട്ടിക്കടയുടെ മുന്നിൽ ഇന്നോവ ക്രിസ്റ്റ ബ്രേയ്ക്കിട്ടു. വടിപോലെ തേച്ചുമെരുക്കിയ ഖദറിട്ട് അതിൽ നിന്ന് മൂന്ന് ആണുങ്ങൾ പുറത്തിറങ്ങി. മുരുപ്പിൻതറ ഔസേപ്പ് എന്ന പേരുകേട്ട തടി കോൺട്രാക്ടറുടെ ആൺമക്കൾ.

‘ശവമേ, കാര്യം അർജന്റാണ്..’ മൂത്തയാൾ നേരിട്ട് കാര്യത്തിലേക്ക് കടന്നു.
ഞങ്ങടപ്പൻ ഏതാണ്ട് തീരാറായി. ഇന്നോ നാളെയോ എന്ന മട്ടിലാണ് കാര്യം. ശവത്തിന്റെ പെട്ടിയിൽ കല്ലറ കയറണമെന്നൊരാഗ്രഹം പണ്ടേ അപ്പൻ പറഞ്ഞു വച്ചതാണ്. അതിന് പത്തു പതിനഞ്ചു കൊല്ലം മുന്നേ അപ്പനൊരു തേക്ക് നട്ടുവളർത്തിയിട്ടുണ്ട്. മരിപ്പിന്റെ ലക്ഷണം കണ്ടാൽ അത് വെട്ടി നിങ്ങളെ ഏല്പിക്കണമെന്ന് ഞങ്ങളോട് വാക്കുവാങ്ങിയിട്ടുണ്ട്...’ രണ്ടാമൻ പൂരിപ്പിച്ചു.

‘അപ്പന് നാലാമത്തെ സന്തതിയായിരുന്നു ആ തേക്ക്. കരുത്തിലും കാതലിലും അപ്പന്റെ തനിപ്പൊടിപ്പ്. ഞങ്ങളോടുള്ളതിനേക്കാൾ ഇഷ്ടം അതിനോടായിരുന്നു. അപ്പന് അഞ്ചടി രണ്ടിഞ്ചാണ് പൊക്കം. 84 കിലോ തൂക്കം. അളവ് പറഞ്ഞാൽ മുറിച്ചറുത്ത് തേക്ക് ഇപ്പോത്തന്നെ എത്തിച്ചേക്കാം’ ഇളയവൻ ഔസേപ്പിനെപ്പോലെ പ്രായോഗികമതിയായി.

ശവം പറഞ്ഞ അളവു പ്രകാരം ലക്ഷണമൊത്ത കഷണങ്ങളായി തേക്ക് ശവത്തിന്റെ കടയിൽ അന്നുതന്നെയെത്തി. സാഹചര്യത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ശവം അതിന്മേൽ ഉളി പതിപ്പിച്ച് പണിതുടങ്ങി.

മരം

ഔസേപ്പിനുള്ള പെട്ടിക്കായി രണ്ടാം വട്ടം ഉളി ഓങ്ങുന്നതിനിടെയാണ് ശവം അത് കേട്ടത്. ‘ശവമേ’ എന്ന വിളി. ശവം കാതുകൂർപ്പിച്ചു. അടുത്തെങ്ങും മറ്റാരുമില്ല. ശവം ഉളി വീണ്ടും ഓങ്ങി. വിളി ശവത്തെ തടഞ്ഞു. ശവം ഉളി താഴെവച്ച് എഴുന്നേറ്റു.

‘ശ്... ഇങ്ങോട്ട്...’ ആ ശബ്ദം വീണ്ടും. ‘ശവമേ എനിക്ക് പറയാനുള്ളതൊന്നു കേൾക്ക്...’ ഇത്തവണ ശബ്ദത്തിന് മുഴക്കമേറി. അശരീരിയാണോ... ദൈവവിളിയാണോ എന്നൊക്കെയുള്ള സംശയം തീർത്തും വിശ്വാസിയല്ലാത്ത ശവത്തിനുണ്ടായി. ശവം നാലുപാടും തിരഞ്ഞു.
‘ദേ ഇങ്ങോട്ട്...’ ശബ്ദം വഴികാട്ടി. ഒന്നിനെയും കൂസാത്ത ശവം മൂന്നടി പിന്നോട്ടു വലിഞ്ഞു. ‘സംശയിക്കണ്ട... ഇതു ഞാൻ തന്നെയാ’, ശവം ആന്തലോടെ അത് തിരിച്ചറിഞ്ഞു.
ശബ്ദം ഒരു മരത്തിനുള്ളിൽ നിന്നാണ്.

ഗീവർഗീസ് പുണ്യാളന്റെ പേരിലുള്ള പള്ളി വളപ്പിൽ നിന്ന് ശവം ലേലം വിളിച്ചു വാങ്ങിയ പഞ്ഞിമരം. മുറിച്ചു കഷണങ്ങളാക്കാതെ ലോറിയിൽ കയറ്റി ശവം അത് കടയിലിറക്കിയിട്ട് മാസം രണ്ട് കഴിയുന്നു. അതിശയങ്ങളിൽ അകപ്പെടാത്ത ശവത്തിന്റെ മനസ് ഈ അത്ഭുതത്തിനു മുന്നിൽ കീഴടങ്ങി.

ദേ ഇങ്ങോട്ടിരിക്കെന്നും പറഞ്ഞ് മരം ശവത്തെ തന്റെ തടിയിലിരുത്തി. ‘ഇനിയുള്ളത് രഹസ്യമാ. ഉച്ചത്തിൽ പറയാൻ പറ്റില്ല. ശവം മാത്രം അറിഞ്ഞാൽ മതി. മുകളിലേക്ക് രണ്ടടി മാറി ഒന്ന് ചെവി ചേർക്ക്... പറയാനുള്ളത് എന്റെ ഹൃദയം പറയും. കേട്ടുനോക്ക്’, ശവം അനുസരിച്ചു.

പഞ്ഞിത്തടിയിൽ ഇരുന്നിടത്തു നിന്ന് രണ്ടടി മുകളിലേക്കളന്ന് ശവം ചെവി ചേർത്തു.
‘ടപ്പ് ടപ്പ്’ എന്നൊരൊച്ച. ‘പേടിക്കേണ്ട. എന്റെ ഹൃദയം മിടിക്കുന്നതാ.’
മരം ആശ്വസിപ്പിച്ചു.
ശവം അനുസരിച്ചു.
മരഹൃദയം കഥ തുടങ്ങി.

‘സെമിത്തേരിയിലെ കല്ലറക്കെട്ടുകൾക്ക് വേരുകളുടെ വികൃതി താങ്ങാനാകുന്നില്ലെന്നും പറഞ്ഞാണ് ഇടവകക്കാര് എന്നെ മുറിച്ചുമാറ്റാൻ തീരുമാനിച്ചത്. വേരിറങ്ങി അടർന്ന ഒന്നു രണ്ട് സിമന്റ് പാളികൾ വികാരിയെ കാണിച്ച് അവർ മരം മുറിയുടെ കാലതാമസം കുറച്ചെടുത്തു. മുരുപ്പിൻതറക്കാരുടെ കുടുംബക്കല്ലറയ്ക്കാണ് ഞാൻ കാരണം മുറിവുകളുണ്ടായത്. അവർക്ക് ഞാൻ പാപിയായി. പാപത്തെ അറുത്തു മാറ്റും പോലാണ് ഔസേപ്പിന്റെ കൂപ്പിലെ മരംമുറിക്കാരൻ എന്റെ കവരങ്ങളിലും മൂട്ടിലും ഈർച്ചവാൾ കയറ്റിയത്.

കൊല്ലങ്ങളുടെ ജീവിതം. മനുഷ്യർ മരണത്തെ മറന്നപ്പോഴൊക്കെയും പഞ്ഞിക്കായ്കൾ പൊട്ടിച്ച് ഞാനതവരെ ഓർമപ്പെടുത്തി. മരണത്തിന്റെ നരച്ച ഇഴകളായി സെമിത്തേരിയാലകമാനം അവ പാറിപ്പറന്നു. നിവർന്നു നിന്ന് ഞാൻ മനുഷ്യരുടെ ബഹളങ്ങൾ കണ്ടു. ആഴത്തിൽ എന്റെ വേരുകൾ മനുഷ്യരുടെ മരണവും കണ്ടു. മുറിച്ചു മാറ്റിയതോടെ എന്റെ കാഴ്ചയറ്റു. മനുഷ്യന് മണ്ണിൽ ഉറങ്ങാനുള്ള ഉരുപ്പടിയാകാൻ ഞാനീ പണിശാലയിലുമെത്തി. പക്ഷേ, എനിക്ക് പറയാനുള്ളത് കുറച്ച് നൊമ്പരങ്ങളാണ്. മരം എന്ന നിലയിൽ ചില നേരുകളാണ്’.

മരത്തിന്റെ ഹൃദയം ഇടറുന്നത് ശവം അറിയുന്നുണ്ടായിരുന്നു. ഉളിപിടിച്ചുശീലിച്ച കൈകൊണ്ട് ശവം മരത്തെ ഒന്ന് തഴുകി. മരത്തിനത് വലിയ ആശ്വാസമായി. മരം തുടർന്നു... ‘മരത്തിന്റെ ജീവൻ നിങ്ങൾ മനുഷ്യർ കാണുന്നത് അതിന്റെ ചില്ലകളിലും പൂക്കളിലും കായ്കളിലുമാണ്. മനുഷ്യരുടെ ജീവിതം മണ്ണടരുകൾക്ക് മുകളിലായതുകൊണ്ടുള്ള തോന്നലാണത്. മരങ്ങളുടെ ജീവൻ വേരുകളിലാണ്. മണ്ണിനു താഴെ. ശവത്തിന് മനസ്സിലാകുന്ന ഭാഷയിൽ പറയുകയാണെങ്കിൽ മനുഷ്യരുടെ കുഴിമാടങ്ങളിൽ മരങ്ങൾ ജീവിക്കുന്നു. മുറിഞ്ഞും കടപുഴകിയും മരം ഭൂമി വെടിഞ്ഞാലും വേരുകൾ ഭൂമിക്കടിയിൽ ജീവിക്കും. എന്റെ വേരുകളും. ഏതു മരത്തിന്റെയും ജീവിതാസക്തി അതാതിന്റെ വേരിനോടു ചേരുക എന്നതാണ്. വേരറ്റുപോകാതെ മരിക്കുക എന്നത്. ഒരു സാധാരണ പഞ്ഞിമരമായ ഞാനും അതാഗ്രഹിച്ചു. മുരുപ്പുംതറക്കാരുടെ കുടുംബക്കല്ലറയ്ക്കു താഴെ ഉടൽ നഷ്ടപ്പെട്ട ആത്മാവിനെപ്പോലെ വേരുകൾ എന്നെ കാത്തുകിടക്കുന്നുണ്ട്. എനിക്ക് അവിടേക്ക് മടങ്ങണം. അതിന് മനുഷ്യനായ ശവത്തിനു മാത്രമേ എന്നെ സഹായിക്കാനാകൂ’.

മരത്തിന്റെ വെളിപ്പെടുത്തൽ ശവത്തെ ഞെട്ടിച്ചു. പൊള്ളലേറ്റപോലെ മരഹൃദയത്തിൽ നിന്ന് ശവം കൈവലിച്ചു. മരം ചിരിച്ചു.
‘ശവമേ ഇങ്ങനെ ഭയക്കരുത്. ശ്വാസവായുവും വെള്ളവും തണലും തരുന്ന മരവംശത്തിനു മുന്നിൽ മനുഷ്യകുലം എത്ര നിസാരം. കേവലനായ ഒരു മനുഷ്യനോട് മരം സഹായം ആവശ്യപ്പെടുകയാണ്. നിങ്ങൾ ആ കർമത്തിന് യോഗ്യനായതുകൊണ്ടുമാത്രം.’
മരത്തിന്റെ നല്ലവാക്ക് ശവത്തിന്റെ മനുഷ്യഹൃദയത്തെ കീഴ്‌പ്പെടുത്തി.

‘ഞാൻ എന്തു ചെയ്യണം?’ ശവം ചോദിച്ചു.
‘ചെറിയൊരു കള്ളം ചെയ്യണം...’ മരഹൃദയം മൊഴിഞ്ഞു.
‘കള്ളമോ...’ ശവം നെറ്റി ചുളിച്ചു.
‘ഔസേപ്പിനുള്ള പെട്ടി തേക്കു കൊണ്ടല്ല പഞ്ഞിത്തടികൊണ്ട് പണിയണം...’
മരഹൃദയം കനത്തു.
ശവം കനിഞ്ഞു.

മരണം

ശവപ്പെട്ടിക്കടയിൽ ഇന്നോവ വന്നു നിന്നതിന്റെ മൂന്നാം നാൾ ഔസേപ്പ് ലോകം വെടിഞ്ഞു. ശവത്തിന്റെ കരവിരുതാൽ ശില്പഭംഗിയേറിയ പെട്ടിക്കുള്ളിൽ കുടുംബക്കലറയ്ക്കുള്ളിൽ ഔസേപ്പ് പ്രമാണിയായി. ഭാഗ്യം ചെയ്ത ഔസേപ്പ് മരണത്തിലും അന്യരുടെ അസൂയയ്ക്ക് പാത്രമായി. അതേ ഔസേപ്പ് തന്റെ ജീവിതത്തിൽ നടത്താൻ പോകുന്ന ഇടപെടുകളെപ്പറ്റി അന്നേരമൊന്നും ശവം യാതൊന്നും ചിന്തിച്ചിരുന്നില്ല.

അടക്കിന്റന്ന് രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ ഒരു കാറ്റും വീശാതെ ശവത്തിന്റെ കടയുടെ വാതിലുകൾ അടഞ്ഞു. മരത്തടികൾക്കും ശവപ്പെട്ടികൾക്കും ഇടയിൽ ശവം തരിച്ചുനിന്നു.
‘ശവമേ’, ക്രൗര്യം നിറഞ്ഞൊരു ശബ്ദം മുഴങ്ങി.
‘ആരാ മരമാണോ…’ ശവം പതറി.
‘മരമല്ല... പ്രേതം...’ ശബ്ദത്തിൽ ക്രൗര്യമേറി.
‘ആരുടെ പ്രേതം...’ ശവം വിറച്ചു.
‘ഔസേപ്പിന്റെ പ്രേതം..’. ശബ്ദത്തിൽ ഭീഷണി.
‘എന്തിനു വന്നു...’ ശവം നടുങ്ങി.
‘കണക്കു ചോദിക്കാൻ...’ ശബ്ദം തിളച്ചു.
‘ഞാനെന്തു ചെയ്തു...’ ശവം ആർത്തനായി.
‘നീ എന്നെ പഞ്ഞിപ്പെട്ടിയിൽ അടക്കം ചെയ്തു... ഞാൻ കരുതിവളർത്തിയ തേക്കുമരത്തെ നീ എന്നിൽ നിന്നകറ്റി...’ ശബ്ദം ചില്ലിന്റെ ചീളായി...
‘മരം ആവശ്യപ്പെട്ടിട്ടാണ്...’ ശവത്തിന്റെ ശബ്ദത്തിൽ ദൗർബല്യമേറി.
‘മനുഷ്യന്റെ ആഗ്രഹങ്ങൾക്കും മുകളിൽ മരത്തെ പ്രതിഷ്ഠിക്കുന്ന ദ്രോഹീ...’ ശബ്ദം അലറി.
പ്രതിവിധി എന്ത്...’ ശവം കെഞ്ചി.
‘മാറ്റിയടക്കുക...’ ശബ്ദത്തിന് ശമനതാളം.
‘തേക്കിൻപെട്ടിതന്നെ വേണമെന്നോ...’ ശവം ചകിതനായി.
‘വേണം. മരിച്ചാലും മായാത്തതാണ് മനുഷ്യന്റെ മോഹങ്ങൾ. എന്നെ അനുസരിക്കാത്ത പക്ഷം നിന്റെ കുലം മുടിയും…’ ശബ്ദം ശപിച്ചു.
‘എന്റെ കുലത്തെ വെറുതെ വിടണം. പ്രതിവിധി ചെയ്യാം’, ശവം കരഞ്ഞു

ശബ്ദം ശമിച്ചു.
ശവം ആ രാത്രിയും പിറ്റേന്നു പകലും ശവപ്പെട്ടി പണിതു. കല്ലറ തുറന്ന് ഔസേപ്പിന്റെ ശവത്തെ പുറത്തെടുക്കാൻ ശവം ഉറപ്പിച്ചു. തേക്കിൻപെട്ടിയുമായി പിറ്റേന്നു രാത്രി സെമിത്തേരിക്കു മുന്നിലെത്തിയ ശവത്തിന്റെ പദ്ധതികൾ പോലീസ് താറുമാറാക്കി.

അനന്തരം

പോലീസ്‌റ്റേഷനിലെ സംഭവങ്ങൾ ശവത്തിന്റെ കുടുംബത്തിൽ സാരമായ ബഹളങ്ങളുണ്ടാക്കി. ശവം പക്ഷേ, അതൊന്നും കണക്കിലെടുത്തില്ല. അയാൾ ശവപ്പെട്ടിയുമായി കടയിലേക്കുതന്നെ മടങ്ങി. കടയടച്ചിരുന്ന് ശവം പണി തുടങ്ങി.

തച്ചുശാസ്ത്രവിശാരദനായ ശവം ശവപ്പെട്ടി പൊളിച്ചു. സ്‌ക്രൂവും വിജാഗിരികളും പിടിപ്പിച്ച് അടിപ്പലകയിൽ ക്രമത്തിൽ എണ്ണം രേഖപ്പെടുത്തിയ അനേകം ജ്യാമിതീയ രൂപങ്ങളായി അയാളതിനെ മാറ്റിപ്പണിതു. തന്റെ കഠിനാധ്വാനം ഔസേപ്പിന്റെ പ്രേതം കണ്ടുകൊണ്ടിരിക്കുകയാണെന്നും അനുവദിച്ചു തന്ന സാവകാശം ഉടൻ കഴിയുമെന്നും ഉറപ്പുള്ള ശവം പണി വേഗത്തിലാക്കി. രണ്ടാം നാൾ വൈകുന്നേരത്തോടെ രണ്ട് വലിയ സഞ്ചികളിൽ തടിക്കഷണങ്ങളും പണിയായുധങ്ങളുമായി ശവം ഒരിലപോലും അറിയാതെ സെമിത്തേരിയിൽ കയറിപ്പറ്റി.

വലിയൊരു മുരുക്കുമരത്തിന്റെ മൂലപറ്റിയിരുന്ന് മരരൂപങ്ങൾ ചേർത്ത് രാത്രിയോടെ ശവം പെട്ടി പൂർത്തിയാക്കി. അർദ്ധരാത്രിക്കു മുമ്പ് ശവം മണ്ണ് കുഴിച്ചു തുടങ്ങി. മണ്ണിന്റെ നനവ് കാര്യങ്ങൾ എളുപ്പമാക്കി. ഔസേപ്പിന്റെ പഞ്ഞിപ്പെട്ടി വെളിപ്പെട്ടു. മരം തേക്കുപെട്ടി അതിനുമേൽ കുത്തിനിർത്തി താഴേക്കിറങ്ങി. ആയാസപ്പെട്ട് ഔസേപ്പിനെ പെട്ടിയോടെ പൊക്കിനിർത്തി. ശവം തേക്കുപെട്ടി മണ്ണിൽ വിലങ്ങനെ കിടത്തി. മൂടി തുറന്ന പഞ്ഞിപ്പെട്ടിക്കുള്ളിൽ തൊലി പിഞ്ഞി മാംസം തിണർത്ത ശരീരം അതിന്റെ സകലമാന ഭൗതികാലങ്കാരങ്ങളും വെടിഞ്ഞ് പരലോകവൈചിത്ര്യം വെളിവാക്കി. ചീഞ്ഞളിഞ്ഞ ശരീരത്തിന്റെ ചലത്താൽ ശവത്തിന്റെ കൈകൾ കുതിർന്നു. ഇഹലോക ജീവിതത്തിൽ സഫമാകാതെ മനുഷ്യർ അവശേഷിപ്പിക്കുന്ന തീവ്രാസക്തികളാണ് ജീവനറ്റ ഉടലിൽ നിന്ന് ഗന്ധമായി ചുരത്തപ്പെടുന്നതെന്ന് ശവത്തിന് തോന്നി. ചീഞ്ഞ ശരീരത്തിന്റെ നശിച്ച നാറ്റത്തെ വകവെക്കാതെ ശവം ഔസേപ്പിനെ കോരിയെടുത്ത് തേക്കുപെട്ടിയിൽ മാറ്റിക്കിടത്തി മൂടിയടച്ചു.

കുഴിയിൽ നിന്ന് ശവം മുകളിലേക്ക് നോക്കി. ആ നോട്ടമേറ്റ് ഒരൊച്ച ആകാശത്തു നിന്ന് അടർന്നിറങ്ങിവന്ന് ശവത്തെ നടുക്കി. മിന്നൽ വീശി. മഴ... ഭയങ്കരമായ മഴ. പഴുത്ത ഔസേപ്പിന്റെ പഴകിയ ചോര മഴവെള്ളത്തിലലിഞ്ഞ് ശവത്തിന്റെ വിരൽതുമ്പിലൂടെ പെട്ടിയിലേക്കിറ്റു. രക്തസ്‌നാനപ്പെട്ട ഔസേപ്പിലേക്ക് ശവം ആഴത്തിൽ നോക്കി. ഇഹലോക മോഹത്തെ പരലോകത്ത് സാധ്യമാക്കിയ മനുഷ്യപ്രേതത്തിന്റെ ആനന്ദമോ വെട്ടിവീഴ്ത്തി വേരിൽ നിന്നകറ്റപ്പെട്ട മരഹൃദയത്തിന്റെ പകയോ ഈ മഴയെന്നോർത്ത് ശവം കുഴങ്ങി. കാറ്റ് വീശി. ആ കാറ്റിൽ മരമെന്ന പോലെ ശവം കടപുഴകി. കുത്തി നിർത്തിയ മരണഗന്ധമുള്ള പഞ്ഞിപ്പെട്ടിക്കുള്ളിലേക്ക് കാറ്റ് ഊക്കോടെ ശവത്തെ തള്ളിയിട്ടു. മറ്റൊരു കാറ്റ് പെട്ടിയടച്ചു. ഔസേപ്പിന്റെ തേക്കുപെട്ടിക്കു മീതേ പഞ്ഞിപ്പെട്ടി ശവത്തോടെ വീണു. മഴ കുലംകുത്തി. ശവത്തിന്റെ പണിയായുധങ്ങളുമായി കുത്തിയൊലിച്ചുവന്ന മണ്ണ് കുഴിമൂടി.

മഴമാറിയപ്പോൾ എല്ലാം പഴയപടി.
ശവത്തെ ആരും അന്വേഷിച്ചില്ല.
അയാളെത്തേടി ആരും അലഞ്ഞില്ല. മൂന്നുതലമുറയായി തുടർന്ന കുലത്തൊഴിൽ ശവത്തിന്റെ മക്കൾ അവസാനിപ്പിച്ചു. വേരോടുചേർന്ന പഞ്ഞിമരത്തിന്റെ തടിച്ചൂരിനുള്ളിൽ ശവം തൃപ്തിയറിഞ്ഞു.
ജയിച്ചത് മരമോ മനുഷ്യനോ അതോ ശവമോ...
ആരു പറയും ഉത്തരം.


വി. പ്രവീണ

കഥാകാരി. പുല്ലിംഗം (കഥാസമാഹാരം), നിശാനർത്തകി (നോവൽ– വിവർത്തനം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments