ബിപിന്‍ ബാലകൃഷ്ണൻ

ഴയൊരു കഥയാണ്.
പഴയതെന്നുപറഞ്ഞാൽ അഞ്ചും പത്തും കൊല്ലമൊന്നുമല്ല, ഒരു ഇരുപത്തഞ്ചുമുപ്പത് കൊല്ലം പഴക്കമുള്ള കഥ. എനിക്ക് ഏകദേശം ഒരു അഞ്ചാറ് വയസുള്ളപ്പോൾ കേട്ട ഒരു കുഞ്ഞു കഥ.

അന്ന് ഞങ്ങൾ ശ്രീലങ്കയിലായിരുന്നു താമസിച്ചിരുന്നത്. ശ്രീലങ്ക എന്നുപറഞ്ഞാൽ ഭൂപടത്തിൽ ഇന്ത്യാ മഹാരാജ്യത്തിനു കീഴേ ഒരു കാച്ചിൽക്കിഴങ്ങുപോലെ തൂങ്ങിക്കിടക്കണ ശ്രീലങ്കയല്ല. ഇത് കുറച്ചു നായരുകൊച്ചാട്ടന്മാരും ഇച്ചേയിമാരും പിന്നെ കുറച്ചു ചോവന്മാരും സാമാന്യം പുതുക്രിസ്തിയാനികളുമൊക്കെ തിങ്ങിപ്പാർക്കുന്ന പത്തേണ്ടജില്ലയിലെ* ഒരു കൊച്ചു ഗ്രാമ പ്രദേശം. നാലുവശവും കൃഷി ചെയ്യുന്ന കണ്ടങ്ങളായതുകൊണ്ട് പണ്ടാരോ വിളിച്ചുതുടങ്ങിയതാണ് ശ്രീലങ്കയെന്ന്, പിന്നെ പറഞ്ഞുപറഞ്ഞ് ആ പേര് അങ്ങുറച്ചു.

ശരിക്കും ഈ പ്രദേശത്തിന്റെ യഥാർത്ഥ പേര് എന്താണെന്ന് ഇപ്പൊ ആരും ഓർക്കുന്നുണ്ടാവില്ല. കണ്ടങ്ങൾ മാത്രമല്ല, ശ്രീലങ്കയെ പാമ്പുപോലെ ചുറ്റി ഒരു തോടും ഒഴുകിയിരുന്നു. കൗതുകകരമായ ഈ സ്ഥലനാമത്തിനു ഇതും ഒരു കാരണമാകാം.

അന്ന് ഞങ്ങൾ കൂട്ടുകുടുംബമായിട്ടാണ് കഴിഞ്ഞിരുന്നത്. അച്ഛനും അമ്മയും അനിയന്മാരും അവരുടെ കുടുംബങ്ങളും പിന്നെ അമ്മൂമ്മയുമൊക്കെയായി. തമ്മിൽത്തല്ലി ഓരോരുത്തരും അവരവരുടെ വഴിക്ക് പിരിയുന്നതിന് മുൻപുള്ള കാലം. അച്ഛന്റെ ഏറ്റവും ഇളയ അനിയനായിരുന്നു രാജൻപിള്ള. ഞങ്ങടെ രായൻചിറ്റപ്പൻ. ഞങ്ങൾക്ക് അന്ന് കുടുംബവകയായി ധാരാളം കൃഷിസ്ഥലങ്ങൾ ഉള്ള കാലമാണ്. നെല്ലും, കരക്കണ്ടത്തിൽ പന്തലുകെട്ടി പാവലും പടവലവും പിന്നെ ഈറയിൽ പടർത്തി വെറ്റിലക്കൊടിയും ഒക്കെ ധാരാളമായി കൃഷി ചെയ്തിരുന്ന സമയം. എല്ലാം നോക്കി നടത്തിയിരുന്നത് രായൻ ചിറ്റപ്പനായിരുന്നു. ആളൊരു സരസനും എല്ലാവരോടും വളരെ സൗഹൃദത്തോടെ പെരുമാറുന്നയാളും ആയതുകൊണ്ട് രായൻ ചിറ്റപ്പന്റെ കൂട്ടുകാരൊക്കെ ഞങ്ങളുടെ വീട്ടിലേക്ക് ഇടയ്ക്കിടെ വരിക പതിവായിരുന്നു. വൈകുന്നേരം ഓരോ കട്ടൻകാപ്പിയും കുടിച്ചുകൊണ്ടിരുന്ന് ചിറ്റപ്പൻ കൂട്ടുകാരുടെ മുൻപിൽ തന്റെ കഥകൾ ഓരോന്നായി വിസ്തരിച്ചങ്ങനെ പറയാൻ തുടങ്ങും.

പുള്ളി കഥ പറഞ്ഞുകേറുന്നത് കണ്ടിരിക്കാൻ നല്ല രസമാണ്. പറയുന്നതിൽ പകുതിയും പുളുവാണെങ്കിലും എഴുന്നേറ്റു നിന്ന് കഥാസന്ദർഭങ്ങൾക്ക് അനുസരിച്ചു പൊട്ടിച്ചിരിച്ചും കരഞ്ഞും കഥാപാത്രമായി മാറിയുള്ള ചിറ്റപ്പന്റെ ആ പ്രകടനം കണ്ടാൽ ആരും വിശ്വസിച്ചുപോകും. അങ്ങനെ ഉള്ള സൗഹൃദസദസ്സിൽ അന്നൊരുനാൾ കേട്ട കഥയാണിത്.

കഥ

പ്പുറത്തെ പറമ്പിൽനിന്ന് പട്ടിയുടെ നിർത്താതെയുള്ള കുര കേട്ടാണ് രാജൻ പിള്ള ഉണർന്നത്. ടൈംപീസ് എടുത്തുനോക്കിയപ്പോൾ സമയം അർദ്ധരാത്രി പന്ത്രണ്ടര. അയാൾ ചാടിയെണീറ്റു. ചന്തയിൽ കൊണ്ടുപോയി വിൽക്കാനുള്ള വെറ്റില, കുട്ടയിൽ തരംതിരിച്ച് അടുക്കുകളാക്കി കെട്ടി വെച്ചുകഴിഞ്ഞപ്പോൾ നേരം വൈകി. എങ്കിലും അല്പനേരം ചെറുതായൊന്ന് മയങ്ങിയിട്ട് എണിക്കാമെന്നു കരുതി കിടന്നതാണ്. ഉറങ്ങിപ്പോയത് അറിഞ്ഞില്ല.

പറക്കോട്ട് ചന്തയിൽ എല്ലാ ബുധനാഴ്ചയും വെളുപ്പിനെ രണ്ടു രണ്ടരയാവുമ്പോൾ വെറ്റിലച്ചന്ത തുടങ്ങും. അവിടെ നിന്നാണ് മൊത്തകച്ചവടക്കാരും പിന്നെ ചില്ലറ മുറുക്കാൻകടക്കാരുമൊക്കെ വെറ്റിലഅടുക്കുകൾ വാങ്ങി പോകുന്നത്.

വെറ്റിലക്കുട്ട എടുത്ത് തലയിൽ വെച്ചുകൊണ്ട് അയാൾ വേഗം വീട്ടിൽനിന്ന് ഇറങ്ങി. നല്ല ഇരുട്ടാണ്. കൈയിലുണ്ടായിരുന്ന നീളൻ പിച്ചള ടോർച്ചിനു വെളിച്ചം തീരെ കുറവായിരുന്നു. ‘ബാറ്ററി തീരാറായിട്ടുണ്ടാവും’, അയാൾ മനസ്സിൽ പറഞ്ഞു. പാലമുറ്റത്തെ അജി പേർഷ്യയിൽനിന്ന് വന്നപ്പോൾ കൊണ്ടുവന്നതാണ്, വർഷം ഇപ്പൊ രണ്ടായി.

ചന്ദ്രൻ കൊച്ചാട്ടന്റെ വീടിന്റെ പുറകിലെ ചീനി* നട്ടിരിക്കുന്ന പറമ്പിലൂടെ കുറുക്ക് കയറിയാൽ പെട്ടന്ന് അപ്പുറത്തെ വഴിയിലേക്ക് ഇറങ്ങാം. അവിടെനിന്ന് താഴോട്ട് ഇറങ്ങിയാൽപിന്നെ ഒരു ചെറിയ ഇടവഴിയാണ്. ശരിക്കും പറഞ്ഞാൽ നിറയെ വെട്ടുകല്ലുകൾ ഇളകിക്കിടക്കുന്ന ഒരു കല്ലുംപോട്ട. തലേദിവസത്തെ മഴ കാരണം ചിലേടത്തൊക്കെ നല്ല വഴുക്കൽ ഉണ്ടായിരുന്നു.അയാൾ ഓരോ ചുവടും സൂക്ഷിച്ചു വെച്ചാണ് താഴേക്ക് ഇറങ്ങിയത്.

ഇടവഴിക്ക് ഇരുവശവും നോക്കെത്താദൂരത്തോളം ഉടയാൻമുറ്റത്തുകാരുടെ റബർ മരങ്ങളാണ്. നിലാവില്ലാത്ത രാത്രികളിൽ റബ്ബർത്തോട്ടങ്ങൾക്ക് ഒരു നിഗൂഡസൗന്ദര്യമുണ്ട്. ‘വാ.. എനിക്കൊരു രഹസ്യം പറയാനുണ്ട്,’ എന്നു പറഞ്ഞവ നമ്മെ മാടി വിളിക്കുന്നപോലെ തോന്നും. ആ പഞ്ചാരവർത്തമാനം കേട്ട് അകത്തേക്ക് കയറിയാൽ പിന്നെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് കൃത്യമായ അകലം പാലിച്ച് നിരനിരയായ് നിൽക്കുന്ന റബ്ബർ മരങ്ങൾ തീർക്കുന്ന സദൃശ്യസമവാക്യത്തിൽപ്പെട്ട് നാം അറിയാതെ കുഴങ്ങിപോവും.

ഇറക്കം ഇറങ്ങിച്ചെല്ലുന്നത്, നേരെ മെഴുവഞ്ചേരിത്തോടിന്റെ കുളിക്കടവിലേക്കാണ്. തോട്ടുകര എത്തിയപ്പോഴേക്കും അപ്പുറത്തെ കണ്ടത്തിൽ നിന്ന് ചീവീടുകളുടെ നിലക്കാത്ത കരച്ചിൽ കേൾക്കാൻ തുടങ്ങിയിരുന്നു. വെറ്റിലക്കൊട്ട അവിടെ കണ്ട തുണി കഴുകാൻ ഉപയോഗിക്കുന്ന കല്ലുകളിലൊന്നിൽ ഇറക്കിവച്ച് അയാൾ കൈയും മുഖവും കഴുകി. തണുത്ത വെള്ളം മുഖത്തേക്ക് വീണപ്പോൾ പിള്ളയുടെ ഉറക്കച്ചടവൊക്കെ മാറി അയാളൊന്ന് ഉഷാറായി. തോട്ടിലൂടെ ഒന്ന് രണ്ടു പഴുത്ത കുടമ്പുളി ഒഴുകി വന്നു.കാറ്റത്ത് തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന പുളിമരങ്ങളിൽ നിന്ന് ഉതിർന്നു വീണതാവാം. രാജൻ പിള്ള അതിൽനിന്ന് ഒരെണ്ണമെടുത്ത് ഉള്ളംകൈയിൽ വെച്ച് പൊട്ടിച്ചു. കൊടംപുളിയുടെ ഉള്ളിൽ നല്ല വെള്ളനിറത്തിലുള്ളകൊഴു കൊഴുത്ത ഒരു ദ്രാവകമുണ്ട്. അതിൽനിന്ന് കുറച്ച്  കൈകൊണ്ട് തോണ്ടിയെടുത്ത് നാക്കിലേക്ക് വെച്ചപ്പോൾ ‘ഹാ...എന്താ പുളിപ്പ്’ എന്ന് രാജൻ പിള്ള അറിയാതെ പറഞ്ഞുപോയി.

പുളിയുടെ തൊണ്ട് വെള്ളത്തിലൊന്നു കഴുകിയിട്ട് എടുത്തയാൾ കൊട്ടയിലിട്ടു. ഉടുത്തിരുന്ന കൈലി ഒന്ന് അഴിച്ചുടുത്ത് വെറ്റിലകൊട്ട എടുത്തു തലയിൽ വെച്ച് രാജൻ പിള്ള തോട്ടിലേക്കിറങ്ങി. വെള്ളത്തിന് അനക്കം തട്ടിയപ്പോൾ ഉറക്കം നടിച്ചു കിടന്നിരുന്ന പരൽ മീനുകൾ വന്നു അയാളുടെ കാൽവെള്ളയിലെ വീണ്ടുകീറിയ പാടുകളിൽ കൊത്തി തിരിച്ചുപോയി. മുട്ടോളം ആഴമേ ഉള്ളൂയെങ്കിലും വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നതുകൊണ്ട് അക്കരെയെത്തി വെള്ളത്തിൽ നിന്ന് കയറിയിട്ടും അയാളുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

തോട്ടുവരമ്പത്തൂടെ കുറച്ചുദൂരം നടന്നപ്പോൾ രായൻപിള്ളയൊന്നുനിന്നു. എന്തോ ഒരു ശബ്ദം കേട്ടോ? പിന്നിൽ നിന്ന്? ഒരു സംശയം.
ഇല്ല, കണ്ടത്തിലെ മാക്രികളുടെയും ചീവീടിന്റെയും ശബ്ദമല്ലാതെ ഇപ്പൊ മറ്റൊന്നും കേൾക്കുന്നില്ല.

രാജൻ പിള്ള വീണ്ടും നടക്കാൻ തുടങ്ങി. അല്പം മുന്നോട്ടു നടന്നുകഴിഞ്ഞപ്പോൾ അയാൾ വീണ്ടും നിന്നു. എന്തോ കിലുങ്ങുന്ന ശബ്ദം! ചങ്ങല പോലെ! ഇത്തവണ അയാളത് വ്യക്തമായി കേട്ടു.താൻ നിന്നപ്പോൾ ആ ശബ്ദവും നിലച്ചു.

അയാൾ സംശയത്തോടെ പതുക്കെ മുന്നോട്ട് രണ്ടടികൂടി എടുത്തുവെച്ചു. ശബ്‍ദവും അയാളെ അനുകരിക്കുന്ന പോലെ പതുക്കെയയാളെ പിന്തുടർന്നു. രാജൻപിള്ളയുടെ  ഹൃദയം പടപടാന്ന് ഇടിക്കാൻ തുടങ്ങി. 
അയാൾ നടത്തത്തിന് വേഗത കൂട്ടി. ആ ശബ്ദവും വിടാതെ അയാളുടെ പുറകെ തന്നെ വന്നു കൊണ്ടിരുന്നു. 

എന്തോ ഒന്നുണ്ട് തന്റെ പുറകെ, അത് ഉറപ്പാണ്. താൻ  നിൽക്കുമ്പോൾ അതും നിൽക്കുന്നു. നടന്നു തുടങ്ങുമ്പോൾ പിന്നെയും പുറകെ വരുന്നു. ഭയം ഇരുട്ട് തുരന്ന് അയാളുടെ മനസിലേക്ക് പതുക്കെ പടരാൻ തുടങ്ങിയിരുന്നു.
വല്ല യക്ഷിയോ മറ്റോ ആണോ?
തോടിന്റെ ഒരു കരയിൽനിന്ന് അക്കരയിലേക്ക് വളഞ്ഞുകുത്തി നിൽക്കുന്ന പറങ്കിമരങ്ങളിൽ പലരും തൂങ്ങിമരിച്ചിട്ടുണ്ട്. ചിലരെയൊക്കെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കേട്ടിട്ടുണ്ട്. ഇനി അങ്ങനെ ഗതികിട്ടാതെ തോട്ടുവരമ്പിൽ അലയുന്ന ആത്മാക്കൾ വല്ലതും? അതോ മാടനോ മറുതയോ  ചാത്തനോ?രാത്രികാലങ്ങളിൽ തോട്ടുകരയിൽ ചുണ്ണാമ്പ് ചോദിച്ചുനിൽക്കുന്ന യക്ഷികഥകളൊക്കെ ധാരാളം കേട്ടിട്ടുണ്ട്. എന്നാലും യക്ഷിയാണെങ്കിൽ കൊലുസ്സിന്റെ  ശബ്ദമല്ലേ കേൾക്കേണ്ടത്?ഇതിപ്പോ? 

ഒന്ന് തിരിഞ്ഞു നോക്കിയാലോ? അയാൾ ആലോചിച്ചു.  

ഇത്തരം സന്ദർഭങ്ങളിൽ തിരിഞ്ഞുനോക്കാൻ പാടില്ല എന്നാണ് അമ്മൂമ്മ പറഞ്ഞുതന്നിട്ടുള്ളത്. തിരിഞ്ഞുനോക്കിയാൽ തീർന്നു. വന്നിരിക്കുന്നത് വല്ല മറുതയോ യക്ഷിയോ മറ്റോ ആണെങ്കിൽ അവ നമ്മുടെ കഴുത്തിൽ ദംഷ്ട്രകൾ ആഴ്ന്നിറക്കി രക്തം ഊറ്റികുടിക്കും.  

ഇനി ഇപ്പൊ എന്താ ചെയ്യുക? അയാളുടെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു.
ഡിസംബറിലെ ആ തണുപ്പുള്ള രാത്രിയിലും രാജൻപിള്ളയുടെ നെറ്റിയിലൂടെ ഉരുണ്ട പോലെ ഒഴുകിയിറങ്ങിയ വിറപ്പുതുള്ളി അപ്പോൾ വീശിയടിച്ച ഒരു പാതിരാക്കാറ്റിൽ ചിതറിതെറിച്ച് അയാളുടെ കാൽവിരലുകൾക്കിടയിലേക്കു വീണു. എന്തായാലും ഓടി രക്ഷപ്പെടാം എന്ന് വിചാരിച്ചാൽ നടക്കില്ല. പിന്നെ എന്താണൊരു പോംവഴി. അപ്പോഴാണ് അയാൾക്ക് പണ്ടെങ്ങോ പറഞ്ഞുകേട്ടിട്ടുള്ള ഒരു കാര്യം ഓർമ്മ വന്നത്; ‘യക്ഷിയോ മാടനോ മറുതയോ വന്നാൽ ഒന്നുകിൽ മുണ്ടുപൊക്കി കാണിക്കുക, അല്ലെങ്കിൽ പരിസരം വൃത്തികേടാക്കുക.അവ നാണിച്ചു തലയും താഴ്ത്തി പൊയ്ക്കോളുമത്രെ’. 

എന്തായാലും ഒന്ന് പരീക്ഷിച്ചുകളയാം. 

രാജൻ പിള്ള ടോർച്ച് പിടിച്ചിരുന്ന കൈകൊണ്ടു ഉടുത്തിരുന്ന കണ്ണംകണ്ണം വരകളുള്ള കൈലിയുടെ പുറക് പൊക്കി കാണിച്ചു. പുറകിൽനിന്ന് അനക്കമൊന്നും കേൾക്കുന്നില്ല.
‘പോയിട്ടുണ്ടാവും’, അയാൾ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പെട്ടു.

എങ്കിലും ഒന്ന് തിരിഞ്ഞുനോക്കാനുള്ള ധൈര്യം അയാൾക്കുണ്ടായിരുന്നില്ല.അയാൾ വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ ചങ്ങല ശബ്ദം വീണ്ടും കേൾക്കാൻ തുടങ്ങി, ‘ഇല്ല,പോയിട്ടില്ല.’  

ആദ്യത്തെ പ്രയോഗം പരാജയപ്പെട്ട സ്ഥിതിക്ക് ഇനിയിപ്പോ രണ്ടാമത്തെ വഴി പരീക്ഷിക്കുക തന്നെ.

രാജൻപിള്ള പിന്നെ കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല. വരമ്പിന്റെ ഓരത്തോടു ചേർന്നുനിന്ന് അയാൾ കണ്ടത്തിലേക്ക് നീട്ടി മൂത്രം ഒഴിച്ചു.മൂത്രം വായുവിൽ ‘റ’എന്നെഴുതി വരമ്പത്തെ പോച്ചയിൽ* വീണു ചില്ലക്ഷരങ്ങളായി ചിതറിത്തെറിച്ചു. ഇത്തവണ എന്തായാലും ഫലം കാണാതിരിക്കില്ല. ഇതിൽ വീഴാത്ത ഭൂതപ്രേതപ്പിശാചുകൾ  ഒന്നുമീ ഭൂമിമലയാളത്തിൽ ഉണ്ടാവില്ല.  

ആ ഒരു വിശ്വാസത്തിൽ മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോൾ അയാളുടെ ഇടത്തെ ചെവിയുടെ അരികിലായി തുമ്പിക്കൈ  പോലെ എന്തോ ഒന്നുവന്ന് ‘വ്‌ഹും’ എന്നൊരു ഹുംങ്കാര  ശബ്ദം മുഴക്കി.
ഒരു നിമിഷം രാജൻപിള്ള നിന്നു. അയാളുടെ  മനസിലൂടെ ഒരു കൊള്ളിയാൻ മിന്നിയടിച്ചുപോയി.  

‘ആനമറുത’, ആ നിൽപ്പിനിടയിലും അയാളുടെ ചുണ്ടിൽനിന്ന് അറിയാതെ ആ വാക്കുകൾ ചിതറി തെറിച്ചു പുറത്തേക്ക് വീണു.  

ചട്ടം വഴങ്ങാത്ത, പാപ്പാന്മാർ ഉൾപ്പെടെ ഏഴുപേരെ ചവിട്ടി കൊന്ന ‘കൊടുമൺ വിശ്വനാഥൻ’ എന്ന കുപ്രസിദ്ധനായ  ആന. പ്രശ്നക്കാരനായ ആനയെ അവസാനകാലത്ത്  തീറ്റയും വെള്ളവും കൊടുക്കാതെ ഉടമസ്ഥരായ ഉടയോൻമുറ്റത്തെ തമ്പുരാക്കന്മാർ നരകയാതന അനുഭവിച്ചു മരിക്കാൻ കൊണ്ടുവന്നു തളച്ചത് തൊട്ടപ്പുറത്തെ അയ്യത്തായിരുന്നു*. ‘കൊടുമൺ വിശ്വനാഥൻ’ ചരിഞ്ഞശേഷം പല രാത്രികളിലും തോട്ടുവരമ്പത്തൂടെ അമ്പലത്തിലെ പരിപാടികൾ ഒക്കെ കണ്ടു വൈകി വരുന്ന യാത്രക്കാർ നിലാവത്ത് ചെവികൾ വീശി,വാലാട്ടി നിൽക്കുന്ന ഒരാനയെ കണ്ടതായി കേട്ടിട്ടുണ്ട്.  

‘വിശ്വനാഥൻ,കൊടുമൺ വിശ്വനാഥൻ’, ഇത് അവൻ തന്നെ, സംശയം ഇല്ല. അയാൾ മനസ്സിലുറപ്പിച്ചു.  ഇനി അവൻ തന്നെ എന്തായിരിക്കും ചെയ്യാൻ പോകുന്നത്?

തുമ്പിക്കൈയിൽ ചുഴറ്റിയെടുത്തു വിശ്വനാഥൻ തന്നെ തറയിലേക്ക് അടിക്കുന്ന രംഗം അയാളുടെ മനസിലൂടെ കടന്നുപോയി. രക്ഷപ്പെടാൻ ഇനി മാർഗങ്ങൾ ഒന്നും ബാക്കിയില്ല. അയാൾ ഒരടി മുന്നോട്ടുവെക്കാൻ കഴിയാതെ അവിടെ തന്നെ നിന്നു.

ഒരു ഇളം കാറ്റ് അയാളുടെ ചെവിയിൽ തട്ടി കടന്നുപോയി. വിശ്വനാഥൻ തന്റെ തൊട്ടരികിൽനിന്ന് അവന്റെ വലിയ ചെവി വീശുന്നതാണ്. അതിരൂക്ഷമായ ആനച്ചൂര്  അയാളുടെ മൂക്കിലൂടെ അടിച്ചു കയറുന്നുണ്ടായിരുന്നു. മരണം തന്റെ തൊട്ടരുകിൽ തുമ്പിക്കൈയും വീശി നിൽക്കുന്നു. ഒരു വിറയൽ തന്റെ കൈകളിൽ നിന്ന് പതുക്കെ താഴേക്ക് പടരുന്നത് അയാൾ അറിഞ്ഞു.
കണ്ണടച്ച് എന്തും വരട്ടെയെന്ന് കരുതി രാജൻപിള്ള നിന്നു. തന്റെ അവസാന നിമിഷവും കാത്തുള്ള ആ നില്പിൽ നാല്പതു കൊല്ലത്തെ ജീവിതത്തിനിടയിൽ ചെയ്തുപോയ ശരിതെറ്റുകൾ അയാളുടെ മനസിലൂടെ മിന്നി മാഞ്ഞുപോയി. രണ്ടുകൊല്ലം മുൻപ് അയലോക്കത്തെ ചോചെറുക്കന്റെ കൂടെ ഒളിച്ചോടിപ്പോയ തന്റെ മുൻഭാര്യയുടെ മുഖം ഒരുപാട് കാലത്തിനുശേഷം അന്ന് അയാളോർത്തു. അവളോട് ചെയ്ത് കൂട്ടിയ അതിക്രമങ്ങളും. പറയാൻ ബാക്കി വെച്ചൊരു തെറിവാക്ക് അയാളുടെ നാവിൻ തുമ്പത്ത് വന്ന് പകച്ചുനിന്നു.

അല്പനേരം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല. അയാൾ പതുക്കെ കണ്ണുകൾ തുറന്നു.

ഇല്ല, തന്നെ തുമ്പിക്കൈയിൽ ചുഴറ്റി നിലത്തടിച്ചിട്ടില്ല, നെഞ്ചത്തൂടെ നീളൻ കൊമ്പുകൾ കുത്തിയിറക്കിയിട്ടില്ല. തന്നെ ഉപദ്രവിക്കാനല്ല ഉദ്ദേശ്യം എന്ന് മനസിലായപ്പോൾ രാജൻ പിള്ളക്ക് ശ്വാസം നേരെ വീണു. ആ അറിവ് അയാൾക്ക് വല്ലാത്തൊരു  ആത്മവിശ്വാസം നൽകി.

അയാൾ പതുക്കെ നടക്കാൻ തുടങ്ങി. വിശ്വനാഥൻ എന്ന ആനമറുത അയാളുടെ തൊട്ടു പുറകിലായി അയാളെ പിന്തുടരാൻ തുടങ്ങി.  

തോട്ടുവരമ്പിറങ്ങി കണ്ടം മുറിച്ചുകടന്ന് അവർ പറക്കോട്ടേക്കുള്ള  റോഡിലേക്ക് കയറി. ഇനി അല്പദൂരം നടന്നാൽ കൊടിയാട്ടുകാവ് ദേവി ക്ഷേത്ര മാണ്. ക്ഷേത്രം എന്നുപറഞ്ഞാൽ നിത്യപൂജയോ ഉത്സവങ്ങളോ ഒന്നുമുള്ള ക്ഷേത്രമല്ല. വൃശ്ചികമാസത്തിൽ കാവിൽ ചിറപ്പ് ഉണ്ടാവും. അപ്പോഴല്ലാതെ നട തുറക്കാറുമില്ല. അമ്പലത്തിന്റെ മുൻപി​ലെത്തിയപ്പോൾ പെട്ടന്ന് ചങ്ങല ശബ്ദം കേൾക്കാതെയായി. ‘ദേവിയെ കണ്ട് ഭയന്ന് ഓടിയതാവും,’ പാർട്ടിക്കാരനാണെങ്കിലും രാജൻപിള്ള മനസ്സിൽ ഉഗ്രരൂപിണിയായ കൊടിയാട്ടുകാവിലമ്മക്ക് നന്ദി പറഞ്ഞു. പക്ഷെ, ആ ആശ്വാസം കുറച്ചുനേരത്തേക്കേ ഉണ്ടായിരുന്നുള്ളു. വലത്തോട്ട് തിരിഞ്ഞു ചിരണിക്കൽ റോഡിലേക്ക് കയറിയപ്പോഴേക്കും, അങ്ങ് ദൂരെ നിന്ന് അതിവേഗം ഓടിവരുന്ന ചങ്ങലശബ്ദം കേൾക്കാൻ തുടങ്ങി. ആനമറുത വിടാതെ തന്റെ പിന്നാലെ കൂടിയിരിക്കുകയാണെന്ന് അയാൾക്ക് മനസിലായി.  

ചിരണിക്കൽ കയറ്റം കയറി ആനമറുതക്കൊപ്പം അയാൾ ചന്തയിലേക്കുള്ള  യാത്ര തുടർന്നു. 

പറക്കോട് ജംഗ്ഷൻ എത്തിയപ്പോൾ ചന്തക്കടുത്തുള്ള ചായക്കടകളൊക്കെ രാത്രിചന്ത നടക്കുന്നതുകൊണ്ട് തുറന്നു വെച്ചിട്ടുണ്ട്. അയാൾ വെറ്റിലകുട്ട ഇറക്കി ഒരു ചായക്കടയുടെ തിണ്ണയിലേക്കുവെച്ച് ഒരു കട്ടൻ കാപ്പി എടുക്കാൻ പറഞ്ഞു. കാപ്പി കുടിച്ചു പോകാൻ നേരം കടയിൽ തൂക്കി ഇട്ടിടുന്ന പഴക്കുലയിൽ നിന്ന് ഒരു പടല പഴം ഉരിച്ച് രാജൻ പിള്ള ആരും കാണാതെ പുറകിലേക്ക് നീട്ടി. ഒരു തുമ്പിക്കൈ വന്നു ആ പഴം വാങ്ങിപ്പോയി. 

ചന്തയിൽ നല്ല തിരക്കായിരുന്നു. തറവാടക കൊടുത്ത് അയാൾ വേഗം ആ തിരക്കിലേക്ക് ഊളിയിട്ടിറങ്ങി. കച്ചവടം ഇതിനകം ആരംഭിച്ചു കഴിഞ്ഞിരുന്നു. വലിയ മൊത്തക്കച്ചവടക്കാരൊക്കെ അതിനകം വെറ്റില വിലയുറപ്പിച്ചു വാങ്ങിച്ചു തുടങ്ങിയിരുന്നു.

‘കുറച്ചു താമസിച്ചുപോയി, ഇനിയിപ്പോ ചെറിയ മുറുക്കാൻ കടക്കാർക്ക് വല്ലോം അവർ പറയുന്ന വിലയ്ക്ക് കൊടുത്തിട്ട് പോരേണ്ടിവരും’ അയാൾ നിരാശയോടെ മനസ്സിൽ പറഞ്ഞു.  

പക്ഷെ എന്താണെന്നറിയില്ല, പതിവില്ലാത്തവിധം രാജൻ പിള്ളയുടെ കുട്ടയിലെ വെറ്റില അടുക്കുകളൊക്കെ പെട്ടന്ന് കച്ചവടമായി. അതും അയാൾ ഉദ്ദേശിച്ചതിനേക്കാൾ നല്ല വിലയിൽ.
 ‘ഇനി ഇപ്പൊ ഇതും മറുതയുടെ ഒരു അത്ഭുതം ആണോ’, അയാൾ മനസ്സിൽ കരുതി. ‘തിരിച്ചുപോകുമ്പോൾ ഒരു പടലപഴം കൂടി വാങ്ങണം’. 

നാലുമണി ആകുന്നതിനുമുമ്പേ രാജൻ പിള്ളയുടെ വെറ്റിലക്കുട്ട കാലിയായിരുന്നു. ചന്തയുടെ മൂലയ്ക്കുള്ള  വറീത് മാപ്പിളയുടെ മാടക്കടയിൽ* നിന്ന് കടുപ്പത്തിൽ ഒരു ചായ കൂടി കുടിച്ചിട്ട്, അവിടെ കെട്ടിത്തൂക്കിയിരുന്ന വാളാന്തോടൻ* കുലയിൽ നിന്ന് ഒരു പടലപ്പഴവും വാങ്ങി അയാൾ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു.  

അങ്ങോട്ടുപോയ പോലെ നടന്നായിരുന്നില്ല  രാജൻ പിള്ളയുടെ  വീട്ടിലേക്കുള്ള മടക്കയാത്ര.മറിച്ച് ‘കൊടുമൺ വിശ്വനാഥൻ’ എന്ന ആനപ്പുറത്തേറിയിട്ടായിരുന്നു ആ തിരിച്ചെഴുന്നള്ളത്ത്.അതിനകം തന്നെ ആനമറുതയുമായി അയാളൊരു ആത്മബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
വീട്ടിലെത്തിയ ഉടനെ അടുക്കളയിൽ നിന്ന് വെട്ടുകത്തി എടുത്തിട്ട് പോകുന്ന മകന്റെ പുറകെ ചായഗ്ലാസ്സുമായി വന്ന ഭാർഗ്ഗവിയമ്മ കാണുന്നത് ഇരുട്ടത്ത് തെക്കേപ്പുറത്തെ തെങ്ങിന്റെ മുകളിലേക്ക് വലിഞ്ഞുകയറുന്ന മകനെയാണ്. ‘ഈ വെളുപ്പാൻകാലത്ത് ഇവനിത് എന്തിന്റെ കേടാ’ എന്നോർത്ത് അവർ തലയിൽ കൈവച്ചു നിന്നു. ഭാർഗ്ഗവിയമ്മയുടെ ആ വല്ലാത്ത നില്പുകണ്ടു കൂട്ടിൽ കിടന്ന പൂവൻ കോഴി കിഴക്കോട്ട് നോക്കി മൂന്നുതവണ നീട്ടി കൂവി.  

തെങ്ങിൽ നിന്ന് വെട്ടിയിട്ട ഓലമടൽ വലിച്ചുകൊണ്ടുവന്ന് രാജൻപിള്ള മുറ്റത്തെ വട്ടമരം നിൽക്കുന്നതിന്റെ അരികിൽ കൊണ്ടുവന്നിട്ടു. നേരം വെളുത്ത ഉടനെ അയാൾ നേരെ പോയത് മരിച്ചു പോയ പാപ്പാൻ നാണുവിന്റെ വീട്ടിലേക്കായിരുന്നു. നാണുവിന്റെ ഭാര്യയ്ക്കു കുറച്ചു ചില്ലറ എണ്ണിക്കൊടുത്തു, നാണുപാപ്പൻ ആനയെ മെരുക്കാൻ ഉപയോഗിച്ചിരുന്ന തോട്ടിയും കമ്പും അയാൾ വാങ്ങികൊണ്ടുവന്നു ആ വട്ടമരത്തിൽ ചാരിവെച്ചു.  

പിന്നീടങ്ങോട്ട് എല്ലാ ബുധനാഴ്ച്ച രാത്രികളിലും   വെറ്റിലചന്തയ്ക്ക് രാജൻപിള്ള പോയത് ആനപ്പുറത്തേറിയായിരുന്നു, വെള്ളപ്പൊക്കം വന്ന് കണ്ടത്തിലെ വെറ്റില കൃഷി നശിക്കുന്നതുവരെ.  

രായൻ ചിറ്റപ്പൻ കഥ പറഞ്ഞു നിർത്തി. കഥ കേട്ടുകൊണ്ടിരുന്ന കൂട്ടുകാരെല്ലാം ഭീകരനായ ആനമറുതയെ ഒരു പടല പഴം കൊടുത്തു മെരുക്കി അതിന്റെ പുറത്തേറി വെറ്റിലച്ചന്തക്ക് പോയ രാജൻ പിള്ളയെ അത്ഭുതത്തോടെ നോക്കി. അവരുടെ അടുത്തിരുന്നു കഥ കേട്ട എനിക്കും ധൈര്യശാലിയായ എന്റെ രായൻചിറ്റപ്പനെയോർത്ത് രോമാഞ്ചം ഉണ്ടായി. 

‘എന്നിട്ട് ആ ആനമറുത ഇപ്പൊ എവിടെ?’ എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചിറ്റപ്പന് ചോദ്യങ്ങൾ ചോദിക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടും ചിലപ്പോ അടുത്തദിവസം എന്നെ കഥ കേൾക്കാൻ കൂട്ടിയില്ലെങ്കിലോ എന്ന് തോന്നിയതിനാലും ഞാനെന്റെ ചോദ്യങ്ങൾ മനസിലടക്കി മിണ്ടാതെ ഇരുന്നു.ചിറ്റപ്പന്റെ സ്വഭാവം അറിയുന്നത് കൊണ്ടായിരിക്കും കഥ കേട്ടിരുന്ന കൂട്ടുകാരാരും ഒറ്റച്ചോദ്യം പോലും ചോദിച്ചില്ല. രാജൻപിള്ള പറഞ്ഞാൽ അത് ഒള്ളതായിരിക്കും എന്നൊരു മുഖഭാവമായിരുന്നു അവർക്ക്. 

കഥ തീരുമ്പോഴേക്കും അമ്മൂമ്മ കൊണ്ടുവെച്ച  കളിയൊടക്കയും ചക്കഉപ്പേരിയും* ഒക്കെ കാലിയായിരുന്നു.
കാലിയായ ചായഗ്ലാസ്സുകളെടുത്ത് അടുക്കളയിൽ കൊണ്ട് വയ്ക്കുമ്പോഴും എന്റെ മനസ്സിലെ ചോദ്യങ്ങൾ ഒഴിഞ്ഞിട്ടില്ലായിരുന്നു. 

അന്ന് രാത്രി അമ്മയുടെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോൾ ഞാൻ എന്റെ സംശയത്തിന്റെ ഭാണ്ഡകെട്ട് അഴിച്ചു വെച്ചു; ‘ആനമറുതയെ എവിടെയാ രായൻ ചിറ്റപ്പൻ കെട്ടിയിട്ടിരിക്കുന്നത്’?’ എന്ന എന്റെ ചോദ്യം കേട്ട് അമ്മ ചിരിച്ചു.എന്നിട്ടു എന്നോട് വേഗം കിടന്നുറങ്ങാൻ പറഞ്ഞു. 

പക്ഷെ കണ്ണടച്ചുകിടന്നിട്ടും എനിക്ക് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഇരുട്ടത്ത് തോട്ടുവരമ്പിലൂടെ ആനപ്പുറത്തേറിവരുന്ന രായൻ ചിറ്റപ്പനായിരുന്നു എന്റെ മനസ്സ് നിറയെ. രാത്രിയുടെ ഏതോ യാമത്തിൽ പുറത്തുനിന്ന് ഒരു ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ടു ഞാൻ എണീറ്റു ജനവാതിൽ പതുക്കെ തുറന്നു പുറത്തേക്ക് നോക്കി.
‘മുറ്റത്ത് അതാ നിൽക്കുന്നു, നിലാവെളിച്ചത്തിൽ മസ്തകം ഉയർത്തി വാലാട്ടി നല്ല ഒത്ത ഒരു കരിവീരൻ.’ 

‘ആനമറുത’ ഞാൻ അറിയാതെ പറഞ്ഞു പോയി.  

ഇരുട്ടത്ത് ആരോ ഒരാൾ ആനമറുതയ്ക്ക് അടുത്തേക്ക് നടന്നു വരുന്നു. ഞാൻ സൂക്ഷിച്ചു നോക്കി.
രായൻ ചിറ്റപ്പൻ, കുറച്ചു തെങ്ങോല വലിച്ചുകൊണ്ടുവന്നയാൾ ആനമറുതയുടെ തുമ്പിക്കൈയുടെ അരികിലേക്കിട്ടുകൊടുത്തു.

കൈയിരുന്ന ആനത്തോട്ടി ആനയുടെ മുൻപിലത്തെ കാലിലേക്ക് ചാരിവെച്ചുകൊണ്ട് അയാൾ അവനരുകിലായി ഇരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ബീഡി എടുത്തു കത്തിച്ചു ആഞ്ഞു വലിച്ചുകൊണ്ടു രായൻ ചിറ്റപ്പൻ ആ സഹ്യപുത്രന്റെ കാലുകളിലേക്ക് ഒന്നുകൂടി  ചേർന്നിരുന്നു. 

തെങ്ങോല ചവിട്ടിക്കീറി വായിലേക്ക് വെക്കുന്നതിനിടയിൽ പാതി തുറന്നിട്ട ജനവാതിലിലൂടെ എല്ലാം കണ്ട് അത്ഭുതത്തോടെ നോക്കി നിന്ന എന്നെ ആനമറുത മസ്തകം ചരിച്ചു ഒന്ന് നോക്കി.  

കഥ പറഞ്ഞു തീരുമ്പോഴേക്കും ലക്ഷ്മി തിരിഞ്ഞു കിടന്നു കൂർക്കം വലിക്കാൻ തുടങ്ങിയിരുന്നു. അല്ലെങ്കിലും ഈയിടെയായി അവൾ അങ്ങനെയാണ്. ടീവിയിൽ സീരിയൽ കണ്ടോണ്ടിരിക്കുമ്പോഴും റിമോട്ടും പിടിച്ചിരുന്നു ഉറങ്ങുന്നത് കാണാം. മീനുക്കുട്ടിക്ക് കഥ നന്നായി ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. അടുത്തേക്ക് ചേർന്നിരുന്ന് ആകാംഷയോടെ അവൾ ചോദിച്ചു, ‘അച്ഛാ,എന്നിട്ട് ആ ആനമറുത ഇപ്പൊ എവിടെ?’
പണ്ട് ഞാൻ ചോദിച്ച അതെ ചോദ്യം. 

കാക്കനാട്ടെ ഫ്ലാറ്റിന്റെ എട്ടാം നിലയിലിരുന്നു അവൾക്ക് എങ്ങനെ ആനമറുതയെ കാട്ടികൊടുക്കും എന്നോർത്ത് ഞാൻ കുഴങ്ങി. ‘ആനമറുത ശ്രീലങ്കയിലല്ലേ, ഇനി അങ്ങോട്ട് പോകുമ്പോൾ കാണിച്ചു തരാം’ എന്ന് പറഞ്ഞു സമാധാനിപ്പിച്ച് അവളെ ഉറക്കി. കണ്ണടച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ആ രാത്രി പിന്നെ എനിക്ക് ഉറക്കം വന്നില്ല. 

ഇരുട്ടിൽ ഒരു ചങ്ങല കിലുക്കത്തിനായി ഞാൻ കാതോർത്തു കിടന്നു. ഉഷ്‌ണമായത് കൊണ്ട് പാതി തുറന്നിട്ട ജനലിലൂടെ ഒളിച്ചു കടന്നുവന്ന കാറ്റിൽ ആനച്ചൂര് മണക്കുന്നുണ്ടോ?

(*പത്തേണ്ട -പത്തനംതിട്ട
*ചീനി -കപ്പ , മരച്ചീനി
*ഈറ -ഈറ്റ
*അയ്യം -പറമ്പ്
*പോച്ച -തറയോട് ചേർന്ന് വളരുന്ന പടർപ്പൻ പുല്ല്.
*1 അടുക്ക് -20 വെറ്റില.
*1കെട്ട് -4 അടുക്ക് (80 വെറ്റില).
*മാടക്കട -പെട്ടിക്കട
*വാളാന്തോടൻ പഴം -പാളയംകോടൻ പഴം
*ചക്ക ഉപ്പേരി -ചക്ക ചിപ്സ്)


Summary: രാജൻ പിള്ള ടോർച്ച് പിടിച്ചിരുന്ന കൈകൊണ്ടു ഉടുത്തിരുന്ന കണ്ണം വരകളുള്ള കൈലിയുടെ പുറക് പൊക്കി കാണിച്ചു. പുറകിൽനിന്ന് അനക്കമൊന്നും കേൾക്കുന്നില്ല. പോയിട്ടുണ്ടാവും, അയാൾ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പെട്ടു


ബിപിൻ ബാലകൃഷ്​ണൻ

കഥാകൃത്ത്​, ഛായാഗ്രാഹകൻ.

Comments