ആര്യ അരവിന്ദ്.

അ(ന)ന്തപ്പെരുഞ്ചുഴി

“വലിയൊരു കുഴിയിലകപ്പെട്ടേനഹം
വഴിയും തീണ്ടാതെ ഉഴലുമ്പോൾ
വഴിയിൽ നേർവഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ”1

പോ…പോ… എന്ന് സ്വൈരം കെടുത്തുന്ന പ്രജ്ഞയെ എത്ര അവഗണിക്കാനാണ്?

റാണിയമ്മയുടെ ചാവ് അറിഞ്ഞാൽ പോലും തിരിക്കേണ്ടതില്ലെന്ന് തീർച്ചയായിരുന്നു. സ്ഥിരതയില്ലാത്ത ഈ കെട്ട മനസ്സിപ്പോൾ ഭൂതകാലച്ചൂരിൽ അലഞ്ഞ് വലയ്ക്കുന്നു. പുതിയ രക്ഷാധികാരി സ്ഥാനമേറ്റിട്ടുണ്ടാവണം. പാതാളത്തെരുവിലെ ലക്ഷംവീട് കോളനി ഒമ്പത് വർഷത്തെ മാറ്റങ്ങളെ എങ്ങനെ ഉൾക്കൊണ്ടിട്ടുണ്ടാവും? നൂറ്റിനാപ്പത്തിനാലാം നമ്പർ വീട് പുതുക്കി പണിതിരിക്കണം. ചിലപ്പോൾ യാതൊന്നിൻ്റെയും അവശേഷിപ്പുകൾ പോലും കണ്ടില്ലെന്നുവരാം.

‘കഴുവേറി… നിന്നെയൊക്കെ ആരു പടച്ചുവിട്ടിങ്ങോട്ട്? കൽക്കരി പൊകയുന്നെ നിൻ്റെ കണ്ണിക്കേറിയില്ലേ? ഇവിടെ കുനിഞ്ഞിരുന്ന് മാന്താന്തൊടങ്ങീട്ട് കാലെയെന്നായി?’

’ഒടുങ്ങാനാണേ തന്നെ പോരെ ഞങ്ങളെക്കൂടെ മുടിക്കണോ?’ പൊള്ളുന്ന പാറക്കെട്ടുകളിലേക്ക് കാലുനീട്ടിവച്ച് തൊണ്ട പൊട്ടിവന്ന മിച്ചത്തെറി മുഴുവൻ വിഴുങ്ങി ദ്രുതവേഗം സഹത്തൊഴിലാളികൾ ഖനിയിൽനിന്ന് പുറത്തുചാടാൻ ശ്രമിക്കുന്നത് കണ്ട സൗരഭ അന്ധാളിച്ചു. താൻ മുമ്പിൽ നടന്ന് കൊത്തുന്ന റാറ്റ് ഹോൾ തുരങ്കം താഴെ നിന്ന് പുക വമിപ്പിക്കുന്നത് അവൾ കണ്ടിരുന്നില്ല. ഖനിയിലെവിടെയോ തീ കത്തിത്തുടങ്ങിയിരിക്കും അല്ലെങ്കിൽ എല്ലാവരെയും മൂടിക്കളയുമാറ് ഒരു സ്ഫോടനം പൊട്ടിപ്പുറപ്പെട്ടിരിക്കും. രണ്ടു സാദ്ധ്യതകളും അജ്ഞാതമരണത്തിൻ്റെ കരാറിൽ ഒപ്പു വയ്പ്പിക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് വരെ എത്ര കൊതിച്ചതാണ് ഈ ഒരു നിമിഷം. കഥയാകെ മാറിയിരിക്കുന്നു. മനസ്സാകെ ഉദ്ഗത മാത്രം. ആഞ്ഞാഞ്ഞ് തുരങ്കം വലിഞ്ഞുകേറി ഒരു വിധം കരയ്ക്കെത്തി. സുരക്ഷാജീവനക്കാർ കര കയറി ശ്വാസം മുട്ടുന്ന ഞങ്ങളുടെ അടുക്കലേക്ക് ഓടിയെത്തി, വെറുപ്പിൽ അറപ്പ് കുഴച്ച് ഖാസിയിൽ2 വംശവപാരമ്പര്യങ്ങൾ ഓർമ്മിപ്പിച്ചു.

‘ഞങ്ങൾ അതിഥി തൊഴിലാളികളാണ്. മാന്യമായി പെരുമാറിയില്ലെങ്കിൽ പണിമുടക്കാനും മടിക്കില്ല. ഞങ്ങൾ ഖനിയിൽ ഇറങ്ങാതിരുന്നാൽ ഉണ്ടാകുന്ന നഷ്ടം ആലോചിച്ചുനോക്ക്. ജീവൻ പണയം വെച്ച് പണിയെടുത്താണ് ഞങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ഔദാര്യത്തിൽ അല്ല. ഞങ്ങളൊന്നും ചത്താൽ പോലും തെളിവില്ലല്ലോ? ഞാനിവിടെ വന്നിട്ട് ഇപ്പോൾ എത്ര എണ്ണം ചത്തെന്ന് തിട്ടവില്ല. ഞങ്ങൾ ചെന്ന് തീയിടുന്നതല്ല, തന്നെ കത്തുന്നതാ.’

ഒമ്പത് വർഷങ്ങൾക്കുശേഷം മുറിഖാസിയിൽ സൗരഭയുടെ ഒച്ച പൊന്തി. തൊണ്ട നൊന്ത് ശബ്ദം ഇടറി. ഇതുവരെ ചോദ്യത്തിനുത്തരമല്ലാതെ ഒന്നും മൊഴിഞ്ഞിട്ടില്ലാത്ത ഒരുത്തി ഇമ്മാതിരി തിരിച്ചു പറഞ്ഞതു കേട്ട് കൽക്കരിക്കട്ടകൾ വരെ ഞെട്ടി.

‘നീ ആരുടെ എവിടുത്തെ അതിഥി. അനധികൃത തൊഴിലാളി എന്നു പറയടീ. ഏത് ഉദ്യോഗസ്ഥരാണ് നിനക്ക് ജോലി തന്നത്. നീ പണിയെടുത്ത് തിന്നും കുടിച്ചും ഇവിടെ കഴിയുന്നതു തന്നെ ഞങ്ങൾ കണ്ണടച്ചിട്ടാ. നിനക്ക് ഇത്രയും നീളവുള്ള നാവ് ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ.’

‘നാവിന് നീട്ടോം അരോം ഒക്കെയുണ്ട് ചേച്ചി. ഞാൻ അനധികൃത തൊഴിലാളിയാണെങ്കിൽ ഇത് അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയാണ്. ഒത്തിരി പേടിപ്പിക്കാതെ.’

‘‘നീ എന്ത് ചെയ്യാനാ? നിന്റെ പേരെന്താ?
‘ചൗരപ’, അതിനെന്താ തെളിവ്? ഏതെങ്കിലും തിരിച്ചറിയൽ കാർഡുണ്ടോ നിനക്ക്? ഏതു ദേശക്കാരിയാ നീ? ഖനിയിലിറങ്ങിയില്ലെങ്കിൽ നിനക്ക് വേറെ എന്ത് ജോലി കിട്ടും? ചിലക്കാതെ പോയി എയർ കണ്ടീഷനിംഗിന് കൂട്’’.
സൗരഭയുടെ നാവ് വായ്ക്കകത്തേക്ക് വലിഞ്ഞു പോയി.

“മങ്ങിയൊരന്തി വെളിച്ചത്തിൽ
ചെന്തീപോലൊരു മാലാഖ
വിണ്ണിൽ നിന്നെൻ മാളത്തിൽ
സന്ദേശവുമായ് വന്നരികിൽ”3

പുറംലോകം കാണാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. മരുന്നിനു പോലും പുറത്ത് പോയിട്ടില്ല. കേൾവി തീരെക്കുറവ്. ശ്വാസംമുട്ടി എഴുന്നേറ്റ് നടക്കാൻ വയ്യാതാകുമ്പോഴും തൊലി പൊട്ടി അളിയുമ്പോഴും മരുന്ന് എത്തിച്ചു തരുകയായിരുന്നു പതിവ്. ലോകം എത്ര മാറിയിരിക്കും. വന്ന വഴികളൊന്നും ഓർമ്മയിലില്ല. തിരികെ പോയാൽ നാട്ടിൽ എത്തപ്പെടുമെന്ന് ഉറപ്പില്ല. മരണം മാത്രം കാത്തിവിടെ കഴിഞ്ഞിരുന്ന എന്റെ അടുക്കലേക്ക് അമൃതധാര പുതിയ പ്രതീക്ഷകളും പദ്ധതികളുമായി എത്തിയത് മുതൽക്ക് ജീവിക്കാൻ കൊതിയാകുന്നു. അമൃതധാര ഡേ കെയർ ജീവനക്കാരിയായിരുന്നു. പദവിയും അധികാരവുമുള്ളവർ പ്രസവിച്ചിടുന്ന കുഞ്ഞുങ്ങളെ അവൾ സ്വന്തമായിക്കണ്ട് വളർത്തി. ഫലിക്കാത്ത വൈദ്യവും അല്പം കൺകെട്ടും വശമുണ്ടായിരുന്നു. എന്നെ കണ്ടെത്തിയത് എങ്ങനെ എന്ന ചോദ്യത്തിന് പാതാളത്തെരുവിലേക്ക് തിരിച്ചുവന്നാൽ മാത്രം വെളിപ്പെടുത്താം എന്ന് ഉത്തരം തന്നു. ഒരു സ്മാർട്ട് ഫോൺ കയ്യിൽ ഏൽപ്പിച്ച് മൂന്നുമാസത്തെ റീചാർജ് ചെയ്തിട്ടുണ്ട്, അതുവരെ നിന്നെ ഞാൻ കാക്കുമെന്ന് പ്രതീക്ഷ അറിയിച്ച് ഗൂഗിൾ മാപ്പ് ഉപയോഗിക്കാനും ഓൺലൈൻ പേയ്മെൻ്റ് നടത്താനും പഠിപ്പിച്ച് അവൾ പോയി. രൂപ അമ്പതിനായിരം കയ്യിൽ തരുകയും ചെയ്തു.

ഒരു വട്ടത്തിൽ അഞ്ച് കാലുള്ള നക്ഷത്രം വരച്ച് മന്ത്രങ്ങൾ ചൊല്ലി നക്ഷത്രക്കാലുകൾ കറക്കി അതിൽനിന്ന് ലക്ഷക്കണക്കിന് മുപ്ലിവണ്ടുകളെ പുറത്തുവിടുന്ന വിദ്യ അവൾക്ക് ചെറുപ്പത്തിലേ വശമുണ്ടായിരുന്നു. കൂടുതൽ സങ്കീർണമായ പല മന്ത്രങ്ങളും വിദ്യകളും അവൾ സ്വായത്തമാക്കിയെന്നു വേണം കരുതാൻ. ഞാൻ കൽക്കരി കൊത്തുമ്പോൾ അടർന്നു വീണ ഒരു ചെറിയ കട്ട, കൊമ്പൻചില്ലിയായി4 പറന്ന് അമൃതധാരയായി. പഴയ അതേ അമൃതധാര… നൂറ്റിനാപ്പത്തിനാലാം വീട്ടിൽ വളർന്ന അഞ്ച് അന്തേവാസികളിൽ നിർഗുണയായിരുന്നവൾ.

ഞാൻ അവളെ തിരിച്ചറിഞ്ഞു. ക്ഷയത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമായ എന്നെ നോക്കി അവൾ വിതുമ്പി. നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടപ്പോൾ റാണിയമ്മ ചത്തെന്നും പാതാളത്തെരുവ് ലക്ഷംവീട് കോളനി ഇപ്പോൾ പ്രായത്തെയും മരണത്തെയും തോൽപ്പിക്കുന്ന ഒരു മരുന്നു നിർമ്മാണശാലയാണെന്നും നീ അവിടേക്ക് തിരിച്ചുവരണമെന്നും പറഞ്ഞു. എന്റെ മുഖത്തു നിന്ന് അവജ്ഞ വായിച്ചിട്ടെന്നോണം, ഉദ്ഗത കഴുത്തിന് താഴേക്ക് തളർന്ന് കിടപ്പാണെന്നും ഒടുക്കത്തെ ചികിത്സ നിൻ്റെ കൈപ്പുണ്യമില്ലാതെ ഫലിക്കാൻ പ്രയാസമായതുകൊണ്ടാണ് നിന്നെ ക്ഷണിക്കുന്നതെന്നും പറഞ്ഞു. എൻ്റെ ജീവനുണർന്നു. ആപീഡയും കലികയും ചത്തുപോയെന്ന് ഞാൻ തേങ്ങി. അതൊക്കെ നിൻറെ വെറും മായക്കാഴ്ചകൾ ആണെന്നും അവർ പാതാളത്തെരുവിൽ സുഖമായിരിക്കുന്നു എന്നും അമൃതധാര കളിയാക്കി.

ചങ്ക് കലങ്ങി സങ്കടം പറയാൻ ചെന്ന എന്നോട് ഓടമാലിന്യം കോരുന്നതിനിടയിൽ പോലും ഉദ്ഗതയുടെ വലിപ്പവും കഴിവും പറയേണ്ടിവന്ന കലികയുടെ നിസ്സഹായതയോർത്ത് സഹതാപം തോന്നിയതും അവളെ ഓടയിലേക്ക് ഉന്തി സ്ലാബിട്ട് മൂടി അധികാരത്തിന്റെ ശ്രേണിയിൽ നിന്നു പുറന്തള്ളിയതും മായക്കാഴ്ചയായിരുന്നെന്നോ? നാടുവിടാൻ കൂട്ട് ചോദിച്ചപ്പോൾ ഉദ്ഗതയുടെ പിറന്നാൾ സദ്യക്ക് ഇല വെട്ടാൻ പോകണമെന്ന് പറയേണ്ടി വന്ന ആപീഡയുടെ നിവൃത്തികേട് കണ്ട് മനം മടുത്ത് അവളെ നരിക്കയത്തിലേക്ക് തള്ളിയിട്ട് ഉത്തരവാദിത്തങ്ങളുടെ ചരടിൽ നിന്ന് വേർപെടുത്തിയത് മായക്കാഴ്ചയായിരുന്നെന്നോ? അവരിനി ചത്താലും ജീവിച്ചാലും ആർക്ക് ചേതം? സൗരഭ എന്ന ഇരുമ്പുദണ്ഡിൻ്റെ ലക്ഷ്യം ഉദ്ഗത എന്ന കാന്തക്കട്ട. ഇവിടുത്തെ സുരക്ഷാ സൈന്യത്തിന്റെ വലയത്തിൽ നിന്നു രക്ഷപ്പെടുന്നതാണ് ഒന്നാമത്തെ കടമ്പ.

രാത്രി മുഴുവൻ ശ്വാസം നീട്ടിവലിച്ച് ചുമച്ചുകുരച്ച് സൗരഭ തുരങ്കത്തിലേക്ക് ഇറങ്ങിയപ്പോൾ പതിവിനു വിപരീതമായി ഏറ്റവും ഒടുവിലത്തെയാളായി. നേരം വല്ലാതെ പുലർന്നിട്ടും വളരെ ആയാസപ്പെട്ട് തുരങ്കത്തിലേക്ക് ഇറങ്ങിയ ആ വനിതയെ അന്നാരും ചോദ്യം ചെയ്തില്ല. അവൾ അലോസരപ്പെടുത്തുന്ന മനസ്സുമായി കൽക്കരി കൊത്തി. കൊത്തി കൊത്തി നിന്നപ്പോൾ കട്ടപ്പുക മൂക്കിലേക്ക് കുത്തിക്കയറി. അവശത മുഴുവൻ ചുമലിൽ പേറി വലിഞ്ഞുകേറി മുകളിൽ വന്നവൾ കിതച്ചു പറഞ്ഞു; ‘തീ... തീ…’ സുരക്ഷാജീവനക്കാർ എല്ലാവരും ശീതീകരണത്തിലും മണൽ മറിക്കലിലും ഏർപ്പെട്ടു. സൗരഭ പാതാളത്തെരുവിലേക്ക് ലൊക്കേഷൻ ഇട്ടു. നാലാംനാൾ നാട്ടിലെത്തി, പത്രം വായിച്ചു;

“ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ പതിനാറോളം തൊഴിലാളികൾ മരിച്ചു. സ്ഫോടനസമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. താംസ്‌കു മേഖലയിലെ ഈ നിയമവിരുദ്ധ ഖനിയിൽ ഡൈനാമിറ്റ്5 ഉപയോഗിച്ചതിനെത്തുടർന്നാണ് അപകടം ഉണ്ടായത്.”

“ഹേതുവൊന്നിൽ കാര്യമൊന്നി-
ലെന്നു വന്നാലസംഗതി.
കൊണ്ടലുണ്ടു വിഷം മൂർച്ഛ-
പൂണ്ടുപോൽ പാന്ഥനാരിമാർ.”6

പാതാളത്തെരുവ് ലക്ഷംവീട് കോളനി നാടോടിക്കഥകളിലെ അത്ഭുതദ്വീപ് പോലെ തിളങ്ങി. തരുണീമണികളായ കലികയും ആപീഡയും എന്നെ സൽക്കരിച്ചു കൊല്ലുമെന്ന് തോന്നി. നൂറ്റിനാപ്പത്തിനാലാം നമ്പർ വീട് അതുപോലെ തന്നെ നിലനിർത്തിയിരിക്കുന്നു. പായല് പിടിച്ച ഭിത്തി, ഓടിട്ട മേൽക്കൂര. ‘നിന്നെ തിരികെ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ നമ്മുടെ ഓർമ്മകളെ അതുപോലെ നിലനിർത്തണമെന്ന് തോന്നി.’- അമൃതധാര പറഞ്ഞു. ഞാൻ എന്റെ വീടിനുള്ളിലേക്ക് കയറി. ഹോമകുണ്ഡങ്ങൾ, തീപ്പന്തങ്ങൾ, കളങ്ങൾ, പാവകൾ.
‘ഇവിടെയാണ് ആഭിചാരകർമ്മങ്ങൾ നടക്കുക. നമുക്ക് ധാരാളം ക്ലൈൻ്റ്സുണ്ട്’ - ആപീഡ ചെവിയിൽ പറഞ്ഞു.
‘ആരാണ് പുതിയ റാണിയമ്മ?’- ഞാൻ തിരക്കി. കലിക പതുക്കെയെന്ന് ആഗ്യം കാണിച്ച് പറഞ്ഞു- ‘നമ്മുടെ കോളനിക്ക് ഇപ്പോൾ റാണിയമ്മയില്ല. ഭൗതിക ശരീരത്തിൽ നിന്ന് ആത്മാവിന് വിടുതൽ നൽകി പരലോകം പൂകിച്ചത്രേ. കുളിച്ചു വന്നിട്ട് നമുക്ക് സമാധിമണ്ഡപത്തിൽ തൊഴാം. ഇപ്പോൾ അമൃതധാരയാണ് നമ്മുടെ നേത്രി’.

കാര്യങ്ങൾ കറങ്ങിമറിഞ്ഞിരിക്കുന്നു. അമൃതധാര നിസ്സാരക്കാരിയല്ലെന്ന് സൗരഭയ്ക്ക് ബോധ്യപ്പെട്ടു. എന്തൊക്കെയോ കണക്കു കൂട്ടിത്തന്നെയാണ് അവൾ തന്നെ വിളിച്ചുവരുത്തിയതെന്ന് ഉറപ്പിച്ചു. ഞാൻ സ്വപ്നം കണ്ടതിലും എത്രയോ ഉയർന്ന സ്ഥാനത്താണ് ഇന്നിവൾ. പണ്ട് സ്വരുക്കൂട്ടിയ നാണയങ്ങളെല്ലാം പിച്ചളത്തുട്ടുകളായിരുന്നു. സ്വർണ്ണനാണയത്തെ അവഗണിച്ചു. വലിയ പിഴ… അന്ന് ഇവളെ ഒപ്പം കൂട്ടിയിരുന്നെങ്കിൽ ഞാൻ ഇവിടുത്തെ നേത്രി. ഇവൾ എൻറെ വെറും അനുയായി. ഒപ്പം നിന്ന് പയറ്റുക തന്നെ. ഉദ്ഗത ഒരു വിഷയമേ അല്ലാതായിരിക്കുന്നു. അമൃതധാരയാണ് പുതിയ ഉന്നം. നശിപ്പിച്ച ആരോഗ്യത്തെ ഓർത്ത് ഖേദിക്കുന്നു. ഉടനെ മരുന്നു കഴിച്ചു തുടങ്ങണം. ക്ഷീണം മാറാനും തലയൊന്ന് തണുക്കാനും നിറയെ വെളിച്ചെണ്ണ തേച്ച് ഒരു കപ്പ് വെള്ളമൊഴിച്ചതേ ഓർമ്മയുള്ളൂ. ഉണരുമ്പോൾ പഞ്ചവർണ്ണക്കളത്തിൽ കിടന്ന് ഉരുളുകയാണ് സൗരഭ. അമൃതധാര മുമ്പിലിരുന്ന് മന്ത്രങ്ങൾ ഉരുവിടുന്നു. പരകായപ്രവേശത്തിനോ മനസ്സ് വായിക്കാനോ ആണ് ശ്രമിക്കുന്നതെന്ന് സൗരഭ ഊഹിച്ചു. എന്നെ കുറിച്ച് എല്ലാം ഇവൾ മനസ്സിലാക്കിയിരിക്കുന്നു. വളരെ അപകടകാരി. കളത്തിൽ നിന്ന് ചാടി എഴുന്നേറ്റ് ഞാൻ തട്ടിക്കയറി; ‘നീ എന്നെ എന്തിനാണ് ഇങ്ങോട്ട് വിളിച്ചു വരുത്തിയത്? എൻറെ അനുവാദമില്ലാതെ എന്തൊക്കെയാണ് എന്നെ ചെയ്യുന്നത്?’

‘‘നീ എന്തിനാണ് എന്നെ പേടിക്കുന്നത്? നമുക്ക് ഉദ്ഗതയെ ഭേദപ്പെടുത്തിയെടുക്കണ്ടേ? ആദ്യം നിന്റെ ആരോഗ്യമൊന്നു മെച്ചപ്പെടുത്താമെന്ന് കരുതി. ഞാൻ നിന്നെ പരിശോധിക്കുകയായിരുന്നു. മറ്റൊന്നും ചെയ്തിട്ടില്ല. എഴുന്നേറ്റ് കുളിച്ചു വരൂ… നിനക്ക് ആദ്യ ഡോസ് മരുന്ന് സ്വീകരിക്കാം’’.

സ്വബോധത്തിലല്ലാതായിരിക്കാൻ പേടി തോന്നി. തലയിൽ വെള്ളം വീഴുമ്പോൾ മനസ്സ് പിടിവിട്ട് പോകുമോ എന്ന ആകുലതയായി. എങ്കിലും അങ്ങനെയൊന്നും ഭാവിച്ചില്ല. വേഗം പോയി കുളിച്ചു വന്നു. അമൃതധാര കാത്തിരുന്നു. ഞങ്ങൾ മരുന്നുശാലയിലേക്ക് പോയി. ധാരാളം തൊഴിലാളികൾ. ഭൂരിപക്ഷവും പരിചയക്കാർ. എന്താണ് കുത്തിവെക്കുന്നത് എന്ന പരിഭ്രമം ഉണ്ടായിരുന്നെങ്കിലും ധൈര്യം സംഭരിച്ചിരുന്നു.

‘മൂന്നാം ഡോസ് മുതൽ മാറ്റം കണ്ടു തുടങ്ങും.’

‘ഈ മരുന്ന് നീ ഉണ്ടാക്കിയെടുത്തതാണോ?’

‘അതെ, എന്നാൽ അല്ലതാനും. ചില പുസ്തകങ്ങളിൽ പരാമർശിച്ച കൂട്ടുകൾ പരീക്ഷിച്ചതാണ്.’

‘എന്താണ് ഇതിന്റെ കൂട്ട്?’

‘വളരെ രഹസ്യമായാണ് നമ്മൾ ഇതൊക്കെ കൈകാര്യം ചെയ്തുവരുന്നത്. മരുന്നുശാലയെക്കുറിച്ച് സംസാരിക്കുന്നതിന് നമ്മൾ ഒരു കോഡ് ഭാഷ ഉപയോഗിക്കും. ഇനി നീയും ഇതൊക്കെ അറിയണം. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കണം. നിനക്ക് എടുത്ത മരുന്ന്, മൂന്നിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളെ വളരെ പാനിക്കാക്കി തട്ടിക്കൊണ്ടുവരും. അവരെ ഒരു മുറിയിൽ ഒറ്റയ്ക്കാക്കി ബോധക്ഷയം ഉണ്ടാകുന്ന വിധം പേടിപ്പിക്കും. ഉടനെ അവരുടെ രക്തം ശേഖരിക്കും. അതുവച്ച് ഉണ്ടാക്കിയതാണ്.’

‘കുട്ടികളെ കാണാതായാൽ അന്വേഷണങ്ങൾ ഉണ്ടാവില്ലേ? രക്തം ശേഖരിച്ചാൽ അവരെ വിട്ടയക്കുമോ?’

‘നീ വിഡ്ഢിയാണോ അതോ അങ്ങനെ അഭിനയിക്കുന്നതാണോ? വിട്ടയച്ചാലല്ലേ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുക! കുട്ടികളെ നമ്മൾ പല മരുന്നുകൾക്കായി മുഴുവനായും ഉപയോഗിക്കും. ദിവസം അറുന്നൂറിൽ കൂടുതൽ കുട്ടികളെ കാണാതാകുന്ന നമ്മുടെ രാജ്യത്ത് ഇതൊന്നും ഒരു പ്രശ്നമേയല്ല. ആരും അന്വേഷിക്കാൻ വരില്ല. ഉദ്ഗതയെപ്പോലെ, ശരീരം തളർന്നവർക്ക് കൊടുക്കുന്ന മരുന്നിന്റെ കൂട്ട്, നവജാത ശിശുക്കളെ മറ്റൊരു മരുന്നു ലായനിയിൽ അഴുകിച്ചെടുത്ത് നിർമ്മിക്കുന്നതാണ്. പല മരുന്നുകൾക്കായി നമുക്ക് ധാരാളം ശിശുക്കളെ ആവശ്യമാണ്. ഇതിനായി നമ്മൾ ഡേ കെയറിലെ കുഞ്ഞുങ്ങളെ ഉപയോഗിക്കും. ആവശ്യത്തിന് നവജാതശിശുക്കളെ ലഭ്യമാക്കുന്നതിനായി പ്രസവത്തൊഴിലാളികളും നമുക്കുണ്ട്. ശിശുക്കളുടെ വലിപ്പം, നിറം, വർഗ്ഗം, വംശം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വിലയും കൂലിയും. ഉദ്ഗതയുടെ മരുന്നിൻ്റെ കൂട്ടെല്ലാം കിറുകൃത്യമാണ് പക്ഷേ കരിമ്പൂരാടത്തിയുടെ കൈകൊണ്ട് കൊടുത്താലേ ഫലമുണ്ടാകൂ. വരുന്ന ആയില്യത്തിന് നമുക്ക് അവളുടെ ചികിത്സ പുനരാരംഭിക്കാം.’

റാണിയമ്മയുടെ കാലത്ത് പാതാളത്തെരുവിൽ കടന്നുകയറിയ അഭയാർത്ഥികളുമായുണ്ടായ വംശീയ കലാപത്തിലാണ് ഉദ്ഗതയുടെ ശരീരം തളർന്നത് എന്നറിഞ്ഞു. കൈത്താങ്ങ് ഇല്ലാതെ തല പോലും നേരെ നിർത്താൻ പാടുപെടുന്ന ഉദ്ഗതയെ ഞാൻ നിറഞ്ഞ ആനന്ദത്തോടെ കണ്ടു. തണ്ടും തടിയും കാട്ടി എല്ലാവരെയും ആകർഷിച്ചിരുന്ന ഉദ്ഗത. അധികം പേർക്കും കൊതിക്കാൻ മാത്രം വിധിയുണ്ടായിരുന്ന റാണിയമ്മയുടെ പട്ടാളത്തിൽ ചേരാൻ ഒത്തവൾ. ഞങ്ങൾ അഞ്ചു പേരും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ജനിച്ചത്. ഉറ്റ സുഹൃത്തുക്കളുമായിരുന്നു. പക്ഷേ അറിവാകുന്നതിനുമുമ്പേ ഞങ്ങൾ ഐവരും തൊഴിലാളി വർഗ്ഗത്തിൻ്റെ അഞ്ചു തട്ടുകളിൽ പണിയെടുക്കാൻ തുടങ്ങി. തൊഴിലാളികളെ പ്രായപൂർത്തിയാകുന്നതിന് മുമ്പേ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കിയിരുന്നു. ഗർഭപാത്രം നീക്കം ചെയ്തവർക്ക് പ്രത്യേക പരിഗണനയും ലഭിച്ചിരുന്നു. ആർത്തവം, പ്രസവം തുടങ്ങിയ നൂലാമലകൾ ഒഴിവാക്കാനാണ് ഇതെല്ലാം ചെയ്തിരുന്നത്. അന്ന് പ്രസവം ഒരു പ്രവിലേജായിരുന്നു. അധികാര വർഗ്ഗത്തിന് മാത്രമുള്ളത്. ഞാനും മനസ്സില്ലാമനസ്സോടെ ഗർഭപാത്രം നീക്കം ചെയ്തവളാണ്. എല്ലാ മൃദുല വികാരങ്ങളോടുമൊപ്പം. എന്നിട്ടും ഒരിക്കൽ ഉദ്ഗതയോട് ഞാൻ, എനിക്ക് ഒരു പ്രേമമുണ്ടെന്ന് പറഞ്ഞുതുടങ്ങി. അത് അത്രയ്ക്ക് തീവ്രമായിരുന്നു. അവൾ എന്നെ പരിഹസിച്ചു;
‘പ്രേമമോ? ആരോട്? ആരായാലും നിന്നോട് തിരിച്ചും തോന്നണ്ടേ? അതിന് തൊഴിലാളികൾക്ക് കുട്ടികളും കുടുംബവും വിധിച്ചിട്ടുണ്ടോ? എല്ലാത്തിലും ഒരു മുറയും ഞായവുമില്ലേ?’ അടുത്ത ജന്മം റാണിയമ്മയാവാൻ നീ പ്രാർത്ഥിക്ക്, ഫലിക്കട്ടെ.’ സംഭവിച്ചാൽ തെറ്റില്ലന്നിരിക്കിലും പ്രേമം കുടുംബത്തെയും കുട്ടികളെയും ഉണ്ടാക്കാനുള്ള ഉപാധിയല്ലയെന്ന് മറുപടി പറയണമെന്നുണ്ടായിരുന്നു. പക്ഷേ നിയമാവലികളിൽ ഞാന്നു പൊങ്ങുന്ന ഒരുവളോട് സംവദിക്കാനുള്ള ഭാഷ എനിക്ക് അജ്ഞാതമായിരുന്നു.

എന്തൊക്കെ പറഞ്ഞിട്ടും ഉദ്ഗതയുടെ തൊഴിലും കഴിവും മുഴുപ്പും അനുസരണയും എന്നെ അലട്ടി. മറ്റുള്ളവരുടെയെല്ലാം കണ്ണുവെട്ടിച്ചു ഉദ്ഗതയെ വരുതിയിലാക്കാൻ ഞാൻ തീരുമാനിച്ചു. കോളനിയിലേക്ക് ഒരു മാസത്തേക്കുള്ള പലചരക്ക് ഒരുമിച്ചെടുക്കുകയായിരുന്നു പതിവ്. പാലക്കാട് പോയി പനനൊങ്ക് എടുക്കേണ്ട സംഘത്തിൽ ആപീഡ ഉൾപ്പെട്ടിരുന്നു. അവളെ അനുനയിപ്പിച്ച് പകരം അക്കൂടെ കേറിപ്പറ്റി. ഉദ്ഗത കൂട്ടത്തിന് നുണ വന്നു. അവിടെ വച്ച് ഒരു രാത്രി മലഞ്ചെരുവിൽ അപകടമുണ്ടായെന്ന വ്യാജേന ഉദ്ഗതയെ ഞാനൊരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി എനിക്ക് കഴിയും വിധമൊക്കെ വശത്താക്കാൻ ശ്രമിച്ചു. ആ കുറ്റാക്കൂറ്റിരുട്ടിൽ കുളിർമഴയിൽ അവൾ എന്നെ തനിച്ചാക്കി മറ്റുള്ളവരെയും കൊണ്ട് തിരികെ പോന്നുവെന്ന് മാത്രമല്ല കോളനി മുഴുവൻ, നടന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറഞ്ഞുകേൾപ്പിച്ചു. ദിക്കറിയാതെ ഒരു വിധം ഞാൻ കോളനിയിൽ തിരിച്ചെത്തി. കാത്തിരുന്ന പോലെ റാണിയമ്മ എന്നെ പരസ്യമായി ശകാരിച്ചു. കോളനിവാസികൾ എന്നെ വെറുത്തു. ആപീഡ എൻ്റെ നിർബന്ധത്തിനു വഴങ്ങിയെന്നല്ലാതെ മറ്റൊന്നും അറിഞ്ഞിരുന്നില്ലെന്ന് കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ സ്വീകരിച്ചിരിക്കണം. നൂറ്റിനാപ്പത്തിനാലാം വീട്ടിൽ ഞാൻ ഒറ്റപ്പെട്ടു. അവഗണന പെരുകി. കാലം കളിച്ച കളിയിൽ അതേ ഉദ്ഗത വെറും കൈപ്പാവ.

ആയില്യം നാളിൽ സൗരഭയുടെ കൈകൊണ്ട് മരുന്നു സേവിച്ചിട്ടും ഉദ്ഗത എഴുന്നേറ്റുനടന്നില്ല. തളർത്തിക്കിടത്താൻ തന്നെയുള്ള മരുന്നാവാം അമൃതധാര നിർദ്ദേശിക്കുന്നതെന്ന വിശ്വാസത്തിൽ സൗരഭ ഉറച്ചു. വീഴ്ത്തിയതും അവളാണെങ്കിലോ? പെരുമ്പക പേറുന്ന പെണ്ണ്. ഞാൻ ഏതായാലും അവളുടെ മിത്രമല്ലെന്ന് നിശ്ചയമാണ്. ഇരയോ അരിയോ എന്നേ തിരിയേണ്ടൂ. ഉദ്ഗതയ്ക്കുവേണ്ടി അവസാനമായി ഒരു ക്രിയ കൂടി പരീക്ഷിക്കാൻ അമൃതധാര തീരുമാനിച്ചു. അതിനുള്ള ഹോമകുണ്ഡവും കളങ്ങളും ഒരുക്കാൻ കലികയും ആപീഡയും നിയോഗിക്കപ്പെട്ടു. സഹകാർമികത്വം സൗരഭയുടേത്. ഉദ്ഗതയെ കൊണ്ടുവന്ന് കളത്തിൽ കിടത്തി. കലികയോടും ആപീഡയോടും പുറത്തുനിൽക്കാൻ കൽപ്പിച്ചു. അമൃതധാര ഹോമകുണ്ഡത്തിൽ തീ കൊളുത്തി കർമ്മങ്ങൾ ആരംഭിച്ചു. സൗരഭ മന്ത്രങ്ങൾ ഏറ്റുചൊല്ലി. മണിമരുതിൻ്റെ തടികൊണ്ടുണ്ടാക്കിയ പാവയുടെ മേൽ ഉദ്ഗയുടെ ചൂണ്ടുവിരൽ മുറിച്ച് ചോര വീഴ്ത്തി. കുളിച്ച പാവയിൽനിന്ന് ചോര ഇറ്റുവീഴാൻ തുടങ്ങിയപ്പോൾ ഹോമകുണ്ഡത്തിലേക്ക് ഇട്ടു. പാവ കത്തി തീയാളി. ഉദ്ഗത ചുമച്ചു, കുത്തിക്കുത്തി ചുമച്ചു. നരബലി തന്നെയെന്ന് സൗരഭ സംതൃപ്തപ്പെട്ടു. അമൃതധാര വിജിഗീഷുഭാവത്തിൽ സൗരഭയെ നോക്കിച്ചിരിച്ചു.

സൗരഭ ചുമച്ചു; ‘കത്തുന്ന ഖനിയിലെ അതേ പുക, അതേ ചുവ.’ കുത്തുന്ന ചുമയടക്കാനാവാതെ അമൃതധാര വാതിലിനു നേരെ ഓടി, കൊട്ടി, പല പേരുകൾ ഉറക്കെ ആവർത്തിച്ചു. ഉദ്ഗത നിറഞ്ഞ ചെമന്ന കണ്ണുകൾ പുറത്തേക്കുന്തി. സൗരഭ വെറുതെ അടഞ്ഞ ജനൽപ്പാളികൾ തള്ളിത്തുറക്കാൻ ശ്രമിച്ചു. പാതാളത്തെരുവ് ലക്ഷംവീട് കോളനിയിലെ നൂറ്റിനാപ്പത്തിനാലാം നമ്പർ വീട്ടിൽ പെരുമ്പുക. ഒടുക്കത്തെ കനൽ.

1. ‘നരനായിങ്ങനെ’ എന്ന കീർത്തനത്തിലെ വരികളുടെ രൂപമാറ്റം.
2. മേഘാലയയിലെ ഒരു ഭാഷ.
3. ഒരു സുറിയാനി ആരാധന ഗീതത്തിലെ വരികളുടെ രൂപമാറ്റം.
4. വലിയ വണ്ട്.
5. ഒരു ശക്തമായ സ്ഫോടകവസ്തു.
6. ഭാഷാഭൂഷണം (അസംഗതി- 54).


Summary: Ananthapperunjuzhi is a malayalam shortstory written by Arya Aravind, Published in Truecopy Webzine Packet 291.


ആര്യ അരവിന്ദ്

കഥാകൃത്ത്, ഒമ്പതാമത്തെ പൂവ് ആദ്യ കഥാസമാഹാരം.

Comments