“Is this the real life?
Is this just fantasy?
Caught in a landslide
No escape from reality.”
- ‘Bohemian Rhapsody’, Queen (1975)
▮
എണീക്ക്, എണീക്ക് എന്നാരോ അടഞ്ഞുതൂങ്ങിയ കൺപോളകൾക്കു മേലെ ചടഞ്ഞിരുന്ന് ഊതിവിളിച്ചപ്പോൾ വൈകുന്നേരത്തോളം നീണ്ടുപോയ ഉച്ചയുറക്കത്തിൽ നിന്ന് അയാൾ പ്രയാസപ്പെട്ട് എഴുന്നേറ്റു. വാഷ് ബേസിനിനു മുന്നിൽ കുനിഞ്ഞുനിന്ന് ജെറ്റ് ലാഗിന്റെ ഭാരം കൊണ്ടു തൂങ്ങിയ കണ്ണുകളിലെ ചുവപ്പിലേക്ക് അയാൾ വെള്ളം കോരിയൊഴിച്ചു. ഉറക്കം തളംകെട്ടിയ മുഖത്തു നിന്ന് നെഞ്ചിലേക്ക് വെള്ളമിറ്റു വീണു.
നന്നായി വിശന്നു തുടങ്ങിയിരുന്നു.
ഫ്രിഡ്ജിൽ നിന്ന് മുട്ടയും പച്ചവെള്ളരിക്കയും രണ്ടു തക്കാളിയും യോഗർട്ടുമെടുത്ത് അയാൾ അടുക്കളയിലേക്ക് നടന്നു. സമയം നോക്കിയപ്പോൾ രാത്രി എട്ടാവാറായിരിക്കുന്നു. മെയ് മാസത്തിലെ പകലിന് നീളം കൂടുതലാണല്ലോ എന്നാലോചിച്ചുകൊണ്ട് അടഞ്ഞുതൂങ്ങിക്കൊണ്ടിരിക്കുന്ന കണ്ണുകൾ പ്രയാസപ്പെട്ട് തുറന്ന് ലണ്ടൻ നഗരത്തിലേക്ക് അയാൾ ജനലിലൂടെ തുറിച്ചുനോക്കി.
അപ്പുറത്തുള്ള വലിയ പുൽമൈതാനം നിറയെ ഉത്സവലഹരിയിലെന്നോണം ജനം തിക്കിത്തിരക്കുന്നു. അവിടെ വലിയൊരു മേള നടക്കുന്നുണ്ട്. വൃക്ഷത്തലപ്പുകൾക്ക് മേലെക്കൂടി നോക്കിയാൽ ജയൻറ് വീൽ കറങ്ങുന്നത് കാണാം. കുട്ടികളും മുതിർന്നവരുമെന്ന വ്യത്യാസമില്ലാതെ ആളുകൾ അവിടേയ്ക്ക് പോവുകയും വരികയും ചെയ്യുന്നുണ്ട്. ചിലർ തിരക്കിൽ നിന്നും മാറി തെരുവ് വിളക്കിന്റെ പ്രഭയിൽ കുത്തിയിരുന്ന് പുസ്തകം വായിക്കുന്നു. തൊട്ടടുത്തുള്ള വേലിക്കെട്ടിനുള്ളിലെ കളിസ്ഥലത്ത് ഓടിക്കളിക്കുന്നതിൽ വ്യാപൃതരാണ് കുട്ടികൾ. ഇരുളാൻ മടിച്ച് പ്രകാശിച്ചു നിന്ന ആകാശത്തിനു കീഴെ തനിക്കു വേണ്ടി ആരോ കാത്തിരിക്കുന്നുണ്ടെന്ന് അയാൾക്ക് വെറുതെ തോന്നി.
മുട്ട പുഴുങ്ങാൻ വെള്ളത്തിലിട്ടിട്ട് പത്തു മിനിറ്റായിരിക്കുന്നു. ബാസ്മതി അരി വേവാറായിട്ടുണ്ട്. വെള്ളരിക്കയും തക്കാളിയും അരിഞ്ഞുകൊണ്ട് അടുക്കളയിൽ നിൽക്കുമ്പോൾ രേഖ പറയാറുള്ളത് അയാൾക്ക് ഓർമ്മ വന്നു.
“രൺ, എഴുത്തിനും വായനക്കും പ്രത്യയശാസ്ത്രങ്ങൾക്കുമപ്പുറം അടുക്കള എന്നൊരു ഇടമുണ്ട്. അത് നീ മറക്കരുത്...”
ഒരുമിച്ചുണ്ടായിരുന്ന കാലത്തെന്നും രേഖയ്ക്ക് പരാതിയായിരുന്നു. വേർപിരിഞ്ഞ് ജീവിക്കുവാൻ തുടങ്ങിയതിൽ പിന്നെ ഇടയ്ക്കൊക്കെ വിളിക്കുമ്പോഴും അടുക്കളയെ പറ്റി പരാമർശിക്കാതിരിക്കില്ല.
“ഇന്ന് നീ അടുക്കളയിൽ കയറിയോ, എത്ര പ്രാവശ്യം?”, രേഖ ചോദിക്കും.
ചിരിയാണ് വരിക. പിരിഞ്ഞിട്ടും അടുക്കള ഒരു രൂപകമായി അവർക്കിടയിൽ തങ്ങിനിന്നു.
“ഓ, രേഖ, ഇന്ന് ഞാനാണ് മീൻ കൂട്ടാനുണ്ടാക്കിയത്. നല്ല സ്വാദുണ്ടായിരുന്നു”, അയാൾ പറയും.
“കുടമ്പുളിയാണോ ഇട്ടത്? വാളൻ പുളിയോ അതോ മാങ്ങയോ? കടൽ മത്സ്യത്തിന് കുടമ്പുളിയാ നല്ലത്. നിനക്കവിടെ പുഴ മീൻ കിട്ടുമോ?” അങ്ങനെ പോകും രേഖയുടെ വർത്തമാനം.
ലണ്ടനിൽ വന്നെത്തിയിട്ട് ഒരാഴ്ചയാകുന്നതേയുള്ളൂ. നഗരത്തിൽ നിന്നും അൽപ്പം മാറി ഹോക്സ്റ്റനിലെ തെരുവിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ അഞ്ചാംനിലയിലാണ് താമസം. അധികവും വെള്ളക്കാരല്ലാത്ത സാധാരണക്കാരായവർ താമസിക്കുന്നയിടം. അതുകൊണ്ടാണോ എന്നറിയില്ല കെട്ടിടത്തിലെ ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അഞ്ചു നിലയും നടന്നു കയറണം. എയർ ബി എൻ ബി വഴി ബുക്ക് ചെയ്തതാണ്. ഒരു മൂന്നാം ലോകക്കാരന്റെ ബജറ്റിലൊതുങ്ങുന്ന ഒറ്റമുറി ഫ്ലാറ്റ്. ഇവിടെ നിന്നും നഗരത്തിലേക്ക് അരമണിക്കൂർ യാത്രയേയുള്ളൂ. വേണമെങ്കിൽ നടന്നും പോകാം. റോഡിനിരുവശത്തുമായി നല്ല നടപ്പാതകളുണ്ട്.

ആർക്കൈവൽ ഗവേഷണത്തിനായുള്ള ഫെല്ലോഷിപ്പുമായി ലണ്ടനിൽ വന്നിറങ്ങുമ്പോൾ ആദ്യമായി വരുന്നതിന്റെ പരിഭ്രമം ഒട്ടും ഉണ്ടായിരുന്നില്ല. വിദേശയാത്രകൾ അയാൾക്ക് പരിചിതമായിക്കഴിഞ്ഞിരുന്നു. രാത്രി വൈകിയാണ് എത്തിയത്. എയർപോർട്ടിൽ നിന്നും മെട്രോയിലാണ് താമസസ്ഥലത്തേക്ക് പോയത്. ഞായറാഴ്ചയായതിനാൽ മെട്രോ പകുതി വഴി വരെ മാത്രമെ ഉണ്ടായിരുന്നുള്ളൂ. വഴിതെറ്റി കറങ്ങിത്തിരിഞ്ഞാണ് താമസസ്ഥലത്ത് എത്തിച്ചേർന്നത്.
ഒരു കോസ്മോപൊളിറ്റൻ നഗരമെന്ന പേര് ലണ്ടൻ നിവാസികൾ അന്വർത്ഥമാക്കി. ഒരു മദാമ്മയാണ് അയാൾക്ക് വഴികാട്ടിയായത്. കാതറിൻ. അവർക്ക് അയാളേക്കാൾ പൊക്കമുണ്ടായിരുന്നു. ആണഹന്തയെല്ലാം മാറ്റിവെച്ച് അയാൾ അവർക്കൊപ്പം നടന്നു. അയാൾക്ക് പോകേണ്ടുന്ന തെരുവ് വരെ ഒപ്പം നടന്നുചെന്ന് അപ്പാർട്ട്മെൻറിലേക്കുള്ള തിരിവിൽ അയാളെ കൊണ്ടുവിട്ടിട്ടേ അവർ മടങ്ങിയുള്ളൂ.
“നാട്ടിലെങ്ങാനുമാവണം. രാത്രി അതും ഒരു സ്ത്രീയോട് വഴി ചോദിച്ചിരുന്നെങ്കിൽ...”, ജാസ്മിനെ കണ്ടപ്പോൾ അയാൾ അതുംപറഞ്ഞ് നെടുവീർപ്പിട്ടു കൊണ്ട് ചിരിച്ചു. അവൾക്ക് പക്ഷെ ചിരി വന്നില്ല.
“ആണുങ്ങൾക്ക് ചിരിക്കാം. നാട്ടിലെ പെണ്ണുങ്ങടെ അവസ്ഥയൊന്ന് ഓർത്ത് നോക്ക്. രാത്രി ഏഴ് കഴിഞ്ഞ് ഏതേലും പെണ്ണിനെ പുറത്തുകണ്ടാല് മറ്റേ കണ്ണിലൂടല്ലേ നോക്കൂ. പാതിരാത്രി ആണൊരുത്തൻ വഴി ചോദിച്ചാല് അവരിനി പറഞ്ഞുകൊടുത്തില്ലേല് പോലും സാരല്ല്യ. ആണുങ്ങടെ നാടാക്കി വെച്ചിരിക്കല്ലേ? ഇവിടെ അങ്ങനല്ല. ഗ്ലോബൽ കോസ്മോപൊളിറ്റൻ സിറ്റിയാണ്”.
ബ്രിട്ടീഷ് ലൈബ്രറിക്കടുത്തുള്ള കറൻസി എക്സ്ചേഞ്ചിൽ നിന്നും ഫെല്ലോഷിപ്പ് തുക മുഴുവൻ മാറിക്കിട്ടിയതിന്റെ സന്തോഷത്തിൽ ജാസ്മിനെ കാണുവാനായി അവൾ പഠിക്കുന്നിടത്തേക്ക് ചെന്നതാണയാൾ. പഴയ കാമുകിയാണ്. ലണ്ടനിൽ വന്നിറങ്ങിയ കാര്യം ഫേസ്ബുക്കിൽ കണ്ട് അവൾ വോയ്സ് മെസേജ് അയച്ചിരുന്നു: “ഡാ ഞാനിവ്ടെ ലണ്ടനിലിണ്ട്. സോയാസില്...”
അവളെ കാണുമ്പോൾ ഒപ്പമൊരു സുന്ദരൻ ചെക്കനുമുണ്ടായിരുന്നു. “ഇത് അമിത് ശർമ്മ. ഇവ്ടെ ഡോക്ടറൽ ഫെല്ലോയാണ്”, അവൾ പരിചയപ്പെടുത്തി.
പേരിനൊന്ന് പുഞ്ചിരിച്ച് അയാൾക്ക് കൈകൊടുത്ത് ലൈബ്രറിയിലേക്കെന്നും പറഞ്ഞ് അമിത് പോയി. അയാൾ എന്തോ ചോദിക്കാനെന്നോണം അവളെ ഉറ്റുനോക്കി. അവൾക്ക് കാര്യം മനസ്സിലായി.
“ഇത് ആരാന്നല്ലേ? കെട്ട്യോനല്ല. ഓൻ പോളണ്ടിൽ കോൺഫറൻസിനു പോയിരിക്യാ. ഇത് ടൈംപാസ്”.
അയാൾ അവളെ അത്ഭുതംകൂറി നോക്കി.
“നീ പിന്നെ കെട്ടിയില്ലേ? ഗേൾ ഫ്രണ്ട്സുണ്ടോ?” അവൾ അയാളോട് ചോദിച്ചു.
“ഇല്ല,” തല താഴ്ത്തി ശബ്ദമുയർത്താതെ അയാൾ മറുപടി പറഞ്ഞു.
അവൾ തെല്ല് സംശയത്തോടെയൊന്ന് അയാളെ അടിമുടി നോക്കി.
“നിന്റെ പഴയ ഫിലോസഫി ആണോ? എന്താദ്? ആണും പെണ്ണൂം വ്യത്യസ്ത രാജ്യങ്ങളാണ്. ആണിനു ആണിനേയും പെണ്ണിനു പെണ്ണിനേയും മാത്രമെ മനസ്സിലാക്കുവാൻ സാധിക്കൂ... എന്തൊക്കെയാർന്ന്...”
അവളതും പറഞ്ഞ് ചിരിച്ചു.

ലണ്ടനിൽ വെച്ച് കാണാമെന്നു പറഞ്ഞപ്പോൾ പഴയ പ്രണയമോർത്ത് അയാൾ എന്തൊക്കെയോ വെറുതെ സ്വപ്നം കണ്ടിരുന്നു. അയാൾക്ക് തെല്ല് നിരാശ തോന്നി. പഴയ ശാലീനസുന്ദരിയിൽ നിന്നും അവൾ ഏറെ മാറിപ്പോയിരിക്കുന്നു. കാമം ജ്വലിച്ചു നിൽക്കുന്നതു കൊണ്ടായിരിക്കണം വല്ലാത്തൊരു തിളക്കം അവളുടെ മുഖത്തുണ്ട്. ആദ്യമായി കണ്ടപ്പോൾ തോന്നിയ അതേ കൌതുകത്തോടെയും ആശയോടെയും അയാൾ അവളുടെ മുഖത്തേക്ക് വീണ്ടും നോക്കി. അവൾ പ്രകാശിച്ചുകൊണ്ടിരുന്നു.
“വാ നമുക്ക് എന്തേലും കഴിക്ക്യാ...”
അവൾ വിളിച്ചപ്പോൾ അയാൾ എഴുന്നേറ്റു.
“ഇവിടേ ഹരേ കൃഷ്ണക്കാര് ഫ്രീയായി ഭക്ഷണം വിതരണം ചെയ്യും. ഞാനതാ കഴിക്കാറ്. നല്ല ഫുഡ്ഡാ. നേരത്തെ ചെന്നില്ലേല് ചിലപ്പോ ഒന്നും കിട്ടില്ല. വെജിറ്റേറിയനാ... നിനക്ക് കുഴപ്പമില്ലല്ലോ?”
“ഇല്ല... പക്ഷേ നമുക്ക് വേണമെങ്കിൽ... എന്റേൽ ഇപ്പോ പണമുണ്ട്...”
“നീ വാ... ഇല്ലേൽ ഫുഡ് കിട്ടില്ല.”
അവൾ അയാളെ കടന്ന് മുന്നോട്ടോടി. പിന്നാലെ ഓടിക്കിതച്ച് ചെല്ലുമ്പോൾ ശുഭ്രവസ്ത്രധാരികളായ സന്ന്യാസിമാർക്കടുത്തായി മരച്ചുവട്ടിൽ അഗ്നിപരീക്ഷ കഴിഞ്ഞ സീതാദേവിയായി അവൾ നിൽക്കുന്നു.
“നമ്മള് അൽപ്പത്തിന് വൈകിപ്പോയി. ചോറും ചെറുപയർ കറിയേള്ളൂ... മതിയാ?”
“ഓ...”
തണുത്ത ചോറും ഉപ്പില്ലാത്ത ചെറുപയർ കറിയും കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ പറഞ്ഞു: “നിന്നോട് പറയാനിരിക്കാർന്നൂ. ഇവിടത്തെ മോഷ്ടാക്കളെ സൂക്ഷിക്കണം. നീ ഫെല്ലോഷിപ്പ് തുക എന്റെ അക്കൌണ്ടിലേക്കിട്ടേക്ക്. ഞാൻ കാർഡ് തരാ. ആവശ്യത്തിന് എടുക്കാലോ...”
അയാൾ ഒന്നും പറഞ്ഞില്ല. പഴയ കാമുകിയേക്കാൾ അയാൾക്ക് ലണ്ടനിലെ മോഷ്ടാക്കളെ വിശ്വാസമായതു കൊണ്ടാണോ? അതൊന്നുമല്ല. അലസത. സ്വതസിദ്ധമായ മടി. അതല്ലെങ്കിൽ...
“ഒരു തമാശ പറയട്ടെ?” അവൾ ചോദിച്ചു. അയാൾ തലയാട്ടി.
“നിന്നെ വിട്ടതിനു ശേഷം ഞാനൊരു നാടൻ പാട്ടുകാരനെയാ പ്രണയിച്ചത്. കലാഭവൻ മണിയെപ്പോലെ പാടുന്നോൻ. വാപ്പക്ക് അംബേദ്കറിന്റെ പുസ്തകങ്ങൾ കൊണ്ടുകൊടുത്തിരുന്നത് അവനാ... വാപ്പക്ക് വല്യ കാര്യാർന്നൂ... നിക്കും...”
അവൾ കണ്ണിറുക്കി.
“എന്നിട്ട്?”
“എന്നിട്ടെന്താ.. കാര്യത്തോട് അടുത്തപ്പോ വാപ്പക്ക് അവനെ കണ്ണിനു പിടിച്ചില്ല”
“നിനക്കോ?”
“എനിക്കും, അല്ലാണ്ടെന്താ ചെയ്യാ?”
“സാബാ മഹ്മൂദും തലാൽ ആസാദുമൊക്കെ വായിച്ചിട്ടും നിനക്കും നേരം വെളുത്തില്ലാരുന്നല്ലേ?”
അവൾ നാണംകെട്ടൊരു വളിച്ച ചിരി ചിരിച്ചു.
വാരാന്ത്യത്തിൽ ലണ്ടനിലെ നൈറ്റ് ക്ലബ്ബുകൾ സന്ദർശിക്കുവാൻ അയാൾക്ക് പരിപാടിയുണ്ടായിരുന്നു. രാവിലെ ഹൈഗേറ്റ് സെമിത്തേരി വരെ പോയി കാൾ മാർക്സിന്റെ ശവകുടീരം സന്ദർശിക്കണം. വൈകുന്നേരം നൈറ്റ് ക്ലബ്ബ്. ജാസ്മിൻ ഒഴിഞ്ഞുമാറി.
“ഇല്ലെടാ നീ പൊക്കൊ... എനിക്ക് ഡേറ്റിംഗുണ്ട്. പിന്നെ സൂക്ഷിച്ചു പോണേ. ലോക്കൽസല്ലാത്തവന്മാരെ ഒറ്റയ്ക്കു കണ്ടാൽ പിടിച്ചു നിർത്തി കൊള്ളയടിക്കുന്ന ഗുണ്ടാസംഘങ്ങളുണ്ട്. നൈറ്റ് ക്ലബ്ബുകളാ അവന്മാരുടെ താവളങ്ങള്”.
ഗൂഗിൾ ചെയ്തു നോക്കി. റിവ്യൂ വായിച്ചപ്പോൾ അവൾ പറഞ്ഞത് ശരിയാണ്. ഏതൊരു ഒന്നാം ലോകവും ഒരു അധോലോകത്തെ ഉള്ളിൽ പേറുന്നുണ്ട്. എന്തായാലും ആദ്യം മാർക്സിനെ തേടി യാത്ര പോകാമെന്ന് ഉറപ്പിച്ചു. കൂടിവന്നാൽ അവിടെ നാട്ടിൽ നിന്നും കോട്ടും സ്യൂട്ടുമിട്ട് വന്ന് ലാൽസലാം വിളിക്കുന്ന ഏതെങ്കിലും സഖാവിനെ കണ്ടുമുട്ടിയേക്കാമെന്ന കുഴപ്പം മാത്രമല്ലേയുള്ളൂ.

റൂട്ടെല്ലാം നോക്കി മനസ്സിലാക്കി ബസ്സുകൾ മാറിക്കയറിയാണ് പോയത്. ഉച്ചയായി എത്തിയപ്പോൾ. കുറച്ചു സന്ദർശകരേയുള്ളൂ. അവർ അവിടേയും ഇവിടെയുമായി കൂടിനിൽക്കുന്നു. മാർക്സിന്റെ ടൂറിസ്റ്റ് മൂല്യം കുറഞ്ഞോ? അതൊരു തമാശയായി ഓർത്ത് മനസ്സിൽ ചിരിച്ചാണ് മുന്നോട്ടു നടന്നത്. മാർക്സിന്റെ പ്രതിമക്ക് മുൻപിൽ എത്തിയപ്പോൾ കൂറച്ചുപേർ അവിടെ കൂട്ടംകൂടി നിന്ന് മുദ്രാവാക്യം വിളിക്കുന്നു. കുറച്ചു ജർമ്മൻ പഠിച്ചിട്ടുള്ളതു കൊണ്ട് അവരുടെ ഭാഷ മനസ്സിലായി. ജർമ്മൻകാർ കാൾ മാർക്സിനു മുദ്രാവാക്യം വിളിക്കുന്നതും കേട്ട് കോരിത്തരിച്ച് അയാളവിടെ അങ്ങനെ നിന്നു.
തിരിച്ച് ഹോക്സ്റ്റനിലെത്തിയപ്പോൾ വൈകുന്നേരമായിക്കഴിഞ്ഞിരുന്നു. വല്ലാത്ത വിശപ്പ്. മിഡിൽ ഈസ്റ്റുകാരുടെ ഫാസ്റ്റ്ഫുഡ് ഷോപ്പിൽ കയറി ഫിഷും ചിപ്സും കോളയും ഓർഡർ കൊടുത്തു. അതാണ് ഇവിടത്തെ സാധാരണക്കാരുടെ സ്ഥിരം ഭക്ഷണം. കുറഞ്ഞ വിലയ്ക്ക് കടകളിൽ നിന്നും അതേ കിട്ടൂ. ഇവിടെയാണെങ്കിൽ കടകളിൽ വിലക്കുറവുമുണ്ട്.
റൂമിലെത്തി ഒന്നു നടുനിവർത്തുവാനായി കുറച്ചുനേരം കിടന്നു. പിന്നെ രണ്ടും കൽപ്പിച്ച് അടുത്തുള്ള നൈറ്റ് ക്ലബ്ബുകൾ സെർച്ച് ചെയ്തു. ഒന്നുരണ്ടെണ്ണം കുറച്ചു മാറിയുള്ള ലെയിനിൽ തന്നെയുണ്ട്. കുളിച്ച് ഫ്രെഷായി ഇറങ്ങി. അൽപ്പം ഇടുങ്ങി ഇരുട്ടുമൂടിയ ലെയിനിലൂടെയാണ് നടന്നത്. പുറത്തായി സെക്സ് വർക്കേഴ്സ് എന്നു തോന്നിക്കുന്ന ചില സ്ത്രീകൾ മദ്യപിച്ചു ലക്കുകെട്ട് നിൽപ്പുണ്ട്. തെറ്റിദ്ധരിച്ചതാണ്. അൽപ്പവസ്ത്രധാരികളും മദ്യപിക്കുന്നവരുമായ സ്ത്രീകളെല്ലാം സെക്സ് വർക്കേഴ്സ് ആണെന്ന പൊതുധാരണയിൽ അയാളും പെട്ടുപോയതാണ്. അവരെ കടന്ന് മുമ്പോട്ട് പോയപ്പോൾ നിയൊ-നോയ്ർ സിനിമകളെ അനുസ്മരിപ്പിക്കുന്ന വെളിച്ചവിതാനങ്ങളുള്ള ഒരു കെട്ടിടത്തിനു മുന്നിലെത്തി. ‘ഗോൾഡൻ ബ്യൂട്ടി’ എന്നെഴുതി വെച്ച ബോർഡിൽ പല നിറത്തിലുള്ള ബൾബുകൾ കത്തിക്കൊണ്ടിരുന്നു.
രണ്ടു ബൌൺസർമാർ പുറത്ത് കവാടത്തിനരികിലായി നിൽപ്പുറപ്പിച്ചിട്ടുണ്ട്. തെല്ല് പരിഭ്രമത്തോടെ അവരോട് “ഗോൾഡൻ ബ്യൂട്ടി ക്ലബ്ബ്...?” എന്നയാൾ വിക്കിക്കൊണ്ട് ചോദിച്ചു. മെറ്റൽ ഡിറ്റക്റ്റർ കൊണ്ട് പരിശോധിച്ച ശേഷം അവർ അയാളെ അവിടത്തെ ഹാപ്പി അവറിലേക്ക് കടത്തിവിട്ടു.
അകത്താകെ ഓറഞ്ച് വെളിച്ചം നിറഞ്ഞുനിന്നു. അയാളൊരു തിരക്കില്ലാത്ത മേശയിൽ ഇരിപ്പുറപ്പിച്ച് ബിയറിന് ഓർഡർ കൊടുത്തു. പൊടുന്നനെ മൂന്നാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോയെന്ന് തോന്നുമാറുച്ചത്തിൽ ചുറ്റിലും ഡ്രമ്മും ഗിറ്റാറും സാക്സഫോണും ഒരുമിച്ചലറി വിളിച്ചു. ഇടിമുഴക്കം പോലെ അതയാളുടെ ചെവിയിൽ ആഞ്ഞുപതിച്ചു. വെളിച്ചം കെട്ടു. പിന്നെ സംഗീതത്തിന്റെ അകമ്പടിയോടെ മുകളിൽ നിന്നും വെളിച്ചം വീണ സ്ഥലത്തേക്ക് അയാളുറ്റു നോക്കി.
നാടകത്തിന്റെ സ്റ്റേജിലെന്ന പോലെ സെറ്റ് ചെയ്ത പോളുകൾ കാണുമാറായി. പിന്നിലെ ഇരുട്ടിൽ നിന്നും കർട്ടൻ വകഞ്ഞുമാറ്റി അൽപ്പവസ്ത്രധാരിണികളായ മാദകസുന്ദരികൾ മദ്യപിച്ചുന്മത്തരായി ഇരിക്കുന്ന അവർക്കു മുന്നിലേക്ക് കടന്നുവന്നു. വെട്ടിത്തിളങ്ങുന്ന പോളുകളിൽ അവർ കാമാവേശത്തോടെ സർപ്പങ്ങളായി ചുറ്റിപ്പിണഞ്ഞു. ആർത്തി പിടിച്ച കണ്ണുകളോടെ എല്ലാവരേയും പോലെ അയാളും അവരുടെ നഗ്നതയിലേക്ക് തുറിച്ചുനോക്കി.
കറുകറുത്ത ഡാൻസറിനാണ് മാദകത്വം ഏറെയെന്ന് അയാളുടെ കാമക്കണ്ണുകൾ പറഞ്ഞു. വെളുപ്പും കറുപ്പും എന്ന വ്യത്യാസം ഇല്ലാതാക്കുന്ന ഏകശിലാസ്ഥാപനമായി കാമം ആയൊരു നിമിഷത്തേക്ക് മാറിയോ എന്നയാൾ ബുദ്ധി കൊണ്ടോർത്തു. പിന്നെ അതുമാറ്റി വെച്ച് ഹൃദയം കൊണ്ട് ആ കാഴ്ച ആസ്വദിക്കുവാൻ തുടങ്ങി.

മുന്നിലെ സ്റ്റേജിൽ കുത്തനെ നിൽക്കുന്ന പോളിൽ വട്ടംചുറ്റി രതികാമനകളുടെ രാജകുമാരിമാരായി വെളുപ്പും കറുപ്പും നിറമാർന്ന നർത്തകികൾ ആടുകയും അതോടൊപ്പം വസ്ത്രങ്ങൾ ഓരോന്നായി ഊരിയെറിയുകയും ചെയ്തു. പരിപൂർണ്ണ നഗ്നരായി അവർ അയാൾക്കു മുന്നിൽ നിന്നു. കറുത്ത സുന്ദരി അയാളെ നോക്കി മാദകമായി പുഞ്ചിരിച്ചു. അറിയാതെ പോക്കറ്റിൽ നിന്നും ബ്രിട്ടീഷ് പൌണ്ട് പുറത്തെടുത്ത് അവൾക്കു നേരെ അയാൾ നീട്ടി. നഗ്നമായ മാറിടം താഴ്ത്തി കുലുക്കിക്കൊണ്ട് അവളത് തഞ്ചത്തിൽ വാരിപ്പുണർന്നെടുത്തു. വെളിച്ചം കെടുകയും സ്റ്റേജിൽ നിന്നും നർത്തകിമാർ അപ്രത്യക്ഷരാവുകയും ചെയ്തിട്ടും ആ കാഴ്ചയുടെ മാസ്മരികപ്രഭയിൽ മുങ്ങി അയാൾ കുറേനേരം അവിടെത്തന്നെ ഇരുന്നു.
അവിടെ വെച്ചാണ് ബ്രയനെ പരിചയപ്പെട്ടത്. നിലത്തു വീണു കിടന്ന വാലറ്റ് എടുത്തുകൊണ്ട് “ഇത് താങ്കളുടേതാണോ?” എന്നു ചോദിച്ചാണ് അയാൾ വന്നത്. അയാളിൽ കത്തി നിന്ന കറുത്തനിറം കണ്ട് ആദ്യമൊന്ന് ഭയന്നു. ഗുണ്ടയെന്നാണ് കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടുപരിചയമുള്ള മുഖം. ഹോക്സ്റ്റനിൽ വെച്ച് കണ്ടിട്ടുണ്ട്. അതെ. അയാൾ തന്നെ. കെട്ടിടത്തിനു താഴെ നിന്നും ആരോ കൊണ്ടിട്ട പഴയ സോഫ ചുമലിലേറ്റി അഞ്ചാം നിലയിലേക്ക് നടന്നു കയറുന്ന ആറടിയിലേറെ പൊക്കമുള്ള ആജാനുബാഹുവായ മനുഷ്യൻ.
“ഞാൻ ബ്രയൻ,” അയാൾ സ്വയം പരിചയപ്പെടുത്തി. അവർ കൈകുലുക്കി. പിന്നെ ബിയർ മഗ്ഗിന്റെ സാഹോദര്യത്തിൽ അലിഞ്ഞു ചേർന്നു.
ബ്രയൻ ഒരു ബ്ലൂസ് സംഗീതജ്ഞനാണ്. പബ്ബിൽ ശനിയാഴ്ച വൈകുന്നേരം അയാൾ സാക്സഫോൺ വായിക്കും. ബ്രിട്ടീഷ് ലൈബ്രറിയിലെ കോഫിഹൌസിൽ വെച്ച് റിച്ചാർഡ് പറഞ്ഞത് ഓർത്തു: “ആദ്യകാലത്തെ ബ്രിട്ടീഷ് ബ്ലാക്ക് പോപ് സംഗീതജ്ഞർ ഒത്തുകൂടി താമസിച്ചിരുന്ന ഇടമാണ് ഹോക്സ്റ്റൻ. അവിടെയാണ് നിങ്ങളിപ്പോൾ താമസിക്കുന്നത്.”
അയാൾക്കതൊരു പുതുമയായിരുന്നു. ബ്രിട്ടീഷ് ബ്ലാക്ക് സംഗീതത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു. ഇപ്പോഴിതാ നൈറ്റ് ക്ലബ്ബിലെ ഇരുട്ടിൽ അയാളാ ചരിത്രത്തെ കണ്ടുമുട്ടിയിരിക്കുന്നു. ബ്രയനെ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ട് ബിയർ മൊത്തിക്കുടിച്ച് അയാളിരുന്നു.
സംസാരത്തിനിടയിൽ കാൾ മാർക്സിന്റെ ശവകുടീരം സന്ദർശിച്ച കാര്യം അയാൾ അറിയാതെ പറഞ്ഞുപോയി. ബ്രയന് അത് ഇഷ്ടപ്പെട്ടേക്കുമെന്ന് തോന്നി. മഗ്ഗിലുണ്ടായിരുന്ന ബിയർ ഒറ്റവലിക്ക് കുടിച്ചു തീർത്ത് അയാളെയൊന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് ബ്രയൻ ചോദിച്ചു: “നിങ്ങൾ മാർക്സിസ്റ്റാണോ?”
“അല്ല,” അയാൾ മറുപടി പറഞ്ഞു.
“അവിടെ പോകുന്നത് അധികവും മാർക്സിസ്റ്റുകളാണ്.”
“ആണോ? ലണ്ടനിലെത്തുന്ന മലയാളികൾക്ക് അതൊരു ചടങ്ങാണ്. പിന്നെ ഫോട്ടോയെടുത്ത് ഇൻസ്റ്റായിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യും. പൊളിറ്റിക്കൽ ഓർഗാസം കിട്ടാൻ അതുമതി”, അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“പക്ഷെ അവിടെ നിന്നപ്പോൾ ശരിക്കും കോരിത്തരിച്ചുപോയി. അരികെ നിന്ന് ആ ജർമ്മൻകാർ മുദ്രാവാക്യം വിളിച്ചപ്പോൾ ഞാനെന്റെ കോളജ് പഠനകാലം ഓർത്തു”, അയാൾ അയവിറക്കി.
“നൊസ്റ്റാൾജിയയെ നിങ്ങൾ രാഷ്ട്രീയമായി തെറ്റിദ്ധരിച്ചിരിക്കുന്നു. നിങ്ങളവിടെ സ്റ്റുവർട്ട് ഹാളിന്റെയോ എറിക് ഹോബ്സ്മോമിന്റെയോ ശവകുടീരം കണ്ടോ? ഹൈഗേറ്റ് സെമിത്തേരിയിൽ തന്നെയാണ് അവരെയും അടക്കിയിട്ടുള്ളത്”, ബ്രയൻ ഓർമ്മിപ്പിച്ചു.
“എനിക്ക് അറിയില്ലായിരുന്നു...”, അയാൾക്ക് വിക്കൽ വന്നു.
“സ്റ്റാലിനാണ് നിങ്ങളുടെ മാർക്സ്. അത് ഇനിയെങ്കിലും തിരിച്ചറിയുക”, ബ്രയൻ ക്ഷുബ്ധനായി. അത് കേൾക്കാനിഷ്ടമില്ലാത്തത് പോലെ അയാൾ മുഖം തിരിച്ചു.
ബാഗിൽ നിന്നുമൊരു പുസ്തകം ബ്രയൻ പുറത്തെടുത്തു. സ്റ്റുവർട്ട് ഹാളിന്റെ ‘ഫമിലിയർ സ്ട്രേഞ്ചർ’ എന്ന പുസ്തകമാണ്. അയാളുടെ കണ്ണുകൾ വിടർന്നു.
പുസ്തകം മറച്ചുനോക്കിയിരിക്കുമ്പോഴേക്കും ലിൻഡ വന്നു. പോൾ ഡാൻസറായ കറുത്ത മാദകസുന്ദരി. ബ്രയന്റെ ഗേൾഫ്രണ്ടാണവൾ. അവൾക്ക് നേരെ നോക്കുവാൻ സാധിക്കാതെ മുഖംതിരിച്ച് ദുർബലമായൊരു “ഹായ്,” പറഞ്ഞ് അയാൾ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. അവളെ നോക്കുമ്പോഴെല്ലാം നഗ്നയായി അവൾ പോൾ ഡാൻസ് ചെയ്യുന്നതിന്റെ ദൃശ്യം അയാളെ അലട്ടി.
അതു മറച്ചുവെയ്ക്കുവാനായി അയാൾ ബ്രയനോട് ചോദിച്ചു: “പറ നിങ്ങളെക്കുറിച്ച് കൂടുതൽ പറ. പഠിച്ചതെവിടെയാ? ക്ലാസ് മുറിയിലെ ചർച്ചകളിൽ നിങ്ങൾ കസറിക്കാണുമല്ലോ അല്ലേ? നിങ്ങൾ രാഷ്ട്രീയം പറയുന്നത് കേൾക്കുമ്പോൾ കൊതിയാവുന്നു...”
ബ്രയൻ അയാളെ നോക്കി നിസ്സംഗനായി ഒന്നു ചിരിച്ചു.
“ജെൻഡറും റേയ്സും മനുഷ്യാവകാശവുമൊക്കെ വിഷയമായ ക്ലാസ്സിൽ വെള്ളക്കാരികളായ ലിബറൽ ഫെമിനിസ്റ്റുകൾക്കിടയിൽ ഒരു കറുമ്പൻ പയ്യൻ മാത്രം. വലിയ ഫീസ് കൊടുത്താണ് അവനും പഠിക്കുന്നത്. അതിനുള്ള പണമൊപ്പിക്കുവാനായി അവൻ ക്ലാസ് കഴിഞ്ഞാൽ പണിയെടുക്കുവാൻ പോകും. ക്ലാസ്സിൽ അവൻ ഒറ്റയ്ക്കാണ്. വെള്ളക്കാരികൾ പുരോഗമനമൊക്കെ പ്രസംഗിക്കുമെങ്കിലും ഉള്ളിൽ അവനോട് പുച്ഛമാണ്. അവനതൊന്നും വിഷയമായിരുന്നില്ല. അവനെന്നും അവരോട് കലഹിച്ചുകൊണ്ടിരുന്നു...”
“അവന്റെ കഥയാണ് എനിക്ക് കേൾക്കേണ്ടത്. അതിലൊരു ത്രില്ലുണ്ട്...”
ബ്രയൻ വീണ്ടും ബിയർ ഓർഡർ ചെയ്തു. “ഇത് കഥയല്ല. ഇതാണ് എന്റെ ജീവിതം”, ബ്രയൻ കടുപ്പിച്ച് പറഞ്ഞപ്പോൾ അയാൾ വല്ലാണ്ടായി.
“എന്നിട്ട്? എന്നിട്ടെന്തായി?” അയാൾക്ക് ആകാംക്ഷ അടക്കുവാനായില്ല.
“എന്നിട്ടെന്താവാൻ? അവർ അവനെ സ്ത്രീവിരോധിയായി മുദ്രകുത്തി. അങ്ങനെ അവൻ കോളജിൽ നിന്നും പുറത്തായി. ഇപ്പോൾ നിശാക്ലബ്ബുകളിൽ പീപ്പി വായിച്ച് ജീവിക്കുന്നു. അതുകൊണ്ടൊരു ഗുണമുണ്ടായി...”
“എന്താ?”
“അവിടെ വെച്ചാണ് ലിൻഡയെ കണ്ടുമുട്ടിയത്. വലിയ വായിൽ പുരോഗമനം പ്രസംഗിച്ചു നടക്കുന്നവരെപ്പോലല്ല ലിൻഡ. തുണിയുരിഞ്ഞാണവൾ ജീവിക്കുന്നത്. ഇസങ്ങൾ വിറ്റു ജീവിക്കുന്നവരേക്കാൾ അന്തസ്സുണ്ട് അവൾക്ക്...”
ബ്രയൻ വികാരാധീനനാകുവാൻ തുടങ്ങി. വിഷയം മാറ്റുവാനായി വേറെ എന്തു പറയും എന്നാലോചിച്ച് അയാൾ തലപുകച്ചിരുന്നു.
“അതുവിട്. അതൊക്കെ അത്രേള്ളൂ...,” ബ്രയൻ അലറിച്ചിരിച്ചു. ബ്രയനൊപ്പം അയാളും ചിരിച്ചു. വിസ്ക്കി നുണഞ്ഞുകൊണ്ട് ലിൻഡ അതുനോക്കി പുഞ്ചിരിച്ചുകൊണ്ട് അവർക്കരികിലിരുന്നു. അവൾക്ക് എന്തോ പറയുവാനുണ്ടെന്ന് അയാൾക്ക് തോന്നി. ലിൻഡ പറഞ്ഞു: “എനിക്ക് ബ്രയനെ മനസ്സിലാവും. ആ മനസ്സിലാക്കലാണ് എന്റെ രാഷ്ട്രീയം. അതിന്മേലാണ് ഞങ്ങളുടെ സൌഹൃദവും വളർന്നത് ...”
ബ്രയനെ കെട്ടിപ്പിടിച്ച് അയാളുടെ കറുത്ത ചുണ്ടിൽ അവൾ അമർത്തി ചുംബിച്ചു.
“നിശാക്ലബ്ബുകളിലേക്ക് വാ... വന്ന് ഞങ്ങൾ തുണിയുരിയുന്നത് കാണ്... കണ്ടുപഠിക്ക്”
ലിൻഡയും ബ്രയനും പരസ്പരം ചുണ്ടുകൾ കൊണ്ട് നൃത്തം വെച്ചു കളിച്ചു. അതുകണ്ട് ലജ്ജിച്ചു ചൂളിയൊരു ഇന്ത്യക്കാരനായി അയാൾ അവർക്കു മുന്നിൽ വിരണ്ടിരുന്നു.
ലിൻഡ കെട്ടിപ്പിടിച്ചപ്പോൾ ബ്രയന്റെ ടീഷർട്ട് തെന്നിമാറി നഗ്നമായ പുറംഭാഗം അനാവൃതമായി. പൊള്ളലേറ്റ പാടുകൾ അവിടെ ഉഴവുചാലുകളായി പരന്നുകിടന്നു. ലിൻഡയുടെ കൂർത്തവിരലുകൾ അതിലൂടെ ഫണം വിടർത്തി ഇഴഞ്ഞുനീങ്ങിയപ്പോൾ അയാൾ കണ്ണെടുത്ത് ഇരുട്ടിലേക്ക് തുറിച്ചു നോക്കി.
അയാൾ താമസിച്ചിരുന്ന ഷെയേർഡ് ഫ്ലാറ്റിൽ പുതിയ താമസക്കാർ വന്നുംപോയുമിരുന്നു. അതീവ സുന്ദരികളായ രണ്ട് സ്പാനിഷ് യുവതികൾ, യൂറോപ്പിൽ നിന്നുള്ള നവ ദമ്പതിമാർ, തായ്ലണ്ടിൽ നിന്നും അവധിക്കാലം ആഘോഷിക്കുവാനെത്തിയ യുവതികൾ. ലണ്ടനിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന അമേരിക്കക്കാരൻ യുവാവാണ് അവസാനമെത്തിയത്. ജോസഫ്. അയാളെപ്പോഴും കറക്കത്തിലായിരുന്നു. കണ്ടാലുടൻ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് “ഹായ്,” പറയും. പിന്നെ വൈൻ ഓഫർ ചെയ്യും. അവനുമായി അയാൾ ഇടയ്ക്ക് അടുക്കളയിൽ വൈൻ കുപ്പിയുമായി കൂടി.
വെള്ളരിക്കയും തക്കാളിയും അരിഞ്ഞുണ്ടാക്കിയ സാലഡും, യോഗർട്ട് കൂട്ടി ബാസ്മതി ചോറും പുഴുങ്ങിയ മുട്ടയുമായിരുന്നു അയാളുടെ പ്രധാന ഭക്ഷണം. ബ്രിട്ടീഷ് ലൈബ്രറിയിൽ പോകുമ്പോൾ മാത്രം പുറത്തു നിന്നും ഭക്ഷണം കഴിക്കും.
വൈകുന്നേരം തിരിച്ചെത്തി മുഖമെല്ലാം കഴുകി പുറത്തിറങ്ങിയപ്പോൾ വരാന്തയിൽ ആകാശവും നോക്കി സ്വയം വർത്തമാനം പറഞ്ഞു കൊണ്ട് ബ്രയൻ. മുന്നിലെ കൊച്ചുമേശപ്പുറത്ത് വൈൻ കുപ്പി. വൈൻ ഗ്ലാസ് ഉയർത്തിക്കാണിച്ച് ബ്രയൻ അയാളെ ക്ഷണിച്ചു. അകത്തുപോയി വൈൻ ഗ്ലാസ് എടുത്തുകൊണ്ടു വന്ന് അതിൽ പാതി റെഡ് വൈൻ നിറച്ചു. ചിയേഴ്സ് പറയുമ്പോൾ അയാൾ പതിവിൽ നിന്നും വ്യത്യസ്തമായി ദു:ഖിതനായി തോന്നിച്ചു.
“എന്തുപറ്റി ബ്രയൻ?” അയാൾ ചോദിച്ചു.
“ഒന്നുമില്ല...”
ദൂരെ ആകാശസീമയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് ബ്രയൻ നിന്നു.
“ബ്രയൻ...”
ശബ്ദമുയർത്തി വിളിച്ചപ്പോൾ ബ്രയൻ ഒന്നു തിരിഞ്ഞു.
“ഒരു കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു. നിങ്ങളുടെ ശരീരം മുഴുവനും പൊള്ളലേറ്റ പാട് കണ്ടു...”
അയാൾക്കത് മുഴുമിപ്പിക്കുവാനായില്ല, അതിനുമുമ്പ് ധരിച്ചിരുന്ന ടീഷർട്ട് ബ്രയൻ ഊരിമാറ്റി. പൊള്ളലേറ്റു തിണർത്ത പാടുകൾ ശരീരം മുഴുവൻ വരിഞ്ഞുമുറുക്കുമാറ് മലമ്പാമ്പായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.
“ഗ്രെൻഫെൽ ടവർ ഫയറിനെ* പറ്റി കേട്ടിട്ടുണ്ടോ? 72 പേരാണതിൽ കൊല്ലപ്പെട്ടത്. അതിൽ നിന്നും രക്ഷപ്പെട്ടവരിലൊരാളാണ് ഞാൻ. വർക്കിംഗ് ക്ലാസ്സിൽപ്പെട്ട പാവങ്ങൾ തിങ്ങിപ്പാർത്തിരുന്ന 24 നിലകളുള്ള ഫ്ലാറ്റ് സമുച്ചയം. ലിബറൽ ജനാധിപത്യത്തിന്റെ ഔദാര്യം. റിയൽ എസ്റ്റേറ്റ് മുതലാളിമാരുടെ ലാഭക്കൊതിയിൽ ബലിയാടായത് തൊഴിലാളികൾ. വിപ്ലവങ്ങളെല്ലാം അസ്തമിച്ച ഒന്നാംലോകത്തിലെ രക്തസാക്ഷികൾ...”
ബ്രയൻ അയാളെ കെട്ടിപ്പിടിച്ചു.
“ലിഫ്റ്റ് പ്രവർത്തിക്കാത്ത ഈ കെട്ടിടവും മറ്റൊരു ഗ്രെൻഫെൽ ടവർ തന്നെയാണ്. പാവപ്പെട്ടവർക്ക് വാടക കൊടുത്ത് ഇവിടെയല്ലാതെ ഈ നഗരത്തിൽ പാർക്കാനാവില്ല. ബ്രദർ, നീയും ഞാനും നമ്മുടെ ലോകങ്ങളും പൊള്ളുന്ന തീയ്ക്കു മുന്നിൽ സമന്മാരാകുന്നു...”
ബ്രയൻ വിങ്ങിപ്പൊട്ടിക്കരഞ്ഞു. ഗ്രെൻഫെൽ ആക്ഷൻ ഗ്രൂപ്പുമായി സഹകരിച്ച് പ്രതിഷേധ കാമ്പെയ്നുകളും നിയമപോരാട്ടവുമായി പ്രവർത്തിക്കുകയാണ് അയാൾ. അതുമായി ബന്ധപ്പെട്ട എന്തോ പ്രശ്നത്തിലാണെന്ന് തോന്നുന്നു. എങ്കിലും ഇത്രയും ദു:ഖിതനും രോഷാകുലനുമായി ബ്രയനെ മുമ്പ് കണ്ടിട്ടില്ല.
ബ്രയൻ അയാളെ വിടാതെ കെട്ടിപ്പിടിച്ചുനിന്നു. പിന്നെ പിടിവിടുവിച്ച് അകത്തേക്ക് പോയി തന്റെ സാക്സഫോണുമായി തിരികെ വന്നു. മഴക്കാർ മൂടിക്കെട്ടിയ ആകാശത്തിനു കീഴെ ഒഴിഞ്ഞ വൈൻ ഗ്ലാസ്സുകളെ സാക്ഷിയാക്കി ബ്ലൂസ് സംഗീതം ഒഴുകിപ്പരന്നു.

“നിങ്ങൾ വല്ലാതെ ഒറ്റയ്ക്കാണല്ലേ?” ഇടയ്ക്ക് സാക്സഫോൺ വായിക്കുന്നത് നിർത്തി ബ്രയൻ അയാളോട് ചോദിച്ചു.
“ഇവിടെ ലണ്ടനിൽ എനിക്കങ്ങനെ ആരുമില്ല...,” അയാൾ പരുങ്ങി.
“ഇവിടെ മാത്രമാണോ?”
ബ്രയൻ അതു ചോദിച്ചപ്പോൾ അയാൾ ഒന്നും മിണ്ടാനാവാതെ തരിച്ചിരുന്നു പോയി. പ്രണയത്തിലും വിവാഹത്തിലും എല്ലാം അയാൾ എന്നും തനിച്ചായിരുന്നു.
“നിങ്ങളെ ഞാൻ ഒരിടത്തേക്ക് കൊണ്ടുപോകാം. വരുന്നോ?”
ആ വാരാന്ത്യത്തിൽ ബ്രയനൊപ്പം അയാൾ പോയി. ഹെവൻ എന്ന പേരുള്ള പബ്ബ്. അവിടെ ഇരിക്കുമ്പോൾ ഈ ലോകത്തിൽ ഒറ്റയ്ക്കാണെന്ന തോന്നൽ അയാളെ അലട്ടിയതേയില്ല. പലവർണ്ണത്തിലുള്ള ആണുങ്ങൾ, പല രാജ്യങ്ങളിൽ നിന്നുള്ളവർ അവിടെ വന്നുംപോയുമിരുന്നു. അതിന്റെ വൈവിധ്യമാർന്ന വർണ്ണരാജികൾ അയാളിൽ തട്ടിത്തിളങ്ങി.
ഏറെ വൈകിയാണ് അവർ തിരിച്ചെത്തിയത്. അതിന്റെ ക്ഷീണം തീർക്കാൻ അടുത്ത ദിവസം മുഴുവൻ അയാൾ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ പുറത്തിറങ്ങി ആദ്യം തിരക്കിയത് ബ്രയനെയാണ്.
“ബ്രയൻ ജോലിക്ക് പോയി”, ലിൻഡ പറഞ്ഞു. അവളുടെ കണ്ണിൽ ഉറക്കം പോൾ ഡാൻസ് കളിച്ചുകൊണ്ടിരുന്നു.
വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ജോലിയിൽ കോൺട്രാക്റ്റ് സ്റ്റാഫായി കയറിയിട്ടുണ്ടെന്ന് ബ്രയൻ പറഞ്ഞിരുന്നു. ട്രക്കിൽ തൂങ്ങി റോഡരുകിൽ വെച്ച കുപ്പത്തൊട്ടികളിൽ നിന്ന് മാലിന്യങ്ങൾ കോരുന്ന ബ്രയനെ അയാൾ സങ്കൽപ്പിച്ചു. അയാൾക്കെന്തോ വല്ലാത്തപോലെ തോന്നി.
മനോഹരമായ നടപ്പാതകളുള്ള നഗരമാണ് ലണ്ടൻ. താമസസ്ഥലത്തേക്ക് നടന്നെത്താൻ നാൽപ്പത്തിയഞ്ച് മിനിറ്റ് സമയമെടുക്കും. അയാളന്ന് നടന്നു പോകുവാൻ തീരുമാനിച്ചു. കാഴ്ചകൾ കണ്ട്, മൂളിപ്പാടും പാടി, ഇടയ്ക്കൊന്ന് വഴിയരികിൽ കാറ്റു കൊണ്ടിരുന്ന്... നടന്നുകൊണ്ടിരിക്കെ എന്തുകൊണ്ടോ വളരെ നാളുകൾക്കു ശേഷം അയാൾക്ക് ജാസ്മിൻ പഠിക്കുന്ന സ്കൂൾ ഓഫ് ഓറിയൻറൽ ആൻറ് ആഫ്രിക്കൻ സ്റ്റഡീസിലേക്ക് പോകുവാൻ തോന്നി.
ഹരേ കൃഷ്ണക്കാർ ഒഴിഞ്ഞുപോയ മരച്ചുവട്ടിൽ പുസ്തകവും തുറന്നുവെച്ച് ആകാശം നോക്കി സ്വപ്നം കണ്ട് ജാസ്മിൻ കുത്തിയിരുപ്പുണ്ടായിരുന്നു. അയാളെ കണ്ടിട്ടും മുഖത്തൊരു ഭാവമാറ്റമുണ്ടായില്ല. “ഹായ്” പറഞ്ഞ് അവൾക്കരികിൽ അയാളിരുന്നു. പെട്ടെന്ന് അവൾ വാചാലയായി.
“നെനക്കറിയ്വോ? ഈ സ്ത്രീകള് ഒരേസമയം ലോകം കീഴടക്കിയോരും അതേസമയം അയിന്റെ കാൽക്കീഴില് വീണുകിടക്കുന്നോരുമാ! വിചിത്രംല്ലേ?”
ഒന്നും മനസ്സിലാകാത്തതു പോലെ അയാൾ അവളെ നോക്കി.
“പറ. നെന്റെ കയ്യിലെ കാശ് മോഷണം പോയാ? അതല്ലേ നീയിപ്പോ എന്നെക്കാണാൻ വന്നേ?”
അവൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു. നാട്ടിൽ നിന്നും എഡ്യുക്കേഷണൽ ലോണെടുത്താണ് ലണ്ടനിൽ അവൾ പി.എച്ച്.ഡി.ക്ക് ചേർന്നിരിക്കുന്നത്. അവളുടെ ഭർത്താവും അവിടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയാണ്. അയാൾക്കു കിട്ടുന്ന ഫെല്ലോഷിപ്പ് തുകക്കുള്ളിൽ ഒതുങ്ങി ജീവിക്കണം.
“നാട്ടിലിരിക്കുന്നവരുടെ വിചാരം ഇവിടെ സുഖിച്ചു ജീവിക്ക്യാന്നാ... ഹരേ കൃഷ്ണക്കാർ തരുന്ന ഫ്രീ ഫുഡ് ഉള്ളതുകൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നു...”
അവളതും പറഞ്ഞൊന്ന് നെടുവീർപ്പിട്ടു. നാട്ടുമ്പുറത്തെ പയ്യാരം പറഞ്ഞിരിക്കുന്ന കിഴവിത്തള്ളയായി അവൾ മാറിയെന്ന് ഒറ്റനോട്ടത്തിൽ തോന്നിച്ചു.
“നീ വാ.. ഇന്ന് ഞാൻ ഭക്ഷണം വാങ്ങിത്തരാ,” അയാൾ അവളെ ക്ഷണിച്ചു.
“ഓകെ. പക്ഷെങ്കി അതു കഴിഞ്ഞാ ഞാൻ നിന്നെ വീട്ടിലിക്ക് കോഫി കുടിക്കാൻ ക്ഷണിക്കൂന്ന് ഇന്ത്യൻ പയ്യന്മാരെപ്പോലെ ചിന്തിച്ചേക്കരുത്.”
“മനസ്സിലായില്ല?”
“ഓ ഒന്നൂല്ല്യ,” അവൾ ഒഴിഞ്ഞുമാറി.
അവളുടെ കാമുകനെ കുറിച്ച് ചോദിക്കുവാൻ തുനിഞ്ഞതാണ്. പിന്നെ വേണ്ടെന്നു വെച്ചു. അവളെ വെറുതെ നോക്കിക്കൊണ്ട് അയാളിരുന്നു. പുസ്തകത്തിൽ നിന്നും മുഖമുയർത്തി അവൾ അയാളെയൊന്ന് നോക്കി. പിന്നെ പുരികം വളച്ച് പുഞ്ചിരിച്ചു.
“നെനക്ക് ലണ്ടനില് വന്ന്ട്ട് മലയാളി ഫുഡ് മിസ്സ് ചെയ്ണ്ടാ? ഇവിടെ ബ്രിട്ടീഷ് ലൈബ്രറിക്കടുത്ത് ഒരു മലയാളി റസ്റ്ററൻറുണ്ട്. രാഗം. ചന്ദ്രനില് മാത്രംല്ല ലണ്ടനിലും മലയാളിക്കട കാണും. കപ്പയും മീൻകറിയും കേരളാ ബീഫ്വൊക്കെ കിട്ടും. പോണോ?”
ഒന്നാലോചിച്ചിട്ട് അയാൾ പറഞ്ഞു: “വേണ്ട”.
കുറച്ചു ദൂരെ മാറി പാകിസ്താനികൾ നടത്തുന്ന റസ്റ്ററൻറിൽ കയറി രുചിയുള്ള ഭക്ഷണം കഴിച്ചതിനു ശേഷം തിരിച്ച് അവർ ഒരുമിച്ച് താമസസ്ഥലത്തേക്ക് നടന്നു. അയാൾ താമസിക്കുന്ന തെരുവിന് രണ്ടു സ്റ്റോപ്പ് മുമ്പത്തെ തെരുവിലാണ് അവൾ താമസിച്ചിരുന്നത്. തിരിവിൽ അവളൊന്ന് തിരിഞ്ഞുനിന്നു. ഫ്ലാറ്റിലേക്ക് ക്ഷണിക്കുമെന്നാണ് കരുതിയത്. എന്നാൽ അത് സംഭവിച്ചില്ല. അയാളെ അവസാനമായി കാണുന്നതു പോലെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു: “ബൈ.” അയാളും തിരിച്ച് “ബൈ” പറഞ്ഞു. അതിനുശേഷം അവർ തമ്മിൽ ഒരിക്കലും കണ്ടില്ല.
അവളുടെ ഫ്ലാറ്റിലേക്കുള്ള തിരിവ് കഴിഞ്ഞ് ഒരു ചെറിയ തടാകമുണ്ട്. അരയന്നങ്ങൾ അതിൽ നീന്തിത്തുടിച്ചു. വൈകുന്നേരങ്ങളിൽ അയാൾ അവിടെപ്പോയി കാഴ്ചകൾ കണ്ട് വെറുതെയിരുന്നു.
തടാകത്തിന്റെ കരയിലുള്ള ബെഞ്ചിൽ തന്നെപ്പറ്റി ആലോചിച്ചുകൊണ്ട് അയാൾ കണ്ണടച്ചു കിടക്കുകയായിരുന്നു. നാട്ടിൻപുറത്തെ ഠാ വട്ടത്തു നിന്നും പുറത്തുകടക്കുവാൻ മടിച്ചിരുന്ന പയ്യൻ. വെറുപ്പിക്കുന്ന മനുഷ്യരിൽ നിന്നും ഓടി രക്ഷപ്പെട്ട് അവനിപ്പോൾ ലണ്ടനിലെത്തി മലർന്നടിച്ച് കിടക്കുന്നു.
അയാൾക്കപ്പോൾ ബ്രയനെ കാണണമെന്ന് തോന്നി. തണുത്ത കാറ്റ് വീശുന്നുണ്ട്. മഴ പെയ്യുവാനുള്ള സാധ്യതയുണ്ട്. മഴയിലേക്ക് വെയിൽ പൊഴിഞ്ഞുവീണതിൽ മഴവില്ല് വിരിയുന്നതും കാത്ത് അയാൾ ആകാശവും നോക്കി കിടന്നു.
പതിയെ അയാളുടെ കണ്ണുകളടഞ്ഞു പോയി. കണ്ണു തുറക്കുമ്പോൾ ഒരു കറുത്ത ആൺപൂച്ച അയാളുടെ നെഞ്ചിൽ കയറി നിൽക്കുന്നു. അത് അയാളെ തറപ്പിച്ചു നോക്കുന്നുണ്ട്. അതിന്റെ പല്ലുകൾ ഡ്രാക്കുളയുടെ ദംഷ്ട്രകളായി കൂർത്തു നിന്നു. സൂര്യരശ്മികൾ തട്ടിത്തെറിച്ച് അതിന്റെ ശരീരമാകെ തീ പിടിച്ചതു പോലെ വെട്ടിത്തിളങ്ങി.
പെട്ടെന്ന് പൂച്ച നിന്നു കത്താൻ തുടങ്ങി. അതിന്റെ ശരീരമാകെ തീ പടരുന്നു. തീപൊള്ളി കത്തിക്കൊണ്ട് അത് അയാളുടെ നെഞ്ചിൽ തലചായ്ചു കിടന്ന് വെപ്രാളം പൂണ്ട് മുരണ്ടു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചോരയിറ്റു വീഴുന്ന കാലുകൾക്കിടയിൽ നിന്നും ആ ആൺപൂച്ച പൂച്ചക്കുഞ്ഞുങ്ങളെ പ്രസവിച്ചു. കുഞ്ഞുശരീരമാകെ തീയിൽ കത്തിപ്പിടിഞ്ഞ് അലറിക്കരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് അവ പെറ്റുവീണു.

ഭയന്നലറി വിളിച്ച് തീപ്പൊള്ളലേറ്റതു പോലെ ഞെട്ടിപ്പിടഞ്ഞു കുതറിക്കൊണ്ട് അയാൾ ചാടിയെഴുന്നേറ്റു. പൂച്ചയെ അവിടെങ്ങും കാണാനില്ലായിരുന്നു.
ലണ്ടനിലെത്തിയതിന്റെ ഇരുപത്തിയൊന്നാമത്തെ ദിവസം. രാത്രി കിടക്കും മുമ്പ് അയാൾ ഡയറിയിൽ കുറിച്ചിട്ടു- ഇന്നേക്ക് 21 ഹോക്സ്റ്റൻ ഡേയ്സ് പൂർത്തിയാവുന്നു. ജാസ്മിൻ കേട്ടാൽ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞേനെ: “ഇതെന്താ നീ ലണ്ടനിൽ ആയുർവേദ ചികിത്സയ്ക്കോ മറ്റോ വന്നതാണോ?” അതൊരു തമാശ പോലെ ആലോചിച്ചു കൊണ്ട് അയാൾ കിടന്നു.
വല്ലാത്ത ക്ഷീണം. കിടന്നപാടെ ഉറങ്ങിപ്പോയി. എത്ര നേരമങ്ങനെ ഉറങ്ങിക്കിടന്നുവെന്ന് അറിയില്ല. രാത്രിയെപ്പോഴോ കണ്ണുതുറന്നപ്പോൾ വാതിലിലാരോ അയാളുടെ പേരു വിളിച്ചുകൊണ്ട് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിലെ അലാറം മുഴങ്ങിക്കൊണ്ടിരുന്നു. ആളുകൾ അലരിക്കരയുന്നതിന്റെയും അങ്ങോട്ടുമിങ്ങോട്ടും പായുന്നതിന്റെയും ബഹളം.
ഞെട്ടി കണ്ണു തുറന്ന് അയാൾ ചാടിയെഴുന്നേറ്റു. വാതിൽ തുറക്കുമ്പോൾ പരിഭ്രാന്തനായി ബ്രയൻ.
“തീ തീ തീ... രക്ഷപ്പെട്...”, ബ്രയൻ അലറി.
ലിൻഡ നൈറ്റ് ക്ലബ്ബിലായിരിക്കണം. ജോസഫ് പുറത്ത് കറക്കത്തിലായിരിക്കും. ബ്രയനൊപ്പം അയാൾ പുകമണമുള്ള മുറികളിൽ നിന്നും പുറത്തേക്കോടി. അഞ്ചാംനിലയുടെ വരാന്തയിൽ അവർ കൈകോർത്തുപിടിച്ചു നിന്നു. തീയും പുകയും ചുറ്റിലും ആളിക്കത്തി പടർന്നുകൊണ്ടിരുന്നു.
“ബ്രയൻ...”, അയാളിൽ നിന്ന് ദുർബ്ബലമായൊരു നിലവിളിയുയർന്നു. ശവപ്പെട്ടിക്കുള്ളിൽ ജീവനോടെ അടക്കപ്പെട്ടവനായി കിടക്കുന്ന തോന്നലിൽ അയാൾ നിന്നുരുകി. അതിൽ നിന്നൊരു മോചനം അയാൾ കൊതിച്ചു.

അയാളുടെ കണ്ണുകളിലേക്ക് ബ്രയൻ തീക്ഷ്ണമായി നോക്കി. ഒരന്ത്യചുംബനമായി അയാളിൽ ബ്രയൻ നിറഞ്ഞു.
“വാ എന്റൊപ്പം വാ... നാലാം നില വരെ തീ പടർന്നു കഴിഞ്ഞു. ചാടാം... വേറെ വഴിയില്ല”, അയാളുടെ കയ്യിൽ ബലമായി പിടിച്ചുവലിച്ചു കൊണ്ട് ബ്രയൻ പറഞ്ഞു. അയാളൊന്ന് ശങ്കിച്ചു. മെല്ലെ ബ്രയൻറെ കൈ വിടുവിച്ച് അയാൾ നിന്നു വിറച്ചു. അവസാനമായി അയാളെയൊന്ന് നോക്കിക്കൊണ്ട് അഞ്ചാംനിലയിൽ നിന്നും തീനാളങ്ങൾ താണ്ടി ബ്രയൻ താഴേക്ക് ചാടി.
ജീവിതത്തിനും മരണത്തിനുമിടയിലെ ആയൊരു നിമിഷത്തിൽ, വളരെ നാളുകൾക്കു ശേഷം അയാളുടെ ഫോണിൽ രേഖയുടേയും ജാസ്മിന്റെയും മെസേജുകൾ ഒരുമിച്ച് വന്നുവീണു.
രേഖ: “രൺ, നിനക്ക് സുഖമല്ലേ? ഇന്ന് മീൻകറി ഉണ്ടാക്കിയോ?”
ജാസ്മിൻ: “തീപ്പിടുത്ത വാർത്ത കണ്ടല്ലോ. നീ സുരക്ഷിതനല്ലേ?”
ഊർദ്ധ്വശ്വാസം വലിക്കുന്ന ആവേഗത്തോടെ അയാളത് തിടുക്കത്തിൽ വായിച്ചു. ചൂടേറ്റു തളർന്നതു പോലൊരു പുഞ്ചിരി അയാളുടെ മുഖത്ത് വിരിഞ്ഞു.
അഞ്ചാം നിലയിലേക്ക് തീ പടർന്നുപിടിക്കാൻ തുടങ്ങിയിരുന്നു. തീച്ചൂടേറ്റ് അയാളുടെ മുഖം പൊള്ളി. അതിന്റെ തീക്ഷ്ണതയിൽ പെട്ടിട്ടോ എന്തോ താഴെ നിന്നും കേട്ടുകൊണ്ടിരുന്ന ഫയർ എഞ്ചിനുകളുടെ ബഹളം നിലച്ചതുപോലെ തോന്നി.
അയാൾക്ക് പെട്ടെന്നൊന്നും ചെയ്യുവാൻ തോന്നിയില്ല. ഇരുട്ടിൽ മരങ്ങൾക്കു മീതെക്കൂടി ജയൻറ് വീൽ കറങ്ങുന്നത് കാണാമോ എന്ന് അയാളൊന്ന് എത്തിനോക്കി. തീയിൽ കുരുത്ത പോലൊരു കറുത്ത ആൺപൂച്ച അതിന്റെ ഉയരങ്ങളിലേക്ക് ആകാശത്തു കൂടി കയറിപ്പോകുന്നത് അയാൾ കണ്ടു. അതിന്റെ കാൽപ്പാദങ്ങളെ പിന്തുടർന്ന് തീ പൊള്ളിക്കരിഞ്ഞു വെന്തശരീരങ്ങളായി ഉണ്ണിപ്പൂച്ചകൾ പിച്ചവെച്ചു. പൂച്ചകളിൽ നിന്നും ജയൻറ് വീലിലേക്ക് തീ പടർന്നു. കറങ്ങുന്നൊരു തീഗോളമായി അത് മാറി.
അയാൾക്ക് തന്റെ കണ്ണുകൾ നുണ പറയുകയാണോ എന്നു സംശയം തോന്നി. താഴേക്ക് എടുത്തുചാടി രക്ഷപ്പെടുവാനുള്ള കരുത്ത് പോലുമില്ലാതെ തീനാളങ്ങൾ കാർന്നുതിന്നു തുടങ്ങിയ അഞ്ചാംനിലയിൽ കണ്ണുകളടച്ച് സ്തംഭിച്ച് അയാൾ നിന്നു.
▮
കുറിപ്പ്:
*14 June 2017 ൽ പടിഞ്ഞാറൻ ലണ്ടനിലെ 24 നിലകളുള്ള ഗ്രെൻഫെൽ ടവർ കെട്ടിട സമുച്ചയത്തിലുണ്ടായ വലിയ തീപ്പിടുത്തത്തിൽ 72 പേരാണ് കൊല്ലപ്പെട്ടത്. ഇടത്തരക്കാരായവർ താമസിച്ചിരുന്ന കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ലണ്ടൻ നഗരത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തീപ്പിടുത്തമാണ് അത്.