ചിത്രീകരണം : ദേവപ്രകാശ്

മൈ ഫ്രണ്ട് വിന്റർ

പാലസിലെ ഏറ്റവും മുന്തിയ റൂമാണ് എനിക്കവർ താമസിക്കാൻ തന്നത്.
പക്ഷേ ഞാനിവിടെ എങ്ങിനെ വന്നുവെന്നോ, എന്തിനു വന്നുവെന്നോ ഓർക്കുന്നില്ല. ഒരു ദിവസം ഞാനതിനെ കുറിച്ച് ലിസയോടു ചോദിച്ചു.

""ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാതിരിക്കുന്നതാണ് ബുദ്ധി.''
""അതെന്താ ?'' ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
""ഉത്തരങ്ങൾ കണ്ടുപിടിച്ചാൽ പരീക്ഷ കഴിയും. പരീക്ഷ കഴിഞ്ഞാൽ പഠിപ്പും.. അതോടെ എല്ലാം തീർന്നു. പിന്നെ നിങ്ങൾ പാലസിൽ നിന്ന് പുറത്തു പോകേണ്ടി വരും.''

പാലസിൽ നിന്ന് പുറത്തു പോകാൻ എനിക്ക് കഴിയില്ല. ഞാനെന്തിനു പോകണം ?
""സർ ഡിന്നർ റെഡിയാണ്.'' മുറിക്കുള്ളിലെ ഉച്ചഭാഷിണിയിൽ നിന്ന് പാലസ് കിച്ചനിലെ അറിയിപ്പ് വന്നു.
ഞാൻ ഉത്സാഹത്തോടെ എഴുന്നേറ്റു മുറിയുടെ മൂലയിലെ തീൻമേശക്കുമുന്നിൽ ചെന്നിരുന്നു. എന്നിട്ട് മൈക്രോഫോൺ ഓൺ ചെയ്തു.
""നാലപ്പവും ചിക്കൻ സ്റ്റൂവും.'' ഞാൻ ഓർഡർ ചെയ്തു.
അപ്പോഴേക്കും വിന്റർ എന്റെ കട്ടിലിന്റെ അടിയിൽനിന്നും മെല്ലെ ഇറങ്ങി വന്നു കാൽപാദത്തിൽ ഉരുമ്മി.
""അപ്പം ആറാക്കിക്കോ..'' ഞാൻ ഓർഡർ തിരുത്തി.
""ശരി സർ.' സ്പീക്കറിൽനിന്ന് കിച്ചണിൽ നിന്നുള്ള മറുപടി വന്നു.
""ഞാൻ പറഞ്ഞില്ലേ.. നിനക്ക് വിന്ററിന്റെ കാര്യത്തിലുള്ള ശ്രദ്ധ കുറഞ്ഞു തുടങ്ങി'', ലിസ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
അപ്പോഴേക്കും ഡിന്നർ ടേബിളിന്റെ അരികിലുള്ള ഷെൽഫിൽ പച്ച ലൈറ്റ് തെളിഞ്ഞു. ഞാൻ പോയി ഷെൽഫ് തുറന്നു ഭക്ഷണം എടുത്തു കൊണ്ടുവന്ന്​കഴിക്കാൻ തുടങ്ങി.
ഒരു ചെറിയ പ്ലേറ്റിൽ വിന്ററിനുള്ള അപ്പവും കറിയും എടുത്തു ടേബിളിന്റെ ചുവട്ടിൽ വച്ചു.

""മുയൽക്കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയ ഭക്ഷണം! അപ്പവും ചിക്കൻ കറിയും!'' ലിസ വിന്റർ തിന്നുന്നതുനോക്കി പറഞ്ഞു.
എനിക്ക് ദേഷ്യം വന്നു.
""എന്തായാലും അവൾ കഴിക്കുന്നുണ്ടല്ലോ .അത് മതി'' ഞാൻ പിറുപിറുത്തു.
""ആ മുയൽക്കുഞ്ഞു കഴിക്കുന്നത് അപ്പവും ചിക്കനുമല്ല.'' ലിസ പറഞ്ഞു.
""പിന്നെ ?'' ഞാൻ കോഴിക്കാല് കടിച്ചു ചവയ്ക്കുന്നതിനിടയിൽ ചോദിച്ചു.
""ശീലം. അത് കഴിക്കുന്നത് അതിന്റെ ശീലമാണ്. നിവൃത്തികേട് എന്ന ശീലം'' ലിസ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

ദേഷ്യം വന്നാൽ പിന്നെ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ എനിക്ക് പ്രതികരിക്കാൻ കഴിയുന്നതിനു മുൻപ് സ്പീക്കറിൽകൂടി എന്റർടെയിൻമെൻറ്​ വിഭാഗത്തിന്റെ അറിയിപ്പ് വന്നു:
""സർ ഹാളിൽ ഒരു ഡാൻസ് പ്രോഗ്രാമുണ്ട്. അരമണിക്കൂർ കഴിഞ്ഞാൽ തുടങ്ങും.''
""ഞാൻ വരുന്നില്ല.''
""അതിസുന്ദരികളായ മൂന്നു സ്ത്രീകൾ നടത്തുന്ന നൃത്തം. മരുഭൂമിയിൽ നിന്നാണ് അവർ വരുന്നത്. അവിടെ മാത്രം ലഭിക്കുന്ന കള്ളിമുൾച്ചെടി വാറ്റിയുണ്ടാക്കുന്ന മദ്യവും വിതരണം ചെയ്യുന്നുണ്ട്.''
""ഞാൻ വരുന്നില്ല. നീല നിറമുള്ള ചെവികളുള്ള , പുഞ്ചിരിക്കുന്ന മനുഷ്യരേ എനിക്ക് ഇഷ്ടമല്ല'' ഞാൻ പറഞ്ഞു.
അതോടെ സ്പീക്കറിൽനിന്നുള്ള ശബ്ദം നിലച്ചു.

വിന്റർ ഭക്ഷണം കഴിച്ചിട്ടു കട്ടിലിന്റെ മൂലയിൽ പോയി കിടന്നത് ഞാൻ കണ്ടു. അവൾ ആകെ ഒരു അപ്പത്തിന്റെ പകുതിയെ കഴിച്ചിട്ടുള്ളു.
ഞാൻ ഭിത്തിയിലെ കൺട്രോൾ പാനലിന്റെ അരികിൽ ചെന്ന് വിവിധ സ്വിച്ചുകളിൽ ഹെൽത്ത് വിഭാഗം എന്ന് പേരെഴുതിയ സ്വിച്ചിൽ വിരൽ അമർത്തി.
""സർ, എന്താണ് താങ്കളുടെ ആവശ്യം ?'' ഇത്തവണ ഒരു സ്ത്രീയുടെ മൃദുലമായ സ്വരമാണ് സ്പീക്കറുകളിലൂടെ ഒഴുകി വന്നത്.
""ദഹനക്കേട്, വിശപ്പ് എന്നിവയ്ക്കുള്ള മരുന്ന് എത്തിക്കണം.''
""ഇപ്പൊ വേണോ സർ?''
ഞാൻ വിന്ററിനെ നോക്കി. അവൾ ഉറങ്ങി കഴിഞ്ഞിരിക്കുന്നു.
""വേണ്ട. നാളെ രാവിലെ മതി.''
""ശരി സർ'' ഹെൽത്ത് വിഭാഗം എന്നെഴുതിയ സ്വിച്ചിലെ പച്ചലൈറ്റ് അണഞ്ഞു. ഒപ്പം സ്പീക്കറുകളിൽ നിന്നുള്ള സ്ത്രീ സ്വരവും.

മനുഷ്യർക്ക് നൽകുന്ന മരുന്ന് മുയലിനു കൊടുത്താൽ എന്താവും എന്ന് ലിസ ചോദിക്കേണ്ടതായിരുന്നു. എന്നാൽ അവൾ ഒന്നും മിണ്ടിയില്ല. ഇപ്പൊ അവൾക്ക് എന്നെയും വിന്ററിനെയും ഏറെക്കുറെ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. കിടക്കുന്നതിനുള്ള നേരമായി. ഒരു ദിവസത്തിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഗമാണിത്. പാലസിന്റെ ഏറ്റവും വലിയ സൗകര്യം ഉപയോഗിക്കുന്നതിനുള്ള അവസരമാണ് കിടക്കുന്നതിനുള്ള സമയം എനിക്ക് തരുന്നത്.
കട്ടിലിന്റെ അരികിൽ ഭിത്തിയോട് ചേർന്ന് ഒരു കലമാൻകുഞ്ഞിന്റെ രൂപത്തിലായിരുന്നു ഉറക്കത്തിന്റെ കണ്ട്രോൾപാനൽ നിർമ്മിച്ചിരിക്കുന്നത്.

""ഇന്നെവിടെയാണ് ഉറക്കം?'' ലിസ തിരക്കി.
‘‘ആൽപ്​സിലെ പുൽമേടുകളിൽ.'' ഞാൻ പറഞ്ഞു.
ഞാൻ കലമാന്റെ കവിളിൽ മെല്ലെ തട്ടി. അതിന്റെ കണ്ണുകൾ ചിമ്മി, തിളങ്ങുന്ന ചാര നിറമായി. അതിന്റെ വയറിൽ ഒരു സ്‌ക്രീൻ പ്രത്യക്ഷപ്പെട്ടു. മാനിന്റെ ഇടത്തെ കൊമ്പിൽ തൊടുന്നതിനുസരിച്ചു സ്‌ക്രീനിലെ സ്ഥലങ്ങൾ മാറി മാറി വന്നു.
ആമസോണിലെ ഇരുണ്ട വനങ്ങൾ, അലാസ്‌കയിലെ മഞ്ഞുറഞ്ഞ ദേശങ്ങൾ, ഡാർജിലിംഗിലെ പൈൻതോട്ടങ്ങൾ, ആരും കാൽകുത്താത്ത ജോർജിയൻ കടൽത്തീരങ്ങൾ..

ഞാൻ അതിൽ ആൽപ്‌സിലെ പുൽമേടുകൾ തിരഞ്ഞു ...
ചെമ്മരിയാടുകൾ മേയുന്ന, അവിടവിടെ കറുത്ത ഉരുളൻ പാറകൾ ചിതറികിടക്കുന്ന, മഞ്ഞു പെയ്യുന്ന ഒരു പുൽമേട്. അതിനു നടുക്ക് ശിഖരങ്ങൾ കുട പോലെ പടർത്തി നിൽക്കുന്ന ഒരു ചെസ്റ്റ് നട്ടു മരം. അതിനു ചുവട്ടിലാണ് എനിക്ക് ഉറങ്ങേണ്ടത്.

ഇടയ്ക്ക് ഞാനവിടെ ഉറങ്ങാറുള്ളതാണ്. ഇപ്പൊ കുറച്ചു നാളായി.
""ആ മുയലിന്​ വിന്റർ എന്ന് പേര് മാത്രമേ ഉള്ളു. അതിന്​ തണുപ്പ് സഹിക്കാൻ കഴിയുമോ?''
ലിസ ചിരിച്ചുകൊണ്ട് സംശയം ചോദിച്ചു.
""സാരമില്ല. അവൾ പണ്ട് എന്റെ കൂടെ അവിടെ കിടന്നിട്ടുണ്ട്'' ഞാൻ പറഞ്ഞു.
കലമാന്റെ വയറ്റിൽ ഞാൻ ഉദ്ദേശിച്ച സ്ഥലം തെളിഞ്ഞു. സ്ഥലം ഉറപ്പു വരുത്തിയ ശേഷം ഞാൻ കലമാന്റെ വലതു കൊമ്പിൽ പിടിച്ചമർത്തി.
മുറിയിൽ നേർത്ത ഇരുട്ട് പരന്നു.
മെല്ലെ ഇരുട്ട് മാറിത്തുടങ്ങി. ഇപ്പോൾ മുറി ആൽപ്​സിലെ ഒരു മലഞ്ചെരിവായി രൂപപ്പെട്ടിരിക്കുന്നു.
മൂടൽമഞ്ഞും ചെറിയ കാറ്റും.
ചെസ്ട്ട്‌നട്ട് മരത്തിന്റെ ചുവട്ടിൽ പച്ചപ്പുൽമേടിന്റെ ഭാഗമായി എന്റെ കിടക്ക. തലയിണയുടെ സ്ഥാനത്തു ഒരു ഉരുളൻപാറ.
ഭിത്തികളുടെ സ്ഥാനത്ത് മഞ്ഞിൽ മൂടിയ ഗിരിശിഖരങ്ങൾ.
ഉറങ്ങാൻ നേരം ലിസ മെല്ലെ മായാൻ തുടങ്ങും.
ഞാൻ നിർബന്ധിച്ചാൽ ചിലപ്പോൾ അവൾ കുറച്ചു നേരം കൂടി നിൽക്കും. ചിലപ്പോൾ ഞാൻ ഉറങ്ങുന്നത് വരെ എന്റെ കണ്ണിൽ നോക്കിക്കൊണ്ട് എന്റെ അരികിൽത്തന്നെ കിടക്കും. എങ്കിലും ഞാൻ ഉറങ്ങികഴിഞ്ഞെന്നു ഉറപ്പായാലേ അവൾ പൂർണ്ണമായും മായുകയുള്ളൂ.
ഞാൻ വിന്ററിനെ എടുത്തു എന്റെ അരികിൽ കിടത്തി.

""നാളെ വിശപ്പു വരും. നിന്റെ എല്ലാ പ്രശ്‌നങ്ങളും മാറും'' ഞാൻ മുയലിനെ ആശ്വസിപ്പിച്ചു.
വെളുത്ത പഞ്ഞിക്കെട്ട് പോലെയുള്ള അവളുടെ ദേഹത്തു കൂടെ ഞാൻ വിരലോടിച്ചു.
""നീ എന്റെ അടുത്ത് വന്നത് എങ്ങിനെയാണ് എന്ന് ഓർക്കുന്നുണ്ടോ?'' ഞാൻ വിന്ററിനോട് ചോദിച്ചു.
ഒന്ന് കുറുകിയതല്ലാതെ എന്റെ മുയൽക്കുട്ടി പ്രതികരിച്ചില്ല.
കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളോട് കടുത്ത കൊതി തോന്നിയിരുന്നു.ഉലർത്തിയ പോത്തിറച്ചി, പന്നിനെയ്യിൽ മോരിച്ച ഉണക്കക്കപ്പ, കനലിൽ ചുട്ട ആടിന്റെ തുട... അങ്ങിനെയങ്ങിനെ... എന്റെ ശരീരഭാരം കൂടി.

കൊട്ടാരത്തിലെ പാചകക്കാർ ലോകത്തെവിടെയും ഉണ്ടാക്കുന്ന മാംസഭക്ഷണം എന്റെ മുറിയിലെത്തിക്കാൻ അഹോരാത്രം പണിയെടുത്തു.
എന്നാൽ ശരീരഭാരം കൂടിയതോടെ മനസ്സിന്റെ ഉന്മേഷം നഷ്ടമായി. അകാരണമായ ഒരു ഭയം എന്നെ മഥിച്ചു. ചിലപ്പോൾ മുറിയുടെ വാതിൽ തുറന്നു വെളിയിലേക്ക് ഞാൻ പോകുമെന്ന് പോലും എനിക്ക് തോന്നിത്തുടങ്ങി. അങ്ങിനെ സംഭവിച്ചാൽ... എനിക്കത് ഓർക്കാൻ കൂടി പറ്റില്ലായിരുന്നു .
അങ്ങിനെയാണ് ഞാൻ ഒരു ദിവസം ഡിന്നറിനു മുയലിറച്ചി ഓർഡർ ചെയ്തത്. മുയലിറച്ചിക്ക് കൊഴുപ്പ് കുറവാണെന്നു ഞാൻ എവിടെയോ വായിച്ചിരുന്നു.
എന്നാൽ അന്ന് ആദ്യമായ് പാലസ് കിച്ചണിലെ മുഖ്യഷെഫ് എന്നോട് പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചു. അയാളുടെ കരച്ചിലിന്റെ ശബ്ദം സ്പീക്കറുകളിൽക്കൂടി ചാറ്റൽമഴ പോലെ മുറിയിൽ നിറഞ്ഞു.
""സർ മുയലിറച്ചി കുക്ക് ചെയ്യാൻ കഴിഞ്ഞില്ല.''
""വൈ ?''
""മുയൽ...മുയൽ കിച്ചണിൽ നിന്ന് രക്ഷപെട്ടു.'' അയാൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
""സാരമില്ല.എങ്ങിനെ രക്ഷപെട്ടു ?'' ഞാൻ കൗതുകത്തോടെ തിരക്കി.
""അത്..അത് ഞാനതിനെ തുറന്നു വിട്ടതാണ് സർ.''
""നിങ്ങൾ തുറന്നു വിട്ടിട്ട് മുയൽ രക്ഷപെട്ടെന്നു എങ്ങിനെ പറയാൻ പറ്റും ?'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

""ഒരു ചെറിയ കൂട്ടിലാണ് അവർ മുയലിനെ കിച്ചണിൽ എത്തിച്ചത്. അതിനെ കൊല്ലാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത് മുയൽ കണ്ണ് ചിമ്മാതെ നോക്കിയിരുന്നു. കൂട് തുറന്നിട്ടും അത് ഓടിപോയില്ല. എന്നെ വെറുതെ നോക്കുക മാത്രം ചെയ്തു. ഓടിപ്പോയാലും ഞാൻ അതിനെ പിടിക്കുമെന്നും എന്റെ കത്തിയിൽ നിന്ന്​ അതിനു രക്ഷയില്ലെന്നും അതിനെ അറിയാമെന്നും ആ നോട്ടം എന്നോട് പറഞ്ഞു. ക്രൂരത എന്ന മനുഷ്യ ബലഹീനതയ്ക്ക് ഞാൻ അടിമയാണ് എന്ന് അതെന്നോട് പറയുന്നതുപോലെ.
ഇറ്റ് വാസ് ലൈക്ക് എ ഗെയിം സർ.
മുയലിന്റെ ആ ചിന്ത തിരുത്തണം എന്നും അതിനെ ഞെട്ടിക്കണം എന്നും എനിക്ക് തോന്നി. അങ്ങിനെയാണ് ഞാൻ അഴിച്ചു വിട്ടത്.''
ഞാൻ അയാൾ പറഞ്ഞത് ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. മുയലിറച്ചി കിട്ടാഞ്ഞതിന്റെ ദേഷ്യം ഞാൻ മറന്നിരുന്നു.
""രക്ഷപ്പെടുത്തിയതോടെ നിങ്ങൾ ആ ഗെയിമിൽ തോറ്റു. മുയൽ നിങ്ങളെ കബളിപ്പിച്ചതാണ്. സഹതാപമാണ് ചതിക്ക് പറ്റിയ ഏറ്റവും വലിയ ആയുധം.'' ഞാൻ പറഞ്ഞു.
""പക്ഷേ എങ്ങിനെ ജയിക്കും. കൊല്ലുന്നതും തുറന്നുവിടുന്നതും അല്ലാതെ വേറെ മാർഗമില്ലല്ലോ..''
""ഉണ്ട്.''
""അതെന്താണ് സർ .''
""അതിനെ ആ കൂട്ടിൽത്തന്നെ കഴിയാൻ അനുവദിക്കുക. അതാണ് റിയൽ ഗെയിം.''
""എനിക്കതിനുള്ള മനക്കരുത്ത് ഇല്ലായിരുന്നു സർ.''
""അസാധാരണകാര്യങ്ങൾ ചെയ്യണമെങ്കിൽ അസാധാരണമായ മനസ്സു വേണം മിസ്റ്റർ ഷെഫ്.''
""ശരിയാണ് സർ.''
""ശരി. മുയൽ ഇറച്ചിയില്ലെങ്കിൽ ആട്ടിറച്ചിയായിക്കോട്ടെ .''
""ശരി സർ.''
""ആ പിന്നെ മിസ്റ്റർ ഷെഫ് ഇപ്രാവശ്യം ആടിനെ അഴിച്ചു വിടണ്ട കേട്ടോ.'' ഞാൻ പറഞ്ഞു.
""തീർച്ചയായും ഞാൻ മനസ്സു കടുപ്പമാക്കിക്കൊള്ളാം സർ.'' അയാൾ പറഞ്ഞു.
അതൊരു വേനൽക്കാലമായിരുന്നു. മനസ് ആഗ്രഹിച്ചത് ശൈത്യവും.
അന്നുരാത്രി ഞാൻ ഞാൻ ഉറങ്ങിയത് ഹിമാലയത്തിലായിരുന്നു.
മഞ്ഞുമൂടിയ ഏതോ ഗിരിശിഖരത്തിൽ, ഏതോ ഋഷി ഉപേക്ഷിച്ച ഗുഹയിൽ.
കൂർത്ത കണ്ണാടിക്കഷണങ്ങൾ പോലെ ഗുഹയുടെ വാതിൽക്കൽ മഞ്ഞു പൂത്തു.
ഒരു കീറിയ കരിമ്പടം പുതച്ചുകൊണ്ട് ഞാൻ ഗുഹയുടെ മൂലയിൽ തീ കാഞ്ഞുകൊണ്ടിരുന്നു. അകലെ പൂക്കളുടെ താഴ്വരയിൽനിന്നും വരുന്ന സ്വപ്നങ്ങളുടെ ഗന്ധമുള്ള കാറ്റ് തീനാളങ്ങളെ ചലിപ്പിക്കുന്നതും നോക്കി ഞാൻ ഉറക്കംതൂങ്ങി.
ഒരു ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.
ഗുഹയുടെ മൂലയിൽ മുൻപ് താമസിച്ച യോഗി ഉപേക്ഷിച്ച കമണ്ഡലു സൂക്ഷിച്ചിരുന്നു. അത് തട്ടി മറിഞ്ഞ സ്വരം കേട്ടാണ് ഞാൻ ഉണർന്നത്. തീയുടെ മഞ്ഞവെളിച്ചത്തിൽ, വെളുത്ത പഞ്ഞിക്കെട്ട് പോലെയുള്ള ഒരു മുയൽ എന്നെ നിഷ്‌കളങ്കമായി നോക്കി.

എനിക്ക് ഭക്ഷണമാവേണ്ടിയിരുന്ന മുയൽ.
അവൾക്ക് ഞാൻ വിന്റർ എന്ന് പേരിട്ടു.
അടുക്കളയിലെ കൂട്ടിൽ നിന്ന് ഷെഫിനെ പറ്റിച്ചു രക്ഷപ്പെടുന്നതുപോലെ നിനക്ക് എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ല വിന്റർ. നീ സഹതാപം ഉപയോഗിച്ച് രക്ഷപ്പെട്ടതുപോലെ സ്‌നേഹം ഉപയോഗിച്ച് നിന്നെ ഞാനും ചതിക്കും.
റൂമിനുള്ളിൽ ഞാൻ വിന്ററിനെ രഹസ്യമായി വളർത്തി.
എന്റെ ഭക്ഷണത്തിന്റെ ഒരു പങ്കു ഞാനവൾക്ക് കൊടുത്തു.
അവനെ ഓമനിച്ചു. പരാതി തോന്നാത്ത വിധം ഞാൻ അവളെ സ്‌നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.
""മുയലിനെ രഹസ്യമായി വളർത്തുന്നത് പാലസുകാർ അറിഞ്ഞാൽ എന്ത് ചെയ്യും?'' ലിസ ആശങ്കപ്പെട്ടു.
""അവർ അറിയില്ല.അവർ ഒരിക്കലും എന്റെ റൂമിൽ വരില്ല. എനിക്ക് പുറത്തു പോകാൻ പേടിയുള്ളത് പോലെ അവർക്ക് അകത്തു വരാനും പേടിയുണ്ട്. ഇറ്റ്‌സ് എ ബാലൻസ്ട് കണ്ടീഷൻ.''
""എന്നാലും ..''
""ഞാൻ തെറ്റ് ചെയ്യുന്നില്ല. ലിസ ശരിക്കും കാര്യങ്ങൾ കാണാത്തത് കൊണ്ടാണ്.''
""മനസിലായില്ല.''
""എനിക്ക് ഭക്ഷണമാവാനിരുന്ന മുയലാണത്. ഇപ്പോഴും ഞാനതിനെ ഭക്ഷിക്കുന്നു. പല്ല് കൊണ്ടല്ല മനസ്സുകൊണ്ട്'' ഞാൻ പറഞ്ഞു.
വിന്റർ ആദ്യമൊക്കെ റൂമിലെ ജീവിതം ശരിക്കും ആസ്വദിച്ചു. ഓരോ രാത്രിയിലും ഓരോ സ്ഥലത്തുള്ള താമസം, വിവിധ തരത്തിലുള്ള ഭക്ഷണം...
ഞാനവളെ എപ്പോഴും ഓമനിച്ചു.

പക്ഷേ...
എപ്പോഴോ വിന്ററിനു താൻ തടവിലാണ് എന്ന് മനസ്സിലായി. സ്‌നേഹം ക്രൂരമായ ഒരു ചങ്ങലയാണ്. ഭേദിക്കാനാകാത്ത ജയിലാണ്. ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത രാക്ഷസക്കോട്ടയാണ്.

ഒരു രാത്രി ഞങ്ങൾ ഉറങ്ങാൻ കിടന്നത് മാലദ്വീപിലെ എന്നറിയപ്പെടുന്ന നക്ഷത്രങ്ങളുടെ സമുദ്രം എന്ന സ്ഥലത്തായിരുന്നു. മിന്നാമിനുങ്ങുകളെപോലെ നീല വെളിച്ചം പുറപ്പെടുവിക്കുന്ന അപൂർവ സസ്യങ്ങൾ നിറഞ്ഞ കടൽ. രാത്രിയിൽ കടൽ ഒരു നീലപ്പലകപോലെ കാണപ്പെട്ടു. നീല നിറമുള്ള തിരമാലകൾ നോക്കി, നീലകടലാസുകൾ കൂട്ടിയോജിപ്പിച്ചത് പോലെ ആഴിയും ആകാശവും ചുംബിക്കുന്ന നീലവര പോലെ ചക്രവാളം.

ഞാൻ വിന്ററിനെ മടിയിൽ വച്ച് ഓമനിക്കുകയായിരുന്നു.
ഇതിനിടയിൽ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.
""ഉണരൂ..'', ലിസ സ്വപ്നത്തിൽ എന്നോട് മന്ത്രിച്ചു.
ഞാൻ ഞെട്ടി ഉണരുമ്പോൾ കാണുന്നത് ഒരു കൊതുമ്പു വള്ളത്തിന്റെ തുഞ്ചത്തു അള്ളിപ്പിടിച്ചിരിക്കുന്ന വിന്ററിനെയാണ്.
ഹീ വാസ് ട്രയിംഗ് ടൂ എസ്‌കേപ്പ്.

വള്ളം ചലിക്കുന്നതിനു മുൻപ് ഞാനോടിച്ചെന്നു വിന്ററിനെ പിടികൂടി.
അവൾ എന്നിൽനിന്ന്​ കുതറി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ ഞാൻ പിടിവിട്ടില്ല.
അതൊരു തുടക്കമായിരുന്നു. പിന്നെയും കുറച്ചു പ്രാവശ്യം രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ ഞാൻ അവളെ തടയാൻ ശ്രമിച്ചില്ല.
പകരം ഞാൻ പൊട്ടിക്കരഞ്ഞു.

അവളെ ശാരിരികമായി തടയുന്നതിലും മികച്ച മാർഗം മാനസികമായി തടയുന്നതാണ്. എന്റെ കരച്ചിൽ വിന്ററിനെ തകർത്തു.
അതോടെ അവൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് നിർത്തി.

എങ്കിലും ചില രാത്രികളിൽ ഞാൻ ഒരു നീലക്കടൽ സ്വപ്നം കണ്ടു.
ചക്രവാളത്തിൽ കറുത്ത നിറമുള്ള ഒരു കൊതുമ്പ് വള്ളം. അതിന്റെ തുഞ്ചത്തു ഒരു വെളുത്ത പൊട്ട്. അത് വിന്റർ രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ്. അത്രയുമാകുമ്പോൾ ഞാൻ ഞെട്ടി ഉണരാൻ തുടങ്ങും. അപ്പോഴേക്കും ലിസ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടും.
""അതൊരു സ്വപ്നം മാത്രമാണ്. വിന്റർ കട്ടിലിന്റെ കോണിൽ ഉറങ്ങുന്നുണ്ട്.''
പതുക്കെ വിന്റർ റൂമിലെ ജീവിതത്തോട് പൊരുത്തപ്പെട്ടു. എങ്കിലും അവളിൽ നിന്ന് എന്തോ ഒന്ന് നഷ്ടപ്പെട്ടതായി എനിക്ക് തോന്നി. എനിക്ക് തിരിച്ചറിയാൻ കഴിയാത്ത എന്തോ ഒന്ന്. കണ്ണുകളിലെ തിളക്കത്തിനു പകരം ഒരു ഇരയുടെ ദു:ഖഭാവം. ശിക്ഷാവിധി അംഗീകരിച്ച തടവുപുള്ളിയുടെ നിർവികാരത.
ഒരു ദിവസം എനിക്ക് സഹിച്ചില്ല.
അന്ന് രാത്രി മഞ്ഞുവീഴുന്ന ഊട്ടിയിലെ കാരറ്റ് തോട്ടത്തിലായിരുന്നു ഞങ്ങൾ ഉറങ്ങാൻ കിടന്നത്. റൂം ഒരു ടെന്റിന്റെ രൂപം പ്രാപിച്ചിരുന്നു. ഏറെ നേരം ഓമനിച്ചശേഷം ഞാൻ വിന്ററിനെ തോട്ടത്തിലേക്ക് ഇറക്കിവിടാൻ ശ്രമിച്ചു.
"" നീ പൊക്കോ. റൂമിൽ നിന്ന് രക്ഷപെട്ടോ. ഞാനിവിടെ ഈ റൂമിൽ തനിച്ചു കഴിഞ്ഞോളാം. ഇത് ഞാൻ തിരഞ്ഞെടുത്ത വിധിയാണ്. എനിക്ക് ഇവിടെ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. നീയെങ്കിലും രക്ഷപ്പെടൂ..'' ഞാൻ വിന്ററിനോട് പറഞ്ഞു.

അവൾ ടെന്റിന്റെ വാതിൽക്കൽ നിന്നതല്ലാതെ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെട്ടില്ല. തോട്ടത്തിന്റെ വിജനതയിൽ ഒരു കുറുക്കൻ ഓരിയിടുന്നത് ഞങ്ങൾ കേട്ടു.
ആ ശബ്ദം കേട്ടു മുയൽ എന്നോട് കുറച്ചു കൂടി ചേർന്നു നിന്നു.
ഏറ്റവും കൂടുതൽ കാരറ്റ് തോട്ടത്തിൽ സ്വതന്ത്രയായി ഓടി നടന്നു ഉല്ലസിക്കുക എന്ന അവളുടെ സ്വപ്നം ഇപ്പോൾ വിന്ററിനെ ഭയപ്പെടുത്തുകയാണ്. കുറച്ചു നേരം കൂടി തോട്ടത്തിലേക്ക് നോക്കി നിന്നിട്ട് , തന്റെ സ്വാതന്ത്ര്യം വേണ്ടെന്നു വച്ച് വിന്റർ ടെന്റിനുള്ളിലേക്ക് തിരിച്ചു നടന്നു.

ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച രാത്രിയായിരുന്നു അത്.
""അവൾ എന്നെ ഇഷ്ടപ്പെടുന്നു.ഈ റൂമിലെ ജീവിതം ഇഷ്ടപ്പെടുന്നു.' ഞാൻ പറഞ്ഞു.
""അല്ല.അവൾക്കിനി മറ്റൊരു മാർഗമില്ല'' ലിസ പറഞ്ഞു.
""മനസ്സിലായില്ല.''
''അതിജീവനം. അത് അവൾ മറന്നിരിക്കുന്നു. ഇനി അവൾക്ക് പുറത്തു പോകാൻ കഴിയില്ല'' ലിസ മെല്ലെ പറഞ്ഞു.
""അപ്പൊ ഈ റൂമിൽ അവൾ ഹാപ്പിയല്ലെന്നാണോ പറയുന്നത് ?'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
""നിങ്ങൾ പറയൂ എന്താണ് സന്തോഷം ?'' ലിസ തിരിച്ചു ചോദിച്ചപ്പോൾ എനിക്ക് മറുപടിയില്ലായിരുന്നു.

ഒരു പക്ഷേ നിർവികാരതയാകും അവളുടെ വിശപ്പ് കെടുത്തുന്നത്. ശരിയാണ്. അവൾ തീരെ മെലിഞ്ഞു. ഇപ്പൊ ഒരു ചെറിയ പന്ത് പോലെയായി. നാളെ ..നാളെ എല്ലാം ശരിയാകും. നാളെ അവൾക്ക് വിശപ്പിനുള്ള മരുന്ന് നൽകണം. അവൾ ഭക്ഷണം കഴിക്കും. എല്ലാം പഴയതുപോലെയാകും.

ഒരു കുന്നിന്റെ മുകളിലാണ് ഉറക്കം തന്നെ കാത്തിരിക്കുന്നത്.
ഒരു മുയൽക്കുഞ്ഞിനെ പോലെയുള്ള വെളുത്ത മേഘമാണ് കുന്നിൻമുകളിലെ ആകാശത്തു തനിക്ക് വേണ്ടി തങ്ങിനിൽക്കുന്ന ഉറക്കം. പക്ഷേ എത്ര ശ്രമിച്ചിട്ടും ഈ കയറ്റം കയറി ഉറക്കത്തിൽ തൊടാൻ തനിക്ക് കഴിയുന്നില്ല.
ഓരോ രാത്രിയും മനോഹരങ്ങളായ അനേകം സ്ഥലങ്ങളിൽ പോയി ഉറങ്ങാൻ ശ്രമിച്ചു.പക്ഷേ എവിടെയായിരുന്നിട്ടും ഉറക്കം തന്നെ തേടി വന്നില്ല.
പകരം കറുത്ത സ്ലെയിറ്റിൽ ഒരു നീലക്കടൽ തെളിയും . അതിൽ ഒരു കറുത്ത കൊതുമ്പു വള്ളവും.

നാളെ..നാളെ എല്ലാം ശരിയാകും.
നാളെ താൻ നന്നായി ഉറങ്ങും.
മെല്ലെ റൂമിലെ മഞ്ഞു മാറിത്തുടങ്ങി.
തണുപ്പ് കുറഞ്ഞു. ചെസ്റ്റ്‌നട്ട് മരത്തിന്റെ ശിഖരങ്ങൾ മെല്ലെ മായാൻ തുടങ്ങി. പതുക്കെ ആല്പ്‌സിലെ പുൽമേടിൽ നിന്ന് റൂം പഴയത് പോലെയായി.
ഉണർന്നയുടനെ മൈക്രോഫോൺ ഓൺ ചെയ്തു. പാലസ് കൺ​ട്രോൾ റൂമിൽ വിളിച്ചു വിശപ്പിന്റെ മരുന്നിന്റെ കാര്യം ഓർമിപ്പിക്കണം.

""ഇനി അത് വേണ്ട.'' ലിസ മെല്ലെ പറഞ്ഞു.
ഞാനോടി വിന്ററിന്റെ അടുത്തു ചെന്നു.
അവളുടെ ശ്വാസം നിലച്ചിരിക്കുന്നു.
""സങ്കടപ്പെടെണ്ട . അവൾ പണ്ടേ മരിച്ചതാണ്. നിങ്ങളെ പോലെ.'' ലിസ പറഞ്ഞു.

എനിക്ക് ലിസ പറഞ്ഞത് മനസ്സിലായി.
ആദ്യമായാണ് അവൾ പറഞ്ഞ ഒരു കാര്യം ഇത്ര വ്യക്തമായി മനസ്സിലാകുന്നത്.
ഉള്ളിൽ ഒരു തീനാളം അണയുന്നത് അറിഞ്ഞു.
ഈ ഗെയിമിന്റെ നിർണായക ഘട്ടത്തിലാണ് താൻ നിൽക്കുന്നത്.
റൂമിൽനിന്നിറങ്ങിപ്പോകാൻ തനിക്ക് കഴിയില്ല. താൻ കളി തോൽക്കും.
റൂമിനുള്ളിൽ കഴിഞ്ഞാൽ താൻ സ്വയം തോൽക്കും.

പൊടുന്നനെ സ്പീക്കറുകളിൽ നിന്ന് അനൗൺസ്‌മെന്റു കേട്ടു.
""സർ വിശപ്പിനുള്ള മരുന്ന് ഉടൻ കൊടുത്തയക്കാം... ബ്രേക്ക് ഫാസ്റ്റിന് എന്താണ് കഴിക്കാൻ വേണ്ടത്?''
""എനിക്ക് വിശപ്പില്ല.''
""സാറിനു എന്താണ് വേണ്ടത് ?'' അവർ ചോദിച്ചു.
എനിക്കെന്താണ് വേണ്ടത് ? ഞാൻ സ്വയം ചോദിച്ചു.
തനിക്ക് റൂമിൽനിന്ന് പുറത്തു പോകണ്ട. റൂമിനുള്ളിൽ കഴിയുകയും വേണ്ട.
അങ്ങിനെ തനിക്ക് എന്നന്നേക്കും ജയിക്കണം.
സ്വാർത്ഥതയുടെ ഏറ്റവും കൊടിയ രൂപമാണ് തനിക്ക് എന്നന്നേക്കും ജയിക്കാനുള്ള മാർഗം.

മൈക്രോഫോണിൽ അതിനു വേണ്ട വസ്തുക്കൾ ഓർഡർ നൽകിയപ്പോൾ മനസ്സിന്​ആശ്വാസമായി.
മെല്ലെ വിന്ററിനെ മടിയിലെടുത്തു വച്ചു . കണ്ണിൽനിന്നും നീർ പൊടിഞ്ഞു.
ഏറെ നാളുകൾക്ക് ശേഷം ലിസ തന്നെ നോക്കി ചിരിച്ചു.
എന്തിനാണ് ലിസ ചിരിക്കുന്നത്?
താൻ ജയിക്കുന്നത് ഓർത്തിട്ടോ?
അതോ താൻ കരയുന്നത് കണ്ടിട്ടോ? ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അനീഷ് ഫ്രാൻസിസ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. വൈദ്യുത ബോർഡിൽ അസിസ്റ്റൻറ്​ എഞ്ചിനീയർ. ദൂരെ ദൂരെ റോസാക്കുന്നിൽ (കഥ) വിഷാദ വലയങ്ങൾ, ശ്വേതദണ്ഡനം (നോവെല്ല) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments