ചിത്രീകരണം: കെ.പി മുരളീധരൻ

കിളിതിന്നിപ്പൂവ്

"ഒന്നാംതെങ്ങുമ്മലൊരുമടലോലമ്മൽ

ഒന്നല്ലോ കിളി കൂടണച്ചോ.... രണ്ടാംതെങ്ങുമ്മലിരുമടലോലമ്മൽ രണ്ടല്ലോ കിളി കൂടണച്ചോ....'

ഇത് അവസാനത്തെ പാട്ടാണ്.
അവസാനത്തെ കാറ്റാണ്
അവസാനത്തെ വെളിച്ചമാണ്.
കിളിതിന്നി മരത്തിന്റെ ചാഞ്ഞ കൊമ്പിലിരുന്ന് മുടവൻകിളി വീണ്ടുമാ പഴയ പാട്ടുമൂളി.
പാട്ടറിയാത്തവനെ പാട്ടറിയിച്ച പാട്ട്.
എഴുത്തറിയാത്തവനെ എഴുത്തറിയിച്ച പാട്ട്.
കനവറിയാത്തവനെ കനവറിയിച്ച പാട്ട്.

കൂറ്റൻ യന്ത്രങ്ങൾ കിളച്ചുമറിച്ച ഭൂവിസ്താരം. നാശത്തിന്റെ ദുരന്തഭൂമി. കിളിതിന്നിമരത്തിന്റെ കൊമ്പിലൊറ്റയ്ക്കിരുന്ന് മുടവൻകിളി നരച്ച ശബ്ദത്തിൽ മൂളിക്കൊണ്ടിരുന്നു. ഇരുണ്ട ആകാശത്തിലേക്ക് കയ്യുകളുയർത്തിയ മരച്ചില്ലയിലെ ഏകാന്തവാസം. എത്രയോ ഋതുക്കൾ കൺമുന്നിലൂടെ കടന്നുപോയി. ദു;ഖവും സംഘർഷങ്ങളും നിറഞ്ഞ എത്രയോ ജീവിതങ്ങളെ ഈ പാറപ്പരപ്പിൽ പടർന്ന ചില്ലയിലിരുന്ന് കണ്ടു. കൊടുങ്കാറ്റുകളിൽ, ഇടിമുഴക്കങ്ങളിൽ കൊടുംവേനലിൽ ഈ കിളിതിന്നിമരം പൂക്കൾ ചൂടിനിന്നു. കിളിയും മരവും ഋതുസംക്രമങ്ങളുടെ മായാത്ത ജരാനരമുദ്രയായി ശേഷിച്ചു. മൃത്യുവിന്റെ വിപൽസന്ദേശങ്ങളുമായി തണുത്ത കാറ്റുവീശി. ചങ്ങാതിക്കിളികളൊക്കെ മരണമുഖത്തു നിന്നും ദൂരേക്ക് പറന്നു. പുതിയ ചില്ല തേടി പുതിയ ആകാശം തേടി കിളിമൂപ്പൻ മാത്രം പോയില്ല.

എല്ലെല്ലാ നല്ല ചങ്ങാതികളും തെക്കൻ ദിക്കിലേക്ക് മാമാങ്കക്കൂത്ത് കാണ്മാൻ പൊയ്ക്കഴിഞ്ഞു"മാമാങ്കക്കൂത്ത് കാണ്മാൻ ഞാൻ വരുന്നില്ല.'
കിള്ളാനദിക്ക് 2 മുകളിലെ നീലാകശപ്പരപ്പിലേക്ക് പറന്നുയരുന്ന ചങ്ങാതിക്കിളികളെ മുടവൻകിളി യാത്രയാക്കി. "ഞാനീ മാമലദേശത്ത് കിളിതിന്നിമരത്തിന്റെ ചാഞ്ഞ കൊമ്പിലിരുന്ന് പാടാം. കിളിതിന്നിപ്പൂക്കളുടെ ചായില്ല്യച്ചോപ്പു കുടിച്ചാടാം. കാമനാരുടെ പുതുമ്പൂവിരലിലെ കുളിർ തൊട്ടെടുക്കാം. കുഞ്ഞിമംഗലത്തെ കുഞ്ഞിമാക്കത്തിന്റെ മീനപ്പൂരത്തിനായി കിളിതിന്നിപ്പൂതേടി വരുന്ന ഈയ്യവനാടൻ പാടുന്ന പാട്ട് കേക്കാം. ഈ മാമലനാട് വിട്ട് ഈ കിളിതിന്നിമരം വിട്ട് എനക്കെന്ത് ജീവിതം. എന്റെ ആട്ടവും പാട്ടും ചോപ്പുചിറ്റിയ ഈ പൂമരം തന്നെ.'

തെക്കൻദിക്കിലെ ആകാശം തേടിപ്പറന്നവർ പിന്നെ ചേക്കേറാറില്ല. ഇന്നലെവരെ കണ്ട പച്ചയുടെ വിസ്താരങ്ങൾ ഇന്നില്ല. മാമലയും പാറയും തുരന്നുതകർക്കുന്ന യന്ത്രങ്ങളുടെ അലർച്ചയിൽ ഉറക്കം നഷ്ടപ്പെട്ടിട്ട് ഒരു പാട് നാളായി. ദുരന്തം മണത്തറിഞ്ഞ ചങ്ങാതിക്കിളികൾ തെക്കൻദിക്കിലേക്ക് പോയപ്പോഴും താൻ മാത്രം പോയില്ല. ചേക്കയിരിക്കാൻ ഇനിയൊരു കിളിതിന്നിച്ചില്ലയോ മാമലനാടോ ഇല്ലെന്ന് മുടവൻകിളിക്കറിയാമായിരുന്നു. പലപല മോത്തെഴുത്തുകളിൽ തിരുമുടികൾ മാറിമാറിയണിഞ്ഞ് ഈ വിശാലമായ ചെങ്കൽത്തുറസ്സിൽ ഋതുരാജന്റെ പകർന്നാട്ടങ്ങൾ ഇനിയില്ല. നീരുപൊടിയുന്ന ആകാശംതേടി പൂത്തുമ്പികളും കാക്കപ്പൂക്കളിറുക്കാൻ പ്ലാവിലക്കോട്ടാളകളുമായി കുഞ്ഞുങ്ങളുടെ കളിചിരികളുമിനിയില്ല. തെളിഞ്ഞുചിരിച്ച് അലക്കിവെളുപ്പിച്ച വണ്ണാത്തിമാറ്റുടുത്ത് ഇളവെയിലീവഴി വരില്ല.

മാമലദേശം പോർവിളികളും പടവിളികളും നിലച്ച രണഭൂമിയാണ്. എങ്ങും തലയറുത്ത് മാറ്റിയ ഉടലുകൾ. അകത്തിറച്ചി കൊത്തിപ്പിളർന്ന് കുടൽ പൊട്ടി ചോരയൊലിക്കുന്ന മണ്ണാഴങ്ങളിലേക്ക് മുടവൻകിളി നിസ്സംഗതയോടെ നോക്കി. കന്നക്കത്തികൊണ്ട് വയറുകുത്തിക്കീറി ബപ്പിടുന്നതിനായി കീറ്റോലയിൽ കിടത്തിയ മെരുവത്തിന്റെ 4പിടച്ചിൽ പോലെ ചോരയിറ്റിയ മണ്ണിന്റെ ഹൃദയം തുടിച്ചു. ഞരക്കങ്ങൾ, നിലവിളികൾ. മനുഷ്യരുടേതല്ല. മരങ്ങളുടെ, പൂക്കളുടെ, പുൽച്ചെടികളുടെ, കാറ്റിന്റെ, നീരൊഴുക്കുകളുടെ, പാതിയിൽ പാടി കുരലറുത്ത പാട്ടുകളുടെ വിലാപങ്ങൾ.

ജീവന്റെ അവസാനത്തെ അടയാളമായി ചോരയിറ്റുന്ന കാമനാരുടെ പുതുമ്പൂവിരലുകൾ നീട്ടി കിളിതിന്നിമരവും പൂക്കളുടെ കാവൽക്കാരനായ മുടവൻകിളിയും മാത്രം ശേഷിച്ചു. ഇടവക്കോൾ സമ്മാനിച്ച മരതകകഞ്ചുകം വാരിച്ചിറ്റിമയങ്ങുന്ന വിശാലത ഇനി കൺകുളിർക്കെ കാണാനാകില്ല. ഉള്ളംകൈവെള്ളയിൽ മനേല താളിച്ച് വെയിൽ എളവർണ്ണമെഴുതുന്ന മണ്ണഴക് മാമലനാടിന്റെ അഭിമാന്യമായിരുന്നു. അടങ്ങാത്ത ആസക്തിയുമായി മാമലപ്പെണ്ണിന്റെ ഉൾപ്രവാഹങ്ങളിലേക്ക് സ്ഖലിച്ചു പെയ്യുന്ന പേമാരി. കെർപ്പപ്പൂതിയിൽ അവളുടെ മേനി കൊഴുത്തുമിനുത്തു. ജലഭരമായ ഉദരം താങ്ങി ഒരമ്മയെ പോലെ ആലസ്യപ്പെട്ടു. മേഘപാളികൾ തുറന്ന് മഴയ്ക്കൊപ്പം ഋതുരാജൻ കുളിർത്ത പാറയിൽ വന്നിറങ്ങും. ഋതുഭേദങ്ങളുടെ അണിയലങ്ങൾ സൂക്ഷിച്ച പേളിക5 തുറക്കും. മാമലപ്പെണ്ണിന്റെ മരതകച്ചേലയിൽ ഇന്ദ്രനീലക്കല്ലുകൾ തുന്നിച്ചേർക്കും. നീലയുടെ ഓരോ മാണിക്യമുത്തിലും മഴയിൽ നനഞ്ഞൊലിച്ച് ഋതുദേവൻ കാക്കപ്പൂമൊട്ടുകൾ നിറച്ചുവെക്കും. മാമലനാടിന്റെ അഴകിനെ ഇതിൽക്കൂടുതൽ വാഴ്ത്തുവതെങ്ങനെ.

പണിയെടുത്ത് തളർന്നുമയങ്ങിയ ഋതുരാജന്റ നെഞ്ചത്തു കൂടിയാണ് പാറ തുരക്കുന്ന കൂറ്റൻ യന്ത്രം കയറിയിറങ്ങിയത്. മറ്റൊരു കാലത്തേക്ക്, മറ്റൊരു ദേശത്തേക്ക് കരുതിയ ഋതുപ്പകർച്ചകൾ അടച്ചുസൂക്ഷിച്ച പേളിക വണ്ടിച്ചക്രങ്ങളിൽ പൊടിഞ്ഞില്ലാതായി. ചായില്ല്യമൂട്ടി നിറപ്പിച്ച ശോണവർണ്ണങ്ങളും അണിയലങ്ങളും വിച്ഛിന്നമായ ദൈവശരീരങ്ങളായി മണ്ണിൽ ചിതറി. കിളിതിന്നിമരത്തിന്റെ എകർന്ന6 കൊമ്പിലിരുന്ന് മുടവൻ കിളി ചുറ്റിലും നോക്കി. പടിഞ്ഞാറിന്റെ മേഘക്കെട്ടുകളിലേക്ക് മസ്തകം പൂഴ്ത്തി മയങ്ങുന്ന ഏഴിൽമല അങ്ങകലെയായി കാണാം. പോരൊടുങ്ങാത്ത ഇരു മലങ്കാടുകൾ. പടവിളികൾ തഴച്ച താഴ്വാരങ്ങൾ. മാമലനാടിന്റെ ദുരന്തത്തിൽ മുടവൻകിളി ദുഖിച്ചില്ല.

പഴങ്കാലം പടവിളികളുടെ കാലമായിരന്നു. പാഴിയിലും7 വാകപ്പെരുന്തുറയിലും8 വീഴ്ത്തിയ ചോരയ്ക്ക് കാരണങ്ങളുണ്ടായിരുന്നു. ഏഴിൽമലയുടെ എകരത്തിലിരുന്ന് കാർന്നോന്മാർ ഇപ്പോഴും പോരുകളൊടുങ്ങാത്ത കാലത്തെ പാടിപ്പൊലിപ്പിക്കുന്നുണ്ടാകുമോ. പൊൻവാകകൾ നിറഞ്ഞ വാകപ്പപെരുംതുറൈയുടെ മൺവീറിൽ മൂഷകരാജനായ നന്നന്റെ തല നാർമൂടിച്ചേരൽ കൊയ്ത പടപ്പാട്ട്. പാഴിപ്പെരുംതുറൈയ് എന്ന വീരഭൂമിയൽ നന്നന്റെ പടനായകൻ ആയ്എയ്നനെന്ന ചേരരാരജന്റെ പടമടക്കിയ പാട്ട്. പാട്ട് പാടാൻ ഏഴിൽമലകളുടെ കൊമ്പിൽ കിളികളാരെങ്കിലും ശേഷിക്കുന്നുണ്ടാകുമോ. യുദ്ധവും ചോരയും കണ്ട് മരവിച്ചുപോയവരാണ് ഞങ്ങളുടെ കാർന്നോമ്മാരും തൊച്ചന്മാരും. ഇരുകൈകളും ബന്ധിച്ച് കറുത്ത തുണി കൊണ്ട് കണ്ണുമൂടിക്കെട്ടി തലയറുക്കാനായി നിർത്തിയ യുദ്ധത്തടവുകാരനെ പോലെ കിളിതിന്നിമരം കൊലയന്ത്രത്തിന് മുന്നിൽ നിസ്സഹായനായി. ഇത് പടയല്ല. ഒരു പുൽക്കൊടി കൊണ്ടുപോലും ആക്രമിക്കാനാകാത്തവരെ, പ്രതിരോധിക്കാനാകാത്തവരെ നിർദ്ദയം കൊന്നൊടുക്കലാണ്. നിശ്ശബ്ദരെ, നിരായുധരെ, പാടുന്നവരെ, പൂവുതിർക്കുന്നവരെ, തണലൊരുക്കുന്നവരെ, ശിരച്ഛേദം ചെയ്യലാണ്. പാട്ടിനോട് തണലിനോട് പൂവിനോട്, നീർത്തടങ്ങളോട് ആയുധങ്ങൾ കൊണ്ടടരാടുമ്പോൾ അവർക്ക് തിരിച്ചെന്തുചെയ്യാനാകും.

മൂർച്ചയേറിയ നീ നഖങ്ങളുയർത്തി തയ്യാറായി നിൽക്കുന്ന യന്ത്രക്കയ്യുകൾ ഏത് നിമിഷവും കിളിതിന്നി മരത്തിന്റെ കഥ കഴിക്കും. വേരോടെ പിഴുതെടുത്ത് തറിച്ചുമുറിച്ചെറിയും. കിളിതിന്നി മരത്തിന്റെ നെഞ്ചത്തേക്കുയർന്ന കൊലയന്ത്രത്തിനോട് മുടവൻ കിളി പറഞ്ഞു."ഞങ്ങളുടെ പൂവു തേടി വരുന്നവർക്ക് പൂവ് ഞങ്ങൾ വെറുതെ കൊടുക്കാറില്ല. പൂവ് പെറുക്കുന്നതിനു മുമ്പ് കിളികളെ കുറിച്ചൊരു പാട്ടുപാടണം. നിനക്കു പൂവ് മാത്രമല്ലല്ലോ വേണ്ടത് മരം മുഴുവനുമല്ലേ. ഞങ്ങളുടെ ശിരസ്സറുക്കുന്നതിന് മുന്നം കിളികളെക്കൊാെരു പാട്ടു പാടേണം. '
മൂർച്ചയേറിയ ലോഹക്കയ്യുകളുയർത്തി യന്ത്രം കിളിയുടെ മുഖത്തേക്ക് നോക്കി."കൊല്ലാൻ മാത്രമറിയുന്ന ഞങ്ങൾക്ക് പാട്ടറിയില്ല.'"പാട്ടറിയാത്തവർക്ക് മരമറിയില്ല. മരമറിയാത്തവർക്ക് പൂവറിയില്ല. പൂവറിയാത്തവർക്ക് മരണവുമറിയില്ല. ' ചിലമ്പിച്ച മുടവൻകിളിപ്പേച്ചുകൾക്ക് കൊലയന്ത്രം ചെവികൊടുത്തില്ല.

മൃതിയുടെ തീരത്തുനിന്നും കിളി സ്മൃതികളുടെ പുറങ്കടലിലേക്കു തുഴഞ്ഞു. കിളച്ചുമറിച്ചിട്ട മണ്ണിനൊപ്പം കാലവും നിലതെറ്റി മുടവൻകിളിക്ക് മുന്നിൽ കുഴഞ്ഞുമറിഞ്ഞു. പൂർവ്വകാലങ്ങളിലെ തിളച്ചുതൂവുന്ന ഒരു മീനപ്പകൽ. മഴനീർക്കുടം തുളുമ്പിമറിഞ്ഞ പച്ചയുടെ ഇന്നത്തെ തെളിഞ്ഞ തുറസ്സല്ല. മീനച്ചൂളയിൽ ചായ്ച്ചെടുത്ത വെങ്കലക്കതിരൊളികൾ ചൂടിയ മാമലപ്പെണ്ണ്. മീനത്തിലെ തീവെയിൽ ലഹരിയത്രയും മോന്തി കിളിതിന്നിമരം ചൊകചൊകെച്ചോന്നു. കിളിമൂപ്പനായ മുടവൻകിളിയുടെ നേതൃത്വത്തിൽ കിളികളത്രയും കിളിതിന്നിച്ചില്ലയിൽ കൂടൊരുക്കി. പാടിക്കളിച്ചുമദിച്ച പഴങ്കാലപ്പൂമരക്കാടുകൾ. ചില്ലകളിലെ കിളിതിന്നിപ്പൂങ്കുലകളിൽ നിന്നും ചോരയിറ്റി. മധുകലശം പൂക്കുടങ്ങളിൽ നിറച്ച് കിളിതിന്നിമരം കിളികൾക്ക് മുതിർച്ചവെച്ചു.9 മധുകുടിച്ച് കിളികൾക്ക് മത്തായി. അവർ പാട്ടുകൾ പാടി തമ്മിലിണകൊത്തി കൂത്താടി.

വെയിലാറിയ നേരം വര പാറപ്പരപ്പിലെ മഞ്ഞപ്പുല്ലുകൾക്കിടയിലൂടെ നടന്നു വരുന്ന വാല്ല്യക്കാരനെ ഏരത്തെ10 കൊമ്പിലിരുന്ന കിളിമക്കൾ കു. പാട്ടും ചിന്തും നിർത്തി കിളിമക്കൾ ചോദിച്ചു.

"അങ്ങകലെ സ്വർണ്ണപ്പുല്ലുകൾക്ക് മേലെ എന്താണൊരു നരത്തലയന്റെ വരവ് കാണ്ന്ന്. നമ്മക്കിവിടെ കേടോപാടോ എന്നറിയാനായി വരുന്നതാന്നോ. മുമ്പെങ്ങും ഈ വഴിപോകാത്ത നരത്തലയൻ ഇന്നീ വഴി വരാനെന്താ കാരണം.'
കിളിമക്കൾക്ക് വാല്ല്യക്കാരന്റെ11 വരവിൽ എന്തോ പന്തികേട് തോന്നി. കിളിമൂപ്പനായ മുടവൻകിളീന വിളിച്ചുവരുത്തി എകർന്ന12 ചില്ലയിൽ കാവലിരുത്തി. മുടവൻ കിളിയോട് പറയുന്നല്ലോ കിളിമക്കള്."നരത്തലയൻ ഞങ്ങളെയെങ്ങാൻ ചോദിച്ചുവെങ്കിൽ തെക്കൻദിക്കിൽ മാമാങ്കക്കൂത്ത് കാണ്മാൻ പോയിനി എന്ന് പറഞ്ഞാപോരും. നരത്തലയൻ കിളിതിന്നിപ്പൂവൊന്ന് ചോദിച്ചുവെങ്കിൽ പഴമ്പൂപെറുക്കി പൊയ്ക്കോ എന്ന് പറഞ്ഞാ പോരും.'
മുവടൻകിളിയെ അവിടെത്തന്നെ കാവൽ നിർത്തി ചങ്ങാതിക്കിളികളെല്ലാം കൂടണഞ്ഞ് മറഞ്ഞു.

പറയെപ്പറയെ വാല്ല്യക്കാരൻ കിളിതിന്നിമരച്ചോട്ടിലെത്തി. ഉതിരം13പോലുതിർന്ന പൂക്കൾ. കയ്യിലെ പൂക്കുരിയ നിലത്തുവെച്ചു. മീത്തലേക്ക് നോക്കിയപ്പോൾ തീപിടിച്ച മൂവന്തി പോലെ കിളിതിന്നിപ്പൂങ്കുലകൾ ആകാശത്തെ മറച്ചു. പൂക്കൾക്ക് കാവലിരിക്കുന്ന കിളിമൂപ്പനെ മരത്തിന്റെ അറ്റാംകൊടിക്കുകണ്ടു.14"കേൾപ്പിതായോ നീയുമെടോ മുടവൻകിളിയേ കിളിമക്കളെല്ലാവരും എങ്ങുപോയിനി മുടവൻകിളിയേ.' മുടവൻകിളി നടന്നു ക്ഷീണിച്ച വല്യക്കാരന്റെ കുശലാന്വേഷണത്തിലേക്ക് ചിറകുവീശി."തെക്കൻദിക്കിൽ മാമാങ്കക്കൂത്ത് കാണ്മാൻ പോയിനവരോ. അങ്ങെവിടെ നിന്നു വരികയുണ്ടെടോ നരത്തലയാ നീ. ഇങ്ങെവിടേക്ക് വഴിപോകാനായി ഇതിലേ വന്നൂ.'
ചിരപരിചിതനോടെന്ന പോലെ മുടവൻകിളി വഴിചാത്തിരനോട് കിസപറയാൻ തുടങ്ങി."മാമലനാട്ടിലെ ഈയ്യവനാടനെന്നെനക്ക് പേര്. വന്നത് ഞാൻ കുഞ്ഞിമംഗലത്തെ കടവാങ്കോട്ട് തറവാട്ട്ന്ന്. കടവാങ്കോട്ടെ ഉണിച്ചെറിയ തമ്മരവിയമ്മേന16 അറിയോ നിനിക്ക്. കടവാങ്കോട്ടെ പന്തിരുവര്17 നമ്പ്യാന്മാര അറിയോ നിനിക്ക്. കുഞ്ഞിമംഗലത്തെ കടവാങ്കോട്ടെ കുഞ്ഞിമാക്കത്തിന് പൂരംനോമ്പ്. 18 പൂരത്തിന് കാമനാര ചമയീക്കേണം. മാക്കത്തിന്റെ മങ്കാമന പൊങ്കാമനാക്കാൻ 19 ഏഴ് കൊട്ട കിളിതെന്നിപ്പൂ തരണമെനക്ക്.'

കടാങ്കോട്ടെ കുഞ്ഞിമാക്കത്തിനെ മുടവൻകിളിക്കറിയാം. വീരശൂരന്മാരായ പന്തിരുവര് ചേകോന്മാരേയും അറിയാം. ആങ്ങളമാരുടെ ചിരികത്തല20 മൂർച്ചയറിയാം. പക്ഷേ കിളിതിന്നിമരത്തിന്റെ നിയമങ്ങൾ വേറെയാണ്. അത് പൂചോദിച്ചുവന്ന ഈയ്യവനാടനറിയില്ല."താഴെ വീണ പഴമ്പൂ പെറുക്കി പോയിക്കോ നീ ഈയ്യവനാടാ.'
മുടവൻ കിളി ഈയ്യവനാടനെ നിരുത്സാഹപ്പെടുത്തിയില്ല."പഴമ്പൂ പോരാ പുതുമ്പൂ തന്നെ വേണമെനക്ക് .'
മറുപടി കിളിരാജന് പിടിച്ചില്ല. മുടവൻകിളിയുടെ കളിചിരികൾ മാറി. കിളിമൂപ്പന്റെ ഉറച്ച ശബ്ദം കിളിതിന്നിമരത്തിന്റെ ആകാശത്തിനുമപ്പുറത്തേക്ക് സഞ്ചരിച്ചു."പഴമ്പൂവല്ല പുതുമ്പൂകൊത്തിയുതിർക്കണമെങ്കിൽ ഞങ്ങളെ ക്കൊണ്ടൊരു പാട്ടും ചിന്തും പാടുക വേണം.' കിളിമൊഴികൾ കേട്ട് ഈയ്യവനാടൻ പൊട്ടിച്ചിരിച്ചു."പാട്ടോ... പാട്ടൊന്നും ഞാങ്ങക്ക് പറഞ്ഞതല്ല. കഷ്ടതകൾ നിറഞ്ഞ ജീവിതത്തിൽ ഇന്നേ വരെ പാട്ടിനെക്കുറിച്ചാലോചിച്ചിട്ടില്ല. പാട്ടും ചിന്തുമൊന്നും എന്റെ ഇരുളിലേക്കെത്തിനോക്കീട്ടില്ല. പാട്ടറിയാത്ത ഞാനെന്തൊരു പാട്ട് പാടേണ്ടൂ. ഈ വയസ്സിലിതുവരെ ഞാൻ അക്ഷരമെഴുതിയ ഒരോല മുറിയെ പിടിച്ചവനല്ല. പിന്നെ എനക്കെന്ത് പാട്ട്. അക്ഷരങ്ങൾ കുറിച്ച മണലിലെ പെരിയ ഞാൻ പോയിട്ടില്ല.21 '"പാട്ടറിയാത്ത ഈയ്യവനാടന് പുതുമ്പൂവില്ല. വേണമെങ്കിൽ പഴമ്പൂ പെറുക്കി പൊയ്ക്കോ നീയും.'
മുടവൻകിളി കാർക്കശ്യത്തോടെ പറഞ്ഞു.

മുടവൻ കിളിയുടെ വാക്കിന്റെ മൂർച്ചയിൽ ഈയ്യവനാടന്റെ മനസ്സ് കലങ്ങി. കിളിതിന്നിപ്പൂവില്ലാതെ കുഞ്ഞിമാക്കത്തിന്റെ മുമ്പിലേക്കെങ്ങനെ പോകും. പന്ത്രണ്ടാങ്ങളമാർ എന്തിനും പോന്നവരാണ്. കടങ്കോട്ടേ തറവാട്ടില് പൂരത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പൂവില്ലാതെ തരിച്ചുപോകാനാവില്ല. കുഞ്ഞിമാക്കത്തിന്റെ ഒരിഷ്ടത്തിനും ആങ്ങളമാർ എതിരുനിന്നിട്ടില്ല. മീനപ്പൂരത്തിന് കാമനാരെ വേണം എന്നു പറഞ്ഞപ്പോൾ മാക്കത്തിനിഷ്ടപ്പെട്ട മൺകാമനെ തന്നെ ഉാക്കാൻ തീരുമാനിച്ചു. ഈയ്യവനാടൻ കാമനാരെ തീർക്കുന്ന മൺകുഴവന22 തേടിവരുത്തി. മൺപാരയും മൺതുണിയുമെടുത്ത് നല്ലനല്ല മണ്ണ് തേടി മൺകുഴവൻ പോയി. ആദിയനാദിവയലിൽ എത്തിയ നേരം കണ്ടുവല്ലോ കനകംപോലത്തെ മണ്ണവിട. ആനചവിട്ടിയ അടിമണ്ണ് നീക്കം ചെയ്തു. കുതിര ചവിട്ടിയ അടിമണ്ണെടുത്തുകെട്ടി. കടവാങ്കോട്ടേ ഈശാനകോണിൽ മണ്ണുചൊരിഞ്ഞു. മൺകുഴവൻ മണ്ണുകൂട്ടി വിളയിച്ചു. കടഞ്ഞെടുത്ത വെണ്ണപോലെയാക്കീ മണ്ണ്. എക്കിയെടുത്ത് പരുത്തിപോലെയാക്കീ മണ്ണ്. കാമനാരെ സ്വീകരിക്കുന്നതിനായി കണ്ടത്തിലെ മണ്ണ് തയ്യാറായി. ഇനി വൈകിച്ചുകൂട. നാളെ മുതൽ പണിതുടങ്ങണം. അപ്പോഴുടനെ പറയുന്നല്ലോ കുഞ്ഞിമാക്കം."ഞാനൊരിക്ക അങ്ങ്ട്ടുമിങ്ങ്ട്ടും പോയ്വരട്ടേയമ്മേ'

ഉണിച്ചെറിയ കുഞ്ഞിമാക്കത്തിന് സമ്മതം കൊടുത്തു. അങ്ങ്ട്ടുമിങ്ങ്ട്ടും പോയിനോക്കുമ്പോൾ അങ്ങ്ട്ടെ കാമനൊരു മുടവൻകാമൻ. അതിനങ്ങ്ട്ടെ കാമനൊരു കൂനൻകാമൻ. അതിനുമങ്ങ്ട്ടെ കാമനൊരു കുരുടൻകാമൻ. അതിനുമങ്ങ്ട്ടെ കാമനൊരു ചാണോക്കാമൻ. ഒരു കാമനേയും മാക്കത്തിനിഷ്ടമായില്ല. മാക്കം മൺകുഴവനോട് പറഞ്ഞു."കേൾപ്പിതായോ നീയുമെടോ മൺകുഴവാ. എനക്കെന്ന് പറഞ്ഞ് ചൊല്ലിത്തീർക്കുന്നൊരു കാമനാർക്ക് കയ്യും കാലും കണ്ണും മൂക്കും നോക്കി പണിതീർക്കവേണം'
കനകം പോലെ മണ്ണ് വിളയിച്ച് മൺകുഴവൻ കാമനാരെ പടുത്തു. രൂപം തികഞ്ഞ മങ്കാമന പച്ചോലപടുത്തിരിക്കയിൽ23 വെച്ചു. മാക്കത്തിന്റെ ഉള്ളം മീനംപോലെ തിളങ്ങി. എനിയല്ലപ്പാ കാമനാര ചമയീക്കേണ്ടത്. കാമനെ ഒരുക്കുന്നതിന് വേണ്ടുന്ന പൂക്കളൊക്കെ കുഞ്ഞിമംഗലം പരിസരത്തെ വയലുകളിലും നീർത്തടങ്ങളിലും ഇടനാടൻ ചെങ്കൽക്കുന്നുകളിലും പാറകളിലും താഴ്വാരങ്ങളിലുമുണ്ട്. കാമനമാരുടെ ഓരോ അംഗവും ഓരോ പൂവാണ്."പൂത്തരമായ പൂത്തരമെല്ലാം കിട്ടിയെങ്കിലും കിളിതിന്നിപ്പൂവെനിക്ക് കിട്ടിയില്ലമ്മേ.'
കുഞ്ഞിമാക്കം പരിഭവിച്ചു.

മീനത്തിൽ പൂത്ത ചെമ്പകം പോലുള്ള കുഞ്ഞിമാക്കവും പന്തിരു ആങ്ങളച്ചേകോന്മാരുടെ ചിരികമൂർച്ചയും ഈയ്യവനാടന്റെ എടത്തും വലത്തുമായി നിന്നു. ഈയ്യവനാടൻ ഇന്നോളമുള്ള ജീവിതത്തിൽ ഇതുപോലെ വിഷമിച്ചിട്ടില്ല. കിളിമക്കൾക്ക് വേണ്ടി, പൂമരത്തിന് വേണ്ടി, നാളെ ബലിയാകാനിരിക്കുന്ന കുഞ്ഞിമാക്കത്തിന് വേണ്ടി പാട്ടുകെട്ടുക തന്നെ വേണം. അല്ലെങ്കിൽ പാട്ടിന് പകരം സ്വന്തം ജീവിതം വിലയായി നൽകേണ്ടി വരും. പാട്ടില്ലാത്തവൻ പ്രതീക്ഷയോടെ പാട്ടുപൂക്കുന്ന പൂമരത്തിലേക്ക് നോക്കി. കാമനാരുടെ പുതുമ്പൂവിരലുകൾ നീട്ടി പൂക്കൾ വിളിച്ചു. പൂക്കൾക്ക് മുകളിലെ ആകാശപ്പരപ്പിലും മീനച്ചൂളയിൽ വിശാലമായ പാറപ്പരപ്പിൽ വിളഞ്ഞ സ്വർണ്ണപ്പുൽച്ചെടികളിലും പാട്ടും ചിന്തും പൊടിച്ചു. ജീവിതത്തിന് മുന്നിൽ മരണം തോൽക്കുന്ന പാട്ട്, പാട്ടറിയാത്ത എഴുത്തോല കൈകൊണ്ട് പിടിക്കാത്ത ഈയ്യവനാടന്റെ ഉള്ളിൽ കിളിർന്നു."പാട്ടറിയാത്ത ഞാൻ പാടുന്ന പാട്ട് കേൾക്കൂനും കിളിമക്കളേ, ചെവി പാർത്ത് കേൾക്കൂനും നിങ്ങൾ കിളിമക്കളേ.... '
"ഒന്നാം തെങ്ങുമ്മലൊരുമടലോലമ്മൽ ഒന്നല്ലോ കിളികൂടണച്ചൂ രണ്ടാംതെങ്ങുമ്മലിരുമടലോലമ്മൽ രണ്ടല്ലോ കിളി കൂടണച്ചൂ മൂന്നാം തെങ്ങുമ്മൽ മുമ്മടലോലമ്മൽ മൂന്നല്ലോ കിളി കൂടണച്ചൂ നാലാം തെങ്ങുമ്മൽ നാന്മടലോലമ്മൽ നല്ലോലക്കിളികൂടണച്ചൂ അഞ്ചാംതെങ്ങുമ്മലൈമടലോലമ്മൽ അഞ്ചാതെ കിളികൂടണച്ചൂ ആറാംതെങ്ങുമ്മലറുമടലോലമ്മൽ ആധാരക്കിളികൂടണച്ചൂ ഏഴാംതെങ്ങുമ്മലെഴുമടലോലമ്മൽ നാരായണക്കിളി കൂടണച്ചൂ നല്ലോലക്കിളി നേരിയപോർക്കിളി വാസുകണ്ടൻകിളി വൈരപ്പനങ്കിളി കുത്തിനിടംകുറി വാലിന് വലംകുറി താൻകൊത്തിക്കിളി തിനകൊത്തിക്കിളി തമ്മിലിണകൊത്തി തത്തിത്തത്തി കിളികൂത്താടൂ കിളി കൂത്താടൂകിളി കൂത്താടൂകിളി കൂത്താടൂ......'

പാട്ടറിയാത്തവൻ പാട്ടുപാടി മരത്തിനൊപ്പം പൂവിട്ടു. പൂവറിയാത്തവൻ പൂവ്ചൂടി പൂക്കൾക്കൊപ്പം മധു ചൊരിഞ്ഞു. കിളിതിന്നിമരച്ചില്ലകളിലെ കൂടുകളിലൊളിച്ച കിളിമക്കൾ ഒരോരുത്തരായി പാട്ടിലെ ഓരോ വരിക്കുമൊപ്പം പുറത്തുവന്നു. ഒന്നാംവരി പാടിയപ്പോൾ ഒന്നാംകിളി കൂറ്റുകാട്ടി. രണ്ടാം വരിച്ചില്ലയിൽ പത്ത് പവിഴക്കിളി പറന്നിരുന്നു. മൂന്നാമത്തെ പാട്ടിൽ നൂറോളം കിളിചിറകടിച്ചു. നാലാംപാട്ടിൽ ആയിരപ്പനങ്കിളികൾ എതിർപാട്ടുമൂളി. അങ്ങനെയങ്ങനെ ഓരായിരം കിളികൾ മരം നിറഞ്ഞു. കിളികൾ മഴപെയ്യുമ്പോലെ പുതുമ്പൂക്കൾ കൊത്തിയുതിർത്തു. പാട്ടുകേട്ട ലഹരിയിൽ ഈയ്യവനാടനെ പൂക്കൾകൊണ്ട് വീർപ്പുമുട്ടിച്ചു."ഞങ്ങളെക്കൊണ്ടൊരു പാട്ടുകെട്ടി പാട്ടുകാരനായ ഈയ്യവനാടാ ഏഴുകൊട്ട പുതുമ്പൂപെറുക്കി പൊയ്ക്കോ നീ. കുഞ്ഞിമാക്കത്തിന്റെ മനം നിറയെ മടി നിറയെ പൂ ചൊരിഞ്ഞോ നീ.'

കിളിതിന്നിപൂക്കൾ ചെങ്കൽപ്പരപ്പിൽ കുരുസി24 തർപ്പണമാടി. നിണമണിഞ്ഞ മണ്ണിൽനിന്നും ഈയ്യവനാടൻ പുതുമ്പൂ പെറുക്കി പൂക്കുരിയ നിറച്ചു. പൂവുതിർത്ത കിളിമക്കളെ അരികിൽ വിളിച്ചു.

"പൂരംകുളി ദിവസം നിങ്ങളെല്ലാവരും കുഞ്ഞിമംഗലത്ത് വരണം. കുഞ്ഞിമാക്കത്തിന്റെ പൂരത്തിന് നാട്ടുകാരെയൊക്കെ വിളിച്ചിട്ടുണ്ട്. പൂരടയും പൂരക്കഞ്ഞിയും വേറെയുണ്ടാക്കും. പൂരട എയ്ത് മുറിക്കുന്ന ചേകോനുമായി മാക്കത്തിന്റെ താലികെട്ട്മംഗലം കുറിക്കണം. പൂരോത്സവത്തിന് നിങ്ങളെല്ലാവരും നേരത്തേ കാലത്തേ വരണം. പന്തൽപുറത്ത് എന്റെ കിളിമക്കൾക്കായി പ്രത്യേകം ചോറൊരുക്കും. പന്തലിൽ തിനങ്കതിരും കദളിക്കുലയും വേറെ തൂക്കും.'
ഈയ്യവനാടൻ കിളിമക്കളുമായി ചങ്ങായിത്തമുറപ്പിച്ച് യാത്ര പറഞ്ഞു. മാമലനാട്ടിലേക്ക് വെറുംകയ്യും മനവുമായി വെയിൽ നീന്തിവന്ന ഈയ്യവനാടൻ പാട്ടും ചിന്തും ഏഴുകൊട്ട പുതുമ്പൂവിരലുകളുമായി കുഞ്ഞിമംഗലത്തേക്ക് നടന്നു.

പൂവ്കണ്ട് മതിമറക്ക്ന്ന് കുഞ്ഞിമാക്കം. ഇത്രനാളും കണ്ണുകൊണ്ട് കാണാൻ യോഗമില്ലാത്ത കിളിതിന്നിപ്പൂ കൈകൊണ്ട് വാരിക്കളിക്കാനായതിൽ കുഞ്ഞിമാക്കം അതിരറ്റ് സന്തോഷിച്ചു. പൂരത്തിന് വേണ്ടുന്ന മറ്റെല്ലാ പൂക്കളും കിട്ടിയപ്പോൾ കിളിതിന്നിപ്പൂ മാത്രം കിട്ടാതെ വന്ന മാക്കം വല്ലാതെ സങ്കടപ്പെട്ടു. ഓരോരൊ പൂക്കൾ നിറച്ചാണ് കാമനാരുടെ രൂപം തികക്കുന്നത്. രൂപമൊപ്പിക്കുന്നതിന് വേണ്ടുന്ന പലജാതി കാട്ടുപൂക്കളൊക്കെ ശേഖരിച്ചു. കാമനാരുടെ വിരലായിരുന്നു പ്രശ്നം. വിരലുകൾക്ക് വേണ്ടുന്ന പൂക്കൾ മാത്രം കിട്ടിയില്ല. മറ്റെല്ലാമുണ്ടായിട്ടും വിലുകളില്ലാതെ കാമനാർ എന്തുചെയ്യും. കൈവിരലുകൾക്ക് പകരമല്ലല്ലോ മറ്റൊന്നും. ഉണിച്ചെറിയ മക്കളെയെല്ലാം അടുത്തു വിളിച്ചു. ഈയ്യവനാടൻ പച്ചോലപ്പടുത്തിരിക്കയിൽ കിടത്തിയ കാമനാരെ കടാങ്കോട്ടെ നാടകശാല നടുവരങ്ങിൽ കൊണ്ടുവെച്ചു. തളികയിലരിയും നന്താർവിളക്കിൽ ദീപവും വെച്ചു. പൂക്കളെല്ലാം വേറെവേറെ തളികയിൽ ചൊരിഞ്ഞുവെച്ചൂ. കുഞ്ഞിമാക്കവും തമ്മരവിയമ്മ ഉണിച്ചെറിയയും പന്തിരുവര് ആങ്ങളമാരും സഹായിയായ ഈയ്യവനാടനും കാമനെ ചമീക്കാൻ തുടങ്ങി. മൺകുഴവൻ ചളിമണ്ണിൽ ചായ്ച്ചെടുത്ത കാമനാർക്ക് പൂക്കൾകൊണ്ട് ജീവൻ പകരുകയാണ്. മങ്കാമന പൊങ്കാമനിലേക്ക് മൊഴിമാറ്റുകയാണ്.

അതിരാണിപൂക്കളെടുത്ത് ആദ്യം കാമനാരുടെ അര പതിച്ചു. വയരപ്പൂക്കൾ ചൊരിഞ്ഞ് കാമന് വയർ നിറച്ചു. എരിഞ്ഞിപ്പൂകൊണ്ട് കാമന് പൊക്കുണ്ടാക്കി.25 പാലപ്പൂങ്കുലകളിൽ കാമന് മാറ് വിരിഞ്ഞു. മുല്ലപ്പൂ വെൺമയിൽ മുലമൊട്ടുണ്ടാക്കി. ശംഖ്പുഷ്പത്തിന്റെ ചങ്കുയർന്നു.26 കൈതപ്പൂവെൺമയിൽ കൈമുളച്ചു. കിളിതിന്നിപ്പൂക്കൾ കൊണ്ട് കാമന് വിരലൊരുക്കി. കണ്ണാടിക്കവിളിൽ കാമന് തിളക്കം വെച്ചു. കുമുദപ്പൂ നുള്ളി ചെവിയും ചേർത്തു. എള്ളിൻപൂകൊണ്ട് മൂക്കൊപ്പിച്ചു. മുരിക്കിൻപൂവിൽ കാമന്റെ ചിറി 27 തുമ്മാൻ തിന്ന് ചോന്നു. ഉരലിൽ കുത്തിയെടുത്ത പുഞ്ചരിപ്പല്ലിൽ കാമനാർ പുഞ്ചിരിച്ചു. കറുകക്കൊടി നാക്കിൽ കാമൻ രുചി നുണഞ്ഞു. ആലത്തിൻ പൂവിട്ട് കാമനാർക്താക്ക് താടി നീട്ടി. കുന്നിക്കുരുക്കണ്ണിൽ കാഴ്ച്ചകൾ കണ്ടു. വളർകഴുങ്ങിൻ പൂക്കുലയിൽ കാമനാർക്ക് ചുരൾമുടി തഴച്ചു. നെറുകന്തലയിൽ അല്ലിച്ചെന്താമരയുടെ കിരീടം ചൂടി. ചെന്താമരയിലകൊണ്ടൊരു കുടപിടിച്ചു. ആമ്പൽത്തിന്റെ വടികുത്തി നിന്നു. വീരരാജന്റെ പുതുപ്പണമെടുത്ത് നെറ്റിയിൽ ചൊട്ടവെച്ചു. ചമത പൂത്ത പോലെ മങ്കാമൻ പൊങ്കാമനായി ശോഭിച്ചു.

കാമൻ കാടങ്കോട്ടെ നാടകശാലയിൽ മണ്ണായി പൂവായി പുഴയായി കാറ്റായി പുനർജനിച്ചു. ഒരു ദേശത്തിന്റെ ഭൂപടചിത്രമായി അകം നിറഞ്ഞു. പലപല ജലങ്ങൾ, മരങ്ങൾ, പക്ഷിമൃഗജാതികൾ കാമനാരുടെ മണ്ണിൽ വിശ്രമിച്ചു. ഒരോ മണ്ണിന്റേയും ഹൃദയമെടുത്താണ് കുഞ്ഞിമാക്കത്തിനായി കാമനാരെ പടുത്തത്. കടൽ മുതൽ മലവരെ ചാഞ്ഞുചെരിഞ്ഞുകിടക്കുന്ന കുന്നലനാടിനെ കാമനാരുടെ രൂപത്തിൽ പടിഞ്ഞാറ്റയിലൊരുക്കി. പൂക്കൾക്ക് മണ്ണിന്റെ ഭാഷയാണ്. ഒരോ പൂവും സംസാരിക്കുന്നത് ഓരോ മണ്ണിന്റെയും ഭാഷയാണ്. പലഭാഷകൾ ഒറ്റശരീരത്തിൽ സംസാരിക്കുന്ന ദേശങ്ങളുടെ രൂപകമാണ് കുഞ്ഞിമാക്കത്തിന്റെ കാമൻ. നെറ്റിക്കണ്ണിൽ വെന്തെരിഞ്ഞ പൂവമ്പനെയാണ് മണ്ണിലും ചളിയിലും മരങ്ങളിലും വള്ളികളിലും പുൽച്ചെടികളും വിളയിച്ചെടുക്കുന്നത്. കടാങ്കോട്ടെ നാടകശാലയിൽ പലപലദേശമാണ് പലപലഋതുക്കളാണ് പൂവണിഞ്ഞ് നീരും നിലവുമാർന്ന് കിടക്കുന്നത്.

കൊല ചെയ്യപ്പെട്ട ഋതുവിന്റെ ഉയിർപ്പാണ് പൂരം. പൂരങ്കുളി രാത്രി പൂരോത്സവത്തിന്റെ സമാപനമാണ്. നിറനാഴി നിറച്ചുവെച്ചു. മടക്കാട തളികയിൽ കൊണ്ടുവെച്ചു. നന്താർവിളക്കിൽ ദീപം വെച്ചു. കാമനാർക്ക് വയർ നിറയോളം കഞ്ഞിയും അടയും കൊടുത്ത് യാത്രയാക്കേണം. ആവി പറക്കുന്ന ഉപ്പില്ലാത്ത കഞ്ഞി കോരി കാമന് വിളമ്പി. പ്ലാവില കോട്ടി തളികയിൽ വെച്ചു. വന്നുചേർന്ന ജനങ്ങൾക്കും ഉറ്റവർക്കും ഉടയവർക്കും അന്നദാനം നടത്തി. മുറ്റത്ത് കിളികൾക്കായി കദളിക്കുലയും തിനങ്കതിരും തൂക്കി പ്രത്യേകം പന്തലൊരുക്കി. കിളിതിന്നിമരക്കൊമ്പിൽ മുടവൻ കിളീന കാവൽ നിർത്തി മാമലനാട്ടിലെ കിളിമക്കളെല്ലാം കുഞ്ഞിമംഗലത്ത് വന്നണഞ്ഞു. ഈയ്യവനാടൻ കിളിമക്കളെ പന്തലിൽ വിളിച്ചിരുത്തി. പാട്ടിനുപകരം പൂകൊത്തിയുതിർത്ത് ചങ്ങാത്തം കൂടിയ കിളിമക്കൾ കുഞ്ഞിമാക്കത്തിന്റെ പൂരം നോമ്പിന് വന്നതിൽ ഇയ്യവനാടൻ അതിയായി സന്തോഷിച്ചു. കിളിമക്കൾക്കായി കൊടിയിലയിൽ ചോറെറിഞ്ഞു. അവർ ആർത്തുല്ലസിച്ചു സദ്യയുണ്ടു.

ഇനിയല്ലേപ്പാ കാമനാർക്ക് അട പകുക്കേണ്ടത്. ഉണിച്ചെറിയമ്മ തിരക്ക് കൂട്ടി. പാഞ്ഞുളികയിൽവെല്ലവും അരിയും ചേർത്ത് പാവുണ്ടാക്കി മധുരമുള്ളതും ഉപ്പില്ലാത്തതുമായ അടകൾ വേറെവേറെ വെച്ചുണ്ടാക്കി. നേരം മോന്തിയായി. ഇത്രനാളും കുഞ്ഞിമംഗലത്ത് കളിച്ചുരസിച്ച കാമനെ എനി യാത്രയാക്കേണം. കുഞ്ഞിമാക്കം എണ്ണതേച്ച് കുളിച്ച് കോടിയുടുത്തു. തളികയിലരിയും നിലവിളക്കും കിണ്ടിയിൽ വെള്ളവുമായി ഉണിച്ചെറിയയും കുഞ്ഞിമാക്കവും തോഴിമാരും വരിക്കപ്ലാവിന്റെ മുരട്ടെത്തി. കാമനാരെ താങ്ങിയെടുത്ത് പ്ലാവിൻചോട്ടിൽ വിരിച്ച പച്ചോലപടുത്തിരിക്കയിൽ വെച്ചു. നിലവിളക്കുമായി കുഞ്ഞിമാക്കം കാമനെ എഴുവലം വെച്ചു. കാമപാദങ്ങളിൽ ചെമ്പകപ്പൂക്കൾ വിതറി. വെള്ളം തളിച്ചു. നാക്കിലയിൽ ഉപ്പില്ലാത്ത അട കാമന് മുതിർച്ചവെച്ചു. ചൂണ്ടുവിരൽ മൂക്കത്ത് വെച്ച് മാക്കവും ഉണിച്ചെറിയയും തോഴിമാരും മൂന്നുവട്ടം ഉച്ചത്തിൽ കൂവി. കാമനാർക്ക് പാടിക്കൂട്ടി യാത്രാമൊഴി നേർന്നു. കുഞ്ഞിമംഗലം കടന്നു പോകുമ്പോൾ സൂക്ഷിക്കേണ്ടുന്ന കാര്യങ്ങൾ കാമന്റെ ചെവിയിൽ ചൊല്ലിക്കെട്ടി.

"പോകുന്നേരം നേരത്തേ കാലത്തേ പോണേ കാമാ. വരും കാലം നേരത്തേ കാലത്തേ വരണേ കാമാ. തെക്കൻ ദിക്കിൽ പോകല്ലേ കാമാ. ഈന്തോലപ്പന്തലിൽ ഈന്തട ചുട്ട് തെക്കത്തികൾ ചതിക്കും കാമാ. പുത്തില്ലത്തെ കള്ളിപ്പെണ്ണുങ്ങളെ നോക്കല്ലേ കാമാ. കുഞ്ഞിമംഗലത്തെ ആറാട്ട് കാണാൻ വരണേ കാമാ. പൂക്കോത്ത് നടയിലും പയ്യാവൂർ ചന്തയിലും നമ്മക്ക് കാണാം കാമാ. മാടായി പൂരക്കടവിലും കാണാം കാമാ ...'

ഉണിച്ചെറിയുടേയും മാക്കത്തിന്റേയും കാമൻ പാട്ട് കാമനാർ നടന്ന വഴികളിലൊക്കെയും സഞ്ചരിച്ചു. വരണ്ട മൺകട്ടയും വാടിക്കരിഞ്ഞ പൂക്കളും എണ്ണ വറ്റിയ വിളക്കും പാടിയാടിയ പാട്ടുംചിന്തും ബാക്കിനിർത്തി കാമൻ മീനവെയിലും കടന്നങ്ങുപോയി. കാമൻ പോയസങ്കടത്തിൽ മാക്കം വിതുമ്പിക്കരഞ്ഞു. മാക്കത്തിന്റെ കരച്ചിൽ കണ്ട അമ്മ ഉണിച്ചെറിയ ഉള്ളാലെ ഊറിചിരിച്ചു.

അങ്ങനയങ്ങനെ എത്രമീനവെയിലുകൾ കടന്നു പോയി. മലമടക്കുകളിലേക്കും ജലപ്പരപ്പുകളിലേക്കും മേഘക്കെട്ടുകളിലേക്കും നടന്നുമറയുന്ന കാമനാർ ഓരോ മീനപ്പൂരത്തിലും കന്യമാരുടെ മനം നുകരാനെത്തി. കൊലയന്ത്രത്തിന്റെ മൂർച്ചയ്ക്ക് മുന്നിലിരുന്ന് പൂർവ്വകാലങ്ങളെ, തൊണ്ടച്ചന്മാരെ മുടവൻകിളി വീണ്ടും വീണ്ടും കൂടിക്കണ്ടു. കാലങ്ങൾക്കപ്പുറത്ത് പൂരപ്പൂക്കൾ തേടി വന്നവൻ പാടിയ പാട്ട് കേട്ടു. പാട്ടിനുപകരം പുതുമ്പൂ കൊത്തിയുതിർത്ത കാർന്നോന്മാരുടെ കളിചിരികൾ കണ്ടു. ഇനി ഈ മരത്തിനും കാവൽക്കാരനും ഏതാനും നിമിഷത്തെ ജീവിതം മാത്രം. കൊലയന്ത്രത്തിന് ആജ്ഞ കിട്ടിക്കഴിഞ്ഞാൽ തകർത്തെറിഞ്ഞ ഈ യുദ്ധഭൂമിയിലെ അവസാനത്തെ മരവും നിലംപൊത്തും. കാമനാരുടെ വിരലുകൾ ചൂടിയ ഈ മരത്തിലാണ് തന്റെ കുലം കൂടുകൂട്ടിയത് പാട്ടുകൾ മൂളിയത്. കിളിതിന്നിപ്പൂക്കളുടെ തേൻ നുകർന്നാണ് ലോകത്തെ കണ്ടത്. കടാങ്കോട്ടെ കുഞ്ഞിമാക്കമാണ് തങ്ങളുടെ ജീവിതത്തെ പാട്ടുകൾക്കൊപ്പം കൂട്ടിക്കെട്ടിയത്.

കിളിതിന്നിപ്പൂക്കളിറുത്ത് വെന്തുവെണ്ണീറായ കാമനാർക്ക് വിരൽ പതിച്ച കുഞ്ഞിമാക്കത്തിന്റെ വിധി പക്ഷേ മറ്റൊന്നായിരുന്നു. ഉള്ളിലേക്കിരമ്പിയ ചോരയിറ്റുന്ന പഴമ്പാട്ടുകൾ മുടവൻകിളിയുടെ ഉള്ളം നീറ്റി. പൂരട മുതിർത്ത് കാമനാരെ യാത്ര ചൊല്ലിയയച്ച് സങ്കടപ്പെട്ട രാത്രിയിലാണ് പന്തലിൽ തൂക്കിയ അട അമ്പെയ്ത് മുറിച്ച അഭ്യാസിയായ കുട്ടിനമ്പറുമായി കുഞ്ഞിമാക്കത്തിന്റെ താലികെട്ട്മംഗലമുറപ്പിക്കുന്നത്. പന്ത്രണ്ടാങ്ങളമാരുടെ വാത്സല്യത്തിൽ മദിച്ച മാക്കം ഒടുവിൽ അതേ വാത്സല്യക്കയത്തിൽ മുങ്ങിമരിച്ചു. സ്നേഹത്തിനൊപ്പം ഉടവാളും അരയിൽ കരുതിയ ആങ്ങളമാർ മാക്കത്തേയും ഇരട്ടക്കുട്ടികളായ ചാത്തുവിനേയും ചീരുവിനേയും കഴുത്തറുത്ത് കിണറ്റിലെറിഞ്ഞു.

പെൺചതിയിൽ കീറിമുറിക്കപ്പെട്ട അമ്മയും കുഞ്ഞുങ്ങളും കുഞ്ഞിമംഗലത്തിന്റെ നീറ്റമായി. കൊലചെയ്യപ്പെട്ട കാമനാർക്ക് വിരലുകൾ നൽകിയ മാക്കത്തിന്റേയും മക്കളുടേയും തലയില്ലാത്ത ഉടലുകൾ അച്ചങ്കരപ്പള്ളിക്കിണറ്റിൽ ചീഞ്ഞഴുകി. കുഞ്ഞിമംഗലത്തെ പാട്ടുകാരും ആട്ടക്കാരും വിസ്മൃതിയുടെ ആഴക്കിണറിൽ മുങ്ങിമറഞ്ഞ മാക്കത്തിന്റെ ജീർണ്ണിച്ച ശരീരം പുറത്തെടുത്തു. സ്വന്തം ഉയിരൂതി നിസ്വരായ മനുഷ്യർ നിസ്സഹായതയുടെ അമ്മയേയും മക്കളേയും ഉയിർപ്പിച്ചു. കുഞ്ഞിമാക്കത്തിന്റെ അഴുകിയ കാലുകളിൽ ചിലമ്പണിയിച്ച് അഴകിയതാക്കി. മാമലനാട്ടിലെ ചെങ്കല്ലരച്ച് മാക്കത്തിന്റെ മോത്തെഴുതി. ഉള്ളകത്ത് നീറിപ്പൊള്ളിയ ഓട്ടിൽ പുരണ്ട കരിമഷി തൊട്ടെടുത്ത് തോരാത്ത കണ്ണിൽ പെണ്ണഴകെഴുതി. ചതിയിലും പകയിലും ബലിയാകുന്ന ആലംബമറ്റ പെൺജീവിതങ്ങൾ കുഞ്ഞിമാക്കത്തിന്റെ ഉയിർപ്പിലൂടെ കടാങ്കോട്ട് തറവാട്ടിലെ നടുവരങ്ങിൽ തിരമുടിനിവർത്തിയുറഞ്ഞു. കാലത്തിന്റേയും ചരിത്രത്തിന്റേയും തിരുമുറ്റങ്ങൾ മാക്കത്തിന്റെ കനവിലെ തീപ്പന്തങ്ങളിൽ വെന്തുപുകഞ്ഞു. നാത്തൂന്മാരുടെ ഏഷണിയിൽ വ്യഭിചാരക്കുറ്റമാരോപിച്ച് കൊലചെയ്യപ്പെട്ട മാക്കത്തിന്റെ പെൺവീര്യം പാടിയാടിയ പാട്ടറിയാത്ത എഴുത്തറിയാത്ത മനുഷ്യർ പാട്ടുകാരും ആട്ടക്കാരുമായി.

നിശ്ശബ്ദനായ കൊലയാളിയുടെ മോത്തേക്ക് 30 മുടവൻകിളി നിസ്സംഗമായി നോക്കി."പാട്ടിന്റെ പൂവരങ്ങിൽ പൂവിട്ട മരത്തെയാണ് നീ കൊല്ലാൻ വന്നിരിക്കുന്നത്. നീയും നിന്റെ പടയാളികളും കിളച്ചു മറിച്ച ഈ ഭൂമിയെ അറിയുമോ. നിനക്കും നിന്റെ യജമാനന്മാർക്കും ഈ ചെങ്കൽപ്പാറപ്പരപ്പുകളും കുന്നുകളും നീർത്തടങ്ങളും വയലേലകളും ആരുടെ ശരീരമാണെന്നറിയുമോ. കടൽതൊട്ട് മലയറ്റംവരെ നീണ്ടു നിവർന്ന് കിടക്കുന്നത് മീനവെയിൽക്കയങ്ങളിൽ മറഞ്ഞുപോയ കാമനാരാണ്. ഓരോ മൺവീറിലെയും സ്വപ്നങ്ങൾ നുള്ളിയെടുത്താണ് ഞങ്ങൾ മീനപ്പൂരത്തിൽ കാമനാരെ ഉയിർപ്പിച്ചത്. ഒരോ മണ്ണും ഒരോ പൂവാണ്. ഓരോ പൂവൂം ഓരോ കാടാണ്. ഓരോ കാടും ഓരോ തീയാണ്. മലങ്കാറ്റിലുലർന്ന അതിരാണിക്കാടുകളാണ് കാമനാരുടെ അരക്കെട്ടിലെ തീയൂതിയുണർത്തുന്നത്. ജീവനില്ലാത്ത യന്ത്രത്തിന് ഞങ്ങളുടെ ഭാഷയറിയുമോ.'
കൊലയന്ത്രത്തിന്റെ നഖമൂർച്ചയിലേക്ക് നോക്കി കിളിമൂപ്പൻ പറഞ്ഞു."വയരവള്ളിക്കാട്ടുപൂക്കളാണ് കാമനാരുടെ വട്ടിയിലെ 31 രോമക്കാടുകൾ. പാലപ്പൂക്കളുടെ ഗന്ധർവ്വശയ്യയാണ് കാമനാരുടെ വിടർന്ന് വിരിഞ്ഞ നെഞ്ച്. പുഞ്ചയരിപ്പല്ലുകളിലെ പുഞ്ചിരിയാണ് നീ അമ്ലമൊഴിച്ച് കത്തിച്ചില്ലാതാക്കിയ പുഞ്ചപ്പാടങ്ങൾ. കുമുദമ്പൂഞ്ചെവികളിൽ കാമനാർ കേട്ടത് നീ മാന്തിപ്പൊളിച്ച ഈ ഭൂമിയുടെ ഉൾത്തുടിപ്പാണ്. ചോരച്ചുുകൊണ്ട് മുരിക്കുമരത്തിന്റെ നോവത്രയും കുടിച്ചു വറ്റിച്ചില്ലേ. ഉഴുത് മറിച്ച കത്തിനേയും എരുതുകളേയും32 ഉഴവുകാരനേയും കാമനാർ മണക്കുന്നത് എള്ളിൻപൂ മൂക്കുകൊണ്ടാണ്. തോട്ടുവക്കത്തെ ചാളയിലെ പുലയവീര്യമുണ്ട് കാമനാരുടെ കൈതക്കയ്യുകൾക്ക്. നമ്മുടെ കാമനാർ ഒറ്റശരീരത്തിലെ പലപലദേശങ്ങളാണ്. ഒറ്റശരീരത്തിലെ ആൾക്കൂട്ടപ്പെരുക്കമാണ്. ആ ദേശപ്പലമയാണ് കൺമുന്നിൽനിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. '

തറിച്ചുമുറിച്ചെറിയപ്പെട്ട കാമനാരുടെ ശരീരത്തിൽ ശേഷിച്ച കൈവിരലുകളാണീ കിളിതിന്നിപ്പൂക്കൾ. എത്രയോ പെണ്ണാഴങ്ങളിൽ മധു പ്രവഹിച്ചത് ഈ വിരൽത്തുമ്പുകളിലൂടെയാണ്. ഓരോ മീനപ്പൂരത്തിലും കാമൻ പുനർജനിക്കുമ്പോൾ ചോരയോട്ടമുള്ള വിരലുകൾ സമ്മാനിച്ചത് ഈ കിളിതിന്നിപ്പൂക്കളാണ്. ഒരു മനുഷ്യ ശരീരത്തിൽ വിരലുകൾക്ക് എത്രമാത്രം ജോലികളുണ്ട്. ഈ പ്രകൃതിയിൽ കാമരസമുണർത്തുന്നവന്റെ വിരലുകളാകുമ്പോൾ അതിന്റെ സഞ്ചാരങ്ങൾക്ക് പരിധികളില്ലല്ലോ. മുടവൻകിളിക്കിനിയൊന്നും പറയാനില്ല. കൊലയന്ത്രം തയ്യാറായി നിൽക്കുകയാണ്. കാൽശരായിയും തൊപ്പിയും ധരിച്ച് ചുണ്ടിൽ എരിയുന്ന ലഹരിയുമായി യജമാനൻ വന്നു കഴിഞ്ഞു. കൊലയന്ത്രം വലിയ ശബ്ദത്തോടെ പ്രവർത്തിച്ചുതുടങ്ങി.

കാമനാരുടെ പുതുമ്പൂവിരലുകളുടെ അവസാനസ്പർശം. മുടവൻകിളിയുടെ നരച്ച ശരീരത്തിൽ മോഹങ്ങൾ പെരുത്തു. എകർന്ന കൊമ്പിലെ പൂങ്കുലകളിൽ കുളിരാർന്നിരുന്നു. നീലാകാശം ഇരുളാൻ തുടങ്ങിയിരിക്കുന്നു. മേഘക്കീറുകളിൽ അരിങ്ങണ്ണൻ മുളങ്കാട് പൊട്ടിയടർന്നു. ഇടിനാദമാണോ പാറ പിളർക്കുന്ന യന്ത്രത്തിന്റെ കൂറ്റാണോ.33 മുടവൻകിളി കാമനാരുടെ വിരലുകളിൽ പറ്റിച്ചേർന്നു. മരണമെത്തുംമുമ്പേ മഴയെത്തി. ജീർണ്ണിച്ചഴുകിയ മണ്ണിലേക്ക് നീർ നില തെറ്റിയൊഴുകി. കാമനാരുടെ കൈവിരൽ പൂങ്കാവനത്തെ കോരിയെടുക്കുന്നതിനായി യന്ത്രം കൂർത്ത നഖങ്ങളുള്ള ലോഹക്കയ്യുകൾ വിടർത്തി. ജലത്തിന്റെ സ്പർശവും ഗന്ധവുമറിയാത്ത കൊലയാളിക്കുമുകളിൽ മഴകനത്തു. മഴ, മഴ മാത്രം. മറ്റൊന്നുമില്ല.

മരണത്തിന് മുമ്പ് ആരാണ് പാടുന്നത്. മുടവൻകിളി കണ്ണുതുറന്നു. തന്നെയും കിളിതിന്നി മരത്തിനെയും പിഴുതെടുക്കാനായി നീണ്ടു വരുന്ന കൊലയാളിയുടെ കൈവെള്ളയിലിരുന്ന് പഴമ്പാട്ട് പാടുന്ന പാട്ടുകാരനെ മുടവൻ കിളി കണ്ടു. പാട്ടുകാരനായ ആട്ടക്കാരന്റെ കറുത്ത് മെലിഞ്ഞ ശരീരം കണ്ടു. പുതുമ്പൂ തേടിവന്ന ഈയ്യവനാടനാണോ. കനത്ത നീർപകർച്ചയിൽ ഒന്നും വ്യക്തമാകുന്നില്ല. പാട്ടുകാരൻ മഴയിൽ അലിഞ്ഞു തീരുന്നതുപോലെ. നെറ്റിയിലണിഞ്ഞ വെള്ളിത്തലപ്പാളിയിൽ 34 നിന്നും സ്ഫടിക കണങ്ങൾ മണ്ണിലേക്ക് തെറിച്ചു. അരയിൽ ചിറ്റിയ ചുവന്ന കാണിമുണ്ട് മഴയിൽ നനഞ്ഞു. ചോപ്പ് ചായമൊലിച്ചിളകി. മണ്ണിൽ പടർന്ന വെള്ളത്തിൽ ചോര കലർന്നു. കിളിതിന്നിപ്പൂക്കളിറുത്ത് കാമനാർക്ക് വിരൽ പതിച്ച പെണ്ണിന്റെ ചുടുനിണം. ചോരയിൽ കുതിർന്ന കാലുകളുമായി മഴ നനഞ്ഞ് കൊലയന്ത്രം പാടിക്കൊണ്ടിരുന്നു.
"ഒന്നാംതെങ്ങുമ്മലൊരുമടലോലമ്മൽ ഒന്നല്ലോ കിളി കൂടണച്ചോ.... രണ്ടാംതെങ്ങുമ്മലിരുമടലോലമ്മൽ രണ്ടല്ലോ കിളി കൂടണച്ചോ.....'
1 - മാമാങ്കം. 2- പഴയങ്ങാടിപുഴയുടെ പഴയ പേര്. 3- വേട്ടമൃഗത്തെ മുറിച്ച് വീതം വെക്കുക. 4-വേട്ടമൃഗം 5- തെയ്യത്തിന്റെ ചമയങ്ങൾ സൂക്ഷിച്ചുവെക്കുന്ന പനമ്പുകൊ് നെയ്ത പെട്ടി. 6- ഉയർന്ന. 7- പഴയങ്ങാടിയുടെ പഴയപേര്. 8.- ഏഴിമലയിലെ യുദ്ധഭൂമി. 9- നേദിച്ചു. 10- ഉയരത്തിൽ. 11- ചെറുപ്പക്കാരൻ. 12 - ഉയർന്ന. 13- ചോര. 14 - ഏറ്റവും ഉയരത്തിൽ. 15- വിശേഷങ്ങൾ. 16- അമ്മ. 17- പന്ത്രണ്ട്. 18- ഉത്തരകേരളത്തിലെ മീനമാസത്തെ പൂരം. 19- മണ്ണുകൊണ്ടുള്ള കാമൻ പൊന്നു കൊണ്ടുള്ള കാമൻ. 20-ചുരികത്തല. 21- നിലത്ത് അക്ഷരങ്ങളെഴുതിയ വഴിയിലൂടെ പോയിട്ടില്ല. 22-മണ്ണുകുഴയ്ക്കുന്ന കുശവൻ. 23-പച്ചോല കൊണ്ട് മെടഞ്ഞ് ഇരിക്കാനുപയോഗിക്കുന്ന തടുക്ക്. 24. കുരുതി. 25 -പൊക്കിൾ. 26 -കഴുത്ത്. 27- ചുണ്ട്. 28- മുറക്കാൻ. 29 വലിയ ചെമ്പ്. 30- മുഖത്ത്. 31- വയർ. 32- കാളകൾ. 33- ശബ്ദം. 34- തെയ്യം നെറ്റിയിൽ കെട്ടുന്ന വെള്ളിച്ചമയം.


വി.കെ. അനിൽകുമാർ

എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ

Comments