ബോഗൻവില്ല ചെടികളോട് അവൾക്ക് വല്ലാത്ത അറപ്പാണ്. കടലാസുകുസുമങ്ങൾ ഒരുതരം ആഭാസകരമായ തേവടിയാട്ടം നടത്തുന്നു എന്നാണ് അവളുടെ ആരോപണം. വിചിത്രവാസനകളുടെ ഒളിവാസകേന്ദ്രമാണ് മറിയാമ്മ. ദുരൂഹരൂപകങ്ങളുടെ രാജകുമാരി. അക്ഷരങ്ങൾകൊണ്ട് അമ്മാനമാടുന്ന കവി. അവൾക്കല്ലാതെ മറ്റാർക്കും ബോഗൻവില്ല ചെടികളെകുറിച്ച് ഇത്രയും വികടമായി പറയാനാവില്ല.
… കാമഭ്രാന്തന്മാരുടെ വീട്ടുപേരാണ് ഭോഗൻ വില്ല.
കുന്നിൻമുകളിലെ മനോരോഗ ചികിത്സാലയം കണ്ടാൽ സുഖവാസകേന്ദ്രം പോലിരിക്കും. ബോഗൻവില്ലയുടെ ചില്ലകളൊരുക്കിയ കടുംചുവപ്പ് പന്തലിനു ചുവട്ടിലിരുന്ന് ഞാൻ ആശയക്കുഴപ്പം അനുഭവിക്കുകയാണ്. ഓർക്കാതിരിക്കണോ മറക്കാതിരിക്കണോ?
സെർട്രലൈൻ 50 mg ഗുളിക വിഴുങ്ങി മറിയാമ്മ തൽക്കാലത്തേക്ക് നടന്നതെല്ലാം മറന്ന് എന്റെ മടിയിൽക്കിടന്ന് മാണ്ടുറങ്ങുകയാണ്. ഉറക്കത്തിൽ വിരിഞ്ഞ ഇരുണ്ട മന്ദഹാസം എന്നെ അസ്വസ്ഥയാക്കുന്നുണ്ട്. അവളുടെ സിരകളിലൂടെ സ്ട്രോബെറി കണ്ണുകളുള്ള സെറോടോണിൻ മുയൽക്കുഞ്ഞുങ്ങൾ ഓടിപ്പാഞ്ഞുകളിക്കാൻ തുടങ്ങിയിട്ടുണ്ട്.
… ഈശോയേ... ഞങ്ങടെ ജീവിതമെന്നാ ഇങ്ങനെ? ഉറപ്പായിട്ടും നേരെയല്ല... ഒട്ടും വളഞ്ഞതുമല്ല... ഉടഞ്ഞെന്നുള്ളത് നേരാ... തുണ്ടംതുണ്ടമായിട്ടൊണ്ട് ... അവക്കടെ കാവ്യഭാഷയിൽ പറഞ്ഞാ ശിഥിലം... എന്നുവെച്ച് അയ്യോ പൊത്തോ ചത്തേ ചതഞ്ഞേ പറഞ്ഞങ്ങ് വിട്ടുകൊടുക്കത്തില്ല ഞങ്ങൾ. മറിയാമ്മേടെ ധില്ലൻ പടപട വെൽഷ് കവി തോമാച്ചൻ എഴുതിവെച്ചിട്ടൊണ്ട്...
Do not go gentle into that good night.
Rage, rage against the dying of the light.
മറക്കാൻ സാധിക്കാത്തതുകൊണ്ടുമാത്രം ഞാൻ ഓർമ്മിക്കാൻ തീരുമാനിച്ചു.
രണ്ട്
ഇവളെ, മേരി ജോസഫിനെ, തോളത്തേറ്റി ഞാനൊരുത്തി മലകേറാൻ തുടങ്ങിയിട്ട് കാലം ഒത്തിരിയായി. ഇതുപോലൊരു കേസുകെട്ട് കഴിഞ്ഞ 28 കൊല്ലത്തെ ആയുസ്സിൽ കിട്ടിയിട്ടില്ല. ഉറ്റ കൂട്ടുകാരിയാ, ബെസ്റ്റിയാ, എൽക്കേജി തൊട്ട് പീജി വരെ ഒരേ ക്‌ളാസിൽ, ഒരേ ബെഞ്ചിൽ, ഒരേ വൈബിൽ.
ഇംഗ്ലീഷ് എം എ കഴിഞ്ഞ് ഞാൻ, കൊച്ചുത്രേസിയാ പട്ടർമഠം, കോഴക്കാശ് കൊടുക്കാൻ കഴിയാതെവന്നപ്പോ കോളേജധ്യാപികയുടെ ഉടുപ്പഴിച്ച് വെച്ചേച്ച് അണ്ണാമല കയറി. ഡിസ്റ്റൻസിൽ നൈസായിട്ട് സൈക്കോളജി പീജി അടിച്ചുമാറ്റി. അപ്പനെ മസ്ക്കടിച്ച് കെട്ടിക്കാൻ വെച്ച കാശീന്ന് രണ്ടുലക്ഷം ഊറ്റി അങ്ങ് ദൂരെ ഒഡീഷയിൽ നിന്ന് ഉഡായിപ്പിൽ ഒരു പിഎച്ച്ഡി ഒപ്പിച്ചു. നാട്ടിലൊരു ക്ലിനിക്കിട്ടത് എട്ടുനിലയിൽ പൊട്ടി. കറങ്ങുന്ന കസേരയും കൗച്ചും എ സി യൂണിറ്റും കിട്ടിയ വിലയ്ക്ക് വിറ്റ് വീട്ടുമുറ്റത്തൊരു ബോർഡ് നാട്ടി. ഡോക്ടർ തെരേസാ പട്ടർമഠം, മനഃശാസ്ത്രജ്ഞ. അതും ക്ലെച്ച് പിടിച്ചില്ല. എല്ലാം അടക്കിപ്പിടിച്ചോണ്ട് അടങ്ങിയൊതുങ്ങി കഴിയാൻ ശീലിച്ച കപട ജനതയാണ് മലയാളി എന്നും മറ്റും ഡയറിയിൽ കുറിച്ചിട്ട് സമാധാനിച്ചു.
അപ്പോഴാണ് ഇവള് മറിയാമ്മ അഡാറൊരു ഐഡിയ പറഞ്ഞുതന്നത്. ഓൺലൈൻ കൗൺസിലിങ്. "തെരേസാസ് തെറാപ്പി" എന്ന പേരിട്ടതും ഫേസ്ബുക് ഇൻസ്റ്റ യൂട്യൂബ് ഇടങ്ങളിൽ പ്രാസവും പത്രാസുമുള്ള പേര് പറപ്പിച്ചതും അവൾതന്നെ. എനിക്കും ഇടപാടുകാർക്കുമിടയിൽ അവൾ ഇടനിലക്കാരിയായി. സമയം നിശ്ചയിക്കലും ഓൺലൈൻ വഴി ഫീസ് വാങ്ങിക്കലും എല്ലാം അവളൊരാൾ. ഒറ്റമാസംകൊണ്ട് സംഗതി കത്തിപ്പടർന്നു. തെരേസാസ് തെറാപ്പി ക്ലിക്കായി, ട്രെൻഡായി എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാണ്ടായി. വിദേശ മനോവിഷമക്കാർ കൂടിയതോടെ ഉറക്കവും ഇല്ലാണ്ടായി. ചിക്കിളിയുടെ കുത്തൊഴുക്ക് എന്റെ സ്വകാര്യ സ്വപ്നങ്ങളെ ഇക്കിളിപ്പെടുത്തി. കയ്യും തലയും പുറത്തിടാൻ പാകത്തിൽ മേൽക്കൂരയിൽ കിഴുത്തയുള്ള യമണ്ടൻ കറണ്ട് വണ്ടി, വൈകീട്ടിരുന്ന് നാലെണ്ണം സ്വസ്ഥമായി വീശാൻ സൗകര്യമുള്ള വിശാല ബാൽക്കണിയുള്ള 3BHK അപാർട്മെന്റ്, പിന്നെ അവളോടൊപ്പം ഒരു യവനയാത്ര, ലെസ്ബോസ് ദ്വീപിലേക്ക്, സാഫോയുടെ മടിയിലേക്ക്. അവിടെവെച്ച് അവളെ ഞാൻ വേൾക്കും. കരിന്താളിയിൽ കടഞ്ഞെടുത്ത എന്റെ കാതലിയെ.

മറിയാമ്മയുടെ കരിന്തൊലിയിലെ കുഞ്ഞിസുഷിരങ്ങളിൽനിന്ന് മുളപൊട്ടുന്ന വിയർപ്പുമൊട്ടുകൾക്ക് കടലുപ്പിൻ രുചിയാണ്. എന്റെ നാവിലെ രസമുകുളങ്ങൾക്ക് ഒത്തിരിയിഷ്ടമുള്ള ലവണച്ചുവ. സദാസമയവും ഈർപ്പമുള്ള കരിഞ്ചിറിക്ക് മൃഗമദഗന്ധം. പിടലിയിലൊരു മൃദു മുത്തങ്ങാ പുൽമേട്. നാവിനാൽ തഴുകുമ്പോൾ ശൂലധാരികളായ് മാറുന്ന ശ്മശ്രുസൈന്യം. കാതിലെ രാവണൻകോട്ടയിലൂടെ പരതിയിഴയുന്ന നാവിൻ തുമ്പിന് വഴിപിഴയ്ക്കാറില്ല. ഉടലിലെ സർവ്വമാന പ്രവിശ്യകളിലേക്കും ഇഴഞ്ഞുചെല്ലാൻ സാധിക്കുന്ന നാവാണ് ഞങ്ങളുടെ ഉണ്മ. നിരോധനാജ്ഞകൾ ലംഘിക്കാൻ ഭയമില്ലാത്ത അവയവം. എല്ലുറപ്പില്ലെന്ന ആരോപണത്തെ ചുറ്റിവരിയുന്ന നാഗപ്പുളപ്പ്. ക്രീഡാശേഷം പുണർന്ന് പിണഞ്ഞ് കിടന്നുറങ്ങുമ്പോൾ, കിടക്കയിലൊരു സീബ്രാ ക്രോസിങ്ങ് ഉടലെടുക്കും. നേർവരകൾക്ക് കുറുകെനീങ്ങുന്ന അവകാശരേഖ. പുലർവേളകളിൽ അരിച്ചിറങ്ങുന്ന നനവുള്ള സ്വപ്നങ്ങളിൽ അവളൊരാൾ മാത്രം.
മൈ എബണി അനുരാഗിണി.
മൂന്ന്
എന്റെ ജീവിതത്തിലേക്ക് അവൾ കടന്നുവന്നത് സ്ലോ മോഷനിലാണ്. കഥാനായികയുടെ എൻട്രിക്ക് അകമ്പടിയായത് നഴ്സറി ടീച്ചർ ചൊല്ലിക്കൊണ്ടിരുന്ന ശിശുഗാനവരികളായിരുന്നു.
… ഫൈവ് സിക്സ് പിക്ക് അപ്പ് സ്റ്റിക്‌സ്
സെവൻ എയിറ്റ് ലേ തെം സ്ട്രൈറ്
നഴ്സറി ക്‌ളാസിൽ തൊട്ടരികിൽ വന്നിരുന്ന നിമിഷം തന്നെ ഞങ്ങൾക്കിടയിൽ ഒരു കാന്തവലയം രൂപപ്പെട്ടു.
… ഹെല്ലോ, ഐയാം മേരി ജോസഫ്.
ഇത്രയും കറുത്ത തൊലിയും ഇത്രയും വെളുത്ത പല്ലുകളും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഇത്രയും ഈണമുള്ള ശബ്ദവും ഇത്രയും ഭംഗിയുള്ള ഭാഷയും ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. ആദ്യമായിട്ട് വീടുവിട്ട് മറ്റൊരു സ്ഥലത്ത് വന്നുപെട്ട മൂന്നുവയസ്സുകാരിയുടെ വിമ്മിട്ടങ്ങൾ തട്ടിമറിച്ചിട്ടത് അവളുടെ ഇടിച്ചുകയറിയുള്ള ഇടപെടലായിരുന്നു. എനിക്കുനേരെ നീണ്ടുവന്ന കറുത്തകൈ പിടിച്ചുകുലുക്കാനുള്ളതാണെന്ന് മനസ്സിലാകാതെ ഞാൻ അമ്പരന്നിരിക്കുമ്പോൾ, അവൾ അതേ കരംകൊണ്ട് തോളിൽ പിടിച്ചുകുലുക്കി.
… താൻ എന്നെ മറിയാമ്മ എന്ന് വിളിച്ചാൽ മതി. വീട്ടിലെല്ലാവരും അങ്ങനാ വിളിക്കുന്നെ; ഞങ്ങൾക്കിടയിലെ കാന്തവലയം ശക്തിപ്രാപിച്ചു. അപരിചിതത്വം അലിഞ്ഞില്ലാതായി. എനിക്ക് ധൈര്യം വെച്ചു. ഞാൻ വിറയ്ക്കാതെ സ്വന്തം പേരുച്ചരിച്ചു.
… തെരേസാ, എല്ലാരും തെയ്യാമ്മ എന്ന് വിളിക്കും.
…മറിയാമ്മ ആൻഡ് തെയ്യാമ്മ. വൗ വാട്ട് എ ടീം. ഔസം.
അവൾ കളിപറഞ്ഞത് അച്ചട്ടായി. പിന്നീടങ്ങോട്ട് നിലയ്ക്കാത്ത യുഗ്മഗാനമായി ഞങ്ങൾ അലയടിച്ചു.
നാല്
മറിയാമ്മയുടെ ഉല്പത്തിപ്പുസ്തകം അവളാണെനിക്ക് വായിച്ചുകേൾപ്പിച്ചത്. ഒള്ളതാണോ തള്ളാണോ?
ആ ആർക്കറിയാം.
ഇരവുമല്ല പകലുമല്ല, തൃസന്ധ്യ സമയം. അർത്തുങ്കൽ റീത്താ പുണ്യാളത്തിയുടെ പള്ളിനടയിൽ മുഷിഞ്ഞ തോർത്തിൽ പൊതിഞ്ഞൊരു കറുകറാ കറുത്ത ചോരക്കുഞ്ഞ്. കൈകാലിട്ടടിച്ചു തൊള്ളകീറുന്ന കാക്കച്ചിക്കുഞ്ഞ്. പെറ്റിട്ടപാടേ മരയ്ക്കാത്തിത്തള്ള ചത്തപ്പോൾ മറ്റുമാർഗ്ഗമൊന്നും കാണാഞ്ഞപ്പോൾ കരക്കാർ ഒപ്പിച്ച കലാപരിപാടിയാണ്. വള്ളം മറിഞ്ഞ് കടൽ വിഴുങ്ങിയ തന്ത കടമല്ലാതെ വേറൊന്നും ഉണ്ടാക്കിയിട്ടിട്ടില്ലെന്നാണ് തീരദേശ വാർത്ത. അനാഥ പൈതങ്ങളെ വിതരണം ചെയ്യുന്നത് പള്ളിക്കാർക്ക് നിത്യതൊഴിലഭ്യാസം. മക്കളില്ലാതെ സങ്കടം ബോധിപ്പിച്ച യു.കെയിൽനിന്ന് അവധിക്കുവന്ന ഔസേപ്പച്ചൻ - ശോശാമ്മ ദമ്പതിമാർക്ക് ആരുമില്ലാപൈതലിനെ ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടു. ഉടനടി മാമോദീസ മുക്കി മേരി ജോസഫ് എന്ന് പേര് ചൊല്ലിവിളിച്ചു. പാൽപ്പൊടിയും പഞ്ഞപ്പുല്ലും കലക്കിക്കുടുപ്പിച്ച് അവർ സന്തോഷച്ചിറകുവിരിച്ച് കുഞ്ഞിനേയും കൊണ്ട് വെയിൽസിലോട്ട് പറന്നുപോയി. മൂന്നാം കൊല്ലം അവർക്ക് സ്വന്തം കൊച്ചുണ്ടായപ്പൊ മൂന്നുവയസ്സുകാരി മറിയാമ്മ ഒറ്റയ്ക്ക് വിമാനത്തിൽ പോയസ്പീഡിൽ മടങ്ങിയെത്തി.
ഔസേപ്പച്ചന്റെ മുള്ളിയപ്പൊ തെറിച്ച ബന്ധത്തിലുള്ള തിമിരം ബാധിച്ച മുതുക്കിയമ്മായിയുടെ മേൽനോട്ടമില്ലായ്മയിൽ മറിയാമ്മ സർവ്വ സ്വാതന്ത്യ്രവും അനുഭവിച്ച് ആസ്വദിച്ച് ജീവിച്ചു. ആണ്ടിലൊരിക്കൽ വലിയവധിക്ക് രണ്ടുമാസം വെയിൽസിൽ പോയി വിലസും. സ്വാൻസീ എന്ന തീരദേശനഗരം. അവൾ പലപ്പോഴും ഗമയിൽ ഗീർവാണമിറക്കും
… ഞാനും ഡിലൻ തോമസും ഒരേ നാട്ടുകാരാണ് ... സ്വാൻസീ ... അരയന്നസാഗരം.
അഞ്ച്
അവളാണാദ്യം ചോരയൊഴുക്കിവിട്ടത്. നാലേനാല് ദിവസം കഴിഞ്ഞപ്പോൾ ഞാനും ഔദ്യോഗികമായി പെൺപട്ടമണിഞ്ഞു. എട്ടിലെ മറ്റുപെൺപിള്ളേർക്കെല്ലാം ഹെഡ്ലൈറ്റും ഹബ്ബും ആവശ്യത്തിന് വളർന്നപ്പോൾ, ഞങ്ങൾ നെല്ലിക്കയിൽ തൃപ്തരായി. നോട്ടീസ് വിതരണം ചെയ്യുമ്പോലെ ചെറുക്കൻമാർ അവളുമാർക്ക് കത്തുകൾ കൊടുക്കുന്ന തിരക്കിൽ ഞങ്ങളെ ഒരുത്തനും തിരിഞ്ഞുനോക്കിയില്ല. അതിലൊന്നും ഞങ്ങൾക്ക് പരിഭവവും തോന്നിയില്ല. പൊടിമീശക്കാരോട് താൽപ്പര്യം തോന്നാത്തതിന്റെ ഗുട്ടൻസ് ഞങ്ങൾക്ക് ഒട്ടും തന്നെ മനസ്സിലായില്ല. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, എന്നീവക ഏടാകൂടങ്ങളെ കുറിച്ച് ഞങ്ങൾക്ക് യാതോരു ധാരണയും ഇല്ലായിരുന്നു. ഞങ്ങൾക്ക് ഞങ്ങൾതന്നെ ധാരാളം. അവൾക്കെന്നെ ജീവനാ. എനിക്കവളെ എന്നെക്കാൾ ഇഷ്ടമാ.
ബയോളജി പരീക്ഷയുടെ തലേന്ന് കംബൈൻഡ് സ്റ്റഡിയെല്ലാം കഴിഞ്ഞ് ഞാൻ മേലുകഴുകി വന്നപ്പോൾ അവളെന്നെ കണ്ണുപറിക്കാതെ നോക്കിനിന്നു. ആരും അതുവരെ പറയാത്ത കാര്യം അവൾ കാതിലോതിയപ്പോൾ ഞാനവളുടെ കരവലയത്തിനുള്ളിൽ ഒതുങ്ങിനിന്നു.
… യു ആർ സൊ ബ്യൂട്ടിഫുൾ.
അന്നാദ്യമായി ഞങ്ങളന്യോന്യം ഉമിനീർ രുചിച്ചുപങ്കുവെച്ചു.
കർത്താവേ, ഇതാണോ പറുദീസാ?
ആറ്
ടെൻത്തിലെ ക്‌ളാസ് മിസ്സ് പിള്ളാരുടെ അഭിരുചി അറിയാൻ തൊടുത്തുവിട്ട സ്ഥിരം ചോദ്യം;
… വാട്ട് ഈസ് യുവർ ആംബിഷൻ?
ആരാവാനാണ് ഇഷ്ടം?
പറഞ്ഞ നേരംകൊണ്ട് ഡോക്ടർമാരും എഞ്ചിനീരുമാരും ആർക്കിടെക്ടുകളും, റോക്കറ്റ് നിർമ്മാതാക്കളും ബഹിരാകാശ സഞ്ചാരികളും, പത്താം ക്ലാസ്സുമുറിയിൽ നിറഞ്ഞുകവിഞ്ഞു. ഞാനൊരാൾ മാത്രം അധ്യാപിക.
മറിയാമ്മയുടെ ഊഴം വന്നപ്പോൾ ആത്മാഭിമാനം തിളച്ചുപൊന്തുന്ന വിചിത്ര വാക്കുകൾ പുറത്തുവന്നു.
… എന്നിഷ്ടം നടന്നുകഴിഞ്ഞു.
ഞാൻ കവിയും കവിതയും ആയിക്കഴിഞ്ഞു.
ഞാനൊഴിച്ച് മറ്റാർക്കും ഒന്നും മനസ്സിലായില്ല. മറിയാമ്മയുടെ ഇംഗ്ലീഷ് കവിതകൾ പല വിദേശ മാസികകളിലും ഇതിനോടകം അച്ചടിച്ച് വന്നിട്ടുള്ളകാര്യം എനിക്കല്ലാതെ മറ്റാർക്കും അറിയുമായിരുന്നില്ല.
മഗ്ദലീന എന്ന തൂലികാനാമത്തിൽ അവൾ മലയാളത്തിൽ എഴുതിയ തീപ്പൊരി കവിതകൾ മിക്കതും വൈറലായിട്ടുണ്ട്.
മേരി ജോസഫ് നൽകിയ ഉത്തരത്തിലെ സത്യാവസ്ഥ, വിനയരാഹിത്യമായും അഹങ്കാരധ്വനിയായും ക്ലാസ് മിസ്സും ക്‌ളാസ് മേറ്റ്സും വിലയിരുത്തി. സർക്കാസം ഒലിപ്പിച്ച് അധ്യാപികയുടെ തിരുത്ത് പെന ചുകപ്പ്മഷി ചീറ്റി.
… നിനക്ക് ഒരിക്കലും കവിയാകാൻ സാധിക്കില്ല കുട്ടീ... കവയത്രി ആയാൽ പോരെ മേരീ?
ക്‌ളാസിൽ കൂട്ടച്ചിരി മുഴങ്ങി. ചിരിക്കുമേലെ മറിയാമ്മയുടെ തർക്കുത്തരം മുഴങ്ങി.
… പോയെറ്റ് ഹാസ് നോ ജൻഡർ…
ലിംഗഭേദങ്ങൾക്ക് മുകളിലാണ് കവി.
പിന്നീട് നടന്നത് കറകളഞ്ഞ കലാപം. മറിയാമ്മ ബെഞ്ചിന് മുകളിൽ കയറിനിന്ന് സ്വന്തം കവിത അലറി ആലപിച്ചു.
‘‘ആണൊരാൾ വിരലനക്കുമ്പോൾ ചലിക്കുന്ന
പെൺബൊമ്മയാവില്ലൊരിക്കലും ഞാൻ.
വെറുമൊരു ശരീരമായ് മാറിലൊരിക്കലും
മുറിയലങ്കാരമായ് തീരില്ല ഞാൻ.
വീറുള്ള പെണ്ണു ഞാൻ, അറിവാളിയാണ് ഞാൻ,
പെണ്ണിനെ പ്രണയിക്കുവാനായ് ജനിച്ചവൾ.
പ്രേമിച്ച് പ്രേമിച്ച് കവിതയായ് തീർന്നവൾ.”
അവസാനത്തെ രണ്ടു വരികളിൽ ഞാനെന്നെ തിരിച്ചറിഞ്ഞു. കവിതയിലൂടെ അവളും, നിഴൽരൂപത്തിൽ ഞാനും പുറത്തുവന്നു. ഒളികേന്ദ്രം ഉപേക്ഷിച്ച് പുറത്തുവന്ന പോരാളികൾ. ചുറ്റിവളഞ്ഞുനിന്ന ചുളിഞ്ഞ മുഖങ്ങൾനോക്കി ഞങ്ങൾ കൊഞ്ഞനംകുത്തി. ഇലത്താളം മുട്ടി ഞങ്ങൾ വിമോചനം ആഘോഷിച്ചു. എന്നെനോക്കി കണ്ണിറുക്കി മറിയാമ്മ പ്രഖ്യാപിച്ചു.
… Coming out is a big thing Baby...
Its now or never !!!

ഏഴ്
ജൂഡിത്ത് ബട്ലർ തലയ്ക്കകത്ത് കയറി ഉപ്പും മുളകും അരയ്ക്കാൻ തുടങ്ങിയ പീജി നാളുകൾ. സുരതാനന്തര സിഗരറ്റ് കത്തിച്ച് മറിയാമ്മ ഗൗരവഭാവം അണിഞ്ഞു. കറുത്ത പൊക്കിൾചുഴിക്കുമേലെ ആഷ്ട്രെ പ്രതിഷ്ഠിച്ച് ധൂമ ദർവേഷുകളെ വായുവിൽ സൃഷ്ടിച്ച് അവൾ ചോദിച്ചു.
… നമുക്ക് അൽപ്പനേരം ദാർശനികരായാലോ?
… ധൈഷണികരാകുന്നതല്ലേ നല്ലത്?
… നമ്മളെപോലുള്ളവരല്ലേ വംശനാശം വരുത്തിവെക്കുന്നവർ?
… ഏയ് ഒരിക്കലുമല്ല. പെറ്റുകൂട്ടുന്നുണ്ടല്ലോ വൻ ഭൂരിപക്ഷം.
… ഞാനൊരു പരിപ്രേക്ഷ്യം മുന്നോട്ടുവെച്ചതാണ്.
… മനുഷ്യവംശത്തിൻ പരിഛേദമെടുത്താൽ നമ്മൾ ഒന്നുമല്ല.
… ഡാർവിൻ... പരിണാമം... നമ്മളാണോ പുതിയ സ്‌പീഷീസ്?
… തള്ളിക്കളയുന്നില്ല. അതൊരു സാധ്യതയാണ്.
… സന്താനോല്പാദനം അസാധ്യമാക്കുന്ന വക്ര ദാമ്പത്യങ്ങൾ.
… വക്രം എന്ന പ്രയോഗത്തിൽ ഒരു രാഷ്ട്രീയ ശരികേടുണ്ട്.
… ശരി. പിൻവലിച്ചിരിക്കുന്നു.
കൈബോംബിന്റെ പിൻവലിച്ചൂരുന്ന ശേലിൽ ഞാനവളുടെ കരിഞ്ചുണ്ടുകളിൽനിന്നും എരിയുന്ന സിഗരറ്റ് ഊരിയെടുത്തു. അവസാന പുകയെടുത്തു. അരക്കെട്ടിൽ അമർന്നിരിക്കുന്ന ചാരനിക്ഷേപണിയിൽ കുത്തിക്കെടുത്തി. ആഷ്ട്രെയുടെ അധിനിവേശത്തിൽനിന്നും വിമോചനം നേടിയ പൊക്കിൾച്ചുഴിയിൽ അമർത്തി ഉമ്മവെച്ചപ്പോൾ മറിയാമ്മ ക്വീർ ക്വീർ ക്വീർ എന്ന സൈദ്ധാന്തിക ജല്പനം വിക്ഷേപിച്ചു. അവളുടെ സ്വകാര്യമായ തമോഗർത്തങ്ങളിൽനിന്നും മഴവിൽചിറകുകൾ വിടർത്തിവീശി ഈയാമ്പാറ്റകൾ പറന്നുയർന്നു. നാഭിച്ചുഴിയില്ലാത്ത പൈതങ്ങളെ താരാട്ടുപാടിയുറക്കാൻ ഞാൻ വെമ്പൽകൊണ്ടു.
നന്മനിറഞ്ഞ മറിയമേ സ്വസ്തി!
എട്ട്
ഈശോയേ…
ഞെട്ടലിനെ സൂചിപ്പിക്കാൻ മറിയാമ്മ ഉപയോഗിച്ച വാക്കിന്റെ ഊക്കിൽ കർത്താവ് പാവം ക്രിയയായി. ചോരപറ്റിയ മഞ്ഞമുടി പറത്തി അങ്ങേരിറങ്ങിയോടി. കുരിശ് കാലിയായി.
… എന്നാത്തിനാടി അലമുറയിടുന്നെ? മനുഷ്യന്റെ നല്ലജീവൻ എടുത്തുപോയല്ലോ.
ആശ്ചര്യത്തെ അട്ടഹാസമാക്കിയതിന്റെ പിന്നിലെ ലോജിക് അവൾ കണ്ണുരുട്ടിക്കൊണ്ട് വിസ്തരിച്ചു.
… ഒരൊറ്റ ചീറ്റലിൽ നാലുകോടിയാ.
എനിക്കൊന്നും മനസ്സിലായില്ലെന്ന് അവൾക്ക് മനസ്സിലാക്കിയത്കൊണ്ടാവണം ചമ്രംപടിഞ്ഞിരുന്നതും കട്ടിക്കണ്ണട ചൂണ്ടുവിരൽകൊണ്ട് മൂക്കുപാലം കയറ്റിയതും വാക്യവിസ്താരം തുടങ്ങിയതും.
… അതായത്, ലവന്മാരുടെ ഈ സ്കലനമുണ്ടല്ലോ, അതിന്റെ കണക്ക് കേട്ടാൽ ഞെട്ടും. ഒരേയൊരു ചീറ്റലിൽ നാലുകോടി ബീജങ്ങളാ പുറത്തുചാടുന്നത്.
… ഓഹോ, അപ്പൊ കഴപ്പുവെള്ളത്തിൽ ബീജത്തെ പിടിക്കലാണ് പണി അല്ലേ. എവിടുന്ന് കിട്ടി മഹോത്തരമായ ഈ ശുക്ലജ്ഞാനം?
ഫോണിൽ മുത്തമിട്ട് അൽപ്പം തലചെരിച്ച് അവൾ സീൽക്കാരം പോലെ അറിയിച്ചു.
… ജെമിനിച്ചേച്ചി. ഇവളാണ് അഭിനവ ജ്ഞാനസുന്ദരി. കുത്തിക്കൊടുത്താൽ അറിവ് വിസർജിക്കുന്ന മനീഷിണി.
ഇത്തവണ എന്നിൽ നിന്നായിരുന്നു ആശ്ചര്യ വിസർജ്ജനം; … ഈശോയേ….
ഒമ്പത്
മൺചട്ടിയിൽ ചെടിനട്ടശേഷം കൈയ്യിലെ പൊടിതട്ടി മറിയാമ്മ പ്രഖ്യാപിച്ചു.
… ഇളം ചൂട്, ഉയർന്ന ആർദ്രത, തണൽ, നിത്യനന, ഇവനാലും ഉണ്ടെങ്കിൽ തഴച്ചുവളരും.
…അടിച്ചുമാറ്റിയതാ അല്ലേ. എവിടുന്നാ?
… അങ്ങ് ദൂരെനിന്ന്. കോസ്റ്റ റീക്ക, സമ്പന്ന തീരം.
… ജാതി, മതം, വംശം ?
… ഇവൻ ആന്തൂറിയം ആൻഡ്രിയേനം, രക്തപുഷ്പ്പങ്ങൾ തരുന്നവൻ.
… ആന്തൂറിയം... ഒരുമാതിരി അപ്പി പേര്... ഇവൻ ഇവളായിക്കൂടെ ?
… അറിയില്ല ... ഇവന്റെ ചെല്ലപ്പേര് ബോയ് ഫ്ലവർ എന്നാണ്.
അങ്ങനെ ആന്തൂറിയപരിചരണം അവൾക്കൊരു ഭ്രമമായി മാറി. കാലത്തും വൈകിട്ടും വെള്ളമൊഴി, കളപറിക്കൽ, വളമിടീല്, ഇലകളുമായുള്ള സൊള്ളൽ, രാത്രികാലങ്ങളിൽ കവിത ചൊല്ലിക്കൊടുക്കൽ.
അവളുടെ കിളിപോയെന്ന് ഉറപ്പായപ്പോൾ, എനിക്കെന്റെ കൺട്രോളും പോയി. അൽപ്പം കർക്കശമായിത്തന്നെ കൽപ്പിക്കേണ്ടിവന്നു.
… ഇന്നോടെ നിർത്തിക്കോ മുടിയാനായിട്ടൊള്ള ആന്തൂറിയപ്രണയം.
… തെയ്യാമ്മോ ... നിനക്ക് അസൂയ ആണോടി ചക്കരേ?
അവളെന്നെ അണച്ചുപിടിച്ച് കാതിൽ സാഫോ കവിതയുടെ വരികൾ മന്ത്രിച്ചു:
… ‘‘നിൻ ദേഹ വിടവുകളിൽ
ഞാനെൻ മതം കണ്ടെത്തുന്നു’’.
എനിക്ക് വീണ്ടും കൺട്രോൾ നഷ്ടപ്പെട്ടു. വരയൻകുതിര വിളയാടുവാൻ തുടങ്ങി. കറുപ്പും വെളുപ്പും ചേർന്നുള്ള വരകൾ, കോണുകൾ, ത്രികോണങ്ങൾ, വൃത്തങ്ങൾ, ചതുരങ്ങൾ. ജ്യാമിതീ നിയമങ്ങൾ ലംഖിച്ചുകൊണ്ടുള്ള പുത്തൻ ആകൃതികൾ. കാൻഡിൻസ്കിയും പോൾ ക്ളീയും മദനീരിൽ ചാലിച്ച് ഉന്മാദം വിതറിയ കിടക്കവിരിപ്പ്. ഞങ്ങളിൽനിന്നും ഉച്ചഘട്ടങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായ് പൊട്ടിയൊലിച്ചു.
തമ്പുരാനേ... പറുദീസയിൽനിന്നും ഞങ്ങളെ ഇറക്കിവിടരുതേ.
10
സംഭവം നടന്ന നിമിഷം പറുദീസാനഷ്ടവും സംഭവിച്ചു.
മേരി ജോസഫ് നാമാവശേഷയായി. മറിയാമ്മ ഒന്നുമല്ലാതായി. പകരം ഇര എന്നൊരു മുഖമില്ലാത്ത സ്വത്വം പ്രത്യക്ഷപ്പെട്ടു. ഇരയുടെ കൂട്ടുകാരി എന്ന മുൾക്കിരീടമണിഞ്ഞ് ഞാൻ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു. പോലീസുകാരും പത്രക്കാരും ടീവിക്കാരും സ്വകാര്യ ബ്ലോഗ്ഗർമാരും എന്നെ വിവസ്‌ത്രയാക്കാൻ ഒരുമിച്ച് പരിശ്രമിച്ചു. പൊതുസമൂഹം ആണിടമാണെന്ന് തെളിയിക്കുകയായിരുന്നു.
… ഇറുകിയ ജീൻസ്, കഴുത്തിറക്കിവെട്ടിയ കൈയ്യില്ലാത്ത കുപ്പായം, രാത്രിസഞ്ചാരം, ഇതെല്ലാം പ്രലോഭനമല്ലാതെ മറ്റെന്താണ് ...
… ആളാവാൻ വേണ്ടിയാന്നേ ഇവളുമാര് പരസ്യമായി പുകവലിക്കുന്നത്.
… ഇളക്കവും നേഗിളിപ്പും ഇതോടെ തീർന്നല്ലോ...
… ആണുങ്ങളോട് കളിച്ചാ ഇങ്ങിനിരിക്കും ...
കവകീറിക്കിടക്കുന്ന മറിയാമ്മയെ ഓർത്തപ്പോൾ കലികയറിവന്നു. കാലടിതൊട്ട് തലയുച്ചിവരെ ഒരുതരം തരിപ്പ് പടർന്നുപിടിച്ചു. കലിപ്പ് പാരമ്യത്തിൽ എത്തിയപ്പോൾ, ഞാൻ, ഈ പാവം കൊച്ചുത്രേസ്യ, പൊട്ടിത്തെറിച്ചു.
… ഫക്ക് യൂ…

11
ആഭിമുഖ്യം പരസ്യപ്പെടുത്താൻ ഇനിയും ധൈര്യം ലഭിക്കാത്ത അഭിഭാഷകയാണ് ഉമൈബാൻ. കാര്യങ്ങൾ തുറന്നുപറഞ്ഞ് പുറത്തേക്ക് വരാൻ സാധിക്കാത്തവൾ. വമ്പൻ കക്ഷികളുമായിട്ട് വൻതോതിൽ അടുപ്പമുള്ളവൾ. ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ വിരുന്നുണ്ണാൻ വന്നപ്പോൾ ഒറ്റ ഗ്ളാസ് വീഞ്ഞിന്റെ ധൈര്യത്തിൽ അഡ്വക്കേറ്റ് ഉമൈബാൻ വിതുമ്മിപ്പറഞ്ഞു.
… അസൂയ തോന്നുന്നു നിങ്ങളോട്, ഉടൻ മറുപടിയുമായി മറിയാമ്മ കയറി ഇടപെട്ടു.
… വക്കീലിന് ഞാനൊരു പർപ്പിൾ പർദ്ദ വാങ്ങിത്തരും. അതണിഞ്ഞ് അഡ്വക്കേറ്റ് ഉമൈബാൻ നമ്മുടെ അഭിമാനക്കൊടി പിടിച്ച് ഇറങ്ങിവരും. അപ്പോൾ ആകാശത്തൊരു മഴവിൽ വിരിയും.
പിങ്ക് നിറമുള്ള ചുണ്ടുകൾക്കരികിലൂടെ നിശ്വാസപ്പുഞ്ചിരി പരന്നൊഴുകി.
… ഇൻഷാ അല്ലാഹ്.
സംഭവം നടന്നയുടനെ ഞാൻ ഉമൈബാനെയാണ് വിളിച്ചുപറഞ്ഞത്. ആശുപത്രിയും പോലീസും അവൾ പക്വതയോടെ കൈകാര്യംചെയ്തു. ഐ സി യൂ വരാന്തയിൽ, തണുത്ത ഇരുമ്പുകസേരയിലിരുന്ന്, ഒരു രാത്രി മുഴുവനും ഞങ്ങൾ കുടിച്ചുവറ്റിച്ചു. അവളുടെ തോളിൽ തലചായ്ച്ചപ്പോൾ ഏഴുനിറമുള്ള സഖിത്വം, അടഞ്ഞ വാതിൽ തള്ളിത്തുറന്ന് മറിയാമ്മയുടെ മുറിവുകളിൽ ഉമ്മവെച്ചു.
തീവ്രപരിചരണ മുറിയുടെ ചില്ലുവാതിൽ തുറന്ന് വെള്ള കുപ്പായത്തിനു മുകളിൽ ഇളംപച്ച ഏപ്രൺ ധരിച്ച മാലാഖ വിളിച്ചുചൊല്ലി.
… ഉറക്കം തൂങ്ങിക്കിടക്കുന്ന കണ്ണുകളുമായി ഞാനും ഉമൈബാനും ആകാംഷയും ചുമന്ന് ഓടിച്ചെന്നു.
… ക്രിട്ടിക്കൽ സ്റ്റേജ് കടന്നിട്ടുണ്ട്. സെഡേഷനിലാണ്. പേടിക്കാനൊന്നുമില്ല.
ഞങ്ങളുടെ ആശ്വാസശ്വാസം ആശുപത്രി വരാന്തയിലൂടെ തുള്ളിച്ചാടിയോടി. മേൽക്കൂരയിലെ എല്ലീഡി വെട്ടത്തിലേക്ക് കണ്ണുനട്ട് ഉമൈബാൻ ഓതിത്തുടങ്ങി.
… അൽഹംദുലില്ലാഹ്...
12
കേസന്വേഷിക്കാൻ വന്ന വാശിക്കാരിയായ പൊലീസുകാരി “ഇരയെ” ചോദ്യംചെയ്യാൻ തുടങ്ങി. പാതിബോധത്തിൽ കിടക്കുന്ന മറിയാമ്മയോട് ആളെ കണ്ടാൽ തിരിച്ചറിയുമോ എന്നവർ ചോദിച്ചപ്പോൾ ലഭിച്ചത് ഒരു നേഴ്സറി പാട്ടായിരുന്നു. കീറിയ ചിറിയുടെ അരികിലൂടെ ഇഴഞ്ഞുവന്ന വരികൾ കേട്ടപ്പോൾ എനിക്ക് ചങ്കുപൊട്ടി.
… വൺ ടു ബക്കിൾ മൈ ഷൂ
ത്രീ ഫോർ ഷട്ട് ദി ഡോർ.
ആശുപത്രിക്കിടക്കയുടെ വെളുത്ത ഷീറ്റിനുമുകളിൽ അവളുടെ കറുത്ത വിരലുകൾ നാലെണ്ണം നിവർന്നുകിടന്നു.
പെൺപൊലീസിന് ഒന്നും പിടികിട്ടിയില്ല. അമ്പരപ്പും നൊമ്പരവും അടക്കിനിർത്തി ഞാൻ മറിയാമ്മയുടെ തർജ്ജമക്കാരിയായി.
… ഒരാളല്ല... നാലുപേർ ചേർന്നാണ് അവളെ ...
അന്വേഷക ഒന്ന് പതറി. ഫയലിൽ എന്തോ കുത്തിക്കുറിച്ച് ഒന്നും മിണ്ടാതെ അവർ പുറത്തേക്ക്...
ഷട്ട് ദി ഡോർ.
തലയ്ക്കടി കിട്ടിയ ഞാൻ കുളിമുറിയിൽ കയറി വാതിലടച്ചു. ഷട്ട് ദി ഡോർ.
“ഒരാളല്ല... നാലുപേർ ചേർന്നാണ് അവളെ...”
ചാണകപ്പച്ച നിറമുള്ള പിത്തവെള്ളം ക്ളോസറ്റിലോട്ട് ഓക്കാനിച്ച്, ഫ്ലഷ് വലിച്ച്, വാ കൊപ്പിളിച്ച്, കൈയും മുഖവും സോപ്പിട്ട് കഴുകി, ഭിത്തിയിലെ കണ്ണാടിയിലോട്ട് നോക്കിയപ്പോൾ, ചോരയിൽ കുളിച്ചുനിൽക്കുന്ന മറിയാമ്മ എന്നെനോക്കി കണ്ണിറുക്കുന്നു. പിറുപിറുക്കുന്നു.
… നിന്നെയും പുറത്താകും... ഷട്ട് ദി ഡോർ.
ഒടുവിൽ എന്നെയും ഞാൻതന്നെ പുറത്താക്കും ... ഷട്ട് ദി ഫക്കിങ് ഡോർ.
ഈശോയെ... എനിക്കിത്രയാണെങ്കിൽ അവൾക്കെത്രയാ…
13
പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന് പേരിട്ടുവിളിക്കുന്നതാകും നല്ലത്. പി ടി എസ് ഡി എന്ന് ചുരുക്കിവിളിക്കുന്നതാകും അതിലും നല്ലത്. അവൾ അവളിലേക്ക് തന്നെ ചുരുങ്ങാൻ തുടങ്ങുന്നത് കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു. ഉന്നക്കിടക്ക വിരിച്ചിട്ട ഞങ്ങളുടെ ഞരക്കമൊഴിയാത്ത കട്ടിലിൽ അവൾ ചുരുണ്ടുകൂടി ചലനമറ്റ് കിടക്കുന്ന സങ്കടക്കാഴ്ച.
രണ്ടാഴ്ച ആശുപത്രിയിലായിരുന്നു. എട്ടുതുന്നിട്ട് മരുന്നുവെച്ചുകെട്ടി മറിയാമ്മ കണ്ണുചിമ്മാതെ മലർന്നുകിടന്ന് പേക്കിനാവുകൾ കണ്ടു, ഞെട്ടി, തലവെട്ടിച്ചു, ഒച്ച പുറത്തുവരാതെ അലറിവിളിച്ചു. ഓർമ്മകളിൽ അള്ളിപ്പിടിച്ചുകിടക്കുന്ന പരിഭ്രമിപ്പിക്കുന്ന അനുഭവമുഹൂർത്തങ്ങളുടെ കുരുക്കിലകപ്പെട്ട മറിയാമ്മ. അദൃശ്യമായ മനോവിരലുകൾ റീപ്ലേ ബട്ടണിൽ വീണ്ടും വീണ്ടും അമർത്തിക്കണ്ടിരിക്കുന്ന അവസ്ഥ. ഐ വി കത്തീറ്റർ വഴി ഒഴുക്കിവിട്ട നിദ്രാദ്രാവകം സുല്ലിട്ട് സലാംപറഞ്ഞൊഴിഞ്ഞു. മുഴുത്ത കണ്ണുകളിൽനിന്നും ചിറകിന് തീപിടിച്ച ട്രോമാത്തുമ്പികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവന്നുകൊണ്ടേയിരുന്നു. നിർത്താതെ കറങ്ങുന്ന മിക്സിയിൽ കിടന്ന് മറിയാമ്മ ചെറുശകലങ്ങളായി അരിയപ്പെടുന്ന കാഴ്ച. ഒടുവിൽ കുഴമ്പുരൂപത്തിലായവളെ വടിച്ചെടുത്ത് കാറിലിട്ട് വീട്ടിലെത്തിച്ചു. ഇനി, അവളെനിക്ക് അനുരാഗിണി മാത്രമല്ല. ഇനിയവൾ എനിക്കുമാത്രമുള്ള മനോരോഗിണി. അൽഗോരിത അണ്ഡകടാഹത്തിൽ "തെരേസാസ് തെറാപ്പി" അനാഥ ഗ്രഹമായ് മാറിത്തീർന്നു. ഇനി ഞാൻ അവൾക്കുമാത്രമുള്ള വിദഗ്ദ്ധോപദേശക. മറിയാമ്മയുടെ സ്വന്തം കൊച്ചുത്രേസിയാ പുണ്യവാളത്തി.
ഈശോയെ, എന്റെ കരിമുത്തിനെ കാത്തോളണേ.
14
മറിയാമ്മയുടെ ശരീരമുറിവുകൾ വളരെ പെട്ടന്നുണങ്ങി. തുന്നിക്കെട്ടിയ ഭാഗത്ത് മുകളിലും താഴെയുമായി രണ്ട് പഴുതാരകൾ സ്ഥാനംപിടിച്ചു. ഫോണിൽ ഫോട്ടോ എടുത്ത് അവളെ കാണിച്ച് ഞാൻ തമാശപറഞ്ഞു.
… കോട്ട സംരക്ഷിക്കുവാൻ ശൂലം പിടിച്ചുനിൽക്കുന്നു രണ്ട് കാവൽഭടന്മാർ
അവളിലെ കവി അതിനോട് പ്രതികരിച്ചു.
… കോവിൽ കവാടത്തിനുമുൻപിൽ വീണമീട്ടുന്ന സാലഭഞ്ജികമാർ.
ഞാൻ ചിരിച്ചു. അവൾ ചിരിച്ചില്ല.
ഒരിക്കലുമില്ലാത്ത കാര്യഗൗരവം ശബ്ദത്തിൽ തുന്നിച്ചേർത്ത് അവൾ ചോദിച്ചു
… തെരേസാസ് തെറാപ്പി എന്നാത്തിനാ മൊടക്കുന്നേ?
… ഓ, അത് വലിയ വിഷയമൊന്നുമല്ല മുത്തേ.
… എന്നെയൊരാളെ ശുശ്രൂഷിക്കാൻ വേണ്ടി മാത്രം ലോകത്തുള്ള ബാക്കിയൊള്ളോരേ ഒഴിവാക്കുന്നത് അത്ര ശരിയുള്ള നടപടിയല്ല.
അവളുടെ കരിവീട്ടിക്കവിളിൽ തലോടിക്കൊണ്ട് ഞാൻ സൗമ്യമായി പറഞ്ഞു.
… നീയെനിക്ക് വെറും ഒരാളല്ല, നീയാണെന്റെ ലോകം.
അവളുടെ നനഞ്ഞ കണ്ണിമകളിൽ ഉമ്മവെച്ചപ്പോൾ മൽസ്യകന്യകമാർ കോരിത്തരിച്ചു.
ഈശോയെ, ഇതുക്കൂട്ട് സ്നേഹമാ വെടിക്കെട്ട് സ്നേഹം.
15
മറിയാമ്മയുടെ ഉൾമുറിവുകൾ ഉണങ്ങിയിട്ടില്ല എന്നത് അവൾ വലിച്ചെറിയുന്ന ഭക്ഷണത്തിൽനിന്നും ഞാൻ വായിച്ചെടുക്കാൻ ശ്രമിച്ചു. അറപ്പും അരിശവും ഭയവും കലർന്നൊരു ഭാവം അവളുടെ അലർച്ചകളിൽ നിന്നും ഞാൻ കണ്ടെടുത്തു. പശുവിൻ നെയ്യ് പുരട്ടി പഞ്ചസാര വിതറിയ പുഴുങ്ങിയ ഏത്തക്കയുടെ മിസൈൽ ആക്രമത്തിൽ ചുവരിലെ ട്യൂബ് തകർന്നു തരിപ്പണമായി. നെല്ലുകുത്തിയരിയുടെ കഞ്ഞിവെള്ളത്തിൽ കുളിച്ച സ്റ്റാഫ് നേഴ്സ് മനസ്സിൽ പ്രാകിക്കൊണ്ടാ സ്കൂട്ടായത്. തക്കാളി സൂപ്പ്കൊണ്ടവൾ മതിൽക്യാൻവാസിൽ ജാക്സൺ പൊള്ളോക്കിനെ കടത്തിവെട്ടി. നീളമുള്ളതും വഴുവഴുപ്പുള്ളതുമായ എല്ലാ തീറ്റി ഐറ്റംസും അവൾ റദ്ദുചെയ്യ്തു
അവൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ട്രോമയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങാൻ മനഃശാസ്ത്രത്തിലുള്ള എന്റെ അണ്ണാമല ബിരുദാനന്തരബിരുദം അപര്യാപ്തമാണെന്ന് എനിക്ക് ബോധ്യം വന്നു. എന്നാൽ അതിന് പകരംവെയ്ക്കാൻ എന്റെകൈയ്യിൽ മറ്റൊരു ചികിത്സാപദ്ധതി ഉണ്ടായിരുന്നു. മറ്റാരുടെ പക്കലും ഇല്ലാത്ത അനന്യമായ ഒരു ഔഷധം. അവൾക്കുവേണ്ടി മാത്രം ഞാൻ തിളപ്പിച്ചാറ്റിയ ഒറ്റമൂലി. അളവില്ലാത്ത അനുരാഗം.
തകർന്നുവീണ് ശിഥിലമായ അവളുടെ ചിത്തം കൈക്കുമ്പിളിൽ കോരിയെടുത്ത്, മനോശകലങ്ങളെ അതാത് സ്ഥാനങ്ങളിൽ അടുക്കിവെച്ച്, പ്രണയത്തിൻ കുന്നിപ്പശയാൽ ഒട്ടിച്ച്ചേർത്ത് ഞാനെന്റെ ഞാവൽപ്പഴത്തെ പഴയപോലാക്കും.
ഈശോയേ, നാലുനാൾ ചത്തുകിടന്ന ലാസറസിനെ ജീവിപ്പിച്ചവനേ, ഇവളെ കൈവെടിയല്ലേ.
16
കാര്യങ്ങൾ ഒരുവിധം സ്മൂത്തായി നീങ്ങാൻ തുടങ്ങി. മുറ്റം നിറയെ പൂക്കൾ. പൂമ്പാറ്റകൾ വന്നുതുടങ്ങി. മറിയാമ്മ നട്ട ആന്തൂറിയം പുഷ്പ്പിച്ചു. അവളെയൊന്ന് പുറംലോകം കാണിക്കുവാൻ, ശുദ്ധവായു ശ്വസിപ്പിക്കുവാൻ, ഇളംവെയിൽ കൊള്ളിക്കുവാൻ വീണുകിട്ടിയ അവസരം.
… കൊച്ചേ, നമ്മുടെ ആന്തൂറിയം വയസറിയിച്ചു. അവൻ അവളായെടി. കാണേണ്ടേ നിനക്ക്,എഴുന്നേറ്റുവാ.
അമാന്തത്തിലാണെങ്കിലും അവൾ പുറത്തേക്ക് വന്നു. തലയുയർത്താതെ, ആകാശത്തെ നിരാകരിക്കുന്ന മട്ടിൽ അവൾ മണ്ണിലേക്ക് കണ്ണുംനട്ട് സാവധാനം നടന്നു. കുഞ്ഞിക്കാറ്റ് ഓടിവന്നവളെ ചുറ്റിപ്പിടിച്ചു. സൂര്യനവളുടെ കവിളിൽ മുത്തമിട്ടു. വയലറ്റ് പൂമ്പാറ്റകൾ അവൾക്ക് ചുറ്റിനും ദർവേശുകളെ പോലെ വട്ടംകറങ്ങി. ഈർക്കിൽ തുമ്പി അവളുടെ കരിമൂക്കിൻത്തുമ്പിൽ വന്നിരുന്ന് ചോദിച്ചു.

… അരിശമൊക്കെ തീർന്നോ?
മറിയാമ്മ മന്ദഹസിക്കാൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് പുഷ്പ്പിച്ചുനിൽക്കുന്ന ആന്തൂറിയം അവളുടെ കണ്ണിൽപ്പെട്ടു. കടുംചുവപ്പ് പൂവുകൾ നാലെണ്ണം. അവൾക്ക് അനക്കമറ്റു. കണ്ണുകൾ തള്ളിവന്നു. ആകാശത്തേക്ക് കൈകളുയർത്തി മറിയാമ്മ നിർത്താതെ അലറിത്തുടങ്ങി. കാറ്റ് പേടിച്ചോടി. സൂര്യൻ കണ്ണുപൊത്തി. വയലറ്റ് പൂമ്പാറ്റകളുടെ ചിറകറ്റുവീണു. ഈർക്കിൽ തുമ്പിയെ മറിയാമ്മ അടിച്ചുകൊന്നു. അവളുടെ മൂക്കിൽനിന്നും രക്തം ചീറ്റി. മുടിയഴിച്ചിട്ട് മറിയാമ്മ ഒറ്റക്കാൽവിരലിലൂന്നി ചുറ്റിത്തിരിയാൻ തുടങ്ങി.
തുണിയഴിച്ചിട്ട് മറിയാമ്മ ആന്തൂറിയം പുഷ്പ്പങ്ങളെ വെല്ലുവിളിച്ചു.
… വാടാ...
നാലുപേരും വാടാ ...
നാലുകോടിവെച്ച് പതിനാറുകോടി താടാ...
ചങ്കിൽ തറച്ചുനിൽക്കുന്ന കൂരമ്പ് വലിച്ചൂരുന്ന മട്ടിൽ മറിയാമ്മ ആന്തൂറിയം പൂക്കളുടെ അശ്ലീലകരമായി നീണ്ടുനിൽക്കുന്ന ഭാഗം പറിച്ചെടുത്ത് വായിലിട്ട് ചവച്ചരച്ചു. എന്നിട്ട്, കണക്കുതീർക്കുന്ന മട്ടിൽ കാർക്കിച്ചുതുപ്പി. എന്നിട്ട്, ഒന്നും സംഭവിക്കാത്തപോലെ മണ്ണിൽ കുഴഞ്ഞുവീണു.
