ആന്റോച്ചന്റെ അരണ


രാജൻ മരിച്ചു.

പതിവുള്ള ചായ കുടിക്കാതെ ആന്റോച്ചൻ ധൃതിയിൽ കക്കൂസിലേക്ക് നടന്നു. ഒറ്റനോട്ടത്തിൽ ആരും ശ്രദ്ധിക്കുന്ന തൻ്റെ ഇടത്തേ കാല്പാദത്തിന്റെ ഇടത്തോട്ടുള്ള ചരിവുമായി അയാൾ ഏറെക്കുറേ ഓടുകയായിരുന്നു. വയറ് പിമ്പിരി കൊള്ളുകയാണ്. കതകു തുറന്നതും ടാപ്പു തുറന്നതും ഒന്നിച്ചായിരുന്നു. അപ്പോഴാണ് അരബക്കറ്റ് വെള്ളത്തിനുള്ളിൽ വെപ്രാളപ്പെടുന്ന ആ അരണയെ ആന്റോച്ചൻ കാണുന്നത്. വെള്ളത്തോടുകൂടി അതിനെ പുറത്തേക്കൊഴുക്കി അയാൾ കതകടച്ചു. നല്ലവണ്ണം വയറ്റിൽനിന്നുപോയി. പക്ഷേ നാളുകളായി ദഹിക്കാതെ കിടന്ന എന്തൊക്കെയോ അവിടിവിടായി തങ്ങിനിൽക്കുംപോലെ.

കക്കൂസിൽ നിന്നും പുറത്തേയ്ക്കിറങ്ങിയ ആന്റോച്ചനെ കാത്ത്, അയാൾ പുറത്തേയ്ക്ക് ഒഴുക്കിവിട്ട അരണ നിൽക്കുന്നുണ്ടായിരുന്നു. ശരീരത്തിന്റെ മുൻഭാഗം ഉയർത്തി മുൻകാലുകൾ ചേർത്തുപിടിച്ചു നന്ദിയോടെ അത് ആന്റോച്ചന്റെ മുന്നിൽ നിന്നു. കൂപ്പിയ കൈയ്യോ ആദരസൂചകമായി പുറപ്പെടുവിച്ച ശബ്ദങ്ങളോ ആൻ്റോച്ചൻ അറിഞ്ഞില്ല. കക്കൂസിൽ കയറിയ അതേ ധൃതിയിൽ അയാൾ തിരികെ വീട്ടിലേക്കും കയറി. മുറിയിൽ ചെന്നു ഒരു ഷർട്ടുമിട്ട് പുറത്തേക്കിറങ്ങി അയാൾ ഉറക്കെ പറഞ്ഞു.

"എടിയേ, ഞാൻ അവന്റെ അടുത്തുവരെ പോകുവാ …"
ആന്റോച്ചൻ കക്കൂസിൽ നിന്നിറങ്ങിയ അതേ വേഗത്തിൽ ഭാര്യ അടുക്കളവശത്തെ വാതിലിലൂടെ പുറത്തേക്കുവന്നു.
"എപ്പഴാ അടക്ക്?’’
"മൂന്നു മണി"

മറുപടിയായി എന്തെങ്കിലും ചോദിക്കണോ മൂളണോ എന്നവൾ സംശയിച്ചു നിൽക്കുമ്പോഴേക്കും അയാൾ നടപ്പുവഴിയിൽ എത്തിയിരുന്നു.

രണ്ടു മൈൽ ദൂരമുണ്ട് ആന്റോച്ചന്റെ വീട്ടിൽ നിന്ന് രാജന്റെ വീട്ടിലേക്ക്. മുപ്പത്തിയെട്ടു വയസ്സിനിടെ അയാൾ ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത് ഈ വഴിയിലൂടെയാണ്. ഇടത്തെ കാല്പാദത്തിന്റെ ഇടത്തോട്ടുള്ള ചരിവ് നേരെയാക്കാൻ ശ്രമിച്ചുകൊണ്ട് ആന്റോച്ചൻ വീണ്ടും ആ വഴി നടന്നു. അയാളുടെ മുന്നേ തുള്ളിക്കളിച്ച് ആ അരണയും. ചെമ്പേരി ബെന്നിയുടെ പറമ്പിന്റെ അതിരിൽ, വഴിയോട് ചേർന്ന് ഒരു ഇലുമ്പൻ പുളിയുണ്ട്. അതിന്റെ ചുവട്ടിൽ എത്തിയപ്പോൾ അരണ അവിടെ നിന്നു. ആന്റോച്ചൻ നടന്നു വരുന്നതേയുള്ളൂ. അയാൾ കേൾക്കുമാറ് അരണ നീട്ടിപ്പാടി,
‘നന്ദിയേറുന്നു നോക്കിലും എൻ വാക്കിലും
നെഞ്ചു പിളർന്നെന്റെ ഉള്ളൊന്നു കാണണം ഏമാനേ’

ആന്റോച്ചൻ ആ പാട്ടു കേട്ടു. പഴുത്തുവീണു കിടക്കുന്ന ഇലുമ്പൻപുളികൾക്കിടയിൽനിന്ന് പാടുന്നത് താൻ ഒഴുക്കിവിട്ട അരണ തന്നെയാണെന്ന് അയാൾക്ക് മനസ്സിലായി. ആ ഇലുമ്പൻപുളി നിൽക്കുന്നത് ഒരു കയ്യാലപ്പുറത്താണ്. അവിടെ യാതൊരല്ലലും കൂടാതെ സ്ഥിരതാമസമാക്കിയ ഒരു മൂർഖനെ ഒന്നല്ല പലതവണ ആന്റോച്ചനും രാജനും കണ്ടിട്ടുള്ളതാണ്. എങ്കിലും കള്ളു കേറുമ്പോൾ ഇതേ ഇലുമ്പൻപുളിയുടെ ചുവടാണ് രണ്ടു പേരുടെയും പ്രധാന ഇരിപ്പുകേന്ദ്രം.

"രാജാ മൂർഖനെന്നെ നക്കിയെന്നാ തോന്നുന്നെ", തമാശ പറയും പോലെ ആന്റോച്ചൻ രാജനോട് പറഞ്ഞു.
പാമ്പുകൊത്തിയ ആന്റോച്ചന്റെ കാലിൽ നോക്കിയ രാജന്റെ വായിലാദ്യം വന്നത് ഒരു മുഴുത്ത തെറിയാണ്. പിന്നീടൊരോട്ടമായിന്നു. ആന്റോച്ചനെ കോരിയെടുത്തുകൊണ്ട് രാജൻ ഓടി. ഓടുന്ന വഴിയിൽ ആന്റോച്ചൻ രാജന്റെ മുഖത്തുനോക്കി ചിരിച്ചു.

"എന്നാടാ രവിയെപ്പോലെ ചിരിക്കുന്നത്"
"രവിയൊ, അതാരാ?" സംശയത്തോടെ ആന്റോച്ചൻ ചോദിച്ചു.
"അതൊരു ഇതിഹാസപുത്രനാണെന്റെ സ്വാമി’’, രാജൻ ഓട്ടത്തിന്റെ വേഗത കൂട്ടി.

മാസങ്ങളോളം ആന്റോച്ചൻ കിടന്ന കിടപ്പ് കിടന്നു. ജോൺസന്റെയൊപ്പം മത്സരിച്ച്, ഇരുമ്പുകൂടം ഉയർത്തി കല്ലുവെട്ടിയിരുന്ന ആന്റോച്ചന് നേരാവണ്ണം കൂടം പിടിക്കാനായത് നാളുകൾ കഴിഞ്ഞാണ്. കല്ലിന്റെ നെഞ്ചുപിളർക്കാൻ കൂടമുയർത്തുമ്പോൾ ശ്വാസകോശം വിമ്മിഷ്ടം കാട്ടി.

ഇന്ന് വീണ്ടും ആ ഇലുമ്പൻ പുളിയുടെ ചുവട്ടിൽ നിന്നപ്പോൾ ശ്വാസം നീട്ടിയെടുക്കാൻ താൻ ആയാസപ്പെടുന്നതായി അയാൾ ശ്രദ്ധിച്ചു. അരണ നന്ദിയുടെ പാട്ട് പാടാൻ വീണ്ടും ഭാവിച്ചപ്പോൾ, ഇടത്തേ കാലുകൊണ്ട് ഇടത്തേക്ക് ഒരു തൊഴികൊടുത്ത് ആന്റോച്ചൻ മുന്നോട്ട് നടന്നു. പേടിച്ചുപോയെങ്കിലും നന്ദി ഉപേക്ഷിക്കാതെ അത് അയാളുടെ പിന്നാലെ നടന്നു.

രാജനെക്കാളും മൂന്നാലു വയസ്സ് ഇളപ്പമുണ്ട് ആന്റോച്ചന്. ആന്റോച്ചൻ നാലിൽ നിർത്തിയപ്പോൾ എട്ടാം ക്ലാസ്സുവരെ ആകുന്നതുപോലെ പയറ്റിയവനാണ് രാജൻ. ആറ്റിൽ മണലുവാരാൻ ഇറങ്ങിയ ആന്റോച്ചന്റെ തലയിൽ ആദ്യ കൊട്ട മണൽ എടുത്തുവച്ചു കൊടുത്തതും രാജൻ തന്നെ. അന്നുമുതൽ ആന്റോച്ചന്റെ ശരി രാജനാണ്.

അങ്ങനെയിരിക്കെ ചെമ്പകശ്ശേരിയിൽ ആറിന്റെ കിഴക്കുവശത്തുണ്ടായിരുന്ന സുഗന്ധം പ്രസ്സിൽ രാജന് ഒരു പണികിട്ടി. രാജനൊരു വായനക്കാരനാവുന്നതങ്ങനെയാണ്. കള്ളുകേറുമ്പോൾ രാജൻ ആന്റോച്ചനോട് കഥകൾ പറയും. പാറമടയിലെ പണി കഴിഞ്ഞെത്തുന്ന ആന്റോച്ചൻ കഥയ്ക്കിടെ തളർന്നുറങ്ങിയിരിക്കും. കല്ലിൽ തമരടിക്കുന്നതിലും പാടാണ് ഒരു കഥ ആന്റോച്ചന്റെയുള്ളിൽ കയറ്റാനെന്ന് രാജൻ ഇടയ്ക്കിടെ പറയും.

ഒരിക്കൽ പാറമടയിൽ പണിക്കാർക്കു കൊടുക്കാൻ വച്ചിരുന്ന കൂലിയിൽ നിന്നും കുറെ പൈസ ആന്റോച്ചൻ മോഷ്ടിച്ചു. ആറ്റിൽ മണലുവാരുമ്പോൾ വലിയ മഴ വരുന്ന സമയത്ത് കയറിനിൽക്കുന്ന കലുങ്കിന്റെ അടിയിൽവച്ച് ആന്റോച്ചൻ ആ പൈസ രാജനെ കാണിച്ചു പറഞ്ഞു.

‘‘കാശ് കള്ളനെപ്പോലെയാണ്, അത് കയ്യിൽ വരുമ്പോൾ പിടിച്ചു കെട്ടണം".
"കള്ളൻ കള്ളനെ പിടിച്ചു കെട്ടിക്കോ, അതിന് ഈ രാജനെ കൂട്ടണ്ട" ആ സമയം രാജനൊരു കാട്ടുതീകണക്കെ ചുവന്നതായി ആന്റോച്ചൻ കണ്ടു. അതിന്റെ കാര്യവും അയാൾക്ക് അറിയാഴ്ക ഒന്നുമില്ല. രാജന്റെ അപ്പനെ നാട്ടുകാർ തല്ലികൊന്നത് മോഷണകേസിന്റെ പേരിലാണെന്ന് അയാൾ പലകുറി ആന്റോച്ചനോട് പറഞ്ഞിട്ടുണ്ട്. പാറമടയിൽനിന്നും മോഷ്ടിച്ചപണം തിരികെവച്ചെങ്കിലും മോഷ്ടിക്കാനുള്ള ത്വര ആന്റോച്ചന്റെ ഉള്ളിൽ ചരിഞ്ഞുകിടന്നു.

തങ്ങൾ കയറിനിൽക്കാറുള്ള കലുങ്കിന്റെ മുകളിലൂടെ ആന്റോച്ചൻ വീണ്ടും നടന്നു. പിറകെ ആന്റോച്ചന്റെ അരണയും. കലുങ്കിന്റെ കൈവരികളിലിരുന്ന് അരണ വീണ്ടും പാടി തുടങ്ങി.

"നന്ദിയേറുന്നു നോക്കിലും…"
ദേഷ്യം വന്ന ആന്റോച്ചൻ ഓടിച്ചെന്ന് അരണയെ കയ്യിലെടുത്ത് അതിന്റെ പിൻകാലുകളിൽ ഇടത്തേത് ഇടത്തേയ്ക്കൊടിച്ച ശേഷം അതിനെ ദൂരേയ്ക്കു വലിച്ചെറിഞ്ഞു. ദയനീയമായ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ച് അരണ വീണ്ടും ആന്റോച്ചന്റെ പിറകെ ഏന്തിവലിഞ്ഞു നടന്നു.

മണ്ണിരക്കോട്ട് ചന്ദ്രന്റെ കൊക്കോ തോട്ടത്തിന്റെ തെക്കുവശത്തായി ഒരു പൊട്ടക്കിണറുണ്ട്. അവിടെ വച്ചാണ് രാജൻ ആന്റോച്ചനെ കുത്തുന്നത്. പേരങ്ങാടി ഉത്സവം കഴിഞ്ഞ് തിരിച്ചുവരും വഴി രാജൻ ഇടത്തേ കൈയ്യിലൊരു പച്ചകുത്തി. മുൾകിരീടമണിഞ്ഞ യേശുവിന്റെ ചിത്രം. പൊട്ടകിണറിന്റെ അരികിലിരുന്ന് ബാക്കിയുണ്ടായിരുന്ന കള്ളുകൂടി കുടിക്കുന്നതിനിടെ ആന്റോച്ചൻ രാജനോട് ചോദിച്ചു.

"അമ്മേടെ സമ്മതം മേടിച്ചിട്ടാണോ നീ പച്ചകുത്തിയേ"
"എന്തിന്?’’
"അമ്മ സമ്മതിക്കാതെ എങ്ങനെ ദേഹത്ത് പച്ചകുത്താൻ പറ്റും?’’
"എനിക്ക് സൗകര്യം ഇല്ലാരുന്നു".
"നിന്റെ ദേഹം നിന്റെ കുത്തകയാണെന്നാണോ നിന്റെ വിചാരം", ശബ്ദം കൂട്ടി ആന്റോച്ചൻ ചോദിച്ചു.
"എന്റെ ദേഹത്ത് പച്ചകുത്താൻ എനിക്ക് ആരുടേം അനുവാദം വേണ്ട’’.
"രാജൻകിഴങ്ങാ നിന്റെ അഹങ്കാരോം തിണ്ണമിടുക്കും നീ കാണിക്കണ്ടത് നിന്റെ ദേഹത്തല്ല’’.
"ആന്റോ, നീ നിർത്തിക്കോ എനിക്ക് സൗകര്യമുള്ളത് ഞാൻ ചെയ്യും കൂടുതൽ ഉപദേശം വേണ്ട’’.
"എടാ കഴിവേറി കക്കരുത് മോഷ്ടിക്കരുത് എന്നൊക്കെ ഇയാൾക്ക് ഉപദേശിക്കാം".

പച്ചകുത്തിയതിന്റെ പേരിൽ നിലയ്ക്കാത്ത തെറിവിളിയും തർക്കങ്ങളും. രാജന്റെ നിയന്ത്രണം വിട്ടു. കൈയ്യിലുണ്ടായിരുന്ന ചുളിയൻ കത്തി ആന്റോച്ചന്റെ വയറ്റിൽ ചുളിഞ്ഞുകയറി.

വേദനയുടെ ഒരു ലക്ഷണവും ആന്റോച്ചൻ പ്രകടിപ്പിച്ചില്ല. രാജൻ കത്തി പതിയെ ഊരിയെടുത്ത് പൊട്ടക്കിണറ്റിലേക്ക് എറിഞ്ഞു. ആന്റോച്ചനെ കോരിയെടുത്ത് അയാളോടി. രാജന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ആന്റോച്ചൻ ചോദിച്ചു.

"രവി ചിരിക്കുന്നതുപോലണോടാ ഞാൻ ചിരിക്കുന്നേ?"

രാജന് പുഞ്ചരിക്കണമെന്നുണ്ടായിരുന്നു. അയാൾ ഓട്ടത്തിന്റെ വേഗത കൂട്ടി. കള്ളുകുടിച്ച് തെന്നിവീണ് കാപ്പിക്കുറ്റിയേൽ കേറിയെന്നും പറഞ്ഞാണ് ആ കേസ് ഒഴിവാക്കിയത്. ആന്റോച്ചൻ എഴുന്നേറ്റു നിൽക്കാറയപ്പോൾ രണ്ടുപേരുംകൂടി ആ പിച്ചാത്തി തപ്പിയെടുത്തു. ആന്റോച്ചന്റെ അരയിൽ ഇപ്പഴുമുണ്ട്‌ ആ ചുളിയൻ കത്തി.

ചന്ദ്രന്റെ പറമ്പിന്റെ അരികിലൂടെ നടന്നപ്പോൾ വയറ്റിലെ തുന്നിക്കെട്ടുകളുടെ പാടുകളിൽ വല്ലാത്തൊരു വലിച്ചിൽ ആന്റോച്ചനനുഭവപ്പെട്ടു. ഇടത്തേ കാലിന്റെ ഒടിവ് വകവയ്ക്കാതെ അരണയും ആന്റോച്ചനെപ്പോലെ അയാളുടെ പിറകെ നടന്നു. നന്ദിയുടെ ആ പാട്ട് അപ്പോഴുമത് നിർത്തിയിരുന്നില്ല .

കഴിഞ്ഞ നാലു വർഷമായി ആന്റോച്ചൻ രാജനോട് മിണ്ടിയിട്ടില്ല. അതിൽ രണ്ടു വർഷം ആന്റോച്ചൻ ജയിലിലായിരുന്നു. ചിന്നമറ്റത്തെ ബാറിലെ പണപ്പെട്ടിയിൽ നിന്നും പണം മോഷ്ടിച്ച ആന്റോച്ചനെതിരെ സാക്ഷി പറഞ്ഞത് രാജനാണ്. രണ്ടു വർഷത്തെ ജയിൽവാസം. ആന്റോച്ചനുവേണ്ടി വക്കീലിനെ കണ്ടതും കേസു നടത്തിയതും രാജനാണ്. എന്നാൽ സാക്ഷിയായതും അയാൾ തന്നെ. തനിക്കെതിരെ മൊഴി കൊടുത്തെങ്കിലും ആന്റോച്ചന് രാജനോട് സംസാരിക്കാമായിരുന്നു. ഒരിക്കൽ അയാളുടെ ശരി രാജനായിരുന്നു. കവലയിൽ, കലുങ്കിൽ, ആറ്റിൻ കരയിൽ, നടപ്പുവഴിയിൽ എല്ലാം അവർ പലപ്പോഴായി മുഖം തിരിച്ചു നടന്നു. തന്റെയുള്ളിലെ കള്ളനെ പുറത്തറിയിച്ച രാജനോട് ആന്റോച്ചൻ അകന്നുനിന്നു.

രാജൻ മരിച്ചു.

വർഷങ്ങൾക്കുശേഷം ആന്റോച്ചൻ രാജന്റെ വീടിന്റെ മുറ്റത്തെത്തിയിരിക്കുന്നു. പന്തലിട്ടിട്ടുണ്ട്. പത്തിൽ താഴെ ആളുകൾ മാത്രമേ അവിടെയുണ്ടായിരുന്നൊള്ളു. കരയാനോ സഹതാപം പ്രകടിപ്പിക്കാനോ ആരും തന്നെയില്ല. മൂന്ന് വർഷം മുൻപേ രാജന്റെ അമ്മ മരിച്ചിരുന്നു. ഒഴിഞ്ഞ കുറെ കസേരകൾക്കും മൂന്നുമണിയാകാൻ കാത്തിരിക്കുന്ന ഹൃദയങ്ങൾക്കുമിടയിൽ രാജനെ ആന്റോച്ചൻ കണ്ടു. ശരീരത്തിൽ എവിടെയോ ഒരു വിറയൽ. ചരിവുള്ള ഇടത്തേ പാദത്തിനാണോ, മൂർഖൻ നക്കിയ മുറുവിലാണോ, വയറ്റിലെ തുന്നൽ പാടുകളിലാണോ എന്ന് ആന്റോച്ചന് വ്യക്തമായില്ല. അയാൾ വാവിട്ടു കരഞ്ഞു. ആ കരച്ചിലുകൾ ആരും കേട്ടില്ല. കരച്ചിൽ മതിയാവാതെ വന്നപ്പോൾ നിശബ്ദമായി കുറെ തെറികൾ വിളിച്ചു. മുൾമുടിയണിഞ്ഞ യേശുവിന്റെ ചിത്രം പച്ചകുത്തിയ ഇടത്തേ കൈ കൊണ്ട് തന്റെ വയറ്റിൽ ആഞ്ഞു കുത്താൻ രാജനോട് ആന്റോച്ചൻ ആക്രോശിച്ചു. അതും ആരും കേട്ടില്ല. ഒരു തുള്ളി കണ്ണീരായിപോലും ആക്രോശങ്ങൾ പുറത്തുവന്നില്ല. പക്ഷേ ആന്റോച്ചന്റെ അരണയാവട്ടെ അയാളുടെ പാദങ്ങളിൽ പതിയെ തടവി കൊണ്ടിരുന്നു. അയാൾ കേൾക്കാതെ അത് പാടി.

‘‘നന്ദിയേറുന്നു നോക്കിലും എൻ വാക്കിലും
നെഞ്ചു പിളർന്നെന്റെ ഉള്ളൊന്നു കാണാണം ഏമാനേ"

ഓർമ്മയുടെ പന്തലിൽ നിന്ന് അയാൾ പുറത്തേയ്ക്കിറങ്ങി. അരണയും തന്റെയൊപ്പം വരുമെന്ന് അയാൾക്കുറപ്പായിരുന്നു. നടപ്പുവഴിയിലെത്തിയപ്പോൾ ആന്റോച്ചൻ അരണയെ കൈയ്യിൽ കോരിയെടുത്തു. തന്റെ അരയിലിരുന്ന ചുളിയൻ കത്തിയെടുത്ത് അയാൾ അരണയുടെ തൊലിയിൽ ഒന്ന് വരഞ്ഞു. രാജന്റെ ബലഹീനമായ ശബ്ദം അതിനുള്ളിൽ നിന്നും ആന്റോച്ചൻ കേട്ടു.

‘‘ചാകാൻ കിടന്ന എന്നെ നിനക്കൊന്ന് വന്ന് കാണാമായിരുന്നു’’.

രാജന്റെ ആ വാക്കുകൾ ആന്റോച്ചന്റെ ഹൃദയത്തിൽ തമരടിക്കും പോലെ കുത്തിയിറങ്ങി.

ആന്റോച്ചന്റെ ശരീരം വീണ്ടും വിറയ്ക്കാൻ തുടങ്ങി. ശ്വാസകോശം എന്തോ ഒരു വിമ്മിഷ്ടം കാട്ടി. വയറ്റിലെ തുന്നൽ പാടുകളിൽ തടവി കൊണ്ട് ആന്റോച്ചൻ രവിയെപ്പോലെ ചിരിച്ചു, പൊട്ടിപ്പൊട്ടി കരഞ്ഞു…

Comments