ചിത്രീകരണം : രാജേഷ് ചിറപ്പാട്

ഇരട്ടപ്രേമം

യോഹന്നാൻ സോഫിയയെ കാണാനിറങ്ങുമ്പോൾ സ്‌നേഹത്തിന്റെ ആധിക്യത്താൽ, അവൾക്ക് വേണ്ടി ചെട്ടിയാരെ കടയിൽ നിന്ന്​ ഷിഫോൺ സാരി വാങ്ങുവാനവൻ മറന്നില്ല. അവളെക്കുറിച്ചൊന്നും തന്നെയവന് നിശ്ചയമില്ല, എന്നിട്ടും യോഹന്നാൻ സോഫിയയെ അറിയുന്നു.
ചെട്ടിയാർ കടയിലെ ഷിഫോൺ സാരിക്കുനേരെയുള്ള അവളുടെ അടക്കാനാവാത്ത കൊതിപിടിച്ച നോട്ടം അവൻ അറിയുന്നു.

യോഹന്നാൻ വിശ്വസിക്കുന്നു, അവർ പരസ്പരം സ്‌നേഹിക്കുവാൻ കല്പിക്കപ്പെട്ടവരാണെന്ന്. അന്യോനമുള്ള സ്‌നേഹത്തിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണെന്ന്. അവനത്രമേൽ അവളെ അറിയുന്നു.
അവന്റെ ന്യായപ്രമാണത്തിൽ അവൾ മാത്രമാണടങ്ങിയിരിക്കുന്നത്.
അവൾ മാത്രമാണ് ശരി.
അവൾ മാത്രമാണ് ജീവിതം.
അവളെക്കുറിച്ചുള്ള ഓർമയിലെല്ലാം തന്നെ അവളോടുള്ള പ്രേമത്തിൽ കീഴ്‌പ്പെട്ടവന്റെ ഭാവമായിരുന്നു യോഹന്നാന്റെ കൗമാരത്തിന്.

യോഹന്നാൻ ബസ്​ തിരഞ്ഞു.
കോയമ്പത്തൂർ നിന്ന് പാലക്കാട്ടേക്കുള്ളതാണ്. ഒന്നര രണ്ടു മണിക്കൂർ കൊണ്ട് സ്റ്റാൻഡിൽ ചെന്നിറങ്ങാമെന്നാണെങ്കിലും. വലിയ ആൾത്തിരക്കൊന്നുമില്ല. യോഹന്നാൻ പുറകിലെ സീറ്റു പിടിച്ചു. കിട്ടിയത് സൈഡ് സീറ്റാണ്. അവൻ വിശുദ്ധാത്മാവോടെ, സോഫിയക്കായി വാങ്ങിയ ഷിഫോൺ സാരിയുടെ പൊതികെട്ട് നെഞ്ചോട് ചേർത്തുപിടിച്ചു. ദേഹത്ത് തണുപ്പടിച്ചു തുടങ്ങിയപ്പോഴാണ് ബസെടുത്ത കാര്യം യോഹന്നാൻ ശ്രദ്ധിച്ചത്. ഈ യാത്രയ്ക്കിടയിൽ തരംകിട്ടുമ്പോഴെല്ലാം താനൊരു ഏകാന്തജീവിയായി മാറിയിരിക്കുന്നല്ലോയെന്നു യോഹന്നാന് തോന്നിയിട്ടുണ്ട് പലപ്പോഴും. താനെന്തെല്ലാമാണ് ആലോചിച്ചുകൂട്ടുന്നത്. ദിവാസ്വപ്നത്തിലാണ് എപ്പോഴും. യോഹന്നാന് ചിരി വന്നു.

‘പാലക്കാട്', കണ്ടക്ടർക്കുനേരെ പൈസ നീട്ടിപ്പിടിച്ചുകൊണ്ട് യോഹന്നാൻ ടിക്കറ്റെടുത്തു. പിന്നീടവൻ ഓർമകളിലേക്ക് താദാത്മ്യം പ്രാപിക്കുവാൻ അധികനേരമൊന്നും വേണ്ടായിരുന്നു.

അറത്തുമാറ്റപ്പെട്ടവനാണ് യോഹന്നാൻ. ആരിൽ നിന്നെന്നും ചോദിച്ചാൽ, അവന്റെ അമ്മയിൽ നിന്ന്​. പാതി ആത്മാവും പാതി ഹൃദയവും പാതി ചോരയും വഹിക്കുന്ന സോഫിയയിൽ നിന്ന്​. പാപിയായൊരു മനുഷ്യന്റെ ചെയ്​ത്തുകളുടെ ആകെത്തുകയാണ് അവന്റെ ജീവിതം. അവൻ കടന്നുവന്ന വഴിയിൽ, പിറവിയുടെ മധ്യത്തിൽ അവനൊരു മനുഷ്യനെ കണ്ടു. അപ്പൻ എന്നാണയാളെ അവൻ വിളിക്കാൻ പഠിച്ചത്. അവൻ എന്നല്ല, അവർ എന്ന് തിരുത്തുന്നു... സോഫിയയും അത് തന്നെയാണ് പഠിച്ചത്.

നീ സോഫിയയുടെ പാതി, സോഫിയ നിന്റെ പാതി. അമ്മച്ചി യോഹന്നാന്റെ ചെവിയിൽ പറഞ്ഞുപഠിപ്പിച്ചു.

നീ യോഹന്നാന്റെ പാതി, യോഹന്നാൻ നിന്റെ പാതി, അമ്മച്ചി സോഫിയയുടെ ചെവിയിൽ പറഞ്ഞുപഠിപ്പിച്ചു.

യോഹന്നാൻ അതിൽ വിശ്വസിച്ചു, സോഫിയയും.

അമ്മച്ചി പിന്നെയും ഉരുവിട്ടു; ‘ജീവിപ്പിക്കുന്നത് ആത്മാവാകുന്നു. നിങ്ങൾ ആത്മാവും ജീവനുമാകുന്നു. വേർപിരിയാതിരിക്കുക.' -യോഹന്നാൻ തലകുലുക്കി. സോഫിയയും.

കർത്താവിന്റെ കൃപ കൊണ്ടാണ് ഇരട്ടപെറ്റതെന്ന വിശ്വാസത്തിൽ ഏകമനസ്സായി ജന്മം ജീവിക്കാൻ അവരെ ഓർമപ്പെടുത്തിക്കൊണ്ട് അമ്മച്ചി സമയത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചു. ഒരു കണക്കിനുപറഞ്ഞാൽ പെറ്റുവീണ ഇരട്ടകൾ രണ്ടും പെണ്ണായില്ലല്ലോ എന്നോർത്തപ്പോഴൊക്കെ അമ്മച്ചി ആശ്വസിച്ചിട്ടുമുണ്ട്. ഇരട്ടകൾക്ക് യോഹന്നാൻ എന്നും സോഫിയയെന്നും പേര് നൽകിയതും അമ്മച്ചിയാണ്. ജന്മം നൽകിയ അപ്പൻ ഒരിക്കലും മക്കൾക്കടുക്കലേക്ക് വന്നിരുന്നില്ല. അവരെ തൊട്ടിരുന്നില്ല, ലാളിച്ചിരുന്നില്ല.

ഇരട്ടകളെ കണ്ടപ്പോഴൊക്കെയും അപ്പൻ പിറുപിറുത്തു, ‘നാശം പിടിച്ചതുങ്ങൾ'.
അമ്മച്ചിയത് കാര്യമായി ഗൗനിച്ചില്ല. കാലമാടൻ പറയുന്നതൊന്നും കാര്യഗൗരവമുള്ളതായി അവർ കണക്കാക്കിയിരുന്നതുമില്ല. അയാളുടെ ലക്കുകെട്ട കള്ളുകുടിയും, അതുകഴിഞ്ഞുള്ള ദേഹോപദ്രവവും കഴിഞ്ഞാൽ പിന്നെ ഓർക്കുവാൻ നല്ല ഓർമകളോ, നിമിഷങ്ങളോ പോലും ലഭിക്കാത്ത ആ സ്ത്രീ പിന്നെന്തിന്​ ഇതൊക്കെ കാര്യമാക്കണം. ഇത്തരം പിറുപിറുക്കളിലൊക്കെ എന്തുകാര്യം എന്നാണ് ആ സ്ത്രീയുടെ ചിന്ത. കോയമ്പത്തൂരിലെ ഒരു തമിഴന്റെ വർക്ക്‌ഷോപ്പിലാണയാളുടെ പണി. വല്ലപ്പോഴും നാട്ടിൽ വരുന്ന അയാൾ കള്ളുംപുറത്ത്​ ഇരട്ടിച്ച നരകയോഗ്യനെ പോലെ കൊടുംക്രൂരതകൾ കൊണ്ട് ആ വീട് വാണു.

അമ്മച്ചി വീടും പറമ്പും ചുറ്റിനടന്നു. കപ്പ നട്ടു. ചേമ്പും കാവിത്തും വാഴയും നട്ടു. ദീർഘമായി പണിയെടുക്കുകയും അതിദീർഘമായി പ്രാർഥിക്കുകയും ചെയ്തു. യോഹന്നാന്റേയും സോഫിയയുടെയും ഹൃദയം ശുദ്ധീകരിക്കുവാനായി സുവിശേഷസിദ്ധാന്തങ്ങളനുസരിച്ചു വചനങ്ങൾ ചൊല്ലി കർത്താവിനുമുൻപിൽ കണ്ണീർ നിറച്ചു. തന്റെ വചനങ്ങളെ മക്കൾക്ക് മുകളിൽ അനുഗ്രഹമായി ചൊരിയണമെന്നു കേണു.

ആ മനുഷ്യപുത്രർ അവരുടെ ബാല്യത്തെ തേജസ്സോടെ കൊണ്ടാടി. യോഹന്നാൻ സോഫിയയുടെ കൈപിടിച്ചുകൊണ്ട് നടന്നു. സോഫിയക്ക് ദാഹിച്ചാൽ യോഹന്നാനും ദാഹിക്കും. സോഫിയക്ക് വിശന്നാൽ യോഹന്നാനും വിശക്കും. സോഫിയക്ക് പനിച്ചാൽ യോഹന്നാനും പനിക്കും. സോഫിയ എവിടെയെങ്കിലും വീണാൽ അന്നേരം യോഹന്നാനും എവിടെയെങ്കിലും കെട്ടിമറിഞ്ഞുവീഴും. ഒന്നും വേണ്ട, സോഫിയ ചുമ്മാതൊന്നു കിതച്ചാൽ മതി യോഹന്നാനും കിതപ്പ് കൂടും.

അപ്പോഴൊക്കെയും അമ്മച്ചി പറഞ്ഞു, ഒറ്റ ജന്മമാണ്, കർത്താവ് ശരീരം കൊണ്ട് വേർതിരിച്ചെന്നേയുള്ളൂ.

അതുകേൾക്കുമ്പോൾ യോഹന്നാൻ സോഫിയയെ കൂടുതൽ ചേർത്തുപിടിക്കും. സോഫിയയുടെ കണ്ണുകളിലെ വെള്ളാരം നിറമുള്ള കൃഷ്ണമണികൾ കൊണ്ട് സോഫിയയപ്പോൾ യോഹന്നാനെ നോക്കി കണ്ണിറുക്കി കാണിക്കും. സ്‌നേഹത്തിന്റെ അടയാളങ്ങളാൽ അവർ ജീവിച്ചു.

ഒന്നാംതരത്തിൽ പഠിക്കുന്ന കാലം. സോഫിയയും യോഹന്നാനും ഒരു ക്ലാസുമുറിയിൽ അരികിലായി അപ്പുറവുമിപ്പുറവും ഇരുന്നു. രാവിലെ ചോറ് വെക്കുമ്പോൾ, പൊതിച്ചോറ് കെട്ടുമ്പോൾ, സ്‌കൂളിലേക്ക് വിടുമ്പോഴെല്ലാം അമ്മച്ചി പറഞ്ഞു, ‘മക്കളെ കൈപ്പടം വിട്ട് പോവല്ലേ ട്ടോ' എന്ന്.

വിസ്താരം കൂടിയ ക്ലാസ്​മുറിയിൽ യോഹന്നാന് സോഫിയയെ മാറി ദൂരെ ഇരിക്കാമായിരുന്നിട്ടും അവൻ അവളുടെ കൈപ്പടം വിട്ട് ദൂരെ പോയില്ല. അവനവന്റെ ചോരയോടുള്ള പ്രിയമെന്നു കരുതി ഇരുന്നോട്ടെയെന്നു അധ്യാപകരും കരുതി. സോഫിയയെ യോഹന്നാൻ അരികുചേർത്ത് ഇരുത്തി. അവളെ നുള്ളിയവനെ, അവളെ പിച്ചിയവനെ, അവളുടെ വെള്ളത്തണ്ടൊടിച്ചവനെയെല്ലാം യോഹന്നാൻ കുഞ്ഞുകൈകൾ കൊണ്ട് മാന്തിപ്പൊളിച്ച്​ തന്റെ പ്രതിഷേധവും അവളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തി.

അവളുടെ വെള്ളാരംകണ്ണുകൾ വെള്ളം കിട്ടാതിരിക്കാൻ എല്ലാവിധേനയും അവളെയവൻ അധികമായി ശ്രദ്ധിച്ചുപോന്നു. സോഫിയക്കുവേണ്ടി യോഹന്നാൻ അത്തരത്തിൽ മരിപ്പാൻ വരെ തയ്യാറാവുമെന്നോർത്ത്​ അമ്മച്ചി നിറകണ്ണുകളോടെ കർത്താവിനോട്​ നന്ദി അറിയിച്ചു. കർത്താവിന്റെ കൃപാവരം യോഹന്നാനിൽ കർത്താവു തന്നെ ജ്വലിപ്പിക്കുമെന്ന് അവർ വിശ്വസിച്ചു.

ഒരിക്കൽ ക്ലാസ്മുറിയിലെ ബെഞ്ചിൽ സോഫിയ നൂണുകിടന്നു. മൂത്രപ്പുരയിൽ പോയി വന്ന യോഹന്നാൻ അതുകണ്ടവളുടെ തല ബെഞ്ചിൽ നിന്നുയർത്തിയപ്പോൾ അവളുടെ വെള്ളാരം കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അവൾ വിതുമ്പി പൊട്ടി പറഞ്ഞു, ‘അവനെന്റെ സ്ലേറ്റ് പെൻസിൽ തട്ടിപ്പറിച്ചു'

യോഹന്നാന്റെ കുഞ്ഞിക്കണ്ണുകളിൽ അരിശം കയറി.
ആറു വയസ്സുകാരന്റെ കണ്ണിൽ ഉറഞ്ഞുതുടങ്ങിയ അമർഷം വെച്ചവൻ ചോദ്യംചെയ്യാൻ പോയി. ശക്തനായ ഒരുത്തനെ പോലെ കുഞ്ഞു യോഹന്നാൻ എതിരാളിയുടെ നേരെ വീറെടുത്തുകൊണ്ട് പറഞ്ഞു, ‘അതിങ്ങു താടാ'

പരിഹാസത്തിന്റെ ആത്മാവുകൊണ്ട് എതിരാളിയുടെ കുഞ്ഞുമുഖത്ത് പൊട്ടിച്ചിരി വിടർന്നു. യോഹന്നാന് കലിപ്പ് കയറി. യോഹന്നാൻ സർവശക്തിയെടുത്തു അവനെ മാന്തി, പിച്ചി, അവന്റെ കുപ്പായം വലിച്ചുകീറി. അനന്തരം ബാക്കി കിട്ടിയത് പൊട്ടിയൊടിഞ്ഞു രണ്ടു തുണ്ടമായ സ്ലേറ്റ് പെൻസിലായിരുന്നു. അതോടെ അമ്മച്ചിയുടെ ഉള്ളിൽ വിശുദ്ധനും നിഷ്‌കളങ്കനുമായ യോഹന്നാൻ വില്ലനായി മാറി.

ഹെഡ്മാസ്റ്റർ ഉറച്ച സ്വരത്തിൽ പറഞ്ഞു, ‘രണ്ടും ക്ലാസ്സിൽ കയറണമെങ്കി അപ്പനും അമ്മയും വരട്ടെ'.
അമ്മച്ചി കുഴപ്പമില്ല. വീടും കുടിയും അടച്ചിട്ടു നേരെ ചെന്നുകയറാവുന്നതേ ഒള്ളൂ പള്ളീക്കൂടത്തിലേക്ക്. മകനുവേണ്ടി സമാധാനം പറയാവുന്നതേ ഒള്ളൂ. എന്നാൽ അപ്പനെ എങ്ങനെ കൂടെ കൂട്ടുമെന്നാണ് ഈ പറയുന്നത്? അതോർക്കുമ്പോൾ തന്നെ അമ്മച്ചിക്ക് ഭീതി കയറി. തന്റെ സ്വയം പ്രവർത്തികളിൽ കുറ്റബോധം തെല്ലുമേ തികട്ടാത്ത യോഹന്നാനെ കണ്ടപ്പോഴൊക്കെ അമ്മച്ചിക്ക് കോപം കയറി. യോഹന്നാനോടുള്ള സോഫിയയുടെ പ്രീതി കണ്ടപ്പോൾ കോപം ഇരട്ടിച്ചു.

‘കരുണാമയനായ ദൈവമേ, അതിക്രമണവും ആക്രമണവും നിറഞ്ഞ മനോഭാവത്തിൽ നിന്നെന്റെ മക്കൾക്ക് വിടുതൽ നൽകേണമേ' എന്നവർ കർത്താവിനോട് കെഞ്ചി.

കള്ളുകുടിച്ച്​ ബോധം നശിച്ചുതുടങ്ങിയ അയാൾക്കുമുൻപിൽ ഒറ്റശ്വാസത്തിൽ അമ്മച്ചി ആവശ്യം പറഞ്ഞതിന്റെ തിക്തഫലമായി അന്നാ സ്ത്രീക്ക് കൂടുതൽ പ്രഹരങ്ങൾ ഏൽക്കേണ്ടിവന്നു. ചീത്തവിളിയും ചവിട്ടും കൊണ്ട് അവരുടെ അന്നത്തെ ദിവസം പൊറുതികെട്ടു. കുഞ്ഞുങ്ങളുടെമേൽ പോറലുകൾ ഏൽക്കാൻ കൂട്ടാക്കാതെ അവരതെല്ലാം സ്വയം ഏറ്റുവാങ്ങി.

അമ്മച്ചിയെ ദുഃഖിപ്പിച്ചതിൽ യോഹന്നാന് വേദനപ്പെട്ടു. അടിയുടെ ആഘാതത്തിൽ അമ്മച്ചി തെറിച്ചുവീഴുന്നതും, അമ്മച്ചിയുടെ മൂക്കിൽ നിന്ന്​ ചോര വരുന്നതും യോഹന്നാൻ കണ്ടു. അതിന്റെ പാതി കുറ്റം തങ്ങൾ കൂടി വഹിക്കേണ്ടിവരുമെന്ന പേടിയിൽ കുഞ്ഞുസോഫിയ യോഹന്നാനെ മറപറ്റി നിന്നു. നേർത്ത നെഞ്ചുവേദന പോലെയാണ് സോഫിയക്കപ്പോൾ അനുഭവപ്പെട്ടത്. സാക്ഷികൾ മൗനമെന്ന പോൽ കുഞ്ഞു യോഹന്നാനും കുഞ്ഞു സോഫിയയും നീർകെട്ടിയ ദേഹം വെച്ച് അമ്മച്ചി വിളമ്പി തന്ന രാത്രികഞ്ഞി കുടിച്ചു. നിശബ്ദമായി പായിൽ ചുരുണ്ടുകൂടി. അപ്പോഴേക്കും നടന്നതിനൊന്നിനുമേ പങ്കും ഓഹരിയുമില്ലാത്തവനെ പോലെ അയാൾ ഉമ്മറത്തെ തിണ്ടിന്മേൽ കള്ളിന്റെ മയക്കം തട്ടി മലർന്നുകിടന്നിരുന്നു. രാത്രി കിടക്കുമ്പോൾ യോഹന്നാന്റെ ഉള്ളിൽ ദുഃഖം നുരഞ്ഞുപൊന്തിയിരുന്നു.

ഏതു വാക്കുകൾ കൊണ്ടാണ് അമ്മച്ചിയോട് ക്ഷമാപണം നടത്തേണ്ടതെന്ന് കുഞ്ഞു യോഹന്നാന് അറിയില്ലായിരുന്നു. യോഹന്നാന്റെ ജീവിതം സോഫിയക്കൊപ്പമാണ്. അങ്ങനെയാണാവേണ്ടതെന്ന്​ ഈ അമ്മച്ചി തന്നെയാണ് പറഞ്ഞു പഠിപ്പിച്ചതും. അവന്റെ സ്‌നേഹത്തിൽ നേരുള്ളതുകൊണ്ടാണ് അവൻ സോഫിയക്ക് കരുതൽ നൽകുന്നത്. അവൾക്കുവേണ്ടി മറ്റുള്ളവരോട് തട്ടിക്കയറുന്നത്. എന്നിട്ടും ഇതൊക്കെ സംഭവിക്കുവാനാണല്ലോ യോഗമെന്നോർത്തപ്പോൾ യോഹന്നാന് നെഞ്ചു കനച്ചു. നോക്കിയപ്പോൾ, അടുത്ത് കിടക്കുന്ന സോഫിയയെ കണ്ടപ്പോൾ കുഞ്ഞുയോഹന്നാന് അവളോട് വല്ലാത്ത സ്‌നേഹം തോന്നി. അവൾക്കപ്പുറം കിടക്കുന്ന, നീരുകെട്ടി കനത്തുപോയ അമ്മച്ചി ഉറക്കത്തിലേക്ക് വീണെന്ന് മനസിലാക്കിയ കുഞ്ഞുയോഹന്നാന് അരികിൽ കിടക്കുന്ന സോഫിയയെ സകല സ്‌നേഹവും തികഞ്ഞവനെ പോലെ തലോടി. അതിന്റെ ശേഷം അവൻ അവളുടെ നെറ്റിയിൽ മുത്തം നൽകി.
അവൻ ഓർത്തു, അമ്മച്ചിയുടെ വാക്കുകൾ; ‘ഈ വിശുദ്ധജന്മം കൊണ്ട് നിങ്ങൾ നിങ്ങളുടെ സ്‌നേഹവും വിശുദ്ധമാക്കുക.’

അമ്മച്ചിയെ യോഹന്നാൻ അനുസരിച്ചിരുന്നു. അവന്റെ സ്‌നേഹം വിശുദ്ധമായിരുന്നു. ഓർമവെച്ച നാൾ മുതൽക്ക് തന്നെ അമ്മച്ചിയുടെ എല്ലാത്തരം വാക്കുകളെയും അവൻ ഏറ്റെടുത്തിരുന്നു. ആ സ്‌നേഹം സോഫിയക്കുമേലുള്ള തന്റെ അവകാശമായി അവൻ കൈക്കൊണ്ടു. അമ്മച്ചി അല്പം തല്ലുകൊണ്ടാലും അതിന്റെ കാരണം യോഹന്നാന് അവളുടെമേലുള്ള കരുതലാണെന്ന് ഓർത്താൽ തീരാവുന്നത്രയൊക്കെ സങ്കടമേ യോഹന്നാന് വാസ്തവത്തിലുള്ളൂ. അതുകൊണ്ടുതന്നെ പിറ്റേദിവസം ബോധം പോണതിനുമുൻപേ തന്നെ അപ്പനെയും കൂട്ടി അമ്മച്ചി സ്‌കൂളിൽ വന്നു പ്രശ്‌നം സംസാരിച്ചു പരിഹരിച്ചപ്പോഴും, ‘ഇനിയെന്റെ കൊച്ചനെ കൊണ്ടൊരു പ്രശ്‌നവും ഉണ്ടാവത്തില്ല സാറേ' എന്നുറപ്പുനല്കിയപ്പോഴും കുഞ്ഞുയോഹന്നാന് വീണ്ടും മനസ്സ് കൊണ്ടുറപ്പിച്ചു തന്റെ ജീവിതത്തിൽ അവളുടെ അധികാരം തനിക്കെന്ന്.

‘കൊണം കെട്ടവനെ ... മേലിൽ ഇമ്മാതിരി തന്തയില്ലായ്മത്തരം കാണിച്ചു മനുഷ്യനെ ഇവറ്റകളെ മുന്നിലോട്ട് വലിച്ചിട്ടേക്കരുത്’, സ്‌കൂൾ പരിസരം വിട്ടിറങ്ങുമ്പോൾ യോഹന്നാന്റെ ചെകിടുനോക്കി ഒരടിവെച്ചുകൊണ്ട് അയാൾ താക്കീത് നൽകി.
ചെവിക്കല്ല് പൊട്ടുന്ന വേദനയോടെ യോഹന്നാന് ചെവിപൊത്തി. ആ വേദന അവന്റെ ആത്മാവിലൂടെ അതിവേഗം പ്രയാണം ചെയ്ത്​ സോഫിയയിലേക്കും വ്യാപിച്ചു. അവന്റെ പുറകിൽ നിന്നിരുന്ന സോഫിയ വല്ലാത്ത വേദനയോടെ ചെവിപൊത്തി. അവനു നൊന്താൽ അവൾക്കും നോവുമെന്നാണല്ലോ പ്രമാണം. കൂടുതലായൊന്നും പിന്നെയവർ നോക്കിയില്ല. യോഹന്നാനും സോഫിയയും അടുത്ത തല്ലു വാങ്ങുന്നതിനും അവിടെ നിന്നും ക്ലാസിലേക്കോടി. അമ്മച്ചി അതുങ്ങളെ ഗതിയോർത്തു വിലപിച്ചുകൊണ്ട് അയാളെ പുറകെ നടന്നു.

വിലാപങ്ങൾ കൊണ്ട് നിറഞ്ഞ ജീവിതം തന്നെയാണ് അമ്മച്ചിയുടേത്. അന്യായമുള്ള യാതൊരുവിധ സംഗതികളും അവരുടേ ഭാഗത്തുനിന്നായി ഉണ്ടായിട്ടില്ല. എന്നിട്ടും കുറ്റപ്പെടുത്തലുകളിൽ കിടന്നു നീറാൻ തന്നെയായിരുന്നു അവരുടെ ജീവിതം കല്പിച്ചത്. അധികം അസഹ്യപ്പെടാൻ തന്നെയായിരുന്നു അവരുടെ വിധി വിധിക്കപ്പെട്ടത്. യോഹന്നാനും സോഫിയയും വയറ്റിൽ കുരുത്തുപോയതുകൊണ്ടാണ്, അല്ലെങ്കിൽ എന്നെ അയാളെ ഇട്ടെറിഞ്ഞു പോയേനെ എന്ന് അമ്മച്ചി ചിന്തിക്കാതിരുന്നിട്ടില്ല.
അയാളെ കെട്ടിയതിൽ പിന്നെ ഒരു പള്ളിയിലോ ഒരു ആരാധനാലയത്തിലോ അമ്മച്ചിയെ അയാൾ കടത്തിയിട്ടില്ല. ദൈവത്തെ നമസ്‌കരിപ്പാൻ പോലും അനുവദിച്ചില്ല. അയാൾ കോയമ്പത്തൂർ പോയാൽ പോലും തിരികെ വരുന്ന ദിവസങ്ങളിലായി കിട്ടാൻ സാധ്യതയുള്ള തല്ലുകളെക്കുറിച്ചോർത്ത്​ അമ്മച്ചി പള്ളിമുറ്റം പോലും കാൽതൊട്ടില്ല. മര്യാദപ്രകാരം അമ്മച്ചിയുടെ വീട്ടുകാരുമായൊന്നും അടുപ്പം കാത്തുസൂക്ഷിക്കാൻ അയാൾ മെനക്കെട്ടിരുന്നില്ല. എന്തിനേറെ, സ്വന്തം വീട്ടുകാരെ പോലും വെറുപ്പിച്ചു ജീവിച്ച അയാൾ അമ്മച്ചിയുടെ ഉറ്റവരെ കാണുമ്പോൾ കാർക്കിച്ചുതുപ്പി. അതുകൊണ്ടുതന്നെ ആ വീടുകയറി വരാൻ ഒരു മനുഷ്യജീവിയും ബന്ധം പറഞ്ഞുപോലും തയ്യാറായില്ല.

സോഫിയക്കും യോഹന്നാനും വയസ്​ എട്ടെത്തിയപ്പോൾ കാര്യങ്ങൾ മുൻപത്തെ പോലൊന്നുമായിരുന്നില്ല. മാനവും സമാധാനവും നഷ്ടപ്പെട്ട സ്ത്രീയെപ്പോലെ അമ്മച്ചി തലതല്ലി കരയുന്ന കാഴ്ച അവർ കണ്ണുകൾ കൊണ്ട് കണ്ടുതുടങ്ങി. തർക്കം സംബന്ധിച്ച് ‘എടീ തേവിടിശ്ശി' എന്നല്ലാതെ മറ്റൊന്നും തന്നെ അയാളുടെ നാവിൽ നിന്ന് അമ്മച്ചിക്ക് നേരെ ഉയർന്നില്ല.

കുഞ്ഞു സോഫിയ യോഹന്നായനോട് അപ്പോഴൊക്കെ ചോതിച്ചു, ‘എന്താണീ തേവിടിശ്ശി?'

യോഹന്നാൻ അപ്പോഴൊക്കെയും അവളെ നന്മയിൽ തികഞ്ഞ ചിന്തകളോടെ നിർത്തുവാനായുള്ള വ്യഗ്രതയോടെ സോഫിയയോട് പറയും, ‘വേണ്ടാത്തതിലൊന്നും ശ്രദ്ധ കൊടുക്കേണ്ട നീ'

എന്നിട്ടും അവളുടെ അറിയാനുള്ള ത്വര യോഹന്നാൻ അറിഞ്ഞു. ആ ത്വരയുടെ ആഴം അവനനുഭവപ്പെട്ടു. അവൻ അവളോട് എന്തു പറയുവാനാണ്. അപ്പൻ അമ്മച്ചിയെ തല്ലുന്നതും ചവിട്ടുന്നതും മെതിക്കുന്നതുമൊന്നും യോഹന്നാനോ സോഫിയക്കോ ആദ്യാനുഭവമൊന്നുമല്ലല്ലോ. എന്നാൽ ഈ തേവിടിശ്ശി വിളി തുടങ്ങിയിട്ട് അധികമൊന്നുമായില്ല എന്നതുമാത്രമാണ് അതിലൊരു പുത്തരിയായി കിടക്കുന്നത്. അയാൾക്ക് സംശയമാണ് അമ്മച്ചിയെ.

കോയമ്പത്തൂരിൽനിന്ന് വീട് കയറി വന്നാൽ തുടങ്ങും, അമ്മച്ചിയുടെ ദുർനടപ്പുകളുടെ കഥകൾ ചമച്ചുകെട്ടി അമ്മച്ചിയെപ്പറ്റി അപവാദം പറഞ്ഞു പരത്തൽ. ആ അപവാദകഥകളിലെ നായകന്മാരാവാനുള്ള ഭാഗ്യം ആ നാട്ടിലെ ഒത്തിരി ആണുങ്ങൾക്ക് കിട്ടിയിട്ടുമുണ്ട്. പോസ്റ്റ്മാൻ രാമൻകുട്ടി, കൂലിപ്പണിക്കാരൻ പ്രകാശൻ, ലൈൻമാൻ ശ്രീധരൻ തുടങ്ങി ആരുമാവാം കഥയിലെ നായകൻ. അവരെല്ലാം തന്നെ പലപല കഥകളിലായി ആ വീടുകയറി വരാൻ വിധിക്കപ്പെട്ടവരായതുകൊണ്ടുതന്നെ അവിഹിതങ്ങൾ കൊണ്ട് തീർത്ത കഥകളിലെ നായകന്മാരായി അവർ നിറഞ്ഞാടി.

‘ഒന്നിലൊന്നും നിക്കത്തില്ല അല്ലെടി നിന്റെ കഴപ്പ്?', ‘മറ്റവന്റെ എന്തൂമ്പാനാണെടീ നീയൊക്കെ നടക്കുന്നത്', ‘നിന്റെ ഏത് രഹസ്യക്കാരനായിരുന്നെടീ ഞാനില്ലാത്തപ്പോ ഇവിടെ കയറി നിരങ്ങുന്നത്', ‘പെണ്ണൊരുത്തി കൂടിയാ വളർന്നുവന്നത്, തള്ളയുടെ ഇളക്കം കണ്ട് അവളും നാളെ ഇതൊക്കെ തന്നെയാവും ചെയ്യാൻ പോകുന്നത്, അനുഭവിച്ചോ’- പാപബോധമില്ലാതെ അയാൾ നാവിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു. കുനിച്ചു നിർത്തി അമ്മച്ചിയുടെ കൂമ്പിനിടിച്ചു. കുഞ്ഞുസോഫിയയും കുഞ്ഞുയോഹന്നാനും നാവടക്കി അപ്പന്റെ കണ്ണിൽ പെടാതിരിക്കാനായി ഓടിയൊളിച്ചു.

യോഹന്നാന് ആന്തലാണ്. സഫിയയെ അയാൾ കൈവെക്കുമോ, അവളെ ദേഹോപദ്രവം ഏല്പിക്കുമോ എന്നൊക്കെയാണ് അവന്റെ ഭയം. അമ്മച്ചിക്കൊരു ശ്രമമുണ്ട്. അയാൾ വീട്ടിൽ വരുന്ന ദിവസങ്ങളിലൊന്നും അമ്മച്ചി യോഹന്നാനെയും സോഫിയയെയും അയാളുടെ കൺമുന്നിലേക്ക്​വിട്ടുകൊടുക്കാറില്ല.

എത്രകാലം, എത്രകൊല്ലം ഇതുതന്നെ പിന്തുടരേണ്ടിവരുമെന്ന് ചോദിച്ചാൽ അമ്മച്ചിക്കതിന്റെ ഉത്തരം വശവുമില്ല. കണ്ണീരും വേദനയും കൊണ്ട് മക്കൾ കഷ്ടപ്പെടാൻ ഇഷ്ടപ്പെടാത്തതുകൊണ്ടുതന്നെ മദ്യത്തിന്റെ ചൂരുമായി അയാൾ വീടുകയറി വരുമ്പോഴൊക്കെ അമ്മച്ചി യോഹന്നാനെയും സോഫിയയെയും അടുക്കളയുടെ പിന്നാമ്പുറത്തെ മുറിയിലേക്ക് മാറ്റിയിടും.

‘കതക് ചാരിയിരുന്നോ. എന്ത് വന്നാലും പുറത്തേക്കിറങ്ങരുത്' എന്നാണ് താക്കീത്.

അയാളെ സോഫിയയ്ക്ക് ഭയമാണ്.
വീടിനുള്ളിലെ കലഹം ഇരട്ടിച്ചുതുടങ്ങുമ്പോൾ സോഫിയ നിന്ന് വിറച്ചുതുടങ്ങും. ആ വിറയലിന്റെ പ്രകമ്പനം യോഹന്നാനിലേക്ക് പടരും. യോഹന്നാൻ അപ്പോൾ ബുദ്ധികൊണ്ട് മുതിർന്നവനാകും. സോഫിയയെ ഭയത്തിൽ നിന്ന്​ രക്ഷിപ്പാനെന്ന പോലെ അവളെ ചേർത്തുപിടിക്കും. അവളുടെ മനഃശാന്തിക്കായി അവളെ തലോടും. സോഫിയക്കപ്പോൾ സമാശ്വാസം അനുഭവപ്പെടും. യോഹന്നാന് വിഷമമാണ്. സോഫിയ പാവമാണ്. അവൾക്ക് അമ്മച്ചിയോട് വലിയ സ്‌നേഹമാണ്. ആ സ്‌നേഹം അവനുമുണ്ട് അമ്മച്ചിയോട്. എന്നിരുന്നാലും അമ്മച്ചിയെ കുറിച്ചോർത്തുള്ള അവളുടെ വേദനയാണ് യോഹന്നാനെ കൂടുതൽ അലട്ടുന്നത്. രാത്രിയിൽ അമ്മച്ചിയെ കെട്ടിപിടിച്ചല്ല, യോഹന്നാനെ കെട്ടിപിടിച്ചാണ് സോഫിയ കിടന്നുറങ്ങുന്നത്.

ഓരോ തല്ലും അയാളിൽ നിന്ന് ഏറ്റുവാങ്ങി അമ്മച്ചി അവർക്കരികിൽ വന്നു കിടക്കുന്ന വേളകളിൽ അന്യോന്യം മുറുകെപ്പിടിച്ചുകിടക്കുന്ന അവരോടായി അമ്മച്ചി പറയും, ‘ആരോടും ഇതുപോലെ തിന്മ ചെയ്യാതിരിക്കുക. സകല മനുഷ്യരുടെയും മുൻപിൽ യോഗ്യമായി നിൽക്കുക. കഴിയുമെങ്കിൽ നിങ്ങൾ ആവോളം സ്‌നേഹം മനുഷ്യർക്ക് നൽകുക... അതിനാദ്യം സ്‌നേഹമെന്തെന്ന് തിരിച്ചറിയണം. യോഹന്നാൻ സോഫിയയെയും സോഫിയ യോഹന്നാനെയും സ്‌നേഹിച്ചു പഠിക്കുക... ആ സ്‌നേഹത്തിൽ നിന്നാവട്ടെ ലോകത്തോടുള്ള നിങ്ങളുടെ സ്‌നേഹം വളരേണ്ടത്.'

സോഫിയ എന്തുകേൾക്കുന്നു, എന്ത് ശ്രദ്ധിക്കുന്നു എന്നതലല്ല, യോഹന്നാൻ അതിൽ നിന്നെടുക്കുന്നത് വളരെ ചുരുക്കം ചില വരികൾ മാത്രമാണെന്നുള്ളതാണ് സവിശേഷത. യോഹന്നാന് സോഫിയയെ സ്‌നേഹിക്കേണ്ടുന്ന വിധം മാത്രം അറിഞാൽ മതി. അമ്മച്ചി പറയുന്നതിൽ നിന്ന് അവൻ അത് മാത്രമാണ് കേൾക്കുന്നത്. അവന് കൂടുതലായി അറിയേണ്ടതുണ്ട്, ഇനിയും സോഫിയയെ എങ്ങനെയെല്ലാം സ്‌നേഹിക്കേണ്ടതുണ്ടെന്ന്. ഒറ്റപ്പാലത്തെ നാട്ടുവീഥിയിലും ഇടവഴിയിലും അവൻ സോഫിയയെ കൈപിടിച്ചുകൊണ്ട് നടക്കുന്നു. അവൾക്കുവേണ്ടി മുക്കുറ്റി പൂവും, കാക്ക പൂവും, എലഞ്ഞി പൂവും പറിച്ചുകൊടുക്കുന്നു. വാരസ്യാരെ വീടിന്റെതിരിലെ മുല്ലപ്പൂ കട്ട് പറിച്ചു മുല്ലമാല കോർത്തു ചൂടി കൊടുക്കുന്നു, അടുക്കളയിലെ ഓട്ടുരുളി തീയിൽ കമഴ്ത്തി കരി തോണ്ടി കണ്ണെഴുതിക്കുന്നു.

എന്തിനേറെ, സോഫിയയെ കുളിപ്പിക്കുന്നതുപോലും യോഹന്നാൻ ആണെന്ന് പറയുന്നതാണ് അതിലെ സത്യാവസ്ഥ. അവന് സ്‌നേഹം അങ്ങനെയാണ്. സോഫിയ സോഫിയ എന്നു പറഞ്ഞാൽ മാത്രം പോരാ, അവൾക്കുവേണ്ടി സ്‌നേഹത്താൽ എന്തെല്ലാം ചെയ്യുന്നു എന്നതിൽ കൂടിയാണ് കാര്യമെന്ന് അവൻ കരുതുന്നു. അവൻ അവന്റെ ആത്മാവിനെ സ്നേഹിക്കുന്നു. സോഫിയക്കുവേണ്ടി അവന്റെ സമയവും ജീവിതവും തന്നെ തീർപ്പിച്ചുനൽകിയിരിക്കുന്നു. സോഫിയ അതറിയുന്നു. അവളുടെ ആത്മാവും അതിനോട് തുല്യം. യോഹന്നാൻ സ്‌നേഹം നൽകുന്നു. അവളതേറ്റ് വാങ്ങുന്നു. പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും കൂടി അവർ സ്‌നേഹിക്കുന്നു.

എന്നിട്ടും...

സ്‌നേഹത്തെ ആത്മാവിലും സത്യത്തിലുമായി കാണുന്ന മനുഷ്യർ എങ്ങനെയാണ് വേർപിരിയലുകളെ സഹിക്കേണ്ടി വരിക? വേർപിരിയലിലും അധികമുള്ള വേദന മറ്റെന്താണുള്ളത്? ഓർക്കേണ്ടെന്ന് കരുതിയാൽ കൂടിയും ഓർമകൾ തികട്ടി തികട്ടി കയ്പ് തോന്നും.

യോഹന്നാനുതന്നെ തോന്നിയിട്ടുണ്ട്, തമ്മിൽ സ്‌നേഹിക്കുന്ന മനുഷ്യരോട് കർത്താവ് തന്നെ കല്പിക്കുന്നതായിരിക്കും തമ്മിൽ വേർപിരിയാനുമെന്ന്. അതിന് യോഹന്നാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഒരിക്കൽ അയാൾ കള്ളുംപുറത്താണ് വഴക്കിട്ടു തുടങ്ങിയത്. അമ്മച്ചിയെ തേവിടിശ്ശിയെന്നും, കൂത്തിച്ചിയെന്നും വിളിച്ചാക്ഷേപിച്ച്​ അയാൾ അലമുറയിട്ടു. മനുഷ്യൻ പോയിട്ട് ഒരീച്ച പോലും ആ വീട്ടിൽ കാലുകുത്തത്തില്ല. അന്തസ്സോർത്ത്​ഒരു മനുഷ്യനും കയറുകയുമില്ല. പുളിച്ച തെറി വിളിച്ച്, തരം കിട്ടിയാൽ മുണ്ട് പൊക്കി കാണിക്കുന്ന, സകല തോന്നിവാസങ്ങളും ആഭാസത്തരങ്ങളും വാ തുറന്നു നീട്ടിപ്പറയുന്ന അതുപോലൊരു മനുഷ്യന്റെ വീട്ടിൽ ആര്​ കയറിച്ചെല്ലാനാണ്.
ഇടവക വികാരി പോലും തള്ളിക്കളഞ്ഞ കൂട്ടരാണ്. അത് അമ്മച്ചിയോടോ, യോഹന്നാനോടോ, സോഫിയയോടൊ വെച്ചുപുലർത്തുന്ന വിരോധം കൊണ്ടല്ല, അയാളെ വരുതിക്കുവരുത്താൻ പറ്റാത്തതിന്റെ അമർഷം കൊണ്ടാണ്. കർത്താവിൽ വിശ്വസിക്കാത്ത, കേട്ട്യോളെയും മക്കളെയും സത്യക്രിസ്ത്യാനിയായി വളർത്താൻ കൂട്ടാക്കാത്ത അയാളെ നേർവഴിക്കു നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടുപോയവനാണ് വികാരി. ഒന്ന് ശ്രമിച്ചതിന്റെ പേരിൽ അയാളുടെ നാവിൽ നിന്ന് അറയ്ക്കുന്ന തെറി കേൾക്കേണ്ടി വന്നവനാണ് ഇടവക വികാരി. വികാരി ആ വീട് കയറില്ല. അതിനകത്തെ ഒരു മനുഷ്യനുവേണ്ടി പോലും ന്യായം പറയില്ല. അയാളായിട്ട് ഉണ്ടാക്കിക്കൊടുത്ത വെറുപ്പാണത്. അന്നത്തെ അയാളുടെ കലാപരിപാടികൾ അതിലും അതിരുവിട്ടു. അമ്മച്ചിയുടെ അവിഹിതകഥയിലെ നായകനായി അയാൾ ഇത്തവണ പ്രയോഗിച്ചത് ഓട്ടോ ഓടിക്കുന്ന നാസറിനെയായിരുന്നു. പാവം നാസർ. ആ വീട്ടിലേക്കൊന്നു ഓട്ടോ ഓടിച്ചു വന്നെന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. അന്നയാൾ കോയമ്പത്തൂരിൽ നിന്നും നേരത്തെ വന്നുകയറിയ ദിവസമായിരുന്നു. സന്ധ്യക്ക് വീട്ടിൽ വന്നുകയറിയപ്പോൾ അമ്മച്ചിയെ കണ്ടില്ല. മുറ്റത്ത് കളിക്കുകയായിരുന്നു യോഹന്നാനും സോഫിയയും. അയാളുടെ വരവ് കണ്ടപ്പോഴെ അകത്തേക്കോടി. നാലുകാലിൽ വന്നുകയറിയ അയാൾ ഉമ്മറത്തെ തിണ്ടിൽ കാലും നീട്ടിയിരുന്നു ഉച്ചത്തിൽ കൂവി, ‘എടീ തേവിടിശ്ശി, എവിടെ പോയി കിടക്കുവാടീ...’

അകത്തു നിന്ന്​ ഒച്ചയൊന്നും മറുപടിയായി വരാഞ്ഞത് കണ്ടപ്പോൾ അയാൾ വീണ്ടും ഒച്ചയിട്ടു, ‘ചോതിച്ചത് കേട്ടില്ലേ ഡീ...എവിടെ പോയി കിടക്കുവാ ഇവിടത്തെ തായോളി മക്കളൊക്കെ'

അയാളുടെ ഒച്ച കനത്തു പൊങ്ങിയപ്പോൾ കുഞ്ഞുസോഫിയ പേടിച്ചു. അടുക്കളവശത്തെ മുറിയിൽ അവൾ യോഹന്നാനെ അമർത്തിപിടിച്ചു മുഖം പൂഴ്ത്തി. അവൾക്ക് ഒച്ച കേൾക്കേണ്ട. ഒച്ച പേടിയാണ്. അവളുടെ പേടി യോഹന്നാനറിഞ്ഞു. അവൻ സോഫിയയെ പുറകോട്ടു മാറ്റിക്കൊണ്ട് പറഞ്ഞു, ‘ഇവിടന്ന് പുറത്തിറങ്ങണ്ട. ഞാനിപ്പോ വരാം'

ഇണങ്ങിയ ഒരു കുഞ്ഞാടായി സോഫിയ തലയാട്ടി. യോഹന്നാൻ പതിയെ പേടിച്ചുപേടിച്ച്​ ഉമ്മറവശത്തേക്ക് നടന്നു. അവിടെ അയാൾ ലക്കുകെട്ട ഇരുത്തം ഇരിക്കുന്നുണ്ടായിരുന്നു. ഉമ്മറവാതിലിൽ നിന്ന് എത്തിനോക്കികൊണ്ട് യോഹന്നാൻ പറഞ്ഞു, ‘അമ്മച്ചി മാട്ടിറച്ചി വാങ്ങാൻ പോയതാ... ഇപ്പോ വരും'

‘പ്ഫാ' -അയാൾ യോഹന്നാനെ നല്ലൊരു ആട്ടാട്ടി.
യോഹന്നാൻ ഭയപ്പാടോടെ തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ മുറിയിലേക്ക് ഓടി. അയാൾ നേരുള്ളതാല്ലായ്മയുടെ തെറിവിളികൾ തുടങ്ങി, ‘മാട്ടിറച്ചിയല്ല, ആണുങ്ങളെ ഇറച്ചി തേടിയാവും ആ നായിന്റെ മോൾ പോയിട്ടുണ്ടാവുക, അല്ലെങ്കിലും അവൾക്കതാണല്ലോ ആവശ്യം'

യോഹന്നാന് എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്ന ഭാഷയൊന്നുമല്ല അയാൾ പറഞ്ഞത്. എന്നിട്ടും യോഹന്നാൻ അയാളുടെ ഒച്ച പൊന്തിയപ്പോൾ വന്ന വഴിയേ തിരിഞ്ഞോടി. അയാൾ ഇരുന്ന് അമ്മച്ചിയെ തുടരെ തുടരെ പ്രാകി. യോഹന്നാൻ സോഫിയ അതൊന്നും കേൾക്കാതിരിക്കാൻ, അവൾ അതൊന്നും കേട്ട് പേടിക്കാതിരിക്കാൻ അവളുടെ കുഞ്ഞുചെവികൾ പൊത്തി.

ഇരുട്ട് കയറി തുടങ്ങിയപ്പോഴാണ് അമ്മച്ചി ഓട്ടോക്കാരൻ നാസറിന്റെ വണ്ടിയിൽ വന്നിറങ്ങിയത്. നാട്ടിലെ ചന്തയാകെ നടന്നു മുഷിഞ്ഞ്​ പലചരക്കും മാട്ടിറചിയും കൊണ്ടാണ് വന്നുകയറിയത്. നാസറിനെ കണ്ടപ്പോ അയാളുടെ മുഖം മാറി. അത് നാസർ എന്നല്ല ഇനിയിപ്പോ വേറെ ഏതൊരുവനായിരുന്നെങ്കിലും അയാൾക്ക് ദേഷ്യം വരുമായിരുന്നു. അയാളുടെ നോട്ടത്തിന്റെ രൂക്ഷതയും അയാളുടെ സ്വാഭാവത്തിന്റെ വൈകൃതവും അറിയാമായിരുന്ന നാസർ അമ്മച്ചിയിൽ നിന്നും ഓട്ടോകൂലി കൈപ്പറ്റി അതിവേഗത്തിൽ ഓട്ടോയെടുത്ത്​ പുറത്തോട്ടുപോയി. അതിനപ്പുറം അയാളുമായി നാസർ മിണ്ടുവാനോ ലോഹ്യം പറയുവാനോ നിന്നതേയില്ല. ഒരു കാര്യവുമില്ലാതെ പ്രശ്‌നങ്ങൾക്ക് എന്തിന് വെറുതെ തലവെക്കണമെന്ന് നാസറിന് തോന്നിയിട്ടുണ്ടങ്കിൽ അതിനെ വെറുതേ കയറി തെറ്റ് പറയാനൊക്കത്തില്ലല്ലോ.

സംശയത്തിൽ വാസ്തവമുണ്ടോ ഇല്ലയോ എന്നൊന്നും പ്രസക്തമല്ല അയാൾക്ക്. വൃത്തികെട്ട തലച്ചോറ് കൊണ്ട് ചിന്തിച്ചുകൂട്ടിയ ചോദ്യം അയാൾ ചോദിച്ചു, അത്ര തന്നെ; അവരാധി മോളെ, അവന്റെയൊക്കെ താഴെ പോയി കിടക്കാനിട്ട് നിനക്ക് ഉറക്കം കിട്ടുന്നില്ല അല്ലെ ഡീ'

ചോദ്യം കേട്ടപ്പോൾ അമ്മച്ചിക്ക് അരിശമാണ് കയറിയത്. അടുപ്പ് കത്തുന്നുണ്ടോ, പട്ടിണി മാറ്റാൻ അരിയുണ്ടോ എന്നൊന്നുമുള്ള ചിന്തയില്ലെന്നു മാത്രമല്ല, കുടുംബത്തോട്ട് ഒരുവക ചെലവിനുള്ള കാശ് തരിക കൂടി ചെയ്യാത്ത മനുഷ്യനാണ് ഇമ്മാതിരി ചൊറിഞ്ഞത് പറഞ്ഞുവരുന്നത്. ഒന്നുമില്ലെങ്കിലും അയാളുടെ ചോരയിൽ പിറന്ന രണ്ടെണ്ണം ഉണ്ടല്ലോ ഈ വീട്ടില്. മക്കളെ കണ്ടു ഭ്രമിച്ചില്ലെങ്കിലും അവനവന്റ ചോരയോടുള്ള അടുപ്പമെങ്കിലും കാണിച്ചുകൂടെ. ഇതതുമില്ല. പെണ്ണൊരുത്തി രാപകൽ ഇല്ലാതെ നയിച്ചു വേണം കുടുംബം പോറ്റാൻ. ഗതികെട്ട അത്തരം അവസ്ഥകളുടെ മോളിലാണ് അയാളുടെ ഇമ്മാതിരി തലതിരിഞ്ഞ ചോദ്യവും സംശയവും.

‘അതേ ഡാ, എനിക്ക് ഒറക്കം കിട്ടുന്നില്ലഡാ, നിനക്ക് മാറ്റിത്തരാൻ പറ്റാത്തത് അവന്മാർക്ക് മാറ്റിത്തരാൻ പറ്റുന്നെങ്കി അതവന്മാരെ മിടുക്കാണെന്നു കുട്ടിക്കോ, നിന്റെയൊക്കെ കഴിവുകേടും'; പറഞ്ഞതിൽ യാതൊരുവിധ കഴമ്പും ഉണ്ടായിട്ടല്ല. എന്നിട്ടും വീട്ടിലേക്ക് കാലുകുത്തുന്നതിനും മുൻപേ തന്നെ അമ്മചി തെറിച്ചു പറഞ്ഞുപോയി.
തന്നത്താൻ നീതികരിക്കപ്പെടുവാനല്ല, വാശിപ്പുറത്ത്​ നാവിൽ വന്നത് വിളിച്ചുപറയുവാനാണ് അമ്മച്ചി ശ്രമിച്ചുപോയത്. അതിനാൽ തന്നെ, ആ ഒറ്റക്കാരണത്താൽതന്നെ യോഹന്നാന് അപ്പനുമുൻപിൽ അടിയറവ് വെക്കേണ്ടിവന്നത് അവന്റെ ജീവിതമാണ്. കാര്യങ്ങൾ ഇത്രയേറെ വഷളാവുമെന്നറിഞ്ഞിരുന്നെങ്കിൽ അമ്മച്ചി അവരുടെ നാവിനെ നിയന്ത്രിച്ചിരുന്നേനെ.

‘കർത്താവേ ഞാൻ പറഞ്ഞുപോയി. എന്റെ നാവിൽ നിന്ന്​ വന്ന പെഴച്ച വാക്കുകൾക്ക് എന്നെ പൊറുത്ത്​ എന്റെ കുഞ്ഞിനെ തിരിച്ചുതന്നേക്കണെ'
എന്നുപറഞ്ഞ്​ ജീവിതകാലം മുഴുവനുമായി കരയാതിരുന്നേനെ.

അമ്മച്ചിയുടെ ഒറ്റവാക്കിൻ പുറത്താണ് കലഹം കൊടുമ്പിരി കൊണ്ടത്. അത്രകാലവും അയാൾ തർക്കം വെച്ചത് സംശയത്തിന്റെ പേരിൽ മാത്രമായിരുന്നു എങ്കിൽ അയാളെ സംബന്ധിച്ച്​ ആ സംശയത്തെ ദൂരീകരിക്കുന്ന ഉത്തരം ലഭിച്ചതിന്റെ പേരിലാണ് അയാൾക്ക് തർക്കം വെക്കേണ്ടി വന്നത്. തല്ലും ചവിട്ടും കുത്തുമൊന്നും നേരിടേണ്ടി വന്നില്ല അമ്മച്ചിക്ക്. പകരം നല്ല നാടൻ തെറിയും ഒച്ചയും ആയിരുന്നു. അയാൾ മുറ്റത്തുനിന്ന് ഉച്ചത്തിൽ തെറിപ്പാട്ട് പാടി. നാസറുമായുള്ള കഥകൾ ആലോചിച്ചുകൂട്ടി എരിവും പുളിയും ചേർത്തു വിളിച്ചുപാടി. വീടിന്റെ വഴിയേ വരുന്നവരും പോകുന്നവരും അത് വൃത്തിയായി തന്നെ കേട്ടു. അമ്മച്ചി ആദ്യമൊക്കെ പത്തു തറുതല പറയാൻ ശ്രമിച്ചെങ്കിലും പിന്നീട് അതിലൊന്നും വലിയ കാര്യമില്ലെന്ന് അമ്മച്ചിക്ക് ബോധ്യപ്പെട്ടു. അതോടെ അവർ അവരുടെ പാടും നോക്കി അകത്തേക്ക് കയറിപ്പോയി. യോഹന്നാനും സോഫിയക്കും ഒരുപരിധിവരേക്കും ആശ്വാസമാണ്. കൺമുന്നിൽക്കിടന്ന് അമ്മച്ചിയെ തല്ലിമെതിക്കുന്ന കാഴ്ച കാണേണ്ടല്ലോ. അതിനാൽ തന്നെ സോഫിയയും യോഹന്നാനും കുറെകൂടി ആശ്വാസത്തോടെയാണ് മുറിക്കകത്ത് ഇരുന്നത്. അടുക്കളയിലേക്ക് വന്നുകയറിയ അമ്മച്ചി മുറിയിലേക്ക് വിളിച്ചു നോക്കാതെ പറയുകയും ചെയ്തു, ‘അവിടെ ഇരുന്നോ മക്കളെ, അയാൾക്ക് എപ്പഴ പ്രാന്ത് കയറാ എന്നുപറയാൻ പറ്റില്ല, വെറുതെ നിങ്ങളും കൂടി ചവിട്ടും തൊഴിയും കൊള്ളേണ്ട.'

അയാൾ നാടൻതെറി വിളിച്ചു. അമ്മച്ചി മാട്ടിറച്ചിയിൽ കുരുമുളക് ചേർത്തു നല്ല നാടൻകറി വെച്ചു. അയാൾ തെറികൾ പെറുക്കി കൂട്ടി അടുക്കിയടുക്കി തെറിയഭിഷേകം ചൊരിഞ്ഞു. യോഹന്നാനും സോഫിയയും മുറിക്കുള്ളിൽ കർത്താവിനുള്ള പ്രാർഥന ചൊരിഞ്ഞു. അയാൾ അയാളുടെ വഴിക്ക് എന്താണെന്ന് വെച്ചാൽ പറയട്ടെ ചെയ്യട്ടെ എന്നാണ് അമ്മച്ചി കരുതിയത്. അവർ വാക്കത്തി അമ്മികല്ലിലിട്ട് ഒരച്ചു ചെത്തിമിനുക്കി അടുക്കളയിൽനിന്ന് പുറത്തോട്ട് ഇറങ്ങി. അവിടെ ഒതുക്കിലിട്ട മുട്ടിപലകയുടെ മുകളിലിരുന്ന് അമ്മച്ചി കപ്പ വെട്ടിനുറുങ്ങി. അയാൾ തെറി വിളിച്ചോട്ടെ, അപവാദം പറഞ്ഞോട്ടെ, മനസു കൊണ്ടതിൽ നിന്നൊക്കെ പാളി മാറുകയേ നിവൃത്തിയുള്ളൂ. അമ്മച്ചി ആ ഇരുത്തമിരുന്ന്​ കപ്പ നുറുക്കുമ്പോഴാണ് നിമിഷങ്ങൾ പിന്നിട്ടപ്പോൾ അയാളുടെ ഒച്ച നിലച്ചത്.

അയാളുടെ ഒച്ച എങ്ങോട്ടാണ് ഓടിപ്പോയതെന്ന് അമ്മച്ചി ചിന്തിച്ചിരുന്നില്ല. അയാളുടെ ഒരുവിധ തെറിപ്പാട്ടും പ്രവർത്തിയും അമ്മച്ചിയുടെ ആത്മാവിലേക്ക് കയറിയിരുന്നുമില്ല. അയോഗ്യന്റെ വാക്കുകൾക്ക് എന്തിനാണ് കേൾവിപ്പെടുന്നത്. അതിൽ കാര്യമില്ല. അമ്മച്ചി ഇരുന്ന് അസ്സലായി ആസ്വദിച്ച്​ കപ്പ വെട്ടിനുറുക്കി കപ്പത്തോട് വാഴച്ചുവട്ടിലേക്കിട്ട് കപ്പ വെള്ളമൊഴിച്ചുകഴുകി അടുപ്പത്തോട്ടിടാൻ അകത്തേക്ക് കയറി. അകത്തു കയറിയപ്പോൾ അടുക്കളവശത്തെ മുറിയിൽ സോഫിയ കിടന്നുറങ്ങുന്നു. യോഹന്നാനെ കണ്ടില്ല. അവൻ അപ്പുറത്തെങ്ങാനും ഉണ്ടാകുമെന്നാണ് അമ്മച്ചി കരുതിയത്. അയാൾ വന്നു പോകുന്നതുവരേക്കും അല്ലെങ്കിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. അയാളുടെ തോന്നിവാസങ്ങൾക്കെല്ലാത്തിനും സാക്ഷ്യംവഹിക്കാൻ പിള്ളേർ ഒരുമ്പെടാറില്ല. അമ്മച്ചി സമ്മതിക്കാറുമില്ല. അയാളുടെ കൺമുന്നിൽ പെടാതിരിക്കാൻ അമ്മച്ചി പിള്ളേരെ പിടിച്ചു മുറിയിലിടും. അതിങ്ങൾ അയാളെ കണ്ണിൽ പെടാതെ അതിനകത്തു ഉറങ്ങി ഉറങ്ങി തീർക്കും. എന്തൊരു ഗതികെട്ട പിള്ളേരാണ്.

സോഫിയയുടെ നിലവിളി കേട്ടാണ് അമ്മച്ചി ഓടിച്ചെന്നത്. സോഫിയ ഉറക്കത്തിൽ നിന്നുണർന്നിരിക്കുന്നു. കട്ടിലിൽ കിടന്ന് കരച്ചിലാണ്. യോഹന്നാന്റെയും സോഫിയയുടെയും വളർച്ചകൾക്കിടയിൽ വളരെയധികം സാമ്യതകൾ സംഭവിച്ചിട്ടുണ്ട്. സോഫിയയുടെ ആ കരച്ചിലും അത്തരം ചില സാമ്യതകളുടെ ബാക്കിയായതുകൊണ്ടാണ്.
അവൾ കരഞ്ഞത് അവൾക്കുവേണ്ടിയായിരുന്നില്ല. അത് യോഹന്നാന് വീട്ടിൽ തിരിച്ചുകയറി സോഫിയയെയും അമ്മച്ചിയെയും കാണുവാനുള്ള ത്വരയുടെ ബാക്കിയായിരുന്നു. അത് മനസിലാക്കാൻ അമ്മച്ചിക്ക് അധികനേരമൊന്നും വേണ്ടിവന്നില്ല. പെറ്റ വയറല്ലേ, അവർക്ക് മനസ്സിലാകും.

‘എന്റെ യോഹന്നാനെ' എന്ന അലമുറയോടെ അമ്മച്ചി മുറ്റം തിരഞ്ഞോടി. പക്ഷെ എന്ത് ചെയ്യുവാനാണ്? യോഹന്നാൻ പോയിട്ട് അവന്റെ ശ്വാസം പോലും ആ അതിരിൽ തങ്ങിനിന്നിരുന്നില്ല. യോഹന്നാൻ അപ്പോഴേക്കും അവിടം വിട്ട് എവിടെയോ എത്തിയിരുന്നു. അയാൾ അവനെ മറ്റെവിടെയോ എത്തിച്ചിരുന്നു. അവന്റെ ഉണർച്ചയിൽ അവൻ തിരികെ വീട് പറ്റാനായി വിതുമ്പിത്തുടങ്ങിയിരുന്നു.

അത് സംഭവിച്ചുപോയി. എന്നാൽ അത് യോഹന്നാന്റെ ജീവിതത്തിലെ ദാരുണമായ ഏറ്റവും ഒടുവിലത്തെ സംഭവവുമല്ല. അയാളുടെ കൂടെ പോകുവാൻ വിധിക്കപ്പെട്ടതിൽ പിന്നെ യോഹന്നാന്റെ ജീവിതത്തിലെ ഓരോ നാഴികയും ഓരോ ദുരന്തങ്ങളായിരുന്നു. നാടും, അങ്ങാടിയും, പള്ളിയും യോഹന്നാൻ മാറിമാറി കയറേണ്ടി വന്നു. ഓരോ തവണയും അയാൾ മുഖ്യകല്പന നൽകി അവന്റെ കൈയിൽ പിച്ചച്ചട്ടി വെച്ചു കൊടുത്തു. മുഷിഞ്ഞ കുപ്പായവും നാറുന്ന ദേഹവും വെച്ചു യോഹന്നാൻ അപ്പന്റെ കല്പന സ്വീകരിച്ചുകൊണ്ട് നാടായ നാടു മുഴുവൻ അപ്പന്റെ കൂടെ നടന്നു. തന്റെ മുൻപിൽനിന്ന് നഷ്ടപ്പെട്ട സന്തോഷത്തിന്റെ വേദനയിൽ യോഹന്നാൻ കയറുന്ന പള്ളിമുറ്റത്തെല്ലാം മുട്ടുകുത്തി കരഞ്ഞു. ചമ്മട്ടി, ചങ്ങല, തടവ് ഈ വിധമുള്ള ഏത് ശിക്ഷയും അനുഭവിക്കാൻ യോഹന്നാന് ഇതിലും എളുപ്പത്തിൽ പറ്റുമായിരുന്നു. പക്ഷെ, ഇത് കൊടും ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. എല്ലാ ദിവസവും അവൻ കണ്ടു സന്തോഷിച്ചിരുന്ന അവന്റെ സോഫിയയുടെ മുഖം കൺവെട്ടത്തു നിന്നുപോലും അകന്നിരിക്കുന്നു. അവളെ അവൻ എങ്ങനെ അന്വേഷിക്കും. അയാളെ വെട്ടിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചാലും തിരികെ ഏത് നാട്ടിൽ ചെന്നിറങ്ങണമെന്നോ, ഏതുവഴിയേ സഞ്ചരിക്കണം എന്നോ അവന് അറിയില്ല. എങ്കിലും കുഞ്ഞുയോഹന്നാന്റെ ചിന്തകളിൽ സോഫിയ ഉണ്ട്. അപ്പനെ വാഴ്ത്താൻ യോഹന്നാന് അതിനുതക്ക നല്ല ഗുണങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ല.

പരിശുദ്ധാത്മാവിനെ ശക്തിയിൽ വിശ്വസിച്ച് പള്ളിമേട കയറി വരുന്നവരുടെ മുൻപിൽ യോഹന്നാനെ കൊണ്ട് അയാൾ പിച്ചചട്ടി നീട്ടിക്കും. അഞ്ചോ പത്തോ കിട്ടിയാൽ ബാക്കി തുക യോഹന്നാനെ കൊണ്ട് മോഷ്ടിപ്പിച്ചിട്ടാണെങ്കിലും അയാൾ അന്നന്നത്തേക്കുള്ള ഒരു കുപ്പി മദ്യം ഒപ്പിച്ചിരിക്കും. നീതിയുടെ പ്രമാണം മറന്ന് അയാൾ ഓരോ ദിവസത്തെ ഓരോ കുപ്പി മദ്യത്തിനായി യോഹന്നാനെയും കൊണ്ട് ഊരായ ഊരെല്ലാം തെണ്ടി. കേരളവും തമിഴ്‌നാടും കർണാടകവും കടന്ന് പല നാടുകളിൽ പല ദിവസങ്ങളിലായി തെരുവിൽ ബോധമറ്റു കിടന്നു. അപ്പോഴേക്കും കുഞ്ഞുയോഹന്നാൻ എട്ടിൽ നിന്ന് പന്ത്രണ്ടിലേക്ക് എത്തിയിരുന്നു. ആ കാലയളവിനിടയിൽ പാപത്തിന്റെ ദാസന്മാർ അവന്റെ കുഞ്ഞുശരീരം നോവിപ്പിച്ചിരുന്നു. അപ്പൻ ബോധമറ്റു കിടക്കുമ്പോൾ ആരൊക്കെയോ ഏതൊക്കെയോ രാത്രികളിൽ അനുതാപമില്ലാതെ തെരുവിൽ അവന് തൊട്ടടുത്തായി അരികുപറ്റിക്കിടന്നു. ദൈവത്തിന്റെ വിധിയിൽ നി​ന്നൊഴിഞ്ഞു മാറുവാൻ അവനായതുമില്ല.

അവന്​ പ്രതിവാദങ്ങളില്ലായിരുന്നു. വന്നുകിടക്കുന്നവന്മാരുടെ ബുദ്ധിക്ക് തെളിയുന്ന എല്ലാ പ്രവർത്തികളും അവർ യോഹന്നാനെ കൊണ്ട് ചെയ്യിച്ചു. ഇടയ്ക്ക് അവന് നൊന്തു, മറ്റു ചിലപ്പോൾ അവന് മനംപിരട്ടി, അതുമല്ലെങ്കിൽ അവന് കയ്ച്ചു. അപ്പോഴൊക്കെയും അവൻ സോഫിയയെ ഓർത്തു. അവൻ ക്ഷീണിച്ചു മടുക്കുമ്പോൾ ആ അനുഭവത്തിന്റെ ഏത് അംശമായിരിക്കും കുഞ്ഞുസോഫിയ സഹിക്കേണ്ടിവരിക എന്നോർക്കുമ്പോൾ യോഹന്നാന്റെ ഹൃദയം പിടഞ്ഞു. അത് ഏതുവിധം അനുഭവം ആയാലും അവളിൽ ആ അംശം പറ്റരുതെന്ന് അവൻ ഗാഢമായി തന്നെ ആഗ്രഹിച്ചു. കാരണം, ആ അനുഭവം അവൾക്ക് യോഗ്യമായിരുന്നില്ല എന്ന് അവനറിയാം. എങ്കിലും അത് അവൾ അനുഭവിക്കേണ്ടി വരുമെന്നും അവനറിയാം.

പലപ്പോഴും അവന്റെ ശരീരവും പനിച്ചു, മറ്റു ചിലപ്പോൾ വിറച്ചു, ഒരിക്കൽ അവന്റെ അടിവയർ പതിവില്ലാത്ത വിധത്തിൽ കനത്തു, പ്രാണത്യാഗത്തോളം ആ കനപ്പിന്റെ വേദന അവൻ അനുഭവിച്ചു, അതിലും ഭംഗിയായി സൂര്യവെളിച്ചം ഏറ്റപ്പോൾ അവന്റെ കുഞ്ഞുശരീരം ചോന്നു. ചില അനുഭവങ്ങളിലൂടെ ഇത്തരത്തിൽ സോഫിയയുമായി അവൻ സംവദിച്ചു. ക്ഷമയോടെ ചുരുക്കത്തിൽ യോഹന്നാൻ സോഫിയയെ ഈവിധമറിയുമ്പോൾ അവൾ തന്നെ ഏതുവിധമെല്ലാം അറിയും എന്ന കാര്യത്തിൽ അവൻ അങ്കലാപ്പ് കാണിച്ചു.

‘നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും നിങ്ങളെ ഒന്നിപ്പിക്കാനുള്ള അവസരവും ലഭിക്കുവാൻ ഭാഗ്യമുണ്ടാകട്ടെ', അമ്മച്ചി എല്ലായിപ്പോഴും വാടിത്തളർന്ന സോഫിയക്കും ലോകത്തിന്റെ ഏതോ ഇടത്തു ജീവിച്ചിരിപ്പുള്ള യോഹന്നാനുവേണ്ടിയും മുട്ടിപ്പായി പ്രാർഥിച്ചു. വിശ്വാസമോ ആശിക്കുന്നതിന് മുകളിലുള്ള പ്രതീക്ഷയോ, എന്തോ ആവട്ടെ അമ്മച്ചി സോഫിയയെയും കൂട്ടി കഴിഞ്ഞ നാലുവർഷത്തിനിടയിൽ കുഞ്ഞുയോഹന്നാനെ തിരക്കിപ്പോകാത്ത ഇടങ്ങളില്ല. കോയമ്പത്തൂരും മദിരാശിയും തൊട്ട് കേട്ടുകേൾവിയില്ലാത്ത നാടുകളിൽ വരെ അലഞ്ഞു. എന്തിനേറെ, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പിൽ പോലും കുഞ്ഞുയോഹന്നാനെ അമ്മച്ചി പരതിയിരുന്നിരിക്കണം. എങ്ങനെ കണ്ടു കിട്ടാനാണ്.അയാൾ പിച്ചക്കായി കൈനീട്ടിക്കാനായി അവനെയും കൊണ്ട് മാരത്തോൺ ഓട്ടമല്ലേ.
‘കർത്താവിനെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷപ്പെടും' അമ്മച്ചി വിശ്വസിച്ചു.

എല്ലാ കെട്ടുകളെയും പൊട്ടിച്ച്​ സോഫിയയുടെ പക്കലിലേക്ക് കുതറിയോടാൻ യോഹന്നാൻ ആഗ്രഹിച്ചപ്പോഴൊക്കെയും ആ ത്വര അയാൾ അവന്റെ കണ്ണുകളിൽ നിന്നറിഞ്ഞു. അപ്പോഴെക്കെയും അയാൾ അവനെ നോക്കി പറഞ്ഞു, ‘എന്താണ് കൂത്തിച്ചി മോനെ... നിന്റെ തള്ള പെഴച്ചതിനെ കാണാൻ തോന്നുന്നുണ്ടോ? പൊക്കോ പാലക്കാട്ടേക്ക്, തെരഞ്ഞു കണ്ടുപിടിച്ചോ അവറ്റകളെ'

ചീത്തവിളി, ഇടയ്ക്ക് തൊഴി. നേരം കെട്ടാൽ പിന്നെ ഏതെങ്കിലും ഒരുത്തന്റെ സഹികെട്ട ചവർപ്പ്. യോഹന്നാന്റെ ജീവിതം അതിനപ്പുറത്തേയ്ക്ക് തല്ക്കാലം മറ്റൊന്നുമായി തീരുന്നില്ല.

ഒരിക്കൽ അയാൾ കടത്തിണ്ണയുടെ മുൻവശത്ത്​ അനക്കമറ്റ് കിടന്നു.
യോഹന്നാന് അന്ന് പതിമൂന്നാണ് പ്രായം.
യോഹന്നാൻ അന്ന് സന്തോഷിച്ചു. ഇനി ആരെ തിരഞ്ഞുപോകണമെന്ന് അവനു നിശ്ചയമുണ്ടായിരുന്നു. അപ്പന്റെ ശവം കത്തിച്ചോ ചീഞ്ഞോ എന്നൊന്നും യോഹന്നാന് നിശ്ചയമില്ല. അവൻ ആ ശരീരം അവിടെയിട്ട് ഓടുകയാണുണ്ടായത്.

എങ്ങോട്ട്​ ഓടും? എങ്ങോട്ടാണ് ഓടേണ്ടതെന്നും അവനു നിശ്ചയമില്ല.
അവനു പ്രിയമുള്ളത് സോഫിയ മാത്രമാണ്. ആയതിനാൽ അവൻ സോഫിയക്കായി തിരക്കിട്ട് ഓടി. പിച്ചതെണ്ടി, കിടന്നുകൊടുത്ത്​, ഏതെല്ലാമോ നാടും നഗരവും കടന്ന്​ അവനിപ്പോൾ കോയമ്പത്തൂർ വരെയും എത്തിയിരിക്കുന്നു. അവനിപ്പോൾ ദൈവത്തെ മഹത്വപ്പെടുത്തുന്നു. അയാളുടെ നാവിൽ നിന്ന് പാലക്കാട്ടേയ്ക്ക് എന്ന വാക്ക് എത്ര തവണ വീണിരിക്കുന്നു. വണ്ടി കയറേണ്ടത് പാലക്കാടിലേക്ക് തന്നെയാണ് എന്നാണ് അതിനർഥം. കോയമ്പത്തൂർ എത്തിയപ്പോൾ ചെട്ടിയാർ കടയിലെ ഷിഫോൺ സാരി അവന്റെ കണ്ണുകളിൽ ഉടക്കി. അവന്​ അടക്കാനാവാത്ത കൊതിപിടിച്ചു ആ നോട്ടത്തിൽ. അവനറിയാം ആ നോട്ടം സോഫിയ എന്നെങ്കിലുമൊരിക്കൽ ഇതേ വഴിയിൽ വെച്ച് നോക്കിയിരിക്കണം. അത് യോഹന്നാന് വേണ്ടിയുളള അലച്ചിലിനിടയിൽ ആയിരിക്കണം എന്ന്. അതിനാൽ തന്നെ അത് വാങ്ങിയേ തീരൂ എന്ന മോഹം അവനിൽ വന്നു. യോഹന്നാൻ കൈയിൽ ബാക്കി വന്ന തുക ഒപ്പിച്ചു പാലക്കാട്ടേയ്ക്ക് ബസ്​ പിടിച്ചു.

ബാല്യത്തിൽ നിന്ന്​ കൗമാരത്തിലേക്കാണ് യോഹന്നാൻ ഇനി ചെന്നിറങ്ങുന്നത്. ക്രിസ്തുവിന്റെ കൃപയാൽ അവൻ ശക്തിപ്പെട്ടിരിക്കുന്നു. അവനും സോഫിയക്കുമിടയിലെ അയാൾ എന്ന പാപം അവസാനിച്ചിരിക്കുന്നു. രാവും പകലും ഇടതടവില്ലാതെ യോഹന്നാൻ സോഫിയയെ ഓർത്തു. സോഫിയ യോഹന്നാനെ ഓർത്ത്​ കഴിച്ചുകൂട്ടിയ ദിനങ്ങൾ കൊണ്ട് അവൻ എല്ലായ്‌പ്പോഴും അമ്മച്ചിയുടെ വചനങ്ങൾ ഓർത്തെടുത്തിരുന്നു, നീ സോഫിയയുടെ പാതി, സോഫിയ നിന്റെ പാതി'

പാലക്കാട്ടേയ്ക്ക് ബസ്​ എത്താൻ ഇനി മിനിറ്റുകൾ മാത്രം. യോഹന്നാൻ അവന്റെ ആത്മാവിനാൽ തന്നെ ഇനി സോഫിയയെ കണ്ടെത്തിക്കോളും. കണ്ടെത്തിയാൽ പിന്നെ വിട്ടുകൊടുക്കുവാൻ ഉദ്ദേശ്യമില്ല. വിട്ടുപിരിയുവാനും ഉദ്ദേശ്യമില്ല. യോഹന്നാന്റെ പാതി അവനോടൊപ്പം തന്നെ നിന്നുകൊള്ളട്ടെ.

അമ്മച്ചിയുടേതായ സകല വചനങ്ങളും അവൻ ഉൾക്കൊള്ളുന്നു, ദൈവം വിശ്വസ്തൻ. ആത്മാവ് ഉപദേശിക്കുന്നതൊന്നു പോലും തെറ്റില്ല.

ആദിമക്കൾ ഭൂമിയിൽ വന്നതിനെ പറ്റി അമ്മച്ചി പറഞ്ഞുതന്ന കഥകൾ അവനറിയാം. അവൾക്കും. ആദിമക്കൾ വിപുലമായ, എണ്ണം പെരുകിയ കഥകൾ എങ്ങനെയെന്നു ചിന്തിച്ചാൽ അതിനുള്ള ഉത്തരവും അവർക്കറിയാം. ആരും തമ്മിൽ തമ്മിൽ പറഞ്ഞില്ലെങ്കിലും.

മനുഷ്യകുലത്തിന്റെ അടിത്തറ സ്‌നേഹമാണ്. പ്രണയമാണ്. ഇണചേരലാണ്. പ്രത്യുത്പാദനമാണ്.

യോഹന്നാനും സോഫിയയും ആത്മാവും ജീവനുമാകുന്നു. അവളുടെ കൈപ്പടം ചേർത്തുനിർത്തി, ഓരോ ഉറക്കത്തിലും അവളുടെ കവിളിൽ ഉമ്മകൾ നൽകി, അമ്മച്ചിയുടെ ദൈവവചനങ്ങൾ ഇനിയുമിനിയും കേട്ട് അവർ ജീവിക്കട്ടെ. അവരുടെ സ്നേഹത്തിന്റെ കൂട്ടായ്മയിലേക്ക് അവരെ തകർക്കുവാനായി ഇനിയാർ വരുവാനാണ്? എങ്കിൽ പിന്നെ അവർ പ്രേമിക്കട്ടെ.

അല്ലെങ്കിലും ഓരോ അകൽച്ചകളും ഓരോ പ്രേമത്തിന്റയും ശക്തി കൂട്ടുവാനുള്ളതാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അനു ചന്ദ്ര

കഥാകൃത്ത്​, സ്വതന്ത്ര മാധ്യമപ്രവർത്തക. ‘ന്റുപ്പാന്റെ പേര് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments