ചിത്രീകരണം : ദേവപ്രകാശ്.

പപ്പായ വലുപ്പത്തിലൊരു തടാകം

സാമാന്യ നീളവും, പ്രായം വകവയ്ക്കാതെ നീണ്ടുനിവർന്നുള്ള ആ നിൽപ്പുമടക്കം അമ്മാമയുടെ സർവരൂപഭാവങ്ങളും ഞങ്ങളുടെ വീട്ടുമുറ്റത്ത് വളർന്നുനിൽക്കുന്ന പപ്പായ മരത്തെയാണ് ഓർമിപ്പിച്ചിരുന്നത്. അമ്മാമയിൽ സൗന്ദര്യത്തിന്റെ കണിക പോലും എനിയ്ക്ക് കണ്ടെത്താനായില്ല. ഗോറില്ലയെപ്പോലെ അതിവിരൂപിയായ ഒരു ജീവിയായിട്ടാണ് ഞാനവരെ കണ്ടിരുന്നത്. തടിച്ച ചുണ്ടുകളും ഒരാൾക്ക് അനായാസം ഇരിക്കാൻ തക്ക വലുപ്പമുള്ള തലയുമുള്ളൊരു ഭീകരരൂപം. അമ്മാമയുടെ കീഴ്ചുണ്ടിൽ വികൃതമായൊരു ദ്വാരമുണ്ടായിരുന്നു. അതിന്റെ വലുപ്പത്തിൽ ചെത്തിമിനുക്കിയെടുത്തൊരു മരപ്പൂളുവെച്ചാണ് അത് അടച്ചിരുന്നത്. ആ പൂള് സ്ഥാനംതെറ്റിയാൽ തുളയിലൂടെ അവരുടെ ഉമിനീര് പുറത്തേക്കൊഴുകുന്നതുകാണാം. എന്നാൽ അവരുടെ ശരീരത്തിലെ ഏറ്റവും വികൃതമായ അവയവം ആ പതിഞ്ഞ മൂക്കായിരുന്നു. അതിനെക്കുറിച്ച് ആരെങ്കിലും അഭിപ്രായം പറയുന്നത് കേൾക്കുന്നമുറയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ അവർ പറയും: ""അതുകൊണ്ട് ശ്വാസം വലിക്കാൻ പറ്റുന്നുണ്ടല്ലോ, അതുമതി.''
അമ്മാമയുടെ കീഴ്കാതുകളിലെ ഏറിയഭാഗവും കൈയേറിയിരിക്കുന്ന വലിയ തുളയിലൂടെ നോക്കിയാൽ ചക്രവാളം കാണാം. പതിഞ്ഞ ആ മൂക്കിലും അത്തരമൊരു തുളയുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് താഴെ നിരയിൽ നിന്ന് നാല് പല്ലു പറിഞ്ഞുപോയതുകാരണം മോണയുടെ വലിയൊരു ഭാഗവും പുറത്തുകാണാമായിരുന്നു. അവരുടെ ചുവന്ന കണ്ണുകൾക്കുമുകളിൽ വീർത്ത കൺപോളകൾ തൂങ്ങിനിന്നു.

അമ്മാമയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ഒരു സംഗതി വേദന സഹിക്കാനുള്ള അവരുടെ അസാമാന്യ കഴിവായിരുന്നു. ഒരുദിവസം പറമ്പിൽ വെളിക്കിരിക്കാൻ പോയി തിരിച്ചുവന്നതുമുതൽ അവർ കണങ്കാൽ നിർത്താതെ ചൊറിയുന്നതു ഞാൻ ശ്രദ്ധിച്ചു. അവിടമാകെ വീർത്തുവന്നെങ്കിലും അമ്മാമയ്ക്ക് വേദന തോന്നുന്നുണ്ടായിരുന്നില്ല. എന്താണ് പറ്റിയതെന്ന് ആരാഞ്ഞപ്പോൾ "പാമ്പു കടിച്ചെന്നാണ് തോന്നുന്നത്' എന്ന് അവർ മറുപടി പറഞ്ഞു. എന്നിട്ട് ഒരു കത്തിയെടുത്ത് മറ്റാരുടേയോ ശരീരത്തിൽ കൈവെയ്ക്കുന്ന ലാഘവത്തോടെ ആ മുറിവിൽ നിന്ന് രക്തം ഞെക്കിയെടുക്കാൻ തുടങ്ങി. കത്തി കൊണ്ട് സ്വന്തം ശരീരത്തിൽ ചാലുകൾ കീറുന്നതിന്റെ യാതൊരു ഭാവവ്യത്യാസവും അവരിൽ പ്രകടമായില്ല. ആ ചാലുകളിൽ നിന്ന് കറുത്ത രക്തമൊഴുകി. രക്തവും വിഷവും കലർന്നൊരു കറുത്ത പുഴ രൂപപ്പെടുന്നതുകണ്ട് ഞാൻ അസ്വസ്ഥയായി. ശേഷം അമ്മാമ വെള്ളാരങ്കല്ലുപോലെ തോന്നിക്കുന്ന ഒരിനം വിഷസംഹാരിയെടുത്ത് പൊടിച്ചു. നീറ്റലുണ്ടാക്കുന്ന ആ കല്ലുപൊടി കാലിലെ ചാലുകളിൽ നിറയ്ക്കാൻ തുടങ്ങി. ഇതിനിടെ അവരുടെ മുഖഭാവങ്ങൾക്കിടയിൽ വേദനയുടെ അടയാളങ്ങൾ തിരയുകയായിരുന്നു ഞാൻ. പെട്ടെന്നവർ എന്നെ നോക്കി. സ്വതവേ പരുങ്ങിയിരിക്കുകയായിരുന്ന ഞാൻ ഇതുകൂടിയായപ്പോൾ ഒന്നുകൂടി പരുങ്ങി.

എനിയ്ക്ക് പേടിയായി. ഓടിപ്പോയാൽ മതിയെന്നായി. എങ്ങനെയെങ്കിലും അവരുടെ അടുത്തുനിന്ന് മാറിപ്പോകാൻ ഞാൻ മുടന്തൻ ന്യായങ്ങൾ ആലോചിച്ചുനോക്കി. കാരണം മരുന്നു പ്രയോഗിച്ചുകഴിഞ്ഞാലത്തെ അവരുടെ ശീലം എനിക്ക് നല്ലതുപോലെ പരിചിതമായിരുന്നു. മരുന്ന് ഏതുമാകട്ടെ, അമ്മാമ അത് ഉപയോഗിക്കുന്നെങ്കിൽ അസുഖം എന്നിലേയ്ക്ക് പകരാതിരിക്കാൻ അത് എന്റെ ശരീരത്തിലും പ്രയോഗിക്കുക അവരുടെ പതിവായിരുന്നു. എനിയ്ക്ക് ഓടിപ്പോകാൻ അവസരം ലഭിയ്ക്കുന്നതിനുമുമ്പുതന്നെ അവരുടെ ഉരുക്കുകൈകൾ എന്റെ കൈയിൽ പിടിമുറുക്കി. എന്നിട്ട് രണ്ടു കൈകളുടെയും കാലിന്റെയും പുറംഭാഗത്ത് ആ കത്തി കൊണ്ട് രണ്ടുവീതം ചാലുകൾ കീറി. ഒന്ന് നിലവിളിയ്ക്കാൻ പോലും ഇടതരാതെ അവർ ഇത്രയും ചെയ്തുതീർത്തു. ആദ്യം രക്തത്തോടൊപ്പം ദേഹമാസകലം ഇരച്ചുകയറുന്ന വേദനയും, പിന്നീട്ട് എട്ടുമുറിവുകളിൽ നിന്ന് പുറത്തേക്കൊഴുകുന്ന രക്തത്തിന്റെ നനവും ഞാനറിഞ്ഞു. അമ്മാമ മരുന്നെടുത്ത് യാതൊരു ദാക്ഷിണ്യവും കൂടാതെ എന്റെ മുറിവുകളിൽ പുരട്ടാൻ തുടങ്ങി. ആ കഷണം എന്റെ നാഡിഞരമ്പുകളിലേയ്ക്ക് തിരുകിക്കയറ്റാൻ നോക്കുകയാണ് അവരെന്ന് തോന്നിപ്പോയി എനിയ്ക്കപ്പോൾ. ഇങ്ങനെ തന്റെ ക്രൂരത എന്റെ ശരീരത്തിലേക്ക് നിവേശിപ്പിക്കുന്നതിനിടയ്ക്ക് സ്ത്രീശബ്ദങ്ങളോട് യാതൊരു സാമ്യവുമില്ലാത്ത തന്റെ ശബ്ദത്തിൽ അമ്മാമ പറഞ്ഞു: ""ഇനിയൊരു ഇഴജന്തുവും നിന്നെ തൊടാൻ ധൈര്യപ്പെടില്ല. നിന്നെ കണ്ടുകഴിഞ്ഞാൽ പിന്നെ നീ ദൂരേയ്ക്കു നീങ്ങുന്നതുവരെ അവ അനക്കമറ്റുനിൽക്കും.'' അതിനുശേഷം ഞങ്ങളെ രണ്ടുപേരെയും പാമ്പുകടിച്ചിട്ടില്ല. സത്യം പറഞ്ഞാൽ അവിടെയാകെ പാമ്പുകളുണ്ടായിരുന്നു. മരങ്ങളും പച്ചക്കറികളും ഒരുപാട് മുഴുത്ത ഫലം കായ്ച്ചുനിൽക്കുന്ന പപ്പായത്തൈയുമുള്ള ഞങ്ങളുടെ വീട്ടുമുറ്റത്തുവരെ അവയെ കാണാമായിരുന്നു. എന്നിട്ടും ഞാൻ ഒറ്റയ്ക്കാണെന്നോ അമ്മാമയുടെ കൂടെയാണെന്നോ വ്യത്യാസമില്ലാതെ പാമ്പുകൾ വഴിമാറിയിഴഞ്ഞു.

വട്ടത്തിൽ ചെറ്റകെട്ടിയുണ്ടാക്കിയതായിരുന്നു ഞങ്ങളുടെ വീട്. പൊക്കം കുറഞ്ഞ വാതിലിലൂടെ അകത്തുകടക്കണമെങ്കിൽ കുമ്പിടണം. അകത്തേയ്ക്കു കാലെടുത്തുവെച്ചുകഴിഞ്ഞാൽ ആദ്യം കാണുന്നത് തറയിലേയ്ക്കിറങ്ങിച്ചെല്ലാൻ വേണ്ടിയുണ്ടാക്കിയ മൂന്നു ചവിട്ടുപടികളാണ്. അവിടെനിന്ന് നോക്കിയാൽ ഉയരത്തിൽ കെട്ടിയ കോണാകൃതിയിലുള്ള മേൽക്കൂര കാണാം. അതിലേയ്ക്കു നോക്കിയാൽ വീടിന്റെ അകത്തെയും പുറത്തെയും വലുപ്പം ഒത്തുനോക്കാൻ അൽപ്പം പാടുപെടും. വീട്ടുവളപ്പിന്റെ അറ്റത്തായി മുപ്പതിലധികം കന്നുകാലികളെ പാർപ്പിച്ച വലിയൊരു തൊഴുത്തുണ്ട്. അവിടെയെത്തിയാൽ നാസാരന്ധ്രങ്ങളിൽ ചാണകത്തിന്റെയും പഴങ്ങളുടെയും പച്ചക്കറികളുടെയും സമ്മിശ്രഗന്ധം പടരും. അമ്മാമയുടെ ഗന്ധവും...

ഈ ബഹളങ്ങൾക്കെല്ലാമിടയിൽ ഞാനും അവരും, അമ്മാമയും പേരക്കുട്ടിയും മാത്രമായ ഒരു കുടുംബമായി കഴിയുകയായിരുന്നു. എന്നെ പ്രസവിക്കുന്നതിനിടയിലാണ് അമ്മച്ചി മരിച്ചത്. വേട്ടയ്ക്കിടയിൽ ഹാലിളകി വന്ന ഒരു പോത്തിന്റെ കുത്തേറ്റ് അപ്പച്ചനും മരിച്ചു. ഒരു ബ്രിട്ടീഷുകാരന്റെ നോട്ടം സഹിക്കവയ്യാതെ വന്നപ്പോൾ അയാളുടെ തൊണ്ടയിൽ കുന്തം കയറ്റിക്കൊന്ന കുറ്റത്തിന് അപ്പാപ്പന് വധശിക്ഷയും കിട്ടി. പിറന്ന ദിവസം മുതൽ ഞാൻ അമ്മാമയുടെ കൂടെയായിരുന്നു. പത്തുവയസ്സുവരെ അവരെന്നെ മുലയൂട്ടി. അവരുടെ അമ്മിഞ്ഞകൾ മുഴുത്ത പപ്പായ പോലെയായിരുന്നു. അവ ഞാൻ അതുവരെ രുചിച്ചിട്ടില്ലാത്തൊരുതരം മധുരമൂറുന്ന ശുദ്ധമായ പാൽ ചുരത്തിക്കൊണ്ടിരുന്നു. കന്നുകാലികളെ മേയ്ക്കാൻ പോകുന്നതിനുമുമ്പ് ഞാൻ മുലകുടിയ്ക്കും. തിരിച്ചുവന്നാലും അമ്മാമയുടെ മാറിലെ പപ്പായപ്പഴങ്ങൾ മാത്രമാകും എനിയ്ക്കു വേണ്ടിവരുന്നത്. എനിയ്ക്ക് എട്ടുവയസ്സ് പ്രായമുള്ള സമയം. ഒരുദിവസം ഞാൻ വീട്ടിലേയ്ക്കുവന്നപ്പോൾ അവിടെ അമ്മാമയെ കണ്ടില്ല. ഞാൻ കന്നുകളെ തൊഴുത്തിലാക്കി അമ്മാമയെ നീട്ടിവിളിച്ചുകൊണ്ടിരുന്നെങ്കിലും മറുപടിയുണ്ടായില്ല. ആസക്തി മൂത്ത് എനിയ്ക്ക് കണ്ണുകാണാതായി. ഞാൻ തൊള്ളകീറി വിളിച്ചപ്പോൾ അമ്മാമ അയൽപ്പക്കത്തുനിന്നു വിളികേട്ടു: ""നീ വന്നോ മോളെ!'' ഈ രണ്ടു വീട്ടുവളപ്പുകൾക്കിടയിൽ ചുള്ളിക്കമ്പും വൈക്കോലും വെച്ചുകെട്ടിയൊരു വേലി മാത്രമാണുണ്ടായിരുന്നത്. ഞാനാകെ വിങ്ങിപ്പൊട്ടി നിൽക്കുകയായിരുന്നു. എന്റെ കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടിനിന്നു. ദുഃഖവും ദേഷ്യവും കലർന്ന സ്വരത്തിൽ ഞാൻ വിളിച്ചുപറഞ്ഞു: ""നിങ്ങളൊന്നു വേഗം വരുന്നുണ്ടോ. എനിയ്ക്ക് പാലുകുടിയ്ക്കണം.'' എന്റെ സ്വരത്തിലെ കോപം അവർ തിരിച്ചറിഞ്ഞു. വേഗം വന്ന് പായയിലിരുന്നു. ഞാൻ അമ്മിഞ്ഞ വായിലിട്ട് അസാമാന്യമായ ആർത്തിയോടെ നുണഞ്ഞു. ഈ പ്രായത്തിലും മുലകുടിക്കാനുള്ള എന്റെ ആർത്തിയെപ്പറ്റി കളിയാക്കിച്ചിരിച്ചുകൊണ്ട് അമ്മാമയോട് സംസാരിക്കുന്ന അയൽക്കാരിയുടെ വാക്കുകൾ ഞാൻ മനപ്പൂർവം കേട്ടില്ലെന്നു നടിച്ചു.

രണ്ടു കഷണങ്ങൾ ചേർത്തുണ്ടാക്കിയൊരു തോൽവസ്ത്രം മാത്രമാണ് അമ്മാമ ധരിച്ചിരുന്നത്. ഒരു തോൽച്ചരടുപയോഗിച്ച് പൊക്കിളിനു തൊട്ടുതാഴെയായി ഒരു കെട്ടു കെട്ടി നഗ്‌നത മറയാൻ പാകത്തിന് അത് മുമ്പിലും പിമ്പിലുമായി താഴേക്ക് നീട്ടിയിടും. എന്തുകൊണ്ടാണ് അമ്മാമ അവിടെ തോലുവെച്ചു മറയ്ക്കുന്നതെന്ന് ചെറുപ്പത്തിലൊക്കെ ഞാൻ ആലോചിക്കുമായിരുന്നു. എന്തുകൊണ്ട് എന്റെ പോലെ വിവസ്ത്രയായി നടക്കുന്നില്ല! പക്ഷെ, പത്തുവയസ്സായപ്പോൾ എന്റെ ജീവിതത്തിന്റെ ഗതി തന്നെ തിരിച്ചുവിടുന്ന മാറ്റങ്ങൾ എന്നിലുണ്ടായി. അമ്മാമ മറയ്ക്കുന്ന ഭാഗങ്ങൾ മറയ്ക്കാനായി എനിയ്ക്കും അവർ രണ്ടുകഷണം തോലു തയ്യാറാക്കിത്തന്നു. എനിയ്ക്ക് മുലതരുന്നതു നിർത്തി. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ദിവസങ്ങളായിരുന്നു അത്. മുല കുടിയ്ക്കാനുള്ള കൊതിമൂത്ത് എനിയ്ക്ക് ഉറക്കം നഷ്ടപ്പെട്ടു. അതേ തീവ്രതയോടെ ഞാൻ നഗ്‌നത കൊതിച്ചു. ലജ്ജ തോന്നിപ്പിക്കുന്ന ഈ വികാരങ്ങളിൽ നിന്ന് മോചനം ലഭിക്കാനായി ഞാൻ പുറത്തെല്ലാം അലഞ്ഞുനടന്നു. എന്നാൽ അവസരം ലഭിക്കുമ്പോളെല്ലാം ഞാൻ ഈ ശീലങ്ങളിലേക്ക് തിരിച്ചുവരുമായിരുന്നു. അമ്മാമ തന്റെ കൂട്ടുകാരികൾക്കൊപ്പം നാടൻ വാറ്റു കുടിച്ചു മത്തുപിടിച്ചിരിക്കുന്നതു പോലെയുള്ള സന്ദർഭങ്ങളിലാണ് ഇത്തരം അവസരങ്ങൾ ഒത്തുവന്നിരുന്നത്. ഈ ലോകത്തെക്കുറിച്ച് ഒന്നുമറിയാതിരുന്നിട്ടുകൂടി അവരെന്നെ വല്ലാതെ കുഴയ്ക്കും. ലക്കുകെട്ട പാട്ടും കൂത്തും കഴിഞ്ഞ് കൂട്ടുകാരികൾ പോയിക്കഴിഞ്ഞാൽ പ്രത്യേകിച്ചും. പിന്നെയവർ മരിച്ചുപോയരവരുമായി സംസാരിക്കാൻ തുടങ്ങും. എന്റെ അമ്മച്ചിയോട് പറയും: ""റെബേക്കാ, മോളെ... പ്രസവത്തോടുള്ള പേടിയും അത് മരണത്തിലേ കലാശിക്കൂ എന്ന നിന്റെ തോന്നലുമില്ലായിരുന്നുവെങ്കിൽ നീയിങ്ങനെ മരിക്കില്ലായിരുന്നു. പിന്നെ നീ, മാരിയോ, ഭയത്തെ വെല്ലുവിളിക്കാൻ ശ്രമിച്ചതുകൊണ്ടാണ് നീ കൊല്ലപ്പെട്ടത്. എന്റെ പ്രിയപ്പെട്ട ഭർത്താവേ, നിങ്ങളുടെ അജ്ഞതമൂലമാണ് നിങ്ങൾക്ക് മരിക്കേണ്ടിവന്നത്.'' എന്നിട്ടവർ എന്റെ നേരെ നോക്കും.

സംസാരിക്കുമ്പോൾ ആ നാക്ക് കുഴയുന്നുണ്ടാകും. കണ്ണുകൾ കൂടുതൽ ചുവന്നും കൺപോളകൾ പൊട്ടിത്തെറിക്കുമാറ് വീർത്തുമിരിക്കും. ആ തടിച്ച ചുണ്ടിന്റെ ഭാഗമായിത്തീർന്ന മരച്ചീള് നാവുകൊണ്ടിളക്കിക്കൊണ്ട് അവർ ചോദിക്കും: ""നിന്റെ അപ്പാപ്പൻ കൊല്ലപ്പെട്ട കഥ നിനക്കറിയുമോ?''
""ഇല്ല, അമ്മാമേ!'' ആ കഥ എനിയ്ക്ക് മനഃപാഠമായിരുന്നിട്ടുകൂടി ഞാനങ്ങനെയൊരു നുണ പറയും. കാരണം എന്റെ മറുപടി എന്താണെന്നത് അമ്മാമയെ ബാധിക്കുന്ന കാര്യമേയല്ല. ഞാൻ അറിയാമെന്നുപറഞ്ഞാലും അറിയില്ലെന്നുപറഞ്ഞാലും അവരാ കഥ മുഴുവൻ പറഞ്ഞുതീർക്കും. അവരുടെ നാവിനു കനംതൂങ്ങുന്നുണ്ടാകും. അതിൽനിന്ന് ഇടമുറിഞ്ഞ് വാക്കുകൾ പുറത്തുവരും. വലിയൊരു ഭരണയിലിരുന്നു സംസാരിക്കുന്നതുപോലെ അമ്മാമയുടെ ശബ്ദം ദൂരെനിന്ന് പ്രതിധ്വനിയായി കേട്ടുകൊണ്ടിരിക്കും.

""കോളനിഭരണകാലത്ത് ഒരു ബ്രിട്ടീഷുകാരനെ കൊലപ്പെടുത്തിയ കുറ്റത്തിന് കോടതി നിന്റെ അപ്പാപ്പന് വധശിക്ഷ വിധിച്ചു. എന്നാൽ മൂപ്പരതറിഞ്ഞില്ല. അവരത് ഒരു കടലാസിൽ എഴുതിച്ചേർത്തു. ശിക്ഷ നടപ്പാക്കാൻ ഒരുപാട് ദൂരം യാത്രചെയ്യണമായിരുന്നു. ബ്രിട്ടീഷുകാർ ഒരു കടലാസ് കൈയിൽ കൊടുത്ത് അവിടേയ്ക്ക് പറഞ്ഞുവിട്ടപ്പോൾ മണ്ടനായ നിന്റെ അപ്പാപ്പന് വലിയ സന്തോഷമായി. അവിടെ മൂപ്പരെ സ്വീകരിക്കാൻ ആളുകളുണ്ടാകും എന്നാണവർ പറഞ്ഞിരുന്നത്. കടലാസിൽ ചെളിപുരളാതിരിക്കാൻ നിന്റെ അപ്പാപ്പൻ അത് രണ്ടു കഷണം ഈറ്റക്കമ്പുകൾക്കിടയിൽ പൊതിഞ്ഞുസൂക്ഷിച്ചു. അപ്പാപ്പൻ തനിയ്ക്കുവേണ്ടി ചെറിയൊരു പതാകയുണ്ടാക്കി. എന്നാൽ അതു തന്റെ മരണപതാകയായിരുന്നുവെന്ന് മൂപ്പരറിഞ്ഞില്ല. അവിടെ എത്തേണ്ട മാത്രയിൽ അവർ ശിക്ഷ നടപ്പാക്കി. മരിക്കുമ്പോളും മണ്ടനായ നിന്റെ അപ്പാപ്പന്റെ മുഖത്തെ ആശ്ചര്യം വിട്ടുമാറിയിരുന്നില്ല.''
അതും പറഞ്ഞ് അമ്മാമ പൊട്ടിച്ചിരിക്കും. എന്നിട്ട് പഴയ ചോദ്യം ആവർത്തിച്ച് ഈ കഥ ഒന്നുകൂടെ പറയും. പതിയെ കുഴഞ്ഞ വാചകങ്ങൾക്ക് വേഗത കുറയും. വാചകങ്ങൾക്കിടയിലെ ദൈർഘ്യം വർധിക്കും. വാക്കുകൾക്കിടയിലെ അകലം കൂടും. അക്ഷരങ്ങൾക്കിടയിൽ മൗനം വരും. പിന്നെ മരിച്ചവരെച്ചൊല്ലി നേരത്തെ ചിരിച്ച പൊട്ടിച്ചിരിയുടെ അത്രയും തന്നെ ശക്തമായി, നെഞ്ചോളം കണ്ണുനീരൊഴുക്കിയ നിലവിളി തുടങ്ങും. തുടർന്നുള്ള മൗനവും ദീർഘനിശ്വാസങ്ങളും കഴിയുമ്പോൾ ഞങ്ങളുടെ വീട്ടുവളപ്പിന്റെ ഓരോ കോണും തൊടുന്നൊരു കൂർക്കം വലി മുഴങ്ങും.

ഇത്രയുമാവുമ്പോൾ ഞാൻ ആനന്ദനൃത്തമാടാൻ തുടങ്ങിയിട്ടുണ്ടാകും. ആ ചുവന്ന കണ്ണുകളെന്നെ വീക്ഷിക്കുമെന്ന ഭയം കൂടാതെ, ആ പുരുഷശബ്ദമെന്നെ വിലക്കുമെന്ന പേടിയില്ലാതെ വിലക്കപ്പെട്ട സംഗതികളെല്ലാം ഇനിയെനിക്ക് സ്വതന്ത്രമായി ചെയ്യാം. ഞാനെന്റെ തോലുടുപ്പ് ഊരിയെടുത്ത് ദൂരെയെവിടെയ്‌ക്കെങ്കിലും വലിച്ചെറിയും. എന്നിട്ട് മലർന്നുകിടന്നുറങ്ങുന്ന അമ്മാമയുടെ അടുത്തേയ്ക്കുചെല്ലും. നിലത്ത് കൈയും കാലുമെല്ലാം വിടർത്തി വെച്ചുറങ്ങുന്ന അമ്മാമയുടെ തടിച്ച ശരീരം മറയ്ക്കാൻ ആ തോൽ വസ്ത്രങ്ങൾക്ക് സാധിക്കുന്നുണ്ടാകില്ല. അവരുടെ അമ്മിഞ്ഞ വായിലെടുത്ത് ഞാൻ അതിതീവ്രമായ ആസക്തിയോടെ ഉറുഞ്ചിക്കുടിയ്ക്കാൻ തുടങ്ങും. ആദ്യമായെന്റെ ചുണ്ടുകൾ മുലക്കണ്ണിൽ സ്പർശിക്കുമ്പോൾ അതിൽ പടർന്ന അമ്മാമയുടെ കണ്ണുനീരിന്റെ ഉപ്പുരസം ഞാനറിയും. വീരൂപയെങ്കിലും ഒരിക്കൽപോലും എനിക്കവരോട് അറപ്പുതോന്നിയിരുന്നില്ലെന്നത് ഞാൻ തിരിച്ചറിയും. ഞാൻ അമ്മാമയെ സ്‌നേഹിച്ചിരുന്നുവെന്നും. പുറത്ത് ഇടിനാദം മുഴങ്ങുന്നതും ചെറ്റ മേഞ്ഞ ഞങ്ങളുടെ വീടിന്റെ മേൽക്കൂരയിൽ മഴ കനക്കുന്നതും അറിഞ്ഞില്ലെന്ന് നടിച്ച് ഞാൻ അമ്മിഞ്ഞ കുടിയ്ക്കുന്നതുതുടരും. എന്റെ ലോകത്ത് ഞാൻ ജീവിക്കുന്നതുകണ്ട് ഞെട്ടിത്തരിച്ച പ്രകൃതിയുടെ ആർത്തനാദമാണിത്. എന്റെയീ ലോകമെന്നത് പപ്പായയുടെ വലുപ്പമുള്ളൊരു തടാകമാണ്. വാർധക്യം കീഴടക്കി, മെതിച്ച് പൊക്കിൾ വരെ നീട്ടിയെടുത്ത തടാകം.

ഒരുദിവസം അമ്മാമയുടെ കൂടെ പുഴയിലേയ്ക്ക് വെള്ളമെടുക്കാൻ പോവുകയായിരുന്നു ഞാൻ. മേൽഭാഗം കൂമ്പിനിൽക്കുന്നൊരിനം പുല്ല് വളർന്നുനിൽക്കുന്ന പറമ്പിൽ ആളുകൾ നടന്നുണ്ടായ ഒരു ഇടവഴിയിലൂടെയായിരുന്നു ഞങ്ങളുടെ പോക്ക്. എനിക്കപ്പോൾ പതിനഞ്ച് വയസ്സ് പ്രായമെത്തിക്കാണണം. അമ്മാമ കറുത്ത വലിയൊരു കുടം തലയിൽ ചുമന്ന് ഇടതുകൈകൊണ്ടത് താങ്ങിയിരുന്നു. വിയർപ്പിൽ മുങ്ങിക്കിടക്കുന്ന അവരുടെ കക്ഷത്തിലെ ചുവന്ന രോമങ്ങൾ എനിയ്ക്ക് കാണാം. കാതിലെ തുളയിലൂടെ ചക്രവാളം കാണാം. സ്വതവേ ചടുലമായ അവരുടെ നടത്തത്തിലെ ചാഞ്ചല്യങ്ങളിൽ വാർധക്യത്തിന്റെ നിഴലുകൾ കാണാം. നടക്കുമ്പോളും നൃത്തം ചെയ്യുമ്പോളും അവരുടെ വയറും മാറിടങ്ങളും കൂട്ടിയിടിച്ച് കൈയടിയ്ക്കുന്നതു പോലെയൊരു ശബ്ദമുണ്ടാക്കുന്നതു കേൾക്കാം.

അന്ന് അമ്മാമയിൽ ദൃശ്യമായ അസാധാരണമായ മൗനവും ആശയക്കുഴപ്പവും ഞാൻ ശ്രദ്ധിച്ചു. ഇടയ്‌ക്കെല്ലാം ഒപ്പമെത്താൻ എനിയ്ക്ക് ഓടേണ്ടിവന്നു. പെട്ടെന്ന് അമ്മാമ നടത്തം നിർത്തി. തൊട്ടുമുമ്പിൽ പല വർണത്തിലുള്ളൊരു പാമ്പും അതിനുചുറ്റുമായി പറക്കുന്ന അതേ നിറങ്ങളുള്ള പൂമ്പാറ്റകളുമുണ്ടായിരുന്നു. എനിയ്ക്കതുകണ്ട് ആശ്ചര്യമായി. ""എന്നുമുതലാണ് അമ്മാമ പാമ്പിനെ കണ്ട് നടത്തം നിർത്താൻ തുടങ്ങിയത്?'' ഞാൻ തമാശ മട്ടിൽ ചോദിച്ചു.
അമ്മാമയൊന്നു നെടുവീർപ്പിട്ടു. ആ മുഖത്തെ ആഴത്തിലുള്ള അനേകം ചുളിവുകളിൽ ആണ്ടുകിടന്നിരുന്ന ദുഃഖവും ഭീതിയും കലർന്നൊരു ഭാവം ആദ്യമായി ഞാൻ കണ്ടു. ""ഈ പാമ്പ് ഒരു ദുഃശ്ശകുനമാണ്.'' അത്രമാത്രം പറഞ്ഞ് അമ്മാമ നടത്തം തുടർന്നു. ഒരു സംഭാഷണത്തിന്റെ സാധ്യതകളെല്ലാം നശിച്ചുകഴിഞ്ഞെന്ന് എനിക്ക് തോന്നിയപ്പോൾ അമ്മാമ പറഞ്ഞു:
""കുറച്ചുദിവസം മുമ്പ് ഞാൻ നിന്റെ അപ്പാപ്പനെ കണ്ട കാര്യം നിനക്കറിയുമോ?''
""സ്വപ്നത്തിലോ?''
""അല്ല, നേരിട്ട്.''
""പക്ഷെ അമ്മാമേ, അപ്പാപ്പൻ മരിച്ചുപോയില്ലേ. പിന്നെയെങ്ങിനെയാണ് അപ്പാപ്പനെ നേരിട്ടുകാണുന്നത്?''
""ഞാനൊരു മുതലയുടെ രൂപത്തിലാണ് മൂപ്പരെ കണ്ടത്.'' ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചുപോയി. പക്ഷെ, അമ്മാമയുടെ മുഖത്തെ ഗൗരവഭാവം കണ്ടപ്പോൾ പെട്ടെന്നതു നിർത്തി.
""പക്ഷെ, അത് അപ്പാപ്പനാണെന്ന് എങ്ങനെ മനസ്സിലായി?''

""മൂപ്പരുടെ പ്രസിദ്ധമായ മുടന്തും പിന്നെ എനിയ്ക്ക് മാത്രമറിയാവുന്ന ചില വിശേഷണങ്ങളും വെച്ച് ഞാൻ ഉറപ്പുവരുത്തി. നമ്മൾ മരിക്കുകയല്ല മറിച്ച് നമ്മുടെ സ്വഭാവ വിശേഷണങ്ങളുള്ള മറ്റു ജീവികളായി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നതെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. രൂപം മാറുന്നതോടുകൂടി ഓർമ നഷ്ടപ്പെടും. അതുകൊണ്ടുതന്നെ രൂപാന്തരം പ്രാപിച്ച നിന്റെ അപ്പാപ്പൻ എന്നെ ഓർക്കുന്നുണ്ടാവില്ല.''
""അമ്മാമയ്ക്ക് ഈ ജീവിതകാലം തീർന്നാൽ എന്താവാനാണ് ആഗ്രഹം?''
""ഞാൻ എന്താണ് ആവാൻ പോകുന്നതെന്ന് എനിയ്ക്കറിയില്ല. പക്ഷെ, ഒരു പരുന്താവണം എന്നാണ് എന്റെ ആഗ്രഹം.''
അമ്മാമ മരിച്ചതുമുതൽ പരുന്തുകളുമായി എനിയ്ക്ക് നല്ല അടുപ്പമാണ്. വട്ടമിട്ടു പറക്കുന്ന പരുന്തിനെ കാണുമ്പോൾ അതിന് അമ്മാമയുടെ ഗുണഗണങ്ങൾ വല്ലതുമുണ്ടാകുമെന്ന് ഞാൻ വെറുതെ ആശിക്കും. പപ്പായയുടെ വലുപ്പമുള്ള അമ്മിഞ്ഞകളോ, ചുവന്ന കണ്ണുകളോ, വീർത്ത കൺപോളകളോ, ഉപ്പുരസമുള്ള അമ്മിഞ്ഞപ്പാലോ, അങ്ങനെയെന്തെങ്കിലും! ▮

(സ്റ്റെല്ലാ ഖൈത്താനോയുടെ അൽ-അവ്ദ (മടക്കം) എന്ന കഥാസമാഹാരത്തിൽ നിന്നുള്ളതാണ് ഈ കഥ).


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇബ്രാഹിം ബാദ്ഷാ വാഫി

ഹ്യൂസ്റ്റൺ സർവ്വകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥി. അറബിയിൽ നിന്നും ഇംഗ്ലീഷിൽ നിന്നും, മാൻ ബുക്കർ ഇൻറർനാഷണൽ ജേതാവ് ജോഖ അൽ-ഹാരിസിയുടെ രണ്ടു നോവലുകളകടക്കം ഏഴു പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

സ്​റ്റെല്ല ഖൈത്താനോ

തെക്കൻ സുഡാനിൽ നിന്നുള്ള അറബി എഴുത്തുകാരി. ആഭ്യന്തര യുദ്ധവും പട്ടാളഭരണവുമടക്കമുള്ള ദുരിതങ്ങൾക്ക് ദൃക്​സാക്ഷിയായ തെക്കൻ സുഡാനി ജനതയുടെ ജീവിതമാണ് കഥകളിലെ പ്രധാന പ്രമേയം. മൂന്ന് കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അർവാഹു എദ്ദോ (എദ്ദോയുടെ ആത്മാക്കൾ) എന്ന നോവൽ, വിവർത്തന വിഭാഗത്തിൽ ഇംഗ്ലീഷ് പെൻ പുരസ്കാരം നേടുന്ന ആദ്യ തെക്കൻ സുഡാനി നോവലാണ്​.

Comments