ഒന്ന്
കമ്പനിക്കെതിരെ സമരം ചെയ്യേണ്ടിവരുമെന്നൊന്നും തോട്ടത്തിലെ പെണ്ണുങ്ങൾ ഒരിക്കലും കരുതിയതല്ല. ആണുങ്ങൾ കൊടിയും പിടിച്ച് വരിവരിയായി നീങ്ങുന്നതും എന്തൊക്കെയോ കൂക്കി വിളിക്കുന്നതും തെരുവിൽ ഉശിരോടെ പ്രസംഗിക്കുന്നതും തോട്ടത്തിലെ പെണ്ണുങ്ങൾ കണ്ടിട്ടുണ്ടെങ്കിലും എന്നെങ്കിലും കൊടിയും പൊക്കിപ്പിടിച്ച് മുഷ്ടി ചുരുട്ടി സമരം ചെയ്യാനിറങ്ങേണ്ടിവരുമെന്ന് പെണ്ണുങ്ങൾ ഒരിക്കലും വിചാരിച്ചതല്ല. ഇല നുള്ളുന്ന പെണ്ണുങ്ങൾ വരിവരിയായി നീങ്ങുന്ന ആണുങ്ങളുടെ ജാഥകൾ നോക്കിനിന്നിട്ടുണ്ട്. പോലീസ് ജീപ്പ് ചീറിപ്പായുന്നത് കണ്ടിട്ടുണ്ട്. മുരുകൻ്റെ വീട്ടിൽ ടെലിവിഷൻ വന്നപ്പോൾ സമരം, ധർണ്ണ, രാഷ്ട്രീയം എന്നൊക്കെ അവര് കേട്ടിട്ടുണ്ട്. അതൊന്നും പെണ്ണുങ്ങൾക്ക് ഒരിക്കലും തിരിയാത്ത പെരിയ കാര്യങ്ങളാണ്.
മുരുകൻ കാരണമാണ് മലകേറി കറണ്ട് വന്നതെന്ന് നാട്ടുകാർ പറയുന്നു. ചിലര് എസ്റ്റേറ്റ് കമ്പിയിൽനിന്ന് മുരുകൻ കറണ്ട് മോഷ്ടിച്ചതാണെന്ന് രഹസ്യം പറയുന്നു. എന്തുതന്നെയായാലും എല്ലാ വൈകുന്നേരവും മുരുകന്റെ ജനാലയിലൂടെ നീലവെളിച്ചം ഒഴുകിപ്പടർന്ന് ചെളിനിറഞ്ഞ വഴികളെ തൊട്ടു. എല്ലാ വൈകുന്നേരവും ജനാലയിലൂടെ ഒഴുകുന്ന നീലവെളിച്ചം മുരുകൻ്റെ വീടിനുള്ളിലേക്ക് ആളുകളെ വിളിച്ചെത്തിച്ചു.
മലഞ്ചെരിവുകളിലേക്ക് പുറം വളച്ച്, മൗനത്തേക്കാൾ ഭാരമുള്ള കൊട്ടകൾ ചുമന്ന് പെണ്ണുങ്ങൾ ആദ്യം മുരുകന്റെ വീടെത്തി. ഇല നുള്ളിയ വിരലുകളിൽ കറയും കടച്ചിലും പേറി വൈകുന്നേരങ്ങളിൽ ടെലിവിഷൻ നോക്കി കുന്തിച്ചിരിക്കുമ്പോൾ പെണ്ണുങ്ങളുടെയെല്ലാം പുറം പരിചിതമായ രീതിയിൽ വേദനിച്ചു. പക്ഷേ ആ വേദന അവര് കൂട്ടാക്കിയില്ല. മിന്നിമറയുന്ന സ്‌ക്രീനിൽ വ്യത്യസ്തമായ ഒരു ലോകം ഉണ്ടായിരുന്നു. പെണ്ണുങ്ങളുടെ കണ്ണുകൾ തിളങ്ങി. മുരുകന്റെ സ്‌ക്രീനിൽ നഗരങ്ങൾ മിന്നി. പെണ്ണുങ്ങൾ ഉടൽ കുലുക്കി സ്‌ക്രീനിൽ ചുവടുകൾ വെച്ചു. ആണുങ്ങൾ സ്‌ക്രീനിൽ മധുരമായ ശബ്ദത്തിൽ പാട്ടുകൾ പാടി പെണ്ണുങ്ങൾക്ക് ചുറ്റും വട്ടം വരച്ചു.
എല്ലാ വൈകുന്നേരവും പെണ്ണുങ്ങൾ ഒത്തുകൂടി. തേയിലയുടെയും വെയിലിന്റെയും മണമുള്ള മുടിയുമായി വിയർപ്പിൽ നനഞ്ഞ സാരികൾ തറയിൽ കോലം വരച്ചു. ടിവി കാണുന്നതിനിടയിൽ സൂപ്പർവൈസർമാരെക്കുറിച്ചും, കൂലിയെക്കുറിച്ചും, എപ്പോഴും മദ്യപിക്കുന്ന ഭർത്താക്കന്മാരെക്കുറിച്ചും പതിഞ്ഞ സ്വരത്തിൽ അന്യോന്യം അവര് പരാതിപ്പെട്ടു.
“എൻ പുരുസൻ മറുപടിയും കുടിയ്ക്ക ആരംഭിച്ചിട്ടാങ്ക”
“ഇവങ്ക യെൻ നമ്മ സമ്പളത്തെ കൂട്ടിത്തരമാട്ടാങ്ക”
“സമ്പളം കൊഞ്ചമാവത് യേത്തിട്ടെങ്കെനാ നല്ലാ ഇരിക്കുലാ”
“കൈ എല്ലാം വലിക്കിത്…’’
പരാതികൾക്കും പരിഭവങ്ങൾക്കുമിടയിലും ടെലിവിഷൻ പെട്ടിയിൽ നിന്നും പുറത്തുചാടുന്ന നിറങ്ങളും ശബ്ദങ്ങളും പെണ്ണുങ്ങളെ അതിശയപ്പെടുത്തി.
“ഹീറോയിൻക്ക് എവളോ കഷ്ടം വന്താലും മേക്കപ്പ് മട്ടും അയിക്കമാട്ടാങ്ക”, പെണ്ണുങ്ങൾ കൂട്ടത്തോടെ ചിരിച്ചു.
ടി.വിക്കുള്ളിൽ പാർക്കുന്ന മനുഷ്യരിൽ ചിലർ പെണ്ണുങ്ങളുടെ ഉറക്കത്തിൽപോലും പ്രത്യക്ഷപ്പെട്ടു. പെണ്ണുങ്ങൾക്ക് നാണം തോന്നി. പാട്ടുപാടി പിന്നാലെ നടക്കുന്ന ആണുങ്ങളെ രാത്രിയുടെ ഇത്തിരിവെട്ടത്തിൽ കണ്ടെത്താൻ പെണ്ണുങ്ങൾ നിലാവാത്തിറങ്ങി നൃത്തം ചെയ്തു. വട്ടം കറങ്ങുമ്പോൾ പെണ്ണുങ്ങളുടെ പാവാട പയ്യെ മേലേക്ക് പൊന്തി. പായേന്ന് പിടഞ്ഞെണീക്കാൻ നോക്കിയപ്പോൾ ‘ശ്’ എന്ന് കാതിൽ പറഞ്ഞ് ചുണ്ടിൽ തഴമ്പിച്ച വിരൽ വീണു. പെണ്ണുങ്ങൾ പായയിൽ കുഞ്ഞുങ്ങളെയും അമ്മമാരെയും അമ്മായിമാരെയും മുത്തശ്ശിമാരെയും നാത്തൂന്മാരെയും കണ്ടു. നിലാവിൽ അവരെല്ലാം പാവാട പൊക്കി നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ പെണ്ണുങ്ങൾ അനങ്ങാതെ കിടന്നു.

രണ്ട്
മുരുകൻ എപ്പോഴും പെണ്ണുങ്ങളുടെ പിന്നിൽ ചമ്രം പടിഞ്ഞാണിരിക്കുക. തങ്കച്ചി പോയേപ്പിന്നെ മുരുകൻ്റെ ഒരെല്ല് എപ്പോഴും പഷ്നിയിലാണ്. ടെലിവിഷൻ സ്ക്രീനിൽ കണ്ണിമ വെട്ടാതെ നോക്കി വാ പൊളിച്ചിരിക്കുന്ന പെണ്ണുങ്ങളുടെ മൂടും മുലയും നോക്കി മുരുകൻ തുട ഉഴിയും. റിമോട്ട് നീട്ടി ചാനലുകൾ മാറ്റും. ഇടക്ക് ടി.വി അനങ്ങാതിരിക്കുമ്പോൾ കരുത്ത കൈ കൊണ്ട് തലയ്ക്ക് രണ്ടിടി കൊടുക്കും. അടി കിട്ടുമ്പോൾ ടി.വി തെളിയും. ചിലപ്പോൾ മുരുകന്റെ കൈയും കാലും നീണ്ടു നീണ്ടുവരും. മുരുകൻ്റെ വലത്തെ കയ്യിൽ ടിവിയുടെ റിമോർട്ടും ഇടത്തെ കൈകളിൽ പെണ്ണുങ്ങളുടെ മുലകളും മാറിമാറി അകപ്പെടും. അമ്മിഞ്ഞ കശക്കിയ കൈ തട്ടിമാറ്റി പെണ്ണുങ്ങൾ മുരുകന്റെ ടെലിവിഷനോട് വിടപറയും. ആരും ഒന്നും മിണ്ടില്ല. അങ്ങനെ മിണ്ടാനുള്ള ഞരമ്പൊന്നും പെണ്ണുങ്ങൾക്കുണ്ടായിരുന്നില്ല.
മുറി ചെറുതായിരുന്നു. പുറത്തെ ലോകം അതിലും ചെറുതായിരുന്നു. അതുകൊണ്ട് പയ്യെ പയ്യെ പെണ്ണുങ്ങൾ ടിവി കാണാനെത്തുന്നത് നിർത്തി.
പകൽ ഇല നുള്ളുമ്പോൾ വൈകീട്ട് ടി.വിയുടെ മുന്നിൽ നിന്നും അപ്രത്യക്ഷപ്പെട്ട മുഖങ്ങളോട് മറ്റു മുഖങ്ങൾ കാര്യം തിരക്കും. പിടി കിട്ടിയ പെണ്ണുങ്ങൾ എന്തെങ്കിലും പൊള്ള് പറയും.
“വീട്ടിൽ എവളോ വേലൈ ഇറുക്ക് തെരിയുമാ ഉനക്ക്”
“കുളന്തൈക്ക് ഉടമ്പ് സെരിയ്‌ല, നേത് രാത്രി തൂങ്കവേ ഇല്ല”
‘‘നെറയെ വേലെ ഇരിന്തിച്ച്”
“എൻ പുരുസൻ ഇനിമേ അങ്കെ പോകവേനാ നു സൊന്നങ്കാ”
പൊള്ള് പറയുമ്പോൾ ഇല നുള്ളുന്ന പെണ്ണുങ്ങളുടെ നെഞ്ച് കലങ്ങും. അമ്മിഞ്ഞയിൽ ആരോ പിടിച്ചുഞെരിക്കുന്ന പോലെ തോന്നും അവർക്ക്.
“എന്നാച്ച്”
“ഏയ്, സീരിയൽല് എന്ത് നടന്ത്”
“അയ്യോ, പെരിയ സണ്ടൈ നടന്ത്ച്ച്, ഹീറോയിൻ വീടെ വിട്ട് പോയിട്ടാ’’
“അയ്യോ, ഏൻ പോയിട്ടാ”
“അവൾക്ക് മേലെ പോയി പഴി പോട്ട്ട്ടാ, അതാ കോപത്തിലാ പോയിട്ടാ”
“റൊമ്പ കഷ്ടോലാ”
“അപ്പുറൊ അന്ത ഹീറോയിനൊടെ തങ്കച്ചിതാ എല്ലാ പ്രച്ചനെയും പണ്ണിട്ടാനു തെരിഞ്ചിടിച്ച്”
“നാൻ മുതലിൽ ഇരുന്തേ അവള നമ്പലാ. മൂഞ്ചി പാത്താലെ തെരിയത്”
“ സീരിയൽലെ വില്ലനെ കണ്ടുപുടിച്ച ഒനക്ക് പോലീസ് വേലയെ കൊടുത്തിടലാം”
“പോലീസ് വേലെയെല്ലാം വേണ്ടാം, സമ്പളം മട്ടും ഏത്തി കുടുത്താ പോതും”

പെണ്ണുങ്ങളുടെ കൈകൾ കൊളുന്തുകൾക്ക് കുറുകെ അപ്പോഴും ഓടിക്കൊണ്ടിരുന്നു. എല്ലാ വിരലുകൾക്കും ഒരേ താളം. കുന്നുകളിൽ തുന്നിച്ചേർത്ത നിഴലുകൾപോലെ പെണ്ണുങ്ങൾ തേയിലതോട്ടങ്ങളിലൂടെ നീങ്ങി. വെയിലും മണ്ണും കൊണ്ട് ഇരുണ്ടുപോയ അവരുടെ വിരലുകൾ വേഗതയിൽ കൊളുന്തുകൾ നുള്ളി. മുതുകിലെ കൊട്ടകൾ അവരുടെ ഉടലിൽ കൂനുണ്ടാക്കി. ഉടൽ വളച്ചുവളച്ച് മണ്ണിലേക്ക് ചായുന്ന മരങ്ങൾ പോലെ പെണ്ണുങ്ങൾ കുന്നിറങ്ങി.
മൂന്ന്
മുറി ശൂന്യമായി കിടന്നു. പക്ഷേ മുരുകന്റെ ടി.വി ശൂന്യത ഇഷ്ടപ്പെട്ടില്ല. ടെലിവിഷൻ കൂടുതൽ ഉച്ചത്തിൽ പൊട്ടിച്ചിതറി. നിറങ്ങൾ ചോരയൊലിപ്പിച്ചു. പുതിയ കണ്ണുകള്‍ക്ക് വേണ്ടി ടി.വി ചുറ്റും പരതി. അമ്മമാരെ ഉപേക്ഷിച്ച് കുഞ്ഞുമക്കൾ ടി.വി കാണാൻ ഓടിക്കൂടി. വഴിയിലേക്ക് ഒഴുകിവന്ന അതേ നീലവെളിച്ചമാണ് അവരെയും ആകർഷിച്ചത്. കാൽമുട്ടിൽ മുറിവുകളും മുറിപ്പാടുകളുമായി വന്നെത്തിയ കറുത്ത കുട്ടികൾ കണ്ണുകൾ വിടർത്തി ടി.വിയിലേക്ക് നോക്കി. ദൂരെനിന്ന് ചില പെണ്ണുങ്ങൾ ടി.വിയിൽ നിന്നും പുറത്തുചാടുന്ന ശബ്ദങ്ങൾ കേൾക്കാൻ ചെവി വട്ടം പിടിച്ചു. സ്‌കൂൾ വിട്ട ഉടനെ കുട്ടികൾ ചെറിയ ടെലിവിഷന് മുന്നിൽ ഒത്തുകൂടി. ചില കുട്ടികൾ ചാണകം മെഴുകിയ തറയിൽ ചമ്രംപടിഞ്ഞിരുന്നു. മറ്റുകുട്ടികൾ ചുമരുകളിൽ ചാരി നിന്നു. സ്‌ക്രീനിന് നേരെ മുന്നിലുള്ള ഏറ്റവും നല്ല സ്ഥാനം കയ്യടക്കാൻ മത്സരങ്ങളുണ്ടായി. കുട്ടികളുടെ മുടിക്ക് വൈകുന്നേരത്തെ കുളിയുടെ ഗന്ധമുണ്ടായിരുന്നു.
“ഡേയ്, കൊഞ്ചം തള്ളി ഉക്കാറ്! എനക്കു ടിവി സെരിയാ തെരിയെലെ”
“ആമാണ്ടാ, നാൻ മുതൽലെ വന്തേൻ. നീ കൊഞ്ചം പിന്നാടി ഉക്കാറ്”
“ശ്ശ്... ശ്ശ്...കാർട്ടൂൺ ആരംബിച്ചിട്ച്ച്”
ഒരു കൊച്ചു പെൺകുട്ടി സ്ക്രീനിലേക്ക് ചൂണ്ടി.
“നാ പെരിയ ആളായത്ക്കപ്പറം ഇന്ത മാതിരി ഡ്രസ്സെല്ലാം വാങ്ങുവെ”
“അപ്പോ എനക്കും വാങ്കി കൊടുക്കുറിയാ”
“ഉനക്ക് മട്ടും കാസ് എങ്കെ ഇരുന്ത് വറും?”
“ഒരു വേള ലോട്ടറി അടിച്ചാ വന്തിടും”
കുട്ടികൾ ചിരിച്ചു.
പെണ്ണുങ്ങളെ ഇഷ്ടപ്പെടുന്നതുപോലെ മുരുകന് പക്ഷേ കുട്ടികളെ ഇഷ്ടപ്പെട്ടില്ല. തനിക്ക് തോന്നുമ്പോൾ മാത്രം മുരുകൻ അവർക്കായി ടിവി ഓണാക്കിവെച്ചു. മുരുകൻ കുഞ്ഞുങ്ങളെ ഇടക്ക് പേടിപ്പിച്ചു.
“ഉന്നൊടെ അമ്മ എങ്കെ പോയിട്ടാ”
മുരുകൻ തുട ഉഴിഞ്ഞ് കുഞ്ഞുങ്ങളുടെ തലയിൽ മേടി.
“ഡേയ്, ടിവി പാക്കണോംന്നാ സത്തം പോടാതെ”
“എവളോ സൊന്നാലും കേക്ക മാട്ടെ, നാ ടിവി ഓഫ് പണ്ണിടുവേ”
അയാൾ കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തി. ഇടക്ക് യാതൊരു കാരണവുമില്ലാതെ അയാൾ ടി.വി ഓഫ് ചെയ്തു. കുട്ടികൾ അന്യോന്യം കണ്ണിൽനോക്കും. കഥയുടെ ബാക്കി അവർക്ക് അറിയണമായിരുന്നു. കുട്ടികൾ വീട്ടിലേക്ക് നടക്കുമ്പോൾ കഥകൾ ഊഹിക്കും. സ്‌ക്രീൻ കറുത്തുപോയതുകൊണ്ട് മാത്രം കഥകൾ തീരാൻ തയ്യാറായില്ല. രാത്രിയിൽ കുട്ടികൾ ടെലിവിഷൻ സ്വപ്നങ്ങളിലേക്ക് കൊണ്ടുപോയി. കുട്ടികളുടെ കൂടെ ടിവിയിലെ കഥകൾ ലയങ്ങളിലെ ഉറക്കങ്ങളിലെത്തി, കുട്ടികളുടെ സ്വപ്നങ്ങളിലെത്തി.
തേയിലക്കുന്നുകൾക്കപ്പുറം മറഞ്ഞിരിക്കുന്ന ഒരു കാടിനെക്കുറിച്ച് കുട്ടികൾ സ്വപ്നം കണ്ടു. രാത്രിയിൽ ആകാശത്തിലെ മേഘങ്ങളിൽ കുട്ടികൾ കൊട്ടാരങ്ങൾ കണ്ടു. സ്വപ്നത്തിൽ കുട്ടികളും കൂട്ടുകാരും നിധി വേട്ടക്കാരായിരുന്നു. അവർ മൂടൽമഞ്ഞിൽ നിന്ന് നിർമ്മിച്ച നദികൾ മുറിച്ചുകടന്നു. മാനം മുട്ടും മലകൾ കയറി. വരിവരിയായി കിടക്കുന്ന വീടുകളിലെ വിളക്കുകൾ പോലെ തിളങ്ങുന്ന കണ്ണുകളുള്ള ഒരു മൃഗത്തെ കുട്ടികൾ വിടാതെപിന്തുടർന്നു. വെളുത്ത ഒരു കുതിരയുടെ മേൽ ദൂരെയുള്ള നിധി തേടി സവാരി പോകാൻ കുട്ടികൾ ഒരുങ്ങി. ഇരുണ്ട ഗുഹയിൽ പാർക്കുന്ന രാക്ഷസനാണ് നിധിയുടെ കാവൽ. രാക്ഷസന്റെ കണ്ണുവെട്ടിച്ച് നിധി കൈക്കലാക്കണം. കല്ലുരതി തീയുണ്ടാക്കി കുട്ടികൾ ഗുഹയിലേക്ക് കേറി. കൈയിലെ വെളിച്ചം ഗുഹയിൽ നിഴലുകളുണ്ടാക്കി. ആയിരം തലകളുള്ള രാക്ഷസന്റെ രൂപം കണ്ട് കുട്ടികൾ കിടക്കയിൽ മുള്ളി.
ചില വിചിത്രമായ ശബ്ദങ്ങൾ കുട്ടികളെ സ്വപ്നത്തിൽ നിന്നും വലിച്ചുപുറത്തെടുത്തു. കണ്ണുകൾ പയ്യെ തുറന്നപ്പോൾ കുട്ടികൾ നിഴലിൽ നൃത്തം ചെയ്യുന്ന രൂപങ്ങൾ കണ്ടു. കുട്ടികൾ ചെറിയ ശബ്ദങ്ങൾ കേട്ടു. കണ്ണുകൾ പൊത്തി കുട്ടികൾ ഉറങ്ങാൻ ശ്രമിച്ചു. മുറി നിറയെ ഇരുട്ടായിരുന്നു. ചെറിയ ദ്വാരങ്ങളിലൂടെ ചന്ദ്രപ്രകാശം മുറിയിൽ പ്രവേശിച്ച് തറയിൽ വിരിച്ചിരിക്കുന്ന ഉറങ്ങുന്ന ശരീരങ്ങളിൽ വീണു. പുതപ്പുകൾ ശ്വാസോച്ഛ്വാസങ്ങളോടെ ഉയർന്നുപൊങ്ങി.
പാതിമയക്കത്തിൽ, ആ മൃഗം തങ്ങളെ വീട്ടിലേക്ക് പിന്തുടരുകയാണെന്ന് കുട്ടികൾ കരുതി. കുട്ടികളെ തൊട്ടുരുമ്മി രണ്ട് നിഴലുകൾ നീങ്ങി. നിലത്തിട്ട പുൽപ്പായ ഞരങ്ങി. ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകൾ കുട്ടികൾ കണ്ടു. കുട്ടികൾക്ക് വാക്കുകൾ ഒന്നും മനസ്സിലായില്ല. നിഴലുകൾ ശ്വാസം വലിക്കാൻ പാടുപെടുന്നതായി മാത്രം തോന്നി അവർക്ക്. ഇരുട്ടിൽ കുട്ടികൾ രാക്ഷസന്മാരെ കണ്ടു. സ്വപ്നത്തിന്റെ ഒരു ഭാഗം രാത്രിയിലേക്ക് രക്ഷപ്പെട്ടതുപോലെ മുറി വിചിത്രമായി തോന്നി. ഇടക്കെപ്പോഴോ കുട്ടികൾ വീണ്ടും മയങ്ങിപ്പോയി. മൃഗം വീണ്ടും കാട്ടിലേക്ക് അപ്രത്യക്ഷമായി. നിധി മറഞ്ഞിരുന്നു. വീട് നിശ്ശബ്ദതയിൽ മുഴുകി.
മുതിർന്നവരുടെ രഹസ്യങ്ങളും കുട്ടികളുടെ സ്വപ്നങ്ങളും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ രാത്രി തീർത്തു. രാവിലെ ഉണരുമ്പോൾ കുട്ടികൾ വെളുത്ത കുതിരയെയും ആയിരം തലയുള്ള രാക്ഷനെയും മറന്നിട്ടുണ്ടാകും. വള്ളി ട്രൗസറിൽ പടർന്ന നനവ് മാത്രം കുട്ടികളെ വല്ലാതെ അസ്വസ്ഥരാക്കും.
നാല്
ദേവികുളം ടൗണിൽ പെണ്ണുങ്ങൾ പെരുകി. വളഞ്ഞുപുളഞ്ഞ റോഡുകളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് പെണ്ണുങ്ങളെ മഞ്ഞുപൊതിഞ്ഞു. പച്ചക്കുന്നുകൾ അവരുടെ പിന്നിൽ അനന്തമായി നീണ്ടുകിടന്നു. പത്രക്കാരും പാർട്ടിക്കാരും നാട്ടുകാരും കൂട്ടംകൂടി. പെണ്ണുങ്ങൾ ഉറക്കെ മുദ്രാവാക്യം വിളിച്ചു. പോലീസ് ജീപ്പ് നിലവിളിച്ച് വന്നും പോയുമിരുന്നു. പെണ്ണുങ്ങൾ വളരെ നേരത്തെ തന്നെ ടൗൺ കൈയ്യേറിയിരുന്നു.

പുലരുന്നതിനു മുമ്പ് എല്ലാ ലയങ്ങളിൽ നിന്നും പെണ്ണുങ്ങൾ എത്തി. ചിലർ കുട്ടികളെയും ഒക്കത്തുവെച്ചാണ് വന്നത്. ചിലർ മണിക്കൂറുകളോളം ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്നും വന്നെത്തി. പെണ്ണുങ്ങളുടെ തുണികളിൽ അപ്പോഴും തേയിലയുടെയും വിയർപ്പിന്റെയും മഴയുടെയും ഗന്ധമുണ്ടായിരുന്നു. റോഡരികിൽ ഭീമാകാരമായ പ്രാണികളെപ്പോലെ ടെലിവിഷൻ വാനുകൾ വരിനിന്നു. റിപ്പോർട്ടർമാർ മൈക്രോഫോണുകൾ ക്രമീകരിച്ചു. ക്യാമറാമാൻമാർ മതിലുകളിലും വാഹനങ്ങളിലും കയറി അനുയോജ്യമായ ഫ്രെയിം അന്വേഷിച്ചു. എന്തും സംഭവിക്കാമെന്ന മട്ടിലാണ് അവരവിടെ തമ്പടിച്ചത്. റോഡിന്റെ എതിർവശത്ത് പോലീസ് ഉദ്യോഗസ്ഥരുടെ നിരകൾ ഉണ്ടായിരുന്നു. അവരുടെ കാക്കി യൂണിഫോം വരിവരിയായി പെണ്ണുങ്ങൾക്ക് ചുറ്റും മതിൽ പണിതു. ലാത്തികൾ അവരുടെ തോളിൽ കിടന്നാടി.
“കൂലി യേത്ത്ങ്കെ”
“ബോണസ് വേണും”
“പെങ്കള്ക്കു മരിയാതൈ വേണും”
പെണ്ണുങ്ങൾ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ടൗണിലേക്കുള്ള റോഡ് പതുക്കെ പെണ്ണുങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. വർഷങ്ങളുടെ എസ്റ്റേറ്റ് ജോലിയാൽ മങ്ങിയ സാരികൾ പതാകകൾ പോലെ കാറ്റിൽ പറന്നു.
പെണ്ണുങ്ങൾ ഉച്ചത്തിൽ പ്രസംഗിക്കാനാരംഭിച്ചു.
“എങ്കെ കൈയെ പാറ്ങ്കെ. ഇവളോ നാളാ ഇന്ത കൈയാലെതാൻ തേയില പറിച്ചിട്ടിറ്ക്കെ”
പെണ്ണുങ്ങൾ കൈപ്പത്തികൾ ഉയർത്തി.
“ടീ പാക്കറ്റ് ലാ പ്രോഫിറ്റ് പാക്കറ കമ്പനിക്കു പണം ഇരിക്കു. ആനാ ഒരു പെണ്ണോടാ സമ്പളം യേത്തി കുടുക്കറ്ത്ക്ക് പണം ഇല്ലയോ?”
“ഇവിടെ ആയിരക്കണക്കിന് സ്ത്രീതൊഴിലാളികൾ ഉയർന്ന വേതനം ആവശ്യപ്പെട്ട് റോഡുകൾ പിടിച്ചടക്കിയിരിക്കുകയാണ്...” - റിപ്പോർട്ടർമാർ വാചാലരായി.
“വീട് വേണ്ടും”
“സമ്പളം വേണ്ടും”
“ഉരിമൈ വേണ്ടും”
പെണ്ണുങ്ങൾ ഉറക്കെ അലറി. മേഘങ്ങൾ പെണ്ണുങ്ങളുടെ ഒച്ചയിൽ മല ഇറങ്ങി.
“ഇന്ത പോറാട്ടം സമ്പളത്ത്ക്കാഹ മട്ടും ഇല്ലൈ”
“നാങ്കളും മനുഷ്യങ്കറ്ത് പുരിയ വെക്കറ്തക്കാഹ കൂടിയ പോറാട്ടം”-
ജനക്കൂട്ടം പൊട്ടിത്തെറിച്ചു.
അഞ്ച്
മുരുകൻ്റെ ടെലിവിഷൻ സ്‌ക്രീനിനുള്ളിൽ നിറമുള്ള മനുഷ്യരുടെ മറ്റൊരു ലോകമുണ്ടെന്ന് പെണ്ണുങ്ങളെപ്പോലെ കുഞ്ഞുങ്ങളും വിശ്വസിച്ചു. കാർട്ടൂണുകളും സാഹസിക സിനിമകളും കണ്ടാണ് തലേരാത്രി വരെ കുട്ടികൾ ചെലവഴിച്ചത്. സ്ക്രീനിലെ ഗുഹകൾക്കുള്ളിൽ രാജാക്കന്മാർ തടവിലാക്കപ്പെട്ടു. ഗ്രാമവാസികൾ പിശാചുക്കളുടെ കെണിയിലായി. നിധി തേടിപോയവർക്ക് എപ്പോഴും വഴി തെറ്റി.

കുട്ടികൾ ടെലിവിഷനിൽ ടൗണിലെ പ്രതിഷേധം കണ്ടു. ഗ്രാമത്തിലെ എല്ലാ പെണ്ണുങ്ങളും ടെലിവിഷനുള്ളിൽ അകപ്പെട്ടത് കുട്ടികൾ കണ്ടു.
“എന്നാടാ എല്ലാരും ടിവിക്കുള്ള പോയിട്ടാങ്കളാ?”
തിളങ്ങുന്ന പെട്ടിക്കുള്ളിൽ മുദ്രാവാക്യം വിളിക്കുന്ന അമ്മമാരെയും മൂത്തമ്മമാരെയും മേമ്മമാരെയും കുട്ടികൾ കണ്ടു. പോലീസ് അവരെ വളഞ്ഞിരിക്കുന്നു.
“പാറ്ടാ, അവങ്കളുക്കു വെളിയെ വര മുടിയെലെ”
കുട്ടികൾ അമ്പരന്നു. അവരുടെ വീട്ടിലെ അമ്മമാരും മൂത്തമാരും മേമ്മമാരും തന്നെയാണ് ടെലിവിഷനുള്ളിൽ കേറി കുട്ടികൾക്ക് തിരിയാത്ത കാര്യങ്ങൾ പറയുന്നതെന്ന് അവർക്കാദ്യം വിശ്വസിക്കാനായില്ല.
ഒരു ക്യാമറാമാൻ പെണ്ണുങ്ങളുടെ നേരെ ക്യാമറ സൂം ചെയ്തു. നൂറുകണക്കിന് പെണ്ണുങ്ങൾ ഇപ്പോൾ ഗ്ലാസ് സ്ക്രീനിനുപിന്നിൽ കുടുങ്ങിയതായി തോന്നി.
കുട്ടികൾ പേടിച്ചു.
“യാരാവത് അവങ്കളെ കാപ്പാത്ത്ങ്കോ”
അകത്ത്, മുദ്രാവാക്യങ്ങൾ ഉച്ചത്തിലുയർന്നു.
“നീതി വേണ്ടും”
“ഉരിമൈ വേണ്ടും”
“ടിവി ഒടച്ചാ താൻ അവങ്കളാലെ വെളിയ വരമുടിയും”.
കുട്ടികൾ കല്ലെടുത്തു. മറ്റുള്ളവർ സ്‌ക്രീനിലേക്ക് നോക്കി. പെണ്ണുങ്ങൾ നിലവിളിച്ചുകൊണ്ടിരുന്നു. ഇരുണ്ട ആകാശത്തെ പിളർത്തുന്ന മിന്നൽ പോലെ സ്‌ക്രീനിൽ മൂർച്ചയുള്ള വിള്ളൽ വീണു. പോലീസ് ബാരിക്കേഡുകൾ ആദ്യം തകർന്നു. പിന്നീട് പെണ്ണുങ്ങളുടെ മുഖങ്ങൾ തകർന്നു. ആരും അനങ്ങിയില്ല. കുട്ടികൾ തകർന്ന സ്‌ക്രീനിലേക്ക് നോക്കി. ദൂരെ നിന്ന് കാറ്റിന്റെ കൂടെ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന പെണ്ണുങ്ങളുടെ ശബ്ദം കുട്ടികളെ തൊട്ടു. ഒടുവിൽ പെണ്ണുങ്ങൾ ടെലിവിഷനിൽ നിന്നും രക്ഷപ്പെട്ടെന്ന് കുട്ടികൾ വിശ്വസിച്ചു.
തേയിലത്തോട്ടങ്ങൾക്കപ്പുറം, റോഡുകൾക്കും പോലീസ് ബാരിക്കേഡുകൾക്കും അപ്പുറം, ആയിരക്കണക്കിന് പെണ്ണുങ്ങൾ അവരുടെ പോരാട്ടം അപ്പോഴും തുടർന്നു. മുണ്ടും മുറുക്കിക്കെട്ടി മുരുകൻ മുറ്റത്തേക്ക് പാഞ്ഞെത്തിയപ്പോഴേക്കും കുഞ്ഞുങ്ങൾ നാലുപാടും ചിതറി ഓടിയിരുന്നു. ടിവി തകര്‍ന്നിരിക്കുന്നു. സ്‌ക്രീനിൽ നിന്നും പൊട്ടിയൊലിച്ച ചുവപ്പ് നിറം അകായിൽ നിന്നും ആകാശത്തേക്ക് പടർന്നു. മുരുകന്റെ വീട്ടുമുറ്റത്ത് സ്‌ക്രീനിൽ നിന്നും പുറത്തുചാടിയ പെണ്ണുങ്ങൾ പെരുകിക്കൊണ്ടിരുന്നു.
