ചിത്രീകരണം : ദേവപ്രകാശ്

അർത്ഥശങ്ക

ജ്ഞാനപ്പഴം

ശ്രീകണ്ഠൻ മുതലാളിക്ക് രണ്ട് മക്കളാണ്: ശ്രീഗണേഷും ശ്രീകുമാറും. ചെറുപ്പത്തിൽത്തന്നെ മുതലാളി അവരോട് പറഞ്ഞു: ‘‘ഞാൻ ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ് ഇക്കാണുന്ന മാമ്പഴം എന്റർപ്രൈസസ്. എന്റെ കാലം കഴിഞ്ഞ് ഇത് രണ്ടാകാൻ ഞാൻ അനുവദിക്കില്ല. നിങ്ങൾ വലുതായി, പരസ്പരം മത്സരിച്ച് പഠിപ്പും വിവരവും നേടണം. കൂടുതൽ മിടുക്കനാകുന്നത് ആരാണോ, കമ്പനി അയാൾക്കുള്ളതായിരിക്കും. മറ്റേയാൾ ജീവിക്കാൻ വേറെന്തെങ്കിലും മാർഗം കണ്ടെത്തണം.''

കുമാർ അച്ഛന്റെ വാക്കുകൾ എന്നും ഓർമ്മയിൽ സൂക്ഷിച്ചു. സ്‌കൂളിൽ പഠിപ്പിക്കുന്ന കണക്കും ഭാഷയും സയൻസുമെല്ലാം ഭാവിയിൽ കമ്പനിയുടെ നടത്തിപ്പിലേക്ക് എങ്ങനെ പ്രയോഗിക്കാം എന്ന് ആലോചിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന കാലത്തുതന്നെ മാനേജ്‌മെന്റ് വിഷയത്തിലുള്ള അന്താരാഷ്ട്രപ്രസിദ്ധീകരണങ്ങളാണ് അവൻ വായിച്ചിരുന്നത്. ഒരു തടിയൻ ഇംഗ്ലീഷ് പുസ്തകം കൈയിലില്ലാതെ അവനെ കാണാൻ കഴിയില്ല. റാങ്കും സ്‌കോളർഷിപ്പും നേടി മത്സരപ്പരീക്ഷകളിൽ വിജയിച്ച് മുന്നേറി അവൻ.

ഗണേഷ് പഠിപ്പിൽ മോശമായിരുന്നു. പോക്കറ്റ് മണിയുടെ ആകർഷണംകൊണ്ട് കൂടെക്കൂടുന്ന കുറേ ഭൂതങ്ങളുടെ നടുവിലാണ് എപ്പോഴും അവനെ കാണുക. പ്ലസ്റ്റ് ടു തോൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ജയിക്കേണ്ടിവന്നു. കോളേജിൽ ചേർന്നെങ്കിലും ക്ലാസിലൊന്നും പോകാതെ അച്ഛന്റെ കമ്പനിയിൽ ചുറ്റിപ്പറ്റി നിന്നു. അച്ഛന്റെ ഡ്രൈവറും ദൂതനും വേണ്ടിവന്നപ്പോൾ അംഗരക്ഷനും ആയി.

കുമാർ മാനേജ്‌മെൻറിൽ ബിരുദം നേടിയത് ഓസ്‌ട്രേലിയയിൽനിന്നാണ്. തുടർന്ന്, ഇംഗ്ലണ്ടിൽനിന്ന് നിന്ന് ബിരുദാനന്തരബിരുദവും അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റും നേടി. അധ്യാപകരുടെ കണ്ണിലുണ്ണിയായി, പേപ്പറുകൾ പ്രസിദ്ധീകരിച്ചു, ജെർമനിയിലും കൊറിയയിലും നടന്ന കോൺഫറൻസുകളിൽ സംസാരിച്ചു. ഫൊർച്യൂൺ ഫൈവ് ഹണ്ട്രഡ് കമ്പനികളിൽ പ്രവൃത്തിപരിചയം നേടി. മുപ്പതാം വയസ്സിൽ അച്ഛന്റെ മുമ്പിലെത്തി തന്റെ പഠിപ്പ് പൂർത്തിയായിരിക്കുന്നു എന്ന വിവരം അറിയിച്ചു.

‘‘നീ എന്ത് പഠിച്ചു?'' ശ്രീകണ്ഠൻ മുതലാളി ചോദിച്ചു.
‘‘ഈ കമ്പനി നടത്താൻ ആവശ്യമായ എന്തെങ്കിലും അറിവ് നിനക്കുണ്ടോ? ഒരു കാര്യം സാധിക്കാൻ ആരെ കാണണം എന്നോ എങ്ങനെ കാണണമെന്നോ നീ പഠിച്ചോ? കേസ് ഒഴിവാക്കാൻ പൊലീസിന്റെ റെയ്‌റ്റോ ശിക്ഷ ഒഴിവാക്കാൻ ജഡ്ജിയുടെ റെയ്‌റ്റോ സമരം ഒഴിവാക്കാൻ യൂണിയന്റെ റെയ്‌റ്റോ വാർത്ത ഒഴിവാക്കാൻ പത്രത്തിന്റെ റെയ്‌റ്റോ എത്രയാണെന്ന് നിനക്ക് അറിയാമോ? ബ്ലാക്ക് മണിയും വൈറ്റ് മണിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നോ മണി ട്രാപ്പും ഹണി ട്രാപ്പും എപ്പോൾ ഉപയോഗിക്കണം എന്നോ നിന്റെ പ്രൊഫസർമാർ പഠിപ്പിച്ചോ? നോക്ക്, മാമ്പഴം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഞാൻ നിന്റെ അണ്ണന്റെ പേരിൽ എഴുതിക്കൊടുത്തുകഴിഞ്ഞു. ഒരു കോടിയിൽ വിയർത്തോടിയിരുന്ന നമ്മുടെ കമ്പനി ഇന്ന് ശതകോടികളിൽ തത്തിക്കളിക്കുന്നത് അവന്റെ കഴിവുകൊണ്ടാണ്.''

‘‘സങ്കടപ്പെടണ്ട.'' എന്ത് പറയണമെന്നറിയാതെ ശ്രീകുമാർ പകച്ചിരിക്കുമ്പോൾ അച്ഛൻ പറഞ്ഞു: ‘‘എന്റെ ജ്ഞാനപ്പഴം എന്നും നീ തന്നെ ആയിരിക്കും.''

അപ്പം കൊണ്ട് മാത്രം

യ്യപ്പൻ എന്ന് പേരായ കുട്ടിക്ക് നെയ്യപ്പം വളരെ ഇഷ്ടമായിരുന്നു. അവന്റെ അമ്മയ്ക്ക് നാട്ടിൽ ആരെക്കാളും നന്നായി അപ്പം ചുടാനുള്ള അറിവ് ഉണ്ടായിരുന്നെങ്കിലും അത് നടപ്പിലാക്കുന്നതിനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. പാവപ്പെട്ടവരുടെ നെയ്യപ്പം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉണ്ടമ്പൊരി ഉണ്ടാക്കിക്കൊടുത്ത് അയ്യപ്പന്റെ ആഗ്രഹത്തിന് താൽക്കാലികമായ ശമനം വരുത്തുമ്പോഴും ആ അമ്മ നെയ്യപ്പം ഉണ്ടാക്കാൻ ആവശ്യമായ സാമഗ്രികൾ സ്വരുക്കൂട്ടുന്നുണ്ടാക്കുന്നുണ്ടായിരുന്നു. വിടുപണി ചെയ്തുകിട്ടുന്ന തുച്ഛമായ പണത്തിൽനിന്ന് അരിഷ്ടിച്ചുവെച്ച് വളരെക്കാലംകൊണ്ട് അവർ നെയ്യും അരിയും ശർക്കരയും തേങ്ങയും വാങ്ങി. അല്ലൽ ഉള്ളവർക്കുമാത്രം അറിയുന്ന കാടുകളിൽ കയറി ചുള്ളിയൊടിച്ച് കൊണ്ടുവന്നു. വാണിയന്മാരുടെ വീട്ടിൽനിന്ന് അപ്പക്കാര കടംവാങ്ങിക്കൊണ്ടുവന്നു. കാരയ്ക്ക് കുഴി അഞ്ച് ഉണ്ടായിരുന്നെങ്കിലും അതിൽ ഒന്നിൽ ഒഴിക്കാനേ നെയ്യും മാവും തികഞ്ഞുള്ളൂ. അടുപ്പത്ത് കിടന്ന് മൊരിയുന്ന നെയ്യപ്പത്തിന്റെ മാദകമായ ഗന്ധം ആസ്വദിച്ച് അയ്യപ്പൻ അടുത്തുതന്നെ കുത്തിയിരുന്നു.

തെല്ല് അകലെ മരക്കൊമ്പത്ത്, തന്റെ കാകദൃഷ്ടി നെയ്യപ്പത്തിൽ ഉറപ്പിച്ച്, മറ്റൊരാൾകൂടി കാത്തിരിക്കുന്നുണ്ടായിരുന്നു: സത്യവാൻ എന്ന് പേരായ കാക്ക. സുഭിക്ഷത ഉള്ള നാടുതോറും ദേശാടനം നടത്തി, സദ്യ ഉള്ളിടത്തുനിന്ന് എച്ചിലും മരണം ഉള്ളിടത്തുനിന്ന് ബലിച്ചോറും തിന്ന് കൊഴുത്ത സത്യവാന് ഒന്നുമില്ലാത്ത കുടിലിൽ നെയ്യപ്പം ചുടുന്ന കാഴ്ച ഒട്ടും രസിച്ചില്ല. അയ്യപ്പന്റെ പൊരിവയറിലല്ല, തന്റെ നിറവയറിലാണ് ആ പലഹാരത്തിന് യോജിച്ച സ്ഥാനമെന്ന് അദ്ദേഹം തീരുമാനിച്ചു.
ഇലക്കീറിൽ ചൂടാറാത്ത നെയ്യപ്പവുമായി കുടിലിന്റെ തിണ്ണയിലേക്ക് വന്ന അയ്യപ്പനെ സമീപിച്ചു സത്യവാൻ.

‘‘കുഞ്ഞേ,'' കാക്ക വിളിച്ചു. ‘‘എന്റെ കൂട്ടിനകത്തും ഒരു കുഞ്ഞുണ്ട്. തീറ്റകിട്ടിയില്ലെങ്കിൽ അത് കിടന്ന് കരയും. നിന്റെ കൈയിലെ നെയ്യപ്പം എനിക്ക് തരാമോ?''

‘‘ഇല്ല, ഈ നെയ്യപ്പം ഞാൻ തരില്ല,'' അയ്യപ്പൻ പറഞ്ഞു. ‘‘നിനക്ക് നിന്റെ കുഞ്ഞ് പൊൻകുഞ്ഞ് ആയിരിക്കാം. എന്നാൽ, എനിക്ക് അങ്ങനെയല്ല. ഞാൻ കരയുന്നതിനെക്കാൾ നല്ലത് നിന്റെ കുഞ്ഞ് കരയുന്നതാണ്.''

കണ്ടാൽ ഇരക്കുന്നവർ കക്കാൻ മടിക്കില്ല എന്ന് അമ്മ പറഞ്ഞത് അയ്യപ്പൻ ഓർമ്മിച്ചെടുക്കുമ്പോഴേക്കും കാക്ക നെയ്യപ്പവുമായി പറന്നുയർന്നിരുന്നു.
സൈ്വര്യമായി നെയ്യപ്പം തിന്നാനായി സത്യവാൻ ചെന്ന് ഇരുന്നത് കടൽപ്പുറത്തെ ഒരു മരത്തിലാണ്. കാക്ക പറന്നിറങ്ങുന്നതും അയ്യപ്പന്റെ വീട്ടിൽനിന്ന് അലമുറ ഉയരുന്നതും കേട്ടുകൊണ്ട് കുറേ മുക്കുവപ്പിള്ളേർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർക്ക് കാര്യം മനസ്സിലായി. നെയ്യപ്പം പിടിച്ചെടുത്ത് അതിന്റെ യഥാർഥ അവകാശിയായ മനുഷ്യപുത്രനെ തിരികെ ഏല്പിക്കണം എന്ന് അവർ തീരുമാനിച്ചു.

മൂന്നുപാടുനിന്നും കരിങ്കൽച്ചീളുകൾ മൂളിപ്പറന്ന് വരാൻ തുടങ്ങിയതോടെ രക്ഷയില്ലാതെ സത്യവാൻ നെയ്യപ്പവുംകൊത്തി കടലിനുനേർക്ക് പറന്നു. എന്നാൽ ആ പോക്കിൽ, കൊക്കിലൊതുങ്ങാത്ത നെയ്യപ്പം വഴുതി തിരയിലേക്ക് വീണുപോയി. കാക്ക പ്രാണനുംകൊണ്ട് പറന്നകന്നു.
തിരയിൽ കുരുത്ത മുക്കുവപ്പിള്ളേർ അനായാസം നെയ്യപ്പം മുങ്ങിയെടുത്തു. 'നമ്മൾ ഉണ്ടാക്കുന്ന നെയ്യപ്പമെല്ലാം നമ്മുടേതായീ പൈങ്കിളിയേ' എന്ന് കാക്കയെ പരിഹസിക്കുന്ന വായ്ത്താരിയും മുഴക്കി ഒരു ഘോഷയാത്രയായി അവർ അയ്യപ്പന്റെ വീട്ടിലേക്ക് നടന്നു.

വാണിയന്മാരുടെ വീട്ടിൽനിന്ന് അപ്പക്കാര പോയതുമുതൽ അവിടുത്തെ പിള്ളേർ അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവർ തങ്ങളുടെ കിങ്കരന്മാരായ തട്ടാപ്പിള്ളേരോട് വേണ്ടത് ചെയ്യാൻ നിർദ്ദേശിച്ചു.
തട്ടാപ്പിള്ളേർ ചെന്ന് മുക്കുവപ്പിള്ളേരുടെ വിജയഘോഷയാത്രയിൽ നുഴഞ്ഞുകയറി അയ്യപ്പന്റെ വീട്ടിലേക്ക് പോയി. നെയ്യപ്പത്തിന്റെ കൈമാറ്റവും ആഹ്ലാദപ്രകടനങ്ങളും കഴിഞ്ഞപ്പോൾ അവർ ചർച്ച തുടങ്ങി. ഇപ്പോൾ വിപണിയിൽ വമ്പിച്ച വില കിട്ടുന്ന വിഭവമാണ് നെയ്യപ്പമെന്നും അത് വിറ്റാൽ അയ്യപ്പന്റെ കുടുംബത്തിന്റെ മാത്രമല്ല, അവന്റെ അവകാശസംരക്ഷകരായ മുക്കുവപ്പിള്ളേരുടെ പോലും ദാരിദ്ര്യം അവസാനിപ്പിക്കാനുള്ള പണം നേടാൻ കഴിയുമെന്നും അവർ പറഞ്ഞു. ഏറെ ആലോചിച്ചശേഷം അയ്യപ്പൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അപ്പത്തിന് തുല്യമായ തൂക്കം സ്വർണം പകരം കൊടുത്തിട്ടാണ് തട്ടാപ്പിള്ളേർ നെയ്യപ്പവുമായി സ്ഥലംവിട്ടത്. മിന്നുന്നതെല്ലാം പൊന്നല്ല എന്നും തങ്ങൾക്ക് കിട്ടിയത് കാക്കപ്പൊന്നാണ് എന്നും ഉള്ള വിവരം മുക്കുവപ്പിള്ളേരും അയ്യപ്പനും മനസ്സിലാക്കുമ്പോഴേക്ക് ഏറെ വൈകിപ്പോയിരുന്നു.

തട്ടാപ്പിള്ളേർ കൊണ്ടുവന്ന നെയ്യപ്പം വാണിയപ്പിള്ളേർ അറുത്തും മുറിച്ചും വായിലിട്ട് ചവച്ചും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. നാട്ടിലെ ഏറ്റവും മികച്ച നെയ്യപ്പത്തിന്റെ രുചിരഹസ്യം മനസ്സിലാക്കിയ അവർ തങ്ങളുടെ വാണിഭബുദ്ധി ഉപയോഗിച്ചും അപ്പം തിന്നാത്ത സമയംമുഴുവൻ കുഴിയെണ്ണി കണക്കാക്കിയും അതേ രുചിയുള്ള നെയ്യപ്പം തുച്ഛമായ ചെലവിൽ എങ്ങനെ ഉണ്ടാക്കാം എന്ന് കണ്ടുപിടിച്ചു. നെയ്യപ്പം ഉണ്ടാക്കാൻ നെയ്യ് എന്നല്ല, ശർക്കരയും അരിയും തേങ്ങയും പോലും ആവശ്യമില്ല എന്ന് കണ്ടെത്തിയ വാണിയർ നാട്ടിലെ അപ്പക്കച്ചവടത്തിന്റെ കുത്തകയായിമാറി. വാണിയപ്പിള്ളേരുടെ നെയ്യപ്പത്തിന്റെ കീർത്തി പരക്കുകയും അത് തിന്നാതെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന അവസ്ഥ വരികയും ചെയ്തതോടെ നാട്ടുകാരെല്ലാം അവരുടെ പതിവുകാരായിമാറി.

അയ്യപ്പൻ തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി നെയ്യപ്പം വാങ്ങി വയറുനിറയെ തിന്നു.▮

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


രാജേഷ് ആർ. വർമ്മ

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. അമേരിക്കയിലെ ഒറിഗണിലുള്ള പോർട്ട്‌ലൻഡിൽ താമസിക്കുന്നു. കാമകൂടോപനിഷത്ത് (കഥ), ചുവന്ന ബാഡ്ജ് (നോവൽ) എന്നിവ കൃതികൾ. അമേരിക്കയിലെ ഷാർലെറ്റിലുള്ള ക്വീൻസ് സർവകലാശാലയിൽ നിന്ന് സാഹിത്യരചനയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

Comments