ചിത്രീകരണം: ദേവപ്രകാശ്

അശുദ്ധജീവികൾ

കുറച്ചു നാളായ് കുഞ്ഞാവുട്ടിക്ക് എന്തോ പ്രശ്നമുള്ളതായ് എനിക്കു തോന്നിയിരുന്നു. ഞാനക്കാര്യം സൂചിപ്പിച്ചപ്പോൾ ഷാജിയും സമ്മതിച്ചു. സാധാരണ കടപ്പുറത്തിരിക്കുമ്പോൾ ഞങ്ങൾ പറയാത്തതോ പരാമർശിക്കാത്തതോ ആയ ഒരു കാര്യവും ഉണ്ടാകാറില്ലായിരുന്നു. നാട്ടിലെ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കഥകളും ഞങ്ങൾ ചർച്ചക്കിടുകയും ആവശ്യമുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയ കഥകൾക്ക് ആവശ്യത്തിലധികം പ്രചാരണം കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ, കുറച്ചു ദിവസങ്ങളായി ഇത്തരം വിഷയങ്ങളിലൊന്നും കുഞ്ഞാവുട്ടി ഒരു താൽപ്പര്യവും കാണിച്ചില്ല. ആവേശത്തോടെ ഞാനും ഷാജിയും ഓരോരോ ഊഹാപോഹങ്ങൾ ചമയ്ക്കുമ്പോൾ അവൻ മാത്രം കൂട്ടത്തിൽ പെടാത്ത പോലെ മൗനിയായ് എന്തോ ചിന്തയിലാണ്ടിരുന്നു. അതു മാത്രമായിരുന്നില്ല കാര്യം. സാധാരണ രാത്രി പത്ത് പതിനൊന്ന് മണിയാവും ഞങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ. പക്ഷേ, ആയിടെയായി അസ്ഹർ ബാങ്ക് മുഴങ്ങുമ്പോൾ തന്നെ അവൻ വീട്ടിലേക്ക് മടങ്ങാനുള്ള ധൃതികൂട്ടും. എത്ര തന്നെ ആലോചിച്ചിട്ടും ഞങ്ങൾക്കതിന്റെ കാരണം പിടികിട്ടിയില്ല. പല തവണ അവനോട് ചോദിച്ചിട്ടും എങ്ങും തൊടാതെയുള്ള മറുപടികളല്ലാതെ അവന്റെ ഉള്ളിലുള്ളതൊന്നും അവൻ പുറത്തേക്കിടാൻ കൂട്ടാക്കിയില്ല. അവനെന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് ഞങ്ങളുറപ്പിച്ചു.

അവനെ അവന്റെ ചിന്തകളിൽ നിന്നും തിരികെ ഞങ്ങളുടെ കടപ്പുറത്തേക്ക് കൊണ്ടുവരാൻ വേണ്ടി പഴയ വീരകഥകൾ മനഃപൂർവ്വം തന്നെ ഞങ്ങൾ പൊടി തട്ടിയെടുത്ത് വാമൊഴികളാക്കാനുള്ള ശ്രമം നടത്തി. പെണ്ണുങ്ങൾ ഉണക്കാനിട്ടിരുന്ന അടിവസ്ത്രങ്ങൾ മോഷ്ടിച്ചതും രാത്രി സീൻ നോക്കാൻ ചുറ്റുവട്ടത്തെ വീടുകളിലേക്ക് പതുങ്ങി പോയതും, കുടിച്ച കള്ളിന്റെ കെട്ടിൽ അവിടെ തന്നെ കിടന്നുറങ്ങിയതുമൊക്കെ ഞങ്ങൾ അവനെ ഉണർത്താൻ വേണ്ടി വീണ്ടുമാവർത്തിച്ചു. പൊട്ടിച്ചിരിയുടെ മേമ്പൊടിയോടെയാണ് അക്കഥകളെല്ലാം ആവർത്തിച്ചതെങ്കിലും അത് പറയുമ്പോൾ പൊയ്പ്പോയ ആ നല്ല കാലത്തെ കുറിച്ചുള്ള നഷ്ടബോധം ഞങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

പണ്ടത്തെ കഥകൾ കേട്ടിട്ടും കുഞ്ഞാവുട്ടി ഞങ്ങളിലേക്ക് തിരിച്ചു വരുന്ന യാതൊരു ലക്ഷണവും കാണിച്ചില്ല. ശരീരം മാത്രം ഞങ്ങളുടെ അടുക്കൽ വെച്ച് അവൻ മറ്റെങ്ങോ സഞ്ചരിക്കുകയായിരുന്നു. അവന്റെ മനസ്സിന്റെ സഞ്ചാരപഥങ്ങൾ പിന്തുടരാൻ ശ്രമിച്ചെങ്കിലും ആ വഴി ഞങ്ങൾക്ക് അപ്രാപ്യമായിരുന്നത് കൊണ്ട് ഞങ്ങളാ ശ്രമം ഉപേക്ഷിച്ചു. ഉള്ളിലുള്ളത് എന്തായാലും എന്നെങ്കിലും അവൻ പറഞ്ഞോളും എന്ന് കരുതി ഞങ്ങളവനെ തനിയെ വിട്ടു. പക്ഷേ, ഞങ്ങൾ പഴങ്കഥകൾ തുടർന്നു. കുഞ്ഞാവുട്ടിക്ക് വേണ്ടിയാണ് ആവർത്തിക്കപ്പെട്ടതെങ്കിലും ഞങ്ങളെ രണ്ടുപേരേയും അക്കഥകൾ വല്ലാതെ ആനന്ദപ്പെടുത്തിയിരുന്നു. മറന്നു പോകാൻ തുടങ്ങിയ പല കാര്യങ്ങളും ഓർത്തെടുക്കാൻ കുഞ്ഞാവുട്ടിയുടെ അസ്വാഭാവികമായ പെരുമാറ്റം അങ്ങനെ ഞങ്ങൾക്കുപകാരപ്പെട്ടു.

ഓർമ്മകളങ്ങനെ നിഷിദ്ധമായ പല വഴികൾ സഞ്ചരിച്ച് ഞങ്ങളുടെ പഴയകാല ഇഷ്ടവിനോദങ്ങളിലൊന്നായ നായ്ത്തൂക്കിൽ എത്തി നിന്നു. അതിന്റെ ഓർമ്മ പുതുക്കൽ തന്നെ വേട്ടയാടലിന്റെ മുഴുവൻ ആവേശവും ഒരൊറ്റ ഞൊടിയിൽ ഞങ്ങളിലേക്കെത്തിച്ചു. ഉദ്വേഗം പൂണ്ട കാത്തിരിപ്പും നായകളുടെ തൊണ്ടമുറുകിയ നിലവിളിയും തലേ രാത്രിയിലെന്ന പോലെ കടപ്പുറം മുഴുവൻ മുഴങ്ങുന്നതായ് ഞങ്ങൾക്ക് തോന്നി. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാതെ നായ്ക്കളെ കെണി വെച്ച് കുടുക്കിയ മനോഹരങ്ങളായ രാത്രികളിലേക്ക് സ്വന്തം തൃഷ്ണകളെ നയിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കുഞ്ഞാവുട്ടി ഇടപ്പെട്ടത്.
""ഞമ്മക്ക് ഒര് വട്ടം കൂടി നായീനെ തൂക്ക്യാലോ?''- അവൻ ചോദിച്ചു.
ഞങ്ങൾ അത്ഭുതപ്പെട്ടു. കുഞ്ഞാവുട്ടി അവന്റെ ഗൂഢചിന്തകളിൽ നിന്നുണർന്നിരിക്കുന്നു! കുറേ നാളുകൾക്കു ശേഷം എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

പെട്ടന്നുള്ള അവന്റെ ചോദ്യത്തിൽ അമ്പരപ്പോടെ ഞങ്ങൾ അവനെ നോക്കി. ഞങ്ങൾ മറുപടി പറയാത്തത് കൊണ്ട് അവൻ ചോദ്യം ഒന്ന് കൂടി ആവർത്തിച്ചു. എന്ത് പറയണമെന്നറിയാതെ ഞങ്ങൾ നിശ്ശബ്ദരായിരുന്നു. പണ്ടത്തെ പോലെയല്ല. നിയമം വല്ലാതെ കർക്കശമാണ്. നായയെ കൊന്നതിന്റെ പേരിൽ ജയിലിൽ പോകുന്നതിനേക്കാൾ വലിയ നാണക്കേടില്ല. മാത്രമല്ല പഴയ പോലെ ആളുകൾക്ക് ഇതിലൊന്നും വലിയ താൽപ്പര്യമൊന്നുമില്ല. പോരാത്തതിന് സ്‌ക്കൂളിലും കോളേജിലുമൊക്കെ പോയി വിവരം വെച്ച കുറേ നാറിപ്പിള്ളേർ പരിസ്ഥിതി സംഘടന എന്നൊക്കെ പറഞ്ഞ് ഇറങ്ങിയിട്ടുമുണ്ട്.

ഞങ്ങൾ മറുപടിയൊന്നും പറയാത്തത് കൊണ്ട് കുഞ്ഞാവുട്ടി വീണ്ടും പഴയ പോലെ തന്നെ മൗനത്തിലേക്ക് കൂപ്പുകുത്തി. അതു കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. എനിക്കവനോട് സഹതാപം തോന്നി. ലോക്ക്ഡൗൺ കാലം പലരേയും പല രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ചിലർക്ക് ആനന്ദമാണെങ്കിൽ മറ്റു ചിലർക്ക് വല്ലാത്ത മടുപ്പും നൈരാശ്യവുമായിരുന്നു അടച്ചിട്ട ജീവിതം സമ്മാനിച്ചത്. ഞങ്ങളുടെ പ്രിയ്യ സ്നേഹിതനെ അതേതു രീതിയിലാണ് ബാധിച്ചതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും അവനെ അതിൽ നിന്ന് മോചിപ്പിക്കുക ഞങ്ങളുടെ കടമയാണെന്ന് എനിക്ക് തോന്നി. സഹതാപമല്ല അവനിപ്പോളാവശ്യം; നായാട്ടിന്റെ വന്യമായ കിതപ്പുകളാണ്. അത് ചിലപ്പോൾ അവന് നഷ്ടപ്പെട്ട പ്രസരിപ്പ് തിരിച്ചു കിട്ടാൻ കാരണമായേക്കാം. അതുകൊണ്ടാണ് ഏറെ അപകടം പിടിച്ചതായിട്ടു കൂടി ഒരിക്കൽ കൂടി നായയെ കെണി വെച്ച് തൂക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഞാനും ഷാജിയും സമ്മതം മൂളിയപ്പോൾ കുഞ്ഞാവുട്ടിയുടെ മുഖം അസാധാരണമാം വിധത്തിൽ ചുവന്നു. കണ്ണുകൾ തിളങ്ങി.

ആദ്യമൊന്നും ഞങ്ങളുടെ ഗ്രാമത്തിൽ പകൽനേരത്ത് ഒരൊറ്റ തെരുവ്നായയെ പോലും കാണാൻ കിട്ടില്ലായിരുന്നു. അവറ്റകളെല്ലാം രാത്രി മാത്രം സന്ദർശിച്ച് മടങ്ങുന്നവരായിരുന്നു. മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ടത് മാത്രമായിരുന്നില്ല അതിന് കാരണം. പകൽ നേരത്ത് ഒരു നായയെ കണ്ടാൽ അതിനെ തല്ലിക്കൊല്ലാതെ ഞങ്ങൾക്ക് ഒരു സമാധാനവുമില്ലായിരുന്നു. അബദ്ധത്തിലെങ്ങാനും ഒരു നായ കടപ്പുറത്തെത്തിയാൽ പിന്നെ അതിന് ഗ്രാമത്തിന്റെ അതിരുകൾ ഭേദിച്ച് പുറത്തുകടക്കാനാവില്ല. കിതപ്പുമാറ്റാൻ പോലും എവിടെയും ഒന്ന് നിൽക്കാൻ സമ്മതിക്കാത്ത വിധം കല്ലുകളും വടിയുമൊക്കെ അതിനെ പിന്തുടർന്നു കൊണ്ടേയിരിക്കും. രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞെന്ന് ഉറപ്പാകുമ്പോൾ മാത്രം അത് നിൽക്കും. ആ നിമിഷം കല്ലേറും പ്രഹരങ്ങളും മല പോലെ അതിന്റെ മേൽ ചൊരിയപ്പെടും. ചത്തെന്ന് ഉറപ്പാക്കി, വലിച്ചിഴച്ച് കടലിൽ കൊണ്ടു പോയിട്ടിട്ടേ ആൾക്കൂട്ടം പിരിഞ്ഞു പോകൂ.

ഇപ്പോൾ അഴിമുഖത്ത് പാലം വന്നതോട് കൂടി അതിക്രമിച്ച് കടക്കുന്ന നായ്ക്കളുടെ എണ്ണം പെരുകിയിരിക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവറ്റകളുടെ ഓരി ഏതു നേരവും ഉയർന്നു കേൾക്കാം. ആ ഓരികളത്രയും ഞങ്ങൾക്ക് നേരെയുള്ള പരിഹാസങ്ങളായ് പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ ഒന്ന് കല്ലെടുത്തെറിയാൻ കൈ തരിക്കും. നാട്ടിൽ നായില്ലാത്ത കാലത്ത് ഞങ്ങൾ പുഴ കടന്ന് കിഴക്കോട്ട് പോകാറുണ്ടായിരുന്നു. റെയിൽപ്പാളത്തിനരികെ അലസമായി കിടന്നിരുന്ന ഒത്തിരി നായ്ക്കളെ ഞങ്ങൾ എറിഞ്ഞോടിച്ച് പാഞ്ഞു വരുന്ന ട്രെയിനിനടിയിലേക്ക് കേറ്റി ചതച്ചിട്ടുണ്ട്. നായ്ക്കളെ എറിയാനാണ് പാളത്തിനരികിൽ സർക്കാർ കല്ലുകൾ കൊണ്ടിട്ടതെന്ന് അന്നൊക്കെ ഞങ്ങൾ തമാശയായി പറയുമായിരുന്നു.

നാട്ടിലെ ഏതെങ്കിലും കല്ല്യാണരാത്രിയോടനുബന്ധിച്ചാണ് അക്കാലത്ത് നായ്ക്കളുടെ തൂക്കു നടക്കുക. കല്ല്യാണത്തിന് ബാക്കിയായ ബിരിയാണിയും നെയ്ച്ചോറുമൊക്കെയാണ് ചൂണ്ടയിലെ ഇര. അന്ന് കടപ്പുറം മുഴുവൻ പത്ത് പതിനഞ്ച് സംഘങ്ങളായ് കുഴിയൊരുക്കി കാത്തിരിക്കും. ഈ മരണക്കുഴിയിലാണ് നായ്ക്കൾക്കുള്ള അവസാനത്തെ അത്താഴം കാത്തു വെക്കുക. കുഴിയുടെ വായ്വട്ടത്തിന് ചുറ്റും വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബ്രേക്ക് കേബിൾ കുരുക്കിട്ട്, കണ്ണിൽപ്പെടാത്ത വിധം മണ്ണ് വിതറി അദൃശ്യമാക്കി വെച്ചിട്ടുണ്ടാകും. കേബിളിന്റെ മറ്റേ അറ്റം വണ്ണമുള്ള ഒരു കയറിനോട്, അഴിഞ്ഞു പോവാത്ത വിധം ബന്ധിക്കും. കുഴിയുടെ അടുത്തായ് മുള കൊണ്ട് ഒരു കഴുമരം സ്ഥാപിച്ചുവെച്ചിട്ടുണ്ടാവും. കയറിന്റെ അറ്റം ആ കഴുമരത്തിലൂടെ ചുറ്റി ദൂരെ ഏതെങ്കിലും മീൻചാപ്പയിലോ പൊന്തയിലോ ഒളിച്ചിരിക്കുന്ന നായാട്ടുകാരുടെ കൈകളിൽ മുറുക്കം കാത്ത് കിടക്കും. രാത്രിയിൽ മരണച്ചോറിന്റെ മണം പിടിച്ച് വരുന്ന നായ്ക്കളുടെ വിശപ്പിന്റെ അന്വേഷണം ആ കുഴിയിലാണ് അവസാനിക്കുക. ചുറ്റുപാടുമൊന്ന് നോക്കി കെണിയല്ലെന്ന് ഉറപ്പു വരുത്തി നായ കുഴിയിലേക്ക് കഴുത്ത് നീട്ടും. നായാട്ടുകാരുടെ മാനസികാവസ്ഥക്കനുസരിച്ചിരിക്കും നായയുടെ ഭോജനം. ചിലത് കുഴിയിലേക്ക് കഴുത്ത് നീട്ടുമ്പോഴേക്കും കഴുമരത്തിൽ തൂങ്ങിയാടും. ചിലതിന് ഭക്ഷണം കഴിച്ചു തുടങ്ങാനുള്ള സാവകാശം കിട്ടിയേക്കും.

കഴുമരത്തിൽ തൂങ്ങിയെന്ന് ഉറപ്പായാൽ പിന്നെ ഉത്സവത്തിന്റെ പ്രതീതിയാണ്. ഇരുമ്പ് പൈപ്പും വടികളും കൊണ്ട് അതിനെ മാറി മാറി പ്രഹരിക്കും. ആദ്യം കാലുകളാണ് തകർക്കുക. എന്തെങ്കിലും കാരണവശാൽ കെട്ടഴിഞ്ഞാൽ അവ ഓടിപ്പോകരുതല്ലോ. ഓരോ അടിയിലും പ്രാണൻ പോകുന്ന നായയുടെ നിലവിളികൾ അതിന്റെ തൊണ്ട വരെ എത്തി വഴിമുട്ടി നിൽക്കും. കഴുത്തിൽ മുറുകിയ കേബിൾ അനുവദിച്ച് കൊടുക്കുന്ന ഇത്തിരി അയവിൽ ആ നിലവിളികൾ വികൃതശബ്ദങ്ങളായും ചില മുഴക്കങ്ങളായും പുറത്തേക്ക് വന്ന് നായാട്ടുകാരായ ഞങ്ങളെ കൂടുതൽ ഉന്മാദികളാക്കും. ആ മുഴക്കങ്ങളും പിടച്ചിലുകളും നിലച്ചാൽ അതിനെ വലിച്ചിഴച്ച് കടലിൽ തള്ളും.

അക്കാലത്തെ കല്ല്യാണരാവുകളൊക്കെ ഇങ്ങനെ നായകളുടെ അടിക്കിപ്പിടിച്ച നിലവിളികളാൽ സമ്പന്നമായിരുന്നു. രാത്രി ഒച്ചയും ബഹളവുമൊക്കെ അടങ്ങിക്കഴിഞ്ഞാലാണ് ഞങ്ങൾ കെണിയൊരുക്കാറ്. മിക്കവാറും അർദ്ധരാത്രിയോടടുക്കും നായ കുടുങ്ങാൻ. അത്ര നേരവും ക്ഷമയോടെയുള്ള കാത്തിരിപ്പാണ്. നായ കെണിയിലാവുന്നത് കാണാൻ കൗതുകമുള്ള ചില കൊച്ചുപയ്യന്മാരും ചിലപ്പോൾ ഞങ്ങളുടെ കൂടെ കൂടാറുണ്ട്. പിള്ളേരുള്ളത് ഞങ്ങൾക്കും നേരമ്പോക്കാണ്. ആൺപിള്ളേരിൽ മടുപ്പ് ബാധിച്ച് ഒരു കൂട്ടർ പുറത്ത് നിന്ന് പെണ്ണിനെ നേരമ്പോക്കിനിറക്കിയ ഒരു കഥയുണ്ട്. അവർ അഞ്ചാറു പേരുടെ പരാക്രമം സഹിച്ച പെണ്ണിന് പക്ഷേ, കഴുമരത്തിലെ നായയുടെ പിടച്ചിലും അതിനേൽക്കേണ്ടി വന്ന മർദ്ദനങ്ങളും കണ്ടു നിൽക്കാനായില്ലത്രേ. കൈയ്യിൽ കിട്ടിയതെന്തൊക്കെയോ വാരി ചുറ്റി കാശ് പോലും വാങ്ങാതെ അവൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് പറഞ്ഞ് കേട്ടത്. അക്കഥ പറഞ്ഞ് ഞങ്ങളൊരുപാട് ചിരിച്ചിട്ടുണ്ട്.

പഴയ തൂക്ക് സംഘത്തിലുണ്ടായിരുന്നവർ ഇപ്പോൾ പല പല പരിസ്ഥിതി സംഘടനകളിലെയും ഊർജ്ജസ്വലരായ പ്രവർത്തകരാണ്. പക്ഷികളെ വെടിവെക്കാൻ പാടില്ല, കടലാമയുടെ മുട്ട മോഷ്ടിക്കരുത്, തെരുവുനായ്ക്കളെ ഉപദ്രവിക്കരുത്, പുഴയോരത്തെ കണ്ടലുകൾ വെട്ടരുത് എന്നൊക്കെ പറഞ്ഞ് ആളുകളെ ബോധവൽക്കരിക്കാനിറങ്ങിയിരിക്കുകയാണ്. ഇന്നാളൊരിക്കൽ കഴുത്തിൽ കുടം കുടുങ്ങിയ ഒരു നായയെ രക്ഷപ്പെടുത്താൻ ഇവന്മാർ കാട്ടി കൂട്ടിയ പരാക്രമങ്ങൾ കണ്ട് ഞാനും ഷാജിയും കുഞ്ഞാവുട്ടിയും സൂര്യനസ്തമിക്കും വരെ കടപ്പുറത്തിരുന്ന് ചിരിച്ചു. ആ പെണ്ണ് രക്ഷപ്പെട്ട കഥ കേട്ടതിന് ശേഷം ഞങ്ങൾ മനസ്സറിഞ്ഞ് ചിരിച്ചതന്നായിരുന്നു.

അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെ മാത്രമാണ് സാധാരാണ ഞങ്ങൾ തൂക്കാറ്. ചുരുക്കം ചില വീടുകളിൽ മാത്രമായിരുന്നു വളർത്തുനായ്ക്കൾ ഉണ്ടായിരുന്നത്. ചങ്ങലക്കിടാറുള്ള അവറ്റകൾ ഞങ്ങളുടെ കെണിയുടെ പരിസരത്തൊന്നും വരാറില്ല. പക്ഷേ, ചില രാത്രിഞ്ചന്മാരുടെ അപേക്ഷ കാരണം ഒന്നു രണ്ടെണ്ണത്തിനെ ഞങ്ങൾ തൂക്കിയിട്ടുണ്ട്. ഞങ്ങളാണ് തൂക്കിയതെന്നറിയാമായിരുന്നെങ്കിലും അതിന്റെ ഉടമസ്ഥർ ഞങ്ങളെ ചോദ്യം ചെയ്യുകയൊന്നുമുണ്ടായിട്ടില്ല.

അത്ര മിടുക്കരാണെങ്കിൽ എന്റെ നായയെ തൂക്കാൻ പറ്റുമോ എന്ന് നോക്ക് എന്ന് പറഞ്ഞ് ഒരാൾ ഞങ്ങളെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. തന്റെ നായയുടെ ബുദ്ധിശക്തിയിലും സാമർത്ഥ്യത്തിലും അയാൾക്കുണ്ടായിരുന്ന അതിര് കവിഞ്ഞ ആത്മവിശ്വാസത്തിൽ നിന്നുടലെടുത്തതായിരുന്നു ആ വെല്ലുവിളി. ഞങ്ങളാ വെല്ലുവിളി ഏറ്റെടുത്തു. ചങ്ങലയിൽ നിന്ന് സ്വതന്ത്രനാക്കപ്പെട്ട് രാത്രി മുഴുവൻ അഹങ്കാരത്തോടെ ഗർജ്ജിച്ച് നടന്നിരുന്ന അതിനെ ഞങ്ങൾ കുറേ മുമ്പേ നോട്ടമിട്ടിരുന്നു.

അന്ന് രാത്രി തന്നെ ഞങ്ങളതിനെ തൂക്കി. ബിരിയാണിയുടെ എച്ചിലുകൾ അയാളുടെ വീട്ടുമുറ്റത്ത് നിന്ന് കെണി വെച്ച സ്ഥലം വരെ ഇടവിട്ട് വിതറി ഞങ്ങളതിനെ വീഴ്ത്തുകയായിരുന്നു. നേരം വെളുത്തപ്പോൾ, തിരിച്ചറിയാനാകത്തം വിധം വികൃതമായ തന്റെ നായയുടെ ശവം വീട്ടുമുറ്റത്ത് കിടക്കുന്നത് കണ്ടപ്പോൾ അയാളുടെ മുഖത്തുണ്ടായ ഞെട്ടൽ ഞങ്ങൾക്ക് ജന്മസാഫല്യമായിരുന്നു. അസാധാരണമാം വിധം വലിപ്പമുണ്ടായിരുന്ന അതിന്റെ വൃഷണം ഒരു കരിങ്കല്ലു കൊണ്ട് കുഞ്ഞാവുട്ടി തകർത്തിരുന്നു. ഒരു കോഴിമുട്ട പോലെ അത് പൊട്ടിത്തകരുമ്പോൾ അവനാർത്തു ചിരിച്ചു. അത്ര സന്തോഷവാനായി ഞാനവനെ അതിന് മുൻപ് കണ്ടിട്ടേയില്ലായിരുന്നു.

ആദ്യത്തെ തൂക്ക് എനിക്ക് കൃത്യമായി ഓർമ്മയില്ല. ആദ്യം കൊന്ന നായയേയും ഓർമ്മയില്ല. ഇരുട്ടായത് കൊണ്ട് ഒരൊറ്റ നായയുടേയും നിറം കണ്ണിൽ പതിഞ്ഞതുമില്ലായിരുന്നു. അതിന്റെ നിലവിളികൾ മാത്രമാണ് മനസ്സിൽ പതിഞ്ഞത്. അതാകട്ടെ എല്ലായ്പ്പോഴും ഒരു പോലെ തന്നെയായിരുന്നു. പക്ഷേ, അവസാനത്തെ തൂക്ക് എനിക്ക് നന്നായ് ഓർമ്മയുണ്ട്. അത്ര ഭാരമായിരുന്നു ആ നായക്ക്. മുക്കാൽ മണിക്കൂറോളം ഞങ്ങളതിനെ തല്ലിച്ചതച്ചിട്ടുണ്ട്. അവസാനം അതിന്റെ പിടച്ചിലവസാനിച്ചപ്പോഴേക്കും ഞങ്ങൾ മൂന്നു പേരും നന്നായ് കിതച്ചിരുന്നു. കഴുത്തിലെ കേബിൾ ഊരിയെടുത്ത് കടലിൽ തള്ളിയപ്പോഴാണ് അത് ചത്തിട്ടില്ലെന്ന് മനസ്സിലായത്. വിട്ടു പോകാൻ തുടങ്ങിയ ജീവനിലേക്ക് പൊടുന്നനെ ജലപ്രവാഹമുണ്ടായപ്പോൾ അത് ഒരു മരം പോലെ കിളിർത്തു. പിടഞ്ഞെണീറ്റ് അത് ഞങ്ങളെ നോക്കി ഒന്നു മുരണ്ടു. ചോര മരവിപ്പിക്കുന്ന വിധത്തിലായിരുന്നു ആ ഓരി. അങ്ങനെ ഓരിയിട്ട് കൊണ്ട് തന്നെ അത് കടലിലേക്കിറങ്ങി. നീന്തി നീന്തി അത് ഞങ്ങളുടെ കണ്ണിൽ നിന്ന് മറഞ്ഞിട്ടും തിരമാലകളേക്കാൾ ഉച്ചത്തിൽ അതിന്റെ ഓരി ഞങ്ങളെ വന്ന് തൊടുന്നുണ്ടായിരുന്നു. അതിനു ശേഷം ഒന്ന് രണ്ട് തവണ കെണിയൊരുക്കാൻ ശ്രമിച്ചെങ്കിലും ടർട്ടിൽവാക്കിനെന്നും* പറഞ്ഞിറങ്ങുന്ന പരിസ്ഥിതിവാദി തെണ്ടികൾ കാരണം ഒന്നും നടന്നില്ല. പിന്നെ പിന്നെ ഞങ്ങൾ അതൊക്കെ വിടുകയായിരുന്നു.

പദ്ധതിയിട്ടതിന്റെ പിറ്റേ ദിവസം തന്നെ കെണി വെക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ മൂന്നു പേരുമല്ലാതെ മറ്റൊരാൾക്കും അക്കാര്യം അറിയില്ലായിരുന്നു. മുൻകൂട്ടി തയ്യാറെടുപ്പൊന്നും നടത്താൻ ഞങ്ങൾ ശ്രമിച്ചില്ല. അങ്ങനെ വല്ലതും ചെയ്യുകയാണെങ്കിൽ പുറത്താരെങ്കിലും അറിഞ്ഞേക്കുമെന്ന് ഞങ്ങൾ ഭയപ്പെട്ടു. രാത്രി പത്തു മണിയായപ്പോൾ ഞങ്ങൾ ഒരുമിച്ച് കൂടി. അധികമാരും വരാത്ത അഴിമുഖത്തെ വടക്കേ അറ്റത്തായിരുന്നു ഞങ്ങൾ കെണി വെക്കാൻ തീരുമാനിച്ചിരുന്നത്. പോകുന്ന വഴി റോഡ്സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന പ്രമുഖ പരിസ്ഥിതിസ്നേഹിയും മുൻ നായക്കൊലയാളിയുമായ സാദത്തിന്റെ ഓട്ടോയുടെ ബ്രേക്ക് കേബിൾ ഞാൻ പൊട്ടിച്ചെടുത്തു. കയർ അഴിമുഖത്തെ ഏതെങ്കിലും തോണിയിൽ നിന്നെടുക്കാമെന്ന് കണക്ക് കൂട്ടി. ഞങ്ങൾ ആദ്യം പോയത് ഹോട്ടലിലേക്കാണ്. ഭക്ഷണത്തിന്റെ അവശിഷ്ടം ചോദിച്ചാൽ സംശയിക്കാൻ സാദ്ധ്യതയുള്ളത് കൊണ്ട് ഞങ്ങൾ മൂന്ന് ബിരിയാണി പാഴ്സൽ പറഞ്ഞു. രണ്ട് ബീഫ് ബിരിയാണിയും ഒരു ചിക്കൻ ബിരിയാണിയും. ചിക്കൻ ബിരിയാണി എനിക്കായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ അഴിമുഖം വിജനമായി കിടക്കുകയായിരുന്നു. നിലാവില്ലാത്തത് ഞങ്ങൾക്ക് അനുകൂലമായിരുന്നു. പാലത്തിന് മുകളിലെ ഹൈമാസ്റ്റിന്റെ വെളിച്ചം ചിതറിവീണവസാനിക്കുന്നിടത്ത് ഒരു താന്നി മരമുണ്ട്. പുഴ കൊണ്ടിട്ട വിത്തിൽ നിന്ന് മുളച്ചുപൊന്തിയ അതിന് അധികം ഉയരമില്ലെങ്കിലും ആവശ്യത്തിന് കരുത്തുണ്ടായിരുന്നു. ഞാനതിന് താഴെ കുഴിയൊരുക്കി. ഷാജി കേബിളും കയറും കൂട്ടി കെട്ടി കുരുക്കിട്ട് എന്റെ കൈയ്യിൽ തന്നു. ഞാനത് ശ്രദ്ധയോടെ കുഴിയുടെ വായ്വട്ടത്തിനരികെ വെച്ച് മേലെ മണൽ വിതറി. താന്നിമരത്തിന്റെ Y ആകൃതിയിലുള്ള ഒരു കൊമ്പിനിടയിലൂടെ തൂക്കുകയർ വലിച്ചിട്ടപ്പോൾ ഇരുളിൽ അതൊന്നാന്തരം കഴുമരമായ് മാറി. കയറിന്റെ അറ്റം വലിച്ച് ഞങ്ങൾ ദൂരെയുള്ള കൈതക്കൂട്ടത്തിന്റെ മറവിലേക്ക് നീങ്ങി. അവിടെ ആകെയുണ്ടായിരുന്ന മറവായിരുന്നു അത്. പണ്ട് ഗ്രാമം മുഴുവൻ വലിയ കൈതക്കാടുകളായിരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോൾ അവശേഷിക്കുന്ന ചുരുക്കം ചില കൈതക്കാടുകളിലൊന്നാണ് അത്. അതും വെട്ടി വെളുപ്പിക്കാൻ ചിലർ ശ്രമിച്ചിരുന്നു. പക്ഷേ, പരിസ്ഥിതിവാദികൾ തടഞ്ഞതു കൊണ്ട് അതവശേഷിച്ചു. ഒരുപാട് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് അതെന്നു പറഞ്ഞാണ് അവർ തടഞ്ഞത്. കൈതക്കാട്ടിലെ താമസക്കാരായ ഉഗ്രവിഷമുള്ള പാമ്പുകളെ സംരക്ഷിക്കണമെന്ന അവരുടെ നിലപാട് എനിക്കു തീരെ മനസ്സിലായിരുന്നില്ല. അതന്ന് വെട്ടിനശിപ്പിക്കാതെ ബാക്കിയായത് കൊണ്ടാണ് ഞങ്ങൾക്ക് മറഞ്ഞിരിക്കാൻ പറ്റിയതെങ്കിലും അവന്മാരോട് ഒരു നന്ദിവാക്ക് പോലും എന്റെ ഉള്ളിൽ തോന്നിയില്ല. പണികളെല്ലാം ഞാനും ഷാജിയുമാണ് ചെയ്തത്. കുഞ്ഞാവുട്ടി എല്ലാം കണ്ടു നിൽക്കുകയായിരുന്നു. വർഷങ്ങൾക്കു മുമ്പാണ് അവസാന കെണിയൊരുക്കിയതെങ്കിലും അന്നത്തെ രാത്രിയുടെ തുടർച്ചയായി മാത്രമേ ആ രാത്രി ഞങ്ങൾക്കനുഭവപ്പെട്ടുള്ളൂ. ആ രണ്ടു രാത്രികൾക്കിടയിൽ ഇടവേളകൾ തീർത്ത വിരസമായ അനേകം രാത്രികൾ ഒരു നിമിഷം കൊണ്ട് ഓർമ്മയിൽ നിന്ന് മറഞ്ഞു പോയ പോലെ തോന്നി ഞങ്ങൾക്ക്.

കെണിയുടെ പണി പൂർത്തിയായപ്പോർ ഞങ്ങൾ ഭക്ഷണം കഴിച്ചു. കുഞ്ഞാവുട്ടി പിന്നെ കഴിച്ചോളാമെന്ന് പറഞ്ഞ് അവന്റെ പൊതി മാറ്റി വെച്ചു. ഞങ്ങൾ ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോൾ അവൻ ഞങ്ങൾ കഴിച്ചതിന്റെ എച്ചിലും അവന്റെ പൊതിയും എടുത്ത് കുഴിക്ക് നേരെ നടന്നു. ഞങ്ങൾ ചെന്നു നോക്കിയപ്പോൾ അവൻ പൊതിയഴിച്ച് ചോറ് മുഴുവൻ കുഴിയിലേക്കിടുകയായിരുന്നു. അതിനു മീതെ ഞങ്ങൾ കഴിച്ച എച്ചിലു കൂടിയിട്ട് അവൻ തിരിഞ്ഞു നടന്നു. അവന്റെ ആ പ്രവർത്തിയിൽ എനിക്കിത്തിരി അസ്വാഭാവികത തോന്നിയെങ്കിലും ഞാനൊന്നും പറഞ്ഞില്ല. കയറിന്റെ അറ്റം പിടിച്ച് ജാഗരൂഗരായിരിക്കുമ്പോൾ മടുപ്പ് മാറ്റാൻ വേണ്ടിയെന്നോണം ഷാജി പതിഞ്ഞ ശബ്ദത്തിൽ പാടി :
""വട്ട നിലാവ് ഉദിച്ചുയരുമ്പോൾ
പട്ടി കുരച്ചിട്ടെന്തു ഫലം?''
ഞാനും കുഞ്ഞാവുട്ടിയും അടക്കി ചിരിച്ചു.

നേരം ഏറെ കഴിഞ്ഞിട്ടും കുഴിക്കരികെ അനക്കമൊന്നും കണ്ടില്ല. അത് ഞങ്ങളെ വല്ലാതെ അത്ഭുതപ്പെടുത്തി. പകൽ പോലും അത്രയധികം നായകളുണ്ടായിട്ടും ഒന്നു പോലും മണം പിടിച്ചു വരാത്തതിന്റെ കാരണമെന്തായിരിക്കും?
""നായിന്റെ മക്കള്. തിന്നാൻ കിട്ടി കണ്ണ് തെളിഞ്ഞിട്ട്ണ്ടാകും.'' - ഷാജി പല്ല് ഞെരിച്ചു.

സമയം വൈകുംതോറും ഞങ്ങളുടെ മടുപ്പ് ഏറി വന്നു. കുറേ നാറിയ നിയമങ്ങളുണ്ടായതോണ്ടാ. അല്ലെങ്കിൽ പിള്ളേരെ കൂട്ടാമായിരുന്നെന്ന് ഞാനോർത്തു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒന്ന് മൂത്രമൊഴിച്ച് വരാമെന്ന് പറഞ്ഞ് കുഞ്ഞാവുട്ടി കൈതപ്പൊന്തയുടെ അപ്പുറത്തേക്ക് പോയി. എന്റെ കണ്ണുകൾ കഴുമരത്തിന് കീഴെ തന്നെയായിരുന്നു. ഒരനക്കം കണ്ട പോലെ എനിക്ക് തോന്നി. ആ സമയം മരത്തിന് ചുവട്ടിൽ മാത്രം ഒരു പ്രത്യേക ഇരുട്ട് നിറഞ്ഞു നിൽക്കുന്ന പോലെ. ഞാൻ ഷാജിയെ പതുക്കെ വിളിച്ചു. ഒരു ഭീമാകാരനായ നായ കുഴിക്കരികെ നിൽക്കുന്നതായ് അവനും ഉറപ്പിച്ചു പറഞ്ഞു. എനിക്കാകെ കുളിര് കോരി. മൂത്രമൊഴിക്കാൻ പോയ കുഞ്ഞാവുട്ടിയുടെ അനക്കം കേട്ട് അതെങ്ങാനും ഓടിപ്പോകുമോ എന്ന് ഞാൻ ഭയപ്പെട്ടു. പതിയെ ഒന്ന് മോങ്ങി കൊണ്ട് അത് കുഴിയിലേക്ക് തലയിട്ടു. എന്റെ കൈകൾ യാന്ത്രികമായി ചലിച്ചു. കയറിന്റെ അറ്റത്ത് മുറുകി വരുന്ന ഭാരം എനിക്ക് നന്നായനുഭവപ്പെട്ടു. എത്ര തന്നെ അടക്കിവെച്ചിട്ടും അറിയാതെ ഞാനാർത്തു വിളിച്ചു. ഒച്ച വെച്ചതിന് ഷാജി എന്നെ തെറി പറയുന്നുണ്ടായിരുന്നു. ഞാനതൊന്നും ശ്രദ്ധിച്ചില്ല. ആവേശം എന്നെ അടിമുടി കോരിത്തരിപ്പിച്ചു. ഞാനും അവനും കൂടി നായയെ വലിച്ചുയർത്തി കഴുമരക്കൊമ്പിൽ തൂക്കിയിട്ടു. അതിന്റെ അസാധാരണമായ ഭാരം പണ്ട് ഞങ്ങളുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ട നായയെ ഓർമ്മിപ്പിച്ചു. കയർ വലിച്ചു മുറുക്കി കൈതക്കുറ്റിയോട് ചേർത്ത് കെട്ടി ഇരുമ്പ് പൈപ്പെടുത്ത് ഞങ്ങൾ മരത്തിന് നേർക്കോടി. ഞാൻ കുഞ്ഞാവുട്ടിയെ നീട്ടി വിളിച്ചു കൊണ്ടായിരുന്നു ഓടിയിരുന്നത്. കഴുമരത്തിനടുത്തെത്തിയപ്പോൾ തൂങ്ങിക്കിടന്നിരുന്നത് നായ ആയിരുന്നില്ല; മനുഷ്യനായിരുന്നു. കുഞ്ഞാവുട്ടിയായിരുന്നു. അവനെ അടിക്കാനായ് ഓങ്ങിയ ഇരുമ്പ്പൈപ്പ് അറിയാതെ എന്റെ കൈയ്യിൽ നിന്ന് ഊർന്നുവീണു.

അവന്റെ വായിലൂടെ അപ്പോൾ പുറത്തു വന്ന ശബ്ദം ശരിക്കും നായയുടേത് പോലെ തന്നെയായിരുന്നു. വെള്ളം കണ്ട് പേടിച്ച പേപ്പട്ടിയുടേത് പോലെ അവന്റെ കണ്ണുകളും നാവുകളും പുറത്തേക്ക് തുറിക്കുന്നത് ഞാൻ ശരിക്ക് കണ്ടു. എന്റെ ചോര മരവിക്കാൻ തുടങ്ങുകയായിരുന്നു; കുഞ്ഞാവുട്ടി മരിക്കാനും. ഒരു നിമിഷം കൊണ്ട് ഞാനാ മരവിപ്പിൽ നിന്ന് മുക്തനായി. ഷാജിയെ കഴുമരത്തിന് ചുവട്ടിലേക്ക് ബലമായി പിടിച്ചു നിർത്തി കുഞ്ഞാവുട്ടിയുടെ ഭാരം അവന്റെ ചുമലിലർപ്പിച്ച് ഞാൻ കൈതക്കുറ്റിക്ക് നേരെ പാഞ്ഞു. വെപ്രാളത്തോടെ കയറിന്റെ കെട്ടഴിച്ചു വിട്ടപ്പോൾ അപ്പുറത്ത് വലിയൊരു ശബ്ദത്തോടെ ഷാജിയും കുഞ്ഞാവുട്ടിയും മറിഞ്ഞ് വീണു. അപ്പോൾ ദൂരെ കടലിൽ നിന്നും ഒരു നായയുടെ ഓരി കേട്ട പോലെ എനിക്ക് തോന്നി.

അവനെന്തിനാണ് ഞങ്ങളെ കൊണ്ട് അത് ചെയ്യിപ്പിച്ചതെന്നറിയാതെ എനിക്ക് സമാധാനം കിട്ടില്ലായിരുന്നു. ഷാജി അവന്റെ കലി മുഴുവൻ തെറി പറഞ്ഞ് തീർത്തു. നേരം വെളുത്തപ്പോഴേക്കും നാട് മുഴുവൻ കഥയറിഞ്ഞിരുന്നു. വിശദീകരണം ചോദിച്ച് വന്നവരോടെല്ലാം ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു. നായ്ത്തൂക്കിന്റെ കാര്യം മനഃപൂർവ്വം മറച്ചുവെച്ച് വെറും ആത്മഹത്യാശ്രമമാക്കി കഥയെ മാറ്റാൻ ഞങ്ങൾക്കെളുപ്പം കഴിഞ്ഞു.

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ഞങ്ങളവനെ കാണാൻ പോയത്. കഴുത്തിൽ ബാൻഡേജിട്ട അവൻ ഞങ്ങളെ നോക്കി പതിയെ ചിരിച്ചു.
""നായി''- എന്റെ പിന്നിൽ നിന്ന് ഷാജി മുറുമുറുത്തു.

കുഞ്ഞാവുട്ടിയുടെ ഉമ്മ ഞങ്ങളെ കണ്ടപ്പോൾ മുതൽ കരയുകയായിരുന്നു. എന്തൊക്കെയോ ചൊല്ലിപ്പറഞ്ഞ് അവർ കുറേ നേരം കരഞ്ഞുകൊണ്ടേയിരുന്നു. കരച്ചിലവസാനിച്ചപ്പോൾ അവർ അടുത്ത് വന്ന് ഞങ്ങളോട് പറഞ്ഞു: ""എന്തിനാണ് ഓനിത് ചെയ്തേന്ന് ഓനോടൊന്ന് ചോയിക്ക് മക്കളേ ''

ഞങ്ങൾ അവനേയും കൂട്ടി കടപ്പുറത്തേക്ക് നടന്നു. അവനോട് ദേഷ്യപ്പെടരുതെന്ന് ഞാൻ നേരത്തെ തന്നെ ഷാജിയോട് പറഞ്ഞുറപ്പിച്ച് വെച്ചിരുന്നു. ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അവൻ സംസാരിച്ചു തുടങ്ങിയത്. അതാകട്ടെ നായയുടെ മോങ്ങലിൽ നിന്ന് വലിയ വ്യത്യാസമൊന്നും തോന്നാത്ത രീതിയിലായിരുന്നു താനും.
""ഞമ്മളെത്ര നായ്ക്കളെ തൂക്കീട്ട്ണ്ടെന്ന് അനക്കറിയ്വോ ദാസാ ?'' -അവൻ ചോദിച്ചു.
ഞാൻ ഇല്ലെന്ന് തലയാട്ടി.

""എഴുപതെണ്ണം'' അവൻ പറഞ്ഞു: ""എഴുപതെണ്ണത്തിനെ ഞമ്മള് തൂക്കീട്ട്ണ്ട്. അതില് അറ്പത്തൊമ്പതിനേം ഞമ്മള് കൊന്ന്. ഒന്ന് മാത്രം കയിച്ചിലായി. അയിറ്റിങ്ങള് ഇനിക്ക് ഒരു സ്വസ്ഥതേം തെര്ണില്ല'' - അവന്റെ മോങ്ങൽ ഉച്ചത്തിലായി.

ഞാനും ഷാജിയും എന്ത് പറയണമെന്നറിയാതെ നിന്നു.
""ചാകുമ്പോ നായിന്റെ മോറ് എങ്ങനാന്ന് കണ്ട്ക്ക്ണ ങ്ങള് ?''
രാത്രിയായത് കൊണ്ട് തൂക്കിലേറ്റപ്പെടുന്ന നായ്ക്കളുടെ മുഖം എങ്ങനെയാണെന്ന് ഞങ്ങൾ കണ്ടിട്ടില്ലായിരുന്നു. അതിന്റെ ശബ്ദം മാത്രമേ കേട്ടിരുന്നുള്ളൂ.
അവൻ ചോദ്യം ആവർത്തിച്ചു. ഞാൻ ഇല്ലെന്ന് പറഞ്ഞു.
""ന്നാ ഞാൻ കണ്ട്. അല്ല ഇനിക്ക് കാണിച്ച് തന്ന്''

ഞങ്ങൾക്കൊന്നും മനസ്സിലായില്ല. അവന് ഭ്രാന്ത് പിടിച്ചോ എന്ന് ഞാൻ സംശയിച്ചു. പിന്നീടവൻ പറഞ്ഞ കാര്യം ഷാജി എങ്ങനെയാണോ ഉൾക്കൊണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ, എന്നിൽ അത് ചില അസ്വസ്ഥതകൾ ഉണ്ടാക്കി എന്നത് സത്യമാണ്. അവൻ കുറച്ച് ദിവസം മുൻപ് കണ്ട ഒരു ദുഃസ്വപ്നത്തെ പറ്റി ഞങ്ങളോട് പറഞ്ഞു. അത് അവനിലുണ്ടക്കിയ പ്രതിഫലനങ്ങളാണത്രേ ഇക്കണ്ട സംഭവങ്ങൾക്കെല്ലാം കാരണം.ഒരു നിരീക്ഷകനെ പോലെ ഞാനവന്റെ ചലനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ഉന്മാദത്തിലേക്കുയരുന്ന കടൽ പോലെ അവനാ ദുഃസ്വപ്നത്തിന്റെ വാതിലുകൾ എനിക്കു മുന്നിലേക്ക് തുറന്നിട്ടു.

നട്ടുച്ചയായിരുന്നത്രേ നേരം. മുറ്റത്തെ കാഞ്ഞിരമരത്തിന്റെ ചുവട്ടിൽ എന്തോ കടിച്ചു വലിക്കുകയായിരുന്നത്രേ ഒരു നായ. നായയെ തൂക്കിയ പണ്ടത്തെ രാവുകളുടെ ഓർമ്മയിൽ കൈയ്യിൽ കിട്ടിയ ഇരുമ്പ്പൈപ്പ് കൊണ്ട് അവനതിനെ അടിച്ചു. വിശപ്പിന്റെ കാഠിന്യത്തിൽ പരിസരം മറന്ന് എച്ചിൽ ഭക്ഷിച്ചു കൊണ്ടിരുന്ന നായ അപ്രതീക്ഷിതമായ് കിട്ടിയ പ്രഹരത്തിൽ അവനെ തിരിഞ്ഞ് കടിക്കാനോങ്ങി. അവൻ ഇരുമ്പ്പൈപ്പ് ഒന്നുകൂടി വീശി. വാരിഭാഗത്തെ നാലഞ്ച് എല്ലു പൊട്ടിയ ശബ്ദമാണോ അതോ അതിന്റെ വേദനയാലുള്ള മോങ്ങലാണോ തന്നെ തളർത്തിയതെന്ന് അവന് മനസ്സിലായില്ല. നായ ഓടാൻ ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. അത് നിലത്ത് കിടന്ന് അവനെ നോക്കി നിലവിളിച്ചു.
""അയിന്റെ കണ്ണ്. ദാസാ അയിന്റെ കണ്ണ്. അത് ന്റെ മനസ്സ്ന്ന് പോണ്ല്ല'' - കുഞ്ഞാവുട്ടി കിതച്ചു.

നായയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി. കൂട്ടത്തിലൊരാൾ ഒരു വടിയെടുത്ത് അതിനെ അടിച്ചു. വന്നവരെല്ലാം തന്നെ അതിനെ അടിച്ചു. അതിന്റെ നിലവിളി പതിയെ പതിയെ ഒച്ച കുറഞ്ഞ് ഞെരക്കങ്ങൾ മാത്രമായി.

""അയിനെ അടിക്കര്ത്. അത് പൊയ്ക്കേട്ടെ'' - അത് പറഞ്ഞത് താൻ തന്നെയാണോ എന്നവന് സംശയം തോന്നിയത്രേ. കൂടി നിന്ന ആളുകൾക്കും അതിനെ കൊല്ലണമെന്നുണ്ടായിരുന്നില്ല. അത്ര ദയനീയമായിരുന്നു അതിന്റെ മുഖവും മുരൾച്ചയും. അത് അവിടെ നിന്ന് ഓടിപ്പോയിരുന്നെങ്കിലെന്ന് അവരാഗ്രഹിച്ചു.

""കൊറച്ച് വെള്ളം കൊട്ക്ക് ' - അവൻ ആരോടെന്നില്ലാതെ പറഞ്ഞു. അങ്ങനെയെങ്കിലും അത് രക്ഷപ്പെട്ടെങ്കിലോ എന്നവൻ കരുതി. ആരോ ഒഴിച്ചു കൊടുത്ത ഒരിറ്റ് വെള്ളം ഒന്ന് നൊട്ടിനുണഞ്ഞ് അതുടനെ തന്നെ അവിടം വിട്ടു പോയ്; ശരീരത്തെ എടുക്കാൻ മറന്നിട്ട്. സ്വന്തം ശരീരത്തിന്റെ ഭാരം ഊന്നുവടി പോലെ പിടിച്ച ഇരുമ്പ് പൈപ്പിലേക്കമരുന്നത് അവനറിഞ്ഞു. അത് പകുതിയോളം മണ്ണിലേക്ക് താഴ്ന്ന് പോയി.

""പോലീസിനെ വിളിക്ക്'' - ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അവനുണർന്നു.
""പോലീസിനെ വിളിക്ക് ദാസാ'' - അവൻ സ്വപ്നത്തിലെ വാക്കുകൾ ആവർത്തിച്ചു. ഞാൻ ഞെട്ടി. അവൻ കരയുകയായിരുന്നു.
""പോലീസിനെ വിളിക്ക് ദാസാ. ഞാനാ അയിനെ കൊന്നത്'' - അവൻ അലമുറയിടാൻ തുടങ്ങി.

ഞാനാകെ പകച്ചു പോയി. കരിങ്കല്ലു കൊണ്ട് നായയുടെ വൃഷണം തകർത്ത ആളാണ് സ്വപ്നത്തിൽ ഒരു നായയെ കൊന്നതിന് നിലവിളിക്കുന്നത്.
""അതൊര് സ്വപ്നല്ലേ ?''- ഞാനവനെ സമാധാനിപ്പിച്ചു.
അവനെ അങ്ങനെ ആശ്വസിപ്പിക്കുമ്പോഴും എന്റെ തൊണ്ടക്കുഴിയിൽ ഒരു ഓരി വന്നു തടയുന്ന പോലെ എനിക്കു തോന്നി.

അവനേയും കൊണ്ട് തിരിച്ച് വീട്ടിലെത്തിയപ്പോൾ അവന്റെ ഉമ്മ ചോദിച്ചു: ""ഓനെന്തെങ്കിലും പറഞ്ഞ മോനേ?''
മറുപടി പറയാൻ ഒരു കള്ളമാലോചിക്കുന്നതിനിടയിൽ ഷാജി ഇടയിൽ കേറി പറഞ്ഞു: ''ഉമ്മാ ഓന്ക്കൊര് പെങ്കൂട്ടീനേ ഇഷ്ട്ടേര്ന്ന്. ഓള് കല്യാണം കയിഞ്ഞ് പോയേന്റെ സങ്കടത്തിലാ ഓൻ....''
""ഏത് പെങ്കുട്ട്യാണ് ന്റെ കുട്ടീനെ പറ്റിച്ചത്? ഓളോട് ഞാൻ ചോയിക്കാ.''
""അതുമ്മാ, ഓനിഷ്ടപ്പെടണ കാര്യം ഓൾക്കറീലേര്ന്ന് ' - ഷാജിയുടെ കലി അടങ്ങിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. അതു പറഞ്ഞവൻ വേഗം നടന്നു. പിന്നാലെ ഞാനും.

അതിന് ശേഷം കുഞ്ഞാവുട്ടി ഞങ്ങളുടെ കൂടെയിരിക്കാൻ ഒരിക്കലും കടപ്പുറത്തേക്ക് വന്നിട്ടില്ല. അവൻ മുറിയിൽ നിന്ന് പുറത്തിറങ്ങാറേയില്ലായിരുന്നു. ഓരോ ദിവസവും ഉണരുമ്പോൾ അവന്റെ ദേഹം മുഴുവൻ നഖപ്പാടുകൾ നിറഞ്ഞിരുന്നു. ചോദിച്ചാലവൻ പറയും: ""നായി മാന്ത്യതാണ് ''

ഒരു രാത്രി അവനെ കാണാതായി. കടപ്പുറത്തേക്ക് നടക്കുന്നത് കണ്ടുവെന്നും അതല്ല കടലിലേക്കിറങ്ങി പോയെന്നെും പറയുന്നത് കേട്ടു. നീന്താനറിയുന്നവർ പോലും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത അന്നത്തെ പെരുങ്കടലിലേക്ക് അവനിറങ്ങിപ്പോയെങ്കിൽ തിരിച്ചു വരവ് അസാധ്യമാകുമായിരുന്നു. കോസ്റ്റ്ഗാർഡും മത്സ്യത്തൊഴിലാളികളും ആഴ്ച്ചകളോളം തിരഞ്ഞെങ്കിലും അവനെ കിട്ടിയില്ല. ദൂരെ, കടൽപ്പക്ഷികൾ വട്ടമിട്ട് പറക്കുന്നത് കണ്ട് അങ്ങോട്ട് തിരഞ്ഞു ചെന്നപ്പോൾ കണ്ടത് ഒരു നായയുടെ അഴുകിയ ശരീരമായിരുന്നു. അതങ്ങനെ പല സ്ഥലത്ത് കണ്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ടപ്പോൾ അവരതെടുത്ത് കരയിലേക്ക് കൊണ്ടു വന്നു. കടപ്പുറത്ത് തന്നെ അതിനെ കുഴിച്ചു മൂടി. കുഴിയിലേക്കിറക്കും മുമ്പ് ഞാനതിനെ ശരിക്ക് കണ്ടു. അതിന്റെ കഴുത്തിൽ കേബിൾ മുറുകിയ പോലൊരു പാട് ഉള്ള പോലെ എനിക്ക് തോന്നി. അത് ചിലപ്പോൾ എന്റെ തോന്നൽ മാത്രമായിരിക്കാം. അതിനു ശേഷം എല്ലാ രാത്രികളിലും എഴുപത് നായകളുടെ ഓരി ഞാൻ കേൾക്കാറുണ്ട്. അത് പക്ഷേ, എന്റെ തോന്നലല്ല. സത്യമാണ്. അതിൽ അറുപത്തൊമ്പതെണ്ണത്തിന്റേയും ഒന്നിച്ചുള്ള ഓരിയിടൽ സഹിക്കാം. പക്ഷേ, കൂട്ടത്തിൽപ്പെടാത്ത പാതി ജീവനുള്ള ഒന്നിന്റെ ഓരി. അതെന്റെ ചോര മരവിപ്പിക്കുന്നു. തൊലിയിൽ നഖപ്പാടുകൾ വീഴ്ത്തുന്നു. ▮

* കടലാമയുടെ മുട്ടകൾ തേടി സന്നദ്ധ പ്രവർത്തകർ രാത്രി നേരത്ത് നടത്തുന്ന സഞ്ചാരം.​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments