ഏതു സ്റ്റേഷനിൽ നിന്നാണ് അവൾ കയറിയതെന്ന് ശ്രദ്ധിച്ചില്ല. താനപ്പോൾ എന്തുചെയ്യുകയായിരുന്നു എന്നയാൾ ചിന്തിച്ചു. ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. ചിന്തിക്കുക പോലും. മെട്രോയിലാണെന്നോ ഈ ലോകത്തിൽ തന്നെയാണെന്നോ, അല്ല, അയാൾ അയാളെത്തന്നെ മറന്നിരിക്കുകയായിരുന്നു. അല്ലെങ്കിൽ അയാൾ, അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു.
അയാൾ ദിവാസ്വപ്നങ്ങളിൽ നിന്ന് മെട്രോയുടെ ബഹളങ്ങളിലേക്ക് തിരികെ പ്രവേശിച്ച നിമിഷത്തിൽ അവളുണ്ട് മുന്നിൽ. ട്രെയിനിൽ മുകളിലെ കമ്പിയിൽ തൂങ്ങിപ്പിടിച്ച് അയാളെത്തന്നെ നോക്കിനിൽക്കുന്നു. കുരിശിലെ യേശുവിന്റെ ചാഞ്ഞുനോട്ടം. എവിടെയൊക്കെയോ കണ്ടിട്ടുള്ള അതേ തളർന്ന നിൽപ്പ്. എത്രാമത്തെ വട്ടം, എവിടെ വച്ചൊക്കെയാണ് ഇവളെ കാണുന്നത്. ഇതിനുമുൻപ് കണ്ടത് ഖജൂരാഹോ ക്ഷേത്രത്തിൽ വച്ചാണ്. ഖജൂരാഹോയിലെ രതിശില്പങ്ങൾ കണ്ടു നടക്കുകയായിരുന്നു. ‘നാണമില്ലേ നിങ്ങൾക്ക്’ എന്നൊരു ചോദ്യം കേട്ടാണ് പിന്തിരിഞ്ഞു നോക്കിയത്. തീ പാറുന്ന കണ്ണുകൾ അയാൾക്കു നേരെ തുറിച്ച് അവൾ പിന്നിൽ നിൽക്കുന്നു. ‘അല്ലെങ്കിലും ഈ, ആണുങ്ങളെല്ലാം ഇങ്ങനെയാണ്. കണ്ണുതെറ്റിയാൽ.. ’ എന്നവൾ ദേഷ്യത്തിൽ ക്ഷേത്രത്തിന്റെ ചവിട്ടുപടികൾ ഓടിയിറങ്ങിപ്പോകുന്നു. വെയിലിൽ അവൾ നീണ്ടൊരു നിഴൽ മാത്രമാകുന്നു. മറ്റൊരിക്കൽ ചൂഡി ബസാറിൽ കുപ്പിവളകൾ കച്ചവടം ചെയ്യുന്നവളായി. വളകൾ വാങ്ങൂ എന്നവളയാളോടും പറഞ്ഞു. മറ്റൊരു ഭാഷയിലാണ് പറഞ്ഞതെങ്കിലും അയാൾക്കത് വ്യക്തമായി മനസ്സിലായി. എനിക്കെന്തിനാണ് വളകളെന്നു ചോദിച്ചപ്പോൾ ‘നിങ്ങൾക്കും കാണില്ലേ വളകൾ ഇടുന്ന ആരെങ്കിലും’ എന്നവൾ എന്തോ മനസ്സിൽ കണ്ട് ചിരിച്ചു. ആരെയും ഓർമ വരാതിരുന്നതിനാൽ വള വേണ്ടെന്ന് തിരിഞ്ഞുനടന്നു. പിന്നിൽ കുത്തുന്ന വെയിലും കടന്ന് കുറെ ദൂരെയെത്തി തിരിഞ്ഞു നോക്കി. വെയിൽ, പെരുമഴയായി തോരാതെ പെയ്യുകയാണ്. വെയിൽ നനഞ്ഞ് അവളയാളെത്തന്നെ നോക്കി നിൽക്കുന്നു. അവളൊരു വിളറിയ ചിരി ചിരിച്ച് ഒരടി മുന്നോട്ടുവച്ച് വളകൾ നീട്ടുന്നത് പോലെ കാണിച്ചു. അയാൾ ഭയന്ന് ചാർമിനാറിന്റെ നിഴലിൽ ഒളിച്ചു. ബാന്ദ്രയിൽ നിന്ന് പുറപ്പെടുന്ന ബസിൽ കുഴപ്പിക്കുന്നതെന്തോ ആലോചിച്ച് തളർന്നുനിൽക്കുന്നതായി മറ്റൊരിക്കൽ കണ്ടു. മുന്നിലൂടെ കടന്നുപോയിട്ടും അവളയാളെ കണ്ടില്ല. ബസിന്റെ ജാലകത്തിലൂടെ ദൂരെ കാണുന്ന ആളുകളെയല്ല, വാഹനങ്ങളെയല്ല, അതിനുമപ്പുറം, അതിനുമപ്പുറം, ആകാശത്തിനുമപ്പുറത്തേക്കാണ് അവൾ നോക്കുന്നതെന്ന് തോന്നി. ഇവളിത് എന്തിനുള്ള പുറപ്പാടാണെന്ന് അയാൾക്ക് പിടിച്ചുവെക്കാനാവാത്ത വിഭ്രാന്തിയുണ്ടായി. അയാളവളുടെ കണ്ണുകളിലേക്ക് നോക്കി. ‘ഇപ്പോൾ ഞാനൊരു ആഴമുള്ള പുഴയിലേക്ക് നോക്കുന്നു, ഞാൻ എന്നെത്തന്നെ കാണുന്നു’. അയാൾ സ്വയം പറഞ്ഞു.

‘എന്നു തുടങ്ങിയ നിൽപ്പാണിത്?’, അയാൾ ചോദിച്ചു. അയാളല്ല, അയാളെക്കാൾ ഒരുപാട് പിന്നോട്ട് പോയ അയാൾ, ചോദിച്ചു.
‘നൂറ്റാണ്ടുകളെ’ ന്ന് അവൾ ചുണ്ടനക്കി.
‘കൊച്ചി മെട്രോ വെറുമൊരു ആവരണം മാത്രം’.
അവൾ ശബ്ദമില്ലാതെ പറയുന്നത് എത്ര ആഴത്തിലും വ്യക്തവുമായാണ് അയാൾക്ക് കേൾക്കാൻ കഴിയുന്നത്.
‘ആവരണം?’
‘മെട്രോ ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ, കാളവണ്ടികൾ, തീവണ്ടികൾ, ബസുകൾ, തെരുവുകൾ, പാതകൾ, എന്തിന്, നമ്മൾ, നമ്മുടെ അച്ഛനപ്പൂപ്പന്മാർ ജനിക്കുന്നതിനും എത്രയോ മുൻപേ മുതലുള്ള നിൽപ്. നോക്കൂ, നമ്മുടെ ഈ ശരീരം പോലും വെറുമൊരു ആവരണം മാത്രം. എത്രയെത്ര ആവരണങ്ങൾ ധരിച്ചും അഴിച്ചുകളഞ്ഞുമാണ് നമ്മൾ ഇന്ന് കൊച്ചിമെട്രോയിൽ നിൽക്കുന്നത്’.
അയാളുടെ നോട്ടം തട്ടിയപ്പോൾ അതുവരെ അയാളെ നോക്കി നിൽക്കുകയായിരുന്ന അവൾ അയാളിൽ നിന്നും കണ്ണുകൾ തെന്നിച്ച് മെട്രോയുടെ ചില്ലിലൂടെ പുറത്തേക്ക് നോക്കി. അദൃശ്യമായ ഒരു ചില്ലുപാളി തങ്ങളുടെ ജന്മങ്ങളെ വേർതിരിക്കുന്നു, അയാളോർത്തു. അജ്ഞാതമായ ഒരു ഉൾപ്രേരണയാൽ അവൾ നോക്കിയിടത്തേക്ക് അയാളും നോക്കിപ്പോയി.
പുറത്ത് ഇരുൾ വീണിരിക്കുന്നു.
‘നീ പണ്ടേ അങ്ങനെയാണ്. ഒരിക്കലും മുഖം തരില്ല. എത്രയോ യുഗങ്ങളായി..’
അയാൾ പരിഭവം പറഞ്ഞു. അവളുടെ കണ്ണുകൾ വേഗത്തിൽ അയാളിലേക്ക് തിരിച്ചുവന്ന് അതിലും വേഗത്തിൽ മടങ്ങിപ്പോയി. ഏതോ കിളി, അതിരുന്ന കെട്ടിടത്തിൽ നിന്നുയർന്ന് ആകാശത്തിലൊരു നൃത്തച്ചുവട് വച്ച് വീണ്ടുമവിടെത്തന്നെ വന്നിരിക്കുന്നത് അയാൾ കണ്ടു. ചുണ്ടിന്റെ കോണിലൊരു ചിരി തൊടുത്ത് അവൾ പറഞ്ഞു. ആ ചിരി അയാളിടയ്ക്കിടെ രാത്രിസ്വപ്നത്തിൽ കണ്ടിട്ടുണ്ട്.
‘നിങ്ങളന്നൊരു ചിത്രകാരനായിരുന്നു.’.
ഏത് ജന്മത്തിലെന്ന് ചോദിക്കാനാണ് തോന്നിയത്. ചോദിക്കുന്നതിനു മുൻപേ അവൾ പറഞ്ഞുകഴിഞ്ഞു.
‘ഏതോ ജന്മത്തിൽ. നമ്മുടെ നൂറ്റി നാല്പത്തിയൊൻപത് ജന്മങ്ങളിൽ ഏതാണെന്ന് എങ്ങനെ ഉറപ്പിച്ചു പറയും? നിങ്ങളൊരു ചിത്രകാരനായിരുന്നു എന്ന് മാത്രം അറിയാം’.
‘അപ്പോൾ നീയോ?’
‘ഞാനൊരു ഇരുപത്തിയാറുകാരി. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും. പൂർവജന്മങ്ങളെ സ്വപ്നങ്ങളിൽ ദർശിക്കുന്നവൾ. നിങ്ങളന്ന് മദിരാശിയിലായിരുന്നു. തഞ്ചാവൂർക്കാരിയായ ഞാനെങ്ങിനെയാണ്, പുരസവാക്കത്തുള്ള നിങ്ങളുടെ വീട്ടിലെത്തിയതെന്നറിയില്ല. ഒരു പരിചയവുമില്ലാത്ത മദിരാശിയിൽ, ഒരാവശ്യത്തിനുമല്ലാതെ, ഒരു നീണ്ട നിദ്രാസ്വപ്നയാത്രയിലെന്നോണം ഞാനവിടെ എത്തിപ്പെടുകയായിരുന്നു എന്ന് മാത്രം അറിയാം’.
‘പുരസവാക്കത്തെ നിങ്ങളുടെ വീടിന്റെ, കരിവീട്ടിക്കാതലിൽ മാൻമുഖം കൊത്തിയ മുൻവാതിൽ തുറയുന്നത് എനിക്കിപ്പോളും ഓർമയുണ്ട്. വർഷങ്ങളായി അനങ്ങാതെ ഉറച്ചു പോയ വിജാഗിരികൾ കരയുന്ന ശബ്ദം. അതേസമയം, അതേ ശബ്ദം എന്റെ ഹൃദയത്തിലും അതേ ആവൃത്തിയോടെ ആവർത്തിച്ചു. ഹൃദയത്തിന്റെ വിജാഗിരികൾ അഴിയുന്ന ശബ്ദം’.

‘ശരിയായിരുന്നു’.
മെട്രോ എവിടെയെത്തിയെന്ന് അയാൾ ഡിസ്‌പ്ളേയിലേക്ക് പാളി നോക്കി.
‘ഞാനും ഉറച്ചുപോയിരുന്നു. സ്വയം അനങ്ങാനാവാത്ത ഒരു ശിലയായി. പക്ഷെ എന്റെ വീടിന്റെ വാതിൽ തുറക്കാനുള്ള രഹസ്യകോഡ് നിന്റെ കയ്യിൽ മാത്രമായിരുന്നു. ശിലയെ തിരികെ പൂവാക്കുവാനുള്ള മന്ത്രം. നീയായിരുന്നു എന്റെ പുറത്തേക്കുള്ള വാതിൽ. ലോകത്തിലേക്കുള്ള എന്റെ പ്രവേശനകവാടം’.
അയാളുടെ തൊട്ടടുത്തിരുന്നയാൾ എഴുന്നേറ്റിടത്ത് അവൾ ഇരുന്നു. ആ യാത്രക്കാരൻ അവിടെത്തന്നെ ഇറങ്ങേണ്ടയാളായിരുന്നോ എന്നയാൾ സംശയിക്കാതിരുന്നില്ല. അവൾക്ക് ഇരിക്കാൻ വേണ്ടി മാത്രം അയാൾ രണ്ടു സ്റ്റേഷൻ മുൻപേ ഇറങ്ങിയതാവാനും മതി. അരികിലിരുന്നെങ്കിലും അവൾ തലതിരിച്ച് അയാളെ നോക്കിയതേയില്ല.
കയറുന്ന യാത്രക്കാർ കുറയുകയും ഇറങ്ങിപ്പോകുന്നവർ വർദ്ധിക്കുവാനും തുടങ്ങിയിരിക്കുന്നു. ഇപ്പോൾ, ഇറങ്ങിപ്പോകുന്നവരുടെ സമയമാണ്, അയാൾ നടുക്കത്തോടെ ഓർത്തു. ഒപ്പം പഠിച്ച സുഹൃത്തുക്കളിലൊരുവൻ കഴിഞ്ഞയാഴ്ചയാണ് ലോകത്തിൽ നിന്നിറങ്ങിപ്പോയത്. ഇരുട്ട് കൂടി വരുന്ന തെരുവ് കണക്ക് മെട്രോ വിജനമാകാൻ തുടങ്ങുന്നു. ജീവിതവും.
‘നിങ്ങൾക്കറിയാമോ, ഈ നൂറ്റിനാല്പത്തിയൊൻപത് ജന്മങ്ങളിൽ ഒരിക്കൽപ്പോലും ഞാൻ ഒരിടത്തും ഇരുന്നിട്ടില്ല. നിങ്ങളെ നോക്കിനോക്കി ഇതുപോലെ നിൽക്കുകയായിരുന്നു, ഇപ്പോളുമതേ. എന്നാൽ നിങ്ങളോ എന്നെ തിരിച്ചറിഞ്ഞത് പോലുമില്ല.
നിങ്ങളെ കണ്ടുനിന്നു ശിലയായിത്തീർന്നവളാണ്…’.
‘ഞാൻ വേറെ പെൺകുട്ടികളിൽ നിന്നെ തേടി. കണ്ടെത്തിയുമില്ല’.
‘നിങ്ങളന്ന് കടുംമഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. ബ്ലൗസ് ധരിക്കാതെ സാരി മാത്രം ചുറ്റി’.
‘സാരി? അസംബന്ധം’, അയാൾക്ക് ചിരി വന്നു.
‘അസംബന്ധമെങ്കിൽ അസംബന്ധം. നിങ്ങൾക്ക് ഞാൻ തന്നെ ഏറ്റവും വലിയ അസംബന്ധമായിരുന്നല്ലോ. ഏതായാലും പറഞ്ഞു തുടങ്ങിയില്ലേ, ബാക്കി അസംബന്ധം കൂടി പറയാം. വീടിനുള്ളിലെ തണലിലും നിങ്ങളുടെ ശരീരം പോക്കുവെയിലേറ്റെന്ന പോലെ തിളങ്ങുന്നുണ്ടായിരുന്നു. ഇണചേരാൻ മോഹിപ്പിക്കുന്ന ഒരു ലാസ്യഭാവം നിങ്ങളുടെ കണ്ണുകളിൽ, അല്ല, മുഴുവൻ ചലനങ്ങളിലുമുണ്ടായിരുന്നു. നിങ്ങളുടെ വാലിട്ടെഴുതിയ മിഴികൾ എന്നെ നോക്കിയപ്പോൾ പെട്ടെന്നൊരു മഴ പെയ്ത് എനിക്കുള്ളിൽ കുളിർന്നു. ഒറ്റനോട്ടത്തിൽ, നിങ്ങൾ നെടുകെ പിളർന്നിരിക്കുന്നത് ഞാൻ അറിഞ്ഞു. പാതി പുരുഷനും മറുപാതി സ്ത്രീയും. നിങ്ങളുടെ മറ്റേ പാതി ഞാനായിരുന്നു’.
‘വരൂ പൂമൊഴി..’
‘നിങ്ങൾ വിളിച്ചു. നിങ്ങൾ വിളിച്ചതായി തോന്നിയില്ല. എവിടെ നിന്നാണ് ഈ ഓടക്കുഴൽ നാദം പുറപ്പെടുന്നതെന്ന് ഞാൻ ആലോചിച്ചു’.
‘എന്റെ തമിഴരസി..’
നിങ്ങൾ വീണ്ടും വിളിച്ചു, ഇത്തവണ കോണിപ്പടിയിലേക്ക് ഇടത്തേക്കൈ വിടർത്തി. അപ്പോൾ നിങ്ങളുടെ സ്വർണ്ണനിറമുള്ള കൈപ്പത്തിയിൽ നിന്ന് ഒരു സുഗന്ധം ഊർന്നിറങ്ങി എന്നെ തൊട്ടു’.

‘കോകില’
ഞാൻ കോകില അല്ലായിരുന്നു. തമിഴരസിയോ പൂമൊഴിയോ അല്ലായിരുന്നു. എന്നാൽ, കോകിലയും ഞാനായിരുന്നു. തമിഴരസിയും പൂമൊഴിയും ഞാൻ തന്നെയായിരുന്നു. നേർത്ത തണുപ്പുള്ള തറയിലൂടെ നമ്മൾ നടന്നു. ഏതോ ഒടിവിദ്യയിലെന്ന പോലെ എന്റെ പുറംകണ്ണുകൾ മൂടപ്പെട്ടിരുന്നു, എന്നാലത്രത്തോളം ജീവസുറ്റ ഉൾക്കണ്ണ് എന്നിൽ തുറന്നിരിക്കുന്നുണ്ടായിരുന്നു. ഇളംതണുപ്പുള്ള നിങ്ങളുടെ വീട്ടിനുള്ളിലൂടെ ഞാനാദ്യമായി നടക്കുകയായിരുന്നു. എന്നാൽ വീട്ടിലൂടെ നൂറ്റാണ്ടുകളായി നടക്കുകയാണെന്ന് ഞാൻ നടന്നു. വീടിന്റെ ഓരോ മുക്കും മൂലയും എനിക്കറിയാമായിരുന്നു. വീട് മാത്രമല്ല, പുരസവാക്കത്തെ ഓരോ ഇലകളെ വരെ. മുകളിലേക്ക്, മരഗോവണിയുടെ ആദ്യത്തെ പടിയിൽ ചവിട്ടിയ നിമിഷം, ചുണ്ടുകൾ വരണ്ടു പോകുന്നതായി തോന്നി. ശരീരം തളരുന്നു. ഇവിടെ വച്ചാണ് നിങ്ങളെന്റെ അധരങ്ങൾ കടിച്ചെടുത്തത്. മരഗോവണിയോട് ചേർന്ന മതിലിൽ ചാരിനിറുത്തി പതിനഞ്ചുകാരിയുടെ കൂമ്പിയ മുഖക്കുരുവിൽ, അവളുടെ ജീവിതത്തിലാദ്യമായി ഒരന്യപുരുഷൻ, നിങ്ങൾ ചുംബിച്ചത്’.
‘ഞാനോർക്കുന്നുണ്ട്, എവിടെ എവിടെ എന്ന് നീ ഉത്സാഹപ്പെട്ടുകൊണ്ടിരുന്നു’.
‘അതേ, എവിടെ എവിടെയെന്ന് ഞാൻ അന്വേഷിച്ചെങ്കിലും എന്താണന്വേഷിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. നാലാമത്തെയോ അഞ്ചാമത്തെയോ പടി കയറിയത് മാത്രം….
മരത്തിന്റെ ചവിട്ടുപടികൾ കുലുങ്ങിക്കുലുങ്ങിച്ചിരിക്കുന്നത് ’
‘മുകളിലേക്ക് കയറുവാനനുവദിക്കാത്ത വിധം ആരോ എന്നെ തടയുന്നതായി അനുഭവപ്പെട്ടു. പിന്നിലേക്കോടാൻ ശ്രമിച്ചപ്പോൾ മറ്റാരോ എന്നെ അനങ്ങാതെ പിടിച്ചുവച്ചു. കാലുകളിൽ ചങ്ങലപ്പൂട്ടിട്ട് പൂട്ടിയെന്ന വണ്ണമാണ് പടികൾ ചവിട്ടി മുകളിലെത്തിയത്’.
‘മുകളിൽ, നിങ്ങളെന്നെ വീണ്ടും കരയിച്ചു. നിങ്ങളുടെ ചിത്രശാലയായിരുന്നു അത്. നിങ്ങൾ വരയ്ക്കുന്നിടം. നിങ്ങൾ കൂടുതൽ സമയം തങ്ങിനിൽക്കുന്നിടം. ചുവരിൽ തൂങ്ങിയ നൂറ്റിനാല്പത്തിയൊൻപത് ചിത്രങ്ങളിലൂടെ ഞാൻ കടന്നുപോയി. ഒരു നീളൻ മെട്രോ ട്രെയിനിന്റെ ബോഗികൾ മുന്നിലൂടെ ഓടിപ്പോകുന്നത് പോലെ നൂറ്റിനാല്പത്തിയൊൻപത് ജന്മങ്ങൾ ഒറ്റയടിക്ക് എന്നിലൂടെ ഓടിപ്പോയി. നൂറ്റിനാല്പത്തിയൊൻപത് ഞാൻ. നൂറ്റിയൻപതാമത്തെ ചിത്രത്തിൽ പൂർത്തിയാകാത്ത ഞാൻ. ഇനിയും പൂർത്തിയായിട്ടില്ലാത്ത ഇപ്പോളത്തെ ജന്മം. ഓരോ ചിത്രത്തിലും തൊട്ട് നിങ്ങളെന്നെ പരിചയപ്പെടുത്തി:
‘ഇത് പൂമൊഴി..’
‘ഇത് തമിഴരസി..’
‘ചന്ദ്രിക..’
കോകില…
‘നാല്പതാമത്തെ ചിത്രത്തിലെ ചൂഡി ബസാറിൽ വളകൾ കയ്യിൽ പിടിച്ചു നിൽക്കുന്ന എന്നെ നിങ്ങൾ, ‘എഴിൽ’ എന്ന് പരിചയപ്പെടുത്തിയതും പിന്നീടെനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞു നിങ്ങളുടെ മാറിൽ വീണ് ബോധം മറഞ്ഞ് ഊർന്നുപോയത് ഇന്നലെ നടന്നത് പോലെ..’.
ഇപ്പോൾ മെട്രോയിൽ അവർ രണ്ടുപേർ മാത്രമേയുള്ളു. രണ്ടേ രണ്ടു ശിലകൾ.
അയാൾ ഇറങ്ങാനെഴുന്നേറ്റു.
‘നിൽക്കൂ.’.
അയാൾ പെട്ടെന്ന് തിരിഞ്ഞ് അവളെ നോക്കി. അവൾ ഡോറിന് തൊട്ടുള്ള ഹാൻഡിലിൽ പിടിച്ച് അയാൾക്ക് നേരെ നിന്നു.
‘ഇതുപോലൊരു യാത്രക്കിടയിലാണ് നിങ്ങളെന്നെ ഒറ്റക്കാക്കി കടന്നു കളഞ്ഞത്. നമ്മളിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ...
നമ്മൾ കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് ബസിൽ സഞ്ചരിച്ച ഏതോ അർദ്ധരാത്രി, ബസ് ഡ്രൈവർക്ക് ഉറക്കം വരുന്നുവെന്ന്, പാലക്കാട് ബസ്സ്സ്റ്റാൻഡിൽ കട്ടൻകാപ്പി കുടിക്കാൻ ബസ് നിറുത്തിയിട്ട നേരത്ത്. ചൊരുക്ക് വല്ലാതെ ബാധിച്ച് യാത്രയിലുടനീളം ഞാൻ ബസിൽ ഛർദ്ദിച്ചു. ചെറുനാരങ്ങ മണപ്പിച്ചാൽ ഛർദ്ദിലിനു ശമനമുണ്ടാകുമെന്ന്, നിങ്ങൾ സ്റ്റാൻഡിലെ ചെറിയ കടയിൽ നിന്ന് ചെറുനാരങ്ങ വാങ്ങിവരാമെന്നു പറഞ്ഞു. ‘പിന്നീടാകട്ടെ’ യെന്ന് ഞാൻ നിങ്ങളെ പിടിച്ചുവച്ചു. നിങ്ങളുടെ തോളിൽ തല ചായ്‌ച്ച് വെറുതേ കിടക്കാൻ കൊതിയെന്ന് പറഞ്ഞതും നിങ്ങളെനിക്ക് നിങ്ങളുടെ തോൾ നീട്ടിത്തന്നു. അങ്ങിനെ കിടന്ന ഞാൻ എപ്പോളോ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ ഞാൻ ഇത്രനേരവും മറ്റൊരാളുടെ തോളിൽ തല ചായ്‌ച്ച് ഉറങ്ങുകയായിരുന്നെന്ന് ലജ്ജയോടെ കണ്ടു. എൺപതോ തൊണ്ണൂറോ വർഷങ്ങൾ നീണ്ട യാത്രക്ക് ശേഷമുള്ള അഗാധമായ ഉറക്കത്തിൽ നിന്ന് പുതിയ ഉണർച്ചയിലേക്കുണർന്നപ്പോൾ ബസിൽ എന്റെ അരികിൽ എന്നെ നോക്കി ഇരിക്കുന്നയാളെ ഞാൻ ആശ്ചര്യത്തോടെ നോക്കി. ‘ചത്തത് പോലുള്ള ഉറക്കമായിരുന്നു’ വെന്ന് അയാൾ കൗതുകം പൂണ്ടു. അയാൾ കയ്യിൽ കരുതിയിരുന്ന രണ്ടു ചെറുനാരങ്ങകളിൽ ഒരെണ്ണമെടുത്ത് എനിക്ക് മണക്കാൻ തന്നു. ‘ഛർദ്ദിൽ വേഗത്തിൽ മാറും’, അയാൾ പറഞ്ഞു. ചെറുനാരങ്ങ മണത്തതും ഞാൻ മറ്റൊരു ലോകത്തിലേക്ക് കാൽ വഴുതിയെന്ന പോലെ വീണുപോയി. പുതിയ ബസ്. പുതിയ സ്ഥലം. പുതിയ ആളുകൾ. എനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന ബസ്കണ്ടക്ടർ ഞങ്ങൾക്ക് രണ്ടു പുതിയ ടിക്കറ്റുകൾ നൽകി.

അയാളെന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുളും വെളിച്ചവും മാറിമാറിപ്പെയ്ത വഴിയായിരുന്നു അത്. വെളിച്ചമസ്തമിക്കാത്ത വലിയ വഴികളും പെട്ടെന്ന് കടന്നുവരുന്ന ഇരുണ്ട ഇടവഴികളും എന്നെ കുഴപ്പിച്ചു. കണ്ണിൽ കുത്തുന്ന ഇരുട്ടുമൂടിയ തുരങ്കങ്ങളിലൂടെ കടന്നുപോയപ്പോൾ ഞാൻ ഭയന്ന് അമ്മയെ വിളിച്ച് ഉറക്കെ നിലവിളിച്ചു. അവിടെ വച്ച് അയാളെന്നെ പ്രാപിച്ചു. വെളിച്ചത്തിലേക്ക് വന്നപ്പോൾ എന്റെ ഇരുകൈകളിലും രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. അഞ്ചും മൂന്നും വയസുള്ള രണ്ടു കുട്ടികൾ. ഇളയ കുട്ടിക്ക് നിങ്ങളുടെ മുഖമാണെന്ന് അയാൾ അതിഭീകരമായ വഴക്കുണ്ടാക്കി’.
മെട്രോയുടെ വാതിൽ തുറന്നു. അയാൾ പുറത്തുകടന്നു വേഗത്തിൽ പടികൾ ഇറങ്ങി.
അവൾ പിന്നാലെ വരുന്നുണ്ടായിരുന്നു, നിശ്ശബ്ദം. ഇനിയും അവളൊന്നും വെളിപ്പെടുത്തരുതേയെന്ന് അയാൾ കരഞ്ഞു. മെട്രോ സ്റ്റേഷനുമുന്നിൽ അവളെ കൊണ്ടുപോകാൻ കാത്തുനിന്ന സ്‌കൂട്ടറിൽ കയറിയിരുന്ന് സ്‌കൂട്ടർ ഓടിക്കുന്നയാളെ ചുറ്റിപ്പിടിച്ച് അവൾ അയാളെ ഒരിക്കൽക്കൂടി നോക്കി.
സ്‌കൂട്ടർ, വാഹനങ്ങളുടെ തിരക്കിൽ ഇല്ലാതായി.
