പ്രാണനാഥനെ മൂന്നു തവണ വിളിക്കുമ്പോഴും ദാ എത്തിപ്പോയി, എന്ന മറുപടി കേട്ട് അവൻ ഏതു ഭാഗത്തു നിന്നാണു വരുന്നതെന്നോ എന്താണവന്റെ വാഹനമെന്നോ അറിയാതെ നാലു ചുറ്റും തുറിച്ചു നോക്കി നിന്ന് കണ്ണുകൾ കടഞ്ഞു തുടങ്ങിയപ്പോഴാണ് ഞാനാ ചെറിയ ചായക്കടയിലേക്ക് കേറിച്ചെന്നത്. ചായയും വെളിച്ചെണ്ണയുടെ നറുമണമുള്ള പരിപ്പുവടയും കഴിച്ചു തീർന്നിട്ടും അവനെക്കണ്ടില്ല. ചായ എടുത്തുതന്നയാൾ പൈസ വാങ്ങിയിട്ട് ബാക്കി ചില്ലറയ്‌ക്കൊപ്പം കൈ തുടക്കാൻ തന്ന പേപ്പറിലെ വാർത്തക്കഷണത്തിൽ ഒരു നിമിഷം കണ്ണുടക്കി. കാണ്മാനില്ല എന്ന പരസ്യം. പൊലീസിന്റേതാണ്. മിക്കവാറും ഇത്തരം കോളങ്ങൾ പത്രത്തിന്റെ ഉൾപ്പേജുകളിലെ ശ്രദ്ധിക്കപ്പെടാത്ത അരികുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. "18 വയസും 162 സെന്റിമീറ്റർ ഉയരവുമുള്ള വെളുത്ത സ്ത്രീ, കാണാതാവുന്ന സമയത്ത് കറുത്ത നിറത്തിലുള്ള ടോപ്പും വെള്ള ലെഗ്ഗിൻസും ധരിച്ചിരുന്നു. 30- 4 - 19 ന് നാലു മണി മുതൽ കാണാതായിരിക്കുന്നു. ഉടുമ്പൻചോല പോലീസ് സ്റ്റേഷൻ പരിധിയിൽ...
എനിക്കു കിട്ടിയ പത്രക്കടലാസ് അവിടെ തീർന്നു പോയിരിക്കുകയാണ്. വിരലുകളിൽ തുളുമ്പിയ എണ്ണ ഷാളിൽ തുടച്ചു കൊണ്ട് ഞാൻ പുറത്തിറങ്ങി വീണ്ടും ചുറ്റും നോക്കി പ്രാണനാഥൻ വന്നിട്ടില്ലെന്നുറപ്പിച്ച് ബസ് ഷെൽട്ടറിലേക്കു തന്നെ കേറി, ഒഴിഞ്ഞുകിടന്ന സിമന്റു ബഞ്ചിലിരുന്ന് കൈയ്യിലെ പത്രക്കടലാസ് പിന്നെയും വായിച്ചു നോക്കി.
18 വയസുള്ള ആ പെൺകുട്ടി എവിടേക്കായിരിക്കും പോയിട്ടുണ്ടാവുക?
ഒരു വൈകുന്നേരം നാലു മണിക്ക് അവളെ പെട്ടന്നു കാണാതായി.
അവൾ ധരിച്ചിരുന്ന കറുപ്പും വെളുപ്പും ഉടുപ്പുകൾ നോക്കി ആർക്കെങ്കിലുമവളെ തിരിച്ചറിയാനാവുമോ? എത്ര സാധാരണമായൊരു കോംബിനേഷനാണത്! അതുമല്ല അവളതു ചേയ്ഞ്ചു ചെയ്യില്ലേ? ഞാൻ വെറുതെ ആലോചിച്ചു.
അവളുടെ കൈയ്യിലൊരു ബാഗുണ്ടാവും. സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കുറച്ചു സ്വർണവും പണവുമൊക്കെയായി അവൾ ഒളിച്ചോടിയതാവും. അങ്ങനെയെങ്കിൽ തീർച്ചയായും അവൾക്കൊരു കാമുകനുണ്ടാവണം.18 വയസായല്ലോ, എവിടെയോ കല്യാണം കഴിച്ചു ജീവിക്കുകയാവും രണ്ടു പേരും.
"ദീർഘസുമംഗലീ ഭവ' ഞാൻ മനസാ ആശീർവദിച്ചു.
ഒപ്പം എത്ര പ്രജുഡിസ്ഡ് ആണ് വിചാരങ്ങൾ എന്നോർത്തു ചിരിക്കുകേം ചെയ്തു. പെൺകുട്ടികൾ ഒളിച്ചോടിയാൽ കാമുകനൊപ്പമായിരിക്കും. ആയിരിക്കണം. മുതിർന്ന സ്ത്രീകൾ ഒളിച്ചോടിയാലോ? ഞാൻ ചുമ്മാ ഓർത്തു. സംശയമില്ല, അവിഹിതത്തിനു വേണ്ടി, ജാരനൊപ്പം.
ഇതിനടുത്തെവിടെയോ ഉള്ള സ്ഥലമാണ്, വരുന്നവഴിക്ക് പലേടത്തും ആ സ്ഥലത്തേക്കുള്ള ദൂരമെഴുതിയ ബോർഡുകൾ കണ്ട ഓർമ്മ. അങ്ങനെയെങ്കിൽ ഇവിടെവിടെങ്കിലും നിന്നുമാകാം അവൾ ബസുകയറിപ്പോയത്. ഒരു പക്ഷേ ഞാനിരിക്കുന്ന ഇതേ സ്ഥലത്തു നിന്ന്. ബസിൽ തന്നെയാവണമെന്നുമില്ല, ബൈക്കിലാവാം, കാറിലാവാം. പോയി എന്നതു മാത്രമാണു സത്യം. കറുപ്പും വെളുപ്പും ഉടുപ്പുകൾ, 18 വയസ്. ഞാൻ പിന്നെയുമോർത്തു, പതിനെട്ടു വയസുകാരിയെ സ്ത്രീ എന്നാണു പരസ്യത്തിൽ പറഞ്ഞിട്ടുള്ളത്. പെൺകുട്ടി എന്നു മതിയായിരുന്നു. പിന്നാ വെള്ള ലെഗ്ഗിൻസ്, കറുപ്പ് ടോപ്പ് എല്ലാർക്കുമുള്ള, എല്ലായിടത്തുമുള്ള ഒന്ന്. ഒരാവശ്യവുമില്ലാതെ അവളുടെ അഭിരുചിയെക്കുറിച്ചു ഞാൻ അസ്വസ്ഥയായി.
പ്രാണനാഥൻ വന്നത് ബൈക്കിലായിരുന്നു.
പത്രത്തിൽ കുമ്പിട്ടിരുന്നതുകൊണ്ട് അവൻ ഹോണടിച്ചപ്പോഴാണ് ഞാൻ ഞെട്ടി തല പൊക്കിയത്. ബൈക്കിൽ നിന്നിറങ്ങാതെ തന്നെ ഹെൽമറ്റൂരി അവൻ ചിരിച്ചു കൊണ്ട് എനിക്കു നേരെ കൈ നീട്ടി. എഴുന്നേറ്റ് അടുത്തെത്തിയപ്പോൾ എരിവുള്ള എന്തോ മണം പരന്നു. എന്തു പെർഫ്യൂമായിരിക്കും ഇത്?
"സോറീ. എന്റെ കാൽക്കുലേഷൻസ് തെറ്റിപ്പോയി, നീയെത്തും മുൻപേ എത്തണ്ടതായിരുന്നു. ഇവിടെ അധികം നിൽക്കണ്ട, വേഗം പോവാം '
ഞാൻ ചിരിച്ചു. ഈ ചെറിയ ജങ്ഷനിലുള്ള എല്ലാവരും എന്നെ കണ്ടു കഴിഞ്ഞു. ഏതാണ്ടര മണിക്കൂറിനു മേലായി ഞാനിവിടെ. പിന്നെ ചായക്കടയിലും കയറി. ഈ പത്രക്കഷണം കിട്ടുന്നതു വരെ ഒരു പാടു തുറിച്ചുനോട്ടങ്ങൾ എന്റെ നേരെ വരുന്നതു ഞാൻ കണ്ടിരുന്നു. അതിനു ശേഷമുള്ളതു ഞാൻ കണ്ടിട്ടില്ലാന്നേയുള്ളൂ. എന്തൊക്കെ പദ്ധതികളായിരുന്നു. അധികം തിരക്കില്ലാത്ത സ്ഥലത്തിറങ്ങുക, പെട്ടന്നു തന്നെ അവന്റെ ബൈക്കിൽ കയറിപ്പോവുക. ആരുടെയും ശ്രദ്ധയിൽപ്പെടാതെ സുരക്ഷിതമായി ഒളിത്താവളത്തിലേക്കു കടക്കുക. എന്നിട്ടിപ്പോൾ ഇത്രയും സമയം കൊണ്ട് ഞാൻ സ്വയം പരമാവധി പ്രദർശിപ്പിച്ചു കഴിഞ്ഞു.
അവൻ തന്ന ഹെൽമറ്റ് തലയിൽ വെച്ച് പിറകിൽ കേറുമ്പോഴും ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഹെൽമറ്റ് തീരെ ശീലമില്ലാത്തതു കൊണ്ടാവും എനിക്ക് തലയും മുഖവുമൊക്കെ പുകയുന്നതു പോലെ തോന്നിയത്.
അവൻ വണ്ടി വളച്ചെടുത്ത് കുത്തനെയുള്ള ഒരിറക്കത്തിലേക്കിറങ്ങി. എനിക്ക് ഉള്ളിൽ തീയാളി. ഹെൽമറ്റു മാത്രമല്ല, ബൈക്കുയാത്രയും ശീലമില്ലല്ലോ എന്നോർത്തതും അപ്പോഴാണ്.
അവനെ പിടിക്കണോ എന്ന ശങ്ക മറികടന്ന് കൈ പിന്നിലേക്കിട്ട് ഹാൻഡിൽ ബാറിൽ മുറുകെ പിടിച്ചു. തോളിലിട്ട ബാഗ് അവനും എനിക്കുമിടയിൽ വെച്ചു. അതിന്റെ വള്ളി ഇടയ്ക്കിടെ ഊർന്നു വീഴുന്നതു സാഹസികമായി ഞാൻ പിടിച്ചു കേറ്റിക്കൊണ്ടിരുന്നു.
കുറച്ചു ദൂരം നിരപ്പായിടത്തു കൂടെ പോയ വണ്ടി പിന്നെ മേലോട്ടു കയറാൻ തുടങ്ങി. കുത്തനെയുള്ള കയറ്റങ്ങൾ, വളവുകൾ . എനിക്ക് ഭയം കൊണ്ട് വീണ്ടും അടിവയറ്റിൽ തീ കത്തിത്തുടങ്ങി. കുറച്ചു നേരം. പിന്നെ അതൊരു രസമായിത്തീർന്നു. എതിരെ വലിയ വണ്ടികൾ വരുമ്പോൾ ഭയപ്പെടുക, വളവുകളിൽ വളഞ്ഞും ചെരിഞ്ഞും കേറുമ്പോൾ ഇപ്പോൾ വീഴുമെന്നോർത്തു വിറയ്ക്കുക, വീണില്ലെന്നറിയുമ്പോൾ ആശ്വസിക്കുക.
ടാറിട്ട റോഡ് വിട്ട് അവനൊരു മൺപാതയിലേക്കു കയറി. ഇരുവശത്തും പച്ച ഷീറ്റുകൊണ്ടു മറച്ച വേലികളാണ്. ഏലത്തോട്ടങ്ങളാണെന്ന വൻ പറഞ്ഞതു കഷ്ടപ്പെട്ടാണു പിടിച്ചെടുത്തത്. ഒടുവിൽ കുത്തനെയുള്ള ഒരു വലിയ കേറ്റം ഇരച്ചു കയറി, ബൈക്ക് നിന്നു.ആ കേറ്റത്തിനിടയിൽ വണ്ടി നിന്നു പോകുമോ, പുറകോട്ട് തെന്നി വീഴുമോ എന്നൊക്കെ ഞാൻ ഭയന്നിരുന്നു, ഇടയ്ക്ക് വീണുവെന്നുറപ്പിച്ചു കണ്ണുകൾ ഇറുകെ പൂട്ടുക പോലും ചെയ്തു.
"എറങ്ങിക്കോ'
ഞാൻ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തോടെ ബാഗുമായി ചാടിയിറങ്ങി. നിരപ്പായ സ്ഥലമാണ്. മുന്നിൽ പക്ഷേ മണ്ണൊലിച്ചിറങ്ങിയ ഗർത്തം, ചെറിയ നീരൊഴുക്കുമുണ്ട്. അതിനപ്പുറത്തേക്ക് ഒന്നുമില്ലാത്ത പോലെ, ഭൂമിയുടെ അറ്റം പോലെ.
മുകളിലേക്ക് കൽപ്പടികളുണ്ട്, അതിന്റെയവസാനം ഒരു വീടിന്റെ മേൽക്കൂര കാണാനുമുണ്ട്. പ്രാണനാഥന്റെ വീട്! പഠിക്കുന്ന കാലത്ത് ഒരിക്കൽ ഞങ്ങൾ സുഹൃത്തുക്കളെല്ലാവരും കൂടി ഇവിടെ വരാൻ പദ്ധതിയിട്ടിരുന്നു. അവന്റെ പെങ്ങളുടെ കല്യാണമായിരുന്നു. വീട്ടിൽ എത്രയോ കള്ളങ്ങളൊക്കെ പറഞ്ഞ് ഒരു കണക്കിൽ സമ്മതം വാങ്ങിച്ചെടുത്തതാണ്.
നീ വരുന്നില്ലെങ്കിൽ ആരും വരണ്ട എന്ന് നാട്ടിലേക്ക് പോകുമ്പോൾ അവൻ അടുത്തു വന്നു പറഞ്ഞതു മാത്രമായിരുന്നു അതിനുള്ള പ്രേരണ. എന്നിട്ടോ, പോരേണ്ട ദിവസം ഏതോ ഹർത്താൽ വന്നു യാത്ര മുടങ്ങി. ഒരുപാടു കാലം മലമുകളിലെ ഈ വീട് മനസിലുണ്ടായിരുന്നു. പിന്നെപ്പൊഴോ മാഞ്ഞു പോയി, അന്നാണെങ്കിൽ ഇതുപോലെ ബൈക്കിലിരുന്നു പേടിച്ചു വിറച്ചല്ല വരികയെന്നോർത്തു. താഴെ ബസിറങ്ങിയിടത്തീന്ന് എല്ലാരും കൂടി നടന്നു കേറി വരികയായിരിക്കും. റോഡൊന്നും ടാറിട്ടിട്ടുണ്ടാവില്ല. ഇടവഴികളും ഊടുവഴികളുമൊക്കെ ചവിട്ടി മലമുകളിലെ അവന്റെ ഈ വീട്ടിലേക്ക്. മിസ്ഡ് ഇറ്റ്! അന്നു തോന്നിയതിലുമധികം നഷ്ടബോധത്തോടെ ഞാൻ ഉള്ളിലോർത്തു. അങ്ങനെ വന്നിരുന്നെങ്കിൽ ജീവിതവും ചിലപ്പോൾ വേറൊന്നായേനെ! ഏതോ ഈർക്കിലി പാർട്ടി പ്രഖ്യാപിച്ച ഒരു ഹർത്താലിനു പോലും മാറ്റിമറിക്കാവുന്നത്ര ഗതി കെട്ട ജീവിതം! ഞാൻ ചിരിക്കുന്നതു കണ്ട് പ്രാണനാഥൻ എന്താ എന്നന്വേഷിച്ചു. ഒന്നുമില്ലെടാ എന്നു പറഞ്ഞ് അവന്റെ തോളത്തൊന്നു തട്ടി ആ പടികൾ ഓടിക്കയറണമെന്നു ഞാൻ മോഹിച്ചു. അന്നത്തെ ഞാൻ അതൊക്കെ ചെയ്യുമായിരുന്നു. ഇനിയതൊന്നും ഒരിക്കലും ചെയ്യാനാവില്ല.
ബൈക്ക് മരത്തണലിലേക്ക് മാറ്റി വെച്ച് അവൻ വാ എന്നു വിളിച്ചു. ഞങ്ങൾ കയ്യാലപ്പടികൾ കയറി.
"അപ്പുറത്തൂടെ മുറ്റത്തേക്ക് വഴിയുണ്ടായിരുന്നു.
കഴിഞ്ഞേനു മുന്നത്തെക്കൊല്ലം മഴേത്ത് ആ ഭാഗമങ്ങനേ ഒലിച്ചുപോയി. വഴീം, റബ്ബറും കാപ്പിത്തോട്ടോം എല്ലാം. നാലഞ്ചേക്കറ്സ്ഥലം! '
പ്രാണനാഥൻ മണ്ണൊലിച്ച ഇടത്തേക്ക് ചൂണ്ടി പറഞ്ഞു. നാലഞ്ചേക്കറ് സ്ഥലമോ കാപ്പിത്തോട്ടമോ ബൈക്ക് കേറിപ്പോവുന്ന വഴിയോ അല്ല യഥാർത്ഥ നഷ്ടമെന്ന് എനിക്കറിയാം. പത്രങ്ങളിലൊക്കെ വന്ന വാർത്തയാണ്. പക്ഷേ അതവന്റെ സ്ഥലമാണെന്നൊന്നും അന്നെനിക്കറിയില്ലായിരുന്നുവെന്നു മാത്രം. അതറിഞ്ഞത് രണ്ടാഴ്ച മുൻപു മാത്രമാണ്. അവൻ മനപൂർവ്വം അതിനെപ്പറ്റി ഒന്നും പറയുന്നില്ല.
"നീയിപ്പോ സ്ഥിരമായിട്ട് ഇവിടെത്തന്നെ? '
വളരെ ദിവസമായി ചോദിക്കാനിരുന്ന ചോദ്യം, കൃത്യമായിപ്പറഞ്ഞാൽ ഇവന്റെ നമ്പർ കൈയ്യിലെത്തിയ നിമിഷം തൊട്ട് ചോദിക്കാനിരുന്നത് വീർപ്പുമുട്ടലോടെ പുറത്തേക്കു ചാടി.
"വേറെവിടെപ്പോകാൻ? കൊറച്ച് അച്ചാറ് കച്ചോടം, ഒലിച്ചുപോകാത്ത ഇച്ചിരെ കൃഷി. അച്ഛയ്ക്ക് തീരെ വയ്യ താനും.'
എനിക്ക് വെയിലത്തുണക്കിപ്പൊടിപ്പിച്ച മുളകിന്റെ എരിവു മണം മൂക്കിൽ കയറുന്നതു പോലെ തോന്നി. അവനെ മണത്തതും അതാണ്. പണ്ടും അവന്റെ അമ്മ അച്ചാറുണ്ടാക്കി വിൽക്കാറുണ്ടായിരുന്നു.
പലപ്പോഴും ചെറിയ കുപ്പികളിൽ അവൻ കൊണ്ടുവരാറുള്ള അച്ചാറ് ഞങ്ങൾ കാന്റീനിലിരുന്നു നക്കിത്തിന്നു തീർക്കും. ജാതിക്ക, പേരക്ക, കാച്ചില് അമ്പഴങ്ങ, ഇഞ്ചി... അങ്ങനെയെന്തൊക്കെയോ സാധനങ്ങൾ കൊണ്ടുണ്ടാക്കുന്നത്. എക്‌സ്‌ക്ലൂസീവ് അച്ചാറുകൾ, മറ്റെവിടെയും കിട്ടാത്തത്! അവൻ അഭിമാനത്തോടെ ചിരിക്കും.
ബിസിനസ് എന്റർപ്രന്യൂർ ഷിപ്പ് പേപ്പറിന്റെ ക്ലാസിൽ അവന്റമ്മയുടെ കോട്ടേജ് ഇൻഡസ്ട്രിയെക്കുറിച്ച് സുഭാഷൊരിക്കൽ പറഞ്ഞതോർക്കുന്നു. അവൻ പതിവുപോലെ ക്ലാസിലില്ലായിരുന്നു. അന്നത്തെ ക്ലാസ് ബിസിനസ് സംരഭകത്വത്തിൽ നിന്നു ഇന്ത്യയിലെ ഗ്രാമീണസ്ത്രീകളുടെ
അതിജീവനശ്രമങ്ങളിലേക്കു വഴിമാറി.
രിപക്ഷം സ്ത്രീകൾക്കും തങ്ങൾ നടത്തുന്നത് ഇൻഡസ്ട്രിയാണെന്നെറിയില്ല, അതിന്റെ വിപണന സാധ്യതകളെപ്പറ്റിയും അറിയില്ല. അടുത്ത നേരത്തെ ഭക്ഷണം, മക്കളുടെ വിദ്യാഭ്യാസം, നാലു ചുവരുള്ള ഒരു കൂര.. ഇതൊക്കെ മാത്രമായിരിക്കും അവരുടെ സ്വപ്നം, ടീച്ചറന്ന് വാചാലയായപ്പോൾ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കണ്ണു നനഞ്ഞത് ഓർക്കുന്നുണ്ട്.
"നീ അച്ചാറോ? വിശ്വസിക്കാൻ വയ്യ. ഞാൻ വിചാരിച്ചത് .. '
"ഞാൻ ഒരാർട്ടിസ്റ്റ് ഒക്കെ ആയി ഈ നാടേ വിട്ടു പോയിക്കാണുമെന്ന് അല്ലേ ?ആഗ്രഹിച്ചിരുന്നു, നടന്നില്ല. ഇപ്പോ ഇതിൽ ഹാപ്പി ആണ്. ഞാനിങ്ങനെ ഇവിടെത്തന്നെ ഉള്ളതുകൊണ്ടല്ലേ നിനക്കൊരാവശ്യം വന്നപ്പോ ഹെല്പു ചെയ്യാൻ പറ്റിയതും '
അവൻ ഉറക്കെ ചിരിച്ചു. മുഖം തുടുത്തു, കണ്ണുകൾ ഇടുമ്മിച്ചു. പഴയ നാടകങ്ങളിലെ വില്ലന്മാരുടെ ചിരി. അതിഹസിതം. ഞാൻ മിണ്ടാതെ സ്റ്റെപ് കയറി. മുറ്റത്ത് ചെടികളും പൂക്കളുമൊക്കെയുണ്ട്, പക്ഷേ വടക്കു ദിക്കിൽ വീടിനോട് ചേർന്ന് മുറ്റത്തിന്റെ ഒരു ഭാഗം മുറിഞ്ഞുപോയ പോലെ. പഴയ വീടിന്റെ നീളൻ വരാന്തയിൽ നിന്ന് അവന്റെ മെലിഞ്ഞ അച്ഛൻ ഞങ്ങളെ നോക്കി നിൽക്കുന്നു.
"ഇവിടായിരുന്നു ഞങ്ങളുടെ തൊഴുത്ത്. നാലഞ്ചു പശുക്കളുമൊണ്ടായിരുന്നു. ഉരുള് തുടച്ചെടുത്തോണ്ടു പോയി. നീ നോക്കിയേ, വീടിന്റെ തൊട്ടടുത്തൂടെയാ. ഭാഗ്യത്തിന് വീടിനെ വെറുതെ വിട്ടു. അല്ലേലിപ്പം നീ വിളിക്കുമ്പോ ഞാനുണ്ടാവില്ലാരുന്നു.'
അവൻ പിന്നെയും ചിരിക്കുമോന്നു ഞാൻ ഭയന്നു. അവന്റെ വീടിനെ തൊട്ടുരുമ്മി താഴേക്ക് പോയ ഉരുൾപൊട്ടൽ, ഒരുപാടു കൃഷി നാശം, ആൾനാശം, ഭാഗ്യത്തിന് വീടിനു മാത്രം ഒന്നും പറ്റിയില്ല. അതൊക്കെ പത്രത്തിലും ടീവീലും വന്നതാണ്. അക്കാലത്ത് അതു വായിച്ച് ഞാനും നെടുവീർപ്പിട്ടിട്ടുണ്ടാവും. കഴുത്തിൽ മഫ്‌ളറും ചുറ്റി, മങ്കിക്യാപുമിട്ട് മഴ നനഞ്ഞു നിൽക്കുന്നവരെക്കണ്ട് കണ്ണ് ഈറനായിട്ടുണ്ടാവും. അവരൊക്കെ മണ്ണിനടിയിലായ പ്രിയപ്പെട്ടവരെ കാത്തു നിൽക്കുന്നവരായിരുന്നു. അക്കൂട്ടത്തിൽ പ്രാണനാഥനുമുണ്ടെന്നെനിക്കു തിരിച്ചറിയാനായില്ലെന്നു മാത്രം. അറിഞ്ഞിരുന്നെങ്കിൽ എന്റെ പ്രതികരണത്തിനെന്തെങ്കിലും മാറ്റമുണ്ടാകുമായിരുന്നോ? അതും അറിയില്ല.
"നീ കേറി വാ. അച്ഛ ഇടക്കല്പം അബ്‌നോർമലാ. ഒന്നും വിചാരിക്കരുത്. ചിലപ്പോ വല്ലാതെ പെരുമാറിക്കളയും '
ഞാൻ വരാന്തയിലേക്കു കയറി. പ്രതീക്ഷിക്കാതെ അച്ഛൻ എന്റെ രണ്ടു കൈയ്യും മുറുകെ പിടിച്ചു കൊണ്ട് യാത്രയൊക്കെ സുഖമാർന്നോ, വല്ലോം കുടിച്ചാർന്നോഎന്നു ചോദിച്ചു. എന്റെ കൈകളിൽ പുകച്ചിൽ പടർന്നു. പ്രാണനാഥൻ എന്റെ കൈകളിൽ നിന്ന് അച്ഛന്റെ വിരലുകൾ മെല്ലെ അഴിച്ചെടുത്തു.
"ഞാനിച്ചിരെ വെള്ളനാരങ്ങ ഇടുകാരുന്നു. കാന്താരി പൊട്ടിക്കുമ്പഴാ താഴേന്ന് വണ്ടീടെ ഒച്ച കേട്ടെ. കുഞ്ഞിന് മോരും വെള്ളമൊണ്ടെടാ, കൊടുത്താട്ടെ വാങ്ങിക്കുന്ന പാലാ, അപ്പടീം വെള്ളമാ, മോരും ഗൊണം കാണുകേല. നാലു പശൂനെയൊക്കെ കറന്നോണ്ടിരുന്ന വീടാ. പറഞ്ഞിട്ടെന്താ!'
ദീർഘനിശ്വാസത്തോടെ തൊഴുത്തിരുന്ന ഭാഗത്തേക്ക് കൈ ചൂണ്ടിക്കാട്ടി അയാൾ കേറിപ്പോയി. എരിയുന്ന കൈകളുമായി ഞാൻ പ്രാണനാഥനു പിന്നാലെ അകത്തേക്കു നടന്നു. അയാളിത്തിരി നേരം കൈകളിൽ പിടിച്ചതേയുള്ളൂ, എരിഞ്ഞു പുകയുന്നു. തൊടുമ്പോഴേക്കും പടരുന്ന നീറ്റൽ.
"കരണംപൊട്ടിയാ, നീ കൈയ്യ് സോപ്പിട്ട് തണുത്ത വെള്ളത്തിൽ കഴുക്. മുഖത്തും കണ്ണിലുമൊന്നും തൊടല്ലേ '
എന്റെ അസ്വസ്ഥത കണ്ടാവാം പ്രാണനാഥൻ പറഞ്ഞു.
"അതിനു മുന്നേ നീ വന്ന് ഇത്തിരി മോരുംവെള്ളം കുടി. അച്ഛ അല്ലേൽ അതും പറഞ്ഞോണ്ടിരിക്കും '
അടുക്കള ആകെ ചിതറിയും നിരന്നും കിടക്കുന്നു. നിലത്ത് ചെറുതും വലുതുമായ ഭരണികൾ. പാത്രങ്ങൾ. മുറങ്ങളിൽ നാരങ്ങ, വെളുത്തുള്ളി, വറ്റൽമുളക് തുടങ്ങി പലവിധ സാധനങ്ങൾ. എല്ലാടത്തും പാറിക്കിടക്കുന്ന വെളുത്തുള്ളിത്തൊലി. എരിവും പുളിയുമുള്ള ഒരു മണമാണതിനകത്ത്. അച്ഛനിപ്പോൾ നിലത്തിട്ട കൊരണ്ടിയിലിരുന്ന് കാന്താരിയുടെ ഞെട്ടു പൊട്ടിക്കുന്നു.
മൺകൂജയിൽ നിന്ന് പ്രാണനാഥൻ നാരകയില കീറിയിട്ട സംഭാരം പകർന്നു തന്നു. തണുപ്പ്! നേർത്ത എരിവ്.
"ഇത്തിരി റെസ്റ്റ് എടുത്തോ. ഉണ്ണാറാകുമ്പത്തേനും'
അവൻ മുറി കാണിച്ചു തന്നു. കുളിച്ച് ഉടുപ്പുകൾ മാറ്റി അല്പനേരം കിടന്നതേയുള്ളു.അപ്പോഴേക്ക് അവൻ വിളിച്ചു. ഞാൻ ഇറങ്ങിച്ചെന്നു, അടുക്കളയിപ്പോൾ നന്നായി ഒതുക്കിയിരിക്കുന്നു. അടിച്ചു വാരിയിട്ടുമുണ്ട്. ഭരണികളും മുറങ്ങളുമൊക്കെ പാതകത്തിനു മുകളിലാണ്.
ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഞാൻ നേർത്തെ കഴിച്ചു മക്കളെ എന്നും പറഞ്ഞ് അച്ഛൻ അടുത്തു നിന്ന് വിളമ്പിത്തന്നു. അധികം വിഭവങ്ങളൊന്നുമുണ്ടായിരുന്നില്ല തൈര്, കണ്ണിമാങ്ങ അച്ചാറ്, പാവയ്ക്കത്തോരൻ, പപ്പടം, പിന്നെ വേപ്പിലക്കട്ടിയും.
"കുഞ്ഞിന് ഇഷ്ടാകുമോ? നല്ല മീനൊന്നും ഇവിടെ കിട്ടത്തില്ല. അല്ലേലും മീനുവെറച്ചീമൊന്നും ഇപ്പമിവിടെ വെക്കത്തുമില്ല. മൊട്ട പോലും. ' അച്ഛൻ സങ്കടപ്പെട്ടു.
കടപ്പുറത്ത്ന്ന് വരുന്ന ഇവക്കാണോ മീനിന് കൊതിയെന്നോ മറ്റോ അവനും പറഞ്ഞു. നല്ല രുചിയോടെ ഞാനുണ്ടു. ഇവിടെല്ലാം കടുപ്പത്തിലാണല്ലോന്നു അവനോടു മാത്രമായി പിറുപിറുത്തു. പുളിച്ച തൈര്, ചോന്നു ചോന്ന് എരിയുന്ന കണ്ണിമാങ്ങ, കയ്പുള്ള പാവയ്ക്ക, പുളീം എരിവും മത്സരിക്കുന്ന വേപ്പിലക്കട്ടി. അവൻ ചിരിച്ചതേയുള്ളൂ. പ്ലേറ്റ് കഴുകി വെച്ച് അടുക്കളപ്പുറത്തേക്കിറങ്ങിയ എന്നെ പിറകെ വന്ന അച്ഛൻ പിടിച്ച പിടിയാലേ പറമ്പിലേക്കു കൊണ്ടുപോയി, പച്ചക്കറിത്തോട്ടവും വേറോരോന്നുമൊക്കെ കാട്ടിത്തരാൻ തുടങ്ങി. അയാളുടെ കൈയ്ക്കുള്ളിലാണ് എന്റെ കൈകൾ. അത്യാവശ്യം വേദനിക്കുന്നത്രയും മുറുക്കെയാണ് പിടിച്ചിരിക്കുന്നതും. നേരത്തത്തേതുപോലെ എരിയുന്നില്ലെന്നു മാത്രം.
"കുഞ്ഞിന് ചെറുകിഴങ്ങ് ഇഷ്ടമാണോ? കാപ്പിക്ക് കുറച്ച് പുഴുങ്ങിയാലോ? അവളിത് അച്ചാറിടുവാരുന്നു. സത്യം പറഞ്ഞാ കിഴങ്ങൊന്നും അച്ചാറിടാതിരിക്കുവാ നല്ലത്. മണ്ണിനടീക്കിടന്നു വിങ്ങിവിങ്ങി പാകമാവുന്നതിനെ പിന്നേം നമ്മള് മുളകിലും വിനാഗിരീലുമൊക്കെയിട്ട് കഷ്ടപ്പെടുത്തരുത്. നല്ല വെളിച്ചോം വെയിലുമൊക്കെക്കൊണ്ട് മുഴുത്തു വരുന്നേനെ വേണം എരിവിലും ഉപ്പിലും മുക്കിയിട്ടു ചുക്കിച്ചുരുക്കിയെടുക്കാൻ. '
അയാളുടെ ഒച്ച മാറുന്നുണ്ടോന്ന് എനിക്കു സംശയം തോന്നി. വീട്ടിൽ നിന്ന് കുറെ ദൂരെയായിരിക്കുന്നു. അവനെ കാണുന്നില്ല. വിളിക്കാനാണേൽ ഫോൺ എടുത്തിട്ടുമില്ല. പറമ്പു നിറയെ ചീരയും പാവലും മുളകും കപ്പയും കുരുമുളകും അതുമിതുമൊക്കെയായി പലതരം വിളവുകളാണ്. അച്ഛൻ കൈയ്യിലും മടിക്കുത്തിലുമൊക്കെയായി എന്തെല്ലാമോ പെറുക്കിയും പറിച്ചും കൂട്ടുന്നു.
"പറമ്പിലോട്ടെറങ്ങീട്ടു കൊറെയായി. ഒറ്റയ്ക്കു വരാൻ അവനെങ്ങും സമ്മതിക്കുകേല. ഞങ്ങടെ തോടു കാണണോ? അതൊരതിശയവാ! അന്നത്തേപ്പിന്നെ വടക്കുവശത്തേ ഒഴുകിയിരുന്ന തോട് ഇപ്പറത്തൂടെയായി. നോക്കിയേ? കണ്ടാത്തോന്നുവോ ജനിക്കുമ്പം തൊട്ടേ ഈ വഴിയാ ഒഴുകിയേർന്നേന്നല്ലേ ഭാവം?'
ചെറിയൊരു തോട്. മുകളിൽ നിന്ന് എടുത്തു ചാടി കല്ലിൻകൂട്ടങ്ങളിൽ തട്ടിയും തടഞ്ഞും ഒഴുകാൻ മടിച്ചു കിടക്കുന്ന വെള്ളച്ചാല് വെയിലത്തു തിളങ്ങുന്നു. എല്ലാ തോടിനടുത്തും പതിവുള്ള ഒരു നനവു മണം ഇവിടേം കെട്ടി നിൽക്കുന്നുണ്ട്. അലക്കാനും കുളിക്കാനുമൊന്നും ആരുമുപയോഗിക്കാത്തതു കൊണ്ടാവും അതിനല്പം രൂക്ഷത കൂടുതലുമാണ്. എനിക്കവിടുന്ന് വേഗം പോയാൽ മതിയെന്നു തോന്നി. അച്ഛനാണെങ്കിൽ ഉത്സാഹത്തോടെ സംസാരിക്കുകയാണ്.
"പണ്ടൊക്കെ പശൂനെ കുളിപ്പിക്കാൻ അവളു പോകുമ്പം പ്രാണൻ, അവന്റെ പൂച്ചേം പിടിച്ചോണ്ടു പൊറകെ പോകും. അതിനേം കുളിപ്പിക്കണമെന്നും പറഞ്ഞ് വെള്ളത്തിൽ മുക്കും, അപ്പടി മാന്തും കിട്ടും. അതേ സ്വഭാവമാർന്നു പ്രജാതേടെ എളേകൊച്ചിനും. കണ്ണു തെറ്റിയാ തോട്ടിലാരുന്നു. ഏഴു വയസാർന്നു. ഇപ്പം ഇതിങ്ങനെ വഴി മാറീതു കണ്ടാൽ അവനെന്നാ രസമായേനെ '
കൈയ്യിലുള്ളതെല്ലാം താഴെയിട്ട് അയാൾ കുനിഞ്ഞു നിന്ന് കൈ കൊണ്ട് വെള്ളം തെറ്റിത്തെറിപ്പിച്ചു. ചില തുള്ളികൾ മുഖത്തേക്കു തെറിച്ചപ്പോൾ എനിക്കു പൊള്ളുന്ന പോലെ തോന്നി.
"പ്രാണന്റെ നിശ്ചയത്തിനാരുന്നു, പ്രജാതേം പിള്ളേരും വന്നത്. കർക്കടകത്തില് മുഹൂർത്തമില്ലാന്നു പറഞ്ഞ് ചിങ്ങത്തില് വെച്ചതാ. അപ്പഴത്തേനും മഴേം മാറുവല്ലോ. സ്വാതന്ത്ര്യ ദിനമാരുന്നു അന്ന്. പിള്ളേരു വരുമ്പം കൈയ്യില് പ്ലാസ്റ്റിക്കിന്റെ പതാകയൊക്കെ ഒണ്ടാരുന്നു. അതവര് ഗുരുവായൂരപ്പന്റെ ഫോട്ടോയുടെ മുന്നില് കുത്തിവെച്ചു. ഇപ്പഴുമതവിടെയിരിപ്പൊണ്ട്. കണ്ടാർന്നോ?'
ഞാൻ വെറുതെ തലയാട്ടി. അയാൾ നിർത്താതെ പിന്നെയും പറയുമായിരുന്നു, പ്രാണനാഥൻ കുറച്ചപ്പുറത്തു നിന്നു ഞങ്ങളെ വിളിച്ചില്ലായിരുന്നെങ്കിൽ. നിലത്തിട്ടതെല്ലാം പെറുക്കിയെടുത്ത് അച്ഛൻ വെപ്രാളപ്പെട്ടു തിരിച്ചുനടന്നു. വേഗം വന്നോ, അവനരിശം വരുമെന്നു പിറുപിറുക്കുന്നുമുണ്ടായിരുന്നു. കപ്പക്കാലായിൽ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന പ്രാണനാഥനെക്കടന്ന് അയാൾ വീട്ടിലേക്കു വേഗത്തിൽ നടന്നു.
"പണ്ടത്തെ അഭിനയമൊക്കെ പൊടി തട്ടുന്നതിങ്ങനാ. അച്ഛനെ മെരുക്കാൻ ഇപ്പമതൊക്കെയാ എന്റെ തുരുപ്പുചീട്ട് '
ഞാനടുത്തു ചെന്നപ്പോൾ പ്രാണനാഥൻ ചിരിയോടെ പറഞ്ഞു. അവൻ തരക്കേടില്ലാത്ത നടനായിരുന്നു. ക്ലാസിലൊക്കെ വല്ലപ്പോഴുമേ കാണാറുള്ളു. എപ്പോഴും റിഹേഴ്‌സൽ, പ്രാക്ടീസ്. ഇംഗ്ലീഷിലെ വട്ടൻസെബാസ്റ്റ്യൻ സാർ ഷേക്‌സ്പിയർ നാടകങ്ങള് സംവിധാനം ചെയ്യും. അങ്ങേർക്കത് ഭ്രാന്തായിരുന്നു. അവനായിരുന്നു എല്ലാത്തിലും നായകൻ. കോളേജ് വാർഷികത്തിനൊക്കെ ചിലത് സ്റ്റേജിലെത്തും. പിന്നെ കലോത്സവം. അവൻ മൂന്നു തവണയും ബെസ്റ്റ് ആക്ടറായി. പക്ഷേ വാർഷികവും കലോത്സവവുമൊന്നുമില്ലാത്തപ്പോഴും സാറ് റിഹേഴ്‌സൽ നടത്തും. ഒരു നാടകത്തിലെ മുഴുവൻ വേഷങ്ങളും ചിലപ്പോൾ അവനെക്കൊണ്ടു ചെയ്യിച്ചു നോക്കും. എല്ലാ കാരക്ടേർസിനും പാകത്തിൽ വഴങ്ങണം ശരീരവും മുഖവുമെന്നാണു സാർ പറയുക. ഇവനതെല്ലാം കണ്ണടച്ചു വിശ്വസിക്കുകേം ചെയ്യും. എന്നിട്ട് ക്ലാസിലും കേറാതെ ആ കോമാളിക്കളികൾക്ക് നിന്നു കൊടുക്കും.
സാറവനെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിന്റെയൊക്കെ പേരു പറഞ്ഞ് കൊതിപ്പിച്ചിരുന്നു. പൊളിച്ചു കളയാനിട്ട പഴയ ഓഡിറ്റോറിയത്തിലെ റിഹേഴ്‌സലുകൾ കാണാൻ ചിലപ്പോൾ പോയിട്ടുണ്ട്. തേർഡ് ബി.എ ഇംഗ്ലീഷിലെ സിസി വലിയ കണ്ണുകൾ വിടർത്തി ""Who ever lov'd that lov'd not at first sight?'' എന്നവനോടു ചോദിക്കുന്നതാണ് എന്റെയോർമ്മയിലുള്ളത്. ആസ് യു ലൈക്ക് ഇറ്റായിരുന്നെന്നു തോന്നുന്നു നാടകം. അവളോട് കുശുമ്പു തോന്നി. അതു കേട്ട് അവനിത്ര അനുരാഗലോലനാവേണ്ടിയിരുന്നില്ലെന്ന് അവനോടരിശവും വന്നു.
തെംസിന്റെ തീരത്തെ ഷേക്‌സ്പിയേർസ് ഗ്ലോബിൽ അക്കാലത്തെ കോസ്റ്റ്യൂമും ധരിച്ച് അതേ ആക്‌സന്റിൽ ഡയലോഗും പറഞ്ഞ് കൈയ്യടി വാങ്ങുമെന്നു പ്രതീക്ഷിച്ച ഇന്നലത്തെ നടൻ ഇതാ കപ്പത്തണ്ടും പിടിച്ച് നിൽക്കുന്നു. കഷണ്ടി കയറിത്തുടങ്ങിയ നെറ്റി. കുഴിഞ്ഞ് പിന്നേം വലുപ്പം വെച്ച കണ്ണുകൾ. ഫസ്റ്റിയർ ക്ലാസിലെ ആദ്യദിവസം പ്രാണനാഥൻ പി. എന്ന പേരു വിളിക്കുന്നതു കേട്ട് ചമ്മലോടെ എഴുന്നേറ്റു നിന്ന പയ്യന്റെ മുഖം ഞാനോർത്തെടുത്തു. തുടുത്തു പോയ ആ മുഖത്തോട് പ്രഥമദൃഷ്ടിയിൽത്തന്നെ തോന്നിയ പ്രണയവും .
"എന്താ അച്ഛ പറഞ്ഞോണ്ടിരുന്നത്? '
"നീ പണ്ട് പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടു പോയ കഥ '
അവൻ എളിയിൽ കൈ കുത്തി ഉറക്കെ ചിരിച്ചു. ശരീരം കുലുങ്ങി, കണ്ണുകൾ ചെറുതായി .
"അച്ഛയതിന് ഇവിടെങ്ങാനുമുണ്ടായിരുന്നോ? നാടകം ന്നു പറഞ്ഞ് ഊരുചുറ്റലല്ലേ? വന്നാൽ വന്നു, വരുമ്പം വന്നു. സ്വന്തായിട്ട് ട്രൂപ്പുണ്ടാക്കിയതിന്റെ കടം തീർക്കാൻ ഞങ്ങടെ താഴത്തെ മൂന്നേക്കറും വീടുമാ വിറ്റു തുലച്ചേ. അതീപ്പിന്നെയാ ഞങ്ങളിങ്ങ് മോളിലോട്ട് കേറണ്ടി വന്നേ. എന്നിട്ടും നിർത്തിയോ? പാവം അമ്മ അച്ചാറുണ്ടാക്കീം പശൂനെ വളർത്തീം കഷ്ടപ്പെട്ട് .. '
അവന്റെ വാക്കുകളിൽ സങ്കടമാണോ അരിശമാണോ എന്നെനിക്കു മനസിലായില്ല.
"എന്നിട്ടു നീയും നാടകത്തിന്റെ പൊറകെ ആയിരുന്നല്ലോ? '
അവനു വാക്കു മുട്ടി.
"അതൊരു ലഹരിയായിരുന്നു. ജീനുകളിലൂടെ പകരുന്നതായിരിക്കും. പക്ഷേ ഞാൻ നാടകം പഠിക്കണംന്നാ ആശിച്ചത്. തീയേറ്റർ പ്രൊഡക്ഷൻ, ഡ്രമാറ്റിക് ലിറ്ററേച്ചർ.. അങ്ങനങ്ങനെ. പഠിച്ച് മികച്ച ആർട്ടിസ്റ്റാവണംന്നു കരുതി. നാടകത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും തിയററ്റിക്കൽ നോളജ് കൂടിയുള്ള ഒരു പെർഫക്ട് നടൻ. ചിലപ്പോ സ്റ്റേജിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞേനെ! '
"ആ വട്ടൻ സെബാസ്റ്റ്യൻ സാർ നാടകത്തിന്റെ വിഷമാണ് നിനക്ക് കുത്തിവെച്ചത്. കള്ളു കുടിച്ചു വന്ന് കോളേജിൽ പ്രശ്‌നമുണ്ടാക്കിയതിന് സസ്‌പെൻഷനിലിരിക്കുമ്പോ അങ്ങേര് സൂയിസൈഡു ചെയ്തു.'
"ഞാനറിഞ്ഞില്ല. '
അവൻ മരവിച്ച ഒച്ചയിൽ പറഞ്ഞപ്പോൾ മരണങ്ങളൊന്നും അവനെ തൊടാതായിരിക്കുന്നുവോയെന്ന് ഞാൻ ഭയന്നു.
"നീയിച്ചിരെ ഒറങ്ങിക്കോ. എനിക്ക് കുറച്ച് പണികളൊണ്ട്. സന്ധ്യയ്ക്കു കാണാം.'
അവൻ താഴേക്കിറങ്ങിപ്പോയപ്പോൾ ഞാൻ വീട്ടിലേക്കു തിരിച്ചു കേറി, അച്ഛനെ എവിടെയും കണ്ടില്ല. നേരെ മുറിയിൽച്ചെന്നു കതകടച്ചു നന്നായി ഉറങ്ങി. ഉണരുമ്പോൾ ഇരുട്ടു പരന്നു കൂടുന്നു. വാതിൽ തുറന്ന് കുളിമുറിയിൽ പോയി മുഖമൊക്കെ കഴുകി വന്നപ്പോൾ ഉമ്മറത്ത് വിളക്ക് വെച്ചിട്ടുണ്ട്. കസേരയിലിരുന്നു ജപിച്ചു കൊണ്ടിരുന്ന അച്ഛൻ വേഗം പോയി ചായ എടുത്തു കൊണ്ടു തന്നു. ഉശിരില്ലാത്ത തണുത്ത ചായ. ഞങ്ങൾ രണ്ടു പേരും വെറുതെ ഇരുട്ടിലേക്കും നോക്കിയിരുന്നു. വിളക്കു കരിന്തിരി കത്തി കെട്ടിരുന്നു.
"പഴയൊരു വലിയ പാട്ടുകാരനാ പ്രാണനാഥ്. ഹിന്ദുസ്ഥാനിയാ, കേട്ടിട്ടൊണ്ടോ?അവനൊരു കലാകാരനാകുമെന്ന് ആദ്യം കണ്ടപ്പഴേ എനിക്കറിയാർന്നു. കലാകാരന്മാർക്ക് സാദാ പേരൊന്നും പോര. പുതുമ വേണം. അങ്ങനെ ആലോചിക്കുമ്പം നാവില് വന്നതാ. അവൾക്കിഷ്ടമല്ലാർന്നു. '
പ്രാണനാഥനെന്ന പേര് എല്ലായിടത്തും അവഹേളിതനാക്കുന്നതിനെക്കുറിച്ച് അവനന്നൊക്കെ പരാതി പറയുമായിരുന്നു. പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസമെന്ന് അവനെ പ്രകോപിപ്പിക്കാൻ വേണ്ടി മാത്രം കൂട്ടുകാർ ഉറക്കെ പാടിയിരുന്നതോർത്തു. ആ പേരുള്ള ഗായകനുണ്ടായിരുന്നുവെന്നൊന്നും അറിയില്ലായിരുന്നു. അവനൊരിക്കലും പറഞ്ഞിട്ടുമില്ല.
"ആലുവ യവനികേല് ഞാൻ ലീഡ് ആക്ടറായിരിക്കുന്ന കാലത്താ അവനൊണ്ടായത്. യവനികേടെ സുവർണകാലം, പോരാത്തേന് സീസണും. പെട്ടന്ന് ഓടി വരാൻ പറ്റുമോ? ഒണ്ടായി നാലാം മാസത്തിലാ ഞാനവനെ ആദ്യം കാണുന്നേ, ഒന്നുകിൽ പാട്ട്, അല്ലേൽ നാടകം. അതാ അവന്റെ വഴീന്ന് കണ്ടപ്പഴേ എനിക്ക് മനസിലായി'
ഞാൻ മിണ്ടാതെ കേട്ടിരുന്നു.
"അന്നു വീടങ്ങു താഴത്താ. ഇപ്പമവിടൊക്കെ എലത്തോട്ടങ്ങളായി. രാത്രി കോരിച്ചൊരിയുന്ന മഴേത്ത് ഞാൻ അടിമാലീല് ബസ്സെറങ്ങി, പിന്നൊരു ജീപ്പില് കൊറച്ചു ദൂരം. ബാക്കി മൂന്നാലു കിലോമീറ്ററ് ഇരുട്ടത്ത് തപ്പിത്തടഞ്ഞ് നടത്തം. ഒടുക്കം നനഞ്ഞ് കുളിച്ച് വീട്ടിച്ചെന്നു കേറുമ്പം എവനുണ്ട് ഒറങ്ങാതെ കണ്ണും മിഴിച്ച് കെടക്കുന്നു. എന്നെക്കണ്ടതും കയ്യും കാലുമെളക്കി ഭയങ്കര ചിരി. അവളാണേ അടുത്തു കെടന്ന് നല്ല ഒറക്കവാ. '
അച്ഛന്റെ ശബദമിടറി.ആ ഓർമ്മയിൽപ്പോലും അയാൾക്കു രോമാഞ്ചമുണ്ടാവുന്നുണ്ടാവും.
എനിക്കു വിരസത തോന്നി. നല്ല തണുത്ത കാറ്റു വീശുന്നുണ്ട്. അവനിതെവിടെ പോയിക്കെടക്കുന്നു?
"എനിക്ക് പറ്റാത്തത് അവനായിട്ട് നേടുമെന്നാർന്നു സൊപ്നം! പക്ഷേ വിചാരിച്ച പോലെ ഒന്നുമായില്ല. അങ്ങനായിപ്പോയി പിന്നത്തെ സ്ഥിതിയൊക്കെ. വല്യ കഷ്ടപ്പാടും കടോമൊക്കെ വന്നപ്പോ അവന് എങ്ങും പോവാനും പറ്റിയില്ല, ഇവിടെത്തന്നെ ഒള്ളതും നോക്കി കൂടേണ്ടി വന്നു. കാശൊള്ളോർക്കേ കലയൊക്കെ പറഞ്ഞിട്ടൊള്ളൂ കുഞ്ഞേ. അരിക്കാശിനു നാടകത്തിലഭിനയിക്കുന്നോർക്ക് എന്തോന്ന് കല! വയറ്റുപ്പിഴപ്പല്ലാണ്ട്. എന്നാലും ഈ പ്രാരബ്ദത്തിനെടക്കും ഇച്ചിരെ ഒഴിവു കിട്ടിയാ അവൻ അടിമാലീലെ രംഗചേതനേല് പോകുമാരുന്നു, ചെറിയ റോളൊക്കെ ചെയ്യും. അതു കാണുമ്പം എനിക്കും ഒരു മന:സമാധാനമാർന്നു.'
ഞാൻ അലസമായി കേട്ടിരുന്നു. വലിയ സ്വപ്നങ്ങളില്ലാത്തവർക്കാണ് ജീവിക്കാനെളുപ്പം. അവന്റെയും ഇയാളുടെയുമൊക്കെ ഉള്ളിൽ കുമിഞ്ഞുകൂടിയ നിരാശകളെത്രയായിരിക്കും? കെട്ടുപോവാതെ നീറി നീറിക്കത്തുന്ന നഷ്ടങ്ങളുടെ ഉമിത്തീ. ഓരോ അനക്കത്തിലും പൊള്ളും.
"അന്നു പിന്നെ എല്ലാമങ്ങു ഒറ്റയടിക്കു തീർന്നു. ദിവസങ്ങളായിട്ട് ഒടുക്കത്തെ മഴയാര്ന്നു. ഒരു പശു പ്രസവിക്കാനായിട്ടൊണ്ട്, പ്രജാതേം പിള്ളേരും അവളും എല്ലാ കൂടെ തൊഴുത്തിനടുത്താ. അവൻ സാധനങ്ങളൊക്കെയടുപ്പിക്കാനായിട്ട് സിറ്റീലോട്ടു പോയേക്കുന്നു. ഞാനീ മുറ്റത്തിട്ട ചെറിയ പന്തലും നോക്കി ദാ ഈ കസേരേലിങ്ങനെയിരിക്കുന്നു. ഒന്നു മയങ്ങിക്കാണും. വല്ലാത്തൊരൊച്ചയാ പിന്നെ കേക്കുന്നേ. ഒരു കുലുക്കോം. നോക്കുമ്പോ എല്ലാം മാഞ്ഞു പോയേക്കുന്നു. തൊഴുത്തും, പന്തലിട്ട വീട്ടുമുറ്റോം ഒന്നുമില്ല. പ്രജാതേടെ കൊച്ച് സ്ലേറ്റില് പടം വരച്ചേച്ച് കൈയ്യോണ്ട് മാച്ചു കളയുമ്പത്തെ മാതിരി, എല്ലാമങ്ങു മുഴുവനായിട്ടു മാഞ്ഞിട്ടുമില്ല, എന്നാ ഒന്നും ബാക്കീ മില്ല. '
അയാളുടെ സ്വരം ഫ്രീസറിൽ നിന്നെടുത്ത മരവിച്ച ഇറച്ചിക്കഷണം പോലെ തോന്നിപ്പിച്ചു.
"കുറെ ദിവസങ്ങളു തെരച്ചിലൊക്കെ നടന്നു. അവളേം പ്രജാതേടെ എളേ കൊച്ചിനേം കിട്ടിയില്ല. മണ്ണിലോട്ടല്ലേ പോയേന്ന് സമാധാനിക്കാം. ആരും കുഴി കുത്തി അടക്കാനൊന്നും കാത്തു നിക്കാതെ നേരെ അങ്ങു ചെന്നു കിടന്നു. '
കരച്ചിലോ എണ്ണിപ്പറച്ചിലുകളോ ഇല്ലാതെ, കോടി പുതയ്ക്കാതെ മണ്ണിനടിയിലേക്കു പോയ അവന്റമ്മയെക്കുറിച്ചോർത്തപ്പോൾ എനിക്കു നൊന്തു. അവരെ കണ്ടിട്ടൊന്നുമില്ല, പക്ഷേ അവരുടെ കഷ്ടപ്പാടുകൾക്ക്, ത്യാഗങ്ങൾക്ക് പ്രതിഫലമായി അതൊക്കെ വേണ്ടിയിരുന്നു. മരിച്ചവർക്കുള്ള പ്രതിഫലങ്ങൾ! ഓർത്തപ്പോൾ ചിരിയും വന്നു.
"മരിച്ചോരെപ്പറ്റി നമുക്കെന്തോരം ഓർമകളാ അല്ലേ? ഓർത്താലുമോർത്താലും തീരത്തില്ല, ഉറങ്ങുമ്പോഴും ഒണരുമ്പോഴും ഓരോന്നു ചെയ്യുമ്പഴും ഓർമ്മകളിങ്ങനെ വന്നോണ്ടിരിക്കും. ഏറ്റോമടുത്തുള്ളോര് ഇങ്ങനെ ഓർമ്മകളും ബാക്കി വെച്ചേച്ച് ഓർക്കാപ്പുറത്തു പോകുന്നതാ വല്യ ശിക്ഷ!'
അയാൾ ദീർഘമായി നിശ്വസിച്ചു .
"എന്നാ ഇരുട്ടത്തിരിക്കുന്നേ ? '
എന്നും ചോദിച്ച് പെട്ടന്നവൻ കേറി വന്നു ഉമ്മറത്തെ സ്വിച്ചിട്ടപ്പോൾ അറിയാതെ ഞെട്ടിപ്പോയി. അച്ഛനെണീറ്റ് വിളക്കുമെടുത്ത് അകത്തേക്കു നടന്നു.
"കത്തിയാരുന്നു അല്ലേ? മരിച്ചോരെപ്പറ്റി എന്തൊരോർമ്മ! എന്നാലോ മരിക്കണേനു മുന്നേ വല്ലതും ഓർക്കുമോ? ഓർത്തിട്ടേയില്ല ഒരിക്കലും! പണ്ട് അടമഴ പെയ്യുന്ന കർക്കടകത്തിലൊക്കെ അമ്മ ഞങ്ങളേം കെട്ടിപ്പിടിച്ച് പാതിരാത്രി വരെ നോക്കിയിരിക്കും. നാടകത്തിന്റെ സീസണൊന്നുവല്ലല്ലോ. ഇന്നെങ്കിലും വരുവായിരിക്കും ന്നു പറഞ്ഞ്. പട്ടിണി കെടക്കണ്ടി വന്നിട്ടില്ല, താളും തകരേം കായും കെഴങ്ങുമൊക്കെയായിട്ട് പറമ്പീന്ന് എന്നതേലുമൊക്കെ കിട്ടും. റേഷനരീമൊണ്ട്. പക്ഷേ..'
മുറിയിലേക്ക് കേറുന്നതിനിടയിൽ അവൻ ശബ്ദം താഴ്ത്തി പിറുപിറുത്തു. വിളക്കും ദൈവങ്ങളുടെ ഫോട്ടോകളുമുള്ള ഇരുണ്ട മൂലയ്ക്ക് നിറം കെട്ട പ്ലാസ്റ്റിക് പതാകകൾ കുത്തിവെച്ചിരിക്കുന്നത് നോക്കരുതെന്നു വിചാരിച്ചിട്ടും ഞാൻ കണ്ടു പോയി.
അത്താഴത്തിന് കഞ്ഞിയായിരുന്നു. അച്ഛൻ കഴിക്കുന്നതു കണ്ടില്ല. വെറുതെ ഞങ്ങൾക്കടുത്തിരുന്നു. ഇടയ്ക്ക് വെള്ളനാരങ്ങ അച്ചാറ് പുളീം എരീം പിടിച്ചോന്നു നോക്കിയാട്ടെ എന്നു പറഞ്ഞ് അവനും എനിക്കും വിളമ്പിത്തന്നു. അവൻ എന്തൊക്കെയോ കുറ്റം പറഞ്ഞു, എനിക്ക് കൊള്ളാമെന്നല്ലാതെ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കഞ്ഞിയിൽ കലങ്ങി ചന്തം വരാൻ ചോപ്പുനിറ അച്ചാറു തന്നെയാണു നല്ലതെന്നു മനസിലോർത്തു. ഇച്ചിരെ വിനാഗിരീം കൂടി ചേർത്ത് അടച്ചു വെച്ച് മറ്റന്നാൾ കുപ്പീലാക്കാമെന്നും ഏതോ റിസോർട്ടീന്ന് ഓർഡർ വന്നിട്ടുണ്ടെന്നുമൊക്കെ അവൻ ബിസിനസ് സംസാരിച്ചു. കഞ്ഞികുടിച്ചു തീരും മുമ്പേ ഞാൻ കിടക്കട്ടെ മക്കളേ എന്നു പറഞ്ഞ് അച്ഛൻ ഉറങ്ങാൻ പോയി.
അവൻ പണികൾ തീർത്ത് അടുക്കളയടച്ചു വരുന്നതും കാത്ത് ഞാൻ ഉമ്മറത്തെ പടിയിലിരുന്നു. നിലാവുണ്ട്. കുത്തിപ്പറിക്കുന്ന തണുപ്പും. അകത്തു പോയി ബാഗിൽ നിന്ന് ഷാളെടുത്തു, അതിനിടയിൽ രാവിലത്തെ പേപ്പർക്കഷണം പിന്നെയും കൈയ്യിൽ തടഞ്ഞു. രാവിലെ അവൻ വന്നപ്പോൾ, അതു വലിച്ചെറിയാൻ തോന്നാതെ ഞാൻ പെട്ടന്നു ബാഗിലേക്കു തിരുകിയതായിരുന്നു. കറുപ്പും വെളുപ്പുമുടുപ്പുകളിട്ട് നാടു കടന്നു പോയ ആ പെൺകുട്ടി!
കുറച്ചു കഴിഞ്ഞ് പ്രാണനാഥനും ഉമ്മറപ്പടിയിൽ അടുത്തുവന്നിരുന്നു. അവനെ നനവും ചന്ദ്രിക സോപ്പും മണക്കുന്നുണ്ട്. ഇപ്പോഴാണ് കുളിച്ചതെന്നു തോന്നുന്നു.
പണ്ടു കാമ്പസിൽ ഞങ്ങളിങ്ങനെ ഇരിക്കാറുണ്ടായിരുന്നു, ഞങ്ങൾ കുറെപ്പേർ. പലതരം സ്വപ്നങ്ങളുമായി, നടന്നു തീർക്കാനുള്ള ദൂരങ്ങളെക്കുറിച്ചോ നടക്കാനുള്ള വഴികളെക്കുറിച്ചോ ഒന്നുമറിയാതെ!
"നിന്റെ കല്യാണനിശ്ചയത്തെക്കുറിച്ചെന്തോ അച്ഛൻ പറഞ്ഞു. '
പ്രാണനാഥനോടതെങ്ങനെ ചോദിക്കുമെന്നു ഞാൻ കുറെ നേരമായോർക്കുകയായിരുന്നു. അവന്റെ കല്യാണം നടന്നു കാണുമോ? അതോ നീട്ടിവെച്ചിരിക്കുകയായിരിക്കുമോ?
അവൻ മറുപടിയൊന്നും പറഞ്ഞില്ല. നീയെന്താ മിണ്ടാത്തതെന്നു ചോദിച്ചപ്പോൾ കൈപ്പത്തി മലർത്തിപ്പിടിച്ച് അതിലേക്കു നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
"കല്യാണം! കഴിക്കാൻ വിളമ്പി വെച്ച ചോറിലേക്ക് കൊട്ടക്കണക്കിന് മണ്ണ് വന്നുവീണു കുമിഞ്ഞാലത്തെപ്പോലാ ജീവിതം! അതിനെടേല് കല്യാണം ! '
ആ കല്യാണം നടന്നു കാണില്ലെന്നു മാത്രം എനിക്കു മനസിലായി. അവൻ കൂടുതലൊന്നും പറയാൻ തയ്യാറല്ലെന്നും തോന്നി.
"അന്ന് ഈ വീട്ടുമുറ്റത്തോട്ടു മാത്രമല്ല, ജീവിതത്തിലോട്ടുമാ മണ്ണിടിഞ്ഞു വീണത്. നിനക്കു പറഞ്ഞാ മനസിലാകുമോന്നറിയില്ല. നമ്മളെന്നും ചവിട്ടി നടക്കുന്ന, നിത്യോം കിളച്ചു മറിക്കുന്ന, എല്ലാറ്റിനും വഴങ്ങിത്തരുന്ന പാവം മണ്ണ്! അതിനെന്നാ ഊക്കായിരുന്നു അന്ന്! എന്നാ ഒരു ഭാവമാറ്റം! രണ്ടു കൈയ്യും എളീല് കുത്തി നിന്ന് നമ്മളെ നോക്കി കുലുങ്ങിക്കുലുങ്ങി ചിരിക്കുന്ന പോലെ!'
പ്രാണനാഥന്റെ ഒച്ച പൊങ്ങി. മണ്ണിന്റെ ചിരി ഞാൻ കണ്ടിട്ടില്ല. ഞാൻ മണ്ണിൽ ചവിട്ടി ജീവിക്കുന്നവളല്ല. പൊലീസ് കോളനിയിലെ ക്വാർട്ടേഴ്‌സിന്റെ മുകൾനിലയിലെ കുട്ടിക്കാലം. ഇപ്പോൾ പതിമൂന്നാം നിലയിലെ താമസക്കാരി. മണ്ണിലൊരിക്കലും നഗ്‌നമായ പാദങ്ങൾ കൊണ്ടു ഞാൻ ചവിട്ടിയിട്ടു പോലുമുണ്ടാവില്ല. അതിന്റെ ഭാവഭേദങ്ങളും എനിക്കറിയില്ല.
"അതുപോട്ടെ, നിന്റെ പ്രോബ്ലം ശരിക്കും എന്താ? മൂന്നു ദിവസത്തേക്കു മാറിനിക്കാനൊരിടം എന്നു മാത്രമല്ലേ പറഞ്ഞത്? '
അവൻ എന്റെ മുഖത്തേക്കു തറപ്പിച്ചു നോക്കുന്നത് പാതിയിരുട്ടിലും എനിക്കു കാണാനാവുന്നുണ്ട്.
"ഞാൻ മറ്റൊന്നുകൂടി പറഞ്ഞിരുന്നു. എന്നോട് അതിനെപ്പറ്റിയൊന്നും ചോദിക്കരുതെന്ന്. അല്ലേ? ആ ഉറപ്പിലാണ് ഞാൻ നിന്റെ ഹെല്പു സ്വീകരിച്ചതും. '
"ശരിയാണ്. ഇഷ്ടമല്ലാത്തത് പറയണ്ട. പക്ഷേ നീ പറയുമെന്നും നിന്നോടെനിക്കത് ചോദിക്കാമെന്നും ഞാനങ്ങു തെറ്റിദ്ധരിച്ചു പോയി. ക്ഷമിക്ക് '
അവന്റെ ഒച്ചയിൽ പരിഭവം കലർന്നത് ഞാൻ ശ്രദ്ധിക്കാത്ത മട്ടിലിരുന്നു. ഇപ്പോ ഞാനുമൊരു പരിശീലിക്കപ്പെട്ട നടിയാണ്. ഇടിഞ്ഞു പൊളിഞ്ഞ ആ പഴയ ഓഡിറ്റോറിയത്തിൽ ഓർലൻഡോയും സിൽവിയസുമൊക്കെയായി ഭാവം പകരുന്ന അവനെ കൗതുകത്തോടെ നോക്കി നിന്നിരുന്ന പെൺകുട്ടിയല്ല ഞാനിപ്പോൾ. നെടുവീർപ്പുകളും കണ്ണുനീർത്തുള്ളികളും കൊണ്ടു സൃഷ്ടിക്കപ്പെട്ട തന്റെ സ്‌നേഹത്തെപ്പറ്റി വാചാലനാവുമ്പോൾ അവന്റെ കണ്ണുകളിൽ കടലിരമ്പുമായിരുന്നു. അത് അഭിനയമാണെന്നോർക്കാതെ, നിന്നെ സ്‌നേഹിക്കുന്നതിന് എന്നെ കുറ്റപ്പെടുത്തുന്നതെന്തിനെന്ന് ഞാനുമപ്പോൾ മനസിൽ പറയും.
സിസി അതേ ഡയലോഗ് അവന്റെ കണ്ണിൽ നോക്കി ഉറക്കെപ്പറയുന്നത് കേൾക്കുമ്പോൾ എനിക്കരിശവും വരും.
ഓഡിറ്റോറിയത്തിലെ പൊടിഞ്ഞിളകിയ തറയിൽ നാടകീയമായി നടന്ന് ഇടയ്ക്കിടെ കൈകൾ വിടർത്തി സെബാസ്റ്റ്യൻ സാർ മുഴങ്ങുന്ന ഒച്ചയിൽ അവനു ഡയലോഗ് നരേറ്റു ചെയ്തു കൊടുക്കും. മലമൂട്ടിൽ നിന്നു വന്ന അവന്റെ ഇംഗ്ലീഷ് ഉച്ചാരണം സാറിനെയെപ്പോഴും നിരാശപ്പെടുത്തിയിരുന്നു. ഗ്ലോബ് തിയേറ്റർ..
അങ്ങോട്ടേയ്ക്കുള്ള ദൂരത്തെക്കുറിച്ചോർത്തായിരുന്നോ അവനന്നൊക്കെ അതു കൃത്യമായി അനുകരിക്കാൻ പാടുപെടുമായിരുന്നു. കറക്ടാവുമ്പോൾ സാർ എളിയിൽ കൈ കുത്തി ഉറക്കെ കുലുങ്ങിച്ചിരിക്കും. മുഖം ചുവന്നു തുടുക്കും. പക്ഷേ അഭിനയിച്ചു തുടങ്ങുമ്പോൾ പിന്നേം അവന്റെ ഡയലോഗ് നനഞ്ഞ പപ്പടം പോലെ കുഴഞ്ഞു പോവും. സെബാസ്റ്റ്യൻ സാറിനെ പ്രീതിപ്പെടുത്താൻ അവനന്നൊക്കെ ഷേക്‌സ്പിയർ ഡ്രാമകളു ബൈഹാർട്ടു പഠിക്കുമായിരുന്നു. മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീമൊക്കെ ഒറ്റ രാത്രി കൊണ്ടു പഠിച്ചെന്ന് അഭിമാനത്തോടെ ഞങ്ങളോടു പറയും. അവന്റെ ഡിഗ്രി കുളമായെന്നല്ലാതെ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല.
ഇടിഞ്ഞുതാണ ചുമലുകളുമായി മുഖം താഴ്ത്തിയിരിക്കുന്ന അവൻ എന്നെക്കാൾ തോറ്റു പോയവനാണെന്നെന്നോർത്തപ്പോൾ എനിക്കു സഹതാപം തോന്നി. ഞാനവനോട് എന്നെക്കുറിച്ച് ഒന്നും പറയാനിടയില്ലെന്നും എനിക്കു തോന്നി. പറഞ്ഞിട്ടു കാര്യമില്ല, ആവശ്യവുമില്ല.
മിക്കവാറും അവനിനി എന്റെ കുടുംബത്തെക്കുറിച്ചും വിവാഹത്തെപ്പറ്റിയുമൊക്കെ ചോദിക്കും. പഴയ സുഹൃത്തുക്കൾ, സൗഹൃദത്തിനപ്പുറത്തേക്ക് വളരാവുന്ന നീർച്ചാലുകൾ രണ്ടു പേർക്കുമിടയിൽ ഉറവ പൊട്ടിത്തുടങ്ങിയിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നവർ വർഷങ്ങൾക്കു ശേഷം നേരിയ നഷ്ടബോധത്തോടെ ചോദിക്കാനിടയുള്ള പതിവു ചോദ്യങ്ങൾ.
അവന്റെ കല്യാണത്തെക്കുറിച്ചറിയാൻ എനിക്കും ആകാംക്ഷയുണ്ടായിരുന്നല്ലോ എന്നു ഞാനപ്പോൾ ലജ്ജയോടെ ഓർത്തു.
"നീ പിണങ്ങണ്ട. ഞാൻ പറഞ്ഞിരുന്നല്ലോ, എനിക്ക് 3 ദിവസം ആരുമറിയാതെ മാറി നിക്കണം. ഒരു കേസ്, ഇപ്പോ അറസ്റ്റുണ്ടായാൽ ഇനി 3 ദിവസം കോടതി അവധിയാണ്. ജാമ്യം കിട്ടാൻ വൈകും. ഞാനൊരു മുൻകൂർ ജാമ്യാപേക്ഷ കൊടുത്തിട്ടുമുണ്ട്. അതിന്റെ കാര്യത്തിലും ഇതിനുള്ളിൽ തീരുമാനമാകും. അതു വരെ മാത്രം.'
അവൻ അവിശ്വസനീയതയോടെ എന്നെ നോക്കി. കണ്ണുകൾ മിഴിഞ്ഞു വരുന്നുണ്ടാവും. ഞാൻ ഇരുട്ടിലേക്കു നോക്കി ഉദാസീനയായിരുന്നു. എന്റെ ജീവിതത്തെക്കുറിച്ച് നിനക്കൊന്നുമറിയില്ല. അതെല്ലാമിനി പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും തോന്നുന്നില്ല. ഒന്നുമറിയാതെ തന്നെ ചോദിച്ചയുടൻ ഈ ഷെൽട്ടർ തരാൻ തയ്യാറായതിന് എന്നും നന്ദിയുണ്ടാവും. നിനക്കതു കൊണ്ട് പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനും ഞാൻ ശ്രദ്ധിക്കും.
"എന്താണ് കേസ്? '
അവൻ ദുർബലമായ ഒച്ചയിൽ ചോദിച്ചു. ഇരുട്ടായതുകൊണ്ടാവാം തോട്ടിലെ ആ ചെറിയ വെള്ളച്ചാട്ടത്തിനു പോലും ഭീകരമായ ഒച്ച. എല്ലാം ഇടിഞ്ഞു പൊളിഞ്ഞു വരുന്നതു പോലെ.. ഇത്തരം ഒച്ചകൾക്കിടയിൽ ഈ മലമുകളിൽ ഇവരെങ്ങനെ ജീവിക്കുന്നു? ഞാൻ അവന്റെ ചോദ്യം അവഗണിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു.
"നിങ്ങക്ക് പേടിയാവുന്നില്ലേ ഇവിടെ? താമസം മാറ്റുന്നതല്ലേ നല്ലത്? '
"എങ്ങോട്ട്! ഇവിടല്ലേ ഞങ്ങടെ എല്ലാം. ആ കല്യാണത്തിനു വേണ്ടീട്ട് വീടും നന്നാക്കീതാ. മൂന്നാലു ലക്ഷം രൂപ അങ്ങനേം പോയി, എല്ലാം ഇട്ടേച്ചു പോകാൻ പറ്റുമോ? എങ്ങനെ ജീവിക്കും? '
"ഇനീം ഉരുളു പൊട്ടിയാൽ? കണ്ടിട്ടു തന്നെ പേടിയാവുന്നു. എല്ലാമിങ്ങനെ വീഴാൻ നിക്കുന്ന പോലെ '
"അതങ്ങനെയാ, എല്ലാ മലമുകളിലും അങ്ങനെയാ. ഇപ്പോ വീഴും വീഴും ന്ന് തോന്നിപ്പിക്കും. എന്നും കാണുന്നതോണ്ട് ഞങ്ങക്കതില് പേടിയൊന്നും തോന്നില്ല. അന്നത്തെയാ ദിവസം വരെ അങ്ങനാരുന്നു. പക്ഷേ സത്യം പറഞ്ഞാ ഇപ്പോ പേടിയുണ്ട്. പോകാനെടമില്ലാത്തോണ്ടാ ഞങ്ങള്! ഇതിനു മേലേം മൂന്നാലു കൂട്ടരൊണ്ട്. അന്നൊഴുകിപ്പോകാത്ത ഇച്ചിരെ ഭൂമീം കൃഷീമായിട്ട്. '
"നീ വേറെന്തെങ്കിലും ജോലിക്ക് ശ്രമിക്ക്. ഇതൊക്കെ വിറ്റു പെറുക്കി താഴോട്ടു പോ. അച്ചാറുണ്ടാക്കി വിറ്റാലും ജീവിക്കാലോ? ഇവിടെത്തന്നെ നിക്കണോ ? '
ഞാൻ അവന്റെ തോളത്തു കൈ വെച്ച് ആത്മാർത്ഥതയോടെ പറഞ്ഞു."ഇല്ലെടീ, അതൊന്നും നടക്കുകേലെന്നു തല വിലങ്ങനെയാട്ടി അവൻ മന്ത്രിച്ചു. കുഴപ്പമില്ലാത്ത വരുമാനമൊണ്ട് പറമ്പീന്ന്. അന്നത്തെപ്പിന്നെ നല്ല വിളവാ. മണ്ണൊക്കെ പുഷ്ടിപ്പെട്ടു. വിക്കലൊന്നും നടക്കില്ല. ആരു വാങ്ങാനാ, ഈ മരണഗർത്തം പോലത്തെ സ്ഥലം? പൊന്നു കുഴിച്ചെടുക്കാമെന്നു പറഞ്ഞാലും ആരും വരത്തില്ല. ഒരുപാടു നഷ്ടങ്ങളായി. ഇനിയീ വീടും പറമ്പും കൂടെ കളയാൻ വയ്യ, ആകെയൊള്ളതാ.'
"ജീവനെക്കാൾ വലുതാണോ സ്വത്ത് ? '
ഞാൻ അരിശത്തോടെയാണു ചോദിച്ചത്.
"ചെലപ്പോഴൊക്കെ അതെ. അതുമല്ല, അച്ഛ ഇവിട്ന്ന് പോവാൻ സമ്മതിക്കില്ല. അമ്മേം പ്രജാതേടെ മോനും ... അതിപ്പിന്നെ ഈ മുറ്റത്തും പറമ്പിലുമല്ലാതെ താഴോട്ടൊള്ള പടി ചവിട്ടീട്ടില്ല അച്ഛ.! ഓർത്താൽ ചിരി വരും. വേണ്ട കാലത്തു തിരിഞ്ഞു നോക്കീട്ടില്ല, ഇപ്പഴാണ് ഒടുക്കത്തെ സ്‌നേഹോം ഓർമ്മേം '
ഞങ്ങൾ രണ്ടുപേർക്കും വാക്കുകൾ തീർന്നു. ഇരുട്ടും പലതരം ഒച്ചകളും ചുറ്റും കനത്തു. നിശബ്ദത അസഹ്യമായി തോന്നിയപ്പോൾ ഞാൻ കൈയ്യിൽ ചുരുട്ടിപ്പിടിച്ച പേപ്പർ നിവർത്തി. എറിഞ്ഞു കളയാൻ കൈയ്യിലെടുത്തതാണ്.
""നിനക്കറിയ്യോ ഈ കേസ്? ഇവളെ കണ്ടു കിട്ടിയോന്നറിയ്യോ? ഇവിടടുത്തേതോ സ്ഥലമാ''
അവൻ അശ്രദ്ധയോടെ അതിലേക്കു നോക്കി. പിന്നെ കൈയ്യിൽ വാങ്ങി മൊബൈൽ അടുപ്പിച്ച് വായിച്ചു. അലസമായി പറഞ്ഞു.
"ആ ! ആർക്കറിയാം. ഒരുപാടു പെമ്പിള്ളേര് ഇങ്ങനെ പോകുന്നുണ്ട്.
ചെലര് രക്ഷപെടും. ചെലരെപ്പറ്റി പിന്നൊന്നും കേക്കാറേയില്ല. മിക്കവരും പ്രേമത്തിലൊക്കെ പെട്ടാ പോണത്. കാമുകന്മാർക്കിപ്പോ ഇവിടൊരു പഞ്ഞോമില്ല താനും.
റിസോർട്ടുകളും ഹോംസ്റ്റേകളും വന്നു. അവിടൊക്കെ ജോലിക്കാര് പയ്യന്മാര്. പിന്നെ ടൂറിസ്റ്റുകളും ധാരാളായി. ഇവിടെപ്പോലും ഒത്തിരി ദൂരേ ന്നൊക്കെ ആളുകള് കേറി വരും. മണ്ണൊലിച്ചേടത്തൊക്കെ നിന്ന് സെൽഫിയെടുക്കലും ബഹളോം. കഴിഞ്ഞാഴ്ച സേവ് ദ ഡേറ്റാന്നും പറഞ്ഞ് ക്യാമറേം കൊടച്ചക്രോമായിട്ട് കൊറെപ്പേര്! ദുരന്തമായാലും എന്നതായാലും അനുഭവിക്കണോർക്കൊഴിച്ച് മറ്റുള്ളോർക്കത് കണ്ടു രസിക്കാനൊള്ളതാ! '
ഒന്നും പറയാനില്ലാതെ
ആ പേപ്പറിലേക്കു തന്നെ നോക്കി
പിന്നെയും കുറച്ചു നേരമിരുന്നിട്ട് ഞാനെഴുന്നേറ്റു.
"ഉറക്കം വരുന്ന പോലെ, വല്ലാത്ത തണുപ്പും. '
അവനും എണീറ്റു. അകത്തേക്കു കേറും മുമ്പ് ഞാൻ ആ പേപ്പർ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. രാത്രിയിലെ മഞ്ഞിൽ അതു കുതിർന്നലിഞ്ഞു പോകും. വെള്ളയും കറുപ്പുമുടുപ്പുകളിട്ട ഏതോ പതിനെട്ടുകാരി. മിക്കവാറും തിരിച്ചുവരാത്തവൾ.
ഇപ്പോഴും അവളെയാരെങ്കിലും അന്വേഷിക്കുന്നുണ്ടാവുമോ? പൊലീസത് എഴുതിത്തള്ളിയിരിക്കുമോ?
ജനാലകളടച്ചിട്ടും പുറത്തു നിന്നുള്ള ഒച്ചകൾ എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. വീടിനു മേലേക്ക് എന്തെല്ലാമോ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നുവെന്നു ഞാൻ ഭയന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ എന്റെ ഫ്‌ളാറ്റിലെത്തിയ പെൺകുട്ടികളിൽ അത്തരമൊരുവളുണ്ടായിരുന്നോ എന്നു ഞാൻ വേവലാതിയോടെ പരതി. ആരെക്കുറിച്ചൊക്കെ എനിക്ക് ഉത്തരം പറയേണ്ടി വരും? വന്നവരൊക്കെ എവിടുന്നായിരുന്നെന്നോ എവിടേക്കായിരുന്നുവെന്നോ എനിക്കറിയില്ല. പക്ഷേ വന്നിരുന്നുവെന്നും ചില ദിവസങ്ങളിൽ എന്റെ മുറികളിൽ താമസിച്ചിരുന്നുവെന്നും സത്യമാണ്. ഹോം സ്റ്റേ എന്നു ഞാനും പെൺവാണിഭമെന്നു ഇപ്പോൾ പൊലീസും പറയുന്ന ചില ഒളിത്താമസങ്ങൾ. വീടിനു മുകളിലെ മല അപ്പാടെ ഇടിഞ്ഞു വീണ് മണ്ണു വന്നു മൂടിയാലെന്ന പോലെ ശ്വാസം മുട്ടി ഞാൻ പിടഞ്ഞെണീറ്റു. നെഞ്ചു തിരുമ്മിത്തിരുമ്മി ശ്വാസം വീണ്ടെടുക്കുമ്പോൾ ജീവിതം ഞങ്ങളെയൊക്കെ നോക്കി എളിയിൽ കൈ കുത്തി നിന്ന് ഉറക്കെ ചിരിക്കുകയാണെന്നെനിക്കു തോന്നി. ▮