ചിത്രീകരണം: ദേവപ്രകാശ്

ആവാഹ നിയമം

‘അങ്ങനൊരാളുണ്ട് സാറെ!'

വെയിലത്ത് ബൈക്കിൽ കുറേ നേരം സഞ്ചരിച്ചതിന്റെ ക്ഷീണമൊക്കെ സ്റ്റേഷനെത്തിയതിന്റെ ആവേശത്തിൽ അശോകനങ്ങ് മറന്നിരുന്നു. അനുവാദം പോലും ചോദിക്കാതെ പീതാംബരൻ എസ്. ഐ യുടെ ഓഫീസ് മുറിയിലേക്ക് ഓടിക്കയറി അശോകൻ താൻ കണ്ടെത്തിയ സത്യം ചൂടോടെ ഒരു നിലവിളിയോളം പോരുന്ന പരുവത്തിലാണ് എസ് ഐ യുടെ കാതുകളിലേക്ക് വിളിച്ചു പറഞ്ഞത്.
ഒന്ന് ഞെട്ടിപ്പോയ പീതാംബരൻ കയറിവന്ന അരിശം ഒന്നടങ്ങും വരെ അശോകന്റെ മുഖത്തേക്ക് നോക്കിയില്ല. സ്ഥലകാലം തിരിച്ചുപിടിച്ച അശോകൻ കാട്ടിയ ആവേശമോർത്ത് നിന്നു പരുങ്ങി. കാര്യം ഫോണിൽ വിളിച്ചു പറഞ്ഞാമതിയായിരുന്നു. നേരിട്ട് പറയുമ്പൊഴുള്ള മനസുഖത്തിന് വേണ്ടിയാണ് ഓടിക്കയറി വന്നത്. പീതാംബരനെ ഞെട്ടിച്ചതിലുള്ള വല്ലായ്മയിൽ അശോകൻ അയാൾക്കു മുന്നിൽ ക്ഷമാപണം പോലെ ഒരു സല്യൂട്ടടിച്ചു.
‘സോറി സാറെ'

ആ പറഞ്ഞതിലെ പ്രാസവും പീതാംബരനപ്പോൾ ഇഷ്ട്ടപ്പെട്ടില്ല. കുറച്ച് സെക്കന്റുകളെടുത്തു പീതാംബരന്റെ അരിശമൊന്നടങ്ങാൻ. അശോകനെ അന്വേഷിക്കാനേൽപ്പിച്ച കാര്യത്തെപറ്റി കഴിഞ്ഞ സമയങ്ങളിലെല്ലാം ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു പീതാംബരൻ. അയാൾ ആകാംക്ഷയോടെ അശോകനെ കാത്തിരിക്കുകയുമായിരുന്നു. അരിശം അടങ്ങിയ നിമിഷം തൊട്ട് കാത്തിരിപ്പ് അവസാനിച്ചതിലുള്ള ഒരു സമാധാനം പീതാംബരന് അനുഭവപ്പെട്ടു. അയാൾ അശോകന്റെ മുഖത്തേക്ക് നോക്കി. അശോകന്റെ കണ്ണുകളിൽ വലിയൊരു പ്രതീക്ഷയാണ് പീതാംബരൻ കണ്ടത്. ആ ക്ഷണം പീതാംബരൻ എസ് ഐ യുടെ ശരീരത്തിൽ നിന്ന് ബലൂണിലെ കാറ്റയയും മട്ടിൽ ഒരു ഭാരം മൂക്കിൻ കുഴലുകടന്ന് സ്റ്റേഷന്റെ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് അങ്ങിറങ്ങിപോയി.
"താൻ കണ്ടൊ?'
"കണ്ടു '
എസ്. ഐ തന്റെ മുന്നിലുള്ള രണ്ട് ബൈക്ക് മോഷ്ടാക്കളോട് പുറത്ത് നിൽക്കാൻ പറഞ്ഞു. രണ്ടു പേരും സാറെ ഞങ്ങളല്ല സാറെ എന്ന് പറഞ്ഞതും പീതാംബരൻ അലറി. അവർ അനുസരണയോടെ പുറത്തേക്കിറങ്ങി പോയി.
"ഏതവനാ അത് ?'
"ആളൊരു നാട്ടുവൈദ്യനാണ്. മന്ത്രവാദം സൈഡ്. പേര് രാമന്തളി ശ്രീകൃഷ്ണൻ. ചെർക്കള കഴിഞ്ഞ് കുന്നിറങ്ങി പാടിയിലെത്തണം മൂപ്പരെ കാണാൻ. ബന്ധുക്കളേം സ്വന്തക്കാരേം ഒക്കെ പറഞ്ഞയച്ച് ഒറ്റയ്‌ക്കൊരു വീട്ടിലാണ് താമസം. എഴുപത്തഞ്ച് എമ്പതിനടുത്ത് പ്രായം വരും. മന്ത്രവാദം അത്യാവശ്യ ഘട്ടങ്ങൾക്ക് മാത്രം. കേട്ടതു പോലെ മുൻപും രാമന്തളി ഈപ്പണി ചെയ്തിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്. അനുഭവസ്ഥരെ ഞാൻ കണ്ടു. കാര്യം നടക്കും സാറെ'

"എന്നു വച്ചാ '
അശോകൻ ഒരു രഹസ്യം പറയുന്ന കൂട്ട് എസ് ഐക്കു നേരെ കുനിഞ്ഞ് ശബ്ദം താഴ്ത്തി പറഞ്ഞു, "ആത്മാവ് വരും. വരുത്തിക്കും. മണി മണി പോലെ കൊന്നവന്റെ പേര് നമ്മളോട് പറഞ്ഞു തരും.’
പീതാംബരന് ഒരുൾക്കിടിലം ഉണ്ടായി. അയാൾ അറിയാതെ ചുറ്റിലുമൊന്ന് നോക്കി പോയി.
"അയാൾ അങ്ങനെ പറഞ്ഞൊ?'
"അങ്ങനെ തന്നെയാ പറഞ്ഞത് '
"എങ്ങനെ വരുത്തിക്കുംന്നാണ് ?'
"അതൊക്കെ പറഞ്ഞാ നമുക്ക് എങ്ങനെ പിടികിട്ടാനാണ് സാറെ. ചോദിച്ചാലും അവരതൊക്കെ വിവരിച്ച് തരുവൊ. നമുക്ക് കാര്യം നടന്നാ പോരെ'

‘പോരെ’ എന്ന് അശോകൻ ചോദിച്ചത് ‘മതി’ എന്ന പീതാംബരന്റെ ഉത്തരത്തിനുവേണ്ടി തന്നെയായിരുന്നു.

പീതാംബരൻ ഒന്നും മിണ്ടാതെ പല സൈസ് ആലോചനകളിൽ കുരുങ്ങി കസേരയിൽ ഒന്ന് ചടഞ്ഞിരുന്നു. പീതാംബരന്റെ ആത്മവിശ്വാസക്കുറവ് കണ്ടപ്പോൾ അടുത്ത കാര്യം പറയണോ എന്ന് അശോകനാലോചിച്ചു.
"പക്ഷെ പ്രശ്‌നം എന്താണെന്നു വച്ചാൽ', അശോകനൊന്നു നിർത്തി. പീതാംബരൻ നാടകീയമായി അശോകനെ നോക്കി: "കൊല്ലപ്പെട്ടവന്റെ ബന്ധത്തിൽപ്പെട്ട ആരെങ്കിലും വേണം വ്രതം നോറ്റ് പൂജയ്ക്കിരിക്കാൻ. ആ ശരീരത്തിലോട്ടാ മൂപ്പര് കേറുന്നത് '
"ആര്? '
"ആത്മാവ് '
പീതാംബരന് ഒരു തളർച്ച പോലെ തോന്നി.

പീതാംബരന്റെ എങ്ങാണ്ടൊക്കെയോ ഉണ്ടായിരുന്ന ഉള്ള ആത്മവിശ്വാസവും അങ്ങ് പോയിക്കിട്ടിയെന്ന് അശോകന് ബോധ്യമായി.
അത് മറച്ചു പിടിക്കാൻ ശ്രമിച്ചുകൊണ്ട് ഈ മാരണം പിടിച്ച കേസിന് എങ്ങനെയെങ്കിലും ഏറ്റ സമയത്തിനകത്ത് ഒരു തുമ്പുണ്ടാക്കണമെന്ന അധമ്യമായ ആഗ്രഹത്തെ വിടാതെ കൂട്ടുപിടിച്ചുകൊണ്ട് പീതാംബരൻ ചോദിച്ചു.
"അപ്പൊ നമ്മളാരെ സംഘടിപ്പിക്കും?'

പീതാംബരൻ എസ്. ഐ യുടെ ശരീരത്തിലേക്ക് അൽപ്പം മുൻപ് ജനാലയിലൂടെ ഇറങ്ങിപ്പോയ ഭാരം തിരിച്ച് വന്ന് കയറിക്കൂടിയത് പോലെ അശോകന് തോന്നി.
"മകനൊരുത്തനുണ്ട്. ചെറുതാ. പത്തിലോ പന്ത്രണ്ടിലൊ. അക്കാര്യം സൂചിപ്പിച്ചപ്പൊ അത് മതീന്ന് രാമന്തളിയും പറഞ്ഞു'
"ഇതൊക്കെ നടക്കുവോടോ?'
"ഇത് നടക്കും സാറെ. സൂപ്പറാ. മറ്റത് പോലല്ല'
"മറ്റതൊ?'
"ദൈവവിശ്വാസം പോലല്ലാന്ന് '
ദൈവവിശ്വാസത്തെ കളിയാക്കിയത് പീതാംബരനത്ര ഇഷ്ട്ടപ്പെട്ടില്ല.
ഒരു മുടക്കം പറയുന്ന പോലെ പീതാംബരൻ ചോദിച്ചു
"എത്ര ചെലവ് വരും ?'
"അറുപതാ രാമന്തളി പറഞ്ഞത്. അമ്പതിലെത്തിച്ചിട്ടുണ്ട്. അത് നമ്മള് ടീമിലുളള എല്ലാവരും പിരിവിട്ടെടുക്കും. സത്യത്തില് ഇതിന് നല്ല ചെലവ് വരുന്നതാ. പിന്നെ കേസ് പ്രമാദമായതു കൊണ്ട് രാമന്തളിക്കും അറിയണം സാംബശിവനെ പാതിരാത്രിയ്ക്ക് ആരാ കഴുത്തിന് കത്തി കേറ്റി കൊന്നേന്ന്' പീതാംബരനും അശോകനും ഒരു മൗനപ്രാർത്ഥന പോലെ അൽപ്പനേരം അങ്ങോട്ടുമിങ്ങോട്ടും ഒന്നും മിണ്ടിയില്ല.
"ഇതിപ്പൊ എങ്ങനാടൊ അവന്റെ വീട്ടിൽ പറയുന്നത്. കൊച്ചിനെ അവര് വിട്ട് തരുവൊ ? '
"തരാണ്ടിരിക്കുവൊ സാറെ കൊന്നതാരാന്നറിയാനല്ലെ അവരും കാക്കുന്നത്. നമുക്ക് പോയി സംസാരിച്ചു നോക്കാം.'
അവരോട് പോയി സംസാരിക്കുന്നതും ഇമ്മാതിരി പോക്രിത്തരത്തിന് കൂട്ടുനിക്കില്ലാ എന്ന് അവർ മുഖത്ത് നോക്കി പറയുന്നതും നിങ്ങക്കൊക്കെ പിന്നെ എന്താ ജോലി പോലീസ് കുപ്പായമിട്ട് ഞെളിഞ്ഞ് നടന്നാ പോര സാറെ എന്നും പറഞ്ഞ് പച്ചയ്ക്കങ്ങപമാനിക്കുന്നതും പീതാംബരൻ മനസിൽ കണ്ടു.
"ഞങ്ങളൊക്കെ ഉണ്ടല്ലൊ സാറെ. സാറ് കൊറച്ച് ധൈര്യം ഇട്ടാ മതി. കാര്യങ്ങള് ഞങ്ങള് സെറ്റ് ചെയ്‌തോളാം. ഇതോടെ ഈ കേസിന് നമ്മളൊരു തീരുമാനം ഉണ്ടാക്കും.'
"തനിക്കെന്താ അത്ര ഉറപ്പ്.'
"എനിക്ക് മാത്രമല്ല. എല്ലാവർക്കും നല്ല ഉറപ്പുണ്ട് സാറെ.'
വിശ്വാസം വരാതെ പീതാംബരൻ അശോകനെ നോക്കി
"ആണൊ'
"ങാ സാറെ'
പീതാംബരൻ എസ് ഐ യുടെ ശരീരത്തിൽ നിന്ന് ഭാരം വീണ്ടും പതിയെ പുറത്തേക്കിറങ്ങി. തുറന്നിട്ട ജനാലയിലൂടെ വെളിയിലേക്കിറങ്ങി പോകാൻ മടിച്ചു കൊണ്ട് അങ്ങോട്ടാണോ ഇങ്ങോട്ടാണൊ എന്നറിയാതെ പരുങ്ങി മുറിക്കകത്ത് കറങ്ങി തിരിയുന്നത് അശോകൻ കണ്ടു.
"സാറെ'
എസ് ഐ അശോകനെ നോക്കി.
"ആത്മാക്കൾക്കങ്ങനെ റാങ്ക് വ്യത്യാസമൊന്നുമില്ല. അലക്‌സാണ്ടർ സാറിന് നടന്നിട്ടുണ്ടെങ്കിൽ നമുക്കും നടക്കും.'
പീതാംബരൻ ഒന്നുകൂടി ഉറപ്പിച്ചു.
"ഒറപ്പാണൊ '
"നടക്കും സാറെ '

മുറിക്കകത്ത് കറങ്ങി കൊണ്ടിരുന്നവൻ പിന്നെ അധികം ആലോചനക്കൊന്നും നിൽക്കാതെ ജനാലയിലൂടെ പുറത്തെ വെയിലിലേക്ക് കൈയ്യും വീശി ഇറങ്ങി പോകുന്നത് അശോകൻ പിന്നെയും കണ്ടു. മേശപ്പുറത്തെ ഫയലുകൾക്കിടയിൽ കിടന്ന് ഒളിഞ്ഞു നോക്കുന്ന ഫോട്ടോയിൽ നിന്ന് അറുപതുകാരനും പഴയ ഗൾഫുകാരനുമായ സാംബശിവൻ എന്ന തുന്നൽക്കാരൻ പീതാംബരനെ നോക്കി പറയുന്നത് പോലെ അയാൾക്ക് തോന്നി; "നടക്കും സാറെ '

വർഷങ്ങളായി ഗൾഫിൽ തുന്നൽക്കാരനായി ജോലി നോക്കുകയായിരുന്നു കൊല്ലപ്പെട്ട സാംബശിവൻ. ഗൾഫിലാണെങ്കിലും നാട്ടിലാണെങ്കിലും പാവം പിടിച്ച ഒരു പരോപകാരിയായിരുന്നു അയാൾ. കള്ളു കച്ചവടത്തിന്റെ പരിൽ കാട്ടറബികൾ സ്വന്തം താമസസ്ഥലത്തിട്ട് തൂക്കിക്കൊന്ന നാട്ടുകാരൻ ഒരു പയ്യന്റെ മൃതശരീരവും കൊണ്ട് ഗൾഫിൽ നിന്നു നാട്ടിൽ വന്നതാണ് അയാൾ. ബോഡി എത്തിച്ച് പരിപാടികളും കഴിച്ച് തിരിച്ച് പോകാനിരിക്കവെ മടങ്ങി പോരാനായി തീയതി നിശ്ചയിച്ചതിന്റെ രണ്ടു ദിവസം മുൻപ് വീതം വെപ്പിൽ കിട്ടിയ ഓടും കോൺക്രീറ്റും പാകിയ വീടിനോടു ചേർന്നുള്ള വാഴതോപ്പിൽ കഴുത്തിൽ ആഴത്തിൽ കുത്തേറ്റ് രക്തം അകത്തേക്ക് വാർന്ന് സാംബശിവനെന്ന പരോപകാരി ചത്ത് മലച്ച് കിടന്നു. പീതാംബരനും പോലീസുകാരും ആവേശത്തോടെ അന്വേഷണം തുടങ്ങി. സാംബശിവൻ ചത്തു കിടന്ന വാഴതോപ്പിലെ തുപ്പിയതും തൂറിയതുമടക്കം തപ്പി പിടിച്ച് കൊണ്ടുവന്ന് സംശയത്തിന്റെ മുൾമുനകൾ തീർത്തു. സാംബശിവന്റെ ബന്ധുക്കളും മിത്രങ്ങളും നാട്ടുകാരുമടങ്ങുന്ന സകലരെയും ചോദ്യോത്തരങ്ങൾക്കിരയാക്കി. സാംബശിവന്റെ ജീവചരിത്രം മൊത്തമെടുത്ത് കുഴിച്ച് കുഴിച്ച് അയാളോട് ശത്രുതയുള്ളവരെയും അയാൾക്ക് ശത്രുതയുള്ളവരെയും തിരഞ്ഞു പിടിച്ച് പോയി. പഠിക്കുന്ന സമയത്ത് കട്ടറ് കട്ടതിന്റെ ശത്രുത പോലും ആ പഞ്ചായത്തിലൊ അതിനടുത്തുള്ള പഞ്ചായത്തിലൊ ആർക്കും തന്നെ സാംബശിവനോട് ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്താനേ പോലീസുകാർക്ക് കഴിഞ്ഞുള്ളൂ. ഗൾഫിൽ കൊല്ലപ്പെട്ട പയ്യന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നാരോപിച്ച് കുടുംബത്തിൽപ്പെട്ട ഒരുത്തൻ ഒപ്പിച്ച പണിയാണിതെന്ന് ഏതാണ്ടൊക്കെ കണ്ടെത്തി അവനെ എടുത്ത് പീതാംബരനും സംഘവും നന്നായിട്ടൊന്ന് വാട്ടി നോക്കി. പിന്നെയങ്ങോട്ടവന് എഴുേന്നേറ്റ് നടക്കാനും മൂത്രമൊഴിക്കാനും ബുദ്ധിമുട്ടായത് മിച്ചം.

സാംബശിവന്റെ ഭാര്യ രാജിക്കുണ്ടായിരുന്ന രാത്രി കൂട്ടുകാരൻ കുട്ടൂസൻ മഗേഷിനെ ദിവസങ്ങളോളം ഇട്ട് പരീക്ഷിച്ചു നോക്കി. ഭാര്യയെ സ്വന്തമാക്കാൻ സാംബശിവനെ കുത്തി കൊന്നു സാറെ എന്ന് അവനെക്കൊണ്ട് പറയിപ്പിക്കുകവരെ ചെയ്‌തെങ്കിലും തെളിവിനൊരു പൂടപോലും വിശ്വസനീയമായി തരപ്പെടുത്താൻ ഒത്തില്ല. പണ്ടെപ്പഴോ പണമിടപാടിൽ പ്രശ്‌നമുണ്ടായിരുന്ന അമ്മാവനെയും പെണ്ണു ചോദിച്ചപ്പൊ കൊടുക്കാണ്ടിരുന്ന ബന്ധക്കാരനെയും എട്ടാം ക്ലാസിൽ ക്ലാസീന്ന് പുറത്താക്കിയ കണക്കു മാഷെവരെയും സംശയിക്കേണ്ടി വന്നു പ്രതിയെ കിട്ടാണ്ടായപ്പോൾ പീതാംബരനും കൂട്ടുകാർക്കും.

അതിനിടയ്ക്ക് പാർട്ടിക്കാരും നാട്ടുകാരും ബന്ധക്കാരും ഇളകി മറിയാനും തുടങ്ങി. മോളീന്ന് വൈകാതെ ഒരു തീയതിയും കിട്ടി. പ്രതിയെ മാത്രം കിട്ടാത്ത കാരണത്താൽ ഊണും ഉറക്കവും തെറ്റിയതിന് പീതാംബരനും സംഘവും മെലിയുക മാത്രം ചെയ്തു. അങ്ങനെയാണ് കൊല്ലപ്പെട്ടവന്റെ ആത്മാവിനെ വിളിച്ചു വരുത്തി പെടച്ചാലോ എന്ന് ഗ്രൂപ്പിലെ മുതിർന്ന പോലീസുദ്യോഗസ്ഥൻ മധുസൂതനൻ സാറ് ഒരു ദിവസം രാത്രിയിൽ സഫാരി ചാനലും കണ്ടോണ്ടിരുന്നപ്പോൾ തോന്നിയ ഓരാശയം ടീമിലുള്ള അശോകൻ പോലീസിനോട് വിളിച്ചു പറഞ്ഞത്. പീതാംബരനെ പറഞ്ഞ് ബോധ്യപ്പെടുത്തി അശോകന്റെ മേൽനോട്ടത്തിൽ അന്നുതൊട്ട് അതിനുള്ള രഹസ്യമായ തയ്യാറെടുപ്പിലായിരുന്നു ടീമംഗങ്ങളെല്ലാവരും. അതു പ്രകാരമാണവർ രാമന്തളിയിലേക്കെത്തുന്നതും. രാമന്തളി നിർദ്ദേശിച്ച പ്രകാരം ആത്മാവിന് കുടിയേറാൻ ഒരു ബന്ധു ശരീരം തേടി വൈകാതെ അവർ സാംബശിവന്റെ വീട് പിടിക്കാൻ തീരുമാനിച്ചതും.

കൊല്ലപ്പെട്ടവനോട് പെരുത്തപ്പെട്ടാലുണ്ടാകുന്ന ദു:ഖഭരിതമായ ആലോചനകൾ പോലെയുള്ള ഒരു വൈകുന്നേരമാണ് മഴയ്ക്കു മുൻപ് മൂടം കെട്ടിയ ഇരുണ്ട കാലാവസ്ഥയിലൂടെ ചേടിക്കുണ്ട് കുന്നിറങ്ങി പീതാംബരനും അശോകനും രണ്ട് കോൺസ്റ്റബിൾമാരും സാംബശിവന്റെ വീട് തേടി ഇറങ്ങിയത്.

ഉറപ്പായും പരാജയപ്പെടും എന്ന് കണക്കുകൂട്ടി ഉറപ്പിച്ച ഒരുദ്യമത്തെ പ്രതിയുള്ള ചിന്താഭാരം പീതാംബരൻ എസ് ഐ യുടെ മുഖത്ത് കനപ്പെട്ട് കിടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളത്രയും പണിപ്പെട്ട് പീതാംബരൻ എസ് ഐ യുടെ തലച്ചോറിൽ മുളപ്പിച്ച ധൈര്യവും ആത്മവിശ്വാസവും അയാളുടെ ശരീരം പോലെ വാടി കൂമ്പി ഇരിക്കുന്നത് ജീപ്പിന്റെ ഫ്രണ്ട് മിററിലൂടെ അശോകൻ നോക്കി ഇരുന്നു.
"മരിച്ചവനോട് പറ്റുമെങ്കിൽ ഒന്ന് മിണ്ടാനൊക്കെ പ്രിയപ്പെട്ടോർക്ക് ഒരു കൊതിയുണ്ടാവില്ലെ സാറെ' അശോകൻ മുൻപ് എപ്പഴോ പറഞ്ഞ അതേ പോയന്റ് വീണ്ടും ആവർത്തിച്ചു. ആരുമൊന്നും മിണ്ടിയില്ല. ജീപ്പ് കുലുങ്ങി കുലുങ്ങി മുന്നോട്ടു നീങ്ങി.
"മന്ത്രവാദമല്ലാണ്ട് അമേരിക്കയിലെങ്ങാണ്ട് അതിന് വേറെ സൗകര്യമുണ്ടെന്നാണ് കേട്ടത് '
അതീയിടെ അശോകൻ വായിക്കാനൊക്കെ കൊറച്ച് സമയം ചെലവിട്ടപ്പൊ കിട്ടിയതാണ്.
"അത് വെർച്ച്വലാ സാറെ '
അരികത്തിരിക്കുന്ന കോൺസ്റ്റബിൾ സാഗേഷ് പറത്തു.

"എന്താണെങ്കിലും ഇനി അങ്ങനത്തെ കാലമാ സാറെ വരാൻ പോകുന്നത്. മരിച്ചവനെയൊക്കെ നമുക്കിതുപോലെ കാണാനും മിണ്ടാനും ഒക്കെ പറ്റും.'
എതിരെ ഇരിക്കുന്ന ഗിരീഷിനെ ഒന്ന് തൊട്ട് കൊണ്ട് അശോകൻ കൂട്ടിചേർത്തു.
"ചെലപ്പൊ ഇതുപോലെ തൊടാനും പറ്റും '
ഗിരീഷിന്റെ ശരീരത്തിൽ ഒരു തരിപ്പ് കയറി. ഗിരീഷ് ഒന്നൊതുങ്ങി ഇരുന്നു. ടാറിട്ട റോഡ് കഴിഞ്ഞ് ഒരു കുന്നിനു വിടവുണ്ടാക്കി മുന്നോട്ടു നീളുന്ന ചെമ്മൺ വഴിയിലൂടെ ജീപ്പ് നീങ്ങി. മഴ പെയ്ത് കുഴി വീണ റോഡിൽ ജീപ്പ് ചാടിയും ചെരിഞ്ഞു ജീപ്പിലുള്ളവരുടെ ചടപ്പെടുത്ത് പുറത്തിട്ടു. എല്ലാവരുമൊന്നുഷാറായി. ചെമ്മണ്ണ് റോഡുകഴിഞ്ഞ് മണ്ടയിൽ അധികമൊന്നും വിളവില്ലാത്ത ഒരു തെങ്ങിൻതോപ്പിലേക്കു കയറി ജീപ്പു നിന്നു. സാഗേഷ് ജീപ്പിൽ നിന്ന് ഇറങ്ങിയപാടെ വന്ന വഴിയിലേക്ക് തിരിഞ്ഞ് വിശാലമായി ഒന്ന് മൂത്രമൊഴിച്ചു. അവതരിപ്പിക്കാൻ പോകുന്ന കാര്യത്തെപ്രതിയുള്ള ആലോചന അടിവയറ്റിൽ ഉരുണ്ടുകൂടുന്നതായി അശോകന് തോന്നി. അവർ പറയാൻ പോകുന്ന കാര്യത്തിനും കേൾക്കാൻ പോകുന്ന കാര്യത്തിനും മനസുകൊണ്ടൊന്ന് തയ്യാറെടുത്ത് തെങ്ങിൻ തോപ്പിനപ്പുറത്തെ വാഴക്കൂട്ടങ്ങൾക്കിടയിലെ സാംബശിവന്റെ വീടിനു നേർക്ക് വരിവരിയായി നടന്നു.

വരാന്തയിൽ വിളക്കു കത്തിച്ച് രാമനാമം ചൊല്ലുകയായിരുന്നു സാംബശിവന്റെ മകൻ. അവന്റെ ഇരിപ്പും മട്ടും ഭാവവും എല്ലാവർക്കും ഇഷ്ടപ്പെട്ടു. സാധനം ഇതുതന്നെ എന്ന് എല്ലാവരും മനസ്സിൽ പറഞ്ഞു. ഇപ്രായത്തിലുള്ള കുട്ടികളുടെ ഇമ്മാതിരിയുള്ള ഒരു കാഴ്ച കണ്ടിട്ട് കുറേ നാളായല്ലൊ എന്ന് പീതാംബരൻ മനസിലോർത്തു. പോലീസുകാരെ കണ്ടതും കുട്ടി ജപം നിർത്തി അകത്തേക്ക് എഴുന്നേറ്റ് പോയി. അവൻ അമ്മയെ വിളിക്കുന്നതും കേട്ടു. അടുക്കളയിൽ ബ്ലാത്തി ചക്ക കൂട്ടാൻ വെക്കുന്ന പണിയിലായിരുന്ന സാംബശിവന്റെ ഭാര്യ രാജി മുറ്റത്തു നിൽക്കുന്ന പോലീസുകാരുടെ മുന്നിലേക്ക് കൊന്നവനെ കിട്ടിയൊ സാറെ എന്ന ഭാവത്തിൽ വന്നു നിന്നു. പോലീസുകാർ മുറ്റത്തെ നിൽപ്പിൽ ഒന്ന് പരുങ്ങി.

"ഇരിക്ക് സാറെ’, കണ്ട് കണ്ട് പരിചയമായതിനാൽ രാജി പോലീസുകാരെ വരാന്തയിലേക്ക് ഇരിക്കാൻ വിളിച്ചു ഒരു നിശബ്ദമായ പ്രാർത്ഥനയോടെ എല്ലാവരും വരാന്തയിലേക്ക് കയറി ഉള്ള കസേരയിലും തിണ്ണയിലുമായി ഇരുന്നു.
"എന്താ സാറെ കാര്യം ' രാജി ചോദിച്ചു. പീതാംബരൻ കാര്യം പറയാൻ അശോകനെ തോണ്ടി. അശോകൻ തൊണ്ട അനക്കിയും കുപ്പായത്തിന്റെ കുടുക്ക് ശരിയാക്കിയും തലയിലെ തൊപ്പി ഉറപ്പിച്ചും ഒന്നു തയ്യാറെടുത്തു. അശോകന്റെ തയ്യാറെടുപ്പുകണ്ടപ്പോൾ ഇയാള് പാട്ട് പാടാൻ പോവുകയാണൊ എന്ന് പീതാംബരനൊരുവേള സംശയിച്ചു. "ഞങ്ങള് വന്നത് ഒരു പ്രത്യേകതരം കാര്യം അവതരിപ്പിക്കാനാണ് മോളെ ' അശോകൻ പറഞ്ഞു. "അവതരിപ്പിച്ചൊ സാറെ ' രാജിയും പറഞ്ഞു. കൂട്ടത്തിലാരെങ്കിലും അവതരിപ്പിക്കുമോ എന്നറിയാൻ അശോകൻ എല്ലാവരെയും ഒന്ന് നോക്കി. കൂടെയുള്ളവർ അശോകന് കണ്ണു കൊടുക്കാതെ തല താഴ്ത്തി ഇരിക്കുകയാണ്. "മോനെ ഒന്ന് വിളിച്ചെ' അശോകൻ രാജിയോട് പറഞ്ഞു. രാജി അകത്തേക്ക് പാച്ചുമോനേ എന്ന് വിളിച്ചു. മകൻ അകത്തു നിന്നും അമ്മയ്ക്കരികിൽ വന്നു നിന്നു. പറഞ്ഞാലോ എന്ന ഭാവത്തിൽ അശോകൻ പീതാംബരനെ നോക്കി. അയാൾ ഒരു കതിനയ്ക്ക് മുന്നോടി എന്നവണ്ണം കണ്ണടച്ച് തല താഴ്ത്തി ഇരിക്കുകയാണ്.
"പറയട്ടെ സാറെ '
"പറഞ്ഞോ അശോകാ'
"മോനെ ഒരു ദിവസത്തേക്ക് ഞങ്ങക്കൊന്ന് വേണമായിരുന്നു' രാജി വാ പൊളിച്ചു. മോനെ കൊണ്ടുപോയി പുഴുങ്ങി തിന്നാനാണൊ എന്ന് പേടിച്ചു പോയതു മാതിരി അരികിൽ നിന്ന മകനെ അൽപം പിറകിലേക്ക് മാറ്റി നിർത്തി രാജി ചോദിച്ചു "എന്തിനാ സാറെ '

"കൊലയാളിയെ പിടിക്കാൻ ഞങ്ങളൊരുപായം കണ്ടുവെച്ചിട്ടുണ്ട് ' അശോകൻ പറഞ്ഞു നിർത്തി. ശേഷം തുടർന്നു. "ആത്മാവിനെ വിളിച്ചു വരുത്തിയാൽ സംഗതിനടക്കും'. രാജി എല്ലാവരെയും മിഴിച്ച് നോക്കി. "ആത്മാവെന്നു പറയുമ്പോ നമ്മുടെ സാംബശിവന്റെ ആത്മാവ്. അതങ്ങനെ ചുമ്മാതെ വരില്ല. വന്നു കേറാൻ അതിന് പ്രിയപ്പെട്ട ആരുടെയെങ്കിലും ഒരു ദേഹം വേണം. മോനെ അതിന് തരുവോന്നറിയാനാ ഞങ്ങള് വന്നത് '
അശോകൻ കാര്യം പറഞ്ഞവസാനിപ്പിച്ചു. രാജി കണ്ണു തള്ളി വിറച്ചുകൊണ്ട് നിൽക്കുകയാണ്. "പേടിക്കണ്ട കാര്യമൊന്നുമില്ല'. അശോകൻ മറ്റെന്തോ പറയാൻ തുടങ്ങിയതും കേട്ട കാര്യത്തിന്റെ ഞെട്ടലും കൊണ്ട് രാജി അടുത്ത സെക്കന്റിൽ മകന്റെ കൈക്ക് പിടിച്ച് വീടിനകത്തേക്ക് ഓടിക്കയറി വലിയ ഒച്ചയിൽ വീടിന്റെ മുൻവാതിൽ കൊട്ടിയടച്ചു. ഉൾക്കിടിലത്തോടെ ഇരിപ്പിൽ നിന്ന് എണീക്കാൻ പോലുമാവാതെ പോലീസുകാരെല്ലാവരും സാംബശിവന്റെ വീട്ടു വരാന്തയിലിരുന്ന് വീടിന്റെ അടഞ്ഞ വാതിലിലേക്കു നോക്കി.

ജീപ്പിലുള്ളവരുടെ വലിയ ചിന്താഭാരമുൾകൊണ്ടതു പോലെ ഇറങ്ങി വന്ന കുന്നുകയറാൻ ജീപ്പ് കുറച്ച് പ്രയാസപ്പെട്ടു. ജീപ്പിലുള്ളവർ എല്ലാവരും അതിന്റെ ചാട്ടത്തിനനുസരിച്ച് ആടിയും ഉലഞ്ഞും ഒന്നും മിണ്ടാതെ ഇരുന്നു. അശോകൻ ഒന്നു കഴിഞ്ഞ് മറ്റൊന്ന് എന്ന കണക്കിന് നെടുവീർപ്പിട്ടു. പത്തു മുപ്പത് നെടുവീർപ്പുകൾ അശോകനാ സമയം കൊണ്ട് വിട്ടിരുന്നു. പീതാംബരന് പണ്ട് പെണ്ണുകാണാൻ പോയപ്പോൾ പെണ്ണിനിഷ്ട്ടപ്പെട്ടില്ല എന്ന് അവള് മുഖത്ത് നോക്കി പറഞ്ഞതും കേട്ട് തിരിച്ചു വന്ന വരവ് വെറുതെ ഓർമ്മ വന്നു. "ആരെങ്കിലും പ്രേതം കൂടാൻ തന്റെ കൊച്ചിനെ വിട്ടുതരുവൊ' പീതാംബരൻ പറഞ്ഞു. ആരുമൊന്നും മിണ്ടിയില്ല. തളർന്ന ശബ്ദത്തിൽ അൽപ്പനേരം കഴിഞ്ഞ് അശോകനിടപെട്ടു, "തന്തേടെ അല്ലെ സാറെ.’

"തന്തേടെ ആണെങ്കിലും തള്ളേടെ ആണെങ്കിലും പ്രേതം പ്രേതം തന്നെയാണ്. അതിനെ പേടി ഇല്ലാത്തവരായിട്ട് ആരും ഉണ്ടാവില്ല. അത് നമ്മളാദ്യമേ മനസിലാക്കണമായിരുന്നു.' "സാറിനത് നേരത്തെ തോന്നിയിരുന്നൊ'

"താനോരോന്ന് പറഞ്ഞ് മൂപ്പിക്കുന്നേന്റെടേല് എവിടാ ഇതൊക്കെ ചിന്തിക്കാനൊരു ഗ്യാപ് '
"കുറ്റം മൊത്തം എന്റെ തലേൽ കെട്ടിവെക്കരുത് സാറെ'
മുന്നിൽ നിന്ന് ഒരു ബൈക്ക് വരുന്നത് കണ്ട് ജീപ്പ് റോഡിന്റെ സൈഡടുപ്പിച്ച് നിന്നു. ബൈക്കുകാരൻ ഒരു മെലിഞ്ഞ ചെറുപ്പക്കാരനാണ്. ലുങ്കിയും കുപ്പായവുമിട്ട അവൻ ആദ്യ കാഴ്വയിൽ തന്നെ കുറച്ച് മദ്യപിച്ചിട്ടുണ്ട് എന്ന് പിടിത്തം തരുന്നുണ്ട്. അവൻ ബൈക്ക് സൈഡിലൊതുക്കി ജീപ്പിനു നേർക്ക് അടിയുലഞ്ഞ് നടന്നു കൊണ്ട് പീതാംബരന്റെ സൈഡിലായി വന്നു നിന്നു.
"സാറെ കുട്ടപ്പായിയാ. ഏട്ടത്തി വിളിച്ചിരുന്നു.'
കൊല്ലപ്പെട്ട സാംബശിവന്റെ ഏകപ്പെട്ട അനിയനാണ്.
"അതിന്' പീതാംബരൻ ചോദിച്ചു.
"ഏട്ടന്റെ കൊച്ചിനെ കൊണ്ടോവാൻ നിങ്ങള് വന്നിരുന്നു എന്ന് ഏട്ടത്തി പറഞ്ഞു ' "ഞങ്ങളാരേം കൊണ്ടാവാൻ വന്നതല്ല ആണൊ അശോകാ'
"ഏയ് എന്തിന്'
"സാറെ കൊന്നവനെ കിട്ടിയില്ലെങ്കില് പരുപാടി മതിയാക്കി പൊക്കുടെ സാറെ. വെറുതെ ഓരോ ഉടായിപ്പും കൊണ്ടിറങ്ങണൊ'
"എന്തുടായിപ്പും കൊണ്ടാ ഞങ്ങളിറങ്ങിയത്. മുന്നീന്ന് മാറടാ. കള്ളും കുടിച്ച് വഴീക്കെടന്ന് പോലീസുകാർക്കിട്ട് ഷോ എറക്കല്ലെ'
കുട്ടപ്പായി അരയിൽ നിന്ന് ഒരു കുപ്പിയെടുത്ത് അതിലെ പകുതിയോളം വരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ച് ആടിയുലഞ്ഞ് നിന്നു.

"സാറെ നിങ്ങളിത്രേം ദിവസായിട്ട് ഓണത്തിന് പൂ പറിക്കാൻ പോണ കൂട്ട് ഈ കേസിന്റെ പേരും പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും തേരാ പാരാ പെട്രോളും കത്തിച്ച് പാഞ്ഞതല്ലാണ്ട് എന്റേട്ടനെ കൊന്നവന്റെ കാര്യത്തില് എന്തെങ്കിലും തുമ്പോ തൂവലൊ കിട്ടിയൊ. ഇല്ലല്ലൊ. ഒന്നും നടക്കാഞ്ഞ് അവസാനം നിങ്ങട ഭാഗ്യം പരീക്ഷിക്കാൻ ഞങ്ങടെ കുട്ടീനേം കൂടി അവസാനം കൊലക്ക് കൊടുക്കണം അല്ലെ. എല്ലാ ഡിപ്പാർട്ട്‌മെന്റിലും കാണും ഇങ്ങനോരോ ഉഡായിപ്പുകള്. ക്രാ... തുഫൂ...'

പീതാംബര ജീപ്പിലിരുന്നു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ഒരു ചവിട്ട് വച്ചു കൊടുത്തു. അവൻ മലർന്നടിച്ച് പിന്നിലെ കുറ്റിക്കാട്ടിലേക്ക് ഒരു നിലവിളിയോടെ വീണു. അശോകൻ ജീപ്പിൽനിന്ന് ചാടിയിറങ്ങി വീണവന്റെ അടുത്തേക്കോടി.

"വിടില്ലെടാ പെലയാടി മക്കളെ' അവൻ മദ്യത്തിനു പുറത്ത് കിടന്ന കിടപ്പിൽ പരവേശം പറയുന്നുണ്ട്. അശോകന് ശ്വാസം നേരെ വീണു. ജീവനോടെ ഉണ്ട്. അശോകൻ അവനെ താങ്ങിപ്പിടിച്ചിരുത്തി മുറിവോ ചതവോ ഉണ്ടോന്ന് നോക്കി.

"വന്ന് വണ്ടീ കേറടൊ' പീതാംബരൻ എല്ലാ കലിയും അശോകന് മേത്തേക്കെറിഞ്ഞു.
‘സാറെ നമ്മക്കിവൻ പോരെ' പീതാംബരൻ എന്തിന് എന്ന ഭാവം പിടിച്ചു. "ആത്മാവിന് ചേക്കേറാൻ'
"ചേക്കേറാനോ'
"സാറെ നമ്മടെ പരുപാടിക്ക് ഇവൻ പോരേന്ന്'.
പീതാംബരന്റ കണ്ണുകൾ വിടർന്നു. "പൊക്കിയാലൊ?'

ബോധമില്ലാതെ കിടക്കുന്ന കുട്ടപ്പായിയെ ഒരു ജീപ്പ്, ഡ്രൈവറില്ലാതെ വാടകയ്ക്കെടുത്ത് അതിലേക്ക് എടുത്ത് തട്ടി. രണ്ട് കുപ്പി മദ്യവും വാങ്ങിച്ചു വച്ചു. കുളിച്ച് കുപ്പായം മാറി പോലീസുകാർ നാലു പേരും കുട്ടപ്പായിയെയും കൊണ്ട് അന്നു വൈകീട്ടോടെ രാമന്തളിയെ തേടി പാടിയിലേക്ക് കുന്നിറങ്ങി. തന്നെ കടത്തികൊണ്ടു പോകുന്നതിനോട് ബോധം വിട്ട് കിടന്ന് കുട്ടപ്പായി പൂർണ്ണമായും സഹകരിച്ചിരുന്നു. രാമന്തളിക്ക് ഫോണുപയോഗം ഇല്ലാത്തത് കൊണ്ട് വരുന്ന കാര്യം അയാളെ മുൻകൂട്ടി അറിയിക്കാൻ സാധിച്ചിരുന്നില്ല. അത് മുടക്കം പറച്ചിലിനിടയാക്കുമോ എന്ന് അശോകൻ തലങ്ങും വിലങ്ങും ആലോചിച്ച് തല പുണ്ണാക്കി. ഹനുമാൻകിരീടം പൂത്തു വിരിഞ്ഞു നിറഞ്ഞ കവുങ്ങിൻ തോട്ടത്തിനിടയിലാണ് രാമന്തളിയുടെ ഓടുമേഞ്ഞ പണ്ടേക്കു പണ്ടേ കെട്ടിപ്പൊക്കിയ രണ്ടു നില വീട്. വീടിന്റെ മുറ്റം പുല്ലും പായലും പുതഞ്ഞിരിയ്ക്കുന്നു. മുറ്റത്തിനോടു ചേർന്ന് രാമന്തളിയുടെ പച്ചമരുന്നിൻ കാട്. ചുറ്റിലുമുള്ള കവുങ്ങിൻ മരങ്ങൾക്കിടയിൽ തഴച്ച മഞ്ഞൾ ചെടികൾ. തോട്ടത്തിനു താഴെ തോട്. തോട്ടുവക്കത്ത് മാതളനാരങ്ങ പടർപ്പും കരിമ്പിൻ കൂട്ടവും.

പോലീസുകാരെത്തിയപ്പോഴേയ്ക്കും വീടും പരിസരവും വൈകുന്നേരമൊടുങ്ങുന്നതിൽ ഒന്ന് കനം വച്ചിരുന്നു. തോട്ടിലെ വെള്ളത്തിന്റെ ശബ്ദവും കവുങ്ങിൻ തോട്ടത്തിലെ ചീവീടും പിന്നെ തണുപ്പത്തിരിക്കുന്ന ജീവജാലങ്ങളുടെ മുക്കലും മൂളലും ഒക്കെ കൂടി ആത്മാക്കൾക്ക് ഒന്നു വന്നു പോകാൻ എന്തുകൊണ്ടും പറ്റിയ ഇടമാണ് ചുറ്റിലും എന്ന് പോലീസുകാർക്ക് തോന്നി. അശോകനും മറ്റുള്ളവരും കുട്ടപ്പായിയെ ജീപ്പിൽ തന്നെ കിടത്തി കടുപ്പത്തിൽ നിശബ്ദതയുള്ള വീടിന്റെ ഇറയകത്ത് ചുവര് നിറയെ വൈദ്യ പാരമ്പര്യം പേറി കടന്നു പോയവരുടെ കളറിലും അല്ലാതെയുമുള്ള മരച്ചട്ടയിട്ട ചിത്രങ്ങൾ പതിപ്പിച്ച ഫോട്ടോകളും നോക്കി എണ്ണ തേച്ച് കുളിക്കാൻ പോയ രാമന്തളിയെ കാത്തു നിന്നു.

കുളിച്ചൊരുങ്ങി പുത്തനിട്ട് ഒത്ത നീളവും വണ്ണവുമുള്ള തലയിലും നെഞ്ചിലും കൈത്തണ്ടയിലും നിറയെ തൂവെള്ള രോമങ്ങളുള്ള എന്തിനും പോന്ന മട്ടും ഭാവവുമുള്ള ഇരുനിറത്തിൽ തടിച്ചുകൊഴുത്ത രാമന്തളി എല്ലാവർക്കും മുന്നിൽ വന്നു നിന്നു. അശോകൻ കാര്യവതരിപ്പിച്ചു. അങ്ങനെ മുൻകൂട്ടി അറീക്കാതെ പെട്ടന്നൊന്നും ഇങ്ങനത്തെ പരുപാടി പറ്റില്ല എന്നും ആത്മാക്കളുടെ സമയം കൂടി നോക്കണമെന്നും രാമന്തളി പറഞ്ഞു. ഇതു പോലെ മറ്റൊരവസരം ഇനി കിട്ടില്ല ഒന്ന് രക്ഷിക്കണം എന്നും പറഞ്ഞ് അശോകൻ രാമന്തളിയുടെ കാലിലേക്ക് വീണു. ഇതൊക്കെ കണ്ട് പീതാംബരന് അശോകനെ കെട്ടിപ്പിടിച്ച് ഒന്ന് കരയാൻ തോന്നി. രാമന്തളി ഒന്നിനും തയ്യാറല്ല എന്ന് തീർത്ത് പറഞ്ഞ് വീടിന്റെ ഇറയകത്തു നിന്നും മറ്റൊരു മുറിയിലേക്കു കയറി വാതിലടച്ചു.

രാമന്തളിയുടെ സഹായി ഒരു ചെറുപ്പക്കാരൻ വന്ന് ഇനി നിക്കണ്ട എന്ന് പോലീസുകാരോട് പറഞ്ഞു. പോലീസുകാർ തിരിച്ചു പോവാൻ തുനിഞ്ഞതും രാമന്തളി കയറിക്കൂടിയ മുറിക്കകത്തു നിന്നും വാതിലിൽ രണ്ട് മുട്ടുകേട്ടു. മുട്ടിന് പിന്നാലെ പോലീസുകാരോട് ഒന്ന് കാത്തുനിൽക്കാൻ പറഞ്ഞ് ചെറുപ്പക്കാരൻ അതേ റൂമിന്റെ വാതിൽക്കൽ വന്നു നിന്ന് തിരിച്ചും രണ്ട് മുട്ടുമുട്ടി. വാതില് തുറക്കപ്പെട്ടു. ചെറുപ്പക്കാരൻ അകത്തേക്ക് കയറി. വാതിലടഞ്ഞു. പോലീസുകാർ കാത്തുനിന്നു. അൽപ്പനേരം കഴിഞ്ഞ് ചെറുപ്പക്കാരൻ റൂമിനു വെളിയിലിറങ്ങി. പോലീസുകാർക്ക് മുന്നിലേക്കു വന്നു. രാമന്തളി ഒരുപായം പറഞ്ഞുവെന്നും ഇന്നു രാത്രി പോലീസുകാരെല്ലാവരും അവിടെ തങ്ങണമെന്നും അതിരാവിലെ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ആത്മാവിനെ ആവാഹിക്കാമെന്നും സ്വീകരിക്കാൻ തയ്യാറായ ആൾ കുളിച്ചൊരുങ്ങി അതിരാവിലെ തന്നെ ഒരുങ്ങി നിൽക്കണമെന്നും ചെറുപ്പക്കാരൻ അവരോട് പറഞ്ഞു. അയാൾ കാട്ടി കൊടുത്ത ഒരു മുറിയിൽ അവരെല്ലാവരും കേറി ഇരുന്നു. ജീപ്പിലുണ്ടായിരുന്ന കുട്ടപ്പായിയെ പൊക്കിയെടുത്തു മുറിക്കകത്തുണ്ടായിരുന്ന പുൽപ്പായയിൽ കൊണ്ടു കിടത്തി. രാത്രി കുറച്ചങ്ങായപ്പോൾ കുട്ടപ്പായി മത്ത് വിട്ട് ഉറക്കമുണർന്ന് ചാടി എണീറ്റു. മുറിക്കകത്തിരുന്ന് രാമന്തളിയുടെ ശിഷ്യൻ വച്ചു കൊടുത്ത കഞ്ഞി കുടിക്കുകയായിരുന്നു പോലീസുകാർ. കുട്ടപ്പായി ചാടിപ്പിടിച്ച് ഓടാൻ പോയതും പീതാംബരൻ അലറി "ഇരിക്കെടാ അവിടെ' അവൻ പിടിച്ചിട്ടതു പോലെ പായയിലേക്കു തന്നെ വീണു. അശോകൻ കഞ്ഞിപ്പാത്രത്തിനു മുന്നിൽ നിന്നെഴുന്നേറ്റ് വന്ന് കുട്ടപ്പായിക്ക് മുന്നിൽ കുത്തിയിരുന്നു.
"അനുസരിച്ചാ നിന്നെ ഞങ്ങളൊന്നും ചെയ്യില്ല. രാവിലെ ഒരു ചടങ്ങുണ്ട്. കൊറച്ച് പ്രധാനപ്പെട്ട പരുപാടി ആണ്. നിന്റെ സഹകരണം വേണം. അതിനു വേണ്ടിയാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്. അത് കഴിഞ്ഞാ നമുക്ക് സമാധാനത്തോടെ ഇവടന്ന് മടങ്ങാം. അതേ കാര്യത്തിനു വേണ്ടി തന്നെയാണ് ഞങ്ങള് വീട്ടിലേക്ക് പോയതും ഏട്ടത്തിയോട് സംസാരിച്ചതും. കാര്യം എന്താ ഏതാന്നൊക്കെ വിശദമായിട്ട് ഞങ്ങള് പറഞ്ഞു തരുന്നുണ്ട്. ഇനി ഞങ്ങളോട് സഹകരിക്കാണ്ട് ഇവടെ കെടന്ന് തോന്നിവാസം കാണിച്ചാ രാത്രിക്കു രാത്രി ചവുട്ടി നിന്റെ കൈയും കാലും ഓടിച്ച് കണ്ണും കുത്തിപ്പൊട്ടിച്ച് താഴെ തോട്ടിന്റെ കരയില് കുഴിവെട്ടി നിന്നെ ജീവനോടെ കുഴിച്ചുമൂടും. ഞങ്ങളല്ലാതെ നീ ഇവിടെയുള്ള കാര്യം ഒരു പൂച്ചയ്ക്കു പോലും അറിയില്ല. "അശോകൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു കുപ്പിയെടുത്ത് അവനു മുന്നിൽ വച്ചു.
"അതുവരെ ഇതും കുടിച്ചോണ്ട് നീ ഇവിടെ മിണ്ടാണ്ട് ഇരുന്നോണം. വെശപ്പുണ്ടെങ്കിൽ പറയണം. കഞ്ഞിയുണ്ട്'. കുട്ടപ്പായി മദ്യക്കുപ്പിലേക്ക് തൊണ്ട വരണ്ട് നോക്കി. "എടുത്തോ ' അശോകൻ പറഞ്ഞു.

അടുത്ത മൊമന്റിൽ കുപ്പി തുറന്ന് അകത്തെ മദ്യം ഒറ്റ ശ്വാസത്തിന് മൊത്തമായി അവൻ വായിലേക്ക് കമഴ്ത്തി. എന്നിട്ട് ഒരേമ്പക്കമിട്ട് അതേ പായയിലേക്ക് അങ്ങനെ തന്നെ ചെരിഞ്ഞു.
"എന്റേട്ടനെ കൊന്നു. എനി എന്നേം കൊല്ല് ' കുട്ടപ്പായി മദ്യലഹരിയിൽ വാവിട്ട് കരഞ്ഞു.

ഉണ്ടായിരുന്ന രണ്ടാമത്തേതിനെ വീതം വച്ച് കുടിച്ച്, ബോധമില്ലാതെ കിടക്കുന്നവൻ ഉണരുമ്പൊ ഓടി പോകാതിരിക്കാൻ അവരെല്ലാവരും അവന്റെ ഇരുവശത്തുമായി ഉറക്കം വരാതെ കിടന്നു. രാത്രിയിലെ കനപ്പെട്ട നിശബ്ദതയിൽ പരിസരത്തു നിന്ന് കേൾക്കുന്ന വികൃത ശബ്ദങ്ങളെല്ലാം ആത്മാക്കളുടെ വരവു പോക്കായി അവർക്കു തോന്നി. ജനാലയിലൂടെ പുറത്തെ നിലാവ് കാണാം. കവുങ്ങിൻ തോട്ടനും രാമന്തളിയുടെ മരുന്നു ചെടികളും കാണാം. നിഴലുകളനങ്ങുന്നതിന് ആത്മാക്കളുടെ രൂപം വച്ചതായി കണ്ട് തുറന്ന ജനാല അങ്ങടച്ചാലോ എന്ന് അശോകൻ ചിന്തിച്ചു. വേണ്ട, ജനാലയ്ക്കു വെളിയിൽ നിന്ന് മറ്റൊരു കൈവന്ന് തന്റെ കൈയ്ക്കു കേറി പിടിക്കും. അശോകനൊന്നു കിടുങ്ങി. പുറകിൽ നിന്ന് ആരോ തോണ്ടി വിളിക്കുന്നുണ്ട് അശോകൻ ആസകലം വിറച്ചു. അശോകൻ തിരിഞ്ഞു നോക്കി. കുട്ടപ്പായി ഉണർന്നതാണ്. അശോകന് ശ്വാസം വീണു.
"സാറെ എന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നത്'. അശോകൻ എന്തു പറയുമെന്നറിയാതെ കിടന്നു.
"പറ സാറെ. കാര്യം അറിഞ്ഞാ മതി. ഞാൻ കൂട്ടുനിന്നോളാം. ഇന്നലെ ഏട്ടത്തി എന്തൊക്കൊയോ പറഞ്ഞു. സത്യം പറഞ്ഞാ എനിക്കൊന്നു മനസിലായില്ല'.
കാര്യം അറിഞ്ഞാൽ ഇവൻ ഓടു പൊളിച്ച് ഓടാണ്ടിരുന്നാ മതിയായിരുന്നു. അശോകൻ ആലോചിച്ചു. "ഒരു ആവാഹന പൂജ നടത്താനാ നമ്മളിവിടെ വന്നത്.''
"അതെന്ത് പൂജയാ സാറെ ?'
"നിന്റെ ചേട്ടച്ചാര് രാവിലെ ഇങ്ങ് വരും. അതിനുള്ള പൂജയാ '
"ചേട്ടച്ചാര് മരിച്ചില്ലെ സാറെ ചേട്ടച്ചാരെങ്ങനെ വരാനാ '
"വരുമ്പൊ നീ കണ്ടാ മതി. ഇപ്പൊ കെടന്നൊറങ്ങ്'
"ഒറക്കം വരുന്നില്ല സാറെ '
"ഞാനൊരു പാട്ടു പാടി തരട്ടെ '
"സാറ് പാട്ടും പാടുവൊ '
"ഒറങ്ങടാ കഴുവേറീട മോനേ' അശോകൻ ശബ്ദം കടിച്ച് ഞെരിച്ചുകൊണ്ട് പറഞ്ഞു.

അതിരാവിലെ തന്നെ പോലീസുകാരെല്ലാവരും ഉണർന്നു. പീതാംബരൻ റൂമിനോടു ചേർന്നുള്ള ബാത്ത് റൂമിൽ കയറി രാവിലെ തൊട്ട് കതകടച്ചു കുത്തിയിരിപ്പാണ്. ഗിരീഷ് വയറു തടവിക്കൊണ്ട് നിന്നു. "സാറെ എന്നാ പിന്നെ ഞാൻ തോട്ടത്തിലോട്ടൊന്നു പോയിട്ട് വരാം'.
"അങ്ങേര്‌ടെ പച്ചമരുന്നിന്റെ മോളിലൊന്നും കേറി കുത്തിയിരിക്കരുത്.'
"ഇല്ല സാറെ. ഈ ജന്മത്തിന് ആവശ്യമുള്ള ശാപം ഓൾറെഡി എനിക്ക് കിട്ടീട്ടുണ്ട്. ഇനി അങ്ങേര്‌ടേന്നും കൂടി വാങ്ങിക്കൂട്ടില്ല. സാഗേഷെ നീ വരുന്നില്ലെ'
"ഞാനെന്തിനാ വരുന്നെ'
"അപ്പൊ നിനക്ക് സാധിക്കണ്ടെ'
"എനിക്ക് കൊഴപ്പോന്നും ഇല്ല. നീ സാറിനെ കൂട്ടിക്കൊ'
"ഞാൻ പൊക്കോളാം. നീ ചെല്ല് ' അശോകൻ പറഞ്ഞു. ഗിരീഷ് പുറത്തിറങ്ങാൻ വാതിലുതുറന്നതും നല്ല തണുപ്പ് അകത്തേക്ക് കയറി. അടുത്ത കാലത്തൊന്നും ഉറങ്ങാത്ത വണ്ണം ഒന്നാന്തരമായി ഉറങ്ങുന്ന കുട്ടപ്പായിയെ കുണ്ടിക്ക് ചവുട്ടിക്കൊണ്ട് അശോകൻ എണീപ്പിച്ചു. കുട്ടപ്പായി ഞെട്ടി എണീറ്റ് ചുറ്റിലും നോക്കി. "വന്നൊ സാറെ'
"ആര് '
"ആത്മാവ് '
"ഓ വന്നു. നീ ഒറക്കത്തിലായോണ്ട് പിന്നെ വരാന്ന് പറഞ്ഞ് പോയി'. കുട്ടപ്പായി കണ്ണുതുറുപ്പിച്ച് അശോകനെ നോക്കി. "എണീക്കെട അവടന്ന്' അശോകൻ വിളിച്ചു കൂവി.

തോട്ടിലിറങ്ങി അനുസരണയോടെ കുളിക്കുന്ന കുട്ടപ്പായിയെ കണ്ടപ്പോൾ ഒന്നും വിവരിച്ച് കൊടുത്തിട്ടില്ലെങ്കിലും അവനേതാണ്ട് കാര്യങ്ങളൊക്കെ പിടി കിട്ടിയെന്നും അവനും എന്തിനൊക്കെയോ തയ്യാറാണെന്നും ആത്മാവ് വന്നാൽ അവനെയങ്ങ് പിടികൂടിക്കോളുമെന്നും അശോകനുറപ്പിച്ചു. രാമന്തളിയുടെ ശിഷ്യൻ വന്ന് അവരെ വീടിനകത്തെ മറ്റൊരു മുറിയിലേക്ക് കൂട്ടി കൊണ്ടുപോയി. കറങ്ങിത്തിരിയുന്ന ആത്മാവിന് ഇവിടെ എന്താ പരുപാടി എന്ന് ഒന്നെത്തിക്കാൻ തോന്നിപ്പിക്കുന്ന വിധം മുറിക്കകത്തെ ഇരുട്ടിൽ മഞ്ഞയിലും വെള്ളയിലും വരച്ച ചതുരക്കളത്തിനു നടുവിൽ ഒരു നിലവിളക്ക് കത്തിച്ചു വച്ചിട്ടുണ്ട്. അതിനരികിൽ ഒരു കുഞ്ഞ് പീഢം. അതിനു മുകളിലെ ചെമ്പു പാത്രത്തിൽ നിറയെ പച്ച വെള്ളം. അതിനു ഇരുവശത്തുമായി പുൽപായയും പട്ടുതുണി വിരിച്ച പലകകളുമുണ്ട്. രാമന്തളിയുടെ സഹായി കൊടുത്ത മുണ്ടും ഉടുത്ത് തൂക്കികൊല്ലാൻ കൊണ്ടു പോകുന്ന പ്രതിയെ പോലെ നിൽക്കുകയാണ് കുട്ടപ്പായി. സഹായി അവനെ പിടിച്ച് പായയിൽ ഇരുത്തി.
"തൊഴുതോണ്ടിരുന്നൊ.' കുട്ടപ്പായി വിളക്കിന് നേർക്ക് തൊഴുതു.
അവൻ മുറിക്കകത്തെ ഇരുട്ടിൽ നിൽക്കുന പോലീസുകാരെ നോക്കി "പേടിക്കണ്ട' എന്ന ഭാവേന അശോകൻ അവനോട് തലയനക്കി കാണിച്ചു. "സാറെ ഇഷ്ട്ടമില്ലാത്തവര് പരിസരത്തുണ്ടെങ്കിൽ ആത്മാവ് വരില്ലെന്നാ കേട്ടത് ' അശോകൻ പീതാംബരനോട് പറഞ്ഞു. "ഞാനുള്ളത് പ്രശ്‌നമാകുമോ'
"അതെന്താ സാറെ '
"എന്നെ ആർക്കും അത്ര ഇഷ്ടമൊന്നുമല്ലടൊ. എനിക്കതൊക്കെ അറിയാം' "സാറെന്താ ഈ പറയുന്നെ'

രാമന്തളിയുടെ സഹായി ചുണ്ടിൽ വിരൽ വെച്ച് അവരോട് മിണ്ടരുത് എന്ന് നിർദ്ദേശിച്ചു. അവരെല്ലാവരും കത്തുന്ന വിളക്കിലേക്ക് നോക്കി എവിടെയെങ്കിലും ഒരൊച്ചയോ അനക്കമോ ഉണ്ടോ എന്ന് ചെവിയോർത്തു. മുറിയിലേക്കുള്ള വാതിലിലൂടെ രാമന്തളി അകത്തേക്ക് കയറി വന്നു. ഒന്നുറക്കം തൂങ്ങി വന്ന പോലീസുകാരെല്ലാവരും നിവർന്ന് വടി പോലെ നിന്നു. രാമന്തളി ഒന്നും മിണ്ടാതെ നേരെ കുട്ടപ്പായിക്കു മുന്നിലെ ഇരിപ്പിടത്തിൽ വന്നിരുന്നു. കണ്ണടച്ച് കൈകൂപ്പി നിശബ്ദമായി എന്തോ പ്രാർത്ഥന തുടങ്ങി. മുന്നിലുള്ള ആളെ കണ്ട് കുട്ടപ്പായി ഒന്ന് കിടുങ്ങിയെങ്കിലും അവനും അയാൾക്ക് സമരസപ്പെട്ട് കണ്ണടച്ചിരുന്നു. സിനിമേലൊക്കെ ഉള്ളതുപോലെ ആരെങ്കിലും ചൂരലും കൊണ്ടുവന്ന് നല്ലതല്ലു തല്ലി ഒഴിഞ്ഞു പോ എന്നൊക്കെ പറയും എന്നാണ് അവൻ കരുതിയത്. അതില്ലാത്തതിൽ അവന് സമാധാനം തോന്നി. രാമന്തളിയുടെ ചുണ്ടനക്കിയുള്ള പ്രാർത്ഥന ഉച്ചത്തിലായി. കണ്ണുതുറക്കാൻ പേടിച്ച് കുട്ടപ്പായി അനങ്ങാതെ ഇരുന്നു. പ്രാർത്ഥനയ്ക്ക് പിന്നെയും ഒച്ച കൂടി. അത് മുറിയിൽ പല മടങ്ങായി മുഴങ്ങി. പോക പോകെ കുട്ടപ്പായി അതിൽ ലയിച്ച് കണ്ണടച്ച് കൈകൂപ്പി ധ്യാനാത്മകമായ ഒരവസ്ഥയിലെന്നവണ്ണം ചെറിയൊരാട്ടത്തോടെ ഇരിപ്പു തുടർന്നു.
"ഇപ്പൊ കാറ്റടിക്കും പട്ടികള് കുരയ്ക്കും '

"അതിനിവിടടുത്തൊന്നും പട്ടികളൊന്നും കണ്ടില്ലല്ലോ' പെട്ടന്ന് രാമന്തളി മന്ത്രമുരുവിടുന്നത് നിർത്തി. കനത്ത നിശബ്ദത മുറിക്കകത്ത് കുമിഞ്ഞു. ഒരു മനോലോകത്ത് സുഖമായി വാഴുന്ന കണക്കനെ കുട്ടപ്പായിയുടെ മുഖം പ്രസന്നമായി. കാറ്റടിക്കുന്നുണ്ടോ എന്ന് പീതാംബരൻ ചെവിയോർത്തു. പട്ടി പോയിട്ട് ഒരു തവളക്കുഞ്ഞ് പോലും കുരയ്ക്കുന്നത് കേൾക്കാനില്ല. രാമന്തളിക്കും കുട്ടപ്പായിക്കും മധ്യത്തിലെ പീഡത്തിൽ വെച്ച പാത്രത്തിലെ പച്ച വെളളത്തിൽ ഒരു തരംഗമുണ്ടായി. മുറിയിലേക്കുള്ള വാതിൽ സാവധാനം തുറക്കപ്പെട്ടു. അതിലൂടെ അദൃശ്യമായതെന്തോ അകത്തേക്ക് കയറി വന്നതായി അശോകന് തോന്നി. മുന്നിൽ വന്നു നിൽക്കുന്ന ഒരു വ്യക്തിയിലേക്കെന്ന പോലെ രാമന്തളി കണ്ണ് തുറന്ന് മുന്നിലേക്ക് ശൂന്യതയിലേക്ക് നോക്കി.

രാമന്തളിയുടെ നോട്ടം മെല്ലെ കുട്ടപ്പായിലേക്ക് ഒരാൾക്കൊപ്പമെന്നവണ്ണം നീണ്ടു. അയാളുടെ നോട്ടം കുട്ടപ്പായിയിലുറച്ചു. വലിയ ഒച്ചയോടു കൂടി മുറിയിലേക്കുള്ള ഒരു ജനവാതിൽ തുറക്കപ്പെട്ടു. പുറത്തെ മരങ്ങളിൽ കാറ്റു പിടിക്കുന്നുണ്ട്. ദൂരത്തു നിന്നും പട്ടികൾ ഓരിയിടാനും തുടങ്ങിയിരിക്കുന്നു. ചുറ്റുമുള്ള മാറ്റങ്ങളിലേക്ക് അശോകനും സംഘവും ഉൾക്കിടിലത്തോടെ തല വെട്ടിച്ച് നിന്നു. സ്വയം നഷ്​ടപ്പെട്ട് ഇരുന്നുറഞ്ഞു പോയിരുന്നു കുട്ടപ്പായി.
"സാറെ പുള്ളി എത്തിട്ടുണ്ട്' അശോകൻ അടക്കം പറഞ്ഞു. "ആര്?'

"ആത്മാവ്' പുറത്ത് നല്ല കാറ്റു വീശുന്നുണ്ട്.
രാമന്തളി പഴയതുപോലെ കണ്ണടച്ചുള്ള മൗന പ്രാർത്ഥനയിലാണ്. പെട്ടന്ന് രാമന്തളിയും കുട്ടപ്പായിയും ഒരേ മൊമന്റിൽ മുഖത്തോടു മുഖം നോക്കി കണ്ണുകൾ തുറന്നു. അശോകനും പോലീസുകാരും നോക്കിനിൽകെ കുട്ടപ്പായിയുടെ മുഖം വലിഞ്ഞുമുറുകാൻ തുടങ്ങി. അവന്റെ കണ്ണുകൾ ചുവന്നു. കൈകൾ കൊണ്ട് അവൻ തലമുടി പിടിച്ച് പിച്ചിയെടുക്കും പോലെ വലിച്ചു പറിച്ചു. അവന്റെ ഞരമ്പുകൾ തുടുത്തു. കുട്ടപ്പായി അതേ ഇരിപ്പിൽ ചുറ്റിലുമുള്ള എല്ലാറ്റിലേക്കും നോക്കി വാവിട്ട് കരയാൻ തുടങ്ങി. അവന്റെ കരച്ചിൽ മുറിക്കകത്ത് അസഹ്യമായി വട്ടം കറങ്ങി. രാമന്തളി അവനിലേക്കുള്ള നോട്ടം തെറ്റാതെ ഇരിക്കുകയാണ്. കുട്ടാപ്പായിയുടെ കരച്ചിൽ ഗതി കിട്ടാത്ത ഒരലർച്ചയായി മാറി. കാറ്റിന് പിന്നെയും ശക്തി കൂടി. മരത്തലപ്പുകൾ കാറ്റിന് കൈകൊടുത്തു ഒടിഞ്ഞു വീഴുന്നത് എല്ലാവരും കേട്ടു. ദൂരെ നിന്നും കേട്ടിരുന്ന പട്ടികളുടെ ഓരിയിടൽ വീടിനു ചുറ്റിലുമെന്ന പോലെയായി ഇപ്പോൾ.

അശോകനും പോലീസുകാരും വിയർത്തു പോയിരുന്നു. പീതാംബരൻ നിന്നു വിറയ്ക്കുന്നത് അശോകൻ കണ്ടു. ഗിരീഷ് നിലത്തേക്ക് കുത്തിയിരുന്ന് ചുവര് ചാരി സ്വയം പൊതിഞ്ഞു കൂടിയിരുന്നു. മരമാണോ മനുഷ്യനാണോ എന്ന് തോന്നിപ്പിക്കും വണ്ണം നിൽക്കുകയാണ് സാഗേഷ്. കുട്ടപ്പായിയുടെ കരച്ചലിന് പല ഭാവങ്ങൾ കൈവന്നു. കരച്ചിലിനൊപ്പം അവൻ പല വികൃത ശബ്ദങ്ങളും ഉണ്ടാക്കി.

"എന്നെ എന്തിനാണ് വരുത്തിയത്'. പോലീസുകാരെല്ലാവരും കണ്ണ് മിഴിച്ച് കുട്ടപ്പായിയെ നോക്കി. കുട്ടപ്പായിക്കിപ്പോൾ മറ്റൊരാളുടെ ശബ്ദമാണ്. "നിന്നെ കൊന്നതാരാണെന്നറിയണം' രാമന്തളി ചോദിച്ചു. കുട്ടപ്പായി മെല്ലെ ശാന്തനായി. കൊല്ലപ്പെട്ട ഒരാളുടെ ആത്മാവിനുണ്ടായേക്കാവുന്ന എല്ലാ നിസഹായതയും ദു:ഖവും അവന്റെ മുഖത്ത് വ്യക്തമായി. അവൻ ഒരോർമ്മയിൽ പിടിച്ചിടപ്പെട്ട് ഇരുന്നു പോയത് ആത്മാവിന്റെ ആലോചനകൾ എന്ന് അശോകനും പോലീസുകാരും മനസിലാക്കി. "ആരാണത് ചെയ്തത്?' രാമന്തളി പിന്നെയും ചോദിച്ചു. "അറിയില്ലെ?' രാമന്തളി ചോദ്യം തുടർന്നു. ആലോചന അവസാനിച്ച മുറയ്ക്ക് സാംബശിവൻ കൊല്ലപ്പെട്ട അന്ന് രാത്രി കൊലയ്ക്കു മുൻപ് കണ്ട കൊലയാളിയുടെ മുഖം തിരിച്ചു കിട്ടിയ നിമിഷത്തിൽ കുട്ടപ്പായിയുടെ മുഖത്ത് കടുത്ത പക കനം വച്ചു. പക ശരീരമാസകലം പടർന്ന് കയറിയതും അവൻ വല്ലാത്ത ഒരൂർജ്ജത്തോടെ ഇരുന്ന ഇടത്തു നിന്നും ചാടി എണീറ്റു. മുണ്ടുമാടിക്കുത്തി ഉറച്ച കാൽവെപ്പുകളോടെ അവൻ തുറന്നിട്ട വാതിലിനു നേർക്ക് നടന്നു. കാര്യമറിയാൻ രാമന്തളിയെ നോക്കിയ പോലീസുകാരോട് അയാൾ ഒതുങ്ങി നിൽക്കാൻ ആംഗ്യം കാട്ടി. കുട്ടപ്പായി വീട്ടിനു പുറത്തേക്കിറങ്ങി. പകൽ വെളിച്ചം എത്തി തുടങ്ങിയിരുന്നു.

അവൻ മുറ്റത്തേക്കിറങ്ങി നേരിയ പുലർവെട്ടത്തിൽ കാണുന്ന ഭൂമിയിലേക്ക് മറ്റൊരു ഗ്രഹം കാണുന്ന കണക്കനെ നോക്കി. രാമന്തളിയും പോലീസുകാരും അവന് പിന്നാലെ വന്ന് ചുറ്റിലും കൂടി. അതവന് ബോധിച്ചില്ല. അവൻ എല്ലാവർക്കും നേരെ പല്ലുകടിച്ച് ഞെരിച്ചു.
"കൊന്നവനെ എനിക്കറിയാം' സാംബശിവന്റെ ശബ്ദമാണ് അശോകനുറപ്പിച്ചു. "ആര്?' രാമന്തളി ചോദിച്ചു.
‘പറയില്ല. എന്റെ പിന്നാലെ വരിക. ഞാൻ കാട്ടിത്തരാം'.
പോലീസുകാരുടെ മുഖങ്ങളിൽ ആശ്വാസം ഒരു മിന്നലെറിഞ്ഞ് പോയി.
"എന്നെ തടയരുത് അതിനു മുൻപ് എനിക്കവന്റെ ജീവനെടുക്കണം' കുട്ടപ്പായി സാംബശിവന്റെ ശബ്ദത്തിൽ അലറി.
​"അവനെന്റെ കൈകൊണ്ട് പിടഞ്ഞ് ചാവണം' അലർച്ചയ്ക്കു പിന്നാലെ ചുറ്റിലുമുള്ളവരെ ഊക്കോടെ തള്ളിത്തെറുപ്പിച്ച് കുട്ടപ്പായി പകൽ വെട്ടം വീഴുന്ന മഞ്ഞിറങ്ങി നനഞ്ഞ കുന്നിൻ മുകളിലേക്ക് ആരെയോ ഒരാളെ ഉന്നം വച്ച് കുന്നിൻ ചെരുവ് നടുങ്ങുമാറ് തൊള്ള കീറിയ കൊലവിളിയോടെ ഊക്കോടെ കാറ്റ് പോലെ പറന്നു കയറി. രാമന്തളിയും പോലീസുകാരും കരുത്തുള്ള ഒരു ശരീരം കടം കൊണ്ട് പ്രതികാരത്തിന് പായുന്ന സാംബശിവന്റെ ആത്മാവിനെ കളി കൈവിട്ട ഞെട്ടലോടെ വീട്ടുമുറ്റത്തെ തണുപ്പുള്ള പുലരിയിൽ ചലിക്കുവാനാവാതെ നോക്കി നിന്നു. ​▮

Comments