തെക്കേമുറ്റത്ത്, മുറ്റമെന്ന് പറയാനൊന്നുമുണ്ടായിരുന്നില്ല, കായൽ ചതുപ്പിലേക്ക് നീളുന്ന ആ വീതികുറഞ്ഞ ചരിവിലേക്ക് അയാൾ മറിഞ്ഞുവീഴുമ്പോൾ ശബ്ദമൊന്നും പുറത്തേക്ക് കേട്ടതില്ല.
അടുക്കളയിൽ ലളിതയുണ്ടായിരുന്നു. തെക്കേ മുറ്റത്തെ ചേതിയിൽനിന്ന് ഉച്ചയ്ക്കു കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഈർക്കിലുകൊണ്ട് തോണ്ടിയെടുക്കുന്നതിൽ വ്യാപൃതനായിരുന്നു അയാൾ, കുഞ്ഞുണ്ണിനായർ.
മങ്ങിത്തുടങ്ങിയ ഉച്ചക്കാറ്റ് അയാളുടെ ചെവിയിലെ രോമങ്ങളെ ഉണർത്തി കടന്നുപോയി. ഉപ്പുമണക്കുന്ന ഉച്ചക്കാറ്റിൽ അയാളൊന്ന് ഉലഞ്ഞു. ചുവരിൽ ചാരിവെച്ച ഉണങ്ങിയ കമുകിൻപാളികളെ വീഴ്ചയിൽ ആകമാനം തള്ളിയിട്ടുകൊണ്ടാണ് ആ മറിഞ്ഞുവീഴൽ സംഭവിച്ചത്.
ഇന്നലെ പെയ്ത മഴയിൽ ചേതി വരെ വെള്ളം എത്തിയില്ലായിരുന്നുവെങ്കിൽ അങ്ങനെയൊരു ചതുപ്പ് അവിടെ ഉണ്ടാവേണ്ടതല്ലായിരുന്നു. കാലുകളുയർത്തി നോക്കാനോ വെപ്രാളത്തിൽ എന്തെങ്കിലുമൊന്നിൽ അള്ളിപിടിക്കാനോ ഉള്ള സാവകാശം കുഞ്ഞുണ്ണിക്കുണ്ടായില്ല. അതിനു കാരണം വീഴ്ചയ്ക്കു മുന്നേ തന്നെ മരണം സംഭവിച്ചിരുന്നു എന്നതാണ്. ലളിത അടുക്കളയിൽ ചക്കപ്പുഴുക്കിലേക്ക് കടുക് താളിക്കുകയായിരുന്നു. ഇരുമ്പു ചീനചട്ടിയിൽ നിന്ന് താളിപ്പ് ചക്കയിലേക്ക് കോരി കോരിയൊഴിക്കുമ്പോൾ മെല്ലെ മെല്ലെ അയാൾ അപ്പുറം ചളിയിലേക്ക് കഴുത്തറ്റം വരെ ആണ്ടു പൊയ്ക്കഴിഞ്ഞിരുന്നു.
അടുക്കളയിൽ നിന്ന് ലളിത പാടി.
"ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂമ്പുടവ ചാർത്തിയ രാത്രി…"
ലളിതയ്ക്കേറ്റവും ഇഷ്ടം ആ പാട്ടായിരുന്നു. ആദ്യം ദാസനും പിന്നെ നളിനിയും യാത്രപറഞ്ഞു പിരിഞ്ഞപ്പോഴും മുറ്റത്തെ ഇപ്പോൾ മറിഞ്ഞു വീണേക്കാവുന്ന ചിതലുതിന്ന വെളിച്ചക്കാലിൽ അമർത്തി പിടിച്ച് ഒച്ച പുറത്തുവരാതെ ലളിത പാടി,
"പൂവല്ല പൂനിലാവിൻ കിരണമല്ലോ
നിൻ തൂമിഴികൾ അനംഗന്റെ പ്രിയബാണങ്ങൾ"
തന്നെയൊരിക്കലും സ്നേഹത്താൽ പരിഗണിച്ചിട്ടേയില്ലാത്ത അച്ഛന്റെ മരണം ഉണ്ടാക്കിയേക്കാവുന്ന ശൂന്യത ബാധിച്ചു തുടങ്ങുന്ന ഘട്ടത്തിൽ അവളതേ വീടിന്റെ ഉമ്മറത്തിരുന്ന് ഇതേ പാട്ടാണ് പാടാൻ പോവുന്നത്.
കായൽപച്ച
ജീവിതത്തിൽ സംഭവിക്കാൻ പോവുന്നതെന്തും, അനിശ്ചിതത്വങ്ങളടക്കം, എല്ലാം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ് എന്ന വിശ്വാസം പീലിക്കുട്ടിക്കുണ്ടായിരുന്നു. അത് മുൻകൂട്ടി അയാൾ മനസിലാക്കുക പോലും ചെയ്തിട്ടുണ്ട്.
തുടക്കം ഇങ്ങനെയാണ്.
കൈയ്യിൽ തൊട്ടിയും തലയിൽ വല്ലവുമായി അയാളുടെ അമ്മച്ചി വീട്ടിൽ നിന്നിറങ്ങിപ്പോകുമ്പോൾ, അമ്മച്ചി മരിച്ചാൽ എനിക്കിനിയാരുണ്ടെന്ന് വലിയവായിൽ നെലവിളിക്കുന്ന മെലിഞ്ഞ ചെക്കന്റെ മോന്തയ്ക്ക് രണ്ടടിയും വെച്ചു കൊടുത്താണ് മേരിക്കുട്ടി വള്ളവും തുഴഞ്ഞ് കക്കവാരാൻ പോയത്.

അന്ന് അവനു പ്രായം പതിനൊന്ന്.
അന്നേ ദിവസം വൈകുന്നേരം മേരിക്കുട്ടിയുടെ ശവം പള്ളിപ്പറമ്പിലേക്കെടുക്കുമ്പോൾ സോഡാകുപ്പിയുടെ മൂടി അടിച്ചു പരത്തി തിരിപ്പുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു പീലിക്കുട്ടി. താഴേയുള്ള രണ്ട് പെൺകുട്ടികൾ മൂക്കളയൊലിപ്പിച്ച് ചാണകം മെഴുകിയ തറയിൽ കിടന്നുരുണ്ടു കരഞ്ഞു. മരിച്ചത് അമ്മച്ചിയാണേലും അല്ലേലും കരയാനുള്ളത് ഞാൻ കരഞ്ഞുവച്ചിട്ടുണ്ട് എന്ന ഭാവമായിരുന്നു പീലിക്കുട്ടിക്കപ്പോൾ.
അന്ന് അവനൊപ്പം കളിക്കാനിരുന്ന പയ്യന്റെ പേര് കുഞ്ഞുണ്ണി നായർ എന്നായിരുന്നു. നായർ- ദലിത് വൈരുധ്യങ്ങൾ ശക്തമായി തന്നെ നിലനിൽക്കുന്ന കാലം, എന്നിട്ടും കൈതമുൾ കാടിന്റെ ആരും കടന്നുവരാത്ത വിടവിൽ കുഞ്ഞുണ്ണിയും പീലിക്കുട്ടിയും നീണ്ടു നിവർന്ന് കിടന്നു. കുഞ്ഞുണ്ണിയുടെ നീണ്ട വിരലുകൾ കുപ്പായമിടാത്ത പീലിക്കുട്ടിയുടെ വയറിൽ ഇഴഞ്ഞുനടന്നു.
കാലം പിന്നെയും മുന്നിലേക്ക് പാഞ്ഞു. കുഞ്ഞുണ്ണിയുടെ മരണവാർത്ത അറിയുന്ന നിമിഷം പീലിക്കുട്ടി ഇതേ കൈതക്കാട്ടിൽ നൂൽബന്ധമില്ലാതെ മലർന്നു കിടന്നാണ് ഈ ലോകത്തെ ഉപേക്ഷിക്കാൻ പോവുന്നത്.
എല്ലാ പരിചയങ്ങളെയും പോലെ വെറുതെയങ്ങ് പരിചയപ്പെട്ടവരായിരുന്നില്ല കുഞ്ഞുണ്ണിയും പീലിക്കുട്ടിയും. കാലങ്ങൾക്കുശേഷം പീലിക്കുട്ടി തന്നെ ആ ബന്ധത്തെ നിർവചിക്കുന്നത് കാലത്തിന്റെ അനിവാര്യത എന്നായിരുന്നു. കൈതക്കണ്ടത്തിലെ തെങ്ങിൽ നിന്നും പറിച്ചിട്ട തേങ്ങകൾ വല്ലത്തിൽ നിറയ്ക്കുന്നത് വെറുതെ കണ്ടു നിൽക്കുകയായിരുന്നു കുഞ്ഞുണ്ണി എന്ന പത്തുവയസുകാരൻ. അവന്റെ മുന്നിലൂടെ തോർത്തു മുണ്ടു മാത്രം അരയിൽചുറ്റി വാഴനാരിൽ കോർത്ത മൂന്നാല് വലിഞ്ഞീലിനെയും തോളിലിട്ടു കൊണ്ട് വരമ്പിലൂടെ നടക്കുകയായിരുന്നു പീലിക്കുട്ടി. ഉറ്റുനോക്കുന്ന ആ കണ്ണുകൾ പിന്നീട് കുഞ്ഞുണ്ണിയെ വിട്ട് പോയില്ല. പരസ്പരം ആകർഷിക്കുന്ന കാന്തത്തിന്റെ രണ്ടറ്റങ്ങൾ പോലെ അന്നു വൈകുന്നേരം തന്നെ കൈതകാട്ടിൽ വച്ച് അവർ രണ്ടു പേരും പരസ്പരമറിഞ്ഞു.
പിന്നെയും ഉച്ചകൾ, വൈകുന്നേരങ്ങൾ, രാത്രികൾ…പരസ്പരം വൈരുധ്യങ്ങളുടെ അങ്ങേത്തലയ്ക്കൽ നിൽക്കുന്നവരായിരുന്നു ഇരുവരും. എന്നിട്ടും അഴിക്കാനാവാത്ത ഏതോ സാദൃശ്യത്തിന്റെ കെട്ട് അവരെ മുറുക്കുകയായിരുന്നു. അതിനു കാരണമായ ആദ്യത്തെതും പ്രധാനപ്പെട്ടതുമായ സംഗതി ഇതാണ്. അന്നവർക്ക് പ്രായം പതിമൂന്ന് കഴിഞ്ഞിരിക്കണം.
പഠിക്കാനുള്ള തലയില്ലാത്തതിനാൽ കുഞ്ഞുണ്ണി സ്കൂളിൽ പോക്ക് നിർത്തി. പീലി സ്കൂൾ വരാന്ത പോലും കണ്ടിട്ടില്ല.
ചെളിക്കണ്ടങ്ങളിൽ ഒറ്റാലു വെച്ച് മീൻ പിടിക്കുന്നതിൽ വിദഗ്ദനായിരുന്നു പീലിക്കുട്ടി. അന്നവൻ കാലിലെ തള്ളവിരലുകൊണ്ട് ചളിയിൽ അമർത്തി പിടിച്ച് വഴുവഴുപ്പൻ മീനുകളെ പിടിക്കുകയായിരുന്നു. കുഞ്ഞുണ്ണിയപ്പോൾ തണലുള്ള ദിക്കിൽ കാറ്റു കൊണ്ടിരുന്നു.
“എളേതുങ്ങൾ കെട്ടിപ്പോയാൽ നീയെന്ത് ചെയ്യും.?”, കുഞ്ഞുണ്ണി എത്രയോ തവണ ഇതേ ചോദ്യം പീലിക്കുട്ടിയോട് ചോദിച്ചിട്ടുണ്ട്.
“ഞാനിങ്ങനെ ജീവിക്കും”, അവൻ മറുപടി പറയും. “ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. രസമൊള്ള ഒന്ന്, പക്ഷേ മുഴുവൻ കണ്ടില്ല”, പീലി പറഞ്ഞു. “എന്തായിരുന്നു അത്.?”, കുഞ്ഞുണ്ണി ചോദിച്ചു. “മീത്തലെക്കാവിൽ പൂരം നടക്കണ സമയം, കൊയ്ത്ത് എറക്കിയ കണ്ടത്തിൽ കവുങ്ങിൻപാളി കൊണ്ട് മേഞ്ഞ ഇരിപ്പിടത്തിൽ എല്ലാരും കൂടിയിരുന്ന് പൊകവെലിക്കുന്നതും, കളള് കുടിക്കുന്നതും പടക്കം പൊട്ടിക്കുന്നതും…അതിനെടേൽ ഒരു നെലോളിയൊച്ച… ബാക്കി കണ്ടില്ല”.

കഥകേട്ടിരുന്ന കുഞ്ഞുണ്ണി വിടർന്ന കണ്ണുമായി പീലിയെ എടാ എന്ന് അലറിവിളിച്ചു. അവൻ തിരിഞ്ഞുനോക്കി.
“പിന്നെയെന്ത് നടന്നു..?”
“ഞാൻ ബാക്കി കണ്ടില്ല”.
“ഞാനീ സ്വപ്നത്തിന്റെ ബാക്കി കണ്ടിട്ടുണ്ട്.” കുഞ്ഞുണ്ണി പറഞ്ഞതൊരു വെളിപ്പെടുത്തലായിരുന്നു.
സാദ്യശ്യമുള്ള ഇരട്ടകളെപ്പോലെയായിരുന്നു അവർ രണ്ടു പേരും, കാഴ്ചയിലല്ല, പക്ഷേ മറ്റെന്തിലോ..!
ഒരാൾ കാണുന്ന സ്വപ്നത്തിന്റെ തുടർച്ചയെന്നോണം കാഴ്ച മറ്റെയാളുടെ സ്വപ്നത്തിൽ വന്നു കേറുന്നു. ഒരു തവണയല്ല പിന്നെയും പല തവണ അതാവർത്തിച്ചിട്ടുണ്ട്. തങ്ങൾ ഒരിക്കലും പിരിയില്ലെന്ന തോന്നൽ രണ്ടാളിലും ദൃഢമാവുന്നത് ഈ സംഭവങ്ങൾക്കുശേഷമാണ്. ചതുപ്പ്, ഉളുമ്പുവാട, മീൻ മണം, ഇതൊന്നും പീലിക്കുട്ടിയിലേക്കുള്ള വഴിയിൽ കുഞ്ഞുണ്ണി നായർക്ക് തടസമായിരുന്നില്ല.
മുന്നിൽ വന്നുനിൽക്കുന്നത് മനുഷ്യനോ മൃഗമോ എന്തോ ആയിക്കൊള്ളട്ടേ അതിനെ പൈശാചികമായി ദ്രോഹിക്കുമ്പോഴാണ്, കീഴ്പ്പെടുത്തുമ്പോഴാണ് കുഞ്ഞുണ്ണി ആനന്ദമനുഭവിക്കുന്നത്. തന്റെ കൺമുന്നിൽ ആ ജീവൻ വേദനയാൽ പിടയുന്നതും, ജീവിച്ചിരിക്കാൻ വേണ്ടിയെടുക്കുന്ന അതിന്റെ ചെറിയൊരു അനക്കത്തെ തടയുമ്പോഴും അയാളിൽ രതിക്കു സമാനമായ അനുഭൂതിയുണ്ടായി. കണ്ണുകൾ പ്രത്യേക രീതിയിൽ വളഞ്ഞു. ആരും കണ്ടിട്ടില്ലാത്ത അയാളുടെ അത്തരം അനുഭവങ്ങളെ അറിഞ്ഞിരുന്നത് പീലിക്കുട്ടിയാണ്. അയാൾ ഒരിക്കലും അത് പറയുകയുണ്ടായില്ല. മുൻപ് സൂചിപ്പിച്ചതു പോലെ അവർക്ക് അടുത്തിരിക്കാനും വേർപെട്ടു പോവാനും അനവധി കാരണങ്ങളുണ്ടായി. ആ അടുപ്പം ഒരിക്കലും വിധേയത്വത്തിന്റേതായിരുന്നില്ല എന്നുറപ്പാണ്. പീലിക്കുട്ടിയുടെ മെലിഞ്ഞ ശരീരത്തിൽ വിരലുകൾ പായിക്കുമ്പോൾ മാത്രമായി അയാളുടെ കണ്ണുകളിൽ സ്നേഹത്തിന്റെ തിരയിളക്കമുണ്ടായി. അപ്പോൾ മാത്രം ജീവിതത്തിലാദ്യമായി പീലിക്കുട്ടി സ്നേഹത്തെയറിഞ്ഞു.
വളരുന്തോറും കുഞ്ഞുണ്ണിയുടെ കണ്ണുകൾ കൂടുതൽ വിടർന്നു. പൂച്ചക്കണ്ണുകൾ പിന്നെയും തിളങ്ങി. അതിലയാൾ കണ്മഷി കൊണ്ട് നീട്ടി വരഞ്ഞു. നെറ്റിയിലൊരു ചന്ദനപ്പൊട്ട്. കൂട്ടിമുട്ടുന്ന പുരികങ്ങൾ ഒന്നു കൂടി വളച്ച് പനിനീർപുഷ്പം കണക്കെയുള്ള ചുണ്ടുകൾ വിടർത്തി അയാൾ പഴയ തറവാടു വീടിന്റെ ഉമ്മറത്ത് കാറ്റേറ്റിരിക്കും. പീലിക്കുട്ടി വളർന്നത് ആരുമറിഞ്ഞില്ല. കായലിന്റെ കരയിൽ, ചെളിക്കണ്ടത്തിൽ, വാറ്റുപുരയിൽ അയാൾ ഒറ്റമുണ്ടുടുത്ത് മെലിഞ്ഞ കറുത്ത ശരീരവുമായി പിന്നെയും നീണ്ടു.
യജമാനനും അടിമയും തമ്മിലുള്ള വിശേഷപ്പെട്ട ബന്ധമായി മാത്രമാണ് ലോകമതിനെ കണ്ടത്. അവർക്കിടയിലുള്ള രതിയുടെ, ആശ്ലേഷത്തിന്റെ, ആനന്ദത്തിന്റെ അനുഭവങ്ങൾ ലോകമറിഞ്ഞതേയില്ല. അല്ലെങ്കിലും നമ്മൾ കണ്ടുവെന്ന് ധരിക്കുന്ന ഒരു കാഴ്ചയിലുമല്ല ലോകത്തിന്റെ സത്യമിരിക്കുന്നത്, അത് മറ്റെന്തോ ആണ്.
വഴിക്കാഴ്ച
“ഇപ്പോ എറങ്ങിക്കോണം, കള്ളനായിന്റ മോൻ…”
അയാൾ ഇറയത്ത് മൂലയിലിരുന്ന വടിയെടുത്ത് ദാസനു നേരെയെറിഞ്ഞു. ലളിതയെ ഇഷ്ടമാണെന്നും കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറയാൻ വന്നതായിരുന്നു അയാൾ. ഇതേ വരവ് അയാൾ മൂന്നാലു തവണ മുന്നേയും വന്നിട്ടുണ്ട്, കാര്യമുണ്ടായില്ല എന്നു മാത്രം.
‘‘ഇത്തവണ സമ്മതിച്ചില്ലെങ്കിൽ ഇറങ്ങിവരണം, നമുക്ക് എവിടെയെങ്കിലും പോയി ജീവിക്കാം’’, അവസാനമായി കണ്ടപ്പോൾ ദാസൻ അവളോട് അതാണ് പറഞ്ഞത്. പക്ഷേ ലളിതയ്ക്ക് അങ്ങനെയൊരു ഇറങ്ങിപ്പോക്ക് സാധ്യമായിരുന്നില്ല. അയാള് കൊടുത്ത പച്ചക്കരയുള്ള സെറ്റ് മുണ്ട് അവളുടെ കൈയ്യിലുണ്ടായിരുന്നു. കാലങ്ങളായി അനുഭവിച്ചുപോരുന്ന അടിമത്തത്തിന്റെ, വിധേയത്വത്തിന്റെ ചരടുകൾ പൊട്ടിച്ചെറിയുക എളുപ്പമേ ആയിരുന്നില്ല. അവളപ്പോൾ പഴയൊരു പത്തുവയസുകാരിയായി. തീട്ടവും മൂത്രവും കുഴഞ്ഞ് കുഞ്ഞുണ്ണി നായർ സർക്കാർ ആശുപത്രിയിൽ കിടന്നപ്പോൾ ഒരു പത്തു വയസുകാരിയെ കൂടെയുണ്ടായിരുന്നുള്ളൂ. ആൾക്കൂട്ടത്തിനിടയിൽ പെണ്ണ് കണ്ണുമിഴിച്ച് നിന്നു. ആ കാലമാവുമ്പോഴേക്ക് പൊറ്റമേൽ തറവാട് ആളൊഴിഞ്ഞു ക്ഷയിച്ചു തുടങ്ങിയിരുന്നു. അടിമത്തം അവിടെ തുടങ്ങുന്നു.
ദാസൻ തലകുനിച്ച് ഇറങ്ങിപ്പോകുമ്പോൾ ലളിത അടുക്കള വരാന്തയിലായിരുന്നു. അവൾ അടുക്കള മുറ്റത്തേക്കിറങ്ങി കായലിലേക്ക് നീളുന്ന ഒറ്റയടിപ്പാതയിലെ ആരും കാണാത്ത ഇടവഴിയിൽ ചെന്ന് നിന്ന് കരഞ്ഞു, ഒച്ചയില്ലാതെ. ഒട്ടും സഹിക്കാൻ പറ്റാതാവുമ്പോൾ അവൾ അവിടെ ചെന്നാണ് കരയുക, പിന്നീട് പതിയെ കരച്ചിലില്ലാതായി, വെറുതെ നിൽക്കുക മാത്രമായി.
നളിനിയും ലളിതയും ദാസനും കൂട്ടുകാരായിരുന്നു. അന്നാട്ടിലെ സ്കൂളിൽ പത്തുവരെ അവരൊന്നിച്ച് പോയി. പിന്നീട് ദാസൻ കയറുഫാക്ടറിയിൽ ജോലിക്ക് പോയപ്പോൾ അതേ ഫാക്ടറിയിൽ നളിനി തൊണ്ടുതല്ലാനിരുന്നു. ആവലാതികളിലൂടെ നിരാസങ്ങളിലൂടെ അവര് മൂന്ന് പേരും ഒരുമിച്ച് വളരുകയായിരുന്നു. പണ്ട് കുഞ്ഞുണ്ണിനായരുടേതായിരുന്ന, ഇപ്പോൾ വിറ്റുപോയ തെങ്ങിൻതോപ്പായിരുന്നു അവരുടെ പ്രധാന കാണൽ കേന്ദ്രം, എല്ലായ്പ്പോഴുമല്ല, വീണു കിട്ടുന്ന ചില നേരങ്ങളിൽ മാത്രം.
തൊണ്ടുതല്ലിത്തല്ലി വീങ്ങി പൊട്ടിയ നളിനിയുടെ വെളുത്ത കൈവിരലുകളിലേക്ക് നോക്കി ആദ്യ ദിവസം ലളിത കരഞ്ഞു.
ദാസനെ പണിച്ചൂരടിക്കുന്നു. എത്ര വേഗത്തിലാണ് മനുഷ്യർ വളരുന്നത്, അപരിചിതരായിതീരുന്നത്? ലളിതയ്ക്ക് സങ്കടം നിറഞ്ഞു. അവർ മൂന്നു പേരും ഒരുമിച്ചാണ് പ്രേമിച്ചത്, ചുംബിച്ചത്.

ദാസൻ ലളിതയെ പ്രേമിക്കുമ്പോൾ പ്രകടമായി തന്നെ നളിനി ലളിതയെ പൊതിഞ്ഞു. കുഞ്ഞുണ്ണി നായർ ഏൽപ്പിക്കുന്ന പരിക്കുകളിൽ അവൾ കണ്ണീരോടെ പിന്നെയും ചുംബിച്ചു. വീർത്ത കവിളുകളിൽ കരഞ്ഞു കല്ലിച്ച കണ്ണുകളിൽ നളിനിയുടെ വിരലുകൾ പാഞ്ഞു. പെണ്ണിനെ പെണ്ണിന് പ്രേമിക്കാനാവുമെന്ന് ലളിതയ്ക്ക് അറിയില്ലായിരുന്നു. ലളിതയും ദാസനും ജീവിക്കണമെന്ന് തീരുമാനിക്കുമ്പോൾ ലളിതയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു നളിനി. പിന്നീടവൻ പോയപ്പോൾ വീട്ടിലേക്കുള്ള തിരിവിൽ നിന്ന് നളിനി അവളോടിങ്ങനെ പറഞ്ഞു,
“ലളിതേ… എനിക്ക് നിന്നെ പിരിയണ്ട. നിങ്ങൾ ജീവിക്കാൻ തുടങ്ങുമ്പോ ഞാൻ കൂടി പോന്നോട്ടേ… എനിക്ക് നിന്നെ പിരിയാൻ വയ്യ”.
അവൾ കൈയ്യിൽ അമർത്തിപ്പിടിച്ചു കരഞ്ഞു. ശെരിക്കും അങ്ങനെയൊരു പിരിയൽ അവൾക്കും ഓർക്കാൻ വയ്യായിരുന്നു. മൂന്നിൽ നിന്ന് രണ്ടിലേക്കുള്ള ചുരുങ്ങൽ ജീവിതത്തെയും ഏതോ മാതിരിയിൽ ചുരുക്കുന്നു എന്നാണ് അവൾക്കും അന്നനുഭവപ്പെട്ടത്. ദാസനെ പറഞ്ഞ് സമ്മതിപ്പിക്കാമെന്ന ആശയിൽ അവർ പിരിയുകയായിരുന്നു. നമ്മൾ ജീവിക്കുമ്പോൾ നളിനിയും കൂടെ പോരട്ടെയെന്ന് ലളിത ചോദിക്കുമ്പോൾ ദാസനത് സമ്മതിക്കുകയായിരുന്നു.
ദാസൻ ഇറങ്ങിപ്പോയതിനു പിന്നാലെ നളിനിയും കാത്തിരുന്നു. ഇരുപത്തിയെട്ടിൽ കല്യാണം കഴിച്ചുവിട്ട അവൾ ഒരാഴ്ച തികയ്ക്കാതെ മരിച്ചു കളയുകയായിരുന്നു. ഈ രണ്ടു മാഞ്ഞു പോവലുകളും ലളിത വെറുതെ നോക്കിനിന്നു.
ലളിത പിന്നീട് ജീവിതത്തെയും കുഞ്ഞുണ്ണി നായർ എന്ന മനുഷ്യനേയും നേരിട്ടത് ഇതേ നിസ്സംഗത കൊണ്ടാണ്. തന്റെ ഇരുപത്തിയാറിൽ തുടങ്ങിയ ആ ഒച്ചയില്ലാതാവൽ ആർക്കും മനസിലായതു പോലുമില്ല. ലോകത്തിനു പോലും പാവം തോന്നിയേക്കാവുന്ന രൂപത്തിൽ അവളുടെ വളർച്ച പണ്ടേ തുടങ്ങിയതാണ്, ഇപ്പോഴത് കല്ലിച്ചു എന്നേയുള്ളൂ. പിന്നീട് കുടുംബമായി ജീവിച്ച ദാസനെ കവലയിൽ കണ്ടാലും മുഖമുയർത്താതെ അവൾ ലളിതമായി നടന്നുപോന്നു. തറവാട്ടിലേക്ക് കേറി വരുമ്പോൾ പീലിക്കുട്ടി മാത്രം ആ കല്ലിച്ച കാഴ്ച കണ്ടു. അയാൾ മനസിൽ പറഞ്ഞു; “നിയോഗം”.
പിന്നെയൊരിക്കൽ ലളിത അവളോടു തന്നെ പറഞ്ഞു; ‘നിയോഗമാണിത്”.
അത് ചില രഹസ്യങ്ങൾ അവൾക്കു മുന്നിൽ വെളിപ്പെട്ടതിൽ പിന്നെയാണ്.
കായൽ മരണം
പീലിക്കുട്ടിക്കുണ്ടായ മാറ്റം ആ നാട്ടിനെയാകെ കുലുക്കിമറിക്കാൻ പോന്നതായിരുന്നു. അയാൾ വെളിപാടുകളിൽ വിശ്വസിച്ചു. തനിക്കുമുന്നിൽ വെളിപ്പെടുന്ന രഹസ്യങ്ങളിൽ അഭയം തിരഞ്ഞു, പിന്നീടതിലാണ് പീലിക്കുട്ടി ജീവിക്കാൻ പോവുന്നത്.
അപ്പനോ അപ്പാപ്പനോ ഓടിയൊളിച്ച അയിത്ത ജാതിയിൽ നിന്ന് ക്രിസ്തു പാതയിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല. തങ്ങൾ വിശ്വസിച്ചിരുന്ന മാർത്തോമ സഭയുടെ മഹത്ത്വത്തിൽ ഊറ്റം കൊണ്ടിരുന്ന കുടുംബത്തിൽനിന്ന് പീലിക്കുട്ടി പെട്ടെന്ന് വെറും പീലിയാവുകയായിരുന്നു. പേര് പോലെ ലളിതമായിരുന്നില്ല ആ മാറ്റം. നെറ്റിയിൽ ഭസ്മം പൂശി, കഴുത്തിൽ ചരടുകൾ നിറച്ച്, കറുപ്പുചുറ്റി കാതിലൊരു ചുവന്ന കല്ലുമിട്ട് അയാൾ തിരിച്ചുവരികയായിരുന്നു. എത്ര വേഗത്തിലോടിയാലും തന്നെ പിന്തുടരുന്ന ചോരയിലെ കറുപ്പിൽ വെളിച്ചപ്പെട്ട് നിൽക്കുകയാണ് ഉചിതമെന്ന് അയാൾക്ക് തോന്നി.
ആ തോന്നലുണ്ടാവുമ്പോൾ പീലിക്ക് മുപ്പതാവാറായിരിക്കണം. അന്നുമതേ ഇന്നുമതേ, ആ രൂപത്തിന് മാറ്റമുണ്ടായില്ല. തോളിൽ ഒരു തോർത്തു മുണ്ടിട്ട് കറുത്ത പട്ടു ചുറ്റി അയാൾ നാട്ടിലാകെയലഞ്ഞു. ആ മാറ്റത്തെ മാറ്റമായി പോലും മനസിലാവാതിരുന്ന ഒരേയൊരാൾ കുഞ്ഞുണ്ണിയായിരുന്നു. അയാൾ മാറ്റത്തോടെ ആദ്യമായി പൊറ്റമേൽ തറവാട്ടിലേക്ക് കേറി ചെല്ലുമ്പോൾ കുഞ്ഞുണ്ണി നായർ ചാരുകസേരയിൽ ഇരിപ്പായിരുന്നു. അയാൾ ഉറക്കെ പാടി.
“വെള്ളപ്പൻ നാട്ടില് വെളുത്തേടത്തില്ലത്ത്
വെള്ളാട്ടി പെറ്റൊരു വെള്ളിക്കണ്ണി
കണ്ടാലും നന്നവൾ കേട്ടാലും നന്നവൾ
ഉണ്ടായേപ്പിന്നെ കുളിച്ചിട്ടില്ല”
അരഭിത്തിയിലിരുന്ന് പീലി പാട്ടിന് തലയാട്ടി. എങ്ങനെയിരുന്നാലും പീലിയോട് അയാൾക്ക് സ്നേഹമായിരുന്നു, കാമമായിരുന്നു. അയാൾ തിളങ്ങുന്ന പൂച്ചക്കണ്ണുകളിൽ സ്നേഹം വിടർത്തി പീലിയെ നോക്കി.
അവര് തമ്മിലുണ്ടായിരുന്ന ബന്ധം അറിയാവുന്ന ലോകത്തിലെ ഒരേയൊരു മനുഷ്യൻ ലളിതയായിരുന്നു. ഒരിക്കലും അവളത് ആരോടും വെളിപ്പെടുത്തുകയുമുണ്ടായില്ല.
അന്ന്, ആ ഉച്ചയാറിത്തുടങ്ങിയ സമയത്ത് ലളിത വീട്ടിലുണ്ടാവണ്ടതല്ല. കവലയിൽ പ്രതീക്ഷിക്കാത്ത എന്തോ കാഴ്ച കണ്ടതിനാൽ വീട്ടിലേക്ക് കയറി വരികയായിരുന്നു. മുൻവശത്തെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവളത് തുറന്ന് അകത്തേക്ക് കയറി. രണ്ട് പുരുഷശരീരങ്ങൾ ഒന്നായ് പിണഞ്ഞു മറിയുന്ന കാഴ്ച ആദ്യമായി കാണുകയായിരുന്നു. നിന്ന നിൽപ്പിൽ എങ്ങോട്ടാണ് മാറിനിൽക്കേണ്ടത് എന്ന് അറിയുമായിരുന്നില്ല.
കുഞ്ഞുണ്ണി നായർ എന്ന തന്റെ അച്ഛനായ മനുഷ്യൻ തന്റെ ചുരുണ്ട മുടിയിഴകൾ ഒതുക്കി വെച്ച് പീലിയിലേക്ക് ഭംഗിയിൽ പിണഞ്ഞുചേരുന്നതും അയാളുടെ വെളുത്ത മുലഞ്ഞെട്ടിൽ പീലി അമർത്തി ചുംബിക്കുന്നതുമായ കാഴ്ചയിൽ അവൾ നിന്നുപോയി. വിടർന്ന ചുണ്ടുകളിൽ, കഴുത്തിൽ, നെറ്റിയിൽ, അടിവയറ്റിൽ…. പിന്നീട് ഒറ്റകുതിപ്പിൽ അടുക്കളവശത്തെ ആളൊഴിഞ്ഞ തിരിവിൽ ചെന്നു നിൽക്കുകയായിരുന്നു.

അത്തരമൊരു കാഴ്ച അവൾക്ക് ഊഹിക്കാനാവുമായിരുന്നില്ല. ആദ്യമായി അന്ന് നളിനിയെ മനസിലായി. ആകെയുണ്ടായ തരിപ്പിൽ അതേ നളിനിയുടെ മടിയിൽ തലവെച്ചു കിടന്ന് കരഞ്ഞാണ് ലളിതയ്ക്ക് ആശ്വാസമുണ്ടാവുന്നത്. എന്നിട്ടും ഇറങ്ങിവരാനാവാത്ത നിസ്സഹായതയിൽ അവൾ തറഞ്ഞിരുന്നു. ആ മരണമവളെ തേടി വരുമ്പോഴും അതേ ഇരിപ്പാണ് അവളിരുന്നത്.
അന്ന് ഏറെ വൈകി ഇരുട്ടിയാണ് അവൾ വീട്ടിലേക്ക് കേറിച്ചെന്നത്. ഓർക്കാൻ ഒരു നീണ്ട കാലത്തിന്റെ നിരാസങ്ങൾ മുന്നിലുണ്ടായിരുന്നു. കുഞ്ഞുണ്ണി നായരപ്പോൾ ഏതോ വരിയും മൂളി ഇറയത്ത് മുറുക്കിയിരുപ്പായിരുന്നു. രാത്രി അവളുറങ്ങിയില്ല. ഒരു പത്തു വയസുകാരി ഉത്തരമില്ലാതെ പകച്ചുനിന്ന ആശുപത്രി വരാന്തയോർത്തു.
ലളിതയ്ക്ക് പീലിയെ കാണണമായിരുന്നു. അയാൾക്ക് വീടുണ്ടായിരുന്നോ ന്ന് അവൾക്കും അറിയുമായിരുന്നില്ല. ഓർമ്മയുറച്ച കാലം തൊട്ട് അയാളിതേ രൂപത്തിൽ ഈ വീട്ടിൽ കേറിയിറങ്ങുന്നു. ആ ബന്ധമവളെ ഒരിക്കലും അലോസരപ്പെടുത്തിയില്ല. ലളിതയ്ക്ക് അറിയാനുണ്ടായത് മറ്റു ചിലതാണ്.
കൈതമുള്ളിൽ കാട്ടിൽ അയാൾ തനിച്ചിരിക്കുമ്പോഴാണ് ലളിത അവിടേക്ക് കേറി ചെന്നത്. അയാൾ ഒന്നും ചോദിച്ചില്ല.
“പീലിയച്ഛാ.. അങ്ങനെ വിളിക്കാണ്…’’, അവൾ നിർത്തി.
അയാളൊന്നും മിണ്ടുന്നില്ല എന്നു കണ്ടാണ് അവൾ പിന്നെയും മിണ്ടിത്തുടങ്ങിയത്.
“എനിക്ക് നിങ്ങടെ എല്ലാം അറിയാം. ഞാനാരോടും പറയാൻ പോണില്ല. പക്ഷെ ഒന്നെനിക്കറിയണം..”
പീലി ദൂരേക്ക് നീട്ടിയ നോട്ടം തിരിച്ചെടുത്തില്ല. ഇങ്ങനെയൊരു വരവ് അയാൾ പ്രതീക്ഷിച്ചിരുന്നു എന്ന പോലെയാണ് ഇരുത്തം. ചില കാഴ്ചകൾ വെറുതെയങ്ങ് സംഭവിക്കുന്നതല്ല, ചില മനുഷ്യർക്ക് മുന്നിൽ അവർക്കായി മാത്രം എറിഞ്ഞു കൊടുക്കപ്പെടുകയാണ്.
“എനിക്കാരും ഉണ്ടായിരുന്നില്ല. അമ്മേനെക്കണ്ട ഓർമ്മയില്ല, പത്തു തെകയും മുന്നേ അച്ഛമ്മ പോയി. എനിക്കാരും ഉണ്ടായിരുന്നില്ല’’.
‘‘അച്ഛനന്നെ ഇഷ്ടമേ അല്ലായിരുന്നു. ഈ ലോകത്ത് നിങ്ങളെയല്ലാതെ അച്ഛൻ വേറെ ആരെയും സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആ മനുഷ്യന്റെ വെറുപ്പിലാണ് ഞാൻ ജീവിച്ചത്. ഇറങ്ങിപ്പോവാമായിരുന്നിട്ടും എങ്ങും പോവാതെ ഞാൻ പിന്നെയും അവിടെയിരുന്നു. എന്തിനാണ് എന്ന് എനിക്കുമറിയില്ല’’.
‘‘ഒന്നേ അറിയാനുള്ളൂ, ഞാൻ അയാളുടെ മകളായിരുന്നില്ലേ… ?”
അവൾ പിന്നെയൊന്നും മിണ്ടുന്നില്ല എന്നു കണ്ടപ്പോൾ അയാൾ മറുപടി പറഞ്ഞു;
“അല്ല, ആയിരുന്നില്ല.”
അവൾക്കാ ഉത്തരം തൃപ്തികരമായിരുന്നു. ആരുടേയെന്നോ, എന്തേ ഇങ്ങനെയെന്നോ അറിയണമെന്നുണ്ടായിരുന്നില്ല. അവൾ നടന്നു പോയി.
ആ കാഴ്ച കണ്ടപ്പോൾ പീലി മറ്റൊരു കാഴ്ച ഓർത്തു. ഒരുച്ചയിൽ തന്നെ കല്യാണം കഴിപ്പിച്ചേക്കുമെന്ന ആധിയിൽ കയറിവന്ന കുഞ്ഞുണ്ണിയോട് അയാൾ പറഞ്ഞത് ധൈര്യമായി അവളെ തന്നെ കെട്ടുക എന്നാണ്. നേരെത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ജീവിതമെന്ന് അറിയാമായിരുന്ന കുഞ്ഞുണ്ണി നായർ, തന്റെ ജീവിതവും പീലിക്ക് മുന്നേ അറിയാമായിരിക്കും എന്ന തോന്നലിൽ തിരിച്ചുപോയി.
“നിനക്കൊരു സഹായിയുണ്ടാവണം…
അതുകൊണ്ട് കല്യാണം കഴിക്കണമെന്ന്’’.
അയാൾ പതിയെ പറഞ്ഞു. നിനക്ക് ആരും വേണ്ടേയെന്ന് തിരിച്ചുചേദിക്കാൻ അയാൾ മുതിർന്നില്ല.
അങ്ങനെയാണ് ലക്ഷ്മിയെ അയാൾ കല്യാണം കഴിച്ച് കൂട്ടുന്നത്. അവളിൽ അപ്പോൾ തന്നെ ലളിതയും ഉണ്ടായി തുടങ്ങിയിരുന്നു. കുഞ്ഞുണ്ണിക്ക് അതൊരു പ്രശ്നമേ ആയിരുന്നില്ല. അയാൾക്ക് അല്ലലറിയാതെ ജീവിക്കണമായിരുന്നു. ലക്ഷ്മിയുടെ മരണശേഷവും ലളിതയിലൂടെ അത് തുടർന്നു.
കുഞ്ഞുണ്ണിനായർ മരിച്ചത് ആദ്യം അനുഭവിക്കുന്നത് അയാൾ തന്നെ കൂട്ടിലിട്ടു വളർത്തിയ കാക്കയാണ്. അയാൾ അയാളുടെ നീട്ടിയ നഖങ്ങൾ കൊണ്ട് അപ്പക്കഷണങ്ങൾ മുറിച്ചെടുത്ത് കൊടുക്കുമ്പോൾ അതയാളുടെ ചുമലിൽനിന്ന് കൊത്തിതിന്നു. ശേഷം അനുസരണയുള്ളവനെ പോലെ തിരികെ കൂട്ടിലേക്ക് കേറിപ്പോയി. കണ്ണുകൾ മറിഞ്ഞ് ചേറിൽ കുതിർന്ന് കിടന്നപ്പോൾ അത് മാത്രംഉറക്കെ കരഞ്ഞു.
ക്രാ.. ക്രാ….
അതൊരു മരണവെപ്രാളമായിരുന്നു. കൂടിനെ തകർത്തു കളയാവുന്ന പരാക്രമങ്ങളിൽ ഒച്ചയിൽ അത് കുതറി. അപ്പോഴും ലളിത ഒന്നും അറിഞ്ഞിരുന്നില്ല. അവൾ ചക്കപ്പുഴുക്ക് അടുപ്പിൽ നിന്നിറക്കി കുരുമുളകിട്ട കാപ്പി തിളപ്പിക്കാൻ വെക്കുകയായിരുന്നു.

താനുമായി യാതൊരു ബന്ധവും ഇയാൾക്കില്ല എന്ന അറിവ് ലളിതയെ ഉലച്ചുകളഞ്ഞില്ല. അതിനുമുന്നേ, തികഞ്ഞ വിധേയത്വത്തിൽ അടിമയായി ജീവിച്ചൊരു സ്ത്രീയിൽ നിന്ന് അവൾ കുറച്ചു കൂടി വളർന്നു. ഒച്ചത്തിൽ പാട്ടുപാടി തൊടിയിലും അടുക്കളയിലും മാറിമാറി നടന്നു. കാലങ്ങളായി താൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിധേയത്വത്തിന്റെ കാരണം വെളിപ്പെട്ട ലളിത ഒരു നിലനിൽപുള്ള മനുഷ്യനായി പരിണമിക്കുകയായിരുന്നു. എങ്കിലും ആ മരണം മറ്റൊരർത്ഥത്തിൽ അവളെ ബാധിക്കാൻ ഇരിക്കുന്നതേയുള്ളൂ.
ഉച്ചയാറിത്തുടങ്ങിയ നേരത്ത് വഴിപോക്കരിൽ ഒരാളുടെ അലർച്ചയിലാണ് ലളിത മരണം അറിയുന്നത്. അവൾ ഒച്ചത്തിൽ കരഞ്ഞില്ല. കുഞ്ഞുണ്ണി നായരെന്ന മനുഷ്യന്റെ ശരീരം കത്തിത്തീരുമ്പോൾ ലളിതയുടെ ആവലാതി താനിനി ആർക്കുവേണ്ടി ജീവിക്കുമെന്നതായിരുന്നു.
ആൾക്കൂട്ടങ്ങൾ പിരിഞ്ഞുപോയി.
അരഭിത്തിയിൽ തനിച്ചിരിക്കുമ്പോൾ ലളിത മൂളിക്കൊണ്ട് കൂട്ടിലിട്ട കാക്കയെ തുറന്നുവിട്ടു. അത് എവിടേക്കും പറന്നുപോവാതെ ഭിത്തിയിലെ അരിമണികൾ കൊത്തിതിന്നുകൊണ്ട് അവളുടെയടുത്ത് തത്തിക്കളിച്ചു. ആ കാഴ്ചയാണ് ലളിത ഇത്രയും കാലം ജീവിതത്തിൽ നിന്നും പഠിച്ച ഏകപാഠം. അതിങ്ങനെയാണ്.
“ഏറെക്കാലം നമ്മളനുഭവിച്ചു കൊണ്ടിരുന്ന അടിമത്തത്തിൽനിന്ന് മോചനം ലഭിച്ചാലും ആ പക്രിയയിൽ തുടരാൻ മാത്രമേ നമുക്ക് തോന്നുകയുള്ളൂ. സ്വതന്ത്ര്യമെന്നത് അനുഭവിച്ചാൽ മാത്രം മനസിലാവുന്ന ഒന്നാണ്”.
ലളിത ഒരു കാര്യം കൂടി മനസിലാക്കി.
ഇക്കാണുന്നതൊന്നും സ്നേഹമായിരുന്നില്ല. തന്നിൽ നിന്നും ഇറങ്ങിയപ്പോയ ദാസൻ ഏതാനും മാസങ്ങൾക്കുള്ളിൽ മറ്റൊരു സ്ത്രീയെ സ്നേഹിച്ചു തുടങ്ങിയെങ്കിൽ അയാൾക്ക് തന്നോടുണ്ടായിരുന്നത് സ്നേഹമേ ആയിരുന്നില്ല എന്ന് തീർച്ചപ്പെടുത്തി. തന്നെ ശുദ്ധീകരിക്കാൻ പോവുന്ന ഏതോ സ്നേഹം ഇനിയും സംഭവിക്കാനുണ്ട് എന്ന പ്രത്യാശയിൽ ലളിത പിന്നെയും പാടി.
“ദേവീ…
ആത്മരാഗമേകാം കന്യാവനിയിൽ സുഖദം
കളഗാനം
പകരാനണയൂ ഗന്ധർവ്വവീണയാകൂ നീ ദേവീ…”
വെളിപാട്
പീലി മരിച്ചത് ഒരു വാർത്തയായിരുന്നു. കൈതകാട്ടിൽ വെറും ശരീരമായി അയാൾ വെറുതെയങ്ങ് മരിച്ചു പോവുകയായിരുന്നു.
അരയിൽ ചുറ്റിയ കറുത്തമുണ്ട് ഉരിഞ്ഞു കളയുമ്പോൾ പീലിയുടെ കണ്ണിൽ വെള്ളം നിറഞ്ഞു. അയാൾ മലർന്നു കിടന്ന് കണ്ണുകളടച്ചു.
അടിവയറിനുമുകളിലൂടെ മെലിഞ്ഞുനീണ്ട വിരലുകൾ അയാളെ പൊതിഞ്ഞു, നീണ്ട ചുരുള മുടിയിഴകൾ മുഖത്ത് തട്ടിയിട്ടെന്ന പോലെ അയാൾ മുഖം വെട്ടിച്ചു. ദേഹം മുഴുവൻ ഉമ്മകൾ കൊണ്ട് നിറയുന്നു. അയാളുടെ ശരീരം തരിച്ചു. ചെവിയിൽ കുഞ്ഞുണ്ണി ചോദിക്കുന്നു,
“നീയെന്നെ വിട്ട് പോവുമോ..?”
പീലിക്കുട്ടി ചിരിച്ചു.
“നമ്മള് പിരിയേണ്ടിവരുമോ… നിനക്കെന്നോടുള്ള സ്നേഹം കുറയുമോ..?”
കുഞ്ഞുണ്ണി എന്ന പതിനേഴുവയസുകാരൻ ചോദിക്കുന്നു. അപ്പുറം മറുപടിയില്ല. അയാളുടെ പൂച്ചക്കണ്ണുകളിൽ വെള്ളം നിറഞ്ഞു, അത് പീലിക്കുട്ടിയുടെ നെഞ്ചിലേക്ക് പടർന്നു. അവൻ ചുരുളമുടിയിഴകളിൽ കൈ പായിച്ച് പറഞ്ഞു,
“ ഇല്ല, നമ്മള് പിരിയില്ല”.
“ഞാൻ മരിച്ചാൽ നീയെന്ത് ചെയ്യും, എനിക്ക് നിന്നെ പിരിയണ്ട, എനിക്ക് മരിക്കണ്ട”.
ഒരു അറുപത്തിയഞ്ചുവയസുകാരൻ കരയുന്നു.
പീലിയപ്പോൾ അയാളുടെ മുഖം ചേർത്തുപിടിച്ച് ഉമ്മ വെച്ചു.
“ഞാനും നീയുമല്ല, നമ്മളൊരുമിച്ചാണ്…”
കുഞ്ഞുണ്ണിക്ക് ആ വരിയിൽ വെളിപ്പെടാൻ പോവുന്ന രഹസ്യം അന്ന് മനസിലായിരുന്നില്ല.
ഉം, അയാൾ മൂളി…
