ആയിഷയും മുങ്ങാങ്കുഴിക്കാരനും

യമ

യിഷ നിന്നിടത്തു നിന്ന് പരുങ്ങി പരുങ്ങി ഇപ്പൊ ഒരു മൂലയുടെ ഉള്ളിലേയ്ക്ക് ചുരുങ്ങിക്കയറിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകൾക്കുൾവശം ഇത്രയും ഇടുങ്ങിയതാകാൻ സാധ്യതയുണ്ടെന്ന് ഒരിക്കലും അവൾ പ്രതീക്ഷിച്ചിരുന്നില്ല. വന്നു കയറിയതിനു പിന്നാലെ മഴകൂടി പെയ്തത് കാരണം പാറാവു നിന്നവരും പരാതി കൊടുക്കാൻ പുറത്തു വട്ടം കൂടി നിന്നവരും ജാമ്യമെടുക്കാൻ വന്നവരുമെല്ലാം വരാന്തയിലേക്ക് കയറി. ഒരൊറ്റ പെൺതരിയെപ്പോലും മഷിയിട്ട് നോക്കാനില്ല. പൊലീസുകാരും കുറ്റം ചെയ്തവരും പരാതിക്കാരും ജാമ്യക്കാരും മധ്യസ്ഥരും എല്ലാം ആണുങ്ങൾ തന്നെ. പലരുടെയും വസ്ത്രങ്ങളിൽ മഴയുടെ നനഞ്ഞ ചെതുമ്പലുകൾ. കൈകളിലും മുഖത്തും പറ്റിപ്പിടിച്ചു താഴേക്കൂരുന്ന മഴത്തുള്ളികൾക്ക് അഭയാർഥികളുടെ അനിശ്ചിതത്വം. അവിടെത്തന്നെ പതുങ്ങി നിൽക്കുന്നതിന് പൊലീസുകാർ ഓരോത്തവണ ഉലാത്തുമ്പോഴും അവളെയൊന്നുഴിയും. വളരെ പ്രായം കുറഞ്ഞ പൊലീസുകാരൻ ചെറുക്കൻ അയാളുടെ സീനിയർ ഓഫീസർമാരുടെ കണ്ണ് തെറ്റുമ്പോൾ അവളോട് മയത്തിൽ പുഞ്ചിരിക്കുന്നുണ്ട്. മൊത്തത്തിൽ അന്തരീക്ഷത്തിൽ അരുതായ്മകളുടെയും അപരാധത്തിന്റെയും ശിക്ഷകളുടെയും തണുത്ത ഭീഷണി.

ആയിഷ നേരത്തെ സംസാരിച്ച സബ് ഇൻസ്‌പെക്റ്റർ അകത്തെ മുറിയിൽ ഭക്ഷണപ്പൊതിയുടെ കെട്ടഴിച്ചപ്പോൾ ചിക്കൻ ബിരിയാണിയുടെ ഗന്ധം മുറിയിൽ നിറഞ്ഞു. അവൾക്ക് അയാളുടെ ബൂട്ടിട്ട കാലും മുട്ടോളം കാക്കിയും അരവാതിലിനടിയിലൂടെ കാണാം. അവൾക്കു കുടൽ കരിയുന്നതു പോലെ തോന്നി. ഉമിനീര് കയ്ച്ച് വായ്ക്കുള്ളിൽ വരൾച്ചയുടെ മനം പുരട്ടൽ. പരാതി കൊടുത്ത് ഹോസ്റ്റലിലേക്ക് പോകാൻ എന്തുവഴി? ബാഗിനുള്ളിൽ ഭക്ഷണം ഉണ്ട്. ഇവിടെ നിന്നിറങ്ങിയിരുന്നെങ്കിൽ എവിടെയെങ്കിലും ചെന്നിരുന്നു തിന്നാമായിരുന്നു. പാത്രത്തിനുള്ളിൽ എന്തൊക്കെയാണുള്ളതെന്ന് അവൾക്കൂഹമുണ്ട്. ചോറിൽ എന്തെങ്കിലും ചേർക്കേണ്ടതില്ലാത്തതു കൊണ്ട് അതിന്റെ സ്വാദിന് മാത്രം മാറ്റമൊന്നും ഉണ്ടാവില്ല. മീനില്ലാതെ മീൻ കറി വയ്ക്കാൻ പാകത്തിന് സമർത്ഥരാണ് ഹോസ്റ്റൽ നടത്തിപ്പുകാർ.

ചിത്രീകരണം: ദേവപ്രകാശ്

ആയിഷ അവളുടെ താങ്ങുവടി വലിച്ച് മൂലയിൽ കുത്തി നിർത്തിയശേഷം കൈ ചുമരിൽ താങ്ങി നിന്നു. പെരുമഴയടങ്ങിയ നിശ്ശബ്ദതയിലേക്ക് ആൾക്കാർ ചിതറിയിറങ്ങി. ആൾക്കാരുടെ ചെരുപ്പുകൾ മുദ്രകുത്തിയ രൂപങ്ങൾ മാത്രം പൊലീസ് സ്റ്റേഷന്റെ സിമന്റു തറയിൽ ഉണങ്ങാൻ കാത്തു കിടന്നു. ജാമ്യമെടുക്കാൻ വന്നിരുന്ന ചിലർ അപ്പോഴും അവിടെ മിഴിച്ചു നിൽക്കുന്നുണ്ടായിരുന്നു.
'എന്താ കേസ്?'
'ങേ?' അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തലവെട്ടിച്ചപ്പോൾ ദൂരെ അവളെനോക്കിക്കൊണ്ടിരുന്ന പൊലീസുകാരൻ തന്റെ ബൂട്‌സിലേക്കു കണ്ണുകുനിച്ചു. അയാളല്ല വിളിച്ചത്.
'ദാ ...ഇവിടെ' എന്ന് കേട്ടിടത്തേയ്ക്കു അവൾ കണ്ണ് പായിച്ചു. മൂലയിൽ ഒടിഞ്ഞു മടങ്ങിയ ഒരു പേക്കോലം. ചുള്ളിക്കമ്പുകൾ പോലത്തെ കൈകാലുകൾ. കുത്തിവളച്ചു വച്ചിരിക്കുന്ന കാലുകൾക്കിടയിൽ ചെളിപുരണ്ടു അയഞ്ഞുതൂങ്ങിയ ഒറ്റമുണ്ട്. നെടുങ്കൻ വരകളുള്ള പോളിസ്റ്റർ ഷർട്ടിലും കണ്ടമാനം അഴുക്കു പുരണ്ടിരിക്കുന്നു. അയാൾ മുഴുവൻ വായും തുറന്നു പിടിച്ചിരിക്കുകയാണ്. ചിരിക്കുകയാണെന്നു വേണമെങ്കിലും അനുമാനിക്കാം. നിരുത്തരവാദപരമായ ഒരു മുഖഭാവം. നഗരത്തിന്റെ അടിത്തട്ടിന്റെ സ്വഭാവം. അയാൾ തന്റെ മറുപടി പ്രതീക്ഷിക്കുകയാണെന്നു തോന്നുന്നു.

'എന്താ ചോദിച്ചത്?' ആയിഷ അയാളോട് വിമുഖതയോടെ ചോദിച്ചു.
'എന്തിലാ ഇവന്മാർ നിന്നെ അകത്താക്കിയതെന്ന്?' ഇത് പറഞ്ഞതും അവളിലുള്ള ശ്രദ്ധ വിട്ട് ചുവരിലൂടെ ചടപടോന്നു പിടിച്ചു കയറി ചരിഞ്ഞു നിന്ന് 'സാറേ ... ഞാൻ പൊയ്‌ക്കോട്ടേ?' എന്ന് ഓച്ഛാനിച്ചു. അവരെക്കടന്നുപോയ പൊലീസുകാരൻ അയാൾക്ക് പട്ടിയുടെ വില പോലും കൊടുക്കാതെ നടന്ന് അകത്തേക്കു പോയി. അപ്പോഴാണ് തന്റെ അവസ്ഥയും വ്യത്യസ്തമല്ലെന്ന് അവൾ തിരിച്ചറിഞ്ഞത്. എന്തെടുക്കാനാണ് ഇവിടെ നിൽക്കുന്നത്? ആരും തന്നോട് കാത്തുനിൽക്കാൻ പറഞ്ഞില്ല. പരാതി പറഞ്ഞപ്പോൾ ഇതെന്തു പരാതി എന്ന നോട്ടം ഉണ്ടായതല്ലാതെ മറുപടിയൊന്നും കിട്ടിയതുമില്ല. ഇറങ്ങിപ്പോവാൻ ആരും പറഞ്ഞില്ലെന്നു മാത്രം.
'നിങ്ങളെ എന്തിനാ പിടിച്ചത്?' താഴെ ചുരുണ്ടുകൂനിയിരിക്കുന്ന ആളോടവൾ ആരാഞ്ഞു.
'ഓ... ഒന്നുമില്ല... ചുമ്മാ ഇവിടെ ഇരിക്കാൻ പറഞ്ഞു. കൊറേ നേരമായിട്ട് ഇരിക്കേല്ലേ... ഇനി വിട്ടൂടെ സാറന്മാർക്ക്. അതാണ് ഞാൻ ചോദിച്ചത്.'
'ചുമ്മാ ഇവിടെ ഇരിക്കാൻ പറഞ്ഞോ? അതെന്തിന്?'
'ആർക്കറിയാം... ഈ സാറന്മാരുടെ കാര്യമല്ലേ..' പറഞ്ഞതിൽ കൂടുതൽ ഒന്നുമില്ലെന്ന മട്ടിൽ അയാൾ വീണ്ടും അകത്തെമുറിയിലേക്കുള്ള അരവാതിലിന്റെ നേർക്ക് തല തിരിച്ചു പിടിച്ച് വാതിൽ തുറക്കാൻ കാത്തിരുന്നു. താനെന്തിനാ വന്നതെന്ന് പെട്ടെന്നോർത്ത പോലെ അയിഷയും വാതിലിലേക്ക് നോക്കി.
സ്റ്റേഷനുള്ളിൽ മഴപ്പുഴുക്കം. പെട്ടെന്ന് സ്റ്റേഷനുമുന്നിൽ ഒരു ജീപ്പ് വന്നു കുടുങ്ങുന്ന സ്വരം കൊണ്ട് വരാന്തയ്ക്കുൾവശം മുഴങ്ങി.
'സ്റ്റുഡന്റസ് യൂണിയൻ സിന്ദാബാദ്. കോളേജ് മാനേജ്‌മെന്റ് മൂർദാബാദ്' നാലഞ്ച് കോളേജ് പിള്ളേർ പൊലീസ് അകമ്പടിയോടെ അകത്തേയ്ക്കു വരാന്തയിലേയ്ക്ക് കടന്നു നിന്നു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് അകത്തെ ശാന്തതയുടെ അശ്ലീലമായ വിങ്ങലിനെ പിള്ളേർ പറപ്പിച്ചു കളഞ്ഞു. ആയിഷ പിള്ളേരെക്കണ്ടതും മൂലയിലേക്ക് വീണ്ടും ചുരുങ്ങി. അവളോളമോ അതിൽ താഴെയോ പ്രായമുള്ള വിദ്യാർഥികൾ. ആൺകുട്ടികളുടെ പിന്നാലെ മൂന്നു പെൺകുട്ടികളും കയറി വന്നു. അവരുടെ കൂടെ വനിതാ പൊലീസുമുണ്ട്. എല്ലാവരും കൂടി മുഷ്ടി ചുരുട്ടി തൊണ്ട പൊട്ടുമാറ് കോളേജ് മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്.

'ഡാ.. ഡാ, മതി മതി... ഇവിടെക്കിടന്നു വിളിക്കുന്നതു കൊണ്ട് വല്യ പ്രയോജനം ഒന്നുമില്ല. നിന്റെയൊക്കെ കോളേജിലുള്ളവരുടെയൊക്കെ ചെവി പൊട്ടിച്ചത് മതി. ഇവിടെ ഞങ്ങളേ കേൾക്കാനുള്ളൂ,' പൊലീസുകാരൻ ഒരു പയ്യന്റെ തോളിൽ കയ്യിട്ടു നിന്ന് പറയുകയാണ്. പിള്ളേർ അടങ്ങി. ഏതു കോളേജിലെ പിള്ളേരാണാവോ? കണ്ടിട്ട് ഏതോ പ്രൈവറ്റ് കോളേജിലെ പിള്ളേരാണ്. ഗവർമെന്റ് കോളേജിലെ പിള്ളേരുടെ മുദ്രാവാക്യം വിളിക്ക് ചുള്ളിക്കമ്പ് പൊട്ടുന്ന തിടുക്കമാണ്. ഐസ്‌ക്രീം വാങ്ങിക്കൊടുക്കാത്തതു കൊണ്ട് കെറുവിച്ച കുട്ടിയുടെ ഭാവമാണ് ഈ പിള്ളേർക്ക്. ആയിഷ ആ കുട്ടികളുടെ പ്രസരിപ്പ് നോക്കി നിന്നു. വിദ്യാർഥികൾ പൊലീസ് സ്റ്റേഷൻ വരാന്തയിലെ പല മൂലകളിലായി കൂട്ടം കൂടി നിന്ന് സംസാരിക്കാൻ തുടങ്ങി.

'എന്താ കേസ്?' താഴെ മൂലയ്ക്ക് ചുരുണ്ടു കൂടിയിരിക്കുന്ന മനുഷ്യൻ ഒരു പയ്യനെ കൈ നീട്ടി ഞോണ്ടി ചോദിച്ചു.
'സമരം.' ഇതും പറഞ്ഞ് പയ്യൻ നെഞ്ചിലെ ഒരു ബട്ടൺ അഴിച്ച് കോളർ പിറകിലേക്ക് വലിച്ച് 'ശൂ' എന്ന് ചുണ്ടുകൊണ്ട് ആംഗ്യം കാണിച്ചു.
'ആ....' എന്ന് പിന്നിലേക്ക് ചുരുണ്ട് മലിനമനുഷ്യൻ മൂലയിലേക്ക് വീണ്ടും ചേർന്നിരുന്നു. ഏതെങ്കിലും പൊലീസുകാരൻ ആ വഴിപ്പോകുമ്പോഴൊക്കെ സ്പ്രിങ് മാതിരി കുതിച്ചു പൊങ്ങി 'സാറേ ഞാൻ പോട്ടെ?' എന്ന പല്ലവി ഇടയ്ക്കിടെ ആവർത്തിച്ചു. ആദ്യമായി പൊലീസ് സ്റ്റേഷൻ കയറിയ ആഹ്ലാദത്തോടെ സമരക്കാർ പിള്ളേർ അവിടെ നിന്ന പോലീസുകാരോട് തമാശയും കുശലവും പങ്കുവച്ചുകൊണ്ടിരുന്നു.

അയാൾ മുഴുവൻ വായും തുറന്നു പിടിച്ചിരിക്കുകയാണ്. ചിരിക്കുകയാണെന്നു വേണമെങ്കിലും അനുമാനിക്കാം. നിരുത്തരവാദപരമായ ഒരു മുഖഭാവം. നഗരത്തിന്റെ അടിത്തട്ടിന്റെ സ്വഭാവം.

'നീയൊക്കെ പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും മാനേജ്‌മെന്റ് കംപ്ലൈന്റ്‌റ് തന്നാൽ പിടിച്ചോണ്ട് വരാതിരിക്കാൻ ഒക്കത്തില്ല... ഒരു മണിക്കൂർ ഇവിടെയിരുന്നിട്ട് എല്ലായെണ്ണവും പൊയ്‌ക്കോണം .' സബ് ഇൻസ്‌പെക്ടർ പുറത്തു വന്നു പിള്ളേരോടായി പറഞ്ഞു. തിരിയുന്ന വാക്കിന് ആയിഷയുടെ ദയനീയമായ നോട്ടത്തിൽ ഒരു നിമിഷം കുരുങ്ങിയെങ്കിലും കണ്ണുകൾ പിൻവലിച്ച് കൂസാതെ അയാൾ ഉള്ളിലേക്ക് തിരികെപ്പോയി.
'ചേട്ടാ ... എന്തിനാ ഇവിടെ ഇരിക്കുന്നത്?' ഒരു ചെറുക്കൻ മൂലയിലെ മനുഷ്യനോട് ചോദിക്കുകയാണ്.
'ചുമ്മാ..'അയാൾ എല്ലിച്ച ചുമലുകൾ അകത്തേക്ക് ചുരുക്കി.
'സാറേ ഇയാളെ എന്തിനാ ചുമ്മാ ഇവിടെയിരുത്തിയിരിക്കുന്നത് ?' പയ്യൻ അടുത്ത് നിന്ന പൊലീസുകാരനോട് ചോദിക്കുകയാണ്.
'ആ... ചുമ്മായാ? ബെസ്റ്റ് കക്ഷിയാണ്. അയാള ചുമ്മാ പിടിച്ച് ഇവിടെ ഇരുത്താൻ ഞങ്ങളുടെ തലക്ക് ഓളമൊണ്ടാ? കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ മാല പൊട്ടിക്കാൻ നോക്കി പിടിച്ച് അകത്തിട്ടതാണ്. ഇന്ന് രാവിലെ ഇറങ്ങിയ പാടെ ദോണ്ടേ .. ആ മുൻവശത്തോള്ള ബസ് സ്റ്റോപ്പിൽ വച്ച് ഒരാളുടെ പോക്കറ്റടിച്ചു. ആൾക്കാര് പിടിച്ച് വീണ്ടും കൊണ്ട് വന്നതാണ്.'
അവിടെ വരാന്തയിൽ നിന്നിരുന്ന സകലരുടെയും നോട്ടം തന്റെ നേർക്കാണെന്നു കണ്ട മനുഷ്യൻ ഒരാളും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ മച്ചിലേക്കു നോക്കി വായപൊളിച്ചു.

രണ്ടു കാലുകളുടെ ഭാരം ഒറ്റയ്ക്ക് ചുമന്നിരുന്ന ആയിഷയുടെ വലത്തേക്കാൽ നിന്നുനിന്ന് തരിച്ചു. പൊലീസ് സ്റ്റേഷനിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ഊഹമില്ലാതിരുന്നിട്ടും അവൾ താഴ്ത്തിക്കെട്ടിയ ജനൽപ്പടിമേലിരുന്നു.

സമയം പിന്നെയും കുറേക്കഴിഞ്ഞപ്പോൾ കോളേജ് കുട്ടികളെല്ലാവരും പോയി. വിശന്നിട്ട് ആയിഷയുടെ വയറു കാളി. ചോറ്റുപാത്രത്തിലെ ബോറൻ ഹോസ്റ്റൽ ഭക്ഷണത്തിന് അനുനിമിഷം രുചിയേറിവരുന്നത് അവൾ തിരിച്ചറിഞ്ഞു. ഈ മൂലക്കിരിക്കുന്ന മനുഷ്യന് തീറ്റയും കുടിയും ഒന്നുമില്ലേ? ആയിഷ വിശപ്പിൽ നിന്നും തന്റെ ശ്രദ്ധ തിരിക്കാൻ പല മാർഗവും നോക്കിയെങ്കിലും പരാജയപ്പെട്ടു. മണി മൂന്നു കഴിഞ്ഞിരിക്കുന്നു. മഴ കഴിഞ്ഞുള്ള സുവർണ്ണ വെയിൽ പലയിടത്തു നിന്നായി വരാന്തയിലേക്ക് ഇഴഞ്ഞു കയറി. ആയിഷ ചുറ്റും നോക്കി. മഹസർ എഴുതുന്ന പോലീസുകാരൻ ഇരുന്നുറങ്ങുന്നു. അകത്തും എല്ലാവരും ഉറങ്ങുകയാണോ? താനെന്തിനവിടെയിരിക്കുന്നു എന്ന് കൃത്യതയോടെ ചിന്തിക്കാൻ ശ്രമിച്ച്, പിന്നെ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ആയിഷ പൊലീസ് സ്റ്റേഷന് പുറത്തേയ്ക്കിറങ്ങി. മാംസപിണ്ഡം പോലെ വലിഞ്ഞിഴയുന്ന ഇടത്തേക്കാലിലെ കൊലുസിന്റെ കരച്ചിൽ പിന്തുടരാൻ പുറകിൽ കണ്ണുകൾ ഇല്ലെന്നതിൽ അവൾക്ക് വല്യ ആശ്വാസം തോന്നി. മൂലയ്ക്കിരുന്ന മലിനമനുഷ്യനും ഉറങ്ങിക്കഴിഞ്ഞിരുന്നു.

റോഡ് ക്രോസ്സ് ചെയ്ത് ആയിഷ നേരെ തൊട്ടടുത്ത ആറ്റിൻകരയിലേക്ക് നടന്നു. എന്തായാലും ഉച്ചത്തെ ക്ലാസ് പോയി. ചുമ്മാ ഹോസ്റ്റലിൽ നേരത്തെ ചെന്ന് കേറണ്ട. വൈകുന്നേരം ആൾക്കാർ കുളിക്കാനിറങ്ങുന്ന പടിക്കെട്ടിനു വശത്തുള്ള പേരാലിന്റെ ചുവട്ടിലെ തിണ്ടിൽ അവളിരുന്നു. പാത്രം തുറന്ന് വെണ്ടക്കാ തോരനും തേങ്ങാ ചമ്മന്തിയും ചോറ്റുപാത്രത്തിന്റെ അടപ്പിൽ എടുത്തു വച്ചു. പ്ലാസ്റ്റിക് കറിബോട്ടിൽ തുറന്ന് സാമ്പാർ ചോറിലേക്കൊഴിച്ചു. ആദ്യത്തെ ഉരുള ഉരുട്ടി വായിലേക്കിട്ടപ്പോൾ തന്നെ അവൾ അയാളെക്കണ്ടു. ദൂരെ ആറിന് കുറുകെയുള്ള പാലത്തിന്റെ ഒത്തനടുക്ക് നിന്ന് ഷർട്ടൂരുകയാണ്. വായിലിട്ട കറി കുഴച്ച ചോറ് വിശപ്പുകാരണം അവൾ തൊണ്ടതൊടാതെ വിഴുങ്ങി. അവളുടെ മനസിനേക്കാൾ വേഗത്തില് വലതു കൈ ചലിച്ചു കൊണ്ടിരുന്നു. അതേസമയം കണ്ണുകൾ പാലത്തിന്റെ മധ്യഭാഗത്തു തന്നെ കുരുങ്ങിക്കിടന്നു.

മഴ ചാറി ഒഴിഞ്ഞ അന്തരീക്ഷത്തിൽ പാലവും ആറും ചായം ഉണങ്ങാൻ വച്ച ചിത്രം പോലെ പച്ചയ്ക്കു കിടന്നു. പാലത്തിനു നടുവിൽ നിന്ന മനുഷ്യൻ ഷർട്ടിന്റെ തുഞ്ചത്ത് പിടിച്ച് ആകാശത്തിൽ വട്ടം ചുറ്റി. ആഞ്ഞു വീശിയ കാറ്റിൽ ആ ചുവന്ന തുണിക്കഷ്ണം അരൂപിയായ ഒരു തീവണ്ടിയെ അന്തരീക്ഷത്തിൽ പിടിച്ചുകെട്ടി.

ആയിഷ വീണ്ടും ആറ്റിൻകരയിലേക്കു തന്നെ നടന്നു. ഇപ്പോൾ അവിടെ ചെറിയ ഒരാൾക്കൂട്ടം ചിതറിത്തെറിച്ചു നിന്നു. 'ആരാ ചാടിയത്?' എന്ന് ആൾക്കാർ പരസ്പരം ചോദിച്ചുകൊണ്ടിരുന്നു.

പാലത്തിന്റെ ഇരുമ്പു കൈവരിമേൽ വലിഞ്ഞുകയറി ആ മനുഷ്യൻ അതിൻമേൽ ഇരുന്നപ്പോൾ പൊള്ളുന്ന വെയിലിൽ അയാളുടെ ചന്തി പഴുത്തു കാണും എന്നാണ് ആയിഷ ചിന്തിച്ചത്. അവസാന വറ്റും വായിലായ ശേഷവും അവളുടെ വിരലുകൾ ചോറ്റു പാത്രത്തിൽ വറ്റുകളെ തിരഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് അയാൾ കൈവീശിയതു തന്നെ നോക്കിയാണെന്ന് അവൾക്കു തോന്നി. ചോറ്റുപാത്രം അടച്ചു വച്ച് തൊട്ടടുത്ത പൈപ്പിൽ പോയി കൈകഴുകി മുഖം ഉയർത്തുന്ന മാത്രയിൽ ആ മനുഷ്യൻ പാലത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അവൾ നിറഞ്ഞ ആറ്റിലേക്ക് കണ്ണുകൾ കൊണ്ട് പരതി. കാറ്റത്തുലയുന്ന ആറ്റുവെള്ളത്തിൽ അയാൾ അതിവേഗം കൈകൾ കൊണ്ട് തുഴയുകയാണ്. അവൾ നോക്കിനിൽക്കെ കുത്തൊഴുക്കിൽ അയാൾ അപ്രത്യക്ഷനായി. അവൾക്കു എന്ത് ചെയ്യണം എന്നതിനെപ്പറ്റി ഒരൂഹവും കിട്ടിയില്ല. അവൾ ചുറ്റും നോക്കി. ആരെയെങ്കിലും സഹായത്തിനു വിളിക്കാം. ചുറ്റുവട്ടത്തൊന്നും ആരുമില്ല. അയാൾ പാലത്തിൽ കെട്ടിയ ചുവന്ന ഷർട്ട് പാലത്തിൽ നിന്നും വിട്ടു പോരാനുള്ള തത്രപ്പാടിൽ പടാപടാന്ന് തലയിട്ടടിക്കുകയാണ്. തന്നെക്കൊണ്ട് ഒരാൾക്കും ഒരുപയോഗവുമില്ല. അവളുടെ കണ്ണിൽ നിന്നും കുടുകുടാ വെള്ളം ചാടി. ഏതോ മനുഷ്യൻ വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്തിരിക്കുന്നു. താഴെ ആലിലകളുടെ മിടിക്കുന്ന തണലിൽ അവൾ കൈകുത്തിയിരുന്നപ്പോൾ മാംസപിണ്ഡം പോലെ ഇടിഞ്ഞു തൂങ്ങിയ ഇടത്തെക്കാൽ താഴെയുള്ള ചെറിയ കല്ലിൽ ഉരഞ്ഞ് രക്തം പൊടിഞ്ഞു. നേരം തെറ്റി കഴിച്ചത് കൊണ്ടും ആകാശം മിന്നി നിന്ന വെട്ടം കൊണ്ടും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. തലയ്ക്കുള്ളിൽ നിറക്കൂട്ടുകളുടെ വലയങ്ങളും ചതുരങ്ങളും ഇരുട്ടത്ത് മിന്നിപ്പൊലിഞ്ഞുകൊണ്ടിരുന്നു. കടുത്ത ചെന്നിക്കുത്തിൽ തളർന്നുപോയെങ്കിലും വെള്ളത്തിൽ ചാടിയ മനുഷ്യരൂപത്തെ തേടാനെന്നോണവും അവൾ ആവും വേഗത്തിൽ കൈകുത്തിയെണീറ്റു. ആൽത്തറയിൽ കയ്യൂന്നി അവൾ ആറിന്റെ ഓരോ വശവും പരിശോധിച്ചു. അയാളെ ഒഴുക്കിയ വെള്ളം ഇപ്പോൾ കടലിൽ എത്തിക്കാണും. ഒരുപക്ഷെ ആ മനുഷ്യനും. കടൽ ഇവിടന്നു അധികം ദൂരത്തിലാണോ എന്നവൾക്ക് അറിയില്ല. വെള്ളത്തിലേയ്ക്ക് താണുകഴിഞ്ഞാൽ ആറിന്റെ അടിയിലൂടെ പ്രകാശവേഗത്തിൽ വസ്തുക്കൾ ചലിക്കുമെന്ന് എന്തുകൊണ്ടോ അവൾ വിശ്വസിച്ചിരുന്നു. ആറിന്റെ മുകളിലും താഴെയുമായി രണ്ടു തരം വേഗങ്ങളാണുള്ളതെന്നും രണ്ടു വേഗങ്ങളുടെയും ലോകം പരസ്പരം നിരാകരിക്കുന്ന സ്വത്വം പേറുന്നവയാണെന്നും അവൾ എന്തുകൊണ്ടോ കരുതി.

അവൾ ബാഗിൽ ചോറ്റുപാത്രം കുത്തിക്കയറ്റി ഊന്നുവടിയെടുത്ത് ആവും വേഗത്തിൽ തിരിയുമ്പോഴാണ് ഒരു രൂപം ആറ്റിന്റെ അക്കരെ ഒരുഭാഗത്തായി നിന്ന് നിലംതൊടാതെ ചാടുന്നത് അവൾ കണ്ടത്. അയാൾ അവളെനോക്കി കൈ വീശിക്കാണിച്ചു. 'അയ്യോ...' അവൾ കരഞ്ഞു പോയി. അവളും കയ്യുയർത്തി അയാളെ നോക്കി വീശിക്കാണിച്ചു. നൂൽപ്പാവയെപ്പോലെ കൈകാലുകളിളക്കി ചാടിത്തുള്ളി അയാൾ ഓടി മറഞ്ഞു. ആയിഷ തിരിഞ്ഞു നടക്കുമ്പോഴും സന്തോഷം കൊണ്ട് അവൾ കരയുന്നുണ്ടായിരുന്നു.
ഹോസ്റ്റലിലേയ്ക്കാണ് ആദ്യം നടന്നു തുടങ്ങിയതെങ്കിലും അവൾ പോകുന്ന വഴിക്ക് വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് കയറി.
'അവിടെ ഒരാൾ ആറ്റിൽ ചാടി. ഞാൻ കണ്ടു.' അവൾ ചെന്നപാടെ മുൻവശത്ത് നിന്ന പൊലീസുകാരനോട് പറഞ്ഞു. 'അയാൾ പാലത്തിൽ ഉടുപ്പ് കെട്ടിവച്ചിട്ട് വെള്ളത്തിൽ ചാടുന്നത് ഞാൻ കണ്ടു. പിന്നെ മുങ്ങിപ്പോയി. അടുത്ത് ആരെയും കണ്ടില്ല. എനിക്ക് കാലു സുഖമില്ലാത്ത കൊണ്ട് ഇവിടെ എത്താൻ സമയമെടുത്തു. അയാള് മുങ്ങിപ്പോയെന്നാണ് തോന്നണത്.'
ഇത് കേട്ടതും മൂന്നു പൊലീസുകാർ ജീപ്പിൽ കയറി സംഭവസ്ഥലത്തേക്ക് പോയി. അവിടെ നിന്ന പൊലീസ് അവൾ തിരികെ നടക്കാൻ തുടങ്ങിയതും അവളുടെ അടുത്തേക്ക് വന്നു.
'അഡ്രസ് എഴുതി വയ്‌ക്കേണ്ടി വരും. പിന്നീട് ഡീറ്റെയിൽസ് വേണമെങ്കിൽ വിളിച്ചു ചോദിയ്ക്കാൻ വേണ്ടിയാണ്.'
'ഞാൻ അപ്പുറത്തെ ഹോസ്റ്റലിൽ ആണെന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ? അവിടെ വന്നു ചോദിച്ചാ പോരെ?'
'അത് പറ്റൂല്ല... എഴുതി വയ്‌ക്കേണ്ടി വരും.'
ആയിഷ അവളുടെ ഫോൺ നമ്പർ എഴുതി പുറത്തേയ്ക്കിറങ്ങുമ്പോൾ ആ പൊലീസുകാരൻ ഗേറ്റിനടുത്തേക്കു കൂടെ നടന്നു.
'നീ നേരത്തെ ഇവിടെ വന്നു ചോദിച്ച സഹായം അങ്ങനെ ചെയ്യാൻ പറ്റൂല്ല. പൊലീസ് സ്റ്റേഷനിൽ കേസിന്റെ കാര്യത്തിന് പിടിച്ചെടുക്കുന്ന വണ്ടികള് കൊണ്ടിടാൻ വേറെ സ്ഥലമില്ല. ഇവിടെ റോഡ് സൈഡില് അടുത്ത് നിങ്ങളുടെ ഹോസ്റ്റലിന്റെ മുന്നില് മാത്രേ പിന്നേം സ്ഥലമൊള്ളൂ. അവിടെ വണ്ടിയിടുന്നത് കൊണ്ടൊന്നുമല്ല ആ ഭാഗത്തെ ഫുട്പാത്തിൽ പട്ടികള് കേറിക്കെടക്കണത്. കുറച്ചു ദൂരം ഫുട്പാത്തിൽ നിന്നും ഇറങ്ങി റോഡിൽ നോക്കി നടന്നാൽ പോരെ?'
'എനിക്ക് വണ്ടി വരുന്ന സമയത്ത് പെട്ടെന്ന് തിരിയാൻ പറ്റൂല്ല, അവിടെ റോഡിനു തീരെ വീതിയില്ലാത്തതു കൊണ്ടല്ലേ വന്നു പരാതി പറഞ്ഞത്. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരാൾക്ക് പോലും അതുവഴി കടക്കാൻ ബുദ്ധിമുട്ടാണ്. ഒരു തവണ എന്റെ വോക്കിങ് സ്റ്റിക് ഒരു കാറിന്റെ ടയറിൽ കുടുങ്ങി തെറിച്ചു പോയി.' അവളതു പറയുമ്പോൾ ആ പൊലീസുകാരന്റെ മുഖത്ത് നിസ്സഹായത നിഴലിക്കുന്നത് അവൾ കണ്ടു.
'ഉം...' അയാൾ ഒന്നുമൂളി തിരിഞ്ഞു നടന്നു. അവൾക്കായി അയാൾക്ക് ഒന്നും ചെയ്യാനില്ല എന്നവൾ മനസിലാക്കി.
ആയിഷ വീണ്ടും ആറ്റിൻകരയിലേക്കു തന്നെ നടന്നു. ഇപ്പോൾ അവിടെ ചെറിയ ഒരാൾക്കൂട്ടം ചിതറിത്തെറിച്ചു നിന്നു. 'ആരാ ചാടിയത്?' എന്ന് ആൾക്കാർ പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. ഈ നട്ടുച്ചയ്ക്ക് ഇത്രയും ആളുകൾ എവിടെ നിന്ന് എന്നവൾ അത്ഭുതപ്പെട്ടു. ജീവിതത്തിലെ അത്യാവശ്യങ്ങൾ മാറ്റി വച്ച് കുറേപ്പേർ വെള്ളത്തിൽ ചാടിയ മനുഷ്യന് വേണ്ടി കൂട്ടം കൂടി നിൽക്കുന്നു. കടവത്ത് കെട്ടി നിർത്തിയിരുന്ന രണ്ടു ബോട്ടുകൾ മുങ്ങിപ്പോയ ആളെത്തപ്പി ആറ്റിലേക്കു കുതിച്ചു. 'ആരാ കണ്ടത്?' എന്ന് ആരോ ചോദിച്ചതിന് 'ഞാനാണ്,,' എന്നവൾ ഉത്തരം പറഞ്ഞു. വെള്ളത്തിൽ ചാടുന്നതിനു മുൻപ് ആ നീണ്ടു മെലിഞ്ഞ മനുഷ്യൻ നടത്തിയ അനുഷ്ഠാനങ്ങളുടെ പൊടിപ്പും തൊങ്ങലും വച്ച ചിത്രം വിവരിക്കുമ്പോൾ അവളുടെ ഉള്ളിൽ നിന്ന് ഒരു മുഴുത്ത ചിരി പൊട്ടി പുറത്തേയ്ക്കു വന്നു. വെള്ളത്തിൽ ചാടിയ അജ്ഞാതനായ മനുഷ്യനെയോർത്ത് ആൾക്കൂട്ടം താടിക്കു കൈ കൊടുത്തു. അവിടെ പുതുതായി വന്നു ചേർന്നുകൊണ്ടിരുന്ന ആൾക്കൂട്ടത്തിനു നടുവിൽ ആൽത്തറയിലായി ആയിഷയിരുന്നു. പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു മുഴുത്തയിരുപ്പിനെ അവൾ അവിടിരുന്നുകൊണ്ട് ഓർത്തെടുത്തു. ആൾക്കൂട്ടം തടിച്ചു വന്നതിനൊത്ത് കപ്പലണ്ടിയും ചായയും വിൽക്കാൻ അവിടേയ്ക്ക് ആളുകൾ വന്നു.

'അയ്യോ...' അവൾ കരഞ്ഞു പോയി. അവളും കയ്യുയർത്തി അയാളെ നോക്കി വീശിക്കാണിച്ചു. നൂൽപ്പാവയെപ്പോലെ കൈകാലുകളിളക്കി ചാടിത്തുള്ളി അയാൾ ഓടി മറഞ്ഞു.

ഈ കൂട്ടം ഇല്ലായിരുന്നെങ്കിൽ അവർ എവിടെയാണ് അന്ന് കച്ചവടം നടത്തുക എന്ന് ആയിഷ അത്ഭുതപ്പെട്ടു. ട്യൂഷൻ ക്ലാസ് കട്ട് ചെയ്തു വന്ന കുട്ടികളും അമ്പലത്തിലും ചന്തയിലുമൊക്കെ പോയി വരുന്നവരും അവിടെ തടിച്ചു കൂടി. ഒന്ന് ഒത്തുകൂടാൻ തക്ക അവസരങ്ങൾ ഇല്ലാത്ത മനുഷ്യരുടെ നിമിഷാഹ്ലാദം കണ്ടപ്പോൾ ആയിഷയ്ക്ക് അവരോട് അളവില്ലാത്ത അനുകമ്പ തോന്നി. എല്ലാവരും നഷ്ടപ്പെട്ടു പോയ അജ്ഞാതനായ മനുഷ്യനെ കണ്ടുകിട്ടാൻ നിൽക്കുന്നു. ഒരുപക്ഷെ അയാൾ ഒരിക്കലും തിരിച്ചു വരാൻ ആരും ആഗ്രഹിക്കുന്നില്ല എന്നും വരാം. ആഘോഷം എത്ര നീട്ടിക്കൊണ്ടുപോകാം എന്ന് മാത്രമായിരിക്കും പാവം മനുഷ്യർ ചിന്തിക്കുന്നത്. ഇടയ്ക്ക് താണുപറന്നു പോയ വിമാനത്തെ യാത്രയാക്കാനെന്നോണം ആൾക്കൂട്ടം അറ്റമില്ലാത്ത നോട്ടങ്ങൾ ആകാശത്തിലേക്കയച്ചു. ആ വിമാനം ഒരിടത്തും ചെന്നെത്താൻ സാധ്യതയില്ലാത്ത പോലെ. ദൈവത്തിന്റെ നേരിയ നിഴലാട്ടം പോലെ ആ വിമാനം കടന്നുപോയ വഴിയിൽ പ്രതീക്ഷയുടെ ഇരമ്പൽ അന്തരീക്ഷത്തെ തുളച്ചു കടന്നുപോയി.

ആറ്റിൽച്ചാടിയവന്റെ പ്രേതത്തെ അന്വേഷിച്ചു തടിച്ചു കൂടുന്ന ഒരു ജനതയ്ക്ക് നടുവിൽ ആറ്റിൽച്ചാടിയ മനുഷ്യൻ മറ്റെന്തോ തിരഞ്ഞു നടക്കുന്നത് ആയിഷ കണ്ടു. അയാളുടെ നടത്തത്തിനിടയിൽ പലപ്പോഴും അയാളുടെ അഗാധമായ നോട്ടം അവളിലേക്ക് പാളി. സ്വന്തം ശവശരീരം കാണാനെന്ന പോലെ ഇടയ്ക്ക് അയാളുടെ കണ്ണുകളും ആറ്റിലേക്ക് മുങ്ങാങ്കുഴിയിട്ടു.

കൂട്ടം വിട്ടു പുറത്തിറങ്ങുന്നതിന് മുൻപ് അയാൾ ആയിഷയ്ക്കരികിലെത്തി. അവളോടൊപ്പം അയാൾ ആൽത്തറയിലിരുന്നു. അപ്പോഴേക്കും സന്ധ്യ ചുവന്നു തുടങ്ങിയിരുന്നു. അവർ പരസ്പരം നോക്കിയില്ല. അവരുടെ ദൃഷ്ടി ആൾക്കൂട്ടവും കടന്ന് ആറും കടന്ന് ചക്രവാളം മുറിച്ചു കടക്കുന്ന സായാഹ്നപ്പക്ഷികളുടെ ചുവന്ന ചലനത്തിൽ ഉടക്കിക്കിടന്നു.
'...എന്തിനാണ് ആറ്റിൽ ചാടിയത്?' അവൾ ചോദിച്ചു.
'ഒഴുകാൻ...'
'അതിനുള്ളിൽ പെട്ട് പോയെങ്കിലോ?'
'ഒഴുക്കിൽ പെട്ടുപോകലില്ല... ഒഴുക്ക് മാത്രമേ ഉള്ളൂ..'
'ഈ മനുഷ്യരൊക്കെ എന്ത് കാത്തു നിൽക്കുകയാണെന്ന് അറിയാമോ?'
'അവരുടെ മരണം...'
ഇത് പറഞ്ഞ് അയാളെണീറ്റു വേഗത്തിൽ നടന്നു പോയി... ആൾക്കൂട്ടത്തിന്റെ അന്ധാളിപ്പിൽ നിന്നും അയാൾ നടന്നിറങ്ങിയപ്പോൾ ആയിഷയുടെ കുഴഞ്ഞു തൂങ്ങിയ ഇടത്തേ പാദത്തിലെ തൊലിയടർന്ന മുറിവ് നീറി. അയാളുടെ പിറകെ ഓടാനെന്നോണം ആൽത്തറയിൽ നിന്നും ചാടിയെഴുന്നേറ്റ് ഒരു നിമിഷം അവൾ രണ്ടു കാലിൽ നിന്നെങ്കിലും പൊടുന്നനെ ഒരു വശത്തേക്ക് മറിഞ്ഞു വീഴുകയാണുണ്ടായത്.


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments